പുതിയ മത്സ്യബന്ധന നിയമം പ്രതിസന്ധി കൂട്ടും Posted: 19 Nov 2012 01:28 AM PST പൂന്തുറ: മത്സ്യ ലഭ്യത കുറഞ്ഞ സംസ്ഥാനത്ത് പുതിയ മത്സ്യബന്ധന നിയമം പ്രതിസന്ധി രൂക്ഷമാക്കും. കേരളത്തിലെ പ്രമുഖ മത്സ്യബന്ധന തീരങ്ങളില്‍ മത്സ്യലഭ്യതയില്‍ വന്‍ കുറവുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ സമുദ്ര മത്സ്യബന്ധന നിയന്ത്രണ പണിപാലന നിയമം നടപ്പാക്കാനൊരുങ്ങുന്നത്. വിഭവപരിപാലന നയം രൂപവത്കരിക്കാതെയാണ് നിയമം നടപ്പാക്കാനൊരുങ്ങുന്നതെന്നും ആക്ഷേപമുണ്ട്. കരട് ബില്ലിലെ വ്യവസ്ഥ പ്രകാരം കടലില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ അധികാര പരിധി 12 നോട്ടിക്കല്‍ മൈല്‍ (22 കിലോമീറ്റര്‍) ആണ്. ഇതിനപ്പുറം 200 നോട്ടിക്കല്‍ മൈല്‍വരെ പൂര്‍ണമായും കേന്ദ്രസര്‍ക്കാറിന്‍െറ അധീനതയിലായിരിക്കും. ഒപ്പം പ്രദേശത്തെ മത്സ്യമേഖലാ പരിപാലനവും സുരക്ഷയും കേന്ദ്ര സര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കും. ഈ മേഖലയില്‍ മത്സ്യബന്ധനം നടത്തണമെങ്കില്‍ യാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്‍െറ പെര്‍മിറ്റും ലൈസന്‍സും നിര്‍ബന്ധമാണെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. തീര സംരക്ഷണ സേനയോ മറ്റ് കേന്ദ്ര ഏജന്‍സികളോ ആയിരിക്കും പരിശോധിക്കുക. ലൈസന്‍സില്ലാതെ ഈ മേഖലയില്‍ പ്രവേശിക്കുന്ന യാനങ്ങള്‍ പിടിച്ചെടുക്കാനും തൊഴിലാളികളെ അറസ്റ്റ് ചെയ്ത് മൂന്ന് വര്‍ഷം വരെ തടവിലിടാനും ഒമ്പത് ലക്ഷം വരെ പിഴ ഈടാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം, ആഴക്കടല്‍ മേഖലയിലെ മത്സ്യബന്ധ അവകാശം, തീരസംസ്ഥാനങ്ങളുടെ മത്സ്യബന്ധന നിയമങ്ങള്‍, പരിപാലനം എന്നിവ സംബന്ധിച്ച് ബില്ലില്‍ പരാമര്‍ശമൊന്നുമില്ല. 2004ലെ സൂനാമിക്ക് ശേഷം സംസ്ഥാനത്തെ കടലില്‍ മത്സ്യസമ്പത്ത് കുറഞ്ഞിരുന്നു. പുറമേ ട്രോളിങ് സമയം അന്യസംസ്ഥാന കപ്പലുകളും വിദേശ കപ്പലുകളും സംസ്ഥാന തീരങ്ങളിലെത്തി മത്സ്യങ്ങളെ കൂട്ടത്തോടെ വാരിയിരുന്നു. ഇതിനാല്‍ ആഴക്കടലിലേക്ക് മത്സ്യസമ്പത്ത് തേടിപ്പോകുന്ന അവസ്ഥയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. ഇതിനിടയിലാണ് പുതിയ നിയമം വരുന്നത്. തദ്ദേശീയ മത്സ്യത്തൊഴിലാളി സമൂഹത്തെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് കുടുതല്‍ പ്രാപ്തരാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നുവരുന്നതിനിടെയാണ് ഇതിനെയെല്ലാം നിരാകരിക്കുന്ന തരത്തില്‍ നിര്‍ദേശങ്ങളടങ്ങിയ നിയമം നടപ്പാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്. 12 മീറ്ററിന് മുകളില്‍ നീളമുള്ള യാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്‍െറ ലൈസന്‍സ് എടുക്കണമെന്നാണ് മറ്റൊരു വ്യവസ്ഥ. നിലവില്‍ നാല് തരത്തിലുള്ള ലൈസന്‍സുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന രജിസ്ട്രേഷനും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മൂന്നുതരം രജിസ്ട്രേഷനുകളുമാണിത്. സംസ്ഥാനത്ത് 428 ഗില്‍നെറ്റ് ബോട്ടുകളും 3982 ട്രോള്‍ ബോട്ടുകളും 14,151 ഇന്‍ബോര്‍ഡ് ഔ്ബോര്‍ഡ് വള്ളങ്ങളും നിലവില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ പലതും നിലവില്‍ പുറംകടലിലാണ് മത്സ്യബന്ധനം നടത്തുന്നത്. എന്നാല്‍ പുതിയ നിയമം വരുന്നതോടെ ആഴക്കടലില്‍ മത്സ്യബന്ധനം നടത്തണമെങ്കില്‍ വന്‍തുക മുടക്കി ഇവക്ക് വീണ്ടും രജിസ്ട്രേഷന്‍ എടുക്കണം. കേന്ദ്ര നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചല്ല ഈ യാനങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ ഇവക്ക് രജിസ്ട്രേഷന്‍ ലഭിക്കാനുള്ള സാധ്യതയും കുറവാണ്. റവന്യു അടിസ്ഥാനത്തിലുള്ള പരിധി നിര്‍ണയം മത്സ്യബന്ധന മേഖലയില്‍ പ്രായോഗികമല്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. മത്സ്യങ്ങളുടെയും ജലത്തിന്‍െറയും ചലനങ്ങളുടെ അടിസ്ഥാനത്തില്‍ ദിശനോക്കി മാത്രമേ മത്സ്യബന്ധനം സാധ്യമാകൂ. ഇതിനാലാണ് പല മത്സ്യത്തൊഴിലാളികളും മത്സ്യങ്ങളുടെ പിന്നാലെ നീങ്ങി മറ്റ് രാജ്യങ്ങളുടെ അതിര്‍ത്തി ലംഘിച്ച കുറ്റത്തിന് പിടിയിലാകുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് 22 മീറ്റര്‍ എന്ന പരിധി ലംഘിക്കപ്പെടാനുള്ള സാധ്യതയേറെയാണ്. പെലാജിക് ട്രോള്‍ വലകളുപയോഗിച്ച് രണ്ട് ബോട്ടുകളുടെ സഹായത്താല്‍ നടത്തുന്ന ബുള്‍ട്രോളിങ് ഇന്ത്യയിലെ എല്ലാ കടലിലും നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് നിര്‍ബാധം തുടരുന്നതിനാല്‍ മത്സ്യസമ്പത്ത് ഉള്‍ക്കടലിലേക്ക് വലിയാന്‍ കാരണമാകുന്നു. മത്സ്യങ്ങളെ തേടി ഉള്‍ക്കടലിലേക്ക് പോകേണ്ട മത്സ്യത്തൊഴിലാളികളെയാണ് പഠനമില്ലാതെ നടപ്പാക്കുന്ന നിയമം ബുദ്ധിമുട്ടിലാക്കാന്‍ പോകുന്നത്. ഇത്തരം നിയമങ്ങള്‍ക്ക് മുമ്പ് തൊഴിലാളികളെയും സംസ്ഥാനങ്ങളെയും രാജ്യസുരക്ഷയെയും ബന്ധിപ്പിച്ച് ഒരു വിഭവപരിപാലനനയം സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ നടപ്പാക്കാന്‍ പോകുന്ന പുതിയ നിയമത്തില്‍ ഇതില്ലെന്നും മത്സ്യത്തൊഴിലാളി സംഘടനകള്‍ പറയുന്നു. |
കളിയുത്സവത്തിന് കിക്കോഫ്; ആവേശത്തേരില്‍ അരീക്കോട് Posted: 19 Nov 2012 01:20 AM PST അരീക്കോട്: വൃശ്ചിക കുളിര്‍മഞ്ഞ് വീണുതുടങ്ങിയ ഞായറാഴ്ച രാവില്‍ ഇലവന്‍സ് ടൂര്‍ണമെന്‍റിന് പന്തുരുണ്ടു. ഫുട്ബാളിന്‍െറ ഇതിഹാസഭൂമിയായ അരീക്കോടിന്‍െറ മണ്ണില്‍ സ്റ്റേറ്റ് സീനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് നാന്ദികുറിച്ചപ്പോള്‍ ഗ്യാലറി ആവേശത്തേരിലേറി. ഉദ്ഘാടന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് പത്തനംതിട്ട കോട്ടയത്തെ പരാജയപ്പെടുത്തി. കളിയുടെ ആദ്യ പകുതിയില്‍ 20 മിനിറ്റോളം പത്തനംതിട്ടയുടെ മുന്നേറ്റമായിരുന്നു. എന്നാല്‍, 32ാം മിനിറ്റില്‍ കോട്ടയത്തിന്‍െറ ശരത് ടൂര്‍ണമെന്‍റിലെ ആദ്യഗോള്‍ നേടി. ഇതോടെ പത്തനംതിട്ട ഉണര്‍ന്നു. രണ്ടാം പകുതിയില്‍ മുഹമ്മദ് സക്കീര്‍ തൊടുത്ത പന്ത് കോട്ടയത്തിന്‍െറ വലയില്‍ വീണു. നാല് മിനിറ്റിന് ശേഷം രണ്ടാമത്തെ ഗോളും വലയിലെത്തി. കോട്ടയത്തിന് അനുകൂലമായി പലവതണ കോര്‍ണര്‍ ലഭിച്ചെങ്കിലും പത്തനംതിട്ടയുടെ ഗോള്‍ കീപ്പര്‍ ജോബി ജോസഫ് എല്ലാം തട്ടിക്കളഞ്ഞു. കളിയുടെ 30ാം മിനിറ്റില്‍ ഫൗള്‍ ചെയ്തതിന് പത്തനംതിട്ടയുടെ മാമ്മന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. പത്തനംതിട്ട ഇന്ന് മലപ്പുറവുമായി ഏറ്റുമുട്ടും. മലപ്പുത്തിന് വേണ്ടി കേരള പൊലീസ് താരം ഫിറോസ്, എസ്.ബി.ടിയുടെ ഉസ്മാന്‍, കെ.എസ്.ഇ.ബിയുടെ അനീസ്, പൊലീസിലെ സാദിഖ്, യൂനിവേഴ്സിറ്റിതാരം സി. നസീറുദ്ദീന്‍, ഗോള്‍കീപ്പര്‍ നാഷിദ് റമീസ് അഹമ്മദ് എന്നിവര്‍ ബൂട്ടണിയും. ഞായറാഴ്ച രാത്രി ഏഴിന് തുടങ്ങിയ ഉദ്ഘാടന ചടങ്ങുകള്‍ അവസാനിക്കുമ്പോള്‍ എട്ടു മണിയായി. ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റും സംഘാടകസമിതി കണ്‍വീനറുമായ കാഞ്ഞിരാല അബ്ദുല്‍ കരീമിന്‍െറ സ്വാഗതപ്രഭാഷണത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ശിങ്കാരിമേളത്തിന്‍െറ അകമ്പടിയും ആകാശത്തും മൈതാനത്തും പൊട്ടിവിരിഞ്ഞ വര്‍ണ വിസ്മയങ്ങളുടെ കരിമരുന്ന് പ്രയോഗവും നാടിന്‍െറ ഫുട്ബാള്‍ ഉത്സവത്തിന് ചേരുംപടിയായി. കെ.എഫ്.എ സെന്‍ട്രല്‍ കമ്മിറ്റി എക്സി അംഗം സി.കെ. അബദുറഹ്മാന്‍ കെ.എഫ്.എയുടെയും ഡി.എഫ്.എ ട്രഷറര്‍ കെ. സുരേഷ് എം.ഡി.എഫ്.എയുടെയും യൂനിവേഴ്സിറ്റി താരം കെ.വി. സൈനുല്‍ ആബിദീന്‍ അരീക്കോട് സ്പോര്‍ട്സ് ക്ളബിന്‍െറയും പതാകകള്‍ ഉയര്‍ത്തി. ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ സെക്രട്ടറി എം. മുഹമ്മദ് സലീം നന്ദിപറഞ്ഞു. |
കളമശേരിയില്‍ മാലിന്യപ്പുക; നിരവധി പേര്‍ക്ക് ശ്വാസതടസ്സം Posted: 19 Nov 2012 01:13 AM PST കളമശേരി: സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ആശുപത്രി ഉപകരണങ്ങളുടേതടക്കമുള്ള മാലിന്യം തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ പുകശ്വസിച്ച് പ്രദേശവാസികള്‍ക്ക് അസ്വസ്ഥത. ഒരു സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എച്ച്.എം.ടി ക്വാര്‍ട്ടേഴ്സിന് സമീപം മാക്കാശേരി വീട്ടില്‍ പൗളിയെയാണ് (63)ശ്വാസതടസ്സത്തെ തുടര്‍ന്ന് കൊച്ചി സഹകരണ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകുന്നേരം എച്ച്.എം.ടി ക്വാര്‍ട്ടേഴ്സിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പറമ്പിലാണ് സംഭവം. കഴിഞ്ഞ ആറുമാസമായി പറമ്പില്‍ ശേഖരിച്ച മാലിന്യമാണ് തീപിടിച്ചത്. തീ ആളിപ്പടര്‍ന്നതോടെ പ്രദേശത്ത് ഉയര്‍ന്ന പുക ശ്വസിച്ചാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതായും പ്രദേശവാസികള്‍ പറഞ്ഞു. ഏലൂരില്‍നിന്ന് എത്തിയ അഗ്നിശമന സേന രാത്രി വൈകി തീ അണച്ചു. സംഭവവുമായി ബന്ധപ്പെട്ട് മാലിന്യസ്ഥലത്ത് ഉണ്ടായിരുന്ന മൂന്ന് അന്യസംസ്ഥാനക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ നസീമ മജീദിന്‍െറ നേതൃത്വത്തില്‍ നാട്ടുകാര്‍ തീ അണക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. |
ഇസ്രായേല്‍ കൂട്ടക്കുരുതി അടങ്ങുന്നില്ല: മരണസംഖ്യ 85 കവിഞ്ഞു Posted: 19 Nov 2012 01:05 AM PST ഗസ്സ: ഗസ്സയില്‍ മരണം വിതച്ച് ഇസ്രായേലിന്റെവേട്ട ആറാംദിവസവും തുടരുന്നു. ഇസ്രായേല്‍ നടത്തുന്ന വ്യോമ-നാവിക ആക്രമണങ്ങളില്‍ ഇതുവരെ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 85ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. 700ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച സെന്‍ട്രല്‍ ഗസ്സയില്‍ കാറിന് നേരെ നടന്ന വ്യോമാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. നേരത്തെ നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചിരുന്നു. ഇതിന് പുറമെ ബെയ്ത്തു ലാഹിയയില്‍ ഒരാളുടെ മൃതദേഹവും കണ്ടെത്തുകയുണ്ടായി. ഇതിനിടെ, സമാധാനശ്രമങ്ങള്‍ക്കായി യു.എന്‍ ശ്രമം തുടങ്ങി. ഈജിപ്തിന്റെമധ്യസ്ഥതയില്‍ കൈറോയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പങ്കെടുക്കും. ഈജിപ്തിന്റെും അറബ് രാജ്യങ്ങളുടെയും നേതൃത്വത്തില്‍ സമാധാന ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ഗസ്സയില്‍ ഇസ്രായേല്‍ വീണ്ടും ആക്രമണം അഴിച്ചുവിട്ടത്. വ്യോമസേനയ്ക്കു പുറമേ നാവികസേനയും ആക്രമണം നടത്തിയതാണ് മരണസംഖ്യ കൂടാന്‍ കാരണം. ഗസ്സയില്‍ ഞായറാഴ്ച മാധ്യമസ്ഥാപനങ്ങളിലടക്കം നടത്തിയ ആക്രമണത്തില്‍ മൂന്നു കുട്ടികളടക്കം നാലു പേര്‍ കൊല്ലപ്പെട്ടു. മധ്യ ഗസ്സയിലെ അഭയാര്‍ഥി ക്യാമ്പിനു നേരെ ഇസ്രായേല്‍ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ 18 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മെഡിറ്ററേനിയന്‍ കടലില്‍ നങ്കൂരമിട്ട യുദ്ധക്കപ്പലുകളില്‍നിന്ന് ഗസ്സയിലേക്ക് നിരവധി തവണ മിസൈല്‍ ആക്രമണമുണ്ടായി. ഗസ്സ നഗരത്തില്‍ അന്താരാഷ്ര്ട മാധ്യമങ്ങളടക്കമുള്ളവയുടെ ഓഫിസ് കോംപ്ളക്സിന് നേരെ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് അനുകൂല ചാനലായ അല്‍ ഖുദ്സ് ഓഫിസിനു നേരെ നടന്ന ആക്രമണത്തിലാണ് കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റത്. സ്കൈ ന്യൂസ്, റഷ്യന്‍ ടി.വി, അല്‍ അറേബ്യ, ഹമാസ് ഔ്യാഗിക ചാനലായ അല്‍ അഖ്സ ടി.വി, ഇറാനിയന്‍ ചാനലായ പ്രസ് ടി.വി എന്നിവയുടെ ഓഫിസുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. എന്നാല്‍, തങ്ങള്‍ ഹമാസിന്‍െറ വാര്‍ത്താവിനിമയ സംവിധാനങ്ങളെ മാത്രമാണ് ലക്ഷ്യംവെച്ചതെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. കഴിഞ്ഞദിവസം തകര്‍ത്ത ഹമാസ് ആസ്ഥാന സമുച്ചയത്തിനു നേരെ ഞായറാഴ്ച വീണ്ടും വ്യോമാക്രമണമുണ്ടായി. ഹമാസിന്‍െറ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ ഖസ്സാം ബ്രിഗേഡ് തിരിച്ചടിയും ശക്തമാക്കിയിട്ടുണ്ട്. 'ഓപറേഷന്‍ സ്റ്റോണ്‍സ് ഫ്രം സിജ്ജീല്‍' എന്ന് പേരിട്ട ചെറുത്തുനില്‍പ് കൂടുതല്‍ ശക്തമായി തുടരുമെന്ന് ബ്രിഗേഡിന്‍െറ വക്താവ് അബൂ ഉബൈദ പറഞ്ഞു. ഇസ്രായേലിന്‍െറ വാണിജ്യ തലസ്ഥാനമായ തെല്‍ അവീവ് ലക്ഷ്യമാക്കി എം75 മിസൈലുകള്‍ ഹമാസ് വിക്ഷേപിച്ചു. മിസൈലുകളിലൊന്ന് ഇസ്രായേല്‍ സൈന്യം തകര്‍ത്തു. തെക്കന്‍ ഇസ്രായേല്‍ പട്ടണങ്ങളായ എഷ്കോല്‍, അഷ്ദോദ്, കിര്യാത്ത് മലാക്കി, അഷ്കലോണ്‍ എന്നിവിടങ്ങളില്‍ ഹമാസ് റോക്കറ്റുകള്‍ പതിച്ച് നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മെഡിറ്ററേനിയന്‍ കടലില്‍ നങ്കൂരമിട്ട ഇസ്രായേലി യുദ്ധക്കപ്പലുകള്‍ക്ക് നേരെ ഹമാസ് അഞ്ച് റോക്കറ്റുകളും തൊടുത്തുവിട്ടു. ഇവ മുഴുവന്‍ ലക്ഷ്യത്തിലെത്തിയതായി പോരാളികള്‍ അവകാശപ്പെട്ടു. ആക്രമണവും ചെറുത്തുനില്‍പും കനക്കവെ, അന്താരാഷ്ര്ട നയതന്ത്ര നീക്കങ്ങളും ശക്തമായിട്ടുണ്ട്. വെടിനിര്‍ത്തലിനു വേണ്ടിയുള്ള ശ്രമം ശക്തമായി തുടരുകയാണെന്ന് തുര്‍ക്കി പ്രധാന മന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി ചേര്‍ന്നുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഈജിപ്ത് പ്രസിഡന്‍റ് മുഹമ്മദ് മുര്‍സി അറിയിച്ചു. ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍, ഖത്തര്‍ അമീര്‍ എന്നിവരുമായും അദ്ദേഹം നീണ്ട ചര്‍ച്ചകള്‍ നടത്തി. കൈറോയില്‍ ചേര്‍ന്ന അറബ് ലീഗ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുട ഉച്ചകോടി ഗസ്സ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. അറബ് ലീഗ് സെക്രട്ടറി ജനറല്‍ നബീല്‍ അറബിയുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച ഗസ്സ സന്ദര്‍ശിക്കും. ഈജിപ്തിലെ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി അധ്യക്ഷന്‍ സഅദ് അല്‍ കതാത്നിയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച ഗസ്സ സന്ദര്‍ശിക്കും. ഗസ്സയില്‍ കരയാക്രമണം നടത്താന്‍ ആലോചനയുണ്ടെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്‍െറ പ്രഖ്യാപനത്തെ ഇസ്രായേല്‍ അനുകൂലികളായ യൂറോപ്യന്‍ രാജ്യങ്ങളും വിമര്‍ശിച്ചു. കരയാക്രമണം നടത്തുന്നത് ഇസ്രായേലിന് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ കുറക്കാനേ ഉപകരിക്കൂ എന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ് ലണ്ടനില്‍ മുന്നറിയിപ്പു നല്‍കി. സംഘര്‍ഷം അവസാനിപ്പിക്കാന്‍ തുര്‍ക്കിയുടെ നേതൃത്വത്തില്‍ ശ്രമം തുടരുന്നുണ്ട്. ഹമാസ് ആക്രമണം അവസാനിപ്പിക്കണമെന്ന് മാത്രം ആവശ്യപ്പെടുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നിലപാടിനെ പ്രധാന മന്ത്രി ഉര്‍ദുഗാന്‍ വിമര്‍ശിച്ചു. തുര്‍ക്കി വിദേശകാര്യമന്ത്രി അഹമ്മദ് ദാവൂദ്ഗ്ളു, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ വിദേശകാര്യ മന്ത്രിമാരുമായി ഫോണില്‍ ചര്‍ച്ചനടത്തി. ബുധനാഴ്ച മുതല്‍ തുടങ്ങിയ ആക്രമണത്തില്‍ ഗസ്സയില്‍ ആയിരത്തിലേറെ തവണ ബോംബ് വര്‍ഷിച്ചതായി ഇസ്രായേല്‍ വൃത്തങ്ങള്‍ പറഞ്ഞു. |
അരൂര്‍ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സിലും ‘പ്രതിരോധ’ത്തോട് അവഗണന Posted: 19 Nov 2012 01:04 AM PST അരൂര്‍: പ്രതിരോധ വകുപ്പിനോടുള്ള അവഗണനയും കേന്ദ്രമന്ത്രി എ.കെ. ആന്‍റണിയുടെ താല്‍പ്പര്യങ്ങളോടുള്ള വിമുഖതയും ബ്രഹ്മോസില്‍ എന്നപോലെ അരൂര്‍ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സിലും പ്രതിഫലിക്കുന്നു. ആന്‍റണിയുടെ ജില്ലയില്‍പ്പെട്ട അരൂരിലെ കെല്‍ട്രോണ്‍ എന്ന പൊതുമേഖലാ സ്ഥാപനത്തില്‍ ഇടതുമുന്നണി സര്‍ക്കാറിന്‍െറ കാലത്ത് തുടങ്ങിവെച്ച പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പ്രതിരോധ വകുപ്പിന്‍െറ ഒരുസ്ഥാപനവും കേരളത്തില്‍ 60 വര്‍ഷമായി ലഭിക്കാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ ഭരണത്തിലെ വ്യവസായമന്ത്രി എളമരം കരീമും ഡിഫന്‍സ് പാര്‍ലമെന്‍ററി കമ്മിറ്റി അംഗമെന്ന നിലയില്‍ ആലപ്പുഴ എം.പി ഡോ.കെ.എസ്. മനോജും എ.കെ. ആന്‍റണിയുമായി നിരന്തരം ബന്ധപ്പെട്ട് കെല്‍ട്രോണിനെ പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മാണ യൂനിറ്റാക്കാന്‍ പ്രേരിപ്പിച്ചത്. നേവല്‍ ഫിസിക്കല്‍ ഓഷ്യാനോ ഗ്രാഫിക് ലബോറട്ടറി, ബെല്‍ എന്നീ പ്രതിരോധ സ്ഥാപനങ്ങളില്‍നിന്ന് ഓര്‍ഡര്‍ ലഭിക്കാനുള്ള നടപടി ക്ക് ഇതുമൂലം സാധിച്ചു. 2008ല്‍ അരൂര്‍ കെല്‍ട്രോണില്‍ നടന്ന ചടങ്ങില്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ മാധവന്‍നായര്‍ ബെല്ലിന്‍െറ കസ്റ്റമര്‍ സപ്പോര്‍ട്ട് സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. കൂടാതെ മന്ത്രി എളമരം കരീമിന്‍െറ സാന്നിധ്യത്തില്‍ കെല്‍ട്രോണില്‍ പ്രതിരോധ ഉപകരണ സംവിധാനങ്ങളുടെ പ്രോട്ടോടൈപ്പ് കൈമാറി. കേരളത്തില്‍ പ്രതിരോധ വകുപ്പിന്‍െറ സഹായകേന്ദ്രമായി ഇത് പ്രശംസിക്കപ്പെട്ടു. അരൂര്‍ കെല്‍ട്രോണിനെ പ്രതിരോധവകുപ്പ് ദത്തെടുക്കുകയാണെന്ന് അന്ന് എ.കെ. ആന്‍റണി പ്രഖ്യാപിച്ചിരുന്നു. അന്നത്തെ സംസ്ഥാന സര്‍ക്കാറിന്‍െറ ഇച്ഛാശക്തിയും എ.കെ. ആന്‍റണിയുടെ താല്‍പ്പര്യവും ഒന്നിച്ചപ്പോഴാണ് ആഗോളവത്കരണ നടപടികള്‍ കെല്‍ട്രോണിനെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലും ആശ്വാസനീക്കമുണ്ടായത്. ഏറെ പ്രതീക്ഷയാണ് കെല്‍ട്രോണിന്‍െറ കാര്യത്തില്‍ ജീവനക്കാര്‍ക്കും ജനങ്ങള്‍ക്കും ഉണ്ടായത്. പ്രതിരോധ വകുപ്പിന്‍െറ ഉല്‍പ്പാദനം കാര്യക്ഷമമാക്കാന്‍ ഇടത് സര്‍ക്കാര്‍ മൂന്നുകോടി ചെലവഴിച്ച് അടിസ്ഥാന സൗകര്യങ്ങളൊരുക്കി. വിവിധ സാങ്കേതിക സംവിധാനം സജ്ജമാക്കി. ബെല്‍ വഴി ആറുകോടിയുടെ ഓര്‍ഡര്‍ അക്കാലത്ത് ലഭിച്ചു. എന്നാല്‍, പിന്നീട് പുതിയ ഓര്‍ഡര്‍ ലഭിച്ചില്ല. പുതിയ ഭരണവും പുതിയ എം.പിയും നാട്ടിലെത്തിയിട്ടും കെല്‍ട്രോണിന് ഒരു പരിഗണനയും ലഭിച്ചില്ലെന്ന് ജീവനക്കാര്‍ പറയുന്നു. പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് നല്‍കിയ സഹായത്തെ സ്ഥാപനത്തിന്‍െറ ഉന്നമനത്തിനുവേണ്ടി ഉപയോഗപ്പെടുത്താന്‍ കഴിയാത്ത ഭരണകര്‍ത്താക്കളുടെ നിലപാടിനോടാണ് ജീവനക്കാര്‍ക്ക് അതൃപ്തി. ഇക്കാര്യത്തില്‍ എ.കെ. ആന്‍റണിയുടെ വിമര്‍ശവും തുറന്നുപറച്ചിലും കെല്‍ട്രോണിന്‍െറ ഭാവിക്ക് ഗുണംചെയ്യുമെന്നാണ് അവരുടെ പ്രതീക്ഷ. |
കടുവാ ഭീതി രോഷം ഇരമ്പുന്നു; ദേശീയ പാതയില്‍ ഉപരോധ പരമ്പര Posted: 19 Nov 2012 01:00 AM PST സുല്‍ത്താന്‍ ബത്തേരി: ഞായറാഴ്ച മാനന്തവാടി പനവല്ലിയിലും ബത്തേരിക്കടുത്ത് കല്ലൂരിലും കടുവയിറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടിച്ചു. കല്ലൂരില്‍ ആടിനെ കൊല്ലുകയും പനവല്ലിയില്‍ പോത്തിനെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. കല്ലൂര്‍ പണപ്പാടിയിലെ കല്യാണിയുടെ ആടിനെയാണ് കടുവ കൊന്നത്. രോഷാകുലരായ ജനം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കല്ലൂര്‍ 67ല്‍ വൈകീട്ട് ആറുമണിയോടെ ദേശീയപാത ഉപരോധിച്ചു. രാത്രിയാത്രാ നിരോധവുമായി ബന്ധപ്പെട്ട് റോഡ് അടക്കുന്ന സമയമായതിനാല്‍ യാത്രക്കാരുടെ അഭ്യര്‍ഥന പരിഗണിച്ച് നേതാക്കള്‍ ഇടപെട്ട് ഏഴുമണിയോടെ ഉപരോധം അവസാനിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഇല്ലിച്ചുവട് പാമ്പുംകൊല്ലി കുഞ്ഞന്‍െറ ഗര്‍ഭിണിയായ പശുവിനെ കടുവ അക്രമിച്ചതിന്‍െറ രോഷം നിലനില്‍ക്കുകയാണ്. 45,000 രൂപ നഷ്ടപരിഹാരവും വനാതിര്‍ത്തിയില്‍ പ്രതിരോധ നടപടികളും ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് 11.30ഓടെയാണ് ദേശീയപാതയില്‍ പന്തല്‍കെട്ടി സ്ത്രീകളടക്കം 1000ത്തോളം പേര്‍ രാവിലെ ആരംഭിച്ച ഉപരോധം അവസാനിപ്പിച്ചത്. രാത്രി എട്ടരയോടെ വീണ്ടും കടുവയുടെ അക്രമണമണമുണ്ടായി. നായ്ക്കട്ടി പിലാക്കാവില്‍ കുഞ്ചുവിന്‍െറ പശുവിനെയാണ് കടുവ കൊന്നത്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ പശുവിന്‍െറ ജഡവുമായി ജനം വീണ്ടും ദേശീയപാതയിലിറങ്ങി. കടുവയെ കുടുക്കാന്‍ പിലാക്കാവില്‍ കൂട് സ്ഥാപിച്ചു. വൈകുന്നേരത്തോടെയാണ് വീണ്ടും നാട്ടിലിറങ്ങിയ കടുവ ആടിനെ പിടിച്ചത്. നൂല്‍പുഴ പഞ്ചായത്ത് പ്രസിഡന്‍റ് സുമ ഭാസ്കരന്‍, വൈ. പ്രസിഡന്‍റ് എ. സുരേന്ദ്രന്‍, കെ.ടി. കുര്യാക്കോസ്, സി. അസൈനാര്‍, പി.ആര്‍. ജയപ്രകാശ്, കെ. ശോഭന്‍കുമാര്‍ എന്നിവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി. എം.എല്‍.എ, കലക്ടര്‍, പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവരോടൊപ്പം മുന്‍ എം.എല്‍.എ പി. കൃഷ്ണപ്രസാദ്, എ.കെ. കുമാരന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. തിരുനെല്ലി അപ്പപ്പാറയില്‍ പിടിച്ച കടുവയെ ചെതലയം വനത്തില്‍ തുറന്നുവിട്ട വനം വകുപ്പിന്‍െറ നടപടിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്യുമെന്ന് കലക്ടര്‍ അറിയിച്ചു. |
അഹ്മദാബാദ് ക്രിക്കറ്റ്: ഇന്ത്യക്ക് 9 വിക്കറ്റ് ജയം Posted: 18 Nov 2012 11:46 PM PST അഹ്മദാബാദ്: അഹ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ളണ്ടിനെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്‍െറ തകര്‍പ്പന്‍ ജയം. രണ്ടാം ഇന്നിങ്സില്‍ 77 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ കേവലം 15.1 ഓവറില്‍ ലക്ഷ്യം നേടി. ഇംഗ്ളണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും പ്രയറും ഉയര്‍ത്തിയ സമനില ഭീഷണി ഇന്ന് തുടക്കത്തിലേ ഇന്ത്യ മറികടന്നതോടെ ആതിഥേയരുടെ വിജയം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. 176 റണ്‍സെടുത്ത കുക്കിനെയും 91 റണ്‍സെടുത്ത പ്രയറിനെയും ഓജയാണ് പുറത്താക്കിയത്. രണ്ട് ഇന്നിങ്സുകളിലുമായി ഓജ ഒമ്പത് വിക്കറ്റെടുത്തു. |
ഒബാമ മ്യാന്‍മറില്‍ Posted: 18 Nov 2012 11:40 PM PST നയ്പിഡാവ്: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ മ്യാന്മര്‍ സന്ദര്‍ശനം ആരംഭിച്ചു. ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന്റെഭാഗമായിട്ടാണ് അദ്ദേഹം മ്യാന്മറിലെത്തിയത്. ഇതോടെ രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ യു.എസ് പ്രസിഡന്റ് എന്ന ബഹുമതി ഒബാമക്ക് സ്വന്തമായി. വര്‍ഷങ്ങള്‍ നീണ്ട പട്ടാള ഭരണത്തില്‍ നിന്നും ജനാധിപത്യ ക്രമത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന മ്യാന്മറിലെ ഒബാമയുടെ സന്ദര്‍ശനം ഏറെ പ്രാധാന്യത്തോടെയടാണ് അന്താരാഷ്ട്ര ലോകം വീക്ഷിക്കുന്നത്. പ്രസിഡന്റ് തെയ്ന്‍ സെയ്‌നുമായും പ്രതിപക്ഷ നേതാവ് ഓങ് സാന്‍ സൂചിയുമായും ചര്‍ച്ച നടത്തിയ ഒബാമ യാംഗൂണ്‍ സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തും. |
വിളപ്പില്‍ശാല: വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് ഹൈകോടതി Posted: 18 Nov 2012 11:17 PM PST വിളപ്പില്‍ശാല: വിദഗ്ധസമിതി പരിശോധിക്കുമെന്ന് ഹൈകോടതി കൊച്ചി: വിളപ്പില്‍ശാല മാലിന്യ സംസ്‌കരണ പ്ലാന്റ് മൂലം പ്രദേശത്ത് ജലമലിനീകരണം അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമോയെന്ന് വിദഗ്ധസമിതി പരിശോധിക്കുമെന്ന് ഹൈകോടതി. തിരുവനന്തപുരം കോര്‍പറേഷന്‍, വിളപ്പില്‍ശാല പഞ്ചായത്ത് സമരസമിതി തുടങ്ങീ കേസില്‍ കക്ഷികളായവര്‍ക്ക് സമിതിയിലെ അംഗങ്ങളെ നിര്‍ദേശിക്കാം. വിളപ്പില്‍ശാല മാലിന്യഫാക്ടറി തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള സാഹചര്യമില്ലെന്ന് ചൂണ്ടികാട്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. |
ഇസ്രായേലിനെ നിലക്കുനിര്‍ത്താന്‍ പോംവഴി പോരാട്ടം -ഖത്തര്‍ അമീര്‍ Posted: 18 Nov 2012 10:59 PM PST ദോഹ: മൃഗീയ ആക്രമണമഴിച്ചുവിടുന്ന ഇസ്രായേലിനെ നിലക്കുനിര്‍ത്താന്‍ കരുത്തുറ്റ ചെറുത്തുനില്‍പ്പിന്‍െറ പോരാട്ടം മാത്രമാണ് പോംവഴിയെന്ന് ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി. എപ്പോഴും സമാധാനാന്തരീക്ഷം തകിടംമറിക്കുന്നത് ഇസ്രായേലാണ്. ശക്തമായ ചെറുത്തുനില്‍പ്പ്കൊണ്ട് മാത്രമേ അവരുടെ ആക്രമണം അവസാനിപ്പിക്കാനാവൂ. 2008ല്‍ ഗസ്സയിലും 2006ല്‍ ലബനാനിലും ഉണ്ടായ അനുഭവം അതായിരുന്നുവെന്ന് അല്‍ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമീര്‍ അനുസ്മരിച്ചു. ആക്രമണവും രക്തച്ചൊരിച്ചിലും തടയാന്‍ ഏകോപിച്ച അറബ് നിലപാട് അതിപ്രധാനമാണ്. അറബ് വസന്താനന്തരം അറബ് ലോകത്തിന്റെസ്ഥിതി പൂര്‍ണമായും വ്യത്യാസപ്പെട്ടതായി അമീര്‍ നിരീക്ഷിച്ചു. ഇസ്രായേലിന്‍െറ കടന്നാക്രമണത്തിനിരയാകുന്ന ഗസ്സയോടുള്ള അറബ് ലോകത്തിന്‍െറ ഐക്യദാര്‍ഢ്യം ശ്രദ്ധേയമാണ്. 2008ല്‍ ഗസ്സ ആക്രമണത്തിനിരയായപ്പോള്‍ ഈജിപ്ത് ഒന്നും ചെയ്തിരുന്നില്ല. ഇപ്പോള്‍ ഗസ്സക്ക് പിന്തുണയേകി ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി ഹിശാം ഖിന്‍ദീലും തുനീഷ്യന്‍ വിദേശകാര്യമന്ത്രി റഫീഖ് അബ്ദുസലാമും ഗസ്സയിലെത്തിയത് ശുഭോദര്‍ക്കമാണ്. ഈജിപ്തിലെ സ്ഥിതിഗതികള്‍ മാറിയിരുന്നില്ലെങ്കില്‍ തനിക്കും ഗസ്സ സന്ദര്‍ശിക്കാനാവുമായിരുന്നില്ല. ഗസ്സയുടെ ദുരവസ്ഥക്ക് പരിഹാരം കാണാന്‍ ഗുണപരമായ ഈ മാറ്റങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് അമീര്‍ അഭിപ്രായപ്പെട്ടു. ഗസ്സക്കെതിരായ ഇസ്രായേലിന്‍െറ ഉപരോധം അവസാനിപ്പിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. വിമോചിത ഭൂമിയായ ഗസ്സക്കെതിരെ ഇസ്രായേല്‍ ഉപരോധം തുടരുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഗസ്സക്കാര്‍ക്ക് ആശ്വാസമേകാനുള്ള ജീവകാരുണ്യ സഹായങ്ങള്‍ കൊണ്ടുപോകാന്‍ റഫാ അതിര്‍ത്തി തുറന്നിട്ട ഈജിപ്തിന്റെനടപടിയെ അമീര്‍ ശ്ളാഘിച്ചു. തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി അമീര്‍ ഇന്നലെ കെയ്റോയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇസ്രായേല്‍ ആക്രമണവും സിറിയന്‍ വിഷയവും ചര്‍ച്ച ചെയ്തു. ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് ഡോ. മുഹമ്മദ് മുര്‍സിയുമായും ഹമാസ് രാഷ്ട്രീയകാര്യ വക്താവ് ഖാലിദ് മിശ്അല്‍ എന്നിവരുമായി അമീര്‍ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഈജിപ്തില്‍ ചികിത്സയിലുള്ള ഫലസ്തീനികള്‍ക്ക് ഒരു കോടി ഡോളറിന്‍െറ സഹായം അമീര്‍ പ്രഖ്യാപിച്ചിരുന്നു. ദ്വിദിന ഈജിപ്ഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം അമീര്‍ ഇന്നലെ ദോഹയില്‍ തിരിച്ചെത്തി. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി അമീറിനെ അനുഗമിച്ചു. |
No comments:
Post a Comment