സ്വാഗതം
WELCOME

News Update..

Thursday, May 30, 2013

സീപ്ളെയിന്‍ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിന് Madhyamam News Feeds

സീപ്ളെയിന്‍ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിന് Madhyamam News Feeds

Link to

സീപ്ളെയിന്‍ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിന്

Posted: 30 May 2013 12:27 AM PDT

ആലപ്പുഴ: സീപ്ളെയിന്‍ പദ്ധതിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മത്സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗം. പദ്ധതി സംബന്ധിച്ച് മത്സ്യത്തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തിയ ആശങ്കകള്‍ക്ക് പരിഹാരം കാണാനോ പാരിസ്ഥിതിക പഠനം നടത്താനോ തയാറാകാതെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. പരമ്പരാഗതമായി മത്സ്യബന്ധനം നടത്തുന്ന കേന്ദ്രങ്ങളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഖജനാവില്‍നിന്ന് 25 കോടി ചെലവഴിച്ച് അടിസ്ഥാന സൗകര്യങ്ങളൊരുക്കി പൊതുജലാശയങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് പദ്ധതിക്ക് പിന്നിലെന്ന് സംഘടനകള്‍ പറഞ്ഞു.
പി.പി. ചിത്തരഞ്ജന്‍ അധ്യക്ഷത വഹിച്ചു. ടി.ജെ. ആഞ്ചലോസ് സമരപരിപാടികള്‍ വിശദീകരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സന്തോഷ് ജിതേന്ദ്രന്‍, എന്‍. സജീവന്‍, വി.സി. മധു, ജാക്സണ്‍ പൊള്ളയില്‍, കെ. പ്രദീപ്, സലിം ബാബു, സി.വി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
 

ആംവേ മേധാവിയുടെ അറസ്റ്റില്‍ എതിര്‍പ്പുമായി കേന്ദ്രം

Posted: 30 May 2013 12:27 AM PDT

Image: 

ന്യൂദല്‍ഹി: ആംവേ ഇന്ത്യയുടെ മേധാവിയെയും ഡയറക്ടര്‍മാരെയും അറസ്റ്റു ചെയ്തതില്‍ എതിര്‍പ്പുമായി കേന്ദ്രം. സംഭവത്തില്‍ നിരാശയുണ്ടെന്നും ഇത്തരം നടപടികള്‍ വിദേശ നിക്ഷേപകരെ അകറ്റാനിടയാക്കുമെന്നും കോര്‍പ്പറേറ്റ് വകുപ്പ് മന്ത്രി സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു.

മറ്റു മന്ത്രാലയങ്ങളുമായി ചേര്‍ന്ന് നിക്ഷേപ തട്ടിപ്പ് പദ്ധതികള്‍ തടയാനുള്ള നിയമങ്ങളിലെ അവ്യക്തതകള്‍ ഉടന്‍ പരിഹരിക്കും. നല്ല നിലയില്‍, നിയമപരമായി  കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത വിധത്തില്‍ നിക്ഷേപ തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നടപടികളെടുക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിലൂടെ കോടികളുടെ ക്രമക്കേട് നടത്തിയെന്ന കേസില്‍ ആംവേ ഇന്ത്യ ചെയര്‍മാനും രാജ്യത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ അമേരിക്കന്‍ സ്വദേശി വില്യംസ്കോട്ട് പിങ്ക്നി, ഡയറക്ടര്‍മാരായ സഞ്ജയ് മല്‍ഹോത്ര, അംശു ബുദ്ധരാജ എന്നിവരെ വയനാട് ക്രൈംബ്രാഞ്ച് തിങ്കളാഴ്ചയാണ് കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു.

ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്ന ഉത്പന്നങ്ങള്‍ നിര്‍മാതാവ് നല്‍കുന്ന വിലയേക്കാള്‍ ആറ് മുതല്‍ പത്തിരട്ടിക്ക് മണിചെയിന്‍ ശൃംഖലയിലൂടെ വില്‍പ്പന നടത്തി കൊള്ളലാഭം ഉണ്ടാക്കുന്നതാണ് ആംവേയുടെ പ്രവര്‍ത്തനമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതത്തേുടര്‍ന്ന് പ്രൈസ് ചിറ്റ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ (നിരോധന) ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതിവര്‍ഷം 48 കോടി രൂപയുടെ ലാഭം ഇവര്‍ ഉണ്ടാക്കിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.

വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത യാത്ര: 58 നിര്‍ദേശങ്ങള്‍

Posted: 30 May 2013 12:16 AM PDT

കൊച്ചി: പുതിയ അധ്യയന വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ പൊലീസ് ‘സുരക്ഷ മന്ത്രങ്ങളുമായി’രംഗത്ത്. ഇതിനായി വിദ്യാര്‍ഥികളും   കാല്‍നടക്കാരും സ്കൂള്‍ അധികൃതരും  സ്കൂള്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാരും ജീവനക്കാരും രക്ഷാകര്‍ത്താക്കളും പാലിക്കേണ്ട 58 സുരക്ഷാ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന  ലഘുലേഖ പൊലീസ് പുറത്തിറക്കി.
 സ്കൂള്‍ വാഹനങ്ങളില്‍ സ്പീഡ് ഗവേണര്‍ നിര്‍ബന്ധമായി ഘടിപ്പിക്കണമെന്നും വേഗം 40 കിലോമീറ്ററായി നിജപ്പെടുത്തണമെന്നും ലഘുലേഖയില്‍ പൊലീസ് നിര്‍ദേശിക്കുന്നു. ഇതിന് പുറമെ,വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും ഓണ്‍ സ്കൂള്‍ ഡ്യൂട്ടിയെന്ന് രേഖപ്പെടുത്തണം. 10 വര്‍ഷത്തെ ഡ്രൈവിങ് പരിചയമുള്ളവരെ മാത്രമേ ഡ്രൈവര്‍മാരായി നിയമിക്കാവൂ. അശ്രദ്ധമായും മദ്യപിച്ചും വാഹനമോടിച്ചതിന് ശിക്ഷിക്കപ്പെട്ടവരെ ഡ്രൈവര്‍മാരായി നിയമിക്കരുത്. വാഹനങ്ങളില്‍ സ്കൂള്‍ ബാഗുകളും മറ്റും വെക്കാന്‍ സൗകര്യമൊരുക്കണം.   ഡോര്‍ നിര്‍ബന്ധമാണ്. എല്ലാ ജനലുകളിലും ഗ്രില്ലുകള്‍ സ്ഥാപിക്കണം. ഇപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ അധ്യാപകരോ പി.ടി.എ ഭാരവാഹികളോ വാഹനത്തില്‍ യാത്ര ചെയ്യണം.
 വാഹനത്തില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ വിലാസം അടങ്ങിയ ലിസ്റ്റ് ലാമിനേറ്റ് ചെയ്ത് സൂക്ഷിക്കണം തുടങ്ങിയവയാണ് സ്കൂള്‍ അധികൃതര്‍ക്കുള്ള പ്രധാന നിര്‍ദേശങ്ങള്‍. വാഹന ഗതാഗതമുള്ള റോഡുകളിലൂടെ കൂട്ടം ചേര്‍ന്ന് നടക്കരുതെന്നും സൈക്കിളില്‍ സഞ്ചരിക്കുന്ന കുട്ടികള്‍ റോഡിലൂടെ നിരന്ന് പോകരുതെന്ന് സ്കൂള്‍ കുട്ടികളോട് പൊലീസ് നിര്‍ദേശിക്കുന്നു. റോഡ് മുറിച്ചുകടക്കുമ്പോഴും സ്കൂള്‍ ബസില്‍ യാത്ര ചെയ്യുമ്പോഴും ശ്രദ്ധിക്കാന്‍ ഏഴു വീതം നിര്‍ദേശങ്ങളും  പൊലീസ് നല്‍കിയിട്ടുണ്ട്. സ്കൂള്‍ വാഹനങ്ങളില്‍ എയര്‍ഫോണ്‍ ഒഴിവാക്കണമെന്നും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നുമാണ് ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള പ്രധാന  നിര്‍ദേശം . കുട്ടികളെ സ്കൂളിന് വെളിയില്‍ ഇറക്കരുത്. കോമ്പൗണ്ടില്‍ സുരക്ഷിത സ്ഥാനത്ത് വാഹനം നിര്‍ത്തിയ ശേഷമേ ഇറക്കാവൂ. രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന തലക്കെട്ടില്‍ ഡ്രൈവര്‍മാരുടെ സീറ്റിലും മടിയിലും കുട്ടികളെ ഇരുത്തി യാത്ര ചെയ്യരുതെന്നും വ്യക്തമാക്കുന്നു.
സ്കൂള്‍ ബസ് അല്ലാതെയുള്ള വാഹനങ്ങളില്‍ കുട്ടികളെ വിടുമ്പോള്‍ വാഹനത്തിന്‍െറ രജിസ്ട്രേഷന്‍ നമ്പര്‍, ഡ്രൈവറുടെ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ വാങ്ങണം. 12 വയസ്സിന് മുകളിലുള്ള കുട്ടികളെ മാത്രമേ സൈക്കിളില്‍ വിടാവൂ. ഓട്ടോകളിലും മറ്റും കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകാന്‍ അനുവദിക്കരുതെന്നും രക്ഷിതാക്കളോട് പൊലീസ് നിര്‍ദേശിച്ചു. സിറ്റി പൊലീസ് കമീഷണര്‍ കെ.ജി.  ജയിംസിന്‍െറ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.  കൊച്ചി സിറ്റി ട്രാഫിക് (വെസ്റ്റ്) പൊലീസ് സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ 106 എയ്ഡഡ് സ്കൂളുകളിലെയും 53 സി.ബി.എസ്.ഇ സ്കൂളുകളിലെയും ഹെഡ്മാസ്റ്റര്‍മാരും പ്രിന്‍സിപ്പല്‍മാരും   പി.ടി.എ പ്രസിഡന്‍റുമാരും മാനേജ്മെന്‍റ് പ്രതിനിധികളും  പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ വി.എം. മുഹമ്മദ് റഫീഖ്, ട്രാഫിക് വെസ്റ്റ് അസി. കമീഷണര്‍ കെ.എസ്. ബേബി വിനോദ്, ട്രാഫിക് ഈസ്റ്റ് അസി. കമീഷണര്‍ ഷംസു എന്നിവരുംപങ്കെടുത്തു. കുട്ടികളുടെ സുരക്ഷയെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറുകളും  സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലെ തീരുമാനങ്ങളും യോഗത്തില്‍ അദ്ദേഹം വിശദീകരിച്ചു.

സിറിയ: 2014 വരെ ബശ്ശാര്‍ പ്രസിഡന്‍്റായി തുടരും

Posted: 30 May 2013 12:12 AM PDT

Image: 

ഡമസ്കസ്: 2014ലെ തെരഞ്ഞെടുപ്പ് വരെ ബശ്ശാര്‍ അല്‍ അസദ് സിറിയന്‍ പ്രസിഡന്‍്റ് സ്ഥാനത്ത് തുടരുമെന്നും തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുമെന്നും  വിദേശമന്ത്രി വാലിദ് അല്‍ മുഅല്ലിം. ദേശീയ ചാനിലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2014ന് ശേഷം ബശ്ശാര്‍ തുടരണമോയെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും ജനങ്ങളുടെ മേല്‍ ഇക്കാര്യം അടിച്ചേല്‍പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സിറിയന്‍ പ്രശ്ന പരിഹാരത്തിനായി യു. എസും റഷ്യയുമടക്കമുള്ള രാജ്യങ്ങള്‍ അടുത്ത മാസം ജനീവയില്‍ അന്താരാഷ്ട്ര സമ്മേളനം നടത്താനൊരുങ്ങുന്നതിനിടെയാണ് പുതിയ വ്യവസ്ഥയുമായി ബശ്ശാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. പ്രതിപക്ഷം അംഗീകരിക്കാനിടയില്ലാത്ത വ്യവസ്ഥ പ്രശ്ന പരിഹാര നടപടികള്‍ കുടുതല്‍ സങ്കീര്‍ണമാക്കിയേക്കും.

സിറിയയില്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അമേരിക്കക്കല്ല. ലോക പൊലസാകാനുള്ള അമേരിക്കയുടെ നീക്കം സിറിയയില്‍ അനുവദിക്കില്ലെന്നൂം വാലിദ് പറഞ്ഞു.
അടുത്തിടെ നടന്ന ഏറ്റുമുട്ടലുകളില്‍ വിജയം സര്‍ക്കാര്‍ സേനക്കായിരുന്നു. രാജ്യത്തിന്റെപുര്‍ണ നിയന്ത്രണം ഉടന്‍ ഏറ്റെടുക്കും. രാജ്യത്തിനെതിരായ ഗൂഢാലോചന അവസാനിക്കുമ്പോഴേ സംഘര്‍ഷം അവസാനിക്കുകയുള്ളുവെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

അജ്ഞാതസംഘം വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ത്തു

Posted: 30 May 2013 12:11 AM PDT

കൊടകര: ടൗണിലെ ചര്‍ച്ച് റോഡില്‍ പത്തോളം കടകള്‍ പ്രവര്‍ത്തിച്ചിരുന്ന   കെട്ടിടം രാത്രിയില്‍ അജ്ഞാതസംഘം പൊളിച്ചു നീക്കി.  ചൊവ്വാഴ്ച  രാത്രി ഒന്നരയോടെയാണ്  എക്സ്കവേറ്റര്‍ ഉപയോഗിച്ച് ഒരു സംഘം ആളുകള്‍ കെട്ടിടം പൊളിച്ചത്.  ആയുധങ്ങളേന്തിയ ഗുണ്ടാസംഘത്തിന്‍െറ കാവലിലായിരുന്നു കെട്ടിടം പൊളിച്ചതെന്ന്  സംഭവത്തിന് ദൃക്സാക്ഷിയായ കച്ചവടക്കാര്‍ പറഞ്ഞു. വിവരമറിഞ്ഞെത്തി തടയാന്‍ ശ്രമിച്ച വ്യാപാരികളെ മാരാകായുധങ്ങള്‍ കാട്ടി വിരട്ടിയോടിച്ച ശേഷമാണ്   കടകള്‍ പൊളിച്ചത്.  ബേക്കറികള്‍, ബാര്‍ബര്‍ഷോപ്പുകള്‍, പൂക്കട, പഴം, പച്ചക്കറി കടകള്‍ തുടങ്ങി പത്തോളം വ്യാപാരസ്ഥാപനങ്ങളാണ് തകര്‍ത്ത  കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. കടകളിലുണ്ടായിരുന്ന സാധനങ്ങള്‍  നശിപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും അക്രമിസംഘം സ്ഥലം വിട്ടിരുന്നു.  ചര്‍ച്ച് റോഡില്‍ ഈയിടെ പണിത നടപ്പാതക്ക് കെട്ടിടത്തിന്‍െറ അവശിഷ്ടങ്ങള്‍ വീണ് ഭാഗികമായി കേടുപറ്റി.   രാത്രിയില്‍ നഗരത്തില്‍ ഗുണ്ടാവിളയാട്ടം ഉണ്ടായിട്ടും  തടയാന്‍ പൊലീസിന് സാധിക്കാത്തതില്‍ വ്യാപക പ്രതിഷേധമാണ് പ്രദേശത്തുള്ളത്.

കരാറുകാരുടെ സംഘടന നഗരം ഭരിക്കുന്നു- മേയര്‍

Posted: 30 May 2013 12:00 AM PDT

തൃശൂര്‍: നഗരം ഭരിക്കുന്നത് പൊതുമരാമത്ത് വിഭാഗം കരാറുകാരുടെ സംഘടനയാണെന്നും അത് അനുവദിക്കില്ലെന്നും മേയര്‍ ഐ.പി. പോള്‍. സംഘടനക്ക് നഗരസഭ നല്‍കിയ ഓഫിസില്‍ നിന്ന് അവരെ പുറത്താക്കുമെന്ന് മേയര്‍ മുന്നറിയിപ്പ് നല്‍കി.  നഗരത്തിലെ കാന നിര്‍മാണത്തിനും മറ്റും കരാറുകാര്‍ തയാറാകുന്നില്ലെന്ന് കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം പറഞ്ഞപ്പോഴാണ് മേയര്‍ രോഷാകുലനായത്. കിഴക്കേകോട്ട ജങ്ഷനില്‍ കാനയില്‍ നിന്ന് മലിനജലം വീണ്ടും റോഡിലേക്ക് ഒഴുകുന്നത് ബൈജു വര്‍ഗീസ് സഭയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് ഇക്കാര്യം ചര്‍ച്ചയായത്. കാനയിലൂടെ വിവിധ  കേബ്ളുകള്‍ കടന്നുപോകുന്നതിനാല്‍ കള്‍വെര്‍ട്ട് പണിയേണ്ട അവസ്ഥയാണ്.
എന്നാല്‍ ഈ ഭാഗത്ത് പൈപ്പിട്ട് മൂടി ജീവനക്കാര്‍ തടിതപ്പി. ട്രാഫിക് കുരുക്കുണ്ടായപ്പോള്‍ ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കിയില്ല. പണി നടത്താന്‍ കരാറുകാരെ കിട്ടുന്നില്ലെന്നാണ് ടൗണ്‍ പ്ളാനിങ് ഓഫിസര്‍ പറയുന്നതെന്നും ബൈജു പറഞ്ഞു. ലിനി ഹാപ്പിയും കാന പണികള്‍ കരാറുകാര്‍ ഏറ്റെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. ടാര്‍ പണിയല്ലാതെ മറ്റൊരു പണിക്കും കരാറുകാര്‍ തയാറാവുന്നില്ല.
പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എം.എല്‍. റോസിയുടെ ഡിവിഷനില്‍ ഒഴികെ മറ്റിടങ്ങളിലെ ഗുണഭോക്താക്കള്‍ക്ക് ജനകീയാസൂത്രണപദ്ധതി പ്രകാരമുള്ള ആനുകൂല്യം വിതരണം ചെയ്തിട്ടില്ലെന്ന് സി.എസ്. ശ്രീനിവാസന്‍ ആരോപിച്ചു.  
മെയിന്‍ ഓഫിസില്‍ നിന്ന് അഞ്ചു ദിവസത്തിനകം ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കുമെന്ന് മേയര്‍ അറിയിച്ചു. ഇതിനായി സെക്രട്ടറിയെ ചുമതലപ്പെടുത്തി. അഡ്വ. എം.കെ. മുകുന്ദന്‍, എം.കെ. വര്‍ഗീസ്, കെ. രാമനാഥന്‍, ലാലി വിന്‍സെന്‍റ്, ഡെപ്യൂട്ടി മേയര്‍ അഡ്വ. സുബി ബാബു, രേഖ സുരേന്ദ്രന്‍, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
 

ജില്ലയില്‍ 66 കോടിയുടെ ജല അതോറിറ്റി പദ്ധതികള്‍ക്ക് അംഗീകാരം

Posted: 29 May 2013 11:50 PM PDT

പാലക്കാട്: ജില്ലയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം നിലവിലെ പദ്ധതികളുടെ പുനരുദ്ധാരണത്തിനും വിപുലീകരണത്തിനുമായി സമര്‍പ്പിച്ച 66 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി ജല അതോറിറ്റി ബോര്‍ഡംഗം അഡ്വ. കെ.വി. മാണി, സൂപ്രണ്ടിങ് എന്‍ജിനീയര്‍ എസ്. രതീഷ്, എക്സി. എന്‍ജിനീയര്‍ രാജഗോപാല്‍ എന്നിവര്‍ അറിയിച്ചു. പദ്ധതി നടത്തിപ്പിന് ആദ്യഗഡുവായി 41.5 കോടി രൂപ അനുവദിച്ചതായും അട്ടപ്പാടി മേഖലയിലെ ഭവാനിപ്പുഴ സ്രോതസ്സായി സമഗ്ര കുടിവെള്ള പദ്ധതിക്കായി 30 കോടി രൂപയുടെ പദ്ധതി തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചതായും അവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
നെന്മാറ കുടിവെള്ള പദ്ധതി വിപുലീകരണം (11.50 കോടി), ശ്രീകൃഷ്ണപുരം പദ്ധതി വിതരണ ശൃംഖല വിപുലീകരണം (8.93 കോടി), കരിമ്പുഴ പദ്ധതി സമഗ്ര വിപുലീകരണം (4.07 കോടി), പെരുവെമ്പ് കുടിവെള്ള പദ്ധതി ശുദ്ധീകരണശാല നിര്‍മാണം (6.00 കോടി), കുമരംപുത്തൂര്‍-പയ്യനടം പദ്ധതി വിതരണ ശൃംഖല വിപുലീകരണം (2.59 കോടി), പൊറ്റശ്ശേരി പഞ്ചായത്ത് ശുദ്ധജല പദ്ധതി വിതരണ ശൃംഖല വിപുലീകരണം (209 കോടി) എന്നീ പദ്ധതികള്‍ ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിക്കുമെന്നും അവര്‍ അറിയിച്ചു.
 

സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് എസ്.എസ്.എ ചെലവഴിച്ചത് 15.22 കോടി

Posted: 29 May 2013 11:46 PM PDT

മലപ്പുറം: 2012-13ല്‍ സര്‍വ ശിക്ഷ അഭിയാന്‍ (എസ്.എസ്.എ) ജില്ലയിലെ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് ചെലവഴിച്ചത് 15.22 കോടി രൂപ. 127 ജനറല്‍ ടോയ്ലെറ്റും 206 ഗേള്‍സ് ടോയ്ലെറ്റും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് 53 അഡാപ്റ്റഡ് ടോയ്ലറ്റും നിര്‍മിച്ചു. 310 ടോയ്ലെറ്റുകള്‍ക്ക് റാമ്പും റെയിലും ഘടിപ്പിച്ചു. നാല് കുടിവെള്ള പദ്ധതികള്‍ നിര്‍മിച്ചു. 1000 വിദ്യാലയങ്ങള്‍ വൈദ്യുതീകരിച്ചു.
മൂന്ന് സ്കൂളുകളില്‍ ഇടഭിത്തി നിര്‍മിച്ചു. 362 വിദ്യാലയങ്ങളില്‍ ശിശു സൗഹൃദ സൗകര്യമൊരുക്കി. മേജര്‍ റിപ്പയറിങിന് 176 സ്കൂളുകള്‍ക്ക് തുക നല്‍കി. ജനറല്‍ ടോയ്ലെറ്റിന് 50,000 രൂപയും ഗേള്‍സ് ടോയ്ലെറ്റിന് 70,000 രൂപയും അഡാപ്റ്റഡ് ടോയ്ലെറ്റിന് 75,000 രൂപയുമാണ് അനുവദിച്ചത്. 37 ക്ളാസ്മുറികള്‍ക്ക് 1 75,000 വീതം അനുവദിച്ചിരുന്നു.
എട്ട് സ്കൂളുകളില്‍ ക്ളാസ്മുറികളുടെ  പണി പൂര്‍ത്തീകരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം മൊത്തം 56.30 കോടി രൂപയാണ് ജില്ലക്ക് ലഭ്യമായത്. 50.22 കോടി ചെലവഴിച്ചു. 89.21 ശതമാനമാണ് ചെലവഴിച്ചത്. 145 സ്കൂളുകള്‍ക്ക് ലാപ്ടോപ്പ് നല്‍കി.
26 സ്കൂളുകള്‍ക്ക് പ്രിന്‍ററും പത്ത് സ്കൂളുകള്‍ക്ക് എല്‍.സി.ഡി പ്രോജക്ടറും വിതരണം ചെയ്തു. ജില്ലയിലെ 599 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് 44.93 ലക്ഷം രൂപ മെയിന്‍റനന്‍സ് ഗ്രാന്‍റായി അനുവദിച്ചു. ജില്ലയില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 23371 കുട്ടികളുള്ളതായി എസ്.എസ്.എ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.
കാഴ്ച വൈകല്യമുള്ള 12132ഉം കേള്‍വിക്കുറവുള്ള 2452ഉം ഭാഷാവൈകല്യമുള്ള 1093ഉം ചലനവൈകല്യമുള്ള 1670ഉം കുട്ടികളുണ്ട്. ഇത്തരം കുട്ടികളില്‍ 3486 പേര്‍ക്ക് കണ്ണടകള്‍, 574 പേര്‍ക്ക് ശ്രവണസഹായികള്‍, 1491 പേര്‍ക്ക് ഓര്‍ത്തോ ഉപകരണങ്ങള്‍ എന്നിവ നല്‍കി.
 സ്കൂളില്‍ പഠിക്കാന്‍ പ്രയാസമനുഭവിക്കുന്ന 288 കുട്ടികള്‍ക്ക് വീടുകള്‍ കേന്ദ്രീകരിച്ച് പഠനസൗകര്യം ഏര്‍പ്പെടുത്തി. മഞ്ചേരി, വേങ്ങര, താനൂര്‍, അരീക്കോട് ബി.ആര്‍.സികളില്‍ ഓട്ടിസം കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.
ജില്ലയിലെ 15 ബി.ആര്‍.സികളിലും സ്പീച്ച്, ഒക്കുപ്പേഷന്‍, ഫിസിയോതെറാപ്പി യൂനിറ്റുകള്‍ സ്ഥാപിച്ചു.  വൈകല്യമുള്ള 30 കുട്ടികള്‍ക്ക് സര്‍ജറി നടത്തി.
  ഒന്നു മുതല്‍ എട്ട്വരെ ക്ളാസുകളിലെ അഞ്ച് ലക്ഷത്തോളം കുട്ടികള്‍ക്ക് മൂന്ന് ടേമുകള്‍ക്കുള്ള ചോദ്യപേപ്പര്‍ അച്ചടിച്ച് നല്‍കിയത് എസ്.എസ്.എയാണ്. 2013-14 വര്‍ഷത്തെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പരിഗണനയിലാണ്.

എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയ സംഭവം: പ്ളാന്‍േറഷന്‍ കോര്‍പറേഷനെതിരെ അന്വേഷണമില്ല

Posted: 29 May 2013 11:28 PM PDT

കാസര്‍കോട്: കാറഡുക്ക പഞ്ചായത്തിലെ നഞ്ചംപറമ്പില്‍ എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമില്ല. 200 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ നഞ്ചംപറമ്പിലെ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ ഓഫിസിന്‍െറ പിന്‍വശത്ത് കുഴിയെടുത്ത് മൂടിയെന്നാണ് തൊഴിലാളികളുടെ വെളിപ്പെടുത്തല്‍.
വിഷം നിര്‍വീര്യമാക്കാതെ മണ്ണില്‍ കുഴിച്ചുമൂടുന്നത് കുറ്റകൃത്യമാണെങ്കിലും ആ രീതിയിലുള്ള അന്വേഷണമോ നടപടിയോ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. നഞ്ചംപറമ്പില്‍ എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയത് പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍െറ നിര്‍ദേശപ്രകാരമാണെന്നാണ് വിവരം.
2001ല്‍ എന്‍ഡോസള്‍ഫാന്‍ കാസര്‍കോട് മേഖലയില്‍ നിരോധിച്ച ഘട്ടത്തിലാണ് കോര്‍പറേഷന്‍െറ ഓഫിസ് കെട്ടിടത്തില്‍ ബാരലില്‍ സൂക്ഷിച്ചിരുന്ന 200 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയത്.
അന്ന് സൂപ്രണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ രാത്രി കാവല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന സുബ്ബയ്യ മണിയാണി എന്ന തൊഴിലാളിയെ ഇതിന് നിയോഗിക്കുകയായിരുന്നു. 200 ലിറ്റര്‍ ബാരല്‍ തൊഴിലാളിക്ക് തനിയെ നീക്കാന്‍ കഴിയാത്തതിനാല്‍ ബക്കറ്റ് ഉപയോഗിച്ച് വിഷ ലായനി കോരിയെടുത്ത് കൊണ്ടുപോയി കുഴിയില്‍ ഒഴിക്കുകയായിരുന്നു. ഒഴിഞ്ഞ ബാരല്‍ പിന്നീട് ബോവിക്കാനത്തെ പി.സി.കെ ഗോഡൗണിലേക്ക് കൊണ്ടുപോയതായും പറയുന്നു. മേലുദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സൂപ്രണ്ട് എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടാന്‍ തൊഴിലാളിയായ സുബ്ബയ്യ മണിയാണിയെ ഏല്‍പിച്ചത്.
സുബ്ബയ്യ മണിയാണി കാന്‍സര്‍ ബാധിച്ച് ഒരുവര്‍ഷം മുമ്പ് മരിച്ചെങ്കിലും അന്ന് സൂപ്രണ്ടായിരുന്നയാള്‍ ജീവിച്ചിരിപ്പുണ്ട്.
ഈ ഉദ്യോഗസ്ഥനെ കണ്ടെത്തി ചോദ്യം ചെയ്യാനോ വിഷം കുഴിച്ചുമൂടിയ സ്ഥലം കൃത്യമായി അടയാളപ്പെടുത്തി പരിശോധന നടത്താനോ ബന്ധപ്പെട്ടവര്‍ ശ്രമിക്കാത്തത് സംശയങ്ങള്‍ക്കിടനല്‍കിയിട്ടുണ്ട്.മേയ് 21ന് ശാസ്ത്ര സംഘം നഞ്ചംപറമ്പില്‍ പരിശോധനക്കെത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും തൊഴിലാളികളും മാറിനില്‍ക്കുകയാണ് ചെയ്തത്. പരിശോധനയുമായി സഹകരിക്കാന്‍ അവര്‍ തയാറായിരുന്നില്ല.
എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ നീക്കങ്ങളൊക്കെയും ദുരൂഹതയുളവാക്കുന്നതാണ്.കീടനാശിനി ഉപയോഗിച്ചതും കോര്‍പറേഷന്‍െറ ഗോഡൗണുകളിലും ഓഫിസുകളിലും സൂക്ഷിച്ചതും നിയമാനുസൃതമായിരുന്നെങ്കില്‍ അത് രാത്രിയില്‍ കുഴിച്ചുമൂടിയത് എന്തിനായിരുന്നുവെന്ന സംശയമുയരുന്നു.കീടനാശിനി ബാരലുകള്‍ ലോറിയില്‍ കൊണ്ടുവന്ന് തോട്ടത്തിനകത്തെ കാട്ടിലുള്ള കിണറ്റില്‍ തള്ളിയതിന്‍െറ കാരണവും വ്യക്തമല്ല.എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ ആണ് ഇപ്പോള്‍ നഞ്ചംപറമ്പില്‍ കീടനാശിനി കുഴിച്ചുമൂടിയതിനെക്കുറിച്ച് അന്വേഷിക്കുന്നത്. സെല്‍ യോഗത്തില്‍ മാധ്യമ വാര്‍ത്തകളെ പരാമര്‍ശിച്ച് അംഗങ്ങള്‍ ചോദ്യമുന്നയിച്ചപ്പോള്‍ കൃഷിമന്ത്രിയാണ് അന്വേഷണത്തിന് വിദഗ്ധ സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശിച്ചത്.എന്നാല്‍, ശാസ്ത്ര വിദഗ്ധര്‍ ഉള്‍പ്പെട്ട പരിശോധനാ സംഘത്തിന് എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയ സ്ഥലം കണ്ടെത്താനോ വിഷ ബാരലുകള്‍ തള്ളിയ കിണര്‍ കണ്ടെത്താനോ കഴിഞ്ഞില്ല.
എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയതിന് തെളിവില്ല എന്ന് വരുത്തിത്തീര്‍ക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
മണ്ണിലെ വിഷാംശം കണ്ടെത്തുന്നതിനൊപ്പം വിഷം കുഴിച്ചുമൂടിയവര്‍ക്കെതിരെ ഭോപാല്‍ മാതൃകയില്‍ നടപടി വേണമെന്ന ആവശ്യം പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തകരില്‍നിന്നുയരുന്നുണ്ട്.

അനേരിയില്‍ ഭൂമിതര്‍ക്കം: സംഘര്‍ഷം, ലാത്തിച്ചാര്‍ജ്

Posted: 29 May 2013 11:23 PM PDT

കമ്പളക്കാട്: ആദിവാസിക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമി സംബന്ധിച്ച തര്‍ക്കം ബുധനാഴ്ച സംഘര്‍ഷത്തിലും പൊലീസ് ലാത്തിച്ചാര്‍ജിലും കലാശിച്ചു.  സംഭവത്തില്‍ നാല് ആദിവാസികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു.
കുറിച്യ സമുദായത്തില്‍പ്പെട്ട മൈലാടി രാജന്‍ (35), ഭാര്യ അംബിക  (32), അംബികയുടെ പിതാവ് രാരപ്പന്‍ (58), അയല്‍വാസി അച്ചപ്പന്‍ (60) എന്നിവരാണ് പരിക്കേറ്റ ആദിവാസികള്‍. ഇവരെ കല്‍പറ്റ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം. നിസാര്‍, ടി.കെ. സെയ്ത്, വി.കെ. ജലീല്‍, എ. കബീര്‍ എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. ഇവര്‍ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ആദിവാസികളെ ആക്രമിച്ചതിന് കണ്ടാലറിയാവുന്ന 50ഓളം പേര്‍ക്കെതിരെ കേസെടുത്തതായി കമ്പളക്കാട് പൊലീസ് പറഞ്ഞു. സംഘടിച്ച ഇരുവിഭാഗത്തെ ലാത്തി പ്രയോഗിച്ച് പൊലീസ് വിരട്ടിയോടിച്ചാണ് രംഗം ശാന്തമാക്കിയത്.
ബുധനാഴ്ച രാവിലെ 11ഓടെ കമ്പളക്കാട് ടൗണില്‍നിന്ന് അര കിലോമീറ്റര്‍ അകലെ പള്ളിക്കുന്ന് റോഡിലെ അനേരിയിലാണ് സംഘര്‍ഷമുണ്ടായത്. ആനേരിയില്‍ സര്‍ക്കാറിനുണ്ടായിരുന്ന അഞ്ചേക്കര്‍ ഭൂരഹിതരായ അഞ്ച് ആദിവാസികള്‍ക്ക് നല്‍കുകയായിരുന്നു. 2003ല്‍ മൈലാടി രാജന് സര്‍ക്കാര്‍ ഇവിടെ ഒരേക്കര്‍ സ്ഥലം പതിച്ചുനല്‍കിയിരുന്നു. രാജന്‍ ഒഴികെ മറ്റു നാലുപേരും രണ്ടുവര്‍ഷം മുമ്പേ കുടില്‍കെട്ടി താമസമാരംഭിച്ചിരുന്നു.  
എന്നാല്‍, രാജന്‍െറ സ്ഥലം സമീപവാസികള്‍ കളിസ്ഥലമായി ഉപയോഗിക്കുകയായിരുന്നു. ഇവിടെ കുടില്‍കെട്ടാനുള്ള സാധനങ്ങള്‍ രാജന്‍ പലതവണ ഇറക്കിയപ്പോഴൊക്കെ ചിലര്‍ എതിര്‍ത്തിരുന്നു. ഒരുമാസം മുമ്പ് ഈ സ്ഥലത്ത് വോളിബാള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചിരുന്നു. ടൂര്‍ണമെന്‍റ് കഴിഞ്ഞയുടനെ രാജന്‍ വീടുവെക്കാനുള്ള ഒരുക്കങ്ങള്‍ സജീവമാക്കി.
രണ്ടാഴ്ച മുമ്പ് രാജനും കുടുംബവും ഇവിടെ താമസമാക്കി. ബുധനാഴ്ച കുടില്‍ അറ്റകുറ്റപ്പണി നടത്തുന്നതിന്‍െറ ഇടവേളയില്‍ രാജന്‍, ഭാര്യ അംബിക എന്നിവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഒരു സംഘം കുടിലിന് കല്ലെറിഞ്ഞെന്നാണ് ആരോപണം. ഇതിനിടെയാണ് പരിക്കേറ്റത്.
ബഹളംകേട്ട് ഓടിയെത്തിയ അയല്‍വാസി അച്ചപ്പന് വെട്ടേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ അംബികയുടെ പിതാവ് രാരപ്പനും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കമ്പളക്കാട് പൊലീസ് ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവസ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി പൊലീസ് മേധാവികള്‍ അറിയിച്ചു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP