നഗരസഭാ വികസനം: കരട് അംഗീകരിച്ചു Posted: 12 Dec 2012 12:22 AM PST കല്‍പറ്റ: നഗരസഭയുടെ കരടു വികസന രേഖ ജില്ലാ ടൗണ്‍ പ്ളാനിങ് ഓഫിസിന്‍െറ സഹകരണത്തോടെ തയാറാക്കി. ഇതിന് കൗണ്‍സില്‍ അംഗീകാരം നല്‍കി. ഇരുപത് വര്‍ഷത്തെ വികസന പദ്ധതികള്‍ മുന്നില്‍ കണ്ട് തയാറാക്കിയ വികസന രേഖയുടെ കരട് ഇനി സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രസിദ്ധപ്പെടുത്തും. പരാതികളും നിര്‍ദേശങ്ങളും സ്വീകരിച്ച ശേഷമാണ് അന്തിമ രേഖ പ്രസിദ്ധീകരിക്കുക. ജനസാന്ദ്രത വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും ജില്ലാ ആസ്ഥാനമെന്ന നിലയിലും നഗരസഭാ പരിധിയില്‍ വരുന്ന ഭൂമിയുടെ വിനിയോഗം, ഗതാഗതം, ടൂറിസം വികസനത്തിനും കൃഷിക്കും അനുയോജ്യമായ വികസന പദ്ധതികള്‍ എന്നിവ പരിഗണിച്ചായിരിക്കും തുടര്‍ നടപടികള്‍. വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരിക്കും അന്തിമ വികസന രേഖ രൂപപ്പെടുത്തുക. ഗവ.അംഗീകാരത്തിന് ശേഷം പദ്ധതികള്‍ നടപ്പാക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ എ.പി ഹമീദ്, വൈസ് ചെയര്‍പേഴ്സണ്‍ കെ.കെ വത്സല, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ പി.പി ആലി, വി.പി ശോശാമ്മ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗതാഗത വികസനത്തില്‍ കല്‍പറ്റ നഗരസഭ വളരെ പിന്നാക്കം നില്‍ക്കുന്ന സാഹചര്യത്തില്‍ രണ്ടു റിങ് റോഡുകള്‍ (നഗര സിരാകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള റോഡ്) കരട് വികസന പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. കല്‍പറ്റ ബൈപാസിനു പുറമെയാണിത്. ജനസാന്ദ്രതയില്‍ ജില്ലയില്‍ രണ്ടാം സ്ഥാനത്തുള്ള തദേശ സ്വയംഭരണ സ്ഥാപനമാണ് കല്‍പറ്റ നഗരസഭ. ടൗണ്‍ ഉള്‍പ്പെടുന്ന മേഖലയില്‍ കൂടുതല്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുമ്പോള്‍ പ്രാന്തപ്രദേശങ്ങളിലുള്ള വാര്‍ഡുകളില്‍ ജനസാന്ദ്രത കുറവെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ജനസാന്ദ്രതയുള്ള താമസകേന്ദ്രം, കുറഞ്ഞ ജനസാന്ദ്രതയുള്ള താമസകേന്ദ്രം, വാണിജ്യ മേഖല, മിശ്രിത മേഖല (ജനങ്ങള്‍ അധിവസിക്കുന്ന മേഖല +വാണിജ്യ മേഖല), കേന്ദ്രീകൃത ബിസിനസ് മേഖല, വ്യാവസായിക മേഖല, ഗതാഗത, വാര്‍ത്താവിനിമയ മേഖല, ടൂറിസം വികസന മേഖല എന്നിങ്ങനെ നിശ്ചയിച്ചാണ് ഭൂവിനിയോഗ പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പുഴകളും തോടുകളും വനവും സംരക്ഷിക്കുന്നതിന് സംരക്ഷിത മേഖല(ബഫര്‍ സോണ്‍)ക്കും ശിപാര്‍ശ ചെയ്തതായി അധികൃതര്‍ പറഞ്ഞു. നിലവിലുള്ള പോരായ്മകളും ആവശ്യങ്ങളും ചര്‍ച്ച ചെയ്തതിന്‍െറ അടിസ്ഥാനത്തില്‍ ജില്ലാ ആസ്ഥാനമായ കല്‍പറ്റയില്‍ പത്തിലേറെ വികസന പദ്ധതികള്‍ വേണമെന്ന നിര്‍ദേശവും കരട് രേഖ മുന്നോട്ടുവെച്ചിട്ടുണ്ട്. സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, അന്തര്‍ സംസ്ഥാന ബസ് ടെര്‍മിനല്‍, ട്രൈബല്‍ ആശുപത്രി, കണ്‍വെന്‍ഷന്‍ സെന്‍റര്‍, ട്രൈബല്‍ ട്രെയിനിങ് സെന്‍റര്‍, ഓവുചാല്‍ സംവിധാനം, ഫ്രീ മാര്‍ക്കറ്റ്, ഔ്ഡോര്‍ സ്റ്റേഡിയം, ടൗണ്‍ഹാള്‍, പാര്‍ക്ക്, ടൗണ്‍ സ്ക്വയര്‍, മൈലാടിപ്പാറയെയും ഗൂഡലായ്ക്കുന്നിനെയും ബന്ധിപ്പിച്ച് റോപ്വേ തുടങ്ങിയ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഉമൈബ മൊയ്തീന്‍കുട്ടി, നഗരസഭാ സെക്രട്ടറി കുര്യന്‍ ജോണ്‍, ടൗണ്‍ പ്ളാനര്‍ ടി.എന്‍ രാജേഷ്, ഡെപ്യൂട്ടി ടൗണ്‍ പ്ളാനര്‍ രവികുമാര്‍, അസിസ്റ്റന്‍റ് ടൗണ്‍ പ്ളാനര്‍ ടി.എന്‍ ചന്ദ്രബോസ്, മുനിസിപ്പല്‍ എന്‍ജിനീയര്‍ ഏണസ്റ്റ് ലേണല്‍ സ്ഫടികം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. |
വാള്‍മാര്‍ട്ട് റിപ്പോര്‍ട്ട്: ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ Posted: 11 Dec 2012 11:29 PM PST ന്യൂദല്‍ഹി: ഇന്ത്യയില്‍ ചില്ലറ വ്യാപര മേഖലയില്‍ പ്രവേശിക്കാന്‍ അനുകൂല സാഹര്യം ഒരുക്കുന്നതിനായി 125 കോടി ചെലവഴിച്ചുവെന്ന വാള്‍മാര്‍ട്ട് റിപ്പോര്‍ട്ടിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്‍ററി കാര്യമന്ത്രി കമല്‍നാഥാണ് ഇക്കാര്യം അറിയിച്ചത്. റിട്ടയേര്‍ഡ് ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. അമേരിക്കന്‍ സെനറ്റ് മുമ്പാകെ സമര്‍പ്പിച്ച പാതവാര്‍ഷിക റിപോര്‍ട്ടിലാണ് ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് ചെലവഴിച്ച പണത്തെക്കുറിച്ച് വാള്‍മാര്‍ട്ട് വ്യക്താമക്കിയത്. ഈ പണം ആര്‍ക്കൊക്കെ ലഭിച്ചു എന്നതിനെക്കുറിച്ച് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് രണ്ട് ദിവസമായി പാര്‍ലമെന്‍റില്‍ പ്രതിപക്ഷം ശക്തമായ ബഹളം ഉയര്‍ത്തിയിരുന്നു. പ്രതിപക്ഷത്തിന്‍െറ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. |
ത്രിപുരയില്‍ വാഹനാപകടത്തില്‍ പത്തു മരണം Posted: 11 Dec 2012 11:22 PM PST അഗര്‍ത്തല: ത്രിപുരയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പടെ പത്തുപേര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച ജീപ്പ് ഒരു മിനിട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. അഗര്‍ത്തലക്ക് 60 കി.മീ അകലെ പടിഞ്ഞാറന്‍ ത്രിപുരയില്‍ സോനാമുര സബ്ഡിവിഷണില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഗോവിന്ദ് വല്ലഭ് പന്ത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. മോശം കാലാവസ്ഥയും ശ്രദ്ധയില്ലാതെ ഓടിച്ചതുമാണ് അപകടകാരണമെന്നാണ് പൊലീസ് നിഗമനം. അപകടത്തില്‍ ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ ദുഖം രേഖപ്പെടുത്തി. പരിക്കേറ്റവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അറിയിച്ചു. രണ്ടു ദിവസം മുന്‍പ് പടിഞ്ഞാറന്‍ ത്രിപുരയിലെ ഹെസമാരയില്‍ ജീപ്പും ബസും കൂട്ടിയിടിച്ച് ആറു പേര്‍ കൊല്ലപ്പെടുകയും ഇരുപത് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. |
മണല്‍ മാഫിയക്ക് ഒത്താശ: ആരോപണം തെറ്റെന്ന് തഹസില്‍ദാര്‍ Posted: 11 Dec 2012 11:13 PM PST കോഴിക്കോട്: താലൂക്ക് ഓഫിസിലെ സ്പെഷല്‍ സ്ക്വാഡ് മണല്‍ മാഫിയക്ക് ഒത്താശ ചെയ്യുന്നുവെന്ന വാര്‍ത്ത ശരിയല്ലെന്ന് തഹസില്‍ദാര്‍. മണല്‍ സ്ക്വാഡുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫിസിലേക്ക് ബൊലോറോ ജീപ്പ് അനുവദിച്ചിട്ടില്ല. മണല്‍ സ്ക്വാഡിലെ ജീവനക്കാര്‍ പ്രത്യേക പ്രതിഫലമില്ലാതെ 24 മണിക്കൂറും തുടര്‍ച്ചയായി ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ സ്ക്വാഡ് ഡ്യൂട്ടി തരപ്പെടുത്താന്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തുന്നു എന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. സ്ക്വാഡിലെ ഉദ്യോഗസ്ഥര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതി ഉയരുകയോ ഏതെങ്കിലും അന്വേഷണ ഏജന്‍സി നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. തഹസില്‍ദാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. |
കര്‍ണാടക ബി.ജെ.പിയില്‍ രാജി തുടരുന്നു Posted: 11 Dec 2012 11:06 PM PST ബംഗളൂരു: മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച കെ.ജെ.പിയുടെ റാലിയില്‍ പങ്കെടുത്ത എം.എല്‍.എമാര്‍ക്കും എം.എല്‍.സിമാര്‍ക്കുമെതിരെ അച്ചടക്ക നടപടിയെടുക്കുന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം തീരുമാനമെടുക്കാനിരിക്കെ ബി.ജെ.പിയില്‍നിന്ന് രാജി തുടരുന്നു. യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെ ലെജിസ്ളേറ്റിവ് കൗണ്‍സില്‍ അംഗമായി (എം.എല്‍.സി)നോമിനേറ്റുചെയ്ത വിജയ് സങ്കേശ്വര്‍ ബുധനാഴ്ച എം.എല്‍.സി സ്ഥാനം രാജിവെച്ചു. ഹവേരിയില്‍ നടന്ന കെ.ജെ.പി റാലിയില്‍ സങ്കേശ്വര്‍ പങ്കെടുത്തിരുന്നു. ശരീരം ബി.ജെ.പിയിലും മനസ്സ് യെദിയൂരപ്പയോടൊപ്പവുമായി തുടരാനാവാത്തതുകൊണ്ടാണ് രാജിയെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. അധികം വൈകാതെ കെ.ജെ.പിയില്‍ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി വിലക്കുണ്ടായിട്ടും യെദിയൂരപ്പയുമായി വേദി പങ്കിട്ടതിന് 14 എം.എല്‍.എമാര്‍ക്കും അഞ്ച് എം.എല്‍.സിമാര്‍ക്കുമെതിരെ കോര്‍കമ്മിറ്റി യോഗം നടപടിയെടുക്കുമെന്നാണ് കരുതുന്നത്. പാര്‍ട്ടിയുടെ ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാന്‍, ദേശീയ ജനറല്‍ സെക്രട്ടറിയും ബംഗളൂരു സൗത് എം.പിയുമായ അനന്ത്കുമാര്‍, മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍, ഉപമുഖ്യമന്ത്രിമാരായ ആര്‍. അശോക്, കെ.എസ്. ഈശ്വരപ്പ, മുന്‍ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. 14 പേരെ പുറത്താക്കിയാല്‍ 118 അംഗ ബി.ജെ.പി നിയമസഭയില്‍ ന്യൂനപക്ഷമാവും. 112 പേരുടെ പിന്തുണയാണ് ഭരണം നിലനിര്‍ത്താന്‍ വേണ്ടത്. ഏഴ് സ്വതന്ത്ര എം.എല്‍.എമാരില്‍ ഒരാളുടെ പിന്തുണ ബി.ജെ.പിക്കുണ്ട്. കോണ്‍ഗ്രസിന് 71ഉം ജനതാദള്‍ എസിന് 26 അംഗങ്ങളുമുണ്ട്. രണ്ടു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. നിയമസഭയുടെ ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും. എം.എല്‍.എമാരെ പുറത്താക്കാതെ അച്ചടക്ക നടപടിയെടുക്കുന്നതിനെ കുറിച്ചും ബി.ജെ.പി ആലോചിക്കുന്നുണ്ട്. |
ഇന്ത്യയോട് വിടചൊല്ലിയത് ഉദ്യാനനഗരിയില്‍ Posted: 11 Dec 2012 10:15 PM PST ബംഗളൂരു: സിത്താറിന്‍െറ തന്ത്രികളില്‍ വിരല്‍മീട്ടി ആ നാദവിസ്മയം ലോകത്തിന്‍െറ നെറുകയിലെത്തിച്ച പണ്ഡിറ്റ് രവിശങ്കര്‍ ഇന്ത്യയിലെ അവസാന പരിപാടി അവതരിപ്പിച്ചിട്ട് ഒരു വര്‍ഷത്തോട് അടുക്കുന്നു. ദക്ഷിണേന്ത്യയില്‍ തന്‍െറ അവസാന പരിപാടിയാണെന്ന് അറിയിച്ചുകൊണ്ടായിരുന്നു ‘ഗുഡ് ബൈ ബംഗളൂരു’ എന്ന പേരില്‍ രവിശങ്കറും മകള്‍ അനഷ്ക രവിശങ്കറും ചേര്‍ന്ന് ഉദ്യാന നഗരിയില്‍ 2012 ഫെബ്രുവരി ഏഴിന് സംഗീത പരിപാടി അവതരിപ്പിച്ചത്. ബംഗളൂരു പാലസ് ഗ്രൗണ്ടിലെ നിറഞ്ഞ സദസ് ഹര്‍ഷാരവത്തോടെ എഴുന്നേറ്റ് നിന്ന് വണങ്ങിയാണ് ഈ സംഗീതമാന്ത്രികനെയും ഇളമുറക്കാരിയെയും വേദിയിലേക്ക് ആനയിച്ചത്. കണ്ണും കാതും കൂര്‍പ്പിച്ചിരുന്ന ആ ജനസഞ്ചയത്തിന് മുന്നിലേക്ക് നാല് മണിക്കുറോളമാണ് രവിശങ്കറിന്‍െറ തന്ത്രികള്‍ മാന്ത്രിക മഴ പെയ്യിച്ചത്. ദക്ഷിണ ഇന്ത്യയിലെ ആവസാന പരിപാടിയെന്നാണ് അറിയിച്ചിരുന്നതെങ്കിലും രവിശങ്കര്‍ ഇന്ത്യയോട് തന്നെ ഗുഡ്ബൈ പറഞ്ഞ പരിപാടിയായിരുന്നു അത്. പിന്നീട് ഇതു വരെയും രവിശങ്കര്‍ ഇന്ത്യയില്‍ പരിപാടി അവതരിപ്പിച്ചിട്ടില്ല. പരിപാടിയിലുടനീളെ അച്ഛനെ വെല്ലുന്ന പ്രകടനം കാഴ്ച്ചവെച്ച മകള്‍ അനുഷ്കയെ ഇടക്കിടെ പ്രശംസിക്കാനും അദ്ദേഹം മറന്നിരുന്നില്ല. തന്‍െറ വിരലുകളെ പ്രായം ബാധിച്ചെന്നും അനുഷ്കയുടെ യുവത്വമുള്ള ചടുലമായ വിരലുകളാണ് ഈ കച്ചേരിയില്‍ വിജയിച്ചതെന്നും പരിപാടി അവസാനിപ്പിക്കവേ അദ്ദേഹം കാണികളോടായി പറഞ്ഞു. നിലത്തിരുന്ന് മണിക്കൂറുകള്‍ സംഗീതലോകത്ത് മുഴുകുമ്പോഴും 90 പിന്നിട്ട ഒരാളില്‍ നിന്നാണ് ഈ ശുദ്ധസംഗീതം പുറത്ത് വരുന്നതെന്ന് കാണികള്‍ക്ക് പലപ്പോഴും അവിശ്വസനീയ അനുഭവമായിരുന്നു. രണ്ടു പേരുടെ സഹായത്തോടെയാണ് അദ്ദേഹം വേദിയില്‍ പ്രവേശിച്ചതെങ്കിലും അത്തരം അവശതകളൊന്നും സിത്താറില്‍ തൊട്ട വിരലുകള്‍ക്കുണ്ടായിരുന്നില്ല. |
സ്പോര്‍ട്സ് സമാധാനത്തിന്‍െറയും സ്്നേഹത്തിന്‍െറയും സന്ദേശം: അമീര്‍ Posted: 11 Dec 2012 09:37 PM PST ദോഹ: കേവലം വിനോദോപാധി എന്നതിനപ്പും സമാധാനത്തിന്‍െറയും സ്നേഹത്തിന്‍െറയും സന്ദേശമാണ് സ്പോര്‍ട്സ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി. അസ്പെയര്‍ അക്കാദമിയില്‍ പ്രഥമ ദോഹ ഗോള്‍സ് ഫോറത്തിന്‍െറ ഔചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അമീര്‍. സ്പോര്‍ട്സിന്‍െറ പേരിലാണ് ഫോറം സംഘടിപ്പിച്ചിട്ടുള്ളതെങ്കിലും ഒരു വിനോദോപാധിയെന്നതിനപ്പുറം സമത്വത്തിന്‍െറയും സമാധാനത്തിന്‍െറയും ഐക്യത്തിന്‍െറയും സൗഹൃദത്തിന്‍െറയും സഹകരണത്തിന്‍െറയും സഹവര്‍ത്തിത്വത്തിന്‍െറയും സന്ദേശം ഉയര്‍ത്തിപ്പിടിക്കാനും സമൂഹങ്ങളെയും സംസ്കാരങ്ങളെയും കെട്ടിപ്പടുക്കാനും സ്പോര്‍ട്സിന് കഴിയുമെന്ന് അമീര്‍ ചൂണ്ടിക്കാട്ടി. എല്ലാവിധ അസമത്വങ്ങളും പ്രത്യയശാസ്ത്രപരവും സാംസ്കാരികവുമായ തടസ്സങ്ങളും ഇല്ലതാക്കാനുള്ള മികച്ചൊരു ഉപാധിയാണ് സ്പോര്‍ട്സ്. രാജ്യങ്ങള്‍ക്കിടയില്‍ പരസ്പരധാരണയും സഹകരണവും വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന സ്പോര്‍ട്സ് ഇന്ന് പരോഗതിയുടെ അടിസ്ഥാന ഘടകമാണ്. ജനങ്ങളെ തമ്മില്‍ അടുപ്പിക്കാനും സഹിഷ്ണുതയുടെ സംസ്കാരം വളര്‍ത്തിയെടുക്കാനും അഹിംസയുടെ സന്ദേശം പ്രചരിപ്പിക്കാനും അക്രമവും വിദ്വേഷവും വംശീയതയും ഇല്ലാതാക്കാനും ആരോഗ്യകരമായ മത്സരം ശക്തിപ്പെടുത്താനും സ്പോര്‍ട്സിന് കഴിയും. യുവാക്കള്‍ക്ക് ഖത്തര്‍ അങ്ങേയറ്റം പ്രാധാന്യം കല്‍പ്പിക്കുന്നുവെന്ന് അമീര്‍ പറഞ്ഞു. അവരിലൂടെ മാത്രമെ നല്ലൊരു നളെയെ സൃഷ്ടിക്കാനാകൂ. തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ അറബ് വസന്തത്തിന്‍െറ ചാലകശക്തിയായി മാറിയത് യുവാക്കളാണ്. സ്പോര്‍ട്സിലൂടെ മാറ്റങ്ങളുണ്ടാക്കുന്നതിനെക്കുറിച്ച് ഈ രംഗത്തുള്ളവര്‍ക്ക് ആശയങ്ങള്‍ പങ്കുവെക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള വേദിയാണ് ഫോറം. വികസനത്തില്‍ സ്പോര്‍ട്സിനുള്ള പ്രധാന്യം ഖത്തര്‍ തിരിച്ചറിയുന്നു. അതുകൊണ്ടാണ് കായികസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ രാജ്യം വന്‍തോതില്‍ മുതല്‍മുടക്കുന്നത്. ലോകകപ്പ് ഫുട്ബാളിന് ആതിഥ്യമരുളാനുള്ള ഖത്തറിന്‍െറ ആഗ്രഹം ഫിഫ അനുഭാവപൂര്‍വ്വം സ്വീകരിക്കുകയായിരുന്നു. ഇത്തരമൊരു ടൂര്‍ണമെന്‍റ് പശ്്ചിമേഷ്യയില്‍ നടത്തേണ്ടതിന്‍െറ അനിവാര്യത നമ്മളെപ്പോലെ അവര്‍ക്കും ബോധ്യപ്പെട്ടതുകൊണ്ടാണ് ഖത്തറിന്‍െറ ബിഡ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് അമീര്‍ പറഞ്ഞു. 400ഓളം വിദ്യാര്‍ഥികള്‍ക്ക് പുറമെ സ്പോര്‍ട്സ് ഫെഡറേഷനുകള്‍, ക്ളബ്ബുകള്‍ എന്നിവയുടെ പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്. സ്പോര്‍ട്സിന്‍െറ സ്വാധീനം, സുസ്ഥിര വികസനത്തില്‍ സ്പോര്‍ട്സിന്‍െറ പങ്ക്, കായികമേഖലയുടെ മികച്ച ഭാവിക്ക് വരുത്താവുന്ന മാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഫോറം ചര്‍ച്ച ചെയ്യും. ഉദ്ഘാടന ചടങ്ങില്‍ ശൈഖ മൗസ ബിന്‍ത് നാസര്‍, അമീറിന്‍െറ പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് ആല്‍ഥാനി, മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസി, ഫിഫ പ്രസിഡന്‍റ് ജോസഫ് ബ്ളാറ്റര്‍, മന്ത്രിമാര്‍, നയതന്ത്രപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |
അല്‍ഐന്‍ ഡയറിയുടെ പേരില്‍ നാട്ടില്‍ വ്യാജ റിക്രൂട്ട്മെന്‍റ് Posted: 11 Dec 2012 09:32 PM PST ദുബൈ: യു.എ.ഇയിലെ പ്രമുഖ സ്ഥാപനമായ അല്‍ഐന്‍ ഡയറിയുടെ പേരില്‍ നാട്ടില്‍ വ്യാജ റിക്രൂട്ട്മെന്‍റ് നടക്കുന്നു. കൊച്ചി കേന്ദ്രീകരിച്ചുള്ള തട്ടിപ്പില്‍ ഇതിനകം നിരവധി പേര്‍ കുടുങ്ങിയതായി അറിയുന്നു. കമ്പനിയുടെ പേരില്‍ വ്യാജ ഓഫര്‍ ലെറ്റര്‍ ലഭിച്ചവര്‍ തങ്ങളുടെ നിയമനത്തെ കുറിച്ച് അറിയാന്‍ ഓഫിസില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്. അല്‍ഐന്‍ ഡയറിയുടെ പേരില്‍ വ്യാജ ലെറ്റര്‍ഹെഡ് നിര്‍മിച്ചാണ് ജോലി വാഗ്ദാനം ചെയ്യുന്ന കത്ത് ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കുന്നത്. ഇതിനുവേണ്ടി പണവും വാങ്ങുന്നു. പലരില്‍നിന്നും 40,000 രൂപ മുതല്‍ ഈടാക്കിയെന്നാണ് വിവരം. ഒറ്റ നോട്ടത്തില്‍ കമ്പനിയുടെ യഥാര്‍ഥ ലെറ്റര്‍ ഹെഡെന്ന് തോന്നുന്ന വ്യാജ ലെറ്റര്‍ ഹെഡിലെ ലോഗോ, വെബ്സൈറ്റ് വിലാസം, അബൂദബി ഓഫിസിന്‍െറ പോസ്റ്റ് ബോക്സ് നമ്പര്‍ എന്നിവ ശരിയാണെങ്കിലും ഇ-മെയില്‍ വിലാസം ജി-മെയില്‍ ഐഡിയില്‍ പുതുതായി ഉണ്ടാക്കിയതാണ്. അറബിയിലുള്ള പേരില്‍ തെറ്റുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കുന്ന ഓഫര്‍ ലെറ്ററില്‍ പേര്, പാസ്പോര്‍ട്ട് നമ്പര്‍, ജോലി, ശമ്പളം എന്നിവയുണ്ട്. അബ്ദുല്‍ നാസര്‍ ചക്കുങ്ങല്‍ അലവി എന്നയാള്‍ക്ക് നല്‍കിയ ഓഫര്‍ ലെറ്ററില്‍ ഡ്രൈവറുടെ ജോലിയാണ് വാഗ്ദാനം ചെയ്യുന്നത്. ശമ്പളം 2,900 ദിര്‍ഹമിന് പുറമെ ഭക്ഷണ അലവന്‍സായി 200 ദിര്‍ഹം ലഭിക്കുമെന്ന് ഇതിലുണ്ട്. പ്രതിവര്‍ഷം 30 ദിവസത്തെ അവധി ‘ശമ്പളത്തോടെ’ ലഭിക്കും. രണ്ടു വര്‍ഷം കൂടുമ്പോള്‍ കൊച്ചി-അബൂദബി വിമാന ടിക്കറ്റുമുണ്ട്. ജോലി സമയവും മറ്റു വിവരങ്ങളും വ്യക്തമായി ചേര്‍ത്ത ഓഫര്‍ ലെറ്ററില്‍ പക്ഷേ, കമ്പനിയുടെ സീലില്ല. ഉത്തരവാദപ്പെട്ടവരുടെ വിവരങ്ങളും രേഖപ്പെടുത്തിയിട്ടില്ല. അല്‍ഐന്‍ ഡയറിയുടെ ഓഫിസില്‍ നാട്ടില്‍നിന്ന് ചിലര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന്, ഡിസംബര്‍ ആദ്യ വാരം നാട്ടിലുണ്ടായിരുന്ന കമ്പനി എച്ച്.ആര്‍ കോഓഡിനേറ്റര്‍ അബ്ദുല്ലക്ക് വിവരം നല്‍കി. ഒരു ഉദ്യോഗാര്‍ഥിയില്‍നിന്ന് ലഭിച്ച നമ്പറില്‍, ജോലി തേടുന്നയാള്‍ എന്ന നിലയില്‍ ബന്ധപ്പെട്ട അബ്ദുല്ലയെ ഞെട്ടിപ്പിക്കുന്ന മറുപടിയാണ് ലഭിച്ചത്. താന്‍ അല്‍ഐന്‍ ഡയറിയുടെ എച്ച്.ആര്‍ മാനേജരാണെന്ന് ഫോണ്‍ അറ്റന്‍ഡ് ചെയ്തയാള്‍ പറഞ്ഞു. സലീം പറവൂര്‍ എന്ന് പരിചയപ്പെടുത്തിയ ഇദ്ദേഹം, 45000 രൂപ തന്നാല്‍ ജോലി കിട്ടുമെന്ന് പറഞ്ഞു. കമ്പനിക്ക് പണം വേണ്ടെന്നും പക്ഷേ, ഏജന്‍സിക്ക് ഇത് നല്‍കണമെന്നും പറഞ്ഞു. ഇതത്തേുടര്‍ന്ന് അബ്ദുല്ല ആദ്യം ഡി.ജി.പിക്കും പിന്നീട് പറവൂര്‍ പൊലീസിനും പരാതി അയച്ചു. എങ്കിലും ഇതുവരെ തട്ടിപ്പുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അറസ്റ്റ് ചെയ്തതായി വിവരമില്ല. ഈ കമ്പനിയില്‍ നേരത്തെ ജോലി ചെയ്ത തൃശൂര്‍ സ്വദേശിയുടെ ബന്ധുവും തട്ടിപ്പില്‍ കുടുങ്ങിയിട്ടുണ്ട്. അല്‍ഐന്‍ ഡയറിയുടെ പേരില്‍ നാട്ടില്‍ റിക്രൂട്ട്മെന്‍റിന് ആരെയും ഏല്‍പിച്ചിട്ടില്ലെന്നും കമ്പനി ഇപ്പോള്‍ റിക്രൂട്ട്മെന്‍റ് നടത്തുന്നില്ലെന്നും അബ്ദുല്ല ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. |
ഒമാന്‍ സായുധസേനാ ദിനം ആചരിച്ചു Posted: 11 Dec 2012 09:19 PM PST മസ്കത്ത്: ഒമാന്‍ സായുധസേനാ ദിനം ആചരിച്ചു. സീബ് എയര്‍ബേസില്‍ ചൊവ്വാഴ്ച നടന്ന ചടങ്ങില്‍ നീതിന്യായമന്ത്രി അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ സഈദ് അല്‍ സഈദി സൈനികര്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു. ദിനാചരണത്തിന്‍െറ ഭാഗമായി സൈനിക പരേഡും വിവിധ സേനാ വിഭാഗങ്ങളുടെ അഭ്യാസ പ്രകടനങ്ങളും നടന്നു. ചടങ്ങില്‍ വിവിധ സൈനിക വിഭാഗങ്ങളൂടെ തലവന്മാരും മന്ത്രിമാരും മജ്ലിസു ശൂറ അംഗങ്ങളും ശൈഖുമാരും മറ്റ് മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു. സൈനിക വാഹനങ്ങളൂടെ പരേഡും നടന്നു. വിവിധ സേനാ വിഭാഗങ്ങള്‍ അഭ്യാസ പ്രകടനങ്ങളും പരേഡും സംഘടിപ്പിച്ചിരുന്നു. |
ദേശീയ ദിനാഘോഷത്തിന് ബഹ്റൈന്‍ ഒരുങ്ങി Posted: 11 Dec 2012 08:55 PM PST മനാമ: ബഹ്റൈന്‍െറ 41 ാമത് ദേശീയ ദിനാഘോഷത്തിന് നാടെങ്ങും ഒരുക്കം തുടങ്ങി. തലസ്ഥാന നഗരിയായ മനാമ, ഭരണ കൂടം അധിവസിക്കുന്ന റിഫ എന്നിവിടങ്ങളാണ് ഏറ്റവും കൂടുതല്‍ അലങ്കരിച്ചിട്ടുള്ളത്. റോഡുകളിലെ വൈദ്യുതി പോസ്റ്റുകളില്‍ ദേശീയ പതാക ഉയര്‍ന്നു കഴിഞ്ഞു. കൂടാതെ വിവിധ മന്ത്രാലയങ്ങളും മന്ത്രാലയത്തിന് കീഴിലുള്ള ഓഫീസുകളും കൊടികളും തോരണങ്ങളും കൊണ്ട് അലങ്കരിക്കുകയും ഭരണാധികാരികള്‍ക്ക് ആശംസ നേര്‍ന്നു കൊണ്ടുള്ള ബാനറുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള വിവിധ പരിപാടികളില്‍ പങ്കെടുത്ത് വിജയിപ്പിക്കുന്നതിന് വിവിധ മുനിസിപ്പാലിറ്റികളുടെ കീഴില്‍ പ്രത്യേക സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. ദേശീയ ദിനം സമുചിതമായി ആഘോഷിക്കുന്നതിന് മനാമ മുനിസിപ്പാലിറ്റി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ബഹ്റൈന്‍െറ യശസ്സ് ഇതര രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ജനാധിപത്യം നിലനിര്‍ത്തുന്നതിനും ഭരണാധികാരികള്‍ സ്വീകരിച്ച നയങ്ങള്‍ എക്കാലത്തും മാതൃകയാണെന്ന് മനാമ മുനിസിപ്പല്‍ കൗണ്‍സില്‍ വ്യക്തമാക്കി. ദേശീയ ദിനം സമുചിതമായി ആഘോഷിക്കുന്നതിന്‍െറ ഭാഗമായി പ്രധാന വീഥികളുടെ ഓരങ്ങളില്‍ 2.5 ലക്ഷം പൂക്കള്‍ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന അലങ്കാരം ഏറ്റവും മനോഹര കാഴ്ച്ചയായിരിക്കും ഒരുക്കുക. കൂടാതെ രാത്രി സമയത്ത് വര്‍ണമനോഹര കാഴ്ച്ചയൊരുക്കുന്ന വൈദ്യുത ദീപങ്ങള്‍ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്. അല്‍ഫാറൂഖ് സിഗ്നലില്‍നിന്ന് സീഫ് സിഗ്നല്‍ വരെയും അല്‍ ഫാതിഹ് ഹൈവേയില്‍നിന്ന് അല്‍നജ്മ ക്ളബ് സിഗ്നല്‍ വരെയും അവിടെനിന്ന് ഗ്രാന്‍റ് മോസ്ക് സിഗ്നല്‍ വരെയും വൈദ്യുത ദീപത്താല്‍ അലങ്കരിച്ചിട്ടുണ്ട്. കൂടാതെ റിഫ ഭാഗത്ത് റോഡിനിരുവശവും വൃക്ഷങ്ങളിലും വൈദ്യുതി ദീപങ്ങള്‍ കൊണ്ടലങ്കരിക്കുകയും ഭരണാധികാരികള്‍ക്ക് ആശംസകള്‍ നേര്‍ന്നുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. |
No comments:
Post a Comment