സ്വാഗതം
WELCOME

News Update..

Thursday, December 27, 2012

ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് പുലിമുട്ടുകള്‍ നിര്‍മിക്കും Madhyamam News Feeds

ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് പുലിമുട്ടുകള്‍ നിര്‍മിക്കും Madhyamam News Feeds

Link to

ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് പുലിമുട്ടുകള്‍ നിര്‍മിക്കും

Posted: 27 Dec 2012 12:18 AM PST

ആറാട്ടുപുഴ: തൃക്കുന്നപ്പുഴ ആറാട്ടുപുഴ പഞ്ചായത്തുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് പുലിമുട്ടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ. ഇതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും ബന്ധപ്പെട്ട വകുപ്പുമന്ത്രിമാര്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിന്‍െറയും റവന്യൂ വകുപ്പിന്‍െറയും നേതൃത്വത്തില്‍ പെരുമ്പള്ളി സൂനാമി ദുരന്ത സ്മാരകത്തിന് സമീപം നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുടങ്ങിക്കിടന്ന സുനാമി പുനരധിവാസ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ കലക്ടറുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്്. ആറാട്ടുപുഴ ആരോഗ്യകേന്ദ്ര വളപ്പിലെ  കുഴല്‍ക്കിണറിന്‍െറ പണി രണ്ട് ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് കെ. കരുണാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ജോണ്‍ തോമസ്, മുതുകുളം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഷാമില  ബഷീര്‍, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തിലോത്തമന്‍, ആറാട്ടുപുഴ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എം. മുസ്തഫ, എം. അബ്ദുല്‍ സലാം, വൈസ് പ്രസിഡന്‍റ് മിനി വര്‍ഗീസ്, കാര്‍ത്തികപ്പള്ളി താലൂക്ക് തഹസില്‍ദാര്‍ വി.ഡി. ലതാമ്മ, വില്ലേജോഫിസര്‍ ഡി. ജയപ്രകാശ്, ജെ. സുജിത് എന്നിവര്‍ സംസാരിച്ചു.
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും സൂനാമി അനുസ്മരണം നടന്നു. രമേശ് ചെന്നിത്തല  എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് എന്‍. മനോഹര്‍ അധ്യക്ഷത വഹിച്ചു. ജോണ്‍ തോമസ്, ഡി.സി.സി അംഗങ്ങളായ എം.കെ. വിജയന്‍, എം.എം. ബഷീര്‍, ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് എസ്. വിനോദ്കുമാര്‍, പ്രഫ. ആര്‍. രവീന്ദ്രന്‍, കെ.വൈ. അബ്ദുല്‍ റഷീദ് എന്നിവര്‍  സംസാരിച്ചു.
ഡി.വൈ.എഫ്.ഐ ആറാട്ടുപുഴ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സൂനാമി അനുസ്മരണം സംസ്ഥാന ജോ. സെക്രട്ടറി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മിറ്റി പ്രസിഡന്‍റ് അഡ്വ. രഞ്ജിത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.സോജകുമാര്‍, പ്രസിഡന്‍റ് ബി. അനില്‍കുമാര്‍, ജെ. സുജിത്, സുരേഷ് എന്നിവര്‍ സംസാരിച്ചു.
പെരുമ്പള്ളി യുവശക്തിനഗറില്‍ കാര്‍ത്തികപ്പിള്ളി താലൂക്ക് ചീനവല തൊഴിലാളി യൂനിയന്‍ നേതൃത്വത്തില്‍ സൂനാമി അനുസ്മരണവും നിര്‍ധന രോഗികള്‍ക്ക് സഹായധന വിതരണവും നടന്നു.
വലിയഴീക്കല്‍ സമീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റിന്‍െറ നേതൃത്വത്തിലും സൂനാമി അനുസ്മരണം നടന്നു. ദുരന്തത്തില്‍ മരിച്ചവരുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തറയില്‍കടവ് അരയ കരയോഗത്തിന്‍െറ നേതൃത്വത്തില്‍ കൂട്ട ഉപവാസം നടന്നു.
 

മൂലമ്പിള്ളി പുനരധിവാസം അന്തിമഘട്ടത്തില്‍; ചെലവിട്ടത് 8.31 കോടി

Posted: 27 Dec 2012 12:17 AM PST

കൊച്ചി: മൂലമ്പിള്ളിയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള പാക്കേജിന്‍െറ ഭാഗമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതിനകം 8.31 കോടി രൂപയുടെ സാമ്പത്തികാനുകൂല്യം നല്‍കിയതായി  കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് അറിയിച്ചു. ഭൂമി ഏറ്റെടുക്കാന്‍ നല്‍കിയ തുകക്ക് പുറമെയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. പുനരധിവാസത്തിന് അര്‍ഹതയുള്ള 326 കുടുംബങ്ങളില്‍ അര്‍ഹരായ എല്ലാ കുടുംബങ്ങള്‍ക്കും ഇതിനകം പട്ടയം വിതരണം ചെയ്തു കഴിഞ്ഞു.
കോടതിയില്‍ കേസ് ഫയല്‍ ചെയ്ത പത്തുപേര്‍ ഒഴികെയുള്ളവര്‍ക്ക് കഴിഞ്ഞ മാര്‍ച്ച് വരെയുള്ള വാടക കുടിശ്ശികയും നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ രൂപം നല്‍കിയ പാക്കേജ് പ്രകാരം വാടകയായി 4,93,65,700 രൂപയും പൈലിങ് നിരക്കായി 76 പേര്‍ക്ക് 57 ലക്ഷം രൂപയുമാണ് നല്‍കിയത്. ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി നിശ്ചയിച്ച നിരക്ക് പ്രകാരം 42,10,722 രൂപയും വിതരണം ചെയ്തു. ലാന്‍ഡ് അക്വിസിഷന്‍ ആക്ട് പ്രകാരം ഏറ്റെടുത്ത ഭൂമിയുടെ ഉടമകളില്‍ 12 പേര്‍ക്ക് ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി നിശ്ചയിച്ച പ്രകാരമുള്ള തുകയും വാടകയും നല്‍കിയിരുന്നു. അധികതുക ലഭിക്കുന്നതിനായി അഞ്ചുപേര്‍ നല്‍കിയ കേസ് കോടതിയുടെ പരിഗണനയിലാണ്.
പുനരധിവാസകേന്ദ്രങ്ങളില്‍ വീട് വെക്കുന്നതിനാവശ്യമായ എല്ലാ അനുമതികളും വേഗത്തില്‍ ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിട്ടുണ്ട്. വടുതലയില്‍ 15 വീടുകളും മുളവുകാട്, കാക്കനാട് തുതിയൂര്‍ എന്നിവിടങ്ങളില്‍ ഓരോ വീടുകളും കോതാട് നാലു വീടുകളുമാണ് ഇതിനകം പൂര്‍ത്തിയായിട്ടുള്ളത്. വടുതലയില്‍ മൂന്ന് വീടുകള്‍ നിര്‍മാണഘട്ടത്തിലാണ്. പൈലിങ്ങിനായി 75,000 രൂപ വീതം 76 പേര്‍ക്ക് വിതരണം ചെയ്തു. 25 പേരുടെ അപേക്ഷകള്‍ പരിഗണനയിലുണ്ട്. മറ്റുള്ളവരാരും തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് കെട്ടിട നിര്‍മാണത്തിന് അനുമതി വാങ്ങി പൈലിങ് തുകക്കായി ജില്ലാ ഭരണകൂടത്തെ സമീപിച്ചിട്ടില്ല. വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ നിന്നും മൂലമ്പിള്ളി പുനരധിവാസകേന്ദ്രത്തിലേക്കുള്ള  റോഡിന്‍െറ ഉയരവ്യത്യാസം പരിഹരിക്കുന്നതിന് ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീട് വെക്കുന്നതിന് പട്ടയങ്ങള്‍ ഈട് വെച്ച് വായ്പ എടുക്കുന്നതിനും അനുമതി നല്‍കി. മുളവുകാട് വില്ലേജില്‍ ഏഴ് കുടുംബങ്ങളുടെ ഭൂമി കാറ്റഗറി മാറിയതുമൂലമുണ്ടായ പരാതി സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി സര്‍ക്കാരിന്‍െറ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. വടുതല പുനരധിവാസ പ്ളോട്ടിലേക്കുള്ള വഴിത്തര്‍ക്കം സ്ഥലമുടമക്ക് പകരം സ്ഥലം നല്‍കി തീര്‍പ്പാക്കിയതായും കലക്ടര്‍ പറഞ്ഞു. പുനരധിവാസ പ്ളോട്ടില്‍ വീട് വെക്കുന്നവര്‍ക്ക് അഞ്ച് ലോഡ് മണല്‍ വീതം ലോഡൊന്നിന് ആയിരം രൂപ നിരക്കില്‍ അനുവദിക്കുന്നതിന് കടമക്കുടി പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
 

കടലോരം കണ്ണീര്‍ക്കടലായി

Posted: 26 Dec 2012 11:20 PM PST

കാഞ്ഞങ്ങാട്: തിങ്കളാഴ്ച പൂച്ചക്കാടുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ നാലുപേര്‍. കുടുംബത്തിന്‍െറ ദു$ഖത്തില്‍ തേങ്ങുകയാണ് അജാനൂര്‍ കടപ്പുറം നിവാസികള്‍.
ഭാസ്കരന്‍-വിശാലു ദമ്പതികളുടെ മകനാണ് മരിച്ച രതീഷ്. വിശാലുവിന്‍െറ സഹോദരി സിന്ധുവിന്‍െറ മകളാണ് മരിച്ച അഞ്ജിത. മഹിത്താകട്ടെ, വിശാലുവിന്‍െറ മറ്റൊരു സഹോദരി മല്ലികയുടെ മകള്‍ അനീഷയുടെ മകനും.
വിശാലുവിന്‍െറ മാതൃസഹോദരിയുടെ മകന്‍ വിനുവാണ് മരിച്ച അഭിഷേകിന്‍െറ പിതാവ്.
മഹിത്തിന്‍െറ അച്ഛന്‍ മഹേന്ദ്രനും ഗള്‍ഫിലാണ്.  മരണവാര്‍ത്തയറിഞ്ഞതോടെ അജാനൂര്‍ കടപ്പുറത്തെ ‘നന്ദന’ത്തില്‍ കൂട്ടക്കരച്ചിലുയര്‍ന്നു.
ബന്ധുക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ദു$ഖം കടിച്ചമര്‍ത്തിക്കഴിയുകയാണ് നാട്ടുകാര്‍.
മരിച്ചവരുടെ മൃതദേഹം ജില്ല ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തശേഷം വ്യാഴാഴ്ച വീട്ടിലെത്തിച്ച് സമുദായ ശ്മശാനത്തില്‍ സംസ്കരിക്കും.
രാജേഷ്, രജിത്, രജനീഷ് എന്നിവരാണ് രതീഷിന്‍െറ സഹോദരങ്ങള്‍. അഞ്ജിതയുടെ സഹോദരിയാണ് ചക്കര. കടപ്പുറത്തെ ജി.എഫ്.ടി.എച്ച്.എസ്.എസിലെ ഒമ്പതാംതരം വിദ്യാര്‍ഥിനിയാണ് അഞ്ജിത. മരിച്ച അഭിഷേകിന്‍െറ സഹോദരന്‍ മിഥുനാണ്.
 

ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ബഹളം

Posted: 26 Dec 2012 10:43 PM PST

കോഴിക്കോട്: പോര്‍വിളിയും വാക്കേറ്റവുംകൊണ്ട് ബഹളത്തില്‍ മുങ്ങിയ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതുള്‍പ്പെടെയുള്ള അജണ്ടകള്‍ പാസാക്കാനെടുത്തത് അഞ്ചു മിനിറ്റു മാത്രം. യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെ പ്രസിഡന്‍റ് കാനത്തില്‍ ജമീല അജണ്ടകള്‍ ഓരോന്നായി വായിച്ച മുറക്ക് എല്‍.ഡി.എഫ് അംഗങ്ങള്‍ ഡസ്ക്കിലടിച്ച് അംഗീകാരം നല്‍കി. 11 മണിക്കാരംഭിച്ച യോഗം എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 11.30ഓടെ പിരിഞ്ഞു.
കഴിഞ്ഞ നവംബര്‍ 29ന് നടന്ന ഭരണസമിതി യോഗത്തെ വിവാദത്തിലാക്കിയ വ്യവസായ എസ്റ്റേറ്റിലെ പ്ളോട്ട് വിതരണം തന്നെയായിരുന്നു ബുധനാഴ്ചത്തെ യോഗത്തിലെയും തര്‍ക്കവിഷയം. യോഗനടപടികളാരംഭിച്ച ഉടന്‍തന്നെ കഴിഞ്ഞ യോഗത്തിന്‍െറ മിനുട്സ് അംഗങ്ങള്‍ക്ക് ഇതുവരെയായിട്ടും ലഭ്യമാക്കിയില്ലെന്നുകാണിച്ച് യു.ഡി.എഫിലെ കെ. ശങ്കരന്‍ മാസ്റ്റര്‍ എഴുന്നേറ്റു. ഇതോടെ, നവംബര്‍ മാസത്തെ രണ്ടു യോഗങ്ങളുടെ മിനുട്സ് വിതരണംചെയ്തു. ജില്ലാ പഞ്ചായത്തിന്‍െറ അധീനതയില്‍ ചെറുവണ്ണൂരിലുള്ള വ്യവസായ പ്ളോട്ടില്‍ ഭൂമി അനുവദിച്ചതു സംബന്ധിച്ച തീരുമാനം മിനുട്സില്‍ തെറ്റായിട്ടാണ് രേഖപ്പെടുത്തിയതെന്നാരോപിച്ച് യു.ഡി.എഫ് അംഗങ്ങള്‍ രംഗത്തുവന്നു. വ്യവസായ പ്ളോട്ടില്‍ ഭൂമി അനുവദിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ജില്ലാ പഞ്ചായത്ത് നിയോഗിച്ച ഉപസമിതിയെക്കുറിച്ചോ അതിന്മേല്‍ യു.ഡി.എഫ് അംഗങ്ങള്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതിനെക്കുറിച്ചോ മിനുട്സില്‍ പരാമര്‍ശിക്കാത്തത് വി.ഡി. ജോസഫ് ക്രമപ്രശ്നമായി ഉന്നയിച്ചു. കഴിഞ്ഞ 29ന് ചേര്‍ന്ന അടിയന്തര യോഗം അജണ്ടവെച്ച് ചര്‍ച്ചചെയ്ത വിഷയം  ഇന്നലത്തെ യോഗത്തിന്‍െറ അജണ്ടയില്‍ വീണ്ടും ഉള്‍പ്പെടുത്തിയതിന്‍െറ സാംഗത്യവും യു.ഡി.എഫ് അംഗങ്ങള്‍ ചോദ്യംചെയ്തു.  
ഇതിനെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങിയ എല്‍.ഡി.എഫിലെ പി.കെ. മുകുന്ദന്‍, യു.ഡി.എഫിലെ മുഹമ്മദ് മോന്‍ ഹാജിക്കെതിരെ നടത്തിയ ‘അത്തും പിത്തും’പരാമര്‍ശങ്ങളാണ് നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചത്. അന്തസ്സില്ലാത്ത പ്രയോഗം നടത്തിയ അംഗത്തെ പ്രസിഡന്‍റ് വിലക്കിയില്ലെന്നാരോപിച്ച് യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കി. ഇതോടെ, ബഹളം കനത്തു. ഇരുപക്ഷത്തുനിന്നും പോര്‍വിളികളും ‘വാടാ, പോടാ’ വിളികളുമുയര്‍ന്നു. തന്നെ പി.കെ. മുകുന്ദന്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ശങ്കരന്‍ മാസ്റ്റര്‍ സീറ്റു വിട്ട് നടുത്തളത്തിലിറങ്ങി. ബഹളം ഉച്ചസ്ഥായിയില്‍ നില്‍ക്കവേയാണ് പ്രസിഡന്‍റ് അജണ്ടയിലേക്ക് കടന്നത്. സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗ തീരുമാനങ്ങള്‍ അതത് കമ്മിറ്റി അധ്യക്ഷന്മാര്‍ വായിച്ച് ചര്‍ച്ചക്കു വെക്കുകയാണ് പതിവെങ്കിലും അതുണ്ടായില്ല.
ജില്ലാ പഞ്ചായത്ത് ഭരണനേതൃത്വത്തിന്‍െറ ജനാധിപത്യവിരുദ്ധ സമീപനമാണ് യോഗത്തില്‍ ദൃശ്യമായതെന്നും ചട്ടങ്ങളും കീഴ്വഴക്കങ്ങളും കാറ്റില്‍പറത്തിയാണ് ഭരണം നടത്തുന്നതെന്നും യു.ഡി.എഫ് ആരോപിച്ചു. എന്നാല്‍, വ്യവസായ പ്ളോട്ട് സംബന്ധിച്ച് തീരുമാനമെടുക്കാതിരിക്കാന്‍ യു.ഡി.എഫ് മുന്‍കൂട്ടി തീരുമാനിച്ചാണ് യോഗത്തില്‍ ബഹളമുണ്ടാക്കിയതെന്നാണ് എല്‍.ഡി.എഫ് ആരോപണം. 

ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷക്ക് സംയുക്ത സൈനിക കമാന്‍ഡ്

Posted: 26 Dec 2012 10:33 PM PST

Image: 

മനാമ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളുടെ സുരക്ഷക്ക് സംയുക്ത സൈനിക കമാന്‍ഡ് രൂപവത്കരിക്കുമെന്ന പ്രഖ്യാപനത്തോടെ 33ാമത് ജി.സി.സി ഉച്ചകോടി സമാപിച്ചു. അംഗരാജ്യങ്ങള്‍ക്കു നേരെയുണ്ടാകുന്ന ഏതു ഭീഷണിയും ആക്രമണവും ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനം. കര, വ്യോമ, നാവിക മേഖലയില്‍ ഏകോപനമുണ്ടാക്കുകയും സൈന്യത്തെ ഒരു കുടക്കീഴില്‍ അണിനിരത്തുകയും ചെയ്യും. നിലവില്‍ സൗദി അറേബ്യയിലുള്ള ജി.സി.സി ഡിഫന്‍സ് ഷീല്‍ഡും ബഹ്റൈനിലെ ജി.സി.സി നേവിയും തുടരും. അതോടൊപ്പം സൈന്യത്തെ ഒരു സെന്‍ട്രല്‍ കമാന്‍ഡിന് കീഴില്‍ കൊണ്ടുവരാനാണ് ശ്രമം. മേഖലയില്‍ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണികൂടി മുന്‍നിര്‍ത്തിയാണ് സുരക്ഷയുടെ കാര്യത്തില്‍ ഐക്യം ശക്തമാക്കാനുള്ള പ്രഖ്യാപനമെന്ന് ഉച്ചകോടിയുടെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫയും ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്വീഫ് ബിന്‍ റാഷിദ് അല്‍സയാനിയും പറഞ്ഞു.
ഇറാന്‍െറ ആണവപദ്ധതികള്‍ അയല്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് വിലയിരുത്തിയ ഉച്ചകോടി അംഗരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്ന ഇറാന്‍ നയത്തെ ശക്തമായി അപലപിച്ചു. ഇറാനുമായി ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ചരിത്രപരമായ ബന്ധമാണുള്ളത്. ഈ നല്ല ബന്ധം തുടരാന്‍തന്നെയാണ് ജി.സി.സി ആഗ്രഹിക്കുന്നത്. ഇറാനുമായി ആശയവിനിമയം തുടരും.
സിറിയന്‍ പ്രശ്നത്തില്‍ മാനുഷികമായ എല്ലാ സഹായങ്ങളും അവിടത്തെ ജനതക്ക് ചെയ്തുകൊടുക്കാന്‍ ജി.സി.സി പ്രതിജ്ഞാബദ്ധമാണ്. ഇതിനായി യു.എന്‍ സെക്രട്ടറി ജനറലിന്‍െറ അഭ്യര്‍ഥനപ്രകാരം കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് അടുത്ത മാസാവസാനം കുവൈത്തില്‍ വിളിച്ച ഉന്നതതല യോഗത്തിന് എല്ലാ പിന്തുണയും നല്‍കും. ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ചില മാധ്യമങ്ങളുടെ കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനുമുമ്പ് നിജസ്ഥിതി ഔദ്യാഗികമായി മനസ്സിലാക്കാന്‍ മാധ്യമങ്ങള്‍ തയാറാകണം.  
ജി.സി.സി രാജ്യങ്ങള്‍ തമ്മിലെ സാമ്പത്തിക മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനും തീരുമാനമായി. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പൊതുവിപണി രൂപപ്പെടുത്തുകയും കസ്റ്റംസ് യൂനിയന്‍ പ്രയോഗവത്കരിക്കുകയും ചെയ്യും. മനുഷ്യ വിഭവശേഷി പരസ്പരം കൈമാറുന്നത് പ്രോത്സാഹിപ്പിക്കും. ഇതിലൂടെ വര്‍ധിക്കുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. യുവജനങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ ക്ഷേമ പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ഓരോ രാജ്യത്തെയും ദേശീയ പരിശീലന കേന്ദ്രങ്ങളും സ്ഥാപനങ്ങളും യൂനിവേഴ്സിറ്റികളും എല്ലാ ഗള്‍ഫ് രാജ്യങ്ങളിലുള്ള പൗരന്മാര്‍ക്കും പ്രവേശം നല്‍കും വിധം സുതാര്യമാക്കും.

ശൈഖ് മുഹമ്മദ് കോണ്‍കോഴ്സ്-3 സന്ദര്‍ശിച്ചു

Posted: 26 Dec 2012 10:32 PM PST

Image: 

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിര്‍മാണം പൂര്‍ത്തിയായ എമിറേറ്റ്സ് എയര്‍ബസ് എ380 കോണ്‍കോഴ്സ്-3ല്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സന്ദര്‍ശനം നടത്തി. ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന കോണ്‍കോഴ്സ് 3യില്‍നിന്ന് എമിറേറ്റ്സിന്‍െറ സൂപ്പര്‍ ജംബോ വിമാനങ്ങണ് സര്‍വീസ് നടത്തുക.
ഒരു മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ അദ്ദേഹം വിലയിരുത്തി. 1200 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഷോപ്പിങ് മാള്‍, അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് നിര്‍മിച്ച ഫസ്റ്റ് ക്ളാസ്, ബിസിനസ് ക്ളാസ് ലോഞ്ചുകള്‍ എന്നിവയും അദ്ദേഹം പരിശോധിച്ചു. 650 മീറ്റര്‍ നീളവും 90 മീറ്റര്‍ വീതിയുമുള്ള കോണ്‍കോഴ്സിന് 11 നിലകളാണുള്ളത്. നാലെണ്ണം ഭൂമിക്കടിയിലാണ്. യാത്രക്കാര്‍ക്ക് വിമാനത്തിലെത്താനും പുറത്തിറങ്ങാനും ഓട്ടോമാറ്റിക് സംവിധാനങ്ങളുണ്ട്.
ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും മാളും കോണ്‍കോഴ്സിനെ മികവുറ്റതാക്കുന്നു. ടെര്‍മിനല്‍ മൂന്നില്‍ നിന്ന് യാത്രക്കാരെ ഇവിടെയെത്തിക്കാന്‍ മെട്രോ സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം എന്നിവരും ഉന്നത ഉദ്യോഗസ്ഥരും ശൈഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു. കോണ്‍കോഴ്സ് സന്ദര്‍ശനത്തിന് ശേഷം മെട്രോയില്‍ അദ്ദേഹം ദുബൈ മാളിലെത്തി.
 

ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി: ഇന്ത്യ-പാക് ഫൈനല്‍ ഇന്ന്

Posted: 26 Dec 2012 10:30 PM PST

Image: 

ദോഹ: രണ്ടാമത് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്‍റില്‍ ഒന്നും രണ്ടും സ്ഥാനക്കാരെ നിശ്ചയിക്കുന്ന നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഇന്ന് പാരമ്പര്യ വൈരികളായ പാകിസ്ഥാനെ നേരിടും.
മലേഷ്യ, ചൈന, ജപ്പാന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ കൂടി മാറ്റുരച്ച  ടൂര്‍ണമെന്‍റിന്‍െറ റൗണ്ട് റോബിന്‍ ലീഗ് ഇന്നലെ അവസാനിച്ചപ്പോള്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാല് ജയവും ഒരു തോല്‍വിയുമായി ഇന്ത്യ മുന്നേറിയപ്പോള്‍ മൂന്ന് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി പാക്സിഥാന്‍ കലാശക്കളിക്ക് യോഗ്യത നേടുകയായിരുന്നു.
ഇന്നലെ നടന്ന മത്സരത്തില്‍ നാല് കളികളിലെ തുടര്‍ച്ചയായ വിജയങ്ങളിലൂടെ കൂടുതല്‍ പോയിന്‍റ് നേടിയ ഇന്ത്യയെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് മലേഷ്യ  പരാജയപ്പെടുത്തി.
 അല്‍ റയ്യാന്‍ സ്റ്റേിഡയത്തില്‍ ഇന്നലത്തെ മൂന്നാമത്തെ മത്സരത്തിനിറങ്ങിയ ഇന്ത്യയുടെ പ്രതിരോധത്തെ നിഷ്പ്രഭമാക്കുന്ന ആക്രമണമാണ് മലേഷ്യ കാഴ്ചവെച്ചത്. മുന്‍ മത്സരങ്ങളിലെന്ന പോലെ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷിന്‍െറ മികച്ച പ്രകടനമായിരുന്നു ഇന്നലെയും ഇന്ത്യയുടെ കരുത്ത്. ഇന്ത്യക്ക് വേണ്ടി വീരേന്ദ്ര ലക്്റ, രഘുനാഥ്, സുനില്‍ എന്നിവര്‍ ഗോളുകള്‍ നേടി.
ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് ഒരുകാലത്ത് ലോക ഹോക്കി അടക്കി വാണ വന്‍ ശക്തികളുടെ പോരാട്ടം. ആദ്യ റൗണ്ടിലെ തോല്‍വിക്ക് കണക്കു തീര്‍ക്കാനിറങ്ങുന്ന പാകിസ്ഥാനെ ആരാധകരെ നിരാശരാക്കാതെ  വീണ്ടും കീഴടക്കുക എന്ന ദൗത്യവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.
ഏഴു ഗോളുകളുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച രഘുനാഥില്‍ ആണ് ഇന്ത്യയുടെ പ്രതീക്ഷ. ഒപ്പം ഊര്‍ജ്ജസ്വലരായ യുവരക്തങ്ങളെ മാറി മാറി പരീക്ഷിക്കുന്ന  ആസ്ത്രേലിയന്‍ കോച്ച് മൈക്കല്‍ നോബ്സിന്‍െറ തന്ത്രങ്ങളിലും. അഞ്ചും ആറും സ്ഥാനക്കാരെ നിശ്ചയിക്കാന്‍ ഇന്ന് മൂന്ന് മണിക്ക് ജപ്പാന്‍-ഒമാന്‍ മത്സരവും മൂന്നും നാലും സ്ഥാനക്കാരെ കണ്ടെത്താന്‍ അഞ്ച് മണിക്ക് മലേഷ്യ-ചൈന മത്സരവും നടക്കും.
ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ചൈന ഒമാനെ തോല്‍പ്പിച്ചു. ഇതോടെ ടൂര്‍ണമെന്‍റിലെ എല്ലാ കളിയും തോറ്റ ടീമായി ഒമാന്‍. രണ്ടാമത്തെ മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പാകിസ്ഥാന്‍ ജപ്പാനെ പരാജയപ്പെടുത്തി.

ഒമാനില്‍ ഇന്ന് മുതല്‍ ശീതക്കാറ്റിനും മൂടല്‍മഞ്ഞിനും സാധ്യത

Posted: 26 Dec 2012 10:20 PM PST

Image: 

മസ്കത്ത: രാജ്യത്തിന്‍റ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും മൂടല്‍ മഞ്ഞിനും സാധ്യതയൂണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലില്‍ തിരമാലകള്‍ മൂന്ന് മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ ഇറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ബീച്ചുകളില്‍ പോകുന്നവര്‍ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മസ്കത്ത് തീരം, വടക്കന്‍ ബാതിന, തെക്കന്‍ ബാത്തിന, തെക്കന്‍ ശര്‍ഖിയ്യ എന്നിവടങ്ങളിലാണ് വടക്കന്‍ കാറ്റ് ആഞ്ഞുവീശാന്‍ സാധ്യതയുള്ളത്. മുസന്തം, തെക്കന്‍ ശര്‍ഖിയ്യ എന്നിവിടങ്ങളിലാണ് കടല്‍ കൂടുതല്‍ പ്രക്ഷുബദ്ധമാവുക. രാജ്യത്തിന്‍െറ തെക്കന്‍ ഭാഗങ്ങളില്‍ മൂടല്‍മഞ്ഞുണ്ടാവാനും അങ്ങിങ്ങായി മഴയുണ്ടാവാനും സാധ്യതയുണ്ട്. രാജ്യത്ത് പരക്കെ തണുപ്പ് വര്‍ധിക്കാനും മൂടല്‍ മഞ്ഞുള്ളതിനാല്‍ ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്. റോഡുകളിലും മറ്റും മൂടല്‍ മഞ്ഞുണ്ടാവുന്നത് റോഡപകടത്തിന് സാധ്യതയുണ്ടക്കുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
 

സ്ത്രീകളുടെ സുരക്ഷക്ക് പ്രഥമ പരിഗണന നല്‍കണം -പ്രധാനമന്ത്രി

Posted: 26 Dec 2012 10:18 PM PST

Image: 
Subtitle: 
ജയലളിത യോഗത്തില്‍ നിന്ന് ഇറങ്ങിപോയി

ന്യൂദല്‍ഹി: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പു വരുത്താതെ യഥാര്‍ഥ വികസനം സാധ്യമല്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ദല്‍ഹിയില്‍ നടക്കുന്ന ദേശീയ വികസന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യ മേഖലയില്‍ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും സ്ത്രീകളുടെ സുരക്ഷക്ക് ഭീഷണി ഏറിയിരിക്കുകയാണ്. ഇത് ഇല്ലാതാക്കി സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനായിരിക്കണം ഒരോ സംസ്ഥാന സര്‍ക്കാറുകളും ശ്രമിക്കേണ്ടത്. എങ്കില്‍ മാത്രമേ അര്‍ഥവത്തായ വികസനം സാധ്യമാകുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഏറെവിവാദമായ ദല്‍ഹി കൂട്ടമാനഭംഗകേസിന്‍െറ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അഭിപ്രായ പ്രകടനം. ദല്‍ഹി സംഭവത്തില്‍ ഉടന്‍ മതിയായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
12ാം പഞ്ചവത്സര പദ്ധതിയുടെ അവലോകനമാണ് ദേശിയ വികസന കൗണ്‍സില്‍ യോഗത്തിലെ പ്രധാന അജണ്ട. 12ാം പദ്ധതിയില്‍ എട്ട് ശതമാനം വളര്‍ച്ചാ നിരക്കാണ് രാജ്യം ലക്ഷ്യമിടുന്നത്. എന്നാല്‍, ഈ ലക്ഷ്യത്തിലെത്താന്‍ ഏറെപ്രയത്നിക്കേണ്ടതുണ്ടെന്ന് മന്‍മോഹന്‍ സിങ് കൂട്ടിചേര്‍ത്തു. 11ാം പഞ്ചവത്സര പദ്ധതിയില്‍ 7.9 ശതമാനം വാര്‍ഷിക വളര്‍ച്ചനേടാന്‍ കഴിഞ്ഞു. കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, യോഗത്തില്‍ സംസാരിക്കാന്‍ മതിയായ സമയം അനുവദിച്ചില്ലെന്ന പരാതിയുമായി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത യോഗത്തില്‍ നിന്ന് ഇറങ്ങിപോയി.

സ്ത്രീകളുടെ തൊഴില്‍: തീരുമാനം പിന്‍വലിക്കില്ല - തൊഴില്‍ മന്ത്രി

Posted: 26 Dec 2012 09:56 PM PST

Image: 

റിയാദ്: സ്ത്രീകളുടെ തൊഴില്‍ സംബന്ധമായി രാജ്യത്തിന്‍െറ പൊതുതാല്‍പര്യം പരിഗണിച്ച് മന്ത്രാലയം കൈക്കൊണ്ട തീരുമാനങ്ങള്‍ പുനപ്പരിശോധിക്കുകയോ പിന്‍വലിക്കുകയോ ഇല്ലെന്നും തെറ്റ് ശ്രദ്ധയില്‍പെട്ടാല്‍ തിരുത്താന്‍ തയാറാണെന്നും തൊഴില്‍മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ്. സ്ത്രീകളുടെ തൊഴില്‍രംഗ പ്രവേശത്തില്‍ ഗവണ്‍മെന്‍റ് നയം പുനപ്പരിശോധിക്കണമെന്ന 200 ഓളം മതപണ്ഡിതരുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്യപുരുഷന്മാരുമായി ഇടകലരാനും സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കാനും ഇടയാക്കുന്ന തീരുമാത്തെ ശക്തമായി വിമര്‍ശിച്ച പണ്ഡിതന്മാര്‍ മന്ത്രിയെ കണ്ട് അത്തരം തീരുമാനങ്ങള്‍ ഒരു മാസത്തിനുള്ളില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. തൊഴില്‍മന്ത്രാലയ ആസ്ഥാനത്തെത്തിയാണ് അവര്‍ പ്രതിഷേധം അറിയിച്ചത്.
വ്യാപാരസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് തൊഴിലവസരം നല്‍കിയ തീരുമാനം സൗദി ഭരണാധികാരിയുടെ അനുവാദമില്ലാത്തതും മതശാസനകള്‍ക്ക് വിരുദ്ധവുമാണെന്ന് അവര്‍ പറഞ്ഞു. വിമര്‍ശങ്ങളും ആക്ഷേപങ്ങളും സംയമനത്തോടെ നേരിട്ട മന്ത്രി തീരുമാനങ്ങളുടെ പശ്ചാത്തലം വിവരിച്ചു. പ്രവാചക കാലം മുതല്‍ തന്നെ സ്ത്രീകള്‍ കമ്പോളങ്ങളില്‍ ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നതായും അതിന് അവരെ പ്രവാചകന്‍ അനുവദിച്ചിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യവിരുദ്ധമോ മതവിരുദ്ധമോ ആയ ഒരു തീരുമാനവും മന്ത്രാലയം കൈക്കൊണ്ടിട്ടില്ലെന്നും രാജ്യത്തിനും പൊതുസമൂഹത്തിനും ഗുണകരമെന്ന് ബോധ്യമുള്ളവ മാത്രമേ മന്ത്രാലയം നടപ്പാക്കിയിട്ടുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു. മന്ത്രാലയത്തിനെതിരില്‍ കോടതികളിലെത്തിയ കേസുകളില്‍ അഭിപ്രായം പറയാന്‍ വിസമ്മതിച്ച മന്ത്രി, കോടതിവിധി മന്ത്രാലയ തീരുമാനത്തിനനുകൂലമാകുമെന്ന പ്രതീക്ഷ അവരുമായി പങ്കുവെച്ചു. പൊതു ഇടങ്ങളിലേക്ക് സ്ത്രീകളെ വലിച്ചിഴക്കുക വഴി പാശ്ചാത്യവത്കരണത്തിന് ചരടുവലിക്കുകയാണെന്ന ആരോപണത്തെ അദ്ദേഹം ഖണ്ഡിച്ചു. ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കുമാകില്ലെന്നും അത് തനിക്കും ദൈവത്തിനും മാത്രമറിയുന്ന കാര്യമാണെന്നും ആദില്‍ ഫഖീഹ് പറഞ്ഞു. തീരുമാനങ്ങള്‍ എടുക്കുന്നതും നടപ്പിലാക്കുന്നതും മനുഷ്യരാണെന്നതിനാല്‍ തെറ്റുകള്‍ വരാനുള്ള സാധ്യത ഏറെയാണ്. അവ ശ്രദ്ധയില്‍പെട്ടാല്‍ തിരുത്തുകയും പരിഹരിക്കുകയും ചെയ്യും.
സ്ത്രീകള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ നിബന്ധനകള്‍ പാലിക്കാതിരിക്കുകയോ വ്യവസ്ഥകള്‍ ലംഘിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായി  നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അതിനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയോടൊപ്പം തൊഴില്‍ മന്ത്രാലയം തൊഴില്‍ കാര്യ അണ്ടര്‍ സെക്രട്ടറി അഹ്മദ് അല്‍ഹുമൈദാന്‍, തൊഴില്‍മന്ത്രാലയ വികസന കാര്യവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ: ഫഹദ് അല്‍തുഖൈഫി എന്നിവര്‍ സന്നിഹിതരായിരുന്നു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP