സ്വാഗതം
WELCOME

News Update..

Thursday, December 13, 2012

കൃഷി വകുപ്പിനെതിരെ വിമര്‍ശവുമായി തദ്ദശേ സ്വയംഭരണ വകുപ്പ് Madhyamam News Feeds

കൃഷി വകുപ്പിനെതിരെ വിമര്‍ശവുമായി തദ്ദശേ സ്വയംഭരണ വകുപ്പ് Madhyamam News Feeds

Link to

കൃഷി വകുപ്പിനെതിരെ വിമര്‍ശവുമായി തദ്ദശേ സ്വയംഭരണ വകുപ്പ്

Posted: 12 Dec 2012 11:48 PM PST

Image: 

കണ്ണൂര്‍:പ്രാദേശികാസൂത്രണത്തില്‍ ക്യഷി വകുപ്പ് സഹകരിക്കുന്നില്ലന്നെ്
തദേശ സ്വയംഭരണ വകുപ്പിന്റെവിമര്‍ശം. ഗ്രാമ വികസന മന്ത്രി
കെ.സി.ജോസഫിന്റെഅധ്യക്ഷതയില്‍ ചേര്‍ന്ന വികേന്ദ്രീക്യതാസൂത്രണ
സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ സമിതി യോഗത്തിലാണ് വിമര്‍ശം.
പഞ്ചായത്ത് മന്ത്രി എം.കെ. മുനീറും വിവിധ വകുപ്പ് സെക്രട്ടറിമാരും
പങ്കെടുത്ത യോഗത്തില്‍ പരാതി പെരുകിയതോടെ ക്യഷി വകുപ്പിനെതിരായ പരാമര്‍ശം
മിനുട്സില്‍ രേഖപ്പെടുത്താന്‍ തീരുമാനിച്ചു. 'ക്യഷി വകുപ്പിനെ
പ്രതിനിധാനം ചെയ്ത് ആരും തന്നെ യോഗത്തില്‍ പങ്കെടുത്തില്ല എന്നത് ഗൗരവ
പൂര്‍വം നിരീക്ഷിച്ചു. പ്രാദേശികാസൂത്രണത്തിന്റെഎല്ലാ തലങ്ങളിലും
ക്യഷി വകുപ്പിന്‍ന്റെസഹകരണമില്ലായ്മ പ്രകടമാണെന്നും അത് ഖേദകരമാണെന്നും
അഭിപ്രായം അഭിപ്രായം ഉയര്‍ന്നു.' എന്ന് മിനുട്സില്‍ രേഖപ്പെടുത്തി.
ഇത് രണ്ടാമത്തെ അസാധാരണ നടപടിയാണ്. ധന സെക്രട്ടറി യോഗത്തില്‍
ഹാജരാവാത്തതിനെതിരെ നേരത്തെ നഗര കാര്യ, ഗ്രാമ വികസന, പഞ്ചായത്ത്
മന്ത്രിമാര്‍ സംയുക്തമായി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കാന്‍
തീരുമാനിച്ച കാര്യം മിനുട്സില്‍ രേഖപ്പെടുത്തിയിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ കാര്‍ഷിക മേഖലയില്‍ നടപ്പാക്കേണ്ട
പദ്ധതികള്‍ക്ക് ക്യഷി വകുപ്പിന്റെസഹകരണം കൂടിയേ തീരൂ.
ഗ്രാമ വികസന, ക്യഷി മന്ത്രിമാര്‍  കണ്ണൂര്‍ ജില്ലക്കാരായിട്ടും സംസ്ഥാനതല
യോഗ മിനുട്സില്‍ പരാമര്‍ശമുണ്ടായതിന് ചില രാഷ്ട്രീയ മാനങ്ങളുണ്ടെന്നാണ്
സൂചന.
കെ.സി.ജോസഫിനാണ് കണ്ണൂര്‍ ജില്ലയുടെ ചുമതല; ക്യഷി മന്ത്രി കെ.പി.മോഹനന്
കാസര്‍ക്കോട് ജില്ലയുടെയും. കോട്ടയം ജില്ലക്കാരനായ കെ.സി.ജോസഫിനേക്കാള്‍
കണ്ണൂരുകാരനായ മോഹനനാണ് കണ്ണൂര്‍ ജില്ലയുടെ കാര്യങ്ങളില്‍ കൂടുതല്‍
ശ്രദ്ധിക്കാന്‍ കഴിയുകയെന്ന അഭിപ്രായമുയരുന്നുണ്ട്.കാസര്‍ക്കോട്ട്
നിന്നാവട്ടെ, മോഹനനെ ചുമതലയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം ആ ജില്ലയിലെ
യു.ഡി.എഫ് നേത്യത്വം മുഖ്യമന്ത്രിയുടെ മുമ്പാകെ സമര്‍പ്പിച്ചിട്ടുമുണ്ട്.

 

കുവൈത്ത്: മന്ത്രിസഭ അധികാരമേറ്റു

Posted: 12 Dec 2012 11:33 PM PST

Image: 

കുവൈത്ത് സിറ്റി: രാജ്യത്ത് ഒരു വര്‍ഷത്തിനിടെ നാലാമത്തെ തവണ പുതിയ മന്ത്രിസഭ അധികാരമേറ്റു. ബുധനാഴ്ച സീഫ് പാലസില്‍ നടന്ന ചടങ്ങില്‍ അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹിന് മുമ്പാകെയാണ് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹിന്‍െറ നേൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചൊല്ലിയത്.
ഈ മാസം ഒന്നിന് നടന്ന തെരഞ്ഞെടുപ്പോടെ നിലവില്‍വന്ന പുതിയ പാര്‍ലമെന്‍റ് സമ്മേളനം ഞായറാഴ്ച തുടങ്ങുന്നതിന്‍െറ മുന്നോടിയായി അഴിച്ചുപണിത മന്ത്രിസഭയില്‍ പ്രധാനമന്ത്രിയെ കൂടാതെ 15 മന്ത്രിമാരാണുള്ളത്. ഇതില്‍ രണ്ടു വനിതകളടക്കം അഞ്ചു പേര്‍ പുതുമുഖങ്ങളാണ്. മുന്‍ എം.പി കൂടിയായ ഡോ. റോള അല്‍ ദശ്തിയും ദിക്റ ആഇദ് അല്‍ റശീദിയുമാണ് മന്ത്രിസഭയില്‍ ഇടംപിടിച്ച വനിതകള്‍. തെരഞ്ഞെടുപ്പിന് പിന്നാലെ രാജിവെച്ച മന്ത്രിസഭയില്‍ വനിതകളുണ്ടായിരുന്നില്ല.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വനിതകള്‍ക്ക് അനുമതി ലഭിച്ചതുമുതല്‍ രംഗത്തുള്ള വ്യക്തിയാണ് റോളയെങ്കില്‍ ദിക്റ താരതമ്യേന പുതുമുഖമാണ്. നാലാം മണ്ഡലത്തില്‍നിന്ന് ജയിച്ച ദിക്റ തെരഞ്ഞെടുപ്പ് വഴി പാര്‍ലമെന്‍റിലെത്തിയ 50 പേരില്‍ മന്ത്രിസഭയില്‍ ഇടംപിടിച്ച ഏക അംഗമാണ്. രാജ്യത്തെ നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍നിന്നില്ല മന്ത്രിസഭ രൂപവല്‍ക്കരിക്കുന്നത്. മറിച്ച് മന്ത്രിസഭാംഗങ്ങള്‍ക്ക് നേരിട്ട് പാര്‍ലമെന്‍റ് അംഗത്വം ലഭിക്കുന്ന രീതിയാണ് കുവൈത്തില്‍ പിന്തുടര്‍ന്നുവരുന്നത്. റോളക്ക് ആസൂത്രണ-വികസന കാര്യ, പാര്‍ലമെന്‍ററി കാര്യ വകുപ്പുകളും ദിക്റക്ക് തൊഴില്‍-സാമൂഹിക കാര്യ വകുപ്പുമാണ് ലഭിച്ചത്.
ശൈഖ് സല്‍മാന്‍ സാലിം അല്‍ ഹമൂദ് അസ്വബാഹും ശരീദ അബ്ദുല്ല അല്‍ മഊശര്‍ജിയും ഡോ. മുഹമ്മദ് ബര്‍റാക് അല്‍ ഹൈഫിയുമാണ് മന്ത്രിസഭയിലെ മറ്റു പുതുമുഖങ്ങള്‍. ശൈഖ് സല്‍മാന് ഇന്‍ഫര്‍മേഷന്‍ വകുപ്പും അല്‍ മഊശര്‍ജിക്ക് നിതീന്യായ, ഓൗഖാഫ്-ഇസ്ലാമിക കാര്യ വകുപ്പുകളും, അല്‍ ഹൈഫിക്ക് ആരോഗ്യ വകുപ്പുമാണ് ലഭിച്ചത്. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുണ്ടായിരുന്ന മുന്‍ പാര്‍ലമെന്‍റില്‍ കുറ്റവിചാരണക്ക് വിധേയനായി രാജിവെക്കേണ്ടവന്ന ധനമന്ത്രി മുസ്തഫ ജാസിം അല്‍ ശിമാലിയുടെ തിരിച്ചുവരവാണ് ശ്രദ്ധേയം. രാജിവെക്കുമ്പോഴുണ്ടായിരുന്ന ഉപപ്രധാനമന്ത്രി സ്ഥാനവും ധനകാര്യ വകുപ്പുമായി തന്നെയാണ് ശിമാലിയുടെ രണ്ടാം വരവ്. മന്ത്രിസഭയിലെ മറ്റു പ്രമുഖരായ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ  ശൈഖ് അഹ്മദ് അല്‍ ഹമൂദ് അല്‍ ജാബിര്‍ അസ്വബാഹ്, ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് അഹ്മദ് ഖാലിദ് അല്‍ ഹമദ് അസ്വബാഹ്, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് സ്വബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്വബാഹ് എന്നിവര്‍ സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ഇവരില്‍ ശൈഖ് സ്വബാഹ് അല്‍ ഖാലദിന്‍െറ കാബിനറ്റ് കാര്യം ശൈഖ് മുഹമ്മദ് അബ്ദുല്ല അല്‍ മുബാറക് അസ്വബാഹിന് നല്‍കിയത് മാത്രമാണ് മാറ്റം.
വാണിജ്യ-വ്യവസായ മന്ത്രി അനസ് ഖാലിദ് അല്‍ സാലിഹ്, കമ്യൂണിക്കേഷന്‍ മന്ത്രി സാലിം മുതീബ് അല്‍ ഉതൈന, വിദ്യാഭ്യാസ മന്ത്രി ഡോ. നാഇഫ് ഫലഹ് അല്‍ ഹജ്റഫ്, എണ്ണ മന്ത്രി ഹാനി അബ്ദുല്‍ അസീസ് ഹുസൈന്‍ എന്നിവര്‍ക്കും മാറ്റമൊന്നുമില്ല.
മുന്‍ മന്ത്രിസഭയില്‍ നിതീന്യായ, ഓൗഖാഫ്-ഇസ്ലാമിക കാര്യ മന്ത്രിയായിരുന്ന ജമാല്‍ അഹ്മദ് അല്‍ ശിഹാബ്, ആരോഗ്യ മന്ത്രിയായിരുന്ന ഡോ. അലി സഅദ് അല്‍ ഉബൈദി, പൊതുമരാമത്ത്, ആസൂത്രണ-വികസന കാര്യ മന്ത്രിയായിരുന്ന ഡോ. ഫാദില്‍ അല്‍ സഫര്‍ എന്നിവരാണ് പുറത്തായത്. തൊഴില്‍-സാമൂഹിക കാര്യ മന്ത്രി ലഫ്. ജനറല്‍ അഹ്മദ് അബ്ദുല്ലത്തീഫ് അല്‍ റുജൈബ്, ദേശീയ അസംബ്ളി കാര്യ, ഭവന മന്ത്രി: ശുഐബ് ശബാബ് അല്‍ മുവൈസിരി എന്നിവര്‍ കഴിഞ്ഞ മന്ത്രിസഭയില്‍നിന്ന് ഇടക്ക് തന്നെ രാജിവെച്ചിരുന്നു.

മന്ത്രിസഭ
പ്രധാനമന്ത്രി: ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹ്
ഒന്നാം ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി: ശൈഖ് അഹ്മദ് അല്‍ ഹമൂദ് അല്‍ ജാബിര്‍ അസ്വബാഹ്
ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി: ശൈഖ് അഹ്മദ് ഖാലിദ് അല്‍ ഹമദ് അസ്വബാഹ്
ഉപപ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, ക്യാബിനറ്റ് കാര്യമന്ത്രി: ശൈഖ് സ്വബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്വബാഹ്
ഉപപ്രധാനമന്ത്രി, ധനകാര്യ മന്ത്രി: മുസ്തഫാ ജാസിം അല്‍ ശിമാലി
വാണിജ്യ-വ്യവസായ മന്ത്രി: അനസ് ഖാലിദ് അല്‍ സാലിഹ്
തൊഴില്‍-സാമൂഹിക കാര്യ മന്ത്രി: ദിക്റ ആഇദ് അല്‍ റശീദി
ആസൂത്രണ-വികസന കാര്യ മന്ത്രി, പാര്‍ലമെന്‍ററി കാര്യ മന്ത്രി: ഡോ. റോള അല്‍ ദശ്തി
കമ്യൂണിക്കേഷന്‍ മന്ത്രി, ഭവനകാര്യ മന്ത്രി: സാലിം മുതീബ് അല്‍ ഉതൈന
ഇന്‍ഫര്‍മേഷന്‍ മന്ത്രി: ശൈഖ് സല്‍മാന്‍ സാലിം അല്‍ ഹമൂദ് അസ്വബാഹ്
നിതീന്യായ മന്ത്രി, ഓൗഖാഫ്-ഇസ്ലാമിക കാര്യ മന്ത്രി: ശരീദ അബ്ദുല്ല അല്‍ മഊശര്‍ജി
ജല-വൈദ്യുതി മന്ത്രി, പൊതുമരാമത്ത് മന്ത്രി: അബ്ദുല്‍ അസീസ് അബ്ദുല്ലത്തീഫ് അല്‍ ഇബ്രാഹീം
കാബിനറ്റ് കാര്യ മന്ത്രി,  മുനിസിപ്പല്‍ കാര്യ മന്ത്രി: ശൈഖ് മുഹമ്മദ് അബ്ദുല്ല അല്‍ മുബാറക് അസ്വബാഹ്
ആരോഗ്യ മന്ത്രി: മുഹമ്മദ് ബര്‍റാക് അല്‍ ഹൈഫി
വിദ്യാഭ്യാസ മന്ത്രി: ഡോ. നാഇഫ് ഫലഹ് അല്‍ ഹജ്റഫ്
എണ്ണ മന്ത്രി: ഹാനി അബ്ദുല്‍ അസീസ് ഹുസൈന്‍.
 

സുല്‍ത്താനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ 22 പേരുടെ ശിക്ഷ ശരിവെച്ചു

Posted: 12 Dec 2012 11:24 PM PST

Image: 

മസ്കത്ത്: ഗതാഗത തടസമുണ്ടാക്കുക, ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനെ അപകീര്‍ത്തിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളുടെ പേരില്‍   22 സ്വദേശികള്‍ക്ക് ശിക്ഷ വിധിച്ച പ്രൈമറി കോടതിയൂടെ നടപടി അപ്പീല്‍ കോടതി ശരിവെച്ചു. ബുധനാഴ്ച നടന്ന നാലാമത് വാദം കേള്‍ക്കലിന് ശേഷമാണ്  വിധി പ്രഖ്യാപിച്ചത്. തെറ്റായ രീതിയില്‍ കൂട്ടം കൂടി നിന്നതിന് 11 പേര്‍ക്ക് ആറ് മാസം തടവും 600 റിയാല്‍ പിഴയും വിധിച്ചു. ഗതാഗത തടസ്സമുണ്ടാക്കിയതിന് ഇവര്‍ക്ക് ആറ് മാസം അധിക തടവും വിധിച്ചു. ബദര്‍ അല്‍ റാഷ്ദി, മുഹമ്മദ് അല്‍ അല്‍ അക്സമി, മുഖ്താര്‍ അല്‍ ഹാര്‍ത്തി എന്നീ ജഡ്ജിമാര്‍ അടങ്ങിയ മൂന്നംഗ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കവി സഈദ് അല്‍ ഹാഷ്മി, മാധ്യമ പ്രവര്‍ത്തക ബാസ്മ അല്‍ റജ്ഹി, ബാസ്മ അല്‍ കിയൂമി, മുഖ്താര്‍ അല്‍ഹിനായ്, നാസര്‍ അല്‍ ഗിലാനി, മുഹമ്മദ് അല്‍ ഷെസാരി, ഖാലിദ് നൗഫലി, ബദര്‍ അല്‍ ജാബ്രി, മുഹമ്മദ് അല്‍ ജമൂദി, അബ്ദുല്ല അല്‍ ഗിലാനി, എഴുത്തകാരനായ മഹമൂദ് അല്‍ റവാഹി എന്നവര്‍ക്ക് കീഴ്കോടതി നല്‍കിയ വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. തങ്ങള്‍ക്കെതിരെ പ്രൈമറി കോടതി ശിക്ഷയയായി വിധിച്ച ഒരു വര്‍ഷം തടവും ആയിരം റിയാല്‍ പിഴയും  ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ്  ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ശിക്ഷ വിധിച്ചവരെ  സുമൈല്‍ സെന്‍ട്രല്‍ ജയിലിലേക്ക് അടുത്ത ആഴ്ച അയക്കും.
ഒമാന്‍ സൈബര്‍ നിയമങ്ങള്‍ ലംഘിക്കുകയും ഒമാന്‍ ഭരണാധികാരിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിന് മുഹമ്മദ് അല്‍ ജമൂദി, മുഖ്താര്‍ അല്‍ ഹിനായ്, ഖാലിദ് അല്‍ നൗഫലി എന്നിവരുടെ പേരില്‍ മറ്റൊരു കേസും നിലവിലുണ്ട്. ഈ മാസം 19 , 26 എന്നീ തീയതികളില്‍ ഈ കേസില്‍  വാദം കേള്‍ക്കും.
ബാക്കിയുള്ള 11 പേര്‍ തങ്ങള്‍ക്കെതിരെയുള്ള കുറ്റം നിഷേധിച്ചെങ്കിലും ഇവര്‍ക്കെതിരെയുള്ള ഗതാഗത തടസ്സമുണ്ടാക്കിയെന്ന കുറ്റം കോടതി  തള്ളുകയും തെറ്റായ രീതിയില്‍ കുട്ടം കൂടി നിന്നുവെന്ന കുറ്റം ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. ഇസ്മാഈല്‍ അല്‍ മുഖ്ബലി, ഹബീബ അല്‍ ഹിനായ്, യഖൂബ് അല്‍ ഖാറൂസി എന്നിവരെ അറസ്റ്റ് ചെയ്തതിനെതിരെ മസ്കത്തില്‍ പ്രതിഷേധം നടത്തിയവാരണിവരാണ് പിടിയിലായ 11 പേര്‍.

മുലായമിനെതിരായ അന്വേഷണം തുടരാം -സുപ്രീംകോടതി

Posted: 12 Dec 2012 11:20 PM PST

Image: 

ന്യൂദല്‍ഹി:  സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും  മകനും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന് സൂപ്രീംകോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസന്വേഷണത്തിന്റെപുരോഗതി കേന്ദ്ര സര്‍ക്കാറിനെയല്ല, മറിച്ച് കോടതിയെയാണ് അറിയിക്കേണ്ടതെന്നും കോടതി സി.ബി.ഐയോട് നിര്‍ദേശിച്ചു. അതേസമയം, കേസില്‍ നേരത്തെ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന അഖിലേഷിന്റെഭാര്യയും ലോക്സഭാ അംഗവുമായ ഡിംപിള്‍ യാദവിനെതിരെ അന്വേഷണം തുടരേണ്ടതില്ലെന്നും കോടതി വിധിയില്‍ പറയുന്നു. കേസന്വേഷണം ആരംഭിക്കുമ്പോള്‍ ഇവര്‍ക്ക് ഔദ്യാഗിക പദവികളൊന്നും ലഭിച്ചിരുന്നില്ലെന്ന് ് കോടതി ചൂണ്ടിക്കാട്ടി. 2007 മാര്‍ച്ചിലാണ് ഇവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചായിരുന്നു വിധി. മുലായമിന്റെമറ്റൊരു മകന്‍ പ്രതീക് യാദവും കേസില്‍ പ്രതിയാണ്.

 

കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചാല്‍ നടുവൊടിയും

Posted: 12 Dec 2012 10:56 PM PST

Image: 

തിരുവനന്തപുരം: മാസം 300 യൂനിറ്റിന് മേല്‍ ഉപയോഗിക്കുന്ന വീടുകളില്‍ നടുവൊടിക്കുന്ന വൈദ്യുതി ചാര്‍ജാകും വരിക. വ്യവസായ-വാണിജ്യ മേഖലക്ക് കനത്ത ആഘാതം ഇത് സൃഷ്ടിക്കും. വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് റെഗുലേറ്ററി കമീഷന്‍ അനുവദിച്ചിരിക്കുന്നത്. വൈദ്യുതിയുടെ വിപണി വില യൂനിറ്റിന് 11 രൂപ മാത്രമായിരിക്കെ 17 രൂപ വരെ ഈടാക്കാന്‍ കമീഷന്‍ അവസരമൊരുക്കുന്നു. അതേസമയം, വ്യവസായം അടക്കം ചില വിഭാഗങ്ങള്‍ക്ക് ആഘാതം കുറയുകയും ചെയ്യും.
ഉപയോഗം മാസം 300 യൂനിറ്റിന് മേലായാല്‍ അധികം ഉപയോഗിക്കുന്ന ഓരോ യൂനിറ്റിനും 15 രൂപയാകും നല്‍കേണ്ടി വരിക. 500 യൂനിറ്റ് വരെ ഈ നിരക്കില്‍ നല്‍കണം. നിലവിലെ നിരക്കും അതിന്‍െറ അത്രയും വരുന്ന പിഴയുമാണ് നല്‍കേണ്ടത്. അതായത് 300  മേല്‍ 500 യൂനിറ്റ് വരെ ഒരു യൂനിറ്റിന് 7.50 രൂപയാണ് നിരക്ക്. അതോടൊപ്പം 7.50 രൂപ കൂടി നല്‍കണം. 500 യൂനിറ്റ് മാസം ഉപയോഗിക്കുന്നവര്‍ക്ക് നിലവിലെ നിരക്കിന് പുറമെ 1500 രൂപ കൂടി അധികം നല്‍കണം. 500 യൂനിറ്റിന് മേല്‍ മാസം ഉപയോഗിക്കുന്നവര്‍ക്ക് യൂനിറ്റിന് 6.50 രൂപയാണ് നിരക്ക്. ഉപയോഗിക്കുന്ന എല്ലാ യൂനിറ്റുകള്‍ക്കും ഇവര്‍ക്ക് ഒരേ നിരക്കാണ്. പുതിയ നിയന്ത്രണം വന്നതോടെ 500 യൂനിറ്റ് മേല്‍ വരുന്ന ഓരോ യൂനിറ്റിനും നിലവിലെ നിരക്കിനൊപ്പം 6.50 രൂപ കൂടി നല്‍കണം.
ഹൈ ടെന്‍ഷന്‍, എക്സ്ട്രാ ഹൈടെന്‍ഷന്‍ വ്യവസായ ഉപഭോക്താക്കള്‍ക്ക് നിലവിലെ നിരക്ക് യൂനിറ്റിന് 4.10 രൂപ മുതല്‍ 6.50 രൂപ വരെയാണ്. 75 ശതമതാനം ഉപയോഗത്തിന് ഈ നിരക്ക് തന്നെ നല്‍കിയാല്‍ മതിയാകും. എന്നാല്‍ അതിന് ശേഷം വരുന്ന ഓരോ യൂനിറ്റിനും നിലവിലെ നിരക്കിന് പുറമെ 4.10 മുതല്‍ 6.50 രൂപ വരെ അധികവും നല്‍കണം. കഴിഞ്ഞ ജൂലൈ ഒന്നു മുതല്‍ 30 ശതമാനത്തോളം വര്‍ധന വ്യവസായികളുടെ നിരക്കില്‍ വരുത്തിയിരുന്നു. ഇതിന് പുറമെയാണ് ഉയര്‍ന്ന ഉപയോഗത്തിന് പെനാല്‍റ്റി ഏര്‍പ്പെടുത്തിയത്. ഇ.എച്ച്.ടി വിഭാഗത്തില്‍ നിലവിലെ നിരക്ക് യൂനിറ്റിന് നാല് രൂപയാണ്. അധിക ഉപയോഗത്തിന് അവര്‍ യൂനിറ്റിന് ഇത്രയും തുക അധികം നല്‍കണം.
എല്‍.ടി രണ്ടില്‍ സര്‍ക്കാര്‍ ഓഫിസുകള്‍, റെയില്‍വേ, സര്‍വകലാശാലകള്‍ എന്നിവരാണ് വരുന്നത്. ഇവയ്ക്ക് നിലവിലെ നിരക്ക് യൂനിറ്റിന് 6.50 രൂപയാണ്. 80 ശതമാനത്തില്‍ അധികം വരുന്ന ഉപയോഗത്തിന് ഇരട്ടി തുകയാകും നിരക്കായി നല്‍കേണ്ടി വരിക. എല്‍.ടി നാല് വ്യവസായത്തില്‍ വരുന്ന ഓയില്‍ മില്ലുകള്‍, തടിമില്ലുകള്‍, ക്രഷര്‍ യൂനിറ്റുകള്‍, സോഫ്റ്റ്വെയര്‍ സെന്‍ററുകള്‍, ഡെയറി, ജലവിതരണം, പ്രിന്‍റിങ് പ്രസുകള്‍ തുടങ്ങിയവക്ക് നിലവിലെ നിരക്ക് യൂനിറ്റിന് 4.25 രൂപയാണ്. 80 ശതമാനത്തിന് മുകളില്‍ വരുന്ന യൂനിറ്റുകള്‍ക്ക് ഇവയും ഇരട്ടി വില നല്‍കണം.എല്‍.ടി ആറ് എയില്‍ ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ തുടങ്ങിയവയാണ് വരുന്നത്. ഇവരുടെ നിരക്ക് 500 യൂനിറ്റ് വരെ 4.80 രൂപയും 500ന് മുകളില്‍ 5.50 രൂപയുമാണ്. എല്‍.ടി ആറ് ബിയില്‍ യൂനിറ്റിന് 5.50 മുതല്‍ 6.50 വരെയും എല്‍.ടി ആറ് സിയില്‍ ഏഴ് രൂപ മുതല്‍ 8.50 വരെയുമാണ് യൂനിറ്റിന് നിരക്ക്. 80 ശതമാനത്തിന് മുകളില്‍ ഇവരെല്ലാം ഇരട്ടി ചാര്‍ജ് നല്‍കണം. അതായത് യൂനിറ്റിന് 8.50 രൂപ നിലവില്‍ നല്‍കുന്നവര്‍ 80 ശതമാനത്തിന് മേലുള്ള യൂനിറ്റിന് 17 രൂപയാകും നല്‍കേണ്ടി വരിക. ആദായനികുതി, എയര്‍പോര്‍ട്ട് അതോറിറ്റി, നികുതി ഓഫിസുകള്‍, ബാങ്കുകള്‍, എ.ടി.എം കൗണ്ടറുകള്‍ തുടങ്ങിയവക്കാണ് ഇത് ബാധകം.
എല്‍.ടി ഏഴ് എയില്‍ നിലവിലെ നിരക്ക് യൂനിറ്റിന് 5.45 രൂപ മുതല്‍ 8.50 രൂപവരെയാണ്.എല്‍.ടി ഏഴ് ബിയ്ക്ക് ആറ് രൂപ വരെയും എല്‍.ടി ഏഴ് സിയ്ക്ക് 6.50 രൂപ വരെയുമാണ് യൂനിറ്റിന് വില. ഇവയിലും 80 ശതമാനത്തിന് മുകളില്‍ ഇരട്ടി വില നല്‍കണം. സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് നിരക്ക് വര്‍ധന കൊണ്ട് വലിയ ഭാരം ഉണ്ടാകില്ല.

യൂത്ത് ലീഗ് ഇ. അഹമ്മദിനെതിരെ

Posted: 12 Dec 2012 10:50 PM PST

Image: 
Subtitle: 
കേന്ദ്ര-കേരള സര്‍ക്കാറുകള്‍ക്ക് രൂക്ഷവിമര്‍ശം

കോഴിക്കോട്: മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്‍റ് കേന്ദ്രമന്ത്രി ഇ. അഹമ്മദിനെതിരെ യൂത്ത്ലീഗ്. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന എക്സിക്യൂട്ടിവ് മീറ്റിലാണ് ഇ. അഹമ്മദിനും കേന്ദ്ര-കേരള സര്‍ക്കാറിനുമെതിരെ രൂക്ഷവിമര്‍ശം ഉയര്‍ന്നത്. ഇരു സര്‍ക്കാറിന്‍െറയും നയപരിപാടികളെ രൂക്ഷമായി വിമര്‍ശിച്ചും തെറ്റുതിരുത്താന്‍ ആവശ്യപ്പെട്ടും അരഡസന്‍ പ്രമേയങ്ങളും യോഗം അംഗീകരിച്ചു. യൂത്ത്ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിങ് കമ്മിറ്റി ഏകപക്ഷീയമായി പ്രഖ്യാപിച്ചതും മുസ്ലിംലീഗ് ദേശീയ കൗണ്‍സില്‍ യോഗം ചര്‍ച്ചക്ക് അവസരം നല്‍കാതെ പ്രഹസനമാക്കിയതും കേന്ദ്രമന്ത്രിയെന്ന നിലയില്‍ മോശമായ പ്രകടനവുമാണ് ഇ. അഹമ്മദിനെതിരെ യോഗത്തില്‍ അംഗങ്ങള്‍ ഉയര്‍ത്തിയ പ്രധാന ആക്ഷേപങ്ങള്‍.
എക്സിക്യൂട്ടിവ് മീറ്റില്‍ നടന്ന സംഘടനാചര്‍ച്ചയില്‍ സംസാരിച്ച മുഴുവന്‍ അംഗങ്ങള്‍ക്കും അരിശം പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്‍റ് ഇ. അഹമ്മദിനോടായിരുന്നു. 80 അംഗ എക്സിക്യൂട്ടിവില്‍ എക്സ് ഒഫീഷ്യോ അംഗമായി പങ്കെടുത്ത എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് ടി.പി. അശ്റഫ് മാത്രമാണ് ഇ. അഹമ്മദിനെ അനുകൂലിക്കാനുണ്ടായത്.
യൂത്ത് അഖിലേന്ത്യാ ഓര്‍ഗനൈസിങ് കമ്മിറ്റി ഇ. അഹമ്മദ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിനെ ചൊല്ലിയാണ് യോഗത്തില്‍ കൂടുതല്‍ വിമര്‍ശമുയര്‍ന്നത്. മുസ്ലിംലീഗിന്‍െറ യുവശക്തിയായ യൂത്ത്ലീഗ് വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഏക സംസ്ഥാനം കേരളമാണെന്നിരിക്കെ സംസ്ഥാന യൂത്ത്ലീഗുമായോ അഖിലേന്ത്യാ ഭാരവാഹികളുമായോ കൂടിയാലോചിക്കാതെ ഓര്‍ഗനൈസിങ് കമ്മിറ്റി പ്രഖ്യാപിച്ചത് ഒട്ടും ശരിയായില്ലെന്ന് യോഗം വിലയിരുത്തി. തങ്ങളോട് കാണിച്ച അവഗണനയുടെ ഈര്‍ഷ്യ ചര്‍ച്ചയില്‍ പങ്കെടുത്ത മിക്ക അംഗങ്ങളും പ്രകടിപ്പിക്കുകയും ചെയ്തു. സംഘടനാതത്ത്വങ്ങള്‍ക്കും ജനാധിപത്യമൂല്യങ്ങള്‍ക്കും വിലകല്‍പിക്കാത്തതാണ് അഖിലേന്ത്യാ പ്രസിഡന്‍റിന്‍െറ നടപടിയെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച യൂത്ത്ലീഗ് പ്രസിഡന്‍റ് പി.എം. സാദിഖലി അഭിപ്രായപ്പെട്ടു. സംഘടനയോടുള്ള സ്നേഹംകൊണ്ടാണ് വസ്തുതകള്‍ മാധ്യമങ്ങള്‍ക്കു മുമ്പാകെ തുറന്നടിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
അഖിലേന്ത്യാ പ്രസിഡന്‍റ് എടുത്ത തീരുമാനം സംഘടനയുടെ നല്ല ഭാവി ഉദ്ദേശിച്ചല്ലെന്നായിരുന്നു ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞത്. ഇ. അഹമ്മദിനെതിരെ കടുത്ത വിമര്‍ശമുയര്‍ത്തി സംസാരിച്ചത് യൂത്ത്ലീഗ്  കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.സി. സുബൈറാണ്. സംഘടനാ നേതൃത്വത്തിലേക്ക് ഒരിക്കല്‍പോലും യോജിച്ച വ്യക്തിയെ നിര്‍ദേശിക്കാത്തയാളാണ് അഹമ്മദെന്നാണ് ഇദ്ദേഹം പറഞ്ഞത്. നിലവിലെ വ്യവസ്ഥാപിതരീതി തകര്‍ക്കാനാണ് അഹമ്മദ് ശ്രമിക്കുന്നതെന്ന് സുബൈര്‍ വിമര്‍ശിച്ചു.
യൂത്ത്ലീഗ് വയനാട് ജില്ലാ പ്രസിഡന്‍റ് യഹിയാ ഖാനും സെക്രട്ടറി ഇസ്മായില്‍ വയനാടും കേന്ദ്രമന്ത്രിയെന്ന നിലയില്‍ അഹമ്മദ് വയനാടിനോട് കാണിച്ച അവഗണനയെക്കുറിച്ചാണ് അവതരിപ്പിച്ചത്. 27 ശതമാനം മുസ്ലിംകള്‍ ഉള്ള വയനാട് ജില്ലയില്‍ നേരത്തേയുണ്ടായിരുന്ന പാസ്പോര്‍ട്ട് സെല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.കണ്ണൂരില്‍ കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ക്കാതെ ജില്ലാ ഭാരവാഹികളെ നേരിട്ട് പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ജൂണ്‍ 20ന് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പ്രകടനമായി വന്ന് ജില്ലാ ലീഗ് ആസ്ഥാനമായ ബാഫഖി സൗധത്തിനു മുന്നില്‍ ഇ. അഹമ്മദിന്‍െറ കോലം കത്തിച്ചിരുന്നു. തുടര്‍ന്ന് കുറച്ചുകാലം പൊലീസ് സംരക്ഷണത്തിലാണ് കണ്ണൂരില്‍ ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി യോഗം ചേര്‍ന്നത്. ചില അംഗങ്ങള്‍ ഈ സംഭവങ്ങളും ചര്‍ച്ചയില്‍ പരാമര്‍ശിക്കുകയുണ്ടായി.  യോഗത്തില്‍ എക്സിക്യൂട്ടിവ് അംഗങ്ങളുന്നയിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും മുസ്ലിംലീഗ് നേതൃത്വത്തെ അറിയിക്കാമെന്ന് തീരുമാനിച്ചാണ് എക്സിക്യൂട്ടിവ് മീറ്റ് പിരിഞ്ഞത്.
അഡ്വ. എസ്. കബീര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കളം, എ.പി. താഹിര്‍, സി.പി.എ. അസീസ്, പി.എ. അഹമ്മദ് കബീര്‍, റഷീദ് ആലായന്‍, കെ.ടി. അബ്ദുറഹ്മാന്‍, കെ.എം. അബ്ദുല്‍ ഗഫൂര്‍, ജലാല്‍ പൂതക്കുഴി, എം.എ. സമദ്, കെ.എ. മുജീബ്, അശ്റഫ് മടാന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. പി.കെ. ഫിറോസ് നന്ദി പറഞ്ഞു.  
 

തൊഴിലാളിയുടെ നരകത്തില്‍ മലയാളിയുടെ വിധിനിര്‍ണയം

Posted: 12 Dec 2012 10:36 PM PST

Image: 

ഗുജറാത്തിലെ ഒന്നാം ഘട്ടവോട്ടെുപ്പ് ഏക മലയാളി സ്ഥാനാര്‍ഥിയുടെ വിധിയും നിര്‍ണയിക്കും. കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് നിക്ഷേപത്തിന്‍െറ സ്വര്‍ഗവാതില്‍ തുറന്നുകൊടുത്തപ്പോള്‍ തൊഴിലാളികളുടെ നരകമായിത്തീര്‍ന്ന രാജ്കോട്ടിലാണ് സി.പി.എം സ്ഥാനാര്‍ഥി തൃശൂര്‍ അന്തിക്കാട്ടെ രാമചന്ദ്രന്‍ ജനവിധി തേടുന്നത്. ഗുജറാത്തില്‍ സി.പി.എം പ്രതീക്ഷ പുലര്‍ത്തുന്ന ഏക സീറ്റ് ഭാവ്നഗറാണെങ്കിലും മോഡിയുടെ തൊഴിലാളി വിരുദ്ധ നയങ്ങളെയും നിയമങ്ങളെയും സമരം കൊണ്ട് നേരിടാന്‍ തന്‍േറടം കാണിച്ച രാമചന്ദ്രന്‍െറ സ്ഥാനാര്‍ഥിത്വമാണ് രാജ്കോട്ട് 68 ഈസ്റ്റിനെ ശ്രദ്ധേയമാക്കിയത്.

തന്‍െറ കമ്യൂണിസ്റ്റ് പ്രവര്‍ത്തനം കളിയല്ല കാര്യമാണെന്ന് ഗുജറാത്തികള്‍ക്ക് കാണിച്ചുകൊടുത്ത രാമചന്ദ്രന്‍ ഇതിനകം നടത്തിയ ഉപവാസസമരങ്ങളിലുടെ തൊഴില്‍ മേഖലയിലെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ചോദ്യം ചെയ്ത് സര്‍ക്കാറിന്‍െ കണ്ണിലെ കരടായി മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പതിനായിരക്കണക്കിന് കോടികളുടെ വായ്പയും സബ്സിഡിയും കോര്‍പേറേറ്റുകള്‍ക്ക് അനുവദിക്കുന്ന ഗുജറാത്തില്‍ തൊഴിലാളികള്‍ക്ക് മോഡി പ്രഖ്യാപിച്ച മിനിമം വേതനം പോലുമില്ലെന്ന വിളിച്ചുപറഞ്ഞ മലയാളി സഖാവിനെ മൂന്നാംമുറ ഉപയോഗിച്ചു തന്നെ ബി.ജെ.പി സര്‍ക്കാര്‍ നേരിട്ടു. പിടിച്ചുകൊണ്ടുപോയി കമഴ്ത്തിക്കിടത്തി നട്ടെല്ല് നുറുങ്ങും വരെ റോളുരുട്ടിയിട്ടും തോറ്റു പിന്മാറാതിരുന്ന രാമചന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പ് കോര്‍പറേറ്റ് ധാര്‍ഷ്ട്യത്തിനെതിനെതിരെയുള്ള സമരായുധമാക്കി മാറ്റി.

രാജ്കോട്ടിലെ ആജിഡാം ശുദ്ധീകരണത്തിന്‍െറ പേര് പറഞ്ഞ് 4,26,000 ചതുരശ്ര മീറ്റര്‍ പ്രദേശം ഒഴിപ്പിച്ച് സ്വകാര്യ കമ്പനികള്‍ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതിനെതിരെ രാമചന്ദ്രന്‍ നയിച്ച സമരം ജയം കണ്ടിരുന്നു. 2007ല്‍ ആജി ഡാം കരകവിഞ്ഞതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവ തൊഴിലാളി കുടുംബങ്ങള്‍ കേന്ദ്ര സഹായത്തില്‍ നിര്‍മിച്ച 1125 വീടുകള്‍ കൈമാറാത്ത വിഷയമായിരുന്നു പിന്നീട് ഏറ്റെടുത്തത്. ഗുജറാത്തിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനെന്ന പേരില്‍ ആരംഭിച്ച ഗുജറാത്ത് സുവര്‍ണ ജയന്തി പദ്ധതിയില്‍ നിന്ന് രാജ്കോട്ടിലെ പതിനായിരക്കണക്ക്െ ദരിദ്രകുടുംബങ്ങളെ ഒഴിവാക്കിയപ്പോഴും രാമചന്ദ്രന്‍ ഉപവാസത്തിനിറങ്ങി. എട്ട് ദിവസം നീണ്ട നിരാഹാര സമരം ജില്ലാ കലക്ടര്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയെ തുടര്‍ന്നാണ് അവസാനിപ്പിച്ചത്.

1996ന് ശേഷം ഗുജറാത്തില്‍ ഒരു ബി.പി.എല്‍ പട്ടിക പുതുക്കിയിട്ടില്ലെന്ന് ഓര്‍മിപ്പിച്ച രാമചന്ദ്രന്‍ രാജ്കോട്ടില്‍ മാത്രം ലക്ഷത്തിലേറെ പേരെ ദരിദ്രരാണ് ഇത് മൂലം ദാരിദ്ര്യരേഖക്ക് മുകളിലെത്തിയതെന്ന് പരിഹസിച്ചു. ദിനേന 150 രൂപ പോലും ലഭിക്കാത്ത തൊഴിലാളികളെയാണ് മോഡി ദരിദ്രരുടെ പട്ടികയില്‍ നിന്നൊഴിവാക്കിയത്. 65,000 കോടി രൂപ കോര്‍പറേറ്റുകള്‍ക്ക് സബ്സിഡി നല്‍കിയ മോഡി ഗുജറാത്തിന്‍െറ വ്യവസായ വികസനത്തിനുള്ള ഫണ്ടില്‍ നിന്ന് 35,000 കോടി രൂപയാണ് ടാറ്റക്ക് വായ്പ നല്‍കിയത്. കോര്‍പറേറ്റുകള്‍ മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നതിന്‍െറ കാരണം മറ്റൊന്നുമല്ലെന്നും രാമചന്ദ്രന്‍ പറയുന്നു.

എട്ടുകിലോമീറ്റര്‍ ചുറ്റളവിലുള്ള 35 ചേരികളിലെ ലക്ഷത്തോളം വോട്ട് മതി രാമചന്ദ്രന്‍െറ വിജയത്തിന്. സ്ഥാനാര്‍ഥി വീടുവീടാന്തരം കയറി വോട്ടുപിടിക്കുന്നത് രാജ്കോട്ടിന്‍െറ ചരിത്രത്തിലാദ്യമാണ്. എന്നാല്‍ ഇതൊന്നും വോട്ടയി മാറുമെന്ന് രാമചന്ദ്രന്‍ പോലും വിശ്വസിക്കുന്നില്ല. തെരഞ്ഞെടുപ്പിന്‍െറ തലേന്ന് പണവുമായെത്തുന്ന സ്ഥാനാര്‍ഥി കാശ് കൊടുത്ത് മക്കളുടെ തലയില്‍ കൈവെച്ച് സത്യം ചെയ്യിക്കുന്നതോടെ മറിച്ചൊന്നും ചെയ്യാന്‍ കഴിയാതെ തൊളിലാളകിള്‍ നിസഹായരാകും. ചേരിയിലെ പാവങ്ങള്‍ കോര്‍പറേറ്റ് മുതലാളിമാരെ പോലെ കള്ളം പറയില്ലെന്ന് രാമചന്ദ്രന്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍െറ നിയമങ്ങളൊന്നും ഗുജറാത്തിന് ബാധകമല്ല. തെരഞ്ഞെടുപ്പിന് പൊതുഅവധി പ്രഖ്യാപിച്ചാലും വ്യവസായ ശാലകള്‍ തുറക്കൂം. തൊഴിലാളികളെ വോട്ടുചെയ്യാനനുവദിക്കതെ തെരഞ്ഞെടുപ്പ് ദിനത്തിലും പണിയെടുപ്പിക്കുകയും ചെയ്യുമെന്നും രാമചന്ദ്രന്‍ പറഞ്ഞു.

features: 
Facebook

സിറിയന്‍ പ്രതിപക്ഷത്തിന് യു.എസ് അംഗീകാരം

Posted: 12 Dec 2012 10:27 PM PST

Image: 

വാഷിങ്ടണ്‍: ബ്രിട്ടനും യൂറോപ്യന്‍ യൂനിയനും പിറകെ അമേരിക്കയും സിറിയയിലെ പ്രതിപക്ഷത്തിന് അംഗീകാരം പ്രഖ്യാപിച്ചു. പ്രസിഡന്‍റ് ബറാക് ഒബാമയാണ് ചൊവ്വാഴ്ച തീരുമാനം പുറത്തുവിട്ടത്.
സിറിയന്‍ ജനതയെ പ്രതിനിധാനംചെയ്യാന്‍ നിയമാനുസൃതമായി അവകാശമുള്ള വേദി പ്രതിപക്ഷം രൂപംനല്‍കിയ മുന്നണിയാണെന്ന് ഒബാമ വിശദീകരിച്ചു.
ഈ നീക്കത്തെ വന്‍ ചുവടുവെപ്പെന്ന് വ്യക്തമാക്കിയ ഒബാമ, ബശ്ശാര്‍ അല്‍അസദ് ഭരണകൂടത്തിനെതിരെ പോരാടുന്ന വിമതര്‍ക്ക് തുറന്ന പിന്തുണ നല്‍കാന്‍ ഇത് അമേരിക്കയെ സഹായിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
അംഗീകാരം തീര്‍ച്ചയായും ഉത്തരവാദിത്തങ്ങളും നല്‍കുന്നുണ്ട്. തങ്ങള്‍ എല്ലാ വിഭാഗങ്ങളെയും പ്രതിനിധാനംചെയ്യുന്നുവെന്നും സ്ത്രീകള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അവകാശങ്ങളുറപ്പുവരുത്തുന്ന രാഷ്ട്രീയമാറ്റത്തിന് കാരണമാകുന്നുവെന്നും ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തവും അവര്‍ക്കുണ്ട് -ഒബാമ പറഞ്ഞു. പക്ഷേ, സിറിയന്‍ പ്രതിപക്ഷത്തിന് ആയുധങ്ങള്‍ നല്‍കണമെന്ന നിര്‍ദേശം യു.എസ് അധികൃതര്‍ തള്ളി. ഈ ആയുധങ്ങള്‍ എങ്ങനെ രാഷ്ട്രീയ സാഹചര്യം മെച്ചപ്പെടുത്തുമെന്നതിനെക്കുറിച്ച് വ്യക്തതയില്ലാതെ ആയുധം നല്‍കുന്നത് ഒരു നല്ല ആശയമല്ലെന്ന് ഒബാമ വിശദീകരിച്ചു.
മൊറോക്കോയില്‍ നടക്കുന്ന സിറിയന്‍ സൗഹൃദ രാഷ്ട്രസമ്മേളനത്തില്‍ അമേരിക്കന്‍ വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി വില്യം ബേണ്‍സ് ഇതുസംബന്ധിച്ച ഔദ്യാഗിക പ്രഖ്യാപനം നടത്തും. എന്നാല്‍, അമേരിക്കയുടെ തീരുമാനത്തെ റഷ്യ അപലപിച്ചു. നേരത്തേയെടുത്ത നയതന്ത്ര തീരുമാനങ്ങളെ തകിടംമറിക്കുന്നതാണ് അമേരിക്കയുടെ പുതിയ നീക്കമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് അഭിപ്രായപ്പെട്ടു. അമേരിക്കന്‍ പ്രഖ്യാപനം മുന്‍ ഉടമ്പടികളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍വവിഭാഗങ്ങളെയും പങ്കെടുപ്പിക്കുന്ന അഖില സിറിയന്‍ സംഭാഷണം എന്ന ഫോര്‍മുലക്ക് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചിരുന്നതായും ലാവ്റോവ് ചൂണ്ടിക്കാട്ടി.
 

ഗുജറാത്തില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

Posted: 12 Dec 2012 10:16 PM PST

Image: 

അഹ്മ്മദാബാദ്: ഗുജറാത്ത് നിയമാസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി. 182 അംഗ നിയമസഭയില്‍ ഇന്ന് 87 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. 1.81 കോടി ജനങ്ങളാണ് ഇന്ന് പോളിങ് ബൂത്തുകളിലെത്തുക.
ആദ്യ ഘട്ടത്തില്‍ 846 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്്. 87 സീറ്റുളിലും ബി.ജെ.പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് 84 സീറ്റിലും പരിവര്‍ത്തന്‍ പാര്‍ട്ടി 83 സീറ്റിലും മത്സരിക്കുന്നുണ്ട്. 383 സ്വതന്ത്രരും മത്സരരംഗത്തുണ്ട്.
മുന്‍ മുഖ്യമന്ത്രിയും മോഡി വിരുദ്ധനുമായ കേശുഭായി പട്ടേലിന് നല്ല സ്വാധീനമുള്ള 48 മണ്ഡലങ്ങളിലെ സ്ഥാനര്‍ഥികള്‍ ഇന്നാണ് ജനവിധി തേടുന്നത്. കേശുഭായിയും മത്സരരംഗത്തുണ്ട്. അദ്ദേഹത്തിന് പുറമെ, നിയമസഭാ സ്പീകര്‍ ഗണപത് വാസവ, സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ആര്‍.സി ഫാല്‍ദു, കോണ്‍ഗ്രസ് അധ്യക്ഷന്‍ അര്‍ജുന്‍ മോദ്വാദിയ, പ്രതിപക്ഷനേതാവ് ശക്തിസിങ് ഗോഹില്‍ തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍.

 

വെറും വിവാദങ്ങളുടെ വഴിയേ

Posted: 12 Dec 2012 07:00 PM PST

Image: 

ഇന്ത്യയുടെ ചില്ലറ വ്യാപാര വിപണി തുറന്നുകിട്ടുന്നതിനുള്ള സമ്മര്‍ദമൊരുക്കുന്നതിന് തങ്ങള്‍ ചെലവിട്ട തുകയും ശ്രമങ്ങളും റീട്ടെയില്‍മേഖലയിലെ അന്താരാഷ്ട്ര ഭീമന്‍ വാള്‍മാര്‍ട്ട് വെളിപ്പെടുത്തിയത് ദേശീയരാഷ്ട്രീയത്തില്‍ പുതിയ വിവാദത്തിനു വഴിവെച്ചിരിക്കുന്നു. ശൈത്യകാല പാര്‍ലമെന്‍റ് സമ്മേളനവും മുന്‍ സമ്മേളനങ്ങളെപ്പോലെ സ്തംഭനാവസ്ഥയിലേക്കു നീങ്ങാന്‍ ഇതിടയാക്കുമോ എന്നു ശങ്കിച്ചാവണം കേന്ദ്രഗവണ്‍മെന്‍റ് അന്വേഷണത്തിന് തയാറായിട്ടുണ്ട്. വാര്‍ത്തകളുടെ നിജസ്ഥിതി അറിയാന്‍ ഒരു റിട്ടയേഡ് ജഡ്ജിയെക്കൊണ്ട് സമയബന്ധിത അന്വേഷണം നടത്തുമെന്ന് കേന്ദ്ര പാര്‍ലമെന്‍ററികാര്യ മന്ത്രി കമല്‍നാഥ് പ്രഖ്യാപിച്ചിരിക്കുന്നു. ചില്ലറ വ്യാപാരരംഗത്തെ പ്രത്യക്ഷ വിദേശനിക്ഷേപത്തിന് ഇന്ത്യന്‍ വിപണി തുറന്നുകൊടുക്കാനുള്ള യു.പി.എ തീരുമാനം പാര്‍ലമെന്‍റില്‍ വിജയിപ്പിച്ചെടുത്ത ശേഷമാണ്, ഇതുമായി ബന്ധപ്പെട്ടു നടന്ന അന്തര്‍ദേശീയ ചരടുവലികളിലേക്ക് വെളിച്ചം വീശുന്ന റിപ്പോര്‍ട്ട് അമേരിക്കയിലെ ‘വാഷിങ്ടണ്‍ പോസ്റ്റ്’ പത്രം പുറത്തുവിട്ടത്. ചില്ലറ വ്യാപാരത്തിലെ വിദേശനിക്ഷേപ സ്വീകരണത്തിന് യു.പി.എയെ പിന്തുണച്ച രാഷ്ട്രീയ ജനതാദള്‍, സമാജ്വാദി പാര്‍ട്ടി കക്ഷികളും ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടതോടെ സര്‍ക്കാറിനു വഴങ്ങുകയല്ലാതെ നിവൃത്തിയില്ലാതെയായി.
444 ബില്യണ്‍ യു.എസ് ഡോളര്‍ വാര്‍ഷിക വിറ്റുവരവുള്ള വാള്‍മാര്‍ട്ട് 500 ബില്യണ്‍ യു.എസ് ഡോളര്‍ വരുമാനമുള്ള ഇന്ത്യന്‍ ചെറുകിട വ്യാപാരരംഗത്ത് കാലൂന്നാന്‍ നോമ്പുനോറ്റിരുന്നിട്ട് കാലം കുറച്ചായി. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ആദ്യ യു.പി.എയും രണ്ടാം യു.പി.എ ഇതുവരെയും സമ്മതം മൂളാതിരുന്നത് മുന്നണി നായകരുടെ ആദര്‍ശപ്രതിബദ്ധതയോ ദേശീയവിഭവങ്ങളോടുള്ള പ്രതിപത്തിയോ കാരണമായിരുന്നില്ല, മുന്നണിക്കകത്തെ ഉടക്കുകളും വിലങ്ങുതടികളുമായിരുന്നു. രണ്ടാം യു.പി.എ  നേര്‍ക്കുനേരെയും വളഞ്ഞും ഈ മുട്ടുകളറുത്തതോടെ ആഗോള സാമ്പത്തികശക്തികളുടെ താല്‍പര്യത്തിനൊത്ത് ഭരണക്രമം മുന്നോട്ടുനീക്കാനുള്ള കളമൊരുങ്ങി. ഇടതുപക്ഷത്തെ നേരത്തേ മാറ്റിനിര്‍ത്തിയും ഇപ്പോള്‍ ശല്യക്കാരായ തൃണമൂല്‍ കോണ്‍ഗ്രസിനെ പുകച്ചുചാടിച്ചും കേന്ദ്രം വഴി വെട്ടിവെളുപ്പിച്ചത് പുത്തന്‍ സാമ്പത്തികപരിഷ്കരണങ്ങളുടെ നിര്‍ബാധമുള്ള നിര്‍വഹണത്തിനാണ്. ഇത് കേന്ദ്രസര്‍ക്കാര്‍ തുറന്നുപറയുന്നുമുണ്ട്. ഈ പരിഷ്കരണങ്ങള്‍ രാഷ്ട്രത്തിന്‍െറ നന്മക്കോ ജനക്ഷേമത്തിനോ വേണ്ടിയാണെന്ന് തട്ടിവിടുന്നുണ്ടെങ്കിലും അത്തരം അന്ധവിശ്വാസമൊന്നും വാസ്തവത്തില്‍ ഈ പരിഷ്കരണങ്ങളുടെ ചുക്കാന്‍ പിടിക്കുന്നയാര്‍ക്കും ഇല്ലെന്നതാണ് സത്യം. അതിന്‍െറ ഏറ്റവും ഒടുവിലത്തെ തെളിവാണ് സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഉയര്‍ത്താനുള്ള തീരുമാനം. സബ്സിഡി ആദിയായ പരിഷ്കരണങ്ങളൊക്കെ രാജ്യത്തിന്‍െറ സാമ്പത്തിക സുസ്ഥിതിക്കു വേണ്ടിയാണെന്നു വാദിച്ചവര്‍ അത് ജനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ജനരോഷം എതിരാകുമെന്നും ഭയക്കുന്നതുകൊണ്ടാണല്ലോ ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍െറ പടിവാതില്‍ക്കലെത്തിയപ്പോള്‍ മറിച്ചൊരു പ്രഖ്യാപനത്തിനു മുതിര്‍ന്നത്. 1990കള്‍ക്കു ശേഷമുള്ള സാമ്പത്തികപരിഷ്കരണങ്ങളൊന്നും ജനക്ഷേമമോ സാമ്പത്തിക സുസ്ഥിതിയോ ലക്ഷ്യംവെച്ച് രൂപംകൊള്ളുന്നതല്ലെന്നും ആഗോള വിപണിനിയന്താക്കളുടെ താല്‍പര്യാര്‍ഥം അവരുടെ വാഴ്ച അരക്കിട്ടുറപ്പിക്കുന്ന തന്ത്രങ്ങളാണെന്നും നമ്മുടെ ഭരണാധികാരികള്‍ അതിന്‍െറ കരുക്കള്‍ മാത്രമാണെന്നുമുള്ള സത്യം ഞങ്ങള്‍ പലപ്പോഴും ചൂണ്ടിക്കാണിച്ചതാണ്. ഇപ്പോള്‍ ഉയര്‍ന്ന വിവാദവും ആ യാഥാര്‍ഥ്യം ആവര്‍ത്തിച്ചുറപ്പിക്കുന്നു.
ലോബിയിങ് എന്ന ഉപശാല വശീകരണം അമേരിക്കയില്‍ അശ്ളീലപദമല്ല; എന്നല്ല, അംഗീകൃത രാഷ്ട്രീയപ്രവര്‍ത്തനമാണ്. സ്വന്തം നേട്ടങ്ങള്‍ക്കു വേണ്ടി വന്‍കിട കമ്പനികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമൊക്കെ അനുവദിക്കപ്പെട്ട പ്രചാരണ, രാഷ്ട്രീയസമ്മര്‍ദ ഉപാധിയാണത്. കമ്പനിഭീമന്മാരുടെ ലോബിയിങ്ങാണ് ആഗോളരാഷ്ട്രീയത്തിന്‍െറതന്നെ ഗതി മാറ്റിമറിച്ചുകളയുന്ന അമേരിക്കന്‍ തീരുമാനങ്ങളുടെയൊക്കെ പിന്നില്‍. ഇതൊന്നും പുകമറയില്‍ ചെയ്യുന്നതുമല്ല. കമ്പനികള്‍ ഓരോ പാദവാര്‍ഷികത്തിലും ലോബിയിങ് റിപ്പോര്‍ട്ട് കണക്കുകള്‍ സഹിതം യു.എസ് സെനറ്റിന് സമര്‍പ്പിക്കണം. ഇങ്ങനെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് 2008 മുതല്‍ ബഹുതല വശീകരണതന്ത്രങ്ങള്‍ക്കായി വാള്‍മാര്‍ട്ട് 25 ദശലക്ഷം യു.എസ് ഡോളര്‍ ചെലവിട്ടതില്‍ ഇന്ത്യയിലെ ചെറുകിട വിപണി തുറന്നുകിട്ടാനുള്ള പ്രവര്‍ത്തനങ്ങളും പെടുമെന്നു ചൂണ്ടിക്കാട്ടിയത്. 2012 സെപ്റ്റംബര്‍ 30ന് അവസാനിച്ച അന്ത്യപാദത്തില്‍ കമ്പനി 1.65 ദശലക്ഷം അഥവാ ഏകദേശം 10 കോടി ഇന്ത്യന്‍ രൂപ, ഇന്ത്യയിലെ പ്രത്യക്ഷ വിദേശ നിക്ഷേപ ചര്‍ച്ചയടക്കമുള്ള കാര്യങ്ങള്‍ക്ക് വിനിയോഗിച്ചെന്നാണ് റിപ്പോര്‍ട്ട്. ഈ ലോബിയിങ്ങില്‍ ഇന്ത്യയില്‍നിന്ന് ആരൊക്കെ വശംവദരായി എന്നും വാള്‍മാര്‍ട്ടിനെ കുടിയിരുത്താന്‍ ആരൊക്കെ എന്തൊക്കെ പങ്കുപറ്റി എന്നുമാണ് അന്വേഷണം ആവശ്യപ്പെടുന്ന കക്ഷികള്‍ ഉയര്‍ത്തുന്ന ചോദ്യം. അഭിഭാഷകനായ എം.എല്‍. ശര്‍മ ഇതുസംബന്ധിച്ച് ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യഹരജിയും സമര്‍പ്പിച്ചിട്ടുണ്ട്. അഴിമതി നിരോധനിയമം ശിക്ഷ അനുശാസിക്കുന്ന കൈക്കൂലിയുടെ ഗണത്തിലാണ് ലോബിയിങ് പെടുകയെന്നും നമ്മുടെ പാര്‍ലമെന്‍ററി സംവിധാനത്തെ തകര്‍ക്കാനോ കളങ്കപ്പെടുത്താനോ ആര്‍ക്കും അധികാരമില്ലെന്നും അതിനാല്‍, ഇക്കാര്യത്തില്‍ കക്ഷികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നുമാണ് ഹരജിക്കാരന്‍െറ വാദം.
ബഹുരാഷ്ട്രകുത്തകകള്‍ക്ക് അവരുടേതായ വഴിയുണ്ട്. ശിവസേനയെ മെരുക്കിയ എന്‍റോണ്‍ മുതല്‍ ഇപ്പോള്‍ വാള്‍മാര്‍ട്ട് വരെ ഇന്ത്യന്‍ രാഷ്ട്രീയ, വാണിജ്യമണ്ഡലത്തെ സ്വാധീനിക്കാനുള്ള ശ്രമം തുടരുന്നു. ലോബിയിങ്ങില്‍ മാധ്യമങ്ങളെ കൂടി വീഴ്ത്തുന്ന വിധം നീരാ റാഡിയയുടെ ടേപ് പറഞ്ഞുതന്നിട്ടുണ്ട്. ന്യൂദല്‍ഹിയിലെ ഉപശാല ഏജന്‍റുമാരുടെ മാധ്യമ, രാഷ്ട്രീയവശീകരണ പ്രവര്‍ത്തനങ്ങള്‍ ഈയടുത്താണ് ‘കാരവന്‍’ മാഗസിന്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ കുത്തകകള്‍ അമേരിക്കയില്‍ നടത്തിവരുന്ന ലോബിയിങ് സംബന്ധിച്ച് ചില ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകളും, ഇതില്‍ ഇത്ര കാര്യമാക്കാനെന്തിരിക്കുന്നു എന്ന മട്ടിലുള്ള നിരീക്ഷണങ്ങളും ഇതോടു ചേര്‍ത്തു വായിക്കാം. രാജ്യവിപണിയും വാണിജ്യരാഷ്ട്രീയതാല്‍പര്യങ്ങളും ഏതു ബഹുരാഷ്ട്ര സ്വകാര്യകമ്പനിക്കും തീറെഴുതുന്നതില്‍ ആധിയൊന്നുമില്ലാത്തവരാണ് ചുരുക്കം ചിലരൊഴികെയുള്ള പാര്‍ട്ടികളെല്ലാം. അവരിപ്പോള്‍ അമേരിക്കയില്‍ നടത്തിയ ഏതാനും കോടി രൂപയുടെ പ്രചാരണസമ്മര്‍ദതന്ത്രങ്ങളില്‍ രാഷ്ട്രീയപ്രതിയോഗികള്‍ എത്ര പങ്കുപറ്റി എന്നറിയാന്‍ ജിജ്ഞാസ പ്രകടിപ്പിക്കുന്നതില്‍ തമാശയുണ്ട്. അന്വേഷണാവശ്യവും ഗതിയും എന്താകുമെന്നതിന്‍െറ പൂര്‍വാനുഭവങ്ങള്‍ എടുത്താല്‍ പുതിയ വിവാദവും ചരമഗതിയടയാനേ സാധ്യതയുള്ളൂ. നമ്മുടെ ജനാധിപത്യ ഭരണകൂടം ആര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന സത്യാവസ്ഥ കാലം നീളെ ചെല്ലുന്തോറും വെളിച്ചത്താകുന്നു എന്നതാണ് ഈ വിവാദങ്ങളുടെയൊക്കെ മിച്ചം.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP