സ്വാഗതം
WELCOME

News Update..

Saturday, May 25, 2013

മെയ്യപ്പന്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് Madhyamam News Feeds

മെയ്യപ്പന്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് Madhyamam News Feeds

Link to

മെയ്യപ്പന്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്

Posted: 25 May 2013 12:32 AM PDT

Image: 

മുംബൈ: ഐ.പി.എല്‍ വാതുവെപ്പു കേസില്‍ അറസ്റ്റിലായ ചെന്നൈ സൂപ്പര്‍കിങ്‌സ് ഉടമ ഗുരുനാഥ് മെയ്യപ്പന്‍ ചോദ്യം ചെയ്യലിനോടു സഹകരിക്കാതെ ഒഴിഞ്ഞുമാറുന്നതായി മുംബൈ ക്രൈംബ്രാഞ്ച്. വെള്ളിയാഴ്ച രാത്രി മധുരയില്‍ നിന്ന് അറസ്റ്റിലായ മെയ്യപ്പനെ ക്രൈംബ്രാഞ്ച് സംഘം മുംബൈയില്‍ ചോദ്യം ചെയ്യുകയാണ്. മെയ്യപ്പനെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. ഇതിനു മുന്നോടിയായാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.

ആദ്യഘട്ടത്തില്‍ മെയ്യപ്പനെ രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. പിന്നീട് അറസ്റ്റിനുശേഷവും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിനോട് സഹകരിക്കാന്‍ മെയ്യപ്പന്‍ തയ്യാറായിട്ടില്ല. വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോളിവുഡ് താരം വിന്ധു ധാരാസിങ്ങിനെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മെയ്യപ്പനെ അറസ്റ്റു ചെയ്തത്.

ബി.സി.സി.ഐ. പ്രസിഡന്റായ എന്‍. ശ്രീനിവാസന്റെ മകളുടെ ഭര്‍ത്താവായ മെയ്യപ്പന്‍ ഐ.പി.എല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ പ്രമുഖനാണ്.
 

മൂവാറ്റുപുഴയില്‍ ദമ്പതികളെ ആക്രമിച്ച സംഭവം: മൂന്നുപേര്‍ അറസ്റ്റില്‍

Posted: 24 May 2013 11:57 PM PDT

Image: 

കൊച്ചി: മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ദമ്പതികള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. മൂവാറ്റുപുഴ സ്വദേശികളായ ശബരീഷ്, ശ്രീജിത്ത്, ദീപു എന്നിവരാണ് ശനിയാഴ്ച രാവിലെ അറസ്റ്റിലായത്. ആറു പേരാണ് ദമ്പതികളെ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

വ്യാഴാഴ്ച രാത്രിയാണ് ബസിനുള്ളില്‍ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ദമ്പതികള്‍ക്ക് മര്‍ദ്ദനമേറ്റത്. തൊടുപുഴയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരായ ദമ്പതികളില്‍ യുവതിയോട് പിന്‍സീറ്റിലിരുന്ന അക്രമി സംഘത്തിലെ ഒരാള്‍ അപമര്യാദയായി പെരുമാറിയിരുന്നു. ഇത് ഭര്‍ത്താവ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് അക്രമി തന്റെ സംഘത്തിലെ മറ്റുള്ളവരെ മൂവാറ്റുപുഴ സ്റ്റാന്‍ഡിലേക്ക് വിളിച്ചുവരുത്തി ബസിനുള്ളില്‍ കയറി ഇവരെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കുകളില്‍ കയറി അക്രമികള്‍ രക്ഷപ്പെട്ടു. കാക്കനാട് സ്വദേശികളാണ് ആക്രമണത്തിന് ഇരയായ ദമ്പതികള്‍ കോലഞ്ചേരിയില്‍ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

പരിക്കേറ്റ കാക്കനാട് സ്വദേശികളായ ദമ്പതികള്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു.
 

ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു

Posted: 24 May 2013 11:51 PM PDT

 

പാലക്കാട്: ജില്ലയില്‍ പല ഭാഗങ്ങളിലും ഡെങ്കിപ്പനി ക്രമാതീതമായി പടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു. 
വേനല്‍മഴ പല ഭാഗങ്ങളിലും പെയ്തതിനാല്‍ വെള്ളം കെട്ടിക്കിടന്ന് കൊതുക് വര്‍ധിക്കാനും ഡെങ്കിപ്പനിയുടെ വ്യാപനത്തിനും സാധ്യതയുണ്ട്.  
കൊതുക് പരത്തുന്ന ഡെങ്കിപ്പനി മഴക്കാലത്തും മഴ കഴിഞ്ഞാലുടനെയുമാണ് കണ്ടുവരുന്നത്.  വെള്ളം കെട്ടിക്കിടക്കുന്നതിനാലും കൊതുക് പെരുകുന്നതിനാലുമാണിത്.  
ഡെങ്കിപ്പനിക്ക് പ്രത്യേക മരുന്ന് നിലവിലില്ല.  രോഗലക്ഷണങ്ങള്‍ക്കാണ് ചികിത്സ. കൊതുകുകളെ നശിപ്പിക്കുകയാണ്  ഡെങ്കിപ്പനി നിയന്ത്രണത്തിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. ആഴ്ചയില്‍ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കണം.  
കൊതുകുകളുടെ പ്രജനന സ്ഥലങ്ങള്‍ ഇല്ലാതാക്കുക.  വീടിനുള്ളിലും പരിസരങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയുക, വാട്ടര്‍ കൂളറിലുള്ള വെള്ളം ആഴ്ച തോറും മാറ്റുക, ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക എന്നിവ  ശ്രദ്ധിക്കണം. രോഗത്തിനെതിരെ മനുഷ്യശരീരത്തിന് പ്രകൃതിദത്തമായ പ്രതിരോധശേഷി ഇല്ല.  
പെട്ടെന്നുളള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങള്‍ക്ക് പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, മനം പുരട്ടലും ഛര്‍ദിയും തുടങ്ങിയവയാണ് രോഗത്തിന്‍െറ പ്രധാന ലക്ഷണങ്ങള്‍.  ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരെ ഉടന്‍ അറിയിക്കുകയും വിദഗ്ധ ചികിത്സ നേടുകയും ചെയ്യണം. സ്വയം ചികിത്സ ചെയ്താല്‍ രോഗം ഗുരുതരമാകാനും ജീവഹാനി നേരിടാനും ഇടയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
 

മഞ്ഞപ്പിത്തം വ്യാപിക്കുന്നു

Posted: 24 May 2013 11:46 PM PDT

 

മലപ്പുറം: മലപ്പുറത്തും പരിസര  പ്രദേശങ്ങളിലും കൂടുതല്‍ മഞ്ഞപ്പിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ 27 പേരാണ് ചികിത്സയിലുള്ളത്. 
ഇവരില്‍ എട്ടു പേര്‍ പുരുഷന്മാരും ഒമ്പത് സ്ത്രീകളും പത്ത് കുട്ടികളുമാണ്. മേല്‍മുറി ഭാഗത്തു നിന്നുള്ളവരാണ് ചികിത്സയിലുള്ളവരിലധികവും. 
പനി ബാധിച്ച് നിരവധിയാളുകള്‍ വെള്ളിയാഴ്ചയും ചികില്‍സ തേടി. ഇവര്‍ക്ക് മഞ്ഞപ്പിത്തമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഹാജിയാര്‍പള്ളി, കോല്‍മണ്ണ, പൂക്കോട്ടൂര്‍, വറ്റലൂര്‍ കടമ്പോട്, കോഡൂര്‍, വള്ളുവമ്പ്രം, കൂട്ടിലങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലും മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രോഗികളുടെ ആധിക്യം മൂലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളവരില്‍ ചിലര്‍ തറയിലാണ് കിടക്കുന്നത്.
 മഞ്ഞപ്പിത്തബാധ തടയാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.
 

പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്ക്

Posted: 24 May 2013 11:42 PM PDT

Image: 

ന്യൂദല്‍ഹി: നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബ്രിഗേഡിയര്‍ അടക്കം മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് പാകിസ്താന്‍ സൈനികര്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കശ്മീരിലെ തുട്മാരി ഗലി സെക്ടറിലാണ് വെടിനിര്‍ത്തല്‍ ലംഘനമുണ്ടായത്.

ഇന്ത്യന്‍ സൈനികരുടെ പരിക്ക് ഗുരുതരമല്ളെന്ന് അധികൃതര്‍ പറഞ്ഞു. മോര്‍ട്ടാറുകള്‍ അടക്കമുള്ള ആയുധങ്ങള്‍ പാക്സേന ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പ്രയോഗിച്ചുവെന്നും ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയെന്നും സൈനികകേന്ദ്രങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ജനവരിയില്‍ അതിര്‍ത്തി ലംഘിച്ച പാക് സൈനികര്‍ രണ്ട് ഇന്ത്യന്‍ സൈനികരെ വധിക്കുകയും ഒരാളുടെ തലയറുക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം വഷളായിരുന്നു. പിന്നീട് ഇരുരാജ്യങ്ങളുടെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നം രമ്യമായി പരിഹരിച്ചത്.

പനി പടരുന്നു; പ്രതിരോധം താളം തെറ്റുന്നു

Posted: 24 May 2013 11:40 PM PDT

 

മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്കില്‍ പകര്‍ച്ച രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുമ്പോഴും ആരോഗ്യവകുപ്പിന്‍െറ നേതൃത്വത്തിലുള്ള രോഗ പ്രതിരോധ സംവിധാനങ്ങള്‍ അവതാളത്തില്‍. മല്ലപ്പള്ളി ബ്ളോക്കിന്‍െറ കീഴില്‍ വരുന്ന ഏഴ് പഞ്ചായത്തുകളില്‍ 12 പേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മല്ലപ്പള്ളി പഞ്ചായത്തില്‍ മൂന്നും കോട്ടാങ്ങല്‍, കുന്നന്താനം, കല്ലൂപ്പാറ പഞ്ചായത്തുകളില്‍ രണ്ടും ആനിക്കാട്, കൊറ്റനാട്, കവിയൂര്‍ പഞ്ചായത്തുകളില്‍ ഒരാള്‍ വീതവും ഡെങ്കിപ്പനിയുള്ളതായി ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.
 താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്നുപേരില്‍ രണ്ടുപേര്‍ ഡിസ്ചാര്‍ജായി. ഒരാള്‍ ചികിത്സയിലുണ്ട്. താലൂക്കാശുപത്രിയിലെ ഒ.പിയില്‍ പനിബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. മുന്‍കാലങ്ങളെപ്പോലെ മഴക്കാലപൂര്‍വ രോഗ ശുചീകരണം  നടന്നിട്ടില്ല. താലൂക്കാശുപത്രിയിലും സി.എച്ച്.സിയിലും പി.എച്ച്.സികളിലും ആവശ്യത്തിന് ഡോക്ടര്‍മാരും സ്റ്റാഫും ഉണ്ടെങ്കിലും മിക്കപ്പോഴും എന്‍.ആര്‍.എച്ച്.എമ്മില്‍ ഉള്‍പ്പെടുന്നവരാണ്. എന്നാല്‍, ഇവരില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പലരും  മിക്ക ദിവസങ്ങളിലും വരാതെ ശമ്പളം വാങ്ങാന്‍ മാത്രം  എത്തുന്നതാണെന്നും പരക്കെ ആക്ഷേപമുണ്ട്.  ഫീല്‍ഡ് സ്റ്റാഫിന്‍െറയും ആശാ വര്‍ക്കര്‍മാരുടെയും പ്രവര്‍ത്തനം കാര്യക്ഷമമല്ല.   താലൂക്കാശുപത്രിയില്‍ മാത്രമാണ് കിടത്തിച്ചികിത്സയുള്ളത്.  മലയോര മേഖലയായ മിക്ക പഞ്ചായത്തുകളിലെയും രോഗികളും ഇതുമൂലം ദുരിതത്തിലാണ്. സമീപത്ത് ആശുപത്രികള്‍ ഇല്ലാത്തതുമൂലം കിലോമീറ്ററുകള്‍ സഞ്ചരിച്ചുവേണം മറ്റ് ആശുപത്രികളില്‍ എത്താന്‍.
ജില്ലയില്‍ ചികുന്‍ഗുനിയ പോലുള്ള മാരകരോഗങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായത് മല്ലപ്പള്ളി താലൂക്കിന്‍െറ കിഴക്കന്‍ മലയോര പ്രദേശങ്ങളിലാണ്. ഇപ്പോഴും അതിന്‍െറ ദുരിതഫലങ്ങള്‍ അനുഭവിക്കുകയാണ് പലരും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാവശ്യമായ   നടപടി  ത്രിതല പഞ്ചായത്ത് അധികൃതരുടെ  ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്. മിക്ക പ്രദേശങ്ങളിലും മാലിന്യവും മലിനജലവും കെട്ടിക്കിടന്ന് കൊതുക് വളര്‍ത്തല്‍ കേന്ദ്രങ്ങളാകുന്നു. മിക്ക പഞ്ചായത്തുകളിലെ പൊതുസ്ഥലങ്ങളിലും മാലിന്യം കുമിയുകയാണ്്.

മലയോര കര്‍ഷകരുടെ സ്വപ്നം സാക്ഷാത്കാരത്തിലേക്ക്

Posted: 24 May 2013 11:34 PM PDT

Subtitle: 
മെഡിക്കല്‍ കോളജ് ശിലാസ്ഥാപനം

 

ചെറുതോണി: മുഖ്യമന്ത്രി തറക്കല്ലിട്ടതോടെ യാഥാര്‍ഥ്യമായത് മലയോര കര്‍ഷകരുടെ നെടുനാളത്തെ സ്വപ്നം. രണ്ടായിരത്തില്‍ തന്നെ മെഡിക്കല്‍ കോളജിനെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയിരുന്നെങ്കിലും 2012 ലെ ബജറ്റിലാണ് ധനകാര്യമന്ത്രി കെ.എം. മാണി പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് സ്പെഷല്‍ ഓഫിസറായി കോട്ടയം മെഡിക്കല്‍ കോളജിന്‍െറ മുന്‍ സൂപ്രണ്ട് ഡോ.പി.ജി.ആര്‍. പിള്ളയെ നിയമിച്ചു.
 2012 ആഗസ്റ്റ് ഒന്നിന് മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ പ്രോജക്ട് റിപ്പോര്‍ട്ട് അംഗീകരിക്കുകയും കണ്‍സള്‍ട്ടിങ് ഏജന്‍സിയായി സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോയെ അംഗീകരിക്കുകയും ചെയ്തു.
ഇടുക്കി ആര്‍ച്ച് ഡാമിന്‍െറ മാതൃകയില്‍ പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയിലാണ് കെട്ടിട നിര്‍മാണം വിഭാവനം ചെയ്തിരിക്കുന്നത്. ആശങ്കകള്‍ ദൂരീകരിച്ച് പ്രതിസന്ധികള്‍ തരണം ചെയ്താണ് മെഡിക്കല്‍ കോളജെന്ന സ്വപ്നം യാഥാര്‍ഥ്യമായത്. 
2012 മാര്‍ച്ച് 24ന് മെഡിക്കല്‍ കോളജ് തുടങ്ങുന്നതിനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. മെഡിക്കല്‍ കോളജിനായി ജില്ലാ ആശുപത്രിക്ക് സമീപം ജില്ലാ പഞ്ചായത്ത് 45 ഏക്കര്‍ സ്ഥലം വിട്ടുനല്‍കി. ഈ സ്ഥലം ഒരുലക്ഷം രൂപ ചെലവഴിച്ച് തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തിയാണ് വെട്ടിത്തെളിച്ചത്.
2012 ജൂലൈ മൂന്നിന് കലക്ടറേറ്റില്‍ കൂടിയ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ രൂപരേഖ സംബന്ധിച്ച് അന്തിമ രൂപം നല്‍കി. ആകെ 277 കോടിയാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഒന്നാംഘട്ട നിര്‍മാണത്തിന് മാത്രം 140 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 30500 ച.മീ. വിസ്തീര്‍ണമുള്ള ക്ളാസ് മുറിയും ഓഫിസും 11300 ച. മീ. ക്വാര്‍ട്ടേഴ്സും ബ്ളോക്കുമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
മെഡിക്കല്‍ കോളജ് ആശുപത്രി തുടങ്ങണമെങ്കില്‍ 300 കിടക്കകള്‍ വേണം. 190 കിടക്കകള്‍ മാത്രമാണ് ജില്ലാ ആശുപത്രിയിലുള്ളത്. ബാക്കി കിടക്കകള്‍ ഉള്‍പ്പെടുത്തി 2014 ല്‍ ആദ്യമെഡിക്കല്‍ ബാച്ച് ആരംഭിക്കും. 
തുടക്കത്തില്‍ 100 കുട്ടികള്‍ക്ക് പ്രവേശം ലഭിക്കും. ആരംഭത്തില്‍ തന്നെ നഴ്സിങ് കോളജ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ഹോസ്റ്റലുകള്‍, ലാബ് എന്നിവ ഒരുക്കാനാണുദ്ദേശിക്കുന്നത്. പാര്‍ക്കിങ് ഏരിയ, ചുറ്റുമതില്‍ നിര്‍മാണം, നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണം എന്നിവ രണ്ടാംഘട്ടത്തിലാണ് നടത്തുക. ജില്ലാ ആശുപത്രിയുടെ സൗകര്യങ്ങളാണ് തുടക്കത്തില്‍ മെഡിക്കല്‍ കോളജിനായി ഉപയോഗിക്കുക. രണ്ടുമാസത്തിനുള്ളില്‍ പണി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
പൂര്‍ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ 118 സീനിയര്‍ ഡോക്ടര്‍മാര്‍, 85 സാധാരണ ഡോക്ടര്‍മാര്‍, 100 ഹൗസ് സര്‍ജന്മാര്‍ എന്നിങ്ങനെ ഉണ്ടാകും. 181 പാരാമെഡിക്കല്‍ ജീവനക്കാരും 273 നഴ്സുമാരും ഉണ്ടാകും. മെഡിക്കല്‍ കോളജ് ആരംഭിക്കുമ്പോള്‍ പ്രതിദിനം ഏഴുലക്ഷം ലിറ്റര്‍ വെള്ളം വേണമെന്നാണ് കണക്ക്. 
ജലലഭ്യത സംബന്ധിച്ച സര്‍വേ റിപ്പോര്‍ട്ട് പൂര്‍ത്തിയായിട്ടുണ്ട്. വൈദ്യുതി ലഭ്യമാക്കാന്‍ നിര്‍ദിഷ്ട സ്ഥലത്ത് സബ്സ്റ്റേഷന്‍ പണിയും. ഇതിന്‍െറ ചുമതല വൈദ്യുതി ബോര്‍ഡിലെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കാണ്. നിര്‍മാണത്തിനാവശ്യമായ പാറ, മണ്ണ് എന്നിവ നിര്‍ദിഷ്ട സ്ഥലത്ത് നിന്ന് തന്നെ എടുക്കാനാണ് ഉദ്ദേശിക്കുന്നത്. ആശുപത്രിയിലേക്ക് വെള്ളമെത്തിക്കുന്നതിന് 1200 കെ.വിയുടെ മൂന്ന് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കും. രണ്ടുകോടി  ചെലവില്‍ ഓപറേഷന്‍ കോംപ്ളക്സ് നിര്‍മിക്കാനും തീരുമാനിച്ചിട്ടുണ്ട്. 
ആശുപത്രിയുടെ വേസ്റ്റ് പ്ളാന്‍റ് നിര്‍മിക്കുന്നതിന് 22 ലക്ഷം രൂപയും മലിനജലം ചെറുതോണി ടൗണിലേക്ക് ഒഴുകാതിരിക്കുന്നതിനും സ്വീപേജ് പ്ളാന്‍റിന് ആറുലക്ഷവും നീക്കിവെച്ചിട്ടുണ്ട്. 
വെള്ളിയാഴ്ച വൈകുന്നേരം മൂന്നോടെ ചെറുതോണിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ധനമന്ത്രി കെ.എം. മാണി, റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ എന്നിവരെ വാഴത്തോപ്പ് വഞ്ചിക്കവലയില്‍ നിന്ന് എതിരേറ്റാണ് വേദിയിലേക്കാനയിച്ചത്. 
സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രക്ക് കൊഴുപ്പേകി.
മണിയാറന്‍കുടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്സിലെ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് സല്യൂട്ട് നല്‍കി. ഇടുക്കി മെഡിക്കല്‍ കോളജിന്‍െറ നിര്‍മാണം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
14 ജില്ലകളില്‍ 14 മെഡിക്കല്‍ കോളജുകള്‍. അതാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. കേരളത്തില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുന്നതിനായി 1935 ഡോക്ടര്‍മാരെ നിയമിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ ഇടുക്കിയെ പുകയിലരഹിത ജില്ലയായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ കാലതാമസമെന്ന്

Posted: 24 May 2013 11:25 PM PDT

 

തൃപ്പൂണിത്തുറ: ജില്ലയില്‍ നടപ്പാക്കിയ ഇ -ഡിസ്ട്രിക്ട് പദ്ധതി സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുന്നു.പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് വില്ലേജോഫിസുകളില്‍നിന്ന്  സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ അഞ്ച് രൂപ കോര്‍ട്ട്ഫീസ് സ്റ്റാമ്പ് പതിച്ച് അപേക്ഷിച്ചാല്‍ മതിയായിരുന്നു. എന്നാല്‍, ഇ -ഡിസ്ട്രിക്ട്  നടപ്പാക്കിയതോടെ സാങ്കേതിക കാരണങ്ങളടക്കം പലവിധ കാരണങ്ങള്‍ പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വൈകുകയാണ്. 
50 രൂപയോളം അപേക്ഷകന് ചെലവും വരുന്നതായും പരാതിയുണ്ട്. നേരത്തേ വില്ലേജോഫിസുകളില്‍നിന്ന് വരുമാന- കൈവശാവകാശ സര്‍ട്ടിഫിക്കറ്റുകളടക്കം ആവശ്യംവേണ്ട സര്‍ട്ടിഫിക്കറ്റുകളെല്ലാം കാലതാമസം ഇല്ലാതെ ലഭിച്ചിരുന്നെങ്കില്‍  ഇ-സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ കുറഞ്ഞത് ഒരാഴ്ചയിലധികമെടുക്കും. 
 ഇ-സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ അക്ഷയകേന്ദ്രങ്ങളില്‍ അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യപടി. ഇതിനായി റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാരം, കരമടച്ച രസീത്, ഫോട്ടോ, അപേക്ഷാഫോറം എന്നിവ വേണം. യഥാര്‍ഥ രേഖകള്‍ അക്ഷയകേന്ദ്രങ്ങളില്‍ സ്കാന്‍ ചെയ്യാന്‍ രണ്ട് ,മൂന്ന് രൂപ നല്‍കണം. രജിസ്ട്രേഷന്‍ ഫീസ് 20 രൂപയും അപേക്ഷ ഫീസ് 20 രൂപയും നല്‍കണം. രേഖകള്‍ കൂടിയാല്‍ സ്കാന്‍ നിരക്കും കൂടും. അക്ഷയകേന്ദ്രം 20 രൂപയുടെ രസീത് മാത്രമാണ് അപേക്ഷകന് നല്‍കുക. കൂടുതല്‍ വരുന്ന തുകക്ക് രസീത് ഇല്ല. അക്ഷയകേന്ദ്രങ്ങളിലെ പരിശോധനകളില്‍ അപാകത കണ്ടെത്തിയാല്‍ വില്ലേജോഫിസിലെത്തി വീണ്ടും രേഖകള്‍ പരിശോധിക്കേണ്ടിവരും.
 ഇതും അപേക്ഷകന് ദുരിതം സൃഷ്ടിക്കുന്നു. വിദ്യാഭ്യാസ സീസണ്‍ ആരംഭിക്കുന്നതോടെ നിരവധി സര്‍ട്ടിഫിക്കറ്റുകളാണ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടിവരുക. ബാങ്ക് വായ്പ, സ്കോളര്‍ഷിപ് മറ്റ് പലവിധ ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം ലഭിക്കുന്നതിന് വില്ലേജോഫിസിലെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ആവശ്യക്കാരുടെ പെരുപ്പവും സര്‍ട്ടിഫിക്കറ്റ് കിട്ടാനുള്ള കാലതാമസവും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

കോണ്‍ഗ്രസില്‍ രണ്ട് ചേരി

Posted: 24 May 2013 11:12 PM PDT

Subtitle: 
സമുദായ നേതാക്കള്‍ക്കെതിരെ വിമര്‍ശം

 

ആലപ്പുഴ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയെയും രൂക്ഷമായി വിമര്‍ശിക്കുന്നെന്ന് ആരോപിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പാസാക്കിയ പ്രമേയത്തിന്‍െറ പേരില്‍ കോണ്‍ഗ്രസില്‍ അനുകൂല-പ്രതികൂല നിലപാടുകള്‍ ശക്തമായി. 
ഭൂരിഭാഗം നേതാക്കളും ഡി.സി.സി ഐകകണ്ഠ്യേന പാസാക്കിയതായി പറയുന്ന പ്രമേയത്തെ പുറമെ അനുകൂലിക്കുന്നുണ്ടെങ്കിലും ഒരുവിഭാഗം ഇത്രമേല്‍ രൂക്ഷഭാഷയില്‍ വിമര്‍ശം വേണ്ടെന്ന അഭിപ്രായക്കാരാണ്. ഈ നേതാക്കള്‍ക്കെതിരെ അഭിപ്രായം പറയേണ്ടത് സംസ്ഥാന നേതൃത്വമോ മുഖ്യമന്ത്രിയോ ആണെന്ന നിലപാടിലാണ് ഈ വിഭാഗം.
സംസ്ഥാനത്തെ മറ്റൊരു ഡി.സി.സിയും ഇത്തരത്തില്‍ കടുത്ത അഭിപ്രായം വെള്ളാപ്പള്ളിക്കും സുകുമാരന്‍ നായര്‍ക്കുമെതിരെ പറഞ്ഞിട്ടില്ലെന്നും അതിന്‍െറ ഉത്തരവാദിത്തം സംസ്ഥാനനേതാക്കള്‍ക്ക് ആണെന്നുമാണ് പ്രമേയത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാത്ത നേതാക്കള്‍ അടക്കംപറയുന്നത്. ഒരുവശത്ത് കണിച്ചുകുളങ്ങരയില്‍ വെള്ളാപ്പള്ളിയെ കാണാനും പെരുന്നയില്‍ സുകുമാരന്‍ നായരെ കാണാനും വാശിയോടെ ഓടുന്ന കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരുമുള്ള സംഘടനയാണ് സമുദായനേതാക്കളെ ആക്ഷേപിക്കുന്നതെന്ന വിമര്‍ശം അണികള്‍ക്കിടയിലുമുണ്ട്. സമുദായത്തിന്‍െറ പേരില്‍ മന്ത്രിയായവര്‍ ഒരിക്കലും സമുദായനേതാക്കളുടെ വിമര്‍ശത്തിനെതിരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഡി.സി.സിയുടെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ കാണിച്ച രാജഭക്തിയാണ് പ്രമേയത്തിന് പിന്നിലെന്ന് വേറൊരു വിഭാഗം കുറ്റപ്പെടുത്തുന്നു. അതേസമയം, സംസ്ഥാനനേതൃത്വം മൗനം പാലിച്ചപ്പോള്‍ ആലപ്പുഴ ഡി.സി.സി ശക്തമായ ഭാഷയില്‍ വെള്ളാപ്പള്ളിയെയും സുകുമാരന്‍ നായരെയും വിമര്‍ശിക്കാന്‍ തയാറായത് സ്വാഗതാര്‍ഹമാണെന്ന് ഡി.സി.സിയിലെ ഭൂരിഭാഗം ഭാരവാഹികളും അണികളിലെ ഒരു പ്രമുഖവിഭാഗവും അഭിപ്രായപ്പെടുന്നു. എസ്.എന്‍.ഡി.പി യോഗവുമായും എന്‍.എസ്.എസ് നേതൃത്വവുമായും പലകാര്യങ്ങളിലും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒട്ടേറെ നേതാക്കളും മന്ത്രിപദം അലങ്കരിക്കുന്നവരും ജില്ലയിലുണ്ട്. അവരാകട്ടെ ഞങ്ങളൊന്നും അറിഞ്ഞില്ലെന്ന മട്ടില്‍ ഡി.സി.സി പ്രമേയത്തോട് മൗനംപാലിക്കുകയുമാണ്.

ജില്ലയില്‍ പനിക്ക് ശമനമില്ല; ഒപ്പം മഞ്ഞപ്പിത്തവും ടൈഫോയ്ഡും

Posted: 24 May 2013 11:02 PM PDT

 

കൊല്ലം: ജില്ലയില്‍ പനി പടരുന്നതിനൊപ്പം മഞ്ഞപ്പിത്തബാധിതരുടെ എണ്ണവും വര്‍ധിക്കുന്നു. ഒമ്പതുപേര്‍ക്ക് വെള്ളിയാഴ്ച മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ശൂരനാട്ട് ടൈഫോയ്ഡ് കണ്ടെത്തി. വൈറല്‍പനി ബാധിച്ച് ജില്ലയിലെ ആശുപത്രികളിലെ ഒ.പി വിഭാഗങ്ങളില്‍ 758 പേര്‍ ചികിത്സക്കെത്തി. 54 പേരെ ഇന്‍പേഷ്യന്‍റ് വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഒമ്പതുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 42 പേര്‍ ചികിത്സയിലുണ്ട്.
പനി ബാധിതരുടെ തിരക്ക് ദൈനംദിനം വര്‍ധിക്കുമ്പോഴും ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രതിസന്ധിയുണ്ടാക്കുന്നു. 
പനി ക്ളിനിക് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ജീവനക്കാരുടെ അപര്യാപ്തത കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് തടസ്സമാവുന്നു. 26 നഴ്സുമാരുടെയും എട്ട് ഗ്രേഡ് വണ്‍ അറ്റന്‍ഡര്‍മാരുടെയും 45 ഗ്രേഡ് -രണ്ട് അറ്റന്‍ഡര്‍മാരുടെയും ഒഴിവുകളാണുള്ളത്.  ഇവ നിര്‍ത്തണമെന്നഭ്യര്‍ഥിച്ച് ആശുപത്രി സൂപ്രണ്ട് ഡി.എം.ഒക്ക് റിപ്പോര്‍ട്ട് നല്‍കി. അറ്റന്‍ഡര്‍മാരുടെ കുറവ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. മന്ത്രി പങ്കെടുത്ത ആരോഗ്യ അദാലത്തില്‍ ജില്ലാ ആശുപത്രിയിലെ പരിമിതികള്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍, പോരായ്മ പരിഹരിക്കാന്‍ നടപടിയുണ്ടായില്ല.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP