സ്വാഗതം
WELCOME

News Update..

Saturday, December 8, 2012

ഗുണ്ടാപ്പിരിവ് നല്‍കിയില്ല; ഉടമയെ മര്‍ദിച്ച് ബേക്കറി തകര്‍ത്തു Madhyamam News Feeds

ഗുണ്ടാപ്പിരിവ് നല്‍കിയില്ല; ഉടമയെ മര്‍ദിച്ച് ബേക്കറി തകര്‍ത്തു Madhyamam News Feeds

Link to

ഗുണ്ടാപ്പിരിവ് നല്‍കിയില്ല; ഉടമയെ മര്‍ദിച്ച് ബേക്കറി തകര്‍ത്തു

Posted: 08 Dec 2012 01:09 AM PST

തിരുവനന്തപുരം: ഗുണ്ടാപ്പിരിവ് നല്‍കാന്‍ വിസമ്മതിച്ചതിന് കടയുടമയെ ഗുണ്ട മര്‍ദിച്ചവശനാക്കി ബേക്കറി തകര്‍ത്തു. പേരൂര്‍ക്കട ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന അനു ബേക്കറിയിലാണ് വെള്ളിയാഴ്ച പട്ടാപ്പകല്‍ ഗുണ്ടാആക്രമണം അരങ്ങേറിയത്. വഴിയില അടുപ്പുകൂട്ടാംപാറ കോളനി സ്വദേശിയും നിരവധി ക്രിമിനല്‍ കേസിലെ  പ്രതിയും കരുതല്‍ തടങ്കലില്‍ കഴിഞ്ഞ് ജയില്‍മോചിതനുമായ ഉണ്ണിയെന്ന ഗുണ്ടയാണ് ബേക്കറിയില്‍ ദാദാപിരിവ് നടത്താനെത്തിയത്. ഇതിനെയെതിര്‍ത്ത ബേക്കറിയുടമ തെങ്കാശി സ്വദേശിയും പേരൂര്‍ക്കട ഇന്ദിരാനഗറില്‍ താമസക്കാരനുമായ ഗുരുസ്വാമി (38)യുടെ പോക്കറ്റിലുണ്ടായിരുന്ന തുക ഇയാള്‍ പിടിച്ചുപറിക്കുകയായിരുന്നത്രെ. ഇതിന് ശേഷം ബേക്കറി അടിച്ചുതകര്‍ക്കുകയും ആഹാരസാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
ഇതിനിടെ ബേക്കറിയിലെ ചില ജീവനക്കാരെയും ഇയാള്‍ മര്‍ദിച്ചതായി പറയപ്പെടുന്നു. ഇതിനുശേഷം അടുപ്പുകൂട്ടാംപാറ കോളനിയിലെത്തിയ ഇയാള്‍ ഇവിടെയും അതിക്രമം അഴിച്ചുവിട്ടതായി നാട്ടുകാര്‍ പറഞ്ഞു. വിവരമറിയിച്ച് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
സ്റ്റേഷനിലെത്തിച്ച ഇയാള്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി  അഭിനയിച്ചതിന്‍െറ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട ജില്ലാ മാതൃകാശുപത്രിയിലും മെഡിക്കല്‍ കോളജിലും പരിശോധനക്ക് വിധേയമാക്കിയ ശേഷം തിരികെ സ്റ്റേഷനിലെത്തിച്ചു. ശനിയാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
 

പൂതക്കുളത്ത് മഞ്ഞപ്പിത്തം ശമിക്കുന്നില്ല

Posted: 08 Dec 2012 12:55 AM PST

പരവൂര്‍: പൂതക്കുളം പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നുപിടിച്ച മഞ്ഞപ്പിത്തം ശമിക്കുന്നില്ല. രോഗബാധിതരായ നിരവധിപേരാണ് നെടുങ്ങോലം രാമറാവു താലൂക്കാശുപത്രി, കലയ്ക്കോട് സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ ചികിത്സതേടിയെത്തുന്നത്.
ചില സ്വകാര്യ ആശുപത്രികളിലും ആളുകള്‍ എത്തുന്നുണ്ട്. നാലുമാസംമുമ്പ് ആരംഭിച്ച രോഗബാധ ഉദ്യോഗസ്ഥരും പഞ്ചായത്തധികൃതരും മൂടിവെച്ചതാണ് രോഗം നിയന്ത്രണാതീതമായി പടര്‍ന്നുപിടിക്കാന്‍ കാരണം. പലര്‍ക്കും അസുഖം സ്ഥിരീകരിച്ചിട്ടും ആരോഗ്യവിഭാഗം ജീവനക്കാര്‍ പ്രശ്നത്തെ നിസാരവത്കരിക്കാനാണ് ശ്രമിച്ചത്. പല വാര്‍ഡുകളില്‍നിന്നും രോഗബാധ റിപ്പോര്‍ട്ട് ചെയ്യുകയും ജനകീയ ഇടപെടലുണ്ടാവുകയും ചെയ്ത ശേഷമാണ് അധികൃതര്‍ ഉണര്‍ന്നത്. അപ്പോഴേക്കും അമ്പതോളംപേര്‍ക്ക് രോഗം ബാധിച്ചിരുന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത് ഇരുന്നൂറോളമായി വര്‍ധിച്ചു.
പ്രതിരോധപ്രവര്‍ത്തനങ്ങളും ബോധവത്കരണവും നടത്തുന്നതായി പ്രചാരണം നടക്കുമ്പോഴും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.
ഈ സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പ് പഞ്ചായത്തിന്‍െറ സഹകരണത്തോടെ ഊര്‍ജിത പ്രതിരോധപ്രവര്‍ത്തനം ആരംഭിച്ചു.

ജില്ലാ പഞ്ചായത്ത് യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു

Posted: 08 Dec 2012 12:41 AM PST

പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന് ഒരു പദ്ധതി പോലും നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം  ജില്ലാ പഞ്ചായത്ത് യോഗം ബഹിഷ്കരിച്ചു. പദ്ധതികള്‍ അവതാളത്തിലാക്കി വികസന പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്ന ഭരണപക്ഷത്തിന്‍െറ നടപടികളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ ജില്ലാ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.വെള്ളിയാഴ്ച നടന്ന യോഗമാണ് പ്രതിപക്ഷത്തിന്‍െറ ഇറങ്ങിപ്പോക്കിലും കുത്തിയിരിപ്പ് സമരത്തിലും അവസാനിച്ചത്. ജനകീയാസൂത്രണ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് പ്രതിപക്ഷ പ്രതിഷേധത്തില്‍ എത്തിയത്. ഒമ്പത് മാസമായിട്ടും ഈ വര്‍ഷത്തെ പദ്ധതികള്‍ക്ക് അംഗീകാരം നേടിയെടുക്കാന്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞില്ലെന്ന് എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ എസ്. ഹരിദാസ് പറഞ്ഞു. മരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് പോലും ഇതുവരെ തയാറാക്കിയില്ല. പദ്ധതികള്‍ക്ക് സംസ്ഥാന ഉദ്യോഗസ്ഥരുടെ അംഗീകാരം നേടാന്‍ കഴിഞ്ഞില്ലെന്നും എല്ലാം അവതാളത്തിലായ സ്ഥിതിയാണെന്നും ഹരിദാസ് കുറ്റപ്പെടുത്തി. കായിക രംഗത്തെ വികസനത്തിന് കൊണ്ടുവന്ന ഉണര്‍വ് പദ്ധതിയുടെ തുക എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ വര്‍ഷത്തെ കണക്ക് വ്യക്തമാക്കാന്‍ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്ന് എല്‍.ഡി.എഫ് അംഗം ആര്‍.അജയകുമാര്‍ പറഞ്ഞു.പണമിടപാടുമായി ബന്ധപ്പെട്ട് ട്രഷറി കണക്കുകളില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയും കെടുകാര്യസ്ഥതയും ഭരണത്തിന്‍െറ മുഖമുദ്രയായെന്ന് എല്‍.ഡി.എഫ് അംഗം കോമളം അനിരുദ്ധന്‍ പറഞ്ഞു. പദ്ധതി നടത്തിപ്പിന്‍െറ കാലാവധി അവസാനിക്കാറായിട്ടും അംഗീകാരം നേടിയെടുക്കാന്‍ നടപടിയില്ലാത്തത് ഭരണമില്ലാത്ത അവസ്ഥയുണ്ടാക്കിയെന്നും അവര്‍ പറഞ്ഞു.
ഉണര്‍വ് പദ്ധതിയില്‍ ഉദ്യോഗസ്ഥന്‍െറ നിലപാടുകളാണ് പ്രശ്നമുണ്ടാക്കിയതെന്ന് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പഴകുളം മധു പറഞ്ഞു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തില്‍ ഒരു  പ്രശ്നമില്ലെന്നും എല്ലാ പ്രവര്‍ത്തനങ്ങളും ഭംഗിയായി പോകുന്നെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു ജോര്‍ജ് മറുപടി നല്‍കി. സര്‍ക്കാറിന്‍െറ മാര്‍ഗനിര്‍ദേശങ്ങള്‍ വൈകുന്നതിനാല്‍ ചില പദ്ധതികള്‍ നടപ്പാക്കാന്‍ കാലതാമസമെടുക്കുന്നതൊഴിച്ചാല്‍ സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന പഞ്ചായത്ത് പത്തനംതിട്ടയാണെന്നും പ്രസിഡന്‍റ് പറഞ്ഞു.
പദ്ധതികള്‍ ഒന്നും നടപ്പാകുന്നില്ലെന്ന ആരോപണത്തില്‍ ഉറച്ചുനിന്ന പ്രതിപക്ഷാംഗങ്ങള്‍ യോഗം ബഹിഷ്കരിച്ച് പുറത്തുപോയി. ഭരണസമിതിക്കെതിരെ മുദ്രാവാക്യം വിളികളുമായി ഓഫിസ് പടിക്കല്‍ കുത്തിയിരിപ്പ്  നടത്തി. എല്‍.ഡി.എഫ് അംഗങ്ങളായ എസ്.ഹരിദാസ്,ആര്‍.അജയകുമാര്‍,കോമളം അനിരുദ്ധന്‍,ശാന്തി പി. നായര്‍,എ. ഗിരിജാകുമാരി,ശ്രീലത രമേശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുത്തിയിരിപ്പ് സമരം.
 

ഏലത്തിന് സ്വതന്ത്ര വിപണി: കര്‍ഷകര്‍ക്ക് ആശ്വാസം

Posted: 08 Dec 2012 12:35 AM PST

കട്ടപ്പന: ഏലത്തിന് സ്വതന്ത്ര വിപണി അനുവദിച്ചത് കര്‍ഷകര്‍ക്ക് ആശ്വാസമായി. ഏലക്ക വ്യാപാരത്തിന് സ്വതന്ത്ര വിപണി അനുവദിക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പി.ടി. തോമസ് എം.പി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബില്ല് സഭ അംഗീകരിച്ചതോടെയാണിത്. രജിസ്ട്രേഷനുള്ള വ്യാപാരിക്ക് നികുതിയടച്ച് ഏലക്ക രാജ്യത്തെവിടെയും കൊണ്ടുപോകാനും വില്‍ക്കാനും ഇനി സാധിക്കും. നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ തുറന്നുകിട്ടാന്‍ ഇത് സഹായകരമാകും.
മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങളെപ്പോലെ രൊക്കം വിലയ്ക്ക് ഏലക്ക വില്‍ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നത്  കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ഏലക്കയുടെ വിലനിലവാരം ഉയരാനും വില സ്ഥിരത നിലനിര്‍ത്താനും സ്വതന്ത്ര വിപണി സഹായകമാകും.
ഏലക്ക വിപണനത്തിന് വര്‍ഷങ്ങളായി തുടരുന്ന പരമ്പരാഗത ലേല സംവിധാനം (ഇപ്പോള്‍ ഇ -ലേലം) നിലനിര്‍ത്തിയാണ് സ്വതന്ത്ര വിപണി സമ്പ്രദായം അനുവദിച്ചത്. ലോകത്തിലെ പ്രധാന ഏലക്ക ഉല്‍പ്പാദന കേന്ദ്രമെന്ന നിലയില്‍ പ്രശസ്തമായ വണ്ടന്മേടിന് സമീപത്തെ പുറ്റടിയില്‍ സ്പൈസസ് ബോര്‍ഡിന്‍െറ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പൈസസ് പാര്‍ക്കിലാണ് ഇപ്പോള്‍ ഏലക്ക ലേലം നടക്കുന്നത്. ആഴ്ചയില്‍ ആറ് ദിവസവും ഇ -ലേലം നടക്കുന്നുണ്ട്. ലേലത്തിന് കൂട്ടിവിളിക്കുന്ന തുക 50 പൈസയില്‍നിന്ന് അഞ്ച് രൂപയായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് വ്യാപാരികള്‍ ലേലം ബഹിഷ്കരിച്ചത് ഏലക്ക വ്യാപാരരംഗത്ത് ഒരുമാസത്തോളം പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് ഏലം കര്‍ഷകര്‍ ശക്തമായ പ്രക്ഷോഭം നടത്തുകയും ഏലത്തിന് സ്വതന്ത്ര വിപണി അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒരു മാസത്തോളം ഏലക്ക വ്യാപാരം മുടങ്ങിയത് സംസ്ഥാന ഖജനാവിനും കോടികളുടെ നഷ്ടമാണുണ്ടാക്കിയത്.
ലേലത്തില്‍ കൂട്ടിവിളിക്കുന്ന തുക 50 പൈസയില്‍ കൂട്ടാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു വ്യാപാരികള്‍. ഏലക്ക ലേല കേന്ദ്രങ്ങള്‍ വ്യാപാരികള്‍ക്ക് അനുകൂലമായ സമീപനം സ്വീകരിക്കുക കൂടി ചെയ്തതോടെ സ്പൈസസ് ബോര്‍ഡ് കര്‍ശന നടപടികളിലേക്ക് നീങ്ങി. ലേലത്തിന് കൂട്ടിവിളിക്കുന്ന തുക രണ്ട് രൂപയായി നിജപ്പെടുത്തി ഉത്തരവിറക്കുകയും ഇതിനോട് സഹകരിക്കാത്ത വ്യാപാരികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് വ്യാപാരികള്‍ ഏലക്ക ലേലം പുനരാരംഭിക്കാന്‍ സഹകരിച്ചത്. വ്യാപാരികളുടെ നിരന്തര ഭീഷണി ഈ രംഗത്ത് കര്‍ഷകര്‍ക്ക് കനത്ത ആഘാതമാണുണ്ടാക്കിയത്. ഏലത്തിന് സ്വതന്ത്ര വിപണി അനുവദിക്കാന്‍ പാര്‍ലമെന്‍റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച പി.ടി. തോമസ് എം.പിയെ വണ്ടന്മേട് കാര്‍ഡമം ഗ്രോവേഴ്സ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിച്ചു.   
 

മരക്കൊമ്പ് ഒടിഞ്ഞുവീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

Posted: 08 Dec 2012 12:29 AM PST

കോട്ടയം: ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുകളില്‍ ബദാം മരത്തിന്‍െറ കൊമ്പ് ഒടിഞ്ഞുവീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. സഹയാത്രികന് നിസ്സാര പരിക്കുണ്ട്. കുറിച്ചി ഇടശേരില്‍ ബിജു (43), കുറിച്ചി പുത്തൂകടവ് ശശി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ബിജുവിന്‍െറ നില ഗുരുതരമാണ്. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന്  എം.സി റോഡില്‍ ചിങ്ങവനം പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. ബിജുവും സുഹൃത്ത് ശശിയും ബൈക്കില്‍ ചിങ്ങവനം ഭാഗത്തുനിന്ന് സെമിനാരിപ്പടി ഭാഗത്തേക്കുവരികയായിരുന്നു. പൊലീസ് സ്റ്റേഷന് സമീപം പുരയിടത്തിലെ തെങ്ങ് കടപുഴകി റോഡരികില്‍ നിന്ന ബദാം മരത്തില്‍ വീണ് ബദാമിന്‍െറ കൊമ്പ് അടര്‍ന്ന് നില്‍ക്കുകയായിരുന്നു. ബിജുവും സുഹൃത്തും ബൈക്കിലെത്തിയപ്പോള്‍ കൊമ്പ് അടര്‍ന്ന് ബിജുവിന്‍െറ തലയില്‍ പതിച്ചു. ബിജുവാണ് ബൈക്ക് ഓടിച്ചിരുന്നത്. ബൈക്കുമറിഞ്ഞ് ബിജുവും സുഹൃത്ത് ശശിയും എതിര്‍ദിശയിലെത്തിയ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച സ്കോര്‍പ്പിയോക്കുമുന്നില്‍ വീണെങ്കിലും പെട്ടെന്ന് നിര്‍ത്തിയതിനാല്‍ തട്ടിയില്ല.
തീര്‍ഥാടകര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ചിങ്ങവനം പൊലീസ് എത്തിയാണ് ബിജുവിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.  ബിജുവിനെ രാത്രിയോടെ വെന്‍റിലേറ്ററിലേക്ക് മാറ്റി. ശശിയുടെ തോളിനാണ് പരിക്ക്. അപകടത്തെത്തുടര്‍ന്ന് എം.സി റോഡില്‍ അല്‍പ്പനേരം ഗതാഗതം തടസ്സപ്പെട്ടു.
 

ഡോക്ടര്‍മാരില്ല; മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി യൂനിറ്റ് താളംതെറ്റുന്നു

Posted: 07 Dec 2012 11:24 PM PST

അമ്പലപ്പുഴ: ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്സുമാരും ജീവനക്കാരും ഇല്ലാത്തതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി യൂനിറ്റിന്‍െറ പ്രവര്‍ത്തനം താളംതെറ്റുന്നു. 2011ലാണ് മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോളജി വിഭാഗം തുടങ്ങിയത്. 2012 ജൂലൈയില്‍ സര്‍ജറി വിഭാഗവും ആരംഭിച്ചു. എന്നാല്‍, ഇവിടെ ആവശ്യമായ ഡോക്ടര്‍മാരുടെ തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. മെഡിക്കല്‍ കോളജില്‍നിന്ന് പഠിച്ചിറങ്ങിയ പി.ജി ഡോക്ടര്‍മാര്‍ ഇപ്പോഴത്തെ അത്യാധുനിക സൗകര്യം ഉള്‍പ്പെടെയുള്ള തിയറ്റര്‍ സംവിധാനം പ്രയോജനപ്പെടുത്തി ജോലിചെയ്യാന്‍ തയാറാണ്. എന്നാല്‍, ഇവിടെ പുതിയ തസ്തിക സൃഷ്ടിക്കാന്‍ നടപടിയില്ല.
ഓപറേഷന്‍ ചെയ്യാനുള്ള സംവിധാനം ഒരുക്കിയെങ്കിലും രോഗികളെ നോക്കാന്‍ ഡോക്ടര്‍മാര്‍ ഇല്ലാത്ത അവസ്ഥയാണ്. പുതുതായി ജൂനിയര്‍ ഡോക്ടര്‍മാര്‍, ഹൗസ്സര്‍ജന്മാര്‍, ബോണ്ട് ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരെയാണ് നിയമിക്കേണ്ടത്. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്ക് 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ആവശ്യമാണ്. ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ തുടര്‍ച്ചയായി ഓപറേഷന്‍ നടത്താന്‍ കഴിയുന്നില്ല. ഇപ്പോള്‍ ഹൃദയശസ്ത്രക്രിയ നടത്താന്‍ 50ഓളം പേര്‍ വെയ്റ്റിങ്ലിസ്റ്റില്‍ ഉണ്ട്. രണ്ടാഴ്ചകൂടുമ്പോള്‍ ഒരു ഓപറേഷന്‍ മാത്രമാണ് നടത്തുന്നത്. ഏഴുകോടി മുടക്കി ഹാര്‍ട്ട്ലിങ് മെഷീന്‍ കൊണ്ടുവരികയും ഇതിന്‍െറ ഉദ്ഘാടനം നടത്തുകയും ചെയ്തു. എന്നാല്‍, അതിന്‍െറ പ്രയോജനം പൂര്‍ണമായും രോഗികള്‍ക്ക് ലഭിക്കുന്നില്ല. ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ട് ഓപറേഷന്‍ തിയറ്ററും രണ്ട് ഐ.സി യൂനിറ്റും ഉണ്ട്. ഏറെനാളത്തെ കാത്തിരിപ്പിനുശേഷമാണ് മെഡിക്കല്‍ കോളജില്‍ ഹൃദയവിഭാഗം ആരംഭിച്ചത്. എന്നാല്‍, ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ പല രോഗികളും കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രികളെയും എറണാകുളത്തെ സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കുകയാണ്.
രോഗീപരിചരണത്തിന് ജൂനിയര്‍ ഡോക്ടര്‍മാരെ ആവശ്യമാണ്. ഇപ്പോള്‍ ഒരു പ്രഫസറും രണ്ട് അസിസ്റ്റന്‍റ് പ്രഫസര്‍മാരും മാത്രമാണുള്ളത്. മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം 100ല്‍നിന്ന് 150 ആക്കി ഉയര്‍ത്തിയെങ്കിലും കൂടുതല്‍ അധ്യാപകരെ നിയമിച്ച് പി.ജി കോഴ്സ് തുടങ്ങണമെന്ന ആവശ്യവും അധികൃതര്‍ പരിഗണിച്ചിട്ടില്ല.
 

മെട്രോ വില്ലേജ് സ്ഥലമെടുക്കല്‍; ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞു

Posted: 07 Dec 2012 11:16 PM PST

ആലുവ: മെട്രോ റെയില്‍ യാര്‍ഡിന്‍െറ മറവില്‍ മെട്രോ വില്ലേജ് സ്ഥാപിക്കാനുള്ള നീക്ക ത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. സര്‍വേ നടപടി ക്കും മറ്റുമായി എത്തിയ അസി.തഹസില്‍ദാര്‍ സത്യനേശന്‍െറ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘത്തെ ഗ്രാമപഞ്ചായത്തംഗം കെ.കെ. ശിവാനന്ദന്‍െറ നേതൃത്വത്തില്‍ വെള്ളിയാഴ്ച തടഞ്ഞുവെച്ചു.
മെട്രോ റെയില്‍ യാര്‍ഡിന്‍െറ മറവില്‍ ആവശ്യമായതിന്‍െറ  മൂന്ന് ഇരട്ടിസ്ഥലം ഏറ്റെടുക്കാന്‍ നടപടി പൂര്‍ത്തിയായി വരുന്നതായാണ് നാട്ടുകാരുടെ ആരോപണം. യാര്‍ഡിന് 16.66 ഹെക്ടര്‍ സ്ഥലമാണ് ആവശ്യം. എന്നാല്‍, ചില റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ സമ്മര്‍ദ ഫലമായി മെട്രോ വില്ലേജിന് വേണ്ടി എന്ന പേരില്‍ 42.54 ഹെക്ടര്‍ കൃഷിഭൂമി ഏറ്റെടുത്ത് നികത്താനാണ് പദ്ധതിയെന്ന്  പഞ്ചായത്തംഗം ശിവാനന്ദന്‍ പറഞ്ഞു. കൃഷിഭൂമിയും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാതെ  നികത്താന്‍ ശ്രമിക്കുന്നത് ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കും കുടിവെള്ളക്ഷാമത്തിനും ഇടവരുത്തും. കൃഷിഭൂമി നികത്തുന്നതിന്‍െറ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്നത് സമീപവാസികളാണ്. അടിയന്തര പ്രാധാന്യമുള്ള ഈ വിഷയം പഞ്ചായത്ത് കമ്മിറ്റി ചര്‍ച്ചക്കെടുത്ത് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്  ശിവാനന്ദന്‍ അധികൃതര്‍ക്ക് നിവേദനം നല്‍കി.

15 ലക്ഷത്തിന്‍െറ പുകയില ഉല്‍പന്നങ്ങള്‍ ഗുരുവായൂരില്‍ പിടികൂടി

Posted: 07 Dec 2012 11:09 PM PST

ഗുരുവായൂര്‍: ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 15 ലക്ഷത്തോളം രൂപയുടെ നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടി. ചെന്നൈ എഗ്മൂര്‍ എക്സ്പ്രസില്‍ 15 ചാക്കുകളിലായി ഗുരുവായൂരിലെത്തിയ ഹാന്‍സ്, ബോംബെ തുടങ്ങിയ നിരോധിത പുകയില ഉല്‍പന്നങ്ങളാണ് റെയില്‍വേ പൊലീസ് പിടികൂടിയത്. ചന്ദനത്തിരികളെന്ന വ്യാജേന ആലപ്പുഴയിലെ വിലാസത്തിലേക്കുള്ള പാഴ്സല്‍ ചാക്കുകള്‍ ആലപ്പുഴയിലിറക്കാതെ ഗുരുവായൂരിലെത്തുകയായിരുന്നു. റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയിലാണ് സംശയകരമായ രീതിയിലുള്ള ചാക്കുകള്‍ ശ്രദ്ധയില്‍പെട്ടത്. ഇവ തുറന്ന് പരിശോധിച്ചപ്പോള്‍ പ്ളാസ്റ്റിക് കവറുകളിലും ടിന്നുകളിലുമായി പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തി. നാഗരാജു എന്നയാളുടെ പേരിലാണ് പാഴ്സല്‍  അയച്ചിരുന്നത്. പിടിച്ചെടുത്ത ഉല്‍പന്നങ്ങള്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി വകുപ്പിന് കൈമാറുമെന്ന് ആര്‍.പി.എഫ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ശിവദാസ് പറഞ്ഞു. കഴിഞ്ഞമാസവും ഗുരുവായൂരില്‍നിന്ന്  15 ചാക്ക് ലഹരി വസ്തുക്കള്‍ പിടികൂടിയിരുന്നു. അന്നും നാഗരാജുവിന്‍െറ വിലാസത്തില്‍ ആലപ്പുഴയിലേക്കാണ് ചാക്കുകള്‍ അയച്ചിരുന്നത്. ആലപ്പുഴയില്‍ ഇറക്കാതെ ഗുരുവായൂരിലെത്തുമ്പോള്‍ മാത്രമാണ് ലഹരി വസ്തുക്കള്‍ പിടിയിലാവുന്നത്. അതിനാല്‍ ആലപ്പുഴയിലേക്ക് സ്ഥിരമായി ഈ ട്രെയിനില്‍ നിരോധിത ലഹരി വസ്തുക്കള്‍ എത്തുന്നുണ്ടെന്ന് സംശയമുണ്ട്.

കരിമ്പനയുടെ നാട് പ്രണമിക്കുന്നു; ഈ കായിക പ്രതിഭകളെ

Posted: 07 Dec 2012 10:55 PM PST

പാലക്കാട്: പാലക്കാട്ടിപ്പോള്‍ കനത്ത കാറ്റാണ്. ഉറപ്പില്ലാത്തതെന്തും പിഴുതെറിയുന്ന കാറ്റ്. കരിമ്പനക്ക് കാറ്റ് പിടിച്ചതുപോലുള്ള ഈ പ്രവാഹമത്രയും ആവാഹിച്ചാണ് പാലക്കാടിന്‍െറ ചുണക്കുട്ടികള്‍ അനന്തപുരിയിലെ കളിമൈതാനത്തെത്തിയതെന്ന് വെള്ളിയാഴ്ച തെളിഞ്ഞു. സംസ്ഥാന സ്കൂള്‍ കായികമേളയുടെ ആദ്യദിനം മുതല്‍ പാലക്കാടിന്‍െറ കുതിപ്പിനെ ‘കാറ്റായി’ വാഴ്ത്തിയത് വെറുതെയായില്ല. ചരിത്രത്തില്‍ ആദ്യത്തെ കായിക കിരീടം ചൂടാന്‍ പാലക്കാടിനെ പ്രാപ്തമാക്കിയ കായിക പ്രതിഭകളെ കരിമ്പനയുടെ നാട് പ്രണമിക്കുന്നു.
കല്ലടി, പറളി, മുണ്ടൂര്‍ സ്കൂളുകളുടെ ചിറകിലുയര്‍ന്ന് പറന്നാണ് ജില്ല ചരിത്രത്തില്‍ ഇടംപിടിച്ചത്. 28 വീതം സ്വര്‍ണവും വെള്ളിയും 23 വെങ്കലവും. ആകെ 272 പോയന്‍േറാടെ ഒന്നാമതെത്തിയപ്പോള്‍ അതില്‍ പറളിയിലെ മുഹമ്മദ് അഫ്സലിനെപ്പോലുള്ള പറക്കും താരങ്ങളുടെ പങ്ക്് 76. കല്ലടിയിലെ ചുണക്കുട്ടികള്‍ 59 പോയന്‍റ് സംഭാവന ചെയ്തപ്പോള്‍ നാല്് സ്വര്‍ണം നേടിയ പി.യു. ചിത്രയുടെ മുണ്ടൂര്‍ എച്ച്.എസ് 49 പോയന്‍റാണ് കൂട്ടിച്ചേര്‍ത്തത്.
ആകെ 272 പോയന്‍റില്‍ ഈ മൂന്ന് സ്കൂളും ചേര്‍ന്ന് 184 പോയന്‍റാണ് കൈയടക്കിയത്. പറളി സ്കൂളിലേക്കെത്തുമ്പോള്‍ പി.ജി. മനോജ് എന്ന മനോജ് മാസ്റ്ററെക്കുറിച്ച് ആദ്യം പറയണം. മനോജ് മാസ്റ്ററെക്കുറിച്ച് പറയുന്നതത്രയും പാലക്കാടിനെക്കുറിച്ച് പറയാനുള്ള കാര്യങ്ങളുമാണ്. ജില്ലയെ സംസ്ഥാന സ്കൂള്‍ കായിക ഭൂപടത്തില്‍ ഒന്നാമതെത്തിക്കാന്‍ ഈ അധ്യാപകന്‍ വഹിച്ച പങ്ക് ചെറുതല്ല. അതിരാവിലെയും വൈകുന്നേരവും പരിശീലനത്തിന് മനോജ് മാസ്റ്റര്‍ വിളിച്ചാല്‍ മടികൂടാതെ  കുട്ടികള്‍ എത്തും. ഇതിനകം നിരവധി ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ പറളിയിലെ കുട്ടികള്‍ നേട്ടമുണ്ടാക്കിയത് വെറുതെയല്ല. ആധുനിക പരിശീലന സങ്കേതങ്ങളുള്ള ചില സ്കൂളുകളോടാണ് പറളി എക്കാലത്തും മത്സരിച്ചത്.
പറളി സ്കൂളിലെ കുട്ടികളുള്‍പ്പെട്ട പറളി അത്ലറ്റിക് ക്ളബില്‍ നൂറോളം പേരുണ്ട്. അതില്‍ നല്ല പോഷാകാഹാരത്തിന് വകയുള്ളവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. പലരും വരുന്നത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത വീട്ടില്‍നിന്ന്. പലപ്പോഴും സ്വന്തം ഇല്ലായ്മകളോടാണ് ഈ കുട്ടികള്‍ മത്സരിക്കുന്നത്. പരിശീലനം കഴിഞ്ഞാല്‍ ഒരു ഗ്ളാസ് പാലും ഒരു മുട്ടയും കിട്ടുന്നത്തന്നെ ഈ കുട്ടികള്‍ വലിയ കാര്യമായി കരുതുന്നുവെന്ന് മനോജ് മാസ്റ്റര്‍ പറയും.
പറളി, മങ്കര, ലക്കിടിപേരൂര്‍, മണ്ണൂര്‍, കോട്ടായി, പിരായിരി പഞ്ചായത്തുകളിലെ കായിക പ്രതിഭകള്‍ ഈ സ്കൂളില്‍ പഠിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം കെ.വി. വിജയദാസ് എം.എല്‍.എ അനുവദിച്ച 10 ലക്ഷം രൂപകൊണ്ട് നിര്‍മിച്ച ലോങ്ങ്ജമ്പ്, ഹൈജമ്പ് പിറ്റ് വലിയ കാര്യമായി. പറളിയില്‍ സിന്തറ്റിക് ട്രാക് നിര്‍മിക്കുമെന്ന പഴഞ്ചന്‍ പ്രഖ്യാപനം ഇപ്പോള്‍ ഈ കുട്ടികള്‍ പോലും കാര്യമായി എടുക്കാറില്ല.
മുണ്ടൂര്‍ ഹൈസ്കൂളിനും പണത്തിന്‍െറ പത്രാസ് പിന്‍ബലമേകുന്നില്ല. ഓടാനും ചാടാനും മികവ് കാട്ടുന്നവരില്‍ ഏറെയും തൊഴിലാളികളുടെ കുട്ടികളാണ്. മേളയില്‍ നാല് സ്വര്‍ണം നേടിയ പി.യു. ചിത്ര ഉള്‍പ്പെടെ നൂറോളം പേരടങ്ങുന്നതാണ് മുണ്ടൂരിന്‍െറ ടീം. ഇവരെ പ്രോത്സാഹിപ്പിക്കാന്‍ നാട്ടുകാരും സംഘടനകളുമുണ്ട്. സ്കൂളിന് അനുവദിച്ച് കിട്ടുന്ന ഫണ്ടില്‍ ഏറെയും കായിക താരങ്ങളുടെ പ്രോത്സാഹനത്തിന് മാറ്റുമ്പോള്‍ ആര്‍ക്കും കലഹവുമില്ല. പറളിയിലെ കുട്ടികളെക്കുറിച്ച് പറഞ്ഞത് മുണ്ടൂരിനും ബാധകമാണ്; ഇല്ലായ്മയാണ് ഇവരെ ഇങ്ങനെ ഓടിക്കുന്നത്.
മേളയില്‍ 59 പോയന്‍േറാടെ നാലാം സ്ഥാനത്ത് നില്‍ക്കുന്ന കല്ലടിയുടെ കായിക താരങ്ങളില്‍ ശ്രദ്ധേയമായത് മിന്നല്‍പ്പിണര്‍ പോലെ പാഞ്ഞ് 100 മീറ്ററില്‍ സ്വര്‍ണം നേടിയ വേഗതയുടെ താരമായ മുഹമ്മദ് ഷര്‍ഷാദും ദേശീയ റെക്കോഡുകള്‍ തീര്‍ത്ത 800 മീറ്ററില്‍ സ്വര്‍ണം നേടിയ ലിജോമാണിയും 800 മീറ്റര്‍ വനിതകളില്‍ സ്വര്‍ണം നേടിയ സി. ബബിതയുമാണ്. 2003ലെ വി. രാജീവിന്‍െറ പേരിലുള്ള ദേശീയ റെക്കോഡാണ് ലിജോമാണി തകര്‍ത്തത്. 2010ലെ ജെസ്സി ജോസഫിന്‍െറ റെക്കോഡ് ബബിത തകര്‍ത്തു. കൂടാതെ മേളയില്‍ പോള്‍വാള്‍ട്ടില്‍ ഒരു സംസ്ഥാന റെക്കോഡും കല്ലടി സ്വന്തമാക്കി. എബിന്‍ സണ്ണിയാണ് സംസ്ഥാന റെക്കോഡിനുടമ. മേളയുടെ തുടക്കം മുതല്‍ മുന്നിട്ടുനിന്ന പാലക്കാട് ജില്ലയുടെ കുതിപ്പിനെ അവസാന ദിനമായ വെള്ളിയാഴ്ച എറണാകുളം ജില്ല മറികടന്നിരുന്നു. എന്നാല്‍, ഈ ഘട്ടത്തില്‍ വീണ്ടും പാലക്കാടിനെ മുന്‍നിരയിലേക്കെത്തിക്കാന്‍ അവസാന മത്സര ഇനങ്ങളായ 800 മീറ്റര്‍ വനിത, 200 മീറ്റര്‍ പുരുഷ വിഭാഗത്തിലെ കല്ലടിയുടെ സ്വര്‍ണ നേട്ടം അനുഗ്രഹമായി. മേളയില്‍ ആറു സ്വര്‍ണം, ഏഴു വെള്ളി, ഒമ്പത് വെങ്കലം ഉള്‍പ്പെടെ 22 മെഡലുകളില്‍നിന്നായാണ് കല്ലടി നേട്ടങ്ങളുണ്ടാക്കിയത്.
 

തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, കുറ്റിപ്പുറം സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പ്

Posted: 07 Dec 2012 10:49 PM PST

തിരൂര്‍: തിരൂരില്‍ മൂന്നും കുറ്റിപ്പുറം, പരപ്പനങ്ങാടി, താനൂര്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതവും ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പ് അനുവദിക്കാന്‍ റെയില്‍വേ നടപടി ആരംഭിച്ചതായി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി അറിയിച്ചു.
റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ അഗര്‍വാളിനൊപ്പം വിവിധ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച ശേഷം തിരൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി മുതല്‍ തിരൂരില്‍ പുതിയ ടിക്കറ്റ് കൗണ്ടര്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തിരൂരില്‍ മംഗലാപുരം ഹൈദരാബാദ്, മംഗലാപുരം-മദ്രാസ് ഗരീബ്രഥ്, മംഗലാപുരം-പാറ്റ്ന വണ്ടികള്‍ക്കാണ് പുതുതായി സ്റ്റോപ്പ് അനുവദിക്കുന്നത്. തുടക്കത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തിലാകും സ്റ്റോപ്പ് അനുവദിക്കുക. മറ്റിടങ്ങളില്‍ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാനാണ് റെയില്‍വേ ബോര്‍ഡിന് ശിപാര്‍ശ നല്‍കിയിട്ടുള്ളത്. തിരൂരില്‍ മംഗലാപുരം-തൃശിനാപ്പള്ളി, എറണാകുളം-പുണെ വണ്ടികള്‍ക്ക് താല്‍ക്കാലികമായി അനുവദിച്ചിരുന്ന സ്റ്റോപ്പുകള്‍ സ്ഥിരപ്പെടുത്തിയതായും എം.പി അറിയിച്ചു.
പരപ്പനങ്ങാടി, ദേവധാര്‍, തിരുനാവായ എന്നിവിടങ്ങളില്‍ മേല്‍പ്പാലം വരുന്നതോടെ ലെവല്‍ ക്രോസുകള്‍ എടുത്തുകളയുന്നത് മൂലം കാല്‍നട യാത്രക്കാര്‍ക്കുണ്ടാകുന്ന പ്രയാസം പരിഹരിക്കാന്‍ ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കും. പരപ്പനങ്ങാടിയിലും ദേവധാറിലും പാലം നിര്‍മിക്കുന്നതിന് ഒരു കോടിയും തിരുനാവായയില്‍ രണ്ട് കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പാലത്തിന് എസ്റ്റിമേറ്റ് തയാറാക്കാന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാലം നിര്‍മാണത്തിന് റെയില്‍വേ സഹായം ലഭിക്കുകയില്ല. എസ്റ്റിമേറ്റ് തയാറായ ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എം.എല്‍.എമാര്‍ എന്നിവരുടെ സംയുക്ത യോഗം വിളിച്ച് തുക കണ്ടെത്താന്‍ ശ്രമിക്കും. മൂന്നിടത്തും ഭൂഗര്‍ഭ പാത പ്രായോഗികമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം നമ്പര്‍ പ്ളാറ്റ്ഫോമിന്‍െറ നീളം വര്‍ധിപ്പിക്കുന്ന നടപടി പൂര്‍ത്തിയായിട്ടുണ്ട്. സുരക്ഷാ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കി ട്രെയിനുകളുടെ സ്റ്റോപ്പില്‍ മാറ്റം വരുത്തുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. വൈകാതെ ഇതു സംബന്ധിച്ച നടപടിയുണ്ടാകും. റെയില്‍വേ സ്റ്റേഷന് മധ്യഭാഗത്ത് ഫുട്ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കാന്‍ എസ്റ്റിമേറ്റായിട്ടുണ്ട്. മാര്‍ച്ചില്‍ നിര്‍മാണം ആരംഭിക്കും. മാര്‍ക്കറ്റ് പരിസരത്ത് പുതിയ കെട്ടിട സമുച്ചയം നിര്‍മിക്കാനും പദ്ധതിയുണ്ട്. ഇതിന് രണ്ടര കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇതിന് റെയില്‍വേ തുക അനുവദിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാറില്‍നിന്ന് പ്രത്യക അനുമതി തേടി ഫണ്ട് കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. തിരുനാവായയില്‍ റെയില്‍വേ ഭൂമി വളച്ചുകെട്ടുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ക്ക് വഴി തടസ്സപ്പെടുമെന്ന പരാതി പരിഹരിക്കാന്‍ എഫ്.സി.ഐ-റെയില്‍വേ അധികൃതരുടെ സംയുക്ത യോഗം വിളിക്കും.
പള്ളിപ്പുറം, പേരശ്ശന്നൂര്‍, കുറ്റിപ്പുറം, തിരുനാവായ, താനൂര്‍, പരപ്പനങ്ങാടി സ്റ്റേഷനുകളാണ് വെള്ളിയാഴ്ച സന്ദര്‍ശിച്ചത്. റെയില്‍വേ സീനിയര്‍ ഡിവിഷനല്‍ മാനേജര്‍ ദാമോദരന്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.  

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP