സ്വാഗതം
WELCOME

News Update..

Saturday, December 1, 2012

ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം: ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍ Madhyamam News Feeds

ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം: ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍ Madhyamam News Feeds

Link to

ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം: ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted: 01 Dec 2012 01:22 AM PST

നെടുമങ്ങാട്: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസില്‍ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പാലൈക്കോണം ബ്രാഞ്ച് സെക്രട്ടറി പാലൈക്കോണം റോഡരികത്തുവീട്ടില്‍ ശോഭി എന്ന എ.എസ്. ഗോപിയെ കൊലപ്പെടുത്തിയ കേസില്‍ ആര്യനാട് കോട്ടയ്ക്കകം ഐത്തി കുത്തുകുഴി തടത്തരികത്തുവീട്ടില്‍ നിന്ന് ആര്യനാട് പഞ്ചായത്ത് ഓഫിസിന് സമീപം ശ്രീദീപം വീട്ടില്‍ വാടകക്ക് താമസിക്കുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ സാബു (32), സി.പി.എം പ്രവര്‍ത്തകനായ ആര്യനാട് മേലേച്ചിറ ഗിരിനഗര്‍ ലക്ഷംവീട് കോളനിയില്‍ മനോജ് എന്ന ശരത്കുമാര്‍ (26) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 10ന് കരമനയാറ്റിലെ കാവല്‍പ്പുരക്ക് സമീപത്തുനിന്നാണ് ഗോപിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന സംശയത്തില്‍ അന്നത്തെ നെടുമങ്ങാട് ഡിവൈ.എസ്.പി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തല്‍ അന്വേഷണമാരംഭിച്ചു. തെളിവുകള്‍ സാബുവിലേക്ക് നീണ്ടതോടെ ഇയാളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കി. കോടതി അനുമതി നല്‍കിയെങ്കിലും സാബു ഹൈകോടതിയെ സമീപിച്ച് സ്റ്റേ നേടി. സ്റ്റേയുടെ കാലാവധി കഴിഞ്ഞതോടെയാണ് ഇവരെ അറസ്റ്റ്ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ആര്യനാട് മാര്‍ക്കറ്റിന് സമീപത്തെ കാര്‍ഷിക വിപണന കേന്ദ്രത്തിലെ ജീവനക്കാരനായ സാബുവും ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഗോപിയുടെ മകളും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ മകളുടെ വിവാഹം മറ്റൊരാളുമയി തീരുമാനിച്ച ഗോപിയെ കല്യാണത്തിന് പണംകൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കാറില്‍ കയറ്റി പറണ്ടോട് മൂന്നാറ്റുമുക്ക് ചെട്ടിച്ചാടിമൂലയിലുള്ള റബര്‍ തോട്ടത്തിനോട് ചേര്‍ന്ന കരമനയാറ്റിന്‍െറ കരയിലുള്ള വരിപ്പാറയില്‍ കൊണ്ടുപോയി.
മദ്യവും ആഹാരവും നല്‍കിയശേഷം ഗോപിയെ കരമനയാറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.
 ഇതിന് സാബുവിന്‍െറ സുഹൃത്ത് ശരത്തിനെക്കൊണ്ട് ഉദിയന്‍കുളങ്ങരയില്‍ നിന്ന് ഒരു കാര്‍ വാടകക്ക് സംഘടിപ്പിച്ചിരുന്നു. ഈ കാറില്‍ കയറ്റിയാണ് ഗോപിയെ സാബുവും ശരത്തും ചേര്‍ന്ന് പറണ്ടോട് മൂന്നാറ്റുമുക്കിലെത്തിച്ച് ആറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്.
നെടുമങ്ങാട് ഡിവൈ.എസ്.പി എം. ഇക്ബാല്‍, എസ്.ഐമാരായ സുധാകരന്‍ നായര്‍, ജനാര്‍ദനന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജയചന്ദ്രന്‍ നായര്‍, ശശി, ചന്ദ്രമോഹന്‍, സുരേഷ്കുമാര്‍, സജീര്‍, അനസ്, വിനോദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
 

പരവൂര്‍ 33 കെ.വി സബ്സ്റ്റേഷന്‍ ഉദ്ഘാടനം വൈകുന്നു

Posted: 01 Dec 2012 01:16 AM PST

പരവൂര്‍: ഉദ്ഘാടനത്തിനൊരുങ്ങുന്ന പരവൂര്‍ 33 കെ.വി സബ്സ്റ്റേഷനെ മുന്‍നിര്‍ത്തി പ്രസ്താവനകളും ആഘോഷങ്ങളും മുറുകുന്നു. ഇതിനിടെ സബ്സ്റ്റേഷന്‍ നിര്‍മാണത്തിന് സ്ഥലം അനുവദിച്ച വകയില്‍ വിനായകര്‍ വീവേഴ്സ് ഇന്‍ഡസ്ട്രിയല്‍ സഹകരണസംഘത്തിന്  പണം ഇനിയും ലഭിച്ചില്ല. പരവൂര്‍ നഗരസഭ, പൂതക്കുളം, ചിറക്കര ഗ്രാമപഞ്ചായത്തുകള്‍  മേഖലകളിലെ നിരന്തര വൈദ്യുതിമുടക്കത്തിനും വോള്‍ട്ടേജ് ക്ഷാമത്തിനും പരിഹാരം കാണുന്നതിനായി പരവൂരില്‍ സബ്സ്റ്റേഷന്‍ നിര്‍മിക്കണമെന്നുള്ള ആവശ്യം പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഉയര്‍ന്നതാണ്.
സ്ഥലം ലഭ്യമാകാത്ത കാരണം  നീണ്ടുപോയ ഈ ആവശ്യം കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്താണ് സഫലമായത്.  വിനായകര്‍ വളപ്പില്‍നിന്ന്  ഒരേക്കര്‍ സ്ഥലം ഇതിനായി അനുവദിക്കാന്‍ ഡയറക്ടര്‍ബോര്‍ഡ് തീരുമാനിച്ചതോടെയാണ് സബ്സ്റ്റേഷന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറായത്.
തൊഴിലാളികള്‍ക്ക് നല്‍കാനുണ്ടായിരുന്ന ശമ്പള കുടിശ്ശിക, പി.എഫ്, ഇ.എസ്.ഐ എന്നിവ കൊടുത്തുതീര്‍ക്കുന്നതിനാവശ്യമായ തുക ലഭിക്കാന്‍ വേണ്ടിയാണ് വിനായകറിന്‍െറ പറമ്പില്‍നിന്നും ഒരേക്കര്‍ വില്‍ക്കാന്‍ ഭരണസമിതി തീരുമാനിച്ചത്.  ഇതുപ്രകാരം 60 ലക്ഷം രൂപയാണ് വിനായകറിന് ലഭിക്കേണ്ടത്. നാമമാത്രമായി പ്രവര്‍ത്തിക്കുന്ന കൈത്തറി നെയ്ത്തുസംഘത്തിന്‍െറ ദയനീയാവസ്ഥക്ക് ഒരളവുവരെ പരിഹാരം കാണാന്‍ ഈ തുക ഉപകരിക്കുമെന്ന കണക്കുകൂട്ടല്‍ തെറ്റി.
സബ്സ്റ്റേഷന്‍ ഉദ്ഘാടനത്തിന് തയാറായിട്ടും ഏറ്റെടുത്ത സ്ഥലത്തിന്‍െറ വില നല്‍കാന്‍ വൈദ്യുതിബോര്‍ഡ് തയാറായിട്ടില്ല. പ്രധാന റോഡില്‍നിന്നും സബ്സ്റ്റേഷന്‍ വളപ്പിലേക്ക് അമ്പത് മീറ്ററോളം നീളത്തില്‍ വഴിക്ക് വീതികൂട്ടുന്നതിനായി വിനായകറിന്‍െറ മതില്‍ പൊളിച്ചുകൊടുക്കേണ്ടതുണ്ട്. ഇത് ചെയ്യാതിരിക്കുന്നതാണ് തുക കൈമാറല്‍ വൈകുന്നതെന്നാണ് അധികൃതഭാഷ്യം. എന്നാല്‍ ഇത് പൊളിക്കുന്നതിന് തടസ്സമെന്താണെന്ന ചോദ്യത്തിന് ഇരുഭാഗത്തുനിന്നും വ്യക്തമായ ഉത്തരമില്ല.
വഴിക്ക് ആവശ്യമായ വീതി ലഭ്യമായശേഷം ഇതുവഴി മണ്ണിനടിയിലൂടെ കേബ്ള്‍ വലിച്ച് പരവൂര്‍ ടൗണ്‍ ഭാഗത്തേക്കുള്ള ലൈനിലേക്ക് വൈദ്യുതി എത്തിക്കാനായിരുന്നു ആദ്യപദ്ധതി. 33 കെ.വി ലൈന്‍ ഈ ഭാഗത്തുകൂടിയാണ് സബ്സ്റ്റേഷനിലെത്തുന്നതും. ഇതേ ഭാഗത്തുകൂടി വീണ്ടും പുറത്തേക്കുള്ള ലൈന്‍ വലിക്കുന്നത് അപകടകരമായതിനാലാണ് പ്രധാന റോഡുവരെ കേബ്ള്‍ വഴി വൈദ്യുതി എത്തിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ മതിലിടിച്ച് വീതികൂട്ടാന്‍ വിനായകര്‍ അധികൃതര്‍ തയാറാവാത്തതിനാല്‍ 33 കെ.വി ലൈനിനടുത്തുകൂടിത്തന്നെ പുറത്തേക്കുള്ള 11 കെ.വി ലൈന്‍ വലിച്ചിരിക്കുകയാണ്. ഇത് അപകടകരമാണെന്ന് പല കേന്ദ്രങ്ങളില്‍നിന്നും പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നിരിക്കുകയാണ്.

വീടില്ലാത്ത ഒരു ലക്ഷംപേര്‍ക്ക് മൂന്ന് സെന്‍റ് വീതം നല്‍കും -മന്ത്രി അടൂര്‍ പ്രകാശ്

Posted: 01 Dec 2012 01:12 AM PST

നെടുങ്കണ്ടം: അന്തിയുറങ്ങാന്‍ ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത ഒരു ലക്ഷമാളുകള്‍ക്ക് 2013 ആഗസ്റ്റ് 15 ഓടെ മൂന്ന് സെന്‍റ് സ്ഥലം വീതം നല്‍കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്.
മുണ്ടിയെരുമയില്‍ നടന്ന പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2700 പേര്‍ക്ക് മന്ത്രി വെള്ളിയാഴ്ച പട്ടയം വിതരണം ചെയ്തു. കേരളത്തില്‍ ഒരിഞ്ച് ഭൂമി പോലും ഇല്ലാത്ത 2,33,232 കുടുംബങ്ങളുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പലരുടെയും കൈവശം അനധികൃത ഭൂമിയുണ്ടെന്നും അത് തിരിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ ഭൂമിയില്ലാത്തവര്‍ക്ക് നല്‍കാനാകുമെന്നും മന്ത്രി പറഞ്ഞു.പട്ടം കോളനിയില്‍ ഇനി പട്ടയം കിട്ടാത്തവരുണ്ടെങ്കില്‍ അപേക്ഷ നല്‍കണം. ജില്ലയില്‍ നിന്ന് മാത്രമായി ലഭിച്ച 46,000 ലധികം പരാതികളില്‍ 70 ശതമാനവും തീര്‍പ്പ് കല്‍പ്പിച്ചു. ബാക്കി പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ കുടിയേറ്റം തുടങ്ങിയതിന്‍െറ ഏറ്റവും വലിയ തെളിവാണ് 57 വര്‍ഷം മുമ്പ് പട്ടം താണുപിള്ള കല്ലാര്‍ പട്ടം കോളനിയില്‍ ഭൂമി നല്‍കി കര്‍ഷകരെ കുടിയിരുത്തിയതെന്ന് ജലവിഭവ മന്ത്രി പി.ജെ. ജോസഫ് അധ്യക്ഷ പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു.
വെള്ളിയാഴ്ച പട്ടയം വിതരണം ചെയ്യുന്നതിന്‍െറ ബാക്കി അടുത്ത ദിവസങ്ങളില്‍ കൊടുക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി പ്രദേശത്തുള്ളവര്‍ക്ക് കൂടി പട്ടയങ്ങള്‍ പടിപടിയായി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

നഗരം ഗതാഗതക്കുരുക്കില്‍

Posted: 01 Dec 2012 01:02 AM PST

പത്തനംതിട്ട:  ട്രാഫിക് സംവിധാനത്തെ നോക്കുകുത്തിയാക്കി വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്നത് നഗരത്തില്‍ ഗതാഗതക്കുരുക്കിനിടയാക്കുന്നു. അബാന്‍ ജങ്ഷന്‍, അഴൂര്‍ ജങ്ഷന്‍, സ്റ്റേഡിയം ജങ്ഷന്‍, സെന്‍റ് പീറ്റേഴ്സ് ജങ്ഷന്‍ എന്നിവിടങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇവിടങ്ങളില്‍ ഗതാഗതം നിയന്ത്രിക്കാന്‍ ഹോം ഗാര്‍ഡിന്‍െറ സേവനം ലഭ്യമാണെങ്കിലും പലപ്പോഴും സിഗ്നല്‍  അവഗണിച്ച് വാഹനങ്ങള്‍ പായുകയാണ്.
 തിരക്കേറുന്ന സമയത്ത് ട്രാഫിക് പൊലീസിന്‍െറ കണ്ണുവെട്ടിച്ച് സിഗ്നല്‍ ലംഘിക്കുന്നവരെ പിടികൂടാനും പൊലീസിന് കഴിയാറില്ല. പ്രധാന ജങ്ഷനുകളില്‍ തിരക്കുള്ള സമയത്ത് ഒരു ഹോം ഗാര്‍ഡിനെമാത്രം നിയോഗിക്കുന്നതുകൊണ്ട്  പ്രയോജനമില്ലാത്ത അവസ്ഥയാണിപ്പോള്‍.
ശബരിമല സീസണായതോടെ നഗരത്തിലേക്കുള്ള വാഹന തിരക്കും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ടി.കെ. റോഡിലും റിങ് റോഡിലുമാണ് കൂടുതല്‍ വാഹന തിരക്ക് അനുഭവപ്പെടുന്നത്. ടി.കെ. റോഡില്‍ സെന്‍ട്രല്‍ ജങ്ഷന്‍ ഭാഗത്തും മിനിസിവില്‍ സ്റ്റേഷന്‍ റോഡിലുമാണ് ഗതാഗതക്കുരുക്ക്.
തിരക്കേറുന്ന സമയങ്ങളില്‍ പ്രധാന ജങ്ഷനുകളില്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ച് തിരക്ക് നിയന്ത്രിക്കാനും അധികൃതര്‍ തയാറായിട്ടില്ല.
അബാന്‍ ജങ്ഷനിലും സെന്‍റ്പീറ്റേഴ്സ് ജങ്ഷനിലും സിഗ്നല്‍ ലൈറ്റുകള്‍  ഇടക്കിടെ തകരാറിലാകുന്നതും ഗതാഗതം താറുമാറാകാന്‍ കാരണമാകുന്നു. അഴൂര്‍ ജങ്ഷന്‍, സ്റ്റേഡിയം ജങ്ഷന്‍ എന്നിവിടങ്ങളില്‍ ട്രാഫിക് സംവിധാനം കാര്യക്ഷമമല്ല. ആഴ്ചകള്‍ക്ക് മുമ്പ് ഇളക്കിമാറ്റിയ ട്രാഫിക് ഐലന്‍ഡുകള്‍ രണ്ട് ദിവസം മുമ്പാണ് പുന$സ്ഥാപിച്ചെങ്കിലും ഇതില്‍ കയറിനിന്ന് ഗതാഗതം നിയന്ത്രിക്കാനും കഴിഞ്ഞിട്ടില്ല.

കുടിനീരിനായി കുമരകം പ്രക്ഷോഭ രംഗത്തേക്ക്

Posted: 01 Dec 2012 12:55 AM PST

കോട്ടയം: കുടിവെള്ളം പണംകൊടുത്ത് വാങ്ങല്‍ വര്‍ഷങ്ങളായി തുടര്‍ന്നിട്ടും ജലക്ഷാമത്തിന് പരിഹാരം കാണാത്ത അധികൃതരുടെ നടപടിക്കെതിരെ കുമരകം നിവാസികള്‍ ശനിയാഴ്ച  പ്രതിഷേധത്തിനിറങ്ങുന്നു. വെള്ളത്താല്‍ ചുറ്റപ്പെട്ട കുമരകത്ത് കുടിക്കാന്‍ വെള്ളമില്ലാത്തതില്‍ പ്രതിഷേധിച്ച് ജല മധ്യത്തിലാണ് സമരം. വള്ളത്തില്‍ തയാറാക്കിയ പ്രത്യേക സമരപ്പന്തലില്‍ ശനിയാഴ്ച മുതല്‍ അനിശ്ചിതകാലനിരാഹാര സത്യഗ്രഹം ആരംഭിക്കും. കുമരകത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രണ്ട്സ് ഓഫ് കുമരകത്തിന്‍െറ ആഭിമുഖ്യത്തില്‍ വള്ളത്തില്‍ നടത്തുന്ന സമരത്തില്‍  വര്‍ക്കിങ് പ്രസിഡന്‍റ് പുഷ്കരന്‍കുന്നത്തുചിറയാണ് നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുക. എസ്.എന്‍.ഡി.പി യൂനിയന്‍ പ്രഡിഡന്‍റ് എം. മധു ഉദ്ഘാടനം ചെയ്യും.  
വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശത്ത് ഉപ്പുരസമുള്ള വെള്ളമായതിനാല്‍ കിണറുകളിലെ ജലം ഉപയോഗിക്കാന്‍ കഴിയുന്നില്ല. വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം പൂര്‍ണമായി നിലച്ചതോടെ കുമരകംനിവാസികള്‍ കുടിവെള്ളം പണംകൊടുത്ത് വാങ്ങുകയാണ്. 2009ല്‍ കോട്ടയം-കുമരകം റോഡ് നിര്‍മാണത്തിനിടെ ചെങ്ങളത്ത് പ്രധാനപൈപ്പ് ലൈന്‍പൊട്ടിയതോടെ ജലവിതരണം മുടങ്ങി. 2010ല്‍ തകരാറിലായ പൈപ്പ്ലൈന്‍ മാറ്റിസ്ഥാപിച്ചിട്ടും പൈപ്പുകളിലൂടെ  ചളിയും മണ്ണും അടിഞ്ഞ് മലിനജലമാണ് കിട്ടുന്നത്. പഴക്കംചെന്ന പൈപ്പുകള്‍ മുഴുവന്‍ മാറ്റിസ്ഥാപിക്കുന്നതിനൊപ്പം ടൂറിസ്റ്റ് കേന്ദ്രമായ കുമരകത്ത് പുതിയ കുടിവെള്ളപദ്ധതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.

വേദനകള്‍ മറന്ന് അവര്‍ ഒത്തുകൂടി

Posted: 01 Dec 2012 12:49 AM PST

Subtitle: 
പാലിയേറ്റിവ് കെയര്‍ സൊസൈറ്റി സാന്ത്വന സംഗമം

ആലപ്പുഴ: വര്‍ഷങ്ങളായി ശയ്യാവലംബരായി കഴിയുന്നവര്‍ വേദനകള്‍ മറന്ന് ഒത്തുകൂടി. മരുന്നിന്‍െറയും ചികിത്സയുടേയും ലോകത്ത് നിന്ന് ചിരിയുടെയും കളിയുടെയും നിമിഷങ്ങളിലേക്ക് വന്ന അപൂര്‍വ സംഗമം. വൃദ്ധരും മധ്യവയസ്കരും മുതല്‍ കൊച്ചുകുട്ടികള്‍ വരെ എത്തി. രോഗപൂര്‍ണമായ അവസ്ഥക്കൊപ്പം വാര്‍ധക്യത്തിന്‍െറ ഏകാന്തതക്കും അവര്‍ തല്‍ക്കാലം വിടനല്‍കി.
ആലപ്പുഴ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയാണ് വിവിധ ഭാഗങ്ങളില്‍ പരിചരണത്തില്‍ കഴിയുന്നവരെ സന്തോഷത്തിന്‍െറ മുഹൂര്‍ത്തത്തിലേക്ക് ആനയിച്ചത്. ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ വെള്ളിയാഴ്ച വൈകുന്നേരം നാലുവരെയായിരുന്നു സാന്ത്വന സംഗമം . ബാങ്ക് ഓഫ് ബറോഡ ആലപ്പുഴ ശാഖയുടെ 40 ാം വാര്‍ഷിക ദിനാഘോഷത്തിന്‍െറ ഭാഗമായി ബാങ്കിന്‍െറ സജീവ പങ്കാളിത്തവും സംഗമത്തിന് ഉണ്ടായിരുന്നു.
ആലപ്പുഴ വട്ടപ്പള്ളി ജമീല പുരയിടത്തില്‍ നസീര്‍, മുംതാസ് ദമ്പതികളുടെ മക്കളായ നഹാസും നാസിഫും സംഗമത്തിലെ നൊമ്പര കാഴ്ചകളായി. 20 ഉം 18 ഉം വയസ് പ്രായമുള്ള അവര്‍ തളര്‍ച്ച ബാധിച്ച് വളര്‍ച്ചയെത്താത്ത അവസ്ഥയില്‍ കഴിയുന്നവരാണ്. സന്നദ്ധ സേവകര്‍, നഴ്സുമാര്‍, കൂട്ടിരിക്കുന്നവര്‍ എന്നിങ്ങനെ 250 ഓളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു. രോഗികളായി 36 പേര്‍ ഉണ്ടായിരുന്നു. രാവിലെ ഉദ്ഘാടന സമ്മേളനത്തിനുശേഷം ഓരോരുത്തരുടെയും അനുഭവങ്ങളും പ്രയാസങ്ങളും അവര്‍ പങ്കുവെച്ചു. അവര്‍ക്ക് സ്നേഹ സ്പര്‍ശത്തിന്‍െറ സാന്ത്വനം ഏകാന്‍ വിശിഷ്ട വ്യക്തികള്‍ എത്തിയിരുന്നു. മുന്‍ എം.എല്‍.എ എ.എ. ഷുക്കൂര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രതിഭ ഹരി, കലക്ടര്‍ പി. വേണുഗോപാല്‍, കൗണ്‍സിലര്‍ സതിദേവി, ജില്ലാ പൊലീസ് ചീഫ് ജയിംസ് തുടങ്ങിയവര്‍ സംഗമത്തിനെത്തി.
ഗുരുതരമായ രോഗം, പക്ഷാഘാതം, നട്ടെല്ലിന് ക്ഷതം, നാടി സംബന്ധമായ രോഗങ്ങള്‍, മാനസിക രോഗങ്ങള്‍, വാര്‍ധക്യജന്യമായ രോഗങ്ങള്‍ അനുഭവിക്കുന്നവരാണ് കൂടുതലും സംഗമത്തില്‍ എത്തിയത്. രോഗികളുടെ ചുറ്റുപാടുകളും കുടുംബ സാഹചര്യങ്ങളും മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന മാതൃക യൂനിറ്റുകളാണ് സൊസൈറ്റിയുടെ കീഴിലുള്ളത്.
അമ്പലപ്പുഴ താലൂക്ക് കേന്ദ്രമായ സൊസൈറ്റി ഇതിനകം 282 രോഗികള്‍ക്ക് ക്രിയാത്മക പരിചരണം നല്‍കിവരുന്നു. സംഗമത്തിന്‍െറ ഭാഗമായി രോഗികള്‍ക്കൊപ്പം പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ പാട്ടും കസേരകളിയുമുണ്ടായിരുന്നു. 

പെരിയാറില്‍ വീണ്ടും ഉപ്പുവെള്ളം കയറി

Posted: 01 Dec 2012 12:43 AM PST

ആലുവ: ഉപ്പുവെള്ളം കയറിയതിനെ തുടര്‍ന്ന് പെരിയാറിലെ ലവണാംശം ക്രമാതീതമായി ഉയര്‍ന്നതോടെ ജലശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം അഞ്ചരമണിക്കൂര്‍ നിര്‍ത്തിവെച്ചു. വ്യാഴാഴ്ച ഇത്തരത്തില്‍ മൂന്നര മണിക്കൂര്‍ പമ്പിങ് നിലച്ചിരുന്നു. വെള്ളിയാഴ്ച ഉച്ച മുതല്‍ മൂന്ന് പമ്പുകളില്‍ ഒരെണ്ണം നിര്‍ത്തിയിരിക്കുകയാണ്.
പുഴവെള്ളത്തില്‍ അനുവദനീയമായ ലവണാംശം 200 പി. പി. എം ആണെന്നിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെ ഇത് 1200 പി.പി.എം വരെയെത്തിയിരുന്നു. പിന്നീട് ഇതില്‍ കുറവ് വന്നെങ്കിലും ഉച്ചയോടെ വീണ്ടും ലവണാംശം 240 പി.പി.എമ്മില്‍ എത്തിയതോടെയാണ് പമ്പിങ് പൂര്‍ണമായും നിര്‍ത്തിയത്.
ഇതോടെ കൊച്ചി കോര്‍പറേഷന്‍ പ്രദേശത്തും കളമശേരി, തൃക്കാക്കര മേഖലയിലും ചൂര്‍ണിക്കര, മുളവുകാട്, ചേരാനല്ലൂര്‍ എന്നിവിടങ്ങളിലും കുടിവെള്ള വിതരണം തടസ്സപ്പെട്ടു. ഓരുവെള്ള ഭീഷണി ഗുരുതരമായി തുടരുന്നതിനാല്‍ വരും ദിവസങ്ങളിലും ജലവിതരണം മുടങ്ങാന്‍ ഇടയുണ്ട്. പാതാളത്തും പുറപ്പള്ളിക്കാവിലും ബണ്ട് നിര്‍മാണം പൂര്‍ത്തിയാകാത്തത് മൂലമാണ് ഓരുവെള്ളം പെരിയാറിലേക്ക് കയറുന്നത്.  
പെരിയാറിലെ ജലനിരപ്പ് താഴ്ന്നിരിക്കുന്നതും പ്രശ്നമാണ്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഒരു മീറ്ററിനുമേല്‍ താഴെയാണ് ഇപ്പോഴത്തെ ജലനിരപ്പ്.   പെരിയാറിലേക്ക് ഓരുവെള്ളം കയറുന്നത് തടയാന്‍ പുറപ്പള്ളിക്കടവില്‍ നിര്‍മിച്ചുവരുന്ന ബണ്ട് നാല് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് അധികൃതരുടെ ഭാഷ്യം. ഇതിന് സാധ്യത കുറവാണെന്നാണ് സൂചന. അഥവാ ബണ്ട് നാല് ദിവസത്തിനകം പൂര്‍ത്തിയായാലും സ്ഥിതി കൂടുതല്‍ വഷളാകും. ജലം കുറവായതിനാലും വേലിയേറ്റത്തെ തുടര്‍ന്നും മണിക്കൂറുകളെന്നോണമാണ് ഉപ്പുവെള്ളം അടിച്ചുകയറുന്നത്. ഉപ്പുവെള്ളത്തിന്‍െറ അംശം കൂടുന്ന സാഹചര്യത്തില്‍ പമ്പിങ് നടത്തിയാല്‍ മെഷീന്‍ പാടെ തകരാറിലാകുകയാവും ഫലം.

കുന്നംകുളം താലൂക്കാശുപത്രിക്ക് 10 ലക്ഷം അനുവദിച്ചു

Posted: 01 Dec 2012 12:33 AM PST

കുന്നംകുളം: നഗരസഭ  താലൂക്കാശുപത്രിയില്‍ മരുന്ന് ശേഖരണത്തിന് സംവിധാനമൊരുക്കാന്‍ 10 ലക്ഷം സര്‍ക്കാര്‍ അനുവദിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. ടി.ആര്‍. രേഖ വ്യക്തമാക്കി. മരുന്നു ശേഖരണ സംവിധാനം യാഥാര്‍ഥ്യമാകുന്നതോടെ വര്‍ഷങ്ങളായുള്ള താലൂക്കാശുപത്രിയുടെ പ്രധാന ആവശ്യങ്ങളിലൊന്നിനാണ് പരിഹാരമാകുക. ഇതുസംബന്ധിച്ച് മാസങ്ങള്‍ക്കു മുമ്പ് ആശുപത്രി അധികൃതര്‍ സര്‍ക്കാറിന് അപേക്ഷ നല്‍കിയിരുന്നു.
ആഴ്ചകള്‍ക്ക് മുമ്പ് ആശുപത്രിയിലെ പുതിയ ഒ.പി. ബ്ളോക്കിന്‍െറ ഉദ്ഘാടനത്തിന് വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ എത്തിയപ്പോള്‍ ആശുപത്രിയില്‍ അടിയന്തരമായി നടപ്പാക്കേണ്ട പദ്ധതികളെകുറിച്ച് ആരാഞ്ഞിരുന്നു.
 മരുന്നു ശേഖരിക്കുന്നതിനുള്ള സ്ഥലം ഒരുക്കുന്നതിന് പണം നല്‍കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം കണക്കിലെടുത്താണ് 10 ലക്ഷം ആരോഗ്യ വകുപ്പ് അനുവദിച്ചിട്ടുള്ളത്.
എന്‍.ആര്‍.എച്ച്.എം പദ്ധതി പ്രകാരം പുതിയ ഒ.പി കെട്ടിടം നിര്‍മിക്കുമ്പോള്‍ തന്നെ ഇത്തരത്തിലൊരു സാധ്യത മുന്‍കൂട്ടി കണ്ട് സ്റ്റോറിനുള്ള സ്ഥലം സജ്ജീകരിച്ചിരുന്നു.
 ഈ സ്ഥലം ഇപ്പോള്‍ ലഭ്യമായ തുക ഉപയോഗിച്ച് ഫലപ്രദമായി ഉപയോഗപ്പെടുത്തും. വിവിധ മുറികളിലായാണ് ഇപ്പോള്‍ മരുന്ന് സൂക്ഷിച്ചിട്ടുള്ളത്.
 

ദല്‍ഹിയില്‍ ടിക്കറ്റ് എക്‌സാമിനറെ യാത്രക്കാരന്‍ വെടിവെച്ചുകൊന്നു

Posted: 30 Nov 2012 11:23 PM PST

Image: 

ലഖ്‌നൗ: ടിക്കറ്റ് പരിശോധനക്കിടെ റെയില്‍വേ ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടറെ (സിടിഐ) യാത്രക്കാരന്‍ വെടിവെച്ചുകൊന്നു. ഗാസിയാബാദിനും ന്യൂദല്‍ഹിക്കും മധ്യേ മഹാനന്ദ എക്‌സ്പ്രസ് ട്രെയിനില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബംഗാളില്‍ നിന്നും ന്യൂദല്‍ഹിയിലേക്ക് വരുകയായിരുന്ന ട്രെയിന്‍ സാഹിബാബാദിലെത്തിയപ്പോഴാണ് ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടറായ മൊറാദബാദ് സ്വദേശി കിഫയത്തുള്ളയ്ക്ക് വെടിയേറ്റത്.

ടിക്കറ്റ് പരിശോധിക്കുന്നതിനിടെ ബോഗിയില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത ഒരു സംഘം യുവാക്കള്‍ ടിക്കറ്റ് ഇന്‍സ്‌പെക്ടറുമായി വാക്കുതര്‍ക്കത്തിലായി. ടിക്കറ്റില്ലെങ്കില്‍ പിഴ ഈടാക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനെച്ചൊല്ലി വാക്കുതര്‍ക്കം തുടരുന്നതിനിനിടെ യുവാക്കളില്‍ ഒരാള്‍ തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. കിഫയത്തുള്ളയുടെ വയറ്റിലാണ് വെടിയേറ്റത്. സംഭവത്തെ തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തി. ഉടന്‍തന്നെ കിഫയത്തുള്ളയെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 10.30 ഓടെ മരിച്ചു. സംഭവത്തെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ട അക്രമികളെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തിവരികയാണ്.
 

ചെറുനെല്ലിയിലേക്ക് വനപാത തന്നെ ആശ്രയം

Posted: 30 Nov 2012 11:13 PM PST

നെല്ലിയാമ്പതി: ചെറുനെല്ലി ആദിവാസി കോളനിയിലെ അമ്പതോളം കുടുംബങ്ങള്‍ക്ക് പുറംലോകത്തെത്താന്‍ ഇപ്പോഴും ആശ്രയം വനപാത. പോത്തുണ്ടി-നെല്ലിയാമ്പതി റോഡിന്‍െറ ഇടത് വശത്ത് രവിവര്‍മ എസ്റ്റേറ്റിനോട് ചേര്‍ന്ന കുത്തനെയുള്ള വനപാതയിലൂടെ യാത്ര ഏറെ ദുര്‍ഘടമാണ്.
തൊഴിലിനും വിദ്യാഭ്യാസത്തിനും പുറംലോകത്തെ ആശ്രയിക്കേണ്ട കോളനി വാസികള്‍ക്ക് സൈ്വരസഞ്ചാരത്തിന് റോഡ് അത്യാവശ്യമാണ്. പലതവണ അധികൃതര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ചെറുനെല്ലി ബസ് സ്റ്റോപ്പിന് സമീപത്ത്നിന്ന് നെല്ലിയാമ്പതി റോഡിനെ ബന്ധിപ്പിച്ച് മൂന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നിര്‍മാണത്തിന് നാല് വര്‍ഷം മുമ്പ്  അന്നത്തെ ഭരണസമിതി ശ്രമിച്ചെങ്കിലും പൂര്‍ത്തിയായില്ല. 400 മീറ്റര്‍ മാത്രം നിര്‍മിച്ച് പ്രവൃത്തി നിര്‍ത്തി.
തണ്ടില്‍ തുണികെട്ടി അതില്‍ കിടത്തിയാണ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നത്. നെല്ലിയാമ്പതി റോഡ്വരെ ചുമന്ന് വാഹനത്തില്‍ കയറ്റും. പലപ്പോഴും അടിയന്തര ചികിത്സ ലഭിക്കാതെ ജീവാപായമുണ്ടായിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രം അധികൃതര്‍ കോളനിയിലെത്തി ചികിത്സിക്കുന്നതിലൂടെയാണ് പലരും രക്ഷപ്പെടുന്നത്. ആരോഗ്യ പ്രവര്‍ത്തകരും വാഹന ഗതാഗതമില്ലാത്ത വനപാതയിലൂടെ കോളനിയിലെത്താന്‍ വിഷമം നേരിടുന്നുണ്ട്.
നെല്ലിയാമ്പതി പൊളച്ചിറക്കല്‍ സ്കൂളില്‍ പഠിക്കുന്ന കോളനിയിലെ വിദ്യാര്‍ഥികള്‍ ദിവസവും മണിക്കൂറുകള്‍ വനത്തിലൂടെ നടക്കണം. സമയം വൈകുമ്പോള്‍ രക്ഷിതാക്കള്‍ ബസ്സ്റ്റോപ്പില്‍ മക്കളെ കാത്തുനില്‍ക്കും. കോളനിയിലെ ഏകാധ്യാപക വിദ്യാലയത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പലരും സ്കൂളില്‍ പോകാനുള്ള ബുദ്ധിമുട്ട്മൂലം പഠനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. പഠനം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുകയാണെന്ന് ചെറുനെല്ലി ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകന്‍ ജിതിന്‍ ജോര്‍ജ് പറയുന്നു. ആറ് വര്‍ഷത്തിലേറെയായി കോളനിയിലെ വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുകയാണ് ജിതിന്‍ ജോര്‍ജ്. നാല് വര്‍ഷം മുമ്പ് പഞ്ചായത്ത് തുടക്കമിട്ട റോഡ് പണി പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത് കോളനിവാസികള്‍ക്ക് ഏറെ ഗുണം ചെയ്യും. വിദ്യാഭ്യാസ-ആരോഗ്യ-തൊഴില്‍ മേഖലകളില്‍ ആദിവാസി സമൂഹത്തിന് പുരോഗതി കൈവരിക്കാന്‍ ഇത് കാരണമാകും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP