സ്വാഗതം
WELCOME

News Update..

Sunday, November 25, 2012

ജീവിതപ്രാരാബ്ധങ്ങളില്‍ വഴിമുട്ടി മുന്‍ ഫുട്ബാള്‍ ക്യാപ്റ്റന്‍ Madhyamam News Feeds

ജീവിതപ്രാരാബ്ധങ്ങളില്‍ വഴിമുട്ടി മുന്‍ ഫുട്ബാള്‍ ക്യാപ്റ്റന്‍ Madhyamam News Feeds

Link to

ജീവിതപ്രാരാബ്ധങ്ങളില്‍ വഴിമുട്ടി മുന്‍ ഫുട്ബാള്‍ ക്യാപ്റ്റന്‍

Posted: 25 Nov 2012 12:11 AM PST

തിരുവനന്തപുരം: എഴുപതാംവയസ്സില്‍ ഊന്നുവടികളുടെ സഹായത്തില്‍ ചലിച്ച് അധികാരികളുടെ വാതിലുകളില്‍ മുട്ടുകയാണ് ഈ പഴയ ഫുട്ബാള്‍ താരം. എം.ബി.ബി.എസിന് പഠിക്കുന്ന മകളുടെ ഹോസ്റ്റല്‍ ഫീസ് അടയ്ക്കാന്‍ പോലും കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം ഇപ്പോള്‍ ഓഫിസുകള്‍ കയറിയിറങ്ങുന്നത്.
കേരളാപൊലീസിന്‍െറ കായികരംഗത്തെ സുവര്‍ണകാലത്ത് പൊലീസിനായി ജഴ്സിയണിഞ്ഞ കോട്ടയം കുറിവലങ്ങാട് പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ കെ. ബേബിയെന്ന പൊലീസുകാരനാണ് ഇപ്പോള്‍ ജീവിതദുരിതത്തില്‍ അലയുന്നത്. സേനയിലെ അറിയാവുന്ന ചിലരുടെ സഹായങ്ങള്‍ ലഭിക്കുന്നതൊഴിച്ചാല്‍ നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടിലാണ്. പെന്‍ഷന്‍ പോലും കൃത്യമായി ലഭിക്കുന്നില്ലെന്നും അദ്ദേഹം പരാതിപ്പെടുന്നു.
ഒരുകാലത്ത് കേരളാപൊലീസ് ഫുട്ബാള്‍ ടീമിന്‍െറ ക്യാപ്റ്റനായിരുന്ന ബേബിയെ ഇന്ന് കണ്ടാല്‍ പലര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. ഇടതുകാല്‍ നഷ്ടപ്പെട്ടു. വലതുകാലാകട്ടെ ഒടിഞ്ഞ് സ്വാധീനം നഷ്ടപ്പെട്ട അവസ്ഥയിലും. ഊന്നുവടിയുടെ സഹായമില്ലാതെ ചലിക്കാന്‍ കഴിയാത്ത അവസ്ഥ.
1960-’62 കാലഘട്ടത്തില്‍ എം.എസ്.പിയില്‍ അംഗമായിരിക്കെയാണ് കേരളാപൊലീസിന് വേണ്ടി കളിച്ചതെന്ന് ബേബി പറയുന്നു. ‘ക്യാപ്റ്റന്‍ ബേബി’ എന്ന വിളിപ്പേരും അദ്ദേഹത്തിന് സ്വന്തം. 1962ല്‍ സിലോണില്‍ (ശ്രീലങ്ക) നടന്ന ശ്രീകൃഷ്ണ ട്രോഫി കേരളാപൊലീസിന് സ്വന്തമായപ്പോള്‍ ടീമിനെ നയിച്ചിരുന്നതും താനാണെന്ന് ബേബി പറഞ്ഞു. അന്നത്തെ കേരളാപൊലീസ് ഫുട്ബാള്‍ ടീമിന്‍െറ പ്രകടനം ഓര്‍ക്കുമ്പോള്‍ ബേബിയുടെ ആവേശമൊന്ന് വേറെയാണ്.
കോട്ടയം സാലി, സൈമണ്‍സുന്ദര്‍രാജ് എന്നിവര്‍ക്കൊപ്പം കളിച്ച ആ മത്സരങ്ങള്‍ ഇന്നലെയെന്നത് പോലെ ബേബിയുടെ മനസ്സിലൂടെ ഓടിമറയുകയാണ്. സ്പോര്‍ട്സ് ക്വോട്ടയില്‍ പൊലീസില്‍ പ്രവേശംലഭിച്ച ബേബി ചുരുങ്ങിയ കാലത്തിനുള്ളില്‍ കേരളാപൊലീസ് ഫുട്ബാള്‍ ടീമിലെ ശ്രദ്ധേയമായ സാന്നിധ്യമായി.
എന്നാല്‍ കളിക്കളത്തിലുണ്ടായ അപകടത്തില്‍ വലതുകാലിന് സാരമായ പരിക്കേറ്റു.  ബേബിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് പരിക്കിന് കാരണമായതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടിയതോടെ കാര്യമായ സഹായമൊന്നും ലഭിച്ചില്ല. പിന്നീട് ദുരിതജീവിതമായി. തന്‍െറ സ്വപ്നങ്ങള്‍ പൊലിഞ്ഞതിലുള്ള നിരാശയായിരുന്നു ബേബിക്ക് പിന്നീട്. അതിനിടയില്‍ കുടുംബം കുട്ടികള്‍ അങ്ങനെ ബാധ്യതകള്‍. അതിനിടയില്‍ ഇടതുകാലില്‍ പഴുപ്പ് കയറി ആ കാല്‍ മുറിക്കേണ്ടിവന്നു. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് മക്കളാണ് ഇദ്ദേഹത്തിന്. അതില്‍ ഇളയമകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ബേബി ബുദ്ധിമുട്ടുന്നത്.
പൊലീസ് മേധാവി, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് മുന്നില്‍ തന്‍െറ മകളുടെ വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി ബേബി എത്തുകയാണ്.
സൗജന്യവിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയതുമാണ്. എന്നാല്‍ മകള്‍ക്ക് ഹോസ്റ്റല്‍ ഫീസ് അടയ്ക്കാന്‍ സാധിച്ചിട്ടില്ലെന്നും അതിനുള്ള സൗകര്യം ഒരുക്കണമെന്നും തനിക്ക് ത്രീവീലര്‍ വാഹനത്തില്‍ മോട്ടോര്‍ ഘടിപ്പിക്കാനുള്ള  സൗകര്യം ഒരുക്കണമെന്നുമുള്ള ആവശ്യമാണ് ബേബിക്ക്. അധികൃതരുടെ സഹായമുണ്ടാകുമെന്ന പ്രതീക്ഷയുമായി ക്രച്ചസില്‍ ബേബി ഓഫിസുകള്‍ കയറി ഇറങ്ങുകയാണ്.

വട്ടം കറക്കി ബി.എസ്.എന്‍.എല്‍; ഉപഭോക്താക്കള്‍ വലയുന്നു

Posted: 24 Nov 2012 11:16 PM PST

തൊടുപുഴ: ഉപഭോക്താക്കളെ വട്ടംകറക്കി ബി.എസ്.എന്‍.എല്‍. ഒരു മാസമായി ജില്ലയിലെ മൊബൈല്‍ ഫോണ്‍, ലാന്‍ഡ് ഫോണ്‍, ഇന്‍റര്‍നെറ്റ് തുടങ്ങിയ സേവനങ്ങള്‍ തകരാറിലാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ ഫോണ്‍ വിളിച്ചാല്‍ പരിധിക്ക് പുറത്താണെന്നോ നെറ്റ്വര്‍ക്ക് ലഭ്യമല്ലെന്നോ ആയിരിക്കും മറുപടി. പരാതിയുമായി വിളിച്ചാല്‍ ഉടന്‍ പരിഹരിക്കാമെന്ന മറുപടി ലഭിക്കുന്നതല്ലാതെ ഫലമൊന്നുമുണ്ടാകില്ല. ഇന്‍റര്‍നെറ്റ് സംവിധാനത്തിന്‍െറ തകരാറും പതിവാണ്. പകലും വൈകുന്നേരവുമാണ് ഇന്‍റര്‍നെറ്റ് ലഭ്യമല്ലാതാകുന്നത്. ഇതുമൂലം സര്‍ക്കാറോഫിസുകള്‍,ബാങ്കുകള്‍,ഇന്‍റര്‍നെറ്റ് കഫേകള്‍,സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നത് പതിവായിരിക്കുകയാണ്.
ബി.എസ്.എന്‍.എല്ലിന്‍െറ മിക്ക സേവനങ്ങളും തകരാറിലാണെന്ന് വ്യാപക പരാതി ഉയര്‍ന്നിട്ടും ഇവ പരിഹരിക്കാന്‍ അധികൃതര്‍ തയാറാകാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. സ്വകാര്യ കമ്പനികളെ സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന ഒത്തുകളിയുടെ ഭഗമായാണ് ബി.എസ്.എന്‍.എല്ലിന്‍െറ സേവനങ്ങളില്‍ തടസ്സമുണ്ടാകുന്നതെന്ന് ആക്ഷേപമുണ്ട്. ബി.എസ്.എന്‍.എലിന്‍െറ വെബ് സൈറ്റും പലയിടങ്ങളിലും ലഭിക്കുന്നില്ല.
 

കിണര്‍ നിര്‍മിക്കുമ്പോള്‍ നടപടിക്രമങ്ങള്‍ പാലിക്കണം

Posted: 24 Nov 2012 11:11 PM PST

പത്തനംതിട്ട: കൊച്ചുകുട്ടികള്‍ തുറന്നുകിടക്കുന്ന കിണറുകളിലും കുഴല്‍ കിണറുകളിലും വീഴുകയും കുടുങ്ങുകയും ചെയ്യുന്നത് തടയാനായി സുപ്രീംകോടതി വിധി പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന ഭൂജല അതോറിറ്റി പുറത്തിറക്കി.
കിണര്‍-കുഴല്‍ കിണര്‍ നിര്‍മിക്കുന്നതിന് 15 ദിവസം മുമ്പ് പ്രദേശത്തെ ബന്ധപ്പെട്ട അധികാരികളെ രേഖാമൂലം അറിയിക്കണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ ഡ്രില്ലിങ് ഏജന്‍സികള്‍ ജില്ലാ ഭരണകൂടത്തില്‍ രജിസ്റ്റര്‍ ചെയ്യണം. കിണര്‍ നിര്‍മിക്കുന്നതിനടുത്തായി ഡ്രില്ലിങ് ഏജന്‍സിയുടെ മുഴുവന്‍ പേരും മേല്‍വിലാസവും കിണറിന്‍െറ ഉപഭോക്തൃ ഏജന്‍സിയുടെയോ ഉടമയുടെയോ മുഴുവന്‍ പേരും മേല്‍വിലാസവും ഉള്‍പ്പെടെയുള്ള വിശദാംശങ്ങളടങ്ങിയ ബോര്‍ഡ് സ്ഥാപിക്കണം. കിണര്‍ നിര്‍മിക്കുന്നതിന് ചുറ്റുമായി മുള്ളുവേലിയോ മറ്റേതെങ്കിലും അനുയോജ്യമായ വേര്‍തിരിവോ ചെയ്യണം.
കിണറിന്‍െറ  ചുറ്റുമായി സിമന്‍റ്-കോണ്‍ക്രീറ്റ് നിര്‍മിത പ്ളാറ്റ്ഫോറം നിര്‍മിക്കണം. വെല്‍ അസംബ്ളി അടക്കുന്നതിന്  സ്റ്റീല്‍ അടപ്പ് വെല്‍ഡ് ചെയ്ത് പിടിപ്പിക്കുകയോ ബോള്‍ട്ടും നട്ടും ഉപയോഗിച്ച് കട്ടികൂടിയ അടപ്പ് പിടിപ്പിക്കുകയോ ചെയ്യണം. പമ്പിന് അറ്റകുറ്റപ്പണി ചെയ്യുമ്പോള്‍ കിണര്‍ മൂടി സംരക്ഷിക്കണം. കിണര്‍ നിര്‍മാണം പൂര്‍ത്തിയായാലുടന്‍ മഡ്പിറ്റുകളും ചാനലുകളും മൂടുകയും ചുറ്റുപാടുമുള്ള സ്ഥലത്തെ സ്ഥിതി കിണര്‍ നിര്‍മിക്കുന്നതിന് മുന്‍പത്തെപ്പോലെ പുന$സ്ഥാപിക്കേണ്ടതുമാണ്. ഉപേക്ഷിക്കപ്പെട്ട കിണറുകള്‍  ചളിമണല്‍-ബോല്‍ഡേഴ്സ്-പെബിള്‍സ്-കട്ടിങ് ഇവ ഉപയോഗിച്ച് മൂടണം.
ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നും കിണറുകളുടെ നിര്‍മാണ സ്ഥിതി വിലയിരുത്തുന്നതിനും ഉചിതമായ പരിശോധന കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ നടത്തുന്നുണ്ടോ എന്ന് കലക്ടര്‍ വിലയിരുത്തും.
ജില്ല-ബ്ളോക്-പഞ്ചായത്തുതലത്തില്‍ എത്ര കിണറുകള്‍ കുഴിക്കുന്നു, എത്ര കിണറുകള്‍ ഉപയോഗത്തിലുണ്ട്, ഉപേക്ഷിക്കപ്പെട്ട എത്ര കിണറുകള്‍ തുറന്ന നിലയില്‍ കാണപ്പെട്ടു,എത്ര കിണറുകള്‍ മൂടിയിരിക്കുന്നു, എത്രയെണ്ണം നിറക്കപ്പെടാനുണ്ട് എന്നുള്ള വിവരങ്ങള്‍ ലഭ്യമാക്കണം. ഗ്രാമീണ മേഖലയില്‍ ഇത്തരം മോനിട്ടറിങ് വില്ലേജോഫിസര്‍മാരും കൃഷിഭവനിലെ ഓഫിസര്‍മാരും ചെയ്യണം. നഗരപ്രദേശങ്ങളില്‍ ഭൂജലവകുപ്പിലെയോ പൊതുജനാരോഗ്യ,നഗരസഭ-കോര്‍പറേഷനിലെ ബന്ധപ്പെട്ട ജൂനിയര്‍ എന്‍ജിനീയറോ എക്സിക്യൂട്ടീവോ ചെയ്യണം. ഏതെങ്കിലും കിണര്‍ എപ്പോഴെങ്കിലും ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ ഈ കിണര്‍ വൃത്തിയായി മൂടിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഭൂജല-പൊതുആരോഗ്യ-നഗരസഭ-കോര്‍പറേഷന്‍-സ്വകാര്യ കോണ്‍ട്രാക്ടുകള്‍ എന്നിവരാരെങ്കിലും സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇതുസംബന്ധിച്ച വിവരങ്ങള്‍ കലക്ടറോ ബ്ളോക് ഡെവലപ്മെന്‍റ് ഓഫിസറോ സൂക്ഷിക്കണം.
 

കോട്ടയം ബ്ളേഡ് മാഫിയയുടെ പിടിയില്‍

Posted: 24 Nov 2012 10:59 PM PST

കോട്ടയം: കോട്ടയത്ത് ബ്ളേഡ് മാഫിയ പിടിമുറുക്കുന്നു. ഇടത്തരക്കാര്‍ക്കും സാധാരണക്കാര്‍ക്കും വന്‍പലിശക്ക് പണം കടം നല്‍കുന്ന സംഘങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിലസുന്നത്. പണം തിരിച്ചുകൊടുക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തുന്നവരെ ഗുണ്ടാസംഘങ്ങളെ വിട്ട് ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളുമുണ്ട്.  പൊലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടാകുന്നില്ലെന്നാണ് പരാതി.
ശബരിമല സീസണ്‍ ആരംഭിച്ചതോടെ ചെറുകിട കച്ചവടക്കാരെയും സംഘം വലവീശുന്നുണ്ട്. തീര്‍ഥാടന കാലത്തെ കച്ചവടം മുന്നില്‍കണ്ട് കടകളില്‍ ചരക്ക് നിറക്കാന്‍ പണത്തിന് നെട്ടോട്ടമോടുന്നവരെയാണ് സംഘം ലക്ഷ്യം വെക്കുന്നത്. തമിഴ് സംഘങ്ങളും ബ്ളേഡ് പലിശക്ക് കടം കൊടുക്കുന്നതിന് രംഗത്തുണ്ട്. ഈടൊന്നുമില്ലാതെ എത്ര രൂപവരെ വേണമെങ്കിലും വായ്പ നല്‍കുന്ന ഇവര്‍ ആളുംതരവും നോക്കി കൊള്ളപ്പലിശയാണ് ഈടാക്കുന്നത്.  1000 രൂപക്ക് 25 രൂപ മുതല്‍ 30  വരെയാണ് പലിശ. കൂടാതെ ദിവസപ്പലിശക്കും മാസപ്പലിശക്കും പണം കടം നല്‍കുന്നുമുണ്ട്. തുകയെഴുതാത്ത ചെക്ക് മാത്രം ഈടായി സ്വീകരിച്ച് പണം കടം നല്‍കുന്നവരുമുണ്ട്. പണമടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ചെക്കില്‍ വന്‍ തുക എഴുതിച്ചേര്‍ത്ത് കേസുകൊടുത്താണ് ഇവര്‍ ഇരകളെ കുടുക്കുക.
ബ്ളേഡ് പലിശയില്‍ കുടുങ്ങിയ ഓട്ടോ ഡ്രൈവര്‍, തന്നെ ആരോ ഓട്ടം വിളിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കാണിച്ച് പരാതി നല്‍കിയ സംഭവവുമുണ്ടായി. വിശദമായ അന്വേഷണം നടത്തിയപ്പോള്‍, ബ്ളേഡ് മാഫിയയില്‍ നിന്ന് രക്ഷപ്പെടാനുള്ള നാടകമായിരുന്നു ഇതെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു.
ബ്ളേഡ് പലിശക്കാരന്‍ വീട്ടിലെത്തി കൈയേറ്റം നടത്തുന്നുവെന്ന് കാണിച്ച് ഏറ്റുമാനൂര്‍ പൊലീസിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയ സംഭവവും ഉണ്ടായി.
പണം കടംനല്‍കുമ്പോള്‍തന്നെ, പലിശയുടെ ആദ്യഗഡു ഈടാക്കും. എഴുത്തുകുത്തിന് എന്ന പേരില്‍ വേറെയും പണം ഈടാക്കും. ഇതുകൂടാതെ, പലിശ നല്‍കാന്‍ ഒരുദിവസം വൈകിയാല്‍ പിഴപ്പലിശ എന്ന പേരിലും പണം വസൂലാക്കുന്ന സംഘങ്ങളുണ്ട്.
അത്യാവശ്യക്കാരെ കണ്ടെത്തി ബ്ളേഡ് മാഫിയയുടെ അടുത്തെത്തിക്കുന്നതിന് ഏജന്‍റുമാരെയും നിയോഗിച്ചിട്ടുണ്ട്. നാട്ടുകാരെയും പരിചയക്കാരെയുമാണ് ഏജന്‍റുമാരായി നിയോഗിക്കുന്നത്. പലിശ മുടക്കിയാല്‍, ഈ ഏജന്‍റുമാരെ വിട്ട് സമ്മര്‍ദം ചെലുത്തിയ ശേഷമാണ് ബ്ളേഡ് മാഫിയ ഭീഷണിയിലേക്ക് നീങ്ങുന്നത്.
പണം തിരിച്ചടക്കാന്‍ കഴിയാത്തവരില്‍ നിന്ന് വീടിന്‍െറയും വസ്തുവിന്‍െറയും പണയാധാരം എഴുതി വാങ്ങി പിന്നീട് സ്വന്തം പേരിലേക്ക് മാറ്റുന്ന സംഭവങ്ങളുമുണ്ട്. ഇങ്ങനെ സ്വന്തമാക്കുന്ന വസ്തുക്കളുടെ ആധാരം ബാങ്കില്‍ പണയംവെച്ച് വന്‍ തുക വായ്പയെടുത്ത് അത് വീണ്ടും ബ്ളേഡ് പലിശക്ക് കടംകൊടുക്കുന്നവരുമുണ്ട്.
 

മുട്ടുകായല്‍ ബണ്ട് കെട്ടി സംരക്ഷിച്ചില്ല; ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു

Posted: 24 Nov 2012 10:11 PM PST

വാടാനപ്പള്ളി: വാടാനപ്പള്ളി പഞ്ചായത്തിലെ  മുട്ടുകായല്‍ ബണ്ട് കെട്ടി സംരക്ഷിക്കാത്തതിനാല്‍ ഉപ്പുവെള്ളം കയറി മണപ്പാട് മുതല്‍ നടുവില്‍ക്കര വരെ കൃഷി നശിക്കുന്നു.
പഞ്ചായത്ത് ഇടപെട്ട് ഇത്തവണ നിശ്ചിത സമയത്തിന്  മുമ്പ്  ബണ്ട്  കെട്ടി സംരക്ഷിക്കാന്‍ നടപടി എടുത്തില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
എല്ലാവര്‍ഷവും രണ്ടാഴ്ച മുമ്പ് പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍  ബണ്ട് കെട്ടാറുണ്ട്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. വേലിയേറ്റത്തിലാണ് കനോലി പുഴയില്‍ നിന്ന് ഉപ്പുവെള്ളം, ബണ്ട് വഴി കായലിലേക്ക്  കയറുന്നത്. മണപ്പാട്, നടുവില്‍ക്കര മേഖലയിലെ മൂന്നു കിലോമീറ്റര്‍    സ്ഥലത്തെ തെങ്ങ്, കവുങ്ങ്, പച്ചക്കറി കൃഷികളാണ് നശിക്കുന്നത്. വേലിയേറ്റത്തില്‍  നടുവില്‍ക്കര അരിഗോഡൗണിന് വടക്കുള്ള വീടുകളുടെ മുറ്റം വരെ  ഉപ്പുവെള്ളം കയറി.
 പഞ്ചായത്തിലെ ഏഴ്, ഒമ്പത് വാര്‍ഡുകളിലെ കൃഷിയാണ് ഏറെയും നശിക്കുന്നത്.  എന്നാല്‍ പഞ്ചായത്തംഗത്തിന്‍െറയോ, പ്രസിഡന്‍റിന്‍െറയോ ഭാഗത്തുനിന്ന് ബണ്ട് കെട്ടാന്‍ നടപടിയുണ്ടായില്ല.
ബണ്ടാണെങ്കില്‍ കോണ്‍ക്രീറ്റ് തകര്‍ന്ന് കമ്പികള്‍ പുറത്തായി. ഏതുസമയത്തും നിലംപതിക്കാവുന്ന നിലയിലാണ്. ബണ്ടിന്‍െറ അപകടാവസ്ഥ കാരണം ഇതുവഴിയുള്ള കാല്‍നടയാത്രയും അപകടം നിറഞ്ഞതാണ്.
സ്കൂളിലേക്ക് പോകാനായി   കുട്ടികള്‍ ഭീതിയോടെയാണ് ബണ്ട് മുറിച്ചുകടക്കുന്നത്.  കാല്‍ തെറ്റിയാല്‍ വെള്ളം നിറഞ്ഞ ഒഴുക്കുള്ള കനാലിലേക്കാണ് വീഴുക. പ്രായം ചെന്നവര്‍ക്കും ഇതുവഴി പോകാന്‍ പ്രയാസമാണ്.
 ബണ്ട് അറ്റകുറ്റപ്പണി നടത്താനും കൂടുതല്‍ ഉപ്പുവെള്ളം കയറുന്നത് തടയാന്‍ അടിയന്തരമായി കെട്ടി സംരക്ഷിക്കാനും പഞ്ചായത്ത് നടപടി കൈക്കൊള്ളണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

സംഭരണ അട്ടിമറി: കേര കര്‍ഷകര്‍ പ്രതിസന്ധിയില്‍

Posted: 24 Nov 2012 09:42 PM PST

കൊല്ലങ്കോട്: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നാളികേര സംഭരണം അവതാളത്തില്‍. കേരഫെഡിന്‍െറ അനാസ്ഥയും കൃഷിവകുപ്പിന്‍െറ പ്രവര്‍ത്തനം അവതാളത്തിലായതുമാണ് കേരകര്‍ഷകരെ പ്രയാസത്തിലാക്കുന്നത്. പച്ചത്തേങ്ങയും 20,000 ടണ്‍ കൊപ്രയും കേരളത്തില്‍നിന്ന് സംഭരിക്കുമെന്ന നാഫെഡിന്‍െറ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച കര്‍ഷകരെ നിരാശപ്പെടുത്തുന്ന വിധത്തിലാണ് സര്‍ക്കാരിന്‍െറ സംഭരണ ക്രമീകരണം.
ചിറ്റൂര്‍ താലൂക്കില്‍ മാത്രം 4,000 ടണ്ണിലധികം നാളികേരം തോട്ടങ്ങളില്‍ കെട്ടിക്കിടക്കുന്നുണ്ട്. മലബാര്‍ മേഖലയില്‍നിന്ന് മേയ് മാസം മുതലുള്ള കണക്കനുസരിച്ച് 12,000 ടണ്‍ കൊപ്രയാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഫെഡ് കേരഫെഡിലൂടെ സംഭരിച്ചത്. ഇതില്‍ പാലക്കാട്ട്നിന്ന് എത്ര കൊപ്ര സംഭരിച്ചുവെന്ന താലൂക്ക് തിരിച്ച കണക്ക് നാഫെഡില്‍ ലഭ്യമല്ല. സഹകരണ സംഘങ്ങള്‍ വഴി കേരഫെഡ് സംഭരിക്കുന്ന കൊപ്രയാണ് നാഫെഡ് 51 രൂപക്ക് സംഭരിച്ച് തിരിച്ച് കേരഫെഡിനും ഓയില്‍ മില്ലുകള്‍ക്കും നല്‍കുന്നത്. ഇത്തരത്തില്‍ സംഭരിക്കുന്ന ടണ്‍ കണക്കിന് കൊപ്ര ദിനേന മുതലമടയിലെ വെയര്‍ഹൗസില്‍ എത്തുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.
പ്രദേശത്തെ കര്‍ഷകരെ ഒഴിവാക്കി ചില സഹകരണ സംഘങ്ങള്‍ തമിഴ്നാട്ടില്‍നിന്ന് കൊപ്ര സംഭരിക്കുന്നതാണ് ഇത്രയധികം നാളികേരം കെട്ടിക്കിടക്കാന്‍ കാരണമെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. പൊള്ളാച്ചി മാര്‍ക്കറ്റില്‍ 32 മുതല്‍ 36 രൂപ വരെ വിലയുളള കൊപ്ര മൊത്തമായി വാങ്ങുന്ന വന്‍കിട ഏജന്‍റുമാന്‍ ജില്ലയിലും സമീപ ജില്ലകളിലുമുള്ള സഹകരണ സംഘങ്ങളെ സ്വാധീനിച്ച് പെര്‍മിറ്റ് നേടിയാണ് കേരഫെഡിന് നല്‍കുന്നതെന്ന് ആരോപണം ശക്തമാണ്. കെട്ടിക്കിടക്കുന്ന നാളികേരം മുളച്ചിട്ടും തിരിഞ്ഞുനോക്കാത്ത അധികൃതരുടെ നിലപാടിനെതിരെ കേരകര്‍ഷകര്‍ ജില്ലാതലത്തില്‍ സമരത്തിനൊരുങ്ങുകയാണ്.
സംഭരണത്തിലെ അട്ടിമറിയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് കേര കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ഇടത്തട്ടുകാരെ ഒഴിവാക്കി കൃഷിഭവനുകള്‍ വഴി കര്‍ഷകരില്‍നിന്ന് നേരിട്ട് കൊപ്ര സംഭരിക്കാന്‍ സംവിധാനം ഒരുക്കണമെന്നും സഹകരണ സ്ഥാപനങ്ങള്‍ സംഭരിക്കുന്ന കൊപ്ര ജില്ലാ കൃഷി ഓഫിസറുടെ മേല്‍നോട്ടത്തില്‍ കേരഫെഡിന് കൈമാറണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
 

ബംഗ്ലാദേശില്‍ തുണിഫാക്ടറിയില്‍ വന്‍തീപിടിത്തം: 120 മരണം

Posted: 24 Nov 2012 09:35 PM PST

Image: 

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കക്ക് സമീപം തുണിഫാക്ടറിയിലുണ്ടായ വന്‍തീപിടിത്തത്തില്‍ 120 പേര്‍ മരിച്ചതായി റിപോര്‍ട്ട്. ധാക്കയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ അഷുലിയ ജില്ലയിലെ തസ്‌റീന്‍ ഫാഷന്‍ ഫാക്ടറിയിലാണ് ശനിയാഴ്ച അര്‍ധരാത്രിയോടെ തീപിടിത്തമുണ്ടായത്.

ഒമ്പതുനിലയുള്ള ഫാക്ടറിയുടെ താഴത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് ഇത് മറ്റ് നിലകളിലേക്കും പടരുകയായിരുന്നു. തീപടര്‍ന്നതോടെ തൊഴിലാളികള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി. ഇതാണ് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയത്. പ്രാണരക്ഷാര്‍ഥം നിരവധി പേര്‍ മുകള്‍ നിലകളില്‍ നിന്ന് താഴേക്ക് ചാടിയെന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

എട്ടു പേര്‍ മാത്രമാണ് അപകടത്തില്‍ മരിച്ചെതെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ ഞായറാഴ്ച രാവിലെ രക്ഷാപ്രവര്‍ത്തകര്‍ ഫാക്ടറിക്കുള്ളില്‍ കടന്നപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലായത്. ഞായറാഴ്ച ഫാക്ടറിക്കകത്ത് കടന്നപ്പോഴാണ് ഒരോ നിലയിലും നിരവധി പേര്‍ മരിച്ചുകിടക്കുന്നത് കണ്ടതെന്ന് രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവര്‍ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.

മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ സൈന്യത്തെയും അതിര്‍ത്തി സുരക്ഷാസേനയെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

ബംഗ്ലാദേശില്‍ മൊത്തം 4000ത്തോളം തുണിഫാക്ടറികളുണ്ട്. ഇവയില്‍ മിക്കവയും മതിയായ സുരക്ഷാക്രമീകരണങ്ങളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടങ്ങളില്‍ തീപിടിത്തവും സാധാരണമാവുകയാണ്. 2010 ഡിസംബറില്‍ ഇതേപ്രദേശത്ത് മറ്റൊരു ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 25 പേര്‍ മരിച്ചിരുന്നു.
 

ക്രിമിനല്‍കേസ് പ്രതിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി

Posted: 24 Nov 2012 09:28 PM PST

വേങ്ങര: കുറ്റിപ്പുറം ശിഹാബ് വധക്കേസടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ പട്ടാപ്പകല്‍ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. എ.ആര്‍ നഗര്‍ പുതിയത്തുപുറായ സ്വദേശി പാലശ്ശേരി കൂളിപ്പറമ്പില്‍ ഇല്യാസിനെയാണ് (36) ശനിയാഴ്ച രാവിലെ 11.30ന് വേങ്ങര ചേറൂര്‍ റോഡിലെ ഓഡിറ്റോറിയത്തിന് സമീപത്തുനിന്ന് നാലംഗ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി കൊണ്ടുപോയത്.
മഹാരാഷ്ട്ര രജിസ്ട്രേഷന്‍ എം.എച്ച് 01-6428 പിസ്ത കളര്‍ ഇന്നോവ കാറിലെത്തിയ സംഘം മലപ്പുറം ഭാഗത്തേക്കാണ് വണ്ടി ഓടിച്ചുപോയത്. കള്ളിയത്ത് ട്രേഡേഴ്സിന്‍െറ കലക്ഷന്‍ ഏജന്‍റായിരുന്ന കുറ്റിപ്പുറം സ്വദേശി ശിഹാബിനെ 2006 നവംബര്‍ 22ന് ഇന്നോവ കാറിലെത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ ഒമ്പതാം പ്രതിയാണ് ഇല്യാസ്.
2007ല്‍ വേങ്ങര പൊലീസില്‍ കുഴല്‍പ്പണം തട്ടിയ കേസിലും തിരൂരങ്ങാടി, തേഞ്ഞിപ്പലം സ്റ്റേഷനുകളിലും ഇല്യാസിനെതിരെ കേസുകളുണ്ട്. നാലു വര്‍ഷത്തോളം വിദേശത്തായിരുന്ന ഇയാളെ 2010ല്‍ എയര്‍പോര്‍ട്ടില്‍വെച്ച് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. കുഴല്‍പ്പണം തട്ടിയ നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ കവര്‍ച്ചാസംഘത്തിന് വിവരം നല്‍കുന്നതിനാല്‍ ചൂണ്ടി ഇല്യാസ് എന്നാണറിയപ്പെടുന്നത്. തട്ടിക്കൊണ്ടുപോയവരെകുറിച്ചോ വാഹനത്തെക്കുറിച്ചോ സൂചന ലഭ്യമായിട്ടില്ല.
അന്വേഷണം ഊര്‍ജിതമാക്കിയതായി അന്വേഷണ ചുമതലയുള്ള മലപ്പുറം സി.ഐ ഇന്‍ചാര്‍ജ് വി.എ. കൃഷ്ണദാസ് അറിയിച്ചു.
വേങ്ങര എസ്.ഐ ഹിദായത്തുല്ല മാമ്പ്ര, എ.എസ്.ഐ ഇ. വിശ്വനാഥന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
 

മൊഗ്രാല്‍പുത്തൂരിലെ ദുരിതബാധിതര്‍ക്കായി ‘സാന്ത്വനം’ പദ്ധതി നടപ്പാക്കുന്നു

Posted: 24 Nov 2012 09:19 PM PST

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ദുരിതബാധിതര്‍ക്കായി ‘സാന്ത്വനം’ എന്ന പേരില്‍ സമഗ്ര സാമൂഹികാധിഷ്ഠിത പുനരധിവാസ പദ്ധതി നടപ്പാക്കുന്നു. ദേശീയ വികലാംഗ പുനരധിവാസ പദ്ധതി (എന്‍.പി.ആര്‍.പി.ഡി)പ്രകാരമാണ് ഇത് നടപ്പാക്കുന്നത്. എന്‍.പി.ആര്‍.പി.ഡി കോ-ഓഡിനേറ്റര്‍ എസ്. നസീമിന്‍െറ നേതൃത്വത്തില്‍ പദ്ധതിയുടെ കരട് തയാറാക്കി. ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീറിന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ് എന്‍.പി.ആര്‍.പി.ഡി പദ്ധതി തയാറാക്കിയത്. ആറര കോടി രൂപയുടെ വിവിധ പദ്ധതികളാണുള്ളത്. ഇതിന്‍െറ കരട് രേഖ ഗ്രാമയാത്രയില്‍  പഞ്ചായത്ത്-സാമൂഹിക ക്ഷേമ മന്ത്രി എം.കെ.മുനീറിന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ കൈമാറി.
പ്രാഥമിക ആരോഗ്യ കേന്ദ്രം മെച്ചപ്പെടുത്തല്‍, ആംബുലന്‍സ്, ബഡ്സ് സ്പെഷ്യല്‍ സ്കൂള്‍, ഫാമിലി വെല്‍ഫെയര്‍ സെന്‍റര്‍ സ്ഥാപിക്കല്‍, പരിശീലന സഹായ ഉപകരണങ്ങള്‍ നല്‍കുക, ‘പുനര്‍വ’ എന്ന പേരില്‍ സ്വയം തൊഴില്‍ പദ്ധതി ആരംഭിക്കുക, രണ്ട് കോടി രൂപയില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ സഹായത്തോടെ റിഹാബിലിറ്റേഷന്‍ സെന്‍റര്‍ സ്ഥാപിക്കുക, കാഴ്ച വൈകല്യം ഉള്ളവര്‍ക്കുള്ള പദ്ധതി നടപ്പാക്കുക, എല്ലാ ദുരിതബാധിതരെയും ബി.പി.എല്ലില്‍ ഉള്‍പ്പെടുത്തുക, ഭിന്നശേഷിയുള്ളവര്‍ക്ക് ചെറുകിട കച്ചവടത്തിന് പെട്ടിക്കടകള്‍ സ്ഥാപിക്കുക, രക്ഷാകര്‍ത്താക്കള്‍ക്ക് വിദഗ്ധ പരിശീലന കേന്ദ്രം ആരംഭിക്കുക, പി.എച്ച്.സിയില്‍ വൈകല്യ നിര്‍ണയ സംവിധാനം ഒരുക്കുക, ആശ്വാസ കിരണം പദ്ധതി അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കുക, ദുരിതബാധിതരുടെ മാതാപിതാക്കള്‍ക്ക് അനുയോജ്യമായ തൊഴിലുറപ്പ് പദ്ധതി രൂപവത്കരിക്കുക, എല്ലാവര്‍ക്കും കുറഞ്ഞ നിരക്കില്‍ അരിയും ധാന്യവും നല്‍കുക, ഐ.ഇ.ഡി റിസോഴ്സ് റൂം മെച്ചപ്പെടുത്തുക, വൈകല്യമുള്ള കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായ വാഹന സൗകര്യം ഏര്‍പ്പെടുത്തുക, കൗണ്‍സില്‍ സെന്‍റര്‍ സ്ഥാപിക്കുക തുടങ്ങിയ പ്രധാന നിര്‍ദേശങ്ങളാണ് സര്‍ക്കാറിന് സമര്‍പ്പിച്ച പദ്ധതിയിലുള്ളത്.
പദ്ധതി രേഖ സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും മന്ത്രിസഭാ ഉപസമിതിയുമായി ആലോചിച്ച് പ്രത്യേക സെല്‍ രൂപവത്കരിക്കുന്നതടക്കമുള്ള കാര്യം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി മുനീര്‍ വ്യക്തമാക്കി. മൊഗ്രാല്‍ പുത്തൂരിലെ ശാരീരിക-മാനസിക വൈകല്യം അനുഭവിക്കുന്ന എല്ലാവരെയും ആശാകിരണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാസം 400 രൂപ വീതം സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കൊച്ചി മെട്രോ: ശ്രീധരനെ എം.ഡിയാക്കണമെന്ന് കമല്‍നാഥ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ആര്യാടന്‍

Posted: 24 Nov 2012 09:16 PM PST

Image: 

നെടുമ്പാശ്ശേരി: ഇ. ശ്രീധരനെ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്റെ എം.ഡിയാക്കണമെന്ന് കേന്ദ്രമന്ത്രി കമല്‍നാഥ് ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. സംസ്ഥാനസര്‍ക്കാറുമായി നടന്ന ചര്‍ച്ചകളിലൊന്നും ഈ ആവശ്യം കേന്ദ്രമന്ത്രി ഉന്നയിച്ചിട്ടില്ല. ഇ. ശ്രീധരന് ഏതുസ്ഥാനവും നല്‍കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാണ്. ഏതുസ്ഥാനം ഏറ്റെടുക്കുമെന്ന് അദ്ദേഹം അറിയിച്ചാല്‍മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍നിന്നും മടങ്ങിയെത്തിയ മന്ത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP