ക്രിമിനല്‍ കേസുകളില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം-സുപ്രീംകോടതി Madhyamam News Feeds |
- ക്രിമിനല്‍ കേസുകളില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം-സുപ്രീംകോടതി
- സബിത കൊലക്കേസ്: മൃതദേഹം ഒളിപ്പിക്കാന്‍ സഹായിച്ചയാള്‍ക്ക് എട്ട് വര്‍ഷം തടവ്
- കാക്കത്തോപ്പില്‍ തീരറോഡിന്‍െറ വശങ്ങള്‍ കടലെടുത്തു
- സംഘര്‍ഷം ആസൂത്രിതമെന്ന്; ജനരോഷം ശക്തം
- ജില്ലയെ നോക്കുകൂലി മുക്തമാക്കും -കലക്ടര്‍
- നിലവാരം കുറഞ്ഞ മരുന്ന് വില്‍പ്പന: റാന്‍ബാക്‌സിക്ക് അമേരിക്കയില്‍ 2750 കോടി പിഴ
- മായാ കോട്നാനിക്ക് വധശിക്ഷ: ഗുജറാത്ത് സര്‍ക്കാര്‍ പിന്‍മാറുന്നു
- പഞ്ചായത്തുകളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു
- പാഠപുസ്തകമിറക്കല്‍ തടഞ്ഞു
- ഭാരതപ്പുഴയില്‍ ലോറിയിറക്കി മണല്‍ കയറ്റല്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെ നടപടിയുണ്ടാകും
ക്രിമിനല്‍ കേസുകളില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം-സുപ്രീംകോടതി Posted: 14 May 2013 12:24 AM PDT Image: ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്നതിനൊപ്പം ഇരകയാകുന്നവര്‍ക്ക് നഷ്ടപരിഹാരവും നല്‍കണമെന്ന് സുപ്രീംകോടതി. മഹാരാഷ്ട്രയില്‍ നിന്നുള്ള അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്. ക്രിമിനല്‍ ചട്ടം 357 പ്രകാരം കോടതികള്‍ക്ക് ഇതിനുള്ള അധികാരമുണ്ടെന്നും പലപ്പോഴും ഇത് പാലിക്കപ്പെടുന്നില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ക്രിമിനല്‍ നടപടിചട്ട പ്രകാരം ഏത് കുറ്റകൃത്യത്തിനും ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ഇതിനായി വിചാരണ വേളയില്‍ തന്നെ പ്രതികളുടെ സാമ്പത്തിക ശേഷിയെ കുറിച്ച് അന്വേഷിക്കണം. പ്രതികളുടെ സാമ്പത്തിക സ്ഥിതിയും കുറ്റകൃത്യത്തിന്റെസ്വഭാവവും പരിഗണിച്ചായിരിക്കണം നഷ്ടപരിഹാരം നിശ്ചയിക്കേണ്ടതെന്നും ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു. ചില പ്രത്യകേ കേസുകളില്‍ നഷ്ടപരിഹാരം നല്‍കാനോ നിഷേധിക്കാനോ ഉള്ള വിവേചന അധികാരം കോടതികള്‍ക്കുണ്ടായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. നഷ്ടപരിഹാരം സംബന്ധിച്ച് എല്ലാ ഹൈകോടതികള്‍ക്കും സുപ്രിംകോടതി പ്രത്യേക നിര്‍ദേശം നല്‍കുമെന്നും ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ ശക്തമാക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
|
സബിത കൊലക്കേസ്: മൃതദേഹം ഒളിപ്പിക്കാന്‍ സഹായിച്ചയാള്‍ക്ക് എട്ട് വര്‍ഷം തടവ് Posted: 14 May 2013 12:13 AM PDT
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച സബിത കൊലക്കേസില്‍ മൃതദേഹം ഒളിപ്പിച്ചുവെക്കാന്‍ സഹായിച്ച നാവായിക്കുളം ചാവര്‍കോട് മലഞ്ചിറ കൊടുമുള്ളില്‍ വീട്ടില്‍ പോത്ത് മണിയന്‍ എന്ന മണിയെ തിരുവനന്തപുരം അഡീഷനല്‍ ജില്ലാ ജഡ്ജി മുഹമ്മദ് ഇബ്രാഹിം എട്ടുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. പ്രധാനപ്രതി കിഷോര്‍ അന്വേഷണവേളയില്‍ ആത്മഹത്യചെയ്തിരുന്നു. കല്ലമ്പലം പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ചാവര്‍കോട് മലഞ്ചിറ മംഗ്ളാവില്‍ വീട്ടില്‍ ലെജുവിന്‍െറ ഭാര്യ സബിതയെ (29) 2008 ജൂലൈയില്‍ വീട്ടില്‍നിന്ന് കമ്പ്യൂട്ടര്‍ ക്ളാസിലേക്ക് പോകവെ കാണാതായതാണ് കേസിന്‍െറ തുടക്കം. തോട്ടില്‍ കൊലചെയ്യപ്പെട്ട നിലയില്‍ സബിതയുടെ മൃതദേഹം പിന്നീട് കണ്ടെത്തി. ലോക്കല്‍ പൊലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചുമാണ് അന്വേഷിച്ചത്. ഒന്നരവര്‍ഷത്തിനുശേഷം ഡിവൈ.എസ്.പി പി. രഘുവിനെ ഏല്‍പ്പിച്ചു. തുടര്‍ന്നുനടത്തിയ ഊര്‍ജിത അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. സബിതയുടെ വീട്ടിന് സമീപത്ത് താമസിച്ചിരുന്ന കിഷോറാണ് കുറ്റക്കാരനെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കൂലിപ്പണിക്കാരനായ കിഷോര്‍ സ്ഥിരം മദ്യപാനിയും കഞ്ചാവിനടിമയുമാണ്. കൊലപാതകത്തിനുശേഷം ആരോടും പറയാതെ ഇയാള്‍ സ്ഥലംവിട്ടു. ഒന്നര വര്‍ഷത്തിനുശേഷം സബിത കൊലചെയ്യപ്പെട്ട സ്ഥലം ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിച്ചു. നാവായിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു ഇത്. മലഞ്ചിറ തോട്ടില്‍ ചെളിയില്‍ താഴ്ത്തിയിട്ടിരുന്ന കിഷോറിന്‍െറ ചെരിപ്പുകളും ഷര്‍ട്ടും കത്രികയും സബിതയുടെ ചെരിപ്പും അടിവസ്ത്രവും കണ്ടെത്തി. കിഷോറിനെ പ്രതിയാക്കി അന്വേഷണം തുടരുന്നവേളയിലാണ് 2010ല്‍ ഇയാള്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത്. വിജനമായ മലഞ്ചിറ തോട്ടിടനുത്തുവെച്ച് ഒറ്റക്ക് വരികയായിരുന്ന സബിതയെ മാനഭംഗശ്രമത്തിനിടെ കൊലപ്പെടുത്തുകയായിരുന്നു. ദിവസവും കൂട്ടുകാരിയോടൊപ്പം ക്ളാസിനു പോയിരുന്ന സബിത സംഭവദിവസം ഒറ്റക്കാണ് പോയത്. മണിയന്‍ കിഷോറിന്‍െറ അടുത്ത സുഹൃത്താണ്. സബിതയെ കൊലപ്പെടുത്തി രാത്രി മൃതദേഹം കിഷോറും മണിയനുമായി ചേര്‍ന്ന് മലഞ്ചിറ തോട്ടില്‍ കെട്ടിയിടുകയായിരുന്നു. മോഷ്ടിച്ചെടുത്ത സ്വര്‍ണാഭരണങ്ങളില്‍ ഒന്നരപവന്‍ തൂക്കമുള്ള വള കിഷോര്‍ മണിയനു പ്രതിഫലമായി നല്‍കി. വള പാരിപ്പള്ളിയിലെ കടയില്‍നിന്ന് ക്രൈംബ്രാഞ്ച് കണ്ടെടുത്തു. എ.എസ്.ഐമാരായ ബദറുദ്ദീന്‍, വിജയന്‍, രാധാകൃഷ്ണന്‍നായര്‍, രാജന്‍, ഗോപകുമാര്‍നായര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ കുറ്റ്യാനി സുധീര്‍ ഹാജരായി. |
കാക്കത്തോപ്പില്‍ തീരറോഡിന്‍െറ വശങ്ങള്‍ കടലെടുത്തു Posted: 14 May 2013 12:06 AM PDT
ഇരവിപുരം: കാക്കത്തോപ്പില്‍ തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കടല്‍കയറ്റത്തില്‍ തീരദേശറോഡിന്‍െറ വശങ്ങള്‍ കടലെടുത്തു. ലക്ഷങ്ങള്‍ മുടക്കി ഇറിഗേഷന്‍ വകുപ്പ് റോഡ് ബലപ്പെടുത്താനായി ഇട്ടിരുന്ന പാറകളും തീരദേശത്ത് നിന്നിരുന്ന കാറ്റാടിമരങ്ങളും കടലെടുത്തിട്ടുണ്ട്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദൃശ്യമാധ്യമപ്രവര്‍ത്തകരെ ഒരുവിഭാഗം തടഞ്ഞത് സംഘര്‍ഷത്തിന് കാരണമാക്കി. സംഘര്‍ഷാവസ്ഥയെ തുടര്‍ന്നുണ്ടായ കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കടല്‍കയറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കലക്ടര്‍ പി.ജി. തോമസ് സംഘര്‍ഷാവസ്ഥയെതുടര്‍ന്ന് ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ തീരദേശസംരക്ഷണസമിതി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയശേഷം പൊലീസ് അകമ്പടിയോടെ കടല്‍കയറ്റപ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും തീരദേശവാസികളുടെ പരാതികള്‍ കേള്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് ദൃശ്യമാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്. ഇത് ചോദ്യംചെയ്ത കാക്കത്തോപ്പ് സാഗര നഗര്‍-2 ഗുഡ്വിന്‍ മന്ദിരത്തില്‍ കുട്ടന്‍ എന്ന തോമസിനാണ് പരിക്കേറ്റത്. കടല്‍കയറ്റപ്രദേശങ്ങളിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതല്ലാതെ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്നില്ലെന്നാരോപിച്ചായിരുന്നു സംഘടിച്ചെത്തിയവര്‍ ചാനല്‍പ്രവര്‍ത്തകരെ തടഞ്ഞത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ബിനു ഇടപെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. തടയുമെന്ന പൊലീസിന്‍െറ രഹസ്യാന്വേഷണവിഭാഗത്തിന്‍െറ റിപ്പോര്‍ട്ടിനെതുടര്‍ന്ന് കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കുന്നത് ഒഴിവാക്കുകയും വൈകുന്നേരം ആറോടെ ഇരവിപുരം പൊലീസ് സ്റ്റേഷനിലെത്തി റവന്യൂവകുപ്പ്, തീരദേശസംരക്ഷണസമിതി, ഇറിഗേഷന്‍വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ചനടത്തുകയും ചെയ്തു. തുടര്‍ന്ന് കലക്ടര്‍ കാക്കത്തോപ്പിലെത്തി നാട്ടുകാരുടെ പരാതികള്‍ കേള്‍ക്കുകയായിരുന്നു. കൊല്ലം പോര്‍ട്ടില്‍ നടക്കുന്ന ഡ്രഡ്ജിങ് നിര്‍ത്തിവെക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും വ്യാഴാഴ്ച ചേരുന്ന കാബിനറ്റ് യോഗത്തില്‍ ഇരവിപുരം തീരപ്രദേശത്തെ കടല്‍ക്ഷോഭത്തിന് പരിഹാരം കാണാനുള്ള നടപടികളുണ്ടാകുമെന്നും കലക്ടര്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. പൊലീസ് സ്റ്റേഷനിലെത്തിയ കലക്ടര്‍ ജലസേചനവകുപ്പിലെയും ധനവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയശേഷമാണ് സ്ഥലം സന്ദര്‍ശിച്ചത്. കൊല്ലം സിറ്റി അസി. കമീഷണര്‍ ബി. കൃഷ്ണകുമാര്‍, സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണര്‍ സേവ്യര്‍, സി.ഐ മാരായ കമറുദ്ദീന്‍, അമ്മിണിക്കുട്ടന്‍, എസ്.ഐ നിസാമുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. |
സംഘര്‍ഷം ആസൂത്രിതമെന്ന്; ജനരോഷം ശക്തം Posted: 13 May 2013 11:30 PM PDT
ആലുവ: ജനജീവിതത്തിന് ഭീഷണിയായി ചാലക്കലില്‍ റബര്‍മാര്‍ക്കിന്‍െറ വ്യവസായ യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിനെതിരെ സംഘടിപ്പിച്ച സമരത്തിനിടെ സ്ത്രീകളടക്കം നാട്ടുകാരെ തല്ലിച്ചതച്ച നടപടിയില്‍ പ്രതിഷേധമുയരുന്നു. പ്രശ്നം പരിഹരിക്കുന്നതിന് പകരം സമരക്കാരെ തല്ലിച്ചതക്കുകയാണ് പൊലീസ് ചെയ്തതെന്ന് ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി. നാട്ടുകാരെ അടിച്ചമര്‍ത്തി റബര്‍മാര്‍ക്കിന്‍െറ വ്യവസായ യൂനിറ്റ് സ്ഥാപിക്കാന്‍ മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫയുടെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് ആരോപണമുണ്ട്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരെ രാവിലെ എട്ടിന് ആരംഭിച്ച ഉപരോധം ശക്തമായതിനിടെ വൈകുന്നേരം മൂന്നോടെയാണ് സംഘര്‍ഷമുണ്ടായത്. പരിസ്ഥിതി തകിടംമറിച്ചും പ്രദേശത്തെ ഭൂഗര്‍ഭ ജലനിരപ്പ് താഴുംവിധം നിര്‍മാണം നടത്തിയും മുന്നേറുന്ന റബര്‍മാര്‍ക്കിനെതിരെ സംഘടിച്ച നാട്ടുകാര്‍ തിങ്കളാഴ്ച നടത്തിയ ഉപരോധത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മുന്‍മന്ത്രി ടി.എച്ച്. മുസ്തഫ ചെയര്‍മാനായ സ്ഥാപനത്തിനെതിരെ മിക്കവാറും രാഷ്ട്രീയകക്ഷികള്‍ രംഗത്തുവന്നതിന് പിന്നാലെയാണ് അനിഷ്ടസംഭവങ്ങളുണ്ടായത്. മലകള്‍ ഇടിച്ചും സുരക്ഷാ നടപടികളില്ലാതെ പാറപൊട്ടിച്ചും നാട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെയും പൊലീസ് കാവലില്‍ നടന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരെ നാട്ടുകാര്‍ സംഘടിച്ചതോടെ ചെയര്‍മാന്‍െറ നേതൃത്വത്തില്‍ ഒരു സംഘം ഭീഷണിയുമായി നേരത്തേ രംഗത്തെത്തിയതായി ഇവര്‍ പറയുന്നു. കഴിഞ്ഞദിവസം ശക്തമായ തിരകള്‍ ഉപയോഗിച്ച് പാറപൊട്ടിക്കല്‍ ആരംഭിച്ചതോടെ സമീപത്തെ ഇരുപത്തഞ്ചോളം വീടുകള്‍ക്ക് വിള്ളലുണ്ടായി. വ്യാവസായികാവശ്യത്തിന് ഭീമന്‍ കുളം നിര്‍മാണം പകുതിയായതോടെ സമീപ കിണറുകളിലെല്ലാം വെള്ളം വറ്റിയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കുളം മൂടണമെന്ന മുഖ്യ ആവശ്യം ഉന്നയിച്ചായിരുന്നു തിങ്കളാഴ്ചത്തെ ഉപരോധം. ഗോഡൗണ്‍ കം മിക്സിങ് യൂനിറ്റാണ് റബര്‍മാര്‍ക്ക് നിര്‍മിക്കുന്നത്. ജനവാസമേഖലയില്‍ ഇത്തരം വ്യവസായം വരുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും അതിനാല്‍ വ്യവസായ യൂനിറ്റ് ഇവിടെ തുടങ്ങാന്‍ അനുവദിക്കില്ലെന്നും സമരസമിതി പറയുന്നു. തിങ്കളാഴ്ച സമാധാനപരമായി സമരം ചെയ്യുന്നതിനിടെ പൊലീസിനെ പ്രകോപിപ്പിച്ച് പ്രശ്നമുണ്ടാക്കാന്‍ പുറമെനിന്ന് ചിലര്‍ ശ്രമിച്ചതായാണ് വിവരം. തുടര്‍ന്നാണ് പൊലീസ് നാട്ടുകാര്‍ക്കെതിരെ ക്രൂരമര്‍ദനം അഴിച്ചുവിട്ടത്. പഞ്ചായത്ത് അനുമതിയില്ലാതെ നിര്‍ദിഷ്ട വ്യവസായ യൂനിറ്റിന് നിര്‍മിക്കുന്ന കുളം മൂടാന്‍ നീങ്ങിയ സമരക്കാരെ പിന്തിരിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ അകലെനിന്ന് കല്ലേറുണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ക്ക് ക്രൂര മര്‍ദനമേറ്റത്. കല്ലേറില്‍ പൊലീസുകാരില്‍ ചിലര്‍ക്കും പരിക്കേറ്റു. ലക്ഷ്യം നേടുംവരെ സമരം തുടരാനാണ് നാട്ടുകാരുടെയും ആക്ഷന്‍ കൗണ്‍സിലിന്‍െറയും തീരുമാനം. |
ജില്ലയെ നോക്കുകൂലി മുക്തമാക്കും -കലക്ടര്‍ Posted: 13 May 2013 11:25 PM PDT
ആലപ്പുഴ: തൊഴിലാളി യൂനിയനുകളുടെ സഹകരണത്തോടെ ആലപ്പുഴയെ നോക്കുകൂലി വിമുക്ത ജില്ലയാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് കലക്ടര്‍ എന്‍. പത്മകുമാര്‍. നോക്കുകൂലി വിമുക്ത ജില്ലയാക്കി മാറ്റുന്നതിന്‍െറ ഭാഗമായി കലക്ടറേറ്റില്‍ ചേര്‍ന്ന തൊഴിലാളി യൂനിയന്‍ പ്രതിനിധികളുടെയും കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ വികസനത്തിന് സുഗമമായ തൊഴില്‍ അന്തരീക്ഷം വേണം. വന്‍കിട പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രാദേശികമായി പ്രത്യേക സമിതി രൂപവത്കരിക്കും. തൊഴിലാളി യൂനിയനുകളുടെയും കരാറുകാരുടെയും പ്രതിനിധി, തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ്, ജനപ്രതിനിധി, പദ്ധതി നടപ്പാക്കുന്ന വകുപ്പിന്‍െറ പ്രതിനിധി എന്നിവര്‍ അംഗങ്ങളായിരിക്കും. തൊഴില്‍ പ്രശ്നങ്ങള്‍ കമ്മിറ്റി ചര്‍ച്ചചെയ്ത് പരിഹരിക്കും. തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലാതലത്തില്‍ കലക്ടര്‍ അധ്യക്ഷനും ജില്ലാ ലേബര്‍ ഓഫിസര്‍ കണ്‍വീനറുമായി നിലവിലുണ്ടായിരുന്ന കമ്മിറ്റി ഉടന്‍ പുനഃസംഘടിപ്പിക്കും. ഇതില്‍ തൊഴിലാളി യൂനിയനുകളുടെയും കരാറുകാരുടെയും പ്രതിനിധികളും പൊലീസും അംഗങ്ങളാണ്. നാടിന്‍െറ വികസനത്തിനുതകുന്ന പദ്ധതികളുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ തൊഴില്‍തര്‍ക്കം മൂലം ഒരുദിവസം പോലും മുടങ്ങാതിരിക്കാന്‍ നടപടികളെടുക്കും. നോക്കുകൂലിയടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി തൊഴില്‍മന്ത്രി അധ്യക്ഷനും വര്‍ക്കല കഹാര്‍ എം.എല്‍.എ കണ്‍വീനറുമായി രൂപവത്കരിച്ച സമിതി മൂന്ന് സിറ്റിങ്ങുകള്‍ നടത്തി. ജില്ലയില്‍ സിറ്റിങ് നടത്തിയിട്ടില്ല. സമിതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് നടപടികളെടുക്കും. നോക്കുകൂലി ആവശ്യപ്പെട്ടാല്‍ ഇടപെടാന്‍ തൊഴില്‍വകുപ്പിനും പൊലീസിനും കലക്ടര്‍ നിര്‍ദേശം നല്‍കി. വീട്ടുപകരണങ്ങള്‍ ഇറക്കുന്നതിന് നോക്കുകൂലി ആവശ്യപ്പെടുന്നത് ശരിയല്ലെന്ന് ജി. സുധാകരന്‍ എം.എല്‍.എ പറഞ്ഞു. പുന്നപ്രയില്‍ നോക്കുകൂലി ആവശ്യപ്പെട്ടവര്‍ക്കെതിരെ നടപടിയെടുത്തു. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന നിലപാട് തൊഴിലാളി സംഘടനകള്‍ സ്വീകരിക്കില്ല. യന്ത്രവത്കരണം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളിയെ സംരക്ഷിക്കണം. വളഞ്ഞവഴിയിലൂടെ കാര്യങ്ങള്‍ നടത്തുന്ന രീതി കരാറുകാര്‍ അവസാനിപ്പിക്കണം. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും എം.എല്‍.എ പറഞ്ഞു. ഗാര്‍ഹികോപകരണങ്ങള്‍ വീടുകളില്‍ ഇറക്കുന്നതിനും കയറ്റുന്നതിനും തൊഴിലാളികള്‍ അവകാശവാദമുന്നയിക്കില്ലെന്ന് വിവിധ യൂനിയനുകള്‍ യോഗത്തെ അറിയിച്ചു. തൊഴിലെടുക്കാതെ കൂലി വാങ്ങുന്നതിനെ അനുകൂലിക്കില്ലെന്ന് യൂനിയന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. വികസനം നടക്കുമ്പോള്‍ തൊഴിലാളികള്‍ക്കുകൂടി പ്രയോജനപ്പെടണമെന്നും യന്ത്രവത്കരണം തൊഴിലാളി താല്‍പ്പര്യം കൂടി സംരക്ഷിക്കുന്നതാകണമെന്നും അവര്‍ പറഞ്ഞു. ഒരു ജോലിക്ക് രണ്ട് കൂലി കൊടുക്കാന്‍ കഴിയില്ലെന്ന് കരാറുകാര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ ലേബര്‍ ഓഫിസറുടെ ചുമതല വഹിക്കുന്ന രഞ്ജിത് പി. മനോഹര്‍, ജോസ് കാവനാട്, ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി യൂനിയന്‍ പ്രതിനിധികള്‍, കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. |
നിലവാരം കുറഞ്ഞ മരുന്ന് വില്‍പ്പന: റാന്‍ബാക്‌സിക്ക് അമേരിക്കയില്‍ 2750 കോടി പിഴ Posted: 13 May 2013 11:20 PM PDT Image: ന്യൂയോര്‍ക്ക്: അമേരിക്കയിലെ വിപണികളില്‍ നിലവാരം കുറഞ്ഞ മരുന്നുകള്‍ വിറ്റതിന് ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മാതാക്കളായ റാന്‍ബാക്‌സി ലാബ്‌സിന് അമേരിക്കയിലെ നീതിന്യായ വകുപ്പ് 50 കോടി ഡോളര്‍ (ഏകദേശം 2750 കോടി രൂപ) പിഴ വിധിച്ചു. ഇത്തരത്തിലുള്ള കേസുകളില്‍ അമേരിക്കയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പിഴയാണിത്. അതേസമയം മുന്‍ വര്‍ഷങ്ങളില്‍ തന്നെ ഈ തുക കമ്പനി കണക്കുകളില്‍ വകയിരുത്തിയിട്ടുള്ളതിനാല്‍ കമ്പനിയുടെ സാമ്പത്തിക നിലയെ വിധി കാര്യമായി ബാധിക്കില്ലെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. നിലവാരമില്ലാത്ത ഉല്‍പാദന രീതി, രേഖകളില്‍ കൃത്രിമം കാണിക്കുക തുടങ്ങിയ കുറ്റങ്ങളാണ് അമേരിക്കയിലെ നീതിന്യായ വകുപ്പ് ദല്‍ഹിക്കടുത്ത് ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാന്‍ബാക്‌സിക്കെതിരെ ചുമത്തിയത്. ഈ കുറ്റങ്ങള്‍ക്ക് ചുമത്തിയ 50 കോടി ഡോളര്‍ പിഴ നല്‍കാന്‍ സമ്മതിച്ച് തിങ്കളാഴ്ച്ച കമ്പനി പ്രോസിക്യൂട്ടര്‍മാരുയി ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. 2005-2006 കാലഘട്ടത്തില്‍ കമ്പനിയുടെ ഡയറക്ടറായിരുന്ന ദിനേശ് താകൂര്‍ ആണ് റാന്‍ബാക്‌സിയിലെ നിലവാരമില്ലാത്ത ഉല്‍പ്പാദന രീതികള്‍ സംബന്ധിച്ച് യു.എസ് അധികൃതര്‍ക്ക് വിവരം നല്‍കിയത്. പിഴയില്‍ നിന്ന് 244 കോടി രുപയോളം ദിനേശിന് നല്‍കും. അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിക്‌ട്രേഷന്‍ എടുത്ത കേസ് ഒത്തുതീര്‍പ്പാക്കാന്‍ കമ്പനി ഏറെനാളായി ശ്രമിച്ചു വരികയായിരുന്നു. പരാതിയെ തുടര്‍ന്ന് 2008ല്‍ അമേരിക്കന്‍ വിപണിയില്‍ റാന്‍ബാക്‌സിയുടെ 30 മരുന്നുകള്‍ വില്‍ക്കുന്നത് എഫ്.ഡി.എ നിരോധിച്ചിരുന്നു. 2009ല്‍ കേസെടുക്കുകയും ചെയ്തു. നിലവാരമില്ലാത്ത മരുന്നുകള്‍ യു.എസ് വിപണിയില്‍ വില്‍ക്കുകയും പിന്നീട് വിവരങ്ങള്‍ അധികൃതരില്‍ നിന്ന് ബോധപൂര്‍വ്വം മറച്ചുവെയ്ക്കുകയും ചെയ്തതിനാണ് ശിക്ഷ. |
മായാ കോട്നാനിക്ക് വധശിക്ഷ: ഗുജറാത്ത് സര്‍ക്കാര്‍ പിന്‍മാറുന്നു Posted: 13 May 2013 11:19 PM PDT Image: അഹ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിനിടെ നടന്ന കുപ്രസിദ്ധമായ നരോദപാട്യ കൂട്ടക്കൊലക്കേസില്‍ ബി.ജെ.പി നേതാവും മുന്‍മന്ത്രിയുമായിരുന്ന മായ കൊട്നാനി, ബജ്റംഗ്ദള്‍ നേതാവ് ബാബു ബജ്റംഗി എന്നിവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുന്നതില്‍ നിന്ന് ഗുജറാത്ത് സര്‍ക്കാര്‍ പിന്‍മാറുന്നു. കേസില്‍ മായ കൊട്നാനി, ബാബു ബജ്റംഗി എന്നിവരുള്‍പ്പെടെ 10പേര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ജീവപര്യന്തം ശിക്ഷ വിധിച്ചതിനെതിരെ അപ്പീല്‍ നല്‍കുമെന്ന സര്‍ക്കാറിന്റെമുന്‍ നിലപാട് തിരുത്തിക്കൊണ്ട് സംസ്ഥാന നിയമ വകുപ്പ് കേസിലെ ചീഫ് പ്രോസിക്യൂട്ടര്‍ക്ക് കത്തയച്ചു. ഏപ്രിലിലാണ് ജീവപര്യന്തം ശിക്ഷക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അപ്പീല്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന നിയമവകുപ്പ് അഭിഭാഷകരുടെ മൂന്നംഗ പാനലും തയാറാക്കിയിരുന്നു. ഗോധ്ര സംഭവത്തിന്‍െറ തൊട്ടടുത്ത ദിവസം 2002 ഫെബ്രുവരി 28നാണ് കുപ്രസിദ്ധമായ നരോദപാട്യ കൂട്ടക്കൊല അരങ്ങറേിയത്. ഗോധ്ര സംഭവത്തില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദില്‍ പ്രകടനം നടത്തിയ ബന്ദനുകൂലികള്‍ ന്യൂനപക്ഷവിഭാഗക്കാര്‍ക്കുനേരേ അക്രമം അഴിച്ചുവിടുകയായിരുന്നു. ഈ അതിക്രമങ്ങളില്‍ 97 മുസ്ലിംകളാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ഭൂരിഭാഗവും കര്‍ണാടകയില്‍നിന്ന് തൊഴില്‍ തേടി വന്നവരായിരുന്നു. ഇതിന് നേതൃത്വം നല്‍കിയതായി കണ്ടെത്തിയ മായ കൊട്നാനിക്ക് 28 വര്‍ഷം തടവാണ് കഴിഞ്ഞ ആഗസ്റ്റില്‍ വിചാരണ കോടതി വിധിച്ചത്. ബാബു ബജ്റംഗി ജീവിതത്തിന്‍െറ ശിഷ്ടകാലം ജയിലില്‍ കഴിയണമെന്നും കോടതി വിധിച്ചു. മറ്റ് എട്ടുപേര്‍ക്ക് 31 വര്‍ഷവും 22 പേര്‍ക്ക് 24 വര്‍ഷവും തടവ് വിധിച്ചു. 29 പ്രതികളെ വെറുതെവിടുകയും ചെയ്തു.
|
പഞ്ചായത്തുകളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു Posted: 13 May 2013 11:16 PM PDT
കാസര്‍കോട്: കള്ളാര്‍, പനത്തടി പഞ്ചായത്തുകളെ പുതുതായി രൂപവത്കരിച്ച വെള്ളരിക്കുണ്ട് താലൂക്കില്‍ ഉള്‍പ്പെടുത്തുന്നതിലുള്ള എതിര്‍പ്പ് പരിഹരിക്കാന്‍ എം.എല്‍.എയുടെയും ജില്ല കലക്ടറുടെയും നേതൃത്വത്തില്‍ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു. കാഞ്ഞങ്ങാട്ട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍, ജില്ല കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് തിങ്കളാഴ്ച യോഗം ചേര്‍ന്നത്. വെള്ളരിക്കുണ്ട് താലൂക്കിന്‍െറ പരിധിയില്‍പെടുന്ന ഏഴ് പഞ്ചായത്തുകളിലെ പ്രസിഡന്‍റുമാരാണ് ഇതില്‍ പങ്കെടുത്തത്. പനത്തടി, കള്ളാര്‍ പഞ്ചായത്തുകളെ ഹോസ്ദുര്‍ഗ് താലൂക്കില്‍ നിലനിര്‍ത്തണമെന്ന ആവശ്യത്തില്‍ ഈ പഞ്ചായത്തുകളുടെ പ്രതിനിധികള്‍ ഉറച്ചുനിന്നതോടെ പ്രശ്നം സമവായത്തിലെത്തിക്കാനുള്ള ശ്രമം വിഫലമാവുകയായിരുന്നു. സമവായമല്ല, സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുകയാണ് വേണ്ടതെന്ന് കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എച്ച്. വിഘ്നേശ്വര ഭട്ട്, പനത്തടി പഞ്ചായത്ത് ആക്ടിങ് പ്രസിഡന്‍റ് വി.ജെ. ജെയിംസ് എന്നിവര്‍ ആവശ്യപ്പെട്ടു. കള്ളാര്‍, പനത്തടി പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഭൂമിശാസ്ത്രപരമായി എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലത്തല്ല പുതിയ താലൂക്ക് ആസ്ഥാനമെന്നും, തെറ്റായ തീരുമാനമാണ് ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. നേരത്തേ, റവന്യൂ അധികൃതരുടെ വീഴ്ച കാരണം ബളാല്‍ വില്ലേജില്‍ ഉള്‍പ്പെടുത്തപ്പെട്ട കള്ളാര്‍, പനത്തടി വില്ലേജുകളുടെ പരിധിയിലെ പാലച്ചാല്‍ പ്രദേശവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വിഘ്നേശ്വര ഭട്ട് വിവരിച്ചു. റാണിപുരം, മരുതോംമല, മുത്തപ്പന്‍ മല, നീലിമല എന്നിവ മറികടന്നുവേണം ഈ പഞ്ചായത്തുകളിലുള്ളവര്‍ക്ക് വെള്ളരിക്കുണ്ടിലെത്താന്‍. സംസ്ഥാന പാതയിലൂടെ ഒടയഞ്ചാല്‍, എടത്തോട്, പരപ്പ വഴി മാത്രമാണ് ബസ് സൗകര്യമുള്ളത്. രണ്ട് ബസുകള്‍ കയറണം. എന്നാല്‍, ഇതിനെക്കാള്‍ എളുപ്പത്തില്‍ നിലവിലുള്ള ഹോസ്ദുര്‍ഗ് താലൂക്ക് ആസ്ഥാനത്ത് എത്തിച്ചേരാനാവുമെന്നും പഞ്ചായത്ത് പ്രതിനിധികള്‍ പറഞ്ഞു. ജനങ്ങളുടെ പ്രയാസം മനസ്സിലാക്കാന്‍ കഴിയുന്നുണ്ടെങ്കിലും പ്രധാനപ്പെട്ട രണ്ട് പഞ്ചായത്തുകളെ ഒഴിവാക്കുന്നതോടെ വെള്ളരിക്കുണ്ട് താലൂക്കിന്‍െറ സ്ഥിതി മാറുമെന്നും, അതുകൊണ്ട് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയാറാകണമെന്നും ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. കള്ളാര്‍, പനത്തടി പഞ്ചായത്തുകളെ വേര്‍പെടുത്തിയാല്‍ വെള്ളരിക്കുണ്ട് താലൂക്കിന്‍െറ ജനസംഖ്യയും വിസ്തൃതിയും ഗണ്യമായി കുറയാനിടയാകുമെന്ന് ജില്ല കലക്ടര്‍ മുഹമ്മദ് സഗീര്‍ ചൂണ്ടിക്കാട്ടി. ധാരണയിലെത്താന്‍ കഴിയാഞ്ഞതിനാല്‍ വിഷയം സര്‍ക്കാറിന്‍െറ പരിഗണനക്ക് വിടാമെന്ന് കലക്ടര്‍ അറിയിക്കുകയായിരുന്നു. |
Posted: 13 May 2013 11:11 PM PDT Subtitle: ഇറക്കുകൂലി തര്‍ക്കം
തളിപ്പറമ്പ്: സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിന് കൊണ്ടുവന്ന പാഠപുസ്തകം ഇറക്കുന്നത് ചുമട്ടുതൊഴിലാളികള്‍ തടഞ്ഞു. തളിപ്പറമ്പിലെയും പരിസരങ്ങളിലെയും 35ഓളം വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് നല്‍കേണ്ട പുസ്തകം ഇറക്കുന്നതാണ് തടഞ്ഞത്. ചിറവക്കിലുള്ള അക്കിപ്പറമ്പ് യു.പി സ്കൂളില്‍ പാഠപുസ്തകവുമായെത്തിയ വാഹനത്തിന്‍െറ ഡ്രൈവറും വിതരണ ഏജന്‍സിയുടെ പണിക്കാരനും ചേര്‍ന്ന് ഇറക്കുന്നതിനിടയിലാണ് തൊഴിലാളികള്‍ തടഞ്ഞത്. ഇറക്കുകൂലി തരാന്‍ തങ്ങളുടെ കൈവശം പൈസ നല്‍കിയിട്ടില്ലെന്ന് വണ്ടിക്കാര്‍ പറഞ്ഞപ്പോള്‍ സാധനം ഇറക്കാന്‍ പറ്റില്ലെന്ന് എസ്.ടി.യു തൊഴിലാളികള്‍ വാശിപിടിക്കുകയായിരുന്നു.പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട ജില്ല അധികാരിയുമായി ബന്ധപ്പെട്ടപ്പോള്‍ പാഠപുസ്തകം ഇറക്കുന്നതിന് ഒരുസ്ഥലത്തും ചുമട്ടുതൊഴിലാളികളെ വിളിക്കാറില്ലെന്നാണ് പറഞ്ഞത്. പിന്നീട് ഒന്നര മണിക്കൂറോളം സംസാരിച്ചതിനുശേഷം ഒരുകെട്ടിന് രണ്ടുരൂപ പ്രകാരം തൊഴിലാളികള്‍ പുസ്തകം ഇറക്കി. കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പില്‍ മാത്രമാണ് ചുമട്ടുതൊഴിലാളികള്‍ ഇടപെട്ട് പാഠപുസ്തകം ഇറക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. തളിപ്പറമ്പ് ബി.ഇ.എം.എല്‍.പി സ്കൂള്‍ സഹകരണസംഘം മുഖേന മുപ്പത്തഞ്ചോളം വിദ്യാലയങ്ങള്‍ക്കാണ് പുസ്തകം വിതരണം ചെയ്യേണ്ടത്. |
ഭാരതപ്പുഴയില്‍ ലോറിയിറക്കി മണല്‍ കയറ്റല്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെ നടപടിയുണ്ടാകും Posted: 13 May 2013 11:07 PM PDT
വടക്കാഞ്ചേരി: ഭാരതപ്പുഴയില്‍ ലോറിയിറക്കി മണല്‍ കയറ്റുന്നത് തടയാത്ത പഞ്ചായത്തുകളില്‍ സെക്രട്ടറിമാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകും. സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകരും ഭാരതപ്പുഴ സംരക്ഷണസമിതികളും സര്‍ക്കാറിന് നല്‍കിയ പരാതിക്കുള്ള മറുപടിയിലാണ് ഇതുസംബന്ധിച്ച് സൂചന. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പുഴ സംരക്ഷണനടപടികള്‍ക്കുള്ള അധികാരവും പഞ്ചായത്ത് സെക്രട്ടറിമാരില്‍ നിക്ഷിപ്തമാണ്. മണല്‍ കയറ്റാനെത്തുന്ന വാഹനങ്ങള്‍ പുഴയിലേക്കിറക്കുന്നത് നിയമം ഉപയോഗിച്ച് നിരോധിക്കാന്‍ സെക്രട്ടിമാര്‍ക്ക് അധികാരമുണ്ട്. ലോറി പുഴക്കരയില്‍ നിര്‍ത്തിവേണം മണല്‍ ലോഡ് നിറക്കാനെന്ന് പ്രത്യേക ഉത്തരവുണ്ട്. എന്നാല്‍, ഇതൊന്നും പാലിക്കാതെയാണ് കൊണ്ടാഴി, വള്ളത്തോള്‍നഗര്‍, തിരുവില്വാമല, പാഞ്ഞാള്‍, ദേശമംഗലം പഞ്ചായത്ത് കടവുകളില്‍ മണലെടുപ്പ് നടക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയില്‍ ചൂണ്ടിക്കാട്ടി. വിവിധ രാഷ്ട്രീയ കക്ഷികളുടെ സംരക്ഷണയിലുള്ള ട്രേഡ് യൂനിയന്‍ അംഗങ്ങളാണ് മണലെടുപ്പ് തൊഴിലാളികള്‍. ഇവരുടെ താല്‍പര്യം സംരക്ഷിക്കാന്‍ പഞ്ചായത്ത് ഭരണസമിതികളുടെയും പ്രതിപക്ഷകക്ഷികളുടെയും സമ്മര്‍ദങ്ങള്‍ ക്ക് വഴങ്ങി നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയാണ് പഞ്ചായത്ത് സെക്രട്ടിമാരെന്ന് ആരോപിച്ചു. ഇത് ഭാരതപ്പുഴയുടെ കരകളെ വികൃതമാക്കി. പുഴയില്ലാതാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. മുന്നൂറോളം ലോഡ് മണലിനാണ് ജില്ലയില്‍ താലൂക്കോഫിസ് മുഖേന സര്‍ക്കാര്‍ പാസ് നല്‍കുന്നത്. ഇതിലേറെ ലോഡ് മണല്‍ രാവും പകലുമായി മാഫിയാസംഘങ്ങള്‍ മോഷ്ടിച്ചു കടത്തുന്നുമുണ്ട്. പാസുകളില്‍ മണലെടുക്കുന്ന ലോറിയുടെ നമ്പര്‍ ചേര്‍ക്കുന്നില്ല. ഇതുവേറെയും തട്ടിപ്പുകള്‍ക്ക് അവസരമുണ്ടാക്കുന്നു. 2,226 രൂപയാണ് ഒരുലോഡ് മണല്‍ കയറ്റുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കൂലി. ഇതിനുപുറമെ വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് കടവുകളില്‍ തൊഴിലാളികള്‍ ഉപഭോക്താക്കളില്‍ നിന്ന് ഭീമമായ സംഖ്യ നിര്‍ബന്ധമായി വാങ്ങുന്നതായും പരാതിയുണ്ട്. ചായക്കാശ് എന്ന പേരിലാണത്രേ ഇത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment