റബര്‍മാര്‍ക്ക് കമ്പനി നിര്‍മിച്ച കുളം മൂടാന്‍ പഞ്ചായത്ത് കമ്മിറ്റി ഉത്തരവ് Posted: 15 May 2013 01:07 AM PDT ആലുവ: കീഴ്മാട് ചാലക്കലിലെ റബര്‍മാര്‍ക്ക് കമ്പനിയുടെ യൂനിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍മിച്ച കുളം അടിയന്തരമായി മൂടണമെന്ന് ഗ്രാമപഞ്ചായത്ത് കമ്മിറ്റി യോഗം ഉത്തരവിട്ടു. ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തരയോഗമാണ് ഐകകണ്ഠ്യേന തീരുമാനമെടുത്തത്. ഇതു സംബന്ധമായ ഉത്തരവ് കമ്പനി അധികൃതര്‍ക്ക് നല്‍കി. കുളം മൂടാന്‍ കമ്പനി അധികൃതര്‍ തയാറായില്ലെങ്കില്‍ പൊലീസ് അകമ്പടിയോടെ ബുധനാഴ്ച കുളം മൂടുമെന്ന് പഞ്ചായത്തധികൃതര്‍ പറഞ്ഞു. ജലദൗര്‍ലഭ്യമുള്ള മേഖലയില്‍ പാടശേഖരത്തിലാണ് കൂറ്റന്‍ കുളം നിര്‍മിച്ചിരിക്കുന്നത്. ഏകദേശം 15 സെന്‍റിലധികം വിസ്തൃതിയിലും ഇതിനോടനുബന്ധമായ താഴ്ചയിലുമാണ് കുളമുള്ളത്. ഇതുമൂലം പ്രദേശത്തെ മറ്റ് കിണറുകളെല്ലാം വറ്റിയ അവസ്ഥയിലാണ്. പൊതുവില്‍ ജലക്ഷാമമുള്ള മേഖലയില്‍ കുളം നിര്‍മാണംമൂലം കുടിവെള്ളം കിട്ടാക്കനിയായിട്ടുണ്ട്. പഞ്ചായത്തിന്‍െറ അനുമതിയില്ലാതെയാണ് ഇത്രയും വലിയ കുളം കമ്പനി അധികൃതര്‍ നിര്‍മിച്ചത്. അതേ സമയം കമ്പനി അധികൃതരെ സഹായിക്കുന്ന തരത്തിലാണ് പൊലീസ് പെരുമാറുന്നതെന്ന് ആക്ഷേപമുണ്ട്. തിങ്കളാഴ്ച കമ്പനിക്കെതിരെ നടന്ന സമരത്തില്‍ കല്ലേറുമായി ബന്ധപ്പെട്ട് കണ്ടലറിയാവുന്ന ഇരുന്നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.സമരത്തിനിടയില്‍ പൊലീസിനെതിരെ കല്ലെറിഞ്ഞത് പുറമെ നിന്നുള്ള സാമൂഹികവിരുദ്ധരാണെന്ന് പൊലീസ് തന്നെ പറഞ്ഞിരുന്നു. സമരസമിതിയുമായി ബന്ധപ്പെട്ടവരെ ലക്ഷ്യംവെച്ചാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നവരുടെ മൊഴിയെടുക്കാന്‍ ഇതുവരെ തയാറായിട്ടില്ലത്രേ. മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫയുടെ നേതൃത്വത്തിലുള്ളതാണ് റബര്‍മാര്‍ക്ക് കമ്പനി. പൊലീസ് അടക്കമുള്ള അധികൃതര്‍ കമ്പനി അധികൃതരുടെ സ്വാധീനങ്ങള്‍ക്ക് കീഴ്പ്പെട്ടിരിക്കുകയാണെന്ന് സമരക്കാര്‍ പറയുന്നു. ജനവാസ കേന്ദ്രത്തില്‍ ഏറെ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കാനിടയുള്ള റബര്‍മാര്‍ക്കിന്‍െറ കമ്പനി സ്ഥാപിക്കുന്നതില്‍ നേരത്തേ മുതല്‍ ജനങ്ങള്‍ എതിരായിരുന്നു. കുറച്ചുനാള്‍ മുമ്പ് ഈ ഭാഗത്തുനിന്ന് വന്‍തോതില്‍ മണ്ണ് ഖനനം ചെയ്യുകയും പാറകള്‍ വന്‍ സ്ഫോടനങ്ങള്‍ നടത്തി പൊട്ടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചെത്തി പാറപൊട്ടിക്കല്‍ തടഞ്ഞിരുന്നു. ഈ സമയം അവിടെയെത്തിയ മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫ സ്ത്രീകളടക്കമുള്ള സമരക്കാരെ വളരെ മോശപ്പെട്ട രീതിയില്‍ ആക്ഷേപിച്ചെന്ന് കാണിച്ച് റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല. ഇതിനുശേഷമാണ് അനധികൃതമായി പാടശേഖരത്തില്‍ കുളം നിര്‍മിച്ച് കമ്പനി നിര്‍മാണത്തിനാവശ്യമായ വെളളമെടുക്കാന്‍ കമ്പനി അധികൃതര്‍ തീരുമാനിച്ചത്. പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച പി.ഡി.പിയുടെ നേതൃത്വത്തില്‍ ടി.എച്ച്. മുസ്തഫയുടെ വീട്ടിലേക്ക ് മാര്‍ച്ച് നടത്തി. കുട്ടമശേരി ജങ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ആനിക്കാട് ജങ്ഷനില്‍ പൊലീസ് തടഞ്ഞു. |
ജില്ലയില്‍ രണ്ട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ കൂടി ആരംഭിക്കും -മന്ത്രി ജയലക്ഷ്മി Posted: 15 May 2013 12:19 AM PDT കല്‍പറ്റ: പട്ടികവര്‍ഗ വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍ നല്‍കുന്നതിന്‍െറ ഭാഗമായി ഈ വര്‍ഷം ജില്ലയില്‍ രണ്ട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ കൂടി സ്ഥാപിക്കുമെന്ന് പട്ടികവര്‍ഗ-യുവജനക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി. പട്ടികവര്‍ഗ യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനവും കരിയര്‍ ഗൈഡന്‍സും നല്‍കുന്ന ഗോത്രജ്യോതി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കല്ലൂര്‍ രാജീവ്ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഒരു വര്‍ഷംകൊണ്ട് 4000 പട്ടികവര്‍ഗ യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാനാണ് ഗോത്രജ്യോതി പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന്‍െറ ഭാഗമായി ഏകദിന നൈപുണ്യ ക്യാമ്പുകള്‍ എല്ലാ ജില്ലകളിലും സംഘടിപ്പിക്കും. രാജീവ്ഗാന്ധി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്‍റിന്‍െറയും നാഷനല്‍ സര്‍വീസ് സ്കീമിന്‍െറയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ ഉള്‍പ്രദേശങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തുന്നതിനുള്ള ചെലവ് സമ്പൂര്‍ണമായി വഹിക്കുന്ന ‘ഗോത്ര സാരഥി’ പദ്ധതി ജൂണ്‍ ഒന്നുമുതല്‍ ആരംഭിക്കും. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ കലാകായിക കഴിവുകള്‍ വികസിപ്പിക്കാനും നടപടിയുണ്ട്. അഭിരുചിയനുസരിച്ച തൊഴില്‍രംഗം കണ്ടെത്താന്‍ അഭ്യസ്തവിദ്യരായ യുവാക്കളെ പ്രാപ്തരാക്കാനാണ് ഗോത്രജ്യോതി പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തൊഴില്‍രംഗം കണ്ടെത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശത്തിന്‍െറ കുറവ് മുന്‍തലമുറക്ക് ഉണ്ടായിരുന്നു. പട്ടികവര്‍ഗ മേഖലയില്‍നിന്ന് എന്‍ജിനീയറിങ്, മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്നവരുടെ എണ്ണം ഇന്നും കുറവാണ്. പട്ടികവര്‍ഗക്കാര്‍ക്ക് സംവരണമുള്ള മെഡിക്കല്‍ -എന്‍ജിനീയറിങ് സീറ്റുകളിലേക്കുപോലും വിദ്യാര്‍ഥികള്‍ എത്തുന്നില്ല. വിദ്യാഭ്യാസത്തിന്‍െറയും അവസരങ്ങളെ കുറിച്ചുള്ള അറിവിന്‍െറയും കുറവാണ് ഇതിന് കാരണമെന്നതിനാല്‍ കുട്ടികളെ തെരഞ്ഞെടുത്ത് പ്രഫഷനല്‍ വിദ്യാഭ്യാസത്തിന് പ്രത്യേകം പരിശീലനം നല്‍കുകയാണ്. കഴിഞ്ഞവര്‍ഷം 35ഓളം കുട്ടികളെ മെഡിക്കല്‍-എന്‍ജിനീയറിങ് രംഗത്ത് എത്തിക്കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പിന് സാധിച്ചു. ഈ വര്‍ഷം 47 വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ പരിശീലനം നല്‍കുന്നുണ്ട് -മന്ത്രി പറഞ്ഞു. എം.ഐ. ഷാനവാസ് എം.പി അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.എസ്. വിജയ, നൂല്‍പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുമ ഭാസ്കരന്‍, മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് കണ്ടന്തുരുത്തി, സരസ ഗോപി, എ.ഡി.എം എന്‍.ടി. മാത്യു, ഡോ. ലളിത മാത്യു എന്നിവര്‍ പങ്കെടുത്തു. |
കടല്‍ക്ഷോഭം രൂക്ഷം; ദ്വീപിലേക്കുള്ള മൂന്ന് കപ്പലുകള്‍ തിരിച്ചുവന്നു Posted: 15 May 2013 12:15 AM PDT ബേപ്പൂര്‍: ലക്ഷദ്വീപിലെ ആന്ത്രോത്തിലേക്ക് ചൊവ്വാഴ്ച ബേപ്പൂരില്‍നിന്ന് പുറപ്പെട്ട മൂന്ന് കപ്പലുകളും കടല്‍ക്ഷോഭം കാരണം യാത്ര തുടരാനാവാതെ തിരികെ പോന്നു. മണ്‍സൂണ്‍ അവധിക്കായി ഇന്ന് തുറമുഖം അടക്കാനിരിക്കെ മൂന്ന് കപ്പലുകളിലേയും 450 യാത്രക്കാര്‍ ഇവിടെ കുടുങ്ങിയിരിക്കുകയാണ്. തുറമുഖ അധികൃതരുടെ പ്രത്യേക അനുമതി ഇല്ലാത്തപക്ഷം ഇവര്‍ക്ക് ഇവിടെനിന്ന് യാത്ര ചെയ്യാനാവില്ല. ഇന്നലെ രാവിലെ എട്ട് മുതല്‍ ചെറിയ ഇടവേളകളിലായി പോയ പറളി, ചെറിയപാനി, വലിയപാനി എന്നീ കപ്പലുകളാണ് 20 നോട്ടിക്കല്‍ മൈലോളം ഓടിയശേഷം രാവിലെ പത്തരയോടെതന്നെ തുറമുഖത്ത് തിരിച്ചെത്തിയത്. യാത്ര ചെയ്യാനാവാത്തവിധം കാറ്റും കടല്‍ക്ഷോഭവും ഉണ്ടായതാണ് മൂന്ന് അതിവേഗ കപ്പലുകള്‍ക്കും മുടക്കം സൃഷ്ടിച്ചത്. തിരിച്ചിറങ്ങേണ്ടി വന്ന യാത്രക്കാര്‍ക്ക് കപ്പല്‍ മുടക്കം വലിയ ദുരിതമായി. സീസണിലെ അവസാന കപ്പലുകളില്‍ ഒരുവിധത്തില്‍ ടിക്കറ്റ് ലഭിച്ചവരാണ് യാത്രക്കാര്‍. ഇവരുടെ സാധനങ്ങള്‍ കപ്പലുകളിലാണുള്ളത്. തിരിച്ചുപോവുകയായിരുന്നതിനാല്‍ ചെലവിന് പോലും കാശില്ലാത്ത ഇവര്‍ തുറമുഖത്തും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍െറ ഓഫിസിലും ബഹളം വെച്ചു. ബോര്‍ഡിങ്പാസ് നല്‍കിയശേഷം തങ്ങളുടെതല്ലാത്ത കാരണത്താല്‍ മുടങ്ങിയ യാത്രതായതിനാല്‍ പോകുന്നതുവരെയുള്ള ചെലവ് ലക്ഷദ്വീപ് ഭരണകൂടം വഹിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന അറിയിപ്പിനെ തുടര്‍ന്നാണ് പ്രതിഷേധം നിര്‍ത്തിയത്. കാലാവസ്ഥ അനുകൂലമായാല്‍ ഇന്നുതന്നെ യാത്രാസൗകര്യമുണ്ടാക്കാമെന്ന ഉറപ്പും അവര്‍ക്ക് സമാശ്വാസമായി. ഇത്തരം സാഹചര്യത്തില്‍ ദ്വീപുകാര്‍ക്ക് ഉപയോഗിക്കാനായി നിര്‍മിക്കപ്പെട്ട പാസഞ്ചര്‍ ടെര്‍മിനല്‍ മറ്റു പല ആവശ്യങ്ങള്‍ക്കുമായാണ് ഉപയോഗിക്കുന്നത്. പണവും സാധനങ്ങളും കൈയില്‍ ഇല്ലാത്ത യാത്രക്കാര്‍ ലഭ്യമായ സൗകര്യങ്ങളില്‍ തൃപ്തിപ്പെടുകയായിരുന്നു. അതിനിടെ കടല്‍യാത്രക്കനുകൂലമാണെങ്കില്‍ മാത്രമേ കപ്പലുകള്‍ക്ക് യാത്രാനുമതി നല്‍കുകയുള്ളൂവെന്ന് തുറമുഖ അധികൃതര്‍ പറഞ്ഞു. മണ്‍സൂണ്‍ കാറ്റ് തുടങ്ങുന്ന സമയമെന്ന നിലക്ക് മേയ് 15 മുതല്‍ യാത്രാ കപ്പലുകള്‍ക്കും ഉരുകള്‍ക്കും ബേപ്പൂര്‍ തുറമുഖത്തുനിന്ന് യാത്രാനുമതി നല്‍കാറില്ല. ആഗസ്റ്റ് 15 നുശേഷമാണ് തുറമുഖം വീണ്ടും തുറക്കുക. അവധിക്കാലത്ത് ചരക്കുകപ്പലുകള്‍ക്കു മാത്രമാണ് അനുമതി നല്‍കാറ്. അതുകൊണ്ട് ബേപ്പൂര്‍ വഴി കടല്‍യാത്രക്ക് അനുകൂലമല്ലെങ്കില്‍ ഇവിടെ കുടുങ്ങിയ യാത്രക്കാര്‍ക്ക് കൊച്ചി വഴി ദ്വീപിലേക്ക് പോകേണ്ടി വരും. ഇത് ഇവര്‍ക്ക് വീണ്ടും പ്രയാസം സൃഷ്ടിക്കും. വലിയ കപ്പലുകള്‍ക്ക് മാത്രമാണ് മണ്‍സൂണ്‍ കാലത്ത് യാത്ര ചെയ്യാനാവുക. ഇത്തരം കപ്പലുകള്‍ക്ക് ബേപ്പൂര്‍ ഇപ്പോഴും അനുയോജ്യമല്ല. ദ്വീപുകാര്‍ക്ക് സാംസ്കാരിക ബന്ധം ഉള്ളതും കൂടുതലായി ആശ്രയിക്കുന്നതും കോഴിക്കോടിനെയാണ്. കോഴിക്കോടിന്‍െറ കടല്‍ കവാടമെന്ന നിലക്ക് ബേപ്പൂര്‍ തുറമുഖ വികസനം ദ്വീപുകാരുടെ കൂടി ആവശ്യമാണ്. ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ ദ്വീപിന്‍െറ പേരില്‍ ബേപ്പൂരില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഏറെയും കടലാസിലും ബാക്കി പാതി വഴിയിലുമാണ്. ഒരാഴ്ച മുമ്പ് എം.പി ഹംദുല്ല സഈദ് ബേപ്പൂരില്‍ വന്ന് പ്രശ്നങ്ങളൊക്കെ മനസ്സിലാക്കിയിരുന്നു. |
യദര്‍വ ജയിലില്‍ കീഴടങ്ങാന്‍ സമര്‍പ്പിച്ച ഹരജി സഞ്ജയ് ദത്ത് പിന്‍വലിച്ചു Posted: 14 May 2013 11:30 PM PDT Subtitle: കീഴടങ്ങാനുള്ള സമയപരിധി ഇന്ന് അവസാനിക്കും ന്യൂദല്‍ഹി: മുംബൈ സ്ഫോടനക്കേസില്‍ ടാഡ കോടതിയില്‍ കീഴടങ്ങുന്നതിനു പകരം പുണെയിലെ യദര്‍വ ജയിലില്‍ കീഴടങ്ങാന്‍ സമര്‍പ്പിച്ച ഹരജി പ്രമുഖ ഹിന്ദി നടന്‍ സഞ്ജയ് ദത്ത് പിന്‍വലിച്ചു. കീഴടങ്ങാന്‍ സുപ്രീംകോടതി ദത്തിന് നീട്ടി നല്‍കിയ കാലാവധി ബുധനാഴ്ച അവസാനിക്കുകയാണ്. ചില മതമൗലികവാദി ഗ്രൂപ്പുകളില്‍നിന്ന് ജീവന് ഭീഷണി നേരിടുന്നതിനാല്‍ പ്രത്യേക കോടതിയില്‍ കീഴടങ്ങുന്നതിന് പകരം പുണെ യര്‍വാദ ജയിലില്‍ കീഴടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സഞ്ജയ് ദത്ത് മുംബൈയിലെ പ്രത്യേക ടാഡ കോടതിയില്‍ അപേക്ഷ നല്‍കിയത്. 1993ലെ മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരന്മാരില്‍നിന്ന് നിയമവിരുദ്ധമായി ആയുധം സമ്പാദിച്ചതിന് 53കാരനായ സഞ്ജയ് ദത്തിന് മാര്‍ച്ച് 21നാണ് അഞ്ചുവര്‍ഷത്തെ ശിക്ഷ വിധിച്ചത്. നേരത്തെ ഒന്നര വര്‍ഷം ജയിലില്‍ കഴിഞ്ഞതിനാല്‍ മൂന്നര വര്‍ഷമാണ് ദത്തിന് ബാക്കിയുള്ളത്. സുപ്രീംകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കില്ലെന്നായിരുന്നു സഞ്ജയ് ദത്ത് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, കീഴടങ്ങാന്‍ നാലാഴ്ച സമയം ആവശ്യപ്പെട്ട് ദത്ത് അപേക്ഷ നല്‍കി. ഇതത്തേുടര്‍ന്ന് മാനുഷിക പരിഗണനവെച്ച് ഒരു മാസം വരെ കോടതി ദത്തിന് സമയം നീട്ടി നല്‍കുകയായിരുന്നു. സമയം അനുവദിച്ച ശേഷം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദത്ത് സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹരജി നല്കി. എന്നാല്‍, പുനഃപരിശോധനാ ഹരജി ഈ മാസം 10ന് സുപ്രീംകോടതി തള്ളി. |
ദുബൈയുടെ മുഖച്ഛായ മാറ്റാന്‍ 10 പദ്ധതികള്‍ ഒരുങ്ങുന്നു Posted: 14 May 2013 11:12 PM PDT ദുബൈ: രണ്ടുവര്‍ഷത്തിനകം ദുബൈയുടെ മുഖച്ഛായ മാറ്റാനുതകുന്ന 10 പ്രമുഖ പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുന്നു. 200ലേറെ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ സമാധാനത്തോടെ ജീവിക്കുന്ന ദുബൈയുടെ വികസനത്തില്‍ വന്‍ നാഴികക്കല്ലായിരിക്കും ഈ പദ്ധതികളെന്ന് നിര്‍മാണ സ്ഥലത്ത് സന്ദര്‍ശനം നടത്തിയതിന് ശേഷം ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു. 883.5 ദശലക്ഷം ദിര്‍ഹം ചെലവഴിച്ചാണ് മുനിസിപ്പാലിറ്റി പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നത്. ദുബൈ സഫാരി, ദുബൈ ഫ്രെയിം, അല്‍ അയാസ് ഷോപ്പിങ് കോംപ്ളക്സ്, പക്ഷി-മൃഗ മാര്‍ക്കറ്റ്, അല്‍ ഫഹീദി മാര്‍ക്കറ്റ്, ഹത്ത പരമ്പരാഗത മാര്‍ക്കറ്റ്, ദേര മത്സ്യ മാര്‍ക്കറ്റ്, ട്രക്ക് മാര്‍ക്കറ്റ്, യൂസ്ഡ് ഫര്‍ണിച്ചര്‍ മാര്‍ക്കറ്റ്, ബോട്ട് ആന്‍ഡ് ഫിഷിങ് മാര്‍ക്കറ്റ് എന്നിവയാണ് പദ്ധതികള്‍. 150 ദശലക്ഷം ദിര്‍ഹം ചെലവില്‍ അല്‍ വര്‍ഖ അഞ്ച് അവീര്‍ റോഡിലെ 396 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന ദുബൈ സഫാരി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മൃഗങ്ങളുടെ ആവാസ കേന്ദ്രമാകും. അറേബ്യന്‍, ഏഷ്യന്‍, ആഫ്രിക്കന്‍ വില്ലേജുകള്‍, ഓപണ്‍ സഫാരി, ബട്ടര്‍ഫൈ്ള പാര്‍ക്ക്, ഗോള്‍ഫ് കോഴ്സുകള്‍, വിനോദോപാധികള്‍ എന്നിവ ഇവിടെയുണ്ടാകും. ഒരു കിലോ മീറ്റര്‍ നീളത്തില്‍ 7.5 ഏക്കറില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കും. 12 മീറ്റര്‍ ഉയരമുള്ള വെള്ളച്ചാട്ടവുമുണ്ടാകും. ഭീമന്‍ ജനല്‍ ഫ്രെയിമിന്‍െറ ആകൃതിയില്‍ 697 ചതുരശ്ര മീറ്ററില്‍ 120 ദശലക്ഷം ദിര്‍ഹം ചെലവഴിച്ച് നിര്‍മിക്കുന്ന ദുബൈ ഫ്രെയിം പദ്ധതിക്ക് 150 മീറ്റര്‍ ഉയരവും 100 മീറ്റര്‍ വീതിയുമുണ്ടാകും. പൂര്‍ണമായും സ്ഫടിക നിര്‍മിതവും സുതാര്യവുമായിരിക്കുമിത്. ഒരു വശത്ത് ആധുനിക ദുബൈയുടെ ഭാഗമായ ശൈഖ് സായിദ് റോഡിലെ കെട്ടിടങ്ങളും മറുവശത്ത് പഴയ ദുബൈയുടെ കേന്ദ്രങ്ങളായ ദേര, ഉം ഹുറൈര്‍, കറാമ എന്നിവയും ഇതിന് മുകളില്‍ നിന്ന് വീക്ഷിക്കാം. കെട്ടിടത്തിന്‍െറ താഴത്തെ നിലയില്‍ മ്യൂസിയമുണ്ടാകും. ദുബൈ സഫാരി, ദുബൈ ഫ്രെയിം പദ്ധതികള്‍ 2014 അവസാനത്തോടെ പൂര്‍ത്തിയാകും. എമിറേറ്റ്സ് റോഡിന് സമീപം 4,180 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് നിര്‍മിക്കുന്ന അല്‍ അയാസ് ഷോപ്പിങ് കോംപ്ളക്സ് 2014 മധ്യത്തോടെ പൂര്‍ത്തിയാകും. 40 സ്റ്റുഡിയോ അപാര്‍ട്മെന്‍റുകളടങ്ങുന്ന പദ്ധതി 8.5 ദശലക്ഷം ദിര്‍ഹം ചെലവഴിച്ചാണ് നിര്‍മിക്കുന്നത്. പക്ഷി-മൃഗങ്ങളുടെ വില്‍പനക്കും വിനോദ പരിപാടികള്‍ക്കുമായി അല്‍ വര്‍സാന്‍ മൂന്നില്‍ 19,175 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് 54.5 ദശലക്ഷം ദിര്‍ഹം ചെലവില്‍ പക്ഷി- മൃഗ മാര്‍ക്കറ്റ് നിര്‍മിക്കുന്നുണ്ട്. 2014 മധ്യത്തോടെ പണി പൂര്‍ത്തിയാകും. പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളോടെ നിര്‍മിച്ച ആദ്യ പദ്ധതിയായ അല്‍ ഫഹീദി മാര്‍ക്കറ്റിന്‍െറ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. സൗരോര്‍ജം ഉപയോഗിച്ചാണ് ഇവിടെ ലൈറ്റുകള്‍ പ്രകാശിക്കുന്നതും ജലം ചൂടാക്കുന്നതും. 50.5 ദശലക്ഷം ദിര്‍ഹം ചെലവഴിച്ച് 27,000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് മാര്‍ക്കറ്റ് നിര്‍മിച്ചിരിക്കുന്നത്.30 ദശലക്ഷം ദിര്‍ഹം ചെലവില്‍ 5,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് നിര്‍മിക്കുന്ന ഹത്ത പരമ്പരാഗത വിപണിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. കുടുംബങ്ങള്‍ക്കും ബാച്ച്ലര്‍മാര്‍ക്കും വേണ്ടി നിര്‍മിക്കുന്ന ഹോട്ടല്‍ അപാര്‍ട്മെന്‍റ് ഇതോടനുബന്ധിച്ചുണ്ടാകും. അടുത്തവര്‍ഷം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകും. ദേരയില്‍ 250 ദശലക്ഷം ദിര്‍ഹം ചെലവില്‍ 120,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് നിര്‍മിക്കുന്ന മത്സ്യ മാര്‍ക്കറ്റാണ് മറ്റൊരു പദ്ധതി. പരിസ്ഥിതി സൗഹൃദവും പൂര്‍ണമായും ശീതീകരിച്ചതുമായ കെട്ടിടം കടലിന് അഭിമുഖമായായിരിക്കും. അല്‍ റുവായ ഏരിയയില്‍ 90 ദശലക്ഷം ദിര്‍ഹം ചെലവില്‍ 35,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് ട്രക്ക് മാര്‍ക്കറ്റ് നിര്‍മിക്കും. ട്രക്കുകള്‍ക്ക് 88ഉം സ്പെയര്‍ പാര്‍ട്സുകള്‍ക്കായി 60ഉം ഷോറൂമുകള്‍ ഇവിടെയുണ്ടാകും.വിവിധ ഓഫിസുകള്‍, ജീവനക്കാര്‍ക്ക് താമസ സൗകര്യം, ലേല ഹാള്‍ എന്നിവയുമുണ്ടാകും. നാദ് അല്‍ ശബ മൂന്നില്‍ നിര്‍മിക്കുന്ന യൂസ്ഡ് ഫര്‍ണിച്ചര്‍ മാര്‍ക്കറ്റ് 2015ല്‍ പൂര്‍ത്തിയാകും. 50 ദശലക്ഷം ദിര്‍ഹം ചെലവഴിച്ച് 35,000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് പദ്ധതി. മത്സ്യബന്ധന ബോട്ടുകള്‍ നിര്‍മിക്കാനും കയറ്റിയയക്കാനും അല്‍ ബര്‍ഷ നോര്‍ത്ത് ഒന്നില്‍ ബോട്ട് ആന്‍ഡ് ഫിഷിങ് മാര്‍ക്കറ്റ് നിര്‍മിക്കും. 80 ദശലക്ഷം ദിര്‍ഹം ചെലവില്‍ 5,400 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് പദ്ധതി. ഹോളി ഖുര്‍ആന്‍ പാര്‍ക്ക്, മാരിടൈം മ്യൂസിയം എന്നിവയും മുനിസിപ്പാലിറ്റിയുടെ പദ്ധതികളാണ്. ഇവയുടെ പ്രാഥമിക നടപടികള്‍ നടക്കുന്നു. |
വിദേശ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ: തൊഴില്‍ മന്ത്രി Posted: 14 May 2013 10:51 PM PDT മനാമ: രാജ്യത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിദേശ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് ധാരാളം നടപടികള്‍ സ്വീകരിച്ചതായി തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദലി ഹുമൈദാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം യു.എ.ഇയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘തൊഴിലാളികളുടെ മാറ്റവും സ്ഥിര വളര്‍ച്ചയില്‍ അതിന്‍െറ സ്വാധീനവും’ എന്ന വിഷയത്തിലായിരുന്നു സമ്മേളനം. ജി.സി.സി മന്ത്രാലയ സമിതി എക്സിക്യൂഷന്‍ ഓഫീസുമായി സഹകരിച്ച് നടന്ന സമ്മേളനത്തില്‍ അന്താരാഷ്ട്ര രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത് വിഷയങ്ങളവതരിപ്പിച്ചു. തൊഴില്‍ മേഖലയില്‍ ജി.സി.സി രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും ഏകോപനവും അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ മാറ്റവുമായി ബന്ധപ്പെട്ട് വര്‍ഷം തോറും ഒന്നര മില്യന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. വിദേശ തൊഴിലാളികള്‍ വഴിയുള്ള വരുമാനം 80 ബില്യന്‍ ഡോളറാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മിഡിലീസ്റ്റ് മേഖലയില്‍ 16 മില്യന്‍ വിദേശ തൊഴിലാളികളാണ് പണിയെടുക്കുന്നത്. അഥവാ ഈ മേഖലയിലെ ജനസംഖ്യയേക്കാളും മൂന്നിരട്ടിയാണിത്. ജി.സി.സി രാജ്യങ്ങളിലെ മൊത്തം തൊഴില്‍ മേഖലയിലെ 70 ശതമാനവും വിദേശ തൊഴിലാളികളുടെ പിടിയിലാണെന്നും ഹുമൈദാന്‍ ചൂണ്ടിക്കാട്ടി. വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ ംരക്ഷിക്കുന്നതിനും അവര്‍ക്ക് സുരക്ഷിതമായ തൊഴിലിടങ്ങളൊരുക്കുന്നതിനും ബഹ്റൈന്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നതായും മന്ത്രി അവകാശപ്പെട്ടു. |
ഖത്തര്‍-ഒമാന്‍ ധനമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി Posted: 14 May 2013 10:45 PM PDT മസ്കത്ത്: ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപ സൗഹൃദം ഊഷ്മളമാക്കുന്നതിനും ഖത്തര്‍-ഒമാന്‍ ധന മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. ഇന്നലെ ഒമാന്‍ ധനമന്ത്രാലയത്തിലാണ് ഇരുമന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ച നടത്തിയത്. ഒമാന്‍ ധനമന്ത്രി ദര്‍വീശ് ബിന്‍ ഇസ്മാഈല്‍ അല്‍ ബലൂഷി, ഖത്തര്‍ മന്ത്രി യുസുഫ് ഹുസൈന്‍ കമാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘമാണ് സാമ്പത്തിക രംഗത്തെ സഹകരണം മെച്ചപ്പെടുത്തുന്നതിന് പരസ്പരം ആശയ വിനിമയം നടത്തിയത്. ടൂറിസം മന്ത്രി അഹ്മദ് ബിന്‍ നാസിര്‍ അല്‍ മഹ്റസിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇരു രാജ്യങ്ങളിലുമുള്ള നിക്ഷേപ പദ്ധതികള്‍ വര്‍ധിപ്പിക്കുന്നതിനും പൗരന്മാര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ഇരു പക്ഷവും ആവശ്യപ്പെട്ടു. ഈ രംഗത്തുള്ള സഹകരണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന നിര്‍ദേശവും സംഘം മുന്നോട്ടുവെച്ചു. വിനോദ സഞ്ചാരം, വ്യാപാരം, സംയുക്ത വ്യവസായ സംരംഭങ്ങള്‍ എന്നീ മേഖലയില്‍ ഇരു രാജ്യങ്ങളും നടപ്പാക്കാന്‍ പോകുന്ന പദ്ധതികളുടെ ദൃശ്യാവിഷ്കാരം സംഘം വീക്ഷിച്ചു. ഇരു പക്ഷത്തുമുള്ള പ്രതിനിധികള്‍ ഇതു സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്താന്‍ തീരുമാനമായി. സംയുക്ത നിക്ഷേപ സംരംഭങ്ങള്‍ക്ക് കുടുതല്‍ മുന്‍ഗണന നല്‍കാനും ചര്‍ച്ചയില്‍ ധാരണയായി. ഖത്തര്‍ അംബാസഡര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നിക്ഷേപകര്‍ എന്നിവര്‍ കൂടിക്കാഴചയില്‍ പങ്കെടുത്തു. |
ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ പി.എ.സി തെരഞ്ഞെടുപ്പ് ഇന്നും നാളെയും Posted: 14 May 2013 10:31 PM PDT കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്‍െറ പൊതുസ്വത്തായ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിലെ പാരന്‍റ്സ് അഡൈ്വസറി കൗണ്‍സിലിലേക്കുള്ള (പി.എ.സി) തെരഞ്ഞെടുപ്പ് ഇന്നും നാളെയുമായി നടക്കും. സ്കൂളിന്‍െറ ദൈനംദിന ഭരണ നിര്‍വഹണം നടത്തുന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റീസിനെ രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് സഹായിക്കാനുള്ള പി.എ.സിയിലേക്കാണ് തെരഞ്ഞെടുപ്പ് അരങ്ങേറുന്നത്. കമ്യൂണിറ്റ് സ്കൂളിന്‍െറ നാലു ബ്രാഞ്ചുകളിലും പത്ത് വീതം പി.എ.സി അംഗങ്ങളാണുള്ളത്. ഒരു അംഗത്തിന്‍െറ കാലാവധി രണ്ടു വര്‍ഷമാണെന്നതിനാല്‍ ഓരോ വര്‍ഷവും ഒരു ബ്രാഞ്ചിലെ അഞ്ചു പി.എ.സി അംഗങ്ങള്‍ വീതം പുറത്തുപോവും. ഈ ഒഴിവിലേക്ക് അഞ്ച് അംഗങ്ങളെ തെരഞ്ഞെടുക്കാനാണ് ഇപ്പോള്‍ വോട്ടെടുപ്പ് അരങ്ങേറുന്നത്. സീനിയര്‍, ജൂനിയര്‍ ബ്രാഞ്ചുകളിലെ തെരഞ്ഞെടുപ്പ് ഇന്നും അമ്മാന്‍, ഖൈത്താന്‍ ബ്രാഞ്ചുകളിലെ തെരഞ്ഞെടുപ്പ് നാളെയുമാണ് നടക്കുക. വൈകീട്ട് അഞ്ച് മണി മുതല്‍ എട്ട് മണി വരെയാണ് സമയം. രക്ഷിതാക്കളുടെ പ്രതിനിധികളാണ് പി.എ.സി അംഗങ്ങള്‍. സ്കൂള്‍ നടത്തിപ്പ് നിയന്ത്രിക്കുന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റീസിലേക്ക് ഓരോ പി.എ.സിയില്‍നിന്നും ഓരോ പ്രതിനിധികളെ തെരഞ്ഞെടുക്കാറുമുണ്ട്. ഇത് കൂടാതെ ബോര്‍ഡ് നിര്‍ദേശിക്കുന്ന ഒരു പ്രതിനിധിയുമുണ്ടാവും. എന്നാല്‍, പലപ്പോഴും ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്‍െറ നിയന്ത്രണത്തിലാണ് പി.എ.സികള്‍ പ്രവര്‍ത്തിക്കാറ്. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ മിക്ക പി.എ.സി അംഗങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവാറില്ലെന്ന് കാലങ്ങളായി ആക്ഷേപമുണ്ട്. അതേസമയം, ചില പി.എ.സി അംഗങ്ങള്‍ ബോര്‍ഡിന്‍െറ ആജ്ഞാനുവര്‍ത്തികളാവാതെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി നിലകൊള്ളാറുമുണ്ട്. ഇത്തരക്കാരുടെ കഠിന പ്രയത്നത്തിന്‍െറ ഫലമായാണ് രക്ഷിതാക്കള്‍ക്ക് അമിത ഭാരമാവുകയും മാനേജ്മെന്‍റിന് കൊള്ളലാഭം നേടിക്കൊടുക്കുകയും ചെയ്യുന്ന യൂനിഫോം മാറ്റത്തിന് താല്‍ക്കാലികമായെങ്കിലും തടയിടാനായത്. ഇവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് യൂനിഫോം മാറ്റാനെന്ന പേരില്‍ രക്ഷിതാക്കളില്‍നിന്ന് വന്‍ തുക ഈടാക്കാനുള്ള നീക്കത്തില്‍നിന്ന് ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന് പിന്തിരിയേണ്ടിവരികയായിരുന്നു. ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്‍െറ ഇഛക്കൊത്ത് തുള്ളുന്നവരെ പാനലാക്കി മത്സരിപ്പിച്ച് വിജയിപ്പിച്ച്് പി.എ.സിയിലെത്തിക്കുക എന്നതാണ് കാലങ്ങളായി നടപ്പാവുന്നത്. എന്നാല്‍, യൂനിഫോം വിവാദത്തിന്‍െറ ഭാഗമായി രക്ഷിതാക്കള്‍ക്കിടയിലുണ്ടായ ഉണര്‍വിന്‍െറ ഫലമായി ഇത്തവണ മറ്റു പാനലുകളും രംഗത്തുണ്ട്. പാനലായി തന്നെ മത്സരിക്കണമെന്നില്ലെങ്കിലും ബോര്‍ഡിന്‍െറ പിന്തുണയുള്ളവര്‍ രൂപവല്‍ക്കരിക്കുന്ന പാനലിലുള്ളവര്‍ വോട്ടുപിടിച്ച് വിജയിച്ചുകയറുകയാണ് പതിവ്. ഏത് രക്ഷിതാവിനും മത്സരിക്കാമെങ്കിലും ഒറ്റക്ക് രംഗത്തിറങ്ങുന്നവര്‍ക്ക് ജയിച്ചുകയറുക പ്രയാസമാണ്. ഇത്തവണ അമ്മാന്‍ ബ്രാഞ്ചിലും ജൂനിയര്‍ ബ്രാഞ്ചിലും ‘ദ വോയ്സ് ഓഫ് ചേഞ്ച്’ എന്ന പേരിലുള്ള പാനല്‍ മത്സര രംഗത്തുണ്ട്. സ്കൂളിന്‍െറ നന്മക്കുവേണ്ടി തങ്ങളെ വിജയിപ്പിക്കുക എന്നാണ് ഇവര്‍ അഭ്യര്‍ഥിക്കുന്നത്. യൂനിഫോം വിവാദ ഘട്ടത്തില്‍ രക്ഷിതാക്കളെ ഒരുമിച്ചുകൂട്ടാനും വന്‍ തുക ഈടാക്കുന്ന അനീതിക്കെതിരെ ഒന്നിച്ചുനില്‍ക്കാനും മുന്‍കൈയെടുത്ത രക്ഷിതാക്കളുടെ കൂട്ടായ്മയാണ് പി.എ.സിയില്‍ പ്രാതിനിധ്യം പ്രതീക്ഷിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. ഖൈത്താന്‍ ബ്രാഞ്ചിലും ഇത്തരത്തിലുള്ള രക്ഷിതാക്കളുടെ സംഘം മത്സര രംഗത്തുണ്ട്. സ്കുളിന്‍െറ നിലനില്‍പ്പിന് നിലവിലെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് തന്നെ തുടരണമെന്നും അതുകൊണ്ട് അവരെ പിന്തുണക്കുന്ന തങ്ങളെ വിജയിപ്പിക്കണമെന്നുമാണ് ബോര്‍ഡിന്‍െറ പിന്തുണയുള്ള പാനലുകള്‍ നടത്തുന്ന പ്രചരണം. നിലവിലെ ബോര്‍ഡ് മാറിയാല്‍ സ്കൂള്‍ കൈവിട്ടുപോകുമെന്നും സ്പോണ്‍സറായ കുവൈത്തി കൈയടക്കുമെന്നുമൊക്കെ പറഞ്ഞ് രക്ഷിതാക്കളെ ഭയപ്പെടുത്തുകയാണ് പതിവുപോലെ ഇവര്‍ ചെയ്യുന്നത്. ഉത്തരേന്ത്യക്കാര്‍ ബോര്‍ഡിന്‍െറ നിയന്ത്രണം കൈക്കലാക്കിയാല്‍ മലയാളി രക്ഷിതാക്കള്‍ കുടുങ്ങുമെന്നുള്ള പ്രചരണവുമുണ്ട്. ഇതിനിടെ, ബോര്‍ഡ് ഓഫ് ട്രസ്റ്റീസില്‍നിന്ന് രണ്ടു പേരെ ഒഴിവാക്കുന്നതിനായി കഴിഞ്ഞമാസം നടന്ന വോട്ടെടുപ്പിനിടെയുണ്ടായ ചേരിതിരിവ് പി.എ.സി തെരഞ്ഞെടുപ്പിലും പ്രകടമായിട്ടുണ്ട്. ബോര്‍ഡിന്‍െറ പിന്തുണയോടെ രംഗത്തുള്ള പാനലുകള്‍ക്കകത്തും ചിലരുടെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി അസ്വാരസ്യങ്ങളുണ്ടെന്നാണ് സൂചന. |
കൂടങ്കുളം ആണവനിലയം കമീഷന്‍ ചെയ്യുന്നത് മാറ്റിവെച്ചു Posted: 14 May 2013 10:00 PM PDT ചെന്നൈ: കൂടങ്കുളം ആണവനിലയം കമീഷന്‍ ചെയ്യുന്നത് ഒരു മാസത്തേക്ക് നീട്ടിവെച്ചു. ഈ മാസം കമീഷന്‍ ചെയ്യാനിരുന്ന 1000 മെഗാവാട്ടിന്റെ ആദ്യ യൂനിറ്റിന്റെ പ്രവര്‍ത്തനമാണ് ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍.പി.സി.ഐ.എല്‍) അടുത്ത മാസത്തേക്ക് നീട്ടിവെച്ചത്. 99.66 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനവും കഴിഞ്ഞ ആദ്യ യൂനിറ്റ് കമീഷന്‍ ചെയ്യുന്നതിന് മെയ് ആറിന് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. സുപ്രീംകോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാനാണ് കമീഷന്‍ നീട്ടിവെച്ചതെന്നാണ് സൂചന. സുരക്ഷയും പരിസ്ഥിതിപ്രശ്നങ്ങളും മുന്‍നിര്‍ത്തി പാലിക്കേണ്ട 15 മാനദണ്ഡങ്ങളാണ് ആദ്യ യൂനിറ്റ് കമീഷന്‍ ചെയ്യാന്‍ അനുമതി നല്‍കികൊണ്ട് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. നിലയത്തിന്റെസുരക്ഷ, പരിസ്ഥിതി ആഘാതം, നിലയത്തിലെ ഉപകരണങ്ങളുടെ ഗുണനിലവാരം എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പ് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. റഷ്യയുടെ സഹകരണത്തോടെ തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ 1000 മെഗാവാട്ടിന്റെ രണ്ട് രണ്ട് ആണവ നിലയങ്ങളാണ് എന്‍.പി.സി.ഐ.എല്‍ നിര്‍മ്മിക്കുന്നത്. |
അട്ടപ്പാടിയില്‍ പോഷകാഹാര വിതരണ പദ്ധതി പാളി Posted: 14 May 2013 08:35 PM PDT പാലക്കാട്: ശിശുമരണം തുടര്‍ക്കഥയായ അട്ടപ്പാടിയില്‍ അങ്കണവാടികളിലൂടെ പോഷകാഹാര വിതരണ പദ്ധതി പാളി. മൂന്ന് ഗ്രാമപഞ്ചായത്തുകളിലായി പ്രവര്‍ത്തിക്കുന്ന 172 അങ്കണവാടികളില്‍ ഭൂരിഭാഗത്തിലും പുതിയ പ്രഖ്യാപന പ്രകാരമുള്ള ആഹാരവിതരണം നടക്കുന്നില്ല. പ്രാക്തന ഗോത്രവര്‍ഗ മേഖലയിലെ 20 അങ്കണവാടികളില്‍ പദ്ധതി ആരംഭിച്ചിട്ടുമില്ല. കഴിഞ്ഞ നാല് മാസത്തിനിടെ 21 കുട്ടികള്‍ മരിച്ച അട്ടപ്പാടിയില്‍ അങ്കണവാടികളിലൂടെ പാല്‍, മുട്ട, നേന്ത്രപ്പഴം എന്നിവ ദിവസവും മാറിമാറി വിതരണം ചെയ്യുമെന്ന പ്രഖ്യാപനമാണ് ഫണ്ടില്ലായ്മമൂലം പ്രാവര്‍ത്തികമാകാത്തത്. സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം അട്ടപ്പാടിയിലെ ദുരവസ്ഥ പരിഹാരമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് പോഷകാഹാര വിതരണം തടസ്സപ്പെട്ടത്. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, പട്ടികവര്‍ഗ ക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി എന്നിവരുടെ അട്ടപ്പാടി സന്ദര്‍ശനത്തെ തുടര്‍ന്ന്, അഗളി ഗ്രാമപഞ്ചായത്തിലെ ധോണികുണ്ട് ആദിവാസി ഊരിലെ അങ്കണവാടിയില്‍ മേയ് രണ്ടിനാണ് പോഷകാഹാര വിതരണ പദ്ധതി തുടങ്ങിയത്. ആരംഭദിവസം പാല്‍ വിതരണം ചെയ്തെങ്കിലും പിന്നീട് ഉണ്ടായില്ല. പഞ്ചായത്തില്‍ നിന്ന് ഫണ്ട് ലഭിക്കാത്തതാണ് കാരണമെന്ന് അങ്കണവാടിക്കാര്‍ പറയുന്നു. ജീവനക്കാരുടെ ശ്രമഫലമായി പണം പിരിച്ച് ഒരു ദിവസം കൂടി ആഹാരം നല്‍കി. നടപ്പ് സാമ്പത്തിക വര്‍ഷം അഗളി ഗ്രാമപഞ്ചായത്ത് 60 ലക്ഷം രൂപയാണ് ആഹാരവിതരണത്തിന് നീക്കിവെച്ചതെങ്കിലും ഇതില്‍ 18 ലക്ഷം രൂപ കഴിഞ്ഞ വര്‍ഷത്തെ കുടിശ്ശികയാണ്. നീക്കിവെച്ച തുകയില്‍ നിന്ന് വിതരണം ഇതുവരെ നടന്നിട്ടില്ല. പ്രാക്തന ഗോത്ര വിഭാഗം താമസിക്കുന്ന ആനവായ്, ഗലസി തുടങ്ങിയ ഊരുകളില്‍ പാലും മുട്ടയും ഇതുവരെ വിതരണം ചെയ്തിട്ടില്ല. വല്ലപ്പോഴും കഞ്ഞിയും പയറുമാണ് ഇവിടെ നല്‍കുന്നത്. ചില ആദിവാസി ഊരുകളിലെ അങ്കണവാടികളില്‍ ജീവനക്കാരുടെ ശ്രമംകൊണ്ടാണ് ആഹാര വിതരണം നടക്കുന്നത്. ആദിവാസികള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അങ്കണവാടികള്‍ പഞ്ചായത്തുകളുടെ കീഴിലായതിനാല്‍ പോഷകാഹാര വിതരണത്തിന് ഈ പദ്ധതികള്‍ ഉപകരിക്കുന്നില്ല. അഹാഡ്സിന്‍െറ പ്രവര്‍ത്തനവും തൊഴിലുറപ്പ് പദ്ധതിയും നിലച്ചതുമൂലം തൊഴിലില്ലായ്മയും പട്ടിണിയും വ്യാപകമായ അട്ടപ്പാടിയില്‍ 1000 സ്ത്രീകള്‍ പോഷകാഹാരമില്ലാത്തതുമൂലം അവശരാണെന്ന് ആരോഗ്യ വകുപ്പ് അടുത്തിടെ നടത്തിയ സര്‍വേയില്‍ വ്യക്തമായിരുന്നു. ഇതില്‍ ഗര്‍ഭിണികളും ഉള്‍പ്പെടും. കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പാക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അങ്കണവാടികളിലെത്തുന്നവര്‍ക്ക് ഇവ നല്‍കാന്‍ തീരുമാനമായത്. ഉള്‍പ്രദേശത്തെ ഊരുകളില്‍ ആഹാരമെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. ശിശുമരണം വ്യാപകമായ പശ്ചാത്തലത്തില്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ സ്പെഷല്‍ ഓഫിസറായി സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ടെങ്കിലും ഇത്തരം ഊരുകളില്‍ ആഹാരം എത്തിക്കുന്നതിനും നടപടിയായിട്ടില്ല. അങ്കണവാടികള്‍ക്കായി ഒരു സൂപ്പര്‍വൈസര്‍ മാത്രമായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. മന്ത്രിമാരുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് അഞ്ചുപേരെ കൂടി നിയമിച്ചെങ്കിലും ഇവര്‍ക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല. മൂന്ന് പഞ്ചായത്തുകളിലായി ഓരോ മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചെങ്കിലും ഇതില്‍ ഒന്ന് കട്ടപ്പുറത്താണ്. ഡോക്ടര്‍മാരും നഴ്സുമാരുമായി അട്ടപ്പാടിയില്‍ 75 പേരെ പുതുതായി നിയമിക്കുമെന്ന പ്രഖ്യാപനവും നടപ്പായിട്ടില്ല. കരാര്‍ അടിസ്ഥാനത്തില്‍ ഒരു ഗൈനക്കോളജിസ്റ്റിനെയും നാല് നഴ്സുമാരെയും മാത്രമേ നിയമിച്ചിട്ടുള്ളൂ. അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി അട്ടപ്പാടിയിലേക്ക് കേന്ദ്ര ഉദ്യോഗസ്ഥ സംഘത്തെ അയക്കുമെന്ന് കേന്ദ്രമന്ത്രി കെ.വി. തോമസ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പോഷകാഹാര വിതരണം പോലുള്ള പദ്ധതികള്‍ കാര്യക്ഷമമാക്കിയില്ലെങ്കില്‍ ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. |
No comments:
Post a Comment