കീഴല്ലൂര്‍ ഡാം ഷട്ടര്‍ നവീകരണം: ഒന്നാംഘട്ടം പൂര്‍ത്തിയാവുന്നു Posted: 09 Dec 2012 12:23 AM PST അഞ്ചരക്കണ്ടി: കീഴല്ലൂര്‍ ഡാം ഷട്ടര്‍ നവീകരണത്തിന്‍െറ ആദ്യഘട്ടം പൂര്‍ത്തിയാവുന്നു. 23 ലക്ഷം രൂപയാണ് ഒന്നാംഘട്ടത്തിന്‍െറ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്. 1971ല്‍ ഡാം കമീഷന്‍ ചെയ്തതിനുശേഷമുള്ള വിപുലമായ നവീകരണ പ്രവര്‍ത്തനമാണ് നടക്കുന്നത്. ആറ് ഷട്ടറുകളാണ് ഡാമില്‍ നിലവില്‍. കാലപ്പഴക്കം ചെന്ന ഇലക്ട്രിക് ഉപകരണങ്ങളും ഷട്ടറിന് മുകളിലത്തെ ഇലക്ട്രിക്കിന്‍െറ കവറിങ്ങുകളും തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലാണ്. വേനല്‍ സമയങ്ങളില്‍ കീഴല്ലൂര്‍ ഡാമില്‍നിന്നും തലശ്ശേരി, മാഹി ഭാഗങ്ങളിലേക്ക് ശുദ്ധജല വിതരണം ചോര്‍ച്ച കാരണം സുഗമമായി നടക്കാറില്ലായിരുന്നു. ഇതിനെ തുടര്‍ന്നാണ് ജലവിതരണം കാര്യക്ഷമമാക്കുന്നതിന് ഷട്ടറിന്‍െറയും അനുബന്ധ ഇലക്ട്രിക് ഉപകരണങ്ങളുടെയും നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചത്. ഡാമിന്‍െറ പരിസരങ്ങളിലുള്ള കാടുകള്‍ വൃത്തിയാക്കി. ഷട്ടര്‍ സ്ഥിതിചെയ്യുന്ന പാലത്തിന്‍െറ തകര്‍ന്ന കൈവേലികള്‍ സിമന്‍റ് ചെയ്ത് ഉറപ്പിച്ചു. ഡാം ഹൗസിലെ തുരുമ്പെടുത്ത ഇലക്ട്രിക് ഉപകരണങ്ങള്‍ മാറ്റി പുതിയവ സ്ഥാപിച്ചു. ഡാമിലെ വെള്ളത്തിന്‍െറ അളവ് കണക്കാക്കുന്നതിനുവേണ്ടി ഒരു ഷട്ടര്‍ രണ്ടിഞ്ച് ഉയരത്തില്‍ ഉയര്‍ത്തിയും ബാക്കിയുള്ള അഞ്ച് ഷട്ടറുകളും താഴ്ത്തിയിരിക്കുകയുമാണ്. വേനല്‍ചൂട് കൂടുന്നതോടെ വെള്ളം കുറഞ്ഞുവരുകയാണെന്ന് അസി. എക്സി. എന്‍ജിനീയര്‍ അറിയിച്ചു. |
മണല്‍ പ്രശ്നം: ഊര്‍ക്കടവില്‍ സംഘര്‍ഷം; പത്തുപേര്‍ക്ക് പരിക്ക് Posted: 09 Dec 2012 12:18 AM PST മാവൂര്‍: മണല്‍ വിതരണവുമായി ബന്ധപ്പെട്ട് മാവൂര്‍ ഊര്‍ക്കടവിലുണ്ടായ സംഘര്‍ഷത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ 6.30ഓടെയാണ് സംഘര്‍ഷമുണ്ടായത്. പരിക്കേറ്റ ലോറി തൊഴിലാളികളായ കൃഷ്ണദാസ് (42), യു.എ. ഗഫൂര്‍ (30), ആര്‍. സജീവ് (38), എന്‍.കെ. കോയസ്സന്‍ (59) എന്നിവരെ മെഡിക്കല്‍ കോളജിലും കോടതി ഉത്തരവുമായി മണലെടുക്കാനെത്തിയ സി.കെ. അഫ്സല്‍ (22), ഷെരീഫ് (24), റജീബ് (21), ഉസ്മാന്‍ കോയ (33), അലി അഷ്റഫ് (22), അലവി (25) എന്നിവരെ ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മണല്‍ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടുള്ള കോടതി വിധിയും കലക്ടറുടെ ഉത്തരവിനെയും ചൊല്ലി അഞ്ചു ദിവസത്തോളമായി ഊര്‍ക്കടവില്‍ പ്രശ്നം ഉടലെടുത്തിരുന്നു. അതിന്‍െറ തുടര്‍ച്ചയായാണ് ശനിയാഴ്ച സംഘര്‍ഷമുണ്ടായത്. പുലര്‍ച്ചെ പതിവുപോലെ കടവില്‍ ടേണിലുള്ള ലോറികള്‍ മണല്‍ കയറ്റുന്നതിനുവേണ്ടി വരിനിന്നിരുന്നു. അതിനിടയില്‍ പുറത്തുനിന്നും അഞ്ചു ലോറികള്‍ മണലെടുക്കാനെത്തി. കഴിഞ്ഞ ദിവസം മാവൂര്‍ പഞ്ചായത്ത് സെക്രട്ടറി കടവുകളില്‍ മണല്‍ വിതരണം ചെയ്യുന്നതിന് ടേണ്‍ നോക്കേണ്ടതില്ലെന്ന ഉത്തരവിറക്കിയിരുന്നു. മണലെടുക്കാന്‍ വരുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും പാസും കൊണ്ടുവന്നാല്‍ മതി എന്ന കാര്യവും നിര്‍ദേശിച്ചിരുന്നു. അതുപ്രകാരം ആറാമതായാണ് പുറത്തുനിന്നുള്ള ആദ്യ ലോറി മണലെടുക്കാന്‍ വരിനിന്നത്. മുന്നിലുള്ള മറ്റ് അഞ്ച് ലോറികളിലും മണല്‍ കയറ്റി പുറത്തേക്ക് പോയശേഷം ആറാമത്തെ ലോറി മണലെടുക്കാന്‍ കയറിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പുറത്തുനിന്നെത്തിയ ഈ ലോറി കടവിലേക്ക് കയറ്റിയതോടെ ടേണിലുള്ള മറ്റു ലോറിക്കാര്‍ മണല്‍ കയറ്റാനനുവദിക്കാതെ തടഞ്ഞു. അതോടെ ഇരുവിഭാഗമായി ചേരിതിരിഞ്ഞ് വാക്കേറ്റവും ബഹളവുമായി. ഇത് മൂര്‍ച്ഛിച്ച് അടിയും തുടങ്ങി. നാട്ടുകാരുടെ നേതൃത്വത്തില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ശ്രമംനടത്തിയെങ്കിലും ഇരു വിഭാഗങ്ങളും മാങ്കാവ് കണ്ണിപറമ്പ് റോഡിലേക്ക് കയറി അവിടെവെച്ചും സംഘട്ടനം നടത്തി. വിവരമറിഞ്ഞ് മാവൂര്‍, മെഡി. കോളജ്, കുന്ദമംഗലം എന്നിവിടങ്ങളില്‍നിന്ന് പൊലീസും മാവൂര്‍ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി ഇരുവിഭാഗങ്ങളുമായി സംസാരിച്ച് സംഘര്‍ഷത്തിന് അയവു വരുത്തി. പ്രശ്നം പരിഹരിക്കാന്‍ ഞായറാഴ്ച രാവിലെ എട്ടിന് മാവൂര്‍ പൊലീസ് സ്റ്റേഷനില്‍ ചര്‍ച്ച നടത്താനും തീരുമാനമായി. |
‘ബാബരി മസ്ജിദില്ലാത്ത നാട്ടില്‍ എവിടെ നിയമവാഴ്ച’ Posted: 09 Dec 2012 12:14 AM PST Byline: അയോധ്യയില്‍നിന്ന് എ.കെ. ഹാരിസ് ബാബരി മസ്ജിദില്ലാത്ത ഇന്ത്യയില്‍ മതേതരത്വവും നിയമവാഴ്ചയമുണ്ടെന്ന് കരുതാനാവില്ലെന്ന് അയോധ്യയിലെ പ്രമുഖ സന്യാസി യുഗല്‍ കിഷോര്‍ ശാസ്ത്രി. അയോധ്യയില്‍ ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയിലെ സരയുകുഞ്ച് മഠാധിപതിയായ കിഷോര്‍ ശാസ്ത്രി നേരത്തേ ആര്‍.എസ്.എസിന്‍െറ മുഴുസമയപ്രവര്‍ത്തകനായിരുന്നു. പിന്നീട് വെറുപ്പിന്‍െറ രാഷ്ട്രീയം മടുത്ത് മതസൗഹാര്‍ദ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. ബാബരി മസ്ജിദിന്‍െറ തകര്‍ച്ചക്ക് ദൃക്സാക്ഷിയായ ശാസ്ത്രി സംഘ്പരിവാറിന്‍െറ വര്‍ഗീയ രാഷ്ട്രീയത്തെ തുറന്നെതിര്‍ക്കുന്ന വ്യക്തികൂടിയാണ്. ബാബരി മസ്ജിദ് വിഷയം കേവലം അവകാശത്തര്‍ക്കമായി കാണേണ്ടതല്ല. ഇന്ത്യയുടെ മതേതരത്വവും സമ്മിശ്രസംസ്കാരവും തകര്‍ക്കുകയാണ് ഹിന്ദുത്വശക്തികളുടെ ലക്ഷ്യം. എങ്കില്‍ മാത്രമേ അവര്‍ക്ക് നിലനില്‍പുള്ളൂ. മസ്ജിദ്-മന്ദിര്‍ തര്‍ക്കം രാജ്യമാകെ ആളിക്കത്തിച്ച അവര്‍ അതില്‍ ഒരളവോളം വിജയിച്ചു. ജുഡീഷ്യറിയെപ്പോലും വര്‍ഗീയവത്കരിക്കാന്‍ കഴിഞ്ഞു. മുസ്ലിംകള്‍ ഹാജരാക്കിയ ഉടമാവകാശ രേഖകള്‍ മാറ്റിവെച്ച് സംഘ്പരിവാറിന്‍െറ വിശ്വാസം അടിസ്ഥാനമാക്കി കോടതി വിധി പറഞ്ഞത് അതുകൊണ്ടാണ്. ബാബരി മസ്ജിദ് ഭൂമി മൂന്നായി വിഭജിക്കാന്‍ നിര്‍ദേശിക്കുന്ന വിധി നഗ്നമായ നീതിനിഷേധമാണ്. സംഘ്പരിവാര്‍ വലിയ ശക്തിയൊന്നുമല്ല. വര്‍ഗീയതയില്‍ വിശ്വസിക്കുന്നവര്‍ അധികമില്ല. അതിനെ എതിര്‍ക്കുന്നവരാണ് ഭൂരിപക്ഷം. എന്നാല്‍, വര്‍ഗീയവാദികള്‍ സംഘടിതരും അതിനെ എതിര്‍ക്കുന്നവര്‍ അസംഘടിതരുമായതാണ് പ്രശ്നം. നാട്ടില്‍ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവര്‍ വര്‍ഗീയവാദികള്‍ക്കെതിരെ ഒന്നിച്ച് രംഗത്തുവരണം. വര്‍ഗീയത പരത്തുന്നവരെ ഒറ്റപ്പെടുത്താനുള്ള ഏകമാര്‍ഗം അതാണ്. ഹിന്ദുത്വ ഗ്രൂപ്പുകള്‍ക്ക് പിന്നില്‍ യഥാര്‍ഥത്തില്‍ സവര്‍ണവിഭാഗത്തിന്‍െറ കരുനീക്കങ്ങളാണ്. പിന്നാക്ക ദലിത് വിഭാഗങ്ങളെയും മറ്റും തങ്ങളുടെ പിന്നില്‍ അണിനിരത്തി അധികാരം കൈയടക്കാനാണ് അവര്‍ മുസ്ലിംകളെ ശത്രുപക്ഷത്ത് നിര്‍ത്തുന്നത്. പിന്നാക്ക ദലിത് വിഭാഗങ്ങളുടെ യഥാര്‍ഥ ശത്രു സവര്‍ണരാണ്. ദലിത് സമൂഹത്തെ ഇന്നത്തെ ദുരവസ്ഥയില്‍ തള്ളിയിട്ടത് അവരാണ്. മുസ്ലിംകള്‍ ദലിതുകളുടെ ശത്രുക്കളല്ല. പൊതുശത്രുവായ സവര്‍ണരുടെ കുതന്ത്രങ്ങള്‍ക്കെതിരെ ദലിതുകളും മുസ്ലിംകളും കൈകോര്‍ക്കണം. രാജ്യത്തെ വലിയ രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഇത് തിരിച്ചറിയുന്നില്ല. കോണ്‍ഗ്രസിലേക്കും വര്‍ഗീയത പടര്‍ന്നിരിക്കുന്നു. ബാബരി മസ്ജിദ് പ്രശ്നത്തിലുടനീളം കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ അതാണ് വ്യക്തമാക്കുന്നത്. ദലിതുകളെയും മുസ്ലിംകളെയും ഒന്നിച്ചുകൊണ്ടുപോകാന്‍ ലാലുവും മുലായവും മായാവതിയുമൊക്കെ ചില ശ്രമങ്ങള്‍ നടത്തുന്നു. എന്നാല്‍, വര്‍ഗീയ ശക്തികളെ തുടച്ചുനീക്കാന്‍ ആത്മാര്‍ഥമായ ശ്രമം അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്ന് കരുതാനാകില്ല. കര്‍സേവകര്‍ക്കെതിരെ വെടിവെക്കാന്‍ ഉത്തരവ് നല്‍കിയതും ബി.ജെ.പിക്കെതിരെ ഉച്ചത്തില്‍ സംസാരിക്കുന്നതുമൊക്കെ അവരുടെ വോട്ട് ബാങ്ക് നിലനിര്‍ത്താനാണ്. സംഘ്പരിവാറെന്ന ശത്രു ജ്വലിച്ചുനില്‍ക്കുമ്പോള്‍ മാത്രമേ മുസ്ലിംകളും മറ്റും തങ്ങളുടെ കീഴില്‍ അഭയം തേടൂവെന്ന് മറ്റാരെക്കാളും നന്നായി ഈ നേതാക്കള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഈ കാര്യങ്ങളൊന്നും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് പഠനവിഷയമാകുന്നില്ലെന്നതാണ് ഖേദകരം. മാത്രമല്ല, മാധ്യമങ്ങളില്‍ പോലും വര്‍ഗീയവത്കരണം വ്യാപകമാകുന്നു. മുസ്ലിം യുവാക്കളെ പിടികൂടി ഭീകരമുദ്ര ചാര്‍ത്തുന്ന പൊലീസിന് മാധ്യമങ്ങള്‍ അകമഴിഞ്ഞ പിന്തുണ നല്‍കുന്നതുതന്നെ ഉദാഹരണം. ദുര്‍ബലമായ ഇത്തരം കേസിന്‍െറ ഉള്ളറകളിലേക്ക് ഒരു മാധ്യമവും അന്വേഷിച്ചുചെല്ലുന്നില്ല. സംഘ്പരിവാറിനെതിരെ സംസാരിക്കുന്നതിന്‍െറ പേരില്‍ ഭീഷണികളും പ്രശ്നങ്ങളുമൊക്കെയുണ്ട്. എങ്കിലും സ്വന്തം അനുഭവത്തില്‍നിന്നുള്ള ബോധ്യത്തില്‍നിന്ന് പിന്മാറാന്‍ ഉദ്ദേശ്യമില്ലെന്നും ശാസ്ത്രി ഉറപ്പിച്ച് പറഞ്ഞു. |
തെരഞ്ഞെടുപ്പിനിറങ്ങിയത് മോഡിപ്പേടി മാറ്റാന്‍ -ശ്വേത ഭട്ട് Posted: 09 Dec 2012 12:07 AM PST Byline: മണിനഗറില്‍നിന്ന് ഹസനുല്‍ ബന്ന ഒരു വ്യക്തിയെ പേടിച്ച് ഒരു നാടു മുഴുവന്‍ കഴിയുന്ന ഭീതിദമായ സ്ഥിതിവിശേഷത്തിന് അറുതി വരുത്താനാണ് കേവലമൊരു വീട്ടമ്മയായിട്ടും രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങേണ്ടിവന്നതെന്ന് മണിനഗര്‍ മണ്ഡലത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ നേരിട്ടുള്ള പോരാട്ടം നടത്തുന്ന ശ്വേത ഭട്ട് വ്യക്തമാക്കി. മണിനഗറിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ ‘മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തില്‍ അവിചാരിതമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കപ്പെടാനിടയായ സാഹചര്യം ശ്വേത ഭട്ട് വിശദീകരിച്ചു. തനിക്ക് രാഷ്ട്രീയ മോഹങ്ങളൊന്നുമില്ലെന്നും നരേന്ദ്ര മോഡിക്കെതിരെ ഗുജറാത്തിലുയര്‍ന്നു തുടങ്ങിയ ശബ്ദത്തിന് ശക്തിപകരുകയാണ് ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ? എല്ലാവരെയും അമ്പരപ്പിച്ചാണ് ശ്വേത മണിനഗറില്‍ മോഡിയുടെ എതിര്‍സ്ഥാനാര്‍ഥിയായി രംഗത്തുവന്നത്. അതും കോണ്‍ഗ്രസ് ടിക്കറ്റിലും കൈപ്പത്തി ചിഹ്നത്തിലും. ഇത്ര പെട്ടെന്നൊരു രാഷ്ട്രീയ പ്രവേശത്തിനുള്ള കാരണമെന്തായിരുന്നു ഒരു തരത്തിലുള്ള രാഷ്ട്രീയ മോഹവുമില്ലാത്തയാളാണ് ഞാന്‍. എന്‍െറ ജീവിതത്തിന്‍െറ മുന്‍ഗണനാക്രമത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം ഒരിക്കല്‍ പോലും കടന്നുവന്നിട്ടില്ല. സ്വന്തം ഭര്‍ത്താവിനുവേണ്ടി നടത്തിയ പോരാട്ടമാണ് ഗുജറാത്തില്‍ നീതിനിഷേധിക്കപ്പെടുന്ന മുഴുവനാളുകള്‍ക്കും വേണ്ടി രംഗത്തിറങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത്. ഞാനും എന്‍െറ ഭര്‍ത്താവും അഹ്മദാബാദിലിരുന്നുതന്നെ പോരാട്ടം തുടരും. സത്യസന്ധനും നീതിമാനുമായിരുന്ന പൊലീസ് ഓഫിസറായിരുന്നു എന്‍െറ ഭര്‍ത്താവ്. സത്യത്തിനും നീതിക്കും വേണ്ടി നിലനിന്നതിന്‍െറ പേരിലാണ് അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കുകയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയും ചെയ്തത്. ‘മുസ്ലിംകളോടുള്ള രോഷം ശമിപ്പിക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണ’മെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മോഡി നല്‍കിയ കല്‍പന വെളിപ്പെടുത്തുകയാണ് അദ്ദേഹം ചെയ്ത കുറ്റം. അറസ്റ്റ് ചെയ്തയുടന്‍ ജാമ്യം ലഭ്യമാക്കാമായിരുന്ന കുറ്റമായിരുന്നു എന്‍െറ ഭര്‍ത്താവിനുമേല്‍ ചുമത്തിയിരുന്നത്. എന്നാല്‍, മോഡിയുടെ ആളുകള്‍ ജാമ്യംനല്‍കുന്നത് 17 ദിവസം നീട്ടിക്കൊണ്ടുപോയി. അമിതാധികാരം ഉപയോഗിക്കുന്ന മോഡിയെ ഒരധികാരമില്ലാത്തവനും നേരിടാന്‍ കഴിയുമെന്ന് എന്‍െറ സ്ഥാനാര്‍ഥിത്വത്തിലൂടെ ഗുജറാത്തിന് കാണിച്ചുകൊടുക്കേണ്ടതുണ്ട്. ? ഗുജറാത്ത് ഇപ്പോള്‍ സുരക്ഷിതമാണെന്നാണ് നരേന്ദ്രമോഡിയുടെ അവകാശവാദം. എന്നിട്ടും ഗുജറാത്തിലെ അരക്ഷിതാവസ്ഥ പറഞ്ഞ് വോട്ട് പ ിടിക്കുന്നതിലെ യുക്തി എന്താണ് ആരും ഗുജറാത്തില്‍ സുരക്ഷിതരല്ല. ആര്‍ക്കാണ് ഗുജറാത്തില്‍ നിര്‍ഭയമായി ജീവിക്കാന്‍ കഴിയുന്നത്. ഈയൊരു മനുഷ്യനെ പേടിച്ച് എല്ലാവരും കഴിയുന്ന സാചര്യമാണ്. സ്വതന്ത്രമായി സംസാരിക്കാന്‍ ഭയക്കുന്നു. സ്വതന്ത്രമായി ചിന്തിക്കാന്‍ ഭയക്കുന്നു. എല്ലാവരും മോഡിയുടെ നിരീക്ഷണവലയത്തിലാണ്. സംസാരമെല്ലാം ചോര്‍ത്തുമെന്ന് ഭയന്ന് സ്വന്തം മൊബൈല്‍ ഫോണുപയോഗിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത സാഹചര്യത്തിലാണ് ഗുജറാത്തിലെ ഓരോ മനുഷ്യനും. ഇന്ത്യന്‍ ഭരണഘടന അനുവദിച്ച അവകാശമാണ് അഭിപ്രായ സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യമാണ് മോഡി ഹനിച്ചുകളയുന്നത്. വ്യക്തി സ്വാതന്ത്ര്യം ഹനിക്കാന്‍ ആരാണിയാള്‍ക്ക് അധികാരം നല്‍കിയത്. എത്രയോ കുട്ടികളെ വീടുകളില്‍നിന്ന് കാണാതായിട്ടുണ്ട്. നിരവധി പേര്‍ സംശയാസ്പദമായി കൊല്ലപ്പെടുന്നു. നിരവധി അജ്ഞാത ജഡങ്ങള്‍ കണ്ടെടുക്കുന്നു. എന്നിട്ടും ഗുജറാത്ത് സുരക്ഷിതമാണെന്ന് പറയുന്നതിലെ യുക്തിയാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്. ? മണിനഗറില്‍ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി അവരുടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കിയിരിക്കുകയാണ്. ഇത് കോണ്‍ഗ്രസും ജി.പി.പിയും തമ്മിലുള്ള ഒത്തുകളിയായാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും മാത്രമല്ല, മുഴുവന്‍ പാര്‍ട്ടികളുടെ വോട്ടും മോഡിക്കെതിരെ ഏകോപിപ്പിക്കണമെന്ന അഭിപ്രായമാണെനിക്ക്. കാരണം, മണി നഗറില്‍ നടക്കുന്നത് കേവലം ഒരു രാഷ്ട്രീയ പോരാട്ടമല്ല. മറിച്ച്, സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്ന ഏകാധിപതിക്കെതിരായ പോരാട്ടമാണ്. കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ഗുജറാത്തികളും പിന്തുണക്കേണ്ട മത്സരമാണിത്. നീതിക്കും സത്യത്തിനും വേണ്ടിയുള്ള എന്‍െറ പോരാട്ടം ആത്മാര്‍ഥമാണെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവരെല്ലാവരും മോഡിയെ പരാജയപ്പെടുത്താന്‍ ഒരുമിക്കും. ? ഗുജറാത്തിന്‍െറ വികസനം പറഞ്ഞ് വോട്ടു ചോദിക്കുന്ന മോഡിയെ എങ്ങനെ നേരിടും മോഡിയുടെ സ്വന്തം മണ്ഡലത്തിന്‍െറ ദയനീയസ്ഥിതി അറിയുന്ന വോട്ടര്‍മാര്‍ക്കറിയാം ഗുജറാത്തില്‍ എന്ത് വികസനമാണ് നടന്നതെന്ന്. കുടിവെള്ളം കിട്ടാനില്ലാത്ത, മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഡ്രെയ്നേജ് സംവിധാനങ്ങളുമില്ല. മതിയായ സ്കൂളുകളും ആശുപത്രികളുമില്ല. മോഡി സര്‍ക്കാറിന്‍െറ പരാജയമാണിത്. അതിനാല്‍, ഇനിയും മോഡിക്ക് മുമ്പില്‍ യാചിക്കേണ്ടതില്ലെന്നും അവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ കൂടെയുണ്ടാകുമെന്നുമാണ് അവരോട് പറയുന്നത്. സ്വന്തം മണ്ഡലത്തില്‍ കുടിവെള്ളം നല്‍കാന്‍ കഴിയാത്ത മുഖ്യമന്ത്രി എന്ത് വികസനത്തെക്കുറിച്ചാണീ സംസാരിക്കുന്നത്. സ്വന്തം മണ്ഡലത്തിലെ വോട്ടര്‍മാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത ഒരാള്‍ക്കെങ്ങനെയാണ് സംസ്ഥാനത്തിന്‍െറ മൊത്തം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുക? ? മോഡിക്കെതിരെ വിജയപ്രതീക്ഷയുണ്ടോ പോരാട്ടത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. രാവിലെ എട്ട് മണിക്ക് വീട്ടില്‍ നിന്നിറങ്ങുന്ന ഞാന്‍ വോട്ടര്‍മാരെ കണ്ട് വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ രാത്രി 11 മണിയെങ്കിലുമാകും. അതേസമയം, ജയപരാജയം നിര്‍ണയിക്കാനുള്ള സമയമല്ല ഇത്. അതിനാല്‍തന്നെ വലിയ വാഗ്ദാനങ്ങള്‍ നല്‍കുന്നുമില്ല. എന്നാല്‍, ഏത് ഘട്ടത്തിലും അവരോടൊപ്പമുണ്ടാകുമെന്ന് ഉറപ്പിച്ചു പറയാനെനിക്ക് കഴിയും. |
മനുഷ്യാവകാശ മണ്ണാങ്കട്ടകള്‍ Posted: 08 Dec 2012 11:48 PM PST കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ 191 വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടന്നതായി ദേശീയ മനുഷ്യാവകാശ കമീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. വ്യാജ ഏറ്റുമുട്ടല്‍ കൊല നടന്നുവെന്ന 1671 പരാതികളാണ് 2007 മുതല്‍ ഇക്കഴിഞ്ഞ മാസം വരെ കമീഷന് കിട്ടിയത്. 191 കേസുകളിലായി 10.51 കോടി രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തിട്ടുണ്ട്. അഥവാ, ഇത്രയും പരാതികള്‍ സത്യമാണെന്നു കണ്ട് തീര്‍പ്പുകല്‍പിച്ചു. കൊലചെയ്യപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം വരെ രൂപ നഷ്ടപരിഹാരം നല്‍കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ആവശ്യപ്പെട്ട പ്രകാരമാണ് മനുഷ്യാവകാശ കമീഷന്‍ ഈ വിവരങ്ങള്‍ അടങ്ങുന്ന സത്യവാങ്മൂലം അടുത്തയിടെ സമര്‍പ്പിച്ചത്. പരാതികള്‍ പലതു കിട്ടിയിട്ടുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാറുകളുടെയും പൊലീസിന്‍െറയും മറ്റും നിസ്സഹകരണം കാരണം കൂടുതല്‍ മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടില്ലെന്നും കമീഷന്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. അന്വേഷണ നടപടി പൂര്‍ത്തിയാക്കാന്‍ അനാവശ്യ കാലതാമസമെടുക്കുന്നു. മജിസ്ട്രേറ്റിന്‍െറ അന്വേഷണ റിപ്പോര്‍ട്ട്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, വിദഗ്ധരുടെ റിപ്പോര്‍ട്ട് എന്നിവയൊക്കെ കിട്ടാന്‍ വലിയ പ്രയാസമാണ്. അതുകൊണ്ട് പരാതികളെക്കുറിച്ച് ഒരു നിഗമനത്തില്‍ എത്തിച്ചേരാന്‍ മിക്കപ്പോഴും കമീഷന് സാധിക്കുന്നില്ല. അതുകൊണ്ട് മനുഷ്യാവകാശ കമീഷന്‍െറ നിര്‍ദേശം പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങളോട് സുപ്രീംകോടതി നിര്‍ദേശിക്കണം. പ്രശ്നഭൂമിയായി പുകയുന്ന മണിപ്പൂരില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകള്‍ക്കിടയില്‍ 1500ല്‍പരം വ്യാജ ഏറ്റുമുട്ടല്‍ കൊല നടന്നുവെന്നാണ് സുപ്രീംകോടതിക്ക് മുന്നിലെത്തിയ പരാതി. സേനയുടെ പ്രത്യേകാധികാര നിയമം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മണിപ്പൂര്‍. ക്രൂരതകള്‍ക്ക് പ്രത്യേകാധികാര നിയമം സേന മറയാക്കുന്ന അവിടെയാണ് ഈറോം ശര്‍മിള പതിറ്റാണ്ടിലേറെയായി നിരാഹാരം തുടരുന്നത്. സേനയുടെ അതിക്രമങ്ങള്‍ സഹിക്കാതെ സ്ത്രീകള്‍ കൂട്ടത്തോടെ തുണിയുരിഞ്ഞ് തെരുവില്‍ പ്രതിഷേധിച്ചതും മണിപ്പൂരിലാണ്. സേനയുടെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് സുപ്രീംകോടതി ആവശ്യപ്പെട്ട പ്രകാരം കമീഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല ചെയ്യപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതിന്‍െറ കണക്കു കേട്ടപ്പോള്‍ സുപ്രീംകോടതിയില്‍ ജസ്റ്റിസുമാരായ ആഫ്താബ് ആലവും രഞ്ജന ദേശായിയും അടങ്ങുന്ന ബെഞ്ച് ചോദിച്ചു: അഞ്ചു ലക്ഷം രൂപ, കൊല്ലാനുള്ള ലൈസന്‍സാണോ? അഞ്ചു ലക്ഷം കൊടുത്തെന്നു കരുതി കുറ്റക്കാരായ പൊലീസുകാര്‍ക്കും പട്ടാളക്കാര്‍ക്കുമെതിരെ നടപടി വേണ്ടെന്നാണോ? സേനയുടെ കുറ്റം തെളിഞ്ഞ കേസുകളില്‍ അഞ്ചു ലക്ഷം രൂപ കൊടുത്താല്‍ മതിയോ? രാജ്യത്തിനുള്ളില്‍ത്തന്നെ യുദ്ധം നടക്കുന്നുണ്ടോ? പല്ലിനു പല്ല് എന്നതാണോ നയം? കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ 500ല്‍പരം സേനാംഗങ്ങള്‍ പ്രതികളാണ്. കസ്റ്റഡി മരണം, തട്ടിക്കൊണ്ടുപോകല്‍, മൃഗീയ പീഡനം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളാണ് ഈ സേനാംഗങ്ങള്‍ നേരിടുന്നത്. പട്ടാളക്കാര്‍ക്കു പുറമെ പൊലീസ്, അര്‍ധസേന എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രതികളാണ്. പക്ഷേ, ഇവരെ ഇനിയും ശിക്ഷിച്ചിട്ടില്ല. 1989 മുതല്‍ നീറിപ്പുകയുന്ന കശ്മീരില്‍ സേന നടത്തിയ ഏറ്റുമുട്ടലുകളിലും മറ്റുമായി ആയിരങ്ങളാണ് കൊല്ലപ്പെട്ടത്; കാണാതായത്. കാണാതായ യുവാക്കളുടെ രക്ഷിതാക്കള്‍ രൂപവത്കരിച്ച സംഘടനയും ‘ഇന്ത്യന്‍ നിയന്ത്രിത കശ്മീരിലെ മനുഷ്യാവകാശത്തിനും നീതിക്കും വേണ്ടിയുള്ള അന്താരാഷ്ട്ര ജനകീയ ട്രൈബ്യൂണ’ലും ചേര്‍ന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ 354 പേജ് വരുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിവരിക്കുന്നത്. കരസേനയിലെ മൂന്നു ബ്രിഗേഡിയര്‍മാര്‍, ഒമ്പതു കേണല്‍മാര്‍, മൂന്ന് ലഫ്. കേണല്‍മാര്‍, 78 മേജര്‍മാര്‍, 25 ക്യാപ്റ്റന്മാര്‍, അര്‍ധസേനയിലെ 37 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ കശ്മീരിലെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ സൂത്രധാരന്മാരാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. പൊലീസ്, കോടതി, സര്‍ക്കാര്‍ രേഖകള്‍ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇവര്‍ക്കെതിരെ നീതിയുക്തമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ താല്‍പര്യം കാണിച്ചിട്ടില്ല. നഷ്ടപരിഹാരം ചില കേസുകളില്‍ ഉണ്ടായിട്ടുണ്ടെങ്കിലും കുറ്റക്കാരെ നീതിക്കുമുമ്പില്‍ കൊണ്ടുവരാന്‍ ഒരു നടപടിയുമില്ല. രണ്ടു വര്‍ഷമെടുത്ത് തയാറാക്കിയ റിപ്പോര്‍ട്ട് ജമ്മുകശ്മീര്‍ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും അയച്ചുകൊടുത്ത് നീതിക്കും മനുഷ്യാവകാശത്തിനും വേണ്ടി അവസാനം കാണാത്ത മറ്റൊരു ശ്രമം കൂടി നടത്തുകയാണ് അവര്‍. കഴിഞ്ഞ ദിവസം ലോക്സഭയില്‍ ആഭ്യന്തര സഹമന്ത്രി ആര്‍.പി.എന്‍ സിങ് ഒരംഗത്തിന്‍െറ ചോദ്യത്തിന് എഴുതി നല്‍കിയ മറുപടി ഇനി വായിക്കുക: നക്സലുകള്‍ ആദിവാസികളെ ചൂഷണം ചെയ്യുന്ന നിരവധി സംഭവങ്ങള്‍ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. മാവോയിസ്റ്റ് ക്യാമ്പുകളില്‍ നടക്കുന്ന ലൈംഗിക ചൂഷണം അതിലൊന്നാണ്. വിവാഹം ചെയ്യുന്നതിനുമുമ്പ് വന്ധ്യംകരണം നടത്തണമെന്ന് മുതിര്‍ന്ന മാവോവാദി നേതാക്കള്‍ അണികളായ യുവാക്കളോട് ആവശ്യപ്പെടുന്നു. തീവ്രവാദ പ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ടവര്‍ക്ക് കുട്ടികള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണിത്. പൊലീസിന് വിവരം നല്‍കുന്നവരെന്ന് മുദ്രകുത്തി സാധാരണക്കാരെ നക്സലുകള്‍ കൊല്ലുന്നു. 2001 മുതല്‍ ഇതുവരെ മാവോവാദികള്‍ വധിച്ച 5745 പേരില്‍ ഭൂരിഭാഗവും ആദിവാസികളാണ്. രഹസ്യം വെളിപ്പെടുത്തുന്നതിന്‍െറ പേരിലാണിത്. രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചവരാണ് അവര്‍. ഇടതുതീവ്രവാദത്തെ നേരിടാന്‍ സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. തൊട്ടുപിന്നാലെ വന്ന പത്രറിപ്പോര്‍ട്ടു കൂടി വായിക്കാം: നക്സല്‍ ബാധിതമായ നാലു സംസ്ഥാനങ്ങളില്‍ പുതിയ പട്ടാള കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ മുന്നൊരുക്കം തുടങ്ങി. മാവോവാദി സ്വാധീന മേഖലയില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നതിന് വേണ്ടിയാണിത്്. പറ്റിയ സ്ഥലം കണ്ടെത്തി വിവരമറിയിക്കാന്‍ മഹാരാഷ്ട്ര, ഒഡിഷ, ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഢ് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ആഭ്യന്തര മന്ത്രാലയം എഴുതി. ഇനി സുപ്രീംകോടതിയുടെ ചോദ്യം ഒരിക്കല്‍കൂടി മനസ്സിരുത്തി ആലോചിക്കുക: രാജ്യത്തിനുള്ളില്‍ത്തന്നെ യുദ്ധം നടക്കുന്നുണ്ടോ? സ്വന്തം ജനതയോട് യുദ്ധം ചെയ്യുന്ന ഭരണകൂടമാണോ നമ്മുടേത്? നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ(യു.എ.പി.എ)ത്തില്‍ ഭീകരതയുടെ നിര്‍വചനം വിപുലപ്പെടുത്തുന്നതടക്കം നിരവധി വിവാദ ഭേദഗതികള്‍ ഉള്‍ക്കൊള്ളുന്ന ബില്‍ ലോക്സഭയിലെ ബഹളങ്ങള്‍ക്കിടയില്‍ ചര്‍ച്ച കൂടാതെ സര്‍ക്കാര്‍ പാസാക്കി. അങ്ങനെ ചെയ്യരുത്, വിശദമായ ചര്‍ച്ചവേണമെന്ന് നിരവധി അംഗങ്ങള്‍ ഉയര്‍ത്തിയ എതിര്‍പ്പ് സര്‍ക്കാര്‍ അവഗണിച്ചു. ജനാധിപത്യ രീതിയില്‍ ചര്‍ച്ച നടത്തിയാല്‍ ഈ ബില്‍ പാസാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാറിന് ബോധ്യമുണ്ട്. ബി.ജെ.പി സര്‍ക്കാര്‍ ഏറെ ദുരുപയോഗിച്ച പോട്ട പിന്‍വലിച്ച യു.പി.എ സര്‍ക്കാര്‍, അതിനേക്കാള്‍ കാടന്‍ സ്വഭാവമാണ് ഭേദഗതികളിലൂടെ യു.എ.പി.എ നിയമത്തിന് നല്‍കിയിരിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. നിരപരാധികളെ കുടുക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ദുരുപയോഗിക്കാന്‍ പാകത്തിലുള്ള നിരവധി വ്യവസ്ഥകളാണ് യു.എ.പി.എ നിയമത്തിലുള്ളത്. കള്ളനോട്ട് അടക്കം സാമ്പത്തിക കുറ്റങ്ങള്‍ ഭീകരതയുടെ നിര്‍വചനത്തില്‍ കൊണ്ടുവന്നു. ഭീകര സംഘടനകളുടെ നിരോധന കാലാവധി രണ്ടില്‍നിന്ന് അഞ്ചു വര്‍ഷമാക്കി. ഭീകരവിരുദ്ധ നിയമങ്ങള്‍ ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനിടയില്‍ തന്നെയാണ് യു.എ.പി.എ നിയമഭേദഗതി പാസാക്കിയത്. നിലവിലെ നിയമങ്ങള്‍തന്നെ ദുരുപയോഗിച്ച്, മുസ്ലിം യുവാക്കളെ ഭീകരതയുടെ പേരില്‍ വേട്ടയാടുന്നതിന്‍െറ കൂടുതല്‍ കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടയില്‍തന്നെയാണ് കാടന്‍ നിയമത്തിന് പിന്നെയും ദംഷ്ട്രകള്‍ സര്‍ക്കാര്‍ മുളപ്പിച്ചത്. മുസ്ലിം യുവാക്കള്‍ ഇരകളാക്കപ്പെടുന്നതിനെതിരായ സാമൂഹിക വികാരവും കണ്ടില്ലെന്നു നടിക്കുന്നു. വിവിധ പാര്‍ട്ടികള്‍ ഈ വിഷയം സര്‍ക്കാറിനും രാഷ്ട്രപതിക്കും മുമ്പിലെത്തിച്ചു. പാര്‍ലമെന്‍റില്‍ പറഞ്ഞു. പക്ഷേ, എന്‍.ഡി.എ സര്‍ക്കാറില്‍നിന്ന് ഇക്കാര്യത്തില്‍ തങ്ങളും ഭിന്നമല്ലെന്നാണ് യു.പി.എ സര്‍ക്കാര്‍ കാണിച്ചു തരുന്നത്. ഭീകരവേട്ടയുടെ കേസുകള്‍ കോടതിക്കു മുന്നിലെത്തുമ്പോള്‍ പൊളിഞ്ഞു പോകുന്നത് പൊലീസിനും സര്‍ക്കാറിനും ബാധകമല്ല. ഇരകളെ സൃഷ്ടിച്ച് പതക്കങ്ങള്‍ നേടുകയാണ് അവര്‍ക്ക് വേണ്ടത്. നീതിബോധമല്ല, വര്‍ഗീയവികാരമാണ് കാക്കിക്കും കാവിക്കും ഖദറിനുമുള്ളില്‍ ഇന്ന് കുടിയിരിക്കുന്നത്. 1992നും 2008നും ഇടയില്‍ ദല്‍ഹി പൊലീസ് പ്രത്യേക സെല്‍ അന്വേഷിച്ച 16 ഭീകര കേസുകള്‍ കോടതിയില്‍ പൊളിഞ്ഞു പോയ കഥ ജാമിഅ ടീച്ചേഴ്സ് സോളിഡാരിറ്റി അസോസിയേഷന്‍ പുറത്തുകൊണ്ടുവന്നത് സെപ്റ്റംബറിലാണ്. എത്രയോ വര്‍ഷങ്ങള്‍ വിചാരണത്തടവുകാരായി ഇരുമ്പഴിക്കുള്ളില്‍ കിടന്ന അതിലെ കുറ്റാരോപിതരോട് ഭരണകൂടം ക്ഷമ ചോദിച്ചില്ല. നഷ്ടപ്പെടുത്തിയ യൗവനത്തിന് പകരം വെക്കാനെന്തെങ്കിലുമോ, വെറുമൊരു ആശ്വാസവാക്കെങ്കിലുമോ നല്‍കിയില്ല. 16ല്‍ 14ലും കശ്മീരികളായിരുന്നു ‘ഭീകരര്‍’. രാജ്യത്തെ ജയിലുകളില്‍ അനിശ്ചിതമായി കഴിയുന്ന ആയിരക്കണക്കായ വിചാരണത്തടവുകാരുടെ കാര്യം കൂടി ഇത് പറഞ്ഞുതരുന്നുണ്ട്. ഇരുമ്പഴിയില്‍നിന്ന് പുറത്തുവരുന്നില്ലെന്ന് എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് പ്രതികാര മനസ്സോടെ ഉറപ്പാക്കിയിരിക്കുന്ന പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനി അവരിലൊരാള്‍. മഅ്ദനിക്കേസില്‍ കുടുങ്ങിയ ഷാഹിന എന്ന പത്രപ്രവര്‍ത്തകക്ക് മാധ്യമ സ്വാതന്ത്ര്യത്തിന്‍െറ നാട്ടിലെ തൊഴില്‍ ഇപ്പോള്‍ നിരപരാധിത്വം തെളിയിക്കാനുള്ള പോരാട്ടമാണ്. സുരക്ഷാ ഭീഷണിയുടെ പേരില്‍, വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഫോണ്‍ ചോര്‍ത്തലും ഇ-മെയില്‍ പരിശോധനയും രഹസ്യാന്വേഷണ ഏജന്‍സികള്‍ കൂടുതലായി നടത്തിവരുന്നതിന്‍െറ വിവരങ്ങളും പുറത്തുവരുന്നു. വ്യക്തി സ്വകാര്യതയിലും അവകാശങ്ങളിലും കടന്നുകയറാന്‍ ജനാധിപത്യത്തിന്‍െറ നാട്ടില്‍ രഹസ്യ പൊലീസിന് പണ്ട് പരിമിതികള്‍ വെച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഇ-മെയില്‍ നിരീക്ഷണത്തില്‍ തൊട്ടു മുന്‍മാസത്തേക്കാള്‍ 36 ശതമാനത്തിന്‍െറ വര്‍ധനയാണ് ഔദ്യാഗിക കണക്കുകള്‍ അനുസരിച്ചുതന്നെ ഉണ്ടായത്. ആഗസ്റ്റില്‍ 1174 ഇ-മെയിലുകള്‍ ചോര്‍ത്തി. സെപ്റ്റംബര്‍ ആയപ്പോള്‍ ഇത് 1601 ആയി. വിവിധ സുരക്ഷാ ഏജന്‍സികള്‍ ഒരു മാസത്തിനിടയില്‍ 10,469 ഫോണുകളാണ് ചോര്‍ത്തിയത്. മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് പ്രത്യേകാനുമതിയുടെ ആവശ്യമില്ല. മൊബൈല്‍ ഉടമയുടെ വിളിച്ച വിവരങ്ങള്‍, സഞ്ചരിച്ച വഴികള്‍ എന്നിവയൊക്കെ സുരക്ഷാ ഏജന്‍സികള്‍ക്ക് നല്‍കാന്‍ മൊബൈല്‍ കമ്പനികള്‍ ബാധ്യസ്ഥമാണ്. ശിവസേനാ തലവന്‍ ബാല്‍താക്കറെയുടെ സംസ്കാര ദിനത്തില്‍ മുംബൈയില്‍ നടന്ന ബന്ദിനെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ചതിന് യുവതികളെ അറസ്റ്റു ചെയ്ത സംഭവം കൂടി ചേര്‍ത്തുവായിക്കുക. ഒരു പ്രത്യേക അറിയിപ്പ്: നാളെ സാര്‍വദേശീയ മനുഷ്യാവകാശ ദിനമാണ്. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. |
വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ Posted: 08 Dec 2012 11:20 PM PST മീനങ്ങാടി: തൊടുപുഴയില്‍നിന്ന് വയനാട് സന്ദര്‍ശിക്കാനെത്തിയ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ചികിത്സതേടി വിദ്യാര്‍ഥികള്‍ എത്തിയ മീനങ്ങാടി ഗവ. ആശുപത്രിയില്‍ നാടകീയ രംഗങ്ങള്‍. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് നാല് ഹൈസ്കൂള്‍ വിദ്യാര്‍ഥികളെ ഭക്ഷ്യവിഷബാധയെന്ന സംശയത്തില്‍ മീനങ്ങാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രഥമ ശുശ്രൂഷ എന്നനിലയില്‍ ആശുപത്രി അധികൃതര്‍ മരുന്ന് നല്‍കി. വിവരമറിഞ്ഞ് മാധ്യമ പ്രവര്‍ത്തകരെത്തി. വിദ്യാര്‍ഥികളോട് വിവരങ്ങള്‍ ചോദിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ സ്കൂള്‍ അധികൃതര്‍ വിലക്കി. എങ്ങനെയാണ് വിദ്യാര്‍ഥികള്‍ക്ക് തളര്‍ച്ച ഉണ്ടായതെന്ന് അവര്‍ പറഞ്ഞില്ല. തൊടുപുഴയിലെ സ്കൂളിന്‍െറ പേരും വെളിപ്പെടുത്തിയില്ല. ഇതിനിടയില്‍ അധ്യാപകരെന്ന് പരിചയപ്പെടുത്തിയ മൂന്നു പേര്‍ മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. പ്രശ്നം വാര്‍ത്തയായാല്‍ കുട്ടികളുടെ രക്ഷിതാക്കള്‍ വിവരമറിയുമെന്ന വേവലാതിയായിരുന്നു അവര്‍ക്ക്. സ്കൂള്‍ അധികൃതര്‍ എന്ന പേരില്‍ കൂടുതല്‍ ആളുകള്‍ എത്തിയതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. ഒരു ചാനലിന്‍െറ ന്യൂസ് എഡിറ്റര്‍ എന്ന് പരിചയപ്പെടുത്തിയ ആളും സ്കൂള്‍ സംഘത്തിലുണ്ടായിരുന്നു. ഇതിനിടയില്‍ മീനങ്ങാടിയിലെ ഹോട്ടലിലെ ജീവനക്കാരും സ്ഥലത്തെത്തി. 50ഓളം വിദ്യാര്‍ഥികളാണ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചതെന്നും അതില്‍ മൂന്നോ നാലോ പേര്‍ക്ക് മാത്രമാണ് പ്രശ്നമുണ്ടായിട്ടുള്ളതെന്നും ചിലര്‍ വിശദീകരിച്ചു. വിദ്യാര്‍ഥികളുടെ ചിത്രം പകര്‍ത്താനുള്ള ചാനല്‍ പ്രവര്‍ത്തകന്‍െറ ശ്രമം അവര്‍ തടഞ്ഞു. അരമണിക്കൂറിനുശേഷം മാധ്യമ പ്രവര്‍ത്തകര്‍ പിന്മാറി. കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സമ്മതിക്കാന്‍ ആശുപത്രി അധികൃതരും വിസമ്മതിച്ചു. |
സ്വര്‍ണ നിയന്ത്രണം: ഇളവ് അടുത്ത ബജറ്റില്‍ Posted: 08 Dec 2012 11:01 PM PST ദുബൈ: വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുപോകാവുന്ന സ്വര്‍ണത്തിന്‍െറ പരിധി ഉയര്‍ത്താന്‍ അടുത്ത കേന്ദ്ര ബജറ്റ് വരെ കാത്തിരിക്കണം. സ്വര്‍ണത്തിന്‍െറ പരിധിക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്ന് ഗള്‍ഫിലെ പ്രവാസികളില്‍നിന്ന് ശക്തമായ ആവശ്യമുണ്ടെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉടന്‍ അനുകൂല നടപടിയുണ്ടാകില്ലെന്നാണ് സൂചന. ഇതിനുപകരം 2013ലെ ബജറ്റില്‍ ചെറിയ ഇളവ് നല്‍കാനാണ് സാധ്യത. കെ.പി.സി.സി പുന:സംഘടനയുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ന്യൂദല്‍ഹി സന്ദര്‍ശിച്ച കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ഈ പ്രശ്നം ധനമന്ത്രി പി. ചിദംബരത്തിന്‍െറ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴും ഇളവ് അനുവദിക്കുന്നത് അടുത്ത ബജറ്റില്‍ പരിഗണിക്കാമെന്നാണ് പറഞ്ഞത്. സ്ത്രീക്ക് 20,000 രൂപയും പുരുഷന് 10,000 രൂപയും വിലയുള്ള സ്വര്‍ണമേ കൊണ്ടുപോകാന്‍ പാടുള്ളൂ എന്നാണ് വ്യവസ്ഥ. സ്വര്‍ണത്തിന് വളരെ കുറഞ്ഞ വിലയുണ്ടായിരുന്ന സമയത്ത് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം പവന് 23,000 രൂപയില്‍ കൂടുതലുള്ള ഇക്കാലത്ത് കര്‍ശനമായി നടപ്പാക്കുന്നതില്‍ അപ്രായോഗികതയുണ്ട്. മാത്രമല്ല, ഇക്കാര്യത്തില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിഭിന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. മുംബൈയില്‍ ഒട്ടും കര്‍ശനമല്ലാത്ത നിയമം കേരളത്തില്‍ മാത്രം കര്‍ശനമായി നടപ്പാക്കുകയാണ്. ആഭരണം അണിഞ്ഞെത്തുന്ന സ്ത്രീകളെയും കുട്ടികളെയും വരെ തടഞ്ഞുനിറുത്തി ചോദ്യം ചെയ്യുകയും നിശ്ചിത അളവില്‍ കൂടുതലുള്ള സ്വര്‍ണത്തിന് തീരുവ ഈടാക്കുകയും ചെയ്യുന്ന പരിശോധന ഏറ്റവും കര്‍ശനമാക്കിയിരിക്കുന്നത് നെടുമ്പാശേരി വിമാനത്താവളത്തിലാണ്. യു.എ.ഇയില്‍നിന്ന് പോയ പല വീട്ടമ്മമാരെയും നെടുമ്പാശേരിയില്‍ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയ സംഭവങ്ങളുണ്ടായി. ഇതുസംബന്ധിച്ച് ‘ഗള്‍ഫ് മാധ്യമം’ പല തവണ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, മുംബൈ ഉള്‍പ്പടെ മറ്റ് വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഇങ്ങനെ കര്‍ശന പരിശോധന നേരിടേണ്ടിവരുന്നില്ല. വിദേശത്തേക്ക് പുറപ്പെടും മുമ്പ് യാത്രക്കാരന്‍െറ കൈവശമുള്ള സ്വര്‍ണത്തിന്‍െറ അളവ് രേഖപ്പെടുത്തുന്ന നടപടിയും കര്‍ശനമാണ്. സ്ത്രീ-പുരുഷന്മാര്‍ ശരീരത്തില്‍ അണിഞ്ഞതും കൈവശം സൂക്ഷിക്കുന്നതുമായ സ്വര്‍ണം സംബന്ധിച്ചാണ് വിദേശത്തേക്ക് യാത്ര പുറപ്പെടും മുമ്പ് വിമാനത്താവളങ്ങളില്‍ വിവരം നല്‍കേണ്ടത്. എമിഗ്രേഷന്‍ പരിശോധന കഴിഞ്ഞ് കസ്റ്റംസ് സ്റ്റാമ്പിങ്ങ് നടത്തുന്ന കൗണ്ടറിലാണ് സ്വര്‍ണം സംബന്ധിച്ച ഡിക്ളറേഷന്‍ നല്‍കേണ്ടത്. കൈവശം എത്ര സ്വര്‍ണമുണ്ടെങ്കിലും അത് ഡിക്ളറേഷനിലുള്‍പ്പെടുത്താം. അവിടെനിന്ന് ലഭിക്കുന്ന സ്ളിപ്പ് കൈവശം സൂക്ഷിക്കണം. ഈ വിവരങ്ങള്‍ പാസ്പോര്‍ട്ടുടമയുടെ പേരില്‍ ഡിജിറ്റല്‍ രേഖയായി കസ്റ്റംസിലുണ്ടാകുമെന്നതിനാല്‍ സ്ളിപ്പ് നഷ്ടപ്പെട്ടാലും ആശങ്ക വേണ്ട. ഇങ്ങനെ ഡിക്ളയര്‍ ചെയ്ത അളവിനോടൊപ്പം നിയമം അനുശാസിക്കുന്ന പരിധി കടന്നാല്‍ അതിന് കസ്റ്റംസ് നികുതി കൊടുക്കേണ്ടിവരും. പക്ഷേ, നിയമപ്രകാരമുള്ള പരിധി വളരെ ചുരുങ്ങിയതാണ് യഥാര്‍ഥ പ്രശ്നം. വര്‍ഷങ്ങളോളം അന്യനാട്ടില്‍ അധ്വാനിക്കുന്ന പ്രവാസി സമ്പാദ്യമായി കുറച്ച് സ്വര്‍ണം വാങ്ങിയാല്‍ അത് സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാനാവില്ല എന്നതാണ് സാധാരണക്കാരെ ബാധിക്കുന്ന വലിയ പ്രശ്നം. ഇന്ത്യയിലേതിനേക്കാള്‍ മൂല്യമുള്ള സ്വര്‍ണം ഗള്‍ഫില്‍ ലഭിക്കുമെന്നതാണ് ഇവിടെനിന്ന് സ്വര്‍ണം വാങ്ങാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. കൂട്ടിവെച്ച സമ്പാദ്യം കൊണ്ട് മക്കളുടെ വിവാഹത്തിനും മറ്റും സ്വര്‍ണം വാങ്ങിപ്പോകാനുള്ള പലരുടെയും ആഗ്രഹങ്ങള്‍ക്ക് പോലും തിരിച്ചടിയാണ് ഈ നിയന്ത്രണം. പ്രവാസികളെ ബാധിക്കുന്ന ഗൗരവമുള്ള പ്രശ്നമായി ഇതിനെ കേന്ദ്ര സര്‍ക്കാര്‍ കാണുന്നില്ല. സ്വര്‍ണ നിയന്ത്രണം പിന്‍വലിക്കണമെന്ന് കേരള സര്‍ക്കാറും മലയാളി സംഘടനകളുമാണ് ശക്തമായി ആവശ്യപ്പെടുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കാര്യമായ എതിര്‍പ്പില്ല. അതുകൊണ്ടുതന്നെ, അടിയന്തരമായി ഇളവ് ലഭിക്കണമെങ്കില്‍ കേരള സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് കടുത്ത സമ്മര്‍ദം വേണ്ടിവരും. അല്ലെങ്കില്‍ അടുത്ത വര്‍ഷത്തെ ബജറ്റില്‍ നേരിയ ഇളവ് ലഭിക്കും. |
കൊല്‍ക്കത്ത ടെസ്റ്റ്: ഇന്ത്യക്ക് തോല്‍വി Posted: 08 Dec 2012 10:06 PM PST കൊല്‍ക്കത്ത:കൊല്‍ക്കത്തയില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഇംഗ്ളണ്ടിന് ഏഴു വിക്കറ്റ് ജയം. കൊല്‍ക്കത്ത ടെസ്റ്റിലെ ജയത്തോടെ പരമ്പരയില്‍ 2-1 ന് ഇംഗ്ളണ്ട് മുന്നിലെത്തി. 41 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗിസില്‍ ബാറ്റിനിറങ്ങിയ ഇംഗ്ളണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഇയാന്‍ ബെല്ലിന്റെും (28) നിക്ക്കോപ്റ്റന്റെും റണ്‍സുകളാണ് ഇംഗ്ളണ്ടിനെ ലക്ഷ്യത്തിലേക്ക് നയിച്ചത്. ഇന്ത്യക്കുവേണ്ടി വിക്കറ്റെടുത്ത അശ്വിന്റെും ഓജയുടെയും പന്തില്‍ അലിസ്റ്റര്‍ കുക്ക് (1) , ജോന്നാഥന്‍ ട്രോട്ട് (3) കെവിന്‍ പിറ്റേഴ്സണ്‍ (0) റണ്‍സുകള്‍ക്ക് പുറത്തായി. ഇംഗ്ളണ്ടിന്റെഒന്നാം ഇന്നിംഗ്സ് സ്കോറായ 523 ന് മറുപടിയായി രണ്ടാം ഇന്നിംഗിസില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുത്ത് ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കിയിരുന്നു. 91 റണ്‍സെടുത്ത് ആര്‍. അശ്വിന്‍ പുറത്താകാതെ നിന്നതാണ് ഇന്ത്യയെ ഇന്നിംഗ്സ് തോല്‍വിയില്‍ നിന്നും രക്ഷിച്ചത്. എന്നാല്‍ മൂന്നു റണ്‍സെടുത്ത ഓജ ആന്റേ്സന്റെ വിക്കറ്റില്‍ ഔായതോടെ 247 റണ്‍സിന് ഇന്ത്യ പുറത്താവുകയായിരുന്നു. ടെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ചയാണ് തോല്‍വിക്ക് കാരണമായത്. |
ഇറാന്‍ അന്താരാഷ്ട്ര സമൂഹത്തിന്‍െറ ആശങ്കയകറ്റണം -യു.എസ് Posted: 08 Dec 2012 09:42 PM PST മനാമ: സിറിയയില്‍ രാസായുധം പ്രയോഗിക്കാനുള്ള ഏതു നീക്കവും ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് മുന്നറിയിപ്പു നല്‍കിയാണ് മനാമ ഡയലോഗിന്‍െറ രണ്ടാം ദിനം സമാപിച്ചത്. സിറിയയുടെ ഭാവി അവിടുത്തെ ജനതക്ക് വിട്ടുകൊടുക്കണമെന്നും ജനഹിതത്തിനെതിരായ നീക്കങ്ങളാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അഭിപ്രായമുയര്‍ന്നു. ഫലസ്തീന്‍ ഭൂമിയില്‍ ഇസ്രായേലിന്‍െറ കടന്നുകയറ്റവും ഈജിപ്തിലെ അക്രമങ്ങളും സമ്മേളനത്തില്‍ പങ്കെടുത്ത വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ ഉയര്‍ത്തിക്കാട്ടി. സമ്മേളനം ഇന്ന് സമാപിക്കും. മിഡില്‍ ഈസ്റ്റില്‍ അമേരിക്കക്ക് ശാശ്വതമായ വിദേശ നയമില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡപ്യൂട്ടി സെക്രട്ടറി വില്യം ബേണ്‍സ് പറഞ്ഞു. ‘മേഖലയില്‍ അമേരിക്ക’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെയും ലോകത്തിന്‍െറയും താല്‍പര്യത്തിനനുസൃമായി വിഷയങ്ങളില്‍ ഇടപെടുകയെന്നതാണ് ഇതുസംബന്ധിച്ച യു.എസ് നയം. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക ഇടപെട്ടത് ഈ നയത്തിന്‍െറ ഭാഗമാണ്. ഇറാന്‍െറ ആണവായുധ പദ്ധതി സംബന്ധിച്ച ലോകത്തിന്‍െറ ആശങ്ക നീക്കാന്‍ അവര്‍ക്കായിട്ടില്ല. ഇക്കാരണത്താലുണ്ടായ രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മര്‍ദം ഇറാനില്‍ പണത്തിന്‍െറ മൂല്യം കുത്തനെ കുറയാനും ഓയില്‍ കയറ്റുമതിയില്‍ വന്‍ ഇടിവുണ്ടാകാനും ഇടയായി. അന്താരാഷ്ട്ര സമൂഹത്തിന്‍െറ ആശങ്ക ദൂരീകരിക്കുന്നതിന് ഇറാന്‍ തയാറായാല്‍ അനുരഞ്ജനത്തിന് അമേരിക്ക സന്നദ്ധമാണ്. പക്ഷേ, ഇതിനുള്ള സമയം അതിക്രമിച്ചിരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആണവ പദ്ധതിക്കപ്പുറം മിഡില്‍ ഈസ്റ്റിലും ബാങ്കോക് മുതല്‍ ബള്‍ഗേറിയ വരെയും പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. സിറിയയില്‍ ബഷാര്‍ അല്‍അസദിന്‍െറ കിരാത വാഴ്ചക്ക് പിന്തുണ നല്‍കി ഇറാന്‍ തങ്ങളുടെ വിഘടിത പ്രവര്‍ത്തനം തുടരുകയാണ്. സിറിയന്‍ ജനത അനുഭവിക്കുന്ന പ്രയാസങ്ങള്‍ തുല്യതയില്ലാത്തതാണ്. അവിടെ പ്രതിപക്ഷ കക്ഷികളുടെ സഖ്യം സ്വാഗതാര്‍ഹമാണ്. യു.എസ് അവരെ ശക്തമായി പിന്തുണക്കുന്നു. ഇതിനകം 250 മില്യന്‍ ഡോളര്‍ അമേരിക്ക സിറയയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കുകയുണ്ടായി. സിറിയയുടെ ജനാധിപത്യ ഭാവി സുരക്ഷിതമാകുന്നതിനായി ഇനിയും ശക്തമായ നീക്കങ്ങളുണ്ടാകുമെന്ന് വില്യം ബേണ്‍സ് വ്യക്തമാക്കി. മേഖലയില്‍ രാഷ്ട്രീയ സുസ്ഥിരത നിലനിര്‍ത്തുന്നതിനും പൗരന്മാരുടെ പ്രത്യേകിച്ച്, സ്ത്രീകളുടെയും കുട്ടികളുടെയും മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. ഈജിപ്തിലെ അരക്ഷിതാവസ്ഥക്കും പരിഹാരമുണ്ടാകേണ്ടതുണ്ട്. മൊറോക്കോയിലും ജോര്‍ദാനിലും ബഹ്റൈനിലും ഈ തലത്തില്‍ തന്നെയാണ് അമേരിക്ക ഇടപെടലുകള്‍ നടത്തുന്നത്. ബഹ്റൈനില്‍ രാജാവ് ഹമദ് ബിന്‍ ഈസാ ആല്‍ഖലീഫയുടെ നേതൃത്വത്തില്‍ ബി.ഐ.സി.ഐ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലും പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും കാണിക്കുന്ന ഉത്സാഹം പ്രശംസനീയമാണ്. കടമ്പകള്‍ മറികടക്കുക അത്ര എളുപ്പമല്ല. പൗരന്മാരെയും രാഷ്ട്രീയ പാര്‍ട്ടികളെയും വിശ്വാസത്തിലെടുത്തുകൊണ്ട് മുന്നോട്ട് പോകുമെന്ന് കിരീടാവകാശിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം തുടര്‍ന്നു. ഈജിപ്തിലും തുനീഷ്യയിലും ഉള്‍പ്പെടെ സാമ്പത്തിക അസ്ഥിതയാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനും ആവശ്യമായ നടപടികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇസ്രായേല്‍, ഫലസ്തീന്‍ പ്രശ്നത്തില്‍ ഇലക്കും മുള്ളിനും കേടുവരാത്ത പരിഹാരമാണുണ്ടാകേണ്ടത്. സൗകര്യപ്രദമായ ഫലസ്തീനും സുരക്ഷിതമായ ഇസ്രായേലുമാണ് യു.എസ് ആഗ്രഹിക്കുന്നത്. അവിടെ സമാധാനമുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. |
പെണ്‍പോരാളി Posted: 08 Dec 2012 09:40 PM PST വിജയിച്ചവരുടേതു മാത്രമല്ല ചരിത്രം; പരാജയപ്പെട്ടവരുടേതു കൂടിയാണ്. പരാജിതരെ നാമോര്‍ക്കുന്നത് അവര്‍ പോരാട്ടത്തിന്‍െറ പ്രതീകങ്ങളാവുമ്പോഴാണ്. അംഗബലംകൊണ്ടും ആയുധബലംകൊണ്ടും പ്രബലരായ ദുഷ്ടശക്തികളോടു പൊരുതുമ്പോള്‍ സമരത്തിന്‍െറ നീതിയുടെ പേരില്‍ അവരെന്നും ഓര്‍ക്കപ്പെടും. തെരഞ്ഞെടുപ്പുവിജയം കനിഞ്ഞാലുമില്ലെങ്കിലും ശ്വേത ഭട്ട് ഇന്ത്യാ ചരിത്രത്തില്‍ ഓര്‍മിക്കപ്പെടുന്നത് പ്രതീകാത്മകമായ ഒരു ജനാധിപത്യ പോരാട്ടത്തിന്‍െറ പേരിലായിരിക്കും. കക്ഷിരാഷ്ട്രീയത്തിനപ്പുറം ചില ലിംഗരാഷ്ട്രീയമാനങ്ങളുമുണ്ട് ശ്വേതയുടെ സ്ഥാനാര്‍ഥിത്വത്തിന്. ശത്രു നിസ്സാരനല്ല. നരേന്ദ്ര മോഡി എന്ന എതിര്‍സ്ഥാനാര്‍ഥി ശ്വേത ഭട്ടിന് വെറുമൊരു രാഷ്ട്രീയശത്രുവുമല്ല. മാനവികതയുടെ ശത്രുവിനെ എതിര്‍ത്തുതോല്‍പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ 48 കാരിയായ പെണ്‍പോരാളി സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍െറ വര്‍ത്തമാനത്തില്‍ വേറിട്ട ഒരു മാതൃകയാണ്. വിസില്‍ ബ്ളോവര്‍, സൂപ്പര്‍ കോപ് എന്നൊക്കെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്‍െറ ഭാര്യയാണ്. അഴിമതിയും ഭരണതലത്തിലെ തെറ്റുകുറ്റങ്ങളും പൊതുജനമധ്യത്തില്‍ വെളിപ്പെടുത്തുന്നയാളാണ് വിസില്‍ ബ്ളോവര്‍. സുപ്രീംകോടതിയില്‍ മോഡിക്കെതിരെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ധൈര്യംകാട്ടിയ സഞ്ജീവ് ഭട്ട് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. കഴിഞ്ഞ വര്‍ഷം സഞ്ജീവ് ഭട്ട് അറസ്റ്റുചെയ്യപ്പെട്ടപ്പോള്‍ അതിനെതിരായ ശക്തമായ പ്രചാരണപരിപാടികളുമായി രംഗത്തിറങ്ങിയ പെണ്‍പുലിയാണ് ശ്വേത. മനസ്സാക്ഷിയും ആത്മാഭിമാനവും ഉറപ്പുള്ള നട്ടെല്ലുമുള്ളവര്‍ കുറവാണ് ഗുജറാത്തില്‍. അതൊക്കെയുള്ള ആയിരത്തിലൊരുവനാണ് സഞ്ജീവ് ഭട്ട്. ഗുജറാത്ത് വംശഹത്യയുടെ വാസ്തവം കണ്ടെത്താന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേകാന്വേഷണസംഘത്തിന്‍െറ പ്രവര്‍ത്തനങ്ങളില്‍ സംശയം പ്രകടിപ്പിച്ച ആള്‍. 19 പേജുള്ള സത്യവാങ്മൂലമാണ് ഭട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. വംശഹത്യയില്‍ സര്‍ക്കാര്‍ സംവിധാനത്തെ മോഡി ദുരുപയോഗം ചെയ്തു എന്നായിരുന്നു ഭട്ടിന്‍െറ പക്ഷം. കലാപത്തെക്കുറിച്ചുള്ള പ്രത്യേകാന്വേഷണസംഘത്തിന്‍െറ കണ്ടെത്തലുകളുടെ വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാറിലെ ഉന്നത നിയമ ഉദ്യോഗസ്ഥന് ചോര്‍ത്തിക്കൊടുത്തു എന്നും ഭട്ട് മൊഴികൊടുത്തു. അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ തുഷാര്‍ മത്തേക്കാണ് അന്വേഷണവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. ഒരു വിഭാഗം ജനങ്ങള്‍ കലാപത്തിനിടെ സഹായത്തിനായി കേഴുമ്പോള്‍ ആ വിളികളെ അവഗണിക്കാന്‍ മോഡി സംസ്ഥാന പൊലീസിന് നിര്‍ദേശം നല്‍കിയെന്നും ഭട്ട് തുറന്നടിച്ചു. ‘ഹിന്ദുക്കള്‍ അവരുടെ രോഷം പ്രകടിപ്പിക്കട്ടെ, മുസ്ലിംകള്‍ ഒരു പാഠം പഠിക്കട്ടെ’ എന്നാണ് മോഡി പൊലീസുകാരോട് പറഞ്ഞത്. തുഷാര്‍ മത്തേയുടെ വ്യക്തിപരമായ ഉപയോഗത്തിനുള്ള ഇ-മെയിലില്‍ പ്രത്യേകാന്വേഷണസംഘത്തില്‍നിന്നുള്ള ഇ-മെയിലുകള്‍ താന്‍ കണ്ടിട്ടുണ്ടെന്ന് ഭട്ട് കോടതിയെ ബോധിപ്പിച്ചു. കമ്പ്യൂട്ടര്‍ ഹാക്കിങ്ങിലൂടെ തന്‍െറ സ്വകാര്യ ഇ-മെയില്‍ അക്കൗണ്ട് തുറന്ന ഭട്ടിനെതിരെ തുഷാര്‍ മത്തേ സംസ്ഥാന സൈബര്‍ സെല്ലിനെ സമീപിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്‍െറ എം.പി ഇഹ്സാന്‍ ജാഫ്രിയുടെ ജീവന്‍ അപകടത്തിലാണെന്ന് മുഖ്യമന്ത്രിക്ക് നേരത്തേതന്നെ സൂചനകൊടുത്തിട്ടും പൊലീസിന്‍െറ നിഷ്ക്രിയത മാറ്റിയെടുക്കാനോ ആവശ്യമായ നടപടിയെടുക്കാനോ മോഡി തയാറായില്ലെന്ന് നാനാവതി കമീഷനു മുന്നില്‍ ഭട്ട് മൊഴി നല്‍കിയിരുന്നു. തിരുവാക്ക് എതിര്‍വായില്ലാതെ പുലര്‍ന്നുപോരുന്ന ഗുജറാത്തില്‍ ആ മൊഴി പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു. അതോടെ മോഡി പ്രതികാരനടപടികള്‍ തുടങ്ങി. ആദ്യം വന്നത് സസ്പെന്‍ഷന്‍. പിന്നെ അറസ്റ്റ്. വീട് റെയ്ഡു ചെയ്യുകപോലും ചെയ്തു. മോഡിക്കെതിരെ ഭട്ട് നല്‍കിയ സത്യവാങ്മൂലത്തെ പിന്തുണക്കുന്ന രൂപത്തില്‍ തെറ്റായ മൊഴി നല്‍കാന്‍ അദ്ദേഹത്തിന്‍െറ കീഴില്‍ ഇന്‍റലിജന്‍സ് ബ്യൂറോയില്‍ ജോലിചെയ്തിരുന്ന കോണ്‍സ്റ്റബ്ള്‍ കെ.ഡി. പന്ഥിനെ നിര്‍ബന്ധിച്ചു എന്ന പരാതിയാണ് അറസ്റ്റിനു കാരണം. അതും മോഡിയുടെ പ്രതികാരബുദ്ധിയാവാം. ഭര്‍ത്താവിന്‍െറ ജീവന് ഭീഷണിയുണ്ടെന്നു കാണിച്ച് ഗുജറാത്ത് ഡി.ജി.പി ചിത്തരഞ്ജന്‍ സിങ്ങിന് ശ്വേത കത്തെഴുതി. ഭര്‍ത്താവിനെ രാത്രിയില്‍ ചോദ്യം ചെയ്യരുതെന്നും എന്തുകൊണ്ട് അദ്ദേഹത്തെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയെന്ന് തനിക്ക് അറിയണമെന്നും കത്തില്‍ ശ്വേത ആവശ്യപ്പെട്ടു. കൊലക്കുറ്റം ചെയ്തവര്‍ക്കുപോലും അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ ഭട്ടിന് നിഷേധിക്കപ്പെട്ടിരുന്നു. ആയിരത്തിലൊരുവന്‍െറ ഭാര്യയായത് എണ്‍പതുകളിലാണ്. സിവില്‍ സര്‍വീസിനു ചേരാനായിരുന്നു ശ്വേതയുടെ ആഗ്രഹം. എണ്‍പതുകളുടെ ഒടുവില്‍ സിവില്‍ സര്‍വീസ് പരിശീലനക്ളാസില്‍ വെച്ചാണ് അവര്‍ പരസ്പരം കണ്ടുമുട്ടുന്നത്. പ്രണയം വിവാഹത്തിലെത്തി. സഞ്ജീവ് പൊലീസ് സര്‍വീസില്‍ ചേര്‍ന്നപ്പോള്‍ ശ്വേത സിവില്‍ സര്‍വീസ് എന്ന സ്വപ്നം മതിയാക്കി. പകരം ഒരു ഐ.ടി. കമ്പനി തുടങ്ങി. ഇപ്പോള്‍ ആ കമ്പനിയുടെ ഡയറക്ടറാണ്. നല്ലൊരു വീട്ടമ്മ കൂടിയാണ് ശ്വേതയെന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും സാക്ഷ്യപ്പെടുത്തുന്നു. ഈ ദമ്പതികള്‍ക്ക് ഒരു മകനും മകളുമാണുള്ളത്. മകള്‍ ഡോക്ടറാവാന്‍ പരിശീലിക്കുമ്പോള്‍ മകന്‍ ബിരുദത്തിന് പഠിക്കുകയാണ്. പാചകവും ഇന്‍റീരിയര്‍ ഡിസൈനിങ്ങുമാണ് ശ്വേതയുടെ താല്‍പര്യങ്ങള്‍. രാഷ്ട്രീയരംഗത്തെ അതികായര്‍ മടിക്കുന്ന മത്സരത്തിനാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്ന ബോധ്യമുണ്ട്. ചോരക്കൊതി തീര്‍ന്നിട്ടില്ലാത്ത സിംഹത്തിന്‍െറ മടയിലേക്കാണ് ഈ വീട്ടമ്മ കയറിച്ചെല്ലുന്നത്. ഒന്നും നഷ്ടപ്പെടാനില്ലാത്തവര്‍ക്കേ അതിനു കഴിയൂ. മോഡിയുടെ സര്‍ക്കാര്‍ തകര്‍ത്തെറിഞ്ഞ ജീവിതമാണ് ഈ ദമ്പതികളുടേത്. സ്വസ്ഥതയോ സമാധാനമോ ഇല്ലാത്ത ദുരിതകാലത്തിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. പരാജയത്തില്‍നിന്നും ഒരു സന്ദേശം നല്‍കുക എന്നതാണ് ശ്വേതയുടെ ഉദ്ദേശ്യം. അഭിമാനത്തിന്‍െറയും ധൈര്യത്തിന്‍േറതുമായ സന്ദേശം. ഇവിടെ ഒരു വീട്ടമ്മ രാഷ്ട്രീയത്തിന്‍െറ അരങ്ങിലേക്ക് നേരെ കയറിച്ചെല്ലുകയാണ്. അവള്‍ ഭര്‍ത്താവിനൊപ്പം നില്‍ക്കുന്നു. അയാളുടെ പോരാട്ടങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നു. ശ്വേത തന്നെ പറഞ്ഞിട്ടുണ്ട്, വിജയമല്ല തന്‍െറ മത്സരത്തിന്‍െറ സത്ത എന്ന്. പണ്ട് കാലിത്തീറ്റ കുംഭകോണത്തില്‍ ലാലുവിന് മുഖ്യമന്ത്രിപദം വിടേണ്ടിവന്നപ്പോള്‍ മറ്റൊരു വീട്ടമ്മ രാഷ്ട്രീയത്തിലെത്തിയിരുന്നല്ലോ; അതുവരെ അടുക്കളയില്‍ കഴിഞ്ഞ റാബ്റി ദേവി. തന്‍െറ പുരുഷന്‍െറ കൈയില്‍ തന്നെ അധികാരം നിലനിര്‍ത്താനുള്ള പാവയായിരുന്നു ആ വീട്ടമ്മ. ഇവിടെ അധികാരമല്ല ശ്വേതയുടെ രാഷ്ട്രീയലക്ഷ്യം, അഭിമാനമാണ്. അപ്രതീക്ഷിതമായിരുന്നു ശ്വേതയുടെ രാഷ്ട്രീയ പ്രവേശം. മോഡിയുടെ പുരുഷാധിപത്യ, ആണത്തരാഷ്ട്രീയത്തെ ഇങ്ങനെയും എതിര്‍ക്കാമെന്ന് പ്രതീകാത്മകമായി തെളിയിക്കുന്നു ശ്വേത. ബി.ജെ.പിക്ക് അത് വേറൊരു തരത്തിലുള്ള സാംസ്കാരിക സംഘര്‍ഷം നല്‍കുന്നുണ്ട്. ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന പത്നി എന്ന ഇന്ത്യന്‍ സ്ത്രീത്വസങ്കല്‍പങ്ങളുടെ മൂര്‍ത്തിമദ്ഭാവമായി ശ്വേത തിരിച്ചറിയപ്പെടുന്നത് അവരെ ആകുലപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയം ഒരു നിമിഷനേരത്തേക്കു മാറ്റിവെച്ചാല്‍ മാതൃകാ ഇന്ത്യന്‍ വനിതയുടെ പ്രതിച്ഛായയെ പ്രമോട്ടുചെയ്യുന്ന ബി.ജെ.പിയുടെ ബ്രാന്‍ഡ് അംബാസഡറാവാനുള്ള യോഗ്യതയുണ്ട് ശ്വേതക്ക്. സതി-സാവിത്രി സ്ത്രീസങ്കല്‍പങ്ങളെ മുറുകെപ്പിടിക്കുന്ന ഹിന്ദുത്വവാദികള്‍ ഭയക്കുന്നതും പതിക്കുവേണ്ടി പോര്‍ക്കളത്തിലിറങ്ങിയ ഈ പത്നിയുടെ ആ പ്രതിച്ഛായയെ തന്നെ. വന്‍ഭൂരിപക്ഷത്തിന് രണ്ടുതവണ തുടര്‍ച്ചയായി ജയിച്ച മോഡിക്കു മുന്നിലേക്ക് വലിയ നേതാക്കളെ എറിഞ്ഞുകൊടുക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് കോണ്‍ഗ്രസ് ശ്വേതയെ സ്ഥാനാര്‍ഥിയാക്കിയതെന്ന് ശത്രുക്കള്‍. കേശുഭായ് പട്ടേലിന്‍െറ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതോടെ ശ്വേതക്ക് പിന്തുണ കൂടിയിട്ടുണ്ട്. മണിനഗര്‍ നിയമസഭാമണ്ഡലത്തില്‍ ഇനി കൊമ്പുകോര്‍ക്കുന്നത് മോഡിയും ശ്വേതയും. സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്ന് ശ്വേത ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനം തന്‍േറതു മാത്രമാണെന്ന് ശ്വേത പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവ് നിര്‍ബന്ധിച്ചിട്ടില്ല. മോഡിക്കെതിരായ രാഷ്ട്രീയ യുദ്ധത്തില്‍ ഭാര്യയെ കരുവാക്കുകയായിരുന്നില്ല സഞ്ജീവ് ഭട്ട്. മോഡിക്കെതിരെ ഭര്‍ത്താവ് നിയമപോരാട്ടം നയിക്കുമ്പോള്‍ ഭാര്യ രാഷ്ട്രീയപോരാട്ടത്തിന് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ഡിസംബര്‍ 20ന് ആ പോരാട്ടത്തിന്‍െറ വിധി നിര്‍ണയിക്കപ്പെടും. |
No comments:
Post a Comment