ഈജിപ്ത് പ്രോസിക്യൂട്ടര്‍ ജനറല്‍ രാജി വെച്ചു Posted: 17 Dec 2012 11:37 PM PST കൈറോ: ഈജിപ്തിലെ പ്രോസിക്യൂട്ടര്‍ ജനറല്‍ രാജി വെച്ചു. കഴിഞ്ഞ മാസം പ്രോസിക്യൂട്ടര്‍ ജനറലായി പ്രസിഡന്‍റ് മുഹമ്മദ് മുര്‍സി നിയമിച്ച ത്വല്‍അത്ത് ഇബ്രാഹിമാണ് പരമോന്നത നീതിന്യായ കൗണ്‍സിലിന്റെമേധാവി സ്ഥാനത്തു നിന്ന് രാജി വെച്ചത്. തന്റെനിയമനം സംബന്ധിച്ചുണ്ടായ പ്രക്ഷോഭത്തെ തുടര്‍ന്നാണ് അദ്ദേഹം രാജിക്ക് സന്നദ്ധനായത്. എന്നാല്‍ രാജി സ്വീകരിച്ചോയെന്ന കാര്യം വ്യക്തമല്ല. ത്വല്‍അത്ത് ഇബ്രാഹിമിന്റെരാജി ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍മാരും ജഡ്ജിമാരുമടങ്ങുന്ന നിയമകാര്യ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്‍െറ ഓഫീസിനു മുന്നില്‍ തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടില്‍ 1300 ഓളം ജുഡീഷ്യല്‍ ഉദ്യോഗസ്ഥരാണ് പ്രകടനം നടത്തിയത്. മുര്‍സിയുടെ ഭരണഘടനാഭേദഗതിയില്‍ ഹിതപരിശോധന നടക്കുന്നതിനിടയിലാണ് രാജി. ശനിയാഴ്ചയാണ് രണ്ടാം ഘട്ട ഹിതപരിശോധന. അതിനുശേഷമായിരിക്കും ത്വല്‍അത്ത് ഇബ്രാഹിന്റെ രാജി സംബന്ധിച്ച തീരുമാനമെടുക്കുക. |
‘ബ്ളാക്ക്മാന്‍’ വ്യാജപ്രചാരണം നഗരത്തിലും; സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടുന്നു Posted: 17 Dec 2012 10:12 PM PST തിരുവനന്തപുരം: ‘ബ്ളാക്ക്മാന്‍’ ഇറങ്ങിയെന്ന വ്യാജപ്രചാരണങ്ങള്‍ നഗരത്തെയും ഭീതിയിലാഴ്ത്തുന്നു. രണ്ടുദിവസമായി നഗരവാസികളെ ഭീതിയിലാക്കുന്ന പ്രചരണങ്ങളാണ് നടക്കുന്നത്. മണക്കാട് കുര്യാത്തിയില്‍ ഒരു വീട്ടില്‍ ഞായറാഴ്ച രാത്രി അതിക്രമിച്ചുകടന്ന ‘ബ്ളാക്ക്മാന്‍’ വാട്ടര്‍ ടാങ്ക് തുറന്നുവിടുകയും ‘ഞങ്ങള്‍ തയാര്‍, ഇതാ വരുന്നു’ എന്ന് മുന്നറിയിപ്പ് നല്‍കുന്ന ഇംഗ്ളീഷിലെ പോസ്റ്ററും പതിക്കുകയും ചെയ്തു. ഇതേ രീതിയില്‍ കരുമം, ഇടഗ്രാമം, മധുപാലം ഭാഗങ്ങളിലും സാമൂഹികവിരുദ്ധ ഇടപെടലുകളുണ്ടായതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. വീട്ടില്‍ തട്ടിവിളിച്ചശേഷം വാട്ടര്‍ ടാപ്പ് അല്ലെങ്കില്‍ ടാങ്ക് തുറന്നുവിടുന്ന രീതിയാണ് ഇവിടങ്ങളിലും ഉണ്ടായത്. നഗരത്തില്‍ പേരൂര്‍ക്കട, മണ്ണന്തല ഭാഗങ്ങളിലും ബ്ളാക്ക്മാന്‍െറ പേരില്‍ സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടുന്നുണ്ട്. സ്ത്രീകളെയും കുട്ടികളെയും ഭീതിയിലാക്കുന്ന തരത്തിലാണ് പ്രചാരണങ്ങള്‍. ശരീരമാകെ കറുത്തനിറമുള്ള രൂപം ‘ബി’ എന്ന മുദ്രണവും അണിഞ്ഞ് തലയില്‍ ലോഹത്തൊപ്പിയുമായി ഇറങ്ങിയെന്നതാണ് ഒരു കഥ. രാത്രികാലങ്ങളില്‍ ബ്ളാക്ക്മാനെ പിടിക്കാന്‍ ആയുധങ്ങളുമായി ജനം റോഡിലിറങ്ങി ഉറക്കംഒഴിഞ്ഞ് കാത്തിരിക്കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്. പേരൂര്‍ക്കടയില്‍ ബ്ളാക്ക്മാന് സമാനമായ രൂപത്തെ കണ്ടുവെന്ന് പ്രചരിപ്പിച്ചതോടെ പ്രദേശവാസികള്‍ ഞായറാഴ്ച രാത്രി ആയുധങ്ങളുമായി കാത്തിരുന്നു. കുടപ്പനക്കുന്നിന് സമീപം അടഞ്ഞുകിടക്കുന്ന ഒരു വീട്ടില്‍ കറുത്ത രൂപത്തെ കണ്ടു എന്ന പ്രചാരണമായിരുന്നു പ്രതികരണത്തിനിടയാക്കിയത്. ജനം ബഹളംവെച്ചതോടെ ഇയാള്‍ പാതിരപ്പള്ളി ചൂഴമ്പാല ഭാഗത്തേക്ക് ഓടിയത്രെ. നാട്ടുകാര്‍ പിന്നാലെ പാഞ്ഞെങ്കിലും ആരെയും കിട്ടിയില്ല. എന്നാല്‍ ബ്ളാക്ക്മാന്‍ ഭീതിവിതച്ച് മോഷണം വ്യാപകമാക്കാനുള്ള തന്ത്രമാണെന്നും പറയുന്നു. രാത്രി ആളൊഴിഞ്ഞ പ്രദേശത്ത് മോഷണം നടത്താന്‍ ചിലര്‍ ബോധപൂര്‍വം നടത്തുന്ന നീക്കമാണിതെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ പേരൂര്‍ക്കടയില്‍ വീടിന്‍െറ വാതിലില്‍ മുട്ടിവിളിച്ചശേഷം കൈക്കുഞ്ഞുമായി പുറത്തിറങ്ങിയ ഗൃഹനാഥനെ ആക്രമിക്കാന്‍ശ്രമം നടന്നു. കൈക്കുഞ്ഞിന് പരിക്കേറ്റു. മണ്ണന്തല പൊലീസ് അന്വേഷിക്കുന്നുണ്ട്. കുര്യാത്തിയില്‍ ഉണ്ടായ സംഭവത്തെക്കുറിച്ച് റസിഡന്‍സ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കി. |
മഞ്ഞപ്പിത്തം നിയന്ത്രണാതീതം; പൂതക്കുളത്ത് 160 കുട്ടികള്‍ക്ക് രോഗബാധ Posted: 17 Dec 2012 10:08 PM PST പരവൂര്‍: മൂന്നുമാസം മുമ്പ് കണ്ടെത്തിയ മഞ്ഞപ്പിത്തബാധ ശമനമില്ലാതെതുടരുന്ന പൂതക്കുളം പഞ്ചായത്തില്‍ 160 ഓളം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൂടി രോഗം കണ്ടെത്തി. രണ്ടാഴ്ചക്കുള്ളില്‍ ഏഴ് വയസ്സുള്ള കുട്ടിക്കടക്കം 26 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. പൂതക്കുളം പഞ്ചായത്തിനോട് ചേര്‍ന്ന് കിടക്കുന്ന തിരുവനന്തപുരം ജില്ലയുടെ ഭാഗങ്ങളായ തോണിപ്പാറ, ചെമ്മരുതി എന്നിവിടങ്ങളിലും രോഗം പടര്‍ന്നു. രോഗബാധ കണ്ടെത്തിയ 160 കുട്ടികളില്‍ 25 പേര്‍ ഈ ഭാഗങ്ങളിലുള്ളവരാണ്. പൂതക്കുളത്ത് ഊന്നിന്‍മൂടിന് സമീപമുള്ള ചെമ്പകശ്ശേരി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണിവര്‍. പഞ്ചായത്തിലെ സ്വകാര്യ ലബോറട്ടറികള്‍, സ്വകാര്യ ക്ളിനിക്കുകള്‍, ജലവിതരണ സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ജലവിതരണ സംവിധാനത്തില്‍ ഒട്ടേറെ അപാകതകള്‍ കണ്ടെത്തിയിട്ടുണ്ട്. വിവിധ വാര്‍ഡുകളില്‍ വെള്ളമെത്തിക്കുന്ന താവണംപൊയ്ക പമ്പ്ഹൗസില്‍ നിന്നുള്ള പൈപ്പുകളും ടാപ്പുകളും പലയിടത്തും പൊട്ടിയിട്ടുണ്ട്. ഇതുമൂലം വെള്ളത്തില്‍ മാലിന്യം കലരാന്‍ ഇടയുണ്ടെന്നും ഇവിടങ്ങളില്‍ ക്ളോറിനേഷന്‍ വേണ്ടത്ര ഫലപ്രദമാകില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ തന്നെ സൂചിപ്പിച്ചു. പൊട്ടിയ പൈപ്പുകളും ടാപ്പുകളും ഉടന്‍ അറ്റകുറ്റപ്പണി നടത്താന്‍ ജലവിഭവ വകുപ്പ് തയാറാകണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. അനധികൃതമായും വൃത്തിഹീനമായ സാഹചര്യത്തിലും ഉണ്ടാക്കുന്ന ശീതളപാനീയങ്ങളും സിപ്പപ്പുകളും മറ്റും നിയന്ത്രിക്കാന്‍ നടപടിയെടുത്തതായി അധികൃതര്‍ അറിയിച്ചശേഷവും 160 ഓളം സ്കൂള്‍ കുട്ടികള്‍ക്ക് രോഗം ബാധിച്ചത് ജനങ്ങളില്‍ ആശങ്കയിലാക്കിയിട്ടുണ്ട്്. നിയന്ത്രണവും ബോധവത്കരണവും പ്രസ്താവനകളിലൊതുങ്ങുന്നതായി വ്യാപകമായ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.ഇതിനിടെ തിരുവനന്തപുരം ജില്ലയിലേക്ക് രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം ഡി.എം.ഒ ഡോ. പീതാംബരന്‍, ടെക്നിക്കല്‍ അസി. രാജു എന്നിവര്‍ പ്രദേശത്തെ സ്കൂളുകള്‍ സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവത്കരണത്തിനും മാര്‍ഗനിര്‍ദേശം നല്‍കി. |
2ജി: മുന്‍ കാബിനറ്റ് സെക്രട്ടറിയുടെ മുന്നറിയിപ്പ് പ്രധാനമന്ത്രി തള്ളിയതായി വെളിപ്പെടുത്തല്‍ Posted: 17 Dec 2012 10:06 PM PST ന്യൂദല്‍ഹി: 2ജി സ്പെക്ട്രം തുക പുതുക്കാതെ ലേലം ചെയ്താല്‍ അത് 35,000 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടാക്കുമെന്ന് കാണിച്ച് മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖര്‍ അയച്ച കത്ത് പ്രധാനമന്ത്രിയുടെ ഓഫിസ് തള്ളിയതായി വെളിപ്പെടുത്തല്‍. സംയുക്ത പാര്‍ലമെന്‍്ററി കമ്മിറ്റിക്ക് മുന്‍പാകെയാണ് ചന്ദ്രശേഖര്‍ 2ജി ഇടപാടുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങളിലേക്ക് നയിച്ചേക്കാവുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. അഴിമതിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന അദ്ദേഹത്തിന്റെകത്ത് ‘ദി ഹിന്ദു’വിന് ലഭിച്ചു. ഇതോടെ,2001ലെ വിലയനുസരിച്ച് 2ജി ലേലം നടത്തുന്നതില്‍ അന്നത്തെ ടെലികോം മന്ത്രി എ. രാജയെ പിന്തിരിപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നില്ലെന്ന പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസിന്റെും വാദം പൊളിഞ്ഞു. 2007 ഡിസംബര്‍ നാലിനാണ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ലേലം നടക്കുന്നതിന്റെും ഒരു മാസം മുമ്പായിരുന്നു ഇത്. ആ സമയത്ത് ഇന്ത്യയിലൊട്ടാകെ 2ജി ലൈസന്‍സ് തുക 8,700കോടി രൂപയാണെന്നും, 2001ലെ വിലയനുസരിച്ച് 1658കോടിക്ക് നല്‍കിയാല്‍ അത് ചുരുങ്ങിയത് 35,000കോടിയുടെ നഷ്ടം വരുത്തുമെന്നും വ്യക്തമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. തന്റെകണക്കുകൂട്ടലുകളെ സാധൂകരിക്കുന്ന മറ്റു വിവരങ്ങളും കത്തില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ 2001ലെ വിലയനുസരിച്ച് ലേലം നടത്തുകയായിരുന്നത്രെ. 2ജി ഇടപാട് സംബന്ധിച്ച് കോണ്‍ഗ്രസിന്റെഇതുവരെയുള്ള വാദങ്ങളെ ദുര്‍ബലപ്പെടുത്തുന്ന കത്ത് ഇതുവരെയും സുപ്രീംകോടതിയിലോ പാര്‍ലമെന്‍്ററി സമിതിയിലോ ഹാജരാക്കിയിരുന്നില്ല. സി.പി.ഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത സംയുക്ത പാര്‍ലമെന്‍്റ് കമ്മിറ്റിയില്‍ നിരന്തരമായി നടത്തിയ ഇടപെടലുകളുടെ ഫലമായാണ് കത്ത് വെളിച്ചം കണ്ടത്. കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവ് സി.എ.ജിക്ക് കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. |
ശൈശവ ദശയില്‍ മാങ്കുളം പദ്ധതി: നഷ്ടമാകുന്നത് സംസ്ഥാനത്തിന് ലഭിക്കേണ്ട 25 കോടി യൂനിറ്റ് വൈദ്യുതി Posted: 17 Dec 2012 10:03 PM PST അടിമാലി: മാങ്കുളം ജലവൈദ്യുതി പദ്ധതി പൂര്‍ത്തിയാക്കാത്തതിനാല്‍ പ്രതിവര്‍ഷം സംസ്ഥാനത്തിന് ലഭിക്കേണ്ട 25 കോടി യൂനിറ്റ് വൈദ്യുതി പാഴാകുന്നു. മാങ്കുളം ജലവൈദ്യുതി പദ്ധതി യഥാസമയം പൂര്‍ത്തിയാക്കാത്തതാണ് പ്രശ്നം രൂക്ഷമായിരിക്കുന്നത്. 80 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയാണ് മാങ്കുളത്ത് പൂര്‍ത്തിയാകേണ്ടത്. അതായത് പ്രതിവര്‍ഷം കുറഞ്ഞത് 25 കോടി യൂനിറ്റ് വൈദ്യുതി. ഇതിന് ഇപ്പോള്‍ ബോര്‍ഡ് വാങ്ങുന്ന വിലയനുസരിച്ച് 250 കോടി നല്‍കണം. 2008 ലാണ് മാങ്കുളം പദ്ധതിക്ക് ഭൂമിയേറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായത്. 1894 ലെ ബ്രിട്ടീഷ് നിയമമനുസരിച്ച് ഭൂമി പിടിച്ചെടുക്കാം എന്നതാണ് ബോര്‍ഡിന്‍െറ ലക്ഷ്യം. കുറഞ്ഞത് ആറ് മാസത്തെ വൈദ്യുതിയുടെ വില നല്‍കിയാല്‍ കര്‍ഷകരുടെ സമ്മതത്തോടെ ഭൂമിയേറ്റെടുക്കാന്‍ കഴിയും. എന്നാല്‍, നാല് വര്‍ഷമായിട്ടും ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാറിനായിട്ടില്ല. ജില്ലാ കലക്ടറാണ് പദ്ധതിയുടെ നോഡല്‍ ഓഫിസര്‍. 250 കര്‍ഷകരില്‍ 40 പേര്‍ വസ്തു നല്‍കാമെന്ന് ഇതുവരെ സമ്മതിച്ചിട്ടുണ്ട്. ഒരു സെന്‍റ് സ്ഥലം പോലും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഈ രീതിയില്‍ നീങ്ങിയാല്‍ നാല് വര്‍ഷം കൂടി എടുത്താലും ഇപ്പോഴത്തെ രീതിയില്‍ ഭൂമിയേറ്റെടുക്കാന്‍ കഴിയില്ല. എന്നാല്‍, കേവലം ആറു മാസം കൊണ്ട് എല്ലാ തടസ്സങ്ങളും നീക്കി ഭൂമി സര്‍ക്കാറിന് വിട്ടുനല്‍കാമെന്ന് കര്‍ഷകര്‍ പറയുന്നു. നഷ്ടപരിഹാര പാക്കേജ് ഉണ്ടാക്കിയാല്‍ ഭൂമി നല്‍കാന്‍ കര്‍ഷകര്‍ തയാറാണ്. എന്നാല്‍, നിവേദനവുമായി തിരുവനന്തപുരത്തെത്തിയ കര്‍ഷക സംഘടനയോട് ചര്‍ച്ചക്ക് വിളിക്കാമെന്ന് ഉറപ്പ് നല്‍കിയ മന്ത്രി പിന്നീട് ഇതിന് തയാറായിട്ടില്ലായെന്ന് കര്‍ഷകര്‍ പറയുന്നു. വൈദ്യുതി പ്രതിസന്ധിയല്ല, രാഷ്ട്രീയവും ചിലരുടെ പിടിവാശിയുമാണ് മാങ്കുളം പ്രശ്നത്തെ സങ്കീര്‍ണമാക്കുന്നത്. നല്‍കാന്‍ പണമില്ലെങ്കില്‍ ലാഭം പങ്കുവെക്കുന്ന പുതിയ പദ്ധതിയും സര്‍ക്കാറുമായി ചര്‍ച്ച ചെയ്യാന്‍ സംഘടനകളും കര്‍ഷകരും തയാറാണ്. ഭൂമി കിട്ടിയില്ലെങ്കില്‍ പദ്ധതി വേണ്ടെന്ന് വെക്കുമെന്ന് ഭീഷണിയുമായാണ് ബോര്‍ഡിന്‍െറ ചില ഉദ്യോഗസ്ഥര്‍ കര്‍ഷകരെ സമീപിക്കുന്നത്. ഇതോടൊപ്പം തൊട്ടിയാര്‍, ചെങ്കുളം, പൂന്തേനരുവി, തുടങ്ങിയ പദ്ധതികളും പ്രതിസന്ധിയിലായിരിക്കുകയാണ്. |
മണ്ണെടുപ്പും പാറഖനനവും വ്യാപകം; കന്നിമല നാശത്തിലേക്ക് Posted: 17 Dec 2012 10:00 PM PST പത്തനംതിട്ട: കടമ്പനാട് ഗ്രാമപഞ്ചായത്തിലെ മണ്ണടി കന്നിമലയില്‍ മണ്ണെടുപ്പും പാറഖനനവും വ്യാപകം. ജൈവ വൈവിധ്യം കൊണ്ടും വേനലില്‍ പോലും വറ്റാത്ത നീരൊഴുക്കുകൊണ്ടും മണ്ണടി പ്രദേശത്തിന്‍െറ കാവലായി നിലകൊള്ളുന്ന കന്നിമല നാശത്തിലേക്ക്. പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍പ്പെടുന്ന കന്നിമലയില്‍ 25 സെന്‍റ് വസ്തുവില്‍ നിന്ന് പാറഖനനം നടത്തുന്നതിന് ജിയോളജി വകുപ്പില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം മണ്ണിന് അടിയിലെ പാറപൊട്ടിക്കുന്നതിനായി ആഴത്തില്‍ മേല്‍മണ്ണ് എടുത്തുമാറ്റിയിരിക്കുകയാണ്. ഏകദേശം രണ്ട് ഏക്കര്‍ സ്ഥലത്തെ ലക്ഷക്കണക്കിന് ലോഡ് മണ്ണ് ഇവിടെ നിന്ന് എടുത്തുമാറ്റിയിട്ടുണ്ട്. ക്വാറിയുടെ തൊട്ടടുത്തായിട്ടാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. ഉഗ്ര സ്ഫോടനത്തെ തുടര്‍ന്ന് പാറച്ചീളുകള്‍ അങ്കണവാടി കെട്ടിടത്തിന് മുകളില്‍ പതിക്കാറുണ്ട്. പ്രദേശവാസികള്‍ ജിയോളജി വകുപ്പിന് നല്‍കിയ പരാതിയെ തുടര്‍ന്ന് പാറഖനനം താല്‍ക്കാലികമായി നിരോധിച്ചിരുന്നതാണ്. ക്വാറി മാഫിയയുടെ സ്വാധീനത്തെ തുടര്‍ന്ന് ഒക്ടോബര്‍ 25 ന് നിരോധം പിന്‍വലിച്ചു. പഞ്ചായത്ത് ഭരണസമിതിയും ക്വാറി മാഫിയക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ ഉത്തരവില്‍ 45 എച്ച്.പിയുടെ ഒരു ജാക്ഹാമര്‍ മാത്രം ഉപയോഗിക്കാനാണ് അനുമതി . എന്നാല്‍ രണ്ട് ജാക്ഹാമറും രണ്ട് വിദേശ നിര്‍മിത ബ്രേക്കറും രണ്ട് എക്സ്കവേറ്ററും ഉപയോഗിച്ച് രാപകല്‍ വ്യത്യാസമില്ലാതെ പാറപൊട്ടിക്കുകയാണിപ്പോള്‍. ക്വാറി പ്രവര്‍ത്തനത്തിന് ആവശ്യമായ വെടിമരുന്ന് സൂക്ഷിക്കുന്നത് സമീപത്തെ കോളനി വീടുകളിലും ഷെഡുകളിലുമാണ്. റെവന്യൂ പുറമ്പോക്ക് കൈയേറിയുള്ള പാറഖനനത്തിനെതിരെയുള്ള നാട്ടുകാരുടെ പരാതിയിലും അന്വേഷണം നടന്നിട്ടില്ല. ക്വാറി പ്രവര്‍ത്തനത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ഭയത്തോടെയാണിപ്പോള്‍ കഴിയുന്നത്. ഉഗ്രസ്ഫോടനത്തെ തുടര്‍ന്ന് പല വീടുകളും തകര്‍ന്നു തുടങ്ങിയിട്ടുണ്ട്. പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമവും അനുഭവപ്പെടുന്നു.മലിനീകരണം മൂലം പ്രദേശവാസികള്‍ക്ക് നിരവധി രോഗങ്ങളും ബാധിക്കുന്നുണ്ട്. ക്വാറി പ്രവര്‍ത്തനം നിര്‍ത്തുന്നതിന് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തുവയൂര്‍ കനവ് സാംസ്കാരിക നിലയം ആന്‍ഡ് ഗ്രന്ഥശാല ഭാരവാഹികള്‍ ആവശ്യപ്പെട്ടു. |
അപകടം തുടര്‍ക്കഥ: ചാമപ്പാറയില്‍ നാട്ടുകാര്‍ നാടുവിടുന്നു Posted: 17 Dec 2012 09:54 PM PST മുണ്ടക്കയം: അപകടം ഭയന്ന് രോഗിയായ വൃദ്ധനുമായി നിര്‍ധനകുടുംബം താമസംമാറ്റി. കൊടികുത്തി ചാമപ്പാറ വളവില്‍ അപകടം തുടര്‍ക്കഥയായതോടെ വീട് മാറാനുള്ള ശ്രമത്തിലാണ് പരിസരവാസികള്‍. ഇത്തരത്തില്‍ അപകടം ഭയന്നാണ് നിര്‍ധന കുടുംബം വാടകവീട് ഒഴിഞ്ഞ് നാടുവിട്ടത്. നെടുമ്പാറ തങ്കപ്പന്‍നായരും കുടുംബവുമാണ് തിങ്കളാഴ്ച കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തേക്ക് താമസം മാറ്റിയത്. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശികളായ ഇവര്‍ ആറു മാസം മുമ്പാണ് ചാമപ്പാറ വളവില്‍ വാടകക്ക് താമസം തുടങ്ങിയത്. ഒരു വര്‍ഷ കാലാവധി വ്യവസ്ഥയിലാണ് വീട് വാടകക്ക് എടുത്തത്. തലച്ചോറില്‍ രക്തം കട്ടപിടിച്ച് ശരീരം തളര്‍ന്ന് കിടപ്പായ തങ്കപ്പന്‍ നായരെ (58) ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനും മറ്റുമാണ് ഇവര്‍ കൊടികുത്തിയില്‍ താമസമാക്കിയത്. ആറുമാസത്തിനിടെ നിരവധി അപകടങ്ങള്‍ക്ക് സാക്ഷിയായ ഈ കുടുംബം ഭീതിയിലായി. എട്ടു ദിവസത്തിനിടെ രണ്ട് അപകടങ്ങളില്‍ ഒരാള്‍ മരിക്കുകയും 25 ശബരിമല തീര്‍ഥാടകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ താമസംമാറ്റാന്‍ തീരുമാനിക്കുകയായിരുന്നു ഇവര്‍. കെട്ടിട ഉടമയുമായി സംസാരിച്ച ഇവര്‍ തിങ്കളാഴ്ച തന്നെ പുതിയ താമസസ്ഥലത്തേക്ക് മാറി. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ഈ അഞ്ചംഗ കുടുംബത്തിന് പുതിയ താമസമാറ്റം ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്. |
സംസ്ഥാനം രൂക്ഷമായ വരള്‍ച്ചാഭീഷണിയില്‍ - മുഖ്യമന്ത്രി Posted: 17 Dec 2012 09:40 PM PST തിരുവനന്തപുരം: സംസ്ഥാനം അതിരൂക്ഷമായ വരള്‍ച്ചാഭീഷണിയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വരള്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, കൊല്ലം, വയനാട്, ഇടുക്കി ജില്ലകളെ ഇതിനോടകം വരള്‍ച്ചാബാധിത ജില്ലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ജില്ലകളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യമാണുള്ളത്. ബുധനാഴ്ച അടിയന്തരമായി ദുരന്തനിവാരണ സമിതി യോഗം ചേരുമെന്നും അതിന് ശേഷം തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വരള്‍ച്ച മൂലമുണ്ടാകുന്ന നഷ്ടം മറികടക്കാന്‍ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തും. ഇതിന്റെ പരീക്ഷണ പദ്ധതി പാലക്കാട് നടപ്പാക്കിക്കൊണ്ടിരിക്കയാണ്. വരള്‍ച്ചാ ബാധിത ജില്ലകള്‍ക്ക് കൂടുതല്‍ ഫണ്ട് നല്‍കുന്ന കാര്യം പരിഗണനയിലാണ്. പറമ്പിക്കുളം-ആളിയാര്‍ കരാറിന്റെ ലംഘനമാണ് തമിഴ്‌നാട് നടത്തുന്നത്. കേരളത്തിന് ആവശ്യമായ വെള്ളം നല്‍കുന്നതില്‍ തമിഴ്‌നാട് അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നത്. ഇക്കാര്യം തമിഴ്‌നാടിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെങ്കിലും അനുകൂലമായി പ്രതികരിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാടിനെ നേരിട്ട് ചര്‍ച്ചക്ക് വിളിച്ചെങ്കിലും അവര്‍ തയാറായിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വരള്‍ച്ചാബാധിതരെ സഹായിക്കാന്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് മുല്ലക്കര രത്‌നാകരനാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. മണ്‍സൂണ്‍ മഴയുടെ കുറവു കൊണ്ടു തന്നെ സംസ്ഥാനത്ത് വരള്‍ച്ച നേരിടുമെന്ന് ഉറപ്പായിരുന്നതായും എന്നാല്‍ ഇതിന് അനുസൃതമായ നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരിനായില്ലെന്നും മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ നിന്നും തമിഴ്‌നാട് വെള്ളം നല്‍കാത്തതിനാല്‍ പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. |
സേവനാവകാശനിയമം നടപ്പാക്കാന്‍ കലക്ടറുടെ നിര്‍ദേശം Posted: 17 Dec 2012 09:24 PM PST ആലപ്പുഴ: ജില്ലയില്‍ സംസ്ഥാന സേവനാവകാശനിയമം കൃത്യമായി നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍ പി. വേണുഗോപാല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്ത് അവര്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി. അര്‍ഹതപ്പെട്ട ഒരാളില്‍ നിന്ന് അപേക്ഷ കിട്ടുമ്പോള്‍ അതിന് നിയുക്ത ഉദ്യോഗസ്ഥനോ അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ ഫോറം നമ്പര്‍ ഒന്നില്‍ കൈപ്പറ്റ് രസീത് നല്‍കണമെന്ന് കലക്ടര്‍ അറിയിച്ചു. അപേക്ഷകന് മറുപടി നല്‍കേണ്ടതിന് അനിവാര്യമായ രേഖകള്‍ അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടില്ലെങ്കില്‍ അക്കാര്യം കൈപ്പറ്റു രസീതില്‍ പ്രത്യേകം എഴുതി നല്‍കണം. ആ രേഖ ഹാജരാക്കുന്ന ദിവസം അപേക്ഷ സ്വീകരിച്ച ദിവസമായി കണക്കാക്കും. സേവനത്തില്‍ പോരായ്മയുണ്ടായതായി അപേക്ഷകന്‍ അപ്പീല്‍ അധികാരിക്ക് പരാതി നല്‍കുകയും അധികാരിക്ക് അത് ബോധ്യപ്പെടുകയും ചെയ്താല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്ന് പിഴ ഈടാക്കും. അച്ചടക്കനടപടിയും ഉണ്ടാകും. വില്ലേജോഫിസുകളില്‍ നിന്നു നല്‍കുന്ന സേവനങ്ങള്‍, നിയുക്ത ഉദ്യോഗസ്ഥന്‍, അപ്പീല്‍ അധികാരികള്‍ എന്നിവ സംബന്ധിച്ച വിവരം ചുവടെ. സമയപരിധി ബ്രാക്കറ്റില്‍: വരുമാനം (ആറു ദിവസത്തിനകം) - ജാതി (സംശയം വരുന്ന സാഹചര്യം ഇല്ലാത്ത കേസുകളില്‍ മൂന്നു ദിവസത്തിനകം; പട്ടികജാതി/ വര്‍ഗം ഒഴികെ)- വാലുവേഷന്‍; അഞ്ചു ലക്ഷം രൂപക്കു മുകളില്‍ (15 ദിവസത്തിനകം)- റസിഡന്‍ഷ്യല്‍ (മൂന്നു ദിവസത്തിനകം) - കൈവശാവകാശം (ഏഴു ദിവസത്തിനകം) - റിലേഷന്‍ഷിപ് (ആറു ദിവസത്തിനകം) -ഫാമിലി മെമ്പര്‍ഷിപ് (ആറുദിവസത്തിനകം)- സോള്‍വന്‍സി; അഞ്ചു ലക്ഷം രൂപ വരെ (15 ദിവസത്തിനകം) -ഡൊമിസൈല്‍ (മൂന്നു ദിവസത്തിനകം) -നേറ്റിവിറ്റി (സര്‍ക്കാര്‍ അവധി ദിനം ഒഴികെ അഞ്ചു ദിവസത്തിനകം) -തിരിച്ചറിയല്‍ (അഞ്ചു ദിവസത്തിനകം)-വിധവ (അഞ്ചു ദിവസത്തിനകം)-നോണ്‍ റീമാര്യേജ് (അഞ്ചു ദിവസത്തിനകം)-ലൈഫ് (അഞ്ചു ദിവസത്തിനകം) -വണ്‍ ആന്‍ഡ് സെയിം (അഞ്ചു ദിവസത്തിനകം)-നോണ്‍ ക്രീമിലെയര്‍ (ഏഴു ദിവസത്തിനകം)- അഗതി (അഞ്ചു ദിവസത്തിനകം) -ആശ്രിത (ഏഴു ദിവസത്തിനകം)-പൊസഷന്‍ ആന്‍ഡ് നോണ്‍ അറ്റാച്ച്മെന്‍റ് (ഏഴു ദിവസത്തിനകം)- ലൊക്കേഷന്‍ (അഞ്ചു ദിവസത്തിനകം) - അനന്തരാവകാശം - ഒരു ലക്ഷം രൂപ വരെ (ഗസറ്റ് വിജ്ഞാപനം വന്ന് 30 ദിവസത്തിനു ശേഷം). സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള നിയുക്ത ഉദ്യോഗസ്ഥന്‍ വില്ലേജ് ഓഫിസറാണ്. ഈ വിഷയങ്ങളിലെ സേവനം സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്ക് ഒന്നാം അപ്പീല്‍ അധികാരിയായ തഹസില്‍ദാര്‍ക്ക് പരാതി നല്‍കാം. രണ്ടാം അപ്പീല്‍ അധികാരി റവന്യൂ ഡിവിഷനല്‍ ഓഫിസറാണ്. ആധാരം കൈമാറ്റം വഴിയുള്ളതും കോടതി ഉത്തരവു പ്രകാരവുമുള്ള പോക്കുവരവ് ചെയ്തു കൊടുക്കേണ്ടതും വില്ലേജ് ഓഫിസറാണ്. ഒന്നാം അപ്പീല്‍ അധികാരി തഹസില്‍ദാറും രണ്ടാം അപ്പീല്‍ അധികാരി ജില്ലാ കലക്ടറുമാണ്. കണ്‍വേര്‍ഷന്‍ (ഏഴു ദിവസത്തിനകം)-ഇന്‍റര്‍കാസ്റ്റ് മാര്യേജ് (15 ദിവസത്തിനകം) സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ നിയുക്തനായ ഉദ്യോഗസ്ഥന്‍ തഹസില്‍ദാരാണ്. സേവനം സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്ക് ഒന്നാം അപ്പീല്‍ അധികാരിയായ ആര്‍.ഡി. ഒ.ക്കു പരാതി നല്‍കാം. രണ്ടാം അപ്പീല്‍ അധികാരി കലക്ടറാണ്. 15 ദിവസത്തിനകം നല്‍കേണ്ട ഇന്‍ഡിജന്‍റ് സര്‍ട്ടിഫിക്കറ്റിന്‍െറ നിയുക്ത ഉദ്യോഗസ്ഥന്‍ ആര്‍.ഡി.ഒ.യാണ്. ഒന്നാം അപ്പീല്‍ അധികാരി കലക്ടറും രണ്ടാം അപ്പീല്‍ അധികാരി ലാന്‍ഡ് റവന്യൂ കമീഷണറുമാണ്. താലൂക്കോഫിസ്, ആര്‍.ഡി.ഒ. ഓഫിസ് തുടങ്ങിയവയില്‍ നിന്നു നല്‍കേണ്ട സേവനങ്ങള്‍, നിയുക്ത ഉദ്യോഗസ്ഥന്‍, അപ്പീല്‍ അധികാരികള്‍ എന്നിവ സംബന്ധിച്ച വിവരം ചുവടെ. വരുമാനം (ആറു ദിവസത്തിനകം) - ജാതി (മൂന്നു ദിവസത്തിനകം)- വാലുവേഷന്‍; അഞ്ചു ലക്ഷം രൂപക്കു മുകളില്‍ (15 ദിവസത്തിനകം)- റസിഡന്‍ഷ്യല്‍ (മൂന്നു ദിവസത്തിനകം) - കൈവശാവകാശ (ഏഴു ദിവസത്തിനകം) - റിലേഷന്‍ഷിപ് (ആറു ദിവസത്തിനകം) -ഫാമിലി മെംബര്‍ഷിപ് (ആറ് ദിവസത്തിനകം)- സോള്‍വന്‍സി; അഞ്ചു ലക്ഷം രൂപ വരെ (15 ദിവസത്തിനകം) -ഡൊമിസൈല്‍ (മൂന്നു ദിവസത്തിനകം) -നേറ്റിവിറ്റി (അഞ്ചു ദിവസത്തിനകം) -തിരിച്ചറിയല്‍ (അഞ്ചു ദിവസത്തിനകം)-വിധവ (അഞ്ചു ദിവസത്തിനകം)-നോണ്‍ റീമാര്യേജ് (അഞ്ചു ദിവസത്തിനകം)-ലൈഫ് (അഞ്ചു ദിവസത്തിനകം) -വണ്‍ ആന്‍ഡ് സെയിം (അഞ്ചു ദിവസത്തിനകം)-നോണ്‍ ക്രീമിലെയര്‍ (ഏഴു ദിവസത്തിനകം)- അഗതി(അഞ്ചു ദിവസത്തിനകം) -ആശ്രിത(ഏഴു ദിവസത്തിനകം)-പൊസഷന്‍ ആന്‍ഡ് നോണ്‍ അറ്റാച്ച്മെന്‍റ് (ഏഴു ദിവസത്തിനകം)- ലൊക്കേഷന്‍(അഞ്ചു ദിവസത്തിനകം) -അനന്തരാവകാശം ഒരു ലക്ഷം രൂപ വരെ (ഗസറ്റ് വിജ്ഞാപനം വന്ന് 30 ദിവസത്തിനു ശേഷം) സര്‍ട്ടിഫിക്കറ്റുകള്‍നല്‍കാനുള്ള (സംസ്ഥാനേതര ആവശ്യത്തിന്) നിയുക്ത ഉദ്യോഗസ്ഥന്‍ തഹസില്‍ദാരാണ്. കണ്‍വേര്‍ഷന്‍ (ഏഴു ദിവസത്തിനകം)-ഇന്‍റര്‍ കാസ്റ്റ് മാര്യേജ് (ഏഴു ദിവസത്തിനകം) സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ നിയുക്തനായ ഉദ്യോഗസ്ഥനും തഹസില്‍ദാരാണ്. സേവനം സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്ക് ഒന്നാം അപ്പീല്‍ അധികാരിയായ ആര്‍.ഡി. ഒക്കു പരാതി നല്‍കാം. രണ്ടാം അപ്പീല്‍ അധികാരി കലക്ടറാണ്. 15 ദിവസത്തിനകം നല്‍കേണ്ട ഇന്‍ഡിജന്‍റ് സര്‍ട്ടിഫിക്കറ്റിന്‍െറ നിയുക്ത ഉദ്യോഗസ്ഥന്‍ ആര്‍.ഡി.ഒയാണ്. ഒന്നാം അപ്പീല്‍ അധികാരി കലക്ടറും രണ്ടാം അപ്പീല്‍ അധികാരി ലാന്‍ഡ് റവന്യൂ കമീഷണറുമാണ്. സര്‍വേ വകുപ്പില്‍ നിന്ന് പൊതുജനങ്ങള്‍ക്കു നല്‍കുന്ന സ്കെച്ചുകളുടെയും അനുബന്ധ റെക്കോഡുകളുടെയും പകര്‍പ്പിനായി ലഭിക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കാനുള്ള സമയപരിധി ഏഴു ദിവസമാണ്. നിയുക്തനായ ഉദ്യോഗസ്ഥന്‍ സര്‍വേ സൂപ്രണ്ട് ഓഫിസുകളില്‍ സൂപ്രണ്ടുമാരും അസിസ്റ്റന്‍റ് ഡയറക്ടറോഫിസില്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരുമാണ്. ഒന്നാം അപ്പീല്‍ അധികാരി സര്‍വേ അസിസ്റ്റന്‍റ് ഡയറക്ടറും രണ്ടാം അപ്പീല്‍ അധികാരി സര്‍വേ ഡെപ്യൂട്ടി ഡയറക്ടറുമാണ്. യോഗത്തില്‍ അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് കെ.പി. തമ്പി, ആലപ്പുഴ ആര്‍.ഡി.ഒ ആന്‍റണി ഡൊമിനിക്, ഡെപ്യൂട്ടി കലക്ടര്‍മാരായ സി.കെ. ചന്ദ്രന്‍ നായര്‍, എം.കെ. കബീര്‍, ജയ്സിങ്, ഹുസൂര്‍ ശിരസ്തദാര്‍ അബൂബക്കര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |
കൊച്ചി മെട്രോ സ്ഥല നഷ്ടപരിഹാരം; 25 കോടി കൂടി ജില്ലാ ഭരണകൂടത്തിന് കൈമാറി Posted: 17 Dec 2012 09:19 PM PST കൊച്ചി: മെട്രോ പദ്ധതിക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് 25 കോടി രൂപ കൂടി ജില്ലാ ഭരണകൂടത്തിന് കൈമാറി. ഇതുള്‍പ്പെടെ 46 കോടിയാണ് ഇതിനകം കെ.എച്ച്.ആര്‍.എല്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടികള്‍ക്കായി കൈമാറിയിരിക്കുന്നത്. പ്രധാനമായും എം.ജി റോഡിന് വീതി കൂട്ടുന്നതിന് സ്ഥലം വിട്ടുനല്‍കിയവര്‍ക്കാണ് ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നത്. ഇവിടെ ഏറ്റെടുക്കുന്ന ഭൂമിയുടെ വില ജില്ലാതല പര്‍ച്ചേസ് കമ്മിറ്റിയും പിന്നീട് സ്റ്റേറ്റ് ലെവല്‍ എംപവേര്‍ഡ് കമ്മിറ്റിയും അംഗീകരിച്ചിരുന്നു. മെട്രോ റെയില്‍ പദ്ധതിക്കായി 40.4 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വന്നത്. ഇതുകൂടാതെ കാക്കനാടിനടുത്ത് മുട്ടത്ത് കോച്ച് മെയിന്‍റനന്‍സ് യാര്‍ഡിനോട് ചേര്‍ന്ന് മെട്രോ വില്ലേജ് സ്ഥാപിക്കാനും സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിന് ഉദ്യോഗസ്ഥരുടെ മൂന്ന് സംഘങ്ങളെയാണ് നിയമിച്ചിരിക്കുന്നത്. സ്റ്റേഷനുകള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് പ്രഥമ പരിഗണന നല്‍കിയാണ് നടപടി പുരോഗമിക്കുന്നത്. ഏഴ് സ്റ്റേഷനുകള്‍ക്കുള്ള സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് പരിശോധന പൂര്‍ത്തിയാക്കി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചുകഴിഞ്ഞു. ഇനിയും ഉടമകള്‍ സമ്മതം നല്‍കാത്തതും ഭൂമി അക്വയര്‍ ചെയ്യുന്നതും സംബന്ധിച്ച് 4 (1) വകുപ്പ് പ്രകാരം നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കും. ജില്ലാതല പര്‍ച്ചേസ് കമ്മിറ്റിയും സ്റ്റേറ്റ് ലെവല്‍ എംപവേര്‍ഡ് കമ്മിറ്റിയും പിന്നീട് ഈ ഭൂമിക്ക് വില നിര്‍ണയിക്കും. പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കേണ്ടി വരുന്നതും സ്ഥലം ഏറ്റെടുക്കുന്നതിനാണ്. ഫെബ്രുവരിയോടെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി പൂര്‍ത്തിയാക്കാനാണ് തീരുമാനം. |
No comments:
Post a Comment