കരള്‍ ആരോഗ്യം Posted: 28 Dec 2012 12:59 AM PST കരള്‍ രോഗങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. കരള്‍മാറ്റ ശസ്ത്രക്രിയകളെക്കുറിച്ച് ഇടക്കിടെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. കരള്‍ രോഗങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളും കൂടിവരുകയാണ്. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. അതിന് ഏകദേശം ആയിരം മുതല്‍ ആയിരത്തി ഇരുനൂറ് വരെ ഗ്രാം ഭാരം കാണും. വയറിന്‍െറ വലത്ത് മുകള്‍ ഭാഗത്താണ് കരളിന്‍െറ സ്ഥാനം. രാസവസ്തുക്കളുടെ ഒരു വ്യവസായശാല പോലെയാണ് കരളിലെ പ്രവര്‍ത്തനങ്ങള്‍. പലതരത്തിലുള്ള മാംസ്യം, ദഹനരസങ്ങള്‍, മറ്റുചില രാസഘടകങ്ങള്‍ എന്നിവയെ സമന്വയിപ്പിക്കുന്നത് കരളിന്‍െറ പ്രവര്‍ത്തനങ്ങളിലൂടെയാണ്. മിക്ക പോഷകാംശങ്ങളുടെയും ആഗിരണം നടക്കുന്നത് അങ്ങനെയാണ്. ഗൈ്ളക്കോജന്‍, ചില ജീവകങ്ങള്‍-പ്രത്യേകിച്ച് എ, ഡി, ഇരുമ്പ്, മറ്റുചില ധാതുക്കള്‍ എന്നിവയെ ശേഖരിച്ചുവെക്കാനും കരളിന് കഴിയും. ശരീരത്തിലെത്തുന്ന ഹാനികരമായ പദാര്‍ഥങ്ങളെ നിര്‍വീര്യമാക്കുന്ന പ്രവര്‍ത്തനമാണ് കരളിന്‍െറ ധര്‍മങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. നാം കഴിക്കുന്ന മരുന്നുകളെ ഫലപ്രദമാക്കുന്നതും കരളാണ്. ഒരുപാട് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ കരളിന് സ്വന്തമായി കഴിവുണ്ട്. കരളിന്‍െറ 80 ശതമാനംവരെ നശിച്ചുപോയാല്‍ പോലും അത് വീണ്ടും നിര്‍മിച്ചെടുക്കാനും പ്രവര്‍ത്തനക്ഷമമാക്കാനും കരളിന് കഴിയും. അനുകൂല സാഹചര്യങ്ങള്‍ വേണമെന്ന് മാത്രമേയുള്ളൂ. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശേഷിയുണ്ടെങ്കിലും കരളിനെ ബാധിക്കുന്ന പല രോഗങ്ങളുമുണ്ട്. അവയില്‍ ചിലത് പ്രശ്നങ്ങളുമാണ്. ആരോഗ്യം നല്ല നിലയില്‍ സൂക്ഷിക്കുന്നതിന് ആദ്യം ശ്രദ്ധിക്കേണ്ടത്, കരള്‍ ആരോഗ്യത്തോടെയിരിക്കണം എന്നതാണ്. കരളിനെ ബാധിക്കുന്നതും കൂടുതലായി സാധാരണ കാണുന്നതുമായ രോഗം വൈറസ് ബാധ മൂലം ഉണ്ടാകുന്ന മഞ്ഞപ്പിത്തമാണ്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ വൈറസുകളാണ് സാധാരണയായി മഞ്ഞപ്പിത്തം ഉണ്ടാകുന്നതിന് കാരണമാകാറുള്ളത്. ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകള്‍ ശുദ്ധമല്ലാത്ത ആഹാരം, പാല്‍, പാനീയങ്ങള്‍, ജലം എന്നിവയിലൂടെയാണ് പകരാറുള്ളത്. ഈ വൈറസുകള്‍ മൂലം ഉണ്ടാകുന്ന മഞ്ഞപ്പിത്തം ചികിത്സിച്ചാലും ഇല്ലെങ്കിലും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മാറുന്നതാണ്. ചികിത്സയുടെ ഭാഗമായി ഈ മഞ്ഞപ്പിത്തത്തില്‍ കൂടുതലായി ശ്രദ്ധിക്കേണ്ടത് ശുചിത്വവും പൂര്‍ണ വിശ്രമവുമായിരിക്കണം. ഹെപ്പറ്റൈറ്റിസ് ബി, സി, ഡി എന്നീ വൈറസുകള്‍, രോഗാണു ബാധയുള്ളവരില്‍നിന്ന് രക്തം സ്വീകരിക്കല്‍, രോഗാണു ബാധയുള്ളവരുമായി ലൈംഗിക ബന്ധം, രോഗാണുബാധയുള്ള സിറിഞ്ച്, സൂചി എന്നിവയുടെ ഉപയോഗം എന്നിവ വഴിയാണ് പകരാറുള്ളത്. രോഗാണു ബാധയുള്ള സ്ത്രീകള്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് രോഗം കൈമാറാനുള്ള സാധ്യതയുണ്ട്. ഹെപ്പറ്റൈറ്റിസ് ബി, നീണ്ടകാലം നിലനില്‍ക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. മാത്രമല്ല, കരള്‍വീക്കം, മഹോദരം, കരളില്‍ കാന്‍സര്‍ എന്നിവ സംഭവിക്കാനും സാധ്യത കൂടുതലായിരിക്കും. സ്വന്തം ആരോഗ്യം സൂക്ഷിക്കാനും നിലനിര്‍ത്താനും സ്വന്തമായിത്തന്നെ ഒരു പരിധിവരെ കരളിന് കഴിയുന്നതാണ്. ഒരുപാട് രോഗങ്ങള്‍ കരളിനെ ബാധിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഈ പ്രശ്നങ്ങള്‍ അശാസ്ത്രീയമായി കൈകാര്യം ചെയ്യുമ്പോഴാണ് സങ്കീര്‍ണതകള്‍ ഉണ്ടാകുന്നതും മരണം സംഭവിക്കുന്നതും. അതുകൊണ്ട് കരളിന്‍െറ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ എല്ലാവരും ഓര്‍ക്കണം. - മദ്യം കുടിക്കാതിരിക്കണം. എപ്പോഴെങ്കിലും മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളവര്‍ മദ്യം കാണുക പോലും അരുത്. - ശുചിത്വമില്ലാത്ത ആഹാരം, ജ്യൂസ്, പാല്‍, വെള്ളം എന്നിവ കഴിക്കരുത്. - പഴം, പച്ചക്കറികള്‍ എന്നിവ നല്ല വെള്ളത്തില്‍ കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക. വഴിയരികില്‍ തുറന്നുവെച്ച ആഹാര പദാര്‍ഥങ്ങള്‍ കഴിക്കാതിരിക്കുക. - സമീകൃതാഹാരം ശീലമാക്കുക. ശരീരത്തിനാവശ്യമായ പോഷകാംശങ്ങള്‍ വേണ്ട അളവില്‍ ലഭിക്കാന്‍ അത് സഹായിക്കും. - മരുന്നുകള്‍ കഴിക്കേണ്ടി വരുമ്പോള്‍, അത് യോഗ്യതയുള്ള ഡോക്ടറുടെ ഉപദേശമനുസരിച്ച് മാത്രം കഴിക്കുക. ഡോക്ടര്‍ പറയുന്ന അളവിലും സമയങ്ങളിലും കഴിക്കുകയും വേണം. അശാസ്ത്രീയമായി മരുന്നുകള്‍ കഴിക്കുന്നതിന്‍െറ ഫലമായി കരളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. - രോഗാണുവിമുക്തമാക്കാത്ത സിറിഞ്ച്, സൂചി എന്നിവ ഉപയോഗിക്കാതിരിക്കുക. - രക്തം സ്വീകരിക്കേണ്ട സന്ദര്‍ഭം ഉണ്ടാകുമ്പോള്‍, രക്തം തരുന്ന വ്യക്തിയുടെ രക്തം രോഗാണു സംക്രമണം ഇല്ലാത്തതാണെന്ന് ഉറപ്പുവരുത്തണം. - അതിരുവിട്ട ലൈംഗിക ബന്ധം നല്ലതല്ല. - പുകവലി, പുകയിലയുടെ മറ്റു തരത്തിലുള്ള ഉപയോഗം എന്നിവയും ഉപേക്ഷിക്കണം. - അന്തരീക്ഷ മലിനീകരണമുള്ള സ്ഥലങ്ങളില്‍ കഴിയുന്നത് കഴിയുന്നത്ര കുറക്കുക. ഇത്രയും കാര്യങ്ങള്‍, കരളിന്‍െറ സംരക്ഷണത്തിന് ധാരാളം മതിയാകുന്നതാണ്. മറ്റ് കുറെയേറെ ആരോഗ്യ പ്രശ്നങ്ങളില്‍നിന്ന് മോചനം നേടാന്‍ കൂടി ഇതൊക്കെ സഹായിക്കും. കരള്‍ ആരോഗ്യമുള്ളതാണെങ്കില്‍ അതിന്‍െറ ഉടമസ്ഥനും ആരോഗ്യമുണ്ടായിരിക്കും. ഒപ്പം നല്ല ഉന്മേഷവും ഊര്‍ജവും. |
പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു; കിളിമാനൂരില്‍ ആശുപത്രിയില്‍ സംഘര്‍ഷം Posted: 28 Dec 2012 12:46 AM PST കിളിമാനൂര്‍: പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് കിളിമാനൂരിലെ ആശുപത്രിയില്‍ സംഘര്‍ഷം. മാതാവിനെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. കിളിമാനൂരിലെ സുചിത്ര മെഡിക്കല്‍ സെന്‍ററില്‍ വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. കിളിമാനൂര്‍ പുല്ലയില്‍ കട്ടാരവിള വീട്ടില്‍ മോഹനന്‍ നായരുടെയും ബീനയുടെയും പെണ്‍കുഞ്ഞാണ് മരിച്ചത്. 15 വര്‍ഷം മുമ്പ് വിവാഹിതരായ ഇവരുടെ ആദ്യ കുഞ്ഞാണിത്. ഒമ്പതുമാസം മുമ്പ് മുതല്‍ ഇവര്‍ ഗര്‍ഭസംബന്ധമായ ചികിത്സ സുചിത്രയില്‍ തന്നെയാണ് തേടിയിരുന്നത്. ജനുവരി 10നാണ് പ്രസവ തീയതി പറഞ്ഞിരുന്നത്. നാല് ദിവസം മുമ്പ് ഇവര്‍ ആശുപത്രിയില്‍ അഡ്്മിറ്റാവുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ബീനയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടി മരിച്ച നിലയിലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുകയായിരുന്നുവെന്നും ബീനയുടെ ബന്ധുക്കള്‍ പറയുന്നു. ഉച്ചയോടെ കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി മറവുചെയ്തു. വൈകുന്നേരത്തോടെ ബീനയുടെ രക്തസമ്മര്‍ദം തകരാറിലാവുകയും എസ്.എ.ടിയിലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുകയും ചെയ്തു. ആംബുലന്‍സില്‍ എസ്.എ.ടിയിലേക്ക് ബീനയെ വിട്ടശേഷമാണ് ആശുപത്രിയില്‍ നാട്ടുകാര്‍ സംഘടിതമായെത്തി ബഹളംവെച്ചത്. വെഞ്ഞാറമൂട്, പള്ളിക്കല്‍ സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസെത്തി പ്രതിഷേധക്കാരെ ആശുപത്രിയുടെ പ്രധാന ഗേറ്റിന് പുറത്താക്കി. തുടര്‍ന്ന് നാട്ടുകാര്‍ മുദ്രാവാക്യവുമായി റോഡില്‍ തടിച്ചുകൂടി. ബീനക്ക് രക്തത്തിലെ കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്ന് രക്തം നല്‍കുന്നതിനാണ് എസ്.എ.ടിയിലേക്ക് മാറ്റിയതെന്നാണ് സുചിത്ര മെഡിക്കല്‍ സെന്‍ററിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ബി.കെ. പ്രശാന്ത്, സി.ഐ അശോക്കുമാര്‍ എന്നിവരുമായി ജനപ്രതിനിധികളും മറ്റും ചര്‍ച്ച നടത്തി. ആശുപത്രി രേഖകളില്‍ തിരുത്തല്‍ വരുത്താന്‍ സാധ്യതയുണ്ടെന്ന സംശയത്തെതുടര്‍ന്ന് രേഖകളുടെ പകര്‍പ്പ് പൊലീസിന് കൈമാറാനും ഡി.എം.ഒയെകൊണ്ട് വിശദ അന്വേഷണം നടത്താനും ധാരണയായി. |
കശുവണ്ടി വികസന കോര്‍പറേഷന്‍ പ്രതിസന്ധിയില്‍; അക്കൗണ്ട് മരവിപ്പിച്ചു Posted: 28 Dec 2012 12:39 AM PST കൊല്ലം: കശുവണ്ടി വികസന കോര്‍പറേഷന്‍ വന്‍ പ്രതിസന്ധിയില്‍. വില്‍പന നികുതി കുടിശ്ശികയുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍െറ ട്രഷറിയടക്കമുള്ള എട്ട് ധനകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ട് മരവിപ്പിച്ചു. 94-95 മുതല്‍ 50.70 കോടിയാണ് വില്‍പനനികുതി കുടിശ്ശിക. ഇത് ഈടാക്കാന്‍ കോര്‍പറേഷന്‍ ആസ്ഥാനമന്ദിരത്തിന്‍െറ സ്ഥലം ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ റവന്യൂ റിക്കവറി വിഭാഗം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. അതിന്‍െറ തുടര്‍ച്ചയായാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. എല്ലാ ഇടപാടുകള്‍ക്കും വില്‍പനനികുതി പിരിച്ചെടുത്തിട്ടുണ്ടെങ്കിലും കോര്‍പറേഷന്‍ തുക അടച്ചിട്ടില്ല. നേരത്തെ, 2012 മുതല്‍ തൊഴിലാളികളില്‍നിന്ന് പിരിച്ചെടുത്ത നാല് കോടിയോളം രൂപയുടെ വിഹിതം അടയ്ക്കാതിരുന്നതിനെതുടര്‍ന്ന് പി.എഫ് കമീഷണര്‍ നടപടി ആരംഭിച്ചിരുന്നു. തൊഴിലാളികളില്‍നിന്ന് പിരിച്ച നാല് കോടിയും കോര്‍പറേഷന്‍ വിഹിതവും ചേര്‍ത്താണ് അടയ്ക്കേണ്ടിയിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ കോര്‍പറേഷന് 15 കോടി സഹായമായി അനുവദിച്ച സാഹചര്യത്തില്‍ ആ തുക പി.എഫ് അക്കൗണ്ടിലേക്ക് മാറ്റണമെന്ന് കമീഷണര്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോര്‍പറേഷന്‍ ഫാക്ടറികള്‍ മാസങ്ങളായി അടഞ്ഞുകിടക്കുകയുമാണ്. ഇത് എന്ന് തുറക്കാനാവുമെന്നതിനെകുറിച്ച് മാനേജ്മെന്‍റിന് വ്യക്തമായ ധാരണയുമില്ല. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ ചെയര്‍മാനായ കോര്‍പറേഷന്‍െറ ബോര്‍ഡില്‍ ഭരണപ്രതിപക്ഷ ട്രേഡ് യൂനിയനുകളുടെ പ്രതിനിധികളാണ് അംഗങ്ങള്‍. അതിനാല്‍ തന്നെ തൊഴിലാളികളുടെ പി.എഫ് വിഹിതം പിടിച്ചിട്ടും അടയ്ക്കാതിരുന്ന സംഭവമടക്കമുള്ള കാര്യങ്ങളില്‍ ട്രേഡ് യൂനിയനുകള്‍ മൗനത്തിലുമാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് എം.ഡിയായ കെ.എ. രതീഷ് എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്തും തുടരുകയായിരുന്നു. ഇപ്പോഴും അദ്ദേഹം തന്നെയാണ് എം.ഡി. |
കവിയൂര്‍, തുമ്പമണ്‍ പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം Posted: 27 Dec 2012 10:52 PM PST പത്തനംതിട്ട: ജില്ലയില്‍ 2012-13 സാമ്പത്തികവര്‍ഷം ആദ്യമായി വാര്‍ഷിക പദ്ധതി സമര്‍പ്പിച്ച് കവിയൂര്‍, തുമ്പമണ്‍ ഗ്രാമപഞ്ചായത്തുകള്‍ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടി. ഇരുപഞ്ചായത്തുകളെയും ജില്ലാ ആസൂത്രണ സമിതി അഭിനന്ദിച്ചു. ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ പ്രോജക്ടുകള്‍ നിര്‍വഹണ ഉദ്യോഗസ്ഥരുടെ മേലുദ്യോഗസ്ഥര്‍ അംഗീകാരം നല്‍കിയാല്‍ നിയമതടസ്സം കൂടാതെ നടപ്പാക്കാമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ ബാബു ജോര്‍ജ് പറഞ്ഞു. പദ്ധതികള്‍ നടപ്പാക്കുന്നതിന് പണം അനുവദിച്ചുനല്‍കാന്‍ ധനകാര്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പദ്ധതി പ്രവര്‍ത്തനം സംബന്ധിച്ച രേഖകള്‍ അംഗീകാരം നേടുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ ജില്ലാ ആസൂത്രണ സമിതിയില്‍ സമര്‍പ്പിക്കണം. ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ അധ്യക്ഷനായ നിരീക്ഷണ സമിതി തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം വിലയിരുത്തും. ഇക്കാര്യത്തില്‍ ജില്ലാ ആസൂത്രണ സമിതിയംഗങ്ങള്‍ക്ക് പ്രത്യേക ചുമതല നല്‍കും. ആസൂത്രണ സമിതിയംഗങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പദ്ധതി പ്രവര്‍ത്തനം വിലയിരുത്തും. കഴിഞ്ഞ തവണ പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനതലത്തില്‍ ജില്ല രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഒന്നാം സ്ഥാനം നേടുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആത്മാര്‍ഥമായി പരിശ്രമിക്കണമെന്നും ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ പറഞ്ഞു. ജില്ലയില്‍ പദ്ധതി നിര്‍വഹണത്തില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ലാത്ത കുളനട, പന്തളം ഗ്രാമപഞ്ചായത്തുകളും കോന്നി, റാന്നി, പന്തളം, പറക്കോട് ബ്ളോക് പഞ്ചായത്തുകളും തിരുവല്ല നഗരസഭയും അടിയന്തരമായി പദ്ധതി നിര്‍വഹണ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി നിര്‍ദേശിച്ചു. ആസൂത്രണ സമിതി പദ്ധതി നിര്‍വഹണ നിരീക്ഷണ സമിതിയുടെ ആദ്യയോഗം ജനുവരി ഒന്നിന് ഉച്ചക്ക് രണ്ടിന് നടക്കും. ത്രിതല പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍, ജില്ലാ ആസൂത്രണ സമിതിയംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കണം. കലക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍, ജില്ലാ ആസൂത്രണ സമിതിയംഗങ്ങളായ പി.വിജയമ്മ, സജി ചാക്കോ, റോബിന്‍ പീറ്റര്‍, പഴകുളം മധു, എം.ജി.കണ്ണന്‍, എസ്.ഹരിദാസ്, കെ.ജി.അനിത, സമദ് മേപ്രത്ത്, രാമചന്ദ്രന്‍ നായര്‍, മെഴ്സി ശമുവേല്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ പി.കെ.ദേവാനന്ദന്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. |
ഭീഷണി ഉയര്‍ത്തി പകര്‍ച്ചവ്യാധി: മാലിന്യവാഹിനിയായി പെരിയാര്‍ Posted: 27 Dec 2012 10:48 PM PST കട്ടപ്പന: ടൗണുകളിലെ മാലിന്യം നിക്ഷേപിക്കുന്നതുമൂലം പെരിയാര്‍ മാലിന്യവാഹിനിയായി മാറി. വണ്ടിപ്പെരിയാര്‍,മ്ളാമല, കീരിക്കര, ചപ്പാത്ത്, ഉപ്പുതറ എന്നിവിടങ്ങളിലെ മാലിന്യമാണ് പെരിയാറില്‍ നിക്ഷേപിക്കുന്നത്. വേനലായതോടെ നദിയിലെ ജലനിരപ്പ് കുറഞ്ഞത് മൂലം നദി മലിനമായിക്കൊണ്ടിരിക്കുകയാണ്. ചപ്പാത്ത് പാലത്തിനടിയില്‍ ലോഡ് കണക്കിന് മാലിന്യം ഒരോ ദിവസവും നിക്ഷേപിക്കുന്നു. ഏലപ്പാറ ടൗണിലെ മാലിന്യം നിക്ഷേപിക്കുന്നത് ഏലപ്പാറ തോട്ടിലാണ്. ഇത് ഒഴുകിയെത്തുന്നത് പെരിയാറിലാണ്. പെരിയാറിന്‍െറ ഇരു കരകളിലും ടൗണുകളിലും ഉള്ളവര്‍ ദൈനംദിന ആവശ്യത്തിന് പെരിയാറിനെയാണ് ആശ്രയിക്കുന്നത്. ജലം മലിനമായതോടെ ഇവര്‍ക്ക് രോഗ ഭീതി വളര്‍ന്നിട്ടുണ്ട്. പെരിയാറിനെ ആശ്രയിച്ച് 15 ലധികം കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജലം മലിനമായത് കുടിവെള്ള പദ്ധതിയെയും ബാധിക്കും. ശബരിമല സീസണ്‍ ആരംഭിച്ചതോടെ തമിഴ്നാട്ടില്‍ നിന്നെത്തുന്ന അയ്യപ്പ ഭക്തര്‍ മലമൂത്ര വിസര്‍ജനത്തിനും പെരിയാറിനെ ആശ്രയിക്കുന്നത് മാലിന്യത്തിന്‍െറ തോത് വര്‍ധിക്കാനിടയാക്കുന്നുണ്ട്. ഉപ്പുതറ, അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തുകളുടെ ശുദ്ധജല വിതരണ പദ്ധതിയുടെ കിണറുകളും പെരിയാറിനോട് ബന്ധപ്പെട്ടാണ് സ്ഥിതി ചെയ്യുന്നത്. മാലിന്യ നിക്ഷേപം അവസാനിപ്പിച്ചില്ലെങ്കില്‍ പകര്‍ച്ചവ്യാധി പടരാനും ഇടയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. |
വേനല്‍ കനത്തു; തീപിടിത്തം പതിവായി Posted: 27 Dec 2012 10:43 PM PST കോട്ടയം: വേനല്‍ കനത്തതോടെ ഫയര്‍ഫോഴ്സ് വണ്ടിക്ക് വിശ്രമമില്ലായാത്ര തുടങ്ങി. ഡിസംബര്‍ ആരംഭിച്ചശേഷം ഇതുവരെ 40 തീപിടിത്തമാണ് നഗരത്തിലും പരിസരത്തും ഉണ്ടായത്. നഗരത്തിന്‍റ സമീപ ത്ത് ക്രിസ്മസ് ദിനത്തില്‍ മാത്രം ആറ് തീപിടിത്തമാണ് ഉണ്ടായത്. മാലിന്യത്തിനും തരിശുപാടത്തെ പുല്ലിനും പറമ്പുകളിലെ ഉണങ്ങിയ പുല്ലിനും തീപിടിച്ചതാണ് ഭൂരിപക്ഷവും. ഇതില്‍ പലതും വലിയ തീപിടിത്തമായിരുന്നു. ഫയര്‍ഫോഴ്സിന് എത്താന്‍ ബുദ്ധിമുട്ടായതിനാലാണ് തരിശുപാടങ്ങളിലെയും കുന്നിന്‍മുകളിലുള്ള തോട്ടങ്ങളിലെയും തീപിടിത്തം രൂക്ഷമാകാന്‍ കാരണം. തരിശുപാടത്ത് വിഷപ്പാമ്പുകളെ നശിപ്പിക്കാനും മറ്റും തീയിടുന്നത് അപകടങ്ങള്‍ക്ക് വഴിവെക്കാറുണ്ട്. എക്കല്‍ നിറഞ്ഞതായതിനാല്‍ തീകെടുത്താന്‍ പാടശേഖരങ്ങളിലെ വെള്ളം ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്. ഇതുമൂലം തീ കെടുത്താന്‍ വെള്ളം തേടി അലയേണ്ട അവസ്ഥ വരും. കഴിഞ്ഞ ദിവസം മുപ്പായിക്കാട് പാടശേഖരത്ത് ഉണ്ടായ തീപിടിത്തം ഇത്തരത്തിലുള്ളതാണ്. ഉണങ്ങിയ പുല്ലിന് തീകൊടുക്കും മുമ്പ് ചില മുന്‍കരുതല്‍ എടുത്താല്‍ അപകടം ഒഴിവാക്കാമെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറയുന്നു. തീയിടേണ്ട സ്ഥലത്തിന് ചുറ്റും 15 അടി വീതിയില്‍ പുല്ല് ചെത്തിമാറ്റി ഫയര്‍ബ്രേക് ഉണ്ടാക്കണം. ശേഷം കാറ്റിന്‍െറ ഗതിനോക്കിയാകണം തീ കൊടുക്കേണ്ടത്. ചെറിയ തോതിലുള്ള തീപിടിത്തംപോലും കാറ്റിന്‍െറ ഇടപെടല്‍മൂലം സമീപങ്ങളിലേക്ക് വ്യാപിക്കാന്‍ ഇടയുണ്ട്. വാഹനസൗകര്യമില്ലാത്ത പ്രദേശങ്ങളില്‍ വെള്ളത്തിന്‍െറ ലഭ്യത ഉറപ്പാക്കണം. വരുന്ന മാസങ്ങള്‍ മരങ്ങള്‍ ഇലപൊഴിക്കും കാലമായതിനാല്‍ തോട്ടങ്ങളില്‍ തീപിടിത്തങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. ഇത്തരം സ്ഥലങ്ങളില്‍ ഫയര്‍ബ്രേക്കറുകള്‍ ഉണ്ടാക്കിയാല്‍ തീപിടിത്തങ്ങളുടെ വ്യാപ്തിയും തീവ്രതയും കുറക്കാം. കാടുകള്‍ തീയിടാതെ വെട്ടിത്തെളിക്കുന്നതാണ് സുരക്ഷിതമെന്നും ഫയര്‍ഫോഴ്സ് അധികൃതര്‍ പറയുന്നു. |
ജപ്പാന്‍ പദ്ധതി അധികൃതരും വാട്ടര്‍ അതോറിറ്റിയും തമ്മില്‍ പോര് Posted: 27 Dec 2012 10:38 PM PST അരൂര്‍: ജപ്പാന്‍ കുടിവെള്ള വിതരണ അധികൃതരും വാട്ടര്‍ അതോറിറ്റി വകുപ്പ് അധികൃതരും തമ്മില്‍ പോര് രൂക്ഷം. പൊട്ടിയ പൈപ്പടക്കാന്‍ ശ്രമിച്ച തമിഴ്നാട് തൊഴിലാളിയെ ജപ്പാന്‍ കുടിവെള്ള വിതരണ അധികൃതരുടെ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. അരൂര്‍ മുക്കം പ്രദേശത്ത് ജപ്പാന്‍ കുടിവെള്ള വിതരണത്തിന് ഹൗസ് കണക്ഷന്‍ കൊടുക്കാന്‍ തമിഴ്നാട് സ്വദേശികളായ തൊഴിലാളികളും കോണ്‍ട്രാക്ടറും എത്തിയപ്പോള്‍ ജലവിതരണ പൈപ്പ് പൊട്ടിയത് അടക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. ജപ്പാന്‍ കുടിവെള്ള വിതരണ പൈപ്പ് അടച്ചിട്ടുമതി ബാക്കി ജോലികളെന്ന് പ്രതിഷേധക്കാര്‍ വാശിപിടിച്ചതോടെ കരാറുകാരന്‍ വഴങ്ങി. അരൂര്‍ ക്ഷേത്രം ജങ്ഷന് സമീപമുള്ള ജല സംഭരണിയിലെത്തി വെള്ളം പുറത്തേക്കുവിടുന്നത് തടഞ്ഞു. പൈപ്പടക്കല്‍ ജോലികള്‍ രാത്രിവരെ നീണ്ടു. ഇതിനിടെ അനധികൃതമായി ജപ്പാന്‍ പദ്ധതി ജലസംഭരണി കോമ്പൗണ്ടില്‍ കടന്നുകയറിയെന്നും പൈപ്പടച്ചുമെന്ന പരാതിയില്‍ തമിഴ്നാട് സ്വദേശി കരിക്കാടനെ (30) അരൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സമാന സംഭവം എഴുപുന്നയിലും ഉണ്ടായതായി പൊലീസ് പറഞ്ഞു. ജലവിതരണത്തിന്‍െറ അവകാശികള്‍ വാട്ടര്‍ അതോറിറ്റി അധികൃതരാണെങ്കിലും ഏതെല്ലാം മേഖലയില്‍ അധികാരമുണ്ടെന്ന കാര്യത്തി ല്‍ വ്യക്തമായ അതിര്‍വരമ്പുകള്‍ നിര്‍ണയിച്ചിട്ടില്ല. പരസ്പരം ബന്ധപ്പെടാത്ത രണ്ടുവിഭാഗങ്ങളായി തന്നെയാണ് ഇരുകൂട്ടരും പ്രവര്‍ത്തിക്കുന്നത്. ഇത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പൈപ്പ് പൊട്ടി മാസങ്ങളോളം കുടിവെള്ളം പാഴായാലും അതോറിറ്റി അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. മറിച്ചും ഇതുതന്നെയാണ് സ്ഥിതി. ഉന്നതതല ചര്‍ച്ചയിലൂടെ കാര്യങ്ങള്‍ ക്രമപ്പെടുത്താന്‍ അധികാരികള്‍ ശ്രമിക്കുന്നില്ല. |
ലക്ഷദ്വീപുകാര്‍ക്ക് ജനറല്‍ ആശുപത്രിയില്‍ പ്രത്യേക സൗകര്യം -കലക്ടര്‍ Posted: 27 Dec 2012 10:33 PM PST കൊച്ചി: ലക്ഷദ്വീപില്‍ നിന്നുള്ള രോഗികള്‍ക്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കുന്നതിന് പ്രത്യേക സൗകര്യമൊരുക്കുമെന്ന് ആശുപത്രി വികസന സമിതി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് അറിയിച്ചു. സ്വകാര്യ ആശുപത്രികളും ഏജന്‍റുമാരും ദ്വീപുവാസികളെ വന്‍തോതില്‍ ചൂഷണം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് നടപടി. വിവിധ പരിശോധനകള്‍, സ്കാനിങ്, ഡയാലിസിസ്, ശസ്ത്രക്രിയകള്‍ തുടങ്ങിയവക്ക് വിപുല സൗകര്യമാണ് എന്‍.എ. ബി.എച്ച് അക്രഡിറ്റേഷനും ഫിക്കി അംഗീകാരവും നേടിയ ജനറല്‍ ആശുപത്രിയിലുള്ളതെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടി. ഈ സൗകര്യങ്ങള്‍ ദ്വീപ് നിവാസികള്‍ക്ക് പ്രയോജനപ്രദമാക്കുന്നത് സംബന്ധിച്ച് ലക്ഷദ്വീപ് സന്ദര്‍ശനവേളയില്‍ ദ്വീപ് ഭരണകൂടവുമായി ചര്‍ച്ച ചെയ്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് രോഗികള്‍ക്കായി പ്രത്യേക പദ്ധതിക്ക് ജനറല്‍ ആശുപത്രിയില്‍ രൂപം നല്‍കുന്നത്. കപ്പലില്‍ കൊച്ചി തുറമുഖത്തും വിമാനത്തില്‍ നെടുമ്പാശേരിയിലുമെത്തുന്ന രോഗികളെ ജനറല്‍ ആശുപത്രിയിലെത്തിക്കുന്നതിന് രണ്ടിടത്തും ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കും. ജനറല്‍ ആശുപത്രിയുടെ ആംബുലന്‍സില്‍ മിതമായ നിരക്കില്‍ രോഗികളെ എത്തിക്കാനും സൗകര്യമൊരുക്കും. തുടക്കമെന്ന നിലയില്‍ ആശുപത്രിയിലെ ഏതാനും കിടക്കകള്‍ ദ്വീപുവാസികള്‍ക്കായി മാറ്റിവെക്കും. സമീപഭാവിയില്‍ പ്രത്യേക ബ്ളോക് നിര്‍മിക്കുന്നതും പരിഗണനയിലുണ്ട്. ദ്വീപുവാസികള്‍ക്ക് ജനറല്‍ ആശുപത്രിയില്‍ ചികിത്സാ സൗകര്യമൊരുക്കുന്നത് സംബന്ധിച്ച് ഹംദുല്ല സഈദ് എം.പി, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതായി കലക്ടര്‍ പറഞ്ഞു. കൂടുതല്‍ ചര്‍ച്ചകള്‍ക്കും വിശദമായ പദ്ധതി തയാറാക്കുന്നതിനുമായി ദ്വീപ് ഭരണകൂടത്തിന്‍െറ ആരോഗ്യ വിഭാഗത്തിലെ ഉന്നതര്‍ ജനുവരി ഏഴിന് കൊച്ചിയിലെത്തും. കലക്ടര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജുനൈദ് റഹ്മാന്‍, ആരോഗ്യ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംഘം ചര്‍ച്ച നടത്തും. ദ്വീപ് ഭരണകൂടത്തിന്‍െറ പ്രതിനിധിയായി ലെയ്സണ്‍ ഓഫിസറെ ആശുപത്രിയില്‍ നിയമിക്കുന്നതും പരിഗണനയിലുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. |
പരിചയം നടിച്ചെത്തി ആശുപത്രിയില്‍ നിന്ന് രോഗിയായ വൃദ്ധയുടെ മാലയുമായി മുങ്ങി Posted: 27 Dec 2012 10:27 PM PST കുന്നംകുളം: ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന ഉമ്മയുടെ ചികിത്സക്ക് പണം വേണമെന്ന് തെറ്റിദ്ധരിപ്പിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വൃദ്ധയുടെ ആഭരണവുമായി യുവാവ് മുങ്ങി. വടക്കേക്കാട് കല്ലൂര്‍ തറയില്‍ പരേതനായ മുഹമ്മദിന്‍െറ ഭാര്യ സൈനബയുടെ (70) ഒന്നേമുക്കാല്‍ പവന്‍െറ മാലയാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. കഴിഞ്ഞ ശനിയാഴ്ചയാണ് സൈനബ പനിയും ജലദോഷവും പിടിപെട്ട് കാണിപ്പയ്യൂര്‍ യൂനിറ്റി ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയില്‍ മുറിയെടുത്ത് കഴിഞ്ഞ ഇവരുടെ അടുത്ത് ബുധനാഴ്ച എത്തിയ യുവാവ് ആശുപത്രിക്ക് തൊട്ടടുത്ത ഹോട്ടല്‍ ഉടമ കല്ലൂര്‍ സ്വദേശി അബ്ദുല്‍ റസാഖിന്‍െറ സഹോദരീ മകനാണെന്ന് പറഞ്ഞായിരുന്നു സമീപിച്ചത്. ഇതേ ആശുപത്രി ഐ.സി.യുവില്‍ കിടക്കുന്ന ഉമ്മക്ക് പ്രത്യേക ഇഞ്ചക്ഷനായി 10,000രൂപ ആവശ്യമുണ്ടെന്നും വീട്ടില്‍ നിന്നും എ.ടി.എം കാര്‍ഡുമായി ആള്‍ പുറപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഉടന്‍ വേണമെന്നും ആവശ്യപ്പെട്ടു. പണം നല്‍കാനില്ലെന്ന് പറഞ്ഞതോടെ ആഭരണം ലഭിച്ചാലും മതിയെന്നായി. സംഭവസമയം ചികിത്സയില്‍ കഴിയുന്ന സൈനബയുടെ മകള്‍ ഹാജിറയും മുറിയില്‍ ഉണ്ടായിരുന്നെങ്കിലും മരുന്ന് വാങ്ങാനായി അവര്‍ പുറത്തുപോയി. ഇതോടെ സൈനബ കഴുത്തിലെ മാല ഊരി കൊടുക്കുകയായിരുന്നു. അല്‍പസമയം കഴിഞ്ഞ് മരുന്നുമായി വന്ന മകള്‍ വിവരമറിഞ്ഞ് ഐ.സി.യുവിലും പിന്നീട് സമീപത്തെ ഹോട്ടല്‍ ഉടമയെയും സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലാകുന്നത്. കല്ലൂര്‍ സ്വദേശി ഹംസയുടെ മകനാണെന്നും സൗദി അറേബ്യയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് വന്നതെന്നും പാലക്കാടുള്ള സ്ഥലം വിറ്റ പണവുമായി ഉപ്പ വരുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നത്രേ. മുപ്പത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന ഇയാള്‍ വെള്ളമുണ്ടും കള്ളിഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. കുറച്ച് കഷണ്ടിയും ഉണ്ടായിരുന്നതായും ഇവര്‍ പറയുന്നു. സമാനരീതിയില്‍ ചില മാസങ്ങള്‍ക്ക് മുമ്പ് കുന്നംകുളത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും കവര്‍ച്ച നടന്നിരുന്നു. |
സീതാര്‍കുണ്ട് മലയിടിച്ചില്‍; ആശങ്ക തുടരുന്നു Posted: 27 Dec 2012 10:22 PM PST കൊല്ലങ്കോട്: സീതാര്‍കുണ്ടില്‍ മലയിടിഞ്ഞ പ്രദേശം ജിയോളജി വകുപ്പിന്‍െറ ഉന്നത പഠനസംഘം സന്ദര്‍ശിക്കണമെന്ന ആവശ്യം ഉയരുന്നു. കഴിഞ്ഞദിവസം പാറക്കൂട്ടം ഒന്നാകെ അടര്‍ന്നുവീണത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. ആറുമാസത്തിനിടയില്‍ വെള്ളാരന്‍ കടവുമുതല്‍ പോത്തുണ്ടി മലയടിവാരം വരെയുള്ള തെന്മലയുടെ അടിവാരപ്രദേശങ്ങളില്‍ ഏഴിലധികം സ്ഥലങ്ങളില്‍ പാറക്കൂട്ടങ്ങള്‍ അടര്‍ന്നുവീണിട്ടുണ്ട്. വി. ചെന്താമരാക്ഷന്‍ എം.എല്‍.എ, തഹസില്‍ദാര്‍, ജിയോളജി, വനം, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും ഇതുസംബന്ധിച്ച് വ്യക്തമായ വിശദീകരണം ലഭിക്കാത്തതിനാല്‍, പ്രദേശത്തുകാരുടെ ആശങ്ക മാറിയിട്ടില്ല. മലയോരഭാഗത്തെ അനധികൃത ക്വാറികളിലെ സ്ഫോടനങ്ങള്‍ മൂലമുള്ള ചലനമാകാം മലയിടിയാന്‍ കാരണമെന്ന് സംശയിക്കുന്നുണ്ട്. മുതലമട, കൊല്ലങ്കോട്,എലവഞ്ചേരി, നെന്മാറ പഞ്ചായത്തുകളില്‍പെടുന്ന തെന്മലയോര പ്രദേശങ്ങളില്‍ 44 ക്വാറികളാണുള്ളത്. ഇതില്‍ 34 എണ്ണം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, അംഗീകാരമുള്ള ക്വാറികള്‍ 14 എണ്ണമാണെന്നാണ് അധികൃതര്‍ പറയുന്നത്. അംഗീകാരമുള്ള ക്വാറികളുടെ വിവരങ്ങള്‍ പഞ്ചായത്ത് - റവന്യു അധികൃതര്‍ പരസ്യപ്പെടുത്തിയാല്‍ അനധികൃതമായവ സംബന്ധിച്ച് നാട്ടുകാര്‍ വിവരങ്ങള്‍ നല്‍കാന്‍ തയാറാകുമെന്ന് ആദിവാസി സംരക്ഷണ സംഘം രക്ഷാധികാരി നീലിപ്പാറ മാരിയപ്പന്‍ പറഞ്ഞു. |
No comments:
Post a Comment