സ്വാഗതം
WELCOME

News Update..

Monday, May 6, 2013

കാക്കത്തോപ്പില്‍ കടല്‍കയറ്റത്തിന് ശമനമില്ല; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക് Madhyamam News Feeds

കാക്കത്തോപ്പില്‍ കടല്‍കയറ്റത്തിന് ശമനമില്ല; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക് Madhyamam News Feeds

Link to

കാക്കത്തോപ്പില്‍ കടല്‍കയറ്റത്തിന് ശമനമില്ല; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

Posted: 06 May 2013 12:17 AM PDT

ഇരവിപുരം:  കാക്കത്തോപ്പില്‍ കടല്‍കയറ്റം തുടരുന്നു. പുലിമുട്ട് നിര്‍മിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ ഞായറാഴ്ചയും തീരദേശറോഡിലൂടെയുള്ള ഗതാഗതം തടഞ്ഞു. ഇരവിപുരത്ത് പുലിമുട്ടുകള്‍ നിര്‍മിക്കുന്നതിനായി ഐ.ഐ.ടി തയാറാക്കിയ പഠനറിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. രണ്ടുവര്‍ഷംമുമ്പാണ് മദ്രാസ് ഐ.ഐ.ടിയില്‍നിന്നത്തെിയ വിദഗധസംഘം താന്നി ലക്ഷ്മിപുരം തോപ്പുമുതല്‍ മുണ്ടക്കല്‍ വരെ ചെറുപുലിമുട്ടുകള്‍ സ്ഥാപിക്കുന്നതിനായുള്ള സര്‍വേ നടത്തിയത്. സര്‍വേ റിപ്പോര്‍ട്ട് ഐ.ഐ.ടിയില്‍ നിന്ന് വാങ്ങി സര്‍ക്കാറിലേക്ക് നല്‍കാന്‍ ഇറിഗേഷന്‍വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ളെന്ന ആരോപണവും ശക്തമാണ്. കൊല്ലം തുറമുഖത്തിന്‍െറ നവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഡ്രഡ്ജിങ്ങാണ് കാക്കത്തോപ്പ് ഭാഗത്ത് കരയിടിച്ചിലിന് കാരണമാകുന്നതെന്നാണ് തീരദേശവാസികള്‍ പറയുന്നത്.
കൊല്ലത്ത് തുറമുഖം സ്ഥാപിക്കുന്നതിനായി നടത്തിയ പരിസ്ഥിതി ആഘാതപഠനത്തില്‍ പുലിമുട്ടുകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചിരുന്നതായി കോര്‍പറേഷന്‍ കൗണ്‍സിലര്‍ ബിനു പറയുന്നു. എന്നാലിത് മുഖവിലക്കെടുക്കാതെ  ഡ്രഡ്ജിങ് നടത്തിയതാണ് തീരദേശ തോപ്പ് തകരുന്നതിനും കരയിടിച്ചിലിനും കാരണമെന്ന് അദ്ദേഹം ആരോപിച്ചു.
പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച വൈകുന്നേരം ഇരവിപുരത്ത് തീരദേശസംരക്ഷണസമിതി യോഗം ചേര്‍ന്നു. പുലിമുട്ട് നിര്‍മിക്കുന്നതിനും പോര്‍ട്ടിലെ ഡ്രഡ്ജിങ് നിര്‍ത്തിവെക്കുന്നതിനും നടപടികളുണ്ടായില്ളെങ്കില്‍ ദേശീയപാത ഉപരോധിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. കടല്‍കയറ്റം ശക്തമായതിനെതുടര്‍ന്ന് വൈദ്യുതിബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി തീരദേശറോഡിലെ വൈദ്യുതിപോസ്റ്റുകള്‍ മാറ്റിസ്ഥാപിച്ചു. കടല്‍ കയറി കര ഇടിഞ്ഞതോടെ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി.കഴിഞ്ഞ മൂന്നുമാസംമുമ്പ് ഇവിടെയുണ്ടായ കടല്‍കയറ്റത്തില്‍ ഏതാനും കട്ടമരങ്ങള്‍ നശിച്ചിരുന്നു. ഇവര്‍ക്ക് ഇതുവരെയും യാതൊരു ധനസഹായവും ലഭിക്കാത്തത് മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കടല്‍കയറ്റം തുടരുന്ന ഭാഗങ്ങളില്‍ ഇറിഗേഷന്‍ വകുപ്പിന്‍െറ നേതൃത്വത്തില്‍ പാറയിറക്കി റോഡ് ബലപ്പെടുത്തുന്ന ജോലികളും ആരംഭിച്ചു.
 

തീരദേശത്ത് ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍ സ്ഥാപിക്കാന്‍ നഗരസഭ

Posted: 06 May 2013 12:11 AM PDT

പൂന്തുറ: തീരദേശമേഖലയില്‍ നഗരസഭയുടെ കീഴില്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍ സ്ഥാപിക്കുന്നു.
തീരദേശത്തെ കൗമാരക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കാനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുമാണ് സെന്‍ററുകള്‍ സ്ഥാപിക്കുന്നത്.
ആദ്യഘട്ടത്തില്‍ വിഴിഞ്ഞം, പൂന്തുറ, മാണിക്യവിളാകം, വലിയവിളാകം തുടങ്ങിയ വാര്‍ഡുകളില്‍ സെന്‍ററുകള്‍ സ്ഥാപിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ടില്‍നിന്ന് ഒരുകോടി  ഇതിനായി അനുവദിച്ചിട്ടുള്ളത്. പദ്ധതി ആദ്യം ആരംഭിക്കുന്ന പൂന്തുറ വാര്‍ഡില്‍ 10 സെന്‍റ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി നഗരസഭാ അധികൃതര്‍ പറഞ്ഞു.
 ആരോഗ്യവിഭാഗം നടത്തിയ സര്‍വേയില്‍ കൗമാരക്കാരായ പെണ്‍കുട്ടികളില്‍ കൂടുതല്‍ സമ്മര്‍ദവും ആത്മവിശ്വാസക്കുറവും കണ്ടത്തെിയിരുന്നു.
ഒരു വാര്‍ഡ് കൗണ്‍സിലറും ഡോക്ടറും അഭിഭാഷകനും ഉള്‍പ്പെടുന്നതായിരിക്കും സെന്‍റര്‍. നഗരസഭ നിയോഗിക്കുന്ന വളണ്ടിയര്‍മാരും ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കും.  അറിവ് വളര്‍ത്തുക യെന്ന ലക്ഷ്യത്തോടെ സെന്‍ററില്‍ പുസ്തകങ്ങളും ലഭ്യമാകും. രാത്രികാലങ്ങളില്‍ ക്ളാസുകളും ശില്‍പശാലകളും സംഘടിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. ഇതോടൊപ്പം മുതിര്‍ന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സലിങ് ലഭ്യമാക്കുക എന്ന ലക്ഷ്യവും റിസോഴ്സ് സെന്‍ററിനുണ്ട്. തീരദേശത്തെ കൗമാരക്കാരായ ആണ്‍കുട്ടികളില്‍ പലരും ഇടയ്ക്കുവെച്ച് പഠനം നിര്‍ത്തുകയും പുകവലി, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങിയവക്ക് അടിമകളാവുകയും ചെയ്യുന്നുണ്ട്.
ഇത്തരക്കാര്‍ക്കും റിസോഴ്സ് സെന്‍ററില്‍ നിന്ന് സഹായം നല്‍കും.
ഇവര്‍ക്കായി ബോധവത്കരണ ക്ളാസുകളും ചെറിയ സമ്പാദ്യ പദ്ധതികളും ആരംഭിക്കും.
 

തളിക്കുളത്ത് പള്ളിയുടെ രൂപക്കൂട് തകര്‍ത്തു

Posted: 05 May 2013 11:59 PM PDT

വാടാനപ്പള്ളി: തളിക്കുളം പത്താംകല്ലില്‍ ക്രിസ്ത്യന്‍പള്ളിക്ക് നേരെ രാത്രിയില്‍ സാമൂഹികവിരുദ്ധരുടെ  ആക്രമണം. കല്ളേറില്‍ പള്ളിക്ക് മുമ്പിലെ വി. അന്തോണീസ് പുണ്യാളന്‍െറ രൂപകൂടിന്‍െറ ചില്ലുകള്‍ തകര്‍ന്നു. രൂപം ഇളകി ചെരിഞ്ഞു.
പത്താംകല്ല് വളവില്‍ ദേശീയപാതക്ക് സമീപം സെന്‍റ് മേരീസ് ചര്‍ച്ചിന് നേരെ ഞായറാഴ്ച പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായതെന്ന് കരുതുന്നു.  രാവിലെ വിശ്വാസികള്‍ പ്രാര്‍ഥനക്ക് പള്ളിയില്‍ വന്നപ്പോഴാണ് രൂപകൂടിന്‍െറ ചില്ലുകള്‍ തകര്‍ന്നത് കണ്ടത്. പ്രാര്‍ഥനക്ക് ശേഷം വിശ്വാസികള്‍ പ്രതിഷേധപ്രകടനവും യോഗവും സംഘടിപ്പിച്ചു.
സ്ത്രീകളടക്കം നിരവധി പേര്‍ പങ്കെടുത്തു. അതേ സമയം സമാധാനം തകര്‍ക്കാനാണ് പള്ളിക്ക് നേരെ ആക്രമണം നടത്തിയതെന്നും പൊലീസ് ഊര്‍ജിതമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്നും ബ്ളോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ഡി.സി.സി അംഗവുമായ മുനീര്‍ ഇടശ്ശേരി ആവശ്യപ്പെട്ടു. രാത്രികാല പൊലീസ് പട്രോളിങ് ഊര്‍ജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാതി പ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

കെ.ജി.എസിന്‍െറ പ്രതീക്ഷ സെസ് പ്രഖ്യാപനത്തില്‍

Posted: 05 May 2013 11:53 PM PDT

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് 232 ഏക്കര്‍ മിച്ചഭൂമിയായി ഏറ്റെടുത്തെങ്കിലും വിമാനത്താവള നിര്‍മാണക്കമ്പനിയായ കെ.ജി.എസ് പ്രതീക്ഷ കൈവിടുന്നില്ല. പ്രദേശം പ്രത്യേക സാമ്പത്തിക മേഖലയായി (സെസ്)   പ്രഖ്യാപിക്കപ്പെട്ടാല്‍ ഇപ്പോള്‍ ഏറ്റെടുക്കുന്ന ഭൂമി പദ്ധതിക്കായി വിട്ടുകിട്ടുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് ഇപ്പോഴുണ്ടായ മിച്ചഭൂമി ഏറ്റെടുക്കല്‍ നടപടി തടസ്സമാകില്ളെന്ന് വിമാനത്താവള നിര്‍മാണക്കമ്പനിയായ കെ.ജി.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ടി. നന്ദകുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. പദ്ധതി സ്ഥലത്ത് മിച്ചഭൂമി ഏറ്റെടുത്താലും ആ ഭൂമി പൊതു ആവശ്യത്തിനായി വിട്ടുനല്‍കാന്‍ സര്‍ക്കാറിനാകുമെന്നും പദ്ധതിയില്‍ സര്‍ക്കാര്‍ ഓഹരി എടുക്കുന്നതിനാല്‍ ഭൂമി തങ്ങള്‍ക്ക് വിട്ടുനല്‍കുമെന്നാണ് കരുതുന്നതെന്നും നന്ദകുമാര്‍ പറഞ്ഞു. പ്രത്യേക സാമ്പത്തിക മേഖലയായി പദ്ധതി പ്രദേശം മാറിയാല്‍ പദ്ധതിക്കായി ഭൂമി വിട്ടുനല്‍കുന്നതിന് നിയമ തടസ്സം ഉണ്ടാകുമെന്ന് കരുതുന്നില്ളെന്നും നന്ദകുമാര്‍ പറഞ്ഞു.
മിച്ചഭൂമി ഏറ്റെടുക്കലില്‍ കെ.ജി.എസിന് ബന്ധമില്ല. കോഴഞ്ചേരി എജുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എബ്രഹാം കലമണ്ണിലില്‍ നിന്നാണ് മിച്ചഭൂമി ഏറ്റെടുക്കുന്നത്. കലമണ്ണില്‍ കെ.ജി.എസിന് വിറ്റ ഭൂമിയുടെ പോക്കുവരവ് കലക്ടര്‍ റദ്ദാക്കിയിരുന്നു. അതിനെതിരെ കമ്പനി ഹൈകോടതിയെ സമീപിച്ചു. കമ്പനിയുടെ വാദം കേള്‍ക്കാതെ പോക്കുവരവ് റദ്ദാക്കരുതെന്ന് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. അതില്‍ ജില്ലാ ലാന്‍ഡ് ബോര്‍ഡ് ഇതുവരെ കമ്പനിക്ക് നോട്ടീസ് നല്‍കിയിട്ടില്ളെന്നും നന്ദകുമാര്‍ പറഞ്ഞു. ആറന്മുളയില്‍ കെ.ജി.എസ് ഒരു നിയമവും ലംഘിച്ചിട്ടില്ളെന്നും നന്ദകുമാര്‍ അവകാശപ്പെട്ടു. 2009ല്‍ എബ്രഹാം കലമണ്ണിലില്‍ നിന്ന് ഭൂമി വാങ്ങുക മാത്രമേ കെ.ജി.എസ് ചെയ്തിട്ടുള്ളൂ. ഒരു മണ്‍വെട്ടി മണ്ണുപോലും അവിടെ ഇട്ടിട്ടില്ല. നിലം നികത്തല്‍ നടന്നത് തങ്ങള്‍ ഭൂമി വാങ്ങുന്നതിന് മുമ്പാണെന്നും നന്ദകുമാര്‍ പറഞ്ഞു.
എബ്രഹാം കലമണ്ണിലില്‍ നിന്ന് കെ.ജി.എസ് വാങ്ങിയ ഭൂമിയുടെ പോക്കുവരവ് റദ്ദാക്കിയ നടപടിയില്‍ കെ.ജി.എസിന്‍െറ വാദം കേട്ടിട്ടില്ളെന്ന് ജില്ലാ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും  ഭൂമി ഏറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കലക്ടറുമായ എ. അബ്ദുല്‍ സമദ് പറഞ്ഞു. കമ്പനിയുടെ വാദം കേള്‍ക്കാന്‍ ഇനിയും സമയമുണ്ടെന്നും അതിനുള്ള നടപടികള്‍ നടന്നുവരികയാണെന്നും അബ്ദുല്‍ സമദ് പറഞ്ഞു.ആറന്മുളയില്‍ മിച്ചഭൂമി ഏറ്റെടുക്കുന്ന നിര്‍ബന്ധിതാവസ്ഥയില്‍ എത്തിയതിനാലാണ് ലാന്‍ഡ് ബോര്‍ഡ് മിച്ചഭൂമി ഏറ്റെടുക്കല്‍ നടപടിയെടുത്തതെന്നറിയുന്നു.
സ്ഥലത്തെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി 2012 നവംബറില്‍ ആറന്മുള പൈതൃക ഗ്രാമകര്‍മ സമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് നടന്ന അന്വേഷണത്തിനൊടുവിലാണ് മിച്ചഭൂമി ഏറ്റെടുക്കാന്‍ നടപടിയായത്. മിച്ചഭൂമി ഏറ്റെടുത്തില്ളെങ്കില്‍ ജില്ലാ ലാന്‍ഡ് ബോര്‍ഡ് വിജിലന്‍സ് അന്വേഷണം നേരിടേണ്ടിവന്നേനെ. മിച്ചഭൂമി ഏറ്റെടുക്കല്‍ തടയാന്‍ കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ ലാന്‍ഡ് ബോര്‍ഡില്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയിരുന്നുവെന്ന് കോണ്‍ഗ്രസില്‍ ഒരു വിഭാഗം ആരോപിക്കുന്നു. അത് മറികടന്ന് മിച്ചഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി  മുന്നോട്ട് പോകാന്‍ ലാന്‍ഡ് ബോര്‍ഡ് നിര്‍ബന്ധിതമായത് വിജിലന്‍സ് അന്വേഷണം ഭയന്നാണ്.
ലാന്‍ഡ് ബോര്‍ഡില്‍ നടന്ന മിച്ചഭൂമി ഏറ്റെടുക്കല്‍ നടപടിയില്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ഇടപെടാതിരുന്നത് ചര്‍ച്ചയാകുന്നുണ്ട്. കെ.ശിവദാസന്‍ നായര്‍ എം.എല്‍.എയും അടൂര്‍ പ്രകാശും തമ്മില്‍ പോര് രൂക്ഷമാണെന്നും അതിനാലാണ് അടൂര്‍ പ്രകാശ് വിഷയത്തില്‍ ഇടപെടാതിരുന്നതെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നു. മെഡിക്കല്‍ കോളജിന് പിന്നാലെ വിമാനത്താവള പദ്ധതിയും കോന്നി നിയമസഭാ മണ്ഡലത്തിലേക്ക് കൊണ്ടുപോകാന്‍ മന്ത്രി താല്‍പ്പര്യമെടുക്കുന്നതായും ശ്രുതിയുണ്ട്. മലയാലപ്പുഴയില്‍ ഹാരിസണ്‍സ് മലയാളം കമ്പനിയുടെ പാട്ടക്കാലാവധി കഴിഞ്ഞ റബര്‍തോട്ടം ഏറ്റെടുത്ത് കെ.ജി.എസിന് കൈമാറാന്‍ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. പദ്ധതിക്കാവശ്യമായ മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ വിട്ടുനല്‍കുകയും അത് കമ്പനിയില്‍ സര്‍ക്കാര്‍ ഓഹരിയാക്കി മാറ്റാനും സാഹചര്യമുണ്ട്. മലയാലപ്പുഴയില്‍ മണ്ണിട്ട് നികത്തേണ്ട ആവശ്യവുമില്ല. കുന്നുകള്‍ ഇടിച്ച് നിരപ്പാക്കുകയേ വേണ്ടൂ. എന്നാല്‍, അതിനുള്ള സാധ്യത കമ്പനി കെ.ജി.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ടി. നന്ദകുമാര്‍ തള്ളിക്കളയുന്നു. വിമാനത്താവള പദ്ധതിക്ക് 42 ഏജന്‍സികളുടെ ക്ളിയറന്‍സ് ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെ.ജി.എസ് അതെല്ലാം സ്വന്തമാക്കിയത് ആറന്മുളയെ അടിസ്ഥാനപ്പെടുത്തിയാണ്. ഇനി മലയാലപ്പുഴയിലേക്ക് മാറേണ്ടിവന്നാല്‍ ക്ളിയറന്‍സ് നേടല്‍ നടപടികള്‍ ആദ്യം മുതല്‍ തുടങ്ങേണ്ടി വരുമെന്നും അത് എളുപ്പമല്ളെന്നും നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.

ആധുനികാനന്തരതയുടെ വാങ്മയ ചിത്രങ്ങള്‍

Posted: 05 May 2013 11:46 PM PDT

Image: 

മൂന്നു പതിറ്റാണ്ടുകളായി മലയാള കവിതയില്‍ സജീവസാന്നിധ്യമായി നിലകൊള്ളുന്ന സെബാസ്റ്റ്യന്‍െറ കവിതകളെക്കുറിച്ചുള്ള പഠനങ്ങളും നിരീക്ഷണങ്ങളുമാണ് ‘ഇരുട്ട് പിഴിഞ്ഞ് വെളിച്ചത്തില്‍’. ഗുരു നിത്യചൈതന്യ യതി, ബാലചന്ദ്രന്‍ ചുള്ളിക്കാട്,  എ. അയ്യപ്പന്‍, വിജയലക്ഷ്മി തുടങ്ങിയ മലയാള  സാഹിത്യത്തിലെ ലബ്ധപ്രതിഷ്ഠര്‍ മുതല്‍ രോഷ്നി സ്വപ്നയും  ബിന്ദു കൃഷ്ണയും പോലുള്ള പുതുമുറക്കാര്‍ വരെ 22 ലേഖകര്‍ തങ്ങളുടെ  കാവ്യാനുഭവങ്ങള്‍ ഈ പുസ്തകത്തില്‍ പങ്കുവെക്കുന്നു.
’80കളിലെ രാഷ്ട്രീയ-ആധുനികതയുടെ ഭാവുകത്വത്തിലും ’90 മുതലുള്ള  ആധുനികാനന്തര ഭാവുകത്വത്തിലും അങ്കിതമായി കിടക്കുന്ന സെബാസ്റ്റ്യന്‍െറ വാങ്മയ ചിത്രങ്ങളും അതുന്നയിക്കുന്ന ചോദ്യങ്ങളും  ധര്‍മസങ്കടങ്ങളും ഈ എഴുത്തുകാര്‍ തങ്ങളുടെ തൂലികയിലൂടെ  വ്യവഛേദിച്ചെടുത്ത് വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.
അമ്പതു വര്‍ഷത്തെ മലയാള കവിതയുടെ ചരിത്രം പരിശോധിച്ചാല്‍ പ്രധാനമായും മൂന്ന് കാവ്യപ്രസ്ഥാനങ്ങളും  അവയെക്കുറിച്ചുള്ള മൂര്‍ത്തമോ അമൂര്‍ത്തമോ ആയ സിദ്ധാന്തങ്ങളും  അതില്‍ സ്ഥാനം പിടിച്ചിട്ടുള്ളത് കാണാം. ’60കളിലെ ആധുനികത അതിയായ അമൂര്‍ത്തവത്കരണത്തിനും  ശിഥില ബിംബങ്ങള്‍ക്കും വൈയക്തികതക്കും പ്രാധാന്യം നല്‍കുന്നതായിരുന്നു. അയ്യപ്പപണിക്കര്‍, എന്‍.എന്‍. കക്കാട്, മാധവന്‍ അയ്യപ്പത്ത് മുതലായവരിലൂടെ തീക്ഷ്ണമായിത്തീര്‍ന്ന ഈ കാവ്യഭാവുകത്വം  ’70കളില്‍ അതിന്‍െറ രണ്ടാംഘട്ടമായ രാഷ്ട്രീയ ആധുനികതക്ക് വഴിമാറുകയായിരുന്നു. ചരിത്രം, രാഷ്ട്രീയം, വിമോചനം മുതലായവയായിരുന്നു ഈ ഭാവുകത്വത്തിന്‍െറ അടിസ്ഥാന പരികല്‍പനകള്‍. സച്ചിദാനന്ദന്‍, കെ.ജി. ശങ്കരപിള്ള,  ആറ്റൂര്‍ രവിവര്‍മ മുതലായവരിലൂടെ  ദൃഢപ്പെട്ട ഈ ഭാവുകത്വം  ’90കളില്‍ വിമോചന സ്വപ്നങ്ങളുടെ തകര്‍ച്ചയിലേക്കും ബൃഹദാഖ്യാനങ്ങളുടെ തിരോധാനങ്ങളിലേക്കും നയിച്ചു. തുടര്‍ന്നെത്തിയ  ഒട്ടേറെ പുതുകവികള്‍ കൃത്യമായ  ഒരാശയ സങ്കല്‍പത്തിനോ പൊതുവായ കാവ്യഭാവുകത്വത്തിനോ വഴങ്ങാതെ ബഹുലമായ  കാവ്യ ജനാധിപത്യത്തിനു കീഴില്‍ എഴുതുകയായിരുന്നു.
പുതുകവിതകളുടെ സ്വഭാവവിശേഷതകള്‍ ക്രിസ്റ്റലൈസ് ചെയ്യപ്പെടാത്ത ഈ അവസ്ഥയില്‍, അതിന്‍െറ ഫോക്കസ് നിരന്തരം സ്ഥാനീകരിക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ ഒരൊറ്റ പുതുകവിയുടെ കവിതകളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് തീര്‍ച്ചയായും ഏറെ പ്രസക്തിയുണ്ട്. ആധുനികാനന്തര കവിതയുടെ സ്വഭാവവിശേഷതകളും  രീതിശാസ്ത്രങ്ങളും വായനക്കാര്‍ക്കും  നിരൂപകര്‍ക്കും അത് അനുഭവവേദ്യമാക്കും. ഇതാണ് ഈ പഠനഗ്രന്ഥത്തിന്‍െറ സാംഗത്യം.
കഴിഞ്ഞ ഇരുപതോ മുപ്പതോ വര്‍ഷങ്ങളായി മലയാളിജീവിതത്തിലുണ്ടായിട്ടുള്ള വലിയ വ്യതിയാനങ്ങള്‍  ആഗോളീകരണം, പ്രകൃതിനാശം, കമ്പോളത്തിന്‍െറ മണ്ണിലേക്കും മനസ്സിലേക്കുമുള്ള അപ്രതിരോധ്യമായ കടന്നുവരവ്, വിശ്വാസരാഹിത്യം തുടങ്ങിയവ സെബാസ്റ്റ്യന്‍െറ കവിതകളുടെ വിഷയങ്ങളായി മാറുകയോ ചിലപ്പോള്‍ കാവ്യസങ്കേതങ്ങളെ രൂപപ്പെടുത്തുകയോ ചെയ്യുന്നു. 1985ല്‍ പ്രസിദ്ധീകരിച്ച ‘പുറപ്പാട്’ എന്ന ആദ്യ കവിതാ സമാഹാരം മുതല്‍ 2012ല്‍ പ്രസിദ്ധീകരിച്ച ‘തെരഞ്ഞെടുത്ത കവിതകള്‍’  വരെയുള്ള എട്ടോളം സമാഹാരങ്ങളില്‍ ഒരു ശരാശരി മലയാളി അനുഭവിക്കുന്ന നിര്‍ത്താത്ത പൊറുതിമുട്ടലുകളെയും ആത്മപരീക്ഷണങ്ങളെയും ഈ കവി നമുക്കുമുന്നില്‍ തുറന്നിടുന്നു.
മലയാള കവിതാ ചരിത്രത്തില്‍ മുമ്പ് നിലനിന്നിരുന്ന കാവ്യപ്രസ്ഥാനങ്ങള്‍  പോലെ, പുതുകവിത ശക്തവും തീക്ഷ്ണവുമായ ഒരു സാന്നിധ്യമായി തിടംവെക്കാത്തതിന് ഒട്ടേറെ കാരണങ്ങളുണ്ട്. അതിലൊന്ന് പുതുമുറക്കാരില്‍നിന്നുതന്നെ നല്ല  നിരൂപകര്‍ ഉണ്ടായിത്തീരാത്തതാണ്. മുതിര്‍ന്ന കവികളും എഴുതുന്ന പുതു കവികളും തന്നെയാണ് ഇപ്പോഴും അതിനെപ്പറ്റി വാചാലമാകുന്നത്. ‘ഇരുട്ടു പിഴിഞ്ഞ്  വെളിച്ചത്തില്‍’ സെബാസ്റ്റ്യന്‍െറ കവിതകളുടെ പഠനമായിരിക്കെത്തന്നെ പുതുകവിത നടത്തുന്ന യാത്രയുടെ കാല്‍പാടുകളായി നമ്മുടെ സാഹിത്യവീഥിയില്‍ വീണു കിടക്കുന്നു. അതാണീ ഗ്രന്ഥത്തിന്‍െറ അപൂര്‍വതയും അതുല്യതയും.

ഇരുട്ട് പിഴിഞ്ഞ വെളിച്ചത്തില്‍
എഡി: യു.ടി. പ്രേംനാഥ്
വില: 80.00
നാഷണല്‍ ബുക് സ്റ്റാള്‍ കോട്ടയംl

കേന്ദ്രസര്‍ക്കാറിനെ വെട്ടിലാക്കി സി.ബി.ഐ സത്യവാങ്മൂലം സുപ്രീംകോടതിയില്‍

Posted: 05 May 2013 11:45 PM PDT

Image: 

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സി.ബി.ഐ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയത് നിയമമന്ത്രി അശ്വിനികുമാറും അറ്റോണി ജനറല്‍ ജി.ഇ വഹന്‍വതിയുമാണെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ജി.ഇ വഹന്‍വതി നാലു തവണ റിപ്പോര്‍ട്ട് പരിശോധിച്ചുവെന്നും അശ്വിനികുമാര്‍ റിപ്പോര്‍ട്ട് തിരുത്താന്‍ നേരിട്ട് ഇടപെട്ടുവെന്നും സത്യവാങ്മൂലം പറയുന്നു. റിപ്പോര്‍ട്ട് തിരുത്തിയതില്‍ സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സുപ്രീംകോടതിയോട് മാപ്പു പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസും നിയമമന്ത്രിയും റിപ്പോര്‍ട്ടിന്‍െറ ഏതൊക്കെ ഭാഗങ്ങളാണ് നീക്കാന്‍ ആവശ്യപ്പെട്ടതെന്ന് 9 പേജുള്ള സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. റിപ്പോര്‍ട്ടില്‍ നേരിയ മാറ്റങ്ങള്‍ അഭിപ്രായപ്പെടുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് നിയമമന്ത്രി അശ്വിനി കുമാര്‍ നേരത്തെ അവകാശപ്പെട്ടത്. എന്നാല്‍ സി.ബി.ഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ മന്ത്രിയുടെ വാദം ഖണ്ഡിക്കുന്നതാണ്. കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് നിയമമന്ത്രി അശ്വനി കുമാര്‍ സി.ബി.ഐ ഉദ്യോഗസ്ഥരെ വീട്ടിലേക്ക് വിളിച്ചുവരുത്തി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രി കാര്യാലയത്തിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ജോ.സെക്രട്ടറി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരും തിരുത്തലുകള്‍ നിര്‍ദേശിച്ചിരുന്നുവെന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നു. ഈ രണ്ട് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും കോടതിയെ സി.ബി.ഐ അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഓഫീസിനെതിരായ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണ് നിയമമന്ത്രി ഇടപെട്ട് പ്രധാനമായും നീക്കം ചെയ്തത്. കല്‍ക്കരി അഴിമതി അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന ആരോപണങ്ങളെല്ലാം ശരിവെക്കുന്ന തരത്തിലുള്ളതാണ് സി.ബി.ഐ സമര്‍പ്പിച്ച സത്യവാങ്മൂലം. കല്‍ക്കരിപ്പാടം കേസ് മേയ് എട്ടിനാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഇതിനു മുന്നോടിയായാണ് സി.ബി.ഐ തിങ്കളാഴ്ച സത്യവാങ്മൂലം സമര്‍പ്പിച്ചത്.

റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് ആരുമായും പങ്കുവെച്ചിട്ടില്ലന്നൊണ് സി.ബി.ഐ ആദ്യം കോടതിയെ അറിയിച്ചത്. എന്നാല്‍, നിയമമന്ത്രിയുടെ സാന്നിധ്യത്തില്‍ സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ, അറ്റോണി ജനറല്‍ വഹന്‍വതി എന്നിവര്‍ പങ്കടെുത്ത യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തതും തിരുത്തിയതും പുറത്തുവന്നതോടെ ഇക്കാര്യം കോടതിയില്‍ സമ്മതിക്കാന്‍ സി.ബി.ഐ നിര്‍ബന്ധിതരാവുകയായിരുന്നു.
 

നികത്തിയ വയലുകളില്‍നിന്ന് മണ്ണ് നീക്കാന്‍ നടപടി

Posted: 05 May 2013 11:38 PM PDT

ഒറ്റപ്പാലം: നികത്തിയ വയലുകളില്‍നിന്ന് ഉടമകള്‍ സ്വയം മണ്ണ് നീക്കിയില്ളെങ്കില്‍ റവന്യൂ വകുപ്പ് ദൗത്യം ഏറ്റെടുത്ത് ഉടമയില്‍നിന്ന് ചെലവ് ഈടാക്കാന്‍ കോടതി ഉത്തരവ്  ലഭിച്ചതായി താലൂക്ക് വികസന സമിതി യോഗത്തില്‍ തഹസില്‍ദാര്‍ ജോയ് തോമസ് അറിയിച്ചു. വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ഭാസ്കരന്‍ അധ്യക്ഷതവഹിച്ചു.
ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമത്തെിക്കാന്‍ കൂടുതല്‍ ഫണ്ട് ലഭിക്കുന്നതിന് ജില്ലാ കലക്ടറോട് അപേക്ഷിക്കും. ഫണ്ട് അപര്യാപ്തമാണെന്ന പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.
അനധികൃത മണല്‍കടത്ത് നിയന്ത്രിക്കാന്‍ കടവുകമ്മിറ്റികള്‍ സജീവമാക്കും. വിവിധ പ്രദേശങ്ങളില്‍ പാലങ്ങളുടെ സമീപത്തുനിന്ന് മണലെടുക്കുന്നത് അവയുടെ തകര്‍ച്ചക്ക് ഇടയാക്കുമെന്ന പരാതി ഉയര്‍ന്നു. പെന്‍ഷന്‍ തുക ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചതായും ഇതിന് 65 ലക്ഷം അനുവദിച്ച കാര്യവും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.
രാത്രികാല പട്രോള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ഒറ്റപ്പാലം സി.ഐ പറഞ്ഞു. കൃഷിഭവന്‍െറ ആഭിമുഖ്യത്തില്‍ സംഭരിച്ച നാളികേരം പാലപ്പുറത്തും വാണിയംകുളത്തും കെട്ടിക്കിടക്കുന്നത്, കേരഫെഡ് കൊണ്ടുപോകാത്തതിനാലാണെന്ന് കൃഷി ഉദ്യോഗസ്ഥന്‍ കുറ്റപ്പെടുത്തി.
ജില്ലയിലെ 200  കുളങ്ങള്‍ വൃത്തിയാക്കാന്‍ പദ്ധതി തയാറാക്കി സമര്‍പ്പിച്ചതായി മൈനര്‍ ഇറിഗേഷന്‍ അസി. എന്‍ജിനീയര്‍ പറഞ്ഞു. നഗരസഭാ പരിധിക്കുള്ളിലെ പൊതുകിണറുകള്‍ നന്നാക്കല്‍ പുരോഗമിക്കുന്നതായി നഗരസഭാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒറ്റപ്പാലം മൃഗാശുപത്രിയില്‍ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
 

ബംഗ്ളാദേശില്‍ പ്രകടനക്കാരും പൊലീസും ഏറ്റുമുട്ടി; 22 മരണം

Posted: 05 May 2013 11:24 PM PDT

Image: 

ധാക്ക: ദൈവനിന്ദാനിയമം കര്‍ശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബഗ്ളാദേശില്‍ നടന്ന പ്രകടനം പൊലീസ് തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് റബര്‍ ബുള്ളറ്റും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. തലസ്ഥാനമായ ധാക്കയിലെ വിവിധയിടങ്ങളില്‍ പൊലീസ് ബാരിക്കേഡുകള്‍ പൊളിച്ച പ്രകടനക്കാര്‍ കല്ലും വടിയും നാടന്‍ബോംബുമായാണ് പൊലീസിനെ നേരിട്ടത്. പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

ഇസ്ലാമിനെ നിന്ദിക്കുന്ന രചനകള്‍ ബ്ളോഗുകളില്‍ പ്രത്യക്ഷപ്പെടുന്നത് തടയാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഞായറാഴ്ച വിവിധ സംഘടനകള്‍ തെരുവിലിറങ്ങിയത്. പ്രകടനക്കാരെ നേരിടാന്‍ റാപിഡ് ആക്ഷന്‍ ബറ്റാലിയന്‍, അര്‍ധ സൈനിക വിഭാഗമായ ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ളാദേശ്, പൊലീസ് സേനയില്‍ നിന്നും 10,000ത്തിലധികം സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. നിരവധി പ്രതിഷേധക്കാരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. 
 
ഹെഫാസതെ ഇസ്ലാമി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഭരണകക്ഷിയായ അവാമി ലീഗിന്റെആസ്ഥാനം പ്രതിഷേധക്കാര്‍ ആക്രമിച്ചു. മതനിന്ദക്കെതിരെ വധശിക്ഷ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ രാജ്യത്തെ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രമായ മൊതിജീല്‍ അടച്ചിടാനും പ്രതിഷേക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, മതനിന്ദക്കെതിരെ രാജ്യത്ത് നിലവിലുള്ള നിയമം പര്യാപ്തമാണെന്ന് ബംഗ്ളാദേശ് പ്രധാനമന്ത്രി ഷൈഖ് ഹസീന വാസെദ് പറഞ്ഞു.
 
 

മിന്നല്‍ ജില്ലയെ വിറപ്പിക്കുന്നു

Posted: 05 May 2013 11:23 PM PDT

കോട്ടയം: മഴക്കൊപ്പം അപ്രതീക്ഷിതമായി എത്തുന്ന മിന്നല്‍ ഭീതിയില്‍ ജില്ല വിറങ്ങലിക്കുന്നു. കഴിഞ്ഞയാഴ്ച മിന്നലേറ്റ് ഒരുകുടുംബത്തിലെ അമ്മയും കുഞ്ഞുമടക്കം മൂന്നുപേരുടെ ജീവന്‍ നഷ്ടമാവുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെയാണ് ഭീതിവര്‍ധിച്ചത്. കുടിവെള്ളക്ഷാമവും കടുത്തചൂടും അനുവഭപ്പെടുന്നതിനാല്‍ വേനല്‍മഴ ആശ്വാസമാണെങ്കിലും അപകടം വിതക്കുന്ന മിന്നല്‍  ഉണ്ടാവരുതെന്ന പ്രാര്‍ഥനയിലാണ് മിക്കകുടുംബങ്ങളും.
കഴിഞ്ഞവര്‍ഷം വേനല്‍-തുലാമഴയില്‍ 20 പേരുടെ ജീവനാണ്  മിന്നല്‍ കവര്‍ന്നത്. ജില്ലയില്‍ കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലാണ് മിന്നലിന്‍െറ ആഘാതം രൂക്ഷം. മിന്നലേറ്റ് മൂന്നുപേര്‍ മരിച്ചതും മലയോരമേഖലയായിരുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മിന്നല്‍ പിടിച്ചെടുക്കാന്‍ പര്യാപ്തമായ രീതിയില്‍ ഭൗതിക സാഹചര്യങ്ങള്‍ മാറിയതുമാണ് മിന്നലിന്‍െറ തോത് ഉയരാന്‍ കാരണമെന്നാണ്് വിദഗ്ധരുടെ അഭിപ്രായം. കി.മീറ്ററുകളുടെ വ്യത്യാസത്തില്‍ സ്ഥാപിച്ച മൊബൈല്‍ ടവറുകളുടെ നിര്‍മാണവും മിന്നലിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, കുറെക്കാലമായി മേഖലയില്‍ മിന്നലിന്‍െറ  തീവ്രത വര്‍ധിക്കുന്നതിനെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തിയിട്ടില്ല.
മിന്നലിലൂടെ ഓരോ മിനിറ്റിലും ലക്ഷക്കണക്കിന് വോള്‍ട്ട് വൈദ്യുതിയാണ് ഭൂമിയിലേക്ക് പ്രവഹിക്കുന്നത്.  വീട്ടിലെയും സ്ഥാപനങ്ങളിലെയും വൈദ്യുതോപകരണങ്ങള്‍ക്ക് നാശംവിതച്ചാണ് മിന്നല്‍ പലപ്പോഴും കടന്നുപോകുന്നത്. മുന്‍കരുതല്‍ അസാധ്യമാക്കി കാറ്റിനൊപ്പം വേഗത്തിലത്തെുന്ന മിന്നല്‍ പലപ്പോഴും ജനങ്ങളെ കിടിലംകൊള്ളിക്കാറുണ്ട്. വീടും പരിസരവും വിറപ്പിക്കുംവിധമാണ് മിന്നലിന്‍െറ ശക്തി പലപ്പോഴും.
ട്രാന്‍സ്ഫോര്‍മറും വൈദ്യുതി ലൈനുകളും തകരാറിലാക്കുന്ന മിന്നല്‍ പലയിടത്തും മണിക്കൂറുകളാണ് വൈദ്യുതിതടസ്സമുണ്ടാക്കുന്നത്. ഉച്ചകഴിഞ്ഞാല്‍ വീടുകളില്‍ത്തന്നെ കഴിയുകയാണ് പലരും.
വേനല്‍മഴക്കും തുലാവര്‍ഷത്തിനുമൊപ്പമാണ് സാധാരണ ശക്തമായ മിന്നലുണ്ടാകാറുളളത്. പകല്‍ കനത്തചൂട് അനുഭവപ്പെട്ടശേഷം വൈകുന്നേരം ആകാശം ഇരുണ്ടുമൂടി പെയ്യുന്ന മഴയില്‍ മിന്നല്‍ശക്തിയാര്‍ജിക്കാന്‍ സാധ്യതയുണ്ട്.

പാഠം ഉള്‍ക്കൊള്ളാതെ അധികൃതര്‍; തേക്കുംകാനത്ത് വീണ്ടും ബസപകടം

Posted: 05 May 2013 11:20 PM PDT

അടിമാലി: ദുരന്തങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് അപകട സ്ഥലത്ത് സുരക്ഷ ഒരുക്കുന്നതില്‍ അധികൃതര്‍  പരാജയപ്പെട്ടതാണ് തേക്കുംകാനത്ത് വീണ്ടും അപകടം ഉണ്ടാകാന്‍ കാരണം. മാര്‍ച്ച് 25 നാണ് തേക്കുംകാനത്ത് ഏഴ് വിദ്യാര്‍ഥികളടക്കം എട്ടുപേര്‍ മരണപ്പെട്ട അപകടം ഉണ്ടായത്. ഇതേ സ്ഥലത്താണ് ഞായറാഴ്ച വീണ്ടും ബസപകടമുണ്ടായത്. വലിയ മരത്തില്‍ ബസ് തട്ടി നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.  
മാര്‍ച്ച് 25ന് അപകടം ഉണ്ടായപ്പോള്‍ സുരക്ഷാ നടപടികള്‍ ഒരുക്കുമെന്ന് അധികൃതര്‍ വാഗ്ദാനം ചെയ്തിരുന്നു. ദുരന്തം കഴിഞ്ഞ് മൂന്നാം നാള്‍ തേക്കുംകാനത്ത് പൊലീസ് ഒൗട്ട് പോസ്റ്റ് സ്ഥാപിച്ച്  ഉദ്ഘാടനം ചെയ്തു.
എന്നാല്‍, ഡ്യൂട്ടിക്ക് ആളെ നിയമിക്കാതെ മേലുദ്യോഗസ്ഥര്‍ ഒൗട്ട്പോസ്റ്റ് അട്ടിമറിച്ചു. റോഡിന്‍െറ അപകടാവസ്ഥയും അപകടകരമായ വളവുകളും ഡ്രൈവര്‍മാര്‍ക്ക് മനസ്സിലാക്കി കൊടുക്കാനാണ് ഒൗട്ട്പോസ്റ്റ് സ്ഥാപിച്ചത്.
പൊതുമരാമത്ത് വകുപ്പും പൊലീസും സംയുക്തമായി റോഡരികില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു. ഇതുപ്രകാരം അധികൃതര്‍ സൂചനബോര്‍ഡ് സ്ഥാപിച്ചു. തേക്കുംകാനം വളവ് ‘എസ്’ ആകൃതിയിലുള്ളതാണ്.
വളവിന്‍െറ രണ്ടുഭാഗത്തും  അധികൃതര്‍ സൂചനബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രാജാക്കാട് ഭാഗത്തുനിന്ന് വരുമ്പോള്‍ ആദ്യത്തെ വളവ് വലതുവശത്തേക്കാണ്.
എന്നാല്‍, ഈ വളവില്‍ കൊടുത്തിരിക്കുന്ന സൂചനബോര്‍ഡില്‍ വളവ് ഇടതുവശത്തേക്കെന്നാണ്. ഇതേ രീതിയിലാണ് താഴത്തെ വളവിലും അധികൃതര്‍ സൂചനബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
ഇത് ഡ്രൈവര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതിനും അപകടത്തിനും കാരണമാകുന്നുണ്ട്. കൂടാതെ നേരത്തേ അപകടം നടന്ന ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു. ഇതും നടപ്പായില്ല.
തേക്കുംകാനം ദുരന്തം നടന്ന് 40ാം ദിവസം ഇതേ സ്ഥലത്താണ് വീണ്ടും അപകടം ഉണ്ടായത്. ഇതിനിടെ ഒരാഴ്ച മുമ്പ് തമിഴ്നാട്ടില്‍ നിന്ന് വന്ന വിനോദയാത്ര സംഘവും ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു.
അന്നും തലനാരിഴക്ക് ദുരന്തം ഒഴിവാകുകയായിരുന്നു. ദേശീയപാതയില്‍ പൂപ്പാറ മുതല്‍ ദേവികുളം വരെ നിര്‍മാണം നടക്കുന്നതാണ് ഇതുവഴി വാഹനങ്ങള്‍ പെരുകാന്‍ കാരണം. ഒരുമാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാകും എന്ന പ്രഖ്യാപനത്തോടെയാണ് ഇവിടെ ഗതാഗതം നിരോധിച്ചത്. എന്നാല്‍, നിര്‍മാണം ഇഴഞ്ഞുനീങ്ങുകയാണ്. മാസങ്ങള്‍ കഴിഞ്ഞിട്ടും   പൂര്‍ത്തിയായിട്ടില്ല.  ഇതുമൂലം അന്തര്‍സംസ്ഥാന വാഹനങ്ങളെല്ലാം ചെങ്കുത്തായതും കൊടും വളവുള്ളതുമായ തേക്കുംകാനം വഴിയാണ് പോകുന്നത്. ഈ സാഹചര്യത്തില്‍ ദേശീയ പാതയുടെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP