വി.എസിനെതിരെ നടപടിയില്ല; വിശ്വസ്തര്‍ക്കെതിരായ നടപടി പി.ബിക്ക് Madhyamam News Feeds |
- വി.എസിനെതിരെ നടപടിയില്ല; വിശ്വസ്തര്‍ക്കെതിരായ നടപടി പി.ബിക്ക്
- വണ്ണപ്പുറത്ത് ഒമ്പതുകോടിയുടെ ശുദ്ധജല വിതരണ പദ്ധതി
- ട്രാഫിക് സംവിധാനം നോക്കുകുത്തി; ഗതാഗതക്കുരുക്ക് രൂക്ഷം
- മാന്നാറില്‍ കുടിവെള്ളക്ഷാമം രൂക്ഷം
- ജില്ലാ ആശുപത്രിയെ ജനറല്‍ ആശുപത്രിയാക്കും; സ്ഥലം നല്‍കിയാല്‍ കൊല്ലത്ത് മെഡിക്കല്‍ കോളജ് -മന്ത്രി
- ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ യുവാവിന് മര്‍ദനം
- കൊരട്ടിയില്‍ പൂഴ്ത്തിവെച്ചത് 1,853 ചാക്ക് റേഷനരി; യഥാര്‍ഥ കണക്ക് പുറത്ത്
- ജ്വല്ലറി കവര്‍ച്ച: അന്വേഷണം ഉത്തരേന്ത്യയിലേക്ക്
- എന്‍ഡോസള്‍ഫാന്‍: മേഖലാ പരിധി നിര്‍ണയത്തില്‍ അവ്യക്തത
- ഗെയ്ല്‍ പൈപ്ലൈന്‍: ബദല്‍ മാര്‍ഗം കണ്ടെത്താമെന്ന് വീണ്ടും ഉറപ്പ്
വി.എസിനെതിരെ നടപടിയില്ല; വിശ്വസ്തര്‍ക്കെതിരായ നടപടി പി.ബിക്ക് Posted: 12 May 2013 12:52 AM PDT Image: ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ നടപടിയെ കുറിച്ച് തീരുമാനമെടുക്കാന്‍ കേന്ദ്ര കമ്മിറ്റി പോളിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തി. അതേസമയം വി.എസിനെതിരെയുള്ള നടപടി കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്തില്ലെന്നാണ് റിപോര്‍ട്ട്. കേന്ദ്രകമ്മിറ്റിക്ക് ശേഷം കേരളത്തില്‍നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളുമായി പോളിറ്റ് ബ്യൂറോ പ്രത്യേകം ചര്‍ച്ച നടത്തി. വിഎസിന്റെ പ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് എ.സുരേഷ്, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരന്‍ എന്നിവര്‍ക്കെതിരെയുള്ള പരാതിയാണ് പരിഗണിക്കുന്നത്. കോയമ്പത്തൂരിലെ പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം സംസ്ഥാന സമിതി തയാറാക്കിയ ഇടക്കാല അവലോകന രേഖ ചോര്‍ത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. മൂന്നുപേര്‍ക്കുമെതിരെ അന്വേഷണ റിപോര്‍ട്ട് തയാറാക്കിയിരുന്നു. |
വണ്ണപ്പുറത്ത് ഒമ്പതുകോടിയുടെ ശുദ്ധജല വിതരണ പദ്ധതി Posted: 12 May 2013 12:04 AM PDT
വണ്ണപ്പുറം: ഒമ്പതുകോടി മുതല്‍മുടക്കി നടപ്പാക്കുന്ന വണ്ണപ്പുറം ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ജലവിഭവ മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിച്ചു. ശുദ്ധജല പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ കേരള വാട്ടര്‍ അതോറിറ്റി നടപ്പാക്കുന്ന പദ്ധതിയില്‍ ഗ്രാവിറ്റി മെയിന്‍, സംഭരണി, വിതരണ ശൃംഖലയുടെ ഒരു ഭാഗവും 6.50 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കും നിര്‍മിക്കും. കോടിക്കുളം വെല്‍ഡിങ് ജങ്ഷനില്‍നിന്ന് 250 എം.എം വ്യാസമുള്ള ഡി.ഐ പൈപ്പ് 8050 മീറ്റര്‍ നീളത്തില്‍ സ്ഥാപിച്ച് 40 ഏക്കറില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന 6.50 ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണിയിലും കാളിയാറില്‍ നിലവിലുള്ള ഒരു ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണിയിലും ജലം എത്തിക്കും. ഒന്നാം ഘട്ടത്തില്‍ വിതരണ ശൃംഖലയുടെ ഭാഗമായി 315 എം.എം മുതല്‍ 160 എം.എം വരെ വ്യാസമുള്ള പി.വി.സി പൈപ്പുകള്‍ 7606 മീറ്റര്‍ നീളത്തില്‍ സ്ഥാപിക്കും. രണ്ടാം ഘട്ടത്തില്‍ 180 എം.എം മുതല്‍ 63 എം.എം വരെ വ്യാസമുള്ള പി.വി.സി പൈപ്പുകള്‍ 34325 മീറ്റര്‍ നീളത്തില്‍ സ്ഥാപിക്കും. അടുത്ത 25 വര്‍ഷത്തെ ജനസംഖ്യാവര്‍ധന കണക്കിലെടുത്ത് 36500 ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തൊടുപുഴയാറ്റില്‍ നിന്നാണ് 40 ഏക്കറില്‍ വെള്ളമെത്തിക്കുക. സ്രോതസ്സ്, ജലശുദ്ധീകരണ ശാല, പമ്പിങ് മെയിന്‍, പമ്പ്സെറ്റ് മുതലായവ ആലക്കോട് സമഗ്ര ശുദ്ധജല വിതരണ പദ്ധതിക്കും ഈ പദ്ധതിക്കും പൊതുവായുള്ളതാണ്. ആലക്കോട് പദ്ധതിയുടെ ജോലികള്‍ പൂര്‍ത്തിയായി വരുന്നു. പദ്ധതിക്കാവശ്യമായ ജലം തൊടുപുഴയാറ്റില്‍ കോളപ്ര പാലത്തിന് സമീപം പണിത ആറുമീറ്റര്‍ വ്യാസമുള്ള കിണറ്റില്‍ ശേഖരിക്കും. ഇവിടെനിന്ന് പമ്പിങ് ലൈന്‍ വഴി തലയനാട് ജല ശുദ്ധീകരണ ശാലയിലേക്കെത്തിക്കും. ശുദ്ധീകരിച്ച ജലം 8.88 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള സംഭരണിയില്‍ ശേഖരിച്ച് 700 മില്ലിമീറ്റര്‍ വ്യാസവും 5654 മീറ്റര്‍ നീളവുമുള്ള പൈപ്പുവഴി ഇഞ്ചിയാനി സംഭരണിയില്‍ എത്തിക്കും. 5.85 ലക്ഷം ലിറ്ററാണ് ഇഞ്ചിയാനി സംഭരണിയുടെ ശേഷി. ഇവിടെ സംഭരിക്കുന്ന ജലം പമ്പുചെയ്ത് ചിലവ് സംഭരണിയില്‍ എത്തിക്കും. ചിലവ് സംഭരണിയുടെ ശേഷി 4.75 ലക്ഷം ലിറ്ററാണ്. ഇവിടെനിന്ന് കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, കോടിക്കുളം പഞ്ചായത്തുകളില്‍ നിര്‍മിച്ചിട്ടുള്ള സംഭരണികളിലും വണ്ണപ്പുറം പഞ്ചായത്തില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സംഭരണിയിലും ജലം എത്തിക്കും. ചിലവ് സംഭരണിയില്‍നിന്നുള്ള പൈപ്പ് ലൈന്‍ കോടിക്കുളം വെല്‍ഡിങ് ജങ്ഷന്‍ വരെ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. നിര്‍മാണോദ്ഘാടന ചടങ്ങില്‍ വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. മുന്‍ എം.പി അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്, ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഹയറുന്നിസ ജാഫര്‍, ഇളംദേശം ബ്ളോക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ്. സിദ്ധാര്‍ഥന്‍, ബ്ളോക് പഞ്ചായത്ത് മെംബര്‍മാരായ ലീല തങ്കന്‍, സിബി ജോസഫ്, വണ്ണപ്പുറം പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ സണ്ണി കളപ്പുരക്കല്‍, ടി.യു. ജോസ്, ലൈല രമേശ്, പഞ്ചായത്ത് മെംബര്‍മാരായ ജേക്കബ് ജോണ്‍, പി.ഇ. ബാലകൃഷ്ണന്‍, ഷൈനി റെജി, ആനിയമ്മ എബ്രഹാം, രജനി ഷിബു, സെബാസ്റ്റ്യന്‍ ജോസ്, ജഗദമ്മ വിജയന്‍, ചിന്നമ്മ ജോസഫ്, എസ്.സി.ബി പ്രസിഡന്‍റ് കെ.എം. സോമന്‍, പി.എന്‍. തങ്കപ്പന്‍, എം.ഡി. ജോണി, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, അനില്‍ പയ്യാനിക്കല്‍, അജിത്കുമാര്‍ കുന്നുമ്മേല്‍, എം.എ. ജോസഫ്, സുമതി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എ.കെ. രമണി സ്വാഗതവും വാട്ടര്‍ അതോറിറ്റി സൂപ്രണ്ട് എന്‍ജിനീയര്‍ സണ്ണി കെ.ജോസ്, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വി. അനില്‍ എന്നിവര്‍ നന്ദിയും പറഞ്ഞു. |
ട്രാഫിക് സംവിധാനം നോക്കുകുത്തി; ഗതാഗതക്കുരുക്ക് രൂക്ഷം Posted: 11 May 2013 11:59 PM PDT
മൂവാറ്റുപുഴ: ട്രാഫിക് പൊലീസ് സംവിധാനം നോക്കുകുത്തിയായതോടെ നഗരത്തില്‍ ഗതാഗതക്കുരുക്ക് വര്‍ധിച്ചു. എം.സി റോഡിന്‍െറ ഭാഗമായ വാഴപ്പിള്ളി കവല മുതല്‍ 130 ജങ്ഷന്‍ വരെയും കൊച്ചി-മധുര ദേശീയപാതയിലെ വെള്ളൂര്‍കുന്നം മുതല്‍ പെരുമറ്റം പാലം വരെയുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. കൊച്ചി-മധുര ദേശീയപാത, എം.സി റോഡുമായി സന്ധിക്കുന്ന വെള്ളൂര്‍കുന്നം ജങ്ഷനിലും പി.ഒ ജങ്ഷനിലും സിഗ്നല്‍ സംവിധാനമുണ്ടെങ്കിലും പൊലീസ് സംവിധാനം നോക്കുകുത്തിയായതോടെ സിഗ്നല്‍ ലംഘിച്ച് വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്നത് പതിവായി. വ്യാഴാഴ്ച വൈകുന്നേരം വെള്ളൂര്‍കുന്നത്ത് സിഗ്നല്‍ ലംഘിച്ച് പാഞ്ഞുപോയ കാറിന്‍െറ നമ്പര്‍ സഹിതം സ്ഥലത്തുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മേലുദ്യോഗസ്ഥനോടും കച്ചേരിത്താഴത്തുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരോടും വിളിച്ചറിയിച്ചിട്ടും നടപടിയുണ്ടായില്ല. മോട്ടോര്‍ ബൈക്കുകളിലടക്കം നിരവധി പൊലീസുകാര്‍ ഈ സമയം നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലുണ്ടായിരുന്നു. കച്ചേരിത്താഴത്തെ പൊലീസ് എയ്ഡ്പോസ്റ്റില്‍ സദാ പൊലീസ് ഉണ്ടെങ്കിലും ഗതാഗതക്കുരുക്ക് അഴിക്കാനോ അനധികൃത പാര്‍ക്കിങിനെതിരെ നടപടിയെടുക്കാനോ തയാറാകുന്നില്ല. സ്വകാര്യ ബസുകളുടെ അനധികൃത പാര്‍ക്കിങും മെല്ലെപ്പോക്കും സ്റ്റോപ്പുകളില്ലാത്തിടത്തുനിന്നും ആളെ എടുക്കുന്നതുമാണ് ഗതാഗതക്കുരുക്കിന്‍െറ മുഖ്യകാരണം. തിരക്കേറിയ എം.സി റോഡിന്‍െറ ഇരുഭാഗങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. വ്യാപാര കേന്ദ്രമായ കാവുങ്കര മേഖലയില്‍ ഗതാഗതക്കുരുക്ക് മൂലം ജനം പൊറുതിമുട്ടുകയാണ്. കച്ചേരിപ്പടി ജങ്ഷനിലെ ട്രാഫിക് സംവിധാനത്തിലെ താഴപ്പിഴമൂലം രൂപപ്പെടുന്ന കുരുക്കുകള്‍ കോതമംഗലം റൂട്ടിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കാവുങ്കരയില്‍ റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തി കയറ്റിറക്ക് നടത്തുന്നതാണ് കുരുക്ക് രൂപപ്പെടാന്‍ കാരണം. വണ്‍വേ സംവിധാനം കാര്യക്ഷമമാക്കാത്തതും പ്രശ്നമാണ്. ഇതിന് പുറമെ നാലുംകൂടിയ കീച്ചേരിപ്പടി ജങ്ഷനിലെ താളപ്പിഴയും രൂക്ഷത വര്‍ധിപ്പിക്കുകയാണ്. കീച്ചേരിപ്പടി ജങ്ഷനില്‍ ട്രാഫിക് പൊലീസിന്‍െറ സേവനം ലഭ്യമാക്കണമെന്ന നിര്‍ദേശവും ലംഘിക്കപ്പെടുകയാണ്. പൊലീസുകാരന്‍ ഡ്യൂട്ടിക്കെത്തിയാലും ഗതാഗതം നിയന്ത്രിക്കാതെ കടവരാന്തകളില്‍ കയറിനിന്ന് വിശ്രമിക്കുന്ന കാഴ്ചയും ഇവിടെ പതിവാണ്. ഇതുമൂലം തലങ്ങും വിലങ്ങും ഓടുന്ന വാഹനങ്ങള്‍ അപകട പരമ്പരകളും ഗതാഗതക്കുരുക്കുകളും സൃഷ്ടിക്കുകയാണ്. |
മാന്നാറില്‍ കുടിവെള്ളക്ഷാമം രൂക്ഷം Posted: 11 May 2013 11:51 PM PDT
മാന്നാര്‍: കിണറുകളിലും കുഴല്‍ക്കിണറുകളിലും ജലം കുറഞ്ഞതോടെ മാന്നാര്‍ ടൗണില്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി പരക്കംപായുന്നു. പടനിലം പമ്പ്ഹൗസ് രാവിലെ രണ്ടുമണിക്കൂര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുടെ അഭ്യര്‍ഥനപ്രകാരം ചില രാത്രികളില്‍ അല്‍പ്പസമയം പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഒരുവ്യാഴവട്ടത്തിലധികമായി പമ്പ് ഓപ്പറേറ്ററെ പഞ്ചായത്ത് നിയമിക്കാത്തതിനാല്‍ വാര്‍ഡംഗമോ സമീപ വാസികളോ ആണ് പമ്പ് പ്രവര്‍ത്തിപ്പിക്കുന്നത്. കാലങ്ങള്‍ പഴക്കമുള്ളതാണ് ഇവിടുത്തെ പൈപ്പുലൈനുകള്‍. പല പൊതുടാപ്പുകളും പ്രവര്‍ത്തന രഹിതമാണ്. പമ്പ്ഹൗസ് കിണറും ടാങ്കും ശുദ്ധീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ജനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്ന പമ്പ്ഹൗസിനോട് ചേര്‍ന്ന പൊതുടാപ്പ് പരിസരം കാടുപിടിച്ച് ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറി . ഇവിടെ പൊട്ടിയ പൈപ്പിലൂടെ മലിനജലം കയറുന്നു. ഈ വെള്ളമാണ് മിക്കവരും ഉപയോഗിക്കുന്നത്. ആലം, കുമ്മായം എന്നിവ ചേര്‍ത്തുള്ള ശുദ്ധീകരണവും ക്ളോറിനേഷനും ഇവിടെ നടക്കുന്നില്ല. ജലത്തിന്‍െറ ഗുണനിലവാരം പരിശോധിക്കാനും നടപടിയില്ല. ജില്ലയില്‍ കോളറയടക്കം പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കെ മഴക്കാലപൂര്‍വ രോഗപ്രതിരോധ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ചെന്നിത്തല തൃപ്പെരുന്തുറയില്‍ ഒരുകോടി ചെലവഴിച്ച് നിര്‍മിച്ച ഓവര്‍ഹെഡ് ടാങ്കില്‍നിന്ന് മാന്നാര്‍, ചെന്നിത്തല, തൃപ്പെരുന്തുറ വില്ലേജുകളില്‍ കുടിവെള്ളം എത്തിക്കാനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. 1993ല്‍ ഭരണാനുമതി ലഭിച്ച പദ്ധതിയാണിത്. കുരട്ടി വില്ലേജിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനും നടപടിയായിട്ടില്ല. കുട്ടനാട് പാക്കേജ് കുടിവെള്ള പദ്ധതി അപ്പര്‍കുട്ടനാടന്‍ പ്രദേശമായ മാന്നാറിലേക്ക് വ്യാപിപ്പിക്കാന്‍ 5.67 കോടി യുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. മാന്നാര്‍ പടനിലം പമ്പ്ഹൗസ് വിപുലീകരണത്തിന് നടപടി സ്വീകരിക്കാന്‍ ജനപ്രതിനിധികള്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. |
ജില്ലാ ആശുപത്രിയെ ജനറല്‍ ആശുപത്രിയാക്കും; സ്ഥലം നല്‍കിയാല്‍ കൊല്ലത്ത് മെഡിക്കല്‍ കോളജ് -മന്ത്രി Posted: 11 May 2013 11:47 PM PDT
കൊല്ലം: സ്ഥലമേറ്റെടുത്ത് നല്‍കിയാല്‍ കൊല്ലത്ത് മെഡിക്കല്‍ കോളജ് അനുവദിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍. ജില്ലാ ആശുപത്രിയില്‍ ആരോഗ്യവകുപ്പിന്‍െറ നേതൃത്വത്തില്‍ നടന്ന ആരോഗ്യ അദാലത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലാ ആശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. വിക്ടോറിയ ആശുപത്രിയില്‍ കുട്ടികളുടെ ന്യൂ ബോണ്‍ ഐ.സി യൂനിറ്റ് ഒരു മാസത്തിനകം തുടങ്ങും. ജില്ലാ ആശുപത്രി എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന് പരിഗണിക്കുന്ന ആശുപത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കാനുള്ള സംവിധാനം ഒരുക്കുന്നതിന്‍െറ ഭാഗമായി ജില്ലാ ആശുപത്രികളില്‍ തൊഴിലാളി ബ്ളോക്ക് ആരംഭിക്കുമെന്ന് അദാലത്ത് ഉദ്ഘാടനംചെയ്ത മന്ത്രി ഷിബുബേബിജോണ്‍ പറഞ്ഞു. ജില്ലാ ആശുപ്രതിയിലായിരിക്കും ഇതിന് തുടക്കംകുറിക്കുക. കാന്‍സര്‍, വൃക്ക ചികിത്സകള്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ഇതിനാവശ്യമായ ഫണ്ട് ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു. പത്തുപേര്‍ക്ക് ശ്രവണസഹായി നല്‍കിയാണ് പരാതികള്‍ പരിഹരിക്കുന്ന നടപടികള്‍ ആരംഭിച്ചത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയമോഹന്‍ അധ്യക്ഷത വഹിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിച്ചു. എന്‍. പീതാംബരക്കുറുപ്പ് എം.പി, എം.എല്‍.എമാരായ ഐഷാപോറ്റി, കെ. രാജു, ജി.എസ്. ജയലാല്‍, എ.എ. അസീസ്, കലക്ടര്‍ പി.ജി. തോമസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.എല്‍. സജികുമാര്‍, ഡെപ്യൂട്ടി മേയര്‍ ജി. ലാലു, ആയുര്‍വേദ ഡി.എം.ഒ ഡോ. വി.കെ. ശശികുമാര്‍, ഹോമിയോ ഡി.എം.ഒ ഡോ. കെ. സുരേഷ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജയശങ്കര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സലില തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ ജനപ്രതിനിധികള്‍ അവരുവരുടെ പ്രദേശത്തെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. |
ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ യുവാവിന് മര്‍ദനം Posted: 11 May 2013 11:39 PM PDT
പുനലൂര്‍: ജനമൈത്രി പൊലീസ് സംവിധാനം മാതൃകപരമായി നടപ്പാക്കി പ്രശംസ നേടിയ പുനലൂര്‍ പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ യുവാവിനെ പ്രാകൃത മര്‍ദനമുറക്ക് വിധേയമാക്കിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറെ സസ്പെന്‍ഡുചെയ്തു. എസ്.ഐ യടക്കം മറ്റ് മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. വാളക്കോട് ചരുവിലഴികത്ത് സുരേഷ് (30) നെ ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദിച്ചതിന് കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫിസര്‍ ഷാജഹാനെയാണ് സിറ്റി പൊലീസ് കമീഷണര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. പുനലൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ചെറിയാന്‍ ഇതേ സ്റ്റേഷനിലെ കണ്ടാലറിയാവുന്ന മറ്റ് രണ്ട് സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് സുരേഷിന്‍െറ മൊഴിയുടെ അടിസ്ഥാനത്തില്‍ പുനലൂര്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയ ഷാജഹാന്‍ പുനലൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്സിലാണ് താമസിക്കുന്നത്. അടുത്തിടെയാണ് പുനലൂര്‍ സ്റ്റേഷനില്‍ നിന്ന് ഈസ്റ്റിലേക്ക് സ്ഥലം മാറിയത്. വെല്‍ഡിങ് ജോലിക്കാരനായ സുരേഷ് കഴിഞ്ഞ വെള്ളിയാഴ്ച ജോലി കഴിഞ്ഞ് രാത്രി 11 ഓടെ പുനലൂര്‍ ടി.ബി. ജങ്ഷനിലെത്തിയപ്പോള്‍ ഇരുവിഭാഗങ്ങള്‍ സംഘര്‍ഷത്തില്‍ എര്‍പ്പെട്ടിരുന്നു. ഈ വിവരം സുരേഷ് മൊബൈല്‍ ഫോണിലൂടെ പുനലൂര്‍ പൊലീസില്‍ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘര്‍ഷത്തിലേര്‍പ്പെട്ടവരെ പിടികൂടാതെ വിവരം നല്‍കിയ സുരേഷിനെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലേക്ക് കൊണ്ടുപോയി ലോക്കപ്പിലിട്ട് രാത്രി മുഴുവന്‍ ക്രൂരമായി മര്‍ദിക്കുകയും രഹസ്യഭാഗങ്ങളില്‍ മുളക് അരച്ച് തേക്കുകയും ചെയ്തു. പിറ്റേന്ന് ഉച്ചയോടെ സുരേഷിനെ വിട്ടയച്ചു. എഴുന്നേറ്റ് നടക്കാന്‍പോലും കഴിയാത്ത നിലയില്‍ സുരേഷ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ലോക്കപ്പ് മര്‍ദനം സംബന്ധിച്ച് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്. എ.ഡി.ജി.പി ഹേമചന്ദ്രന്‍ ഇതുസംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ പുനലൂര്‍ ഡിവൈ.എസ്.പിയോട് ആവശ്യപ്പെട്ടു. ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായത്. |
കൊരട്ടിയില്‍ പൂഴ്ത്തിവെച്ചത് 1,853 ചാക്ക് റേഷനരി; യഥാര്‍ഥ കണക്ക് പുറത്ത് Posted: 11 May 2013 11:32 PM PDT
ചാലക്കുടി: കൊരട്ടിയില്‍ യഥാര്‍ഥത്തില്‍ പൂഴ്ത്തിവെച്ചത് 1,853 ചാക്ക് റേഷനരി. കൂടാതെ 29 ലൂസ് ചാക്ക് അരിയുമുണ്ട്. 874 ചാക്ക് അരി പിടിച്ചെടുത്തെന്നായിരുന്നു നേരത്തെ പുറത്തുവിട്ടത്. കേസില്‍ പിടിച്ചെടുത്ത അരിച്ചാക്കുകളുടെ ഞെട്ടിക്കുന്ന കണക്ക് ഇപ്പോള്‍ പുറത്തുവന്നു. 50 കിലോയുടെ 1,853 ചാക്കാണ് പൂഴ്ത്തിവെച്ചതെന്ന് ഉദ്യോഗസ്ഥര്‍ തിട്ടപ്പെടുത്തി. കൊരട്ടി ബിന്ദു തിയറ്ററിന് സമീപത്ത് രഹസ്യ ഗോഡൗണില്‍നിന്ന് കഴിഞ്ഞയാഴ്ച പിടികൂടിയ അരിയുടെ കണക്കാണിത്. 92,650 കിലോയിലധികം വരുമിത്. ഈ അരിക്ക് ഓപ്പണ്‍ മാര്‍ക്കറ്റിലെ വില 30 ലക്ഷത്തിലധികം രൂപ വരും. മുമ്പ് രണ്ടിടങ്ങളിലായി പിടിച്ചെടുത്ത അരിയുടെ കണക്ക് ഇതിന്പുറമെയാണ്. കൊരട്ടി എസ്.ഐ ഉണ്ണികൃഷ്ണന്‍, അഡീഷനല്‍ എസ്.ഐ കെ.ജി. ആന്‍റണി, സി.പി.ഒ വിനു, ആന്‍റണി എന്നിവരുടെ സാന്നിധ്യത്തില്‍ സിവില്‍ സപൈ്ളസ് ഉദ്യോഗസ്ഥരാണ് കണക്കെടുത്തത്. ഇനിയും കുറ്റവാളികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നത് നാണക്കേടായി മാറി. ഇക്കാര്യത്തില്‍ പൊലീസ് നിസ്സഹായാവസ്ഥയിലാണ്. ഇടപെടലുകളും സമ്മര്‍ദങ്ങളും കാരണം അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റുന്നില്ല. ചില സാങ്കേതിക പ്രശ്നങ്ങളും പൊലീസിനെ കുഴക്കുന്നു. റേഷന്‍കൊള്ളയുടെ കണ്ണികള്‍ കണ്ടെത്തുന്നതിന് സിവില്‍ സപൈ്ളസ് ഉദ്യോഗസ്ഥരുടെ സഹകരണം വേണം. ഏതെല്ലാം റേഷന്‍കടകളില്‍ നിന്നാണ് അരി ചോര്‍ന്നത് എന്ന് സ്റ്റോക്ക് രജിസ്റ്ററിലെ കണക്കുകള്‍ നോക്കി കണ്ടെത്തണം. എന്നാല്‍, റേഷന്‍ വ്യാപാരികളുടെ ഭാഗത്തുനിന്ന് എതിര്‍ നീക്കമുണ്ടായി. അന്വേഷണം പുരോഗമിക്കവെ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നൂവെന്ന് ആരോപിച്ചുകൊണ്ട് അവര്‍ റേഷന്‍കടകള്‍ ഒരു ദിവസം അടച്ചിട്ടു. രാഷ്ട്രീയ കേന്ദ്രങ്ങളില്‍ കൊരട്ടി റേഷന്‍ പൂഴ്ത്തിവെപ്പിനെപ്പറ്റി പഴയതുപോലെയുള്ള ആവേശമില്ല. പ്രതിഷേധങ്ങളെല്ലാം കെട്ടടങ്ങി. ഇതിനിടെ പ്രതികളിലൊരാളായ ജെസ്മിന്‍ കൊരട്ടിയില്‍ തന്നെയുള്ളതായി സൂചനയുണ്ട്. മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ ശ്രമിക്കുന്നതായും അറിയുന്നു. |
ജ്വല്ലറി കവര്‍ച്ച: അന്വേഷണം ഉത്തരേന്ത്യയിലേക്ക് Posted: 11 May 2013 11:29 PM PDT
കണ്ണൂര്‍: നഗരത്തിലെ രണ്ട് ജ്വല്ലറികളില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണം ഉത്തരേന്ത്യയിലേക്ക് വ്യാപിപ്പിച്ചു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. ഝാര്‍ഖണ്ഡിലുള്ള ഒരാളുടെ നേതൃത്വത്തില്‍ നാലംഗസംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്‍െറ നിഗമനം. കണ്ണൂരുമായി ബന്ധമുള്ള മഹാരാഷ്ട്ര സ്വദേശിയുടെ നേതൃത്വത്തിലാണ് കവര്‍ച്ച നടന്നതെന്ന് നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളെ തേടി മഹാരാഷ്ട്രയില്‍ പൊലീസ് എത്തിയെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നു. തുടരന്വേഷണത്തിലാണ് ഝാര്‍ഖണ്ഡില്‍നിന്ന് മഹാരാഷ്ട്രയിലേക്ക് കുടിയേറിയ ആളാണെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് അന്വേഷണം ഝാര്‍ഖണ്ഡിലേക്ക് വ്യാപിപ്പിച്ചത്. മഹാരാഷ്ട്രയില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ കേന്ദ്രവും മറ്റ് ഇടപാടുകളും കണ്ടെത്തിയിരുന്നു. എന്നാല്‍, പൊലീസിന്‍െറ നീക്കം മണത്തറിഞ്ഞ പ്രതി മുങ്ങുകയായിരുന്നു. കണ്ണൂരുമായി ഉറ്റബന്ധമുള്ളവരാണ് ഇയാള്‍ക്ക് പൊലീസിന്‍െറ നീക്കം ചോര്‍ത്തി നല്‍കുന്നതെന്നാണ് പൊലീസിന്‍െറ നിഗമനം. ഗ്യാസ് വെല്‍ഡിങ് ജോലിയില്‍ നല്ല പരിചയമുള്ളയാളാണ് കവര്‍ച്ചക്ക് നേതൃത്വം നല്‍കിയതെന്നാണ് പൊലീസിന്‍െറ കണ്ടെത്തല്‍. പ്രതികളെ ഉടന്‍ വലയിലാക്കാനാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മാര്‍ച്ചിലാണ് ബല്ലാര്‍ഡ് റോഡിലെ ദുര്‍ഗ ജ്വല്ലറി, സി.എച്ച്. കുഞ്ഞിക്കണ്ണന്‍ സില്‍വര്‍ ജ്വല്ലറി എന്നിവിടങ്ങളില്‍ കവര്‍ച്ച നടന്നത്. ഗ്യാസ്കട്ടര്‍ ഉപയോഗിച്ച് ജ്വല്ലറിയുടെ ഗ്രില്ലും സ്ട്രോങ്റൂമും തകര്‍ത്താണ് മോഷണം. ദുര്‍ഗ ജ്വല്ലറിയില്‍നിന്ന് ഒന്നരകിലോ സ്വര്‍ണം, നാലര കിലോ വെള്ളി ആഭരണം, രണ്ടുലക്ഷം രൂപ എന്നിവയും സി.എച്ച്. കുഞ്ഞിക്കണ്ണന്‍ ജ്വല്ലറിയില്‍നിന്ന് ഒന്നരകിലോ വെള്ളിയുമാണ് കവര്‍ന്നത്. |
എന്‍ഡോസള്‍ഫാന്‍: മേഖലാ പരിധി നിര്‍ണയത്തില്‍ അവ്യക്തത Posted: 11 May 2013 11:25 PM PDT
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയുടെ പരിധി നിര്‍ണയിക്കുന്നതിലെ അവ്യക്തത ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ശനിയാഴ്ച ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ അവലോകന യോഗത്തിലും ഈ പ്രശ്നം നിഴലിച്ചു. അര്‍ഹരായ മുഴുവനാളുകളെയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും രോഗ നിര്‍ണയം നടത്തുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുപ്പിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരിക്കെ മെഡിക്കല്‍ ക്യാമ്പുകള്‍ 11 പഞ്ചായത്തുകളില്‍ മാത്രം നടത്താനുള്ള ഔദ്യാഗിക തീരുമാനമാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകണമെന്നും മറ്റു പഞ്ചായത്തുകളിലുള്ള അര്‍ഹതപ്പെട്ട രോഗികളെയും പരിഗണിക്കണമെന്നും എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ശ്യാമളാദേവിയും ഇതേ ആവശ്യമുന്നയിച്ചു. എന്‍ഡോസള്‍ഫാന്‍ ബാധിതമായി നേരത്തെ നിശ്ചയിച്ച 11 പഞ്ചായത്തുകള്‍ക്ക് പുറമെയുള്ളവരില്‍നിന്ന് അപേക്ഷകള്‍ സ്വീകരിച്ചില്ലെന്ന പരാതിയുണ്ടായതായും അവര്‍ പറഞ്ഞു. 2001 വരെ എന്‍ഡോസള്‍ഫാന്‍ തളിച്ച മേഖലയില്‍ താമസിച്ചവര്‍ക്കും അവര്‍ക്ക് പിന്നീടുണ്ടായ കുട്ടികള്‍ക്കും ആനുകൂല്യം ലഭിക്കുമെന്ന് പുനരധിവാസ സെല്ലിന്‍െറ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ സുധീര്‍ബാബു പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ എവിടെയുള്ളവര്‍ക്കും കണ്ണൂര്‍ ജില്ലയില്‍പെട്ടവരായാലും അവരെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുപ്പിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതുകൊണ്ട് ജില്ലയിലെ ഏത് പഞ്ചായത്തില്‍പെട്ടവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാമെന്ന് തീരുമാനിക്കണമെന്ന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. വെസ്റ്റ് എളേരി പഞ്ചായത്തില്‍പെട്ട ആന്‍മേരിക്ക് എന്‍ഡോസള്‍ഫാന്‍ ഇരയെന്ന നിലയില്‍ പെന്‍ഷന്‍ അനുവദിച്ച് മുഖ്യമന്ത്രി എ.ടി.എം കാര്‍ഡ് കൈമാറി ഒരുവര്‍ഷം കഴിഞ്ഞിട്ടും തുക ലഭിക്കാത്തതും യോഗത്തില്‍ പരാതിയായെത്തി. ഇരകളുടെ ലിസ്റ്റില്‍ ഇവരുടെ പേരില്ലാത്തതുകൊണ്ടാണ് പെന്‍ഷന്‍ ലഭിക്കാത്തതെന്നും പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ തോട്ടത്തിന്‍െറ അതിര്‍ത്തി പ്രദേശത്തുള്ളവരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ മാത്രമേ സഹായം നല്‍കാന്‍ കഴിയുകയുള്ളൂവെന്നും ഔദ്യാഗിക വിശദീകരണമുണ്ടായി. പ്രശ്നപരിഹാരമെന്ന നിലയില്‍, ആകാശ മാര്‍ഗം എന്‍ഡോസള്‍ഫാന്‍ തളിച്ച മേഖലകളിലുള്ളവര്‍ക്ക് താന്‍ രോഗബാധിതനാണെന്ന് തോന്നുകയാണെങ്കില്‍ ദുരിതബാധിതരെ നിര്‍ണയിക്കുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാമെന്നും ഇതിന് പഞ്ചായത്തുകളുടെ പരിധി കണക്കിലെടുക്കേണ്ടതില്ലെന്നും എന്‍.ആര്‍.എച്ച്.എം ജില്ല കോഓഡിനേറ്റര്‍ ഡോ. മുഹമ്മദ് അഷീല്‍ വ്യക്തമാക്കിയെങ്കിലും ഇതിന് ഔദ്യാഗിക സ്ഥിരീകരണം ലഭിച്ചില്ല. യോഗത്തില്‍ പങ്കെടുത്ത കൃഷിമന്ത്രിയോ ജില്ല കലക്ടറോ ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം പറയാന്‍ തയാറായില്ല. |
ഗെയ്ല്‍ പൈപ്ലൈന്‍: ബദല്‍ മാര്‍ഗം കണ്ടെത്താമെന്ന് വീണ്ടും ഉറപ്പ് Posted: 11 May 2013 11:20 PM PDT
പാലക്കാട്: ജനവാസ മേഖലയില്‍ നിന്ന് ഗ്യാസ് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടിയെക്കുറിച്ച് ആലോചിക്കാന്‍ എ.ഡി.എം എ.വി. വാസുദേവന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കാത്തതിലും കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന യോഗ തീരുമാനം പാലിക്കാത്തതിലും പ്രതിഷേധിച്ച് വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ പ്രക്ഷോഭത്തിന് ഇറങ്ങിയിരുന്നു. പുരയിടങ്ങളില്‍ അതിക്രമിച്ച് കയറിയും ഭീഷണിപ്പെടുത്തിയും നാശനഷ്ടങ്ങളുണ്ടാക്കിയും ഗെയ്ല്‍ നടത്തുന്ന പ്രവര്‍ത്തനത്തില്‍ ജനരോഷം ശക്തമായതിനെ തുടര്‍ന്നാണ് സര്‍വകക്ഷിയോഗം വിളിച്ചത്. പൈപ്പ്ലൈന്‍ കൊണ്ടുപോകാന്‍ ബദല്‍ സംവിധാനം കണ്ടെത്താമെന്ന് ഗെയ്ല്‍ പ്രതിനിധികള്‍ ഉറപ്പ് നല്‍കി. എന്നാല്‍, മുമ്പ് കലക്ടര്‍ വിളിച്ച യോഗത്തിലും സമാന തീരുമാനം ഉണ്ടായിരുന്നെന്നും അത് നടപ്പാക്കാത്തതിനെക്കുറിച്ച് വിശദീകരണം നല്‍കണമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് സി. കൃഷ്ണകുമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ജനവാസമേഖലയില്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് വിവിധരാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളും വ്യക്തമാക്കി. ആര്‍. ചിന്നക്കുട്ടന്‍, വി.കെ. ശ്രീകണ്ഠന്‍, പി. സുന്ദരന്‍, ആര്‍. മുരുകരാജ്, പുതുശ്ശേരി ശ്രീനിവാസന്‍, വിളയോടി വേണുഗോപാല്‍, ഒറ്റപ്പാലം സബ് കലക്ടര്‍, ഡിവൈ.എസ്.പിമാര്‍, ഗെയ്ല്‍ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബി.ജെ.പി 18 പഞ്ചായത്തുകള്‍ക്കും രണ്ട് നഗരസഭകള്‍ക്കും മുന്നില്‍ 13 മുതല്‍ സമരം ആരംഭിക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് സി. കൃഷ്ണകുമാര്‍ അറിയിച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment