മുംബൈ ടെസ്റ്റ്: ഇന്ത്യ 327ന് പുറത്ത് Posted: 23 Nov 2012 11:42 PM PST മുംബൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ 327 റണ്‍സിന് പുറത്തായി. ആറ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെന്ന നിലയില്‍ രണ്ടാംദിനമായ ശനിയാഴ്ച കളി പുനരാരംഭിച്ച ഇന്ത്യക്ക് 61 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. സെഞ്ച്വറി നേടിയ പൂജാരക്കൊപ്പം 60 റണ്‍സുമായി ക്രീസില്‍ തുടര്‍ന്ന ആര്‍. അശ്വിന്‍ എട്ടു റണ്‍സ് കൂട്ടിച്ചേര്‍ത്ത് പുറത്തായി. പകരമെത്തിയ ഹര്‍ഭജന്‍ സിങ് 21 റണ്‍സെടുത്ത് മടങ്ങി. വൈകാതെ 135 റണ്‍സുമായി പൂജാരക്കും ഗ്രൗണ്ട് വിടേണ്ടി വന്നു. 11 റണ്‍സെടുത്ത സഹീര്‍ ഖാനും പുറത്തായതോടെ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സിന് അവസാനമായി. ഇംഗ്ലണ്ടിന് വേണ്ടി മോണ്ടി പനേസര്‍ അഞ്ചും ഗ്രെയിം സ്വാന്‍ നാലും വിക്കറ്റ് വീഴ്ത്തി. |
ഈ നൂറ്റാണ്ട് സമാധാനത്തിന്റേതാകണം -ദലൈലാമ Posted: 23 Nov 2012 11:33 PM PST വര്‍ക്കല: ഈ നൂറ്റാണ്ട് സമാധാനത്തിന്റേതാക്കാന്‍ പരിശ്രമിക്കണമെന്ന് തിബത്തല്‍ ആത്മീയ നേതാവ് ദലൈലാമ. ശിവഗിരിയില്‍ എണ്‍പതാമത് തീര്‍ഥാടന വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ലാമയുടെ ആഹ്വാനം. 20താം നൂറ്റാണ്ട് ഹിംസയുടെയും രക്തച്ചൊരിച്ചിലിന്റേതുമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ആണവായുധങ്ങള്‍ മനുഷ്യജീവികള്‍ക്കു നേരെ പ്രയോഗിക്കുന്ന സാഹചര്യം പോലും ഉണ്ടായതായി ചൂണ്ടിക്കാട്ടി. ശാസ്ത്ര മേഖലയിലടക്കം ഒട്ടേറെ പുരോഗതിയുണ്ടായി. എന്നാല്‍, ചില കണ്ടു പിടുത്തങ്ങള്‍ മാനവരാശിയുടെ നാശത്തിന് കാരണമാവുന്നതായിരുന്നു. പുതിയ നുറ്റാണ്ട് 12 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇനിയുള്ള കാലമെങ്കിലും സമാധാനത്തിന്റെയും മതേതരത്വത്തിന്റെയും സന്തോഷകരമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ പരിശ്രമിക്കണം. ജനങ്ങളുടെ മനസ്സില്‍നിന്നാണ് ലോകസമധാനം രൂപപ്പെടേണ്ടത്. മതേതരത്വത്തിലും അഹിംസയിലും ഊന്നിയ ഇന്ത്യന്‍ പാരമ്പര്യത്തിന് പുതിയ ലോകത്ത് ഏറെ പ്രസക്തിയുണ്ടെന്നും എന്നാല്‍, അഴിമതിയും അക്രമത്തില്‍ പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഒന്‍പതു മണിയോടെ ശിവഗിരിയിലെത്തിയ അദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. സമാധാനത്തിന്റെ സന്ദേശമായി അവിടെ വൃക്ഷത്തൈ നടുകയും ചെയ്തു. ശിവഗിരി ധര്‍മസംഘം പ്രസിഡണ്ട് സ്വാമി പ്രകാശാനന്ദ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍,മാര്‍ക്രിസോസ്റ്റം തിരുമേനി,സ്വാമി ഋതംബരാന്ദ,സ്വാമി പരമാനന്ദ തുടങ്ങിയവര്‍ സംസാരിച്ചു. |
വാഹനമോഷ്ടാക്കള്‍ പിടിയില്‍ Posted: 23 Nov 2012 11:32 PM PST തിരുവനന്തപുരം: അന്തര്‍ സംസ്ഥാന വാഹനമോഷ്ടാക്കള്‍ പൊലീസ് പിടിയിലായി. ഒറ്റശേഖരമംഗലം പൂഴനാട് ചാനല്‍ പാലത്തിന് സമീപം തകിടിയില്‍ വിഷ്ണുഭവനില്‍ തിരുവല്ലം ഉണ്ണി എന്ന ഉണ്ണിക്കൃഷ്ണനെയും കൂട്ടാളിയായ വട്ടിയൂര്‍ക്കാവ് കുലശേഖരം ലക്ഷംവീട് കോളനിയില്‍ സത്തു എന്നിവരെയുമാണ് പിടികൂടിയത്. പേരൂര്‍ക്കട ദേവപാലന്‍ നഗറിലെ മാധവ അപ്പാര്‍ട്ട്മെന്‍റിന് മുന്‍വശം റോഡില്‍ രാത്രി വാഹനമോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പേരൂര്‍ക്കട സി.ഐ ആര്‍. പ്രതാപന്‍െറ നേതൃത്വത്തില്‍ സിറ്റി ഷാഡോ ടീം അറസ്റ്റ്ചെയ്തത്. പട്ടം ജങ്ഷനില്‍ നിന്ന് മാര്‍ച്ച് 14ന് മഹീന്ദ്ര മാക്സ് മിനി ട്രക്കും ബേക്കറി ജങ്ഷന് സമീപത്തുനിന്ന് മാര്‍ച്ച് ഒന്നിന് ഒരു ബൊലേറോ വാഹനവും വെഞ്ഞാമൂട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്ന് മാര്‍ച്ച് 31ന് ഒരു വാഹനവും മോഷ്ടിച്ചതായി പ്രതികള്‍ സമ്മതിച്ചു. മോഷ്ടിച്ച വാഹനങ്ങള്‍ തമിഴ്നാട്ടിലുള്ള മുപ്പന്തല്‍ ദേവി ക്ഷേത്രത്തിന് സമീപം കൊണ്ടുചെന്ന് കരമനയുള്ള കൂട്ടാളി സുധീറുമായി ചേര്‍ന്ന് പൊളിച്ചുവില്‍ക്കുകയാണ് ചെയ്യുന്നത്. ഉണ്ണിക്കൃഷ്ണന് കൊല്ലം, പത്തനംതിട്ട, കോട്ടയം തുടങ്ങിയ ജില്ലകളിലും കേസുകള്‍ നിലവിലുണ്ട്. കൂടുതല്‍ ചോദ്യം ചെയ്തതില്‍ ഇരവിപുരം, ചവറ, പുനലൂര്‍, കൊട്ടാരക്കര, ചടയമംഗലം, തിരുവല്ല, ആറന്മുള, അടൂര്‍, പന്തളം തുടങ്ങിയ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍നിന്ന് ബൊലേറോ, മഹീന്ദ്രാ പിക്കപ്, ജീപ്പ് തുടങ്ങി നിരവധി വാഹനങ്ങള്‍ മോഷ്ടിച്ചതായി സമ്മതിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നു. പ്രതികളെ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് രണ്ട് കോടതി റിമാന്‍ഡ് ചെയ്തു . പ്രതിളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പേരൂര്‍ക്കട സി.ഐ അറിയിച്ചു. |
മീറ്റര്‍ കമ്പനി അടച്ചുപൂട്ടല്‍ ഭീഷണിയില്‍ Posted: 23 Nov 2012 11:19 PM PST കൊല്ലം: മീറ്റര്‍ വാങ്ങാന്‍ കെ.എസ്.ഇ.ബി തയാറാകാത്തകുമൂലം പൊതുമേഖലാ സ്ഥാപനമായ മീറ്റര്‍കമ്പനിയില്‍ പ്രതിസന്ധി. പ്രതിസന്ധി പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി മുന്‍കൈയെടുത്ത് നടത്തിയ മന്ത്രിതല തീരുമാനങ്ങള്‍ കടലാസിലാണ്. വൈദ്യുതിബോര്‍ഡ് മീറ്റര്‍കമ്പനിയില്‍നി ന്ന് മീറ്റര്‍ വാങ്ങാന്‍ ഇനിയും തയാറാവുന്നില്ല. ഗുണനിലവാരം ഉറപ്പാക്കിയശേഷം മീറ്റര്‍ എടുക്കാമെന്ന ധാരണയാണ് ചര്‍ച്ചയില്‍ ഉണ്ടായത്. കെ.എസ്.ഇ.ബിയില്‍ ആവശ്യത്തിന് മീറ്ററില്ല എന്ന കാരണംപറഞ്ഞ് സ്വകാര്യ കമ്പനികളുടെ മീറ്റര്‍ വാങ്ങുന്നതും പരിശോധന വൈകിക്കാന്‍ കാരണമായിട്ടുണ്ട്. മന്ത്രിമാരുടെ അഭിപ്രായവ്യത്യാസങ്ങളും രാഷ്ട്രീയതാല്‍പര്യവും മീറ്റര്‍കമ്പനിയോടുള്ള അവഗണനക്ക് കാരണമാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. വൈവിധ്യവത്കരണത്തിന്‍െറ ഭാഗമായി ആരംഭിച്ച വാട്ടര്‍മീറ്റര്‍, എ.ബി സ്വിച്ച്, ഗാല്‍വനൈസിങ് പ്ളാന്‍റ് എന്നിവയുടെ പ്രവര്‍ത്തനവും നിലച്ച മട്ടാണ്. ഇപ്പോഴത്തെ സര്‍ക്കാര്‍ കമ്പനി സ്വകാര്യവത്കരിക്കുന്നതിന് ശ്രമിക്കുന്നതായി തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു.തൊഴിലാളികളുടെ സേവന-വേതന കരാര്‍ അവസാനിച്ചിട്ട് രണ്ട് വര്‍ഷത്തോളമാകുന്നു. ലീവ് സറണ്ടര്‍, ആര്‍.എച്ച് മുതലായ പല ആനുകൂല്യങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതിസന്ധി പരിഹരിക്കുന്നതിനും തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കാത്തപക്ഷം തൊഴിലാളികള്‍ പ്രക്ഷോഭപരിപാടികളിലേക്ക് നീങ്ങുമെന്നും എ.ഐ.ടി.യു.സി യൂനിയന്‍ പ്രസിഡന്‍റായ മുന്‍ എം.എല്‍.എ അഡ്വ. എന്‍. അനിരുദ്ധന്‍, വര്‍ക്കിങ് പ്രസിഡന്‍റ് അഡ്വ. തയ്യില്‍ ജയമോഹനന്‍ എന്നിവര്‍ അറിയിച്ചു. |
പാകിസ്താനില്‍ സ്‌ഫോടനം: ഏഴു പേര്‍ കൊല്ലപ്പെട്ടു Posted: 23 Nov 2012 11:18 PM PST ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ ശിയാ വിശ്വാസികള്‍ നടത്തിയ മുഹര്‍റം ഘോഷയാത്രക്കിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. തെക്കന്‍ വസീറിസ്താന്‍ ഗോത്ര മേഖലക്ക് സമീപം ദേര ഇസ്മയീല്‍ ഖാന്‍ ജില്ലയിലാണ് സ്‌ഫോടനമുണ്ടായത്. ഘോഷയാത്ര കടന്നുപോകുന്ന വഴിയില്‍ ചവറ്റുകുട്ടയില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ശക്തമായ സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകള്‍ അകലെ കേട്ടിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തെ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അപലപിച്ചു. വരുംദിവസങ്ങളില്‍ തലസ്ഥാനമായ ഇസ്ലാമാബാദിലും കറാച്ചിയിലും ക്വറ്റയിലും കൂടുതല്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായേക്കുമെന്ന് രഹസ്യാന്വേഷണവിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷക്കായി ആയിരക്കണക്കിന് പൊലീസുകാരെയാണ് രാജ്യത്തുടനീളം വിന്യസിച്ചിരിക്കുന്നത്. ശിയാ മുസ്ലിംകള്‍ മുഹര്‍റം ആചരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സ്‌ഫോടനങ്ങള്‍ക്ക് സാധ്യത മുന്നില്‍ കണ്ട് രാജ്യത്ത് മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് മുഹറം ആഘോഷത്തോടനുബന്ധിച്ച് പാകിസ്താനില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തതുന്നത്. മൊബൈല്‍ വഴിയാണ് 90 ശതമാനം ബോംബ് സ്‌ഫോടനങ്ങളും നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ നടന്ന സ്‌ഫോടന പരമ്പരകളില്‍ 40ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. റാവല്‍പിണ്ഡിയിലെ ശിയാ തീര്‍ഥാടന സ്ഥലത്ത് ഉണ്ടായ സ്‌ഫോനടത്തില്‍ മാത്രം 23 പേര്‍ കൊല്ലപ്പെട്ടു. അക്രമികള്‍ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്ന് കണ്ട് മോട്ടോര്‍ ബൈക്കുകളില്‍ സഞ്ചരിക്കുന്നതിന് ചിലയിടങ്ങളില്‍ യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. |
തൊടുപുഴയില്‍ ബയോമെട്രിക് വിവരശേഖരണം പുരോഗമിക്കുന്നു Posted: 23 Nov 2012 10:52 PM PST തൊടുപുഴ: താലൂക്കിലെ 19 വില്ലേജുകളില്‍ 16 എണ്ണത്തില്‍ ബയോമെട്രിക് വിവരശേഖരണം പൂര്‍ത്തിയായി. ഇടുക്കി, കഞ്ഞിക്കുഴി വില്ലേജുകളിലെ ക്യാമ്പ് ജനുവരി ആദ്യ വാരത്തോടെ പൂര്‍ത്തിയാകും. 16 വില്ലേജുകളിലെ 80 ശതമാനം പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞു. ഓരോ ദിവസവും 34 കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചാണ് വിവര ശേഖരണം നടത്തുന്നത്. ഓരോ വ്യക്തിക്കും 12 അക്ക തിരിച്ചറിയല്‍ നമ്പര്‍ നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ആധാര്‍ നമ്പര്‍ കിട്ടിയവര്‍ക്ക് ആ നമ്പര്‍ തന്നെയാകും ജനസംഖ്യാ രജിസ്റ്ററിലും ലഭിക്കുക. ആധാര്‍ എടുത്തവരും ജനസംഖ്യാ രജിസ്റ്ററിന്‍െറ ക്യാമ്പുകളിലെത്തണം. ആധാര്‍ എന്‍റോള്‍മെന്‍റ് രസീതും പൂരിപ്പിച്ച കെ.വൈ.ആര്‍ പ്ളസ് ഫോറവും ക്യാമ്പില്‍ നല്‍കണം. 2010 ഏപ്രില്‍, മേയ് മാസങ്ങളില്‍ എന്യൂമറേറ്റര്‍മാര്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിവരശേഖരണം നടക്കുന്നത്. ഇതിന് ശേഷം താമസസ്ഥലം മാറിയവര്‍ക്ക് ക്യാമ്പില്‍ ഹാജരാകാനുള്ള അറിയിപ്പ് ലഭിച്ചെന്നുവരില്ല. പുതിയ താമസക്കാരും 2010 ല്‍ വിവരങ്ങള്‍ നല്‍കാത്തവരും ഇപ്പോള്‍ താമസിക്കുന്ന പ്രദേശത്ത് നടക്കുന്ന ക്യാമ്പിലെത്തി ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള വിവരങ്ങള്‍ എന്യൂമറേറ്റര്‍മാര്‍ക്ക് നല്‍കണം. നിലവില്‍ ക്യാമ്പ് പൂര്‍ത്തിയായ വില്ലേജുകളില്‍ രണ്ടാംഘട്ട ക്യാമ്പുകള്‍ അടുത്ത മാര്‍ച്ചിന് ശേഷം ആരംഭിക്കും. ഈ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ഉള്‍പ്പെടുത്തിയ ശേഷം ഇവരുടെ ബയോമെട്രിക് വിവരങ്ങള്‍ അടുത്ത ഘട്ടത്തിലാണ് ശേഖരിക്കുന്നത്. അറിയിപ്പ് ലഭിച്ചിട്ടും ആദ്യഘട്ട ക്യാമ്പുകളിലെത്തി ബയോമെട്രിക് വിവരങ്ങള്‍ നല്‍കാത്തവര്‍ക്കായി രണ്ടാംഘട്ട ക്യാമ്പുകള്‍ നടത്തും. ഇതിലും എത്താനാകാത്തവര്‍ക്കായി താലൂക്കുതലത്തില്‍ മൂന്നാംഘട്ട ക്യാമ്പുകള്‍ നടത്തും. ഈ ഘട്ടങ്ങള്‍ പൂര്‍ത്തിയായാല്‍ ലിസ്റ്റ് പൊതുജനങ്ങളുടെ പരാതി പരിശോധനക്കായി വില്ലേജുകളില്‍ പ്രസിദ്ധീകരിക്കും. വില്ലേജോഫിസറാണ് ലോക്കല്‍ രജിസ്ട്രാര്‍. സബ് ജില്ലാ രജിസ്ട്രാര്‍ തഹസില്‍ദാറാണ്. ജില്ലാ രജിസ്ട്രാര്‍ ജില്ലാ കലക്ടറാണ്. വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ രജിസ്ട്രാര്‍മാര്‍ക്ക് പരാതി നല്‍കണം. ജില്ലാ രജിസ്ട്രാറുടെ തീരുമാനം അന്തിമമായിരിക്കും. തെറ്റുകള്‍ തിരുത്തിയ ശേഷം ഇവ ഗ്രാമസഭകളില്‍ പാസാക്കണം. അവസാനഘട്ടമായാണ് സ്ഥിരവാസം തെളിയിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് (റസിഡന്‍റ്സ് ഐഡന്‍റിറ്റി കാര്‍ഡ്) നല്‍കുന്നത്. 64 കിലോബൈറ്റ്സ് മെമ്മറി സ്മാര്‍ട്ട് കാര്‍ഡാണ് നല്‍കുന്നത്. ശേഖരിച്ച വിവരങ്ങളെല്ലാം ഈ കാര്‍ഡിലുണ്ടാകും. പ്രത്യേകം തയാറാക്കിയ റീഡര്‍ ഉപയോഗിച്ച് വിവരങ്ങള്‍ പരിശോധിക്കാം. രജിസ്റ്റര്‍ തയാറാക്കുന്ന ജോലി പൂര്‍ത്തിയായാല്‍ തുടര്‍ന്ന് വരുന്നവര്‍ക്കായി സ്ഥിരം സെന്‍ററുകളും ആരംഭിക്കും. താലൂക്കോഫിസ് കേന്ദ്രീകരിച്ചായിരിക്കും ഓഫിസുകള്‍ പ്രവര്‍ത്തിക്കുക. |
വിലനിലവാരം പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ നടപടി - എ.ഡി.എം Posted: 23 Nov 2012 10:37 PM PST പത്തനംതിട്ട: ഔദ്യാഗികമായി നിശ്ചയിച്ചു നല്‍കിയ വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത ഹോട്ടലുടമകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് എച്ച്.സലിംരാജ്. ജില്ലാ ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേ ഹം. ശബരിമല തീര്‍ഥാടകര്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. റേഷന്‍ കടകളില്‍ റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ കൃത്യമായ പരിശോധന നടത്തണം. റേഷന്‍ പൂഴ്ത്തിവെപ്പ്, വിലനിലവാരം പ്രദര്‍ശിപ്പിക്കാതിരിക്കുക, അളവുതൂക്ക ക്രമക്കേട് തുടങ്ങിയവ കര്‍ശനമായി തടയണമെന്നും എ.ഡി.എം പറഞ്ഞു. മണ്ണെണ്ണ അലോട്ട്മെന്‍റ് റേഷന്‍ വ്യാപാരികള്‍ക്ക് നേരത്തേ ലഭ്യമാക്കുന്നത് സംബന്ധിച്ച് സിവില്‍ സപൈ്ളസ് ഡയറക്ടര്‍ക്ക് കത്തെഴുതും. റേഷന്‍ കടകളില്‍ ഏറെ ആവശ്യക്കാരുള്ള കോമണ്‍ ബോയില്‍ഡ് റൈസ് കൂടുതല്‍ അനുവദിക്കണമെന്നാവശ്യപ്പെടാനും തീരുമാനമായി. തിരുവല്ല റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ എ.ഗോപകുമാര്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.സൈജു ഹമീദ്, ജില്ലാ സപൈ്ള ഓഫിസറുടെ ചുമതല വഹിക്കുന്ന കെ.ആര്‍.വിജയകുമാര്‍, റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ വിളവിനാല്‍, പ്രതിനിധി എം.ബി.സത്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |
കരാര്‍ രേഖയില്‍ വ്യാജ ഒപ്പിട്ടെന്ന്: കോണ്‍ഗ്രസ് ഗ്രൂപ്പുപോരിന് പുതിയമുഖം Posted: 23 Nov 2012 10:24 PM PST കോട്ടയം: നഗരസഭാ ചെയര്‍മാനെ ചൊല്ലി കോട്ടയത്ത് കോണ്‍ഗ്രസില്‍ രൂപപ്പെട്ട രൂക്ഷമായ ചേരിപ്പോരിനിടെ വ്യാജ ഒപ്പുവിവാദവും തലപൊക്കുന്നു. ചെയര്‍മാന്‍ പദം സംബന്ധിച്ച് കരാര്‍ ഉണ്ടെന്ന് തെളിയിക്കാന്‍ ഡി.സി.സി പ്രസിഡന്‍റ് ഇറക്കിയ രേഖയിലെ രണ്ട് ഒപ്പുകള്‍ വ്യാജമാണെന്നാണ് ഐ ഗ്രൂപ് കൗണ്‍സിലര്‍മാരുടെ വാദം. ചെയര്‍മാന്‍പദം വീതംവെക്കുന്നത് സംബന്ധിച്ച് കരാര്‍ ഉണ്ടെന്നാണ് ഡി.സി.സി പ്രസിഡന്‍റ് കുര്യന്‍ ജോയിയും എ ഗ്രൂപ് കൗണ്‍സിലര്‍മാരും പറഞ്ഞിരുന്നത്. സണ്ണി കല്ലൂര്‍ രാജിവെച്ചതിനെത്തുടര്‍ന്ന് പുതിയ ചെയര്‍മാന്‍ ആരാകണമെന്നത് സംബന്ധിച്ച തര്‍ക്കമാണ് നിലനില്‍ക്കുന്നത്. പ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് നിര്‍ദേശിച്ച കെ.പി.സി.സി പ്രസിഡന്‍റ് കരാറിന്‍െറ കോപ്പി ഐ ഗ്രൂപ് കൗണ്‍സിലര്‍മാരെ കാണിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച വൈകുന്നേരം മൂന്നോടെ കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയ കരാറിന്‍െറ പകര്‍പ്പിലാണ് വ്യാജ ഒപ്പ് വിവാദം ഉടലെടുത്തത്. ചെയര്‍മാന്‍ സ്ഥാനത്ത് ടേം നിശ്ചയിച്ചുണ്ടാക്കിയ കരാറില്‍ ഡി.സി.സി പ്രസിഡന്‍റ് കുര്യന്‍ ജോയി, കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്‍, സണ്ണി കല്ലൂര്‍ എന്നിവരുടെ പേരുകള്‍ ഉണ്ട്. ഇതില്‍ ജോസഫ് വാഴയ്ക്കനും സണ്ണി കല്ലൂരും ഒപ്പിട്ടിട്ടില്ലെന്നായിരുന്നു ആദ്യം മുതല്‍ ഐ ഗ്രൂപ് കൗണ്‍സിലര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍, വെള്ളിയാഴ്ച നല്‍കിയ പകര്‍പ്പില്‍ ഇരുവരുടെയും ഒപ്പുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഐ ഗ്രൂപ് കൗണ്‍സിലര്‍മാര്‍ സണ്ണി കല്ലൂരും ജോസഫ് വാഴയ്ക്കനുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം മൂവാറ്റുപുഴയില്‍നിന്ന് തന്‍െറ ഡ്രൈവറുടെ പക്കല്‍ യഥാര്‍ഥ ഒപ്പ് തെളിയിക്കുന്ന പേപ്പര്‍ കൊടുത്തുവിട്ടു. ഇത് ഒത്തുനോക്കിയപ്പോള്‍ ഡി.സി.സി പ്രസിഡന്‍റ് നല്‍കിയ രേഖയിലെ ഒപ്പ് വ്യാജമാണെന്ന് മനസ്സിലായതായി ഐ ഗ്രൂപ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. സണ്ണി കല്ലൂരിന്‍െറ ഒപ്പും വ്യാജമായി ചേര്‍ത്തതാണ്. ഇതിനെതിരെ കെ.പി.സി.സി പ്രസിഡന്‍റിന് ശനിയാഴ്ച രേഖാമൂലം പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു. ചെയര്‍മാന്‍പദം സംബന്ധിച്ച തര്‍ക്കം ഡി.സി.സി പ്രസിഡന്‍റിനെതിരായ ശക്തമായ നീക്കമായി കൂടി മാറുകയാണ് കോട്ടയത്ത്. പ്രശ്നം പരിഹരിക്കാന്‍ എന്‍.വേണുഗോപാലിന്‍െറ നേതൃത്വത്തില്‍ ശനിയാഴ്ച ചേരാനിരുന്ന യോഗം മാറ്റിവെച്ചു. ഡി.സി.സി പ്രസിഡന്‍റിന് വൈറല്‍പനി ആയതുകൊണ്ടാണ് യോഗം മാറ്റിയതെന്നാണ് വിശദീകരണം. 28ന് യോഗം ചേരാന്‍ നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒമ്പതിനാണ് ചെയര്‍മാന്‍ പദത്തില്‍നിന്ന് സണ്ണി കല്ലൂര്‍ രാജിവെച്ചത്.എ ഗ്രൂപ്പിന്‍െറ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയോട് ഐ ഗ്രൂപ്പിന് താല്‍പ്പര്യമില്ല. ഐ ഗ്രൂപ്പിന് 15 അംഗങ്ങളുടെ പിന്‍ബലവും എ ഗ്രൂപ്പിന് ഒമ്പത് അംഗങ്ങളുടെ പിന്‍ബലവുമാണെന്നാണ് വിലയിരുത്തല്‍. ഡി.സി.സി പ്രസിഡന്‍റിന്‍െറ താക്കീതും ഐ ഗ്രൂപ്പ് തള്ളി. തങ്ങള്‍ക്ക് കെ.പി.സി.സി പ്രസിഡന്‍റിന്‍െറ പിന്തുണയുണ്ടെന്നാണ് അവരുടെ അവകാശവാദം. ഐ ഗ്രൂപ് കെ.ആര്‍.ജി വാര്യരെ ചെയര്‍മാന്‍ ആക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എ ഗ്രൂപ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി സന്തോഷ് കുമാര്‍ അല്ലാതെ മറ്റൊരാളെ നിര്‍ദേശിച്ചാലും പിന്താങ്ങുമെന്നാണ് ഐ ഗ്രൂപ് നിലപാട്. |
റവന്യൂ വകുപ്പ് ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കുന്ന സംവിധാനമാകണം -മന്ത്രി Posted: 23 Nov 2012 10:13 PM PST ആലപ്പുഴ: പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കുന്ന സംവിധാനമായി റവന്യൂ വകുപ്പ് മാറണമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. കലക്ടറേറ്റില്‍ ജനുവരിയില്‍ സംഘടിപ്പിക്കുന്ന റവന്യൂ അദാലത്തിന് മുന്നോടിയായി വകുപ്പിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന്‍െറ പുരോഗതി വിലയിരുത്തുകയായിരുന്നു മന്ത്രി. വകുപ്പിലെ താഴെത്തട്ടിലുള്ള വില്ലേജ് ഓഫിസുകള്‍ തൊട്ടുള്ള പ്രവര്‍ത്തനം മന്ത്രി വിലയിരുത്തി. വില്ലേജ് ഓഫിസുകള്‍ മുതല്‍ കലക്ടറേറ്റ് വരെ ഓഫിസുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍, മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ വരുത്തേണ്ട മാറ്റങ്ങള്‍, ലഭ്യമാക്കേണ്ട മറ്റു സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് അദ്ദേഹം വില്ലേജ് ഓഫിസര്‍ വരെയുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഓഫിസുകളിലെ അധികജോലിഭാരം കുറക്കുക, അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ഉദ്യോഗസ്ഥര്‍ക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ജീവനക്കാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മികച്ച സേവനം നല്‍കുന്ന റവന്യൂ ഉദ്യോഗസ്ഥന് സര്‍ക്കാര്‍ അംഗീകാരം നല്‍കാനും ഫെബ്രുവരി 24 റവന്യൂ ദിനമായി ആഘോഷിക്കാനും പരിപാടിയുണ്ടെന്ന് മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലെയും തന്‍െറ യോഗങ്ങള്‍ കഴിഞ്ഞാലുടന്‍ കലക്ടര്‍മാരുടെ യോഗം വിളിക്കുമെന്നും ,ശ്രദ്ധയില്‍പ്പെട്ട എല്ലാ കാര്യങ്ങളിലും യുക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ജീവനക്കാര്‍ക്ക് ഉറപ്പു നല്‍കി. റവന്യൂ ജോയന്‍റ് കമീഷണര്‍ വി. രതീശന്‍, കലക്ടര്‍ പി. വേണുഗോപാല്‍, വകുപ്പിലെ വില്ലേജ് ഓഫിസര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |
മണല്‍: ഓണ്‍ലൈന്‍ പാസ് മൂന്ന് മുതല്‍ Posted: 23 Nov 2012 10:00 PM PST കൊച്ചി: ജില്ലയിലെ മണല്‍കടവുകളില്‍ നിന്നുള്ള മണല്‍ വിതരണത്തിന് ഓണ്‍ലൈന്‍ പാസ് ഏര്‍പ്പെടുത്തുന്നതിന്‍െറ ആദ്യഘട്ട സംവിധാനം ഡിസംബര്‍ മൂന്നിന് നിലവില്‍ വരും. പിറവം, മണീട് പഞ്ചായത്തുകളിലാണ് പാസ് വിതരണം സമ്പൂര്‍ണമായും ഓണ്‍ലൈനിലാക്കുന്നത്. കടവുകളുള്ള മറ്റു പഞ്ചായത്തുകളില്‍ ജനുവരിക്കകം പദ്ധതി നടപ്പാക്കുമെന്ന് ജില്ല കലക്ടര്‍ പി.ഐ.ഷെയ്ക് പരീത് പറഞ്ഞു. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മണല്‍ ഖനനവും വിതരണവുമായി ബന്ധപ്പെട്ട വിദഗ്ധസമിതി യോഗത്തില്‍ കലക്ടര്‍ ഓണ്‍ലൈന്‍ പാസ് വിതരണം സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കി. ഇതിനുള്ള വിവരസാങ്കേതികത വികസിപ്പിച്ചെടുത്തത് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍ററിന്‍െറ ജില്ലാതല യൂനിറ്റാണ്. പാസ് വിതരണവുമായി ബന്ധപ്പെട്ട ഓരോ ഘട്ടങ്ങളും കലക്ടര്‍ വിശദീകരിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ ആഴ്ചയില്‍ രണ്ടു ദിവസമേ മണലിനുള്ള അപേക്ഷ സ്വീകരിക്കൂ. അപേക്ഷിക്കുമ്പോള്‍ ബുക്കിങ് നമ്പര്‍, പേര്, വിലാസം എന്നിവ രേഖപ്പെടുത്തിയ രസീത് ലഭിക്കും. ഒരു കടവില്‍ നിന്ന് ഒരു ദിവസം വിതരണം ചെയ്യുന്ന മണലിനുള്ള പാസ് നല്‍കുന്നവരുടെ പേരുവിവരം ഓണ്‍ലൈനില്‍ ലഭിക്കും. പാസ് വാങ്ങാന്‍ വരുമ്പോഴേ കടവ്, അളവ്, തീയതി, വാഹനം എന്നിവ സംബന്ധിച്ച വിവരം അറിയാനാകൂ. വാഹനങ്ങളുടെ വാടക നിശ്ചയിക്കാന്‍ പ്രീപെയ്ഡ് സംവിധാനം ഒരുക്കുന്നത് പരിഗണനയിലാണെന്ന് കലക്ടര്‍ പറഞ്ഞു. ഒരു തവണ ഉപയോഗിച്ചു കഴിഞ്ഞാല്‍ പിന്നെ ഉപയോഗിക്കാന്‍ കഴിയാത്ത തരത്തിലുള്ളതാണ് പാസ്. വാട്ടര്‍മാര്‍ക്കും ഹോളോഗ്രാമും ഇതിന്‍െറ പ്രത്യേകതയാണ്. നിലവില്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്ന കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേതിനു സമാനമായ തരത്തിലാണ് പാസ് രൂപകല്‍പന. ഓരോ മാസവും അവസാന തീയതിയില്‍ മണല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട റവന്യുവരുമാനം കമ്പ്യൂട്ടറില്‍ മനസിലാക്കാനാകും. ഒരു കടവില്‍ എത്ര പേര്‍ പാസിനായി വരുമെന്ന റിപ്പോര്‍ട്ട്, ഓരോ ദിവസവും കടവില്‍ അവശേഷിക്കുന്ന മണലിന്‍െറഅളവ് വിവരം എന്നിവയും അറിയാന്‍ സംവിധാനമുണ്ട്. അപേക്ഷയില്‍ ഉപഭോക്താവിന്‍െറ പേര്, വിലാസം, ഫോണ്‍ നമ്പര്‍, വീട് നിര്‍മിക്കുന്ന തദ്ദേശസ്ഥാപനത്തിന്‍െറ പേര്, താലൂക്ക്, വില്ലേജ്, സര്‍വെ നമ്പര്‍, കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് നമ്പര്‍, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, കാര്‍ഡിന്‍െറ ഉടമസ്ഥന്‍െറ പേര്, നിര്‍മാണത്തിനാവശ്യമുള്ള മണലിന്‍െറ അളവ് എന്നിവ രേഖപ്പെടുത്തണം. വോട്ടര്‍ ഐ.ഡി. കാര്‍ഡിന്‍െറ നമ്പറിനൊപ്പം റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ സംബന്ധിച്ച വിവരങ്ങളും ചേര്‍ക്കാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും ആദ്യ ഘട്ടത്തില്‍ വോട്ടര്‍ ഐ.ഡി. കാര്‍ഡ് നമ്പര്‍ മതിയെന്ന് തീരുമാനിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ ഓണ്‍ലൈന്‍ പാസിനുള്ള അപേക്ഷ സ്വീകരിക്കലും പാസ് അനുവദിക്കലും ഗ്രാമപഞ്ചായത്ത്, മുനിസിപ്പല്‍ ഓഫീസുകളിലാണ് നടക്കുക. ഉപഭോക്താക്കള്‍ക്ക് ജില്ല വെബ്സൈറ്റില്‍ നിന്ന് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുന്ന രീതിയിലുള്ള സംവിധാനം രണ്ടാംഘട്ടത്തില്‍ നിലവില്‍ വരും. പാസ് വിതരണം നിരീക്ഷിക്കാനുള്ള കേന്ദ്ര കണ്‍ട്രോള്‍ റൂമിന്‍െറ ചുമതല ജില്ല കലക്ടര്‍ക്കാണ്. കലക്ടറേറ്റിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. ജില്ലയിലെ മണല്‍വിതരണം ഓണ്‍ലൈനിലാക്കുന്നതിനുള്ള തീരുമാനത്തിന് ജൂലൈയില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗം പിന്തുണ പ്രഖ്യാപിച്ചിരുന്നു. മണല്‍ വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ക്കും ക്രമക്കേടുകള്‍ക്കും അറുതി വരുത്താന്‍ ഈ പരിഷ്കാരത്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍. അസിസ്റ്റന്‍റ് കലക്ടര്‍ ആര്‍. ഗോകുല്‍, പിറവം പഞ്ചായത്ത് പ്രസിഡന്‍റ് സാബു.കെ. ജേക്കബ്, രാമമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് വില്‍സണ്‍.കെ. ജോണ്‍, ജിയോളജിസ്റ്റ് കെ.കെ. സജീവന്‍, സുഭാഷ് കടക്കോട്ട്, സാബു പാത്ത്യാക്കല്‍, പോള്‍ വര്‍ഗീസ്, സാബു കെ. ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു. |
No comments:
Post a Comment