ആന്റണിയുടെ പ്രസ്താവനയെ തള്ളുകയും കൊള്ളുകയും ചെയ്യാതെ വയലാര്‍ രവി Posted: 16 Nov 2012 11:31 PM PST കൊച്ചി: എളമരം കരീം വ്യവസായമന്ത്രിയായിരുന്ന കാലത്ത് കേരളത്തില്‍ ഒരു വ്യവസായം പോലും കൊണ്ടുവന്നിട്ടില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. എമര്‍ജിങ് കേരളയിലടക്കം കേരളത്തിന്റെ വ്യവസായ വികസനവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള പരിപാടികളിലൊക്കെ വ്യവസായികളെ പേടിപ്പിച്ച് വിട്ടവരാണ് എളമരം കരീമും വി.എസ് അച്യുതാനന്ദനുമൊക്കെയെന്നും അദ്ദേഹം പറഞ്ഞു. എ.കെ ആന്റണിയുടെ വിവാദ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആന്റണിയുടെ അഭിപ്രായത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യില്ല. എന്നാല്‍ എല്‍.ഡി.എഫിന്റെ വികസന നയത്തോട് ഒരു തരത്തിലും യോജിക്കുന്നില്ല. പ്രസ്താവനയുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങളെല്ലാം ചായകോപ്പയിലെ കൊടുങ്കാറ്റ് പോലെയാണെന്നും എല്ലാം കെട്ടടങ്ങുമെന്നും പറഞ്ഞ രവി യുഡിഎഫ് ഘടകകക്ഷികള്‍ വികാരഭരിതരാവരുതെന്നും അഭ്യര്‍ത്ഥിച്ചു. അയര്‍ലന്‍ഡില്‍ ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് യുവതി മരിച്ച സംഭവം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതും അങ്ങേയറ്റം ദൗര്‍ഭാഗ്യകരവുമാണ്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണം. ഇക്കാര്യത്തില്‍ സുതാര്യമായ അന്വേഷണം നടത്താന്‍ അവിടുത്തെ സര്‍ക്കാര്‍ തയ്യറാവണമെന്നും വയലാര്‍ രവി പറഞ്ഞു. താന്‍ ഉമ്മന്‍ചാണ്ടിയെക്കാളും ആന്റണിയെക്കാളും മുതിര്‍ന്ന നേതാവാണ്. ആവശ്യംവന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നതില്‍ ഇഷ്ടക്കേടില്ലെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. |
പോത്തന്‍കോട് ജങ്ഷനില്‍ സംഘര്‍ഷം; കുഞ്ഞടക്കം ഏഴുപേര്‍ക്ക് പരിക്ക് Posted: 16 Nov 2012 09:56 PM PST കഴക്കൂട്ടം: പോത്തന്‍കോട് ജങ്ഷനിലുണ്ടായ സംഘര്‍ഷത്തില്‍ കാല്‍നടയാത്രക്കാരിയും കൈക്കുഞ്ഞുമുള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. ജങ്ഷനിലെ ഹോട്ടലുടമയും സമീപ വസ്തു ഉടമയും തമ്മില്‍ വസ്തുതര്‍ക്കം നിലനിന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് വഞ്ചിയൂര്‍ മുന്‍സിഫ് കോടതിയില്‍നിന്ന് പരിശോധനക്ക് കമീഷന്‍ എത്തിയിരുന്നു. പരിശോധനക്കിടെ വാക്കേറ്റവും സംഘര്‍ഷവും നടന്നതിനെ തുടര്‍ന്ന് കമീഷന്‍ പരിശോധന പൂര്‍ത്തിയാക്കാതെ മടങ്ങി. പോത്തന്‍കോട് സ്റ്റേഷനില്‍ വിവരം ധരിപ്പിച്ചശേഷമാണ് കമീഷനംഗങ്ങള്‍ മടങ്ങിയത്. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനും കേടുപറ്റി. സംഘര്‍ഷത്തില്‍ ഹോട്ടല്‍ ഉടമ നൗഷാദ് (45), സമീപവാസി വാഹിദ് (54), മുജീദ് (38), തന്‍സീര്‍ (38), നിസാമുദ്ദീന്‍ (48) കാല്‍നടയാത്രക്കാരി നന്നാട്ടുകാവ് ചന്ദ്രോദയത്തില്‍ ചന്ദ്രമതി (48), ആര്‍ച്ച (ഒരുവയസ്സ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചവിട്ടേറ്റ ചന്ദ്രമതി റോഡില്‍ കുഞ്ഞുമായി വീഴുകയായിരുന്നു. കുഞ്ഞിന്‍െറ കാലിന് പരിക്കേറ്റു. പരിക്കേറ്റ മറ്റുള്ളവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചന്ദ്രമതിയേയും കുഞ്ഞിനേയും അരമണിക്കൂറിന് ശേഷം നാട്ടുകാര്‍ 108 ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 15 മിനിറ്റ് കഴിഞ്ഞാണ് പോത്തന്‍കോട് പൊലീസ് സ്ഥലത്തെത്തിയത്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ബി.കെ. പ്രശാന്തന്‍ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. പോത്തന്‍കോട് പൊലീസ് ഇരുവിഭാഗങ്ങള്‍ക്കെതിരെയും കേസെടുത്തു. |
അനധികൃത മണല്‍-പാറ ഖനനം തടയും Posted: 16 Nov 2012 09:47 PM PST കൊല്ലം: ജില്ലയില്‍ അനധികൃത മണല്‍ പാറ ഖനനം അവസാനിപ്പിക്കാന്‍ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചു. ജില്ലയിലെ പാറ- മണല്‍ ഖനനം, കായല്‍ കൈയേറ്റം, അഷ്ടമുടിക്കായല്‍ മലിനീകരണം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൂടിയ യോഗത്തില്‍ കലക്ടര്‍ പി.ജി. തോമസാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം യോഗത്തില്‍ പരിസ്ഥിതിസംഘടനകളെ ഒഴിവാക്കിയതായി ആക്ഷേപമുയര്‍ന്നു. മണല്‍ ഖനനവും പാറ ഖനനവും അനധികൃതമായി നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കാനും കേസ് രജിസ്റ്റര്‍ ചെയ്യാനും തീരുമാനമായി. മണല്‍ ഖനനം തടയുന്നതിന് അഞ്ച് ഡിവൈ.എസ്.പി മാരുടെ നേതൃത്വത്തില്‍ സ്ക്വാഡുകള്‍ രൂപവത്കരിച്ചു. തഹസില്‍ദാര്‍ കണ്‍വീനറും ഡെപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍, പൊലീസ് സേനാംഗങ്ങള്‍ എന്നിവര്‍ അംഗങ്ങളുമായതാണ് സ്ക്വാഡ്. ആഴ്ചയില്‍ കുറഞ്ഞത് നാല് റെയ്ഡുകള്‍ നടത്തും. സ്ക്വാഡുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ആര്‍.ഡി.ഒ ചെയര്‍മാനായി മോണിറ്ററിങ് കമ്മിറ്റിയും രൂപവത്കരിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ഡിവൈ.എസ്.പി മാര്‍, ജിയോളജിസ്റ്റ് എന്നിവരാണ് മോണിറ്ററിങ് സമിതിയിലുള്ളത്. മാസത്തിലൊരു തവണ സമിതി യോഗം ചേരണം. ജില്ലയില്‍ ഒരിടത്തും മണല്‍ യാഡുകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ജിയോളജി അധികൃതര്‍ അറിയിച്ചു. എന്നാല്‍ പലയിടത്തും യാഡുകള്‍ പ്രവര്‍ത്തിക്കുന്നതായി പൊലീസ് അറിയിച്ചു. മണല്‍ യാഡുകളിലും കടവുകളിലും മണല്‍ ശേഖരണം പാടില്ലെന്നും അനധികൃതമായി മണല്‍ ശേഖരിച്ചാല്‍ അത് പിടിച്ചെടുക്കുന്നതിന് തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തിയതായും കലക്ടര്‍ അറിയിച്ചു. മണല്‍ വാങ്ങുന്നവര്‍ കൃത്യമായ രേഖകളും സൂക്ഷിക്കണം.അഷ്ടമുടിക്കായല്‍ മലിനീകരണം നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. കായലിലേക്ക് തുറന്നുവെച്ചിരിക്കുന്ന മാലിന്യക്കുഴലുകള്‍ അടയ്ക്കണം. മാലിന്യ സംസ്കരണ പ്ളാന്‍റുകള്‍ നിര്‍മിക്കാത്ത ആശുപത്രികള്‍ക്കെതിരെയും നടപടിവേണം. കായല്‍ കൈയേറ്റങ്ങളും വയല്‍ നികത്തലും അനുവദിക്കില്ല. പാറഖനനവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിലെ ജിയോളജസ്റ്റിനോട് കലക്ടര്‍ നിര്‍ദേശിച്ചു. പാറഖനന പ്രശ്നങ്ങള്‍ നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനും ചാത്തന്നൂര്‍, കൊട്ടാരക്കര, പുനലൂര്‍ ഡിവൈ. എസ്.പി മാരുടെ നേതൃത്വത്തില്‍ ആര്‍.ഡി.ഒ, ജിയോളജിസ്റ്റ് എന്നിവര്‍ അടങ്ങുന്ന സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എ. അമാന്‍, ഡോ. കെ. രാജശേഖരന്‍, എന്‍.വി. സെബാസ്റ്റ്യന്‍, എസ്. ശോഭ, ഇന്ദിരാഭായി അമ്മ, മായാദേവി, ബി. ശ്രീദേവി, ആര്‍.ഡി.ഒ ജയപ്രകാശ്, ഡെപ്യൂട്ടി കലക്ടര്‍മാരായ സലിം, ബൈജു, ജില്ലാ പൊലീസ് സൂപ്രണ്ട് ഇന്‍ ചാര്‍ജ് സാംക്രിസ്റ്റി ഡാനിയേല്‍, എ.സി.പി മാരായ ആര്‍. ജയശങ്കര്‍, ജെ. ജേക്കബ്, ടി.എഫ് സേവ്യര്‍, ബി. കൃഷ്ണകുമാര്‍, ഡിവൈ.എസ്.പി മാരായ ജോണിക്കുട്ടി, കെ.എം. ആന്‍േറാ, തഹസില്‍ദാര്‍മാരായ ജെ. ഗിരിജ, ബഷീര്‍കുഞ്ഞ്, മൈനിങ് ആന്‍ഡ് ജിയോളജി സീനിയര്‍ ജിയോളജിസ്റ്റ് കോര, അസി. ജിയോളജിസ്റ്റ് ശ്രീജിത്, കോര്‍പറേഷന്‍ സെക്രട്ടറി സബീനാപോള്‍, എക്സി. എന്‍ജിനീയര്‍ ജലീല, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ എക്സി. എന്‍ജിനീയര്‍ വിനയന്‍, റവന്യു, ജിയോളജി, ഹെല്‍ത്ത്, കോര്‍പറേഷന്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗം പ്രഹസനമായതായി ജില്ലാ പരിസ്ഥിതിസംരക്ഷണ ഏകോപനസമിതി കുറ്റപ്പെടുത്തി. പത്രങ്ങളിലൂടെയാണ് യോഗം സംബന്ധിച്ച വിവരം അറിഞ്ഞത്. യോഗത്തിന്‍െറ സമയത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ തെറ്റായ വിവരം നല്‍കി. അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് സമിതി യോഗം ബഹിഷ്കരിക്കുകയായിരുന്നു. ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ജില്ലയിലെ റവന്യു-പൊലീസ് അധികൃതര്‍ നടത്തുന്ന അഴിമതിക്കും മാഫിയാപ്രവര്‍ത്തനങ്ങള്‍ക്കുമെതിരെയുള്ള സമരം തുടരും. കലക്ടറുടെ വസതിയിലേക്ക് 20 ന് രാവിലെ 9.30 ന് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ ടി.കെ. വിനോദന്‍, സെക്രട്ടറി എസ്. ബാബുജി എന്നിവര്‍ അറിയിച്ചു. പരിസ്ഥിതി പ്രവര്‍ത്തകരെ അറിയിക്കാതെ യോഗം വിളിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് ഓടനാവട്ടം വിജയപ്രകാശ് പറഞ്ഞു. |
ഹമാസ് ആസ്ഥാനത്തേക്ക് ഇസ്രായേല്‍ വ്യോമാക്രമണം Posted: 16 Nov 2012 09:39 PM PST ഗസ്സ: ഹമാസ് നേതാക്കള്‍ തങ്ങുന്ന ഗസ്സയിലെ ആസ്ഥാനം ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഇന്ന് മറ്റിടങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും അതില്‍ മൂന്നുപേര്‍ ഹമാസ് പോരാളികള്‍ ആണെന്നും ഫലസ്തീന്‍ സുരക്ഷാ സേന അറിയിച്ചു. മധ്യ ഗസ്സയിലെ മഗാസി ക്യാമ്പിനു നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ബുധനാഴ്ച മുതല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 34 ആയെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച മുതല്‍ 700റോളം ആക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തിയത്. ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഇതുവരെ മൂന്ന് ഇസ്രായേലികളും കൊല്ലപ്പെട്ടു. ഇസ്രായേല്‍ പുതിയ അധിനിവേശത്തിന് ഒരുക്കങ്ങള്‍ നടത്തുന്നതായി അഭ്യൂഹം നിലനില്‍ക്കുന്നതിനിടെ 75000 കരുതല്‍ സേനാംഗങ്ങളെ അതിര്‍ത്തിയില്‍ ഉടനീളം വിന്യസിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുദ്ധ ടാങ്കുകളും സായുധ വാഹനങ്ങളും നിരയായി വിന്യസിച്ചിട്ടുണ്ട്. സൈനികരെ ഗസ്സ മുനമ്പിലേക്കു സജ്ജമാക്കുന്നതിന് ഇസ്രായേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. തെല്‍അവീവില്‍ മുതിര്‍ന്ന മന്ത്രിമാരുമായി മണിക്കൂറുകള്‍ നീണ്ട സുപ്രധാനചര്‍ച്ചയ്ക്കും മറ്റ് മന്ത്രിമാരില്‍ നിന്നും ടെലിഫോണിലൂടെ അഭിപ്രായം ആരാഞ്ഞ ശേഷവുമാണ് പ്രധാനമന്ത്രി നെതന്യാഹു കൂടുതല്‍ സൈനികരെ നിയോഗിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്. ഫലസ്തീനിലെ ഗസ്സയില്‍ ഈജിപ്ത് പ്രധാനമന്ത്രി ഹിശാം മുഹമ്മദ് ഖന്‍ദീലിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ലംഘിച്ചും ഇസ്രായേല്‍ സൈന്യം ആക്രമണം തുടര്‍ന്നു. സംഭവത്തെ ഈജിപ്ത് പ്രധാനമന്ത്രി ഹിശാം ഖന്‍ദീല്‍ കഴിഞ്ഞ ദിവസം ശക്തമായി അപലപിച്ചിരുന്നു. തന്റെ മൂന്നു മണിക്കൂര്‍ നേരത്തെ സന്ദര്‍ശനത്തിനിടെ പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ഗസ്സയിലെ ആശുപത്രി അദ്ദേഹം സന്ദര്‍ശിച്ചു. ഇസ്രായേലിന്റെ പ്രകോപനപരമായ കൈയേറ്റം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ ആക്രമണം നേരിടുന്ന ഗസ്സക്ക് ഈജിപ്തിന്റെ പൂര്‍ണ പിന്തുണയുണ്ടാവുമെന്ന് പ്രസിഡന്റ് മുഹമ്മദ് മുര്‍സി കൈറോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗസ്സയെ ഒരു നിലക്കും കൈവിടുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗസ്സയുടെ നിയന്ത്രണം കൈയാളുന്ന ഹമാസുമായി നല്ല ബന്ധമാണ് ഈജിപ്തിലെ ഭരണകക്ഷിയായ ഖന്‍ദീലിന്റെ മുസ്ലിം ബ്രദര്‍ഹുഡിനുള്ളത്. ഖന്‍ദീലിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് വെടിനിര്‍ത്തലിന് ഇസ്രായേല്‍ സമ്മതിച്ചിരുന്നുവെങ്കിലും ഹമാസ് റോക്കറ്റാക്രമണം നിര്‍ത്തണമെന്ന ആവശ്യം മുന്‍ നിര്‍ത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. കഴിഞ്ഞ ബുധാനാഴ്ച ഇസ്രായേലിന്റെ ആക്രമണത്തില്‍ ഹമാസ് സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡിന്റെ മേധാവി അഹ്മദ് ജഅ്ബരി കൊല്ലപ്പെട്ടതോടെയാണ് മേഖല വീണ്ടും കലുഷിതമായത്. അതേസമയം, ഇസ്രായേല്‍ ആക്രമണത്തിനെതിരെ വിവിധ രാജ്യങ്ങളില്‍ പ്രതിഷേധം ഉയരുകയാണ്. ഈജിപ്തിലും തുര്‍ക്കിയിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. |
കട്ടപ്പന സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ ഉപയോഗിക്കുന്നത് മലിനജലം Posted: 16 Nov 2012 09:27 PM PST കട്ടപ്പന: കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ ഉപയോഗിക്കുന്നത് ദുര്‍ഗന്ധം വമിക്കുന്ന മലിനജലം. വെള്ളം ഉപയോഗിച്ചവര്‍ക്ക് ത്വക്ക് ചൊറിഞ്ഞുതടിക്കുന്നതടക്കം പല ദേഹാസ്വാസ്ഥ്യങ്ങളും ഉണ്ടാകുന്നതായി പരാതി ഉയര്‍ന്നു. കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിന് നടുവിലെ തുറന്നുകിടക്കുന്ന കുളത്തില്‍നിന്നാണ് ഒരാഴ്ചയായി കംഫര്‍ട്ട് സ്റ്റേഷനിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാരും കച്ചവടക്കാരും മറ്റും തള്ളുന്ന മാലിന്യം കുളത്തില്‍ ചീഞ്ഞളിഞ്ഞ് കിടക്കുകയാണ്. സമീപത്തെ ഓടയിലെ മലിനജലവും കുളത്തിലെത്തുന്നുണ്ട്. ബസ്സ്റ്റാന്‍ഡിന് സമീപത്തെ കുഴല്‍ക്കിണറ്റില്‍നിന്നാണ് മുമ്പ് കംഫര്‍ട്ട് സ്റ്റേഷനിലേക്ക് വെള്ളം പമ്പ് ചെയ്തിരുന്നത്. മോട്ടോര്‍ തകരാറിലായതോടെ കുഴല്‍ക്കിണറ്റില്‍നിന്നുള്ള ജലവിതരണം നിലച്ചു. തുടര്‍ന്നാണ് മാലിന്യം നിറഞ്ഞ കുളത്തില്‍നിന്ന് വെള്ളം പമ്പ് ചെയ്യാന്‍ തുടങ്ങിയത്. രാത്രി പവര്‍കട്ടിന്‍െറ സമയത്ത് ഡീസല്‍ മോട്ടോര്‍ ഉപയോഗിച്ചാണ് വെള്ളം പമ്പ് ചെയ്യുന്നത്. കുളത്തില്‍നിന്ന് ഫുട്വാല്‍വ് വഴി മോട്ടോറിന്‍െറ സഹായത്താല്‍ വലിച്ചെടുക്കുന്ന മലിനജലം കുഴല്‍ക്കിണറിന്‍െറ ഔ്പുട്ടിലൂടെ കംഫര്‍ട്ട് സ്റ്റേഷനിലെ ടാങ്കിലെത്തിക്കും. പവര്‍കട്ട് സമയത്ത് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് സംശയമുണ്ടാകാതിരിക്കാനാണ്. മോട്ടോറില്‍നിന്നുള്ള ഹോസ് (പൈപ്പ്) കെട്ടിടങ്ങളുടെ മറവിലൂടെ ചുറ്റിവലിച്ചാണ് കുഴല്‍ക്കിണറിന്‍െറ ഔ്പുട്ടിലെത്തിക്കുന്നത്. മാലിന്യം കലങ്ങി കളത്തിലെ വെള്ളത്തിന് ദുര്‍ഗന്ധമുണ്ട്. മലിനജലം ഉപയോഗിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെയാണ് വിവരം ശ്രദ്ധയില്‍പ്പെടുന്നത്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതടക്കമുള്ള സാഹചര്യങ്ങള്‍ ഉണ്ടായിട്ടും നടപടി സ്വീകരിക്കാന്‍ ഗ്രാമപഞ്ചായത്തോ സംസ്ഥാന ആരോഗ്യവകുപ്പോ തയാറായിട്ടില്ല. |
കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സാമൂഹിക വിരുദ്ധരുടെ ഇടത്താവളം Posted: 16 Nov 2012 09:22 PM PST തിരുവല്ല:തിരുവല്ലയില്‍ കാ ത്തിരിപ്പുകേന്ദ്രങ്ങള്‍ സാമൂഹിക വിരുദ്ധരുടെ ഇടത്താവളം. തിരുവല്ല-മാവേലിക്കര സംസ്ഥാനപാതയില്‍ കുരിശുകവലക്ക് സമീപത്തെ കാത്തിരിപ്പ് കേന്ദ്രം മദ്യപാനികള്‍ ഉറങ്ങാനാണ് ഉപയോഗിക്കുന്നത്. എം.സി റോഡില്‍ മുത്തൂര്‍ പി.ഡബ്യു.ഡി റസ്റ്റ് ഹൗസ് ബസ് സ്റ്റോപ്പിലെ കാത്തിരിപ്പ് കേന്ദ്രമാകട്ടെ ഇരുചക്രവാഹനങ്ങളും ചപ്പുചവറും നിറഞ്ഞ അവസ്ഥയാണ്. ഇതുമൂലം പ്രതികൂല കാലാവസ്ഥയിലും യാത്രക്കാര്‍ കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നില്‍ നില്‍ക്കേണ്ട ഗതികേടിലാണ്. കുരിശുകവലക്ക് സമീപമാണ് ബിവറേജ്സ് കോര്‍പറേഷന്‍ ഔ്ലെറ്റ് പ്രവര്‍ത്തിക്കു ന്നത്. ഇതുമൂലം ഇവിടെ രാപകല്‍ ഭേദമില്ലാതെ മദ്യപരുടെ അഴിഞ്ഞാട്ടം പതിവാണ്. പലപ്പോഴും ഇവിടെ വാക്കേറ്റവും കൈയേറ്റവും ഉണ്ടാകാറുണ്ട്. ബെഞ്ചില്‍ കിടന്നുറങ്ങുന്ന മദ്യപാനികള്‍ പലപ്പോഴും മലമൂത്രവിസര്‍ജനവും നടത്താറുണ്ട്. ബിവറേജസില്‍ എത്തുന്നവരുടെ ഇരുചക്രവാഹനങ്ങള്‍ കാ ത്തിരിപ്പുകേന്ദ്രത്തിന് മുന്നില്‍ പാര്‍ക്കുചെയ്യുന്നത് ബസുകള്‍ക്ക് തടസ്സമാകുന്നുണ്ട്. ഇത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു. പി.ഡബ്ള്യു.ഡി റസ്റ്റ്ഹൗസിന് മുന്നിലുള്ള കാത്തിരിപ്പ് കേന്ദ്രത്തില്‍ സമീപവ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ഇരുചക്രവാഹനങ്ങളാണ് സൂക്ഷിക്കുന്നത്. |
മുണ്ടക്കയം ബൈപാസ്: സ്ഥലവില നിശ്ചയിച്ചു Posted: 16 Nov 2012 09:18 PM PST മുണ്ടക്കയം: മുണ്ടക്കയം ബൈപാസ് നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന്‍െറ വിലനിര്‍ണയം പൂര്‍ത്തിയായി. കലക്ടറേറ്റില്‍ ജില്ലാ ക്രയവിക്രയ സമിതിയും കലക്ടര്‍ ചെയര്‍മാനുമായും സ്ഥല ഉടമകളും യോഗം ചേര്‍ന്നാണ് വിലനിര്‍ണയം പൂര്‍ത്തിയായത്. സ്ഥലങ്ങളെ എ,ബി,സി,ഡി വിഭാഗങ്ങളായി തരംതിരിച്ചാണ് വിലനിശ്ചയിക്കുന്നത്. ദേശീയപാതയുടെ അരികത്തെ സ്ഥലം എ വിഭാഗത്തിലും പഞ്ചായത്ത് റോഡുകളുടെ സമീപത്തെ സ്ഥലം ബി വിഭാഗത്തിലും ഗ്രാമീണ റോഡുകളെ സി വിഭാഗത്തിലും വാഹനസൗകര്യമില്ലാത്ത സ്ഥലത്തിനെ ഡി വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തി. ഇതിന്‍െറ അടിസ്ഥാനത്തില്‍ എ വിഭാഗത്തില്‍പ്പെട്ട സ്ഥലത്തിന് 2,55,000 രൂപയും ബി വിഭാഗത്തില്‍പ്പെട്ടതിന് 1,85,730 രൂപയും സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 92,866 രൂപയും ഡി വിഭാഗത്തിന് 69,000 രൂപയുമാണ് വില. ഇതിന്‍െറ അടിസ്ഥാനത്തില്‍ എ വിഭാഗത്തില്‍ രണ്ടുപേരും ബി വിഭാഗത്തില്‍ 70 പേരും സി വിഭാഗത്തില്‍ ഏഴുപേരും ഡി വിഭാഗത്തില്‍ 21 പേരുമുണ്ട്. ക്രയവിക്രയ വിഭാഗം അംഗീകാരം നല്‍കിയാല്‍ ഉടന്‍ ആധാരം രജിസ്റ്റര്‍ ചെയ്ത് നടപടി ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. |
വീട്ടില്‍ ആളില്ലെങ്കില്‍ ബുക്കിങ് റദ്ദാക്കരുത് -കലക്ടര്‍ Posted: 16 Nov 2012 09:00 PM PST ആലപ്പുഴ: പാചകവാതക സിലിണ്ടറുമായി എത്തുമ്പോള്‍ വീട്ടില്‍ ആളില്ലെന്ന കാരണത്താല്‍ ബുക്കിങ് റദ്ദാക്കരുതെന്നും വിവരം അറിയിച്ചുള്ള സ്ളിപ് വാതിലില്‍ പതിക്കണമെന്നും കലക്ടര്‍ പി. വേണുഗോപാല്‍. കലക്ടറേറ്റില്‍ നടന്ന പാചകവാതക അദാലത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഏജന്‍സികള്‍ ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കും. സിലിണ്ടര്‍ വിതരണം ചെയ്യുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവര്‍ക്കെതിരെ നടപടിയെടുക്കും. ഉപഭോക്താക്കളോട് മാന്യമായി പെരുമാറാന്‍ ഏജന്‍സികള്‍ ശ്രദ്ധിക്കണം. ബില്ലുകള്‍ കൃത്യമായി നല്‍കണം. ചെങ്ങന്നൂര്‍ പരുവേലില്‍ പാചകവാതക ഏജന്‍സി ഉപഭോക്താക്കളോട് മോശമായി പെരുമാറുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ചെങ്ങന്നൂരില്‍ പ്രത്യേക അദാലത്ത് നടത്തും. പത്ത് ദിവസത്തിനകം നിലപാട് തിരുത്താന്‍ തയാറായില്ലെങ്കില്‍ ഏജന്‍സി സപൈ്ളകോക്ക് കൈമാറാന്‍ നടപടിയെടുക്കും. അനാഥാലയങ്ങള്‍ക്കും വൃദ്ധസദനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും സ്കൂളുകള്‍ക്കും വിവിധ മതവിഭാഗങ്ങളുടെ മഠങ്ങള്‍ക്കും ആശ്രമങ്ങള്‍ക്കും സബ്സിഡി നിരക്കില്‍ പാചകവാതക സിലിണ്ടര്‍ നല്‍കണമെന്ന് കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാലിന്‍െറ പ്രതിനിധി ബി. ബൈജു ആവശ്യപ്പെട്ടു. റേഷന്‍കാര്‍ഡ് ഇല്ലെന്ന കാരണത്താലാണ് സബ്സിഡി നിഷേധിക്കുന്നത്. കമേഴ്സ്യല്‍ നിരക്കില്‍ ഇവക്ക് പാചകവാതകം നല്‍കുന്നത് ഉചിതമല്ല. ഗവ. എല്‍.പി, യു.പി സ്കൂളുകളിലെ പാചകപ്പുരക്കുള്ള സിലിണ്ടറിനും സബ്സിഡി നല്‍കണം. ഇക്കാര്യം പെട്രോളിയം മന്ത്രാലയത്തിന്‍െറ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കലക്ടര്‍ പറഞ്ഞു. പുതിക കണക്ഷന്‍, ഉടമാകൈമാറ്റം, കണക്ഷന്‍ പുന$സ്ഥാപിക്കല്‍, മരിച്ച വ്യക്തിയുടെ പേരിലുള്ള കണക്ഷന്‍ അവകാശിയുടെ പേരിലേക്ക് മാറ്റല്‍ എന്നിവക്കേ കെ.വൈ.സി (നിങ്ങളുടെ ഉപയോക്താവിനെ അറിയാനുള്ള) ഫോറം നല്‍കേണ്ടതുള്ളൂവെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ സപൈ്ള ഓഫിസര്‍, ജനപ്രതിനിധികള്‍, എണ്ണക്കമ്പനി-ഏജന്‍സി പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു. |
നഗരത്തില്‍ ഇനി 50 ഹൈടെക് തട്ടുകട Posted: 16 Nov 2012 08:56 PM PST കൊച്ചി: കേരള സുസ്ഥിര വികസന പദ്ധതിയിലൂടെ നഗരസഭ നടപ്പാക്കുന്ന തെരുവോര കച്ചവടക്കാരുടെ പുനരധിവാസവും സുരക്ഷിത ഭക്ഷണവും പദ്ധതിയുടെ ഭാഗമായി 50 പേര്‍ക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ തട്ടുകടകളുടെ വിതരണം മേയര്‍ ടോണി ചമ്മണി ഉദ്ഘാടനം ചെയ്തു. നഗരത്തിലുള്ള തട്ടുകടകളെ മികച്ച രീതിയിലുള്ളതാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മേയര്‍ പറഞ്ഞു. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തും. നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്‍െറ മേല്‍നോട്ടത്തില്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് വഴി ഇവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. എറണാകുളം, ഫോര്‍ട്ടുകൊച്ചി, വൈറ്റില, പള്ളുരുത്തി തുടങ്ങിയ പ്രദേശങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് തട്ടുകടകള്‍ തുടങ്ങുന്നത്. തട്ടുകടക്കാവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് സോളാര്‍ സംവിധാനം ഇതിലുണ്ട്. കൊച്ചി നഗരസഭ ആരോഗ്യകാര്യ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാതിര്‍ത്തിയില്‍ ഭക്ഷണ വില്‍പ്പന നടത്തുന്ന 50 തട്ടുകടക്കാരെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. ഒരു ഉപഭോക്താവിന് രണ്ടു ലക്ഷം രൂപയാണ് ചെലവ്. ഇതില്‍ 50,000 രൂപ നഗരസഭ സബ്സിഡി നല്‍കും. അഞ്ച് ശതമാനം തുക ഗുണഭോക്താവിന്‍െറ വിഹിതവും ബാക്കി 1,40,000 രൂപ നഗരസഭയുടെ ഈടിന്‍മേല്‍ ബാങ്ക് വായ്പയുമാണ് നല്‍കുന്നത്. ലോണ്‍ ഗുണഭോക്താവ് മൂന്ന് വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതിയാകും. കച്ചവടക്കാര്‍ക്ക് ഫുഡ് ആന്‍ഡ് സേഫ്റ്റി ലൈസന്‍സ് നഗരസഭ വഴി ലഭ്യമാക്കും. കൂടാതെ അംഗങ്ങള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്, രജിസ്ട്രേഷന്‍, യൂനിഫോം എന്നിവയും ലഭ്യമാക്കും. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.അഷറഫ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.ജെ.വിനോദ്, സൗമിനി ജെയിന്‍, കെ.ജെ.സോഹന്‍, രത്നമ്മ രാജു, ആര്‍.ത്യാഗരാജന്‍, സെക്രട്ടറി അജിത് പാട്ടീല്‍, കെ.എസ്.യു.ഡി.പി പ്രൊജക്ട് മാനേജര്‍ അബ്ദുല്‍ ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു. |
ഗുണ്ടാപിരിവ് ഒരാള്‍ കസ്റ്റഡിയില്‍ Posted: 16 Nov 2012 08:50 PM PST ഏങ്ങണ്ടിയൂര്‍: രാജീവ് ഗാന്ധി പഠനകേന്ദ്രത്തിന്‍െറ പേരില്‍ ഗുണ്ടാപിരിവ് നടത്തിയയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിരണ്‍ എന്നയാളെയാണ് പിടികൂടിയത്. ഏങ്ങണ്ടിയൂര്‍ ആയിരംകണ്ണി ക്ഷേത്രത്തിന് സമീപമായിരുന്നു ഗുണ്ടാപിരിവ്. ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തികുഴിക്കുമ്പോള്‍ കിരണ്‍ എത്തി തടയുകയായിരുന്നു. വിവരം പൊലീസില്‍ അറിയിക്കുമെന്നും ആയതിനാല്‍ പഠന കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് 75,000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. തരില്ലെന്ന് പറഞ്ഞതോടെ ഭീഷണിപ്പെടുത്തി. സ്വകാര്യ വ്യക്തി വിവരം അറിയിച്ചതോടെ പൊലീസ് പാഞ്ഞെത്തി കിരണിനെ കസ്റ്റഡിയിലെടുത്തു. നേരത്തേയും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. |
No comments:
Post a Comment