അറപ്പുഴ ടോള്‍ ബൂത്തില്‍ അധിക നിരക്ക് വാങ്ങുന്നെന്ന് പരാതി Madhyamam News Feeds |
- അറപ്പുഴ ടോള്‍ ബൂത്തില്‍ അധിക നിരക്ക് വാങ്ങുന്നെന്ന് പരാതി
- സാമ്പത്തിക വളര്‍ച്ച പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയില്‍
- രൂപ 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന മൂല്യത്തില്‍
- ഇസ്രായേല്‍ ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കും -ബശ്ശാര്‍
- സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് പരീക്ഷാകേന്ദ്രത്തിലേക്ക് വിദ്യാര്‍ഥി മാര്‍ച്ച്
- ഇഖാമ നിയമ ലംഘനം: 1000 ലധികം പേര്‍ പിടിയില്‍
- ആംവേ മേധാവിയുടെ അറസ്റ്റ്: എ.ഡി.ജി.പിക്ക് അന്വേഷണച്ചുമതല
- ദുബൈയിലെ ഷോപ്പുകള്‍ ഇന്ന് സിഗരറ്റും പുകയില ഉല്‍പന്നങ്ങളും വില്‍ക്കില്ല
- സി.ബി.എസ്.ഇ പത്താംതരം പരീക്ഷ: ജിദ്ദയിലെ സ്കൂളുകള്‍ക്ക് മികച്ച വിജയം
- സ്വര്‍ണവിലയില്‍ വര്‍ധന; പവന് 20,400 രൂപ
അറപ്പുഴ ടോള്‍ ബൂത്തില്‍ അധിക നിരക്ക് വാങ്ങുന്നെന്ന് പരാതി Posted: 30 May 2013 11:46 PM PDT കോഴിക്കോട്: ദേശീയപാത 17ല്‍ പെട്ട രാമനാട്ടുകര ബൈപാസിലെ അറപ്പുഴ പാലത്തില്‍ സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി വാഹനങ്ങളില്‍നിന്ന് ടോള്‍ പിരിക്കുന്നതായി പരാതി. ലൈറ്റ് മോട്ടോര്‍ വിഭാഗത്തില്‍പ്പെട്ട (എല്‍.എം.വി) ‘ടാറ്റ എയ്സ് പിക്കപ്പ്’ വാനിന് കഴിഞ്ഞ മാസം മുതല്‍ നിരക്ക് അന്യായമായ രീതിയില്‍ വര്‍ധിപ്പിച്ചെന്നാണ് ആക്ഷേപം. മാര്‍ച്ച് 31 വരെ സിംഗ്ള്‍ യാത്രക്ക് അഞ്ചും ഇരുവശത്തേക്കുമുള്ള യാത്രക്ക് പത്തും രൂപയാണ് ഈടാക്കിയിരുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ നിരക്ക് യഥാക്രമം 7.50ഉം 15 രൂപയുമാക്കി വര്‍ധിപ്പിച്ചു. ഇതിനെ ചോദ്യം ചെയ്ത ഡ്രൈവര്‍മാരോട്, ആര്‍.ടി.ഒയുടെയും പി.ഡബ്ള്യൂ.ഡിയുടെയും ഉത്തരവനുസരിച്ച് നിരക്ക് വര്‍ധിപ്പിച്ചെന്നാണ് ടോള്‍ ബൂത്ത് കരാറുകാരന്‍ നല്‍കിയ മറുപടി. പുതിയ നിരക്ക് നല്‍കാത്ത ഇത്തരം വാഹനങ്ങള്‍ ടോള്‍ ബൂത്ത് കടത്തിവിടുന്നില്ല. |
സാമ്പത്തിക വളര്‍ച്ച പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയില്‍ Posted: 30 May 2013 11:44 PM PDT Image: ന്യൂദല്‍ഹി: 2012-13 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ചു ശതമാനത്തില്‍ താഴെ. പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്. വെള്ളിയാഴ്ച്ച കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സാമ്പത്തിക വളര്‍ച്ചയുടെ അളവു കോലായ ആഭ്യന്തര മൊത്ത ഉല്‍പ്പാദനത്തിലെ വളര്‍ച്ച 4.8 ശതമാനം മാത്രമാണ്. എന്നാല്‍ ഈ വളര്‍ച്ചാ നിരക്ക് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നതാണ്. സാമ്പത്തിക വളര്‍ച്ചക്ക് നിര്‍ണായകമായ രണ്ട് സുപ്രധാന മേഖലകള്‍ വളരെ പരിതാപകരമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഉല്‍പ്പന്ന നിര്‍മാണ മേഖല 2.6 ശതമാനം മാത്രം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ച വെറും 1.4 ശതമാനം മാത്രമാണ്. |
രൂപ 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന മൂല്യത്തില്‍ Posted: 30 May 2013 11:43 PM PDT Image: മുംബൈ: തുടര്‍ച്ചയായ നാലാം ദിനവും ഇടിഞ്ഞ രൂപയുടെ മുല്യം 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍. വെള്ളിയാഴ്ച്ച രാവിലെ നടന്ന ഇടപാടുകളില്‍ ഒരു യു.എസ് ഡോളറിന് 56.60 രൂപ എന്നതായിരുന്നു വിനിമയ നിരക്ക്. ഇത് 2012 ജൂണ്‍ 29ന് രേഖപ്പെടുത്തിയ മുല്യത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലവാരമാണ്. രൂപയുടെ മൂല്യം പൊടുന്നനെ വന്‍ തോതില്‍ ഇടിഞ്ഞത് സാമ്പത്തിക മേഖലയില്‍ പുതിയ ആശങ്കകള്‍ക്ക് ഇടയാക്കിയുട്ടുണ്ട്. രൂപയുടെ മൂല്യം കഴിഞ്ഞ ദിവസങ്ങളില്‍ ഗണ്യമായി ഇടിഞ്ഞത് അടുത്ത വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ക്കും മങ്ങല്‍ ഏല്‍പ്പിച്ചിട്ടുണ്ട്.
|
ഇസ്രായേല്‍ ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കും -ബശ്ശാര്‍ Posted: 30 May 2013 11:16 PM PDT Image: ഡമസ്കസ്: സിറിയയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദ്. ലബനാനിലെ അല്‍ മനാര്‍ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗൊലാന്‍ കുന്നുകളില്‍ പുതിയ പ്രതിരോധ സന്നാഹം ഏര്‍പെടുത്താന്‍ സര്‍ക്കാറിന് സമ്മര്‍ദ്ദമുണ്ട്. ഇസ്രായേലിന്റെഭാഗത്ത് നിന്ന് എന്തെങ്കിലും വിധത്തിലുള്ള നീക്കമുണ്ടായാല്‍ പ്രത്യാക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷവുമായി സമാധാന ചര്‍ച്ചക്ക് തയാറാണെന്നും അതിന് ശേഷമുള്ള നടപടികള്‍ പൊതുജനാഭിപ്രായമനുസരിച്ചായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയുമായുള്ള ആയുധ ഉടമ്പടിക്ക് സംഘര്‍ഷവുമായി ബന്ധമില്ല. അടുത്ത പ്രസിഡന്‍്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയയില്‍ ആഭ്യന്ത സംഘര്‍ഷം തുടരുന്നതിനിടെ ഒരാഴ്ചക്ക് മുമ്പ് ഗൊലാന്‍ കുന്നുകള്‍ക്ക് സമീപം ഇസ്രയേലും സിറിയന്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ആക്രമണത്തില്‍ ഹിസ്ബുല്ല പോരാളി കൊല്ലപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഹിസ്ബുല്ല അനുകൂല ചാനലായ അല്‍മനാറിന് ബശ്ശാര്‍ അഭിമുഖം നല്‍കിയത്.
|
സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് പരീക്ഷാകേന്ദ്രത്തിലേക്ക് വിദ്യാര്‍ഥി മാര്‍ച്ച് Posted: 30 May 2013 11:15 PM PDT Image: കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് സീറ്റിലേക്കുള്ള പ്രവേശ പരീക്ഷ നടത്തുന്ന കേന്ദ്രത്തിലേക്ക് കെ.എസ്.യു ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ മാര്‍ച്ച് നടത്തി. ചാത്തമംഗലം എം.ഇ.എസ്.രാജ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഉച്ചക്ക് ശേഷം പരീക്ഷ നടക്കാനിരിക്കെയാണ് പ്രതിഷേധം. മാനേജ്‌മെന്റ് പ്രതിനിധികളും കെ.എസ്.യു പ്രവര്‍ത്തകരും തമ്മില്‍ പരീക്ഷാ കേന്ദ്രത്തിനു മുന്നില്‍ നേരിയ ഉന്തും തളളും ഉണ്ടായി. തുടര്‍ന്നു ഗേറ്റ് തള്ളിത്തുറന്ന് പ്രവര്‍ത്തകര്‍ കോമ്പൗണ്ടിനുളളില്‍ കയറി മുദ്രാവാക്യം വിളിച്ചു. എസ്.ഐ.ഒ പ്രവര്‍ത്തകരും പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രവേശം ഉറപ്പാക്കാന്‍ വന്‍തുക മാനേജ്‌മെന്റുകള്‍ക്ക് കോഴ നല്‍കിയ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷത്തലേന്ന് ചോദ്യപേപ്പര്‍ ലഭിച്ചെന്ന വാര്‍ത്ത പുറത്തായതിനെ തുടര്‍ന്നാണ് പരീക്ഷ തടയുമെന്ന് പ്രഖ്യാപിച്ച് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തിയത്. എം.ബി.ബി.എസ് സീറ്റിന് ലക്ഷങ്ങള്‍ കോഴ നല്‍കിയവര്‍ക്ക് ഇടനിലക്കാര്‍ മുഖേനെ ചോദ്യങ്ങള്‍ എത്തിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ കോളജിന്റെ കാന്റീനില്‍വെച്ച് ചോദ്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കി ചില അധ്യാപകര്‍ പഠിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചില ചാനലുകള്‍ പുറത്തുവിട്ടതോടെയാണ് വിവാദം കത്തിപ്പടര്‍ന്നത്. ഒ.എം.ആര്‍ മാതൃകയില്‍ രണ്ടു പരീക്ഷകളാണ് വെള്ളിയാഴ്ച നടക്കുന്നത്. 2.30 മുതല്‍ 3.45 വരെ ബയോളജിയും 4.00 മുതല്‍ 5.15വരെ കെമിസ്ട്രി, ഫിസിക്‌സ് പരീക്ഷയുമാണ്. സംസ്ഥാനത്തെ എട്ടു സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 300ലേറെ സീറ്റുകളിലേക്കാണ് പരീക്ഷ നടക്കുന്നത്. 70 ലക്ഷം രൂപവരെയാണ് ഒരു വിദ്യാര്‍ഥിയില്‍നിന്ന് തലവരിപ്പണമായി വാങ്ങുന്നത്. |
ഇഖാമ നിയമ ലംഘനം: 1000 ലധികം പേര്‍ പിടിയില്‍ Posted: 30 May 2013 11:00 PM PDT Image: കുവൈത്ത് സിറ്റി: ഇഖാമ നിയമ ലംഘകര്‍ക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന റെയ്ഡുകള്‍ അധികൃതര്‍ ശക്തമാക്കി. വിദേശികളുടെ താമസ സ്ഥലങ്ങളിലും കയറി റെയ്ഡ്് തുടങ്ങിയിട്ടുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളിലായി നടന്ന റെയ്ഡില്‍ 1000ലധികം പേരാണ് പിടിയിലായത്. കാപിറ്റല്‍ ഗവര്‍ണറേറ്റിലെ ബനീദ് അല്‍ ഗാറില്‍ നിന്നും 800 പേരെയും അഹ്മദി ഗവര്‍ണറേറ്റില്‍ നടന്ന റെയ്ഡുകളില്‍ 259 പേരെയുമാണ് പിടികൂടിയത്. |
ആംവേ മേധാവിയുടെ അറസ്റ്റ്: എ.ഡി.ജി.പിക്ക് അന്വേഷണച്ചുമതല Posted: 30 May 2013 10:35 PM PDT Image: തിരുവനന്തപുരം: ആംവേയുടെ ഇന്ത്യ മേധാവിയെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് നടപടി അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവിട്ടു. ഉത്തരമേഖലാ എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിക്കാണ് അന്വേഷണച്ചുമതല. താരതമ്യേന കുറഞ്ഞ തുകക്കുള്ള കേസുകളിലാണ് ആംവേ ഇന്ത്യാ മേധാവിയെ അറസ്റ്റ് ചെയ്തതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം. അറസ്റ്റിലെ ദുരൂഹത നീക്കാനാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. പൊലീസിന്റെ നീക്കങ്ങള്‍ നിയമപരമാണെന്ന് ഉറപ്പു വരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തട്ടിപ്പു നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നടപടികളില്‍ വിട്ടുവീഴ്ച വരുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ചയാണ് ആംവേ ഇന്ത്യ ചെയര്‍മാനും സി.ഇ.ഒയുമായ വില്യംസ്‌കോട്ട് പിങ്ക്‌നിയെ കോഴിക്കോട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കമ്പനി ഡയറക്ടര്‍മാരായ സഞ്ജയ് മല്‍ഹോത്രയേയും അന്‍ഷു ബുധ്‌രാജയെയും അറസ്റ്റ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ചിന്റെ അറസ്റ്റിനെ വിമര്‍ശിച്ച് കേന്ദ്ര കമ്പനികാര്യമന്ത്രി സച്ചിന്‍ പൈലറ്റ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. അറസ്റ്റ് നിരാശാജനകമാണെന്നും ഇത്തരം നടപടികള്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ശ്രമത്തെ ദോഷകരമായി ബാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നീക്കമെന്നാണ് കരുതുന്നത്.
|
ദുബൈയിലെ ഷോപ്പുകള്‍ ഇന്ന് സിഗരറ്റും പുകയില ഉല്‍പന്നങ്ങളും വില്‍ക്കില്ല Posted: 30 May 2013 10:20 PM PDT Image: Subtitle: ലോക പുകയില വിരുദ്ധ ദിനം ദുബൈ: ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്ന ഇന്ന് ദുബൈയിലെ ഷോപ്പുകളില്‍ സിഗരറ്റും പുകയില ഉല്‍പന്നങ്ങളും വില്‍ക്കില്ല. പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ദുബൈ മുനിസിപ്പാലിറ്റിയുടെ ശ്രമഫലമായാണ് നഗരത്തിലെ ഭൂരിഭാഗം കടകളും സിഗരറ്റ് വില്‍പനക്ക് വെള്ളിയാഴ്ച വിലക്ക് ഏര്‍പ്പെടുത്തിയത്. പെട്രോള്‍ സ്റ്റേഷനുകളും സൂപ്പര്‍മാര്‍ക്കറ്റുകളും അടക്കം 400ലധികം സ്ഥാപനങ്ങളും വിവിധ സ്ഥാപനങ്ങളുടെ ശാഖകളുമാണ് പുകയില വിരുദ്ധ ദിനത്തില്‍ ദുബൈ മുനിസിപ്പാലിറ്റിയുടെ പ്രവര്‍ത്തനത്തോട് സഹകരിക്കുന്നത്. പുകയിലയുടെ ദൂഷ്യവശങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനൊപ്പം ഇവയുടെ ഉപയോഗം ഒഴിവാക്കുന്നതും ലക്ഷ്യമിട്ടാണ് വില്‍പന നിര്‍ത്തിവെക്കുന്നത്. പുകയില വില്‍പന നിര്‍ത്തിവെക്കണമെന്ന ദുബൈ മുനിസിപ്പാലിറ്റിയുടെ അഭ്യര്‍ഥന 400ലധികം സ്ഥാപനങ്ങള്‍ സ്വമേധയാ സ്വീകരിക്കുകയായിരുന്നു. |
സി.ബി.എസ്.ഇ പത്താംതരം പരീക്ഷ: ജിദ്ദയിലെ സ്കൂളുകള്‍ക്ക് മികച്ച വിജയം Posted: 30 May 2013 10:12 PM PDT Image: ജിദ്ദ: സി.ബി.എസ്.ഇ പത്താംതരം ഫലം പ്രഖ്യാപിച്ചപ്പോള്‍ ജിദ്ദയിലെ സ്കൂളുകള്‍ മികച്ച വിജയം നേടി. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ പരീക്ഷയെഴുതിയ 804 പേരില്‍ 73 പേര്‍ സി.ജി.പി.എ ഗ്രേഡ് നേടിയതായി പ്രിന്‍സിപ്പല്‍ സയ്യിദ് മസൂദ് അഹ്മദ് അറിയിച്ചു. 747 പേര്‍ വിവിധ വിഷയങ്ങളില്‍ എ-വണ്‍ നേടിയത് സ്ക്കൂള്‍ ചരിത്രത്തിലെ പുതിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ: സി.ബി.എസ്.ഇ. പത്താംതരം ഫലം പ്രഖ്യാപിച്ചപ്പോള്‍ അല്‍ മവാരിദ് സ്കൂളിന് വീണ്ടും നൂറുമേനി. പരീക്ഷ എഴുതിയ 71 വിദ്യാര്‍ഥികളില്‍ മുഹമ്മദ് തബ്ശീര്‍, മുഹമ്മദ് മുസമ്മില്‍, മുഹമ്മദ് ശൗലാദ്, ശിഫ മുഹമ്മദലി എന്നിവര്‍ എ-വണ്‍ നേടി മുഴുവന്‍ മാര്‍ക്കോടെയാണ് വിജയിച്ചത്. 15 പേര്‍ക്ക് 95ശതമാനവും അതിലധികവും മാര്‍ക്ക് ലഭിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷവും പത്താതരം പരീക്ഷയില്‍ അല്‍മവാരിദ് നൂറ്മേനി നിലനിര്‍ത്തിയിരുന്നു. സമര്‍ഥരായ അധ്യാപകരുടെ കൂട്ടായ കഠിന പ്രയത്നമാണ് ഈ വിജയത്തിന് കാരണമെന്ന് സ്കൂള്‍ ചെയര്‍മാന്‍ അബ്ദുറഹീം ഫൈസി അഭിപ്രായപ്പെട്ടു. ഈ വിജയത്തിന് ആഹോരാത്രം പ്രയത്നിച്ച വിദ്യാര്‍ഥികളേയും അധ്യാപകരേയും പ്രിന്‍സിപ്പല്‍ കെ.എം. അബ്ദുല്‍ സമീദ്, മാനേജര്‍ കെ.ടി. മുഹമ്മദ് എന്നിവര്‍ അഭിനന്ദിച്ചു. ജിദ്ദ: അഹ്ദാബ് സ്കൂളില്‍ പരീക്ഷയെഴുതിയ 40 കുട്ടികളും വമ്പിച്ച വിജയം കരസ്ഥമാക്കി. ഏഴ് കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എവണും ബാക്കിയുള്ളവര്‍ 70 ശതമാനത്തിന് മീതേ മാര്‍ക്കോടെയും വിജയിച്ചു. മുഹമ്മദ് ശിബിലി (98%), മൈസരാ മസര്‍ഖാന്‍ (98%), ഷാനവാസ് അബൂബക്കര്‍ (96%), ഇ. ശഹാനാ (96%), അജ്മല്‍ ഖാന്‍ (94%), ബാസിത്ത് അലി (94%), ഫാത്തിമ രിഫ (94%) എന്നിവരാണ് എല്ലാവിഷങ്ങളിലും എവണ്‍ നേടിയത്. തിളക്കമാര്‍ന്ന വിജയം അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും കഠിനപ്രയത്നം മൂലമാണെന്ന് ചെയര്‍മാന്‍ സുലൈമാന്‍ കിഴിശ്ശേരി പറഞ്ഞു. ഖമീസ് മുശൈത്ത്: സി.ബി.എസ് സി പത്താം തരം ബോര്‍ഡ് പരീക്ഷയില്‍ മൂന്നാം തവണയും നൂറ് ശതമാനം വിജയം കൈവരിച്ച് ഖമീസ് അല്‍ജുനൂബ് സ്കൂള്‍ ശ്രദ്ധേയമായി. പരീക്ഷ എഴുതിയ 27 വിദ്യര്‍ഥികളും മികച്ച ഗ്രേഡ് പൊയന്റോടെ വിജയിച്ചു. എട്ടു പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് നേടി സ്കൂളിന്റെ അഭിമാനമായി. യഹ്യ അയാശഷ് ലുഖ്മാന്‍, അസ്റാര്‍, ശുഐബ് ഗസ്സാലി, നഫീസ ഹന്ന ഗാസി പ്രിമ, സുബ തസ്നീം , ശഹാന അബ്ദുല്‍ റഹീം, ഹുമൈറ ഇനായത്തുല്ല എന്നിവരാണ് എല്ലാ വിഷയങ്ങള്‍ക്കും എവണ്‍ ഗ്രേഡ് നേടിയത്. വിജയികളെ സ്കൂള്‍ ചെയര്‍മാന്‍ സുബൈര്‍ ചാലിയം സെക്രട്ടറി ജലീല്‍ കാവനൂര്‍ , സ്കൂള്‍ പ്രിന്‍സിപ്പല്‍ സിദ്ദീഖ് ചേലക്കോടാന്‍, വൈസ് പ്രിന്‍സിപ്പല്‍ മഅ്സൂം കോഴിക്കോട്, പി.ടി.എ പ്രസിഡന്റ് ഡോ. ലുഖ്മാന്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു. |
സ്വര്‍ണവിലയില്‍ വര്‍ധന; പവന് 20,400 രൂപ Posted: 30 May 2013 10:00 PM PDT Image: കൊച്ചി: ഒരാഴ്ചയായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വര്‍ധന. പവന് 320 രൂപ ഉയര്‍ന്ന് 20,400 രൂപയായി. ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 2550 രൂപയായി. മേയ് 24, വെള്ളിയാഴ്ച പവന് 200 രൂപ കൂടി 20,080 രൂപയായ വില ഒരാഴ്ചയായി മാറ്റമില്ലാതെ തുടരുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. മേയ് 15 മുതല്‍ സ്വര്‍ണ വില ഇടിയുകയായിരുന്നു. അഞ്ചു ദിവസങ്ങളിലായി 960 രൂപയുടെ ഇടിവുണ്ടായി. മേയ് 20 തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞ് 19,520 രൂപയായിരുന്നു. ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു അത്.
|
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment