സ്വാഗതം
WELCOME

News Update..

Wednesday, June 26, 2013

ഗള്‍ഫ് മേഖലയിലെ പ്രായം കുറഞ്ഞ ഭരണാധികാരി Madhyamam News Feeds

ഗള്‍ഫ് മേഖലയിലെ പ്രായം കുറഞ്ഞ ഭരണാധികാരി Madhyamam News Feeds

Link to

ഗള്‍ഫ് മേഖലയിലെ പ്രായം കുറഞ്ഞ ഭരണാധികാരി

Posted: 26 Jun 2013 12:47 AM PDT

Image: 

ദോഹ: ഗള്‍ഫ് മേഖലയിലെ എക്കാലത്തെയും ഏറ്റവും പ്രായംകുറഞ്ഞ ഭരണാധികാരിയാണ് ഖത്തറിന്‍െറ സാരഥ്യമേറ്റെടുത്ത ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. 1980 ജൂണ്‍ മൂന്നിന് ദോഹയിലായിരുന്നു ജനനം. 33 വയസ് തികഞ്ഞതിന്‍െറ തൊട്ടുപിന്നാലെ ഖത്തര്‍ എന്ന ചെറിയ, സമ്പന്ന രാജ്യത്തിന്‍െറ ചെങ്കോല്‍ അദ്ദേഹത്തിന് കൈമാറിയിരിക്കുകയാണ് പിതാവായ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി. ബ്രിട്ടനിലെ ഷര്‍ബോണ്‍ സ്കൂളില്‍ ഹയര്‍സെക്കന്‍ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ബ്രിട്ടീഷ് മിലിട്ടറി അക്കാദമിയില്‍ നിന്ന് ബിരുദവും നേടിയ ശേഷമാണ് ഭരണരംഗത്തെത്തിയത്. പഠനം പൂര്‍ത്തിയാക്കിയ 1998ല്‍ തന്നെ ഖത്തര്‍ സായുധ സേനയുടെ നേത്യത്വം ശൈഖ് തമീം ഏറ്റെടുത്തു.
63 വയസുള്ള ബഹ്റൈന്‍ രാജാവ് ഹമദിന് ബഹുദൂരം പിന്നിലാണ് പ്രായത്തില്‍ പുതിയ ഖത്തര്‍ അമീറിന്‍െറ സ്ഥാനം. 23ാം വയസില്‍ കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്‍െറ ഭരണപാടവം ഖത്തരി ജനത ഇളംപ്രായത്തില്‍ തന്നെ അനുഭവിച്ചറിഞ്ഞതാണ്. പത്തുവര്‍ഷമായി ഭരണകാര്യങ്ങളില്‍ സഹായിക്കുന്ന ശൈഖ് തമീമില്‍ പിതാവിനുള്ള വിശ്വാസം തന്നെയാണ് ചെറിയ പ്രായത്തില്‍ രാഷ്ട്രത്തിന്‍െറ നിയന്ത്രണം ഏല്‍പ്പിക്കാന്‍ കാരണമായത്. അദ്ദേഹത്തിന്‍െറ വിടവാങ്ങല്‍ പ്രസംഗത്തിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ തലമുറയുടെ സര്‍ഗാത്മകതയേയും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനേയും പുകഴ്ത്തിക്കൊണ്ടാണ് ശൈഖ് ഹമദ് അധികാരം മകന് കൈമാറിയത്. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സാമ്പത്തിക ശക്തിയായി കുതിച്ചുകൊണ്ടിരിക്കുന്ന ഖത്തറിന്‍െറ കടിഞ്ഞാണ്‍ അദ്ദേഹത്തിന്‍െറ കയ്യില്‍ ഭദ്രമായിരിക്കുമെന്നാണ് ഖത്തര്‍ ജനതയുടെ വിശ്വാസം. പുതിയ പ്രഖ്യാപനം വന്നതുമുതല്‍ സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളിലൂടെ അവരത് പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രിയങ്കരനായ ഭരണാധികാരിയായിരുന്ന ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെ വിടവാങ്ങലിനെ ദുഖത്തോടെയാണ് എതിരേറ്റതെങ്കിലും പുതിയ ഭരണാധികാരിയുടെ വരവിനെ സ്വാഗതം ചെയ്യുകയാണ് ഖത്തര്‍ ജനത.
സഹോദരന്‍ ശൈഖ് ജാസിം ബിന്‍ ഹമദ് ആല്‍ഥാനിയുടെ സ്ഥാനത്യാഗത്തെ തുടര്‍ന്ന് 2003 ആഗസ്റ്റ് അഞ്ചിനാണ് ശൈഖ് തമീം കിരീടാവകാശിയായി സ്ഥാനമേറ്റത്. അതോടൊപ്പം ഭരണത്തിലെ ഒരുപിടി പദവികളും അദ്ദേഹം ഏറ്റെടുത്തു. പരിസ്ഥിതി സുപ്രീം കൗണ്‍സില്‍ മേധാവി, വിദ്യാഭ്യാസ സുപ്രീം കൗണ്‍സില്‍ മേധാവി, സുപ്രീം കൗണ്‍സില്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി മേധാവി, ബോര്‍ഡ് ഓഫ് പബ്ളിക് വര്‍ക്സ് ആന്‍ഡ് ജനറല്‍ അതോറിറ്റി ഫോര്‍ അര്‍ബന്‍ പ്ളാനിങ് ആന്‍ഡ് ഡവലപ്മെന്‍റ് മേധാവി, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ഓഫ് ദി ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി ചെയര്‍മാന്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ഓഫ് ഖത്തര്‍ യൂണിവേഴ്സിറ്റി, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ചെയര്‍മാന്‍, ഖത്തര്‍ സായുധസേന ഉപമേധാവി, റൂളിങ് ഫാമിലി സമിതി വൈസ് ചെയര്‍മാന്‍, സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇകണോമിക് അഫയര്‍ ആന്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ് ഡെപ്യൂട്ടി ചെയര്‍മാന്‍, സുപ്രീം കമ്മിറ്റി ഫോര്‍ കോ ഓഡിനേഷന്‍ ആന്‍ഡ് ഫോളോഅപ്  വൈസ്ചെയര്‍മാന്‍, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗം എന്നീ പദവികളാണ് അദ്ദേഹം ഇതുവരെ വഹിച്ചിരുന്നത്.
ഭരണരംഗത്തെ മികവിനും കായിക സംഘാടനത്തിനുമായി നിരവധി പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. 2004ലെ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹിയാന്‍ മെഡല്‍, അതേ വര്‍ഷത്തെ ബഹ്റൈനിലെ ഈസ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അവാര്‍ഡ്, അറബ് ലോകത്തെ ഏറ്റവുംനല്ല സ്പോര്‍ട്സ്മാനുള്ള 2006ലെ ഈജിപ്തിലെ അല്‍ അഹ്റാം  മാഗസിന്‍ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.
അമീറിന്‍െറ രണ്ടാമത്തെ പത്നിയും ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സനുമായ ശൈഖ മൗസ ബിന്‍ത് നാസറാണ് തമീമിന്‍െറ മാതാവ്. ശൈഖ ജൗഹര്‍ ബിന്‍ത് ഹമദ് ബിന്‍ത് സുഹൈമം ആല്‍ഥാനി, ശൈഖ അനൂദ് ബിന്‍ത് മന ബിന്‍ അബ്ദുല്‍ ഹാദി അല്‍ഹജരി എന്നിവരാണ് ഭാര്യമാര്‍. ഷെയ്ഖ മയാസ, ഷെയ്ഖ് ഹമദ്, ഷെയ്ഖ ആയിഷ, ഷെയ്ഖ നാഇല എന്നിവര്‍ മക്കളാണ്.

വേനലവധി: ദേശാടനത്തിന് സ്വദേശികള്‍ ചെലവഴിക്കുന്നത് 5.2 ബില്യന്‍ ഡോളര്‍

Posted: 26 Jun 2013 12:33 AM PDT

Image: 

കുവൈത്ത് സിറ്റി: രാജ്യത്ത് വേനലവധി ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ വിദേശങ്ങളിലേക്ക് പറക്കാനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ട്രാവല്‍ ഏജന്‍സികളെ സമീപിക്കുന്ന സ്വദേശികളുടെ വന്‍തിരക്ക്. ജൂലൈ മുതല്‍ ആഗസ്ത് അവസാനം വരെയാണ് രാജ്യത്തെ പ്രഖ്യാപിത മധ്യവേനല്‍ അവധിയെങ്കിലും ജൂണ്‍ അവസാനത്തോടെ തന്നെ സ്വദേശികളില്‍ പലരും വിദേശ രാജ്യങ്ങളിലേക്ക് യാത്ര തുടങ്ങിക്കഴിഞ്ഞു.
ഇത്തവണ ദേശാടനത്തിനായി കുവൈത്തികള്‍ 5.2 ബില്യന്‍ ഡോളര്‍ ചെലവഴിക്കുമെന്നാണ് ട്രാവല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെ കണക്കുകൂട്ടല്‍. മുന്‍ വര്‍ഷത്തേതിനെക്കാള്‍ 18 ശതമാനം കൂടുതലാണ് ഇത്. 12 ലക്ഷം വരുന്ന കുവൈത്തികളില്‍ 60 ശതമാനവും വേനല്‍ക്കാലം വിദേശത്ത് ചെലവഴിക്കുന്നവരാണെന്നാണ് അടുത്തിടെ ഫോര്‍ബ്സ് അറേബ്യ മാഗസിന്‍ നടത്തിയ സര്‍വെ വ്യക്തമാക്കുന്നത്.
രാജ്യത്ത് ചൂട് കനക്കുന്ന മൂന്ന് മാസങ്ങളില്‍നിന്ന് ആശ്വാസം തേടി കുടുംബത്തോടൊപ്പം നല്ല കാലാവസ്ഥ ആസ്വദിക്കുന്നതിന് വേണ്ടിയാണ് സ്വദേശികള്‍ ദേശാടനയാത്ര പതിവാക്കുന്നത്. മികച്ച സാമ്പത്തിക സ്ഥിതിയുള്ള സ്വദേശികള്‍ ജീവിത ചെലവേറിയ വിവിധ യൂറോപ്യന്‍ നാടുകളെയാണ് ഇതിനായി തെരഞ്ഞെടുക്കാറ്. ഇടത്തരക്കാരായ സ്വദേശികളില്‍ പലരും പശ്ചിമേഷ്യയിലെ തന്നെ നല്ല കാലാവസ്ഥ അനുഭവപ്പെടുന്ന ലബനന്‍, ഈജിപ്ത്, സിറിയ, തുര്‍ക്കി പോലുള്ള നാടുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍, ആഭ്യന്തര പ്രതിസന്ധികളും രാഷ്ട്രീയ അസ്ഥിരതയും നിലനില്‍ക്കുന്നത് മൂലം സിറിയക്കും ലബനാനിനും ഇത്തവണ ഒട്ടും പ്രിയമില്ലാതായിട്ടുണ്ട്. ഇതുകൊാണ്ടുതന്നെ പതിവ് സ്ഥലങ്ങളായ ലണ്ടനും ദുബൈയും കൂടാതെ ഇത്തവണ മലേഷ്യന്‍ തലസ്ഥാനമായ ക്വലാലമ്പൂരും കുവൈത്ത് സഞ്ചാരികളുടെ ഇഷ്ടയിടമായി മാറിയിട്ടുണ്ടെന്ന് ട്രാവല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
ജൂലൈ രണ്ടാം വാരം റമദാന്‍ ആരംഭിക്കുന്നതിനാല്‍ ഇത്തവണ രണ്ട് ഘട്ടങ്ങളിലായാണ് സ്വദേശികളില്‍ പലരും യാത്രാ ആസൂത്രണം ചെയ്തിരിക്കുന്നത്. ഒന്നാം ഘട്ടം ജൂണ്‍ 20-25ന് തുടങ്ങി റമദാന്‍ ആരംഭിക്കുന്നതിന് മുമ്പ് സ്വദേശത്ത് മടങ്ങിയെത്തുന്ന തരത്തിലും രണ്ടാമത്തേത് ഈദുല്‍ ഫിത്വ്ര്‍ കഴിഞ്ഞ് ആരംഭിച്ച് സെപ്റ്റംബര്‍ പകുതിയോടെ തിരിച്ചെത്തുന്ന രീതിയിലുമാണ് മിക്കവരും ക്രമീകരിച്ചിരിക്കുന്നത്.
ഫോര്‍ബ്സ് അറേബ്യ മാഗസിന്‍െറ കണക്കുപ്രകാരം ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന വിനോദസഞ്ചാരികളാണ് കുവൈത്തികള്‍. ഒരാള്‍ ശരാശരി 7,000 ദീനാര്‍ ദേശാടനത്തിനായി ചെലവഴിക്കുന്നുവത്രെ.
സ്വദേശികളുടെ ദേശാടനം പ്രമാണിച്ച് വിമാനത്താവളത്തിലും തിരക്ക് വര്‍ധിച്ചിട്ടുണ്ട്. സ്കൂള്‍ അടച്ചതിനാല്‍ വിദേശി കുടുംബങ്ങളില്‍ ഏറെയും നാട്ടിലേക്ക് പോവുന്നതിന്‍െറ തിരക്കിന് പിന്നാലെയാണ് സ്വദേശികളുടെ യാത്രയും തകൃതിയാവുന്നത്. ഇതിനുവേണ്ടി കുവൈത്തില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്കും തിരിച്ചുമായി 223 അധിക വിമാന സര്‍വീസുകള്‍ ആരംഭിച്ചതായി കഴിഞ്ഞ ദിവസം സിവില്‍ ഏവിയേഷന്‍ വകുപ്പ് അറിയിച്ചിരുന്നു. അവധിക്കാലം ചെലവഴിക്കുന്നതിന് വേണ്ടി രാജ്യത്തേക്ക് വരുകയും പോവുകയും ചെയ്യുന്ന യാത്രക്കാരെ സഹായിക്കുന്നതിന് വേണ്ടി കൂടുതല്‍ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും നിയമിച്ചതായും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

മഴയില്‍ കനത്ത നാശം

Posted: 26 Jun 2013 12:23 AM PDT

നടുവില്‍: തിങ്കളാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും മലയോരത്ത് കനത്ത നാശനഷ്ടം. താഴെ വിളക്കണ്ണൂര്‍, മാവിലംപാറ ഭാഗങ്ങളിലായി ആയിരത്തോളം റബര്‍ മരങ്ങള്‍ ഒടിഞ്ഞു. നാല് വീടുകള്‍ പൂര്‍ണമായി തകരുകയും അഞ്ചോളം വീടുകള്‍ക്ക് കാടുപാടും പറ്റി. മടക്കാട്, പടപ്പേങ്ങാട്, വിളക്കണ്ണൂര്‍ ഭാഗങ്ങളിലായി 15ഓളം ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നു. താഴെ വിളക്കണ്ണൂരിലെ പുതിയപുരയില്‍ രമേശിന്‍െറ വീടിനുമുകളിലേക്ക് നാല് തെങ്ങും അഞ്ച് റബര്‍ മരങ്ങളുമാണ് ഒടിഞ്ഞുവീണത്. മേല്‍ക്കൂരയടക്കം പൂര്‍ണമായും തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന രമേശന്‍െറ ഭാര്യയും കുട്ടിയും ഓടിരക്ഷപ്പെട്ടു. ഇയാളുടെ നൂറോളം റബര്‍മരങ്ങളും ഒടിഞ്ഞു. പൂവന്‍കുളത്തില്‍ ഖദീജയുടെ വീടിന്‍െറ അടുക്കളക്ക് മുകളില്‍ മരം പൊട്ടിവീണ് തകര്‍ന്നു. മഞ്ഞേരി വീട്ടില്‍ കൃഷ്ണന്‍ നമ്പ്യാരുടെ വീടിന്‍െറ ചിമ്മിനിക്ക് മുകളില്‍ റബര്‍മരം പൊട്ടിവീണ് വീടിന്‍െറ അടുക്കള ഭാഗത്തെ ചുവരുകള്‍ക്ക് വിള്ളല്‍വീണു.
അത്തമാനകത്ത് ബഷീറിന്‍െറ വീടിന്‍െറ ആസ്ബസ്റ്റോസ് ഷീറ്റിനുമുകളില്‍ റബര്‍ മരങ്ങള്‍ പൊട്ടിവീണു. കൊളക്കരകത്ത് മറിയത്തിന്‍െറ വീടിനുമുകളിലും മരം പൊട്ടിവീണ് തകര്‍ന്നു. മേരി കാഞ്ഞിരക്കുന്നേലിന്‍െറ വീടും ഭാഗികമായി തകര്‍ന്നു. മാവിലംപാറയിലെ പിയൂസ് പടയാട്ടില്‍, കുന്നേല്‍ മാത്യു എന്നിവരുടെ വീടുകളും തകര്‍ന്നു. നടുവില്‍ ഒറ്റത്തൊട്ടിലിലെ തച്ചേട്ട് വീട്ടില്‍ ജോണ്‍സന്‍െറ വീടും മരം പൊട്ടിവീണ് തകര്‍ന്നു.
വിളക്കണ്ണൂരിലെ ബീവി മൊയ്തീന്‍െറ മുപ്പതോളം റബര്‍ മരങ്ങളും കെ. ഉമ്മറിന്‍െറ 50ഉം വയോര വളപ്പില്‍ മൊയ്തീന്‍െറ 50ഉം മഞ്ഞേരി കൃഷ്ണന്‍െറ 60ഉം, ഷിജി കുന്നുംപുറത്തിന്‍െറ 30ഉം, തമ്പായി മപ്പേരി, ജോസഫ് മുതുക്കാട്ടില്‍, രാഘവന്‍ മഞ്ഞേരി, കൊവ്വല്‍ പുതിയപുരയില്‍ സുഹറാബി, പട്ടുവംകുളത്ത് ഫാത്തിമ തുടങ്ങിയവരുടെ റബര്‍ മരങ്ങള്‍ ഒടിഞ്ഞു. മാവിലംപാറയിലെ കുന്നുംപുറത്ത് വര്‍ഗീസിന്‍െറ വാഴ, കവുങ്ങ് തുടങ്ങിയവയും നശിച്ചു. നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ കൃഷി, വില്ലേജ് അധികൃതര്‍ പരിശോധിച്ചുവരുകയാണ്. നഷ്ടം കണക്കാക്കാന്‍ മൂന്നു ദിവസമെങ്കിലും വേണമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മരങ്ങള്‍ പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ തുടങ്ങിയ മരം നീക്കല്‍ സന്ധ്യ കഴിയുമ്പോഴും പൂര്‍ത്തിയായിട്ടില്ല. പൊട്ടിവീണ വൈദ്യുതി ലൈനുകള്‍ പൂര്‍ണമായും നന്നാക്കാന്‍ കഴിയാത്തതിനാല്‍ വൈദ്യുതിബന്ധവും പുന$സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ ചെങ്ങളായി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.പി. മോഹനന്‍, പഞ്ചായത്തംഗം എം. ജനാര്‍ദനന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. ആലക്കോട് നെല്ലിപ്പാറയിലെ അങ്കണവാടിക്ക് മുകളില്‍ തേക്ക് കടപുഴകി മേല്‍ക്കൂര തകര്‍ന്നു.

കനത്ത മഴ: വ്യാപക നാശം

Posted: 26 Jun 2013 12:07 AM PDT

കല്‍പറ്റ: കനത്ത മഴയില്‍ വയനാട് ജില്ലയില്‍ വീടുകള്‍ക്കും കൃഷിക്കും വ്യാപക നാശം നേരിട്ടു. പുഴകളും തോടുകളും കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ആദിവാസികളടക്കം 200ലേറെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. 16ഓളം ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സ്കൂളുകളിലും അങ്കണവാടികളിലും മറ്റുമാണ് 700ഓളം ദുരിതബാധിതര്‍ താമസിക്കുന്നത്. അപകട സാധ്യത കണക്കിലെടുത്താണ് പലരെയും മാറ്റിപ്പാര്‍പ്പിച്ചത്. ജില്ലാ കലക്ടര്‍ കെ.ജി. രാജു, എ.ഡി.എം എന്‍.ടി. മാത്യു തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ ഉറപ്പുവരുത്തി. അടിയന്തര ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും നടപടി സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിവിധ ക്യാമ്പുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. പുഴകള്‍ക്ക് സമീപം താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
വൈത്തിരി താലൂക്കില്‍ ഏഴും മാനന്തവാടിയില്‍ മൂന്നും ബത്തേരിയില്‍ നാലും ക്യാമ്പുകള്‍ തുടങ്ങിയതായി റവന്യൂ അധികൃതര്‍ അറിയിച്ചു.
മുട്ടില്‍ സൗത് കൊളവയലില്‍ 40ഓളം കുടുംബങ്ങളെ തഹസില്‍ദാര്‍ സൂപ്പി കല്ലങ്കോടന്‍െറ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ മാറ്റിപ്പാര്‍പ്പിച്ചു.
മുട്ടില്‍ നോര്‍ത്തിലെ ദുരിതബാധിതരെ പനങ്കണ്ടി സ്കൂളിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. കോട്ടത്തറയില്‍ നിരവധി ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വെങ്ങപ്പള്ളി കോക്കുഴി ഭാഗത്തുനിന്നും കല്‍പറ്റ മുണ്ടേരി ഭാഗത്തുനിന്നും ദുരിതബാധിതരെ മാറ്റിപ്പാര്‍പ്പിച്ചു. മുണ്ടേരി സ്കൂളില്‍ ക്യാമ്പ് തുറന്നിട്ടുണ്ട്.
വെള്ളമുണ്ട: തൊണ്ടര്‍നാട് പഞ്ചായത്തിലെ അഞ്ചാംപീടിക ആലുവ ഇബ്രാഹീമിന്‍െറ വീട് തകര്‍ന്നു. അടുക്കളയുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് ചുമര്‍ തകരുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
സുല്‍ത്താന്‍ ബത്തേരി: വില്ലേജിലെ പ്രദേശങ്ങളില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. മൂന്നാനക്കുഴി ആദിവാസി കോളനിയിലെ വിനീഷിന്‍െറ വീട് തേക്ക് മരം വീണ് തകര്‍ന്നു.
വീട്ടിലുണ്ടായിരുന്ന അമ്മ ദേവകിക്ക് പരിക്കേറ്റു. ഇവരെ മീനങ്ങാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൈനീസ് ബഹിരാകാശ യാത്രികര്‍ സുരക്ഷിതമായി തിരിച്ചെത്തി

Posted: 26 Jun 2013 12:03 AM PDT

Image: 

ബെയ്ജിങ് : വിജയകരമായ ദൗത്യത്തിനു ശേഷം ചൈനീസ് ബഹിരാകാശ യാത്രികര്‍ തിരിച്ചെത്തി. 15 ദിവസം  നീണ്ട ദൗത്യത്തിനൊടുവിലാണ് ഒരു വനിതയുള്‍പ്പെടെ ചൈനയുടെ മൂന്നു ബഹിരാകാശ യാത്രക്കാരുമായി സെന്‍ഷൊ10 പേടകം ഭൂമിയിലിറങ്ങിയത്. വാങ് യാപിങ് എന്ന 33കാരിയാണ് സംഘത്തിലുണ്ടായിരുന്ന വനിത.  ബഹിരാകാശത്ത് എത്തുന്ന ചൈനയുടെ രണ്ടാമത്തെ വനിതാ സഞ്ചാരിയാണിവര്‍. യാത്രക്കാര്‍ സുരക്ഷിതരായി തിരിച്ചെത്തിയെന്ന് ഔദ്യാഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ദൗത്യത്തിന്റെഭാഗമായി സ്പേസ് സ്റ്റേഷനില്‍ നിന്ന് ഇവര്‍ രാജ്യത്തെ വിവിധ സ്കൂളിലെ കുട്ടികളുമായി സംവദിച്ചത് വലിയ വാര്‍ത്തയായിരുന്നു. 2003ലാണ് ചൈന ആദ്യമായി ബഹിരാകാശ ദൗത്യം ആരംഭിച്ചത്. 2011 ല്‍ തിയാങ്കോങ് 1 എന്ന പേരില്‍ സ്വന്തമായി ഒരു ബഹിരാകാശ നിലയം സ്ഥാപിക്കാനും ഇവര്‍ക്കായി.  ഇതിനകം ആറ് പേര്‍ ഈ നിലയം സന്ദര്‍ശിച്ചു കഴിഞ്ഞു.

 

മേയര്‍ക്കെതിരായ അവിശ്വാസപ്രമേയം തള്ളി

Posted: 26 Jun 2013 12:02 AM PDT

കോഴിക്കോട്: മേയര്‍ പ്രഫ.എ.കെ. പ്രേമജത്തിനെതിരെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ജില്ലാ കലക്ടര്‍ സി.എ. ലതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ വിശദമായ ചര്‍ച്ചക്കുശേഷം വോട്ടിനിട്ട് തള്ളി.
മൊത്തം 75 കൗണ്‍സിലര്‍മാരുള്ള നഗരസഭാ കൗണ്‍സിലില്‍ ഭരണപക്ഷത്തെ 41 പേര്‍ അവിശ്വാസ പ്രമേയത്തെ എതിര്‍ത്തും 33 പേര്‍ അനുകൂലിച്ചും വോട്ട് ചെയ്തു. 34 അംഗ പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍ ജീന്‍ മോസസ് വിദേശത്തായതിനാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാനായില്ല. ഓപണ്‍ വോട്ടെടുപ്പിനുശേഷം ഫലപ്രഖ്യാപനം നടത്തിയ ജില്ലാ കലക്ടര്‍ യു.ഡി.എഫിന്‍െറ അവിശ്വാസപ്രമേയം തള്ളുന്നതായി പ്രഖ്യാപിച്ചു. നാലേമുക്കാല്‍ മണിക്കൂര്‍ നീണ്ട യോഗനടപടിക്കിടെ പരസ്പരം പരമാവധി വിഴുപ്പലക്കിയതല്ലാതെ അവിശ്വാസ പ്രമേയത്തിന്‍െറ കൃത്യമായ കാരണം വിശദീകരിക്കാന്‍ പോലും പ്രതിപക്ഷത്തിനായില്ല. ഓടദുരന്തവും ‘പ്രളയവും’ നഗരത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് വിലപ്പെട്ട ഒരു ദിനം മൂപ്പിളമ തര്‍ക്കം തീര്‍ക്കാന്‍ വിനിയോഗിച്ചത്.
ഇടതുപക്ഷ ഭരണസമിതി അധികാരത്തിലേറിയതുമുതല്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാരോടു തുടരുന്ന അവഗണനക്കെതിരെയാണ് കഴിഞ്ഞ 12ന് മുനിസിപ്പല്‍ ആക്ട് 19ലെ 31ാം ചട്ടപ്രകാരം അവിശ്വാസ പ്രമേയത്തിന് ജില്ലാ കലക്ടര്‍ക്ക് നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം കൗണ്‍സില്‍ വിളിച്ചുചേര്‍ക്കണമെന്ന വ്യവസ്ഥപ്രകാരമായിരുന്നു ചൊവ്വാഴ്ചത്തെ പ്രത്യേക യോഗം. 41 അംഗ ഭരണപക്ഷത്തെ 21 പേര്‍ക്കും 34 അംഗ പ്രതിപക്ഷത്തെ 18 പേര്‍ക്കും ആറ് മിനിറ്റ് വീതം ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. പ്രതിപക്ഷാംഗങ്ങളായ എന്‍.സി. മോയിന്‍കുട്ടി, പി. കിഷന്‍ചന്ദ്, കെ. മുഹമ്മദലി, സി.പി. സലീം, അഡ്വ. എ.വി. അന്‍വര്‍, വിദ്യാബാലകൃഷ്ണന്‍ എന്നിവര്‍ക്കു മാത്രമേ അവിശ്വാസത്തിന്‍െറ കാരണങ്ങള്‍ തെല്ലെങ്കിലും ഉന്നയിക്കാനായുള്ളൂ.
ഭരണപക്ഷത്തെ ടി. സുജന്‍, സി.പി. മുസാഫിര്‍ അഹമ്മദ്, എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, ജാനമ്മ കുഞ്ഞുണ്ണി, എം. മോഹനന്‍ എന്നിവര്‍ ശക്തമായ ഭാഷയില്‍ മറുപടി പറഞ്ഞതോടെ പ്രതിപക്ഷത്തിന് വിയര്‍ക്കേണ്ടിവന്നു. ഡെപ്യൂട്ടി മേയര്‍ പ്രഫ. പി.ടി. അബ്ദുല്‍ ലത്തീഫും ഏറ്റവും ഒടുവില്‍, ആരോപണ വിധേയയായ മേയര്‍ പ്രഫ. എ.കെ. പ്രേമജവും കാര്യങ്ങള്‍ വിശദീകരിച്ചതോടെ പ്രതിപക്ഷ ആരോപണത്തിന്‍െറ മുനയൊടിഞ്ഞു. തുടര്‍ന്നായിരുന്നു പോളിങ് ബൂത്ത് ഒരുക്കി വോട്ടെടുപ്പ്.
 

ഉത്തരാഖണ്ഡ്: ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ചവരില്‍ മലയാളിയും

Posted: 25 Jun 2013 11:54 PM PDT

Image: 

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും ഉള്‍പെട്ടതായി റിപ്പോര്‍ട്ട്.  ഫൈ്ളറ്റ് ലെഫ്റ്റനന്‍്റ് കെ. പ്രവീണാണ് അപകടത്തില്‍ മരിച്ചത്. പ്രവീണ ഉള്‍പെടെ വ്യോമ സേനയുടെ അഞ്ച് ഉദ്യോഗസ്ഥരായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. പ്രവീണിനെ കുറിച്ച കുടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ഗുപ്തകാശി, വന്‍നാശം നേരിട്ട കേദാര്‍നാഥ് എന്നിവിടങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ നിയോഗിച്ച വ്യോമസേനയുടെ എം.ഐ17 വി 5 ഇനത്തില്‍പെട്ട ഹെലികോപ്ടര്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് ഗൗരീകുണ്ഡില്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 20 പേര്‍ മരിച്ചു.

പേമാരിയിലും മലയിടിച്ചിലിലും കണാതായ പത്ത് മലയാളികളില്‍ രണ്ട് പേരെ കണ്ടെത്തിയിട്ടുണ്ട്.  പാലക്കാട്സ്വദേശികളായ രാജന്‍, ലീല എന്നിവരെയാണ് കണ്ടെത്തിയത്.

ഇവിടെ കുടുങ്ങിയ സന്ന്യാസിമാര്‍ അടക്കമുള്ള മലയാളികളെ ഇന്നു തന്നെ തിരികെയെത്തിക്കാന്‍ സാധിക്കുമെന്ന് കേരള ഹൗസ് റസി. കമ്മീഷണര്‍ രാവിലെ ഹരിദ്വാറില്‍ അറിയിച്ചിരുന്നു.

വി.എസിനെതിരെ മുഖ്യമന്ത്രി

Posted: 25 Jun 2013 11:46 PM PDT

Image: 

തിരുവനന്തപുരം: ആര്‍ക്കെതിരെയും എന്തും പറയാമെന്ന അവസ്ഥയിലേക്ക് പ്രതിപക്ഷ നേതാവ് എത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആത്മവിശ്വാസം നഷ്ടപ്പെുമ്പോഴാണ് സമനില തെറ്റുന്നതെന്നും  വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പ്രതികരിച്ചു.

പൊതുപ്രവര്‍ത്തകര്‍ ഏതു നിലക്കും മിതത്വം പാലിക്കണം. ധാര്‍മികത ആരെയും പഠിപ്പിക്കാനാകില്ല. സോളാര്‍ വിഷയത്തില്‍ ഒരു ആരോപണവും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ പേരില്‍ തയാറാക്കിയ വ്യാജ കത്തിന് ഔദ്യാഗിക കത്തിന്റെയാതൊരു സ്വഭാവവും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇളവുകാലം ഒരാഴ്ച കൂടി; മലയാളികള്‍ ഉണര്‍ന്നു തുടങ്ങി

Posted: 25 Jun 2013 11:37 PM PDT

Image: 

ജിദ്ദ: പ്രവാസികളുടെ രേഖകള്‍ നിയമാനുസൃതമാക്കുന്നതിനുള്ള ഇളവുകാലം അവസാനിക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ജിദ്ദ ഡിപോര്‍ട്ടേഷന്‍ സെന്‍ററില്‍ ഇന്ത്യക്കാരുടെ വിരലടയാളമെടുപ്പിന് ഇന്നലെയും തിരക്കേറി. ആളുകളുടെ പ്രയാസം ലഘൂകരിക്കുന്ന വിധത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ സന്നദ്ധപ്രവര്‍ത്തകരുമായി ചേര്‍ന്ന് വ്യവസ്ഥാപിതമായ രീതികള്‍ ആസൂത്രണം ചെയ്തതിനാല്‍ ഡിപോര്‍ട്ടേഷന്‍ സെന്‍ററിലെ അനാവശ്യമായ തിരക്ക് ഒഴിവാക്കാനായി. എന്നാല്‍ ഇതര രാജ്യക്കാരും വിവിധ കമ്പനികള്‍ക്കു കൂടി ഊഴമനുവദിച്ചതു കാരണം ചൊവ്വാഴ്ചയിലെ നടപടിക്രമങ്ങള്‍ വൈകിയാണ് തുടങ്ങിയത്. കംപ്യൂട്ടര്‍ സംവിധാനത്തിന്‍െറ അപര്യാപ്തതയും തര്‍ഹീലിലെ മതിയായ സ്റ്റാഫിന്‍െറ കുറവും കാരണം വിരലടയാളമെടുപ്പ് പലപ്പോഴും മന്ദഗതിയിലായി. വൈകുന്നേരം ഏഴോടെ മുന്നൂറോളം പേരുടെ അടയാളമെടുത്തു. ഉംറവിസയിലെത്തി അവധികഴിഞ്ഞവരും രേഖയില്ലാത്തവരുമായ നൂറിലേറെ പേരുടെ നടപടികളും ചൊവ്വാഴ്ച പൂര്‍ത്തീകരിച്ചു.
പതിവിനു വിപരീതമായി ഇ.സി അപേക്ഷയുടെ അവസാനദിവസം കോണ്‍സുലേറ്റിലും ഡീപോര്‍ട്ടേഷന്‍ സെന്‍ററിലും മലയാളികളുടെ എണ്ണം വര്‍ധിച്ചു. മേയ് 14ന് ഏതാനും പേരുടെ വിരലടയാളമെടുത്തതൊഴിച്ചാല്‍ മേയ് 21 മുതല്‍ കോണ്‍സുലേറ്റ് ഇ.സി അനുവദിച്ചവരെ നാട്ടിലയക്കുന്നതിനു ഡീപോര്‍ട്ടേഷന്‍ സെന്‍ററുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ക്രമീകരിച്ചിരുന്നു. രേഖ ശരിയാക്കാനുള്ളവര്‍ അതിനു ശ്രമിക്കണമെന്നും അല്ലാത്തവര്‍ എത്രയും വേഗം നാട്ടിലേക്കു മടങ്ങാന്‍ രാജാവിന്‍െറ ഇളവുകാല പ്രഖ്യാപനത്തോടെ എംബസിയും കോണ്‍സുലേറ്റും തുറന്നുതന്ന മാര്‍ഗം ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ ഇന്ത്യക്കാരോട് നിരന്തരം ഉണര്‍ത്തിയിരുന്നു. പ്രവാസി ഇന്ത്യക്കാരില്‍ നിന്നു കാര്യമായ പ്രതികരണമുണ്ടായെങ്കിലും മലയാളികളില്‍ നേരിയൊരു ശതമാനം മാത്രമാണ് ഇതുവരെയായി ഇ.സിക്ക് അപേക്ഷിച്ച് തുടര്‍നടപടികളിലേക്ക് നീ്ങ്ങിയത്. നാടുവിടുന്നതിനു പകരം സ്പോണ്‍സര്‍, തൊഴില്‍ മാറ്റത്തിന്‍െറ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനുള്ള നീക്കമാണ് മലയാളിസമൂഹം നടത്തിക്കൊണ്ടിരുന്നത് എന്നാണ് പൊതുധാരണ. എന്നാല്‍ ഒരു രേഖയുമില്ലാത്തവരും കഴിഞ്ഞ പൊതുമാപ്പിന്‍െറ കാലത്ത് നാടുവിടാത്തവരുമടക്കമുള്ള വമ്പിച്ചൊരു ഭൂരിപക്ഷം ഇനിയുമൊരു ഇളവ് സൗദി അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുമെന്ന നിഗമനത്തില്‍ നിഷ്ക്രിയരായിരുന്നിട്ടുമുണ്ട്. ഇക്കാര്യത്തില്‍ ഊഹാപോഹത്തിനു ചെവികൊടുക്കരുതെന്നും കിട്ടിയ അവസരം ഉപയോഗപ്പെടുത്തണമെന്നും ഇന്ത്യന്‍പ്രവാസി സമൂഹത്തെയും സന്നദ്ധസംഘടനകളെയും വിളിച്ചുചേര്‍ത്തും മാധ്യമങ്ങള്‍ വഴിയും കോണ്‍സല്‍ ജനറല്‍ ഫൈസ് അഹ്മദ് കിദ്വായി ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കിയിരുന്നതുമാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാതിലടയാന്‍ നേരത്ത് മലയാളികള്‍ തിക്കിത്തിരക്കിയെത്തുന്നതാണ് കണ്ടത്.
മുന്‍തീരുമാനമനുസരിച്ച് അടിയന്തരസാഹചര്യങ്ങളിലൊഴികെയുള്ള ഇളവുകാല ഇ.സി അപേക്ഷ സ്വീകരിക്കുന്നത് കഴിഞ്ഞ ദിവസത്തോടെ കോണ്‍സുലേറ്റ് അവസാനിപ്പിച്ചു. ഇതുവരെ ലഭിച്ച അപേക്ഷകളില്‍ ഇ.സി അനുവദിച്ചവരുടെ നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയായിക്കഴിഞ്ഞിട്ടില്ല. തര്‍ഹീലില്‍ ഇന്ത്യക്കാര്‍ക്ക് വാരാന്തം അനുവദിച്ച ഓരോ ഊഴത്തിലും വിരലെടുപ്പിനാളുകള്‍ അവശേഷിക്കുന്നുണ്ട്. അതിനു പുറമെ കഴിഞ്ഞ ദിവസം വരെ ഇ.സി അനുവദിച്ചയാളുകളുടെ നടപടിക്രമം പൂര്‍ത്തിയാക്കുകയും വേണം. ഇനി ജൂലൈ രണ്ടിന്, ഇളവുകാലം അവസാനിക്കുന്നതിന്‍െറ തൊട്ടു തലേന്നാളത്തെ ഒരു ദിനം മാത്രമാണ് ഇന്ത്യക്കാര്‍ക്ക് ബാക്കിയിരിക്കുന്നത്. ഇളവുകാലം നീട്ടിയില്ലെങ്കില്‍ ഇവരുടെ കാര്യത്തില്‍ എന്തു ചെയ്യും എന്നതിന് സൗദി അധികൃതരുടെ നീക്കം കാത്തിരിക്കുകയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. അതേസമയം, ഇളവുകാലം കഴിഞ്ഞും നിയമാനുസൃത രീതിക്കു വഴങ്ങാത്തവര്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന് തൊഴില്‍മന്ത്രാലയം ആവര്‍ത്തിച്ചു മുന്നറിയിപ്പു നല്‍കിക്കൊണ്ടിരിക്കെ ഇനിയും നിയമത്തിന്‍െറ വഴിക്കു നീങ്ങാത്തവരുടെ മുന്നില്‍ എന്തു വഴി എന്നു കാത്തിരുന്നു കാണണം.
 

ലോകത്തെ അമ്പരപ്പിച്ച് വിടവാങ്ങല്‍ പ്രസംഗം

Posted: 25 Jun 2013 11:34 PM PDT

Image: 

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി അറബ് ലോകത്ത് പുതിയ കീഴ്വഴക്കത്തിന് തുടക്കമിട്ട് കൊണ്ട് അധികാരം കൈമാറിയത് ചരിത്രസംഭവമായി. 18 വര്‍ഷം മുന്‍പ് താന്‍ ഭരണം ഏറ്റെടുത്തത് അധികാരക്കൊതിമൂലമായിരുന്നില്ലെന്ന അദ്ദേഹത്തിന്‍െറ പ്രസ്താവന അക്ഷരംപ്രതി ശരിവെക്കുന്നതായിരുന്നു അദ്ദേഹത്തിന്‍െറ അധിാരകൈമാറ്റം. ഖത്തര്‍ ടെലിവിഷനിലൂടെ അദ്ദേഹം നടത്തിയ വിടവാങ്ങല്‍ പ്രസംഗവും പ്രവര്‍ത്തനം പോലെ വേറിട്ടതായി. കുറഞ്ഞ സമയത്തിനുള്ളില്‍ ലോകത്തെ അമ്പരപ്പിച്ച പ്രസംഗമാണ് ഖത്തറിന്‍റ പ്രിയപ്പെട്ട അമീര്‍ നടത്തിയത്. പ്രസംഗത്തിന്‍െറ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:
നമ്മുടെ രാഷ്ട്രത്തിന്‍െറ ഏറ്റവും സുപ്രധാനമായ ചുവടുവെപ്പിനുള്ള ഒരുക്കത്തിലാണ് ഇന്ന് ഞാന്‍ നിങ്ങളെ അഭിസംബോധന ചെയ്യുന്നത്. ഈ പരിശുദ്ധഭൂമിയുടെ അവകാശികളായ, നാടിന്‍െറ പുരോഗതിയിലും ഉയര്‍ച്ചയിലും പങ്കാളികളായ നിങ്ങളെ അഭിസംബോധന ചെയ്ത് ചില കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ നിങ്ങളുടെ സേവനം ഏറ്റെടുത്തത് മുതല്‍ നിങ്ങള്‍ നല്‍കിയ വിശ്വാസമാണ് അതില്‍ ഏറ്റവും പ്രധാനമായത്. ഒരു കാലത്തും അധികാര ഭ്രമം എന്നെ ബാധിച്ചിട്ടില്ല. ഞാന്‍ അല്ലാഹുവിനെ സാക്ഷി നിര്‍ത്തിയാണ് ഇത് വ്യക്തമാക്കുന്നത്. രാഷ്ട്രത്തിന്റെതാല്‍പര്യമാണ് എന്നെ നയിച്ചത്. പുതിയ യുഗപ്പിറവിയിലേക്ക് ഭരണം കൈമാറാന്‍ ഏറ്റവും അനുയോജ്യമായ സന്ദര്‍ഭമാണിതെന്ന് ഞാന്‍ കരുതുന്നു. പുതിയ തലമുറ അധികാരം ഏറ്റെടുക്കേണ്ടിയിരിക്കുന്നു. നമ്മുടെ രാജ്യത്തിന്‍െറ വളര്‍ച്ചയിലും വികസനത്തിലും വലിയ സേവനമര്‍പ്പിക്കാന്‍ അവര്‍ക്കാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. മുന്‍കാലങ്ങളില്‍ നമ്മുടെ യുവതലമുറ രാജ്യം നേരിടുന്ന വെല്ലുവിളികള്‍ ഏറ്റെടുത്ത് മുമ്പോട്ടുപോകാന്‍ സന്നദ്ധരാണെന്ന് തെളിയിച്ചിട്ടുണ്ട്. വര്‍ത്തമാന കാലഘട്ടത്തെ അനുകൂലമാക്കി മുമ്പോട്ടുപോകാന്‍ അവര്‍ക്ക് കഴിയുമെന്നവര്‍ ഇതിനകം നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിന്‍െറ നാലാമത് ഭരണാധികാരി അലി ബിന്‍ അബീത്വാലിബിന്റെപ്രശസ്തമായ വചനം ഞാന്‍ ഇവിടെ ഉദ്ധരിക്കുകയാണ്. അദ്ദേഹം പറഞ്ഞു: ‘നിങ്ങളുടെ സന്താനങ്ങളെ നിങ്ങള്‍ പഠിച്ചതില്‍ നിന്നുള്ള നല്ലത്് അഭ്യസിപ്പിക്കുക, നിങ്ങളുടെ കാലത്തിനല്ലാത്ത കാലത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണവര്‍’
പ്രിയ ജനങ്ങളെ, നമ്മുടെ രാജ്യത്തിന്റെസമ്പത്ത് നിങ്ങളാണ്. രാജ്യത്തിന്റെപുരോഗതി നിങ്ങളുടെ കൈകളിലാണ്. നിങ്ങളില്‍ നാം ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നു. ഏന്‍െറ രാജ്യവാസികളെ, എന്റെഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ നിങ്ങള്‍ നല്‍കിയ പിന്തുണ ഞാന്‍ ഏറെ വിലമതിക്കുന്നു. എന്‍െറ പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും നന്‍മ ഉണ്ടായിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്‍െറ കൃപ കൊണ്ടാണ് അതെനിക്ക് സാധിച്ചിട്ടുള്ളത്. എന്‍െറ പ്രവര്‍ത്തനങ്ങളില്‍ വന്ന വീഴ്ച എന്‍െറ ഭാഗത്ത് നിന്നു വന്ന വീഴചമാത്ര
മാണ്.
അതില്‍ നിന്ന് ഞാനും എനിക്ക് പിന്നാലെ വരുന്നവരും പാഠമുള്‍കൊള്ളുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ന് എനിക്ക് നിങ്ങളോട് പറയാനുള്ള മറ്റൊരു കാര്യം രാജ്യഭരണം ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് കൈമാറാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുവെന്നതാണ്. രാജ്യകാര്യങ്ങള്‍ ഏറെ ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ എന്നോട് കാണിച്ച അനുസരണയും പിന്തുണയും അദ്ദേഹത്തിനും നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ ഭരണാധിപന്‍മാരെ അനുസരിച്ചും പിന്തുണച്ചും പോന്ന ചരിത്രമാണ് നമ്മുടെ ദേശനിവാസികള്‍ക്കുള്ളത്. ശൈഖ് തമീം തന്‍െറ പവര്‍ത്തനത്തിന്‍െറ മുന്‍ഗണനാക്രമത്തില്‍ രാജ്യത്തിനും രാജ്യനിവാസികള്‍ക്കും പ്രഥമസ്ഥാനം നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
പുതിയ തലമുറയിലേക്ക് അധികാരം കൈമാറുമ്പോള്‍ വരും തലമുറയുടെ ഉന്നമനത്തിനും ഐശ്വര്യത്തിനും വേണ്ടി കൂട്ടായ പ്രവര്‍ത്തനമുണ്ടാകണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. നിങ്ങള്‍ ഓരോരുത്തരും ഉത്തരവാദിത്തമുള്ളവരാണ്. അറബ് ലോകം ഒരൊറ്റ ശരീരമാണെന്ന് നാം വിശ്വസിക്കുന്നു. ഏത് സാഹചര്യത്തിലും നിങ്ങള്‍ സത്യത്തിന്‍െറ മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. ‘അവര്‍ സന്‍മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ നാം അവര്‍ക്ക് ധാരാളം വൃഷ്ടി നല്‍കുന്നതാകുന്നു’ (ഖുര്‍ആന്‍). പ്രവാചകന്‍ മുഹമ്മദ് പറഞ്ഞു: ‘എന്‍െറ സമുദായത്തിലെ ഒരു വിഭാഗം എന്നും സത്യത്തോടൊപ്പമുണ്ടായിരിക്കും. അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ എതിര്‍ക്കുന്നവര്‍ക്ക് അവരെ ഉപദ്രവമേല്‍പ്പിക്കാന്‍ കഴിയില്ല.’
എന്‍െറ ജനങ്ങളെ, എല്ലാ സന്ദര്‍ഭങ്ങളിലും എനിക്ക് നല്‍കിയ പിന്തുണക്ക് നിങ്ങളോടുള്ള കൃതജ്ഞത അറിയിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്. ഞാന്‍ എന്നും നിങ്ങള്‍ക്ക് നന്‍മ മാത്രമാണ് ആഗ്രഹിച്ചിട്ടുള്ളത്. അതിന് വേണ്ടി മാത്രമാണ് ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതും. അല്ലാഹു ഖത്തറിനെയും ഖത്തര്‍ നിവാസികളെയും  എന്നും അനുഗ്രഹിക്കുമാറാകട്ടെ.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP