സ്വാഗതം
WELCOME

News Update..

Wednesday, December 19, 2012

പോളിയോ തുള്ളി മരുന്ന് വിതരണം: പാകിസ്താനില്‍ മുന്ന് പേര്‍ കൂടി കൊല്ലപ്പെട്ടു Madhyamam News Feeds

പോളിയോ തുള്ളി മരുന്ന് വിതരണം: പാകിസ്താനില്‍ മുന്ന് പേര്‍ കൂടി കൊല്ലപ്പെട്ടു Madhyamam News Feeds

Link to

പോളിയോ തുള്ളി മരുന്ന് വിതരണം: പാകിസ്താനില്‍ മുന്ന് പേര്‍ കൂടി കൊല്ലപ്പെട്ടു

Posted: 19 Dec 2012 12:56 AM PST

Image: 

ഇസ്ലാമാബാദ്: പാകിസ്താനില്‍ പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിന് നിയോഗിക്കപ്പെട്ട മൂന്ന് പേരെ കൂടി വെടിവെച്ച് കൊന്നു. ആരോഗ്യ വകുപ്പിലെ വനിതാ ജീവനക്കാരി, ഇവരുടെ ഡ്രൈവര്‍, ഒരു വിദ്യാര്‍ഥി എന്നിവരാണ് ബുധനാഴ്ച വെടിയുണ്ടക്ക് ഇരയായത്. ചാര്‍സാദ ജില്ലയിലായിരുന്നു യുവതിയും ഡ്രൈവറും കൊല്ലപ്പെട്ടത്  പൊലീസ് അറിയിച്ചു. പെഷാവറില്‍ നടന്ന ആക്രമണത്തിലാണ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത്.
സംഭവത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
തുള്ളി മരുന്ന് നല്‍കാന്‍ നിയോഗിക്കപ്പെട്ട അഞ്ച് വനിതാ ആരോഗ്യ പ്രവര്‍ത്തകര്‍ കറാച്ചിയില്‍ ചൊവ്വാഴ്ച വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഈ മേഖലയില്‍ തുള്ളി മരുന്ന് വിതരണം നിര്‍ത്തി വെച്ചിരിക്കുകയാണ്.  മൂന്ന് ദിവസങ്ങളിലായി രാജ്യത്തെ 52 ലക്ഷം കുട്ടികള്‍ക്ക് പോളിയൊ നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നത്.
തുള്ളിമരുന്ന് വിതരണത്തിനെതിരെ പാകിസ്താനിലെ വിവിധ ഭാഗങ്ങളില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. സി.ഐ.എ വ്യാജ പോളിയോ വാക്സിന്‍ കാമ്പയിന്‍ നടത്തിയാണ് ഉസാമ ബിന്‍ ലാദന്‍െറ ഒളിത്താവളം കണ്ടെത്തിയതെന്നതും എതിര്‍പ്പ് വര്‍ധിപ്പിക്കാന്‍ ഇടയാക്കി. തുള്ളിമരുന്ന് വിതരണത്തിനെത്തിയ വിദേശ സന്നദ്ധ പ്രവര്‍ത്തകരെ  തട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചാരപ്രവര്‍ത്തനം നടത്താനാണ് തുള്ളിമരുന്ന് വിതരണമെന്നാണ് ഇവരുടെ വാദം.

 

രാസമാലിന്യം; പെരിയാറിന് വീണ്ടും നിറംമാറ്റം

Posted: 19 Dec 2012 12:26 AM PST

 കളമശേരി: പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കിയതിനെത്തുടര്‍ന്ന് പുഴ മണിക്കൂറുകളോളം നിറംമാറി ഒഴുകി. വെള്ളം  മഞ്ഞ നിറത്തിലായി. മാലിന്യത്തെത്തുടര്‍ന്ന് പ്രദേശത്താകെ രൂക്ഷ ഗന്ധമായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് ഒന്ന് മുതല്‍ പാതാളം ബണ്ടിന് സമീപമാണ് സംഭവം. മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ സംഭവം വിളിച്ച് അറിയിച്ചെങ്കിലും ഒരു മണിക്കൂര്‍ വൈകിയെത്തി സാമ്പിള്‍ പോലും എടുക്കാതെ മടങ്ങി. എടയാര്‍ വ്യവസായ മേഖലയില്‍ റബര്‍ അനുബന്ധ വ്യവസായ കമ്പനിയില്‍ നിന്നുള്ള രാസമാലിന്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. വേലിയിറക്ക സമയം ആയതിനാലും റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ ഷട്ടര്‍ തുറന്നതും കണ്ടാണ് മാലിന്യം തള്ളിയിരിക്കുന്നതെന്നാണ് ആക്ഷേപം. പുഴയുടെ മധ്യഭാഗത്തുനിന്ന് തുടങ്ങിയ നിറംമാറ്റം ഷട്ടര്‍ വരെ കാണമായിരുന്നു. സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെ ഒഴുക്ക് നിര്‍ത്തി. അതേസമയം സാമ്പിള്‍ പരിശോധന പോലും നടത്താതെ പുഴക്ക് കുറുകെ  നിര്‍മിക്കുന്ന പുതിയ ബണ്ടിന്‍െറ പൈലിങ്ങില്‍ നിന്നുള്ള നിറംമാറ്റമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അടക്കമുള്ള മൂന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം സംഭവ സ്ഥലത്തെത്തിയിട്ടും  സാമ്പിള്‍ ശേഖരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരുടെ ആരോപിക്കുന്നു. അതേ സമയം ബണ്ടിന്‍െറ പൈലിങ് നടക്കുന്നത് പുഴയുടെ അക്കരെയാണ്. അതിന്‍െറ നിറംമാറ്റം ആ ഭാഗത്തുനിന്നും വേണം തുടങ്ങാന്‍.  എടയാറിലെ ചില കമ്പനികളുടെ മാലിന്യക്കുഴല്‍ പുഴയുടെ അടിത്തട്ടുവഴി പുഴയുടെ മറുഭാഗത്ത് സ്ഥാപിച്ചുള്ളതായ പരാതി നേരത്തേ ഉണ്ട്. 

കേരളോത്സവം: പുഴക്കലിന് കിരീടം

Posted: 19 Dec 2012 12:20 AM PST

തൃശൂര്‍: ജില്ലാ കേരളോത്സവത്തില്‍ പുഴക്കല്‍ ബ്ളോക്ക് ചാമ്പ്യന്‍മാര്‍. 208 പോയന്‍റ് നേടിയാണ് പുഴക്കല്‍ ബ്ളോക്ക് ഓവറോള്‍ കിരീടം ചൂടിയത്. 188 പോയന്‍റുമായി തൃശൂര്‍ കോര്‍പറേഷന്‍ രണ്ടാമതെത്തി. പുഴക്കലിന്‍െറ ശ്രീജ കലാതിലകവും ചേര്‍പ്പിന്‍െറ യദു എസ്. മാരാര്‍ കലാപ്രതിഭയുമായി. കലാവിഭാഗത്തില്‍ 81 പോയന്‍റുമായി പുഴക്കല്‍ ബ്ളോക്കും 53 പോയന്‍റുമായി ചേര്‍പ്പ് ബ്ളോക്കും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കായിക വിഭാഗത്തില്‍ 144 പോയന്‍േറാടെ തൃശൂര്‍ കോര്‍പറേഷന്‍ ഒന്നാമതും 127 പോയന്‍റുമായി ഒല്ലൂക്കര ബ്ളോക്ക് രണ്ടാമതുമായി. ചൊവ്വാഴ്ച നടന്ന മത്സരങ്ങളില്‍ കോല്‍കളിയില്‍ ചാവക്കാട് ഒന്നാം സ്ഥാനം നേടി. പുഴക്കലിനാണ് രണ്ടാം സ്ഥാനം. മാപ്പിളപ്പാട്ടില്‍ വടക്കാഞ്ചേരി ഒന്നാമതെത്തിയപ്പോള്‍ മതിലകം രണ്ടാം സ്ഥാനത്തെത്തി. മിമിക്രിയില്‍ പഴയന്നൂര്‍ ഒന്നാമതെത്തി. വടക്കാഞ്ചേരി രണ്ടാമതും. മോണോ ആക്ടില്‍ ചാവക്കാടാണ് ഒന്നാമത്. ഫാന്‍സി ഡ്രസില്‍ കൊടുങ്ങല്ലൂര്‍ ഒന്നാം സ്ഥാനം നേടി.  പഞ്ചഗുസ്തി മത്സരത്തില്‍ 48 പോയന്‍റ് നേടി കൊടകര ബ്ളോക്ക് പഞ്ചായത്ത് ചാമ്പ്യന്‍മാരായി. 13 പോയന്‍റ് നേടിയ ചൊവ്വന്നൂര്‍ ബ്ളോക്ക് പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. പഞ്ചഗുസ്തി വേള്‍ഡ് റഫറി എം.ഡി. റാഫേല്‍, ഷാജു മോന്‍ വട്ടേക്കാട് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
 ടൗണ്‍ഹാളില്‍ നടന്ന സമാപനസമ്മേളനം  ശിവജി ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ദാസന്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സുബി ബാബു വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ ഷാഹു ഹാജി,  കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ,ഡോ. എം. ഉസ്മാന്‍, ജോണ്‍ കാത്തിരങ്കില്‍  എന്നിവര്‍   സംബന്ധിച്ചു.ഈ മാസം 26-30 വരെ സംസ്ഥാന കേരളോത്സവം തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍  20-തോളം വേദികളിലായി നടക്കും.
 

ജില്ലയില്‍ കടലാക്രമണം തടയാന്‍ 23 പുലിമുട്ടുകള്‍ നിര്‍മിക്കാന്‍ പദ്ധതി

Posted: 18 Dec 2012 11:29 PM PST

പൊന്നാനി: ജില്ലയിലെ തീരദേശങ്ങളില്‍ കടലാക്രമണം തടയാന്‍ ജലസേചന വകുപ്പ് 23 പുലിമുട്ടുകള്‍ നിര്‍മിക്കും. പ്രാരംഭ നടപടികള്‍ക്ക് ചെന്നൈ ഐ. ഐ.ടി.യിലെ വിദഗ്ധ സംഘം ജില്ലയില്‍ കടലാക്രമണം രൂക്ഷമായ  തീരദേശങ്ങള്‍ സന്ദര്‍ശിക്കും.
  23 പുലിമുട്ടുകള്‍ക്ക് 38.3 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ഇറിഗേഷന്‍ വകുപ്പ് തയാറാക്കിയത്. കടലാക്രമണം തടയാന്‍ കടല്‍ ഭിത്തിയേക്കാള്‍  ഫലപ്രദവും ശാസ്ത്രീയവുമായ പരിഹാരമാണ് ഇവയുടെ നിര്‍മാണമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്.  പൊന്നാനി ഡിവിഷന് കീഴില്‍ പതിനൊന്ന് പുലിമുട്ടുകള്‍ നിര്‍മിക്കാനാണ് പദ്ധതി. ഇതിന് 20.3 കോടി രൂപയാണ് എസ്റ്റിമേറ്റ്. രണ്ടെണ്ണം പുതുപൊന്നാനി ബീവിജാറത്തിനടുത്താണ്  നിര്‍മിക്കുക. ഇതിന് നാലുകോടിയാണ് എസ്റ്റിമേറ്റ്. പുതുപൊന്നാനി ഭാഗത്ത് ആറെണ്ണം  നിര്‍മിക്കും. ഇതിന് പത്ത് കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. വെളിയങ്കോട്ട് മൂന്നെണ്ണം നിര്‍മിക്കാന്‍ 6.3 കോടി രൂപയുടെ എസ്റ്റിമേറ്റും തയാറാക്കി. തിരൂര്‍ ഡിവിഷന് കീഴില്‍ പടിഞ്ഞാറെക്കര ടൂറിസം പദ്ധതി പ്രദേശം, കൂട്ടായി അഴിമുഖം, പുറത്തൂര്‍ പ്രദേശം എന്നിവിടങ്ങളിലായി നാല് പുലിമുട്ടുകള്‍ നിര്‍മിക്കാന്‍ ആറ് കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്.
 പരപ്പനങ്ങാടി തെക്കേ കടപ്പുറത്ത് മൂന്നെണ്ണം  നിര്‍മിക്കാന്‍ നാലരകോടിയുടെയും  വള്ളിക്കുന്ന് ബാഫഖി നഗറില്‍ മൂന്നെണ്ണത്തിന് നാലരകോടി രൂപയുടെയും ആലിങ്ങല്‍ സൗതില്‍ രണ്ട് പുലിമുട്ടുകള്‍ക്ക് മൂന്ന് കോടി രൂപയുടെയും എസ്റ്റിമേറ്റ് തയാറാക്കി. പൊന്നാനിയില്‍ കടല്‍ഭിത്തിയില്ലാത്ത പുതുപൊന്നാനി ജീലാനി നഗര്‍, അബുഹുറൈ പള്ളി വരെയുള്ള ഭാഗങ്ങളില്‍ കടലാക്രമണത്തില്‍ ഇരുപതോളം വീടുകളാണ് ഈ വര്‍ഷം മാത്രം തകര്‍ന്നത്. നിരവധി വീടുകള്‍ ഇവിടെ വാസയോഗ്യമല്ലാതാവുകയും ചെയ്തു.

കണ്ണൂര്‍ വിമാനത്താവളം 525 ഹെക്ടറില്‍; ചെലവ് 1130 കോടി

Posted: 18 Dec 2012 11:21 PM PST

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട ചെലവുകളും മറ്റും ഉള്‍പ്പെടുത്തി പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കി. മട്ടന്നൂരിനടുത്ത മൂര്‍ഖന്‍പറമ്പില്‍ 525 ഹെക്ടറില്‍ നിര്‍മിക്കുന്ന വിമാനത്താവളത്തിന് 1130 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.
27 വിമാനങ്ങള്‍ ഇറക്കാനും പറക്കാനും പാകത്തിലാവും വിമാനത്താവളം. ദിവസവും 3200 അന്തര്‍ദേശീയ യാത്രക്കാരും 1200 ആഭ്യന്തര യാത്രക്കാരും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 50,000 ചതുരശ്ര മീറ്ററില്‍ ആറ് മീറ്റര്‍ ഉയരത്തിലുള്ള കെട്ടിടങ്ങളാണ് നിര്‍മിക്കുക.
വിമാനത്താവളത്തില്‍ 300 ജീവനക്കാരെ നിയമിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. വിമാനത്താവളത്തില്‍ ദിവസം 110 കിലോ ലിറ്റര്‍ വെള്ളമാണ് വേണ്ടത്. ഇതില്‍ 68 കിലോലിറ്ററും കുടിവെള്ളത്തിനാണ്. മലിനജലത്തിന്‍െറ അളവ് ദിവസം 46 കിലോ ലിറ്ററാണ്. മലിനജല ശുദ്ധീകരണശേഷി 42 കിലോലിറ്ററും.
517 കിലോഗ്രാമാണ് ഖരമാലിന്യമായി ഉണ്ടാവുക. 2500 കിലോവാട്ട് വൈദ്യുതി വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 750 കിലോവാട്ടിന്‍െറ മൂന്ന് ജനറേറ്ററുകളും ഉപയോഗിക്കും. വിമാനത്താവളത്തില്‍ വ്യോമയാന പ്രവര്‍ത്തനമേഖല, യാത്രക്കാരുടെ മേഖല, സാങ്കേതികമേഖല, കാര്‍ഗോ മേഖല, വിമാനം സര്‍വീസ് ചെയ്യുന്ന സ്ഥലം, വിമാനത്താവളത്തിനുള്ള സ്ഥലം, കയറ്റുമതി മേഖല, സ്വതന്ത്ര വ്യാപാര മേഖല എന്നിങ്ങനെ വിവിധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ന്യൂദല്‍ഹി എന്‍വയോണ്‍മെന്‍റല്‍ എന്‍ജിനീയേഴ്സ് ആന്‍ഡ് കണ്‍സല്‍ട്ടന്‍റും സെസും തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിര്‍മാണം
മാര്‍ച്ചില്‍ തുടങ്ങും
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്‍െറ നിര്‍മാണം മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് മന്ത്രി കെ. ബാബു നിയമസഭയില്‍ പറഞ്ഞു. പരിസ്ഥിതി ക്ളിയറന്‍സിനുള്ള അപേക്ഷ ഒരാഴ്ചക്കകം കേന്ദ്രത്തിന് നല്‍കാനാകും. ഫെബ്രുവരി ആദ്യം അനുമതി പ്രതീക്ഷിക്കുന്നു. ജനുവരിയില്‍ ടെന്‍ഡര്‍ വിളിക്കും. കണ്‍സര്‍ട്ടന്‍റിനെ  നിയമിച്ചിട്ടുണ്ട്. വി.എസ് നേരത്തെ അവിടെ കല്ലിട്ടത് ചുറ്റുമതില്‍ കെട്ടാനായിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്‍െറ പദ്ധതിയില്‍ മാറ്റംവരുത്തിയിട്ടില്ല. രണ്ട് മദര്‍ഷിപ്പുകള്‍ ഒരേസമയം അടുക്കാന്‍ ഒന്നാംഘട്ടത്തില്‍ തന്നെ കഴിയും. മൂന്നുമാസത്തിനകം വിഴിഞ്ഞത്തിന്‍െറ പരിസ്ഥിതി അനുമതി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കയര്‍ മേഖലയിലെ ഇന്‍കം സപ്പോര്‍ട്ട് സ്കീമിന്‍െറ ബാക്കി തുക നല്‍കുമെന്ന് മന്ത്രി അടൂര്‍ പ്രകാശും അറിയിച്ചു.

ടി.പി. ചന്ദ്രശേഖരന്‍ വധം: കെ.കെ. രാഗേഷിന്റെ ഹരജി തള്ളി

Posted: 18 Dec 2012 10:53 PM PST

Image: 

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സമിതി അംഗം കെ.കെ രാഗേഷ് ഉള്‍പ്പെടെ 16പേരുടെ ഹരജി തള്ളി. അതേസമയം, രണ്ടു പേരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി. 54ാം പ്രതി കാര്യത്ത് വത്സന്‍, 61ാം പ്രതി മദനന്‍ എന്നിവരെയാണ് പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. പ്രതിപട്ടികയില്‍ നിന്ന ്ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 18പേരാണ് ഹരജി നല്‍കിയിരുന്നത്.
പ്രതികള്‍ക്ക് നാളെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും. മാറാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
 

പറവൂര്‍ പീഡനം: പിതാവിന് ഏഴു വര്‍ഷം തടവ്

Posted: 18 Dec 2012 10:39 PM PST

Image: 
Subtitle: 
മാതാവ് ഉള്‍പ്പെടെ രണ്ടുപേരെ വെറുതെ വിട്ടു

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ 200ലേറെപ്പേര്‍ക്ക് കാഴ്ചവെച്ച കേസില്‍ ഒന്നും മൂന്നും പ്രതികള്‍ക്ക് ഏഴു വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പെണ്‍കുട്ടിയുടെ പിതാവും ഒന്നാം പ്രതിയുമായ സുധീര്‍ അടക്കം നാല് പ്രതികള്‍ കുറ്റക്കാരാണെന്ന് രാവിലെ കോടതി കണ്ടെത്തിയിരുന്നു. വിജയകുമാര്‍, ഉണ്ണികൃഷ്ണന്‍, നോബി സുഗുണന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.ജി.അജിത് കുമാര്‍ ആണ് കേസ് പരിഗണിച്ചത്.

അതേസമയം, കേസിലെ രണ്ടും ആറും പ്രതികളായ പെണ്‍കുട്ടിയുടെ മാതാവ് സുബൈദ, ഇടനിലക്കാരന്‍ ബിജു നാരായണന്‍ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. 2009 ഏപ്രിലില്‍ വീട്ടില്‍ ആരുമില്ലാതിരുന്ന സമയം സുധീര്‍ 14 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുളിച്ചുകൊണ്ടിരിക്കെ മൊബൈലില്‍ പകര്‍ത്തിയ നഗ്‌ന ദൃശ്യങ്ങള്‍ കാണിക്കുകയും വഴങ്ങിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും പെണ്‍കുട്ടിയെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡിപ്പിച്ചത്. സിനിമാ മേഖലകളിലുള്ളവര്‍ ഇത്തരത്തില്‍ ചെയ്യാറുണ്ടെന്നും ആരോടും പറയരുതെന്നും പെണ്‍കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചു.

തുടര്‍ന്ന് പലതവണ പീഡിപ്പിക്കുകയും കേരളത്തിലെ വിവിധയിടങ്ങളിലെ പ്രമുഖര്‍ക്ക് കാഴ്ചവെക്കുകയും ചെയ്ത പെണ്‍കുട്ടിയെ കോയമ്പത്തൂര്‍, ബംഗളുരു എന്നിവിടങ്ങളിലെ പെണ്‍വാണിഭ സംഘത്തിനും പിതാവ് കൈമാറി. പിതാവിന്റെ ആജ്ഞകള്‍ക്ക് പെണ്‍കുട്ടി വഴങ്ങാന്‍ വിസമ്മതിച്ചപ്പോള്‍ വരാപ്പുഴ പാലത്തിന് മുകളില്‍ കൊണ്ടുപോയി തള്ളിയിടുമെന്ന് ഭീഷണിപ്പെടുത്തുകയും അനുജനെ ഫാനിന്റെ ഹുക്കില്‍ തൂക്കിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതിലൂടെ പെണ്‍കുട്ടിയെ സുധീര്‍ നിശബ്ദനാക്കുകയായിരുന്നു.

2009 മുതല്‍ 2012 വരെ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ 162 പേരെ  െ്രെകംബ്രാഞ്ച് ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. 50 ലേറെ കുറ്റപത്രങ്ങള്‍ നല്‍കാനുദ്ദേശിക്കുന്ന കേസിലെല്ലാത്തിലും സുധീറാണ് ഒന്നാം പ്രതി. െ്രെകംബ്രാഞ്ച് ഡി.വൈ.എസ്പിയായിരുന്ന ബിജോ അലക്‌സാണ്ടാറാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിയായിരിക്കെ പീഡനത്തിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്ക് അടുത്ത അധ്യയന വര്‍ഷമെങ്കിലും പഠനം പുനരാരംഭിക്കാന്‍ സാധ്യമാകുംവിധം വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നു.
 

ബത്തേരി സഹ. ബാങ്കില്‍ ഭരണസമിതി പുറത്തേക്ക്

Posted: 18 Dec 2012 10:33 PM PST

സുല്‍ത്താന്‍ ബത്തേരി: ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഭരണം നടക്കുന്ന സുല്‍ത്താന്‍ ബത്തേരി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഏഴ് ഡയറക്ടര്‍മാര്‍ രാജിവെച്ചു.
യു.ഡി.എഫ് മെംബര്‍മാരായ എന്‍.എം. വിജയന്‍, കെ.പി. കുര്യാക്കോസ്, ജോര്‍ജ് നൂറനാല്‍, ഷാജി പാടിപറമ്പ്, സരള ഉണ്ണിത്താന്‍, അഡ്വ. ഏലിയാസ് പോള്‍, വി.ജെ. ജോസഫ് എന്നിവരാണ് രാജിവെച്ചത്.
ഇതില്‍ ഏലിയാസ് പോള്‍ ഒഴികെയുള്ളവര്‍ കോണ്‍ഗ്രസ് അംഗങ്ങളാണ്.  കേരള കോണ്‍ഗ്രസ്-എമ്മിന്‍െറ പ്രതിനിധിയാണ് ഏലിയാസ്. 15 അംഗ ഡയറക്ടര്‍ ബോര്‍ഡില്‍ ബി.ജെ.പി -എട്ട്, കോണ്‍ഗ്രസ് -ആറ്, കേരള കോണ്‍ഗ്രസ്-ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷി നില.  ബി.ജെ.പി സംസ്ഥാന നേതാവായ പി.സി. മോഹനന്‍ മാസ്റ്ററാണ് പ്രസിഡന്‍റ്.  ബി.ജെ.പി അംഗമായ കെ.കെ. രാജന്‍ ഭരണസമിതിയില്‍നിന്ന് നേരത്തെ രാജിവെച്ചിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണം ഇതോടെ പ്രതിസന്ധിയിലായി. 15 അംഗങ്ങളില്‍ എട്ടുപേരും രാജിവെച്ചതോടെ ഭരണസമിതി പുറത്താകും.  
നാടകീയ നീക്കങ്ങള്‍ക്കിടയില്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ബുധനാഴ്ച വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇതേ സമയം ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലേക്ക് നീങ്ങുകയാണ്.

വിവാദം കൊഴുക്കുന്നതിനിടെ ഡി.സി.സി ഓഫിസ് കോണ്‍ഗ്രസ് സ്വന്തമാക്കുന്നു

Posted: 18 Dec 2012 10:27 PM PST

കോഴിക്കോട്: വന്‍തുക മുടക്കി ഡി.സി.സി ഓഫിസ് സ്വന്തമാക്കാനിരിക്കെ കോണ്‍ഗ്രസില്‍ വിവാദം കൊഴുക്കുന്നു. ഉപസമിതിയെ നോക്കുകുത്തിയാക്കി പ്രസിഡന്‍റ് ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിച്ചതാണ് തുടക്കത്തില്‍ ആരോപണത്തിനിടയാക്കിയതെങ്കില്‍ ഇപ്പോഴത്തെ വിവാദം പണപ്പിരിവുമായി ബന്ധപ്പെട്ട സുതാര്യതയില്ലായ്മയാണ്.
കേസില്‍ സുപ്രീംകോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ച കെട്ടിടം ഉടമ മാണിയേടത്ത് ബാലന്‍െറ ആശ്രിതര്‍ക്ക് രണ്ടര കോടി നല്‍കിയാണ് ഓഫിസ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സ്വന്തമാക്കിയത്. ഇതിന്‍െറ രജിസ്ട്രേഷന്‍ നടപടികള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്.
ഡി.സി.സി ഓഫിസ് പ്രശ്നത്തിന് പരിഹാരം കാണാന്‍ കെ.സി. അബു, എം.കെ. രാഘവന്‍ എം.പി, പി. ശങ്കരന്‍, എന്‍. സുബ്രഹ്മണ്യന്‍, എന്‍.പി. മൊയ്തീന്‍, പി.വി. ഗംഗാധരന്‍, ഇ.കെ. ഗോപാലകൃഷ്ണന്‍, എം. വീരാന്‍കുട്ടി എന്നിവരടങ്ങിയ ഉപസമിതിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
ഉപസമിതി അംഗങ്ങള്‍ അറിയാതെ ഡി.സി.സി പ്രസിഡന്‍റ് എതിര്‍കക്ഷിയുമായി വന്‍തുകയുടെ ഒത്തുതീര്‍പ്പുണ്ടാക്കിയത് വിമര്‍ശത്തിനിടയാക്കിയിരുന്നു. ഒടുവില്‍ ഓഫിസ് എന്ന ‘വൈകാരിക’ പ്രശ്നത്തിനു മുന്നില്‍ പണം പിരിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. ജില്ലയിലെ 103 മണ്ഡലം കമ്മിറ്റികള്‍ക്ക് ഒരു ലക്ഷം രൂപ തോതിലാണ് ഇതിനായി ക്വോട്ട നിശ്ചയിച്ചത്. കെ.പി.സി.സി അംഗങ്ങള്‍ 20,000 രൂപ വീതവും ഡി.സി.സി അംഗങ്ങളും ബ്ളോക് പ്രസിഡന്‍റുമാരും 10,000 രൂപ വീതവും ബ്ളോക് ഭാരവാഹികള്‍ 5000 രൂപ വീതവും പിരിച്ചുനല്‍കണമെന്നും തീരുമാനിച്ചു.
 കമ്മിറ്റികളുടെ ക്വോട്ടയും ഭാരവാഹികള്‍ക്ക് നിശ്ചയിച്ച തുകയും ചേര്‍ത്ത് 1.95 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്. അവശേഷിക്കുന്ന പണം പാര്‍ട്ടി ജനപ്രതിനിധികള്‍ പിരിച്ചുനല്‍കണം.
കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്കും ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്കും 10,000 രൂപയും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്ക് 5000 രൂപയുമാണ് നിശ്ചയിച്ചത്. തുകയത്രയും കൈമാറി ഓഫിസ് സ്വന്തമാക്കിയെങ്കിലും പിരിഞ്ഞുകിട്ടിയ പണമെത്രയാണെന്നോ ഇതില്‍ എത്രയാണ് എതിര്‍കക്ഷിക്ക് നല്‍കിയതെന്നോ ഡി.സി.സി പ്രസിഡന്‍റിനല്ലാതെ മറ്റാര്‍ക്കും അറിയില്ലത്രെ. പ്രസിഡന്‍റിനു പുറമെ ട്രഷററെയോ മുതിര്‍ന്ന നേതാക്കളിലാരെയെങ്കിലുമോ ചേര്‍ത്ത് സംയുക്ത ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന് നേതൃയോഗത്തില്‍ അഭിപ്രായമുയര്‍ന്നെങ്കിലും പ്രസിഡന്‍റിന്‍െറ സ്വന്തം പേരിലാണ് അക്കൗണ്ട് തുടങ്ങിയതെന്നും അതില്‍ എത്ര പണം വന്നുവെന്ന് അദ്ദേഹത്തിനു മാത്രമേ അറിയൂ എന്നുമാണ് ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികളിലൊരാള്‍ പറഞ്ഞത്. കമ്മിറ്റികള്‍ക്കും വ്യക്തികള്‍ക്കും നിശ്ചയിച്ച ക്വോട്ടക്കു പുറമെ ജില്ലയിലെ പ്രധാന വ്യവസായികളില്‍നിന്നും വ്യാപാരികളില്‍നിന്നും ലക്ഷങ്ങള്‍ ഈ ആവശ്യത്തിലേക്കായി സമാഹരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുതിര്‍ന്ന ചില നേതാക്കള്‍ വന്‍തുക നല്‍കിയെന്നും സൂചനയുണ്ട്. ഇതെല്ലാം ചേര്‍ത്താല്‍ ലക്ഷ്യമിട്ടതിനേക്കാള്‍ എത്രയോ അധികം തുക ഇതിനകം ലഭിച്ചിട്ടുണ്ടാകുമെന്നാണ് ചില നേതാക്കളുടെ കണക്കുകൂട്ടല്‍.  ഓഫിസ് സ്വന്തമാക്കുന്നതിന്‍െറ ഭാഗമായി എത്ര പണമാണ് നല്‍കിയതെന്ന് പറയാന്‍ ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു വിസമ്മതിച്ചു.
ഒത്തുതീര്‍പ്പനുസരിച്ചുള്ള പണം നല്‍കിയെന്നും രജിസ്ട്രേഷന്‍ ഒരാഴ്ചക്കുള്ളില്‍ നടത്തുമെന്നും വ്യക്തമാക്കിയ അദ്ദേഹം കണക്കുകള്‍ അതിനുശേഷം വെളിപ്പെടുത്തുമെന്നും പറഞ്ഞു.
 

ഗര്‍ഭഛിദ്ര നിയമത്തില്‍ മാറ്റം വരുത്താന്‍ തയ്യാറെന്ന് അയര്‍ലന്‍ഡ്

Posted: 18 Dec 2012 10:00 PM PST

Image: 

ലണ്ടന്‍: ഇന്ത്യക്കാരിയായ ദന്തഡോക്ടറുടെ മരണത്തിന് കാരണമായ വിവാദ നിയമം തിരുത്താന്‍ തയ്യാറാണെന്ന് അയര്‍ലന്‍ഡ്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിട്ടും ഗര്‍ഭഛിദ്രം അനുവദിക്കാത്തതിനാല്‍ കര്‍ണാടക സ്വദേശിനിയായ സവിത ഹാലപ്പനവര്‍ അയര്‍ലന്‍ണ്ടില്‍ മരിക്കാനിടയായത് ഏറെ വിവാദമായ പശ്ചാത്തലത്തിലാണ് നിയമം തിരുത്താന്‍ തയ്യാറാണെന്ന് അയര്‍ലന്‍ഡ് സര്‍ക്കാര്‍ അറിയിച്ചത്.
ഗര്‍ഭം മാതാവിന്‍െറ ജീവന് അപകടമാകുന്ന സാഹചര്യത്തില്‍ ഗര്‍ഭഛിത്രം അനുവദിക്കുന്ന തരത്തില്‍ നിയമം പരിഷ്ക്കരിക്കാന്‍ തയ്യാറാണെന്ന് ചൊവ്വാഴ്ചയാണ് അയര്‍ലന്‍ണ്ട് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
ഗര്‍ഭാവസ്ഥയിലെ പ്രശ്നങ്ങള്‍ കാരണം 31കാരിയായ സവിതയുടെ ആരോഗ്യം വഷളായപ്പോള്‍ ഭര്‍ത്താവ് ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അയര്‍ലന്‍ണ്ടിലെ ആശുപത്രി അധികൃതര്‍ ഗര്‍ഭഛിദ്രം നടത്താന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് സവിത മരിക്കുകയും സംഭവം ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്‍ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. രക്തത്തില്‍ അണുബാധയേറ്റ സവിത മൂന്ന് ദിവസം കടുത്ത വേദന അനുഭവിച്ച് ഒക്ടോബര്‍ 28നാണ് മരണമടഞ്ഞത്.

20 വര്‍ഷം മുമ്പ് അയര്‍ലന്‍ഡ് സുപ്രീം കോടതി നടത്തിയ ഉത്തരവിനെക്കുറിച്ച് പഠിച്ച് 2013 ജനുവരിയില്‍ പുതിയ നിയമം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സാഹചര്യം, ഗര്‍ഭം മാതാവിന്‍െറ ജീവന് ഭീഷണിയുണ്ടാക്കുന്ന സാഹചര്യം എന്നീ സന്ദര്‍ഭങ്ങളില്‍ ഗര്‍ഭഛിദ്രം അനുവദിക്കാമെന്ന് 20 വര്‍ഷം മുമ്പ് അയര്‍ലന്‍ഡ് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിനെക്കുറിച്ച് പഠിക്കാനും പുതിയ നിയമത്തില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ ഒരു വിദഗ്ഥ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

ഗര്‍ഭിണികളുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാറിന് അതീവ കരുതലുണ്ടെന്നും ഇത്തരം നിര്‍ണ്ണായക വിഷയത്തില്‍ വളരെ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അയര്‍ലന്‍ഡ് ആരോഗ്യമന്ത്രി ജെയിംസ് റെല്ലി അറിയിച്ചു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP