സ്വാഗതം
WELCOME

News Update..

Saturday, May 18, 2013

താനൂര്‍ ഫിഷിങ് ഹാര്‍ബര്‍: ആഹ്ളാദം അലതല്ലി തീരദേശം Madhyamam News Feeds

താനൂര്‍ ഫിഷിങ് ഹാര്‍ബര്‍: ആഹ്ളാദം അലതല്ലി തീരദേശം Madhyamam News Feeds

Link to

താനൂര്‍ ഫിഷിങ് ഹാര്‍ബര്‍: ആഹ്ളാദം അലതല്ലി തീരദേശം

Posted: 18 May 2013 12:40 AM PDT

താനൂര്‍: ഫിഷിങ് ഹാര്‍ബറിന്‍െറ ശിലാസ്ഥാപനത്തിന് താനൂര്‍ തീരദേശം ഒരുങ്ങി. ഒരു വ്യാഴവട്ടകാലത്തെ താനൂരിലെ മത്സ്യത്തൊഴിലാളികളുടെ സ്വപ്നം ഞായറാഴ്ച പൂവണിയും. താനൂരിലെ 4000 ത്തോളം മത്സ്യത്തൊഴിലാളികളുടെ ആശങ്കയും പ്രതീക്ഷയുമായിരുന്നു മത്സ്യബന്ധന തുറമുഖം. ഏറെ കാത്തിരുന്നിട്ടാണെങ്കിലും സ്വപ്നം യാഥാര്‍ഥ്യമായതിന്‍െറ ആശ്വാസം താനൂരിലെ ഓരോ മത്സ്യത്തൊഴിലാളിയിലുമുണ്ട്.
ഹാര്‍ബറിന്‍െറ ഉദ്ഘാടന ചടങ്ങിന് സ്വാഗതമാശംസിച്ചുകൊണ്ട് നിരവധി ബോര്‍ഡുകളും ബാനറുകളും തീരദേശത്ത് ഉയര്‍ന്നു കഴിഞ്ഞു. വൈകുന്നേരം മൂന്നുമണിക്ക് നടക്കുന്ന ഉദ്ഘാടനത്തിനു മുമ്പ് നടക്കുന്ന സാംസ്കാരിക ഘോഷയാത്ര വര്‍ണാഭമാക്കാനുള്ള ഒരുക്കത്തിലാണ് തീരദേശത്ത സാംസ്കാരിക സംഘടനകള്‍.
 ഹാര്‍ബര്‍ യാഥാര്‍ഥ്യമാകുന്നതോടെ അറിയപ്പെടുന്ന മത്സ്യബന്ധനകേന്ദ്രമായി താനൂര്‍ മാറും. മേയ് 24ന് ഉദ്ഘാടനം ചെയ്യുന്ന കെട്ടുങ്ങള്‍ പാലം താനൂരിലും പരപ്പനങ്ങാടിയിലുമുള്ള മത്സ്യത്തൊഴിലാളികള്‍ താനൂര്‍ ഫിഷിങ് ഹാര്‍ബര്‍ ഉപയോഗപ്പെടുത്താന്‍ സാധ്യതയൊരുക്കും.
ഹാര്‍ബര്‍ നിലവില്‍ വരുന്നതിന് കേന്ദ്രമന്ത്രിമാരായ എ.കെ. ആന്‍റണിയും ഇ. അഹമ്മദും പാര്‍ലമെന്‍റംഗം ഇ.ടി. മുഹമ്മദ് ബഷീറും സര്‍വ പിന്തുണ നല്‍കിയതായി അബ്ദുറഹ്മാന്‍ രണ്ടത്താണി എം. എല്‍.എ പറഞ്ഞു. ഉദ്ഘാടനത്തിന് 2000 പേര്‍ക്കിരിക്കാവുന്ന കൂറ്റന്‍ പന്തലാണ് തീരദേശത്ത് നിര്‍മിക്കുന്നത്.
 

പരിസ്ഥിതിലോല മേഖല: അധികൃതര്‍ക്ക് താക്കീതായി ജനകീയ മാര്‍ച്ച്

Posted: 17 May 2013 11:59 PM PDT

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി, തിരുനെല്ലി വില്ലേജുകളെയും തവിഞ്ഞാല്‍ പഞ്ചായത്തിലെ പേരിയ വില്ലേജിനെയും പരിസ്ഥിതി ലോല പ്രദേശമാക്കി മാറ്റാനുള്ള നീക്കത്തിനെതിരെ അധികൃതര്‍ക്ക് താക്കീതായി  മാനന്തവാടിയില്‍ ജനകീയ മാര്‍ച്ച്. തിരുനെല്ലി, പേരിയ മനുഷ്യ സംരക്ഷണ സമിതികളുടെ നേതൃത്വത്തിലായിരുന്നു നോര്‍ത് വയനാട് വനം ഡിവിഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. വെള്ളിയാഴ്ച രാവിലെ 10.30ഓടെ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് ഉശിരന്‍ മുദ്രാവാക്യവുമായി മാര്‍ച്ചില്‍ അണിനിരന്നത്.
മാനന്തവാടി ഡിവൈ.എസ്.പി എ.ആര്‍. പ്രേംകുമാര്‍, സി.ഐ പി.എല്‍. ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ ഡി.എഫ്.ഒ ഓഫിസിന് മുന്നില്‍ മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ നേരിയ തോതില്‍ ബഹളമുണ്ടാക്കിയെങ്കിലും നേതാക്കളിടപെട്ട് ശാന്തരാക്കി. ഇതിനിടയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഏതാനും ആളുകള്‍ തടഞ്ഞെങ്കിലും നേതാക്കള്‍ ഇടപെട്ട് ഒഴിവാക്കി. തുടര്‍ന്ന് നടന്ന ധര്‍ണ എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.വി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി ചെയര്‍മാന്‍ കെ. ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു.
വിവിധ പാര്‍ട്ടി, സംഘടനാ നേതാക്കളായ സി.കെ. ശശീന്ദ്രന്‍, പി.വി. സഹദേവന്‍, ഇ.ജെ. ബാബു, എ.എം. നിഷാന്ത്, ജോസഫ് കളപ്പുര, പി.കെ. അമീന്‍, രൂപേഷ് കാട്ടിക്കുളം, ബാബു ഷജില്‍കുമാര്‍, റഫീഖ് കൈപ്പാണി, ബെന്നി ആന്‍റണി, പി.വി. ബാലകൃഷ്ണന്‍, ശശി പാറക്കല്‍, കെ.ജി. രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സമരക്കാര്‍ ഡി.എഫ്.ഒ ഓഫിസ് പരിസരത്ത് കഞ്ഞിവെച്ചു കുടിച്ചാണ് സമരം തുടര്‍ന്നത്.  വൈകുന്നേരത്തോടെയാണ് സമരം അവസാനിപ്പിച്ചത്.
 

ചെമ്പുകടവ് അംബേദ്കര്‍ കോളനിയില്‍ കുടിവെള്ളം കിട്ടാക്കനി

Posted: 17 May 2013 11:48 PM PDT

താമരശ്ശേരി: വൃത്തിഹീനമായ ജീവിതസാഹചര്യവും രോഗബാധയും മൂലം ദുരിതമനുഭവിക്കുന്ന ചെമ്പുകടവ് അംബേദ്കര്‍ ആദിവാസി കോളനിയില്‍ കുടിവെള്ളം കിട്ടാക്കനി. കാട്ടുപണിയ വിഭാഗത്തില്‍പെട്ട 23 കുടുംബങ്ങളാണ് കോളനിയിലുള്ളത്. വട്ടച്ചിറയില്‍ നിന്ന് പ്രകൃതിദത്ത നീരുറവ തടഞ്ഞുനിര്‍ത്തി ശേഖരിക്കുന്നവെള്ളമാണ് കോളനിയില്‍ കുടിവെള്ളമായി എത്തിയിരുന്നത്. പൈപ്പുകള്‍ പൊട്ടിത്തകര്‍ന്ന് കഴിഞ്ഞ ആറുമാസമായി ഇവിടെ കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്.
 ചെമ്പുകടവ് പുഴയിലെ മലിനമായ വെള്ളം കോരി തലച്ചുമടായി കൊണ്ടുവന്നാണ് കുന്നും പുറത്തുള്ള കോളനി നിവാസികള്‍  ഉപയോഗിക്കുന്നത്. വീടുകളോടനുബന്ധിച്ച് സാനിറ്റേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും വെള്ളമില്ലാത്തതിനാല്‍ പൊതുസ്ഥലത്താണ് മലമൂത്രവിസര്‍ജനം.
സ്ത്രീകളും കുട്ടികളുമടക്കം മദ്യത്തിനടിമയായത് കോളനിയിലെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കി. മദ്യപാനത്തിനു പുറമെ വെറ്റിലമുറുക്ക്, പുകവലി എന്നിവ കുട്ടികള്‍ വരെ ശീലിച്ചതിനാല്‍ വായ്പ്പുണ്ണ്, വിളര്‍ച്ച, അള്‍സര്‍ തുടങ്ങിയ അസുഖങ്ങള്‍ കോളനിയെ ഗ്രസിച്ചിരിക്കുകയാണ്.
107 അംഗങ്ങള്‍ മാത്രമാണ് കോളനിയിലുള്ളത്. പുരുഷന്മാരുടെ ശരാശരി ആയുസ്സ് 50ല്‍ താഴെയാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. മരം ലോഡിങ്ങാണ് പ്രധാനമായും പുരുഷന്മാരുടെ പണി. പണിക്കുലി മുഴുവന്‍ മദ്യപിക്കാനാണ് ഉപയോഗിക്കുന്നത്.
കോളനിയെ മദ്യത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനാണ് ഏറ്റവും മുന്തിയ പരിഗണന നല്‍കേണ്ടതെന്ന്  ഇവിടെ സന്ദര്‍ശിച്ച ജില്ലാ അഡീഷനല്‍ ഡി.എം.ഒ ഡോ. എം.കെ. അപ്പുണ്ണി അഭിപ്രായപ്പെട്ടു.
എന്നാല്‍ കോളനിയെ മദ്യവിമുക്തമാക്കുന്നതിനുള്ള നടപടിയുണ്ടാകുന്നില്ലെന്നതാണ് സത്യം. ഓരോ കോളനിയിലും  ആരോഗ്യവകുപ്പിന്‍െറ ആശാവര്‍ക്കര്‍മാര്‍ ഉണ്ടാവണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശമെങ്കിലും ഇവിടെ  നിയമിച്ചിട്ടില്ല. ട്രൈബല്‍ ഡിപാര്‍ട്ട്മെന്‍റ് നിയമിക്കേണ്ട ആദിവാസി പ്രമോട്ടറും ഇവിടെയില്ല. കോടഞ്ചേരി പി.എച്ച്.സി യിലെ ഡോക്ടര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ മാസത്തിലൊരിക്കല്‍ സന്ദര്‍ശിക്കാറുണ്ടെങ്കിലും കോളനി നിവാസികളുടെ നിസ്സഹകരണം മൂലം അവരുടെ ശ്രമവും പൂര്‍ണഫലം നല്‍കുന്നില്ല.

ലക്ഷദ്വീപില്‍ ബോട്ടപകടം; അഞ്ചു മരണം

Posted: 17 May 2013 11:16 PM PDT

Image: 

കവരത്തി: ലക്ഷദ്വീപിലെ കടമത്ത് ഉണ്ടായ ബോട്ടപകടത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. അമീനി ദ്വീപില്‍ നിന്നും കടമത്തേക്ക് പോയ അല്‍ അമീന്‍ എന്ന സ്വകാര്യ ബോട്ടാണ് അപകടത്തില്‍ പെട്ടത്.  ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. അമീനി സ്വദേശികളായ മുഹമ്മദ് കോയ, ഇയാളുടെ ഭാര്യ സൈനബി, മൂസ, പത്തും ഏഴും വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ എന്നിവരാണ് മരിച്ചത്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ബോട്ടില്‍ 29 പേര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി തീരദേശ സേനയും നേവിയും സ്ഥലത്തെത്തിയിട്ടുണ്ട്. ബോട്ടിലുണ്ടായ ബാക്കി ആളുകളെയെല്ലാം രക്ഷപ്പെടുത്തിയതായി പ്രദേശവാസിയായ പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥന്‍ കോയ 'ഓണ്‍ലൈന്‍ മാധ്യമ'ത്തോട് പറഞ്ഞു. കടമത്തിലെ ലഗൂണ്‍ എന്‍ട്രന്‍സിലൂടെ പ്രവേശിക്കവെ ബോട്ടില്‍ വെള്ളം കയറുകയായിരുന്നത്രെ.

അമീനിയില്‍ നിന്നും ഒരു മണിക്കൂര്‍ യാത്രയാണ് കടമത്തിലേക്ക് ഉള്ളത്. ലക്ഷദ്വീപ് കലക്ടര്‍, പൊലീസ് സുപ്രണ്ട് എന്നിവര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

നിയമ ലംഘനത്തിന്‍െറ പേരില്‍ പരിശോധന വ്യാപകം; പ്രവാസികള്‍ ആശങ്കയില്‍

Posted: 17 May 2013 10:49 PM PDT

Image: 

കുവൈത്ത് സിറ്റി: രാജ്യത്തെ താമസ, ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നതിന്‍െറ പേരില്‍ പരിശോധനകള്‍ വ്യാപകമായതോടെ വിദേശികള്‍ ആശങ്കയില്‍. മലയാളികളടക്കമുള്ള പ്രവാസികളില്‍ ഭൂരിഭാഗവും ഏറെ ഭയത്തോടെയാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്.
ഗള്‍ഫിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്വദേശിവല്‍ക്കരണം മൂലം വിദേശികള്‍ക്ക് ഏറെ ഭീഷണിയുയര്‍ത്തുന്ന കാലത്തുതന്നെയാണ് കുവൈത്തിലും വ്യാപകമായ പരിശോധന ദിവസം തോറും ശക്തമായി വരുന്നത്. സ്വദേശിവല്‍ക്കരണം ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ വ്യക്തമായ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിവിധ മന്ത്രാലയങ്ങളുടെ കീഴില്‍ വിദേശികളെ കുറക്കാനുള്ള നീക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. നിയമം നടപ്പാക്കുന്നതില്‍ അധികൃതര്‍ പുലര്‍ത്തിയിരുന്ന അശ്രദ്ധയും സ്വദേശികള്‍ തന്നെ ഇവ ഉപയോഗപ്പെടുത്തി തുറന്നെടുക്കുന്ന പഴുതുകളും വഴിയാണ് സാധാരണക്കാരായ പ്രവാസികളില്‍ ഏറെ പേരും അന്യദേശത്ത് പിടിച്ചുനില്‍ക്കുന്നത്. താമസ നിയമം ഏറക്കാലമായി നടപ്പിലുള്ളതാണെങ്കിലും അവയിലെ ചില സാധ്യതകളും മറ്റും മുതലെടുത്താണ് നിയമ ലംഘകരില്‍ ഭൂരിഭാഗവും രാജ്യത്ത് തുടരുന്നത്.
പുതിയ തൊഴില്‍ മന്ത്രി ദിക്റ അല്‍ റഷീദിയുടെ രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം ക്രമേണ കുറക്കുമെന്ന സമീപകാല പ്രഖ്യാപനമാണ് വിദേശികള്‍ക്കിടയില്‍ അങ്കലാപ്പ് സൃഷ്ടിച്ചത്. പത്ത് വര്‍ഷം കൊണ്ട് പത്ത് ലക്ഷം വിദേശ തൊഴിലാളികളെ കുറക്കുക എന്ന ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായി വര്‍ഷം തോറും ഒരു ലക്ഷം പേരെ കുറക്കും എന്നാണ് തൊഴില്‍ മന്ത്രി പ്രഖ്യാപിച്ചിരുന്നത്. ഇടക്ക് മന്ത്രി തന്നെ ഇത് നിഷേധിച്ചെങ്കിലും ആ ലക്ഷ്യത്തിലേക്കുള്ള പദ്ധതികള്‍ ആസുത്രണം ചെയ്തുവരികയാണെന്നും വ്യക്തമാക്കിയിരുന്നു. തൊഴില്‍ മന്ത്രാലയത്തിലെ തന്നെ പല പ്രമുഖരും മന്ത്രിയുടെ പ്രഖ്യാപനം അപ്രായോഗികമാണെന്ന് പ്രഖ്യപിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ അനധികൃത താമസക്കാര്‍ക്കുവേണ്ടിയുള്ള പരിശോധനകള്‍ ഏറെ വ്യാപകമാക്കിയിട്ടുമുണ്ട്. അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ മാത്രം അടിസ്ഥാനമാക്കുകയാണെങ്കില്‍ രണ്ടു മാസത്തിനിടെ രണ്ടായിരത്തോളം അനധികൃത താമസക്കാരെ പിടികൂടിയിട്ടുണ്ട്. ഇവരില്‍ പകുതിയോളം പേരെ നാടുകടത്തുകയും ചെയ്തു. ഇമിഗ്രേഷന്‍ വകുപ്പ് കഴിഞ്ഞവര്‍ഷാവസാനം പുറത്തുവിട്ട കണക്കുപ്രകാരം ഒരു 95,000 അനധികൃത താമസക്കാരുണ്ട് കുവൈത്തില്‍. ഇതില്‍ തന്നെ 22,000 ഓളം പേര്‍ ഇന്ത്യക്കാരാണ്. ഇവരുടെ എണ്ണം ഗണ്യമായ തോതില്‍ കുറക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യം.
ഏറക്കാലമായി ഇഖാമ ഇല്ലാതെ രാജ്യത്ത് തുടരുന്നവരും ഇഖാമ കാലാവധി തീര്‍ന്നവരും സ്പോണ്‍സര്‍ മാറി ജോലി ചെയ്യുന്നവരുമൊക്കെ പരിശോധനയില്‍ പിടിയിലാവുന്നുണ്ട്. തൊഴിലിടങ്ങളില്‍ എത്തുന്ന പരിശോധകര്‍ അരിച്ചുപെറുക്കിയുള്ള പരിശോധനയാണ് നടത്തുന്നത് എന്നതിനാല്‍ തന്നെ ഏറെ പേര്‍ പിടിയിലാവുന്നു. അടുത്തിടെ ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ നടത്തിയ വ്യാപക പരിശോധന ഇത്തരത്തിലുള്ളതായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍െറ മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശോധന.
ഇതിനിടെയാണ് അടുത്ത കാലത്തായി ട്രാഫിക് പരിശോധനയും ഏറെ കര്‍ശനമാക്കിയത്. രാജ്യത്തെ അനുദിനം മുറുകുന്ന ഗതാഗതക്കുരുക്കിന് കാരണം വാഹനപ്പെരുപ്പമാണെന്നും ഇത് കുറക്കാന്‍ എളുപ്പമാര്‍ഗം വിദേശികള്‍ വാഹനമോടിക്കുന്നത് കഴിയുന്നത്ര കുറക്കുകയുമാണെന്ന നിഗമനത്തില്‍ അധികൃതര്‍ എത്തിയതിന്‍െറ അടിസ്ഥാനത്തിലാണ് ട്രാഫിക് പരിശോധന ശക്തമാക്കിയത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ട്രാഫിക് വകുപ്പിന്‍െറ ചുമതലയുള്ള അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറിയായി മേജര്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അലി ചര്‍ജെടുത്തതോടെ എല്ലാ ദിവസവും വിവിധയിടങ്ങളില്‍ വ്യപകമായ പരിശോധനയാണ് അരങ്ങേറുന്നത്.
ലൈസന്‍സില്ലാതെ വാഹനമോടിക്കല്‍, റെഡ് സിഗ്നല്‍ കട്ട് ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളില്‍പ്പെടുന്ന വിദേശികളെ ഉടന്‍ നാടുകടത്തുകയെന്ന കടുത്ത ശിക്ഷയാണ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ചെറിയ നിയമ ലംഘനത്തിനുപോലും കടുത്ത ശിക്ഷ കിട്ടുമെന്നതിനാല്‍ പ്രവാസികള്‍ വാഹനമോടിക്കാന്‍ ഏറെ ഭയപ്പെടുന്ന അവസ്ഥയാണ്.
വിദേശികള്‍ കൂടുതലായി താമസിക്കുന്ന മേഖലകളും ഒരുമിച്ചുകൂടുന്ന ഏരിയകളും തെരഞ്ഞെടുത്താണ് പരിശോധനകള്‍ വ്യാപകമാക്കിയിരിക്കുന്നത്. ഒരേസമയം താമസ നിയമ ലംഘന പരിശോധനയും ട്രാഫിക് പരിശോധനയും അരങ്ങേറുന്നുണ്ട്. ഒരു ദിവസം തന്നെ വിവിധയിടങ്ങളില്‍ വാഹന പരിശോധനക്ക് വിധേയമാകേണ്ടിവരുന്നതായി അനുഭവസ്ഥര്‍ പറയുന്നു. വിദേശികളാണെന്ന് മനസ്സിലാവുന്നതോടെ തന്നെ തടഞ്ഞ് പരിശോധിക്കുകയാണ് മിക്കയിടങ്ങളിലും. തുടര്‍ച്ചയയാ ചെക്കിങ് രാത്രികളിലും മറ്റും ജോലിയുടെ ഭാഗമായി വാഹനമോടിക്കുന്നവര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു.
 

ഡോ. സല്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍സുദൈരി നിര്യാതനായി

Posted: 17 May 2013 10:33 PM PDT

Image: 

റിയാദ്: സൗദി രാജകുടുംബാംഗവും സാമ്പത്തിക ശാസ്ത്ര അധ്യാപകനും പ്രമുഖ വ്യവസായിയുമായ ഡോ. സല്‍മാന്‍ ബിന്‍ മുഹമ്മദ് അഹ്മദ് അല്‍സുദൈരി നിര്യാതനായി. 51 വയസായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലിന് റിയാദ് ഒലയയിലെ വീട്ടില്‍ ഉറക്കത്തിനിടെയായിരുന്നു അന്ത്യം. ശനിയാഴ്ച വൈകിട്ട് ദീറയിലെ ഇമാം തുര്‍ക്കി മസ്ജിദില്‍ മയ്യിത്ത് നമസ്കാരം നടക്കും.  അന്തരിച്ച മുന്‍ സൗദി ആഭ്യന്തര മന്ത്രി നായിഫ് ബിന്‍ അബ്ദുല്‍ അസീസ് ആല്‍സുഊദിന്‍െറ ഭാര്യാസഹോദരനും ഫൈസല്‍ രാജാവിന്‍െറ മകളുടെ ഭര്‍ത്താവുമാണ്. ആലുസുഊദ് രാജകുടുംബവുമായി അടുത്ത ബന്ധമുള്ള സുദൈരി കുടുംബത്തില്‍ 1962 സെപ്റ്റംബര്‍ 25നായിരുന്നു ജനനം. ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയില്‍നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദവും ബ്രിട്ടനിലെ വെയ്ല്‍സ് യൂനിവേഴ്സിറ്റിയില്‍നിന്ന് ഇതേ വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ ഡോ. സല്‍മാന്‍, 1990 മുതല്‍ 97 വരെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയിലെ ധനശാസ്ത്ര വിഭാഗത്തില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. 1980 മുതല്‍ വ്യവസായ രംഗത്ത് സജീവമായ അദ്ദേഹം, മരണം വരെ താന്‍ സ്ഥാപിച്ച സ്മാസ് ഗ്രൂപ്പിന്‍െറ ചെയര്‍മാനായിരുന്നു. സൗദി ഗവണ്‍മെന്‍റിന്‍െറ ഉന്നത പദവിയിലേക്ക് പരിഗണിക്കപ്പെടാനിരിക്കെയാണ് മരണം.
ചരിത്രാന്വേഷകന്‍ എന്ന നിലയില്‍ സൗദിയില്‍ ഏറെ പ്രശസ്തനാണ് ഡോ. സല്‍മാന്‍ അല്‍സുദൈരി. പുരാവസ്തുക്കളുടെ പര്യവേഷണത്തിലും സംരക്ഷണത്തിലുമുള്ള തന്‍െറ അടങ്ങാത്ത അഭിനിവേശവും താല്‍പര്യവും മൂലം അദ്ദേഹം സൗദി കമീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് ആന്‍റിക്യുറ്റീസ് (എസ്.സി.ടി.എ)യുമായി സജീവബന്ധം പുലര്‍ത്തിയിരുന്നു. കമീഷന്‍ 2012ല്‍ പുരാവസ്തു അന്വേഷണത്തിനും സംരക്ഷണത്തിനും ആരംഭിച്ച ദേശീയ കാമ്പയിനില്‍ മുന്‍നിരയില്‍നിന്ന അദ്ദേഹം, പുരാവസ്തു വകുപ്പിന് ശ്രദ്ധേയ നേട്ടങ്ങള്‍ സൃഷ്ടിച്ചു.
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് കണ്ടെടുത്ത നിരവധി പുരാവസ്തുക്കള്‍ അദ്ദേഹം എസ്.സി.ടി.എക്ക് കൈമാറി. ഹിജ്റ ആറാം നൂറ്റാണ്ടിലേതെന്ന് തെളിഞ്ഞ ഒരു സ്മാരകശില അദ്ദേഹം കണ്ടെടുത്തില്‍ പ്രധാനപ്പെട്ട ചരിത്ര വസ്തുവാണ്. കഴിഞ്ഞുപോയ കാലങ്ങളിലെ മാനവചരിത്രങ്ങള്‍ രേഖപ്പെടുത്തപ്പെട്ട കല്ലും കളിമണ്ണും മരവും കൊണ്ടുള്ള നിരവധി പുരാവസ്തുക്കള്‍ സമ്പാദിച്ച് പൊതുസമക്ഷം സമര്‍പ്പിച്ചു. ശില്‍പങ്ങളും വിളക്കുകളും കല്‍ത്തൂണുകളും കല്ലിലെ കൊത്തുപണികളും മറ്റും ഇതില്‍പ്പെടുന്നു. പ്രാചീന അറബ് ജനതയുടെ സാംസ്കാരിക ജീവിതങ്ങള്‍ അടയാളപ്പെട്ട നിരവധി പുരാവസ്തുക്കള്‍ ഇനിയുമേറെ കണ്ടെത്താനുണ്ടെന്നും ഖനനം ചെയ്യേണ്ട നിരവധി ചരിത്രപ്രധാന പ്രദേശങ്ങള്‍ സൗദിയിലുണ്ടെന്നും അത്തരത്തിലൊരു കാമ്പയിന്‍ തുടങ്ങിയാല്‍ അതിന് മുന്നില്‍ താനുണ്ടാകുമെന്നും കഴിഞ്ഞവര്‍ഷം പുരാവസ്തുക്കള്‍ എസ്.സി.ടി.എ വൈസ് പ്രസിഡന്‍റ് ഡോ. അലി ബിന്‍ ഇബ്രാഹിം അല്‍ഗബാന് കൈമാറുമ്പോള്‍ അദ്ദേഹം പ്രസ്താവിച്ചിരുന്നു. നാഷനല്‍ മ്യൂസിയങ്ങള്‍ക്ക് കൈമാറിയ ഈ പുരാവസ്തുക്കളെല്ലാം 27ാമത് ജനാദ്രിയ പൈതൃകോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചു. അരശതകം പിന്നിട്ട പ്രവാസത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്തി ‘ഗള്‍ഫ് മാധ്യമം’ പ്രസിദ്ധീകരിച്ച ‘മുദ്ര’ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദില്‍നിന്ന് ഏറ്റുവാങ്ങി 2012 മേയ് 24ന് റിയാദില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തത് ഡോ. സല്‍മാന്‍ അല്‍സുദൈരിയാണ്. ദേശങ്ങളുടെയും ജീവിതം തേടിയലഞ്ഞ മനുഷ്യരുടെയും ചരിത്ര പുസ്തകമായ ‘മുദ്ര’യുടെ പ്രകാശനം അദ്ദേഹത്തിന്‍െറ കൈകളാലായത് ചരിത്രത്തിന്‍െറ കാവ്യനീതിയായി.
ഫൈസല്‍ രാജാവിന്‍െറ മകളും സൗദി വിദേശകാര്യ മന്ത്രി സഊദ് അല്‍ഫൈസലിന്‍െറ സഹോദരിയുമായ മിശ്അലാണ് ഡോ. സല്‍മാന്‍െറ ഭാര്യ. ഫഹദ് ബിന്‍ സല്‍മാന്‍, ഖാലിദ് ബിന്‍ സല്‍മാന്‍, അനൂദ് ബിന്‍ത് സല്‍മാന്‍, ഹല ബിന്‍ത് സല്‍മാന്‍ എന്നിവരാണ് മക്കള്‍.
 

ഒമാനില്‍ പിക്കപ്പ് വാനും ട്രെയിലറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു

Posted: 17 May 2013 10:31 PM PDT

Image: 

മസ്കത്ത്: ഒമാനിലെ ആദമില്‍ മലയാളികള്‍ സഞ്ചരിച്ച പിക്കപ്പ് വാനും ട്രെയിലറും കൂട്ടിയിടിച്ച്  ഒരാള്‍ മരിച്ചു. മലപ്പുറം കരിക്കാട് ജിതേഷ് (28) ആണ് മരിച്ചത്.
ജിതേഷിന്‍െറ സുഹൃത്തുക്കളായ അജാസ് (കോട്ടയം, എരുമേലി), മനോജ് (കാസര്‍കോട്), രാമചന്ദ്രന്‍ (തിരുവനന്തപുരം, മണക്കാട്), വിനയകുമാര്‍ (മലപ്പുറം), അഭിലാഷ് (എറണാകളും, പറവൂര്‍) എന്നിവരെ പരിക്കുകളോടെ ആദം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ വിനയകുമാര്‍, രാമചന്ദ്രന്‍ എന്നിവരെ വിദഗ്ധ ചികിത്സക്കായി നിസ്വ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നലെ വൈകിട്ട് 6.30ഓടെ ആദം ഷെല്‍ പെട്രോള്‍ ബങ്കിന് സമീപമാണ് അപകടമുണ്ടായത്.
അവധി ദിവസമായതിനാല്‍ തൊട്ടടുത്തുള്ള വാദിയില്‍ കുളിക്കാന്‍ പോവുന്നതിനിടെയാണ് സംഘം അപകടത്തില്‍പെട്ടത്. സലാലയില്‍ നിന്ന് വന്ന ട്രെയിലര്‍ പിക്കപ്പില്‍ ഇടിക്കുകയായിരുന്നു. മൃതദേഹം ആദം ആശുപത്രി മോര്‍ച്ചറിയില്‍. നിര്‍മാണ കമ്പനിയിലെ ജോലിക്കാരനായിരുന്നു ജിതേഷ്. രണ്ടു മാസം മുമ്പാണ് ഇയാള്‍ ജോലിക്കെത്തിയത്. ഭാര്യയും ഒരു കുട്ടിയുമുണ്ട്. പരിക്കേറ്റവരില്‍ രണ്ടു പേര്‍ കര്‍ട്ടനുണ്ടാക്കുന്ന കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ്. മറ്റുള്ളവര്‍ നിര്‍മാണ കമ്പനിയിലെ ജീവനക്കാരാണ്.

കൈക്കൂലി: കല്‍ക്കരിപ്പാടം അഴിമതി അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Posted: 17 May 2013 09:57 PM PDT

Image: 

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി അന്വേഷിക്കുന്ന സി.ബി.ഐ ടീമിലുള്‍പ്പെട്ട ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയതിന് അറസ്റ്റില്‍. വിവേക് ദത്ത് എന്ന ഉദ്യോഗസ്ഥനെയാണ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഏഴ് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സി.ബി.ഐയുടെ തന്നെ വിജിലന്‍സ് യൂണിറ്റ് അറസ്റ്റ് ചെയ്തത്.

കല്‍ക്കരിപ്പാടം അന്വേഷണവുമായി ബന്ധപ്പെട്ടല്ല വിവേക് ദത്ത് കൈക്കൂലി വാങ്ങിയതെന്നും അറസ്റ്റ് വിവരം സുപ്രീംകോടതിയെ അറിയിക്കുമെന്നും സി.ബി.ഐ അറിയിച്ചു.

മനുഷ്യക്കടത്ത്: ഇന്ത്യക്കാരനടക്കം രണ്ടു പേര്‍ക്ക് അമേരിക്കയില്‍ മൂന്ന് വര്‍ഷം തടവ്

Posted: 17 May 2013 09:30 PM PDT

Image: 

വാഷിങ്ടണ്‍: വ്യാജ വിസയില്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് ആളുകളെ കടത്തിയ കേസില്‍ ഇന്ത്യക്കാരനടക്കം മൂന്നു വര്‍ഷം തടവ്. ടെക്സസിലെ ജില്ലാ ജഡ്ജിയാണ് കൗശിക് ജയന്തിഭായ് താക്കര്‍ എന്ന ഇന്ത്യന്‍ പൗരനും ബ്രസീലുകാനായ ഫാബിയാനോ ഓഗസ്റ്റോ അമോറിം എന്നയാള്‍ക്കും തടവ് വിധിച്ചത്.

2012 ഡിസംബര്‍ രണ്ടിനും, 2013 ജനുവരി നാലിനുമാണ് ഇരുവരും ചേര്‍ന്ന് മതിയായ രേഖകളില്ലാതെ ആളുകളെ ഇന്ത്യയില്‍ നിന്നും അമേരിക്കയിലെത്തിച്ചത്. ഇതിനായി 60,000 ഡോളറാണ് ഇവര്‍ ഓരോരുത്തരിലും നിന്നും ഈടാക്കിയത്. ഇത്തരത്തില്‍ അമേരിക്കയിലേക്ക് കടന്ന പലര്‍ക്കും കള്ളക്കടത്തുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കൗശികിനെയും ഫാബിയാനോയേയും സൗത്ത് അമേരിക്കയില്‍ നിന്നും സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നുമുള്ള ആളുകള്‍ മനുഷ്യക്കടത്തിനായി സഹായിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്.

രാഹുല്‍ ഗാന്ധി ഇന്ന് തിരുവനന്തപുരത്ത്

Posted: 17 May 2013 09:14 PM PDT

Image: 

തിരുവനന്തപുരം: കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി ശനിയാഴ്ച തിരുവനന്തപുരത്തെത്തും. കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയുടെ കേരളയാത്ര സമാപന ചടങ്ങില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തുന്നത്.

ഉച്ചയ്ക്ക് മൂന്നരയ്ക്ക് വ്യോമസേന വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലാണ് രാഹുല്‍ എത്തുക. ഒന്നര മണിക്കൂറാണ് അദ്ദേഹം കേരളത്തിലുണ്ടാകുക.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP