അഫ്ഗാനിലെ നാറ്റോ കേന്ദ്രത്തില്‍ താലിബാന്‍ അക്രമം; 12പേര്‍ കൊല്ലപ്പെട്ടു Posted: 02 Dec 2012 12:30 AM PST കാബൂള്‍: അഫ്ഗാനിസ്താനിലെ നാറ്റോ വ്യോമ കേന്ദ്രത്തിനുനേരെ താലിബാന്‍ പോരാളികള്‍ നടത്തിയ ചാവേറാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ജലാലാബാദിലെ നാറ്റോ സൈനിക കേന്ദ്രത്തില്‍ പ്രാദേശിക സമയം പുലര്‍ച്ചെ ആറുമണിയോടെയാണ് ആക്രമണം ഉണ്ടായത്. സൈനിക യുനിഫോമിലെത്തിയവരാണ് ആക്രമണം നടത്തിയതെന്ന് നാറ്റോ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്ലപ്പെട്ടതില്‍ നാറ്റോ സൈനികരും താലിബാന്‍ ചാവേറുകളും ഉള്‍പ്പെട്ടിട്ടുണ്ട്. എട്ട് മൃതദേഹങ്ങള്‍ ചാവേറുകളുടേതാണെന്ന് തിരിച്ചറിഞ്ഞു. വ്യോമ കേന്ദ്രത്തിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ ഇടിച്ച് കയറ്റിയും വെടിയുതിര്‍ത്തും കൂടാതെ റോക്കറ്റ് ആക്രമണം നടത്തിയതായും സൂചനയുണ്ട്. എന്നാല്‍ ആക്രമണം താലിബാനികള്‍ പ്രതീക്ഷച്ച അത്രയും വിജയം കണ്ടില്ലെന്നും വ്യോമ താവളം തകര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും നാറ്റോ വക്താവ് അവകാശപ്പെട്ടു. ഫെബ്രുവരിയില്‍ നാറ്റോ വ്യേമ കേന്ദ്രത്തില്‍ താലിബാനികള്‍ നടത്തിയ സമാന ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. |
കച്ചേരിയുടെ കടം വീട്ടാന്‍ മുത്തച്ഛന്‍്റെ ഇടക്കയുമായി പ്രകാശ് കൊട്ടാരത്തിലേക്ക് Posted: 02 Dec 2012 12:14 AM PST 82 വര്‍ഷം മുമ്പത്തെ കടം വീട്ടാന്‍ പ്രശസ്ത സംഗീതജ്ഞന്‍ പട്ടിരത്ത് ശങ്കരമാരാരുടെ പേരമകന്‍ കവടിയാര്‍ കൊട്ടാരത്തിലേക്ക്. അന്ന് നടക്കാതെ പോയ കച്ചേരി അവതരിപ്പിക്കാനാണ് പട്ടിരത്ത് വായിച്ചിരുന്ന ഇടക്കയുമായി പഴുമ്പലക്കോട് പ്രകാശ് ബുധനാഴ്ച കൊട്ടാരത്തിലത്തെുന്നത്. രാവിലെ ഒമ്പത് മുതല്‍ ഒരു മണിക്കൂര്‍ ഇടക്കയില്‍ അദ്ദേഹം കച്ചേരി വായിക്കും. 1930ല്‍ മൈസൂര്‍ കൊട്ടാരത്തിലെ കച്ചേരി കഴിഞ്ഞ് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലത്തെിയ പട്ടിരത്ത് ശങ്കരമാരാര്‍ മഹാരാജാവിനെ മുഖം കാണിക്കാനത്തെി. രാജാവ് കച്ചേരി കേള്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഒന്നര വയസ്സുകാരന്‍ മകനെ കാണാനുള്ള തിടുക്കത്തില്‍ കച്ചേരി പിന്നീടാവാമെന്ന് പറഞ്ഞ് പട്ടിരത്ത് കൊട്ടാരം വിട്ടു. എന്നാല്‍, തിരുവിതാംകൂറിന് പുറത്ത് പോകനായില്ല. ഇനി ഒരു ഉത്തരവുണ്ടാകുംവരെ തിരുവിതാംകൂര്‍ വിട്ട് പോകാന്‍ പാടില്ളെന്ന ഉത്തരവുണ്ടെന്ന് കൊട്ടാരം കാവല്‍ക്കാര്‍ അറിയിച്ചു. രാജ്യം സ്വാതന്ത്ര്യം നേടുംവരെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇടക്ക കച്ചേരി നടത്തി കഴിയുകയായിരുന്നു പട്ടിരത്തെന്ന് പ്രകാശ് പറഞ്ഞു. അന്നത്തെ ഒന്നര വയസ്സുകാരനായ മകനാണ് പില്‍ക്കാലത്ത് പ്രശസ്തനായ പല്ലാവൂര്‍ അപ്പുമാരാര്‍. മൈസൂറിലേക്ക് പോയ പട്ടിരത്ത് തിരിച്ച് വരാതായതോടെ തൃശൂര്‍ പട്ടുരായ്ക്കലെ വീട്ടില്‍നിന്ന് ഭാര്യ അമ്മിണി മാരാത്തിയാര്‍ രണ്ട് മക്കളെയും കൂട്ടി പല്ലാവൂരിലെ സഹോദരന്‍െറ വീട്ടിലേക്ക് പോയി. അപ്പുമാരാര്‍ക്ക് പല്ലാവൂര്‍ വിശേഷണം കിട്ടാനുള്ള കാരണവും ഇതാണ്. വര്‍ഷങ്ങള്‍ക്ക്ശേഷം മങ്കട കോവിലകത്തുവെച്ച് കച്ചേരിക്കിടെയാണ് ശങ്കരമാരാര്‍ മകന്‍ അപ്പുവിനെ തിരിച്ചറിഞ്ഞത്. ഈ കഥയറിഞ്ഞ എം.ജി. ശശിഭൂഷനാണ് കവടിയാര്‍ കൊട്ടാരത്തില്‍ കച്ചേരി നടത്താന്‍ അവസരമൊരുക്കിയത്. പട്ടിരത്ത് ഉപയോഗിച്ചിരുന്ന ഇടക്ക പല്ലാവൂര്‍ അപ്പു മാരാറിലൂടെ പ്രകാശിന് ലഭിച്ചിരുന്നു. അതേ ഇടക്കയിലാണ് കച്ചേരി വായിക്കുന്നത്. |
മെസ്സി വീണ്ടും രണ്ടടിച്ചു; റെക്കോര്‍ഡിന് ഒരു ഗോള്‍ ദൂരം Posted: 01 Dec 2012 09:59 PM PST ബാഴ്‌സലോണ: കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന സുവര്‍ണ നേട്ടത്തിലേക്ക് അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍മെസ്സിക്ക് ഇനി ഒരു ഗോള്‍ കൂടി. ഞായറാഴ്ച പുലര്‍ച്ചെ അത്‌ലറ്റിക് ബില്‍ബാവോക്കെതിരെ നടന്ന സ്പാനിഷ് ലാ ലീഗയില്‍ മെസ്സി രണ്ട് ഗോളുകള്‍ കൂടി നേടി. ഇതോടെ ഈ കലണ്ടര്‍ വര്‍ഷത്തില്‍ മെസ്സിയുടെ ഗോള്‍ നേട്ടം 84 ആയി. ഈ വര്‍ഷം നാല് കളികള്‍ കൂടി ബാക്കിയിരിക്കെ, ജര്‍മനിയുടെ മുള്ളറുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇനി ഒരു ഗോള്‍ മാത്രം മതി. ഇതോടെ, ഗോള്‍വേട്ടയില്‍ മെസ്സി പുതിയ റെക്കോര്‍ഡ് സ്ഥാപിക്കുമെന്ന് ഉറപ്പായി. ഞായറാഴ്ച മെസ്സിയുടെ കളി മികവില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ബാഴ്‌സലോണ ബില്‍ബാവോയെ തകര്‍ത്തത്. മെസ്സിക്കു പുറമെ, ജെറാര്‍ഡ് പിക്വെ അഡ്രിയാനോ, സെസ്‌ക് ഫാബ്രിഗാസ് എന്നിവരാണ് ബാഴ്‌സലോണക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. കളിയുടെ 66ാം മിനിറ്റില്‍ ഗോമസ് ആണ് ബില്‍ബാവോയുടെ ആശ്വാസഗോള്‍ നേടിയത്. സ്പാനിഷ് ലീഗില്‍ 14 കളികളില്‍ 40 പോയന്റേടെ ബാഴ്‌സ ഒന്നാം സ്ഥാനത്താണ്. ഇത്രയും കളികളികളില്‍ നിന്ന് 34 പോയന്റ് നേടിയ അത്‌ലറ്റികോ മഡ്രിഡ് രണ്ടാം സ്ഥാനത്തും 29 പോയന്റേടെ റയല്‍ മഡ്രിഡ് മൂന്നാമതുമാണ്. ഇന്നലെ നടന്ന മറ്റു കളികളില്‍ റയല്‍ അത്‌ലറ്റികോ മഡ്രിഡിനെയും (20) ഗറ്റാഫെ മലാഗയെയും(10)റയല്‍ സോസിഡാഡ് വാലന്‍സിയയെയും (52) തോല്‍പിച്ചു. |
ബാങ്ക് വഴി റേഷന്‍ സബ്സിഡി: ആശങ്കയോടെ തീരദേശവാസികള്‍ Posted: 01 Dec 2012 09:55 PM PST പൂന്തുറ: റേഷന്‍ സബ്സിഡി ബാങ്ക് വഴി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ തീരദേശവാസികള്‍ക്ക് ആശങ്ക. രണ്ട് രൂപക്ക് വിതരണം ചെയ്തിരുന്ന റേഷന്‍ അരി പട്ടിണിയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസമായിരുന്നു . 20 രൂപ ഉണ്ടെങ്കില്‍ പത്ത് കിലോ അരി ലഭിച്ചിരുന്നു. ഇതിനിനി 89 രൂപ കൊടുക്കണം. സബ് സിഡി തുകയായ 6.90 രൂപ ബാങ്ക് അക്കൗണ്ട് വഴി തിരിച്ചു നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് ഫലപ്രദമല്ലെന്നും അശാസ്ത്രീയമാണെന്നും തീരവാസികള്‍ പറയുന്നു. ബാങ്ക് അക്കൗണ്ട് തുടങ്ങാനും ബാങ്കില്‍ ചെന്ന് തുക വാങ്ങാന്‍ മെനക്കെടാന്‍ തയാറാകാത്ത തീരദേശവാസികള്‍ക്ക് റേഷന്‍ അന്യമാകുന്ന അവസ്ഥയാണ്. മത്സ്യഫെഡ് വഴി മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന പഞ്ഞമാസആശ്വാസം പോലും ബാങ്ക് വഴി ആക്കിയത് മൂലം മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെയും മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ്. ഇതിനിടെയാണ് റേഷന്‍ സബ്സിഡിയും ബാങ്ക് വഴിയാക്കുന്നത്. 62 ലക്ഷത്തോളം വരുന്ന എ.പി.എല്‍ കാര്‍ഡ് കുടുംബങ്ങള്‍ക്കാണ് രണ്ട് രൂപ നിരക്കില്‍ അരി നല്‍കുന്നത്. വിലക്കയറ്റംമൂലം ഗുണനിലവാരം പോലും അവഗണിച്ച് റേഷന്‍ അരിയെ ആശ്രയിക്കുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. സര്‍ക്കാര്‍ നീക്കം തീരദേശത്തെ റേഷന്‍ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. റേഷന്‍ സബ്സിഡി ഇല്ലാതാക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്. കൂടാതെ ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് ഹാജരാക്കി വിരലടയാളം പതിച്ചാലേ അരി ലഭിക്കുകയുള്ളു. ഇതും പ്രതിഷേധത്തിന് വഴിയൊരുക്കുന്ന അവസ്ഥയാണ്. ഇത് കാരണം കാര്‍ഡ് ഉടമ തന്നെ നേരിട്ട് റേഷന്‍ കടകളില്‍ എത്തേണ്ട അവസ്ഥയാണ്. പ്രായമായവരുടെ പേരിലാണ് പല റേഷന്‍ കാര്‍ഡുകളും ഉള്ളത്. ഇത് കാര്‍ഡ് ഉടമകളെ വട്ടം ചുറ്റിക്കുന്ന അവസ്ഥയായി മാറും. |
മണല്‍റെയ്ഡ് തുടരുന്നു; 25 വള്ളങ്ങള്‍ പിടികൂടി Posted: 01 Dec 2012 09:49 PM PST കൊട്ടിയം: പൊലീസ് നടത്തിയ മണല്‍റെയ്ഡില്‍ ഒരു കോടിയോളം രൂപ വിലവരുന്ന 25 വള്ളങ്ങള്‍ പിടികൂടി.ഇത്തിക്കര, പള്ളിമണ്‍, കുണ്ടുമണ്‍ ആറുകളിലും പരവൂര്‍ കായലിന്‍െറ തീരത്തും അനധികൃത മണല്‍കടവുകളിലും ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കടവുകളിലുമാണ് റെയ്ഡ് നടത്തിയത്. കായലില്‍നിന്ന് കരയിലേക്ക് കൊണ്ടുവരാന്‍ കഴിയാത്ത 14 വള്ളങ്ങള്‍ കായലില്‍വെച്ചുതന്നെ നശിപ്പിച്ചു.11 വള്ളങ്ങള്‍ കരയിലെത്തിച്ചു. മൂന്നുകൂന മണല്‍ മാത്രമാണ് പിടികൂടാനായത്. മണല്‍ കയറ്റാനെത്തിയ ഒരു ലോറിയും പിടികൂടിയിട്ടുണ്ട്. പിടികൂടിയ വള്ളങ്ങള്‍ പൊലീസ് കാവലില്‍ പള്ളിമണ്‍ നീലാംതാഴത്ത് ആറ്റില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജില്ലയിലെ ഏറ്റവും വലിയ മണല്‍റെയ്ഡായിരുന്നു ശനിയാഴ്ച പുലര്‍ച്ചെ നടന്നത്. കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്റയുടെ നിര്‍ദേശപ്രകാരം കൊല്ലം സിറ്റി സബ്ഡിവിഷനില്‍പ്പെട്ട മുഴുവന്‍ എസ്.ഐ മാരും മണല്‍റെയ്ഡില്‍ പങ്കെടുത്തു. ചാത്തന്നൂര്‍, പള്ളിത്തോട്ടം, അഞ്ചാലുംമൂട്, ശക്തികുളങ്ങര, പാരിപ്പള്ളി, ഇരവിപുരം എന്നീ സ്റ്റേഷനുകളിലെ എസ്.ഐ മാരാണ് കൊട്ടിയം സി.ഐ അനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനില്‍പെട്ട കുണ്ടുമണ്‍, പറയന്‍കുഴി, മുട്ടക്കാവ്, മുടിച്ചിറ, നീലാംതാഴം, പള്ളിമണ്‍, ആദിച്ചനല്ലൂര്‍ പ്ളാക്കാട്, കോണത്ത്കടവ് എന്നിവിടങ്ങളിലും കൊട്ടിയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ഒറ്റപ്ളാമൂട്, കാഞ്ഞിരംകടവ്, കക്കാക്കടവ് എന്നിവിടങ്ങളിലും റെയ്ഡ് നടത്തിയത്. പള്ളിമണ്‍ ആറ്റിലും കുണ്ടുമണ്‍ ആറ്റില്‍നിന്നുമാണ് പൊലീസ് സംഘം വള്ളങ്ങള്‍ പിടികൂടിയത്. അര്‍ധരാത്രിയില്‍ പൊലീസ്സംഘം റെയ്ഡിനെത്തുന്നതുകണ്ട് മണലൂറ്റുകാര്‍ വള്ളങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ടുദിവസംമുമ്പ് ചാത്തന്നൂര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആദിച്ചനല്ലൂരിലെ ചില കടവുകളില്‍നിന്ന് വള്ളങ്ങള്‍ പിടികൂടി നശിപ്പിച്ചതിനെതിരെ മണല്‍തൊഴിലാളികള്‍ പഞ്ചായത്ത് ഓഫിസില്‍ എ.സി.പിയെ തടയുകയും പഞ്ചായത്ത് ഓഫിസ് ഉപരോധിക്കുകയും ചെയ്തിരുന്നു. ഇതത്തേുടര്‍ന്നാണ് സിറ്റി പൊലീസ് കമീഷണര്‍ ചാത്തന്നൂര്‍ പൊലീസ് അസിസ്റ്റന്‍റ് കമീഷണറുടെ പരിധിയില്‍വരുന്ന പ്രദേശങ്ങളില്‍ റെയ്ഡ് നടത്തുന്നതിനായി മാസ്റ്റര്‍പ്ളാന്‍ തയാറാക്കി റെയ്ഡിനുള്ള പദ്ധതി തയാറാക്കിയത്. കൊട്ടിയം പൊലീസ് സ്റ്റേഷന്‍െറ പരിധിയിലുള്ള കടവുകളില്‍നിന്ന് വള്ളങ്ങള്‍ ഒന്നുംതന്നെ പൊലീസിന് പിടികൂടാനായില്ല. പൊലീസ് ബോട്ടിലും വള്ളങ്ങളിലുമായിട്ടായിരുന്നു എസ്.ഐമാര്‍ റെയ്ഡിനെത്തിയത്. റെയ്ഡ് വിവരം ചോര്‍ന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഭയന്ന് റെയ്ഡ്വിവരം ചോര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ തയാറാകാത്തതിനാലാണ് ഒരു കോടിയോളം രൂപ വിലവരുന്ന വള്ളങ്ങള്‍ പിടികൂടാനായത്. |
ലേലത്തില്‍ പിടിച്ച കടമുറികള്‍ മറിച്ചുകൊടുത്ത് ലക്ഷങ്ങള്‍ തട്ടി Posted: 01 Dec 2012 09:45 PM PST ചെറുതോണി: ജില്ലാ പഞ്ചായത്തിന്‍െറ ചെറുതോണി, പാറേമാവ്, പൈനാവ് എന്നിവിടങ്ങളിലുള്ള കടമുറികള്‍ ലേലത്തില്‍ പിടിച്ച ശേഷം അമിത വാടകക്ക് മറിച്ചുകൊടുത്ത സംഘം ലക്ഷങ്ങള്‍ തട്ടി. ഇത് സംബന്ധിച്ച് ചിലര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് ഭരണസമിതി നിയോഗിച്ച സബ്കമ്മിറ്റി ശനിയാഴ്ച നടത്തിയ അന്വേഷണത്തിലാണ് ഇടനിലക്കാര്‍ ലക്ഷങ്ങള്‍ സമ്പാദിച്ചതായി കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ അഡ്വ.ജോര്‍ജി ജോര്‍ജ്, കെ.എന്‍. മുരളി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കടമുറികള്‍ വാടകക്കെടുത്തശേഷം പലരും വ്യവസ്ഥകള്‍ മറികടന്ന് ജില്ലാ പഞ്ചായത്ത് അറിയാതെ മൂന്നും നാലും ഇരട്ടി വാടകക്കാണ് മറിച്ച് നല്‍കിയിരിക്കുന്നത്. ലേലത്തില്‍ പിടിച്ച് എഗ്രിമെന്‍റ് ഒപ്പിട്ട ചിലര്‍ കച്ചവടം നിര്‍ത്തി മറ്റ് ചില വ്യാപാരങ്ങള്‍ക്കും ഡെപ്പോസിറ്റ് തുകയും വാടകയും വാങ്ങി മറിച്ച് നല്‍കിയതായും അന്വേഷണ സംഘം കണ്ടെത്തി. 10 വര്‍ഷം മുമ്പ് നല്‍കിയ കരാര്‍ ഉടമ്പടിയിലാണ് ഇപ്പോഴും വാടക ഈടാക്കുന്നത്. അതേസമയം മറിച്ച് നല്‍കുന്നവര്‍ ലക്ഷങ്ങള്‍ സെക്യൂരിറ്റിയും മുന്‍കൂര്‍ വാടകയും വാങ്ങിയിട്ടുണ്ട്. അതേസമയം ഇവരില്‍ പലരും ജില്ലാ പഞ്ചായത്തില്‍ യഥാസമയം വാടക അടക്കാതെ കുടിശ്ശിക വരുത്തിയിരിക്കുന്നതായും അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. ചെറുതോണി ടൗണില്‍ ചെറിയ തുകയാണ് ജില്ലാ പഞ്ചായത്ത് വാടക ഈടാക്കുന്നത്. മറിച്ച് നല്‍കിയവരാകട്ടെ അഞ്ചുലക്ഷം രൂപ വരെ അഡ്വാന്‍സും അയ്യായിരത്തിന് മുകളില്‍ വാടകയും വാങ്ങിയിട്ടുണ്ട്. ചെറുതോണിയില്‍ 19, പൈനാവില്‍ എട്ട്, പാറേമാവില്‍ രണ്ട്, ജില്ലാ ആശുപത്രി ജങ്ഷനില്‍ ഒമ്പത് മുറികളാണ് ജില്ലാ പഞ്ചായത്തിനുള്ളത്. |
ഇടത്താവളനിര്‍മാണം: ചെലവിനെ ചൊല്ലി കൗണ്‍സിലില്‍ വാഗ്വാദം Posted: 01 Dec 2012 09:42 PM PST പത്തനംതിട്ട: ശബരിമല ഇടത്താവള നിര്‍മാണത്തിന് ചെലവാക്കിയ തുകയെ ചൊല്ലി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷ, പ്രതിപക്ഷ വാഗ്വാദം. ഓരോ വിഭാഗത്തിലും ചെലവായത് എത്രയെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും ചെലവായതൊന്നും അറിയില്ലെന്ന വാദവുമായി ചെയര്‍മാനും രംഗത്തെത്തിയതോടെ രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ച ഫലമില്ലാതെ അവസാനിച്ചു. ശനിയാഴ്ച നഗരസഭ കൗണ്‍സില്‍ ഹാളില്‍ കൂടിയ യോഗമാണ് ആരോപണ പ്രത്യാരോപണങ്ങളിലൂടെ അവസാനിച്ചത്. ഇടത്താവള നിര്‍മാണത്തിന്‍െറ ചെലവുകണക്കുകള്‍ സിഡ്കോയില്‍ നിന്ന് ലഭ്യമാക്കാമെന്ന തീരുമാനത്തോടെ കൗണ്‍സില്‍ യോഗം പിരിച്ച് വിട്ടു. നഗരസഭ ഇടത്താവളത്തിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങളും അനുബന്ധ വിഷയങ്ങളും ഉള്‍പ്പെടുത്തി 12 അജണ്ടകളാണ് യോഗത്തില്‍ ഉണ്ടായിരുന്നത്. ഇടത്താവള നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നും വിജിലന്‍സ് അന്വേഷണം വേണമെന്നുമുള്ള വാദവുമായെത്തിയ പ്രതിപക്ഷത്തിന്‍െറ സമ്മര്‍ദത്തിന് മുന്നില്‍ കൗണ്‍സില്‍ യോഗം ശബരിമല ഇടത്താവള ചര്‍ച്ചയില്‍ ഒതുങ്ങി. 50 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച ഇടത്താവളത്തിന്‍െറ ഓരോ നിര്‍മാണത്തിനും എത്ര തുക ചെലവായെന്ന ചോദ്യവുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തിയത്. നിര്‍മാണത്തിന് എത്ര ചെലവായി, സിഡ്കോയ്ക്ക് എത്ര തുക കൊടുത്തു,മൈനിങ്ങിന് എത്ര, ആകെ ചെലവായത് എത്ര, ബാക്കി എത്ര തുടങ്ങിയ ചോദ്യങ്ങള്‍ എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ ടി.സക്കീര്‍ഹുസൈന്‍ ഉന്നയിച്ചു. ഇതിന് മറുപടിയായി കഴിഞ്ഞ കൗണ്‍സില്‍ ഭരണകാലത്തെ നടപടികളാണ് ചെയര്‍മാന്‍ എ.സുരേഷ്കുമാര്‍ പറഞ്ഞത്. അതോടെ ഇടത്താവള നിര്‍മാണ ചര്‍ച്ച വഴിമാറി . ഇടത്താവള നിര്‍മാണത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ ഒരു കരാറുമില്ലാതെ ഡി.ടി.പി.സിയെ ഏല്‍പ്പിച്ചത് എല്‍.ഡി.എഫ് ഭരണസമിതിയാണെന്ന് ചെയര്‍മാന്‍ ആരോപിച്ചു. സിഡ്കോ നേരിട്ട് നടത്തിയതിനാല്‍ നിര്‍മാണ ചെലവുകളൊന്നും അറിയില്ലെന്നും കഴിഞ്ഞ ഭരണകാലത്തെ പ്രോജക്ടില്‍ ഓഡിറ്റ് ഒബ്ജെക്ഷന്‍ വന്നതിനാല്‍ ഇടത്താവള നിര്‍മാണത്തിന് ഫണ്ട് ലഭിക്കാന്‍ കാലതാമസം നേരിട്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. ചെലവ് കണക്കുകള്‍ അറിയില്ലെന്ന ചെയര്‍മാന്‍െറ വാദം പൊള്ളയാണെന്നും ഇടത്താവള നിര്‍മാണത്തിലെ അഴിമതി പുറത്ത് കൊണ്ടു വരണമെന്നും ടി.സക്കീര്‍ഹുസൈന്‍ മറുപടി നല്‍കി. ഇടത്താവള നിര്‍മാണത്തിന് 20 ലക്ഷം രൂപയില്‍ താഴെയെ ചെലവായിട്ടുള്ളൂവെന്നും കണക്കറിയില്ലെങ്കില്‍ നഗരസഭയുടെ സ്വപ്ന പദ്ധതിയെന്ന നിലയില്‍ ഫ്ളെക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്തിനാണെന്നും ബി.ജെ.പി കൗണ്‍സിലര്‍ കെ.ജി പ്രകാശ് ചോദിച്ചു. നിര്‍മാണത്തിന്‍െറ കണക്ക് അറിയണമെന്നും അഴിമതി അന്വേഷിക്കണമെന്നും പ്രകാശ് ആവശ്യപ്പെട്ടപ്പോള്‍ മറുപടി പറയാനല്ല ചര്‍ച്ച നടത്താനാണ് യോഗം കൂടിയതെന്ന് ചെയര്‍മാന്‍ പറഞ്ഞു. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ചെയര്‍മാന്‍ ഒഴിയുകയാണെന്നും കൃത്യമായ മറുപടി കിട്ടണമെന്നും എല്‍.ഡി.എഫ് കൗണ്‍സിലര്‍ വി.എ ഷാജഹാന്‍, ഇടത്താവള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വരവ് ചെലവിലെ ഒരു കണക്ക് പോലും നഗരസഭ ഫയലില്‍ ഇല്ലെന്ന് സ്വതന്ത്ര അംഗം കെ.ആര്‍.അജിത്കുമാര്‍, പ്രസംഗ പരമ്പര മാറ്റി വെച്ച് കാര്യങ്ങള്‍ ചെയ്യണമെന്ന് കോണ്‍ഗ്രസ് അംഗം അരവിന്ദാക്ഷന്‍ നായര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. ഇടത്താവള നിര്‍മാണച്ചെലവിനെ കുറിച്ച് മറുപടി പറയാന്‍ നിര്‍ബന്ധിതനായ ചെയര്‍മാന്‍ തന്‍െറ കൈയില്‍ ഒരു ചെലവു കണക്കും കിട്ടിയിട്ടില്ലെന്ന് പറഞ്ഞു. വാക്കാലുള്ള അറിവില്‍ മുഴുവന്‍ തുകയും ചെലവായെന്നാണ് സിഡ്കോയില്‍ നിന്ന് അറിഞ്ഞതെന്നും ചെലവ് കണക്കിന് സിഡ്കോയോട് ആവശ്യപ്പെടാമെന്നും പറഞ്ഞാണ് ഒടുവില്‍ യോഗം പിരിച്ചുവിട്ടത്. |
മെഡിക്കല്‍ കോളജില്‍ ലാബ് ഏജന്‍റുമാരുടെ ചൂഷണം Posted: 01 Dec 2012 09:36 PM PST ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജില്‍ ലാബ് ഏജന്‍റുമാര്‍ രോഗികളെ ചൂഷണം ചെയ്യുന്നു. സ്വകാര്യ ലാബ് ഉടമകള്‍ നിയോഗിച്ച പത്തോളം സ്ത്രീകളാണ് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലും വാര്‍ഡുകളിലും ചികിത്സക്ക് എത്തുന്ന രോഗികളെയും ബന്ധുക്കളെയും സ്വാധീനിച്ച് പരിശോധനകള്‍ സ്വകാര്യ ലാബുകളില്‍ ചെയ്യിപ്പിക്കുന്നത്. രക്തം, മൂത്രം, കഫം എന്നിവ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചാല്‍ ഇതുമായി രോഗിയോ ബന്ധുക്കളോ ആശുപത്രിയുടെ വെളിയില്‍ ഇറങ്ങുന്നതിന് മുമ്പുതന്നെ ഏജന്‍റുമാര്‍ പിടികൂടും. രക്തബാങ്ക് പ്രവര്‍ത്തിക്കുന്ന മുറിയുടെ സമീപവും അത്യാഹിത വിഭാഗത്തിന്‍െറ മുന്നിലുമായാണ് ഇവര്‍ നിലയുറപ്പിക്കുന്നത്. സര്‍ക്കാര്‍ ലാബ് മോശമാണെന്നും പരിശോധനാ ഫലം കൃത്യമല്ലെന്നും പറഞ്ഞാണ് ഏജന്‍റ് രോഗിയെ തങ്ങളുടെ സ്ഥാപനത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. മെഡിക്കല്‍ കോളജില്‍ 15 രൂപ മുതല്‍ 40 രൂപ വരെ ഈടാക്കുന്ന പരിശോധനക്ക് സ്വകാര്യ ലാബില്‍ 100 മുതല്‍ 150 രൂപ വരെയാണ്. മെഡിക്കല്‍ കോളജ് പരിസരത്ത് 25 ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ 10 സ്ഥാപനങ്ങള്‍ മാത്രമേ ഏജന്‍സികളെ വെച്ചിട്ടുള്ളൂ. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ബ്രാഞ്ചുകള്‍ ഉള്ളതിനാലും ഈ സ്ഥാപനങ്ങളില്‍ മാത്രമേ പരിശോധന നടത്താവൂവെന്ന് ചില ഡോക്ടര്‍മാര്‍ കര്‍ശനനിര്‍ദേശം നല്‍കുന്നതിനാലും ബാക്കിയുള്ളവക്ക് ഏജന്‍സിയുടെ ആവശ്യം ഇല്ല. പരിശോധനക്ക് 30 ശതമാനം കമീഷനാണ് ഏജന്‍റുമാര്‍ക്ക് നല്‍കുന്നത്. ലക്ഷക്കണക്കിന് രൂപ ചെലവിട്ട് വാങ്ങിയ ഉപകരണങ്ങള്‍ ആശുപത്രിയിലെ ലാബുകളില്‍ ഇരിക്കുമ്പോഴാണ് അവിടെ പരിശോധിക്കാന്‍ അവസരം നല്‍കാതെ ഏജന്‍റുമാര്‍ രോഗികളുടെ ബന്ധുക്കളെ കൂട്ടിക്കൊണ്ടുപോകുന്നത്. |
റെയില്‍വേ ഗേറ്റ് അടക്കാന്‍ വൈകി; അപകടം ഒഴിവായത് തലനാരിഴക്ക് Posted: 01 Dec 2012 09:30 PM PST ഹരിപ്പാട്: റെയില്‍വേ ഗേറ്റ് അടച്ച ഉടന്‍ ട്രെയിന്‍ കടന്നുപോയത് യാത്രക്കാരെയും നാട്ടുകാരെയും ഒരേപോലെ ഭീതിയിലാഴ്ത്തി. ഹരിപ്പാട് തൃപ്പക്കുടം റെയില്‍വേ ഗേറ്റില്‍ ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. കൊച്ചുവേളി-ചണ്ഡിഗഢ് ട്രെയിന്‍ ഗേറ്റിന്‍െറ ഏതാനും വാര അകലെ എത്തിയപ്പോഴാണ് ഗേറ്റ്മാന്‍ ഗേറ്റ് അടച്ചത്. ഗേറ്റ് അടക്കുകയും അല്‍പ്പസമയത്തിനുള്ളില്‍ ട്രെയിന്‍ കടന്നുപോവുകയുമായിരുന്നു. ഗേറ്റ് അടക്കാന്‍ വൈകിയെന്ന് മനസ്സിലാക്കിയ ലോക്കോ പൈലറ്റ് തൃപ്പക്കുടം ഗേറ്റിനടുത്ത് ട്രെയിന്‍ നിര്‍ത്തി. പിന്നീട് ലോക്കോപൈലറ്റ് ഗേറ്റ്മാനുമായി സംസാരിച്ചു. ഗേറ്റ് തുറന്ന് കിടന്നതും അടക്കാന്‍ വൈകിയതും ലോക്കോ പൈലറ്റ് മനസ്സിലാക്കിയതാണ് ട്രെയിന്‍ നിര്‍ത്താന്‍ കാരണം. സന്ദേശം കേട്ടതിന്‍െറ അപാകതയാണ് ഗേറ്റ് അടക്കാന്‍ വൈകിയതെന്നാണ് ഗേറ്റ്മാന്‍െറ വിശദീകരണം. |
ഉപ്പുവെള്ളഭീഷണി ഒഴിയുന്നില്ല; പമ്പിങ് മുടങ്ങി Posted: 01 Dec 2012 09:24 PM PST ആലുവ: വേലിയേറ്റത്തില്‍ ഓരുവെള്ളം ഇരച്ചുകയറിയതിനെ തുടര്‍ന്ന് ആലുവ ജലശുദ്ധീകരണ ശാലയിലെ പമ്പിങ് ശനിയാഴ്ചയും മുടങ്ങി. ലവണാംശം 900 പി.പി.എമ്മില്‍ എത്തിയതിനെ തുടര്‍ന്ന് പുലര്‍ച്ചെ 2.30 മുതല്‍ രാവിലെ എട്ടുവരെയാണ് പമ്പിങ് നിര്‍ത്തിവെച്ചത്. 200 ല്‍ കൂടുതല്‍ ഉപ്പിന്‍െറ അളവ് അനുവദനീയമല്ല. വെള്ളിയാഴ്ചത്തെ അപേക്ഷിച്ച് ലവണാംശം കുറഞ്ഞതിനാല്‍ ഉച്ചക്കുശേഷം പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്നില്ല. ഭൂതത്താന്‍ കെട്ട് ഡാമിന്‍െറ ഷട്ടര്‍ തുറന്നതിനാല്‍ ജലനിരപ്പ് നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ശനിയാഴ്ച ഉച്ചക്കുശേഷം ഉപ്പിന്‍െറ അളവ് കുറഞ്ഞത്. ഡാമില്‍ നിന്നുള്ള വെള്ളത്തിന്‍െറ അളവ് മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ ഉയര്‍ന്നിട്ടും ഭീഷണി ഒഴിഞ്ഞിട്ടില്ല. ജലനിരപ്പ് കുറവായതിനാല്‍ വേലിയേറ്റത്തില്‍ ഇനിയും ഓരുവെള്ളം വലിയതോതില്‍ പെരിയാറില്‍ കലരാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. ബണ്ട് നിര്‍മാണം പൂര്‍ത്തിയാകും വരെ ഈ പ്രശ്നം കുടിവെള്ളം മുട്ടിച്ചേക്കാം. വിശാല കൊച്ചിയിലെ 30 ലക്ഷത്തില്‍പരം ജനം കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് പെരിയാറിനെയാണ്. ഇവിടെ നിന്നുള്ള പമ്പിങ് മുടങ്ങുന്നത് ജലക്ഷാമം രൂക്ഷമാക്കും. ശനിയാഴ്ചയും കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളില്‍ കുടിവെള്ളം മുടങ്ങുന്ന സ്ഥിതിയുണ്ടായി. |
No comments:
Post a Comment