പരക്കെ മഴ; വെള്ളത്തില്‍ മുങ്ങി റോഡുകള്‍ Posted: 04 May 2013 11:09 PM PDT ദോഹ: ദിവസങ്ങള്‍ നീണ്ട കടുത്ത ചൂടിനൊടുവില്‍ രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും ശക്തമായ മഴ. നാട്ടിലെ കാലവര്‍ഷത്തെ അനുസ്മരിപ്പിക്കുന്ന വിധം ഇടിയും മിന്നലും കാറ്റും ആലിപ്പഴവര്‍ഷവുമായി ശക്തിയോടെ കോരിച്ചൊരിഞ്ഞ മഴ രാജ്യത്തിന്‍െറ പ്രധാന ഭാഗങ്ങളിലെല്ലാം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ചില പ്രദേശങ്ങളില്‍ ഒരു ദിവസം കൂടി മഴ തുടരാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു. ഉച്ചവരെ നല്ല ചൂടുള്ള കാലാവസ്ഥയായിരുന്നെങ്കിലും ഉച്ചകഴിഞ്ഞതോടെ ആകാശം മേഘാവൃതമായി. ഒരു മണി കഴിഞ്ഞതോടെയാണ് പലയിടത്തും മഴ ആരംഭിച്ചത്. ദോഹ നഗരത്തില്‍ പരക്കെ ശക്തിയായി മഴ പെയ്തു. ഉച്ചക്ക് ഒന്നരയോടെ ആരംഭിച്ച മഴ ഇടക്കൊന്ന് അല്‍പ്പം ശമിച്ചെങ്കിലും വൈകിട്ടോടെ വീണ്ടും ശക്തിപ്പെട്ടു. കനത്ത മഴയില്‍ പല റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇതോടെ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയിലും കാറ്റിലും ദൂരക്കാഴ്ച കുറഞ്ഞതും വാഹനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിച്ചു. നഗരത്തിന്‍െറ പല ഭാഗത്തും മുന്നോട്ടുനീങ്ങാന്‍ പ്രയാസപ്പെട്ട വാഹനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു. എന്നാല്‍, കാര്യമായ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ദോഹക്ക് പുറമെ അല്‍ഖോര്‍, മുന്‍തസ, ബര്‍വ്വ വില്ലേജ്, ദോഹ ജദീദ്, ദഖീറ, ഗറാഫ, അബൂഹമൂര്‍, മദീന ഖലീഫ, മൈദര്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ, റയ്യാന്‍, മിസഈദ്, ബിന്‍ ഉംറാന്‍ വക്റ എന്നിവിടങ്ങളിലെല്ലാം സാമാന്യം ശക്തിയായി മഴ പെയ്തു. അബൂഹമൂറില്‍ കനത്ത മഴക്കൊപ്പം ആലിപ്പഴ വര്‍ഷവുമുണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളില്‍ മുനിസിപ്പല്‍ ജീവനക്കാര്‍ പ്രശ്ന പരിഹാരത്തിന് അടിയന്തിര നടപടികളുമായി രംഗത്തിറങ്ങി. ഇത്രയും പ്രദേശങ്ങളില്‍ ഒരുമിച്ച് ഇത്ര ശക്തമായ മഴ പെയ്യുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കനത്ത മഴയും ശക്്തമായ കാറ്റും കാല്‍നടയാത്രക്കാരെയും വാഹനയാത്രക്കാരെയും കൂടുതല്‍ ദുരിതത്തിലാക്കി. മൂടിക്കെട്ടിയ അന്തരീക്ഷവും റോഡുകളിലെ വെള്ളക്കെട്ടുകളും പ്രധാന റോഡുകളിലെല്ലാം ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. ദൂരക്കാഴ്ച കുറയുന്നതിനാലും റോഡുകള്‍ തെന്നുന്നതിനാലും കാല്‍നടയാത്രക്കാരും ഡ്രൈവര്‍മാരും ജാഗ്രതപാലിക്കണമെന്നും ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അമിതവേഗത ഒഴിവാക്കണമെന്നും ട്രാഫിക് വകുപ്പ് അധികൃതര്‍ അഭ്യര്‍ഥിച്ചു. |
നിതാഖാത്: ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നിറയെ അവസരങ്ങള്‍ Posted: 04 May 2013 11:09 PM PDT റിയാദ്: നിതാഖാത് ബാധിതരായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സൗദിയില്‍ നിറയെ തൊഴിലവസരങ്ങള്‍. പ്രമുഖരുള്‍പ്പടെ നിരവധി കമ്പനികള്‍ ഇന്ത്യന്‍ തൊഴിലാളികളെ ആവശ്യപ്പെട്ട് രംഗത്തുവരുകയാണ്. ഗള്‍ഫിലെ പ്രമുഖ ക്ഷീരോത്പാദന കമ്പനിയായ അല്‍മറായി വിവിധവിഭാഗങ്ങളിലായി 1500 ഇന്ത്യന്‍ തൊഴിലാളികളെ ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചതായി ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നിതാഖാത് കാറ്റഗറിയായ ചുവപ്പിലും മഞ്ഞയിലുംപെട്ട് നിയമസാധുത നഷ്ടപ്പെട്ടവര്‍ക്ക് തങ്ങളുടെ നിയമപരമായ നിലനില്‍പ് ഭദ്രമാക്കാനുള്ള അവസരം വാഗ്ദാനം ചെയ്താണ് സൗദി അറേബ്യ ആസ്ഥാനമായ അല്‍മറായി ഇന്ത്യക്കാര്‍ക്കായി വാതില്‍ തുറന്നിട്ടത്. മാനേജീരിയല്‍, ടെക്നിക്കല്‍, സൂപ്പര്‍വൈസറി, ഓപറേറ്റര്‍ മുതല്‍ ലേബര്‍ വരെ വിവിധ തസ്തികളിലായാണ് ഇത്രയും പേരെ കമ്പനി ഒരുമിച്ച് ആവശ്യപ്പെട്ടിരിക്കുന്നത്. താല്‍പര്യമുള്ളവര്‍ തങ്ങളുടെ ബയോഡേറ്റ crd@almarai.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ 01 4700005 എന്ന ടെലിഫോണ്‍ നമ്പറില്‍നിന്ന് ലഭ്യമാകും. കമ്പനിയുടെ റിയാദിലെ ആസ്ഥാനത്ത് റിക്രൂട്ടിങ്ങിനുവേണ്ടി അടുത്ത ആഴ്ച മുതല്‍ പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തുമെന്നും എംബസി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഇന്ത്യക്കാരുടെ കാര്യത്തില്‍ സ്പോണ്‍സര്‍ഷിപ്, പ്രഫഷന്‍ മാറ്റങ്ങളുള്‍പ്പടെ എല്ലാ നിയമനടപടികളും സൗദി മന്ത്രാലയങ്ങള്‍ വേഗത്തിലാക്കിയതും ലഘൂകരിച്ചതും ഇന്ത്യന്‍ തൊഴിലാളികളോട് കമ്പനികള്‍ക്ക് താല്‍പര്യമേറാന്‍ കാരണമായിട്ടുണ്ട്. ബംഗ്ളാദേശികളുള്‍പ്പടെ മറ്റ് പല രാജ്യക്കാര്‍ക്കും ഈ ആനുകൂല്യം കിട്ടുന്നില്ല. പൊതുവില്‍ സൗദിയധികൃതര്‍ക്കും തൊഴിലുടമകള്‍ക്കും ഇന്ത്യക്കാരോട് ഇന്ത്യന്‍ പൊതുമേഖല കമ്പനികളായ ടി.സി.ഐ.എല്‍, ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ അശോക് ലൈലാന്‍റ്, റിയാദ് കേബിള്‍, അല്‍ഫറ ഗ്രൂപ്പ് പോലുള്ള വിവിധ സൗദികമ്പനികള്‍ എന്നിവയെല്ലാം നേരത്തെ തന്നെ ധാരാളം തൊഴിലവസരങ്ങളുമായി ഇന്ത്യന്‍ എംബസിയെ സമീപിച്ചിരുന്നു. മികച്ച അവസരങ്ങളുടെ വാതായനങ്ങളാണ് ഈ കമ്പനികളെല്ലാം ഇന്ത്യക്കാര്‍ക്ക് മുമ്പില്‍ തുറന്നുവെക്കുന്നതെങ്കിലും പ്രതീക്ഷിച്ചത്ര പ്രതികരണമില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ ലഭിക്കുന്ന സൂചന. തൊഴില്‍പ്രതിസന്ധി നേരിടുന്നവരുടെ എണ്ണം കുറവായതല്ല ഇതിനുകാരണമെന്നും ആളുകള്‍ ഇതിലും മികച്ച അവസരമുണ്ടാകുമോ എന്ന് കരുതി കാത്തുനില്‍ക്കുകയാണെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. നിയമസാധുതക്കുവേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കാന്‍ അബ്ദുല്ല രാജാവ് അനുവദിച്ച കാലാവധി തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന വസ്തുത ആരും മറക്കരുതെന്നും അവര്‍ ഓര്‍മിക്കുന്നു. |
2012ല്‍ യു.എ.ഇയില്‍ എത്തിയത് ഒമ്പതര ലക്ഷം തൊഴിലാളികള്‍ Posted: 04 May 2013 11:06 PM PDT ദുബൈ: യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശിവത്കരണം ശക്തിപ്പെടുമ്പോഴും വിദേശ തൊഴിലാളികള്‍ വന്‍ തോതില്‍ എത്തുന്നു. 2012ല്‍ യു.എ.ഇയില്‍ എത്തിയത് ഒമ്പതര ലക്ഷം തൊഴിലാളികളാണ്. തൊഴില്‍ മന്ത്രാലയ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഹുമൈദ് ബിന്‍ ദീമാസാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ വന്നത് ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. എന്നാല്‍, ഇവരുടെ രാജ്യം തിരിച്ചുള്ള വിശദമായ കണക്ക് ലഭ്യമായില്ല. അതേസമയം, പുതുതായി ഇവിടെ എത്തുന്ന തൊഴിലാളികളുടെ ലേബര്‍ കാര്‍ഡ് നിശ്ചിത സമയത്തിനകം എടുക്കുകയും നിലവിലെ തൊഴിലാളികളുടെ ലേബര്‍ കാര്‍ഡ് കാലാവധി തീരുന്ന മുറക്ക് ഉടന്‍ പുതുക്കുകയും ചെയ്യണമെന്ന് ഹുമൈദ് ബിന്‍ ദീമാസ് ആവശ്യപ്പെട്ടു. ഇതില്‍ വീഴ്ച വരുത്തുന്ന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിദേശ തൊഴിലാളികള്‍ രാജ്യത്ത് എത്തിയാല്‍ 60 ദിവസത്തിനകം ലേബര്‍ കാര്‍ഡ് എടുക്കണം. വൈകിയാല്‍ ഒരു മാസത്തേക്ക് 1,000 ദിര്‍ഹം തോതില്‍ ഉടമക്ക് പിഴ ചുമത്തും. നല്ലൊരു ശതമാനം തൊഴിലുടമകള്‍ ഇതില്‍ വീഴ്ച വരുത്തുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇത്തരം കേസുകളില്‍ ഉടന്‍ പിഴ ചുമത്തുന്നുണ്ട്. പക്ഷേ, വിവിധ കാരണങ്ങള്‍ പറഞ്ഞ് പിഴ ഒഴിവാക്കാന്‍ നിരവധി അപേക്ഷകള്‍ ഓരോ ആഴ്ചയിലും മന്ത്രാലയത്തിന് ലഭിക്കുന്നു. പുതുതായി എത്തിയ തൊഴിലാളികളുടെ ലേബര്‍ കാര്‍ഡ് എടുക്കാത്ത കേസുകളും നിലവില്‍ ജോലി ചെയ്യുന്നവരുടെ ലേബര്‍ കാര്‍ഡ് പുതുക്കാത്ത കേസുകളുമുണ്ട്. ഇക്കാരണത്താല്‍ തൊഴിലാളികള്‍ രാജ്യത്ത് നിയമവിരുദ്ധ താമസക്കാരായി മാറുകയാണ്. ഉടമകള്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്ന് ബിന്‍ ദീമാസ് പറഞ്ഞു. ഈ സാഹചര്യത്തില്‍, പല കേസുകളും ജുഡീഷ്യല്‍ നടപടികള്‍ക്ക് റഫര്‍ ചെയ്യുന്നുണ്ട്. ലേബര്‍ കാര്‍ഡ് നിശ്ചിത സമയത്തിനകം എടുക്കാതിരിക്കുന്നത് ഉടമയുടെ ഭാഗത്തുനിന്നുള്ള ഭരണപരമായ വീഴ്ചയായല്ല, പകരം തൊഴിലാളിയോടും പൊതുസമൂഹത്തോടുമുള്ള നിരുത്തരവാദപരമായ പെരുമാറ്റമായാണ് കാണുകയെന്ന് ബിന്‍ ദീമാസ് വ്യക്തമാക്കി. മാത്രമല്ല, തൊഴിലാളികളും സ്ഥാപനവും തമ്മിലെ ബന്ധത്തിലെ പോരായ്മയും ഇത് കാണിക്കുന്നു. അതിനാല്‍, ലേബര്‍ കാര്‍ഡ് നിശ്ചിത സമയത്ത് എടുക്കാത്ത/പുതുക്കാത്ത കേസുകളില്‍ പിഴ കുറക്കുകയോ ഒഴിവാക്കുകയോ ചെയ്യാനുള്ള അപേക്ഷകള്‍ മന്ത്രാലയത്തിന് കീഴിലെ പ്രത്യേക സംഘം പരിശോധിക്കും. ഓരോ ഉടമയുടെയും അപേക്ഷ പരിഗണിക്കുമ്പോള്‍ സ്ഥാപനം നിയമപ്രകാരം പ്രവര്‍ത്തിക്കുന്നതാണെന്ന് ഉറപ്പുവരുത്തും. വ്യാജ സ്ഥാപനമാണോയെന്ന കാര്യം പ്രത്യേകം അന്വേഷിക്കും. ഇതിനുപുറമെ, സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കും. പേ റോള്‍, ഹാജര്‍ നില, ശമ്പള വിതരണം തുടങ്ങിയവ ഇതില്‍പ്പെടും. തൊഴിലാളികളുമായുള്ള സ്ഥാപനത്തിന്‍െറ ബന്ധം എങ്ങനെയാണെന്നും പരിശോധിക്കും. തൊഴിലുടമയുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങള്‍ കൊണ്ടാണ് ലേബര്‍ കാര്‍ഡ് പുതുക്കല്‍/പുതിയ കാര്‍ഡ് എടുക്കല്‍ വൈകിയതെങ്കില്‍ പിഴയില്‍ ഇളവ് നല്‍കും. ഉടമ രാജ്യത്തിന് പുറത്തായിരിക്കുക, ഉടമക്ക് അസുഖം ബാധിക്കുക, സ്ഥാപനത്തിന്‍െറ ലൈസന്‍സ് കാലാവധി അവസാനിക്കുക തുടങ്ങിയ കാരണങ്ങളില്‍ ഇളവ് അനുവദിക്കുന്നത് പരിഗണിക്കും. ഇക്കഴിഞ്ഞ ആഴ്ചയും നിരവധി അപേക്ഷകള്‍ ലഭിച്ചതായി ബിന്‍ ദീമാസ് പറഞ്ഞു. തന്‍െറ നിയന്ത്രണത്തിലല്ലാത്ത കാരണത്താലാണ് ലേബര്‍ കാര്‍ഡ് പുതുക്കാതിരുന്നതെന്ന് അറിയിച്ച് ഒരു സ്വദേശി തൊഴിലുടമ നല്‍കിയ അപേക്ഷയുമുണ്ടായിരുന്നു. എന്നാല്‍, പരിശോധക സംഘം ഇതേക്കുറിച്ച് അന്വേഷിച്ച ശേഷം നിരസിച്ചുവെന്ന് ഹുമൈദ് ബിന്‍ ദീമാസ് പറഞ്ഞു. |
ഒമാന്‍-ബംഗ്ളാദേശ് മന്ത്രിമാര്‍ ചര്‍ച്ച നടത്തി Posted: 04 May 2013 10:45 PM PDT മസ്കത്ത്: തൊഴില്‍ രംഗത്ത് ഇരു രാജ്യങ്ങളുടെയും സഹകരണം മെച്ചപ്പെടുത്തുന്നതിന് ഒമാനും ബംഗ്ളാദേശും ചര്‍ച്ച നടത്തി. മാനവവിഭവ ശേഷി മന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രിയും ബംഗ്ളാദേശ് മന്ത്രി മുശര്‍റഫ് ഹുസൈനുമാണ് ചര്‍ച്ച നടത്തിയത്. ഒമാനിലേക്ക് ബംഗ്ളാദേശില്‍ നിന്ന് കൂടുതല്‍ വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച നടപടിക്രമങ്ങളും മറ്റു മേഖലയിലെ തൊഴിലാളികളുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളുമാണ് പ്രധാനമായും ഇരു നേതാക്കളും മുന്നോട്ടുവെച്ചത്. തൊഴിലാളികള്‍ക്ക് ആവശ്യമായ നിയമ സഹായം ലഭ്യമാക്കേണ്ടതിന്‍െറ ആവശ്യകത ബംഗ്ളാദേശ് മന്ത്രി ചൂണ്ടിക്കാട്ടി. യോഗ്യരായ തൊഴിലാളികളെ മാത്രം ഒമാനിലേക്ക് അയക്കുന്നത് സംബന്ധിച്ച ഉറപ്പ് ബംഗ്ളാദേശ് സംഘം ഒമാന്‍ അധികൃതര്‍ക്ക് നല്‍കി. ഇത്തരം നടപടികള്‍ സുഗമമാക്കുന്നതിന് സംയുക്ത സമിതിയുണ്ടാക്കുന്ന കാര്യവും ചര്‍ച്ചയില്‍ വിഷയമായി. ഇരു രാജ്യങ്ങളുടെയും സാംസ്കാരിക, വിദ്യാഭ്യാസ, തൊഴില്‍, ക്രമിനല്‍ നിയമങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഈ സമിതി പരിഗണിക്കും. തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് അയക്കുന്ന ഏജന്‍സികള്‍ ആവശ്യമായ അനുമതിയോടെയാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നതെന്ന് ബംഗ്ളാദേശ് സര്‍ക്കാര്‍ പരിശോധിക്കും. നിരവധി തൊഴിലാളികള്‍ വഞ്ചിക്കപ്പെട്ട സാഹചര്യത്തിലാണ് ഈ നിര്‍ദേശം ഒമാന്‍ സംഘം മുന്നോട്ടുവെച്ചത്. ഒമാന്‍ സര്‍ക്കാറിന്‍െറ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്കു മാത്രമേ റിക്രൂട്ട്മെന്‍റ് നടത്താന്‍ പാടുള്ളൂ എന്നാണ് ചട്ടം. ഇത് പലപ്പോഴും ലംഘിക്കപ്പെടാറുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ സഹകരണവും സഹായവും വാഗ്ദാനം ചെയ്താണ് ചര്‍ച്ച അവസാനിച്ചത്. |
തെറ്റുന്ന ധാരണകള്‍ Posted: 04 May 2013 09:38 PM PDT Subtitle: അധികാരത്തിന്‍െറ പ്രാദേശിക യുക്തികള്‍ -3 കോട്ടയം കേരള കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കത്തെത്തുടര്‍ന്ന് നിശ്ചയിച്ച കാലാവധി പൂര്‍ത്തിയാക്കിയിട്ടും ചങ്ങനാശേരി നഗരസഭാ ചെയര്‍പേഴ്സണ്‍ തല്‍സ്ഥാനത്തുനിന്ന് മാറിയിട്ടില്ല. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയില്‍ സ്വതന്ത്രയായ സ്മിതാ ജയന് ചെയര്‍പേഴ്സന്‍ പദവിയില്‍ തുടരാന്‍ അനുമതി നല്‍കുകയായിരുന്നു. മുന്‍ധാരണപ്രകാരം ഒന്നര വര്‍ഷം ചെയര്‍പേഴ്സന്‍ പദവിയിലിരുന്ന ഇവര്‍ കഴിഞ്ഞ മാസം എട്ടിന് തല്‍സ്ഥാനം ഒഴിയേണ്ടതായിരുന്നു. ധാരണയനുസരിച്ച് കേരള കോണ്‍ഗ്രസിലെ (എം) ജീമോള്‍ ജോര്‍ജിനാണ് നറുക്കുവീണിരുന്നത്. എന്നാല്‍, കേരള കോണ്‍ഗ്രസിലെ മറ്റൊരു അംഗം പാര്‍ട്ടിയോഗത്തില്‍ ചെയര്‍പേഴ്സണ്‍ വാദത്തിന് അവകാശവാദമുന്നയിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്. തുടര്‍ന്ന് സ്മിത ജയന്‍ രാജിവെക്കാന്‍ തയാറായില്ല. എന്‍.എസ്.എസ് പിന്തുണയോടെ അധികാരത്തിലെത്തിയ വനിതാ ചെയര്‍പേഴ്സനെതിരെ ശബ്ദമുയര്‍ത്താന്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ തയാറാകാവാതിരുന്നതോടെ ധാരണ അട്ടിമറിയുകയായിരുന്നു. പായിപ്പാട് പഞ്ചായത്ത് ഭരിക്കുന്ന എല്‍.ഡി.എഫിന് ധാരണപ്രകാരം മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. സി.പി.എമ്മിലെ എബി വര്‍ഗീസിന് ആദ്യത്തെ മൂന്നു വര്‍ഷം നല്‍കാമെന്ന വ്യവസ്ഥയിലാണ് അധികാരമേറ്റത്. പിന്നീടുള്ള രണ്ടു വര്‍ഷം സ്വതന്ത്രന്‍ സിബി ഒട്ടത്തിലിന് നല്‍കാമെന്നും വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍, ധാരണക്ക് വിരുദ്ധമായി സി.പി.ഐക്ക് പ്രസിഡന്‍റുപദവി വേണമെന്ന അവകാശവാദം ഉന്നയിച്ചതോടെ മുന്‍ധാരണ അട്ടിമറിക്കപ്പെട്ടു. അവസാനത്തെ ഒമ്പതു മാസം സി.പി.ഐക്ക് വിട്ടുനല്‍കാമെന്ന് കൂട്ടിച്ചേര്‍ത്ത് വ്യവസ്ഥ പുനക്രമീകരിച്ചു. ഇതനുസരിച്ച് നിലവിലെ പ്രസിഡന്‍റ് രാജിസന്നദ്ധ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മുന്‍ധാരണപ്രകാരം കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ ആദ്യത്തെരണ്ടര വര്‍ഷം കോണ്‍ഗ്രസിലെ രാധാ വി. നായര്‍ക്ക് പ്രസിഡന്‍റുപദം നല്‍കാനും പിന്നീട് കേരള കോണ്‍ഗ്രസിലെ നിര്‍മല ജിമ്മിയെ അവരോധിക്കാനുമായിരുന്നു വ്യവസ്ഥ. പ്രസിഡന്‍റുപദവി കേരള കോണ്‍ഗ്രസ് ഏറ്റെടുക്കുമ്പോള്‍ വൈസ് പ്രസിഡന്‍റു സ്ഥാനം കോണ്‍ഗ്രസിന് നല്‍കാമെന്നും വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വൈസ് പ്രസിഡന്‍റു സ്ഥാനത്തേക്ക് കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകള്‍ പിടിമുറുക്കിയതോടെ തര്‍ക്കം മുറുകുകയാണ്. എ ഗ്രൂപ്പില്‍നിന്ന് പി.എ. സലിം, ഫില്‍സണ്‍മാത്യൂ, എന്നിവരും ഐ ഗ്രൂപ്പില്‍നിന്ന് അഡ്വ. ബിജു പുന്നത്താനവും തല്‍സ്ഥാനത്തിനായി പിടിമുറിക്കിയിട്ടുണ്ട്. ഏറെ തര്‍ക്കത്തിനൊടുവില്‍ കോട്ടയം നഗരസഭാ ചെയര്‍മാന്‍പദവി എ ഗ്രൂപ്പിന് വിട്ടുനല്‍കിയതോടെ, വൈസ് പ്രസിഡന്‍റു സ്ഥാനം ഐ ഗ്രൂപ്പിന് അവകാശപെട്ടതാണെന്നാണ് ഇവരുടെ വാദം. എന്നാല്‍, മുന്‍ധാരണപ്രകാരം തങ്ങള്‍ക്ക് വിട്ടുനല്‍കിയ പദവിയില്‍ വിട്ടുവീഴ്ചക്ക് ഒരുക്കമല്ലെന്ന് എ ഗ്രൂപ്പും വ്യക്തമാക്കി.23 ഡിവിഷനുകള്‍ ഉള്‍പെടുന്ന ജില്ലാപഞ്ചായത്തില്‍ കേരളകോണ്‍ഗ്രസ്-പത്ത്,കോണ്‍ഗ്രസ്-ഒമ്പത്, സി.പി.എം-മൂന്ന്, സി.പി.ഐ -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ആലപ്പുഴ ബന്ധുവാര്, ശത്രുവാര് ചെങ്ങന്നൂര്‍ താലൂക്കില്‍ കഴിഞ്ഞ രണ്ടര വര്‍ഷം പലതരത്തിലുള്ള ഭരണസ്ഥിരതയില്ലായ്മ അരങ്ങുതകര്‍ത്ത കാലമാണ്. ഒരു കക്ഷിക്കോ മുന്നണിക്കോ വ്യക്തമായ ആധിപത്യം ലഭിക്കാതിരുന്നതാണിതിനു കാരണം. ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തില്‍ ഇക്കാലയളവില്‍ രണ്ടാമത്തെ പ്രസിഡന്‍റും മൂന്നാമത്തെ വൈസ് പ്രസിഡന്‍റുമാണ് ഭരിക്കുന്നത്. 18 അംഗ ഭരണസമിതിയില്‍ ഇടത്-വലത് മുന്നണികള്‍ക്ക് എട്ടുവീതം അംഗങ്ങള്‍. ബി.ജെ.പിക്ക് രണ്ട്. കാര്യങ്ങള്‍ കുഴഞ്ഞത് അങ്ങനെയാണ്. നറുക്കെടുപ്പിലൂടെയും അല്ലാതെയുമുള്ള ഭരണം. രണ്ടു തവണയും കോണ്‍ഗ്രസിന് പ്രസിഡന്‍റുസ്ഥാനം കിട്ടി. വൈസ് പ്രസിഡന്‍റു സ്ഥാനത്ത് ആദ്യം കോണ്‍ഗ്രസും പിന്നെ എല്‍.ഡി.എഫും ഇപ്പോള്‍ കോണ്‍ഗ്രസും. പ്രസിഡന്‍റു സ്ഥാനത്തിനെതിരെ അവിശ്വാസം വന്നാലും ബി.ജെ.പിയുടെ വോട്ടാണ് നിര്‍ണായകം. അതിനാല്‍ ഇടതുമുന്നണിക്ക് അതില്‍ അത്ര താല്‍പര്യമില്ല. ബുധനൂരില്‍ കാര്യങ്ങള്‍ മറിച്ചാണ്. ഇടതുമുന്നണിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും കോണ്‍ഗ്രസ് പ്രതിനിധിയെ പ്രസിഡന്‍റു സ്ഥാനത്ത് തുണക്കേണ്ട ഗതികേടിലാണ് അവര്‍. പട്ടികജാതി വനിതാ സംവരണ പഞ്ചായത്തായതില്‍ ഇടതുമുന്നണിക്ക് ഈ വിഭാഗത്തില്‍പെട്ട അംഗമില്ല. അതിനാല്‍ കോണ്‍ഗ്രസ് അംഗത്തിന് പിന്തുണ കിട്ടി. കെ. രുഗ്മിണിയാണ് ബുധനൂരില്‍ തുടക്കംമുതല്‍ തന്നെ പ്രസിഡന്‍റ്. മാറ്റം ഇനിയും പ്രതീക്ഷിക്കുന്നില്ല. ഇടതുമുന്നണിക്ക് ഒരംഗം മാത്രമുള്ള തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫിന് അകത്തുതന്നെ അവിയല്‍ ഭരണമാണ്. ബി.ജെ.പിക്ക് അഞ്ച് അംഗങ്ങളുമുണ്ട്. അവരാണ് പ്രതിപക്ഷം. ബി.ജെ.പിയുടെ മൗനസമ്മതം യു.ഡി.എഫിന് തുണയുമാകുന്നു. 13 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് ഏഴ് അംഗങ്ങള്‍. അതില്‍ നാലു പേര്‍ കോണ്‍ഗ്രസ്, മൂന്നു പേര്‍ കേരള കോണ്‍ഗ്രസ്. ഇക്കൂട്ടര്‍ മാറിമാറി പ്രസിഡന്‍റു സ്ഥാനത്തിരിക്കുകയാണ്. ആദ്യത്തെ രണ്ടര വര്‍ഷക്കാലം കോണ്‍ഗ്രസിലെ രണ്ടുപേര്‍ പ്രസിഡന്‍റായി. അടുത്തമാസം അഞ്ചിന് നിലവിലെ പ്രസിഡന്‍റ് രാജിവെച്ച് പ്രസിഡന്‍റുസ്ഥാനം കേരള കോണ്‍ഗ്രസിന് നല്‍കും. വൈസ് പ്രസിഡന്‍റ് സ്ഥാനം ആദ്യവര്‍ഷം കോണ്‍ഗ്രസിന്. പിന്നെ കേരള കോണ്‍ഗ്രസിന് കൊടുത്തു.ചെറിയനാട് പഞ്ചായത്തില്‍ വ്യക്തമായ ഭൂരിപക്ഷം ആര്‍ക്കുമില്ല. യു.ഡി.എഫിലെ ലീഗിന്‍െറ വനിതാ അംഗം വൈസ് പ്രസിഡന്‍റായിരുന്നു. അവര്‍ രാജിവെച്ച് വിദേശത്ത് പോയതോടെ മുന്നണി ബലം തുല്യമായി. അതോടെ ഭരണത്തിലും പ്രശ്നമായി. ബി.ജെ.പിയുടെ പിന്തുണയോടെ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്താണിത്. ഉപതെരഞ്ഞെടുപ്പ് അടുത്തമാസം നടക്കുമെന്നാണ് സൂചന.അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷമുണ്ടായിട്ടും സി.പി.എം വിമതന് പ്രസിഡന്‍റുസ്ഥാനം വിട്ടുകൊടുക്കേണ്ടി വന്നു. കോണ്‍ഗ്രസിലെ ഒരുവിഭാഗം വിമതനെ സഹായിച്ചതാണ് കാരണം. അതിനാല്‍ ഈ പഞ്ചായത്തില്‍ മുന്നണി കരാറുകളോ മറ്റ് ധാരണകളോ ഒന്നും നടപ്പാക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. രണ്ടുതവണ അവിശ്വാസം വന്നിട്ടും സി.പി.എം വിമതന്‍ ധ്യാനസുതന് യാതൊരു കുലുക്കവും ഉണ്ടായില്ല. എറണാകുളം പരാതി എന്ന പാര ഏലൂര്‍ നഗരസഭയില്‍ ഭരണകക്ഷിയിലെ തന്നെ പോരിനെ തുടര്‍ന്നാണ് ഭരണമാറ്റം സംഭവിച്ചത്. പാരയും പോരും കോണ്‍ഗ്രസ് ചെയര്‍പേഴ്സനായ ലിസി ജോര്‍ജിന്‍െറ അധികാരം കായലിലൊഴുക്കി. പാര്‍ട്ടിയോട് ആലോചിക്കാതെ തീരുമാനങ്ങള്‍ എടുക്കുന്നു എന്നതായിരുന്നു സ്വന്തം പാര്‍ട്ടിക്കാരായ കോണ്‍ഗ്രസുകാരുടെ പരാതി. പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്ന് ഭരണകക്ഷിയിലെ ചേരിതിരിവ് മുതലെടുത്ത് എല്‍.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നു. യു.ഡി.എഫിന് പിന്തുണ നല്‍കിയിരുന്ന ബി.ജെ.പി അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതോടെ ലിസി ജോര്‍ജ് സ്ഥാനഭ്രഷ്ടയായി. തുടര്‍ന്ന് കോണ്‍ഗ്രസിലെ തന്നെ ജോസഫ് ആന്‍റണി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. കടമക്കുടിയിലും പുത്തന്‍വേലിക്കരയിലും കൂറുമാറ്റത്തെ തുടര്‍ന്ന് അയോഗ്യരായതോടെ പ്രസിഡന്‍റുമാര്‍ക്ക് രാജിവെക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍, ഇരുമുന്നണികളിലും ഘടകകക്ഷികള്‍ക്കായി സ്ഥാനമാനങ്ങള്‍ പങ്കുവെക്കുന്നതിന്‍െറ പേരില്‍ ജില്ലയില്‍ വിവാദങ്ങള്‍ ഉണ്ടാവുകയോ മാറ്റം ഉണ്ടാവുകയോ ചെയ്തിട്ടില്ല. (തുടരും) |
ശിക്ഷിതന്‍ Posted: 04 May 2013 09:24 PM PDT ഒരു പ്രത്യേകതരം പാര്‍ട്ടിയില്‍ അംഗമായിരിക്കുമ്പോള്‍ എന്തും പ്രതീക്ഷിക്കണം. ഒരു നിശ്ചയവുമില്ലയൊന്നിനും വരുമോരോ ദശ വന്ന പോലെ പോം എന്ന് കവി പാടിയതുപോലെയാണ് പാര്‍ട്ടിയിലെ കാര്യങ്ങള്‍. പാര്‍ട്ടിയെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് എന്നല്ല ആര്‍ക്കുംതന്നെ ഒന്നും അറിയില്ലെന്നതാണ് സത്യം. പത്തറുപതുകൊല്ലം പാര്‍ട്ടിക്കൊപ്പം നടന്ന പൊന്നാരിമംഗലം മാടമാക്കല്‍ മാത്യു ലോറന്‍സിനുപോലും ഇതുവരെ പാര്‍ട്ടിയെ മനസ്സിലായിട്ടില്ല. അതുകൊണ്ടാണല്ലോ പാര്‍ട്ടിയുടെ പരസ്യമായ ചീത്തവിളിക്ക് പാത്രമായത്. പ്രത്യേകതരം പാര്‍ട്ടിയായതുകൊണ്ട് അച്ചടക്കവും പ്രത്യേകതരത്തിലാണ്. ഒരു അച്ചടക്കവുമില്ലാതെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പാര്‍ട്ടിനേതാവിനെ പത്തുകൊല്ലത്തോളമായി വിടാതെ ആക്രമിക്കുന്നത് അച്ചടക്കലംഘനമല്ല. അതിന്‍െറ പേരില്‍ നടപടി നേരിടുകയുമില്ല. പ്രത്യയശാസ്ത്രപരവും സൈദ്ധാന്തികവുമായ അച്ചടക്കലംഘനം എന്നത് ഔദ്യാഗികചേരിക്ക് എതിരെ നാവുയര്‍ത്തുന്ന നടപടിയാണ്. അതുവെച്ചുപൊറുപ്പിക്കില്ല. ഒട്ടും സൈദ്ധാന്തിക ദുര്‍ഗ്രാഹ്യതയില്ലാത്ത അച്ചടക്കത്തിന്‍െറ ഈ ലളിതവ്യാഖ്യാനം മാടമാക്കല്‍ മാത്യു ലോറന്‍സിന് എന്തേ പിടി കിട്ടാതെ പോയി എന്നത് ഇതൊക്കെ കണ്ടുനില്‍ക്കുന്നവരെ കുഴക്കുന്ന സംഗതിയാണ്. അല്‍പം കടുത്ത ശിക്ഷ തന്നെയാണ് കിട്ടിയിരിക്കുന്നത്. പരസ്യശാസന. എന്നുവെച്ചാല്‍ എല്ലാരും കേള്‍ക്കെയുള്ള ശകാരം. ആദ്യം താക്കീത്. പിന്നെ പാര്‍ട്ടിക്കകത്തുള്ള ശാസന. ഇതുരണ്ടുമാണ് ലഘുവായ ശിക്ഷകള്‍. ഇതുരണ്ടും പോരെന്നു തോന്നുമ്പോഴാണ് പരസ്യമായി ശാസിക്കുന്നത്. വി.എസിനെ ശാസിച്ചുകൊണ്ടേയിരിക്കുക എന്നതായിരുന്നു കഴിഞ്ഞ പത്തുകൊല്ലത്തോളമായി നടത്തുന്ന പ്രധാന പാര്‍ട്ടിപ്രവര്‍ത്തനം. ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കിക്കൊണ്ട് പുന്നപ്ര-വയലാര്‍ സമരത്തില്‍നിന്നും അറസ്റ്റ് ഭയന്നു തിരിച്ചോടിയ ആളായിരുന്നു വി.എസ് എന്ന് കണ്ടെത്തി മാധ്യമങ്ങളോടു പറഞ്ഞു. ലണ്ടനില്‍ ചികിത്സക്കുപോയതിലെ കമ്യൂണിസ്റ്റ് വിരുദ്ധതയും ചൂണ്ടിക്കാട്ടി. വി.എസും അടങ്ങിയിരുന്നില്ല. ഭാര്യയെ ഭ്രാന്താശുപത്രിയില്‍ തള്ളിയ ആളാണ് ലോറന്‍സ് എന്ന് വി.എസ് തിരിച്ചടിച്ചു. മുഖ്യമന്ത്രിയായിരുന്ന സമയത്ത് രണ്ടാമത്തെ മകള്‍ തന്നെ കണ്ട് അമ്മയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. തന്‍െറ നിര്‍ദേശത്തെ തുടര്‍ന്ന് ഡോക്ടര്‍ ലോറന്‍സിന്‍െറ ഭാര്യയെ വിട്ടയക്കുകയായിരുന്നു. കൂടുതല്‍ ചരിത്രം പറയിപ്പിക്കരുതെന്ന് വി.എസ് അന്നേ പറഞ്ഞതാണ്. ലോറന്‍സ് പിന്നെയും ചരിത്രം പറഞ്ഞു. പറഞ്ഞ ചരിത്രത്തില്‍ വി.എസ് മാത്രമായിരുന്നില്ല പ്രതിക്കൂട്ടില്‍. പാലക്കാട് സമ്മേളനത്തില്‍ താനടക്കമുള്ളവരെ വെട്ടിനിരത്തിയ ഗൂഢാലോചനയില്‍ പിണറായി വിജയനും ബേബിയും തോമസ് ഐസക്കും പങ്കാളികളായിരുന്നുവെന്ന് പറഞ്ഞപ്പോഴാണ് പാര്‍ട്ടിയുടെ നിര്‍വചനം അനുസരിച്ചുള്ള ശരിയായ അച്ചടക്കലംഘനം പുറത്തുവന്നത്. ഗൗരിയമ്മ യു.ഡി.എഫില്‍ മനംമടുത്ത് തറവാട്ടിലേക്കു തിരിച്ചുകയറാന്‍ പായും തലയണയും പൊതിഞ്ഞുവെച്ചിരിക്കുമ്പോഴാണ് ലോറന്‍സ് പിന്നെയും ചരിത്രം പറയുന്നത്. അന്ന് ഇടതുമുന്നണി കണ്‍വീനര്‍. ഇടതുസര്‍ക്കാറില്‍ വ്യവസായമന്ത്രിയായ ഗൗരിയമ്മ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയ മന്ത്രി. താന്‍സനിയയില്‍നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്തതിലൂടെ കോടികളുടെ അഴിമതിക്കാണ് തുടക്കമിട്ടത്. മന്ത്രിയായിരിക്കെ നടത്തിയ ക്രമക്കേട് പുറത്തുവരാതിരിക്കാനാണ് യു.ഡി.എഫില്‍ പോയത് എന്ന ഒരു രാഷ്ട്രീയ വായനയും നടത്തി. യു.ഡി.എഫ് സഹായി എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. പറഞ്ഞത് സാക്ഷാല്‍ പിണറായി വിജയന്‍. ഗൗരിയമ്മയുടെ എല്‍.ഡി.എഫ് പ്രവേശത്തിനു തടസ്സം സൃഷ്ടിച്ചത് യു.ഡി.എഫിന് ഗുണകരമായല്ലോ. സത്യത്തില്‍ തറവാട്ടിലേക്കുള്ള തിരിച്ചുവരവിനു പിന്നില്‍ ചെങ്കൊടിക്കു പിന്നില്‍ അണിനിരക്കാനുള്ള അടക്കാനാവാത്ത അഭിവാഞ്ഛയാണോ?. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലുള്ള കറകളഞ്ഞ അഭിനിവേശമാണോ? അല്ലല്ലോ. യു.ഡി.എഫില്‍ ഗൗരിയമ്മയുടെ കക്ഷിക്ക് ബലം കുറഞ്ഞു വരുകയാണ്. വിലപേശല്‍ ശേഷിപോലുമില്ല. ആദര്‍ശത്തിന്‍െറ കടുപ്പംകൊണ്ടല്ല ഈ മടങ്ങിവരവെന്ന് വിവാദ അഭിമുഖത്തില്‍ വെട്ടിത്തുറന്നങ്ങ് പറഞ്ഞു. പരസ്യശാസനക്ക് അതും ഒരു കാരണമായി. ഗൗരിയമ്മക്ക് എതിരെ നല്‍കിയ മാനനഷ്ടക്കേസ് പിന്‍വലിക്കാന്‍ പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി സമ്മര്‍ദം ചെലുത്തിയെന്ന വെളിപ്പെടുത്തലും നടത്തിയിരുന്നു. അപ്പോള്‍ മാടമാക്കല്‍ മാത്യു ലോറന്‍സ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാടുകളില്‍നിന്നോ കമ്യൂണിസത്തിന്‍െറ ആശയാടിത്തറയില്‍നിന്നോ വിട്ടുമാറി വലതുപക്ഷവ്യതിയാനം നടത്തിയതല്ല പ്രശ്നം എന്നു വ്യക്തം. പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലെ ചില നീക്കുപോക്കുകളുണ്ട്. അതിന് ഇടങ്കോലിടാന്‍ പാടില്ല. അത് ലോറന്‍സായാലും വി.എസ് ആയാലും. പതിനേഴാം വയസ്സില്‍ പാര്‍ട്ടിയംഗമായതാണ്. സഹോദരന്‍ എബ്രഹാം മാടമാക്കല്‍ സ്വാതന്ത്ര്യസമരത്തിലെ പങ്കാളിത്തത്തിലൂടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എത്തുന്നത്. ജ്യേഷ്ഠനും അനുജനും ഒന്നിച്ചുള്ള പാര്‍ട്ടിപ്രവര്‍ത്തനം രണ്ടുകൊല്ലം മാത്രമേ നീണ്ടുനിന്നുള്ളൂ. മെംബറായി രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ കല്‍ക്കത്ത പാര്‍ട്ടികോണ്‍ഗ്രസ് നടന്നു. കോണ്‍ഗ്രസ് രണദിവെ തിസീസ് അവതരിപ്പിച്ചു. എബ്രഹം അതില്‍ വിയോജിച്ച് പാര്‍ട്ടി വിട്ടപ്പോഴും ലോറന്‍സ് പാര്‍ട്ടിലൈനില്‍ ഉറച്ചുനിന്നു. സായുധസമരത്തിന് ആഹ്വാനംചെയ്യുന്ന രണദിവെ ലൈന്‍ തെറ്റാണെന്ന് ബോധ്യപ്പെടാന്‍ ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണം തന്നെ വേണ്ടിവന്നു. എന്‍.കെ. മാധവനെ മോചിപ്പിക്കാനായിരുന്നു ആക്രമണം. 1950 ഫെബ്രുവരി 28. അന്ന് എറണാകുളം ടൗണ്‍ കമ്മിറ്റി സെക്രട്ടറി. എറണാകുളം സ്റ്റേഷനില്‍നിന്ന് കള്ളവണ്ടി കയറിയ സംഘം രാത്രിയില്‍ പോണേക്കരയിലിറങ്ങി. സ്റ്റേഷന്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് ഒളിവും അറസ്റ്റും കൊടിയ മര്‍ദനവും. ജയില്‍ജീവിതം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും സായുധ സമരത്തിനായുള്ള പാര്‍ട്ടിലൈന്‍ തിരുത്തപ്പെട്ടുകഴിഞ്ഞിരുന്നു. പിന്നീട് പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍െറ പ്രായോഗികപാതയിലേക്ക് പാര്‍ട്ടി മാറി. ജയിലില്‍നിന്നു പുറത്തുവന്നതിനുശേഷവും എറണാകുളം ടൗണ്‍ കമ്മിറ്റി സെക്രട്ടറിയായി തുടര്‍ന്നു. 1954ലെ തിരു-കൊച്ചി ഡിവിഷന്‍ കോണ്‍ഫറന്‍സില്‍ ജില്ലാ കമ്മിറ്റി അംഗമായി. 1966 മുതല്‍ 78 വരെ എറണാകുളം ജില്ലാ സെക്രട്ടറി. 1956ലെ പാലക്കാട് കോണ്‍ഗ്രസില്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു. മറ്റൊരു പാലക്കാട് സമ്മേളനത്തിലാണ് തിരിച്ചടി നേരിട്ടത്. സി.ഐ.ടി.യു പക്ഷം വെട്ടിനിരത്തപ്പെട്ടപ്പോള്‍ സംസ്ഥാനകമ്മിറ്റിക്കു പുറത്തായി. സേവ് സി.പി.എം ഫോറം അന്വേഷണകമീഷന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കേന്ദ്രകമ്മിറ്റിയില്‍നിന്ന് തരംതാഴ്ത്തി. എറണാകുളം ഏരിയ കമ്മിറ്റിയിലേക്ക്. കണ്ണൂര്‍ സമ്മേളനത്തില്‍ പാര്‍ട്ടി പ്രതിനിധി പോലുമാക്കിയില്ല. മലപ്പുറം സമ്മേളനത്തില്‍ ബാലനന്ദന്‍െറയും വി.എസിന്‍െറയും മറ്റും ഇടപെടലിലൂടെ പ്രതിനിധിയായി. പക്ഷേ, അവിടെ വോട്ടെടുപ്പില്‍ ഔദ്യാഗികപക്ഷത്തിന് ഒപ്പം നിന്നു. പിന്നീട് സി.ഐ.ടി.യു ജനറല്‍ സെക്രട്ടറിയായി. അത് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു. തരംതാഴ്ത്തിയതും ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചതും ഇപ്പോള്‍ പരസ്യമായി ശാസിച്ചതും സി.പി.എം തന്നെ. കുറേ നാളായി ആത്മകഥയുടെ പണിപ്പുരയിലാണ്. തുറന്നു പറയാന്‍ ഏറെയുണ്ട്. പത്തറുപതുകൊല്ലത്തെ പാര്‍ട്ടിയുടെ എഴുതപ്പെടാത്ത ചരിത്രം അതിലുണ്ടാവുമെന്ന് ഉറപ്പ്. |
ടൈഗണ്‍ വരുന്നു Posted: 04 May 2013 09:21 PM PDT ഹിറ്റ്ലറുടെ മാനസപുത്രനായി ജനിച്ചതുകൊണ്ടാണോയെന്നറിയില്ല കുറുക്കന്‍െറ ബുദ്ധിയാണ് ഫോക്സ്വാഗണ്. എവിടെ എപ്പോള്‍ എന്തുചെയ്യണമെന്ന് അവരെ ആരും പഠിപ്പിക്കേണ്ട. 24 രാജ്യങ്ങളിലെ 94 ഫാക്ടറികളില്‍നിന്നായി അവര്‍ പ്രതിവര്‍ഷം ഇറക്കിവിടുന്നത് ഏതാണ്ട് ഒരു കോടി വാഹനങ്ങളാണ്. നമ്മള്‍ കണ്ടിട്ടുള്ള സ്കോഡ, മാന്‍, ഓഡി, ഒരുപാട് കേട്ടിട്ടുള്ള ബെന്‍റ്ലി, ബുഗാട്ടി, ഡ്യുകാട്ടി, ലബ്രോഗിനി, പോര്‍ഷെ, അധികം പരിചയമില്ലാത്ത സ്കാനിയ, സീറ്റ് എന്നിവയൊക്കെയാണ് ഈ കുറുക്കന്‍െറ മാളത്തിലുള്ളത്. ട്രക്ക് വില്‍ക്കാന്‍ മാന്‍, സ്കാനിയ എന്നീ പേരുകള്‍ ഉപയോഗിക്കും. ബൈക്ക് ഉണ്ടാക്കാനാണ് ഡ്യുകാട്ടിയെന്ന പേര്. കോടീശ്വരന്മാര്‍ക്കും അതിലെ പാവപ്പെട്ടവര്‍ക്കും സാഹസികര്‍ക്കുമൊക്കെ വേണ്ടി വണ്ടിയുണ്ടാക്കുമ്പോള്‍ തരാതരം മറ്റ് പേരുകളിടും. പക്ഷേ, നാട്ടുകാരുടെ കൈയടി കിട്ടുമെന്ന് ഉറപ്പുള്ള വണ്ടികള്‍ക്ക് ഒരു പേരേയുണ്ടാവൂ -ഫോക്സ്വാഗണ്‍. ഇതിന്‍െറ അര്‍ഥം തന്നെ ജനങ്ങളുടെ കാര്‍ എന്നാണ്. നാട്ടുകാര്‍ വെറുക്കുന്നതൊന്നും ഈ നാമധേയത്തില്‍ പിറക്കില്ല. ഇതറിയാവുന്നതിനാലാണ് അമേരിക്കയിലെ ഫോര്‍ഡിന് ഇപ്പോള്‍ ഉറക്കം പോയിരിക്കുന്നത്. കാരണം, കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യക്കാര്‍ക്ക് സ്പോര്‍ട്സ് യൂട്ടിലിറ്റികളോട് ഭയങ്കര കമ്പമാണ്. അതേസമയം, യഥാര്‍ഥ എസ്.യു.വികള്‍ വാങ്ങാനുള്ള കഴിവ് ഇല്ലതാനും. കെ.എസ്.ടി.പി പദ്ധതിയൊക്കെ ഉപയോഗിച്ച് റോഡൊക്കെ മിനുക്കിയിട്ടും ആളുകളുടെ ആവേശം കുറയുന്നില്ല. ഈ അവസരം മുതലെടുക്കാന്‍ ഫോര്‍ഡ് ഒരു വണ്ടിയിറക്കി. എക്കോസ്പോര്‍ട്ട്. സംഗതി സൂപ്പര്‍ ഹിറ്റാകുമെന്ന് ട്രെയ്ലര്‍ കണ്ടതേ വണ്ടി പ്രേമികള്‍ ഉറപ്പിച്ചതാണ്. ഈ കച്ചവടത്തിലെ ലാഭംകൊണ്ട് മക്കളെ അണ്‍എയ്ഡഡ് സ്കൂളില്‍ വിടാമെന്ന കണക്കുകൂട്ടലിലിരിക്കുകയായിരുന്നു ഫോര്‍ഡ്. അപ്പോഴാണ് ഫോക്സ്വാഗണ്‍ മുട്ടനൊരു പാരവെച്ചത്. എക്കോസ്പോര്‍ട്ടിന്‍െറ നട്ടെല്ല് പൊളിക്കാന്‍ അവര്‍ ഒരു വണ്ടിയുണ്ടാക്കി. പേര് ടൈഗണ്‍. തെക്കേ അമേരിക്കയാണ് മുഖ്യ ലക്ഷ്യമെന്ന് പ്രചരിക്കുന്നുണ്ടെങ്കിലും ദുരുദ്ദേശ്യത്തിന് പിന്നില്‍ ഇന്ത്യന്‍ വിപണിയാണെന്ന് അറിയാത്തവര്‍ അടിസ്ഥാന വിദ്യാഭ്യാസം പോലും കിട്ടാത്തവരായിരിക്കും. എന്‍.എസ്.എഫ് (ന്യൂ സ്മോള്‍ ഫാമിലി) എന്ന പുതിയ പ്ളാറ്റ്ഫോമിലാണ് ടൈഗണ്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ സാവോ പോളോ ഇന്‍റര്‍നാഷനല്‍ മോട്ടോര്‍ഷോയിലാണ് ഇത് പ്രത്യക്ഷപ്പെട്ടത്. ഫോക്സ് വാഗണ്‍ അപ് എന്നും ഫോക്സ് എന്നും അറിയപ്പെടുന്ന ചെറുകാറില്‍ നിന്ന് ഉരുത്തിരിഞ്ഞ പ്ളാറ്റ്ഫോമാണിത്. നാലു മീറ്ററില്‍ താഴെ നീളമുള്ള വണ്ടികള്‍ക്ക് ഇന്ത്യയില്‍ കിട്ടുന്ന നികുതിയിളവ് മുതലാക്കാന്‍ 3859 എം.എം നീളത്തില്‍ ടൈഗണെ ഒതുക്കിയിട്ടുണ്ട്. 108 ബി.എച്ച്.പി ശക്തിയുള്ള മൂന്നു സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് ഒരു ലിറ്റര്‍ പെട്രോള്‍ എന്‍ജിനാവും ഇതിലുണ്ടാവുകയെന്നാണ് സൂചന. ഇന്ത്യയില്‍ പെട്രോള്‍ വില കുറയുകയും ഡീസല്‍ വില കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുറുക്കന്‍െറ ബുദ്ധി പ്രവര്‍ത്തിച്ചുവെന്ന് കരുതിയാല്‍മതി. എന്നാലും എന്‍ജിനില്‍ മാറ്റം വരുത്താന്‍ കമ്പനിക്ക് അധികാരമുള്ളതിനാല്‍ എന്തും സംഭവിക്കാം. ലോകവിപണിയില്‍ നിസാന്‍ ജ്യൂക്ക്, മിനി കണ്‍ട്രിമാന്‍, സുസുക്കി എസ്.എക്സ് ഫോര്‍ എന്നിവയായിരിക്കും എതിരാളികള്‍. സ്പോര്‍ട്സ് യൂട്ടിലിറ്റി എന്നൊക്കെ വിളിക്കാമെങ്കിലും സാദാ കാര്‍പോലെ ഫ്രണ്ട്വീല്‍ ഡ്രൈവ് വണ്ടിയായിരിക്കും ഇത്. 2469 മി.മീ ആണ് വീല്‍ബേസ്. വീതി 1727 മി.മീ. പക്ഷേ, ഉയരം 61.8 ഇഞ്ച് മാത്രമായതിനാല്‍ ഇതിനെ വെറും ഹാച്ച് ബാക്ക് എന്നേ വിളിക്കാനാവൂ എന്ന് അസൂയക്കാര്‍ പറയുന്നുണ്ട്. 62 ഇഞ്ച് മുകളില്‍ ഉയരമുള്ളവരെയേ ഇക്കൂട്ടര്‍ എസ്.യു.വിയായി അംഗീകരിക്കുകയുള്ളൂവത്രേ. അഞ്ച് പേര്‍ക്ക് കയറാവുന്ന രീതിയിലാണ് നിര്‍മാണം. യാത്രക്കാരുടെ വീതിയും കനവും അനുസരിച്ച് ഒരാളെ കുറക്കുകയോ കൂട്ടുകയോ ചെയ്യാം. |
വളര്‍ച്ച പ്രതീക്ഷ വീണ്ടും Posted: 04 May 2013 09:06 PM PDT രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകു മുളക്കുന്നു. സാമ്പത്തിക-വ്യവസായ മേഖലകള്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ടാണ് വിവിധ ഏജന്‍സികളുടെ വളര്‍ച്ച പ്രവചനങ്ങള്‍ പുറത്തുവരുന്നത്. ഒരു ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ച് ശതമാനത്തില്‍നിന്ന് വളര്‍ച്ച നിരക്കില്‍ കാര്യമായ മാറ്റമാണ് മിക്ക പ്രവചനങ്ങളും സൂചിപ്പിക്കുന്നത്. കഴിഞ്ഞദിവസത്തെ വായ്പ-പണനയ അവലോകനത്തില്‍ വളര്‍ച്ച നിരക്ക് 2013-14ല്‍ 5.7 ശതമാനമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി. സുബ്ബറാവു വ്യക്തമാക്കിയിരുന്നു. സാമ്പത്തിക വര്‍ഷത്തിന്‍െറ ആദ്യപകുതിയില്‍ മന്ദഗതിയില്‍ നീങ്ങുന്ന സമ്പദ്വ്യവസ്ഥ രണ്ടാം പകുതിയില്‍ വേഗത കൈവരിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്‍െറ കണക്കുകൂട്ടല്‍. എന്നാല്‍, സര്‍ക്കാറിന്‍െറ കണക്കുകൂട്ടലിനേക്കാള്‍ താഴെയാണിത്. എട്ട് ശതമാനത്തോളം സാമ്പത്തിക വളര്‍ച്ചക്കുള്ള സാഹചര്യങ്ങള്‍ രാജ്യത്തുണ്ടെന്നാണ് ധനമന്ത്രി പി.ചിദംബരത്തിന്‍െറ വിലയിരുത്തല്‍. മൂന്നുവര്‍ഷം കൊണ്ട് എട്ട് ശതമാനത്തിലെത്തുമെന്നും അദ്ദേഹം പറയുന്നു. 2013-14 ല്‍ ആറുശതമാനത്തിന് മുകളിലും 2014-15ല്‍ എഴ് ശതമാനത്തിന് മുകളിലും വളര്‍ച്ചയുണ്ടാകുമെന്നും ചിദംബരം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്കും റേറ്റിങ് ഏജന്‍സിയായ മൂഡീസും ആറുശതമാനം വളര്‍ച്ചയാണ് പ്രവചിക്കുന്നത്. അതേസമയം, ലോകബാങ്ക് 6.1ഉം പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശക സമിതി 6.4ഉം ശതമാനവും വളര്‍ച്ചയാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍, അന്താരാഷ്ട്ര നാണ്യനിധി ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിനൊപ്പമാണ്. 5.7 ശതമാനം വളര്‍ച്ചയാണ് അവരും പ്രവചിക്കുന്നത്. നിക്ഷേപസാഹചര്യങ്ങള്‍ ഇപ്പോഴത്തെ നിലയില്‍ പോയാല്‍ രാജ്യത്തിന് എട്ട്-ഒമ്പത് ശതമാനം വളര്‍ച്ചനിരക്കിലേക്ക് മടങ്ങാനാവുമെന്ന് എ.ഡി.ബി മാനേജിങ് ഡയറക്ടര്‍ ജനറല്‍ രജത് നാഗ് കഴിഞ്ഞദിവസം പറഞ്ഞു. പ്രത്യക്ഷനികുതി-ചരക്ക്,സേവനനികുതി നിയമങ്ങള്‍ നടപ്പാക്കുകയും നിക്ഷേപത്തിന് പ്രാധാന്യം നല്‍കുകയും ചെയ്യേണ്ടത് ഇതിന് അനിവാര്യമാണെന്നും പണപ്പെരുപ്പം 7.2 ശതമാനമായി മയപ്പെടുമെന്നും അദ്ദേഹം പറയുന്നു. രാജ്യത്തിന്‍െറ സാമ്പത്തിക സ്ഥിതി സ്ഥിരതയുള്ളതാണെന്നും അടുത്ത 12-18 മാസത്തേക്ക് ക്രെഡിറ്റ് റേറ്റിങ്ങില്‍ താഴ്ചക്ക് സാധ്യതയില്ലെന്നും മുഡീസ് സോവറിന്‍ റേറ്റിങ്സിലെ അനലിസ്റ്റ് ആട്സി സത്തേും പറയുന്നു. ചെറുപ്പക്കാരുടെ വിദ്യാഭ്യാസ-തൊഴില്‍ വൈദഗ്ധ്യ നിലവാരത്തിലുണ്ടാകുന്ന മാറ്റവും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലെ പ്രകടമായ വര്‍ധനയും കൂടുതല്‍ നിക്ഷേപത്തിനും തൊഴിലവസരങ്ങള്‍ക്കും വഴിവെക്കുമെന്നും വളര്‍ച്ചനിരക്ക് ഉയര്‍ത്തുമെന്നുമാണ് ധനമന്ത്രിയുടെ നിലപാട്. കാര്‍ഷിക മേഖലയില്‍നിന്ന് മറ്റുമേഖലകളിലേക്കുള്ള ആളുകളുടെ മാറ്റം ഉല്‍പാദനക്ഷമതയും ഉല്‍പാദനവും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. രാജ്യത്തെ ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 57 ശതമാനവും ആഭ്യന്തര ഉപഭോഗം നേരിടുന്നതിനാല്‍ ഉല്‍പാദന രംഗത്ത് മാന്ദ്യസാധ്യതയില്ലെന്നും ധനമന്ത്രി പറയുന്നുണ്ട്. പലിശ നിരക്കുകള്‍ താഴ്ത്താന്‍ അനുയോജ്യമാണ് ഇപ്പോഴത്തെ സാഹചര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. അതിശയിപ്പിക്കുന്ന വളര്‍ച്ചയായിരിക്കും ഇത്തവണയെന്നും ആറു ശതമാനത്തില്‍ താഴെ പോവില്ലെന്നത് ഉറപ്പാണെന്നും കേന്ദ്ര സാമ്പത്തികാര്യ സെക്രട്ടറി അരവിന്ദ് മായാറാം പറയുന്നു. കാര്‍ഷിക മേഖലയില്‍ പ്രത്യേകിച്ച് റാബിയില്‍ ഉണ്ടാകുന്ന മികച്ച വിളവ് ഇതിന് തുണയാകുമെന്നും പണപ്പെരുപ്പം താഴുമെന്നും അദ്ദേഹം പറയുന്നു. |
എട്ടിലും പൊട്ടി ദല്‍ഹി Posted: 04 May 2013 09:00 PM PDT Subtitle: ദല്‍ഹിക്ക് ആറു വിക്കറ്റ് തോല്‍വി ഹൈദരാബാദ്: വിജയവഴി വീണ്ടെടുക്കാനിറങ്ങിയ ദല്‍ഹിക്ക് സണ്‍റൈസേഴ്സ് വക എട്ടാം തോല്‍വി. ബാറ്റിലും ബൗളിലും ദയനീയമായി കീഴടങ്ങിയ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ആറു വിക്കറ്റിന് കീഴടക്കി ഹൈദരാബാദ് സണ്‍റൈസേഴ്സിന് മുന്നേറ്റം. ആദ്യം ബാറ്റ്ചെയ്ത ദല്‍ഹി 19.1 ഓവറില്‍ 80 റണ്‍സിന് ഓള്‍ ഔായപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സ് 13.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. ദല്‍ഹി സമ്മാനിച്ച വിജയ ലക്ഷ്യത്തെ ആനായാസം പിന്തുടര്‍ന്ന സണ്‍റൈസേഴ്സിന്‍െറ വിക്കറ്റുകള്‍ ഇടക്ക് കൊഴിഞ്ഞെങ്കിലും താളം നഷ്ടപ്പെടാതെ മത്സരം പിടിച്ചെടുത്തു. ശിഖര്‍ ധവാന്‍ (22), ഡാരന്‍ സമ്മി (18 നോട്ടൗട്ട്) എന്നിവര്‍ ചേര്‍ന്നാണ് വിജയം എളുപ്പമാക്കിയത്. നിലനില്‍ക്കാന്‍ വിജയം അനിവാര്യമെന്ന നിലയില്‍ ഇറങ്ങിയ ദല്‍ഹിയെ കരുത്തുറ്റ ബൗളിങ് ആക്രമണത്തിലൂടെയാണ് ഹൈദരാബാദുകര്‍ ചുരുട്ടിക്കെട്ടിയത്. 17 റണ്‍സെടുത്ത ഉന്മുക്ത് ചന്ദാണ് ദല്‍ഹിയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ജയവര്‍ധനെയും മധ്യനിരയിലെ കാവല്‍ക്കാരന്‍ ജീവന്‍ മെന്‍ഡിസും (11), ഇര്‍ഫാന്‍ പഠാനും (13) ഒഴികെ ദല്‍ഹിയുടെ ബാറ്റ്സ്മാന്‍മാരെല്ലാം ഒറ്റയക്കത്തില്‍ പുറത്തായി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഡെയ്ല്‍ സ്റ്റെയ്ന്‍, തിസാര പെരേര, ഡാരന്‍ സമ്മി എന്നിവരാണ് ദല്‍ഹിയുടെ നടുവൊടിച്ചത്. സമ്മിയാണ് കളിയിലെ കേമന്‍. ഐ.പി.എല്ലില്‍ ആദ്യം പുറത്താവാതിരിക്കാന്‍ പുണെയുമായി മത്സരിക്കുന്ന ദല്‍ഹിക്ക് നിര്‍ണായക മത്സരമായിരുന്നു ശനിയാഴ്ചത്തേത്. എന്നാല്‍, സ്വന്തം ഗ്രൗണ്ടിലിറങ്ങിയ സണ്‍റൈസേഴ്സ് ബൗളിങ് ഏറെ മൂര്‍ച്ചയോടെയാണ് കളിതുടങ്ങിയത്. മനക്കോട്ടകളെല്ലാം ക്രീസിലെത്തിയപ്പോള്‍ മഞ്ഞുമലപോലെ ഒലിച്ചുതുടങ്ങി. മികച്ച സ്ട്രോക്കുകള്‍ ഉതിര്‍ത്ത് ക്യാപ്റ്റന്‍ ജയവര്‍ധനെ തുടങ്ങിയെങ്കിലും ആദ്യം നഷ്ടമായ വിക്കറ്റും നായകന്‍േറതുതന്നെ. സ്കോര്‍ 13ലെത്തി നില്‍ക്കേ 11 റണ്‍സുമായി ജയവര്‍ധനെ ഇശാന്ത് ശര്‍മയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി പുറത്തായി. രണ്ടാം വിക്കറ്റില്‍ സെവാഗിനൊപ്പം പ്രതീക്ഷ നല്‍കുന്ന ബാറ്റുമായി ഉന്മുക്ത് ചാന്ദ് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. സ്റ്റെയ്നും ഇശാന്തും ബൗണ്‍സുമായി എതിരാളികളെ ഭയപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ സെവാഗും വിരണ്ടു. താളംകണ്ടെത്താന്‍ വിഷമിച്ച സമ്മിയുടെ പന്തില്‍ മുന്‍ ഇന്ത്യന്‍ ഓപണര്‍ ക്ളീന്‍ ബൗള്‍ഡായി കളംവിട്ടു. പിന്നെ, വിക്കറ്റുവീഴ്ചയുടെ ഒരോ ഇടവേളയായിരുന്നു. എതിര്‍ ബൗളര്‍മാര്‍ മേധാവിത്വം പുലര്‍ത്തി ആടിത്തിമിര്‍ത്തപ്പോള്‍ ചെറുത്തുനില്‍പിനുള്ള ബലമില്ലാതെ ദല്‍ഹിക്കാര്‍ കൂടാരം കയറിക്കൊണ്ടിരുന്നു. ആറ് ബാറ്റ്സ്മാന്‍മാരാണ് ഒറ്റയക്കത്തില്‍ കളംവിട്ടത്. പത്തു കളിയില്‍ മൂന്നു ജയവും ഏഴ് തോല്‍വിയുമുള്ള ദല്‍ഹിക്ക് ടൂര്‍ണമെന്‍റില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം ജയം അനിവാര്യമെന്ന നിലയിലാണ് ഇന്നലെ കളത്തിലിറങ്ങിയത്. സ്കോര്‍ബോര്‍ഡ് ദല്‍ഹി ഡെയര്‍ഡെവിള്‍സ്: ജയവര്‍ധനെ എല്‍ ബി ഡബ്ള്യു 11, സെവാഗ് ബി സമ്മി 8, ഉന്‍മുക്ത് ചന്ദ് ബി സ്റ്റെയിന്‍ 17, വാര്‍നര്‍ സ്റ്റമ്പ് ബി മിശ്ര 8, മെന്‍ഡിസ് സി ഇശാന്ത് ബി സമ്മി 11, കേദാര്‍ യാദവ് സി ആന്‍ഡ് ബി ശര്‍മ 3, പഠാന്‍ ബി സ്റ്റെയ്ന്‍ 13, ബോത്ത സി പട്ടേല്‍ ബി പെരേര 1, നദീം റണ്ണൗട്ട് 0, നെഹ്റ ബി പെരേര 0, ഉമേഷ് യാദവ് നോട്ടൗട്ട് 2, എക്സ്ട്രാസ് 6, ആകെ 19.1 ഓവറില്‍ 80. വിക്കറ്റ് വീഴ്ച: 1-13 2-32, 3-50, 4-52, 5-57, 6-70, 7-73, 8-77, 9-78, 10-80 ബൗളിങ്: സ്റ്റെയ്ന്‍ 4-0-21-2,ഇശാന്ത് ശര്‍മ 3-1-11-1, പെരേര 3.1-0-11-2, സമ്മി 3-0-10-2, കരണ്‍ ശര്‍മ 2-0-9-1, അമിത് മിശ്ര 4-0-16-1 സണ്‍റൈസേഴ്സ്: പാര്‍ഥിവ് പട്ടേല്‍ സ്റ്റമ്പ്സ് ബി മെന്‍ഡിസ് 14, ധവാന്‍ എല്‍.ബി.ഡബ്ള്യൂ ബി ബോത 22, ആശിഷ് റെഡ്ഡി സി ജാദവ് ബി നെഹ്റ 5, സമ്മി നോട്ടൗട്ട് 18, സങ്കക്കാര സി യാദവ് ബി ബോത 8, വിഹാരി നോട്ടൗട്ട് 11, എക്സ്ട്രാസ് 3, ആകെ 13.5 ഓവറില്‍ നാലിന് 81. വിക്കറ്റ് വീഴ്ച: 1-33, 2-41, 3-43, 4-60. ബൗളിങ്ങ്: ഇര്‍ഫാന്‍ പഠാന്‍ 1 0 6 0, യാദവ് 2.5 0 27 0, നെഹ്റ 2 0 14 1, ബോത 3 0 11 2, മെന്‍ഡിസ് 3 0 16 1, നദീം 2 0 7 0. |
സര്‍ക്കാര്‍ ‘രാജി’ച്ചുഴിയില്‍ Posted: 04 May 2013 08:49 PM PDT ന്യൂദല്‍ഹി: നിയമമന്ത്രി അശ്വിനി കുമാറിനു പിന്നാലെ, റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലും രാജിയുടെ വക്കില്‍. ഒന്നിനു പുറകെ ഒന്നായി വരുന്ന വിവാദങ്ങളില്‍ കുരുങ്ങി സര്‍ക്കാറും കോണ്‍ഗ്രസും കടുത്ത പ്രതിസന്ധിയിലായെങ്കിലും, രണ്ടു മന്ത്രിമാരെയും തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിലാണ് നേതൃത്വം. കര്‍ണാടക തെരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് ബന്‍സല്‍ ഉള്‍പ്പെട്ട കോഴക്കേസ് രാജ്യവ്യാപക ചര്‍ച്ചയായത് കോണ്‍ഗ്രസില്‍ ആശങ്ക വര്‍ധിപ്പിച്ചു. പാര്‍ട്ടിക്കുണ്ടാവുന്ന പരിക്ക് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് പവന്‍കുമാര്‍ ബന്‍സല്‍ പ്രധാനമന്ത്രിയെ കണ്ട് രാജി സന്നദ്ധത അറിയിച്ചത്. എന്നാല്‍ രാജി ഒഴിവാക്കാനാണ് കോണ്‍ഗ്രസും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ശ്രമിക്കുന്നത്. പെങ്ങളുടെ മകന്‍ കോഴ വാങ്ങിയ കേസില്‍ അറസ്റ്റിലായതിന് മന്ത്രി ഉത്തരവാദിയല്ലെന്നാണ് കോണ്‍ഗ്രസിന്‍െറ ന്യായവാദം. സാങ്കേതികമായി ബന്‍സലിന് ഇതില്‍ നേരിട്ടു ബന്ധമില്ലെന്നും വാദിക്കാം. ബിസിനസ് ബന്ധങ്ങള്‍ അയാളുമായി ഇല്ലെന്ന വിശദീകരണം ബന്‍സലും നല്‍കുന്നുണ്ട്. ബന്ധു കോഴ വാങ്ങിയാല്‍ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നതിന്‍െറ യുക്തി പ്രതിപക്ഷ നിരയില്‍ നിന്ന് ജനതാദള്‍-യു നേതാവ് ശരദ്യാദവ് ചോദ്യം ചെയ്യുകയുമുണ്ടായി. എന്നാല്‍, റെയില്‍വേയിലെ നിയമനത്തിന്‍െറ പേരില്‍ ഒരു കോടിയോളം രൂപ ബന്ധുവിന്‍െറ കൈയിലെത്തിയാല്‍, സ്വാഭാവിക ഉത്തരവാദിത്തം ബന്‍സലിനുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന തലത്തിലുള്ള നിയമനം മന്ത്രി അറിയാതെയല്ല നടക്കുന്നത്. കോഴപ്പണം നേരിട്ടു കൈപ്പറ്റുകയല്ല, ഇടനിലക്കാര്‍ മുഖേനയാണ് പണമിടപാടു നടക്കുകയെന്ന പ്രതിപക്ഷ വാദത്തിനു വേണ്ടത്ര ബലമുണ്ട്. പ്രതിപക്ഷ ആരോപണങ്ങളല്ല, ഭരണപക്ഷത്തെ പിഴവുകളും ക്രമക്കേടുകളുമാണ് സര്‍ക്കാറിനെ പുതിയ പ്രശ്നച്ചുഴികളിലേക്ക് തള്ളുന്നത്. കാര്യപരിപാടികളിലേക്ക് കടക്കാന്‍ കഴിയാതെ പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം അലങ്കോലമായി നില്‍ക്കുമ്പോഴാണ് പ്രതിപക്ഷത്തിനു മുമ്പിലേക്ക് മറ്റൊരു വിഷയം കൂടി വീണു കിട്ടിയത്. തിങ്കളാഴ്ച പാര്‍ലമെന്‍റ് സമ്മേളിക്കുമ്പോള്‍ പ്രതിപക്ഷത്തിനു മറ്റൊരു ഇനം കൂടിയായി. രാജി ഒഴിവാക്കാന്‍ കഴിയുമോ എന്ന കാര്യം അടുത്ത ദിവസങ്ങളിലാണ് തീരുമാനിക്കപ്പെടുക. മന്ത്രിബന്ധു ബന്‍സലിന് കോഴയിടപാടില്‍ പങ്കാളിത്തമുണ്ടെന്ന് മൊഴി നല്‍കിയാല്‍ മന്ത്രിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. സി.ബി.ഐയുടെ അന്വേഷണം മന്ത്രിയുടെ പങ്കാളിത്തത്തെക്കുറിച്ച് സൂചന നല്‍കുന്നുവെങ്കിലും രക്ഷയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതേസമയം, രണ്ടു മന്ത്രിമാര്‍ രാജി വെച്ചു പുറത്തുപോകേണ്ടി വരുന്ന സാഹചര്യം സര്‍ക്കാറിന് താങ്ങാന്‍ കഴിയുന്നതല്ല. കല്‍ക്കരി കേസില്‍ സി. ബി.ഐ റിപ്പോര്‍ട്ട് തിരുത്തിയ സംഭവത്തില്‍ നിയമമന്ത്രി അശ്വിനികുമാറിന്‍െറ ഭാവി ഈയാഴ്ച സുപ്രീംകോടതി നടത്തുന്ന പരാമര്‍ശങ്ങളെക്കൂടി ആശ്രയിച്ചാണ് തീരുമാനിക്കപ്പെടുക. അതിനൊപ്പം ബന്‍സലിനു കൂടി പുറത്തേക്കു പോകേണ്ടി വരുന്ന സാഹചര്യം മന്ത്രിസഭയുടെ നില നില്‍പ്പിനെത്തന്നെ ബാധിക്കും. അതുകൊണ്ട് രണ്ടിലൊരു മന്ത്രിയുടെ രാജിയിലൂടെ വിവാദമടക്കാമെന്ന ചര്‍ച്ചകളും കോണ്‍ഗ്രസില്‍ നടക്കുന്നുണ്ട്. നിരവധി പേരുടെ രാജിയാവശ്യമാണ് കഴിഞ്ഞ കുറെ ദിവസങ്ങള്‍ക്കിടയില്‍ പ്രതിപക്ഷം ഉയര്‍ത്തിയത്. കല്‍ക്കരിക്കേസില്‍ പ്രധാനമന്ത്രിയുടെയും നിയമമന്ത്രിയുടെയും രാജിക്കാണ് സമ്മര്‍ദം. അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ റാവേല്‍ രാജി വെച്ചു. അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതി രാജി സാധ്യതയിലാണ്. ഇപ്പോള്‍ റെയില്‍മന്ത്രി. ജെ.പി.സി വിവാദത്തില്‍ ചെയര്‍മാന്‍ പി.സി. ചാക്കോ രാജിവെക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നു. ഒന്നും പ്രതിപക്ഷത്തിന്‍െറ കഴിവുകൊണ്ടല്ല, ഭരണപക്ഷത്തിന്‍െറ കഴിവുകേടില്‍ നിന്ന് ഉണ്ടായതാണെന്ന യാഥാര്‍ഥ്യം ഇതിനിടയില്‍ ബാക്കി. |
No comments:
Post a Comment