യൂസഫലിയെ അനുകൂലിച്ച് വി.എസ് Posted: 27 May 2013 12:57 AM PDT തിരുവനന്തപുരം: ചട്ടങ്ങള്‍ക്കു വിധേയമായാണ് ലുലു മാളിന് അനുമതി നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുമായി അന്ന് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ടെന്‍ഡറില്‍ പങ്കെടുത്തത് എം.കെ ഗ്രൂപ്പ് മാത്രമായിരുന്നെന്നും വി.എസ് പറഞ്ഞു. എല്ലാ നടപടികളും പൂര്‍ത്തീകരിച്ചാണ് സ്ഥലം യൂസഫലി വാങ്ങിയത്. പണി തുടങ്ങി അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും പരാതിയൊന്നും ഉയര്‍ന്നിരുന്നില്ല -അദ്ദേഹം വ്യക്തമാക്കി. സി.പി.എം ജില്ലാ സെക്രട്ടറി ദിനേശ് മണി കഴിഞ്ഞ സര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. |
യുസഫലിയെ പിന്മാറാന്‍ അനുവദിക്കില്ല; പദ്ധതി നിയമാനുസൃതം -മുഖ്യമന്ത്രി Posted: 27 May 2013 12:30 AM PDT തിരുവനന്തപുരം: ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും എം.കെ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയെ പിന്മാറാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യൂസഫലിയെ അപമാനിക്കരുതെന്നും അദ്ദേഹം കേരളത്തില്‍ നടത്തുന്ന പദ്ധതികള്‍ പൂര്‍ണമായും നിയമ വിധേയമായിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോള്‍ഗാട്ടിയിലെ ഭൂമി പാട്ടത്തിന് നല്‍കിയത് നിയമാനുസൃതമാണെന്ന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ തന്നെ വ്യക്തമാക്കിയതാണ്. ഇടതു സര്‍ക്കാറിന്റെ കാലത്ത് സ്മാര്‍ട്ട് സിറ്റിക്കു വേണ്ടി മുന്‍കൈയെടുത്ത ആളാണ് യുസഫലിയെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ബോള്‍ഗാട്ടിയിലെ നിര്‍ദിഷ്ട ഹോട്ടല്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ പദ്ധതിയില്‍നിന്ന് എം.കെ ഗ്രൂപ് പിന്മാറുന്നതായി മാനേജിങ് ഡയറക്ടര്‍ എം.എ. യൂസഫലി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 800 കോടി ചെലവില്‍ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്‍റര്‍, ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടല്‍ എന്നിവ ബോള്‍ഗാട്ടിയില്‍ സ്ഥാപിക്കാനായിരുന്നു പദ്ധതി. ലുലു ബോള്‍ഗാട്ടിയില്‍ 27 ഏക്കര്‍ സ്ഥലം 30 കൊല്ലത്തേക്ക് 72 കോടിക്കാണ് പാട്ടത്തിന് എടുത്തത്. |
ജില്ലയിലേക്ക് ലഹരി ഉല്‍പന്നങ്ങള്‍ ഒഴുകുന്നു Posted: 27 May 2013 12:03 AM PDT കല്‍പകഞ്ചേരി: നിരോധിത ലഹരി പദാര്‍ഥങ്ങളും കഞ്ചാവും ജില്ലയിലേക്ക് ഒഴുകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ക്വിന്‍റല്‍ കണക്കിന് കഞ്ചാവും ലഹരി പദാര്‍ഥങ്ങളുമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ 75000 രൂപയുടെ ഹാന്‍സടക്കമുള്ള ലഹരി ഉല്‍പന്നങ്ങള്‍ കല്‍പകഞ്ചേരി പൊലീസ് പിടികൂടിയിരുന്നു. കടകളില്‍ വിതരണം നടത്തുന്നതിനിടെ പിടിയിലായ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടികളത്താണിയിലെ ഗോഡൗണിനെകുറിച്ച് വിവരം ലഭിച്ചത്. ഇവിടെനിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ലഹരി വസ്തുക്കള്‍ വിതരണം നടത്തുന്നുണ്ട്. അടുത്തിടെ, അഞ്ചുലക്ഷം രൂപയുടെ ലഹരി വസ്തുക്കള്‍ റെയില്‍വേ പൊലീസ് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടിയിരുന്നു. സാധനങ്ങള്‍ പിടിച്ചെടുക്കുകയല്ലാതെ ഇതിന്‍െറ പിന്നിലുള്ളവരെ കണ്ടെത്താന്‍ കഴിയാറില്ല. പാര്‍സല്‍ അയക്കാനുള്ള നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടുകയും ലഹരി മാഫിയാ സംഘങ്ങള്‍ തങ്ങളുടെ കച്ചവടം തുടരുകയും ചെയ്യുന്നു. പിടികൂടുന്നത് പലപ്പോഴും വിതരണക്കാരെ മാത്രമാണ്. ഇവരെ കോടതിയില്‍ ഹാജരാക്കുന്നതോടെ അന്വേഷണം തീരുകയാണ് പതിവ്. തുടര്‍ അന്വേഷണത്തിലൂടെ യഥാര്‍ഥ പ്രതികളെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ 15 മുതല്‍ 20 ലക്ഷം രൂപവരെ വില മതിക്കുന്ന അരകിലോ ചരസാണ് കടക്കഞ്ചേരിയില്‍ വെള്ളിയാഴ്ച തേഞ്ഞിപ്പലം പൊലീസ് പിടികൂടിയത്. കൂടാതെ, എടവണ്ണ ബസ്സ്റ്റാന്‍ഡില്‍ ഒരു ചാക്ക് ഹാന്‍സ്, പാന്‍പരാഗ് തുടങ്ങി 3000ത്തിലധികം നിരോധിത ലഹരി വസ്തുക്കള്‍ എടവണ്ണ പൊലീസ് പിടിച്ചെടുത്തിരുന്നു. യഥാര്‍ഥ പ്രതികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടി സ്വീകരിക്കുന്നതോടൊപ്പം ഇവരുടെ കേന്ദ്രങ്ങളും ഗോഡൗണുകളും കണ്ടെത്താന്‍ പൊലീസും എക്സൈസ് അധികൃതരും പരിശോധന ഊര്‍ജിതപ്പെടുത്തണം. |
വിമാനത്താവള നിര്‍മാണം: ബോധവത്കരണത്തിന് കെ.എസ്.ഐ.ഡി.സി രംഗത്ത് Posted: 26 May 2013 11:56 PM PDT മാനന്തവാടി: ജില്ലയില്‍ ചെറുകിട വിമാനത്താവളം സ്ഥാപിക്കുന്നതിനെതിരെ നിലനില്‍ക്കുന്ന ശക്തമായ പ്രതിഷേധത്തിന്‍െറ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിന്‍െറ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ (കൈ.എസ്.ഐ.ഡി.സി) രംഗത്ത്. ‘എനിക്കും ഉയരണം വാനോളം, വയനാടിന് ഇനി പറന്നുയരാം പുരോഗതിയിലേക്ക്’ എന്ന പേരില്‍ വ്യാപകമായി വിതരണം ചെയ്യുന്ന ലഘുലേഖയിലൂടെയാണ് ബോധവത്കരണം. സുരക്ഷിതവും വേഗമേറിയതുമായ യാത്രാസൗകര്യം ഇല്ലാത്തതാണ് ജില്ലയുടെ പ്രധാന പ്രശ്നം. വിനോദ സഞ്ചാരത്തിനും കാര്‍ഷികോല്‍പന്നങ്ങളുടെയും പൂക്കളുടെയും കയറ്റുമതിക്കും റോഡുകളെ ആശ്രയിക്കണം. ഉരുള്‍പൊട്ടല്‍, മലയിടിച്ചില്‍, തോരാമഴ എന്നീ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ റോഡുകള്‍ക്ക് സാധിക്കില്ല. റെയില്‍പാതയും അപ്രായോഗികമാണ്. ചെറിയ വിമാനങ്ങളിറങ്ങുന്ന വിമാനത്താവളമാണ് വയനാടിന്‍െറ ഗതാഗത പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന് ലഘുലേഖയില്‍ അവകാശപ്പെടുന്നു. വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ വിനോദസഞ്ചാരം, തോട്ടകൃഷി, പൂകൃഷി എന്നിവക്ക് അനന്തസാധ്യതയാണ്. എളുപ്പം കേടുവരുന്ന ജൈവ ഉല്‍പന്നങ്ങള്‍ കൊച്ചി, കരിപ്പൂര്‍, കോയമ്പത്തൂര്‍ വിമാനത്താവളങ്ങള്‍ വഴി കയറ്റുമതി ചെയ്യാന്‍ ചെറുകിട വിമാനത്താവളം ഉപകരിക്കും. ഹോര്‍ട്ടികള്‍ചര്‍, ഫ്ളോറി കള്‍ചര്‍, ഹൈടെക് ഫാമിങ് എന്നിവക്ക് വിപണന സാധ്യതയും വര്‍ധിക്കും. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, സ്പൈസസ് പാര്‍ക്ക് തുടങ്ങി വന്‍ പദ്ധതികളും ഇതിന് പിന്നാലെ ലക്ഷ്യമിടുന്നുണ്ട്. വിമാനത്താവളം കൃഷിക്ക് വിനാശകരമാകില്ലെന്നും ലഘുലേഖ പറയുന്നു. വിമാനത്താവളം സ്ഥാപിക്കാനുദ്ദേശിക്കുന്ന നിര്‍ദിഷ്ട സ്ഥലത്ത് ഇപ്പോള്‍ കൃഷിനടക്കുന്നില്ല. 500 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ വെറും 150 കുടുംബങ്ങളെ മാത്രമേ കുടിയൊഴിപ്പിക്കേണ്ടതുള്ളൂ. ഇവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. അടിയന്തര ചികിത്സാ സൗകര്യവും വിമാനത്താവളത്തിലൂടെ സാധ്യമാകും. വിനോദസഞ്ചാരം, കൃഷി, തൊഴില്‍ ആരോഗ്യം, ദുരിതാശ്വാസം, വികസനം എന്നിവക്ക് വിമാനത്താവളം മുതല്‍ക്കൂട്ടാകുമെന്നും കെ.എസ്.ഐ.ഡി.സി അവകാശപ്പെടുന്നു. സംശയങ്ങള്‍ ദുരീകരിക്കുന്നതിനായി ഫോണ്‍ നമ്പറും ലഘുലേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്രങ്ങള്‍ക്കൊപ്പം ചേര്‍ത്തുവെച്ചാണ് ലഘുലേഖ വിതരണം ചെയ്യുന്നത്. പനമരം, കണിയാമ്പറ്റ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ചീക്കല്ലൂരിലാണ് വിമാനത്താവളം ഉദ്ദേശിക്കുന്നത്. അവിടെ കര്‍ഷകര്‍ കൃഷി സംരക്ഷണ സമിതി രൂപവത്കരിച്ച് പ്രക്ഷോഭം നടത്തിവരുകയാണ്. സാധ്യതാ പഠനത്തിനെത്തിയ വിദഗ്ധ സംഘത്തെ സ്ഥലത്ത് കാലുകുത്താന്‍ പോലും ജനം അനുവദിച്ചിരുന്നില്ല. ഇതോടെയാണ് ബോധവത്കരണത്തിലൂടെ എതിര്‍പ്പ് കുറക്കാമെന്ന കണക്കുകൂട്ടലില്‍ കെ.എസ്.ഐ.ഡി.സി പുതിയ അവകാശവാദങ്ങളുമായി രംഗത്തിറങ്ങിയത്. |
അടിസ്ഥാനസൗകര്യ മേഖലയില്‍ യു.എ.ഇ നിക്ഷേപം: ചിദംബരം ചര്‍ച്ച നടത്തി Posted: 26 May 2013 11:18 PM PDT അബൂദബി: ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ യു.എ.ഇയില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ ധനമന്ത്രി പി. ചിദംബരം യു.എ.ഇ അധികൃതരുമായി ചര്‍ച്ച നടത്തി. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ദുബൈ ഉപഭരണാധികാരിയും യു.എ.ഇ ധനമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ശൈഖ് ഹമദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരുമായിട്ടാണ് ചിദംബരം ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയത്. നിക്ഷേപ രംഗത്ത് പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചാണ് ഇരുകക്ഷികളും ചര്‍ച്ച നടത്തിയതെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി എം.കെ. ലോകേഷിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ‘ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസന മേഖലയില്‍, പ്രത്യേകിച്ച് ഇന്ത്യന്‍ ഇന്‍ഫ്രാ ബോണ്ടിലേക്ക് യു.എ.ഇയില്‍ നിന്നുള്ള കൂടുതല്‍ നിക്ഷേപം ധനമന്ത്രി തേടി. ഇന്ത്യയിലെ യു.എ.ഇയുടെ മുന്‍കാല നിക്ഷേപങ്ങളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി’- എം.കെ. ലോകേഷ് പറഞ്ഞു. ഇന്ത്യയില്‍ നിക്ഷേപത്തിന് വന്‍ സാധ്യതകള്‍ ഉണ്ടെന്ന് ചിദംബരം യു.എ.ഇ അധികൃതരെ ധരിപ്പിച്ചു. റോഡുകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ അടുത്ത അഞ്ച് വര്‍ഷത്തില്‍ ഒരു ലക്ഷം കോടി അമേരിക്കന്‍ ഡോളറിന്‍െറ ‘അനന്ത’ നിക്ഷേപ സാധ്യതകളാണ് ഇന്ത്യ തുറന്നിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സാമ്പത്തിക രംഗം ശക്തമായ തിരിച്ചുവരവ് നടത്തും. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരം സംബന്ധിച്ച സൂചന നല്‍കുന്ന കറന്‍റ് അക്കൗണ്ട് കമ്മി കുറക്കുന്നതിന് വിദേശ നിക്ഷേപത്തിന്‍െറ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുബൈ, അബൂദബി എന്നിവിടങ്ങളിലായിരുന്നു ചര്‍ച്ചകള്‍. ഊര്‍ജം (300 ബില്യന്‍), ദേശീയപാത-റോഡ് (180 ബില്യന്‍), ടെലികോം (75 ബില്യന്‍), പാരമ്പര്യേതര ഊര്‍ജം (50 ബില്യന്‍), തുറമുഖങ്ങള്‍-വിമാനത്താവളങ്ങള്‍ (70 ബില്യന്‍) തുടങ്ങിയ പദ്ധതികള്‍ ഇന്ത്യ ഫെബ്രുവരിയില്‍ യു.എ.ഇക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടന്നത്. ഫെബ്രുവരിയില്‍ നടന്ന ഇന്ത്യ-യു.എ.ഇ ഉന്നതതല നിക്ഷേപ ടാസ്ക് ഫോഴ്സിന്‍െറ പ്രഥമ യോഗത്തില്‍ യു.എ.ഇ നിക്ഷേപത്തിന് നിയമപരമായ സംരക്ഷണം നല്‍കുന്നത് സംബന്ധിച്ച ഉഭയകക്ഷി നിക്ഷേപ പ്രോത്സാഹന-സംരക്ഷണ കരാര്‍ (ബി.ഐ.പി.എ) ഒപ്പുവെക്കാന്‍ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ചും ഇരു രാജ്യങ്ങളിലെയും പൊതു-സ്വകാര്യ മേഖലകള്‍ സംയുക്തമായി മൂന്നാമതൊരു രാജ്യത്തില്‍ പദ്ധതികള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ നടന്നു. ഫെബ്രുവരിയില്‍ ഇന്ത്യന്‍ വാണിജ്യ മന്ത്രി ആനന്ദ് ശര്‍മയുടെ സന്ദര്‍ശനവേളയില്‍ ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ വിവിധ പദ്ധതികളില്‍ 200 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ യു.എ.ഇ തീരുമാനിച്ചിരുന്നു. ഇന്ത്യ കൈവരിച്ച മികച്ച നേട്ടങ്ങള്‍ വിദേശ നിക്ഷേപകരെ ധരിപ്പിക്കാനും കൂടുതല്‍ നിക്ഷേപം ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനും ലക്ഷ്യമിട്ട് നടത്തുന്ന ആഗോള പര്യടനത്തിന്‍െറ ഭാഗമായാണ് ചിദംബരം യു.എ.ഇയിലെത്തിയത്. സിങ്കപ്പൂര്‍, ഹോങ്കോങ്, ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ജപ്പാന്‍, ഖത്തര്‍, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിക്ഷേപകരുമായി അദ്ദേഹം സമാനമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. |
ശൈഖ് ഈസാ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ഡോ. ജമീല മഹ്മൂദ് ഏറ്റുവാങ്ങി Posted: 26 May 2013 11:15 PM PDT മനാമ: ബഹ്റൈന്‍ മുന്‍ ഭരണാധികാരി ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ പേരില്‍ ഏര്‍പ്പെടുത്തിയ ഈസ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ‘മേഴ്സി മലേഷ്യ’ സ്ഥാപക ഡോ. ജമീല മുഹമ്മദ് ഏറ്റുവാങ്ങി. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസാ ആല്‍ഖലീഫയാണ് പുരസ്കാരം സമ്മാനിച്ചത്. ശൈഖ് ഈസയുടെ പേരിലുള്ള പ്രഥമ പുരസ്കാരം നേടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് ഡോ. ജമീല പറഞ്ഞു. ഇസ്ലാമിന്‍െറ മൂല്യങ്ങളിലൂന്നി നിന്നുകൊണ്ട് മാനവ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ വളരെയധികം സാധ്യതകളുണ്ട്. മനുഷ്യരുടെ സംരക്ഷണത്തിനും അവര്‍ക്ക് വേണ്ടിയുള്ള സേവനത്തിനും മത,ജാതി, ഭാഷാ ദേശാതിര്‍ത്തികളില്ലെന്ന് അവര്‍ പറഞ്ഞു. ആധുനിക ബഹ്റൈന്‍െറ പിതാവെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ പേരില്‍ ഇത്തരമൊരു അവാര്‍ഡ് ഏര്‍പ്പെടുത്തിയത്് എന്തുകൊണ്ടും ഉചിതമാണെന്ന് പ്രിന്‍സസ് സബീക്ക വ്യക്തമാക്കി. ചടങ്ങില്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ വുമണ്‍ അസി. ചെയര്‍പേഴ്സണ്‍ ഡോ. മര്‍യം ബിന്‍ത് ഹസന്‍ ആല്‍ഖലീഫ, ഖലീഫിയ്യ ചാരിറ്റി സെക്രട്ടറി ജനറല്‍ ശൈഖ സൈന്‍ ബിന്‍ത് ഖാലിദ് ആല്‍ഖലീഫ, സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമണ്‍ ജനറല്‍ സെക്രട്ടറി ഹാല അല്‍അന്‍സാരി, സാമൂഹ്യ ക്ഷേമകാര്യ മന്ത്രി ഡോ. ഫാതിമ ബിന്‍ത് മുഹമ്മദ് അല്‍ബലൂഷി, അവാര്‍ഡ് കമ്മിറ്റി സെക്രട്ടറി അലി അബ്ദുല്ല ഖലീഫ, ബഹ്റൈനിലെ മലേഷ്യന്‍ അംബാസഡര്‍ ഡാറ്റോ അഹ്മദ് ഷഹീസാന്‍ അബ്ദുസ്സമദ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഡോ. ജമീല മഹ്മൂദും മറ്റ് നാല് പേരും ചേര്‍ന്നാണ് ‘മലേഷ്യന്‍ കാരുണ്യം’ എന്ന പേരില്‍ മനുഷ്യ സേവനത്തിനായി പ്രത്യേക സൊസൈറ്റി രൂപവത്കരിച്ചത്. സ്വന്തം പണം മുടക്കിയാണ് ഇതിന്‍െറ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രയാസമനുഭവിക്കുന്ന ഏവര്‍ക്കും ആരോഗ്യ സേവനമടക്കമുള്ള സഹായങ്ങളെത്തിക്കുന്നതിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. |
റോഡപകടങ്ങളില്‍ പൊലിയുന്നത് ദിനംപ്രതി മൂന്നു ജീവന്‍ Posted: 26 May 2013 10:45 PM PDT മസ്കത്ത്: ട്രാഫിക് ബോധവത്കരണവും കര്‍ശന നിയമ നടപടികളും തുടരുമ്പോഴും ഒമാനില്‍ റോഡപകടങ്ങള്‍ വീണ്ടും ഭയാനകമായി വര്‍ധിക്കുന്നതായി നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഡാറ്റാ സെന്റര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് റോഡപകടങ്ങളില്‍ ദിവസവും ശരാശരി മൂന്ന് മരണവും 31 പരിക്കുകളും സംഭവിക്കുന്നതായാണ് കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. റോഡപകടങ്ങളെ കുറിച്ച് പഠനം തുടങ്ങിയ വേളയില്‍ അപകട നിരക്ക് കുറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ വന്‍ വര്‍ധനവുണ്ടായതായി കണക്കുകള്‍ തെളിയിക്കുന്നു. പുതിയ കണക്കനുസരിച്ച് മസ്കത്ത്, ദാഖിലിയ്യ ഗവര്‍ണറേറ്റുകളിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്. അടുത്തിടെ നടന്ന റോഡപകടങ്ങളില്‍ 55 ശതമാനവും ഈ രണ്ട് ഗവര്‍ണറേറ്റുകളിലാണ് നടന്നത്. മൊത്തം അപകടങ്ങളിലെ 31 ശതമാനം മരണവും 48 ശതമാനം പരിക്കുകളും ഈ ഗവര്‍ണറേറ്റുകളിലാണ്. വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ദോഫാര്‍, അല്‍ വുസ്താ ഗവര്‍ണറേറ്റുകളും അപകടത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ച്ചയായ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെയും ട്രാഫിക് പൊലീസിന്റെ കര്‍ശനമായ ഇടപെടലിന്റെയും ഫലമായി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ ഈ വര്‍ഷം കുറവുണ്ടായി എങ്കിലും മരണ നിരക്ക് ഇപ്പോഴും അപകടകരമായ രീതിയില്‍ തുടരുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഔദ്യോഗിക കണക്കനുസരിച്ച് 145 പേരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 170 അപകട മരണങ്ങളാണുണ്ടായത്. ലോകാരോഗ്യ സംഘടന അടുത്തിടെ പുറത്തുവിട്ട കണക്കില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടം നടക്കുന്ന രാജ്യങ്ങളിലൊന്ന് ഒമാനാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പിറകെയാണ് നാഷണല്‍ സ്റ്റാറ്റിക്സ് സെന്റര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലും അപകട നിരക്ക് ഭയാനകമായ രീതിയില്‍ തുടരുന്നതായി പറയുന്നത്. |
ഏജന്‍സിയുടെ ചതി; നിരവധി തൊഴിലാളികള്‍ ദുരിതത്തില്‍ Posted: 26 May 2013 10:28 PM PDT ദമ്മാം: മാന്‍പവര്‍ ഏജന്‍സിയുടെ വാഗ്ദാനങ്ങളില്‍ കുടുങ്ങി സൗദിയില്‍ എത്തിയ തൊഴിലാളികള്‍ ചതിക്കപ്പെട്ടു. ഭക്ഷണവും ശമ്പളവുമില്ലാതെ കടുത്ത ദുരിതത്തിലാണിവര്‍. നിതാഖാത് നിയമവുമായി ബന്ധപ്പെട്ട് നിരവധി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഇന്ത്യയില്‍നിന്ന് 200 പേരെ കൊണ്ടുവരാന്‍ കമ്പനി വിസ തയാറാക്കുകയായിരുന്നു. ഇതില്‍ ആദ്യ സംഘത്തിലെത്തിയ 50 പേരാണ് ചതിക്കപ്പെട്ടത്. തമിഴ്നാട്, ആന്ധ്ര, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണിവര്‍. 150 പേര്‍ കൂടി ഈ കമ്പനിയിലേക്ക് വരാന്‍ വിസയും മറ്റും തയാറാക്കി കാത്തിരിക്കുന്നുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ എത്തിയ 50 വ്യക്തമായ തൊഴില്‍ കരാര്‍ ലഭിക്കാതെയാണ് വന്നത്. എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളില്‍നിന്നും എയര്‍പോര്‍ട്ടില്‍ വെച്ച് തിടുക്കത്തില്‍ കരാര്‍ ഒപ്പിട്ടു വാങ്ങിയ ശേഷം മറ്റൊരു കമ്പനിയിലേക്ക് ജോലിക്ക് വിടുകയായിരുന്നു. ശമ്പളമോ ഭക്ഷണ അലവന്‍സോ ലഭിക്കാത്ത ഇവരെ ദമ്മാമിലെ ഒരു ഇടുങ്ങിയ മുറിയിലാക്കി കമ്പനി അധികൃതര്‍ മുങ്ങി. ഇവരുടെ പാസ്പോര്‍ട്ട് വാങ്ങിയെങ്കിലും ഇതുവരെ ഇഖാമ ലഭിച്ചിട്ടില്ല. മുംബൈയിലെ ഒരു എജന്‍സി മുഖേന ഒന്നര ലക്ഷം മുതല്‍ രണ്ടു ലക്ഷം രൂപ വരെ കൊടുത്താണ് വിസ സംഘടിപ്പിച്ചത്. ഏതാനും ദിവസമായി ഭക്ഷണം പോലും കഴിക്കാന്‍ വകയില്ലാത്ത ഇവര്‍ക്ക് സാമൂഹിക പ്രവര്‍ത്തകരായ സാദിഖ് യൂസുഫ്, അബ്ദുല്‍സലാം, അശ്റഫ് എന്നിവര്‍ ചേര്‍ന്ന് ഭക്ഷണത്തിനും മറ്റും സൗകര്യം ജഒരുക്കി. ഇവരുടെ വിഷയത്തില്‍ ഇടപെട്ട സാമൂഹിക പ്രവര്‍ത്തകരെ കമ്പനിയുടെ പേരില്‍ പല മൊബൈല്‍ നമ്പറുകളില്‍നിന്നും വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ഇവരുടെ പ്രശ്നങ്ങള്‍ സൗദി ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസി, ദമ്മാം ജുനൂബ് പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്. |
മാവോയിസ്റ്റ് ആക്രമണം: എന്‍.ഐ.എ അന്വേഷിക്കും Posted: 26 May 2013 10:10 PM PDT ന്യൂദല്‍ഹി: ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തെ കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കും. ന്യൂയോര്‍ക്കിലുള്ള ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയാണ് വാര്‍ത്താ ഏജന്‍സിയോട് ഫോണിലൂടെ ഇക്കാര്യം അറിയിച്ചത്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് ഷിന്‍ഡെ പറഞ്ഞു. എന്‍.ഐ.എ അന്വേഷണത്തിനായുള്ള നടപടികളെടുക്കാന്‍ ആഭ്യന്തരസെക്രട്ടറി ആര്‍.കെ സിങ്ങിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച വൈകിട്ടാണ് കോണ്‍ഗ്രസ് നേതാക്കളുടെ വ്യാഹനവ്യൂഹത്തിനുനേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാവായ മഹേന്ദ്ര കര്‍മ, പി.സി.സി. പ്രസിഡന്റ് നന്ദ് കുമാര്‍ പട്ടേല്‍, മകന്‍ ദിനേശ്, മുന്‍ എം.എല്‍.എ ഉദയ് മുദലിയാര്‍ എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടും. മുന്‍ കേന്ദ്രമന്ത്രി വി.സി. ശുക്ല അടക്കം 32 പേര്‍ക്ക് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. |
കാട്ടിലെ തടി; തേവരുടെ ആന Posted: 26 May 2013 08:52 PM PDT Subtitle: പരിശോധിച്ച് 'പണി'തരുന്ന 'ലാഭോ'റട്ടറികള്‍ -5 Byline: തയാറാക്കിയത്: ബിജു ടി. ബാലന് എ. സക്കീര്‍ ഹുസൈന് എബി തോമസ് ബാബു ചെറിയാന് സങ്കലനം: എം. ഋജു തോന്നിയ രീതിയിലാണ് സംസ്ഥാനത്ത് ലാബുകളില്‍ പരിശോധനക്കുള്ള ചാര്‍ജ് ഈടാക്കുന്നത്. എച്ച്.ഐ.വിക്ക് 320 രൂപ ഹെപ്പറ്റൈറ്റിസ് ബിക്ക് 170 രൂപ. രണ്ട് പരിശോധനക്കും കൂടി 490 രൂപ. കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ലബോറട്ടറിയില്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടിയായിരുന്നു ഇത്. ഇതേ പരിശോധനക്കായി കുന്ദമംഗലത്തെ ലബോറട്ടറിയെ സമീപിച്ചപ്പോള്‍ എച്ച്.ഐ.വിക്ക് 200 രൂപ, ഹെപ്പറ്റൈറ്റിസ് ബിക്ക് 100 രൂപ, രണ്ടിനുംകൂടി 300 രൂപ. ആദ്യ ലാബിനേക്കാള്‍ 190 രൂപ കുറവ്. വീണ്ടും ഇതേ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപമുള്ള ലാബിലത്തെിയപ്പോള്‍ രണ്ടു പരിശോധനകള്‍ക്കുംകൂടി 280 രൂപയായി നിരക്ക്. ചുരം കയറി വയനാട്ടിലെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലെ ലാബില്‍ ഈ രണ്ട് പരിശോധനകളുടെ നിരക്ക് അന്വേഷിച്ചപ്പോള്‍ 230 രൂപയായി. ഇതുപോലെ കൊളസ്ട്രോള്‍, പ്രമേഹം, യൂറിയ തുടങ്ങിയ എല്ലാ പരിശോധനകളിലും വ്യത്യസ്ത നിരക്കാണ് ലാബുകളിലുള്ളത്. സര്‍ക്കാര്‍ ലാബുകളിലേതിന്‍െറ അഞ്ചും ആറും ഇരട്ടി ഫീസ് വാങ്ങുന്ന സ്വകാര്യ ലാബുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഒരു സംവിധാനവുമില്ല. കോഴിക്കോട് ജില്ലയില്‍ എത്ര സ്വകാര്യ ലബോറട്ടറികളുണ്ടെന്ന് ചോദിച്ചാല്‍ ‘അറിയില്ളെന്നാണ്’ ജില്ലാ മെഡിക്കല്‍ ഓഫിസില്‍നിന്ന് ലഭിക്കുന്ന മറുപടി. ലാബുകളുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ കമ്മിറ്റി രൂപവത്കരിച്ചെന്നും ജില്ലകള്‍തോറും ഉടന്‍ പരിശോധന നടത്തുമെന്നും കോഴിക്കോട് അഡീ. ഡി.എം.ഒ ഡോ. എം.കെ. അപ്പുണ്ണി ‘മാധ്യമ’ത്തോട് പറഞ്ഞു. ഗുണനിലവാര പരിശോധനയും കൃത്യമായി നടക്കാറില്ല. അതേസമയം, അസോസിയേഷന്‍ അംഗങ്ങളായ ലാബുകളില്‍ കഴിയുന്നത്ര ഗുണനിലവാരം ഉറപ്പാക്കുന്നുണ്ടെന്നാണ് മെഡിക്കല്‍ ലാബ് അസോ. ജില്ലാ പ്രസിഡന്‍റ് എ. ഗിരീഷിന്‍െറ അവകാശവാദം. ഗുണനിലവാരം കുറഞ്ഞ സാധനങ്ങളാണ് ചില ലാബുകളില്‍ ഉപയോഗിക്കുക. നിരവധി കമ്പനികളുടെ റെപ്രസന്‍േററ്റീവുമാര്‍ ഓരോ ലബോറട്ടറിയിലും എത്താറുണ്ട്. നിരവധി ഓഫറുകള്‍ ഓരോ ലാബ് ഉപകരണങ്ങളുടെ കാര്യത്തിലും ഇവര്‍ നിരത്തും. പല ലാബുകളിലും എച്ച്.ഡി.എല്‍ കൊളസ്ട്രോള്‍ പരിശോധിക്കാനുള്ള റീഏജന്‍റ് വാങ്ങാറില്ല. എന്നാല്‍, രോഗികള്‍ക്ക് പരിശോധന കൃത്യമായി നടത്താറുണ്ട്. ടെക്നീഷ്യന്‍െറ കണക്കുകൂട്ടലില്‍നിന്നാണത്രെ റിപ്പോര്‍ട്ട് തയാറാക്കുന്നത്. ലാബുകളില്‍ ഉപയോഗിച്ച സിറിഞ്ച്, സൂചി, രക്തം തുടക്കാന്‍ ഉപയോഗിച്ച പഞ്ഞി എന്നിവ നശിപ്പിക്കുന്നത് എവിടെയാണെന്നതും പലപ്പോഴും അജ്ഞാതമാണ്. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി തലസ്ഥാനത്ത് നടപ്പാക്കിവരുന്ന ‘സേവ് തിരുവനന്തപുരം’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്വകാര്യ ലാബുകള്‍, സ്കാനിങ് സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡുകള്‍ പരിശോധന നടത്തി. രക്തത്തിലൂടെ മഞ്ഞപ്പിത്തം കൂടിവരുന്ന സാഹചര്യം കണക്കിലെടുത്തായിരുന്നു പരിശോധന. ഞെട്ടിക്കുന്ന കാര്യങ്ങളാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് കാണാനായത്. കോര്‍പറേഷന്‍ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ മൂന്ന് സ്കാനിങ് സെന്‍ററുകളും ഒരു ലാബും അടച്ചുപൂട്ടി. ലൈസന്‍സും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ പ്രവര്‍ത്തിച്ചതിനാണ് സ്കാനിങ് സെന്‍ററുകള്‍ അടച്ചുപൂട്ടിയത്. മഞ്ഞപ്പിത്തം തിരുവനന്തപുരം ജില്ലയില്‍ ക്രമാതീതമായി കൂടിയപ്പോള്‍, രോഗത്തിന്‍െറ ഉറവിടം കണ്ടത്തൊന്‍ ആരോഗ്യവകുപ്പ് പലവിധ പരിശോധനകളും നടത്തി. ഒടുവിലാണ് സുരക്ഷിതമല്ലാതെ പ്രവര്‍ത്തിക്കുന്ന ലാബുകളില്‍നിന്നാണ് മഞ്ഞപ്പിത്തം പടരുന്നതെന്ന നിരീക്ഷണത്തില്‍ ആരോഗ്യവകുപ്പ് എത്തിയത്. എറണാകുളത്തും സ്ഥിതി ഇതുതന്നെയായിരുന്നു. ടി.ബി ബാധിച്ച രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് സൗജന്യമായി നല്‍കുന്ന സിറിഞ്ചുകള്‍ ഒരു ലാബില്‍ ഉപയോഗിക്കുന്നതായി പരിശോധനയില്‍ കണ്ടത്തെി. പരിശോധന നടത്തിയ 105 ലാബുകളിലും ഏഴ് ഡെന്‍റല്‍ ക്ളിനിക്കുകളിലും ശരിയായ മാലിന്യനിര്‍മാര്‍ജന സംവിധാനമില്ല. 30 ലബോറട്ടറികളിലും അഞ്ച് ഡെന്‍റല്‍ ക്ളിനിക്കുകളിലും ഉപകരണങ്ങള്‍ അണുവിമുക്തമാക്കാതെയാണ് പ്രവര്‍ത്തിപ്പിക്കുന്നതെന്നും കണ്ടത്തെി. പരിശോധന നടത്തിയ 89 ലാബുകള്‍, 15 എക്സ്റേ യൂനിറ്റുകള്‍, ഏഴ് സ്കാനിങ് സെന്‍ററുകള്‍, 14 ഡെന്‍റല്‍ ക്ളിനിക്കുകള്‍ എന്നിവ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് പോലും ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ, 13 എക്സ്റേ യൂനിറ്റുകള്‍ പരിശോധിച്ചതില്‍ ഒന്നിലും ഡിപാര്‍ട്മെന്‍റ് ഓഫ് റേഡിയേഷന്‍ സേഫ്റ്റിയുടെ അംഗീകാരം വാങ്ങിയിട്ടില്ലായിരുന്നു. ജില്ലയില്‍ ആദ്യഘട്ടം നടത്തിയ പരിശോധനയില്‍ 18 ലാബുകള്‍ മാത്രമാണ് ഗുണനിലവാരത്തോടെ പ്രവര്‍ത്തിക്കുന്നതായി ബോധ്യപ്പെട്ടത്. പരിശോധനയില്‍ ഗുരുതര വീഴ്ചകള്‍ കണ്ടത്തെിയ 18 ലാബുകള്‍ അടച്ചുപൂട്ടി. 117 എണ്ണത്തിന് നോട്ടീസും നല്‍കി. ലാബുകളിലെ ഗുണനിലവാര പരിശോധന നിയമപരമായി നിര്‍ബന്ധമാക്കിയിട്ടില്ല. നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ലാബ്സ് (എന്‍.ബി.എല്‍) എന്ന ദേശീയ ഗുണനിലവാര ഏജന്‍സിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ ലാബുകള്‍ കേരളത്തിലുണ്ട്. ഒരു ലാബിന് വേണ്ട എല്ലാ ഗുണനിലവാരവുമുള്ള സ്ഥാപനങ്ങള്‍ക്കാണ് അക്രഡിറ്റേഷന്‍ നല്‍കുക. നിലവില്‍ പത്തനംതിട്ട, എറണാകുളം, ചേര്‍ത്തല, കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളിലായി ഏഴോളം ലാബുകള്‍ ഈ ഏജന്‍സിക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടു വര്‍ഷമാണ് രജിസ്ട്രേഷന്‍ കാലാവധി. രജിസ്റ്റര്‍ ചെയ്ത ലാബുകളില്‍ എപ്പോള്‍ വേണമെങ്കിലും ഏജന്‍സിക്ക് പരിശോധന നടത്താനും ഗുണനിലവാരമില്ളെന്ന് തോന്നിയാല്‍ ലാബിന്‍െറ രജിസ്ട്രേഷന്‍ കാന്‍സല്‍ ചെയ്യാനും അധികാരമുണ്ട്. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ ലാബുകള്‍ രജിസ്ട്രേഷന്‍ പുതുക്കണം. എന്നാല്‍,ഇത് നിയമപരമായി നടപ്പാക്കിയിട്ടില്ല. ഈ അക്രഡിറ്റേഷന്‍ മുതലാക്കുകയാണ് ലാബുടമകള്‍ ചെയ്യുന്നത്. ഒരു ലാബ് ഉടമക്ക് വിവിധ സ്ഥലങ്ങളിലായി നാലോ അഞ്ചോ ലാബുകള്‍ ഉണ്ടായിരിക്കും. ഇതില്‍ ഏതെങ്കിലും ഒരു ലാബിന് അക്രഡിറ്റേഷന്‍ കിട്ടിയിരിക്കും. അക്രഡിറ്റേഷന്‍ കിട്ടിയ ലാബാണെന്ന് രോഗികള്‍ക്ക് കാണാന്‍ സാധിക്കുംവിധം എന്‍.ബി.എല്‍ അക്രഡിറ്റഡ് എന്ന് പ്രദര്‍ശിപ്പിച്ചിരിക്കും. ഈ ബോര്‍ഡ് നടത്തിപ്പുകാരന്‍െറ അക്രഡിറ്റേഷന്‍ കിട്ടാത്ത ലാബുകളിലും പ്രദര്‍ശിപ്പിക്കും. ഒരേ ഉടമയുടേത് ആയതുകൊണ്ട് രോഗികള്‍ വിശ്വസിക്കുകയും ചെയ്യും. കേരളത്തില്‍ കൂണുപോലെ മുളച്ചുപൊന്തുന്ന സ്വകാര്യ മെഡിക്കല്‍ ലബോറട്ടറികളെ നിയന്ത്രിക്കുന്നതിന് റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കുന്ന കാര്യം സര്‍ക്കാറിന്‍െറ സജീവ പരിഗണനയിലാണെന്ന് 2004ല്‍ അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കടവൂര്‍ ശിവദാസന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. എന്നാല്‍, തുടര്‍നടപടികളൊന്നും പ്രാബല്യത്തില്‍ വന്നില്ല. 24.2.2000ത്തില്‍ അന്ന് എം.എല്‍.എ യായിരുന്ന ഇ.ടി. മുഹമ്മദ്് ബഷീര്‍ നിലവാരമില്ലാത്ത ലാബുകള്‍ തെറ്റായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് സാധാരണക്കാരെ ഏറെ ദുരിതത്തിലാക്കുന്നതായി കാണിച്ച് നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിച്ചു. ഇതിന് മറുപടി നല്‍കിയ അന്നത്തെ ആരോഗ്യമന്ത്രി, ഇക്കാര്യങ്ങളൊക്കെ സര്‍ക്കാറിന് അറിയാമെന്നും നടപടിയെടുക്കുമെന്നുമാണ് വ്യക്തമാക്കിയത്. പക്ഷേ, ഒന്നും നടന്നിട്ടില്ല. സ്വകാര്യ ലാബുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ 2007ല്‍ ജസ്റ്റിസുമാരായ ജെ.ബി. കോശി, വി. ഗിരി എന്നിവരടങ്ങിയ ബെഞ്ച് ആറു മാസത്തിനകം ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്ന് സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവും എവിടെയോ പൊടിപിടിച്ചുകിടപ്പുണ്ട്. 2010ലാണ് കേന്ദ്ര സര്‍ക്കാര്‍ ക്ളിനിക്കല്‍ എസ്റ്റാബ്ളിഷ്മെന്‍റ് ആക്ട് പാസാക്കിയത്. ലാബുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഈ ആക്ട് പാസാക്കിയത്. എന്നാല്‍, കേരളത്തിലിത് നടപ്പാക്കിയില്ല. നിയമം കൊണ്ടുവരുന്നതിനെതിരെ ഐ.എം.എ ഉള്‍പ്പെടെ സംഘടനകള്‍ മുഖംതിരിഞ്ഞു നില്‍ക്കുന്നതിനാല്‍ സര്‍ക്കാറിന് മുട്ടുവിറക്കുന്നു. കേന്ദ്രനിയമം മിക്ക സംസ്ഥാനങ്ങളും നടപ്പാക്കിക്കഴിഞ്ഞു. നാമിപ്പോഴും ചര്‍ച്ചകളിലാണ്. ക്ളിനിക്കല്‍ എസ്റ്റാബ്ളിഷ്മെന്‍റ് ബില്ലിനെ എന്തുവിലകൊടുത്തും എതിര്‍ക്കുമെന്നാണ് പ്രൈവറ്റ് പാരാമെഡിക്കല്‍ അസോസിയേഷനും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. (അവസാനിച്ചു) |
No comments:
Post a Comment