മണല്‍കടത്ത്: ഉത്തരവ് കലക്ടര്‍ അറിയാതെയെന്ന് സൂചന Posted: 21 Nov 2012 12:14 AM PST കോഴിക്കോട്: ചെറുവാടി കടവില്‍നിന്ന് മണല്‍ കടത്തുന്നതിന് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കു മാത്രം അനുമതി നല്‍കി ജില്ലാ ഭരണകൂടം പുറത്തിറക്കിയ ഉത്തരവ് ജില്ലാ കലക്ടര്‍ അറിയാതെയെന്ന് സൂചന. ഉപഭോക്താവിന് ഇഷ്ടമുള്ള വാഹനത്തില്‍ മണല്‍ കൊണ്ടുപോകാമെന്ന ഹൈകോടതി ഉത്തരവിന് വിരുദ്ധമായി ജില്ലാ കലക്ടര്‍ക്കുവേണ്ടി ഉത്തരവിറക്കിയത് ഇതുസംബന്ധിച്ച ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടറാണെന്നറിയുന്നു. ചെറുവാടി കടവിലെ മണല്‍കടത്തുമായി ബന്ധപ്പെട്ട് ഇറക്കിയ പ്രത്യേക ഉത്തരവ് കഴിഞ്ഞദിവസം ഹൈകോടതി റദ്ദ് ചെയ്തിരുന്നു. കൊടിയത്തൂര്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കു മാത്രമായി മണല്‍ കടത്തുന്നതിനുള്ള അവകാശം പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒന്നിലേറെ തവണ കലക്ടറെ സമീപിച്ചപ്പോഴും ഹൈകോടതി ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിക്കാനാവില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്ന് കലക്ടറേറ്റ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍, കഴിഞ്ഞ 14ന് ഉത്തരവിറങ്ങിയതാകട്ടെ പഞ്ചായത്തില്‍ മണല്‍ കടത്തുന്നത് കുത്തകയാക്കിയ വാഹന ഉടമകളുടെ താല്‍പര്യം സംരക്ഷിച്ചുകൊണ്ടാണ്. ഇതിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തായിരുന്ന അദ്ദേഹം ‘മാധ്യമം’ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കലക്ടറേറ്റിലെ ഉദ്യോഗസ്ഥരോട് ഫോണില്‍ വിശദീകരണം തേടി. കോഴിക്കോട്ട് തിരിച്ചെത്തിയശേഷം തുടര്‍നടപടികളുണ്ടായേക്കും. അതിനിടെ, ചെറുവാടി കടവിലെ മണല്‍കടത്തുമായി ബന്ധപ്പെട്ട് കൊടിയത്തൂര്‍ പൂവ്വഞ്ചേരി മുജീബ് സമര്‍പ്പിച്ച ഹരജിയില്‍ ജില്ലാ കലക്ടര്‍ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, റൂറല്‍ എസ്.പി എന്നിവര്‍ക്ക് ഹൈകോടതി നോട്ടീസ് അയച്ചു. പ്രത്യേക ദൂതന്‍ വഴിയാണ് ഇന്നലെ ഇതെത്തിച്ചത്. |
‘ക്ളീന്‍ അപ് ദി വേള്‍ഡ്’ കാമ്പയിന് ഉജ്വല തുടക്കം Posted: 20 Nov 2012 11:49 PM PST ദുബൈ: ദുബൈ മുനിസിപ്പാലിറ്റി നേതൃത്വം നല്‍കുന്ന രാജ്യത്തെ ഏറ്റവും വലിയ കാമ്പയിനുകളിലൊന്നായ ‘ക്ളീന്‍ അപ് ദി വേള്‍ഡിന്’ മംസാര്‍ ബീച്ചില്‍ തുടക്കമായി. നൂറുകണക്കിന് വിദ്യാര്‍ഥികളും സന്നദ്ധപ്രവര്‍ത്തകരും അണിനിരന്ന ചടങ്ങില്‍ ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത കാമ്പയിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും ഒത്തൊരുമിച്ചുള്ള ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ പരിസ്ഥിതിയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാലുദിവസം നീളുന്ന കാമ്പയിന്‍െറ ഭാഗമായി 37,000 സന്നദ്ധപ്രവര്‍ത്തകര്‍ ദുബൈയിലെ പൊതുസ്ഥലങ്ങളും ബീച്ചുകളും ശുചീകരിക്കും. വിദ്യാര്‍ഥികളും തൊഴിലാളികളും പ്രഫഷണലുകളുമുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ‘നമ്മുടെ നാട്...നമ്മുടെ ഗ്രഹം...നമ്മുടെ ചുമതല’ എന്നതാണ് കാമ്പയിന്‍െറ പ്രമേയം. ഹത്ത, സത്വ, ഉംസുഖീം, ജബല്‍അലി, ഖിസൈസ് എന്നിവിടങ്ങളിലും ആദ്യദിനം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ബുധനാഴ്ച അല്‍ സഫൂഹ് പ്രദേശത്തും വ്യാഴാഴ്ച നാദ് അല്‍ ശബ പ്രദേശത്തുമായിരിക്കും ശുചീകരണം. നാദ് അല്‍ ശബയിലെ ശുചീകരണപ്രവര്‍ത്തനത്തില്‍ ഓള്‍ കേരള കോളജസ് അലുംനി ഫോറം (അക്കാഫ്) പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അവസാന ദിനമായ വെള്ളിയാഴ്ച ലേബര്‍ ക്യാമ്പുകളും മരുഭൂമിയും ബീച്ചുകളും ശുചീകരിക്കും. മാലിന്യ നിര്‍മാര്‍ജനത്തെക്കുറിച്ചുള്ള പ്രദര്‍ശനം, ശില്‍പശാലകള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവ കാമ്പയിന്‍െറ ഭാഗമായി നടക്കും. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചെറുകഥാമത്സരവുമുണ്ടാകും. 37,000 പേര്‍ പങ്കെടുത്ത കഴിഞ്ഞ വര്‍ഷത്തെ കാമ്പയിനിലൂടെ 375 ടണ്‍ മാലിന്യം നീക്കം ചെയ്തിരുന്നു. |
ശൈത്യകാലത്തിന്‍െറ വരവറിയിച്ച് മഴയെത്തി Posted: 20 Nov 2012 11:44 PM PST ദുബൈ/അബൂദബി/ഫുജൈറ/റാസല്‍ഖൈമ: ശൈത്യകാലത്തിന്‍െറ വരവറിയിച്ച് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴ പെയ്തു. ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലും കാലാവസ്ഥാ വ്യതിയാനത്തിന്‍െറ മുന്നൊരുക്കമായി ചൊവ്വാഴ്ച ശക്തമായ മഴ ലഭിച്ചിരുന്നു. യു.എ.ഇയിലെ വടക്കന്‍ എമിറേറ്റുകളിലാണ് രണ്ട് ദിവസങ്ങളിലായി മഴ പെയ്തത്. അടുത്തയാഴ്ചയോടെ തണുപ്പ് തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. ഫുജൈറ, അല്‍ഐന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. ഫുജൈറയില്‍ തിങ്കളാഴ്ച രാത്രി പെയ്ത ശക്തമായ മഴയില്‍ പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. അല്‍ഐനില്‍ ശക്തമായ ഇടിയോടെയാണ് മഴ പെയ്തത്. തീരദേശങ്ങളില്‍ കാറ്റിന്‍െറ ശക്തി വര്‍ധിക്കുകയും ആകാശം മേഘാവൃതമാകുകയും ചെയ്തതോടെ കടലില്‍ പോകുന്നവര്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുബൈയില്‍ പലയിടങ്ങളിലും ചൊവ്വാഴ്ച പൊടിക്കാറ്റ് വീശി. രണ്ടുദിവസം കൂടി ഇതേ കാലാവസ്ഥ തുടരുമെന്നാണ് സൂചന. മിക്ക എമിറേറ്റുകളിലും ചൊവ്വാഴ്ച മൂടിക്കെട്ടിയ അവസ്ഥയായിരുന്നു. എല്ലായിടത്തും നല്ല തണുപ്പ് അനുഭവപ്പെട്ടു. മലയോര പ്രദേശങ്ങളില്‍ താപനില 11 ഡിഗ്രി സേല്‍ഷ്യസ് വരെ താണു. രാജ്യത്താകമാനം 15 ഡിഗ്രി സേല്‍ഷ്യസ് ആയിരുന്നു കുറഞ്ഞ താപനില. ഫുജൈറയുടെ കിഴക്കന്‍ തീരത്താണ് രണ്ട് ദിവസങ്ങളിലായ കനത്ത മഴ പെയ്തത്. കല്‍ബ, ഫുജൈറ, മുറബ്ബ, ഖിദ്ഫ, ഖോര്‍ഫുക്കാന്‍ എന്നിവിടങ്ങളില്‍ തീരപ്രദേശത്ത് മഴ ലഭിച്ചു. ഖോര്‍ഫുക്കാന്‍, ഖിദ്ഫ എന്നിവിടങ്ങളില്‍ മഴ ശക്തമായിരുന്നു. വൈകുന്നേരം മുതല്‍ മാനം മൂടിക്കെട്ടി കിടന്നെങ്കിലും രാത്രിയാണ് മഴ കനത്തത്. കൂട്ടത്തില്‍ ശക്തമായ ഇടിയും മിന്നലുമുണ്ടായി. സഫാദ് വാദിയില്‍ കനത്ത നീരൊഴുക്ക് രൂപപ്പെട്ടു. എങ്കിലും മലമ്പ്രദേശങ്ങളില്‍ മഴ കുറവായതിനാല്‍ വാദികളില്‍ ജലനിരപ്പുയര്‍ന്നില്ല. മഴ വന്നതോടെ കിഴക്കന്‍ തീരത്ത് കാലാവസ്ഥയിലും പ്രകടമായ മാറ്റം വന്നു. ഫുജൈറയില്‍ പകല്‍ മാനം ഇരുണ്ടായിരുന്നെങ്കിലും കനത്ത കാറ്റ് കാരണം ചാറ്റല്‍ മഴ മാത്രമേ ലഭിച്ചുള്ളൂ. തണുത്ത കാറ്റാണ് അടിച്ചുവീശിയത്. കടല്‍ പ്രക്ഷുബ്ധമായിരുന്നു. അടുത്ത ദിവസങ്ങളില്‍ ഇനിയും മഴക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണം. മഴക്കും മൂടല്‍മഞ്ഞിനും സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. മഴയില്‍ വാദികളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ വാദികളില്‍ വാഹനമിറക്കുന്നതും അവ മുറിച്ചുകടക്കുന്നതും ഒഴിവാക്കണം. മഴയിലും മൂടല്‍മഞ്ഞിലും ദൂരക്കാഴ്ച നന്നേ കുറയാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ അമിതവേഗതയില്‍ വാഹനമോടിക്കുന്നത് വന്‍ അപകടങ്ങള്‍ക്ക് കാരണമാകും എന്നതിനാല്‍ റോഡില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം. കടലില്‍ വിനോദത്തിനും മല്‍സ്യബന്ധനത്തിനുമിറങ്ങുന്നവര്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണം. കടല്‍പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടല്‍തീരത്ത് പോകുന്നവരും ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. |
പ്രസവം കാണിച്ച് സിനിമ വിജയിപ്പിക്കേണ്ട ഗതികേട് എനിക്കില്ല- ബ്ളെസി Posted: 20 Nov 2012 11:42 PM PST ദുബൈ: പ്രസവത്തിന്‍െറ ദൃശ്യങ്ങള്‍ കാണിച്ച് സിനിമ വിജയിപ്പിക്കേണ്ട ഗതികേട് തനിക്കില്ലെന്നും അത്തരം അവസ്ഥയുണ്ടായാല്‍ ഈ പണി നിര്‍ത്തുമെന്നും പ്രമുഖ സംവിധായകന്‍ ബ്ളെസി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. തന്‍െറ പുതിയ സിനിമയില്‍ നടി ശ്വേതാ മേനോന്‍െറ പ്രസവം ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉയര്‍ന്നിരിക്കുന്ന പുതിയ വിവാദങ്ങളോട് പ്രതികരിക്കുകയായിയിരുന്നു അദ്ദേഹം. തനിക്കെതിരായ ആരുടെയെങ്കിലും പരാമര്‍ശങ്ങളോട് പ്രതികരിക്കുകയല്ല. അതിന്‍െറ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. തന്‍െറ പുതിയ സിനിമയെ ചുറ്റിപ്പറ്റി ചില ചര്‍ച്ചകള്‍ നടക്കുന്നത് കൊണ്ടുമാത്രമാണ് ചില കാര്യങ്ങള്‍ പറയുന്നത്. ആ സിനിമയുടെ ഒരു ഫ്രെയിം പോലും കാണാതെ അതിനെക്കുറിച്ച് വിമര്‍ശിക്കുന്നത് അപക്വവും മോശവുമാണ്. അതിന്‍െറ കലാമൂല്യത്തെ കുറിച്ചോ പ്രമേയത്തെ കുറിച്ചോ ഇപ്പോള്‍ വിധിക്കേണ്ടതില്ല. മാതൃത്വം, സ്ത്രീത്വം എന്നിവയെ കുറിച്ച് ഒരു കലാകാരന്‍െറ കാഴ്ചപ്പാട് എന്താണെന്ന് സൃഷ്ടി കണ്ട ശേഷമാണ് വിലയിരുത്തേണ്ടത്. എന്തിനെയും കുപ്രസിദ്ധിക്കുള്ള കാട്ടിക്കൂട്ടലായി കാണാതെ സൃഷ്ടി പുറത്തുവരും വരെ കാത്തിരിക്കാനുള്ള ക്ഷമയാണ് കാട്ടേണ്ടത്. പുതിയ സിനിമയുടെ ഒരു ഫോട്ടോ പോലും പുറത്തുവരാത്ത സാഹചര്യത്തില്‍ പറഞ്ഞുകേട്ടത് വെച്ച് ആര്‍ക്കും ഹാലിളകേണ്ട. സൃഷ്ടി എന്താണെന്നറിയാതെ സ്രഷ്ടാവിന്‍െറ മാന്യത നഷ്ടപ്പെടുന്ന വിധത്തില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നത് ശരിയല്ലെന്നും ബ്ളെസി പറഞ്ഞു. മനുഷ്യന്‍ മൃഗത്തെപ്പോലെ പ്രവര്‍ത്തിക്കുന്ന സാമൂഹികാവസ്ഥയുള്ള കേരളത്തില്‍ സാംസ്കാരികമായ ഇടപെടല്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മാതാപിതാക്കളെയും ഇണയെയും മക്കളെയുമൊന്നും കൊല്ലാന്‍ മടിയില്ലാത്ത മലയാളികള്‍ ഇന്നുണ്ട്. പിതാവ് മകളെ പീഡിപ്പിക്കുന്ന കഥകള്‍ നിത്യവും പുറത്തുവരുന്നു. ഇതിലൊന്നും ആരും പ്രതികരിച്ച് കാണുന്നില്ല. അതുകൊണ്ട് അമ്മ എന്ന സ്ഥാനത്തിന്‍െറ മൂല്യം എന്താണെന്നും സ്വന്തം ശരീരത്തില്‍ നിന്ന് ഉടലെടുക്കുന്ന ഒരു ജീവനുമായുള്ള (പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയാലും) സ്ത്രീയുടെ ബന്ധത്തിന്‍െറ ആഴം എത്രമാത്രമാണെന്നും വ്യക്തമാക്കുകയാണ് തന്‍െറ ലക്ഷ്യം. ഇന്ത്യയില്‍ 60 ലക്ഷം സ്ത്രീകള്‍ ഗര്‍ഭാവസ്ഥയില്‍ മരിക്കുന്നെന്നും 12 ലക്ഷം കുട്ടികള്‍ ജനിച്ചയുടന്‍ മരിച്ചുവീഴുന്നെന്നുമൊക്കെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെ കുറിച്ചൊന്നും ആരും പ്രതികരിക്കുന്നില്ല. ഇതൊക്കെ ചേരുന്നതാണ് തന്‍െറ സിനിമ. ഇത്തരം സാമൂഹിക പ്രതിബദ്ധത മുമ്പ് സംവിധാനം ചെയ്ത സിനിമകളിലും കാട്ടിയിട്ടുണ്ട്. വൈകൃതമായ കാഴ്ചപ്പാടുള്ള ആളല്ല താനെന്ന് കഴിഞ്ഞ സിനിമകളിലൂടെ പ്രേക്ഷക സമൂഹത്തിന് മനസ്സിലായിട്ടുണ്ടെന്നും ബ്ളെസി പറഞ്ഞു. ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങളെ അവഗണിച്ച് സിനിമാനടിയുടെ പ്രസവത്തിന് പിന്നാലെ പോകാന്‍ മാധ്യമങ്ങള്‍ക്ക് നാണമില്ലേയെന്നും ‘കാഴ്ച’ പോലെ കലാമൂല്യമുള്ള സിനിമകളെടുത്ത ബ്ളെസി പ്രസവം ചിത്രീകരിക്കാന്‍ പോയത് വിചിത്രമാണെന്നും കഴിഞ്ഞ ദിവസം കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരണം ആവശ്യമാണെന്ന് തോന്നുന്നില്ലെന്നും ബ്ളെസി പറഞ്ഞു. |
ഖാപ് കൊയുടെ പുതിയ പ്ളാന്‍റ് അമീര്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു Posted: 20 Nov 2012 11:33 PM PST ദോഹ: ഖത്തര്‍ പെട്രോകെമിക്കല്‍ കമ്പനിയുടെ (ഖാപ് കൊ) മൂന്നാമത് പ്ളാന്‍റ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. മിസഈദ് വ്യവസായ നഗരിയില്‍ ഇന്നലെ നടന്ന ചടങ്ങില്‍ അഡ്മിനിസ്ട്രേറ്റീവ് കണ്‍ട്രോള്‍ ആന്‍റ് ട്രാന്‍സ്പെരന്‍സി അതോറിറ്റി ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ ഹമദ് അല്‍ അതിയ്യ, അഡൈ്വറി കൗണ്‍സില്‍ സ്പീക്കര്‍ മുഹമ്മദ് ബിന്‍ മുബാറക് അല്‍ ഖുലൈഫി, ഊര്‍ജ, വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല സാദ:, ശൈഖുമാര്‍, മന്ത്രിമാര്‍, നയതന്ത്ര പ്രതിനിധികള്‍ തുടങ്ങി ഒട്ടേറെ വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. കുറഞ്ഞ സാന്ദ്രതയുള്ള പോളിഎഥിലീന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള കമ്പനിയുടെ മൂന്നാമത് പ്ളാന്‍റ് (എല്‍.ഡി.പി.ഇ-3) 2.3 ബില്ല്യണ്‍ റിയാല്‍ ചെലവിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായി ഖാപ്കോയുടെ വളര്‍ച്ചയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു. തുടര്‍ന്നാണ് അമീര്‍ പ്ളാന്‍റിന്‍െറ ഔചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉദ്ഘാടനത്തിന് ശേഷം പ്രധാന കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ പ്ളാന്‍റിലെ വിവിധ സൗകര്യങ്ങള്‍ അമീറും അതിഥികളും നടന്ന് വീ ക്ഷിച്ചു. പുതിയ പ്ളാന്‍റ് പ്രവര്‍ത്തനം ആരംഭിച്ചതോടെ ഖാപ്കോയുടെ പോളിഎഥിലീന്‍ ഉല്‍പാദനം പ്രതിവര്‍ഷം ഏഴ് ലക്ഷം മെട്രിക് ടണ്ണായി ഉയരും. പ്രതിവര്‍ഷം മൂന്ന് ലക്ഷം മെട്രിക് ടണ്‍ ഉല്‍പ്പാദനശേഷിയുള്ള മൂന്നാമത് പ്ളാന്‍റിന്‍െറ ശിലാസ്ഥാപനം 2009ല്‍ കിരീടാവകാശി ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയാണ് നിര്‍വ്വഹിച്ചത്. നിലവിലുള്ള രണ്ട് എല്‍.ഡി.പി.ഇ പ്ളാന്‍റുകളിലും കൂടി പ്രതിവര്‍ഷം നാല് ലക്ഷം മെട്രിക് ടണ്ണാണ് ഉല്‍പ്പാദനം. പോളിഎഥിലീന്‍ ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും മേഖലയില്‍ മുന്‍നിരയില്‍ എത്താനുള്ള ഖാപ്കൊയുടെ ശ്രമങ്ങളില്‍ നാഴികക്കല്ലാണ് പുതിയ പ്ളാന്‍റ് എന്ന് ഖാപ്കൊ വൈസ് ചെയര്‍മാനും സി.ഇ.ഒയുമായ മുഹമ്മദ് യൂസുഫ് അല്‍ മുല്ല പറഞ്ഞു. നിലവില്‍ 145 രാജ്യങ്ങളില്‍ ഖാപ്കൊയുടെ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ആഗോളവിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കമ്പനിയുടെ കീഴില്‍ 29 ഓഫീസുകളും ആറ് മേഖലാലതല വെയര്‍ഹൗസുകളും പ്രവര്‍ത്തിക്കുന്നു. തെര്‍മോപ്ളാസ്റ്റിക് അധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനുള്ള അംസ്കൃത വസ്തുവാണ് കുറഞ്ഞ സാന്ദ്രതയുള്ള പോളി എഥിലീന്‍. പെട്രോകെമിക്കല്‍ പ്ളാന്‍റുകളുടെ നിര്‍മാണത്തില്‍ വിദഗ്ധരായ എഞ്ചിനീയറിംഗ് പ്രൊക്യുര്‍മെന്‍റ് ആന്‍റ് കണ്‍സ്ട്രക്ഷന്‍ (ഇ.പി.സി) എന്ന ജര്‍മന്‍ കമ്പനിക്കായിരുന്നു പ്ളാന്‍റിന്‍െറ നിര്‍മാണ ചുമതല. കഴിഞ്ഞ ആഗസ്റ്റ് മധ്യത്തോടെ പ്ളാന്‍റില്‍ പരീക്ഷണാര്‍ഥം ഉല്‍പാദനം ആരംഭിച്ചിരുന്നു. ക്യു.പി-ഖാപ്കൊ ആണ് കമ്പനിയുടെ കീഴിലുള്ള പുതിയ പദ്ധതി. റാസ്ലഫാന്‍ വ്യവസായ നഗരിയില്‍ 20.1 ബില്ല്യണ്‍ റിയാല്‍ ചെലവില്‍ സ്ഥാപിക്കുന്ന പദ്ധതി 2018ഓടെ ഉദ്ഘാടനം ചെയ്യും. ഖത്തര്‍ പെട്രോളിയത്തിന്‍െറ 80 ശതമാനം ഓഹരി പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. |
അഞ്ചേരി ബേബി വധം: എം.എം. മണി അറസ്റ്റില്‍ Posted: 20 Nov 2012 11:15 PM PST തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ സി.പി.എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയെ അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ 5.50ന് കുഞ്ചിത്തണ്ണിയിലെ വീട്ടില്‍ വെച്ചായിരുന്നു അറസ്റ്റ്. വീടുവളഞ്ഞാണ് മണിയെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്ത്. മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ എം.എം. മണിയെ ഡിസംബര്‍ നാലുവരെ റിമാന്‍ഡ് ചെയ്ത. പിന്നീട് പീരുമേട് സബ് ജയിലിലേക്ക് മാറ്റി. മണിയെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മണിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സി.പി.എം നാളെ ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മണിയുടെ അറസ്റ്റില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉണ്ടാകാന്‍ ഇടയുള്ളത് കണക്കിലെടുത്ത് അഞ്ചുജില്ലകളില്‍ നിന്നായി ആയിരത്തോളം പൊലീസുകാരെ ഇടുക്കി ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസില്‍ നുണ പരിശോധനക്ക് വിധേയമാകാന്‍ തയ്യാറല്ലെന്ന് മണി അറിയിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. തൊടുപുഴ മണക്കാട് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ബേബി വധവുമായി ബന്ധപ്പെട്ട് മണി നടത്തിയ പരാമര്‍ശമാണ് അദ്ദേഹത്തിന്‍െറ അറസ്റ്റില്‍ എത്തി നില്‍ക്കുന്നത്. |
കനത്തമഴക്കും മൂടല്‍മഞ്ഞിനും സാധ്യത Posted: 20 Nov 2012 11:14 PM PST മസ്കത്ത്: രാജ്യത്തിന്‍െറ വടക്കുപടിഞ്ഞാറന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്‍െറ ഫലമായി വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴക്കും മൂടല്‍മഞ്ഞിനും സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. മഴയില്‍ വാദികള്‍ പലതും സജീവമാകാന്‍ സാധ്യതയുള്ളതിനാല്‍ വാദികളില്‍ വാഹനമിറക്കുന്നതും അവ മുറിച്ചുകടക്കുന്നതും ഒഴിവാക്കണം. മഴയിലും മൂടല്‍മഞ്ഞിലും ദൂരക്കാഴ്ച നന്നേ കുറയാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ അമിതവേഗതയില്‍ വാഹനമോടിക്കുന്നത് വന്‍ അപകടങ്ങള്‍ക്ക് കാരണമാകും എന്നതിനാല്‍ റോഡില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം. കടലില്‍ വിനോദത്തിനും മല്‍സ്യബന്ധനത്തിനുമിറങ്ങുന്നവര്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണം. കടല്‍പ്രക്ഷുബ്ദ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടല്‍തീരത്ത് പോകുന്നവരും ജാഗ്രതപാലിക്കണം. വാദികളുടെ തീരത്ത് താമസിക്കുന്നവും ഇവിടങ്ങളില്‍ വിനോദത്തിന് പോകുന്നവും ജാഗ്രതപാലിക്കേണ്ടതാണ്. ബുറൈമി, ബാതിന ഗവര്‍ണറേറ്റുകള്‍, മുദൈബി, നിസ്വ, സമൈല്‍, ജബല്‍ശംസ് തുടങ്ങിയ മേഖലയില്‍ അടുത്തദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്. രാജ്യത്തിന്‍െറ മറ്റു പലയിടങ്ങളിലും ആകാശം മേഘാവൃതമായിരിക്കും. ചൊവ്വാഴ്ച മുസന്തം ഗവര്‍ണറേറ്റിലെ ഖസബിലും പരിസരത്തും സാമാന്യം ശക്തമായ മഴ ലഭിച്ചു. പലയിടത്തും വാദികള്‍ സജീവമായി. മുസന്തം ഗവര്‍ണറേറ്റിലെ മലയോര ഗ്രാമങ്ങളിലും മഴ ശക്തമായിരുന്നു. |
അധിക ബാധ്യത അടക്കില്ലെന്ന് കരാര്‍ ഉടമകള്‍ Posted: 20 Nov 2012 11:05 PM PST റിയാദ്: സ്വദേശി അനുപാതത്തിനു മേല്‍ വരുന്ന വിദേശതൊഴിലാളികള്‍ക്ക് പുതിയതായി മന്ത്രാലയം ഏര്‍പ്പെടുത്തിയ 2400 റിയാലിന്‍െറ അധിക ബാധ്യത അടക്കാനാകില്ലെന്ന് കരാര്‍ ഉടമകള്‍. തീരുമാനം പുനപ്പരിശോധിക്കാനും നിലവിലെ തല്‍സ്ഥിതി തുടരാനും മന്ത്രാലയം തയാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച തലസ്ഥാനത്ത് ചേര്‍ന്ന കരാറുടമകളുടെ ദേശീയ സമിതി പ്രതിനിധികളുടെ യോഗത്തിലാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ പുതിയ തീരുമാനത്തിനെതിരെ യോജിച്ച് നീങ്ങാന്‍ ധാരണയായത്. യോഗത്തില്‍ ഉരുത്തിരിഞ്ഞ തീരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ എഴുതിത്തയാറാക്കിയ പരാതി ബുധനാഴ്ച റിയാദില്‍ ചേരുന്ന സൗദി ചേംബര്‍ കൗണ്‍സിലിന്‍െറ അടിയന്തര യോഗത്തില്‍ സമര്‍പ്പിക്കുമെന്ന് കരാറുടമകളുടെ ദേശീയസമിതി ചെയര്‍മാന്‍ ഫഹദ് അല്‍ഹമ്മാദി അറിയിച്ചു. ചെറുകിട-ഇടത്തരം കമ്പനികളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ അധികമായി ഈടാക്കാന്‍ മന്ത്രാലയം തീരുമാനിച്ച തുക നല്‍കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. നിതാഖാത്ത് വ്യവസ്ഥയനുസരിച്ച് സ്വദേശി അനുപാതം പൂര്‍ത്തീകരിച്ച കമ്പനികള്‍ക്ക് വിദേശജീവനക്കാരുടെ നേര്‍പാതി അനുപാതത്തില്‍ സ്വദേശി ജീവനക്കാരെ നിയമിക്കാന്‍ സാധ്യമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2400 റിയാല്‍ ഓരോ തൊഴിലാളിയുടെ പേരിലും വസൂലാക്കുമെന്ന മന്ത്രാലയ തീരുമാനം നടപ്പിലാക്കിയാല്‍ ജീവനക്കാരെ പിരിച്ചുവിട്ട് സ്ഥാപനം പൂട്ടാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നും ‘പ്രാദേശിക പത്രത്തിന്’ അനുവദിച്ച സംഭാഷണത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. അധിക തുക അടക്കേണ്ടെന്നത് കൂട്ടായെടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രാലയ തീരുമാനം പുറത്തുവന്നയുടന്‍ ശക്തമായ പ്രതിഷേധവുമായി കരാറുടമകള്‍ രംഗത്തുവന്നിരുന്നു. തീരുമാനം അനവസരത്തിലും ധിറുതിപിടിച്ചതുമാണെന്നു ചൂണ്ടിക്കാട്ടിയ അവര്‍ ഇത് ഏറ്റവും കൂടുതല്‍ പരിക്കേല്‍പിക്കുക തങ്ങളെയാണെന്നും പരാതിപ്പെട്ടു. കരാര്‍ തൊഴിലിന്‍െറ സ്വഭാവനുസരിച്ച് ആവശ്യമായ സ്വദേശി തൊഴിലാളികളെ ലഭിക്കാന്‍ പ്രയാസമാണെന്നതിനാല്‍ ഒട്ടുമിക്ക കമ്പനികളിലും വിദേശികളുടെ എണ്ണം വളരെ കൂടുതലാണ്. ഇരുപത് ലക്ഷത്തോളം വിദേശികള്‍ തൊഴിലെടുക്കുന്ന ഈ മേഖലയെ മന്ത്രാലയതീരുമാനം സാരമായി ബാധിക്കുമെന്നും അതിനാല്‍ തീരുമാനം പുനപ്പരിശോധിക്കാന്‍ തയാറാവണമെന്നും അവര്‍ തൊഴില്‍ മന്ത്രിയോട് അഭ്യര്‍ഥിക്കുകയും ചെയ്തു. മന്ത്രാലയ തീരുമാനത്തിനെതിരെ രാജ്യത്തെ വിവിധ പ്രവിശ്യകളിലെ ചേംബര്‍ കൗണ്‍സിലുകളും സ്വകാര്യമേഖലയിലെ സ്ഥാപന ഉടമകളും വ്യവസായികളും പ്രതിഷേധവുമായി രംഗത്തെത്തി. ഈ പശ്ചാത്തലത്തിലാണ് സ്വകാര്യതൊഴില്‍ മേഖലയിലെ വിവിധ കമ്മിറ്റികളുടെ പ്രതിനിധികളുടെ യോഗം വിളിച്ച് ചേര്‍ക്കാന്‍ സൗദി ചേംബര്‍ കൗണ്‍സില്‍ തീരുമാനമെടുത്തത്. യോഗത്തില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കൗണ്‍സില്‍ അധികൃതര്‍ തൊഴില്‍ മന്ത്രിക്ക് സമര്‍പ്പിക്കും. തൊഴില്‍മന്ത്രിയുമായി ചേംബര്‍ മേധാവികളും വ്യവസായപ്രമുഖരും നടത്തിയ ചര്‍ച്ചയില്‍ വിഷയം പഠിച്ച് വിലയിരുത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സൗദി ചേംബറിന് കീഴിലുള്ള വിവിധ കമ്മിറ്റികളെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതിനിടെ സൗദി ഓഹരി വിപണിയിലുള്ള 27 കമ്പനികളെ പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. പ്രസ്തുത കമ്പനികള്‍ക്ക് പുതിയ തീരുമാനം വഴി 27 ദശലക്ഷം ഡോളറിന്‍െറ അധികബാധ്യത വരുമെന്നും അവര്‍ വിലയിരുത്തുന്നു. അതേസമയം അധിക തുക അടക്കണമെന്ന തീരുമാനം മന്ത്രിസഭ കൈക്കൊണ്ടതാണെന്നും അത് നടപ്പാക്കുക മാത്രമാണ് തൊഴില്‍ മന്ത്രാലയം ചെയ്യുന്നതെന്നും തൊഴില്‍ മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ് വ്യക്തമാക്കി. സ്വദേശികളെ നിയമിക്കാന്‍ മടിക്കുന്നവരില്‍നിന്ന് നിശ്ചിത തുക ഈടാക്കി അവര്‍ക്ക് ജോലിനല്‍കാന്‍ സന്നദ്ധരാകുന്നവര്‍ക്ക് നല്‍കുന്നതിനാണ് തുക ഉപയോഗിക്കപ്പെടുകയെന്നും ചൂണ്ടിക്കാട്ടിയ മന്ത്രി തീരുമാനം സ്വകാര്യമേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പഠിച്ച് ഭരണാധികാരിക്ക് സമര്‍പ്പിക്കുമെന്നും വ്യക്തമാക്കി. |
കസബിനെ തൂക്കിലേറ്റി; മൃതദേഹം ജയില്‍ വളപ്പില്‍ സംസ്ക്കരിച്ചു Posted: 20 Nov 2012 11:02 PM PST മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതിയും ലശ്കറെ ത്വയ്യിബ ഭീകരനുമായ പാക് പൗരന്‍ അജ്മല്‍ അമീര്‍ കസബിനെ തൂക്കികൊന്നു. ബുധനാഴ്ച രാവിലെ 7.30ന് പുണെയിലെ ഏര്‍വാഡ ജയിലിലാണ് 25 കാരനായ കസബിനെ വധശിക്ഷക്ക് വിധേയനാക്കിയത്. അപ്രതീക്ഷിതവും അതീവ രഹസ്യവുമായാണ് വധശിക്ഷ നടപ്പാക്കിയത്. നവംബര്‍ എട്ടിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി കസബിന്‍െറ ദയാഹരജി തള്ളിയിരുന്നു. കസബിനെ തൂക്കിലേറ്റിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീല്‍ എന്നിവര്‍ മാധ്യമങ്ങളെ അറിയിച്ചു. കസബിന്‍െറ മൃതദേഹം ജയില്‍ വളപ്പില്‍ തന്നെ സംസ്കരിച്ചു. എന്നാല്‍, രാഷ്ട്രപതി ദയാഹരജി തള്ളിയ വാര്‍ത്ത ഇന്നലെ രാത്രി വൈകി മാത്രമാണ് മാധ്യമങ്ങള്‍ അറിഞ്ഞത്്. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് അതീവ രഹസ്യമായി ഇന്നലെ രാത്രിയാണ് കസബിനെ യേര്‍വാഡ ജയിലിലേക്ക് മാറ്റിയത്. ഡോക്ടര്‍മാര്‍ കസബിന്റെമരണം സ്ഥിരീകരിച്ചു. വധശിക്ഷ നടപ്പാക്കിയ സാഹചര്യത്തില്‍ നാളെ ആരംഭിക്കാനിരുന്ന പാക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലികിന്‍െറ സന്ദര്‍ശനം മാറ്റിവെക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. കസബിനെ തൂക്കിലേറ്റിയത് അറിയിച്ചുകൊണ്ട് ഇന്ത്യ പാകിസ്താന് കത്തയച്ചെങ്കിലും പാകിസ്താന്‍ അത് സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കസബ് ഉള്‍പ്പെടെ 10 ഭീകരരുടെ നേതൃത്വത്തില്‍ 2008 നവംബര്‍ 26ന് രാജ്യത്തെ വിറപ്പിച്ച് നടമാടിയ മുംബൈ ഭീകരാക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെടുകയും 300ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുംബൈ ഭീകരാമ്രകണത്തിന്‍െറ നാലാം വാര്‍ഷികത്തിന് അഞ്ചു ദിവസം മാത്രം ശേഷിക്കെയാണ് കസബിനെ കഴുമരത്തിലേറ്റിയത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ വിഭാഗം തലവന്‍ ഹേമന്ദ് കര്‍ക്കറെ, വിജയ് സലസ്ക്കര്‍, പൊലീസ് കോണ്‍സ്റ്റബിള്‍ തുക്കറാം ഓംബാളെ, മലയാളിയായ സന്ദീപ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഏറെ പേരെയും കസബാണ് കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന്‍ വാദം. രാജ്യത്തെ ഏറ്റവും തിരക്കേറിയ സി.എസ്.ടി റെയില്‍വെ സ്റ്റേഷന്‍, പ്രമുഖ ഇന്‍റര്‍നാഷണല്‍ ഹോട്ടലുകളായ താജ് മഹല്‍, ഒബ്റോയി, ജൂതകേന്ദ്രമായ നരിമാന്‍ ഹൗസ്, കാമാ ആശുപത്രി, കൊളാബയിലെ ലിയോപോള്‍ഡ് കഫേ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്. 1987 സെപ്തംബര്‍ പാകിസ്താന്‍െറ ഭാഗമായ പഞ്ചാബ് പ്രവിശ്യയിലെ ഫരീദ്കോട്ടിലാണ് കസബിന്‍െറ ജനനം. മുംബൈ ഭീകരാക്രമണത്തിന്‍െറ നാള്‍ വഴികള്‍: 2008 നവംബര്‍ 26ന് ഭീകരാക്രമണം. നവംബര്‍ 27- ഉച്ചക്ക് 1.30ന് കസബ് അറസ്റ്റിലായി. നവംബര്‍ 29 -മറ്റ് ഒമ്പത് ഭീകരര്‍ സുകരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. നവംബര്‍ 30 -അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ കസബ് കുറ്റസമ്മതം നടത്തി. 2009 ജനുവരി 13 -എം.എല്‍.തഹ്ലിയാനിയെ പ്രത്യേക വിചാരണ കോടതി ജഡ്ജിയായി നിയമിച്ചു. ജനുവരി 16 -ആര്‍തര്‍ റോഡ് ജയില്‍ വിചാരണ സ്ഥലമായി നിശ്ചയിച്ചു. ഏപ്രില്‍ 17- കസബിന്‍െറ വിചാരണ ആരംഭിച്ചു. ഡിസംബര്‍ 16- വിചാരണ അവസാനിച്ചു. ഡിസംബര്‍ 18- കസബ് കുറ്റം നിഷേധിച്ചു. 2010 മെയ് 6- കസബിനെ പ്രത്യേക കോടതി വധശിക്ഷക്ക് വിധിച്ചു. 2011 ഫെബ്രുവരി 21- ബോംബെ ഹൈകോടതി വധശിക്ഷ ശരിവെച്ചു. 2012 ആഗസ്റ്റ് 29 -സുപ്രീം കോടതി വധശിക്ഷ ശരിവെച്ചു. സെപ്തംബര്‍ 18 -കസബ് രാഷ്ട്രപതിക്ക് ദയാഹരജി നല്‍കി. സെപ്തംബര്‍ 24 -മഹരാഷ്ട്രാ ആഭ്യന്തരമന്ത്രാലയം ദയാഹരജി തള്ളി. ഒക്ടോബര്‍ 24 -കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ദയാഹരജി തള്ളി. നവംബര്‍ 8 -രാഷ്ട്രപതി കസബിന്‍െറ ദയാഹരജി തള്ളി. |
രഞ്ജി ട്രോഫി: നാടകാന്തം സമനില Posted: 20 Nov 2012 10:19 PM PST പെരിന്തല്‍മണ്ണ: കാത്തിരുന്ന ആവേശം ഒരിക്കല്‍ കൂടി അവസാന മണിക്കൂറിലൊതുങ്ങി. ഓപണര്‍ അഭിഷേക് ഹെഗ്ഡെയും (129) വി.എ ജഗദീഷും (127) നേടിയ തകര്‍പ്പന്‍ ശതകങ്ങളുടെ മികവില്‍ കേരളമുയര്‍ത്തിയ വെല്ലുവിളി സ്വീകരിക്കാതെ അസം സുരക്ഷിതമാര്‍ഗം തേടിയതോടെ രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് സി മല്‍സരത്തിന് അങ്ങാടിപ്പുറം കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സമനിലയുടെ വിരസ സമാപ്തി. അവസാന ദിനമായ ചൊവ്വാഴ്ച ലഞ്ചിന് തൊട്ടുമുമ്പ് ആതിഥേയര്‍ രണ്ടാം ഇന്നിങ്സ് അഞ്ച് വിക്കറ്റിന് 294 റണ്‍സെന്ന നിലയില്‍ അവസാനിപ്പിച്ച് 65 ഓവറില്‍ അസമിന് 273 റണ്‍സിന്‍െറ വിജയലക്ഷ്യമൊരുക്കിയെങ്കിലും സന്ദര്‍ശകര്‍ സമനിലയിലേക്കാണ് ബാറ്റ് വീശിയത്. അവസാന മണിക്കൂറില്‍ മാന്ത്രിക സപെല്‍ കാഴ്ചവെച്ച്, കരിയറില്‍ ആദ്യമായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ കെ.ആര്‍ ശ്രീജിത് ഉയര്‍ത്തിയ ഭീഷണി അതിജയിച്ച് അസം ആറു വിക്കറ്റിന് 201 റണ്‍സെടുത്തു കളിയവസാനിപ്പിച്ചു. ക്യാപ്റ്റന്‍ സോണി നിര്‍ണായക ഘട്ടത്തില്‍ കൈവിട്ട ഓപണര്‍ പല്ലബ് ദാസ് 92 റണ്‍സുമായി പുറത്താവാതെ നിന്നു. ഒന്നാം ഇന്നിങ്സില്‍ നേടിയ 22 റണ്‍സ് ലീഡിന്‍െറ ബലത്തില്‍ ലഭിച്ച മൂന്ന് പോയിന്റേടെ മൂന്ന് കളികളില്‍ നിന്ന് 16 പോയിന്‍റുമായി അസം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നില നിര്‍ത്തി. രണ്ടു കളിയില്‍ രണ്ടു പോയിന്‍റ് മാത്രമുള്ള കേരളം ഒമ്പത് ടീമുകളടങ്ങിയ ഗ്രൂപ്പില്‍ ഏഴാം സ്ഥാനത്താണ് . നാല് പോയിന്‍റുള്ള ഗോവയുമായാണ് കേരളത്തിന്‍െറ അടുത്ത മല്‍സരം. വേഗത്തില്‍ റണ്ണടിച്ചുകൂട്ടി എതിരാളികളെ ബാറ്റ് ചെയ്യാന്‍ വിടാമെന്ന പദ്ധതി മാത്രമാണ് ചൊവ്വാഴ്ച ആതിഥേയ ക്യാമ്പില്‍ ആദ്യം നടപ്പായത്. എതിര്‍ ബൗളര്‍മാര്‍ക്ക് അവസരങ്ങള്‍ നല്‍കാതെ കളി തുടര്‍ന്ന അഭിഷേകും ജഗദീഷൂം ഉജ്ജ്വലമായി ബാറ്റേന്തി. 207 പന്തില്‍ രണ്ട് സിക്സും 11 ബൗണ്ടറിയുമായി ജഗദീഷ് രഞ്ജിയിലെ തന്‍െറ മൂന്നാമത്തെ സെഞ്ച്വറി കണ്ടെത്തി. ഒടുവില്‍ കൊന്‍വറിന്‍െറ പന്തില്‍ എല്‍.ബി. ഡബ്ള്യുയുവില്‍ കുടുങ്ങുമ്പോള്‍ കൂട്ടുകെട്ട് 228 റണ്‍സിലെത്തിയിരുന്നു. പിന്നാലെ വന്ന രോഹന്‍ പ്രേമിനെ കൂട്ടു നിര്‍ത്തി അഭിഷേക് കന്നി ശതകം പൂര്‍ത്തിയാക്കിയത് കൊന്‍വറിനെ സിക്സര്‍ പായിച്ചാണ്. പിന്നീടങ്ങോട്ട് അതിവേഗം കുതിച്ച ഹെഗ്ഡെ ഡിക്ളയര്‍ ചെയ്യുന്നതിന് തൊട്ടുമുമ്പ് റണ്ണൗട്ടാവുകയായിരുന്നു. അഞ്ചര മണിക്കൂറിലേറെ ക്രീസില്‍ നിന്ന് 207 പന്തുകള്‍ നേരിട്ട കേരള ഓപണറുടെ ഇന്നിങ്സില്‍ 11 ബൗണ്ടറിയുമടങ്ങിയിരുന്നു. ഇതിനിടെ രോഹന്‍ പ്രേമും (15) സഞ്ജു സാംസണും (3) കൂടാരം കയറി. ഇന്നിങ്സ് മതിയാക്കുമ്പോള്‍ റോബര്‍ട്ട് ഫെര്‍ണാണ്ടസും (11) അനീഷും (ഒന്ന്) ആയിരുന്നു ക്രീസില്‍. ലഞ്ചിന് മുമ്പ് പാഡ്കെട്ടിയ അസം തുടക്കം മുതലേ സമനില മതിയെന്ന മട്ടിലായിരുന്നു. ലഞ്ച് കഴിഞ്ഞയുടന്‍ സന്ദര്‍ശകരുടെ വിശ്വസ്തനായ ഓപണറും ക്യാപ്റ്റനുമായ ധീരജ് യാദവിനെ (10) സ്കോര്‍ 23ല്‍ നില്‍ക്കെ അന്‍താഫ് വിക്കറ്റിന് മുന്നില്‍ കുരുക്കി നല്ല തുടക്കം നല്‍കി. പിന്നീടങ്ങോട്ട് പല്ലബ് ദാസും അമിത് സിന്‍ഹയും (17) നടത്തിയ ചെറുത്തു നില്‍പ് ശ്രമം മല്‍സരത്തിലെ ആദ്യ വിക്കറ്റ് നേടിയ ശ്രീജിത് അവസാനിപ്പിച്ചു. രോഹന്‍പ്രേമിന്‍െറ ഓവറിലാണ് പല്ലബ് നേരിട്ടു കൈകളിലേക്കടിച്ചു കൊടുത്ത പന്ത് കവറില്‍ ക്യാപ്റ്റന്‍ സോണി കൈവിട്ടത്. ഒപ്പം കളിയുടെ ആവേശവും . വീണു കിട്ടിയ ജീവനുമായി ബാറ്റിങ് തുടര്‍ന്ന പല്ലബ് മധ്യനിരക്കാരന്‍ ഗോകുല്‍ ശര്‍മക്കൊപ്പം (45) മൂന്നാം വിക്കറ്റിന് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയതോടെ ഏറെക്കുറെ കേരളത്തിന്‍െറ പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു. തുടര്‍ച്ചയായി പന്തെറിഞ്ഞ ശ്രീജിത് ഗോകുലിനെയും (45)ഷിമോമിയെയും (19)സെയ്ദ് മുഹമ്മദിനെയും (2)തര്‍ജീന്ദര്‍ സിങിനെയും(8) ചെറിയ ഇടവേളകളില്‍ പുറത്താക്കിയെങ്കിലും അപ്പോഴേക്കും കളി സമയം അതിക്രമിച്ചിരുന്നു. അസം നായകന്‍ ധീരജ് യാദവാണ് കളിയിലെ കേമന്‍. മത്സരത്തില്‍ കൂടൂതല്‍ പോയിന്‍റ് നേടാനാവത്തതില്‍ നിരാശയുണ്ടെന്നും ആദ്യ ഇന്നിങ്സിലെ പാളിച്ച മാറ്റി നിര്‍ത്തിയാല്‍ ടീം നന്നായി പൊരുതിയെന്നും കേരളാ കോച്ച് സുജിത് സോമസുന്ദര്‍ പറഞ്ഞു. |
No comments:
Post a Comment