സ്വാഗതം
WELCOME

News Update..

Wednesday, May 8, 2013

പത്രങ്ങള്‍ക്കെതിരായ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്; മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു Madhyamam News Feeds

പത്രങ്ങള്‍ക്കെതിരായ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്; മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു Madhyamam News Feeds

Link to

പത്രങ്ങള്‍ക്കെതിരായ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്; മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു

Posted: 08 May 2013 01:11 AM PDT

Image: 

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് പത്രങ്ങള്‍ക്കെതിരായ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഖേദം പ്രകടിപ്പിച്ചു. സംസ്ഥാന താല്‍പര്യങ്ങള്‍ക്കെതിരായി പത്രങ്ങള്‍ പ്രവര്‍ത്തിച്ചതിന് തെളിവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

 
മുല്ലപ്പെരിയാര്‍ കേസില്‍ മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി എന്നീ പത്രങ്ങള്‍ തമിഴ്നാടിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നായിരുന്നു ചീഫ് സെക്രട്ടറി ഇ.കെ ഭരത്ഭൂഷണ്‍ റിപ്പോര്‍ട്ട് നല്‍കിയത്.
 
അതേസമയം, ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കരുതെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

Posted: 08 May 2013 12:45 AM PDT

Image: 

ന്യൂദല്‍ഹി: പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. നിശ്ചയിച്ചിരുന്നതില്‍ നിന്നും രണ്ടുദിവസം നേരത്തെയാണ് ബജറ്റ് സമ്മേളനം അവനാനിപ്പിച്ചിരിക്കുന്നത്. രാവിലെ 11 മണിക്ക് ലോക്‌സഭ ചേര്‍ന്നയുടനെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി സ്പീക്കറുടെ ചേംബറിനടുത്തേക്ക് നീങ്ങി. ആരോപണവിധേയരായ മന്ത്രിമാര്‍ രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അംഗങ്ങളെ ശാന്തരാക്കാന്‍ സ്പീക്കര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ആദ്യം ഉച്ച വരെ നിര്‍ത്തിവെച്ച സഭ പിന്നീട് അനിശ്ചിതമായി പിരിയുകയായിരുന്നു. ദേശീയ ഭക്ഷ്യസുരക്ഷ ബില്‍, ഭൂമി ഏറ്റെടുക്കല്‍ ബില്‍ ഉള്‍പ്പെടെ സുപ്രധാന ബില്ലുകളൊന്നും പാസാക്കാതെയാണ് സഭ പിരിഞ്ഞത്.

രാജ്യസഭയിലും സമാന സംഭവങ്ങള്‍ അരങ്ങേറി. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിപക്ഷം ബഹളം വെച്ചു. ബഹളം നിയന്ത്രണാതീതമായതോടെ രാജ്യസഭയും പിരിയുകയായിരുന്നു.
 

ലോകകപ്പ് ഖത്തറിന് നഷ്ടപ്പെടുത്താന്‍ ആസൂത്രിതശ്രമം-ഡോ. മുഹമ്മദ് അശ്റഫ്

Posted: 08 May 2013 12:18 AM PDT

Image: 

ദോഹ: 2022ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥ്യമരുളാന്‍ ഖത്തറിന് ലഭിച്ച അവസരം നഷ്ടപ്പെടുത്താന്‍ യൂറോപ്പ്യന്‍ ഫുട്ബാള്‍ ലോകത്തെ കേന്ദ്രീകരിച്ച് ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളും വിവാദങ്ങളും ഇതിന്‍െറ ഭാഗമാണെന്നും പ്രമുഖ കളിയെഴുത്തുകാരനും കേരള സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ സെക്രട്ടറിയും കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ മുന്‍ അത്ലറ്റിക് കോച്ചുമായ ഡോ. മുഹമ്മദ് അശ്റഫ്. ഹ്രസ്വസന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ അദ്ദേഹം ‘ഗള്‍ഫ്മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു.
ഖത്തറില്‍ ലോകകപ്പ് നടത്തണമെന്നത് ഫിഫ പ്രസിഡന്‍റ് ജോസഫ് സെപ് ബ്ളാറ്ററുടെ ആഗ്രഹം കൂടിയായിരുന്നു. എന്നാല്‍, ഖത്തറിന്‍െറ ബിഡ് തെരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദങ്ങള്‍ മുറുകുകയാണ്. ഇക്കാര്യത്തില്‍ ഖത്തറിനെതിരായ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് യൂറോപ്യന്‍ യൂനിയന്‍ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് മിഷേല്‍ പ്ളാറ്റിനിയാണ്. ലോക ഫുട്ബാള്‍ എന്നാല്‍ യൂറോപ്യന്‍ ഫുട്ബാള്‍ ആണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുടെ വക്താവാണ് പ്ളാറ്റിനി. യൂറോപ്യന്‍ ലീഗ്, യുവേഫ ചാമ്പ്യന്‍ഷിപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നിവയുടെ സമയക്രമം പുന:ക്രമീകരിച്ചാല്‍ ഖത്തറിലെ ലോകകപ്പ് ശൈത്യകാലത്ത് നടത്തുന്നതിനും തടസ്സമില്ല. എന്നാല്‍, അങ്ങനെ പുന:ക്രമീകരിക്കില്ലെന്ന് ചിലര്‍ അനാവശ്യമായി വാശിപിടിക്കുകയാണ്. ഖത്തര്‍ പോലൊരു കൊച്ചുരാജ്യം ലോകകപ്പിന് ആതിഥ്യമരുളുന്നതില്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ള അസഹിഷ്ണുതയാണ് ഇതിന് പിന്നില്‍. ലോക കായിക ഭൂപടത്തില്‍ ഖത്തറിന്‍െറ പ്രസക്തിയും സ്ഥാനവും ചിലര്‍ ബോധപൂര്‍വ്വം അവഗണിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ കായികശക്തിയായി ഖത്തര്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് ഡോ. മുഹമ്മദ് അശ്റഫ് പറഞ്ഞു. ഫുട്ബാളിനും നീന്തലിനും ജിംനാസ്റ്റിക്സിനുമെല്ലാം ഒന്നുപോലെ പ്രാധാന്യം നല്‍കുന്ന രാജ്യമാണ് ഖത്തര്‍. ഏത് രാജ്യത്തോടും കിടപിടിക്കാവുന്ന ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഖത്തറിലുള്ളത്. വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് ചെറുപ്പം മുതലേ പ്രഗല്‍ഭരായ പരിശീലകരുടെ സേവനം ലഭ്യമാക്കുന്നു. സ്കൂള്‍തലത്തില്‍ തന്നെ സ്പോര്‍ട്സിന് ഖത്തര്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ലോകകപ്പിന് വേദിയൊരുക്കാന്‍ ധൈര്യം കാണിച്ച ഖത്തറിന്‍െറ ഏറ്റവും വലിയ കൈമുതല്‍ ആത്മവിശ്വാസമാണ്. ലോകകപ്പ് വേദി ഖത്തറിന് നിഷേധിക്കാന്‍ നടക്കുന്ന ആസൂത്രിതശ്രമങ്ങളെക്കുറിച്ച് താന്‍ ഗൗരവമായ പഠനം നടത്തിവരികയാണെന്നും ജര്‍മനിയിലെ ലാപ്സിഷ് സര്‍വ്വകലാശാലയില്‍ സ്പോര്‍ട്സ് അഡ്മിനിസ്ട്രേറ്റര്‍ കൂടിയായ ഡോ. മുഹമ്മദ് അശ്റഫ് പറഞ്ഞു. കേരളത്തില്‍ സ്പോര്‍ട്സിന്‍െറ ഭാവി ഇരുളടഞ്ഞുകൊണ്ടിരിക്കുകയാണെന്നും വളര്‍ന്നുവരുന്നവര്‍ക്ക് മതിയായ പ്രോല്‍സാഹനവും പരിശീലനവും ലഭിക്കുന്നില്ലെന്നും സ്പോര്‍ട്സ്, യുവജനകാര്യ വകുപ്പില്‍ അഡീഷനല്‍ ഡയറക്ടറും ഡയറക്ടറുമായി സേവനമനുഷ്ഠിച്ചിട്ടുള്ള മുഹമ്മദ് അശ്റഫ് പറഞ്ഞു. യുവജനക്ഷേമബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച അവസരം ലഭിച്ചാല്‍ ഖത്തറിന്‍െറ കായികമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നും മുഹമ്മദ് അശ്റഫ് അറിയിച്ചു.

ശാസ്താംകോട്ട തടാകത്തിന് പുനര്‍ജനി തേടി ഇന്ന് ചര്‍ച്ച

Posted: 08 May 2013 12:13 AM PDT

ശാസ്താംകോട്ട: വറ്റിവരണ്ട് വെള്ളക്കെട്ട് മാത്രമായി ചുരുങ്ങുന്ന കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകത്തിന്‍െറ ഭാവി തീരുമാനിക്കുന്ന ചര്‍ച്ച ബുധനാഴ്ച മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കും.
ശാസ്താംകോട്ടയില്‍ തടാക സംരക്ഷണ ഐക്യ സമരസമിതി 15 ദിവസമായും കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ശനിയാഴ്ചമുതലും നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരങ്ങളുടെ അനുരഞ്ജനത്തിനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച വിളിച്ചത്.
ഇറാനിലെ റാംസറില്‍ 1971ല്‍ നീര്‍ത്തടങ്ങളെ സംബന്ധിച്ച് ചേര്‍ന്ന അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍െറ തുടര്‍ച്ചയായി ശാസ്താംകോട്ട തടാകം സംരക്ഷിക്കപ്പെടണമെന്ന് 2002 ആഗസ്റ്റ് 19ന് അന്താരാഷ്ട്രതലത്തില്‍ പ്രഖ്യാപിച്ചു. 126 അംഗരാജ്യങ്ങളുള്ള റാംസര്‍ കണ്‍വെന്‍ഷന്‍ തയാറാക്കിയ പട്ടികയില്‍ 1212 ാമത്തേതായാണ് ശാസ്താംകോട്ട ഉള്‍പ്പെടുത്തിയത്.
27 ഇനം ശുദ്ധജല മത്സ്യങ്ങളും ജലം മലിനമാക്കുന്ന ബാക്ടീരിയകളെ കൊന്നൊടുക്കുന്ന ‘കാവബോറസ്’ ലാര്‍വകളുമുള്ള തടാകം ലോകത്തില്‍ത്തന്നെ അത്യപൂര്‍വമാണെന്ന് കണ്‍വെന്‍ഷന്‍ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.
35 വര്‍ഷം പൊതുജനാരോഗ്യ എന്‍ജിനീയറിങ് വിഭാഗം നടത്തിയ പഠനപ്രകാരം 413.29 ഹെക്ടര്‍ വിസ്തൃതിയുണ്ടായിരുന്ന തടാകം ഇപ്പോള്‍ 373 ഹെക്ടര്‍ മാത്രമാണ്.
 കടുത്ത വേനലും നിയന്ത്രണമില്ലാത്ത ജലചൂഷണവും അവഗണനയുമാണ് വിസ്തൃതി ചുരുങ്ങാന്‍ കാരണം. തടാകത്തിന് ചുറ്റുമുള്ള കര ഒരു കിലോമീറ്റര്‍ വരെ ഉള്ളിലേക്ക് വലിഞ്ഞ ഇടമുണ്ട്.

ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; 81.34 ശതമാനം വിജയം

Posted: 08 May 2013 12:11 AM PDT

Image: 

തിരുവനന്തപുരം: 2012-13 വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 81.34 ശതമാനമാണ് വിജയം. ഏറ്റവും കൂടുതല്‍ വിജയ ശതമാനം എറണാകുളം ജില്ലയിലും (84.82%) ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലുമാണ്. ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ 31.56 ആണ് വിജയശതമാനം. വി.എച്ച്.എസ്.ഇയില്‍ 90.32 ശതമാനം പേര്‍ വിജയിച്ചു.

ഹയര്‍സെക്കന്‍ഡറിയില്‍ 42 സ്കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 5132 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ളസ് നേടി. ഉച്ചക്ക് 12.30ന് സെക്രട്ടേറിയറ്റ് പി.ആര്‍ ചേംബറില്‍ മന്ത്രി പി.കെ. അബ്ദുറബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്.

പരീക്ഷാഫലം www. kerala.gov.in, www.dhsekerala.gov.in, www.results.nic.in, www.keralaresults.nic.in, www.results.itschool.gov.in, www.prd.kerala.gov.in, www.cdit.org, www.examresults.kerala.gov.in,  www.itmission.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാകും. കൂടാതെ മാധ്യമം ഓണ്‍ലൈനിലും പരീക്ഷാഫലം അറിയാം.

പരീക്ഷാഫലം മൊബൈലില്‍ ലഭ്യമാക്കാന്‍ ഐ.ടി മിഷന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി ഫലം അറിയുന്നതിന് HSE <SPACE> Registration number എന്നും വി.എച്ച്.എസ്.ഇ ഫലം അറിയുന്നതിന് VHSE <SPACE> Registra tion number എന്ന ഫോര്‍മാറ്റിലും ടൈപ്പ് ചെയ്ത് 537252 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്യണം. 

 

എം.ആര്‍. മുരളിയോടുള്ള കര്‍ക്കശ നിലപാടില്‍ മഞ്ഞുരുകിത്തുടങ്ങി

Posted: 07 May 2013 11:53 PM PDT

പാലക്കാട്: ഒഞ്ചിയത്തിനു തൊട്ടുപിന്നാലെ പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ച് സി.പി.എമ്മിനെ വെല്ലുവിളിച്ച് സജീവ പ്രവര്‍ത്തകരായ ഒരു വിഭാഗം അണികളെ കൂട്ടുപിടിച്ച് ജനകീയ വികസന സമിതി (ജെ.വി.എസ്) രൂപവത്കരിച്ച എം.ആര്‍. മുരളിയോടുള്ള പാര്‍ട്ടിയുടെ കര്‍ക്കശ നിലപാടിന്‍െറ മഞ്ഞുരുകിത്തുടങ്ങി. ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്ത് ബുധനാഴ്ചത്തേക്ക് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന എം.ആര്‍. മുരളി അധ്യക്ഷ പദവി മുന്‍ ധാരണ പ്രകാരം കോണ്‍ഗ്രസിന് കൈമാറാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന് അനുകൂലമായ നിലപാട് കൈക്കൊള്ളാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ സാന്നിധ്യത്തില്‍ പാലക്കാട് ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച തീരുമാനമെടുത്തത്.
ഭരണനേതൃത്വം കോണ്‍ഗ്രസിന് കൈമാറിയില്ലെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ആകെയുള്ള എട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തയാറെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുരളിക്കെതിരായ അവിശ്വാസ പ്രമേയത്തെ  പിന്തുണക്കേണ്ടതില്ലെന്ന  നിലപാടില്‍ സി.പി.എം എത്തിയത്. പാര്‍ട്ടിയിലേക്ക് മടങ്ങി വരാന്‍ മുരളി ആലോചിക്കുന്നുവെന്ന പ്രചാരണം  ശക്തമാക്കുകയും സി.പി.എമ്മിന്‍െറ സംസ്ഥാന നേതൃത്വത്തിലെ പ്രമുഖര്‍ മുരളിയെ കണ്ടു എന്നുള്ള സംസാരവും ശരിവെക്കുന്നതാണ് ചൊവ്വാഴ്ചത്തെ ജില്ലാ കമ്മിറ്റി തീരുമാനം.
അതേസമയം, മുരളിയെ പരസ്യമായി ക്ഷണിച്ച് സ്വയം നാണക്കേടുണ്ടാക്കേണ്ട എന്നാണ് പാര്‍ട്ടിയുടെ നിലപാട്. മറിച്ച് തള്ളിപ്പറഞ്ഞ് ഇറങ്ങിപ്പോയ മാതൃപാര്‍ട്ടിയിലേക്ക് മടങ്ങിവരികയാണ് എന്ന് മുരളി പരസ്യപ്രസ്താവന നടത്തട്ടെ എന്നതില്‍ പാര്‍ട്ടി നേതൃത്വം ഉറച്ച് നില്‍ക്കുന്നു. അതുകൊണ്ടാണ് മുരളിയുടെ മടങ്ങിവരവില്‍ തീരുമാനമെടുക്കല്‍ സംസ്ഥാന നേതൃത്വത്തിന് വിട്ടുകൊടുത്തത്.
ഷൊര്‍ണൂര്‍ നഗരസഭയില്‍ ആദ്യത്തെ ഒരുവര്‍ഷം മാത്രമേ കോണ്‍ഗ്രസുമായുള്ള ധാരണ നിലനിന്നിരുന്നുള്ളൂ എന്നും പിന്നീട് കോണ്‍ഗ്രസുകാര്‍ തന്നെ ധാരണക്ക് തുരങ്കം വെക്കും വിധം പെരുമാറിത്തുടങ്ങി എന്നതിനാല്‍ ഇപ്പോള്‍ നേതൃത്വ കൈമാറ്റ ധാരണ നിലവിലില്ലെന്നാണ് മുരളിപക്ഷത്തിന്‍െറ നിലപാട്. ഇതാകട്ടെ കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുകയാണ്. നേതൃത്വ കൈമാറ്റക്കാര്യം കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല നേരിട്ടറിയിച്ചിട്ടും മുരളി തള്ളിക്കളഞ്ഞതിന്‍െറ നാണക്കേട് വേറെയും.
പാര്‍ട്ടിയെ പരസ്യമായി വെല്ലുവിളിച്ച് പുറത്തുചാടിയ മുരളിയടക്കമുള്ളവരെ മടക്കിക്കൊണ്ടുവരാനുള്ള താല്‍പര്യമാണ് ടി.പി. ചന്ദ്രശേഖരന്‍ വധത്തിന് ശേഷം പാര്‍ട്ടി നേതൃത്വം കൈകൊള്ളുന്നത്. വിട്ടുപോയവരോട് കൈക്കൊള്ളുന്ന മൃദു സമീപനത്തിന്‍െറ സാഹചര്യത്തില്‍ പാര്‍ട്ടിക്കും മുരളിക്കും യോജിക്കാവുന്ന ഒട്ടേറെ മേഖലകളുണ്ടെന്ന തിരിച്ചറിവിലാണ് ഇരു കൂട്ടരും. ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലവും സി.പി.എം നേതൃത്വം സജീവമായി പരിഗണിക്കുന്നുണ്ട്. ഇതാകട്ടെ കഴിഞ്ഞ ഷൊര്‍ണൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ മുരളിപക്ഷം നേടിയ ഇരുപതിനായിരത്തിലധികം വോട്ടിന്‍െറ പിന്‍ബലത്തിലേക്കാണ് സി.പി.എമ്മിന്‍െറ കണ്ണ് നീളുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

പുഴ കൈയേറി ഭിത്തി നിര്‍മാണം: സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു

Posted: 07 May 2013 11:43 PM PDT

എടക്കര: സ്വകാര്യ തോട്ടം ഉടമയുടെ താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഫണ്ടില്‍ പുഴ കൈയേറിയുള്ള ഭിത്തി നിര്‍മാണം സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു. മുന്‍ എം.പി മറ്റത്തില്‍ വക്കച്ചന്‍െറ മുണ്ടേരി അപ്പന്‍കാപ്പിലെ തോട്ടം സംരക്ഷിക്കാനുള്ള ഭിത്തി നിര്‍മാണമാണ്  തടഞ്ഞത്. അപ്പന്‍കാപ്പ് ആദിവാസി കോളനിക്ക്  സംരക്ഷണമൊരുക്കുകയെന്ന പദ്ധതിയുടെ മറവിലാണ് ചെറുകിട ജലസേചന വകുപ്പ് നീര്‍പുഴയുടെ ഇരു വശങ്ങളിലും സംരക്ഷണ ഭിത്തി നിര്‍മാണത്തിന് ഫണ്ടനുവദിച്ചത്. കോളനിയുടെ ഭാഗം 90 മീറ്ററും തോട്ടത്തിന്‍െറ ഭാഗം 94 മീറ്ററും കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കാന്‍ 23 ലക്ഷം രൂപയാണ്  അനുവദിച്ചത്. ഒരാഴ്ച മുമ്പ്  അസിസ്റ്റന്‍റ് എന്‍ജിനീയറും ഓവര്‍സിയറും സ്ഥലത്തെത്തിയാണ് സ്ഥലം അടയാളപ്പെടുത്തി പ്രവൃത്തി ആരംഭിച്ചത്.
എന്നാല്‍, തോട്ടത്തിന്‍െറ ഭാഗം നീര്‍പുഴയിലേക്ക് ഇറക്കിയാണ് ഉദ്യോഗസ്ഥര്‍ മാര്‍ക്ക് ചെയ്ത് നല്‍കിയത്.  
വിവരം ജനപ്രതിനിധികളും കോളനിവാസികളും നാട്ടുകാരും അധികൃതരുടെയും കരാറുകാരന്‍െറയും ശ്രദ്ധയില്‍പെടുത്തിയെങ്കിലും എതിര്‍പ്പ് വകവെക്കാതെ ഭിത്തി നിര്‍മാണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞിരുന്നു. പുഴയുടെ അതിര്‍ത്തി നിര്‍ണയിച്ച ശേഷം തോട്ടത്തിന്‍െറ ഭാഗം നിര്‍മാണം നടത്താനും അതുവരെ കോളനിയുടെ ഭാഗത്ത് പ്രവൃത്തി നടത്താനും നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. കരാറുകാരന്‍ ഇതംഗീകരിക്കുകയും ചെയ്തു. എന്നാല്‍, നാട്ടുകാരെ കബളിപ്പിച്ച്  തോട്ടം ഭാഗത്ത് പ്രവൃത്തി തുടരുകയാണുണ്ടായത്. തുടര്‍ന്നാണ് സി. പി.എം പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച പ്രവൃത്തി തടഞ്ഞത്. ഭിത്തികെട്ട് അവസാനിക്കുന്ന ഭാഗത്ത് തോട്ടമുടമ ആറ് മീറ്ററോളം പുഴ കൈയേറിയതായി ആക്ഷേപമുണ്ട്. പുഴ കൈയേറി സംരക്ഷണ ഭിത്തി നിര്‍മിക്കുന്ന വിവരം തുടക്കത്തില്‍ ജില്ലാ കലക്ടര്‍, തഹസിര്‍ദാര്‍, വില്ലേജ് ഓഫിസര്‍ എന്നിവരെ പഞ്ചായത്തംഗം ഷാജി ജോണ്‍ ഫോണില്‍ അറിയിച്ചിരുന്നു. എന്നാല്‍,  പരാതി പരിശോധിക്കാന്‍ നടപടിയുണ്ടായില്ല.

ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

Posted: 07 May 2013 11:38 PM PDT

തൃശൂര്‍: ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന പഞ്ചായത്ത് വാര്‍ഡുകളിലെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടിന് തുടങ്ങും. ഉച്ചക്കുമുമ്പ് ഫലം അറിയാം.

കയ്പമംഗലത്ത് 67.88 ശതമാനം
കയ്പമംഗലം: കയ്പമംഗലം പഞ്ചായത്ത് നാലാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 67.88 ശതമാനം പോളിങ്. 1236 വോട്ടര്‍മാരില്‍ 839 പേരാണ് വോട്ടുചെയ്തത്.  വിജയഭാരതി സ്കൂളില്‍ രാവിലെ ഏഴിനാരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ചിന് അവസാനിച്ചു. കഴിഞ്ഞ തവണയേക്കാള്‍ 40 വോട്ടുകള്‍ അധികം പോള്‍ ചെയ്തു.  ബുധനാഴ്ച രാവിലെ എട്ടിന് കയ്പമംഗലം പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും.

എടത്തിരുത്തിയില്‍ 67 ശതമാനം
ചെന്ത്രാപ്പിന്നി: എടത്തിരുത്തി പഞ്ചായത്ത് 12ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 67.1 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തി. 1296ല്‍ 869 പേര്‍ വോട്ടുചെയ്തു.ചെന്ത്രാപ്പിന്നി എസ്.ആര്‍.വി യു.പി സ്കൂളിലായിരുന്നു വോട്ടെടുപ്പ്. ബുധനാഴ്ച രാവിലെ എട്ടിന് ചെന്ത്രാപ്പിന്നി എസ്.ആര്‍.വി യു.പി സ്കൂളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും.

ചെവ്വൂരില്‍ 81 ശതമാനം
ചേര്‍പ്പ്: ചെവ്വൂര്‍ നാലാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ 81 ശതമാനം പോളിങ്. എല്‍.ഡി.എഫിലെ സി.പി.എമ്മും സി.പി.ഐയും വെവ്വേറെ സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിച്ചതാണ് തെരഞ്ഞെടുപ്പിലെ പ്രത്യേകത. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരായി കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു. ബുധനാഴ്ച രാവിലെ ചേര്‍പ്പ് ഗവ. ഹൈസ്കൂളില്‍ വോട്ടെണ്ണല്‍ നടക്കും.

പൈകുളം വാര്‍ഡില്‍ 83.3 ശതമാനം
ചെറുതുരുത്തി: പാഞ്ഞാള്‍ പൈകുളം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ 83.3 ശതമാനം പോളിങ്. പോളിങ് ബൂത്തുകളായ കോരന്‍തൊടി അങ്കണവാടിയിലും ആയുര്‍ മനപ്പടി കോളനി വെറ്ററിനറി ആശുപത്രിയിലും രാവിലെ തന്നെ നീണ്ട നിര രൂപപ്പെട്ടു. ആകെ 1,306 വോട്ടര്‍മാരാ ണുള്ളത്. 16 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഭരണം നടത്തുന്ന ഇടതുമുന്നണിക്ക് ഒമ്പത് സീറ്റും യു.ഡി.എഫിന് ആറ് സീറ്റുണ്ട്. തെരഞ്ഞെടുപ്പ് ഫലം ഭരണത്തില്‍ മാറ്റമുണ്ടാക്കില്ല.
 

അടൂരില്‍ പകര്‍ച്ചപ്പനി വ്യാപകം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയില്ല

Posted: 07 May 2013 11:36 PM PDT

അടൂര്‍: നഗരത്തിലും പരിസരപ്രദേശങ്ങളിലും പകര്‍ച്ചപ്പനി വ്യാപകമായിട്ടും പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയില്ല.  അടൂര്‍ മേഖലയില്‍ രണ്ടുപേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. അമ്പതോളം പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.  മഴക്കാല പൂര്‍വ ശുചീകരണം ഇനിയും തുടങ്ങിയിട്ടില്ല.
അടഞ്ഞുകിടക്കുന്ന ഓടകളില്‍ മലിനജലം ഒഴുകിപ്പോകാതെ കെട്ടിക്കിടന്ന് കൊതുകുകള്‍ പെരുകുന്നു.  മിക്ക പാതകളും വെള്ളക്കെട്ടിന്‍െറ പിടിയിലാണ്. ഏനാത്ത് കവലയില്‍ മലിനജലം കെട്ടിക്കിടന്നിട്ടും അധികൃതര്‍ ഗൗനിക്കുന്നില്ല. മാലിന്യം നീക്കം ചെയ്യാന്‍ ഗ്രാമപഞ്ചായത്തുകള്‍ ഒന്നും ചെയ്യുന്നില്ല. അടൂര്‍, പറക്കോട് ചന്ത, ശ്രീമൂലം ചന്ത, ഏനാത്ത്, കടമ്പനാട് എന്നിവിടങ്ങളിലെല്ലാം മാലിന്യം നടപ്പാതകളില്‍ കൂടിക്കിടക്കുന്നു. നാട്ടുകാര്‍ മാലിന്യം നടപ്പാതകളിലിട്ട് കത്തിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. അടൂര്‍ പാര്‍ഥസാരഥി ക്ഷേത്രകവലയില്‍ നിന്ന് കെ.എസ്.ആര്‍. ടി.സി കവല വഴി വലിയതോട്ടില്‍ പതിക്കുന്ന കൈത്തോട് ഓടയായി രൂപാന്തരപ്പെട്ടതോടെ വര്‍ഷങ്ങളായി വെള്ളം ഒഴുകാത്ത സ്ഥിതിയാണ്.
ക്ഷേത്രകവലയിലെ കലുങ്ക് അടഞ്ഞു കിടക്കുന്നതിനാല്‍  വെള്ളം കെട്ടിക്കിടക്കുകയാണ്. ഇതിലാണ് മാലിന്യം വലിച്ചെറിയുന്നത്. അടൂര്‍ ജനറല്‍ ആശുപത്രി വളപ്പിലും മലിനജലം കെട്ടിക്കിടന്ന് കൊതുകുകള്‍ പെരുകുന്നു. പനി ബാധിച്ച് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. പ്രതിദിനം മുന്നൂറോളം പനി ബാധിതരാണ് ചികിത്സ തേടിയെത്തുന്നത്. തിങ്കളാഴ്ച 1500 പേര്‍ ഒ.പിയില്‍ എത്തിയിരുന്നു. 20 ഡോക്ടര്‍മാരുള്ള ഇവിടെ ഒ.പിയില്‍ അഞ്ചോ ആറോ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. രോഗികള്‍ മണിക്കൂറുകള്‍ കാത്തുനിന്നാണ് ഡോക്ടറെ കാണുന്നത്. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പല മരുന്നുകളും ആശുപത്രിയില്‍ ലഭ്യമല്ലാത്തതിനാല്‍ പുറത്ത് മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് അമിതവില നല്‍കി വാങ്ങേണ്ട സ്ഥിതിയാണ്.
ഡെങ്കിപ്പനി പിടിപെട്ട് എത്തിയാല്‍ സ്ഥിരീകരിക്കാനുള്ള ലബോറട്ടറി സൗകര്യം ജനറല്‍ ആശുപത്രിയില്‍ ഇല്ലാത്തതിനാല്‍ പുറത്ത് ആയിരം രൂപ വരെ അടച്ച് പരിശോധന നടത്തേണ്ട സാഹചര്യമാണുള്ളത്. ഒ.പി ടിക്കറ്റ് എടുക്കുന്ന കൗണ്ടറില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ രോഗികള്‍ക്ക് മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടിവരുന്നു. അത്യാഹിത വിഭാഗത്തില്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. ഇവിടെയും ഇതുതന്നെ സ്ഥിതി. ഫാര്‍മസിയില്‍ മരുന്നു നല്‍കാനും ലബോറട്ടറിയില്‍  രക്തപരിശോധനാ സാമ്പിള്‍ ശേഖരിക്കാനും ആവശ്യമായ ജീവനക്കാരില്ല. പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ അധികൃതര്‍ക്കാകുന്നില്ല. പരുത്തപ്പാറയിലെ കെ.എ.പി മൂന്നാം ബറ്റാലിയന്‍ ആസ്ഥാനത്തു നിന്ന് മൂന്ന് വലിയ ബസുകളിലാണ് പനിബാധിതരായ പൊലീസുകാര്‍ നിത്യവും ചികിത്സക്കെത്തുന്നത്. ക്യാമ്പില്‍ ആശുപത്രിയില്ലാത്തതിനാല്‍ വലയുന്നത് അടൂരിലെ ആശുപത്രി ജീവനക്കാരാണ്. ഡെങ്കിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍  ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.

കാറ്റിലും മഴയിലും കര്‍ഷകര്‍ക്ക് വന്‍നഷ്ടം

Posted: 07 May 2013 11:28 PM PDT

കാഞ്ഞിരപ്പള്ളി: പ്രദേശത്ത് കാറ്റിലും മഴയിലും തകര്‍ന്നടിഞ്ഞത് ഒട്ടേറെ കര്‍ഷകരുടെ സ്വപ്നങ്ങള്‍. ആയിരക്കണക്കിന് റബര്‍ മരങ്ങളാണ് നശിച്ചത്. പ്ളാവ്, തേക്ക്, ആഞ്ഞിലി, വാഴ, ജാതി എന്നിവയും കപ്പ, വാഴ കൃഷികളും തകര്‍ന്നു. തടസ്സപ്പെട്ട ഗതാഗതം ചൊവ്വാഴ്ചയോടെയാണ് പുന$സ്ഥാപിച്ചത്. ഒട്ടു മിക്കയിടത്തും വൈദ്യുതിബന്ധം പുന$സ്ഥാപിക്കാനായില്ല. വൈദ്യുതി പൂര്‍ണതോതില്‍ വിതരണം നടത്തണമെങ്കില്‍ ദിവസങ്ങള്‍ തന്നെ വേണ്ടി വരുമെന്ന് അധികൃതര്‍ പറയുന്നു.
വൈദ്യുതി ബോര്‍ഡിന് ആറുലക്ഷം രൂപയുടെ നഷ്ടമുണ്ട്. 11 കെ.വി ലൈനുകളിലെ 12 പോസ്റ്റും എല്‍.ടി ലൈനുകളിലെ 15 പോസ്റ്റും തകര്‍ന്നു. വൈദ്യുതി കമ്പികളും ഛിന്നഭിന്നമായി. റവന്യൂ, കൃഷിവകുപ്പുകള്‍ 70 ലക്ഷം രൂപയുടെ നാശനഷ്ടമാണ് വിലയിരുത്തിയത്. എന്നാല്‍, കണക്കുകള്‍ പൂര്‍ണമല്ലെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു. യഥാര്‍ഥ നഷ്ടം ഒരു കോടിയിലധികമാകുമെന്നാണ് കരുതുന്നത്.
159 വീടുകളാണ് താലൂക്കില്‍ തകര്‍ന്നത്. ഇതിലൂടെ 10 ലക്ഷം രൂപയുടെ നഷ്ടമാണ് അധികൃതര്‍ തിട്ടപ്പെടുത്തിയത്. കാഞ്ഞിരപ്പള്ളി വില്ലേജില്‍ 121 വീടുകള്‍ ഭാഗികമായി നശിച്ചു. ഇളങ്ങുളത്ത് ഇരുപതും കൂവപ്പള്ളിയില്‍ പന്ത്രണ്ടും ഇടക്കുന്നത്ത് മൂന്നും ചെറുവള്ളി, ചിറക്കടവ്, മുണ്ടക്കയം എന്നിവിടങ്ങളില്‍ ഓരോ വീടുകളും തകര്‍ന്നു.
കാഞ്ഞിരപ്പള്ളി കൃഷിഭവന്‍െറ കീഴില്‍ 37 ലക്ഷം രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. കപ്പാട്, തമ്പലക്കാട്, ഇരുപത്താറാംമൈല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറെ നാശനഷ്ടം. ഇളങ്ങുളത്ത് അഞ്ചു ലക്ഷം രൂപയുടെയും പാറത്തോട്ടില്‍ 10 ലക്ഷം രൂപയുടെയും കൃഷി നശിച്ചു.
പൊന്‍കുന്നം നരിയാനാനി കല്ലറക്കല്‍ സാബുവിന്‍െറ കുലച്ച അഞ്ഞൂറോളം വാഴകള്‍ കാറ്റില്‍ നശിച്ചു. സെന്‍റ് ജോസഫ് ബാലഭവന്‍, സെന്‍റ് മേരീസ് പള്ളി എന്നിവയുടെ നൂറിലധികം റബര്‍മരങ്ങള്‍ കാറ്റില്‍ നിലംപൊത്തി.
കുരുവിക്കുന്നേല്‍ ആഗസ്തി, ചൂരപ്പൊയ്കയില്‍ ദേവസ്യ, മാറാട്ടില്‍ ഗോപാലകൃഷ്ണന്‍നായര്‍, മാന്തറ കളപ്പുരക്കല്‍ ബെന്നി, മറ്റമുണ്ടയില്‍ സാബു കൂരാലി പുതുപ്പിള്ളാട്ട് മോഹനന്‍ തുടങ്ങിയവരുടെ റബര്‍മരങ്ങള്‍ നശിച്ചു. ഇളങ്ങുളം കൊണ്ടൂപ്പറമ്പില്‍ രാധാകൃഷ്ണന്‍, കൊപ്രാക്കളം തകടിയേല്‍ രാജു, സജി ഭവനില്‍ സോമശേഖരന്‍നായര്‍, കണ്ടത്തില്‍ ഷിബു, കൊല്ലംതോട്ട് അനില്‍, മാന്തറ കളപ്പുരക്കല്‍ ബേബിച്ചന്‍ എന്നിവരുടെ വീടുകളും തമ്പലക്കാട് കുറ്റിമാക്കല്‍ പ്രദീപ്കുമാറിന്‍െറ കാര്‍ ഷെഡും നശിച്ചു.
ദുരിതബാധിത പ്രദേശങ്ങള്‍ ഡോ.എന്‍. ജയരാജ് എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗം മറിയാമ്മ ജോസഫ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ബേബി വട്ടക്കാട്ട്, എം.എന്‍. അപ്പുക്കുട്ടന്‍, സാജന്‍ തൊടുക, പഞ്ചായത്തംഗങ്ങളായ സെലിന്‍ സിജോ, റാണി മാത്യു, രാജു തേക്കുംതോട്ടം, മണി രാജു, കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ ജോസഫ് സെബാസ്റ്റ്യന്‍, എ.ഡി.എം സുഭാഷ് എന്നിവരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. നാശനഷ്ടങ്ങളുടെ കണക്ക് കൃത്യമായി രേഖപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ നിര്‍ദേശം നല്‍കി.
 നാശനഷ്ടമുണ്ടായവര്‍ക്ക് സര്‍ക്കാറിന്‍െറ അടിയന്തര സഹായമെത്തിക്കുന്നത് സംബന്ധിച്ച് റവന്യൂമന്ത്രി അടൂര്‍ പ്രകാശുമായി ഡോ. എന്‍.ജയരാജ് എം.എല്‍.എ ചര്‍ച്ച നടത്തി.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP