സ്വാഗതം
WELCOME

News Update..

Tuesday, June 18, 2013

എന്തിനു രാജിവെക്കണമെന്ന് മുഖ്യമന്ത്രി Madhyamam News Feeds

എന്തിനു രാജിവെക്കണമെന്ന് മുഖ്യമന്ത്രി Madhyamam News Feeds

Link to

എന്തിനു രാജിവെക്കണമെന്ന് മുഖ്യമന്ത്രി

Posted: 18 Jun 2013 12:32 AM PDT

Image: 

തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ സരിതാ എസ്. നായരെ ഫോണ്‍ വിളിച്ചതിന്റെപേരില്‍ താന്‍ എന്തിനു രാജിവെക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.  ഇല്ലാത്ത ആരോപണങ്ങളുടെ പേരിലാണ് പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നത്. താന്‍ നല്‍കിയെന്ന് പറയപ്പെടുന്ന ശിപാര്‍ശക്കത്ത് വ്യാജമാണ്. ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍വച്ച് സരിതയെ കണ്ടെന്നു പറയുന്നതും തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ സംസ്ഥാന താത്പര്യം പരിഗണിക്കാതെ സോളാര്‍ കമ്പനിക്ക് വേണ്ടി ഒരു സഹായവും ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ എന്തെങ്കിലും വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കാം.
തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാം.  തട്ടിപ്പ് ആരംഭിച്ചത് എല്‍.ഡി.എഫിന്റെകാലത്താണ്. കഴിഞ്ഞ അഞ്ചം വര്‍ഷം ഇടതുപക്ഷം ഭരിച്ചപ്പോള്‍ സോളാര്‍തട്ടിപ്പിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.

ബിജു രാധാകൃഷ്ണനെ കൊച്ചിയിലെ ഗസ്റ്റ് ഹൗസില്‍വച്ചു കണ്ടത് സത്യമാണ്. ഒരു കമ്പനി എക്സിക്യൂട്ടിവിന് താനുമായി സംസാരിക്കണമെന്നു മുതിര്‍ന്ന നേതാവ് എം.ഐ.ഷാനവാസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് കണ്ടത്. അന്നാണ് ആദ്യമായി ബിജു രാധാകൃഷ്ണനെ കാണുന്നത്.   ഒരു പത്ര ജീവനക്കാരനും അയാള്‍ക്കൊപ്പം ഉണ്ടായിരുന്നു. അത് ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയായിരുന്നില്ല. അന്നു സംസാരിച്ചത് ബിസിനസ് കാര്യങ്ങളല്ല. കുടംബ കാര്യങ്ങളായിരുന്നു. ബിജു സംസാരിച്ചത് കെ.ബി ഗണേഷ് കുമാറിന്റെ കുടുംബ കാര്യങ്ങളായിരുന്നില്ലേയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനു അതിന്റെ വിശദാംശങ്ങള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വീഴ്ച സംഭവിച്ചിട്ടുണ്ട്. ബിജു കുറ്ററവാളിയാണെന്ന് അറിയാതെ അയാളെ കണ്ടത് വീഴ്ചയാണ്. തന്നെ കാണാന്‍ വരുന്നവരോട് സ്വഭാവ സര്‍ട്ടിഫിക്കറ്റുമായി വരണമെന്ന് പറയാന്‍ കഴിയില്ല. സന്ദര്‍ശകരെ നിയന്ത്രിക്കണമെന്ന കാര്യത്തില്‍ മാനസികമായി യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ളിഫ് ഹൗസില്‍ സോളാര്‍ പാനല്‍ വച്ചത് അനര്‍ട്ടാണ്. എമേര്‍ജിങ് കേരളയില്‍ ടീം സോളാറിനെ ഉള്‍പ്പെടുത്താന്‍ കത്ത് നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

റിപ്പര്‍ ജയാനന്ദനൊപ്പം ജയില്‍ ചാടിയ ഊപ്പന്‍ പ്രകാശ് പിടിയില്‍

Posted: 18 Jun 2013 12:02 AM PDT

Image: 

കായംകുളം: റിപ്പര്‍ ജയാനന്ദനൊപ്പം ജയില്‍ ചാടിയ 'ഊപ്പന്‍' പ്രകാശ് പിടിയില്‍. കായംകുളത്തുനിന്ന് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നാണ് റിപ്പര്‍ ജയാനന്ദനും ഊപ്പന്‍ പ്രകാശും രക്ഷപ്പെട്ടത്. ജയാനന്ദന് വേണ്ടിയുള്ള പൊലീസിന്റെ തിരച്ചില്‍ തുടരുകയാണ്.
 

പ്രവാസി പുനരധിവാസത്തിന് സഹകരണ സംഘങ്ങള്‍: നോര്‍ക്ക മുന്‍കൈയെടുക്കും

Posted: 17 Jun 2013 11:29 PM PDT

Image: 

ദുബൈ: ഗള്‍ഫ് നാടുകളില്‍ നിന്ന് തിരികെയെത്തുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികളുടെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും നോര്‍ക്കയുടെ രക്ഷാകര്‍തൃത്വത്തില്‍ സഹകരണ സംഘങ്ങള്‍ തുടങ്ങുന്നത് സജീവ പരിഗണനയിലാണെന്ന് നോര്‍ക്ക് റൂട്സ് ഡയറക്ടര്‍ ഡോ. ആസാദ് മൂപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷം തന്നെ പരീക്ഷണാര്‍ഥം ഏതാനും പഞ്ചായത്തുകളില്‍ ഇത് നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. മടങ്ങിയെത്തുന്ന പ്രവാസികളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നോര്‍ക്ക സഹായിക്കും. മാലിന്യ സംസ്കരണ കേന്ദ്രങ്ങള്‍, ക്ഷീര വികസനം തുടങ്ങിയ മൈക്രോ പദ്ധതികളാണ് പരിഗണനയില്‍. ലാഭത്തിന്‍െറ ഒരു വിഹിതം  പ്രവാസി ക്ഷേമ നിധിയിലേക്കും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നോര്‍ക്ക യോഗത്തില്‍ ഡോ. ആസാദ് മൂപ്പനാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. നാട്ടിലെത്തിയ ശേഷം പല പ്രവാസികളുടെയും ആരോഗ്യനില മോശമാകുന്നത് കണക്കിലെടുത്ത് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കണമെന്ന നിര്‍ദേശവും അദ്ദേഹം സമര്‍പ്പിച്ചിട്ടുണ്ട്. വിദേശത്ത് കഴിയുന്ന കാലത്ത് തങ്ങളുടെ വിഹിതം പ്രവാസികളും നിശ്ചിത തുക സര്‍ക്കാരും അടക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇരു പദ്ധതികളുടെയും സാധ്യതാ പഠന റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡംഗം എം.ജി.പുഷ്പാകരന്‍ എന്നിവരും സന്നിഹിതരായിരുന്നു. പ്രവാസി പുനരധിവാസം സംബന്ധിച്ച് 16 സ്ഥാപനങ്ങള്‍ പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഈമാസം 24ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇവ ചര്‍ച്ച ചെയ്യുമെന്നും അവര്‍ പറഞ്ഞു.
തിരിച്ചെത്തുന്ന പ്രവാസികളുടെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 20 ലക്ഷം രൂപ വരെ മൂലധന സമാഹരണത്തിനുള്ള സഹായവും രണ്ട് ലക്ഷം രൂപ സബ്സിഡിയും സര്‍ക്കാര്‍ നല്‍കുന്ന പദ്ധതി ഈ മാസം 30നകം നടപ്പാക്കും. ഈയാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. വിപുലമായ പ്രവാസി പുനരധിവാസ പാക്കേജും അന്ന് പ്രഖ്യാപിക്കും.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഒരു കോടി രൂപയിലധികം വിവിധ ആവശ്യങ്ങള്‍ക്കായി സഹായധനം നല്‍കി. നോര്‍ക്കയുടെ ദുരിതാശ്വാസ നിധിയായ സാന്ത്വനം പദ്ധതിയിലെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു. അപേക്ഷിക്കാനുളള വരുമാന പരിധി ഒരു ലക്ഷം രൂപയാക്കി. ഒരു ലക്ഷം രൂപവരെ മരണാനന്തര സഹായമായി നല്‍കും. ഗുരുതര രോഗങ്ങള്‍ക്കും സ്ഥിര അംഗ വൈകല്യത്തിനും 20,000 രൂപ ആയിരുന്നത് 50,000 രൂപ വരെ ആക്കി. മറ്റു രോഗങ്ങള്‍ക്ക് 20,000 രൂപ വരെയും വിവാഹത്തിന് 15,000 രൂപയും വീല്‍ചെയര്‍, ക്രച്ചസ് എന്നിവക്ക് 10,000 രൂപയും സഹായം നല്‍കും. നോര്‍ക്കയുടെ ഇത്തരം സഹായ പദ്ധതികള്‍ സംബന്ധിച്ച് വിദേശ മലയാളികള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരണം നടത്തും. ഇത്തരം ബോധവത്കരണത്തിനായി എല്ലാ സംഘടനകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നത് പരിഗണനയിലുണ്ട്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നോര്‍ക്ക റൂട്സ് ഹെല്‍പ് ഡെസ്ക് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
 

ബിഹാര്‍ ബന്ദ്; ബി.ജെ.പി-ജെ.ഡി.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

Posted: 17 Jun 2013 11:15 PM PDT

Image: 

പട്ന: എന്‍.ഡി.എയില്‍ നിന്ന് പിരിഞ്ഞ ജനതദള്‍ യുവിന്റെനിലപാടില്‍ പ്രതിഷേധിച്ച് ബിഹാറില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ബന്ദില്‍ വ്യാപക സംഘര്‍ഷം. തലസ്ഥാനമായ പട്നയിലുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ബി.ജെ.പി-ജെ.ഡി.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. അക്രമ സംഭവങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബന്ദ് സംസ്ഥാനത്തെ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞു കിടക്കുകയാണ്. ബന്ദിന്റെ ഭാഗമായി ബി.ജെ.പി മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ പങ്കെടുത്ത ബി.ജെ.പി ദേശീയ നേതാക്കളായ രവിശങ്കര്‍ പ്രസാദ്, ഷാനവാസ് ഹുസൈന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

17 വര്‍ഷത്തെ ബന്ധത്തിനു ശേഷമാണ് ജെ.ഡി.യു ഞായറാഴ്ച എന്‍.ഡി.എയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞത്. ഇതില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം വിശ്വാസ്ഘട്ട് ദിവസ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി 24 മണിക്കൂര്‍ ബന്ദ് ആചരിക്കുന്നത്. ജെ.ഡി.യുവിന്റെ വഞ്ചനയില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നതെന്ന് ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുഷീല്‍ കുമാര്‍ മോഡി പറഞ്ഞു.

 

ശൂന്യവേള റദ്ദാക്കിയതിനെതിരെ പ്രതിപക്ഷം; അസ്വാഭാവികമായി ഒന്നുമില്ലെന്ന് സ്പീക്കര്‍

Posted: 17 Jun 2013 11:11 PM PDT

Image: 

തിരുവനന്തപുരം: ശൂന്യവേള റദ്ദാക്കി നിയമസഭ പെട്ടെന്ന് പിരിഞ്ഞതിനെതിരെ പ്രതിപക്ഷം സ്പീക്കര്‍ക്കു പരാതി നല്‍കി. ശൂന്യവേള റദ്ദാക്കിയതു ചട്ടവിരുദ്ധമെന്നു പരാതിയില്‍ ആരോപിക്കുന്നു. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെന്നു സി.പി.ഐ നേതാവ് സി.ദിവാകരന്‍ പറഞ്ഞു.

അതേസമയം, ഇതിനു മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് ഇതില്‍ അസാധാരണമായി ഒന്നുമില്ലെന്നും സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ മറുപടി നല്‍കി.

സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നാണ് ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കി നിയമസഭ ഇന്നത്തേക്കു പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചത്.
 

ഭരണഘടനയുടെ അന്തസത്ത ഉയര്‍ത്തിപ്പിടിച്ച ചരിത്രവിധി - കുവൈത്ത് അമീര്‍

Posted: 17 Jun 2013 10:57 PM PDT

Image: 

കുവൈത്ത് സിറ്റി: ഭരണഘടനയുടെ അന്തസത്ത ഉയര്‍ത്തിപ്പിടിച്ച ചരിത്രപ്രധാനമായ വിധിയാണ് പാര്‍ലമെന്‍റ് പിരിച്ചുവിട്ട സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍േറതെന്ന് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹ് പറഞ്ഞു. ഭരണഘടനാ ബെഞ്ചിന്‍െറ വിധിക്ക് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമീര്‍.
ഓരോ സ്വദേശിയുടെയും സംശയങ്ങള്‍ ദുരീകരിക്കുന്ന വിധിയാണിതെന്നും മാസങ്ങള്‍ നീണ്ടുനിന്ന അവ്യക്തത ഇതിലൂടെ മാറിയിരിക്കുകയാണെന്നും അമീര്‍ പറഞ്ഞു. കോടതി വിധി എല്ലാവരും അംഗീകരിക്കണം. രാജ്യത്ത് സമാധാനം നിലനിര്‍ത്തല്‍ എല്ലാവരുടെയും ബാധ്യതയാണ്. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ സ്വതന്ത്രമായിട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനുള്ള തെളിവാണ് കോടതി വിധി. കോടതിയെയോ മറ്റ് സ്ഥാപനങ്ങളെയോ ഭരണകൂടം സ്വാധീനിക്കുന്നില്ല എന്നത് ചരിത്രപരമായ കോടതി വിധിയിലൂടെ വ്യക്തമായിരിക്കുകയാണ് -അമീര്‍ അഭിപ്രായപ്പെട്ടു.
നാം സ്വയം തെരഞ്ഞെടുത്തതും തൃപ്തിപ്പെട്ടതുമാണ് ജനാധിപത്യമെന്നും അതാണ് നമ്മുടെ പൂര്‍വികര്‍ കാലങ്ങളായി കാത്തുസൂക്ഷിച്ചതെന്നും അമീര്‍ പറഞ്ഞു. ലോകത്ത് പല പ്രതിസന്ധികളുണ്ടായിട്ടും നമ്മുടെ രാജ്യത്ത് സമാധാനവും പുരോഗതിയും നിലനിര്‍ത്താന്‍ നമുക്ക് സാധിച്ചത് ഐക്യത്തോടെയുള്ള പ്രവര്‍ത്തനവും രാജ്യ സ്നേഹവും മൂലമാണ്. വ്യക്തി താല്‍പര്യത്തെക്കാളും രാജ്യതാല്‍പര്യത്തിന് നാം പരിഗണന നല്‍കണം. രാജ്യത്തിന്‍െറ മുമ്പില്‍ നിരവധി വെല്ലുവിളികളും പ്രതീക്ഷകളുമുണ്ട്. വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്തും നമുക്കുണ്ട് -അമീര്‍ പറഞ്ഞു. രാജ്യം പുരോഗതിയുടെ പാതയിലാണെന്നും ചെറിയ പ്രശ്നങ്ങളുടെ പേരില്‍ നമ്മുടെ രാജ്യത്തിന്‍െറ പരോഗതിക്ക് ആരും തടസ്സം നില്‍ക്കാന്‍ പാടില്ലെന്നും അമീര്‍ പറഞ്ഞു.
താന്‍ പിതാവിന്‍െറ സ്ഥാനത്താണെന്നും പിതാവിന് മക്കളോട് സ്നേഹമല്ലാതെ ആരോടും വിദ്വേഷമോ വെറുപ്പോ ഉണ്ടാകില്ലെന്നും അമീര്‍ പറഞ്ഞു. ഭരണഘടന കൊണ്ട് നാം അഭിമാനിക്കുന്നുണ്ടെങ്കില്‍ ആ ഭരണഘടനയെ സംരക്ഷിക്കലും അതനുസരിച്ചുള്ള വിധികളെ മാനിക്കലും നമ്മുടെ ബാധ്യതയാണ്. രാജ്യത്തെ സംഘട്ടനങ്ങളുടെയും സംഘര്‍ഷങ്ങളുടെയും താവളമാക്കാന്‍ അനുവദിക്കില്ലെന്നും അമീര്‍ മുന്നറിയിപ്പ് നല്‍കി.
 

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

Posted: 17 Jun 2013 10:55 PM PDT

Image: 

കൊച്ചി: വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ചൊവ്വാഴ്ച രാവിലെ രൂപയുടെ മൂല്യത്തില്‍ 56 പൈസയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ രൂപയുടെ മൂല്യം 58.46 ആയി. തിങ്കളാഴ്ച 36 പൈസയുടെ നഷ്ടവുമായി 57.87 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ കറന്‍സി ക്ലോസ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച വ്യാപാരത്തിനിടെ ഒരവസരത്തില്‍ 58.98 എന്ന നിലവാരത്തിലേക്ക് രൂപ കൂപ്പുകുത്തിയിരുന്നു. ഇന്ത്യന്‍ കറന്‍സിയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായിരുന്നു ഇത്. റിസര്‍വ് ബാങ്കിന്റെ ഇടപെടലിനെ തുടര്‍ന്ന് പിന്നീടുള്ള ദിവസങ്ങളില്‍ വില നേരിയ തോതില്‍ തിരിച്ചുകയറിയെങ്കിലും ഇപ്പോള്‍ വീണ്ടും ഇടിഞ്ഞിരിക്കുകയാണ്.
 

ഇളവുകാലം നീട്ടാന്‍ ശക്തമായ ആവശ്യം

Posted: 17 Jun 2013 10:46 PM PDT

Image: 

റിയാദ്: ഇളവ് കാലം മൂന്ന്മാസം കൂടി നീട്ടി നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. ലക്ഷക്കണക്കിനാളുകള്‍ക്ക് അവരുടെ താമസ, തൊഴില്‍ പദവി നിയമാനുസൃതമാക്കുന്ന നടപടി പൂര്‍ത്തീകരിക്കാന്‍് ഇനിയും കഴിഞ്ഞിട്ടില്ലെന്നിരിക്കെ, ശേഷിക്കുന്ന രണ്ടാഴ്ചക്കുള്ളില്‍ അവ പൂര്‍ത്തീകരിക്കുക അസാധ്യമാണെന്ന് വിവിധ മേഖലകളിലുള്ള തൊഴിലുടമകള്‍ അഭിപ്രായപ്പെട്ടു. അതിനാല്‍ ഇളവു കാലാവധി മൂന്നു മാസം കൂടി നീട്ടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കരാര്‍മേഖലയില്‍ അഞ്ച് ലക്ഷം തൊഴിലാളികളുടെ രേഖകള്‍ നിയമവിധേയമാക്കേണ്ടതുണ്ട്.
ഇളവ് കാലയളവില്‍ കേവലം 10 ശതമാനത്തിന് മാത്രമേ ഇത് പൂര്‍ത്തീകരിക്കാനായിട്ടുള്ളൂ എന്ന് ജിദ്ദ ചേംബറിലെ കരാറുടമകളുടെ സമിതി അധ്യക്ഷന്‍ റാഇദ് അല്‍ ഉഖൈലി പറഞ്ഞു. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ബൃഹത്തായ നിര്‍മാണപദ്ധതികളില്‍ പലതും പ്രതിസന്ധിയിലായിരിക്കുകയാണെന്ന് കരാര്‍മേഖലയിലെ നിക്ഷേപകര്‍ പരാതിപ്പെടുന്നു. നിലവിലുള്ള തൊഴിലാളികളില്‍ പലരും രേഖകള്‍ ശരിയാക്കുന്ന തിരക്കിലാണ്. അപേക്ഷകരുടെ എണ്ണമനുസരിച്ച് നടപടികള്‍ പൂര്‍ത്തീകരിച്ചുകൊടുക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കാകുന്നില്ലെന്നു എല്ലാവരും സമ്മതിക്കുന്നു. നടപടികള്‍ പൂര്‍ത്തീകരിച്ച് കിട്ടുന്നതിന് വലിയ കാലതാമസം നേരിടുന്നുണ്ട്. ലേബര്‍ ഓഫിസ്, ജവാസാത്ത്, ആഭ്യന്തര- വിദേശ മന്ത്രാലയം, എംബസികള്‍, ആരോഗ്യസ്ഥാപനങ്ങള്‍, ചേംബര്‍ തുടങ്ങി തിരുത്തല്‍ നടപടികള്‍ പുരോഗമിക്കുന്ന സ്ഥാപനങ്ങളില്‍ ജീവനക്കാരുടെയും സൗകര്യങ്ങളുടെയും ദൗര്‍ലഭ്യം നടപടികള്‍ വൈകാന്‍ കാരണമാകുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു ദിവസം 40,000 തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ശേഷിക്കുന്ന ഇളവ്കാല അവധിക്കുള്ളില്‍ കരാര്‍ മേഖലയിലെ തൊഴിലാളികളുടെ രേഖകള്‍ നിയമവിധേയമാക്കാന്‍ കഴിയൂ. ഇതിന് ഒരുദിവസം 80,000 റിയാല്‍ ഫീസിനത്തില്‍ സ്വീകരിക്കേണ്ടിവരും. എന്നാല്‍ ലേബര്‍ ഓഫിസിലും പാസ്പോര്‍ട്ട് ഓഫിസിലും 20,000 റിയാലിന്മേല്‍ തുക ഫീസിനത്തില്‍ സ്വീകരിക്കുകയില്ല. എന്നിരിക്കെ കുറഞ്ഞ ദിവസങ്ങള്‍ക്കകം മുഴുവന്‍ അപേക്ഷകരുടെയും കാര്യത്തില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാവുകയില്ലെന്നത് വളരെ വ്യക്തമാണ്. കരാര്‍മേഖലയില്‍ വെറും 10 ശതമാനം തൊഴിലാളികളുടെ രേഖകള്‍ മാത്രമാണ് നിയമവിധേയമാക്കിയിട്ടുള്ളതെന്ന് അവശേഷിക്കുന്ന 90 ശതമാനം പേരുടെയും രേഖകള്‍ ശരിയാക്കുന്നതിന് ഇനിയും കൂടുതല്‍ സമയം ആവശ്യമാണെന്ന് റാഇദ് അല്‍ഉഖൈലി ആവശ്യപ്പെട്ടു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ വിവിധ തൊഴില്‍ മേഖലകളിലായി എത്തിപ്പെട്ട 30 ലക്ഷം തൊഴിലാളികളുടെ തൊഴില്‍- താമസ രേഖകള്‍ നിയമവിധേയമാക്കുന്ന നടപടികള്‍ കേവലം മൂന്ന് മാസം കൊണ്ട് പൂര്‍ത്തീകരിക്കുകയെന്നത് അപ്രായോഗികമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 

മാര്‍ക്കറ്റുകളില്‍ റമദാന്‍ ഒരുക്കം തുടങ്ങി

Posted: 17 Jun 2013 10:15 PM PDT

Image: 

മനാമ: മാര്‍ക്കറ്റുകളില്‍ റമദാനോടനുബന്ധിച്ചുളള ഭക്ഷ്യസാധനങ്ങള്‍ സ്റ്റോക്ക് ചെയ്ത് മിതമായ വിലയില്‍ ലഭ്യമാക്കിത്തുടങ്ങിയതായി വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു. വിലവര്‍ധനയില്ലാതെ ആവശ്യമായ സാധനങ്ങള്‍ എല്ലാ സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്.
റെഡ്മീറ്റ്, വൈറ്റ് മീറ്റ്, എണ്ണ, പഞ്ചസാര, മാവുകള്‍, അരി, മത്സ്യം, മുട്ട, പഴം പച്ചക്കറികള്‍ എന്നിവയും ആവശ്യത്തിന് ലഭ്യമാണ്. ഇപ്രാവശ്യം ഭക്ഷ്യസാധനങ്ങളുടെ വിഷയത്തില്‍ കുറവുണ്ടാവുകയില്ലെന്നാണ് പ്രതീക്ഷയെന്നും മന്ത്രാലയം അറിയിച്ചു. 10,000 ടണ്‍ പഴം, പച്ചക്കറികളായിരിക്കും റമദാനിലെ ഉപയോഗം. ഇതനുസരിച്ചുള്ള ചരക്കുകള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ജോര്‍ദാന്‍, ലബനാന്‍, സൗദി എന്നിവിടങ്ങളില്‍ നിന്നാണ് മുഖ്യമായും ഇവ ഇറക്കുമതി ചെയ്യുക. എന്നാല്‍, ചൂട് കാലമായതിനാല്‍ ചിലയിനങ്ങള്‍ സൗദിയില്‍ ലഭ്യമാകുന്നതിന് തടസ്സമുണ്ട്. ഇവ മറ്റ് അയല്‍രാജ്യങ്ങളില്‍ നിന്ന് ലഭ്യമാക്കാന്‍ ശ്രമിക്കും. ദിനേന 4,000 ത്തോളം ആടുകളാണ് രാജ്യത്ത് ആവശ്യമായി വരിക. ചില സന്ദര്‍ഭങ്ങളില്‍ ഇത് 5,000 വരെയായി ഉയരാറുണ്ട്. റമദാന് മുന്നോടിയായി 40,000 ആടുകളെ സോമാലിയയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ഭാര്യാഘാതകനെ മുഖ്യമന്ത്രി തോളിലേറ്റുന്നു -വി.എസ്

Posted: 17 Jun 2013 10:04 PM PDT

Image: 

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ട് നിയമസഭക്കു മുന്നില്‍ പ്രതിപക്ഷം കുത്തിയിരിപ്പ് ധര്‍ണ നടത്തി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞതിനു പിന്നാലെയായിരുന്നു പ്രതിപക്ഷത്തിന്റെ ധര്‍ണ. മുദ്രവാക്യം വിളിയും ബാനറുകളുമായി പ്രതിപക്ഷം നിയമസഭാ കവാടത്തിനു മുന്നിലെത്തി പ്രതിഷേധ ധര്‍ണ നടത്തുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുള്‍പ്പടെ എല്‍.ഡി.എഫ് എം.എല്‍.എമാര്‍ ധര്‍ണയില്‍ പങ്കെടുത്തു.

സോളാറില്‍ നടന്നത് കോടികളുടെ കുംഭകോണമാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് വിഎസ് പറഞ്ഞു. സര്‍ക്കാരിന്റെ ഖജനാവ് കാലിയാക്കുന്ന അഴിമതിയാണു ഉണ്ടായത്. ഭാര്യാഘാതകനെ തോളിലേറ്റിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടക്കുന്നത്. ആദ്യഭാര്യയെ വിഷം കൊടുത്തു കൊന്ന ബിജു രാധാകൃഷ്ണനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ഇതിനു ഭരണകക്ഷി പൂര്‍ണ പിന്തുണയും നല്‍കുകയാണ്. ഉമ്മന്‍ചാണ്ടിക്കു കുടപിടിക്കുന്ന നിലപാടാണു സ്പീക്കര്‍ സ്വീകരിക്കുന്നത്. ഭരണകക്ഷിയുടെ കൊള്ളരുതായ്മ ചോദ്യം ചെയ്യാന്‍ സമ്മതിക്കില്ലെന്ന നിലപാടാണ് സ്പീക്കര്‍ എടുത്തത്.

ജനങ്ങളുടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്തയാളുമായി മുഖ്യമന്ത്രിക്ക് എന്താണ് ബന്ധം. അത് വ്യക്തമാക്കാന്‍ ഇതുവരെ അദ്ദേഹം തയ്യാറായിട്ടില്ല. 100 കോടി രൂപ പിടുങ്ങിയ ആളാണു ബിജു രാധാകൃഷ്ണന്‍. 10,000 കോടിയെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് പറയുന്നു. വസ്തുതകള്‍ അറിയാതെ ജോര്‍ജ് അങ്ങനെ പറയില്ല. തിരുത്തുന്നെങ്കില്‍ തിരുത്തട്ടെയെന്നും കേസെടുക്കുന്നെങ്കില്‍ എടുക്കട്ടെ എന്നും കരുതിയാണ് ജോര്‍ജ് കാര്യങ്ങള്‍ പറയുന്നതെന്നു തോന്നുന്നു.

പ്രശ്‌നത്തിനു പരിഹാരം കാണാതെ ജനങ്ങള്‍ക്കു മുന്നോട്ടു പോകാന്‍ കഴിയില്ല. കേന്ദ്രത്തില്‍ കേരളത്തില്‍ നിന്ന് എട്ടു മന്ത്രിമാരുണ്ട്. അവര്‍ ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരെ കണ്ണടക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് സംസ്ഥാനം ഭരിക്കുന്നത്. മന്‍മോഹന്‍ സിങ്ങും ഉമ്മന്‍ ചാണ്ടിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായി ജനങ്ങളെ കൊള്ളയടിക്കുകയാണ്. എല്ലാത്തിനും എതിരെ പ്രതികരിക്കുന്ന ആളായിട്ടാണ് എ.കെ ആന്റണിയെ ജനങ്ങള്‍ കണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ആന്റണി ഒന്നും ശബ്ദിച്ചില്ല. അദ്ദേഹം പ്രതികരിക്കണം. മിണ്ടാതിരിക്കുന്നത് ശരിയല്ല.

മുഖ്യമന്ത്രിയുടെ രാജിയല്ലാതെ മറ്റു പോംവഴില്ല. അതിനായി ഏതറ്റം വരേയും പോകും. ജനങ്ങളെ അണിനിരത്തികൊണ്ട് കൂടുതല്‍ ജനകീയ സമരത്തിലേക്ക് പ്രതിപക്ഷം ഇറങ്ങുകയാണ്. സഭക്കകത്തും പുറത്തും നാളെയും പ്രക്ഷോഭം തുടരുമെന്നും വി.എസ് വ്യക്തമാക്കി.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP