സ്കൂളുകളില്‍ ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിക്കണം -മന്ത്രി അബ്ദുറബ്ബ് Posted: 20 Nov 2012 12:03 AM PST തൊടപുഴ: സര്‍ക്കാര്‍ ഫണ്ടുകള്‍ ഫലപ്രദമായി സ്കൂളുകള്‍ വിനിയോഗിക്കണമെന്ന് മന്ത്രി അബ്ദുറബ്ബ്. കരിങ്കുന്നം ഗവ. എല്‍.പി സ്കൂള്‍ മന്ദിരോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കരിങ്കുന്നം എല്‍.പി സ്കൂള്‍ ഇക്കാര്യത്തില്‍ മറ്റ് സ്കൂളുകള്‍ക്ക് മാതൃകയാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എ സ്കൂളുകള്‍ക്ക് നല്‍കുന്ന ലാപ്ടോപ്പുകളുടെ ഉദ്ഘാടനം പി.ടി. തോമസ് എം.പിയും കുട്ടികളുടെ പ്രസിദ്ധീകരണമായ ‘പൊന്‍പുലരി’ മാസികയുടെ പ്രകാശനം സില്‍ക് ചെയര്‍മാന്‍ ടി.എം. സലീമും നിര്‍വഹിച്ചു. സംസ്ഥാന അവാര്‍ഡ് ജേതാവും സ്കൂള്‍ ഹെഡ്മിസ്ട്രസുമായ ലൂസി ജോര്‍ജിനെ ആദരിച്ചു. കരിങ്കുന്നം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജിമ്മി മറ്റത്തിപ്പാറ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീല സ്റ്റീഫന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ലീലാമ്മ ജോസ്, പി.ടി.എ പ്രസിഡന്‍റ് സി.എച്ച്. സാബു എന്നിവര്‍ സംസാരിച്ചു. |
താക്കറെ വിരുദ്ധ പോസ്റ്റ്: പൊലീസ് നടപടിയെ ന്യായീകരിച്ച് ശിവസേന Posted: 19 Nov 2012 11:06 PM PST Subtitle: അക്രമം നടത്തിയ ഒമ്പതു പേര്‍ അറസ്റ്റില്‍ ന്യൂദല്‍ഹി: താക്കറെ വിരുദ്ധ പ്രസ്താവന നടത്തിയ യുവതികളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ ന്യായീകരിച്ച് ശിവസേന രംഗത്ത്. താക്കറെക്കെതിരായ ഒരു പരാമര്‍ശത്തെയും വെച്ചുപൊറുപ്പിക്കില്ലെന്ന് ശിവസേനയുടെ താനെ ജില്ല തലവന്‍ പ്രഭാകര്‍ റൗള്‍ പറഞ്ഞു. താക്കറെ ഞങ്ങളുടെ ദൈവമാണ്. അദ്ദേഹത്തെ അപമാനിക്കുന്ന ഒരു പ്രസ്താവനയും അനുവദിക്കില്ല. ഫേസ്ബുക്കിന് പോസ്റ്റിന് പിന്നില്‍ ആരാണെന്ന് പൊലീസിന് അറിയാം. അറസ്റ്റിന് ന്യായീകരണമുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം താക്കറെ വിരുദ്ധ ഫേസ്ബുക്ക് പ്രസ്ഥാവന നടത്തിയതിന്റെ പേരില്‍ രണ്ട് യുവതികളെ അറസ്റ്റ് ചെയ്ത മുംബൈ പൊലീസ് നടപടിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപക പ്രതിക്ഷേധം ഉയരുന്നുണ്ട്. ചിലര്‍ താക്കറെ വിരുദ്ധ പോസ്റ്റ് തങ്ങളുടെ പേജില്‍ വീണ്ടും പോസ്റ്റ് ചെയ്യുകയും അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ചിലര്‍ യുവതികള്‍ക്ക് നിയമപരമായ സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. ദിവസവും താക്കറെയെ പോലുള്ളവര്‍ ജനിക്കുകയും മരിക്കുകയും ചെയ്യുന്നുണ്ട്. ആരും അവര്‍ക്ക് വേണ്ടി ബന്ദ് നടത്തുന്നില്ല- ഇത് പോസ്റ്റ് ചെയ്തതിന് യുവതിയെ അറസ്റ്റു ചെയ്തു. നമുക്കും ഇത് പോസ്റ്റ് ചെയ്യാം..അവര്‍ നമ്മളെയും അറസ്റ്റ് ചെയ്യട്ടെ എന്ന തരത്തിലാണ് ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നത്. ഇതിന് പുറമെ അഭിപ്രായസ്വാതന്ത്രത്തിനെതിരെയുള്ള കടന്നുകയറ്റമായിട്ടാണ് രാജ്യത്തെ പ്രമുഖ നിയമജ്ഞരടക്കം അറസ്റ്റിനെ വിലയിരുത്തിയത്. മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ ചെയര്‍മാനുമായ മാര്‍ക്കണ്‌ഡേയ കട്ജു അറസ്റ്റിനെതിരെ രംഗത്ത് വന്നു. പൊലീസിനെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും ഇല്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനയച്ച ഇ-മെയില്‍ സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി. ബന്ദിനെതിരെ പ്രതികരിക്കുന്നത് മതവികാരം വ്രണപ്പെടുത്തലാണെന്ന വാദം അസംബന്ധമാണ്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശമാണ്. ഫാഷിസത്തിന്റെയല്ല, ജനാധിപത്യത്തിന്റെ കീഴിലാണ് തങ്ങള്‍ ജീവിക്കുന്നത്. ഭരണഘടന അനുസരിച്ച് ഈ അറസ്റ്റ് ക്രിമിനല്‍ കുറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസ് നടപടിയെ വിമര്‍ശിച്ച് ടെലികോം മന്ത്രി കപില്‍ സിബലും രംഗത്തെത്തി. മഹാരാഷ്ട്ര പൊലീസ് നിയമത്തെ തെറ്റായരീതിയിലാണ് ഉപയോഗിച്ചിരിക്കുന്നത്. ആളുകളെ ഇങ്ങനെ അറസ്റ്റു ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ താക്കറെ വിരുദ്ധ ഫേസ്ബുക്ക് പ്രസ്താവന നടത്തിയ യുവതിയുടെ അമ്മാവന്റെ ക്ലിനിക് അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഒമ്പതു പേരെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായവര്‍ ശിവസേന പ്രവര്‍ത്തകരാണോയെന്ന കാര്യം വ്യക്തമല്ല. അക്രമം ഉണ്ടാക്കിയതിനും ക്ലിനിക്കിലെ സാധനങ്ങള്‍ തകര്‍ത്തതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബാല്‍ താക്കറെയുടെ നിര്യാണത്തോടനുബന്ധിച്ച് മുംബൈ നഗരം നിശ്ചലമായതിനെ ഫേസ് ബുക്കിലൂടെ ചോദ്യംചെയ്ത 21കാരിയെയും പോസ്റ്റ് 'ലൈക്' ചെയ്ത മറ്റൊരു പെണ്‍കുട്ടിയെയും തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്. ഐ.പി.സി 295(എ) (മതവികാരത്തെ വ്രണപ്പെടുത്തല്‍), വിവര സാങ്കേതിക വിദ്യ നിയമം( ഐ.ടി.ആക്ട്) 2000ത്തിലെ സെക്ഷന്‍ 64(എ) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവതി കമന്റ് പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തെങ്കിലും രോഷാകുലരായ 2000ത്തോളം ശിവസേനാ പ്രവര്‍ത്തകര്‍ യുവതിയുടെ അമ്മാവന്റെ ക്‌ളിനിക് തല്ലിത്തകര്‍ക്കുകയായിരുന്നു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടതായി പൊലീസ് പറഞ്ഞു. ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ,താക്കറെയെപ്പോലെ അനേകം ആളുകള്‍ ദിവസവും ജനിക്കുകയും മരിക്കുകയും ചെയ്യുന്നതിന് ബന്ദ് ആചരിക്കേണ്ട കാര്യമില്ലെന്നായിരുന്നു ഫേസ്ബുക്ക് കമന്റ്. |
കേരളം മാഫിയകളുടെ കേന്ദ്രം -സുധീരന്‍ Posted: 19 Nov 2012 10:41 PM PST കൊല്ലം: കേരളം മാഫിയാസംഘങ്ങളുടെ പ്രധാന കേന്ദ്രമായി മാറുകയാണെന്ന് വി.എം. സുധീരന്‍. പ്രാക്കുളം പ്രസ്ഫ്രണ്ട്സ് സംഘടിപ്പിച്ച പ്രാക്കുളം പി.കെ. പത്മനാഭപിള്ളയുടെ 70ാം രക്തസാക്ഷിത്വ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തിന്‍െറ വിശ്വാസ്യത നഷ്ടപ്പെടുന്ന വിധത്തിലാണ് മാഫിയകളുടെ വളര്‍ച്ച. ജനങ്ങള്‍ക്കോ നാടിനോ എന്ത് സംഭവിക്കുന്നുവെന്നത് അവര്‍ക്ക് പ്രശ്നമല്ല. ഇതിനെതിരെ ജനവികാരം ഉയരണം. മാഫിയകള്‍ സമാന്തരഭരണം നടത്തുന്ന സാഹചര്യമാണ്. നിയമവ്യവസ്ഥകള്‍ സാധാരണക്കാര്‍ക്ക് മാത്രമാണ് ബാധകം. വന്‍കിടക്കാര്‍ക്ക് ഒരുനിയമവും ബാധകമല്ല. പണമുണ്ടെങ്കില്‍ എന്തുമാകാം. മാറി വരുന്ന ഭരണകൂടങ്ങളെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ സംഘടിതവും സാമ്പത്തികവുമായ കരുത്തുള്ളവരാണവരെന്നും അദ്ദേഹം പറഞ്ഞു. കെ.ഡി.എഫ് ചെയര്‍മാന്‍ പി. രാമഭദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ക്ളബ് പ്രസിഡന്‍റ് ബി. അജയകുമാര്‍ അധ്യക്ഷതവഹിച്ചു. ഐ.ഡി നിസാം, സുകേശന്‍, ടി.ഡി.സദാശിവന്‍, കുമ്പളത്ത് ശാന്തകുമാരിഅമ്മ, പ്രഫ. ടി.എല്‍. ഗിരിജ, പി. പ്രഭാകരന്‍പിള്ള, പി. സുരേഷ്ബാബു എന്നിവര്‍ പങ്കെടുത്തു. |
ലോഫ്ളോര്‍ ദീര്‍ഘദൂര സര്‍വീസിന്; മേയറും കൗണ്‍സിലര്‍മാരും ബസ് തടഞ്ഞു Posted: 19 Nov 2012 10:39 PM PST തിരുവനന്തപുരം: നഗരത്തിന് അനുവദിച്ച ലോഫ്ളോര്‍ ബസുകള്‍ ദീര്‍ഘദൂര സര്‍വീസ് തുടങ്ങിയതില്‍ പ്രതിഷേധിച്ച് മേയര്‍ കെ. ചന്ദ്രികയും കൗണ്‍സിലര്‍മാരും ബസ് തടഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡിലായിരുന്നു സംഭവം. തല്‍ക്കാലം സര്‍വീസ് നടത്തില്ലെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ പി.ബാബുകുമാര്‍ ഉറപ്പ് നല്‍കിയതോടെ സമരം അവസാനിപ്പിച്ചു. ജവഹര്‍ലാല്‍ നെഹ്റു നാഷനല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ പദ്ധതിപ്രകാരം കേന്ദ്രസര്‍ക്കാര്‍ നഗരസഭക്ക് 50 എ.സി ലോഫ്ളോര്‍ ബസുകള്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം തിങ്കളാഴ്ച തമ്പാനൂരില്‍നിന്ന് എറണാകുളത്തേക്ക് സര്‍വീസ് നടത്തി. രണ്ടും കൊച്ചി നഗരസഭ തടഞ്ഞു. മൂന്നാമത്തെ ബസ് സര്‍വീസ് നടത്തുംമുമ്പാണ് തിരുവനന്തപുരം മേയറും സംഘവും തടഞ്ഞത്. കേന്ദ്രസര്‍ക്കാറിന് പ്രോജക്ട് സമര്‍പ്പിച്ചതനുസരിച്ചാണ് നഗരസഭക്ക് 50 ലോഫ്ളോര്‍ ബസുകള്‍ ലഭിച്ചതെന്ന് മേയര്‍ പറഞ്ഞു. ബസുകളുടെ റൂട്ട്, നിരക്ക് എന്നിവ നഗരസഭയുമായി ആലോചിച്ചേ നിശ്ചയിക്കാനാവൂ എന്ന കരാറോടെ നടത്തിപ്പ് കെ.എസ്.ആര്‍.ടി.സിയെ ഏല്‍പ്പിച്ചു. അത് സര്‍ക്കാര്‍ ലംഘിച്ചെന്ന് മേയര്‍ ആരോപിച്ചു. എം.പിയും കേന്ദ്രമന്ത്രിയുമായ ശശിതരൂരിന്‍െറ അറിവോടെയാണിത്. തിരുവനന്തപുരത്തിന്‍െറ കാര്യത്തില്‍ അദ്ദേഹത്തിന് താല്‍പര്യമില്ലെന്നും മേയര്‍ കുറ്റപ്പെടുത്തി. നഗരത്തിന് അനുവദിച്ച ബസുകള്‍ ഇവിടെ സര്‍വീസ് നടത്തണം. അടുത്തിടെ ബസ്ചാര്‍ജ് വര്‍ധിപ്പിച്ചപ്പോഴും ലോഫ്ളോര്‍ ബസുകളുടെ നിരക്ക് കൂട്ടിയില്ലെന്നും മേയര്‍ പറഞ്ഞു. ബസ് തടയല്‍ തുടങ്ങിയ ശേഷം വി.ശിവന്‍കുട്ടി എം.എല്‍.എ കെ.എസ്.ആര്‍.ടി.സി എം.ഡി മോഹന്‍ലാലുമായി ഫോണില്‍ സംസാരിച്ചു. ട്രാന്‍സ്പോര്‍ട്ട്, നഗരാസൂത്രണ മന്ത്രിമാര്‍ ആലോചിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് എം.ഡി അറിയിച്ചു. മേയറും നഗരസഭയുമായി ബന്ധപ്പെട്ട മറ്റുള്ളവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയശേഷം തീരുമാനമെടുക്കുമെന്ന് എം.എല്‍.എ പറഞ്ഞു. തിരുവനന്തപുരത്തിന് അനുവദിച്ച ബസുകള്‍ മറ്റ് ജില്ലകളില്‍ സര്‍വീസ് നടത്തുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.എസ്. പത്മകുമാര്‍, ശ്യാം, പി.പുഷ്പലത, എസ്.ഷീല, മറ്റ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. അതേസമയം, ലോ ഫ്ളോര്‍ എ.സി ബസുകള്‍ ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ മേയര്‍ ടോണി ചമ്മണി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ കുത്തിയിരുപ്പ് സമരം നടത്തി. തിങ്കളാഴ്ച രാവിലെ 11ന് ആയിരുന്നു സമരം.തിരുവനന്തപുരത്തേക്കും കോട്ടയത്തേക്കുമുള്ള ബസുകള്‍ക്ക് മുന്നില്‍ മേയറും കൂട്ടരും കുത്തിയിരുന്നത് അര മണിക്കൂര്‍ വൈകി. |
സുവര്‍ണജൂബിലി നിറവിലേക്ക്; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഒരുക്കമായി Posted: 19 Nov 2012 10:30 PM PST ആലപ്പുഴ: ആലപ്പുഴ ടി.ഡി മെഡിക്കല്‍ കോളജ് സുവര്‍ണ ജൂബിലിയുടെ നിറവിലേക്ക് കടക്കുന്നു. ജൂബിലി ആഘോഷങ്ങള്‍ മികവുറ്റതാക്കാനായി കോളജ് ഓഡിറ്റോറിയത്തില്‍ ആലോചനായോഗം നടന്നു. അടുത്തവര്‍ഷം ആഘോഷ ഉദ്ഘാടന വേളയില്‍ നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാലിന്‍െറ സാന്നിധ്യത്തില്‍ യോഗം ചര്‍ച്ചചെയ്തു. സമൂഹത്തിലെ വിവിധ മേഖലയില്‍പ്പെട്ട വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയായിരിക്കും ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ആലപ്പുഴ നഗരത്തില്‍ തുടക്കംമുതല്‍ പ്രവര്‍ത്തിച്ചുവന്ന മെഡിക്കല്‍ കോളജ് ആശുപത്രി വണ്ടാനത്തെ മെഡിക്കല്‍ കോളജിനോട് ചേര്‍ന്നുള്ള വിശാലമായ കാമ്പസിലേക്ക് മാറ്റിയതിനുശേഷം പൂര്‍ത്തിയാകാത്തതും നടപ്പാക്കാത്തതുമായ പദ്ധതികള്‍ ജൂബിലി വര്‍ഷത്തില്‍ സാക്ഷാത്കരിക്കാന്‍ പദ്ധതിയുണ്ട്. ആശുപത്രിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോടൊപ്പം കോളജിന്‍െറ അക്കാദമിക് നിലവാരം ഉയര്‍ത്തണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെയായിരിക്കും പുതിയ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുക. ആലപ്പുഴ നഗരത്തില്‍ നിന്ന് വണ്ടാനത്തേക്ക് ആശുപത്രി മാറ്റിയെങ്കിലും മോര്‍ച്ചറി ഇപ്പോഴും നഗരത്തില്‍ ജനറല്‍ ആശുപത്രിയുടെ ഭാഗമായി നില്‍ക്കുകയാണ്. മോര്‍ച്ചറിയും പുതിയ രണ്ട് ബ്ളോക്കുകളും വണ്ടാനം ആശുപത്രി കാമ്പസില്‍ നിര്‍മിക്കാനും ട്രോമാ ബ്ളോക്, സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക് എന്നിവ യാഥാര്‍ഥ്യമാക്കാനും ജൂബിലി വര്‍ഷത്തില്‍ കഴിയണമെന്ന് ആലോചനായോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു.കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ആറുകോടി രൂപ ഉപയോഗിച്ച് കാന്‍സര്‍ ചികിത്സയില്‍ മെച്ചപ്പെട്ട സേവനം ഉറപ്പാക്കണം. കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചര്‍ച്ചചെയ്ത് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കും. ആഘോഷങ്ങള്‍ക്കായി സ്വാഗതസംഘവും രൂപവത്കരിച്ചു. ജി. സുധാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എമാരായ പി.കെ. ചന്ദ്രാനന്ദന്‍, എ.എ. ഷുക്കൂര്‍, കലക്ടര്‍ പി. വേണുഗോപാല്‍, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തമ്പി മേട്ടുതറ, നഗരസഭാ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ബി. സുലേഖ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി. ധ്യാനസുതന്‍, തിരുമല ദേവസ്വം പ്രസിഡന്‍റ് ജെ. രാധാകൃഷ്ണ നായ്ക്, ഡോ. പി.ടി. സക്കറിയ, കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ. മെഹറുന്നിസ, സൂപ്രണ്ട് ഡോ. ടി.കെ. സുമ, ഡോക്ടര്‍മാര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |
ജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കം Posted: 19 Nov 2012 10:24 PM PST മൂവാറ്റുപുഴ: റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് മൂവാറ്റുപുഴയില്‍ പ്രൗഢോജ്വല തുടക്കം. മോഡല്‍ ഹൈസ്കൂളിലെ പ്രധാന വേദിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. ഹൈസ്കൂള്‍ വിഭാഗം പ്രവൃത്തിപരിചയമേളയില്‍ തൃപ്പൂണിത്തുറയാണ് മുന്നില്‍. 14225 പോയന്‍റ്. കോതമംഗലം 13461 പോയന്‍േറാടെ രണ്ടാമതാണ്. സാമൂഹികശാസ്ത്രമേളയില്‍ 18 പോയന്‍േറാടെ മട്ടാഞ്ചേരി ഒന്നാമതെത്തിയപ്പോള്‍, തൃപ്പൂണിത്തുറ 17 പോയന്‍േറാടെ രണ്ടാംസ്ഥാനത്തായി. ഐ.ടി മേളയില്‍ ഒമ്പത് പോയന്‍റ് നേടി തൃപ്പൂണിത്തുറ ഒന്നാം സ്ഥാനവും ആറ് പോയന്‍റ് നേടി ആലുവ രണ്ടാം സ്ഥാനത്തുമാണ്. ഐ.ടി വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് കോതമംഗലമാണ്, 37 പോയന്‍റ്. ആലുവ 27 പോയന്‍േറാടെ രണ്ടാമതാണ്. ഹൈസ്കൂള്‍ വിഭാഗം ഗണിതശാസ്ത്രമേളയില്‍ തൃപ്പൂണിത്തുറ ഉപജില്ല 95 പോയന്‍േറാടെ ഒന്നാമത്. കോതമംഗലം ഉപജില്ലക്കാണ് രണ്ടാം സ്ഥാനം. 91 പോയന്‍റ്. 88 പോയന്‍റ് നേടിയ എറണാകുളമാണ് മൂന്നാമത്. ഹയര്‍സെക്കന്‍ഡറി വിഭാഗം ശാസ്ത്രമേളയില്‍ 46 പോയന്‍േറാടെ ആലുവ ഉപജില്ലയാണ് മുന്നില്‍. 37 പോയന്‍േറാടെ തൃപ്പൂണിത്തുറ രണ്ടാം സ്ഥാനത്താണ്. ഗണിതശാസ്ത്ര മേളയില്‍ ഒന്നാമത് നോര്‍ത്ത് പറവൂര്‍ ഉപജില്ലക്കാണ്. 101 പോയന്‍റ്. മട്ടാഞ്ചേരി 19 പോയന്‍േറാടെ രണ്ടാം സ്ഥാനത്തുണ്ട്. പ്രവൃത്തി പരിചയമേളയില്‍ ആലുവ ഉപജില്ല 12657 പോയന്‍േറാടെ മുന്നില്‍നില്‍ക്കുന്നു. 12567 പോയന്‍റുമായി തൃപ്പൂണിത്തുറയാണ് രണ്ടാമത്. മുനിസിപ്പല്‍ ചെയര്‍മാന്‍ യു.ആര്‍. ബാബു അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് പി.എസ്. സലീം ഹാജി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.ജി. അനില്‍കുമാര്‍, പി.എന്‍. സന്തോഷ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഡി. മുരളി, സി.എം. ഷുക്കൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നേരത്തേ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.ടി. മുരളി പതാക ഉയര്‍ത്തി. മേള ചൊവ്വാഴ്ച സമാപിക്കും. |
ദേശീയപാത: എം.എല്‍.എക്ക് നല്‍കിയ ഉറപ്പ് പാഴാവുന്നു Posted: 19 Nov 2012 10:01 PM PST തൃപ്രയാര്‍: ദേശീയപാത 17 തൃപ്രയാര്‍ ജങ്ഷന്‍ വീതികൂട്ടി നവീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ എം.എല്‍.എക്ക് വാക്ക് കൊടുത്തിട്ട് ഒമ്പതുമാസം പിന്നിടുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍ ഉപേക്ഷിച്ച് ദേശീയപാത അധികൃതര്‍ എം.എല്‍.എയെ വെട്ടിലാക്കി. ജങ്ഷനില്‍ 400 മീറ്റര്‍ നീളത്തില്‍ ഇരുവശവും വീതി കൂട്ടി ടാറിങ് നടത്തുമെന്ന് നാട്ടിക പഞ്ചായത്ത് ഹാളില്‍ ഗീതാഗോപി എം.എല്‍.എ വിളിച്ചുകൂട്ടിയ യോഗത്തില്‍ ദേശീയപാത അധികൃതര്‍ സമ്മതിച്ചിരുന്നു. റോഡ് നിര്‍മാണം ഉടന്‍ നടത്തുമെന്ന് ഇടക്കിടെ പ്രസ്താവനയിറക്കി എം.എല്‍.എ കബളിപ്പിക്കുകയാണെന്ന് യാത്രക്കാര്‍ പറയുന്നു. നാട്ടിക നിയോജക മണ്ഡലത്തില്‍പെട്ട കിഴുപ്പിള്ളിക്കര നളന്ദ ഗവ. ഹൈസ്കൂള്‍ റോഡിന്‍െറ കാര്യത്തിലും ഇതേ നടപടിയാണ് എം.എല്‍.എ തുടരുന്നതെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. |
കലക്ടറേറ്റിലെ കൊതുകുകളെ തുരത്തി ശുചീകരണ യജ്ഞത്തിന് തുടക്കം Posted: 19 Nov 2012 09:22 PM PST പാലക്കാട്: ഡെങ്കിപ്പനി പോലുള്ള മാരകരോഗങ്ങള്‍ പരത്തുന്ന കൊതുകുകള്‍ക്കെതിരെ എം.എല്‍.എയുടെ നേതൃത്വത്തില്‍ ശുചീകരണയജ്ഞം തുടങ്ങി. ഷാഫി പറമ്പില്‍ എം.എല്‍.എയുടെ നേതൃത്വത്തിലുളള സംഘം ജില്ലയുടെ ഭരണ സിരാകേന്ദ്രമായ കലക്ടറേറ്റില്‍ ശുചീകരണം നിര്‍വഹിച്ചാണ് ആരോഗ്യവകുപ്പിന്‍െറ സമ്പൂര്‍ണ ശുചീകരണ ദിനത്തിന് തുടക്കം കുറിച്ചത്. കോടതി ഗേറ്റിനോട് ചേര്‍ന്ന സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലെ മാലിന്യം നീക്കി എം.എല്‍.എ ശുചീകരണമാരംഭിച്ചപ്പോള്‍ പൊലീസും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളും വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും പങ്കാളികളായി. മാസാചരണത്തിന്‍െറ ഭാഗമായി നവംബറില്‍ ഞായറാഴ്ചകള്‍ ‘ഡ്രൈ ഡേ’ ആയി ആചരിക്കും. ബ്ളോക്ക് തലം വരെ ‘ഡ്രൈ ഡേ’ ആചരണം നടക്കും. പാലക്കാട് ടൗണ്‍ നോര്‍ത് പൊലീസ് സ്റ്റേഷന് 100 വയസ്സ് തികയുന്നതോടനുബന്ധിച്ച് 100 ദിവസത്തെ ശുചീകരണ പരിപാടി ആരംഭിക്കും. സംസ്ഥാനത്ത് ഈ വര്‍ഷം 3,700 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതില്‍ 99 കേസുകള്‍ പാലക്കാട് ജില്ലയില്‍നിന്നാണെന്ന് ഡി.എം.ഒ ഡോ.കെ. വേണുഗോപാല്‍ പറഞ്ഞു. ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന 500ന് മുകളില്‍ രോഗബാധകള്‍ ജില്ലയിലുണ്ടായി. പാലക്കാട്ടും പരിസരത്തുമുള്ള കൊതുക് സാന്ദ്രതയെപ്പറ്റി മേഴ്സി കോളജ് വിദ്യാര്‍ഥിനികള്‍ പഠനം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി കലക്ടര്‍ ഗണേഷ്, പാലക്കാട് ടൗണ്‍ സൗത് സി.ഐ ബി. സന്തോഷ്, അനില്‍ ബാബു എന്നിവര്‍ പങ്കെടുത്തു. |
സ്പോര്‍ട്സ് മീറ്റ് മുന്നറിയിപ്പില്ലാതെ മാറ്റി; വിദ്യാര്‍ഥികള്‍ മലപ്പുറം ഗവ. കോളജ് പൂട്ടി Posted: 19 Nov 2012 09:16 PM PST മലപ്പുറം: സ്പോര്‍ട്സ് മീറ്റ് മുന്നറിയിപ്പില്ലാതെ മാറ്റി വെച്ചെന്നാരോപിച്ച് യൂനിയന്‍െറ നേതൃത്വത്തില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ മലപ്പുറം ഗവ. കോളജ് താഴിട്ടുപൂട്ടി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മറ്റു വിദ്യാര്‍ഥികളുടെയും അധ്യാപകരുടേയും പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കോളജ് തുറക്കാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സണ്ണി ലൂക്കോസിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന കോളജ് യൂനിയന്‍ യോഗം നവംബര്‍ 19, 20 തീയതികളില്‍ സ്പോര്‍ട്സ് മീറ്റ് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ ദിവസങ്ങളില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ക്രിക്കറ്റ് ടീം സെലക്ഷനുള്ളതിനാല്‍ കായികാധ്യാപകന്‍ എം.കെ. സുനിലിന് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ പങ്കെടുക്കാനാവില്ല എന്ന സ്ഥിതി വന്നു. പകരം ഉസ്മാന്‍ എന്ന അധ്യാപകന് ചുമതല നല്‍കുകയും ചെയ്തു. എന്നാല്‍, കായികാധ്യാപകനില്ലാതെ സ്പോര്‍ട്സ്മീറ്റ് സംഘടിപ്പിച്ചാല്‍ യൂനിയന്‍െറ മറ്റുപ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്ന് ഇടത് അനുകൂല അധ്യാപകസംഘടനയായ എ.കെ.ജി.സി.ടി വ്യക്തമാക്കി. ഇതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. തിങ്കളാഴ്ച രാവിലെ മീറ്റ് നടത്താനാവശ്യമായ എല്ലാ ഉപകരണങ്ങളും യൂനിയന്‍െറ നേതൃത്വത്തില്‍ കോളജിലെത്തിക്കുകയും നോട്ടീസ് വരെ തയാറാക്കുകയും ചെയ്തിരുന്നു. ഇതിനിടെ മുന്നറിയിപ്പില്ലാതെ മീറ്റ് മാറ്റി വെച്ചതാണ് യൂനിയന് നേതൃത്വം നല്‍കുന്ന എം.എസ്.എഫിനെ പ്രകോപിപ്പിച്ചത്. യൂനിയന്‍െറ നേതൃത്വത്തില്‍ പ്രധാന കവാടത്തിന് താഴിട്ടതോടെ കോളജിലെത്തിയ നൂറുകണക്കിന് വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും അകത്തു കടക്കാനാവതെ ബുദ്ധിമുട്ടി. യൂനിയന്‍ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കോളജ് വരാന്തയില്‍ ഉപരോധ സമരവും തുടങ്ങി. കോളജിന് താഴിട്ടതിനെതിരെ മലപ്പുറം ഏരിയാ സെക്രട്ടറി എ. ജോഷിതിന്‍െറ നേതൃത്വത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘടിച്ച് രംഗത്തെത്തിയതോടെയാണ് എസ്.ഐ എന്‍.കെ. ബാലകൃഷ്ണന്‍െറ നേതൃത്വത്തില്‍ പൊലീസ് കാമ്പസിലെത്തിയത്. ഇരുവിഭാഗം വിദ്യാര്‍ഥികളും തമ്മില്‍ പ്രകോപനപരമായി മുദ്രാവാക്യം മുഴക്കി കൈയാങ്കളിയിലെത്തിയതോടെ പൊലീസ് ലാത്തിവീശി. തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ അല്‍പം അയഞ്ഞത്. മധ്യസ്ഥ ചര്‍ച്ചക്ക് പൊലീസ് ശ്രമിച്ചെങ്കിലും കോളജ് യൂനിയന്‍െറ നേതൃത്വത്തില്‍ സംഘടിച്ച വിദ്യാര്‍ഥികള്‍ പൂട്ട് തുറക്കാന്‍ തയാറായില്ല. പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. സര്‍ക്കാര്‍ സ്ഥാപനമായ കോളജിന് സ്വന്തം നിലയില്‍ താഴിടാന്‍ എം.എസ്.എഫിന് എന്ത് അധികാരമാണുള്ളതെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരും ഒരു വിഭാഗം അധ്യാപകരും ചോദിച്ചു. അധ്യാപകരോടാണ് പ്രതിഷേധമെങ്കില്‍ എന്തിനാണ് ഓഫിസ് ജീവനക്കാരെ പോലും അകത്ത് കടത്താതിരുന്നത്. 22 മുതല്‍ ഡിഗ്രിയുടെ അഞ്ചാം സെമസ്റ്റര്‍ പരീക്ഷ നടക്കുകയാണ്. എല്ലാ വര്‍ഷവും ജനുവരിയിലാണ് സ്പോര്‍ട്സ് മീറ്റ് നടക്കാറ്. ഇത്തവണ നേരത്തെ നടത്താന്‍ തിടുക്കം കൂട്ടുന്നത് എന്തിനാണെന്നറിയില്ല. കായികാധ്യാപകനില്ലാതെ കായികമത്സരങ്ങള്‍ നടത്തുന്നതിനോട് യോജിക്കാനാവില്ലെന്നും ഇവര്‍ വ്യക്തമാക്കി. കോളജിനുവേണ്ടി ഒന്നും ചെയ്യാത്ത കായികാധ്യാപകനെതിരെ കൊളീജിയറ്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കുമെന്നും യൂനിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്‍െറ പരീക്ഷ നടക്കുന്നതിനാലാണ് ഉച്ചയോടെ കോളജ് തുറന്നതെന്നും പ്രശ്നം ഒത്തുതീര്‍പ്പാകും വരെ പ്രതിഷേധം തുടരുമെന്നും കോളജ് യൂനിയന്‍ ചെയര്‍മാനും എം.എസ്.എഫ് നേതാവുമായ എം. ഷാക്കിര്‍ പറഞ്ഞു. |
വര്‍ണക്കുട നിവര്‍ത്തി ലോകസിനിമയുടെ ഉത്സവലഹരി ഇന്നു മുതല്‍ Posted: 19 Nov 2012 09:07 PM PST പനാജി (ഗോവ): കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് സാങ്കേതികമികവിന്‍െറ വിസ്മയങ്ങളുമായി 43ാം അന്താരാഷ്ട്ര ചലച്ചിത്രമേള ചൊവ്വാഴ്ച തുടങ്ങും. വൈകീട്ട് നാലിന് പനാജി ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ബോളിവുഡ് താരം അക്ഷയ് കുമാര്‍ തിരിതെളിയിക്കും. 70 രാജ്യങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 144 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. വിവിധ രാഷ്ട്രങ്ങളില്‍നിന്നായി 8,800 പ്രതിനിധികള്‍ ഗോവന്‍ മേളയുടെ ഭാഗമാകാന്‍ എത്തിച്ചേരും. ചലച്ചിത്രപ്രേമികള്‍ക്കും പ്രതിനിധികള്‍ക്കുമായി മികച്ച സംവിധാനങ്ങളൊരുക്കിയാണ് സംഘാടകര്‍ സ്വാഗതമരുളുന്നത്. കിംകി ഡൂക്, സനൂസി തുടങ്ങിയ ലോക ചലച്ചിത്രവിസ്മയങ്ങള്‍ പ്രേക്ഷകരുമായി സംവദിക്കും. അതിനുവേണ്ടി ചായ്-വിത്ത് ചാറ്റ് എന്ന പുതിയ സംവിധാനം ഒരുക്കിയതായി ഫെസ്റ്റിവല്‍ ഡയറക്ടര്‍ മലയാളിയായ ശങ്കര്‍ മോഹന്‍ പറഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്രമത്സര വിഭാഗത്തിന്‍െറ അധ്യക്ഷന്‍ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ ഗൗതംഘോഷ് ആണ്. ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷങ്ങളുടെ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുന്ന സെന്‍ററിനറി പുരസ്കാരത്തിന് മൂന്നുചിത്രങ്ങളാണ് മത്സരത്തിന്‍െറ അവസാനമെത്തുന്നത്. ഋതുപര്‍ണ ഘോഷിന്‍െറ ‘ചിത്രാംഗത’, മീരാ നായരുടെ ‘ദ റിലക്റ്റന്‍റ് ഫണ്ടമെന്‍റലിസ്റ്റ്’, സ്മാര്‍സോപ്സ്കിയുടെ ‘റോസ്’ എന്നിവയാണ് മികച്ച സാങ്കേതിക നേട്ടമുള്ള ചിത്രത്തിന്‍െറ പട്ടികയില്‍ മാറ്റുരക്കുന്നത്. മികച്ച സിനിമ, നടന്‍, നടി, സംവിധായകന്‍, പ്രത്യേക ജൂറി പുരസ്കാരം, ഇന്ത്യന്‍ സിനിമ സെന്‍ററിനറി അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ ഒരു കോടി 10ലക്ഷം രൂപയുടെ പുരസ്കാരങ്ങളാണ് ഇത്തവണ മേളയില്‍ വിജയികളെ കാത്തിരിക്കുന്നത്. മുന്‍വര്‍ഷത്തില്‍നിന്ന് സാങ്കേതികമായി മികവുപുലര്‍ത്തുന്ന സംവിധാനങ്ങളാണ് തിയറ്ററുകളില്‍ സജ്ജീകരിച്ചിട്ടുള്ളത്. 60 ശതമാനം സിനിമകളും ഡിജിറ്റല്‍ സംവിധാനത്തിലുള്ളവയാണ്. കോപ്പിറൈറ്റ്, പൈറസി പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കര്‍ശന സുരക്ഷാ നടപടികളിലൂടെ മാത്രമേ ഓരോ വിദേശചിത്രവും പ്രദര്‍ശിപ്പിക്കാനാവൂ. ഇത് സാങ്കേതിക മികവിന്‍െറ ആധിക്യത്താല്‍ ഉണ്ടാകുന്ന തലവേദനയാണെന്നും മേള ഡയറക്ടര്‍ പറഞ്ഞു. പൊതുജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും മേളയെ ജനകീയമാക്കാനും തെരഞ്ഞെടുക്കപ്പെട്ട ബീച്ചുകളില്‍ 24 മുതല്‍ 28വരെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഗോവ എന്‍റര്‍ടൈന്‍മെന്‍റ് സൊസൈറ്റി സി.ഇ.ഒ മനോജ് ശ്രീവാസ്തവ അറിയിച്ചു. |
No comments:
Post a Comment