സ്വാഗതം
WELCOME

News Update..

Saturday, June 22, 2013

ആക്കലില്‍ യൂത്ത് കോണ്‍ഗ്രസ് -ഡി.വൈ.എഫ്.ഐ സംഘര്‍ഷം Madhyamam News Feeds

ആക്കലില്‍ യൂത്ത് കോണ്‍ഗ്രസ് -ഡി.വൈ.എഫ്.ഐ സംഘര്‍ഷം Madhyamam News Feeds

Link to

ആക്കലില്‍ യൂത്ത് കോണ്‍ഗ്രസ് -ഡി.വൈ.എഫ്.ഐ സംഘര്‍ഷം

Posted: 22 Jun 2013 12:09 AM PDT

ആയൂര്‍: റോഡുവിള ആക്കലില്‍ ഡി.വൈ.എഫ്.ഐ- യൂ ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍  രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഉമ്മന്‍ചാണ്ടിയുടെയും കൊടിയേരി ബാലകൃഷ്ണന്‍െറയും കോലങ്ങള്‍ കത്തിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെ ത്തിയത്. ആക്കല്‍ സ്വദേശികളായ നിഹാസ് (19) അനൂപ് (17) എന്നിവരെയാണ്  പരിക്കുകളോടെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  
വെള്ളിയാഴ്ച വൈകുന്നേരം ആറോടെ ആക്കല്‍ ജങ്ഷനിലാണ് സംഭവം. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി. വൈ.എഫ്.ഐക്കാര്‍  വ്യാഴാഴ്ച  വൈകുന്നേരം ആക്കല്‍ ജങ്ഷനില്‍ പ്രതിഷേധപ്രകടനം നടത്തുകയും മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു.  ഇതിനെതുടര്‍ന്ന് വെള്ളിയാഴ്ച  വൈകുന്നേരം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ദീപു ജോര്‍ജിന്‍െറ നേതൃത്വത്തില്‍ സരിതാനായരും കോടിയേരിബാലകൃഷ്ണനുമായുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  പ്രതിഷേധ പ്രകടനം നടത്തുകയും കോടിയേരി ബാലകൃഷ്ണന്‍െറ കോലം കത്തിക്കുകയും ചെയ്തു. ഈ പ്രതിഷേധ പ്രകടനത്തിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ടൂവീലര്‍ ഓടിച്ചുകയറ്റിയതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് അറിയുന്നു. പൂയപ്പള്ളി, ചടയമംഗലം പൊലീസ് സ്റ്റഷനില്‍ നിന്നായി പൊലീസെ ത്തി സംഘര്‍ഷം നിയന്ത്രിച്ചു.  സ്ഥലത്ത്  പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

പ്ളാസ്റ്റിക് മാലിന്യ സംസ്കരണ വിഷയത്തില്‍ വാക്കേറ്റം

Posted: 22 Jun 2013 12:04 AM PDT

തിരുവനന്തപുരം: പ്ളാസ്റ്റിക് മാലിന്യ സംസ്കരണ സംവിധാനം ഒരുക്കുന്നത് സംബന്ധിച്ച് നഗരസഭാ കൗണ്‍സിലില്‍ തര്‍ക്കം. കരാര്‍ നല്‍കുന്ന കാര്യത്തില്‍ മാനദണ്ഡം പാലിക്കുകയോ, കമ്പനികളെ സംബന്ധിച്ച് പഠിക്കുകയോ ചെയ്യാതെയാണ് നടപടിയുമായി മേയര്‍ മുന്നോട്ടുപോകുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഈ വിഷയത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാളയം രാജന്‍ നേരത്തെ രാജിസന്നദ്ധത അറിയിച്ച് സെക്രട്ടറിക്ക് കത്ത് നല്‍കിയതും  യോഗത്തില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. 
പ്ളാസ്റ്റിക് മാലിന്യം നഗരത്തില്‍നിന്ന് കൊണ്ടുപോകുന്നതിന് ആഗോള ടെന്‍ഡര്‍ ക്ഷണിച്ചതായി മേയര്‍ വ്യക്തമാക്കിയെങ്കിലും ഇക്കാര്യം തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന്  പ്രതിപക്ഷം കുറ്റപ്പെടുത്തി. രണ്ട് ഇംഗ്ളീഷ് പത്രങ്ങളടക്കം മൂന്ന് പത്രങ്ങളില്‍ മാത്രമാണ് പരസ്യം നല്‍കിയത്. തര്‍ക്കം രൂക്ഷമായതോടെ വിഷയം പഠിക്കുന്നതിന് അവലോകന കമ്മിറ്റിയെ നിയോഗിച്ചതായി മേയര്‍ അറിയിച്ചു. 
പാളയത്തെ പ്ളാസ്റ്റിക് ഷെഡിങ് യൂനിറ്റുകള്‍  വാടകക്ക് നല്‍കുന്നതിനും നഗരസഭാ പരിധിയില്‍ ശേഖരിക്കുന്ന മാലിന്യം വില്‍ക്കുന്നതിനുമായാണ് പദ്ധതി തയാറാക്കിയിരുന്നത്. ഇക്കാര്യം കഴിഞ്ഞ കൗണ്‍സിലില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ സ്ഥലം കൗണ്‍സിലറായ പാളയം രാജന്‍ അത് വിശദമായ ചര്‍ച്ചക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.  
എല്‍. ഡി.എഫ് കൗണ്‍സിലര്‍മാര്‍ രണ്ട് തട്ടില്‍ നിന്ന് പ്ളാസ്റ്റിക് സംസ്കരണം അട്ടിമറിക്കാനാണ് ശ്രമിച്ചതെന്ന് പ്രതിപക്ഷ അംഗം ജോണ്‍സണ്‍ ജോസഫ് ആരോപിച്ചു. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തുള്ള ഓരോരുത്തരും അഭിപ്രായം പ്രകടിപ്പിച്ചതോടെ കൗണ്‍സില്‍ കലുഷിതമായി.സംസാരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ നടുത്തളത്തിലിറങ്ങി.  
കടല്‍ക്ഷോഭത്തെ തുടര്‍ന്ന്  തീരദേശ വാര്‍ഡുകളില്‍ ദുരിത ബാധിതര്‍ക്ക്  സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക അപര്യാപ്തമായതിനാല്‍ കൂടുതല്‍ തുക അനുവദിക്കണമെന്നും രണ്ടാഴ്ചത്തേക്ക് പ്രഖ്യാപിച്ച സൗജന്യ റേഷന്‍ ഉടന്‍ വിതരണം ചെയ്യണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. മഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്ന റോഡുകളുടെ നവീകരണത്തിന് ദുരിതാശ്വാസനിധിയില്‍നിന്ന് 10 കോടി അനുവദിക്കുന്നതിന് സര്‍ക്കാറിനോട് ആവശ്യപ്പെടാനും  തീരുമാനമായി. 

കോടികളുടെ നഷ്ടം വരുത്തിയെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് കൗണ്‍സിലില്‍ വായിച്ചുതള്ളി

Posted: 21 Jun 2013 11:40 PM PDT

തൃശൂര്‍: നഗരസഭ 2010 -11 , 11 -12 സാമ്പ ത്തിക വര്‍ഷത്തില്‍ നടത്തിയ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് അക്കൗണ്ട് ജനറലിന്‍െറ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ കോടികളുടെ ക്രമക്കേടുകള്‍ ഭരണ -പ്രതിപക്ഷ ധാരണയില്‍ വായിച്ചുതള്ളി. കുടിവെള്ള വിതരണത്തിലെ 162.46 ലക്ഷം അടക്കം 22.77 കോടിയുടെ നഷ്ടം വരുത്തിയെന്ന് കണ്ടെത്തിയ ഓഡിറ്റ് റിപ്പോര്‍ട്ടാണ് ചര്‍ച്ചചെയ്യാതെ വായന ദിനാചരണത്തിന്‍െറ ലാഘവത്തോടെ കൗണ്‍സിലില്‍ വായിച്ചുതീര്‍ത്തത്. അജണ്ടയായി വെച്ച റിപ്പോര്‍ട്ട് വായിച്ച് തള്ളുന്നതിനെതിരെ കൗണ്‍സിലില്‍ ബഹളംവെച്ച ഭരണപക്ഷത്തെ ജോണ്‍ കാഞ്ഞിരത്തിങ്കലിനെ വായന വാരാചരണത്തില്‍ വായന തടസ്സപ്പെടുത്തിയതിന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. എം. ഉസ്മാന്‍െറ അഭിപ്രായം കൗണ്‍സില്‍ ഭരണ -പ്രതിപക്ഷമില്ലാതെ ഡസ്ക്കിലടിച്ച് സ്വീകരിച്ചു.
റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി കൂടിയ പ്രത്യേക കൗണ്‍സിലില്‍ അജണ്ട ചര്‍ച്ച ചെയ്യുന്നതിന് മുമ്പായി റിപ്പോര്‍ട്ടിന്‍െറ പേരില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കോര്‍പറേഷന്‍ സെക്രട്ടറി പറഞ്ഞു. സംസ്ഥാനത്തെ മറ്റ് കോര്‍പറേഷനുകളിലും ഇത്തരം റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിന് സെക്രട്ടറി വിശദീകരണം തയാറാക്കുമെന്നും തുടര്‍ന്ന് കൗണ്‍സില്‍ പരിശോധിച്ച് അംഗീകാരം നല്‍കാമെന്നും മേയര്‍ ഐ.പി. പോള്‍ പറഞ്ഞു. റിപ്പോര്‍ട്ട് കൗണ്‍സിലര്‍മാരെ അറിയിക്കുന്നതിന്‍െറ ഭാഗമായി അജണ്ടയാക്കി വായിക്കുന്നതെന്നും മേയര്‍ പറഞ്ഞു. വിഷയം വായിച്ചുപോകുന്നതിനിടെ വിശദമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലര്‍ ജോണ്‍ കാഞ്ഞിരത്തിങ്കല്‍ ബഹളവുമായി ഏഴുന്നേറ്റു. ഇതോടെ എല്ലാ കൗണ്‍സിലര്‍മാരും ജോണിനെതിരെ തിരിഞ്ഞു. തുടര്‍ന്ന് മേയറുമായി വാക്കേറ്റത്തിലായ ജോണ്‍ മേയറുടെ ഇരിപ്പിടത്തിനടുത്ത് ചെന്ന് തര്‍ക്കിച്ചു. എന്നാല്‍, എല്ലാ കോര്‍പറേഷനുകളിലും  ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കൗണ്‍സിലിനെ അറിയിക്കാന്‍ മാത്രമാണ് യോഗമെന്നും മേയര്‍ പറഞ്ഞു. കോര്‍പറേഷന് നഷ്ടം വരുത്തിയതിന് ഓഡിറ്റിങ്ങില്‍ പറയുന്ന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കാണ് ഉത്തരവാദിത്തം. അവരുടെ മറുപടിയും വിശദീകരണവും ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുകയാണ് വേണ്ടതെന്ന് മേയര്‍ പറഞ്ഞു.  ജോണ്‍ പ്രതിഷേധം തുടര്‍ന്നെങ്കിലും അജണ്ടകള്‍ സെക്രട്ടറി വായിച്ച് അവസാനിപ്പിക്കുകയായിരുന്നു.

ആറന്മുള സമരഭൂമിയിലെ ദുരിതം സി.പി.എം അറിഞ്ഞില്ല

Posted: 21 Jun 2013 11:37 PM PDT

പത്തനംതിട്ട: അഞ്ചുമാസം മുമ്പ് സി.പി.എം തുടങ്ങിവെച്ച മിച്ചഭൂമി സമരത്തിന്‍െറ ഭാഗമായി ആറന്മുളയിലെ വിവാദ വിമാനത്താവള പദ്ധതി പ്രദേശത്ത് കുടില്‍ കെട്ടി സമരം ചെയ്യുന്ന പാവങ്ങള്‍ ദുരിതക്കയത്തിലായത് പാര്‍ട്ടി ഇതുവരെയും അറിഞ്ഞിട്ടില്ല. പുഞ്ചപ്പാടത്തിന് ചുറ്റം വെള്ളം ഉയര്‍ന്നതോടെ ഏതുനിമിഷവും തകരാവുന്ന കുടിലുകളില്‍ പട്ടിണിക്കോലങ്ങളായി ജീവിക്കുന്നത് ആയിരത്തോളം പേരാണ്. ജീവനുഭീഷണിയായി മാറിയ വെള്ളപ്പൊക്കത്തില്‍നിന്ന് ഇവരെ രക്ഷിക്കുന്നതില്‍ നിന്നും ജില്ലാ ഭരണകൂടവും കൈമലര്‍ത്തുകയാണ്്. സമരഭൂമിയില്‍ ആയിരങ്ങള്‍ ദുരിതാവസ്ഥയില്‍ കഴിയുന്നത് റവന്യൂ വകുപ്പും അറിഞ്ഞമട്ടില്ല. പാര്‍ട്ടി നേതാക്കളെ വിശ്വസിച്ച് സംസ്ഥാനത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍നിന്ന് ഭൂമി തേടിയെത്തിയവര്‍ എങ്ങോട്ടുപോകുമെന്നറിയാതെ നിമിഷങ്ങള്‍ തള്ളിനീക്കുന്നു. സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍  ആറന്മുളയില്‍ അഞ്ചുമാസം മുമ്പാണ് കുടില്‍കെട്ടിയത്. പിന്നീട് ഏകോപന സമിതി രൂപവത്കരിച്ച് സമരത്തിന്‍െറ നേതൃത്വം കൈയൊഴിയുകയായിരുന്നു ഇവര്‍. ഏകോപന സമിതിയില്‍ സി.പി.എം, സി.പി.ഐ, ബി.ജെ.പി, ആര്‍.എസ്.പി തുടങ്ങി ആര്‍.എസ്.എസും വി.എച്ച്.പിയും വരെ സഹകരിക്കുന്നുണ്ട്. തുടക്കത്തില്‍ ഏകോപന സമിതിയുടെയും വിവിധ സാമൂഹിക സംഘടനകളുടെയും നേതൃത്വത്തില്‍ സമരഭൂമിയിലേക്ക് അരിയും മണ്ണെണ്ണയും മറ്റ് സഹായങ്ങളും എത്തിച്ചിരുന്നു. പിന്നീട് സമീപപ്രദേശങ്ങളില്‍ കൂലിവേല ചെയ്താണ് സമരരംഗത്തുള്ളവര്‍ ഭക്ഷണം കണ്ടെത്തിയിരുന്നത്. എന്നാല്‍, കാലവര്‍ഷം എത്തിയതോടെ പുഞ്ചപാടത്ത് വെള്ളം പൊന്തി ഇവരുടെ ജീവിതം ദുരിതക്കയത്തിലായി. സമരത്തിന്‍െറ നേതൃത്വം   അവകാശപ്പെടുമ്പോഴും ഇതുവരെയായിട്ടും സമരത്തിന്‍െറ മുന്‍നിരയിലേക്ക് സി.പി.എം വന്നിട്ടില്ല. ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സി.പി.എം നേതൃത്വം ഇടക്കിടെ സമര ഭൂമിയല്‍ സാന്നിധ്യം അറിയിക്കുമെന്നല്ലാതെ ഇവരുടെ ഭാഗത്തുനിന്ന് കാര്യമായ സഹായം ലഭിച്ചിട്ടില്ല.
സമരഭൂമിയിലുള്ളവര്‍ ഭക്ഷണവും വസ്ത്രവുമില്ലാതെ ബുദ്ധിമുട്ടുന്നതായി സി.പി.എം ജില്ലാ സെക്രട്ടറിയോട് ചൂണ്ടിക്കാട്ടിയപ്പോള്‍ സമരം നടത്തുന്ന ഞങ്ങള്‍ക്ക് അവരെ സംരക്ഷിക്കാനുമറിയാമെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.
എന്നാല്‍, സമരരംഗത്തുള്ളവര്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി റേഷന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ദിനംപ്രതി വെള്ളം ഉയരുന്ന പുഞ്ചപാടത്തു നിന്ന്  ഇവരെ താല്‍ക്കാലികമായി മാറ്റി പാര്‍പ്പിക്കാനും ഇതുവരെ നടപടിയായിട്ടില്ല. സി.പി.എമ്മിന്‍െറ ഒളിച്ചുകളി നിലപാടിനെതിരെ സമരഭൂമിയില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.  600 കുടിലുകള്‍ മാത്രമാണ് നിലവിലുള്ളത്. അടുത്ത ദിവസം ആറന്മുളയിലെത്തി സമരക്കാര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ ഏകോപന സമിതിയുമായി സംസാരിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.  ജില്ലക്ക് ഭീഷണി ഉയര്‍ത്തി വെള്ളം പൊങ്ങുമെന്നത് റവന്യൂ വകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രദേശത്തെ തഹസില്‍ദാറും ഇവരുടെ ജീവന് ഭീഷണിയുള്ളതായി  ബന്ധപ്പെട്ടവരെ അറിയിച്ചിട്ടില്ല. എന്നാല്‍, പനിസമയത്ത് വല്ലന പ്രാഥമികാരോഗ്യകേന്ദ്രത്തില്‍നിന്ന് ചികിത്സാ സഹായം എത്തിക്കുകയും ചെയ്തു. സമരഭൂമിയിലുള്ളവരെ പൗരന്മാര്‍ എന്നനിലയില്‍ സംരക്ഷിക്കേണ്ട ചുമതല റവന്യൂ വകുപ്പിനാണ്.

ഗതാഗത തടസ്സം സൃഷ്ടിച്ച് കൊടികുത്തി കാളച്ചന്ത

Posted: 21 Jun 2013 11:33 PM PDT

പെരുവന്താനം:  കൊടികുത്തി കാളച്ചന്തയുടെ  പ്രവര്‍ത്തനം ദേശീയ പാതയില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. ദേശീയപാത 183 ന്‍െറ വശത്താണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ചന്ത പ്രവര്‍ത്തിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ലൈസന്‍സ് നല്‍കിയിട്ടുള്ളത്. ചന്തയില്‍ വാഹനം ഇറക്കാന്‍ സൗകര്യം ഇല്ല. അതിനാല്‍ റോഡുവക്കില്‍ ലോറികള്‍ നിര്‍ത്തി അറവുമാടുകളെ ഇറക്കി ചന്തയിലേക്ക് കൊണ്ടുപോകുന്നതും തിരിച്ചുകയറ്റുന്നതും. ഇത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നു.
റോഡിന്‍െറ ഇരുവശത്തുമായി തമിഴ്നാട്ടില്‍ നിന്നും എത്തുന്ന നൂറോളം ലോറികളും അറവുമാടുകളെ വാങ്ങാന്‍ കോട്ടയം,പത്തനംതിട്ട ജില്ലകളില്‍ നിന്നും എത്തുന്ന വ്യാപാരികളുടെ വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നതോടെ ഗതാഗതം തടസ്സപ്പെടുന്നു. എല്ലാ വ്യാഴാഴ്ചകളിലുമാണ് ചന്ത പ്രവര്‍ത്തിക്കുന്നത്. ബുധനാഴ്ച രാത്രി എട്ടോടെ ലോറികള്‍ എത്തി തുടങ്ങും. രാത്രി രണ്ട് മുതല്‍ വ്യാഴാഴ്ച ഉച്ചക്ക് 11 വരെ റോഡില്‍ ഗതാഗത തടസ്സം അനുഭവപ്പെടുന്നു. യാത്ര ബസുകളും ആബുലന്‍സ് ഉള്‍പ്പെടെ വാഹനങ്ങളും തടസ്സപ്പെടുന്നത് പതിവ്.
അറവുമാടുകളുമായി എത്തുന്ന ലോറികളുടെ റോഡ് വക്കിലെ പാര്‍ക്കിങ് നിരോധിക്കണമെന്നും വാഹനങ്ങള്‍ ചന്തയില്‍ പാര്‍ക്ക് ചെയ്യണമെന്നും യാത്രക്കാരും വാഹന ഉടമകളും ആവശ്യപ്പെട്ട് പൊലീസ്, ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. അറവുമാടുകളെ റോഡ് വക്കില്‍ നിര്‍ത്തുന്നതിനാല്‍ വിസര്‍ജ്യങ്ങള്‍ വീണ് മാലിന്യവും നിറയുന്നു.  തുടര്‍ച്ചയായി ഗതാഗതം സ്തംഭിക്കുമ്പോഴും പൊലീസ് നടപടി സ്വീകരിക്കാറില്ലെന്നും പരാതിയുണ്ട്. 
കാളച്ചന്തക്ക് സമീപത്തെ ലോറികളുടെ പാര്‍ക്കിങ് നിരോധിക്കണമെന്നും ഗതാഗത സ്തംഭനം സൃഷ്ടിക്കുന്ന രീതിയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഋഷിരാജ് സിങ്ങിന് പാരതി നല്‍കുമെന്ന് ബി.ജെ.പി പീരുമേട് നിയോജക മണ്ഡലം പ്രസിഡന്‍റ് സി. സന്തോഷ് കുമാര്‍ പറഞ്ഞു.

കാലവര്‍ഷം: ജില്ലയില്‍ നഷ്ടം 26 കോടി കവിഞ്ഞു; തകര്‍ന്നത് 440 വീടുകള്‍

Posted: 21 Jun 2013 11:28 PM PDT

കോട്ടയം: കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ ഇതുവരെ കൃഷിനാശം ഔദ്യാഗിക കണക്ക് പ്രകാരം 26 കോടി കവിഞ്ഞു. 440 വീടുകളാണ് തകര്‍ന്നത്. 53 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. നെടുങ്കുന്നത്ത് വെള്ളത്തില്‍ വീണ് ജോയിസ് ജോര്‍സണ്‍ മരിച്ചു. 
പുതുതായി നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി വെള്ളിയാഴ്ച തുറന്നു. പനച്ചിക്കാട് ഒന്നും ചങ്ങനാശേരി താലൂക്കില്‍ മൂന്നും ദുരിതാശ്വാസകേന്ദ്രങ്ങളാണ് തുറന്നത്. ളായിക്കാട് സെന്‍റ് ജോസഫ്സ് എല്‍.പി.എസ്, പുഴവാത് എന്‍.എസ്.എസ് യു.പി.എസ്, ചങ്ങനാശേരി ഗവ. എല്‍.പി.എസ് എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍. 300 കുടുംബങ്ങളിലെ ആയിരം പേര്‍ ജില്ലയില്‍ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ട്. 
അതിനിടെ പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുന്നില്‍ പരാതി പ്രളയം. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ നിയോജക മണ്ഡലത്തിന്‍െറ പടിഞ്ഞാറന്‍ ഭാഗങ്ങളിലായിരുന്നു സന്ദര്‍ശനം. 
കാഞ്ഞിരം, പതിനാറില്‍ചിറ, ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന വേളൂര്‍ സെന്‍റ് ജോണ്‍സ് സ്കൂള്‍, പി.എന്‍.ഐ സ്കൂള്‍, അംബ്രോസ് നഗര്‍ ഫിഷര്‍മാന്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ സ്ത്രീകളടക്കമുള്ളവര്‍ പരാതികളുമായി മന്ത്രിക്ക് മുന്നിലെത്തി. ദുരിതാശ്വാസ ക്യാമ്പുകളില്‍ കൂടുതല്‍ സൗകര്യം എത്തിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ഉച്ചക്ക് ഒന്നര വരെ വെള്ളം കയറിയ പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. നഗരസഭാ ചെയര്‍മാന്‍ എം.പി. സന്തോഷ്കുമാര്‍, കൗണ്‍സിലര്‍ വി.കെ. അനില്‍കുമാര്‍, നാട്ടകം സുരേഷ് തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
 

പുറത്ത് മഴ; അകത്ത് തീ

Posted: 21 Jun 2013 11:19 PM PDT

Subtitle: 
വീഴാറായ കെട്ടിടങ്ങളില്‍ ഭീതിയോടെ ചേരിനിവാസികള്‍
മട്ടാഞ്ചേരി: പൈതൃക നഗരിയിലെ ജീര്‍ണിച്ച കെട്ടിടങ്ങള്‍ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. പഴയ വാണിജ്യ നഗരിയായ മട്ടാഞ്ചേരി ബസാറിന് സമീപത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളാണ് അപകടഭീതി ഉയര്‍ത്തുന്നത്. കാറ്റും മഴയും വരുമ്പോള്‍ താമസക്കാരുടെ നെഞ്ചില്‍ തീയാണ്. അമ്പതോളം കെട്ടിടങ്ങളാണ് മേഖലയില്‍ വീഴാറായി നില്‍ക്കുന്നത്. ഓരോ വര്‍ഷവും കെട്ടിടങ്ങളില്‍ പലതും നിലം പൊത്താറുണ്ട്. മൂന്നു വര്‍ഷം മുമ്പാണ് ബസാറിലെ അസ്റാജ് കെട്ടിടം തകര്‍ന്നത്. ഈ വര്‍ഷം മഴ തുടങ്ങിയപ്പോള്‍തന്നെ മട്ടാഞ്ചേരി, ചക്കരപറമ്പില്‍ റുഖിയയുടെ വീടിന്‍െറ ഒരുഭാഗം തകര്‍ന്നുവീണിരുന്നു. സംഭവത്തില്‍ ഇവരുടെ മരുമകള്‍ ഫാരിഷക്ക് പരിക്കേറ്റിരുന്നു. കുട്ടികള്‍ വിദ്യാലയങ്ങളില്‍ പോയ സമയമായതിനാല്‍ ദുരന്തം ഒഴിവായി.
ഫോര്‍ട്ടുകൊച്ചി രാമേശ്വരം കോളനിയിലെ മൂന്ന് വീടുകളുടെ കോണ്‍ക്രീറ്റ് ഇളകി വീണു. രാമേശ്വരം കോളനിയിലെ വീടുകള്‍ 30 വര്‍ഷം മുമ്പ് സംസ്ഥാന ഹൗസിങ് ബോര്‍ഡ് പണികഴിപ്പിച്ച് നല്‍കിയതാണെങ്കില്‍ മട്ടാഞ്ചേരിയിലെ കെട്ടിടങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. ഇക്കൂട്ടത്തില്‍ ഒന്നാണ് മഹാജനവാടി കെട്ടിടം. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇവര്‍ക്ക് മറ്റ് മാര്‍ഗമൊന്നുമില്ലാത്തതിനാലാണ് ജീവന്‍ പണയംവെച്ച് കെട്ടിടത്തില്‍തന്നെ കഴിയുകയാണ്. അഞ്ചുവര്‍ഷം മുമ്പ് കെട്ടിടത്തിന്‍െറ മുകള്‍നിലയിലെ കുളിമുറിയില്‍ കുളിക്കുകയായിരുന്ന വീട്ടമ്മ മുറിയുടെ ഒരു ഭാഗം ഇടിഞ്ഞ് റോഡിലേക്ക് വീണിരുന്നു. ഭാഗ്യവശാല്‍ കാര്യമായ പരിക്കേറ്റില്ല. ട്രസ്റ്റ് വക കെട്ടിടത്തില്‍ വാടകക്കും പണയത്തിനും പകിടിക്കുമൊക്കെയാണ് കുടുംബങ്ങള്‍ താമസിക്കുന്നത്. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി മേഖലയിലെ ചേരികളില്‍ ഇത്തരത്തില്‍ നിരവധി കെട്ടിടങ്ങളാണ് അപകടഭീഷണി ഉയര്‍ത്തുന്നത്. ചേരിനിര്‍മാര്‍ജനത്തിന് പദ്ധതികള്‍ പലതും പ്രഖ്യാപിക്കുമ്പോഴും യഥാര്‍ഥ ചേരിനിവാസികള്‍ക്ക്  സഹായമെത്തുന്നില്ലെന്നാണ് ആക്ഷേപം.

പുലിമുട്ട് നിര്‍മാണത്തിന് ഭരണാനുമതി

Posted: 21 Jun 2013 11:15 PM PDT

Subtitle: 
മുഖ്യമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ്
ആലപ്പുഴ: പുറക്കാട്, ആയിരംതൈ, ചേന്നവേലി, കാട്ടൂര്‍ എന്നിവിടങ്ങളില്‍ 50.97 കോടി രൂപ ചെലവില്‍ പുലിമുട്ടുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിക്ക്  സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായി കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാല്‍. കലക്ടറേറ്റില്‍ നടന്ന കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. 
അടിയന്തരമായി പുലിമുട്ട് നിര്‍മിക്കണമെന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്രസഹമന്ത്രിയും കലക്ടറും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിരുന്നു. പുലിമുട്ടുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി നബാര്‍ഡിന്‍െറ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. നബാര്‍ഡ് അടുത്തമാസമേ യോഗം ചേരൂവെന്നതിനാല്‍ അംഗീകാരത്തിന് കാത്തിരിക്കാതെ അടിയന്തരസാഹചര്യം പരിഗണിച്ച് പദ്ധതിക്ക് ഭരണാനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും ചീഫ് സെക്രട്ടറിക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. 
ദുരിതാശ്വാസ ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുടുംബങ്ങള്‍ക്ക് 2000 രൂപ ധനസഹായം അനുവദിച്ചു. കെ.എസ്.ഇ.ബിയുടെ ആവശ്യപ്രകാരം മരങ്ങള്‍ മുറിച്ചുമാറ്റി നല്‍കാന്‍ ഫയര്‍ഫോഴ്സിന് പ്രത്യേക നിര്‍ദേശം നല്‍കി. 
ജില്ലാ മെഡിക്കല്‍ ഓഫിസറുടെ (ആരോഗ്യം) നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘം ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ക്യാമ്പുകളിലുള്ളവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തും. മരുന്നും മറ്റും എത്തിക്കാന്‍ ആയുര്‍വേദം, ഹോമിയോ വകുപ്പുകള്‍ക്ക് പ്രത്യേകം തുക അനുവദിക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ താല്‍ക്കാലിക പാചകവാതക കണക്ഷന്‍ അനുവദിക്കും. വൈദ്യുതി തടസ്സമുണ്ടാകുമെങ്കില്‍ ഇക്കാര്യം മാധ്യമങ്ങളിലൂടെ ജനങ്ങളെ മുന്‍കൂട്ടി അറിയിക്കും. പൊട്ടിപ്പൊളിഞ്ഞ പൊതുമരാമത്ത് റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കുമെന്ന് വീഡിയോകോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി അറിയിച്ചു. 
കടലാക്രമണം തടയാന്‍ വലിയ കല്ലുകള്‍ കൂടുതലായി ഇടും -മന്ത്രി പറഞ്ഞു. ലോഡുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കല്ലിടുന്നതിന്‍െറ കണക്കും മറ്റുവിവരങ്ങളുമടങ്ങിയ റിപ്പോര്‍ട്ട് ദിവസവും കലക്ടര്‍ക്ക് നല്‍കാനും നിര്‍ദേശിച്ചു. 
വെള്ളം ഇറങ്ങിയാല്‍ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാന്‍ ഇടയുള്ളതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പിനും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കലക്ടര്‍ക്കും നിര്‍ദേശം നല്‍കി. 
ആര്‍.ഒ.പ്ളാന്‍റുകളിലെയടക്കം കുടിവെള്ള വിതരണത്തിലെ പ്രശ്നങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടറോട് ആവശ്യപ്പെട്ടു. ദേശീയപാത നവീകരണത്തിന് 12 കോടി അനുവദിച്ചിട്ടും സമയത്ത് പ്രവൃത്തിചെയ്യാതെ വന്നതിനാലാണ് റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞതെന്നും വീഴ്ച അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. പുളിങ്കുന്ന്, ചമ്പക്കുളം, എടത്വാ ആശുപത്രികളിലെ ഭക്ഷണവിതരണത്തിലുള്ള പ്രശ്നങ്ങള്‍ ആശുപത്രി മേധാവിയുടെ നേതൃത്വത്തില്‍ ഉടന്‍ പരിഹരിക്കാന്‍ മന്ത്രി ഡി.എം.ഒക്ക് നിര്‍ദേശം നല്‍കി. കലക്ടര്‍ എന്‍. പത്മകുമാര്‍, ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ്, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

റോഡ് ശോച്യാവസ്ഥ; വിമാനത്താവള നിര്‍മാണ വേഗം കുറയും

Posted: 21 Jun 2013 11:11 PM PDT

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശമായ മൂര്‍ഖന്‍പറമ്പിലേക്കുള്ള റോഡിന്‍െറ ശോച്യാവസ്ഥ കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കുറയും. അഞ്ചരക്കണ്ടി -മട്ടന്നൂര്‍ റൂട്ടില്‍ പേരാവൂര്‍, കാര എന്നിവിടങ്ങളിലൂടെയും ചാലോട് -മട്ടന്നൂര്‍ റൂട്ടില്‍ കുമ്മാനം വഴിയുമാണ് മൂര്‍ഖന്‍പറമ്പിലേക്കു പ്രവേശിക്കേണ്ടത്. മൂന്ന് റോഡുകളും തകര്‍ന്ന നിലയിലാണ്. ചെങ്കുത്തായകയറ്റം കയറാന്‍ പലവാഹനങ്ങള്‍ക്കും കഴിയുന്നില്ല. മഴക്കാലം ആരംഭിച്ചതോടെ മണ്ണ് കുത്തിയൊലിച്ച് പലസ്ഥലത്തും വന്‍കുഴികള്‍ രൂപപ്പെട്ടു. 
കശുവണ്ടി സീസണ്‍ സമയം തീപിടിത്തമുണ്ടാകാറുള്ള മൂര്‍ഖന്‍പറമ്പില്‍ യാത്രാതടസ്സം കാരണം പലപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സീസണില്‍ ഏക്കര്‍കണക്കിന് കശുമാവുകളാണ് കത്തിനശിച്ചത്. 
 

ആപ്പിള്‍ ട്രീ ചിറ്റ്സ് പയ്യന്നൂര്‍ ഓഫിസ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു

Posted: 21 Jun 2013 11:06 PM PDT

പയ്യന്നൂര്‍: കോട്ടയം ഡി.സി.സി സെക്രട്ടറി കെ.ജെ. ജയിംസ് ചെയര്‍മാനായ ആപ്പിള്‍ ട്രീ ചിറ്റ്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്‍െറ പയ്യന്നൂര്‍ ഓഫിസ് പ്രകടനമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് പെരുമ്പയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപം എസ്.എന്‍ ഷോപ്പിങ് കോംപ്ളക്സിന്‍െറ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസ് തകര്‍ത്തത്.
നാല്‍പതോളംവരുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് മാനേജര്‍ ടി. ജയരാജ് പറഞ്ഞു. ആദ്യം ആറുപേരാണ് ഓഫിസില്‍ കടന്നത്. ഇവര്‍ക്കു പിന്നാലെയാണ് മറ്റുള്ളവരും എത്തിയത്. രണ്ട് മുറികളിലായി പ്രവര്‍ത്തിക്കുന്ന ഓഫിസ് പൂര്‍ണമായും തകര്‍ത്തു. പുറത്തെ വിലകൂടിയ ഗ്ളാസുകള്‍ അടിച്ചു തകര്‍ത്ത സംഘം ഓഫിസിലെ ഫര്‍ണിച്ചറും രണ്ട് കമ്പ്യൂട്ടറുകളും പൂര്‍ണമായും തകര്‍ത്തു. ഓഫിസിലെ രജിസ്റ്ററുകളും ഫയലുകളും മറ്റ് റെക്കോഡുകളും പുറത്തേക്ക് വലിച്ചെറിഞ്ഞു.
അക്രമം നടക്കുമ്പോള്‍ മാനേജരും മൂന്ന് ജീവനക്കാരും ഒരു ഇടപാടുകാരനും മാത്രമാണ് ഓഫിസിലുണ്ടായിരുന്നത്. ഈ സമയത്ത് ഇവര്‍ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. ലക്ഷങ്ങളുടെ നഷ്ടമുള്ളതായി കണക്കാക്കുന്നു. മാനേജര്‍ ജയരാജന്‍െറ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു.
ആപ്പിള്‍ ട്രീ ചിറ്റ്സിന്‍െറ ഉത്തരമലബാറിലെ ആദ്യ ഓഫിസാണ് പയ്യന്നൂരിലേത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മറ്റ് ബ്രാഞ്ചുകളില്ല. 
അതുകൊണ്ടുതന്നെ നിരവധി നിക്ഷേപകര്‍ ബ്രാഞ്ചിനു കീഴിലുണ്ടെന്നാണ് സൂചന. കഴിഞ്ഞ സെപ്റ്റംബര്‍ 29നാണ് പയ്യന്നൂരിലെ ഓഫിസ് തുറന്നത്. ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലായി 200ഓളം ബ്രാഞ്ചുകള്‍ തുടങ്ങുമെന്നാണ് ഉദ്ഘാടനസമയത്ത് ബന്ധപ്പെട്ടവര്‍ പറഞ്ഞത്. 2012 സെപ്റ്റംബര്‍ 19ന് തിരുവനന്തപുരം ഡിവിഷനല്‍ ഓഫിസ് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എയാണ് ഉദ്ഘാടനം ചെയ്തത്.
ആപ്പിള്‍ ട്രീ ചിറ്റ്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് ചങ്ങനാശ്ശേരി, കോട്ടയം, കൊച്ചി എന്നിവിടങ്ങളിലെ ഓഫിസുകള്‍ക്കുനേരെ വ്യാഴാഴ്ച അതിക്രമം നടന്നിരുന്നു. ഇതേതുടര്‍ന്ന് സംരക്ഷണം ആവശ്യപ്പെട്ട് പയ്യന്നൂര്‍ ബ്രാഞ്ച് മാനേജര്‍ വെള്ളിയാഴ്ച രാവിലെ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അക്രമത്തിനുശേഷമാണ് പൊലീസ് എത്തിയതെന്ന് മാനേജര്‍ പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP