സ്വാഗതം
WELCOME

News Update..

Thursday, June 6, 2013

പനിച്ചൂട് കുറയുന്നില്ല; ആശുപത്രികള്‍ ‘ഹൗസ് ഫുള്‍’ Madhyamam News Feeds

പനിച്ചൂട് കുറയുന്നില്ല; ആശുപത്രികള്‍ ‘ഹൗസ് ഫുള്‍’ Madhyamam News Feeds

Link to

പനിച്ചൂട് കുറയുന്നില്ല; ആശുപത്രികള്‍ ‘ഹൗസ് ഫുള്‍’

Posted: 05 Jun 2013 11:51 PM PDT

പത്തനംതിട്ട: ജില്ലയിലെ ആശുപത്രികളില്‍ പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം പെരുകുന്നു.
കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി,  ജില്ലയിലെ താലൂക്കാശുപത്രികള്‍ സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച പനിബാധിതരുടെ തിരക്കായിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രാവിലെയും ഉച്ചകഴിഞ്ഞും ഒ.പിയില്‍ തിരക്കായിരുന്നു. വാര്‍ഡുകളില്‍ കിടക്ക സൗകര്യം കുറവായത് കാരണം   രണ്ട് രോഗികളെ വീതം കിടത്തേണ്ടിയും വന്നിട്ടുണ്ട്.
വരും ദിവസങ്ങളില്‍  കൂടുതല്‍ രോഗികളെ കിടത്തിച്ചികിത്സിക്കേണ്ടി വന്നാല്‍ സ്ഥിതി വഷളാകാനാണ് സാധ്യത. കാലാവസ്ഥ മാറ്റം കാരണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് പനി വ്യാപിക്കുകയാണ്. ചികിത്സതേടി എത്തുന്നതില്‍ നല്ലൊരു ശതമാനവും കുട്ടികളാണ്. പനി രൂക്ഷമായിട്ടും പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ആരോഗ്യമന്ത്രിയുടെ അദാലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചെങ്കിലും ഇതുവരെയും കാര്യമായ ഒരു നീക്കവും ഒരിടത്തും നടന്നിട്ടില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതിന്‍െറ പേരില്‍ ആരോഗ്യമന്ത്രിയും ആരോഗ്യ വകുപ്പ് ഡയറക്ടറും ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ചിരുന്നു.
ഇതിനിടെ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കുന്ന ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഡി.എം.ഒ) ഡോ. ഗ്രേസി ഇത്താക്കിനും പനി ബാധിച്ചു. കഴിഞ്ഞദിവസം മന്ത്രി പങ്കെടുത്ത ആരോഗ്യ അദാലത്തില്‍ സജീവമായിരുന്ന ഡി.എം.ഒക്ക് വൈകുന്നേരത്തോടെയാണ് പനി ലക്ഷണങ്ങള്‍ കണ്ടത്. പൂര്‍ണ വിശ്രമമാണ് ആഗ്രഹിക്കുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതിന് മനസ്സ് അനുവദിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. ബുധനാഴ്ചയും സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി ഉച്ചയോടെ വീട്ടിലേക്ക് മടങ്ങി. വ്യാഴാഴ്ച പൂര്‍ണ വിശ്രമം എടുക്കുമെന്ന് ഡി.എം.ഒ പറഞ്ഞു.
ബുധനാഴ്ച ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി ഒ.പിയില്‍ 1290 പേര്‍ പനി ചികിത്സ തേടി എത്തിയതായാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചത്. ഇതില്‍ 33 പേരെ ഐ.പിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. വടശേരിക്കര, കടമ്പനാട്, മല്ലപ്പുഴശേരി സ്ഥലങ്ങളിലാണിത്. 11 പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
 കടമ്പനാട്, വടശേരിക്കര, മലയാലപ്പുഴ, കോയിപ്രം, നാറാണംമൂഴി, ഏഴംകുളം, ഓതറ തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്കാണ് ഡെങ്കിപ്പനി സംശയിക്കുന്നത്. കോയിപ്രത്ത് ഒരു മഞ്ഞപ്പിത്തവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനറല്‍ ആശുപത്രി ഒ.പിയില്‍  42 പേര്‍ പനിചികിത്സ തേടി എത്തിയതായി അധികൃതര്‍ അറിയിച്ചു. ഐ.പിയില്‍ 19 പേര്‍ ചികിത്സയിലുണ്ട്.
 

നഗരത്തിലെ നാല് പ്രധാന റോഡുകളുടെ നവീകരണം ത്രിശങ്കുവില്‍

Posted: 05 Jun 2013 11:35 PM PDT

കോഴിക്കോട്: ഒരു റോഡിന്‍െറ ഭൂമി ഏറ്റെടുക്കല്‍ വൈകുന്നതുമൂലം നഗരത്തിലെ മറ്റ് നാലു സുപ്രധാന റോഡുകളുടെ നവീകരണം അനന്തമായി നീളുന്നു. സിറ്റി റോഡ് ഇംപ്രൂവ്മെന്‍റ് പദ്ധതിയില്‍ പെടുത്തിയ കാരപ്പറമ്പ്-കല്ലൂത്താന്‍കടവ്, കോവൂര്‍-വെള്ളിമാടുകുന്ന്, ഗാന്ധിറോഡ്-എരഞ്ഞിപ്പാലം മിനി ബൈപാസ്, പുതിയറ-സ്റ്റേഡിയം  റോഡുകള്‍ക്കാണ് ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയായിട്ടും ശാപമോക്ഷം ലഭിക്കാത്തത്. സിറ്റി റോഡ് ഇംപ്രൂവ്മെന്‍റ് പദ്ധതിയില്‍ അവശേഷിക്കുന്ന പനാത്ത്താഴം -സി.ഡബ്ള്യു.ആര്‍.ഇ.ഡി.എം റോഡിന്‍െറ ഭൂമി ഏറ്റെടുപ്പ് പൂര്‍ത്തിയാകാത്തതാണ് പ്രശ്നം. അഞ്ച് റോഡുകളും ഒരേ പാക്കേജില്‍പെടുത്തിയതിനാല്‍ അഞ്ചിന്‍െറയും ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായശേഷമേ ടെന്‍ഡര്‍ വിളിക്കാനാകൂ.
മുന്‍ ജില്ലാ കലക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് കാരപ്പറമ്പ്-കല്ലുത്താന്‍കടവ് റോഡിന്‍െറ നവീകരണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുത്തിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. കാരപ്പറമ്പ് ജങ്ഷന്‍ മുതല്‍ എരഞ്ഞിപ്പാലം വരെ നാലുവരിപ്പാത നിര്‍മിക്കാന്‍ പാകത്തില്‍ റോഡരികിലെ കെട്ടിടങ്ങളടക്കം പൊളിച്ചുമാറ്റിയിട്ടുണ്ട്. എന്നാല്‍, നിര്‍മാണം തുടങ്ങാത്തതിനാല്‍ ജനങ്ങള്‍ക്ക് പദ്ധതി കൊണ്ട് ഗുണം ലഭിക്കുന്നില്ല. ‘കുടിയിറക്ക്’ നടത്തിയ ഭൂമി ഇപ്പോള്‍ വാഹന പാര്‍ക്കിങ്ങിനും മറ്റുമായാണ് ഉപയോഗിക്കുന്നത്. നിലവില്‍ ഇവിടെ രണ്ടു വരി പാതയുണ്ടെങ്കിലും റോഡിന് കാര്യമായ വീതിയില്ല. ഇത് കാരപ്പറമ്പിലും എരഞ്ഞിപ്പാലം ജങ്ഷനിലും രൂക്ഷമായ വാഹനക്കുരുക്കിന് വഴിവെക്കുന്നു. സര്‍ക്കാര്‍ പൊന്നുംവില നല്‍കി ഏറ്റെടുത്ത ഭൂമി ആര്‍ക്കും ഉപകാരമില്ലാതെ കിടക്കുമ്പോഴാണ് മേഖല വാഹനത്തിരക്കില്‍ നട്ടം തിരിയുന്നത്.
 ഏറെ ഉപകാരപ്രദമാകുന്ന കോവൂര്‍-വെള്ളിമാടുകുന്ന്, ഗാന്ധിറോഡ്-മിനി ബൈപാസ്, പുതിയറ -സ്റ്റേഡിയം റോഡുകളുടെയും അവസ്ഥ ഇതുതന്നെ. ഗാന്ധിറോഡ്-മിനി ബൈപാസ് റോഡില്‍ ഏറെ ത്യാഗം സഹിച്ചാണ് റവന്യൂ അധികൃതര്‍ ഭൂമി ഏറ്റെടുപ്പ് പൂര്‍ത്തിയാക്കിയത്. കെട്ടിട ഉടമ നല്‍കിയ പരാതിയില്‍ അനുവദിക്കപ്പെട്ട സ്റ്റേ നീങ്ങിയ അതേ ദിവസം ഭൂമി ഏറ്റെടുക്കുകയായിരുന്നു. കച്ചവട സ്ഥാപനങ്ങളും വീടുകളുമടക്കം പൊളിച്ചുനീക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡ് വരാത്തതിനാല്‍ ജനത്തിന് ഗുണം ലഭിക്കുന്നില്ല.
ഇതിനെക്കാള്‍ ദയനീയമാണ് കോവൂര്‍ -വെള്ളിമാടുകുന്ന് റോഡിന്‍െറ അവസ്ഥ. കോടതി നടപടികളില്‍ തീര്‍പ്പായി ഇവിടെ ഭൂമി ഏറ്റെടുപ്പ് പൂര്‍ത്തിയായിട്ട് മാസങ്ങളായി.
എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പനാത്ത് താഴം-സി.ഡബ്ള്യു.ആര്‍.ഡി.എം റോഡിലെ ഭൂമി ഏറ്റെടുപ്പ് അവസാന ഘട്ടത്തിലാണെന്ന് സിറ്റി റോഡ് ഇംപ്രൂവ്മെന്‍റ് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. ലേഖ പറയുന്നു. പ്ളാന്‍ തയാറാക്കുക, ഭൂമി ഏറ്റെടുക്കാന്‍ റവന്യൂ വകുപ്പുമായി സഹകരിക്കുക തുടങ്ങിയവയാണ് സിറ്റി റോഡ് ഇംപ്രൂവ്മെന്‍റ് വിഭാഗത്തിന്‍െറ ചുമതല.
ഏറ്റെടുപ്പ് പൂര്‍ത്തിയായശേഷം കേരള റോഡ്സ് ഫണ്ട് ബോര്‍ഡാണ് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കേണ്ടത്. ആഗോള ടെന്‍ഡര്‍ ക്ഷണിക്കേണ്ടതിനാല്‍ അവിടെയും കാലതാമസം നേരിടും.
 ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായാല്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍െറ ചുമതലയിലാവും നിര്‍മാണം നടക്കുക.

ഇസൈജ്ഞാനിക്ക് എഴുപത്

Posted: 05 Jun 2013 11:22 PM PDT

Image: 
ഇന്‍ഡ്യന്‍ സംഗീതത്തില്‍ ഒരുപാട് വിസ്മയങ്ങളുണ്ടായിട്ടുണ്ട്.  ത്യാഗരാജനും ദീക്ഷിതരും താന്‍സെനുമൊക്കെ അങ്ങനെയാണ്. അതുപോലെ തമിഴ് സിനിമാ ലോകം കണ്ട വിസ്മയമാണ് ഇളയരാജ. ആ സംഗീതവിസ്മയത്തിന് എഴുപതാകുന്നു. 
തേനിയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്ന് ലണ്ടനിലെ  ട്രിനിറ്റികോളജിലത്തെിയ സംഗീതപ്രതിഭ. എട്ടാം ക്ളാസ് വരെ മാത്രം വിദ്യാഭ്യാസം. കര്‍ണാടകസംഗീതത്തില്‍ ചിട്ടയായ പഠനമില്ല. സംഗീതസംവിധാനത്തില്‍ ഗുരുക്കന്‍മാരില്ല. എങ്കിലും ഇന്‍ഡ്യന്‍ സിനിമാസംഗീതലോകം കണ്ട ഏറ്റവും വലിയ വിസ്മയം. ഇന്‍ഡ്യയിലാദ്യം സിംഫണി ചിട്ടപ്പെടുത്തിയ പ്രതിഭ. തമിഴ് സിനിമാ സംഗീതത്തിന്‍െറ എല്ലാമെല്ലാമായ അയ്യായിരത്തിലേറെ പാട്ടുകള്‍. പാട്ടു ചിട്ടപ്പെടുത്തലിന്‍്റെ ഗതിവേഗത്തില്‍ എക്കാലത്തെയും വിസ്മയം. 
ചീട്ടുകശക്കിയെറിയുന്നതുപോലെയായിരുന്നു എണ്‍പതുകളില്‍ ഇളയരാജ പാട്ടുകള്‍ ചെയ്തിരുന്നത്. നാലുദശാബ്ദത്തോളമായി ഇളയരാജയുടെ ഒരു പാട്ടെങ്കിലും റെക്കോഡ് ചെയ്യപ്പെടാതെ ചെന്നൈയില്‍ ഒരു ദിനവും കടന്നുപോയിട്ടില്ല. ഏഴും എട്ടും പാട്ടുകളുളള സിനിമയുടെ റീറെക്കോഡിംഗ് ഉള്‍പ്പെടെയുള്ള വര്‍ക്ക് രണ്ടു ദിവസംകൊണ്ട് അദ്ദേഹം തീര്‍ത്തു വിടാറുണ്ട്. 
1976ല്‍ ആദ്യ ചിത്രമായ ‘അന്നക്കിളി’യിലൂടെ ഇളരാജ തമിഴ് സംഗീതത്തില്‍ പൊളിച്ചെഴുത്ത് നടത്തി. എസ്.ജാനകി പാടിയ ‘മച്ചാനെ പാര്‍ത്തീങ്കളാ’ തമിഴ്മനസില്‍ പുത്തന്‍ തരംഗമായി. പിന്നെയത് ദീപാവലപ്പടക്കം പോലെയാണ് കത്തിക്കയറിയത്. 
ലണ്ടനിലെ ഫില്‍ഹാര്‍മോണിക്സ് ഓര്‍ക്കെസ്ട്രയെക്കൊണ്ട് സിംഫണി ചെയ്യിച്ച ആദ്യ ഏഷ്യക്കാരനാണ് ഇളയരാജ. സിംഫണി അദ്ദേഹത്തിനൊരു പരീക്ഷണമായിരുന്നില്ല. തന്‍്റെ ഒരു ആഗ്രഹപൂര്‍ത്തീകരണമായിരുന്നു. വര്‍ഷങ്ങളെടുത്ത് വലിയ പ്രതിഭകള്‍പോലും സിംഫണിയെരുക്കുമ്പോള്‍ രാജക്ക് വേണ്ടിവന്നത് ഒരു മാസം. 
രമണമഹര്‍ഷിയുടെ പുസതകങ്ങള്‍ ഇളയരാജയെ ഒരു വേദാന്തിയായ സംഗീതജ്ഞനാക്കി. പാണ്ഡ്യരാജാവിന്‍്റെ മന്ത്രിയായിരുന്ന മാണിക്യവാസകന്‍ തന്‍്റെ അഹംഭാവമെല്ലാം ഈശ്വരനിലര്‍പ്പിച്ചെഴുതിയ ‘തിരുവാസകം’ അദ്ദേഹം സിംഫണിയായാണ് ചിട്ടപ്പെടുത്തിയത്.  
കമ്പത്തിനടുത്തുള്ള ഗ്രാമത്തില്‍ 1943ലാണ് ഇളയരാജ ജനിക്കുന്നത്. സംഗീതപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത കുടുംബത്തില്‍ പക്ഷേ  മക്കളെല്ലാം സംഗീതത്തിന്‍്റെ വഴിയേ പോയി. അമ്മയുടെ പാരമ്പര്യം നാടന്‍പാട്ടുകളായിരുന്നു. അമ്മ പാടിയ നാടന്‍പാട്ടുകള്‍ രാജയുടെ മനസില്‍ സംഗീതത്തിന്‍െറ ആദ്യ വിത്തുകള്‍ വിതച്ചു.  മൂത്ത ചേട്ടന്‍ അക്കാലത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വേദികളില്‍ പാട്ടുപാടാന്‍ പോയി. പണമില്ലാതെ രാജക്ക് പഠനം എട്ടാം ക്ളാസില്‍ നിര്‍ത്തേണ്ടിവന്നു. ഒരു നിര്‍ബന്ധിതസാഹചര്യത്തില്‍ ചേട്ടന്‍െറ സംഘത്തോടൊപ്പം പാടാന്‍ പോയ രാജക്ക് ജനങ്ങളുടെ അംഗീകരം കിട്ടി. എന്നാല്‍ അത് അധികാലം തുടര്‍ന്നില്ല. കപ്പത്തണ്ടുകൊണ്ട് പുല്ലാങ്കുഴലുണ്ടാക്കി വയിച്ചു നടന്ന കുട്ടി ചേട്ടന്‍്റെ ഹാര്‍മോണിയം ആരും കാണാതെ വായിച്ചു പഠിച്ചു. പിന്നെ സംഗീതം പഠിക്കാതെ തരമില്ളെന്നായി. അമ്മ ആകെയുണ്ടായിരുന്ന സമ്പാദ്യമായ റേഡിയോ വിറ്റ് മകനെ ചെന്നെക്ക് വിട്ടു. ഒപ്പം അനുജന്‍ പിന്നീട് സംഗീതസംവിധായകനായ ഗംഗൈഅമരനും ഉണ്ടായിരുന്നു. അവിടെ കഷ്ടപ്പാടിന്‍്റെയും ദാരിദ്ര്യത്തിന്‍െറയും ദിനങ്ങള്‍. 
ധന്‍രാജ് മാസ്റ്റര്‍ എന്ന സംഗീതാധ്യാപകനെ കണ്ടത്തെിയതോടെ രാജയുടെ ജീവിതം മാറ്റിയെഴുതപ്പെട്ടു. അദ്ദേഹത്തിന്‍െറയടുത്ത് താമസിച്ച് എല്ലാ സംഗീതോപകരണങ്ങളും വായിക്കാന്‍ പഠിച്ചു. ഒപ്പം കര്‍ണാടകസംഗീതവും. പിന്നീട് ലണ്ടനിലേക്ക്. അവിടെനിന്ന് സ്വര്‍ണ മെഡലോടെ വിജയം. പിന്നീട് പലസംഗീതസംവിധായകര്‍ക്കുവേണ്ടിയും ഓര്‍ക്കെസ്ട്ര കണ്ടക്ടര്‍. പിന്നീട് തമിഴ് സിനിമയുടെ എക്കാലത്തെയും മഹാനായ സംഗീതസംവിധായകന്‍. ഇന്നും ആ ജൈത്രയാത്ര തുടരുന്നു.   
features: 
Facebook
Twitter

സര്‍ക്കാര്‍ വിദ്യാലയത്തില്‍ പ്രൈമറി പഠനം; ത്വയ്യിബിന്‍െറ റാങ്ക് നേട്ടത്തിന് ഇരട്ടിതിളക്കം

Posted: 05 Jun 2013 11:07 PM PDT

Image: 

മലപ്പുറം: പ്രഥമ അഖിലേന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റില്‍ (നീറ്റ്) ഓള്‍ ഇന്ത്യാതലത്തില്‍ ഒ.ബി.സി വിഭാഗത്തില്‍ ഒന്നാമനും സംസ്ഥാനതലത്തില്‍ ആറാമനുമായ ഊരകം പുല്ലഞ്ചാലിലെ ത്വയ്യിബ് പാറമ്മല്‍ കാരാട്ടിന്‍െറ റാങ്ക് നേട്ടത്തിന് തിളക്കമേറെ. ദുബൈയില്‍ പ്രവാസിയായ പാറമ്മല്‍ കാരാട്ട് അബുവിന്‍െറയും വീട്ടമ്മയായ ഖദീജയുടെയും രണ്ടാമത്തെ മകനാണ് ത്വയ്യിബ്. സര്‍ക്കാര്‍ സ്കൂളുകളില്‍ മലയാളം മീഡിയത്തില്‍ മാത്രം പഠിച്ചാണ് ഉയരങ്ങളിലെത്തിയത്.  നീറ്റില്‍ 720ല്‍ 629 മാര്‍ക്കാണ് ത്വയ്യിബിന്. ഓള്‍ ഇന്ത്യാതലത്തില്‍ 60ാം സ്ഥാനത്തുള്ള ത്വയ്യിബിന് ഒ.ബി.സി വിഭാഗത്തില്‍ അഖിലേന്ത്യാതലത്തിലും കേരളത്തിലും ഒന്നാമനാണ്. എം.ബി.ബി.എസ്, ബി.ഡി.എസ് ഒഴിച്ചുള്ള മെഡിക്കല്‍ കോഴ്സുകളിലേക്കും എന്‍ജിനീയറിങ് കോഴ്സുകളിലേക്കുമുള്ള കേരള എന്‍ട്രന്‍സില്‍ ത്വയ്യിബ് ഈ വര്‍ഷം 16ാം റാങ്കിന് അര്‍ഹനായിരുന്നു.
ന്യൂദല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്), പോണ്ടിച്ചേരി ജിപ്മെര്‍ എന്നിവയുടെ പ്രവേശ പരീക്ഷയും ത്വയ്യിബ് എഴുതിയിട്ടുണ്ട്. അഖിലേന്ത്യാതലത്തില്‍ റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും നേട്ടത്തില്‍ വളരെ സന്തോഷമുണ്ടെന്നും ത്വയ്യിബ്  പറഞ്ഞു.  ഉപ്പക്കും ഉമ്മക്കും ഏഴാം ക്ളാസ് വിദ്യാഭ്യാസമേ ഉള്ളൂവെങ്കിലും അവര്‍ നല്‍കുന്ന പിന്തുണയാണ് വിജയങ്ങള്‍ക്ക് പിന്നിലെന്ന് ത്വയ്യിബ് പറഞ്ഞു. ന്യൂറോളജിയില്‍ സ്പെഷലൈസ് ചെയ്യാനാണ് ആഗ്രഹം. എയിംസില്‍ പ്രവേശം കിട്ടിയാല്‍ അങ്ങോട്ടുപോകും. അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന് പഠിക്കാനാണ് താല്‍പര്യമെന്ന് ത്വയ്യിബ് പറഞ്ഞു.
ചേറൂര്‍ പി.പി.ടി.എം.വൈ.എച്ച്.എസ്.എസില്‍ ഹയര്‍സെക്കന്‍ഡറിക്ക് പഠിച്ച ത്വയ്യിബിന്‍െറ ഹൈസ്കൂള്‍ വിദ്യാഭ്യാസം ഊരകം എം.യു.എച്ച്.എസിലായിരുന്നു. പ്രൈമറി വിദ്യഭ്യാസം സാധാരണ സര്‍ക്കാര്‍ സ്കൂളുകളില്‍. ഒന്നു മുതല്‍ നാലുവരെ പഠിച്ചത് വേങ്ങര പഞ്ചായത്ത് ജി.എല്‍.പി.എസില്‍. യു.പി പഠനം കാരാത്തോട് ജി.യു.പി.എസിലും. പ്ളസ്ടു വരെയും പഠിച്ചത് മലയാളം മീഡിയമെടുത്ത്.  രണ്ടാം തവണയാണ് കേരള എന്‍ട്രന്‍സ് എഴുതിയത്. കഴിഞ്ഞ തവണ 1700 ആയിരുന്നു റാങ്ക്.  കുടുംബങ്ങള്‍ ഒത്തുകൂടി ലഡു വിതരണംചെയ്തു ആഹ്ളാദം പങ്കുവെച്ചു.  കേരള എന്‍ട്രന്‍സില്‍ ആറാം റാങ്കിനര്‍ഹനായ കുറുവ കൂട്ടിലങ്ങാടിയിലെ മുഹമ്മദ് അര്‍ഷാദിന് നീറ്റില്‍ കേരളത്തില്‍ 55ാം സ്ഥാനത്തും ഓള്‍ ഇന്ത്യാടിസ്ഥാനത്തില്‍ 255ാം സ്ഥാനത്തുമാണ്. 720ല്‍ 590 മാര്‍ക്കാണ് അര്‍ഷദിന്.
 

കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് പുനരധിവാസ പദ്ധതികള്‍ നടപ്പാക്കും- പി.എം.എ സലാം

Posted: 05 Jun 2013 10:55 PM PDT

Image: 

ദുബൈ: ഗള്‍ഫില്‍ നിന്ന് മടങ്ങിവരുന്ന പ്രവാസികള്‍ക്കായി കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്‍െറ നേതൃത്വത്തില്‍ പുനരധിവാസ പദ്ധതികള്‍ നടപ്പാക്കുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ പി.എം.എ സലാം പറഞ്ഞു. ദുബൈയില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. പുനരധിവാസ പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവര്‍ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറക്ക് തുടര്‍ നടപടികളുണ്ടാകും.
പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷം പ്രവാസി കേരളീയ ക്ഷേമ പദ്ധതിയില്‍ അംഗങ്ങളാകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ട്. 80,000 പേര്‍ പുതുതായി അംഗങ്ങളായി. മൊത്തം അംഗങ്ങളുടെ എണ്ണം ഒന്നേകാല്‍ ലക്ഷമായി. പ്രതിമാസം 1500 പേരാണ് അംഗങ്ങളാകുന്നത്. ക്ഷേമ പദ്ധതിയെപ്പറ്റി അറിവില്ലാത്തത് മൂലമാണ് ആളുകള്‍ ചേരാതിരുന്നത്. പുതിയ ഭരണസമിതി വന്നതിന് ശേഷം വ്യാപക പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ അംഗസംഖ്യ കൂടി. 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് നിലവില്‍ പദ്ധതിയില്‍ അംഗത്വം നല്‍കുന്നത്. ഇത് 60 വയസ്സാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
മൂന്ന് തരം അംഗത്വമാണ് നിലവിലുള്ളത്. വിദേശത്ത് ജോലി ചെയ്യുന്നവര്‍, വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്ത് കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍, കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലി സംബന്ധമായി കുറഞ്ഞത് ആറുമാസമായി താമസിച്ചുവരുന്നവര്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ അംഗങ്ങളാകാം. ഓരോ വിഭാഗത്തിനും 300, 100, 100 എന്നിങ്ങനെയാണ് പ്രതിമാസം അടക്കേണ്ട അംശദായം. അഞ്ചുവര്‍ഷം അംശദായം അടച്ച 60 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പ്രതിമാസം 1000 രൂപ പെന്‍ഷന്‍ ലഭിക്കും. അംഗം മരിക്കുകയാണെങ്കില്‍ ആശ്രിതര്‍ക്ക് കുടുംബ പെന്‍ഷന്‍ ലഭിക്കും. വിവാഹം, വിദ്യാഭ്യാസം, വീടുനിര്‍മാണം തുടങ്ങിയവക്കുള്ള സഹായം എന്നിവയുമുണ്ടാകും. അംശദായം കേരളത്തിലെ എസ്.ബി.ടി കൗണ്ടറുകളിലോ അക്ഷയകേന്ദ്രങ്ങളിലോ അടക്കാം. ഗള്‍ഫില്‍ നിന്ന് അടക്കാനുള്ള സംവിധാനം സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിന്‍െറ പല പദ്ധതികളും പ്രവാസികള്‍ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുന്നില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച് നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍ പറഞ്ഞു. പ്രവാസി വോട്ടവകാശം ഉപയോഗപ്പെടുത്താന്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ത്തവരുടെ എണ്ണം വളരെ കുറവാണ്. കേരള സര്‍ക്കാറിന്‍െറ പ്രവാസി കണക്കെടുപ്പില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗള്‍ഫ് നാടുകളിലെ പ്രവാസികളുടെ യഥാര്‍ഥ ചിത്രം സര്‍ക്കാറിന് ലഭിക്കാന്‍ ഇതുമായി എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് അംഗം എം.ജി പുഷ്പാകരനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

ഉമ്മന്‍ചാണ്ടിയും ജയറാം രമേശും അട്ടപ്പാടിയില്‍

Posted: 05 Jun 2013 10:27 PM PDT

Image: 

അട്ടപ്പാടി: പോഷകാഹാരക്കുറവ് മൂലം ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അട്ടപ്പാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്രമന്ത്രി ജയറാം രമേശും എത്തി.  ശിശുമരണങ്ങള്‍ നടന്ന ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കാനും ഇവിടുത്തെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാനുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം അട്ടപ്പാടിയിലെത്തിയിരിക്കുന്നത്്. പാലൂര്‍, നെല്ലിപ്പതി എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തുന്നത്്.

മുഖ്യമന്ത്രിയെക്കൂടാതെ സംസ്ഥാനത്തെ അഞ്ച് മന്ത്രിമാരാണ് സംഘത്തിലുള്ളത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെും സംസ്ഥാന സാമൂഹ്യക്ഷേമ, കൃഷി മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും അട്ടപ്പാടിയില്‍ എത്തിയിട്ടുണ്ട്.

പാലൂരിലെത്തിയ സംഘം ഇവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു. വ്യാജമദ്യത്തിന്റെഒഴുക്ക് തടയുക, പ്രാഥമിക ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികള്‍ അനുവദിക്കുക, പോഷാകാഹാര കുറവ് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പാലൂരിലെ ജനങ്ങള്‍ മുന്നോട്ട് വെച്ചത്. പാലൂരിന് ശേഷം സംഘം നെല്ലിപതി ഊരിലേക്ക് പോയി.

ഊരുകള്‍ സന്ദര്‍ശിച്ച ശേഷം, സംഘം അഗളിയില്‍ അവലോകന യോഗം ചേരും. നിലവിലെ ആരോഗ്യപാക്കേജുകളുടെ നടത്തിപ്പ് യോഗത്തില്‍ വിശകലനം ചെയ്യും

‘കുവൈത്ത് ടവറിന് അപകട ഭീഷണിയില്ല; അടച്ചത് അറ്റകുറ്റപ്പണിക്ക് ’

Posted: 05 Jun 2013 10:23 PM PDT

Image: 

കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ അഭിമാന സ്തംഭമായി നിലകൊള്ളുന്ന കുവൈത്ത് ടവര്‍ അടച്ചിട്ടത് അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണെന്നും ടവറിന് ഒരു വിധത്തിലുള്ള അപകട ഭീഷണിയുമില്ലെന്നും ടവറിന്‍െറ നടത്തിപ്പ് ചുമതലയുള്ള ടൂറിസ്റ്റിക് എന്‍റര്‍പ്രൈസസ് കമ്പനി ഡെപ്യൂട്ടി ചെയര്‍മാന്‍ ഖാലിദ് അബ്ദുല്‍ ഗാനിം അറിയിച്ചു.
കുവൈത്ത് ടവര്‍ അപകട ഭീഷണിയിലാണെന്നും പൊളിഞ്ഞുവീഴാറായെന്നുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ വഴി പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ടവറിന്‍െറ പുറംഭാഗങ്ങളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടത് കോണ്‍ക്രീറ്റ് നിര്‍മാണങ്ങള്‍ക്ക് പഴക്കമേറുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും അത് പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അബ്ദുല്‍ ഗാനിം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഏപ്രീല്‍ 12നാണ് ടവര്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടത്. രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രം കൂടിയായ കുവൈത്ത് ടവറില്‍ ജല-വൈദ്യുത കാര്യങ്ങളുമായി ബന്ധപ്പെട്ട പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടത്തുന്നതിനുവേണ്ടിയായിരുന്നു ഇത്. ഇത് കൂടാതെ ടവറിന്‍െറ ഗ്ളാസുകള്‍, എയര്‍ കണ്ടീഷന്‍ സംവിധാനം, അലങ്കാരങ്ങള്‍ തുടങ്ങിയവയും നവീകരിക്കുന്നുണ്ട്. നിര്‍മാണ-പുനരുദ്ധാരണ പ്രവര്‍ത്തികള്‍ കഴിഞ്ഞ ഉടന്‍ തന്നെ സന്ദര്‍ശകരെ സ്വീകരിച്ചുതുടങ്ങുമെന്നും സ്വദേശികളും വിദേശികളുമുള്‍പ്പെടെ ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും അബ്ദുല്‍ ഗാനിം കൂട്ടിച്ചേര്‍ത്തു.
 

ഒമാനില്‍ കനത്ത മഴ; വാദികള്‍ കര കവിഞ്ഞു

Posted: 05 Jun 2013 10:16 PM PDT

Image: 

മസ്കത്ത്: ഇടവേളക്കു ശേഷം രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇന്നലെ പരക്കെ മഴ ലഭിച്ചു. ചിലയിടങ്ങളില്‍ ശക്തമായി പെയ്ത മഴയില്‍ വാദികള്‍ നിറഞ്ഞൊഴുകി ഗതാഗതം തടസപ്പെട്ടു. തെക്കന്‍ ശര്‍ഖിയ, ദാഖിലിയ, വടക്കന്‍ ശര്‍ഖിയ, അല്‍വുസ്ത ഗവര്‍ണറേറ്റുകളിലാണ് മഴ ലഭിച്ചത്.
തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ജഅ്ലാന്‍ ബനീ ബൂഹസന്‍, ബൂ ആലി, അശ്ഖറ എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്തു. ഇവിടങ്ങളില്‍ വാദികള്‍ കരകവിഞ്ഞു.
രാവിലെ തുടങ്ങിയ മഴ ചെറിയ ഇടവേളകള്‍ നല്‍കി വൈകുന്നേരം വരെ തുടര്‍ന്നു. വെള്ളക്കെട്ടുകാരണം പലയിടങ്ങളിലും കട കമ്പോളങ്ങളില്‍ നിന്ന് ആളുകളൊഴിഞ്ഞു നിന്നു. ജഅ്ലാന്‍ ബൂ ആലിയില്‍ വ്യാപാരം കാര്യമായി നടന്നില്ലെന്ന് വ്യവസായി പ്രമുഖന്‍ സിറാജ് ദവാരി അറിയിച്ചു.
അതേസമയം, ഇതേ ഗവര്‍ണറേറ്റിലെ മസിറ, സൂര്‍ എന്നിവിടങ്ങളില്‍ നേരിയ തോതിലാണ് മഴ ലഭിച്ചത്. ദാഖിലിയ ഗവര്‍ണറേറ്റില്‍ ആദം വിലായത്തില്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ മഴ ലഭിച്ചു. വടക്കന്‍ ശര്‍ഖിയയിലെ മുദൈബി, ബിദിയ, ഇബ്ര, ഖാബില്‍, സിനാവ് എന്നിവിടങ്ങളില്‍ നേരിയ തോതിലാണ് പെയ്തത്.
വുസ്തയിലെ മഹൂത്ത് വിലായത്തിലും കാര്യമായ മഴ കിട്ടി. കാലാവസ്ഥ പ്രവചനം ശരിവെക്കുന്ന രീതിയിലാണ് ഇവിടങ്ങളില്‍ മഴ പെയ്തത്. താഴ്ന്ന പ്രദേശങ്ങില്‍ നിന്ന് ആളുകള്‍ മാറി നില്‍ക്കണമെന്നും വാദികള്‍ മുറിച്ചു കടക്കാന്‍ ശ്രമിക്കരുതെന്നും ഒമാന്‍ പൊലീസ് അറിയിച്ചു. കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍െറ നിര്‍ദേശമുണ്ട്.

അറുപതു കഴിഞ്ഞവരെ പിരിച്ചയക്കില്ല: തൊഴില്‍ മന്ത്രാലയം

Posted: 05 Jun 2013 10:10 PM PDT

Image: 

റിയാദ്: 60 വയസ്സ് കഴിഞ്ഞവരെ ജോലിയില്‍ നിന്ന് പിരിച്ചയക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയത്തിന് ഉദ്ദേശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ തൊഴിലുടമ ഇത്തരം നിബന്ധന തൊഴില്‍ കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കില്‍ അത് ഇരുവരും തമ്മിലുള്ള ധാരണയുടെ ഭാഗമായി കാണുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു.
60 കഴിഞ്ഞ തൊഴിലാളി ജോലിയില്‍ തുടരാന്‍ യോഗ്യനാണെങ്കില്‍ തൊഴിലുടമയുടെ താല്‍പര്യം പരിഗണിച്ച് മന്ത്രാലയം വഴി മുടക്കില്ലെന്ന് തൊഴില്‍ മന്ത്രാലയത്തിലെ മാധ്യമവിഭാഗം മേധാവി അബ്ദുല്‍ അസീസ് അശ്ശംസാന്‍ പറഞ്ഞു. 60 തികഞ്ഞവരെ പിരിച്ചയക്കാന്‍ തൊഴിലുടമയോട് മന്ത്രാലയം നിര്‍ബന്ധിക്കില്ല.
സൗദിയില്‍ നിലവിലുള്ള 80 ലക്ഷം വിദേശികളില്‍ അഞ്ച് ലക്ഷവും 60 കഴിഞ്ഞവരാണ്. സ്വദേശികളെയും തൊഴില്‍ മന്ത്രാലയം പ്രത്യേക പരിഗണ നല്‍കിയ ബര്‍മ, ഫലസ്തീന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയും ജോലിക്ക് നിയമിക്കാന്‍ മന്ത്രാലയം സ്ഥാപന ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പിരിച്ചയക്കുന്ന വിദേശികളില്‍ 60 തികഞ്ഞവരെ പരിഗണിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ല.
അവിദഗ്ധ തൊഴിലാളികളെ ഒഴിവാക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഏകീകരിച്ച തൊഴില്‍ നിയമം നടപ്പാക്കാനുള്ള നീക്കത്തിലാണെന്നും അശ്ശംസാന്‍ പറഞ്ഞു. അവിദഗ്ധ തൊഴിലാളികളില്‍ ഭൂരിപക്ഷവും തൊഴില്‍ കരാറിന്‍െറ അടിസ്ഥാനത്തിലല്ല ജോലി ചെയ്യുന്നത്. തൊഴില്‍ വിപണിക്ക് ഭീഷണി സൃഷ്ടിക്കുന്നതും കൃത്രിമത്തിന് പ്രേരിപ്പിക്കുന്നതും ഇത്തരം തൊഴിലാളികളാണ്. 90 ശതമാനം വിദേശി തൊഴിലാളികളുടെയും മാസാന്ത വേതനം 2,000 റിയാലില്‍ കുറവാണ്. 1,000 റിയാലില്‍ കുറഞ്ഞ വേതനമുള്ളവരാണ് 70 ശതമാനവും. അവിദഗ്ധരും ശമ്പളം കുറഞ്ഞവരുമായ ഈ തൊഴിലാളികളുടെ സ്ഥാനത്ത് സ്വദേശികളെ നിയമിക്കല്‍ അപ്രായോഗികമാണെന്നും അബ്ദുല്‍ അസീസ് അശ്ശംസാന്‍ പറഞ്ഞു. നിതാഖാത്ത് ആരംഭിച്ച കഴിഞ്ഞ 18 മാസത്തിനുള്ള നാല് ലക്ഷം സ്വദേശികള്‍ക്ക് ജോലി നല്‍കാനായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 75,000 സ്വദേശികള്‍ക്ക് മാത്രമാണ് ജോലി ലഭിച്ചിരുന്നത്. 1,60,000 സ്ത്രീകള്‍ക്കും സ്വദേശിവത്കരണത്തിന്‍െറ ഭാഗമായി ജോലി ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

കോട്ടയത്ത് വീണ്ടും ഡെങ്കിപ്പനി മരണം

Posted: 05 Jun 2013 10:09 PM PDT

Image: 

കോട്ടയം: കോട്ടയത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി വില്ലണി സ്വദേശി ജെസി(32) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി  ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി.

ബുധനാഴ്ച രണ്ടുപേര്‍ കോട്ടയത്ത് ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചിക്തിസിയിലായിരുന്ന പാത്താമുട്ടം മുട്ടുച്ചിറക്കടവ് വാസുക്കുട്ടന്‍(60), ഏറ്റുമാനൂര്‍ ചേനാകര പുന്നത്തറ ലില്ലിക്കുട്ടി(70) എന്നിവരാണ് മരിച്ചത്. ജില്ലയില്‍ ഡെങ്കിപ്പനിയും എലിപ്പനിയുമുള്‍പ്പെടെ പകര്‍ച്ചപ്പനികള്‍ പടരുകയാണ്.

18,084 പേരാണ് കഴിഞ്ഞ ദിവസം പനിക്ക് ചികിത്സ തേടി സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ എത്തിയത്. ചൊവ്വാഴ്ച ഇത് 14,657 ആയിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP