സ്വാഗതം
WELCOME

News Update..

Friday, November 30, 2012

കണ്ണാടി ഷാജി വധം: നാല് പ്രതികള്‍ കുറ്റക്കാര്‍ Madhyamam News Feeds

കണ്ണാടി ഷാജി വധം: നാല് പ്രതികള്‍ കുറ്റക്കാര്‍ Madhyamam News Feeds

Link to

കണ്ണാടി ഷാജി വധം: നാല് പ്രതികള്‍ കുറ്റക്കാര്‍

Posted: 29 Nov 2012 10:54 PM PST

 

തിരുവനന്തപുരം: ഗുണ്ട കണ്ണാടി ഷാജിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നുമുതല്‍ നാലുവരെ പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ബി.സുധീന്ദ്രകുമാര്‍ കണ്ടെത്തി. അമ്പലംമുക്ക് കൃഷ്ണകുമാര്‍, സാനിഷ്, ജയലാല്‍, ശ്യാം എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ശിക്ഷ നാളെ പ്രഖ്യാപിക്കും. ഇവര്‍ക്കെതിരെ കൊലപാതകം, പരിക്കേല്‍പ്പിക്കല്‍, കുറ്റകരമായ ഭീഷണി എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷന് തെളിയിക്കാനായത്. അഞ്ചുമുതല്‍ 12 വരെ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടു. 
കുറ്റക്കാരെന്ന് കണ്ടെത്തിയ നാല് പ്രതികള്‍ക്കെതിരെ പോലും ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തത് തിരിച്ചടിയായി. വെറുതെവിട്ടവരുടെ മൊബൈലുകളിലെ സംഭാഷണവിവരങ്ങള്‍ ഉള്‍പ്പടെ കോടതിയില്‍ ഹാജരാക്കിയെങ്കിലും ഇത് പ്രതികളുടെ മൊബൈലാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. മുഖ്യപ്രതികളെ ഒളിവില്‍പോകാന്‍ സഹായിച്ചെന്നതും തെളിവ് നശിപ്പിച്ചെന്നതും തെളിയിക്കാനായില്ലെന്നും കോടതി വിലയിരുത്തി. 
2011 നവംബര്‍ രണ്ടിനാണ് കണ്ണാടിഷാജിയെ കൃഷ്ണകുമാറും സംഘവും വെട്ടിക്കൊന്നത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ളിക് പ്രോസിക്യൂട്ടര്‍ അശോക് കുമാറും അഭിഭാഷകരായ രാധാകൃഷ്ണന്‍, അജയന്‍ എന്നിവര്‍ ഹാജരായി. വിട്ടയച്ച പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ മുരുക്കുംപുഴ വിജയകുമാരന്‍ നായര്‍, വിനീത് കുമാര്‍,  ഷോബി ജോസഫ്, വള്ളക്കടവ് മുരളീധരന്‍, പേട്ട എസ്. അശോകന്‍ എന്നിവര്‍ ഹാജരായി.
 

ക്രിസ്മസ്-പുതുവത്സരം: വ്യാജമദ്യം തടയാന്‍ നടപടി

Posted: 29 Nov 2012 10:49 PM PST

 

കൊല്ലം: ക്രിസ്മസ്-പുതുവത്സര കാലത്ത് ജില്ലയില്‍ വ്യാജമദ്യ നിര്‍മാണം, കടത്ത്, വിപണനം എന്നിവ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തടയണമെന്ന് കലക്ടര്‍ പി.ജി തോമസ്. എക്സൈസ് ജനകീയ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എക്സൈസ് വകുപ്പ് നടത്തുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും വ്യാപകവുമാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എക്സൈസ് വകുപ്പ് പരിശോധനക്കായി ശേഖരിക്കുന്ന സാമ്പിളുകളുടെ പരിശോധനാഫലം അടുത്ത റിപ്പോര്‍ട്ട് മുതല്‍ ഉള്‍ക്കൊള്ളിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ ജില്ലയില്‍ ആയിരത്തി ഒരുനൂറ്റി എണ്‍പത് പരിശോധന നടത്തിയതില്‍ 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 160 പേരെ അറസ്റ്റു ചെയ്തു. 3777 വാഹനങ്ങള്‍ പരിശോധിച്ചതില്‍ എട്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഒന്നര ലിറ്റര്‍ ചാരായം, 383.593 ലിറ്റര്‍ വിദേശമദ്യം, 582.069 ലിറ്റര്‍ അരിഷ്ടം, 140 ലിറ്റര്‍ കള്ള്, 560 ഗ്രാം കഞ്ചാവ്, 8660 രൂപ എന്നിവ കണ്ടെടുത്തു. പഞ്ചായത്ത് തലത്തില്‍ 23 ജനകീയ കമ്മിറ്റികളും താലൂക്ക് തലത്തില്‍ ഒരു ജനകീയ കമ്മിറ്റിയും ചേര്‍ന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
 മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ്  2296 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പൊതുസ്ഥലങ്ങളില്‍ മദ്യപിച്ചതിന് 207 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 13 കഞ്ചാവ് കേസുകളും രണ്ട് വിദേശമദ്യ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതത് താലൂക്കുകളിലുള്ള ജനകീയ കമ്മിറ്റി അംഗങ്ങളെ അറിയിക്കണം. യോഗത്തില്‍ ഡിവൈ.എസ്.പി ടി.എഫ് സേവ്യര്‍, എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സി.ഐ ബാബു, ജില്ലാ പഞ്ചായത്തംഗം സെവന്തികുമാരി, എബ്രഹാം സാമുവല്‍, തടത്തിവിള രാധാകൃഷ്ണന്‍, കുരീപ്പുഴ ഷാനവാസ്, പിറവന്തൂര്‍ ഗോപാലകൃഷ്ണന്‍, തൊടിയില്‍ ലുക്മാന്‍, ജോര്‍ജ് പട്ടത്താനം, സന്തോഷ് തുപ്പാശേരി, എക്സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ഗ്രാമസഭ വിളിക്കാത്ത പഞ്ചായത്തുകളെ പിരിച്ചുവിടാന്‍ നിയമനിര്‍മാണം -മന്ത്രി മുനീര്‍

Posted: 29 Nov 2012 10:39 PM PST

 

തൊടുപുഴ:  സംസ്ഥാനത്ത് ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കാന്‍  മുന്‍കൈ എടുക്കാത്ത പഞ്ചായത്തുകളെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍  നിയമനിര്‍മാണം നടത്തുമെന്ന് പഞ്ചായത്ത് സാമൂഹിക ക്ഷേമ മന്ത്രി ഡോ.എം.കെ. മുനീര്‍ പറഞ്ഞു.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ വട്ടമേട്ടില്‍ തുടക്കം കുറിച്ച ഗ്രാമയാത്ര-ഗ്രാമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല രീതിയില്‍ നടന്നിരുന്ന ഗ്രാമസഭക്ക് ഇടക്കാലത്ത് പല ജില്ലകളിലും മുടക്കം സംഭവിച്ചിട്ടുണ്ട്. പഞ്ചായത്തിലെ വട്ടമേട് വാര്‍ഡിന്‍െറ വിവിധ വികസനങ്ങള്‍ക്കായി 25 ലക്ഷം രൂപ മന്ത്രി പ്രത്യേകം അനുവദിച്ചു. എല്ലാവര്‍ക്കും വീട് എന്നതാണ് സര്‍ക്കാര്‍ നയം. ഇതിനുള്ള നിയമനിര്‍മാണം പുരോഗമിക്കുകയാണ്. മുടങ്ങിക്കിടക്കുന്ന ഇ.എം.എസ്, എ.ഐ.വൈ ഭവന പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാന്‍ അടുത്ത കാബിനറ്റില്‍ തീരുമാനം എടുക്കും. 
ഗ്രാമയാത്രയില്‍ ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതി പരിഹരിക്കാന്‍ പ്രത്യേക സെല്ല് രൂപവത്കരിച്ചിട്ടുണ്ട്. പഞ്ചായത്തുകള്‍ക്കാവശ്യമായ 2000 ജീവനക്കാരെ ഉടന്‍ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണിയാറന്‍കുടിയില്‍  നിന്നാരംഭിച്ച വര്‍ണാഭമായ ഘോഷയാത്രയില്‍ കുടുംബശ്രീ അംഗങ്ങള്‍, അങ്കണവാടി, ആശാപ്രവര്‍ത്തകര്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍, സ്റ്റുഡന്‍റ് പൊലീസ് എന്നിവര്‍ പങ്കെടുത്തു.
  ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. തോമസ്, കലക്ടര്‍ ടി. ഭാസ്കരന്‍, ഇടുക്കി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉസ്മാന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോയി വര്‍ഗീസ്, കോഴിമല രാജാവ് രാമന്‍ രാജമന്നാന്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. ജോര്‍ജി ജോര്‍ജ്, കട്ടപ്പന, കാഞ്ചിയാര്‍, കാമാക്ഷി, വാത്തിക്കുടി, കൊന്നത്തടി, ഇടുക്കി - കഞ്ഞിക്കുഴി, മരിയാപുരം, അറക്കുളം, കുടയത്തൂര്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.ബി.പി.എല്‍  കുടുംബങ്ങളില്‍ ജനിക്കുന്ന ആദ്യത്തെ രണ്ട് പെണ്‍കുട്ടികള്‍ക്ക് ജില്ലാ പഞ്ചായത്ത് 10,000 രൂപ നിക്ഷേപിക്കുന്ന പദ്ധതിയുടെ രൂപരേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മന്ത്രിക്ക് സമര്‍പ്പിച്ചു.
 ബി.പി.എല്‍  ലിസ്റ്റിലുള്ള എ.പി.എല്ലുകാരെ ഒഴിവാക്കി യഥാര്‍ഥ ബി.പി.എല്ലുകാരെ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഗ്രാമസഭാ അംഗങ്ങളില്‍ നിന്ന് മന്ത്രി നേരിട്ട് പരാതി സ്വീകരിച്ചു.
 സാമൂഹിക ക്ഷേമ വകുപ്പിന്‍െറ ആശ്വാസകിരണം, സ്നേഹപൂര്‍വം എന്നീ പദ്ധതികളിലായി 19 പേരെ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. പുതിയ വയോജന പദ്ധതിയനുസരിച്ച് അങ്കണവാടികള്‍ വഴി പോഷകാഹാരം വയോജനങ്ങള്‍ക്ക് നല്‍കും. ഈ പദ്ധതി രണ്ടുമാസത്തിനകം നടപ്പാക്കും.
അങ്കണവാടി വര്‍ക്കര്‍മാരെ പ്രീ പ്രൈമറി അധ്യാപകരുടെ നിലവാരത്തിലേക്കുയര്‍ത്തി ഓണറേറിയം വര്‍ധിപ്പിക്കും. പഞ്ചായത്തുതലത്തില്‍  സാമൂഹിക ക്ഷേമ വകുപ്പ് നടത്തുന്ന ക്ഷേമ പദ്ധതികള്‍ക്ക് പ്രചാരണം നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറിമാരെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെയും ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ആദിവാസി കുടുംബങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരുക്കിയ തനത് ഭക്ഷണ പദാര്‍ഥങ്ങളുടെ പ്രദര്‍ശനവും വിതരണവും നടന്നു.
 

മണല്‍ മാഫിയയെ നേരിടാന്‍ ജനങ്ങളെ അണിനിരത്തി പൊലീസ്

Posted: 29 Nov 2012 10:36 PM PST

 

കോന്നി: മണല്‍ മാഫിയയെ നേരിടാനും അനധികൃത മണല്‍കടത്ത് തടയാനുമായി കോന്നി സി.ഐയുടെ  നേതൃത്വത്തില്‍ പരിസ്ഥിതി സൗഹൃദ സമിതി രൂപവത്കരിക്കുന്നു. അച്ചന്‍കോവിലാറിന്‍െറ അസ്തിവാരം തോണ്ടുന്ന മണല്‍ മാഫിയ പൊലീസിനെ അക്രമിക്കുന്നത് പതിവാണ്. ജനങ്ങളുടെ കൂട്ടായ സഹകരണത്തോടെ ഇതും  മണല്‍ കടത്തും തടയാനാണ് പദ്ധതി.
മണല്‍ കടവുകളായ അരുവാപ്പുലം പഞ്ചായത്തിലെ പട്ടത്തികടവ്, ഐരവണ്‍, പിറമാട്ട് കടവ്, മുളകടവ് എന്നിവിടങ്ങള്‍ക്ക് സമീപമുള്ളവരെ ഉള്‍പ്പെടുത്തിയാണ്  സമിതിക്ക് രൂപം നല്‍കുന്നത്.
അച്ചന്‍കോവിലാറ്റില്‍ രണ്ടര വര്‍ഷം മുമ്പ് മണല്‍ വാരല്‍ നിരോധിച്ചതോടെ അനധികൃത മണല്‍ വാരല്‍ സജീവമായിരുന്നു. മണല്‍ കടത്ത് തടയാന്‍ ശ്രമിക്കുന്ന നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും പൊലീസിനെ കൊലപ്പെടുത്തനും മണല്‍ മാഫിയ ശ്രമിച്ചിരുന്നു.  കോന്നി എസ്.ഐ ആയിരുന്ന അശ്വത് എസ്. കരാണ്‍മയിലിനെ ടിപ്പറിന്‍െറ പിന്‍ഭാഗം ഉയര്‍ത്തി 12 കി.മീ.  വാഹനം ഓടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ ഇപ്പോഴും സുരക്ഷിതരാണ്.  മാരൂര്‍ പാലത്തിന് സമീപത്തെ കടവില്‍ പിടികൂടിയ ടിപ്പറിന് മുകളില്‍ കയറി മണല്‍ പരിശോധിക്കുന്നതിനിടെയാണ് ഡ്രൈവര്‍ ടിപ്പറുമായി കടന്നത്. ടിപ്പറില്‍ പിടിച്ച് നിന്ന എസ്.ഐയെയും സിവില്‍ പൊലീസ് ഓഫിസറെയും കോന്നി, മല്ലശേരിമുക്ക്, പൂങ്കാവ്, വി.കോട്ടയം വഴിയുള്ള യാത്രയില്‍ ടിപ്പറിന്‍െറ പിന്‍ഭാഗം ഉയര്‍ത്തിയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 
കഴിഞ്ഞ ദിവസം ഐരവണ്ണില്‍ അനധികൃത മണല്‍ കടത്ത് തടയാന്‍ പുലര്‍ച്ചെ എത്തിയ കോന്നി സി.ഐ എം.ആര്‍. മധുബാബുവിനും മണല്‍ മാഫിയയുടെ ആക്രമണം ഏല്‍ക്കേണ്ടിവന്നു. സി.ഐയുടെ ഷര്‍ട്ട് വലിച്ചുകീറുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിന് നാലുപേര്‍ അറസ്റ്റിലായി.
250 ചാക്ക് മണലാണ് കോന്നി സി.ഐ പിടികൂടിയത്. പ്രദേശങ്ങളില്‍ റിപ്പര്‍ ഇറങ്ങിയതായി വാര്‍ത്ത പ്രചരിപ്പിച്ച് പൊലീസ് ശ്രദ്ധ തിരിച്ച്  മണല്‍ കടത്താന്‍ മണല്‍ മാഫിയ പുതിയ തന്ത്രം ആവിഷ്കരിച്ചതായി പൊലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സഹായം തേടുക മാത്രമാണ് പരിഹാരമെന്ന് കോന്നി സി.ഐ എം.ആര്‍. മധുബാബു ‘മാധ്യമ’ത്തോട് പറഞ്ഞു.
 

യെദിയൂരപ്പ ബി.ജെ.പി വിട്ടു

Posted: 29 Nov 2012 10:30 PM PST

Image: 

ബംഗളൂരു: വാഗ്ദാനങ്ങളെല്ലാം അവഗണിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ബി.എസ് യെദിയൂരപ്പ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്ക് അയച്ചു. അല്‍പ്പസമയത്തിനകം നിയമസഭയില്‍ കാല്‍നടയായെത്തി എം.എല്‍.എ സ്ഥാനവും രാജിവെക്കും.

40 വര്‍ഷമായി കര്‍ണാടകയില്‍ ബി.ജെ.പിയെ നയിച്ച യെദിയൂരപ്പയുടെ നേതൃത്വത്തിലാണ് ദക്ഷിണേന്ത്യയില്‍ ആദ്യമായി ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ ഖനന വിവാദത്തെ തുടര്‍ന്ന് യെദിയൂരപ്പക്ക് മുഖ്യമന്ത്രിപദം നഷ്ടമായി. തുടര്‍ന്ന് പാര്‍ട്ടി നേതൃത്വവുമായി യെദിയൂരപ്പ അത്ര രസത്തിലായിരുന്നില്ല. തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന യെദിയൂരപ്പയുടെ ആവശ്യം നേതൃത്വം നിഷേധിച്ചതോടെയാണ് പാര്‍ട്ടിഅംഗത്വം രാജിവെക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

ഡിസംബര്‍ 9ന് പുതിയ പാര്‍ട്ടിയായ കര്‍ണാടക ജനതാ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് യെദിയൂരപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള 121 എം.എല്‍.എമാരില്‍ 50 പേര്‍ തന്റെയൊപ്പമുണ്ടെന്നാണ് യെദിയൂരപ്പയുടെ വാദം. പാര്‍ട്ടിയില്‍ തുടരുന്നത് അവര്‍ക്കിഷ്ടമല്ല. അതുകൊണ്ട് രാജിവെക്കുന്നു. പിന്തുണ നല്‍കുന്ന എം.എല്‍.എമാരോട് രാജിവെക്കാന്‍ ആവശ്യപ്പെടില്ലെന്നും യെദിയൂരപ്പ പറഞ്ഞു. പാര്‍ട്ടി എല്ലാം തന്നു, പാര്‍ട്ടിക്കുവേണ്ടി തന്റെ ജീവതവും നല്‍കിയെന്നാണ് വികാരഭരിതനായി അദ്ദേഹം പറഞ്ഞത്.

പാര്‍ട്ടിക്ക് നല്‍കിയ സമയപരിധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കേ യെദിയൂരപ്പയെ പാര്‍ട്ടിയില്‍ പിടിച്ചുനിര്‍ത്താന്‍ ബി.ജെ.പി അഖിലേന്ത്യാ നേതൃത്വം അവസാന ശ്രമമെന്ന നിലക്ക് കഴിഞ്ഞദിവസം പുതിയ പദവി വാഗ്ദാനം ചെയ്തിരിന്നു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണ കമ്മിറ്റിയുടെ ചെയര്‍മാന്‍ പദം നല്‍കാമെന്നായിരുന്നു വാഗ്ദാനം.

പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് വെള്ളിയാഴ്ച രാജിവെക്കുമെന്ന് പ്രഖ്യാപിച്ച യെദിയൂരപ്പ വാഗ്ദാനം സ്വീകരിച്ച് ഒരിക്കല്‍ കൂടി തീരുമാനം മാറ്റുമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ. മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിക്ക് പുറമെ കര്‍ണാടകയില്‍ നിന്നുള്ള എം.പി അനന്ത് കുമാറും യെദിയൂരപ്പയെ ബി.ജെ.പി കര്‍ണാടക പ്രസിഡന്റാക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പുമായി രംഗത്തുള്ള സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വം പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇത് പ്രകാരം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൊത്തം ചുമതല അദ്ദേഹത്തിന് നല്‍കാമെന്നാണ് യെദിയൂരപ്പയെ അറിയിച്ചത്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കൊക്കെ പാര്‍ട്ടി ടിക്കറ്റ് നല്‍കണമെന്ന് തീരുമാനിക്കാന്‍ ഇതുവഴി യെദിയൂരപ്പക്ക് കഴിയുമെന്നും  അതിലൂടെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റാകാതെ തന്നെ പാര്‍ട്ടിയുടെ നിയന്ത്രണം അദ്ദേഹത്തിന്റെ കൈവശമെത്തുമെന്നും  മധ്യസ്ഥര്‍ മുഖേന യെദിയൂരപ്പയെ ധരിപ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വത്തിലുള്ള വിശ്വാസം നേരത്തേ നഷ്ടപ്പെട്ട യെദിയൂരപ്പ ഈ വാഗ്ദാനം നിരസിച്ചുകൊണ്ടാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്.

 

മുണ്ടക്കയത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടി

Posted: 29 Nov 2012 10:28 PM PST

 

മുണ്ടക്കയം: മുണ്ടക്കയത്ത് ദിനംപ്രതി  ഉണ്ടാകുന്ന ഗതാഗത തടസ്സം പരിഹരിക്കാന്‍ ലീഗല്‍ സര്‍വീസ് കോടതിയില്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശിച്ചു. പി.യു.സി.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്. അബ്ദുല്‍അസീസാണ് ലീഗല്‍ സര്‍വീസ് കോടതിയില്‍ ഹരജി നല്‍കിയത്. 
മുണ്ടക്കയത്തെ ഗതാഗതക്കുരുക്കിന് സ്ഥിരം പരിഹാരം കാണാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് ചീഫ്വിപ്പ് പി.സി. ജോര്‍ജിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് ട്രാഫിക് അഡൈ്വസറി കമ്മിറ്റി പ്രശ്നപരിഹാരത്തിന് നിര്‍ദേശങ്ങള്‍ പഞ്ചായത്ത് കമ്മിറ്റിക്ക് വെക്കുകയും കമ്മിറ്റി അത് അംഗീകരിക്കുകയും ചെയ്തതായി സെക്രട്ടറി കെ. സെന്‍കുമാര്‍ ലീഗല്‍ സര്‍വീസ് കോടതിയെ അറിയിച്ചു. 
പഞ്ചായത്ത് റോഡിലെ എല്ലാവിധ പാര്‍ക്കിങ്ങും നിരോധിക്കും. ടൗണിലെ ഫുട്പാത്ത് കച്ചവടം കര്‍ശനമായി നിരോധിക്കും. ടൗണിലെ കച്ചവട സ്ഥാപനങ്ങളിലെ പുറത്തേക്ക് ഇറക്കിവെച്ച പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്ത് ഫുട്പാത്ത് കാല്‍നടക്കാര്‍ക്ക് തുറന്നുകൊടുക്കും. ടൗണില്‍ ദേശീയപാതയോരത്ത് പാര്‍ക്ക് ചെയ്യുന്ന 150 ഓട്ടോകള്‍ക്ക് മാര്‍ച്ച് 31നകം ടൗണിനോട് ചേര്‍ന്ന് സൗകര്യപ്രദമായ സ്റ്റാന്‍ഡ് നിര്‍മിച്ച് കൊടുക്കും. ബസ് സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെടുന്ന ബസുകള്‍ നിശ്ചിതചിത സ്റ്റോപ്പില്‍ മാത്രമേ യാത്രക്കാരെ കയറ്റിയിറക്കാന്‍ അനുവദിക്കൂവെന്നും പഞ്ചായത്തിന്വേണ്ടി സെക്രട്ടറി അറിയിച്ചു. ഫുട്പാത്ത് കൈയേറി കച്ചവടം നടത്തുന്നവരെയും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക്ചെയ്യുന്നവരെയും ഡിസംബര്‍ നാലിന് പൊലീസ്, പഞ്ചായത്ത്, എന്‍.എച്ച് വിഭാഗം, മോട്ടോര്‍വെഹിക്കിള്‍ വിഭാഗം എന്നിവരുടെ നേതൃത്വത്തില്‍ നീക്കം ചെയ്യും.
ടൗണിലെ പ്രധാന ഭാഗങ്ങളില്‍ ഫുട്പാത്ത് ഒഴിപ്പിച്ച സ്ഥലത്ത് എന്‍.എച്ച് വിഭാഗം ബാരിക്കേഡുകള്‍ സ്ഥാപിച്ച് നടപ്പാത തീര്‍ക്കുമെന്ന് എന്‍.എച്ച് വിഭാഗം അസി. എന്‍ജിനീയര്‍ ഷിജി കരുണാകരന്‍ കോടതിയെ അറിയിച്ചു. 
കഴിഞ്ഞ ദിവസം നടന്ന സിറ്റിങ്ങില്‍ പഞ്ചായത്തിന് വേണ്ടി സെക്രട്ടറി സെന്‍കുമാര്‍, വൈസ് പ്രസിഡന്‍റ് മാത്യു എബ്രഹാം, പൊന്‍കുന്നം ജോയന്‍റ് ആര്‍.ടി.ഒ പ്രസാദ് എബ്രഹാം, സി.ഐ കെ. കുഞ്ഞുമോന്‍, എസ്.ഐ എന്‍.പി. മുഹമ്മദ് ഹനീഫ, എന്‍.എച്ച് വിഭാഗം അസി. എന്‍ജിനീയര്‍ ഷിജി കരുണാകരന്‍, ജില്ലാ പൊലീസ് സൂപ്രണ്ട്, ഡെ. പൊലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് വേണ്ടി ഗവ. പ്ളീഡര്‍ അഡ്വ. പ്രജീഷാ ബിജോയി, വ്യാപാരി വ്യവസായി ഏകോപന സമിതിക്ക്വേണ്ടി പ്രസിഡന്‍റ് പി.എസ്. ബഞ്ചമിന്‍, സി.കെ. കുഞ്ഞുബാവ, ഹരജിക്കാരന്‍ എച്ച്. അബ്ദുല്‍ അസീസ് എന്നിവര്‍ ഹാജരായി. സത്യവാങ്മൂലത്തിന്‍െറ അടിസ്ഥാനത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കികൊണ്ട് അദാലത്ത് കമ്മിറ്റി മെംബറുംറിട്ട. ജില്ലാ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റുമായ കുരുവിള കോശി, അദാലത്ത് മെംബര്‍ അഡ്വ. പി.എസ്. ജോസഫ് എന്നിവര്‍ ഉത്തരവിട്ടു.

ജന്‍ഡര്‍ പാര്‍ക്ക് വിവാദം; വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

Posted: 29 Nov 2012 10:23 PM PST

 

ആലപ്പുഴ: ജില്ലാപഞ്ചായത്തിന്‍െറ ജന്‍ഡര്‍ പാര്‍ക്ക് വിവാദം സംബന്ധിച്ച അന്വേഷണത്തിന്‍െറ പ്രാഥമിക റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിക്ക് കൈമാറി.ജില്ലാപഞ്ചായത്തിന്‍െറ ചരിത്രത്തില്‍ ആദ്യമായാണ് വിജിലന്‍സ് അന്വേഷണത്തെ അഭിമുഖീകരിക്കുന്ന സാഹചര്യമുണ്ടായത്. സര്‍ക്കാറിന്‍െറ നിര്‍ദേശങ്ങള്‍ പാലിക്കുകയോ കലക്ടറുടെ അഭിപ്രായ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുകയോ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുമൂലം വന്‍തുക ഇടപാടില്‍ കൂടുതല്‍ കൊടുക്കേണ്ട സാഹചര്യമുണ്ടായി. കലക്ടറുടെ മൂല്യനിര്‍ണയ പ്രകാരമല്ല പാര്‍ക്കിന് സ്ഥലം ഏറ്റെടുത്തത്.
സ്ത്രീ സൗഹൃദകേന്ദ്രത്തെ ജില്ലാപഞ്ചായത്തിലെ ഭരണ-പ്രതിപക്ഷം അനുകൂലിക്കുന്നുണ്ടെങ്കിലും പാര്‍ക്കിനായി 60 സെന്‍റ് സ്ഥലം ആറുകോടി രൂപക്ക് വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന് ഭരണപക്ഷത്തെ സി.പി.ഐ ആണ് ആദ്യം ആരോപിച്ചത്. വിഷയം സംബന്ധിച്ച്  ജനകീയവേദി വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയതിനെത്തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവുണ്ടായത്. ഇടപാടില്‍ വഴിവിട്ട നടപടികളുണ്ടായെന്ന് പ്രാഥമികാന്വേഷണത്തില്‍ത്തന്നെ വിജിലന്‍സിന് ബോധ്യപ്പെട്ടിട്ടുണ്ട്. വിശദാന്വേഷണത്തിന് കോടതിയുടെ അനുമതി വേണം. 
ജില്ലാപഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നിലപാടിനെതിരെ വൈസ് പ്രസിഡന്‍റ് തമ്പി മേട്ടുതറയാണ് തുടക്കത്തില്‍ രംഗത്തുവന്നത്. പ്രസിഡന്‍റ് ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നെന്നായിരുന്നു ആക്ഷേപം. പിന്നീട് സി.പി.ഐ ജില്ലാ കൗണ്‍സിലും വൈസ് പ്രസിഡന്‍റിന് പിന്തുണ നല്‍കിയതോടെ വിഷയം രാഷ്ട്രീയമായി. യു.ഡി.എഫ് അംഗങ്ങളും ജന്‍ഡര്‍ പാര്‍ക്ക് വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നു. സി.പി.എമ്മിനാകട്ടെ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നിലപാടിനെ സാധൂകരിക്കാതെ പോകാന്‍ കഴിയാത്ത അവസ്ഥയായി. അതിനാല്‍ ജില്ലാ സെക്രട്ടറി പ്രസിഡന്‍റിന് എതിരെയുള്ള വിമര്‍ശത്തിന് മറുപടി നല്‍കി. 
അതേസമയം, ജില്ലാ പഞ്ചായത്തിന്‍െറ ജനാധിപത്യ സ്വഭാവത്തിന് വിഘാതമുണ്ടാക്കുന്ന തരത്തില്‍ പ്രസിഡന്‍റ് പെരുമാറുന്നെന്ന ആക്ഷേപം കോണ്‍ഗ്രസ് ശക്തമാക്കിയതോടെ അതുവരെയുണ്ടാകാത്ത വാഗ്വാദങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും ജില്ലാപഞ്ചായത്ത് യോഗം സാക്ഷ്യംവഹിക്കേണ്ടി വന്നു.
ജന്‍ഡര്‍ പാര്‍ക്ക് വിവാദം ഇപ്പോഴും ജില്ലാപഞ്ചായത്തില്‍ പുകയുന്നതുകൊണ്ടാണ് അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കലാശിക്കുന്നത്.

കാലപ്പഴക്കംചെന്ന ബോഗികള്‍; ഞെട്ടല്‍ മാറാതെ യാത്രക്കാര്‍

Posted: 29 Nov 2012 10:22 PM PST

 

ആലപ്പുഴ: അപകടം ദുരന്തമായി മാറിയില്ലല്ലോ. എല്ലാം ദൈവത്തിന്‍െറ അനുഗ്രഹം. എറണാകുളത്തുനിന്ന് പുറപ്പെട്ട് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തിയശേഷമാണ് ബോഗികള്‍ വേര്‍പെട്ടത് എന്നതില്‍ ആശ്വാസം  -നെടുവീര്‍പ്പോടെ യാത്രക്കാര്‍ പറഞ്ഞു. 
56381 നമ്പര്‍ എറണാകുളം-കായംകുളം പാസഞ്ചര്‍ ട്രെയിനിന്‍െറ എന്‍ജിന്‍ ഭാഗ ത്തുനിന്ന് രണ്ടാമത്തെയും മൂന്നാമത്തെയും ബോഗികളാണ് പാളത്തില്‍ കുത്തിവീണത്.വ്യാഴാഴ്ച രാവിലെ 11. 15ഓടെ ആലപ്പുഴ റെയില്‍വേ സ്റ്റേഷ നില്‍ നിര്‍ത്താനായി വണ്ടി സാവധാനം ഓടുന്നതിനിടെയാണ് അപകടമുണ്ടായത്.  
പേടിച്ച് പുറത്തേക്ക് ചാടിയ യാത്രക്കാരും സ്റ്റേഷനില്‍ ട്രെയിന്‍ കാത്ത് നിന്നവരും മറ്റും  ബോഗികളെ താങ്ങിനിര്‍ത്തിയിരുന്ന ഭാഗങ്ങളുടെ ദുരവസ്ഥ കണ്ട് ഞെട്ടി. ഈ ട്രെയിനിലാണ് നമ്മള്‍ യാത്രചെയ്യുന്നതെന്ന് ഓര്‍ക്കുമ്പോള്‍ എങ്ങനെ പേടിക്കാതിരിക്കും -വീണ ബോഗികളിലൊന്നിലെ യാത്രക്കാരനായിരുന്ന സുബീഷ് പറഞ്ഞു. എറണാകുളത്ത് ജോലിചെയ്യുന്ന സുബീഷ് ദിവസവും ഈ ട്രെയിനില്‍ യാത്രചെയ്യുന്നയാളാണ്. എച്ച്.ഒ. എല്ലിലെ ജീവനക്കാരനായ സുബീഷിന് അപകടമുണ്ടായപ്പോള്‍ എന്തോ തറയില്‍ ഉരഞ്ഞ് വീഴുന്ന തോന്നലായിരുന്നു. ബോഗി വേര്‍പെട്ട് ആടിയുലഞ്ഞ് പോകുമ്പോള്‍ പ്രാണരക്ഷാര്‍ഥം പുറത്തേക്ക് ചാടി. എറണാകുളത്തുനിന്ന് കയറിയ ബിസിനസുകാരനായ തോമസിനും അപകടത്തെക്കുറിച്ച് പറയുമ്പോള്‍ ഞെട്ടലായിരുന്നു. ഇത്രമാത്രം പഴക്കംചെന്ന സംവിധാനങ്ങളാണ് റെയില്‍വേക്ക് ഉള്ളതെന്ന് ഓര്‍ക്കുമ്പോള്‍ നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂരില്‍ നിന്ന് കയറി എറണാകുളത്ത് എത്തി കായംകുളം പാസഞ്ചറില്‍ ഹരിപ്പാട് വീയപുരത്തെ വീട്ടിലേക്ക് പോകാന്‍ യാത്രചെയ്ത കൃഷ്ണന്‍കുട്ടി നായരും ദൈവത്തെ സ്തുതിച്ചു. കായംകുളത്തേക്ക് പോകാന്‍ സ്റ്റേഷനില്‍ നിന്ന ആലപ്പുഴ സ്വദേശി നസീബും അപകടം നേരില്‍കണ്ട ഞെട്ടലിലായിരുന്നു. 
ബോഗികളുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ സര്‍വീസ് യഥാസമയം റെയില്‍വേ നടത്താറില്ലെന്നാണ് ആക്ഷേപം. ജീവനക്കാരുടെ കുറവുമൂലം പുറമെയുള്ള കാര്യങ്ങള്‍ നോക്കി പരിഹരിക്കുന്നുവെന്ന് അല്ലാതെ ഉപകരണങ്ങളുടെ ഉള്ളിലേക്ക് കടന്നുചെല്ലാറില്ല. അഞ്ചാം മാസവും 12ാം മാസവും പെരംപൂരിലെ വര്‍ക്ഷോപ്പില്‍ സര്‍വീസ് നടത്തുന്നുണ്ടെന്നാണ് വെപ്പ്.  ആലപ്പുഴയിലും തകരാറുകള്‍ പരിശോധിക്കുന്നതിന് വേണ്ടിയുള്ള സംവിധാനമുണ്ടെങ്കിലും കാര്യങ്ങള്‍ ശരിയാംവണ്ണം നടക്കുന്നില്ല എന്നതിന് തെളിവാണ് തുരുമ്പെടുത്ത് ദ്രവിച്ച ഭാഗങ്ങള്‍.
ബോഗികള്‍ വേര്‍പെട്ട് ഉണ്ടായ അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും കാലഹരണപ്പെട്ടവ ഉപയോഗിക്കാനിടയായ സാഹചര്യം വ്യക്തമാക്കണമെന്നും സ്ഥലം സന്ദര്‍ശിച്ച ജി. സുധാകരന്‍ എം. എല്‍.എ ആവശ്യപ്പെട്ടു. ആക്രിക്കച്ചവടക്കാര്‍ക്കുപോലും വേണ്ടാത്തവയാണ് കേരളത്തിലേക്ക് റെയില്‍വേ തള്ളുന്നത്. ഇതിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. എറണാകുളത്തുനിന്ന് പുറപ്പെട്ടശേഷം ട്രെയിനില്‍ ശബ്ദമുണ്ടായിട്ടും അത് ശ്രദ്ധിക്കാതെ ലോക്കോപൈലറ്റ് യാത്ര തുടര്‍ന്നു. ഒരു ദുരന്തത്തിലേക്ക് വീഴാനുള്ള സാഹചര്യം യാത്രക്കാരുടെ ഭാഗ്യംകൊണ്ടാണ് ഇല്ലാതായതെന്നും സുധാകരന്‍ പറഞ്ഞു. വിഷയം സംബന്ധിച്ച് റെയില്‍വേ മന്ത്രിക്കും മുഖ്യമന്ത്രിക്കും അദ്ദേഹം ഫാക്സ് സന്ദേശമയച്ചു.

പെരിയാറിന് ഉപ്പുരസം; വിശാല കൊച്ചിയിലെ ജലവിതരണം താറുമാറായി

Posted: 29 Nov 2012 10:17 PM PST

 

ആലുവ: പെരിയാറിലെ വെള്ളത്തില്‍ ഉപ്പിന്‍െറ അളവ് ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ആലുവയില്‍ നിന്നുള്ള പമ്പിങ് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നര മണിക്കൂര്‍ നിര്‍ത്തിവെച്ചു. ഇതോടെ വിശാല കൊച്ചിയിലെ ജലവിതരണം താറുമാറായി. 30 എം.എല്‍.ഡി വെള്ളത്തിന്‍െറ കുറവുണ്ടാകുകയും ജലനിരപ്പ് താണതിന് പിന്നാലെ വേലിയേറ്റത്തില്‍ ഓരുവെള്ളം പെരിയാറിലേക്ക് അടിച്ചുകയറുകയും ചെയ്തതിനെ തുടര്‍ന്ന് ജലശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു. 
അടുത്തദിവസങ്ങളില്‍ ജലത്തിലെ ലവണാംശം ഉയര്‍ന്ന് വരികയായിരുന്നതിനാല്‍ നിരീക്ഷണത്തിലിരിക്കെ ഉപ്പിന്‍െറ അളവ് 200 പി.പി.എമ്മിലേക്കും പിന്നീടിത് 450 പി.പി.എമ്മിലേക്കും ഉയരുകയായിരുന്നു. തുടര്‍ന്നാണ് പമ്പിങ് നിര്‍ത്തിയത്. വേലിയിറക്കത്തിനുശേഷം ലവണാംശം താഴ്ന്നതിന് പിന്നാലെയാണ് പമ്പിങ് പുനരാരംഭിച്ചത്. പെരിയാറില്‍ ഇക്കുറി വെള്ളം കുറവായതും പെരിയാറിലേക്ക് ഓരുവെള്ളം കയറുന്നത് തടയാന്‍ പുറപ്പിള്ളി കടവില്‍ ആരംഭിച്ച ബണ്ട് നിര്‍മാണം പൂര്‍ത്തിയാകാത്തതും മൂലം ഉപ്പിന്‍െറ തോത് കൂടുതല്‍ പ്രശ്നമുണ്ടാക്കുന്ന സ്ഥിതിയാണ്. 
ബണ്ട് നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കുന്നില്ലെങ്കില്‍ ജലശുദ്ധീകരണശാല തകരാറിലാകാനും വിശാല കൊച്ചിയിലെയും ആലുവ, കീഴ്മാട് പ്രദേശത്തെയും കുടിവെള്ള വിതരണം മുടങ്ങാനും  സാധ്യത ഏറെയാണ്.

ഭാരതപ്പുഴ കടവുകളില്‍നിന്ന് 3000 ചാക്ക് മണല്‍ പിടിച്ചു

Posted: 29 Nov 2012 10:09 PM PST

 

വടക്കാഞ്ചേരി: ഭാരതപ്പുഴയിലെ വിവിധ കടവുകളില്‍നിന്ന് മോഷ്ടിച്ച് 3000 ഓളം ചാക്കുകളിലാക്കി പലയിടങ്ങളില്‍ ഒളിപ്പിച്ച മണല്‍ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ കണ്ടെടുത്തു. മണല്‍  നിര്‍മിതി കേന്ദ്രക്ക് കൈമാറി. 
തൊഴുപ്പാടം വള്ളിക്കടവ്, വേട്ടേക്കരന്‍ ക്ഷേത്രത്തിനടുത്ത് കടവ്, കൊണ്ടാഴികടവ് എന്നിവിടങ്ങളിലാണ് മണല്‍ ചാക്കുകള്‍ അട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനായില്ല. 
കൊണ്ടാഴി നെല്ലിക്കല്‍ രാജേഷിന്‍െറ  വളപ്പിലാണ് 2000 ചാക്ക്  മണല്‍ കണ്ടെത്തിയത്. ഇയാള്‍ കോണ്‍ട്രാക്ടറാണ്. മറ്റു കടവുകളില്‍ കണ്ട ആയിരത്തോളം മണല്‍ചാക്കുകള്‍ പുഴയോരത്ത് തന്നെ ഒളിപ്പിച്ച നിലയിലാണ്.  ഡെപ്യൂട്ടി കലക്ടര്‍ ഇ.വി. സുശീല, പാഞ്ഞാള്‍ വില്ലേജോഫിസര്‍ വി.വി. ഷാഹുല്‍ഹമീദ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സഹായത്തോടെയായിരുന്നു റെയ്ഡ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP