ഫലസ്തീന്: ഇസ്രായേലിനെ വിമര്‍ശിച്ച് ബാന്‍ കി മൂണ്‍ Posted: 02 Dec 2012 11:50 PM PST ജറുസലം: ഫലസ്തീനെതിരെ ഇസ്രായേല്‍ നടത്തുന്ന പ്രതികാര നടപടികളെ ശക്തമായി താക്കീത് ചെയ്തുകൊണ്ട് യു.എന്‍ തലവന്‍ ബാന്‍ കി മൂണ്‍ രംഗത്ത്. അധിനിവിഷ്ട കിഴക്കന്‍ ജറുസലമിലും വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ നടത്തുന്ന കുടിയേറ്റ നീക്കം സമാധാന ശ്രമങ്ങള്‍ക്കേല്‍ക്കുന്ന മാരകപ്രഹരമാണെന്ന് ബാന്‍ കി മൂണ്‍ പറഞ്ഞു. കിഴക്കന്‍ ജറുസലമില്‍ നിന്നും ഫലസ്തീനികള്‍ മുഴുവനായി പിഴുതുമാറ്റപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐക്യരാഷ്ര്ടസഭയില്‍ ഒമ്പതിനെതിരെ 138 രാജ്യങ്ങളുടെ പിന്തുണയോടെ വോട്ടവകാശമില്ലാത്ത നിരീക്ഷക രാഷ്ര്ട പദവി ഫലസ്തീന് ലഭിച്ചതിന് തൊട്ടുടനെയാണ് അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലും വെസ്റ്റ്ബാങ്കിലും കുടിയേറ്റക്കാര്‍ക്കായി 3000 വീടുകള്‍ നിര്‍മിക്കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചത്. ഇതിന് പുറമെ ഫലസ്തീനു നല്‍കേണ്ട 100 ദശലക്ഷം ഡോളര്‍ നികുതിപ്പണം മരവിപ്പിക്കാനും ഇസ്രായേല്‍ കഴിഞ്ഞദിവസം തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെ വിമര്‍ശിച്ചാണ് മൂണ്‍ രംഗത്തെത്തിയത്. |
ഹൈടെക് കൃഷി വ്യാപകമാക്കണം -മുഖ്യമന്ത്രി Posted: 02 Dec 2012 10:51 PM PST കോട്ടയം: കൃഷി സ്ഥലത്തിന്‍െറ അളവും ഉല്‍പ്പാദനക്ഷമതയും കുറയുന്നത് വെല്ലുവിളിയാണെന്നും ഹൈടെക് കൃഷി രീതി വ്യാപകമാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാര്‍ഷിക കേരളത്തിന്‍െറ തനത് കൃഷികളായ നാളികേരവും നെല്‍കൃഷിയും പ്രതിസന്ധി നേരിടുകയാണ്. കാര്‍ഷിക മേഖലയില്‍ റബര്‍കൃഷി മാത്രമാണ് സ്ഥായിയായി നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ച ചൈതന്യ കാര്‍ഷികമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷത വഹിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി പി.ജെ. ജോസഫ് കെ.എസ്.എസ്.എസ് വികസന കര്‍മ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആന്‍േറാ ആന്‍റണി എം.പി, ജോയി അബ്രഹാം എം.പി, ചീഫ് സെക്രട്ടറി ജോസ് സിറിയക്, കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, തോമസ് ചാഴികാടന്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ജോയന്‍റ് ഡയറക്ടര്‍ രുഗ്മിണി, മുരളീധരന്‍ തഴക്കര, കോട്ടയം ജില്ലാ പോലീസ് മേധാവി സി. രാജഗോപാല്‍,കെ.എസ്.എസ് അസി. സെക്രട്ടറി ഫാ. ബിന്‍സ് ചത്തേലില്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോഗ്രാഫി മത്സര വിജയി ഇ.വി. രാഗേഷിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിച്ചു. രാവിലെ 11 ന് നടന്ന കര്‍ഷകസംഗമത്തിന്‍െറ ഉദ്ഘാടനം മുല്ലക്കര രത്നാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. മുരളീധരന്‍ തഴക്കര സെമിനാര്‍ നയിച്ചു. കാര്‍ഷിക മത്സരങ്ങളായ താറാവോട്ടം, ചക്കവെട്ടിയൊരുക്കല്‍ മത്സരങ്ങളില്‍ യഥാക്രമം എം.ജെ. മാത്യു മകുടാലയം, ബിജോയി ചെറിയാന്‍ കല്ലറ, ഗ്രേസി സ്റ്റീഫന്‍ പടമുഖം, മേരി ജോര്‍ജ് ഞീഴൂര്‍ എന്നിവര്‍ വിജയികളായി. കബഡി മത്സരത്തില്‍ ചെറുകര, ചുങ്കം ഗ്രാമങ്ങള്‍ വിജയികളായി. വൈകുന്നേരം അഞ്ചിന് ബുള്‍ഗാന്‍വാല മത്സരവും തുടര്‍ന്ന് കാര്‍ഷിക ഫാഷന്‍ ഷോയും നടന്നു. മെഗാഷോയോടും സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പോടും കൂടിയാണ് കാര്‍ഷിക മഹോത്സവത്തിന് തിരശ്ശീല വീണത്. ഐ.എസ്.ആര്‍.ഒ ശാസ്ത്ര പ്രദര്‍ശനങ്ങള്‍, പ്ളാനറ്റോറിയം എക്സിബിഷന്‍, കാര്‍ഷിക വിള പ്രദര്‍ശനങ്ങള്‍, സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റുകളുടെ പ്രദര്‍ശന സ്റ്റാളുകള്‍, സ്വാശ്രയ സംഘ കലാവിരുന്നുകള്‍, പൗരാണിക ഭോജനശാല, മെഡിക്കല്‍ എക്സിബിഷനുകളും മെഡിക്കല്‍ ക്യാമ്പുകളും, അമ്യൂസ്മെന്‍റ് പാര്‍ക്ക്, കൂണ്‍മേള, പക്ഷിമൃഗാദികളുടെ പ്രദര്‍ശനവും വിപണനവും കാര്‍ഷിക മത്സരങ്ങള്‍, എന്നിവകൊണ്ട് ഏറെ ശ്രദ്ധേയമായി ചൈതന്യ കാര്‍ഷികമേളയും സ്വാശ്രയസംഘ മഹോല്‍സവവും. മത്സര വിജയികള്‍: പൊതുവിള പ്രദര്‍ശന മത്സരത്തില്‍ മരച്ചീനിക്ക് മാര്‍ക്കോസ് സക്കറിയാസ് രാമപുരവും ചേനക്ക് ടോണി തൈപ്പുരയിടത്തില്‍ വെളിയന്നൂര്‍, ലൈസ തോമസ് വെളിയന്നൂര്‍, വിളവെത്തിയ തേങ്ങക്ക് വില്‍സണ്‍ പാഴുത്തുരുത്ത്, പി.എം. ലൂക്കോസ് കുമരകം, കാച്ചിലിന് മാര്‍ക്കോസ് സക്കറിയാസ് രാമപുരം, വി.കെ ചാണ്ടി കരിങ്കുന്നം, വിളവെത്തിയ ഏത്തവാഴക്കുലക്ക് ചാക്കോ ഞീഴൂര്‍, വി.കെ ചാണ്ടി ഞീഴൂര്‍, വിളവെത്തിയ പാളയന്‍കോടന്‍ വാഴക്കുലക്ക് മാത്യു മൂര്‍ത്തിക്കല്‍ കല്ലറ, വി.കെ ചാണ്ടി കരിങ്കുന്നം, മത്തങ്ങക്ക് പടമുഖം, ഫിലിപ്പ് മുല്ലൂര്‍, പേരൂര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. |
കിണറ്റിലകപ്പെട്ട മൂന്ന് യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു Posted: 02 Dec 2012 10:45 PM PST ബാലരാമപുരം: കിണറ്റില്‍ ഉറസ്ഥാപിക്കുന്ന ജോലിക്കിടെ കിണറ്റിലകപ്പെട്ട മൂന്ന് യുവാക്കള്‍ ശ്വാസം കിട്ടാതെ മരിച്ചു.വെങ്ങാനൂര്‍, നെല്ലിത്തറ വീട്ടില്‍ ചന്ദ്രന്‍-ലളിത ദമ്പതികളുടെ മകന്‍ പ്രവീണ്‍ (25) പയറ്റുവിള മണപ്പുറം പൂവണ്ണറത്തല മേലെപുത്തന്‍ വീട്ടില്‍ ടിങ്കു എന്ന സതീഷ് മോഹന്‍ (23) ആട്ടറമൂല കോട്ടുകാല്‍ കണ്ണറമേലെ പുത്തന്‍വീട്ടില്‍ കുട്ടന്‍ എന്ന ശ്രീജിത്ത് ചന്ദ്രന്‍ (25) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 1.30ന് പയറ്റുവിള മന്നോട്ടുകോണം തെങ്ങുവിള വീട്ടില്‍ സരോജിനിയുടെ കിണറ്റിലാണ് അപകടം. ഉറയിറക്കുന്നതിന്‍െറ ഭാഗമായി സ്ഥാപിച്ചിരുന്ന പലകകൊണ്ടുള്ള തട്ട് തകര്‍ന്ന് പ്രവീണ്‍ കിണറ്റില്‍ വീഴുകയായിരുന്നു.പ്രവീണിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ മറ്റ് രണ്ട് പേരും ശ്വാസം കിട്ടാതെ ഉള്ളിലകപ്പെടുകയായിരുന്നു. കിണറിന് 40 അടി താഴ്ചയും മൂന്നര അടി വ്യാസവുമുണ്ട്. പ്രവീണിനെ രക്ഷിക്കാന്‍ ആദ്യമിറങ്ങിയത് ശ്രീജിത്താണ്.രക്ഷാപ്രവര്‍ത്തനത്തില്‍ ശ്രീജിത്തിനെ സഹായിക്കാനാണ് സതീഷും കിണറ്റിലിറങ്ങിയത്. പ്രവീണിനെ ഫയര്‍ഫോഴ്സ് പുറത്തെടുത്തെങ്കിലും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. മറ്റുള്ളവരെ പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. കിണറ്റിലിറങ്ങിയ ഫയര്‍മാനെയും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. |
ഗുഡ് ബൈ പോണ്ടിങ് Posted: 02 Dec 2012 10:27 PM PST പെര്‍ത്ത്: ആസ്ട്രേലിയയുടെ പ്രിയതാരത്തിന് നിറം മങ്ങിയ പടിയിറക്കം. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ അവസാന പോരാട്ടത്തിനിറങ്ങിയ റിക്കി പോണ്ടിങിന് രണ്ടിന്നിങ്സിലും തിളങ്ങാനായില്ല. ആദ്യ ഇന്നിങ്സില്‍ നാല് റണ്‍സെടുത്ത പോണ്ടിങ് തിങ്കളാഴ്ച രണ്ടാം ഇന്നിങ്സില്‍ എട്ടു റണ്‍സില്‍ പുറത്തായി. അവസാന അന്താരാഷ്ട്ര മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ തവണ ജേഴ്സിയണിഞ്ഞ താരമെന്ന റെക്കോര്‍ഡിനൊപ്പമെത്തിയാണ് പോണ്ടിങ്ങിന്റെപടിയിറക്കം. ടെസ്റ്റ് ക്രിക്കറ്റില്‍ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡും പോണ്ടിങ്ങിന്റെപേരിലാണ്. പെര്‍ത്തിലേത് തന്റെഅവസാന മത്സരമാണെന്ന് പോണ്ടിങ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മോശം ഫോമാണ് വിരമിക്കാന്‍ കാരണമെന്ന് പോണ്ടിങ് സമ്മതിച്ചിരുന്നുവെങ്കിലും ആരാധകര്‍ അവസാന കളിയില്‍ അദ്ദേഹത്തിന്‍െറ മികച്ച പ്രകടനത്തോടെയുള്ള പടിയിറക്കമാണ് പ്രതീക്ഷിച്ചിരുന്നത്. ആസ്ട്രേലിയന്‍ ക്രിക്കറ്റിന്‍െറ സുവര്‍ണ കാലഘട്ടത്തിന്‍െറ സാരഥിയായ പോണ്ടിങ് കളിക്കാരനായും ക്യാപ്റ്റനയും വ്യക്തിമുദ്ര പതിപ്പിച്ചു. പോണ്ടിങിന്‍െറ നേതൃത്വത്തില്‍ ആസ്ട്രേലിയ രണ്ടു തവണ ലോകകപ്പ് നേടി. ലോകത്തിലെ മികച്ച ബാറ്റ്സ്മാനില്‍ ഒരാളായ പോണ്ടിങ് 167 ടെസ്റ്റില്‍ 52.21 റണ്‍സ് ശരാശരിയില്‍ 13366 റണ്‍സും 375 ഏകദിനങ്ങളില്‍ നിന്നായി 13.704 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 41ഉം ഏകദിനത്തില്‍ 30ഉം സെഞ്ച്വറികളും പോണ്ടിങ് നേടി. |
കോടികള്‍ ‘വെള്ള’ത്തില്‍; ജലപദ്ധതികള്‍ കടലാസില്‍ Posted: 02 Dec 2012 10:22 PM PST അടിമാലി: ഹൈറേഞ്ചില്‍ നിര്‍മാണത്തിലിരിക്കുന്നതും പണി പൂര്‍ത്തിയാക്കിയിട്ടുള്ളതുമായ ശുദ്ധജലപദ്ധതികള്‍ താളം തെറ്റുന്നതായി പരാതി. പള്ളിവാസല്‍, വെള്ളത്തൂവല്‍, കൊന്നത്തടി, കുഞ്ചിത്തണ്ണി എന്നിവിടങ്ങളിലെ വാട്ടര്‍ അതോറിറ്റിയുടെ പദ്ധതികളാണ് താളം തെറ്റുന്നത്. ഇതില്‍ കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ഉദ്ഘാടനം നിര്‍വഹിച്ച പള്ളിവാസല്‍ പദ്ധതിക്ക് അഞ്ചരക്കോടി മുടക്കിയിട്ടും പ്രയോജനപ്പെട്ടില്ല.പള്ളിവാസല്‍ പഞ്ചായത്തിലെ ഭൂരിഭാഗം മേഖലയിലും ജലക്ഷാമം പരിഹരിക്കാന്‍ ഉദ്ദേശിച്ച് നടപ്പാക്കിയ ഈ പദ്ധതിയില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് ഒരു തുള്ളി വെള്ളം പോലും കിട്ടാത്ത അവസ്ഥയാണ്. എല്ലക്കല്‍, വെള്ളത്തൂവല്‍, കൊന്നത്തടി മേഖലയിലെ ജലക്ഷാമം പരിഹരിക്കാനായി 25 കോടിയുടെ പദ്ധതി ഏഴുവര്‍ഷം മുമ്പ് തുടങ്ങിയെങ്കിലും ലക്ഷ്യത്തിലെത്തിയിട്ടില്ല. കുഞ്ചിത്തണ്ണിയിലെ ശുദ്ധജലപദ്ധതി കാലപ്പഴക്കം കൊണ്ട് മാറ്റേണ്ട സമയമായിട്ടും ഇക്കാര്യത്തില്‍ പുരോഗതിയില്ല. അടിമാലി പഞ്ചായത്തിലെ മുടിപ്പാറച്ചാല്‍ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി നടപ്പാക്കിയ പദ്ധതിയും നോക്കുകുത്തിയായി. മോട്ടോര്‍ തകരാര്‍ പരിഹരിക്കാന്‍ പറ്റാതെ വന്നതാണ് ഇതിന് കാരണം. ആദിവാസി പിന്നാക്ക മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ രാജീവ് ഗാന്ധി ദേശീയ കുടിവെള്ളപദ്ധതിക്കായി കഴിഞ്ഞ 10 വര്‍ഷത്തിനിടെ കോടികളാണ് മുടക്കിയത്. |
മറൈന്‍ ഡ്രൈവിലെ അനധികൃത ബോട്ട്ജെട്ടികള്‍ പൊളിക്കും Posted: 02 Dec 2012 10:08 PM PST കൊച്ചി: മറൈന്‍ ഡ്രൈവിലെ അനധികൃതവും അപകടകരവുമായ ബോട്ട്ജെട്ടികള്‍ ജി.സി.ഡി.എ പൊളിച്ചുനീക്കും. ടൂറിസ്റ്റുകള്‍ക്കായി സര്‍വീസ് നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ അനധികൃതമായി നിര്‍മിച്ച ഏഴ് ബോട്ടുജെട്ടികളാണ് പൊളിക്കുന്നത്. ഇത്തരം ജെട്ടികള്‍ കണ്ടെത്താന്‍ ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. ഗോപാലിന്‍െറ നേതൃത്വത്തില്‍ ഹൈബി ഈഡന്‍ എം.എല്‍.എ, കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് എന്നിവരുള്‍പ്പെട്ട സംഘം നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്നാണ് അപകടകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജെട്ടികള്‍ അടിയന്തരമായി പൊളിച്ചുനീക്കാന്‍ തീരുമാനിച്ചത്. സംഘം നടത്തിയ പരിശോധനയില്‍ ടൂറിസ്റ്റ് ബോട്ടുകള്‍ കെട്ടിയിടുന്ന 24 ബോട്ട്ജെട്ടികള്‍ അനധികൃതമാണെന്ന് കണ്ടെത്തി. മുള, കനംകുറഞ്ഞ മരം, കമ്പുകള്‍, കയര്‍, ഷീറ്റുകള്‍ എന്നിവ ഉപയോഗിച്ച് നിര്‍മിച്ച താല്‍ക്കാലിക ജെട്ടികളെല്ലാം അപകടകരമായ അവസ്ഥയിലാണെന്ന് സംഘം കണ്ടെത്തി. എങ്കിലും അതീവ ഗുരുതരാവസ്ഥയിലുള്ള ഏഴെണ്ണമൊഴികെയുള്ളവയുടെ പ്രവര്‍ത്തനം തല്‍ക്കാലം തുടരാന്‍ അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ സൗകര്യങ്ങളോടെ ജെട്ടികള്‍ പുതുക്കിപ്പണിയാനും പുതിയവ നിര്‍മിക്കാനും തീരുമാനിച്ചു. ഇവയുടെ നിര്‍മാണം പൂര്‍ത്തിയാകുന്ന മുറക്ക് അനധികൃത ജെട്ടികള്‍ പൊളിക്കാന്‍ നിര്‍ദേശിക്കും. എം.എല്‍.എ ഫണ്ടുപയോഗിച്ചും ടൂറിസം വകുപ്പിന്‍െറയും ജില്ലാ ഭരണകൂടത്തിന്‍െറയും സഹായത്തോടെയും ബോട്ട്ജെട്ടി നിര്‍മാണം സാധ്യമാക്കും. ജി.സി.ഡി.എയാകും നിര്‍മാണം നടത്തുക. വാക്വേയുമായി ബന്ധപ്പെട്ട് ജി.സി.ഡി.എ നിര്‍മിക്കുന്ന രണ്ട് ജെട്ടികള്‍ കൂടാതെ നാലെണ്ണം കൂടി നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ടൂറിസ്റ്റുകള്‍ അപകടകരമായ രീതിയില്‍ ബോട്ടില്‍ കയറേണ്ട അവസ്ഥ സംബന്ധിച്ച് ജി.സി.ഡി.എക്ക് നേരത്തേ പരാതി ലഭിച്ചിരുന്നു. ജെട്ടികളുടെ അശാസ്ത്രീയ നിര്‍മാണം മൂലം ടൂറിസ്റ്റുകള്‍ക്ക് വീണും കാല്‍ കുടുങ്ങിയും അപകടം സംഭവിക്കുന്നതിനെക്കുറിച്ച് പരാതി വ്യാപകമായിരുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞയാഴ്ച കലക്ടറുടെ സാന്നിധ്യത്തില്‍ ഇത് സംബന്ധിച്ച് യോഗം ചേര്‍ന്നു. കനാല്‍, പോര്‍ട്ട്, കോസ്റ്റ് ഗാര്‍ഡ്, ടൂറിസം ഉദ്യോഗസ്ഥരും ടൂറിസ്റ്റ് ബോട്ട് സര്‍വീസ് നടത്തുന്നവരും സംബന്ധിച്ചു. വേണ്ടത്ര ജെട്ടികളില്ലാത്തതിനാലാണ് താല്‍ക്കാലിക ജെട്ടികളില്‍ ബോട്ട് അടുപ്പിക്കുന്നതെന്ന് ടൂറിസ്റ്റ് സര്‍വീസ് ഉടമകള്‍ യോഗത്തില്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ജെട്ടികളുടെ അവസ്ഥ പഠിക്കാനും തുടര്‍ തീരുമാനത്തിനുമായി സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചത്. ഞായറാഴ്ച രാവിലെ നടത്തിയ പരിശോധനക്ക് ഉദ്യോഗസ്ഥരും സംഘത്തോടൊപ്പമുണ്ടായിരുന്നു. ലൈസന്‍സ് ഇല്ലാതെ ബോട്ടുകള്‍ ഓടുന്നതായും സംഘം കണ്ടെത്തി. ലൈസന്‍സില്ലാത്ത ഡ്രൈവര്‍മാരും സ്രാങ്കുമാരും ടൂറിസ്റ്റ് ബോട്ടുകള്‍ ഓടിക്കുന്നതായും കണ്ടെത്തി. ഇത്തരക്കാരെ ഉടന്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി കലക്ടര്‍ ഉത്തരവിടും. തുടര്‍ന്നും ബോട്ടുകളെയും ജീവനക്കാരെയും നിരീക്ഷിക്കും. മറൈന്‍ ഡ്രൈവ് സൗന്ദര്യവത്കരണത്തിന്‍െറ ഭാഗമായി പ്രദേശത്തെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി ഒഴിപ്പിക്കാനും തീരുമാനിച്ചതായി ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ അറിയിച്ചു. |
അഞ്ചേരി ബേബി വധം: മണിയുടെ ജാമ്യാപേക്ഷ തള്ളി Posted: 02 Dec 2012 10:01 PM PST തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബിയുടെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.എം ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറി എം.എം. മണിയുടെ ജാമ്യാപേക്ഷ തൊടുപുഴ സെഷന്‍സ് കോടതി തള്ളി. മണിയുടെ അപേക്ഷയില്‍ വെള്ളി, ശനി ദിവസങ്ങളിലായി വാദം പൂര്‍ത്തിയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണം നിയമവിരുദ്ധമാണെന്നും അതുകൊണ്ട് മണിക്ക് ജാമ്യം നല്‍കണമെന്നും മണിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എം.കെ ദാമോദരന്‍ വാദിച്ചു. എന്നാല്‍, മണിക്ക് ജാമ്യം നല്‍കിയാല്‍ അത് കേസന്വേഷണത്തെ സ്വാധീനിക്കുമെന്ന് സര്‍ക്കാര്‍ പ്ളീഡര്‍ ജോളി ജയിംസ് കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യം പരിഗണിച്ച കോടതി മണിക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു. നേരത്തെ നെടുങ്കണ്ടം കോടതി മണിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്. നവംബര്‍ 21ന് രാവിലെ കുഞ്ചിത്തണ്ണിയിലെ വീട്ടില്‍വെച്ച് അതീവരഹസ്യമായാണ് മണിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്ത അദ്ദേഹം ഇപ്പോള്‍ പീരുമേട് സബ് ജയിലിലാണ്. മണിയുടെ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. |
വള്ളത്തോള്‍ നഗര്‍ പഞ്ചായത്തില്‍ നാലുവര്‍ഷത്തിനിടെ നികത്തിയത് 200 ഏക്കര്‍ Posted: 02 Dec 2012 10:01 PM PST വടക്കാഞ്ചേരി: 2008ല്‍ നെല്‍വയല്‍ -നീര്‍ത്തട സംരക്ഷണ നിയമം നടപ്പാക്കിയതിന് ശേഷം വള്ളത്തോള്‍ നഗര്‍ പഞ്ചായത്തില്‍ 30 കുന്നിടിച്ച് 200 ഏക്കര്‍ പാടം നികത്തിയതായി കൃഷിക്കാരുടെ അനൗദ്യോഗിക കണക്ക്. ഭാരതപ്പുഴയുടെ തീരത്ത് നെല്‍കൃഷി മേഖല ഇല്ലാതാക്കി നിര്‍മാണങ്ങള്‍ നടത്തിയ റിയല്‍ എസ്റ്റേറ്റ് മാഫിയ എല്ലാ നിയമങ്ങളും ലംഘിച്ച് പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് പുതുശേരി പാടശേഖര സമിതി ആരോപിക്കുന്നു. നികത്തിയ പാടത്തെ മണ്ണ് നീക്കി പാടം പൂര്‍വസ്ഥിതിയിലാക്കാന്‍ നിര്‍ദേശിച്ചുള്ള കലക്ടറുടെ ഉത്തരവ് അവഗണിച്ച് നടത്തുന്ന നിര്‍മാണങ്ങള്‍ക്ക് പഞ്ചായത്ത് അനുമതി നല്‍കിയ സംഭവങ്ങള്‍ നിരവധിയാണ്. പള്ളം പാടശേഖരത്തിലാണിത്. ഏക്കര്‍ കണക്കിന് നടുപാടങ്ങളാണ് തരിശ്ശായി കിടക്കുന്നത്. താഴത്തെ പാടങ്ങളിലേക്ക് ട്രാക്ടറും മറ്റ് യന്ത്രങ്ങളും ഇറക്കുന്ന വഴിയടച്ച് റോഡ് വക്കിലെ പാടം നികത്തപ്പെട്ടതാണ് കാരണം. ഇതിനെതിരെ കൃഷിക്കാരുടെ പരാതി പരിഗണിച്ചാണ് പാടത്തെ മണ്ണ് നീക്കി കൃഷിസ്ഥലം പൂര്‍വസ്ഥിതിയിലാക്കാന്‍ 2010ല്‍ കലക്ടര്‍ ഉത്തരവിട്ടത്. കൃഷിയോടുള്ള സര്‍ക്കാറിന്‍െറ വാക്കാല്‍ പ്രണയമല്ലാതെ കൃഷി നില നിര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്കരിക്കാത്തതാണ് പാടം നികത്തലിന് പ്രോത്സാഹനമാവുന്നത്. വിത്ത്, വളം, ജലസേചനം, നെല്ലിന്‍െറ വിപണി എന്നിവയിലൊന്നും കൃത്യത പുലര്‍ത്താത്ത സര്‍ക്കാറുകള്‍ ഉല്‍പന്നത്തിന് താങ്ങുവില പ്രഖ്യാപിക്കാതെ നെല്‍കൃഷി നിരുത്സാഹപ്പെടുത്തുകയാണെന്ന് കൃഷിക്കാര്‍ പറയുന്നു. വര്‍ധിച്ച കൂലിച്ചെലവ് താങ്ങാനാവാത്തതും പ്രശ്നമാവുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് പാടത്തേക്കിറങ്ങാന്‍ മടിച്ച് നില്‍ക്കുന്ന കര്‍ഷകന്‍ പാടം കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ തയാറാവുന്നു. ഇത് മുതലെടുത്ത് റിയല്‍ എസ്റ്റേറ്റ് മാഫിയ ആദ്യം റോഡുവക്കിലെ പാടവും തൊട്ടടുത്ത കുന്നും വിലയ്ക്ക് വാങ്ങുന്നു. വില്ലേജോഫിസ് മുതല്‍ ജില്ലാതലം വരെയുള്ള റവന്യൂ അധികൃതരുടെയും മൈനിങ് ജിയോളജി, തദ്ദേശ പഞ്ചായത്ത് എന്നിവയുടെ കണ്ണ് കെട്ടി രജിസ്ട്രേഷന്‍ വകുപ്പ് അധികൃതരുടെ സഹായത്തോടെ കൃഷിഭൂമിയും കരഭൂമിയും തിരിച്ച് കാണാത്ത വിധം ഇടപാട് നടക്കുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കിതിന് ആധാരമെഴുത്തുകാരാണ് മുഖ്യ സഹായികള്‍. സെന്‍റിന് ലക്ഷം മതിപ്പ് വിലയുള്ള സ്ഥലം ആയിരമാക്കി രജിസ്റ്റര്‍ ചെയ്യാനും ഇവര്‍ക്ക് സഹായികളുണ്ട്. ഇത്തരം കൃത്രിമ രജിസ്ട്രേഷനുകള്‍ നടന്ന നികത്തിയ നെല്‍പാടത്ത് നിര്‍മാണത്തിന് പഞ്ചായത്ത് അനുമതി നല്‍കുന്നതോടെ ഒരു പ്രദേശം മുഴുവന്‍ പ്രകൃതിയുടെ സ്വാഭാവികതയില്‍ നിന്ന് കൃത്രിമവത്കരണത്തിലേക്കും അതിന്‍െറ ദൂഷ്യഫലങ്ങളിലേക്കും എത്തുന്നു. ഇത്തരം കൃത്രിമ ഗ്രാമങ്ങളില്‍ കുടിവെള്ള ക്ഷാമവും മലിനീകരണവുമാണ് മുഖ്യപ്രശ്നം. |
കൈവിട്ട കിരീടം വീണ്ടെടുക്കാന്‍ പാലക്കാടന്‍ ചുണക്കുട്ടികള്‍ യാത്ര തിരിച്ചു Posted: 02 Dec 2012 09:48 PM PST പാലക്കാട്: കഴിഞ്ഞ വര്‍ഷം എറണാകുളത്ത് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന പാലക്കാടിനെ ഇത്തവണ കിരീടമണിയിക്കാന്‍ ദൃഢനിശ്ചയവുമായി ദേശീയ താരങ്ങളടങ്ങുന്ന സംഘം സംസ്ഥാന സ്കൂള്‍ കായികമേളക്കായി ഞായറാഴ്ച യാത്രതിരിച്ചു. കല്ലടി സ്കൂളിന്‍െറ സ്കൂള്‍ താരവും ദേശീയ സ്വര്‍ണമെഡല്‍ ജേതാവുമായ ശ്രീഷ്മയുടെ നേതൃത്വത്തിലുളള ജില്ലയിലെ സ്കൂള്‍ കായിക താരങ്ങളാണ് തിരുവനന്തപുരത്തെ മേളയില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച രാത്രി പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അമൃത എക്സ്പ്രസില്‍ തിരിച്ചത്. കല്ലടി, പറളി, മുണ്ടൂര്‍, ചിറ്റിലഞ്ചേരി, വാണിയമ്പലം, മാത്തൂര്‍, അട്ടപ്പാടി പുതൂര്‍ തുടങ്ങി പന്ത്രണ്ടോളം സ്കൂളുകളിലെ കായിക താരങ്ങളാണ് പാലക്കാടിന് വേണ്ടി കൂടുതല്‍ ദൂരവും വേഗവും ഉയരവും താണ്ടാന്‍ പുറപ്പെട്ടത്. നാലിലൊരുഭാഗം താരങ്ങള്‍ ദേശീയ സംസ്ഥാന മേളകളില്‍ പങ്കെടുത്ത പരിചയസമ്പന്നരാണ്. 189 പേരാണ് ജില്ലയെ പ്രതിനിധീകരിച്ച് ഗ്രൗണ്ടിലിറങ്ങുക. ഇവരില്‍ നൂറ്റമ്പതോളം പേരാണ് ഞായറാഴ്ച രാത്രി പുറപ്പെട്ടത്. മറ്റുള്ളവര്‍ തിങ്കളാഴ്ച പുലര്‍ച്ചെ യാത്ര തിരിക്കും. പറളി, കല്ലടി, മുണ്ടൂര്‍ സ്കൂളുകളുടെ പിന്‍ബലത്തില്‍ കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനം നേടിയ പാലക്കാടിന് റിലേ ഇനങ്ങളിലെ പോരായ്മയാണ് കിരീടധാരണത്തിന് വഴിമുടക്കിയത്. ഇത്തവണ റിലേയിലെ പോരായ്മകളിലെ പഴുതുകളടച്ചാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. മുന്‍ വര്‍ഷങ്ങളിലേതുപോലെ സ്പ്രിന്‍റ് ഇനങ്ങളിലും ദീര്‍ഘദൂര ഓട്ടം, പോള്‍വാള്‍ട്ട്, ത്രോ ഇനങ്ങളിലും മികച്ച പരിശീലനം പൂര്‍ത്തിയാക്കിയാണ് ചുണക്കുട്ടികള്‍ തലസ്ഥാന നഗരിയിലെ മത്സരത്തിന് ഒരുങ്ങിയിട്ടുള്ളത്. പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്കുള്ള ജഴ്സി വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി.എന്‍. കണ്ടമുത്തന്‍ കഴിഞ്ഞ ദിവസം നിര്‍വഹിച്ചു. |
കുറ്റിപ്പുറം-ചമ്രവട്ടം ദേശീയപാത നിര്‍മാണം അടുത്ത മാസം ആരംഭിക്കും Posted: 02 Dec 2012 09:44 PM PST പൊന്നാനി: നിര്‍ദിഷ്ട കുറ്റിപ്പുറം -ചമ്രവട്ടം ജങ്ഷന്‍ ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജനുവരി അവസാനത്തോടെ ആരംഭിക്കും. കാസര്‍കോട്ടെ കോണ്‍കോഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് ടെന്‍ഡര്‍ ലഭിച്ചത്. 38 കോടി രൂപയുടെ എസ്റ്റിമേറ്റാണെങ്കിലും 31.14 കോടി രൂപക്കാണ് ടെന്‍ഡര്‍ കോണ്‍കോഡ് കമ്പനിക്ക് ലഭിച്ചത്. ഒമ്പത് കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. എം.എല്‍.എമാരായ ഡോ. കെ.ടി. ജലീല്‍, പി. ശ്രീരാമകൃഷ്ണന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി എന്നിവരുടെ സമ്മര്‍ദഫലമായി സംസ്ഥാന സര്‍ക്കാറാണ് 38 കോടി രൂപ അനുവദിച്ചത്. കുറ്റിപ്പുറം പാലം മുതല്‍ പൊന്നാനി ചമ്രവട്ടം ജങ്ഷന്‍ വരെ 11.14 കിലോമീറ്ററാണ് ദേശീയപാത നിര്‍മിക്കുന്നത്. ഇവിടെ നേരെത്തെ മറ്റൊരു നിര്‍മാണ കമ്പനി ഹൈവേ നിര്‍മാണം ആരംഭിച്ചിരുന്നുവെങ്കിലും നാലുവര്‍ഷം മുമ്പ് പണി പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ദേശീയപാത അതോറിറ്റിയില്‍നിന്ന് ഫണ്ട് കിട്ടാത്തതിനാലാണ് ഇവര്‍ പിന്മാറിയത്. ഈ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. കുറ്റിപ്പുറം മുതല്‍ ചമ്രവട്ടം വരെ രണ്ട് വരി പാതയാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്.30 മീറ്റര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഭാവിയില്‍ ഇത് 45 മീറ്ററാക്കും. ഏഴുമീറ്ററാണ് റോഡിന്‍െറ വീതി. നിര്‍മാണ കരാര്‍ ലഭിച്ച കോണ്‍കോഡ് കമ്പനിക്ക് ചൊവ്വാഴ്ച സെലക്ഷന്‍ നോട്ടീസ് അയക്കുമെന്ന് ദേശീയപാത അധികൃതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. നോട്ടീസ് കൈപ്പറ്റിയാല്‍ 20 ദിവസം സമയം നല്‍കും. ശേഷം വര്‍ക്ക് എഗ്രിമെന്‍റ് വെക്കും. പിന്നീട് പാതയുടെ ഓരോ പത്ത് മീറ്ററിലും ലെവലെടുക്കും. ഇത് ദേശീയപാത അതോറിറ്റിക്ക് കൈമാറി അംഗീകാരം ലഭിച്ചാലുടന്‍ നിര്‍മാണം ആരംഭിക്കുമെന്ന് കോണ്‍കോഡ് കമ്പനി അധികൃതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. വീരാജ്പേട്ട റോഡ് നവീകരണം, മാനന്തവാടി -കണ്ണൂര്‍ റോഡ് വീതികൂട്ടല്‍, ഹരിപ്പാട് ടൗണ്‍ മുതല്‍ കൃഷ്ണപുരം വരെ റീടാറിങ് തുടങ്ങിയവ കോണ്‍കോഡ് കമ്പനി ചെയ്തുവരുന്നുണ്ട്. കുറ്റിപ്പുറം -ചമ്രവട്ടം പാത നിര്‍മാണത്തിന് 11 മാസമാണ് സമയം നല്‍കിയിട്ടുള്ളത്. ദേശീയപാതയുടെ പേര് കുറ്റിപ്പുറം -പുതുപൊന്നാനി എന്‍.എച്ച് 17 എന്നാണെങ്കിലും ചമ്രവട്ടം ജങ്ഷന്‍ മുതല്‍ പുതുപൊന്നാനി വരെയുള്ള ഏഴുകിലോമീറ്റര്‍ ഇപ്പോഴത്തെ ടെന്‍ഡറില്‍ ഉള്‍പ്പെടില്ല. ഇതില്‍ ചമ്രവട്ടം ജങ്ഷന്‍ മുതല്‍ പള്ളപ്രം വരെ രണ്ട് കിലോമീറ്റര്‍ ദേശീയപാത എട്ടുവര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. പള്ളപ്രത്ത് കനോലി കനാലിന് കുറുകെ പാലം നിര്‍മിക്കാത്തതിനാലാണ് ഈ ഭാഗത്തെ ടെന്‍ഡറില്‍ നിന്നൊഴിവാക്കിയത്. ഇവിടെ പാലം നിര്‍മിക്കാനുള്ള ഡിസൈന്‍ 11 തവണ ദേശീയപാത അതോറിറ്റിക്ക് സമര്‍പ്പിച്ചെങ്കിലും പലകാരണങ്ങള്‍ പറഞ്ഞ് മടക്കുകയാണ്. പാലത്തിന്‍െറ ഡിസൈന്‍ അംഗീകരിച്ചാലേ ഇവിടെ പാത നിര്‍മാണം ആരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. |
No comments:
Post a Comment