സ്വാഗതം
WELCOME

News Update..

Thursday, May 9, 2013

എത്തിക്സ് കമ്മിറ്റിയുടെ തീരുമാനം എന്തായാലും അംഗീകരിക്കും -പി.സി ജോര്‍ജ് Madhyamam News Feeds

എത്തിക്സ് കമ്മിറ്റിയുടെ തീരുമാനം എന്തായാലും അംഗീകരിക്കും -പി.സി ജോര്‍ജ് Madhyamam News Feeds

Link to

എത്തിക്സ് കമ്മിറ്റിയുടെ തീരുമാനം എന്തായാലും അംഗീകരിക്കും -പി.സി ജോര്‍ജ്

Posted: 09 May 2013 12:39 AM PDT

Image: 

തിരുവനന്തപുരം: പരാമര്‍ശങ്ങളിലുടെ ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും നിയമസഭ എത്തിക്സ് കമ്മിറ്റിയുടെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ എല്ലാകാര്യങ്ങളും തുറന്നുപറഞ്ഞിട്ടുണ്ടെന്നും കമ്മിറ്റിയില്‍ പറഞ്ഞത് പുറത്ത് പറയനാവില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുന്‍മന്ത്രി ഗണേഷ്കുമാര്‍ വിവാദത്തില്‍ കെ.ആര്‍ ഗൗരിയമ്മയെ അവഹേളിക്കുന്ന തരത്തില്‍ പി.സി ജോര്‍ജ് നടത്തിയ പരമാര്‍ശങ്ങളാണ് എത്തിക്സ് കമ്മിറ്റി അന്വേഷിക്കുന്നത്. പി.സി ജോര്‍ജിന്റെപരാമര്‍ശങ്ങള്‍ക്കെതിരെ സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനാണ് സ്പീകര്‍ക്ക് പരാതി നല്‍കിയത്. സ്പീക്കറുടെ അനുമതിയോടെ പി.സി ജോര്‍ജിനെ നിയമസഭാ എത്തിക്സ് കമ്മിറ്റി നേരിട്ട് വിളിച്ചു വരുത്തി വിശദീകരണം തേടുകയായിരുന്നു. കെ.മുരളീധരനാണ് എത്തിക്സ് കമ്മിറ്റി ചെയര്‍മാന്‍.

ജോര്‍ജിനെ അന്വേഷിച്ച് നിയമസഭയില്‍ ഒരു സ്ത്രീയും കുഞ്ഞും വന്നിരുന്നെന്നും അവര്‍ക്ക് 2000 രൂപ നല്‍കി മടക്കി അയച്ചത് താനാണെന്നും ഗൗരിയമ്മ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഗൗരിയമ്മയെ അവഹേളിക്കുന്ന തരത്തില്‍ ജോര്‍ജ് പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തില്‍ ജോര്‍ജ് പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.

ഹയര്‍സെക്കന്‍ഡറി: ജില്ലയില്‍ 78.88 ശതമാനം വിജയം

Posted: 09 May 2013 12:09 AM PDT

കാസര്‍കോട്: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ 78.88 ശതമാനം വിജയം. 177 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ളസ് നേടി. കഴിഞ്ഞവര്‍ഷത്തെ വിജയ ശതമാനം 85.34  ആയിരുന്നു. 11,773  കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.  9287 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.
ഓപണ്‍ സ്കൂള്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 1605 കുട്ടികളില്‍ 639 പേരാണ് വിജയിച്ചത് -39.44 ശതമാനം.
വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജില്ലയില്‍ 88.43 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. പരീക്ഷ എഴുതിയ 1210 പേരില്‍ 1070 പേര്‍ വിജയിച്ചു. 1018 പേര്‍ പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് എന്നിവയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.

പ്ളസ്ടു: ജില്ലയില്‍ 82.85 ശതമാനം വിജയം

Posted: 09 May 2013 12:04 AM PDT

കണ്ണൂര്‍: 2012-13 വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ 82.85 ശതമാനം വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി. മുന്‍കാല വര്‍ഷങ്ങളേക്കാള്‍ കുറവാണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷം 88.5 ശതമാനമായിരുന്നു വിജയം.
ജില്ലയിലെ 154 വിദ്യാലയങ്ങളില്‍നിന്നായി 25,813 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 21,386 കുട്ടികള്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി.
നൂറുമേനി നേടിയ സ്കൂളുകളുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏഴ് ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ നൂറുശതമാനം കൊയ്തപ്പോള്‍ ഇത്തവണ രണ്ട് വിദ്യാലയങ്ങള്‍ക്ക് മാത്രമാണ് ഈ നേട്ടത്തിന് ഉടമകളാകാന്‍ കഴിഞ്ഞത്. കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പരീക്ഷ എഴുതിയ 222 കുട്ടികളും ചിറക്കല്‍കുളം ദീനുല്‍ ഇസ്ലാം സഭ ഹയര്‍സെക്കന്‍ഡറിയില്‍ പരീക്ഷ എഴുതിയ 21 വിദ്യാര്‍ഥികളും വിജയിച്ചു.
419 കുട്ടികളാണ് മുഴുവന്‍ വിഷയത്തിലും എ പ്ളസ് നേടിയത്. കഴിഞ്ഞ വര്‍ഷം 246 കുട്ടികളാണ് മുഴുവന്‍ വിഷയത്തിലും എ പ്ളസ് നേടിയത്.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇത്തവണ ജില്ലയില്‍ വിജയശതമാനം കുറഞ്ഞിരുന്നു. ഇതിനുപിന്നാലെ വന്ന പ്ളസ്ടു പരീക്ഷാഫലത്തിലും ജില്ല പിന്നാക്കംപോകുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. എന്നാല്‍, സംസ്ഥാനതലത്തില്‍ കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തായിരുന്ന കണ്ണൂരിന് ഇക്കുറി മൂന്നാംസ്ഥാനത്തെത്താന്‍ കഴിഞ്ഞു.
ഓപണ്‍ വിഭാഗത്തില്‍ 4,427 പേരാണ് പരീക്ഷ എഴുതിയത്. ഇവരില്‍ 1,370 പേര്‍ ഉന്നതപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. വിജയശതമാനം 30.95.
സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. 76 ഗവ. ഹയര്‍ക്കെന്‍ഡറി വിദ്യാലയങ്ങളില്‍ 24 വിദ്യാലയങ്ങള്‍ 90 ശതമാനത്തിലധികം കുട്ടികളെ ഉന്നത പഠനത്തിന് യോഗ്യരാക്കി വിജയശതമാനത്തിന് മാറ്റുകൂട്ടി.
വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒരു വിദ്യാലയവും നൂറുമേനി നേടിയിട്ടില്ല. 90 ശതമാനത്തിലേറെ നേട്ടം കൈവരിക്കാന്‍ അഞ്ച് വിദ്യാലയങ്ങള്‍ക്കായപ്പോള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 47 വിദ്യാലയങ്ങള്‍ക്ക് 90 ശതമാനത്തില്‍ കൂടുതല്‍ വിജയം നേടാനായി.
 

വി.എസിനെതിരായ നടപടി പി.ബി അജണ്ടയിലില്ല -യെച്ചൂരി

Posted: 08 May 2013 11:34 PM PDT

Image: 

ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരെയുള്ള നടപടി പൊളിറ്റ് ബ്യൂറോയുടെ അജണ്ടയിലില്ലെന്ന് പി.ബി അംഗം സീതാറാം യെച്ചൂരി. എന്നാല്‍, ആരെങ്കിലും വിഷയം ഉന്നയിച്ചാല്‍ ചര്‍ച്ച ചെയ്തേക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെഅഴിമതിയും പൊതുതെരഞ്ഞെടുപ്പടക്കമുള്ള നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമാണ് അജണ്ടയിലുള്ളതെന്ന് സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

വെള്ളിയാഴ്ചയാണ് പൊളിറ്റ് ബ്യൂറോ യോഗം ആരംഭിക്കുന്നത്.

ഹയര്‍സെക്കന്‍ഡറി: ജില്ലയില്‍ വിജയശതമാനം കുറഞ്ഞു

Posted: 08 May 2013 11:19 PM PDT

പാലക്കാട്: എസ്.എസ്.എല്‍.സിക്ക് പിന്നാലെ ഹയര്‍സെക്കന്‍ഡറിയിലും ജില്ല പിന്നില്‍. 2011-12 ലെ 82.6 ശതമാനത്തില്‍ നിന്ന് ഏറെ താഴെയാണ് ഇത്തവണത്തെ വിജയശതമാനം. 140 സ്കൂളിലെ സ്കൂള്‍ ഗോയിങ് വിഭാഗത്തില്‍ പരീക്ഷയെഴുതിയ 23,806 പേരില്‍ 18,073 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. വിജയശതമാനം 75.92. ഓപണ്‍ സ്കൂള്‍ വിഭാഗത്തില്‍ 7257 പേര്‍ പരീക്ഷക്കിരുന്നതില്‍ കേവലം 30.99 ശതമാനത്തിന് മാത്രമേ ഉപരിപഠനത്തില്‍ യോഗ്യത നേടാനായുള്ളൂ- 2249 പേര്‍. സ്കൂള്‍ ഗോയിങ് വിഭാഗത്തില്‍ 2011 - 12 ല്‍ 82.6 ഉം 2010-11 ല്‍ 76.8 ഉം ആയിരുന്നു വിജയശതമാനം. ഓപണ്‍ സ്കൂള്‍ വിഭാഗത്തില്‍ കഴിഞ്ഞവര്‍ഷം 45.97 ആയിരുന്നു വിജയശതമാനം. ഇത്തവണ ഓപണ്‍ സ്കൂളുകാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.  അതേസമയം സ്കൂള്‍ ഗോയിങ്, ഓപണ്‍ സ്കൂള്‍ വിഭാഗക്കാരെ ഒന്നായി പരിഗണിച്ചാല്‍ വിജയശതമാനം 65.42 മാത്രമാണ്. രണ്ട് വിഭാഗങ്ങളിലും 31,063 പേര്‍ പരീക്ഷ എഴുതിയതില്‍ 20,322 പേരാണ് ഉപരിപഠനയോഗ്യത നേടിയത്.
 

പ്ളസ്ടു: ജില്ലക്ക് 82.08 ശതമാനം വിജയം

Posted: 08 May 2013 11:13 PM PDT

മലപ്പുറം: ഹയര്‍സെക്കന്‍ഡറിയില്‍ ജില്ലയുടെ വിജയശതമാനം താണു. 82.08 ശതമാനമാണ് ഇത്തവണത്തെ വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.91 ശതമാനം കുറവ്. 42,185 പേര്‍ പരീക്ഷ എഴുതിയതില്‍ 34,627 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 478 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് നേടി.
 മുന്‍വര്‍ഷം 220 പേര്‍ക്കായിരുന്നു എ പ്ളസ്. ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 89.9 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 416 പേരില്‍ 374 പേര്‍ വിജയിച്ചു. 20 പേര്‍ എ പ്ളസ് കരസ്ഥമാക്കി. മുന്‍വര്‍ഷം 94.60 ശതമാനം വിജയത്തോടെ 403 പേര്‍ ഉപരിപഠനത്തിന് യോഗ്യരായിരുന്നു. ഓപണ്‍ സ്കൂള്‍ വിഭാഗത്തിലും 33.08 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 14,713 കുട്ടികളില്‍ 4867 പേര്‍ക്ക് മാത്രമാണ് ഉപരിപഠന യോഗ്യത നേടാനായത്. കഴിഞ്ഞവര്‍ഷം ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ 51.69 ശതമാനമായിരുന്നു വിജയം.
വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി  പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗത്തില്‍ 88.89 ശതമാനവും പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗത്തില്‍  92.94 ശതമാനവുമാണ് വിജയം.
എച്ച്.എസ്.എസ് വിഭാഗത്തില്‍ ഏഴും വി.എച്ച്.എസ്.ഇയില്‍ ഏഴും സ്കൂളുകള്‍ നൂറുശതമാനം വിജയം നേടി. ഹയര്‍സെക്കന്‍ഡറിയില്‍ നൂറുമേനി നേടിയ സ്കൂളുകളില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്ല. ഇരുമ്പുഴി ജി.എച്ച്.എസ്.എസിന് ഒരു കുട്ടിയുടെ തോല്‍വിയിലാണ് നൂറുമേനി പോയത്. കഴിഞ്ഞ വര്‍ഷം രണ്ട് സര്‍ക്കാര്‍ സ്കൂളുകളടക്കം 17 സ്കൂളുകളാണ് നൂറുമേനി നേടിയത്. ഇത്തവണ വി.എച്ച്.എസ്.ഇ പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗത്തില്‍ അഞ്ച് സര്‍ക്കാര്‍ സ്കൂളുകള്‍ നൂറു ശതമാനവും പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗത്തില്‍ പത്ത് സ്കൂളുകളും നൂറുമേനി നേടി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തിയ എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസ് ഒമ്പതാം തവണയും നൂറുശതമാനം വിജയം നേടി. 32 കുട്ടികള്‍ ഈ സ്കൂളില്‍നിന്ന് എപ്ളസ് നേടി. സ്കൂളിലെ കൊമേഴ്സ് വിദ്യാര്‍ഥി അര്‍ജുന്‍ ശ്രീധര്‍ മുഴുവന്‍ മാര്‍ക്കും നേടി സംസ്ഥാനത്തലത്തില്‍ ഒന്നാമനായി. 2010ല്‍ 74.53 ശതമാനമായിരുന്നു ജില്ലയിലെ ഹയര്‍സെക്കന്‍ഡറി വിജയം. 2011ല്‍ വിജയം 83.32 ശതമാനമായി. 2012ല്‍ വിജയം 88.99 ശതമാനമായി കുതിച്ചുയര്‍ന്നു. മുന്‍വര്‍ഷത്തേക്കാള്‍ 5.67 ശതമാനത്തിന്‍െറ വര്‍ധന. കഴിഞ്ഞ വര്‍ഷം ജില്ലയിലെ ഫലം സംസ്ഥാനശരാശരിയേക്കാള്‍ 0.9 ശതമാനം ഉയര്‍ന്നിരുന്നു. അതേസമയം, ഇക്കുറി വിജയശതമാനം കുറഞ്ഞെങ്കിലും ഉപരിപഠനത്തിന് യോഗ്യത നേടിയവരുടെ എണ്ണത്തില്‍ 1636 പേരുടെ വര്‍ധനയുണ്ട്.

പ്ളസ്ടു: ജില്ലയില്‍ വിജയശതമാനം കുറഞ്ഞു, എ പ്ളസ് കൂടി

Posted: 08 May 2013 11:09 PM PDT

കൊല്ലം: പ്ളസ് ടു പരീക്ഷയില്‍ ജില്ലയിലെ വിജയശതമാനത്തില്‍ കുറവ്. കഴിഞ്ഞവര്‍ഷം 90.41 ആയിരുന്ന വിജയശതമാനം  ഇക്കുറി 81.33 ശതമാനമായാണ് കുറഞ്ഞത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയവരുടെ എണ്ണം ഇത്തവണകൂടി. 502 വിദ്യാര്‍ഥികളാണ് എല്ലാ വിഷയങ്ങളിലും എ പ്ളസോടെ വിജയിച്ചത്. കഴിഞ്ഞവര്‍ഷം എല്ലാ വിഷയത്തിലും എ പ്ളസ് സ്വന്തമാക്കിയവരുടെ എണ്ണം 340 ആയിരുന്നു.
ജില്ലയിലെ 126 സ്കൂളുകളിലായി 24,336  വിദ്യാര്‍ഥികളാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 24,240 പേര്‍ പരീക്ഷയെഴുതി. 19,715 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. മുന്‍വര്‍ഷം 22,573 പേര്‍ പരീക്ഷയെഴുതിയതില്‍ 20,409 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. ജില്ലയില്‍ രണ്ട് സ്കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. കൈതക്കുഴി നെഹ്റു മെമ്മോറിയല്‍ എച്ച്.എസ്.എസും അഞ്ചല്‍ ശബരിഗിരി എച്ച്.എസ്.എസും ആണ് നൂറുമേനി നേടിയത്. കൈതക്കുഴി സ്കൂളില്‍ 37 പേരും ശബരിഗിരിയില്‍ 96 പേരുമാണ് പരീക്ഷക്കിരുന്നത്.
കഴിഞ്ഞകൊല്ലം കൈതക്കുഴി, ശബരിഗിരി സ്കൂളുകള്‍ക്കൊപ്പം വാളകം സി.എസ്.ഐ വൊക്കേഷനല്‍ എച്ച്.എസ് ആന്‍ഡ് എച്ച്.എസ്.എസ് ഫോര്‍ ഡഫും നൂറുശതമാനം വിജയം നേടിയിരുന്നു.
 ഇക്കുറി വാളകം സി.എസ്.ഐ സ്കൂളിന് നേരിയ വ്യത്യാസത്തില്‍ നൂറുമേനി നഷ്ടമായി. 29 പേര്‍ പരീക്ഷക്കിരുന്ന ഇവിടെ 28 പേര്‍ ഉപരിപഠന യോഗ്യതനേടി. ഒരാള്‍ പരാജയപ്പെട്ടതോടെ സ്കൂളിന്‍െറ വിജയശതമാനം 96.55 ആയി കുറഞ്ഞു. ജില്ലയില്‍ 26 സ്കൂളുകള്‍  90 ശതമാനത്തിലേറെ വിജയം നേടി. 90 ശതമാനത്തിലധികം  വിജയം നേടിയ സ്കൂളുകള്‍:  ഗവ.ബി.എച്ച്.എസ്.എസ് ചവറ-91.71  ശതമാനം, ഗവ.മോഡല്‍ ബോയ്സ് എച്ച്.എസ്.എസ് തേവള്ളി,കൊല്ലം- 93.36, ഗവ.ബോയ്സ് എച്ച്.എസ്.എസ് കൊട്ടാരക്കര-90.88, ഗവ.എച്ച്.എസ്.എസ് കുഴിമതിക്കാട്- 90.66, ഗവ.എച്ച്.എസ്.എസ് ഒറ്റക്കല്‍- 92.98, ഗവ.എച്ച്.എസ്.എസ് വള്ളിക്കീഴ്- 94.48, ഗവ.എച്ച്.എസ്.എസ് അഞ്ചല്‍ വെസ്റ്റ്- 94.92, മീനാക്ഷി വിലാസം എച്ച്.എസ്.എസ് പേരൂര്‍-90.91, ഗവ.എച്ച്.എസ്.എസ് ചാത്തന്നൂര്‍- 92.34, ഗവ.എച്ച്.എസ്.എസ് പുത്തൂര്‍- 95.03, എം.കെ.എല്‍.എം.എച്ച്.എസ്.എസ് കണ്ണനല്ലൂര്‍- 93.10, വിമല ഹൃദയാ എച്ച്.എസ്.എസ് കൊല്ലം- 92.24, വി.ജി.എസ്.എസ് അംബികോദയം എച്ച്.എസ്.എസ് കുന്നത്തൂര്‍ ഈസ്റ്റ്- 92.31, ടി.കെ.എം.എച്ച്.എസ്. കരിക്കോട്- 90.00, എസ്.വി.ആര്‍. വി.എച്ച്.എസ്. വെണ്ടാര്‍- 92.72, സെന്‍റ്ജോസഫ് കോണ്‍വന്‍റ് എച്ച്.എസ്.എസ് കൊല്ലം- 96.75, സെന്‍റ് ജോണ്‍സ് എച്ച്.എസ്.എസ് കാരുവേലില്‍- 95.74, ടി.കെ.ഡി.എം ജി.വി.എച്ച്.എസ്.എസ് കടപ്പാക്കട- 92.11, ഗവ.എച്ച്.എസ്.എസ് ചിതറ- 95.74, ഗവ.എച്ച്.എസ് കുളക്കട- 95.76, എസ്.എന്‍ ട്രസ്റ്റ് എച്ച്.എസ്.എസ് പുനലൂര്‍- 90.72, സെന്‍റ് തോമസ്് എച്ച്.എസ്.എസ് പുനലൂര്‍- 92.47.
ഓപണ്‍ സ്കൂള്‍ വിഭാഗത്തില്‍ ജില്ലയിലെ വിജയശതമാനത്തില്‍ ഈവര്‍ഷം ഇടിവുണ്ടായി. 34.61 ആണ് വിജയശതമാനം. മുന്‍വര്‍ഷം ഇത് 54.67 ആയിരുന്നു. 2932 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 2895 പേര്‍ പരീക്ഷക്കെത്തി. 1002 പേര്‍ വിജയിച്ചു. കഴിഞ്ഞവര്‍ഷം ഓപണ്‍ സ്കൂള്‍ വിഭാഗത്തില്‍ 2850 പേര്‍ പരീക്ഷയെഴുതിയതില്‍ 1558 പേരായിരുന്നു ഉപരിപഠന യോഗ്യതനേടിയത്.
 

ജില്ലയില്‍ 81.61 ശതമാനം വിജയം

Posted: 08 May 2013 11:03 PM PDT

തിരുവനന്തപുരം: പ്ളസ് ടു പരീക്ഷയില്‍ തലസ്ഥാന ജില്ലയില്‍ 81.61 ശതമാനം വിജയം. 546 പേര്‍ മുഴുവന്‍ വിഷയത്തിനും എ  പ്ളസ് നേടി.  വിജയശതമാനം കുറഞ്ഞതിനൊപ്പം ഒരു സ്കൂളിന് മാത്രമേ നൂറുമേനി നേടാനായുള്ളൂ. 30,290 പേര്‍ പരീക്ഷയെഴുതിയതില്‍ 24,720 പേരെ വിജയിപ്പിച്ചാണ് ജില്ല മികച്ച വിജയമെന്ന നേട്ടം കൊയ്തത്. ഓപണ്‍ സ്കൂളില്‍ 31.06 ശതമാനവും വി.എച്ച്.എസ്.സിയില്‍ 85 . 13 ശതമാനവും ടെക്നിക്കല്‍ വിഭാഗത്തില്‍ 53.21 ശതമാനവും വിജയം ജില്ല നേടി. ജില്ലയിലെ വിവിധ സ്കൂളുകളിലെ ഏഴുപേര്‍ നൂറുമേനി നേടിയതും  വി.എച്ച്.എസ്.സിയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയ സംസ്ഥാനത്തെ മൂന്നുപേരില്‍ ഒരാള്‍ ജില്ലയില്‍ നിന്നായതും മറ്റൊരു പൊന്‍തൂവല്‍ കൂടിയായി. അണ്‍ എയ്ഡഡ് സ്കൂളായ നെല്ലിമൂട് സെന്‍റ് ക്രിസോസ്റ്റം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാത്രമാണ് ഇത്തവണ ജില്ലയില്‍  നിന്ന് നൂറുമേനി നേടിയത്. എന്നാല്‍ 23 സര്‍ക്കാര്‍ സ്കൂളുകളും നാല് എയ്ഡഡ് സ്കൂളുകളും ജില്ലയില്‍ 90 ശതമാനത്തിലധികം വിജയം നേടി. അണ്‍എയ്ഡഡ് വിഭാഗത്തില്‍ 14 സ്കൂളുകള്‍ക്കാണ് ഈ നേട്ടമുണ്ടായത്. കന്യാകുളങ്ങര ഗേള്‍സ് എച്ച്.എസ്.എസ് 98.32 , ആലംകോട് വി.എച്ച്.എസ്.എസ്  98.26, ആറ്റിങ്ങല്‍ ബോയ്സ് എച്ച്.എസ്.എസ് 96.66 ശതമാനവും വിജയം നേടി സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനം നേടി മികച്ചുനിന്നു. 94.94 ശതമാനം നേടിയ പട്ടം സെന്‍റ് മേരീസ് എച്ച്.എസ്.എസ്, 91.84 ശതമാനം വിജയം നേടിയ പാല്‍ക്കുളങ്ങര എന്‍.എസ്.എസ് സ്കൂള്‍, 90.97 ശതമാനം നേടിയ സെന്‍റ് ജോസഫ് സ്കൂള്‍ എന്നിവയാണ് എയ്ഡഡ് സ്കൂളില്‍ ആദ്യമൂന്ന് സ്ഥാനങ്ങള്‍ നേടിയത്. 99.40 ശതമാനം നേടിയ ക്രൈസ്റ്റ് നഗര്‍, 99.29 ശതമാനം നേടിയ കാര്‍മല്‍ സ്കൂള്‍ എന്നിവ അണ്‍എയ്ഡഡില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി. കോട്ടണ്‍ഹില്‍ സ്കൂള്‍ (91.49), എ.എം.എം.ആര്‍ സ്കൂള്‍ കട്ടേല (94.20), കിളിമാനൂര്‍  എച്ച്.എസ്.എസ് (91.62), മണക്കാട് എച്ച്.എസ്.എസ് (93.37), നെയ്യാറ്റിന്‍കര ഗേള്‍ഡ് എച്ച്.എസ്.എസ് (95.51), പട്ടം ഗേള്‍സ് എച്ച്.എസ്.എസ് (91.71), വെഞ്ഞാറമൂട് എച്ച്.എസ്.എസ് (91.48), ബാലരാമപുരം എച്ച്.എസ്.എസ് (91.16), നെയ്യാറ്റിന്‍കര ബി.എച്ച്.എസ്.എസ് (93.49), വര്‍ക്കല മോഡല്‍ എച്ച്.എസ്.എസ് (94.44), മലയിന്‍കീഴ് എച്ച്.എസ്.എസ (94.38), കുളത്തുമ്മല്‍ സ്കൂള്‍ കാട്ടാക്കട (95.48), കഴക്കൂട്ടം എച്ച്.എസ്.എസ് (90.60), മൈലച്ചല്‍ ആര്യന്‍ങ്കോട് സ്കൂള്‍ (95.65), അഴൂര്‍ എച്ച്.എസ്.എസ് (90.83), ഇളമ്പ എച്ച്.എസ്.എസ് (90.10), കീഴാറൂര്‍ എച്ച്.എസ്.എസ് (94.74), പള്ളിക്കല്‍ എച്ച്.എസ്.എസ് (94.26)  എന്നിവയാണ്  തൊണ്ണൂറ് ശതമാനത്തിലധികം വിജയം നേടിയസര്‍ക്കാര്‍ സ്കൂളുകള്‍. ഹോളി ഏഞ്ചല്‍സ് കോണ്‍മെന്‍റ് സ്കൂള്‍ (98.88), ലയോള സ്കൂള്‍  (97.83), നിര്‍മല ഭവന്‍ (98.67), നെടുമങ്ങാട് ദര്‍ശന സ്കൂള്‍ (93.26), ചിന്മയ (98.11), ജ്യോതിനിലയം കഴക്കൂട്ടം (98.65), പുതുക്കുറിച്ചി ഔര്‍ലേഡി ഓഫ് മേഴ്സി സ്കൂള്‍ (95.12) എന്നിവയാണ് അണ്‍എയ്ഡഡ് വിഭാഗത്തില്‍ മികച്ച നേട്ടം കൊയ്തത്. 30 സര്‍ക്കാര്‍ സ്കൂളുകള്‍ ഇത്തവണ 80 ശതമാനത്തിലധികം  വിജയം നേടി. ഇരുപതോളം സ്കൂളുകളാണ് അണ്‍എയ്ഡഡ് വിഭാഗത്തില്‍ ഈ നേട്ടം ഉണ്ടാക്കിയത്. നഗരത്തിലെ ചില സ്കൂളുകളുടെ ശ്രദ്ധയമായ നേട്ടങ്ങള്‍ ജില്ലയുടെ വിജയത്തിന് മാറ്റുകൂട്ടുന്നതായിരുന്നു. സംസ്ഥാനത്ത് തന്നെ  ഏറ്റവുമധികം കുട്ടികളെ പരീക്ഷക്കിരുത്തുകയും ഏറ്റവുമധികം പേര്‍ മുഴുവന്‍ വിഷയത്തിനും എ പ്ളസ് നേടുകയും ചെയ്ത പട്ടം സെന്‍റ് മേരീസ് സ്കൂള്‍ ആഭിനാര്‍ഹമായ വിജയം നേടി. പരീക്ഷക്കിരുന്ന 692 പേരില്‍ 84 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയത് തലസ്ഥാന നഗരത്തിന് മറ്റൊരു പൊന്‍തൂവലായി. കോട്ടണ്‍ഹില്‍ സ്കൂളില്‍ നിന്ന് 33 പേരും സെന്‍റ് ജോസഫ് സ്കൂളില്‍ നിന്ന് 14 പേരും മണക്കാട് ഗേള്‍സ്  സ്കൂളില്‍  അഞ്ച് പേരും കരമന ഗേള്‍സില്‍ ഒന്നും കമലേശ്വരം എച്ച്.എസ്.എസില്‍ രണ്ടുപേരും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് നേടി. കഴിഞ്ഞ വര്‍ഷം 87.70 ശതമാനം വിജയം നേടിയ ജില്ലയില്‍ 10 സ്കൂളുകള്‍ നൂറുമേനിയും കൊയ്തിരുന്നു.
വി.എച്ച്.എസ്.സി പരീക്ഷയില്‍ ജില്ലയില്‍ ഏഴ് സര്‍ക്കാര്‍ സ്കൂളുകള്‍ നൂറുമേനി നേടിയത് മറ്റൊരുനേട്ടമായി. വക്കം വി.എച്ച്.എസ്.എസ്, ജഗതി ബധിത വിദ്യാലയം, വട്ടിയൂര്‍ക്കാവ് വി.എച്ച്.എസ്.എസ്, പകല്‍ക്കുറി വി.എച്ച്.എസ്.എസ്, ആലംകോട് വി.എച്ച്.എസ്.എസ്, വാമനപുരം ആനാകുടി മുളമന വി.എച്ച്.എസ്.എസ്, നേമം വിക്ടറി വി.എച്ച്.എസ്.എസ് എന്നിവയാണ് ഈ നേട്ടം കൊയ്തത്.   പൂവാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, കോട്ടുകാല്‍ സ്കൂള്‍ എന്നിവയാണ് ഈ വിഭാഗത്തില്‍  വിജയശതമാനം ഏറ്റവും കുറഞ്ഞ സ്കൂളുകള്‍. മെഡിക്കല്‍ കോളജ് സ്കൂള്‍, വെട്ടൂര്‍ സ്കൂള്‍, ചാല ബോയ്സ് സ്കൂള്‍ എന്നിവയാണ് പ്ളസ് ടു പരീക്ഷയില്‍ വിജയശതമാനം കുറഞ്ഞ സ്കൂളുകള്‍.

മലിനീകരണം: മീന്‍ഗുളിക ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ പഞ്ചായത്തിന്‍െറ ഉത്തരവ്

Posted: 08 May 2013 10:59 PM PDT

എരുമപ്പെട്ടി:  കടങ്ങോട് മയിലാടും കുന്നിലെ മീന്‍ഗുളിക ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഗ്രാമപഞ്ചായത്ത് ഉത്തരവിട്ടു. എന്‍.പി.എം അക്വാട്ടിക് ഫിഷ് ലിങ്ക്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് പഞ്ചായത്ത് ആവശ്യപ്പെട്ടിരിക്കുന്നത്.
കമ്പനിയുടെ പ്രവര്‍ത്തനംമൂലം പരിസര മലിനീകരണം രൂക്ഷമായതിനെത്തുടര്‍ന്ന്   ഈമാസം ഒന്നു മുതല്‍ കോതച്ചിറ നിവാസികള്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സമരത്തിലായിരുന്നു. ഇതത്തേുടര്‍ന്നാണ്  കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍   പഞ്ചായ ത്ത് സെക്രട്ടറി ഉത്തരവിട്ടത്.
സമരത്തിന്‍െറ തുടര്‍ച്ചയായി ബുധനാഴ്ച രാവിലെ കടങ്ങോട് ഗ്രാമപഞ്ചായത്തോഫിസിലേക്ക് മാര്‍ച്ച് നടത്തി.
വെള്ളറക്കാട് സെന്‍ററില്‍നിന്നും ആരംഭിച്ച മാര്‍ച്ചിന് മുന്നില്‍ സംസ്ഥാന പൗരാവകാശ സംരക്ഷണ സമിതി പ്രസിഡന്‍റ് ശ്രീധരന്‍ തേറമ്പില്‍ ശയന പ്രദക്ഷിണം നടത്തി. കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും സംയുക്തമായി നടത്തിയ മാര്‍ച്ച് ഗ്രാമപഞ്ചായത്തോഫിസ് റോഡില്‍ പൊലീസ് തടഞ്ഞെങ്കിലും ജനങ്ങള്‍ ഇതുലംഘിച്ച് പ്രഞ്ചായത്തോഫിസിന് മുന്നിലെത്തി കുത്തിയിരിപ്പ് ആരംഭിച്ചു. ബാബു എം. പാലിശേരി എം.എല്‍.എ സമരം ഉദ്ഘാടനം ചെയ്തു. ശ്രീധരന്‍ തേറമ്പില്‍, ഒ. വാസുദേവന്‍, മുരളീവര്‍മ, നാഗലശേരി ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡംഗം കെ.ടി. മോഹന്‍ദാസ്, കെ. മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരായ അജിത രാമചന്ദ്രന്‍, ഗീത സോമസുന്ദരന്‍, അംബിക, സുനിത വേണുഗോപാല്‍, ഉഷ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. സമരത്തിനുശേഷം കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കല്ല്യാണി എസ്. നായര്‍, സെക്രട്ടറി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് കമ്പനി അടച്ചുപൂട്ടണമെന്നാ വശ്യപ്പെടുന്ന  ഉത്തരവ് പഞ്ചായത്ത് സെക്രട്ടറി പുറപ്പെടുവിച്ചത്.
സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി സമരസമിതി നേതാക്കള്‍ അറിയിച്ചു.
 

എല്‍.പി.ജി സബ്സിഡി ബാങ്ക് അക്കൗണ്ട് വഴി: ജില്ലയില്‍ ഉടന്‍ നടപ്പാക്കും

Posted: 08 May 2013 10:54 PM PDT

പത്തനംതിട്ട: എല്‍.പി.ജി ഉപഭോക്താക്കള്‍ക്കുള്ള സബ്സിഡി ബാങ്ക് അക്കൗണ്ട് വഴി ലഭ്യമാക്കുന്ന പദ്ധതി ജില്ലയില്‍ ഉടന്‍ നടപ്പാക്കുമെന്ന് ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്‍െറ ഭാഗമായ ആധാര്‍ രജിസ്ട്രേഷന്‍െറ പുരോഗതി സംബന്ധിച്ച് താന്‍ കലക്ടര്‍ പ്രണബ് ജ്യോതിനാഥുമായും ബന്ധപ്പെട്ട  ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
 ഏതെങ്കിലും ഉപഭോക്താവിന് ആധാര്‍ നമ്പര്‍ ലഭിക്കാത്തതുമൂലം ഗ്യാസ് ഏജന്‍സിയിലോ ബാങ്കിലോ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അവര്‍ക്ക് ഇത് പൂര്‍ത്തിയാക്കുന്നതിന് പദ്ധതി തുടങ്ങിയ തീയതി മുതല്‍ മൂന്നു മാസം സമയം അനുവദിക്കും.
ഉപഭോക്താവിന് തങ്ങളുടെ ആധാര്‍ കാര്‍ഡ് ഗ്യാസ് ഏജന്‍സിയില്‍ ലിങ്ക് ചെയ്യുന്നതിന്‍െറ നില അതത് ഓയില്‍ കമ്പനികളുടെ പോര്‍ട്ടലില്‍ നിന്നും മനസ്സിലാക്കാം. 2013 ഏപ്രില്‍ മുതല്‍ 2014 വരെ ഒരു ഉപഭോക്താവിന് സബ്സിഡി നിരക്കില്‍ ഒമ്പത് ഗ്യാസ് സിലണ്ടറുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആധാര്‍ രജിസ്ട്രേഷന്‍ നടന്ന ജില്ലയെന്ന പരിഗണനയിലാണ് പത്തനംതിട്ട നേരിട്ട് സബ്സിഡി നല്‍കുന്നതിനുള്ള പദ്ധതിയില്‍ ഉള്‍പ്പെട്ടത്.
വയനാടാണ് കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന മറ്റൊരു ജില്ല. പദ്ധതി ഈ മാസം തുടങ്ങാനാണ് ആലോചിച്ചിരുന്നതെങ്കിലും ആധാര്‍ യു.ഐ.ഡി നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് ഉപഭോക്താക്കളില്‍ നല്ലൊരു പങ്കും തയാറാകാത്തതിനാലാണ് നീണ്ടുപോകുന്നത്. ഇപ്പോഴത്തെ നിലയില്‍ ജൂണ്‍ ആദ്യവാരത്തോടെ പദ്ധതി തുടങ്ങാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. സബ്സിഡി നേരിട്ട് നല്‍കുന്നത് പിന്‍വലിക്കുന്നതോടെ ഉപഭോക്താവ് പാചകവാതക സിലിണ്ടറിന് 879 രൂപ നല്‍കണം. സബ്സിഡി സിലിണ്ടറിന്‍െറ വില 439.50 രൂപയാണ്. ഇതനുസരിച്ച് ഒമ്പത് സിലിണ്ടര്‍ ഒരുവര്‍ഷം ഒരു ഉപഭോക്താവിന് നല്‍കുക വഴി 3960 രൂപയുടെ ആനുകൂല്യം ലഭിക്കും.
സബ്സിഡി തുക പ്രാഥമികഘട്ടത്തില്‍ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പാചകവാതകം സബ്സിഡി നേരിട്ട് ബാങ്കിലേക്ക് നല്‍കുന്ന പദ്ധതി നടപ്പാക്കി ക്കഴിഞ്ഞാല്‍ തുടര്‍ന്ന് സിലിണ്ടര്‍ വാങ്ങുന്നവര്‍ മുഴുവന്‍തുകയും നല്‍കേണ്ടിവരും.
ആധാര്‍ കാര്‍ഡിനായി എന്‍റോള്‍ ചെയ്തെങ്കിലും ഇനിയും കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ എന്‍റോള്‍മെന്‍റ് സ്ളിപ്പിന്‍െറ ഒരു പകര്‍പ്പ് ഏജന്‍സിയില്‍ നല്‍കുകയും ആധാര്‍ കാര്‍ഡ് ലഭിക്കുന്ന മുറക്ക് ഏജന്‍സിയില്‍ എത്തിക്കുകയും ചെയ്യണം. ആധാര്‍ കോപ്പി സ്വീകരിക്കുന്നതിനുവേണ്ടി ഇനിയുള്ള ഞായറാഴ്ചകളിലും ജില്ലയിലെ എല്ലാ ഏജന്‍സികളും തുറന്നിരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
പാചകവാതക സിലിണ്ടര്‍ കണക്ഷന്‍ ആരുടെ പേരിലാണോ ആ ആളിന്‍െറ യു. ഐ.ഡി നമ്പറാണ് ഏജന്‍സിയില്‍ നിന്നുള്ള കെ.വൈ.സി ഫോറത്തില്‍ നല്‍കേണ്ടത്. ഫോറത്തിന് പണം നല്‍കേണ്ടതില്ല. ഇത് ഡൗണ്‍ലോഡ് ചെയ്തെടുക്കാനുമാകുമെന്നും ജോര്‍ജ് പോള്‍ പറഞ്ഞു.
ഉപഭോക്താവിന് തങ്ങളുടെ ആധാര്‍ കാര്‍ഡ് ഗ്യാസ് ഏജന്‍സിയില്‍ ലിങ്ക് ചെയ്യുന്നതിന്‍െറ നില ഓയില്‍ കമ്പനികളുടെ പോര്‍ട്ടലില്‍ നിന്ന് മനസ്സിലാക്കാം. ജില്ലയില്‍ 2.82 ലക്ഷം ഗ്യാസ് ഉപഭോക്താക്കളാണ് ഉള്ളത്. ഇതില്‍ 75 ശതമാനം പേരും ആധാര്‍ എടുത്തിട്ടുണ്ട്. 58 ശതമാനം മാത്രമാണ് എല്‍.പി.ജി കണക്ഷന്‍ സബ്സിഡി ലഭിക്കുന്നതിന് ആധാര്‍ നമ്പര്‍ ഏജന്‍സികളില്‍ നല്‍കിയത്. ഗ്യാസ് ഏജന്‍സികളില്‍ എന്‍റോള്‍ ഐഡന്‍റിറ്റി (ഇ.ഐ.ഡി) ഫോറം നല്‍കിയവര്‍ അതിന്‍െറ തുടര്‍ച്ചയായി യു.ഐ.ഡി കാര്‍ഡ് എടുക്കണം. യു.ഐ.ഡി കാര്‍ഡ് നമ്പര്‍ ബാങ്ക് അക്കൗണ്ടിലും നല്‍കണം.
ഗ്യാസ് കണക്ഷന്‍ ആരുടെ പേരിലാണോ അവരുടെ യു.ഐ.ഡി നമ്പറാണ് ബാങ്കില്‍ നല്‍കേണ്ടത്. ഈ ക്രമത്തില്‍ ബാങ്കുകളില്‍ യു.ഐ.ഡി നമ്പര്‍ നല്‍കിയവര്‍ 32 ശതമാനം മാത്രമാണ്. പുതിയ വ്യവസ്ഥകള്‍ വന്നതോടെ ജില്ലയില്‍ 18,000 ത്തോളം അനധികൃത ഗ്യാസ് കണക്ഷനുകള്‍ തടയാനായെന്നും ജോര്‍ജ് പോള്‍ പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP