മൊബൈല്‍ ഇന്‍സിനറേറ്റര്‍; വിദഗ്ധസമിതി പരിശോധന തുടങ്ങി Posted: 13 Nov 2012 12:50 AM PST തിരുവനന്തപുരം. മൊബൈല്‍ ഇന്‍സിനറേറ്ററിന്‍െറ പ്രവര്‍ത്തനവും സാങ്കേതികമികവും സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിദഗ്ധ സമിതി പരിശോധന തുടങ്ങി. ശുചിത്വമിഷന്‍, മലിനീകരണനിയന്ത്രണ ബോര്‍ഡ്, പൊതുമരാമത്ത് വകുപ്പ് മെക്കാനിക്കല്‍ വിഭാഗം, നഗരസഭ, സിഡ്കോ എന്നിവരുള്‍പ്പെട്ട സാങ്കേതികവിദഗ്ധരടങ്ങുന്ന സമിതിയാണ് പരിശോധിക്കുന്നത്. ഒരാഴ്ചത്തെ പരിശോധനക്കുശേഷം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അഹമ്മദാബാദ് ആസ്ഥാനമായുള്ള ചിന്തന്‍സെയില്‍സ് എന്ന കമ്പനിയാണ് 2.19 കോടി രൂപക്ക് മൊബൈല്‍ ഇന്‍സിനറേറ്റര്‍ നിര്‍മിച്ചുനല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇന്‍സിനറേറ്റര്‍ നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. ഈ മാനദണ്ഡങ്ങള്‍ കമ്പനി പാലിച്ചിട്ടുണ്ടോ എന്ന പരിശോധനയും ഒപ്പം നടക്കും. ഇന്‍സിനറേറ്ററിന്‍െറ പ്രവര്‍ത്തനം, പുറന്തള്ളുന്ന പുകയുടെ അളവ്, ഇന്ധനക്ഷമത, പുറത്തുവിടുന്ന ചാരത്തിന്‍െറ അളവ് തുടങ്ങിയവയാണ് സമിതി പരിശോധിക്കുന്നത്. കിഴക്കേകോട്ടയിലാണ് പരിശോധന നടക്കുന്നത്. മണിക്കൂറില്‍ ശരാശരി ഒരു ടണ്‍ മാലിന്യം കത്തിച്ചുകളയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിക്കാന്‍ മണിക്കൂറില്‍ 50 മുതല്‍ 80 ലിറ്റര്‍ വരെ ഡീസല്‍ വേണം. ഒരുദിവസം യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ അരലക്ഷം രൂപയുടെ വരെ ഇന്ധനം ആവശ്യമുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രത്തിന് മലിനീകരണ നിയന്ത്രണബോര്‍ഡിന്‍െറ സര്‍ട്ടിഫിക്കറ്റും ഇതുവരെ കിട്ടിയിട്ടില്ല. എന്നാല്‍ കേരളം മുഴുവന്‍ സമാനമായ ഇന്‍സിനറേറ്റര്‍ വാങ്ങാന്‍ ആലോചിക്കുന്നുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. നഗരത്തില്‍ മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നതുമൂലം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന സാഹചര്യത്തില്‍ അടിയന്തരാവശ്യങ്ങള്‍ക്കാണ് മൊബൈല്‍ ഇന്‍സിനറേറ്റര്‍ വാങ്ങിയതെന്ന് അധികൃതര്‍ പറഞ്ഞു. |
പൊലീസുകാരനെ വധിക്കാന്‍ ശ്രമിച്ച കേസ്: നാല് പ്രതികള്‍ അറസ്റ്റില്‍ Posted: 13 Nov 2012 12:45 AM PST കുണ്ടറ: സിവില്‍ പൊലീസ് ഓഫിസര്‍ നിക്സണ്‍ ചാള്‍സിനെയും ഭാര്യാമാതാവിനെയും വീടുകയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ നാല് പ്രതികള്‍ അറസ്റ്റില്‍. പ്രതികളായ പേരയം കല്ലഴികത്തുവീട്ടില്‍ മധുപ്രസാദ്, സഹോദരന്‍ ജിതിന്‍ പ്രസാദ്, പേരയം ജോ ഭവനില്‍ ജോമോന്‍, കുമ്പളം സിജിഭവനില്‍ സിജിന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിജിന്‍ ഡ്രൈവറാണ്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പണവും വാഹനവും ഒളിക്കാന്‍ താവളങ്ങളും ഒരുക്കിയ പുത്തൂര്‍ കൈതക്കോട് എഴുതനങ്ങാട് അഭിലാഷ് ഭവനില്‍ ജോണ്‍സണ്‍ (57), കൈതക്കോട് ജോ ഭവനില്‍ ജോമിന്‍ (23) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. തമിഴ്നാട്ടിലെ രാമപുരത്തുനിന്നാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുണ്ടറ സി.ഐ.യുടെ നേതൃത്വത്തില്‍ എസ്.ഐ ഉള്‍പ്പെട്ട പന്ത്രണ്ടംഗ സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ അഞ്ചിന് രാത്രിയാണ് പേരയം കരിക്കുഴി ബോണിവിലാസത്തില്‍ നിക്സണ്‍ ചാള്‍സിനെയും ഭാര്യാമാതാവ് ഫ്രിജിറ്റ യേശുദാസനെയും നാലംഗസംഘം വീടുകയറി വെട്ടിയത്. നിലവിളികേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോ പൊലീസ് കണ്ടെടുത്തത്. ക്രിമിനലുകളായ ഇവര്‍ കുണ്ടറ, അഞ്ചാലുംമൂട്, കിഴക്കേകല്ലട സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതികളാണ്. |
ബസ് ചാര്‍ജ് വര്‍ധന: ഹൈറേഞ്ചിന് ഇരട്ടഭാരം Posted: 13 Nov 2012 12:41 AM PST കട്ടപ്പന: ഗാട്ട് റോഡുകളുടെ പേരിലുള്ള കൊള്ളയും ഫെയര്‍സ്റ്റേജ് നിര്‍ണയത്തിലെ അപാകതയും ഒന്നിച്ചുചേര്‍ന്നതോടെ ഹൈറേഞ്ചിലെ ബസ് യാത്രക്ക് മറ്റിടങ്ങളിലേക്കാള്‍ ചെലവേറി. ഗാട്ട് റോഡുകളുടെ പേരില്‍ ഉണ്ടായിരിക്കുന്ന 25 ശതമാനം യാത്രാനിരക്ക് വര്‍ധന കൂടാതെ ഫെയര്‍ സ്റ്റേജ് നിര്‍ണയത്തിലെ അപാകതയുമാണ് ഹൈറേഞ്ചില്‍ വന്‍ വര്‍ധന ഉണ്ടാക്കിയത്. ഓര്‍ഡിനറി ബസുകള്‍ക്ക് കി.മീറ്ററിന് 58 പൈസയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ഹൈറേഞ്ചില്‍ ഇത് 73 പൈസയാകും. ഫാസ്റ്റ് പാസഞ്ചറിന് 62 പൈസയാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഇവിടെ 78 പൈസയാണ് വര്‍ധിപ്പിച്ച ചാര്‍ജ്. സൂപ്പര്‍ ഫാസ്റ്റിന് 81 പൈസയും സൂപ്പര്‍ എക്സ്പ്രസിന് 88 പൈസയുമായി. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജായ അഞ്ച് കി.മീറ്ററിന് ശേഷം വരുന്ന ഓരോ കി.മീറ്ററിനുമാണ് 73 പൈസ വീതം ഈടാക്കുന്നത്. ഇവിടെ ഏഴര കി.മീറ്റര്‍ യാത്ര ചെയ്യണമെങ്കില്‍ ഒരു യാത്രക്കാരന്‍ ഒമ്പത് രൂപ നല്‍കണം. അതായത് കി.മീറ്ററിന് 1.20 രൂപ ചാര്‍ജാകും. കുമളിയില്‍നിന്ന് 33 കി.മീ. ദൂരമുള്ള കട്ടപ്പനയില്‍ എത്തണമെങ്കില്‍ നിലവില്‍ 28 രൂപ നല്‍കണം. കി.മീറ്ററിന് 85 പൈസയാകും. കട്ടപ്പനയില്‍നിന്ന് 65 കി.മീ. ദൂരമുള്ള മുണ്ടക്കയത്തിന് 48 രൂപയായിരുന്നത് 51 രൂപയായി. കട്ടപ്പനയില്‍നിന്ന് തൊടുപുഴക്ക് 63 രൂപയായിരുന്നത് 67 രൂപയായി. കുമളി-എറണാകുളത്തിന് 181 കി.മീറ്ററിന് 116 രൂപയായിരുന്നത് 123 രൂപയായി ഉയര്‍ന്നു. ചുരുക്കത്തില്‍ ഹ്രസ്വദൂര യാത്രക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചതിന്‍െറ ഇരട്ടിയിലധികം രൂപ കി.മീ. നിരക്ക് ബാധകമായിരിക്കുകയാണ്. നിരക്ക് നിശ്ചയിച്ചിരിക്കുന്നത് പഴയ റോഡുകളുടെ ദൈര്‍ഘ്യത്തിലാണ്. റോഡുകള്‍ നവീകരിച്ചതോടെ വളവുകളും മറ്റും നേരെയാക്കിയതിനാല്‍ റണ്ണിങ് കി.മീറ്ററില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും അത് പരിഗണിച്ചിട്ടില്ല. |
‘സീറോ വേസ്റ്റ് പത്തനംതിട്ട’ രണ്ടാംഘട്ടം ഡിസംബറില്‍ Posted: 13 Nov 2012 12:37 AM PST പത്തനംതിട്ട: ‘സീറോ വേസ്റ്റ് പത്തനംതിട്ട’ പദ്ധതിയുടെ രണ്ടാംഘട്ടം ഡിസംബറില്‍ തുടങ്ങാന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ബാബു ജോര്‍ജിന്‍െറ അധ്യക്ഷതയില്‍ നടന്ന ശുചിത്വസമിതി യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് 54 ഗ്രാമപഞ്ചായത്തുകളിലും പ്രത്യേക പ്രചാരണ സമ്മേളനങ്ങളും കലാപരിപാടികളും നടത്തും. ഉറവിട മാലിന്യ സംസ്കരണത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ താല്‍പ്പര്യമെടുക്ക ണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ഉറവിട മാലിന്യ സംസ്കരണത്തിന് കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ ശുചിത്വമിഷന്‍ മുഖേന ഗ്രാമപഞ്ചായത്തുകള്‍ക്ക് 20 ലക്ഷം രൂപ സബ്സിഡി നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, സമയപരിധി കഴിഞ്ഞിട്ടും 34 ഗ്രാമപഞ്ചായത്തുകള്‍ മാത്രമെ പദ്ധതി തയാറാക്കിയിട്ടുള്ളൂ. അവയില്‍ 20 ലക്ഷം രൂപ ലഭിക്കും വിധം പദ്ധതി തയാറാക്കിയവ നാമമാത്രമാണെന്ന് ശുചിത്വസമിതി വിലയിരുത്തി. പദ്ധതി തയാറാക്കി സമര്‍പ്പിക്കാത്ത 20 പഞ്ചായത്തുകളും നാമമാത്ര തുക വകയിരുത്തിയിരിക്കുന്ന പഞ്ചായത്തുകളും അടിയന്തരമായി പദ്ധതി സമര്‍പ്പിക്കാത്തപക്ഷം തുക നഷ്ടപ്പെടാനിടയുണ്ട്. ബയോഗ്യാസ്പ്ളാന്‍റ്, പൈപ്പ് കമ്പോസ്റ്റ്, റിങ് കമ്പോസ്റ്റ്, വെര്‍മി കമ്പോസ്റ്റ് എന്നിവയില്‍ വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം നഷ്ടപ്പെടാതെ ഗ്രാമപഞ്ചായത്തുകള്‍ പദ്ധതി സമര്‍പ്പിക്കണമെന്ന് സമിതി നിര്‍ദേശിച്ചു. 10,000 രൂപ വിലമതിക്കുന്ന ബയോഗ്യാസ് പ്ളാന്‍റിന് 7500 രൂപ സബ്സിഡിയും മറ്റു ഗാര്‍ഹിക മാലിന്യ സംസ്കരണ പദ്ധതികള്‍ക്ക് യൂനിറ്റ് കോസ്റ്റിന്‍െറ 90 ശതമാനം സബ്സിഡിയുമാണ് ലഭിക്കുകയെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. അസിസ്റ്റന്‍റ് ഡെവലപ്മെന്‍റ് കമീഷണര്‍ എ.എന്‍. രാജന്‍ബാബു, ശുചിത്വമിഷന്‍ കോ ഓഡിനേറ്റര്‍ തങ്കപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |
തോക്ക്ചൂണ്ടി യുവാവിന്‍െറ ഭീഷണി; ഓട്ടോ ഡ്രൈവര്‍മാര്‍ പ്രതിഷേധിച്ചു Posted: 13 Nov 2012 12:32 AM PST തലയോലപ്പറമ്പ്: വാഹനം പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കത്തിനിടെ യുവാവ് തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തിയത് തലയോലപ്പറമ്പ് ഓട്ടോ സ്റ്റാന്‍ഡില്‍ പ്രക്ഷുബ്ധരംഗങ്ങള്‍ക്കിടയാക്കി. സംഭവത്തില്‍ മാഞ്ഞൂര്‍ ഉള്ളാട്ടില്‍ ജോബി ജോസ് (47), കണ്ടാലറിയാവുന്ന ഓട്ടോഡ്രൈവര്‍മാര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകുന്നേരം 4.30 ന് ഫാര്‍മേഴ്സ് സഹകരണ ബാങ്കിന് മുന്നിലെ ഓട്ടോ സ്റ്റാന്‍ഡില്‍ കാറില്‍ എത്തിയ ജോബി ജോസഫിനോട് കാര്‍ മാറ്റിയിടാന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. തോക്ക് ചൂണ്ടിയപ്പോള്‍ ഭയന്ന ഡ്രൈവര്‍മാര്‍ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. നടപടിയെടുക്കാന്‍ പൊലീസ് വൈകിയെന്നാരോപിച്ച് ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സറ്റേഷന് മുന്നില്‍ തടിച്ചുകൂടിയത് കൂടുതല്‍ ബഹളത്തിന് കാരണമായി. സ്ഥലത്തില്ലാതിരുന്ന എസ്.ഐ കെ.ജെ. തോമസ് വന്നശേഷമാണ് ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്തത്. സ്വയരക്ഷക്കാണ് തോക്ക് എടുത്തതെന്ന് ജോബി പറയുന്നു. ജോബിയെ ഭീഷണിപ്പെടുത്തിയതിന്‍െറ പേരിലാണ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തത്. പ്രതിയെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂനിയന്‍ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച പണിമുടക്ക് നടത്തും. |
ഉന്നതവിദ്യാഭ്യാസം: തീരുമാനം എടുക്കും മുമ്പ് Posted: 13 Nov 2012 12:23 AM PST ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടും അതിന്മേല്‍ കൗണ്‍സില്‍ നല്‍കുന്ന ശിപാര്‍ശയും ചില ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു-സ്വകാര്യ വിവേചനമില്ലാതെ, അക്കാദമികവും ഭരണപരവും സാമ്പത്തികവുമായ സമ്പൂര്‍ണസ്വയംഭരണം നല്‍കണമെന്നതാണ് റിപ്പോര്‍ട്ടിന്‍െറ കാതല്‍. വിശദമായ ചര്‍ച്ചകളും കൂടിയാലോചനകളും ആവശ്യപ്പെടുന്നതാണ് ഇത്. ഓട്ടോണമസ് കോളജ് സങ്കല്‍പം നേരത്തേ നിലവിലുള്ളതാണെങ്കിലും കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. അഫിലിയേറ്റിങ് യൂനിവേഴ്സിറ്റി സമ്പ്രദായത്തിന് അതിന്‍േറതായ മെച്ചങ്ങളും പോരായ്മകളുമുണ്ട്. ഇന്ന് കേരളത്തില്‍ കണ്ടുവരുന്ന വലിയൊരു കുഴപ്പം സര്‍വകലാശാലകളുടെ ഭരണപരവും അക്കാദമികവുമായ അധ$പതനമാണ്. യൂനിവേഴ്സിറ്റികള്‍ മോശമാകുന്നതോടെ അവക്കുകീഴിലുള്ള ഏറ്റവും മികച്ച കലാലയങ്ങളും ആ അധ$പതനം അനുഭവിക്കേണ്ടിവരുന്നു. യൂനിവേഴ്സിറ്റികളുടെ അമിത രാഷ്ട്രീയവത്കരണം കോളജുകളുടെ സകല മേന്മകള്‍ക്കും തടസ്സമാകുന്നുണ്ട്. വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയവത്കൃത സിന്‍ഡിക്കേറ്റുകള്‍ സുപ്രീംകോടതിയുടെയും ലിങ്ദോ കമ്മിറ്റിയുടെയും നിര്‍ദേശങ്ങള്‍ക്കെതിരായിപ്പോലും കക്ഷിരാഷ്ട്രീയത്തിനനുകൂലമായി ഇടപെടുമ്പോള്‍ അത് കോളജുകളുടെ നടത്തിപ്പിലുള്ള ഇടപെടലായി മാറുന്നു. രാഷ്ട്രീയാടിസ്ഥാനത്തില്‍ നിയുക്തമാകുന്ന ബോര്‍ഡ്സ് ഓഫ് സ്റ്റഡീസും അക്കാദമിക് കൗണ്‍സിലുകളും മറ്റും തോന്നിയപോലെ പരിഷ്കരണങ്ങള്‍ കൊണ്ടുവരുമ്പോള്‍ ക്രിയാത്മകമായി പങ്കെടുക്കാന്‍ മുന്‍നിര കോളജുകള്‍ക്കുവരെ കഴിയുന്നില്ല. അതേസമയം, മറുവശത്ത് കോളജുകളുടെ പല പോരായ്മകളും നികത്തി വിദ്യാര്‍ഥികള്‍ക്ക് മികച്ച ശിക്ഷണം നല്‍കാന്‍ അഫിലിയേറ്റിങ് സംവിധാനം വഴി മുന്‍കാലങ്ങളില്‍ സാധിച്ചിരുന്നു. ഗുണദോഷങ്ങളെപ്പറ്റി തീര്‍പ്പുകല്‍പിക്കും മുമ്പ് പലതും കണക്കിലെടുക്കേണ്ടതുണ്ടെന്ന് ചുരുക്കം. എന്നാല്‍, ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഓട്ടോണമിയും സ്വയം പര്യാപ്തതയും കൊണ്ടുവരുന്നതിനു പിന്നില്‍, പോരായ്മകള്‍ നികത്തുക എന്ന ലക്ഷ്യമാണോ ഉള്ളത്? അതോ വിദഗ്ധസമിതിയുടെ ശിപാര്‍ശകള്‍ ലക്ഷ്യമിടുന്നത് വിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ വഹിക്കേണ്ട ചുമതലകളില്‍നിന്ന് അവരെ ഒഴിവാക്കിക്കൊടുക്കുക എന്നതാണോ? ദേശീയതലത്തില്‍ ബജറ്റിന്‍െറ ആറു ശതമാനമെങ്കിലും വിദ്യാഭ്യാസമേഖലക്ക് നീക്കിവെക്കുകയെന്ന നിര്‍ദേശം ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. ഇപ്പോഴും വിദ്യാഭ്യാസരംഗത്ത് സര്‍ക്കാറുകള്‍ മുടക്കേണ്ട നിക്ഷേപത്തിന്‍െറ പകുതിയോളമേ മുടക്കുന്നുള്ളൂ എന്നിരിക്കെ, അതില്‍നിന്ന് പിന്നെയും പിറകോട്ടു പോകാനുള്ള മാര്‍ഗമാണ് ഉന്നതവിദ്യാഭ്യാസ സമിതി സംസ്ഥാന സര്‍ക്കാറിന് കാണിച്ചുകൊടുക്കുന്നത്. വിദ്യാഭ്യാസമേഖലയെ കൂടുതല്‍ സ്വാശ്രയ-സ്വകാര്യമേഖലയിലേക്ക് മാറ്റുന്നതോടെ അതിന്‍െറ കച്ചവടവത്കരണം പൂര്‍ണമാകും. ഇടതുമുന്നണി ഭരണത്തിലും ഈ ദിശയില്‍ നീക്കമുണ്ടായിരുന്നു. ഈ സ്വകാര്യവത്കരണത്തിന്‍െറ മറ്റൊരു ദുഷ്ഫലം, ഇന്ന് നിലനില്‍ക്കുന്ന പ്രാദേശികവും മറ്റുമായ അസന്തുലനം സ്ഥിരപ്പെടുത്തുക എന്നതാണ്. മലബാര്‍ മേഖലയില്‍ സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ സ്ഥാപനങ്ങളും കോഴ്സുകളും ഇനിയും ആവശ്യമുണ്ട്. പുതിയ നിര്‍ദേശം, എത്രവേണമെങ്കിലും സ്ഥാപനങ്ങള്‍ ആര്‍ക്കുവേണമെങ്കിലും തുടങ്ങാം എന്നാണ്. ഡിമാന്‍ഡ് കൂടുതലുള്ള വടക്കന്‍ കേരളത്തിലെ വിദ്യാര്‍ഥികളെ പ്രത്യേകിച്ചും കച്ചവടത്തിന് വിട്ടുകൊടുക്കലാവും ഇത്. സാമ്പത്തിക സ്വാശ്രയത്വമെന്ന ആശയം സ്ഥാപനവത്കരിക്കുന്നതോടെ സംവരണതത്ത്വവും അല്‍പാല്‍പമായി അവഗണിക്കപ്പെടും. വിദ്യാഭ്യാസത്തെ വെറും പ്രയോജന വാദത്തിന്‍െറ കോണില്‍നിന്ന് -അതും വളരെ ഇടുങ്ങിയ കോണില്‍നിന്ന് -നോക്കുന്നവരാണ് മാനവിക വിഷയങ്ങളെ പാടെ തള്ളിപ്പറയുന്നത്. വിദ്യാഭ്യാസ വിദഗ്ധരുടെ സമിതി എങ്ങനെ ഈ വീക്ഷണ വൈകൃതത്തിന് അടിപ്പെട്ടു എന്ന് മനസ്സിലാകുന്നില്ല. ‘ആവശ്യക്കാര്‍ കുറവുള്ള കോഴ്സുകള്‍’ എന്നതുകൊണ്ട് മാനവിക വിഷയങ്ങളെയല്ല ഉദ്ദേശിച്ചത് എന്ന് വാദിച്ചാല്‍പോലും റിപ്പോര്‍ട്ടില്‍ ആവശ്യക്കാരില്ലാത്തവയില്‍ മാനവിക വിഷയങ്ങളെ എണ്ണിയിട്ടുണ്ട്. ചുരുക്കത്തില്‍, സാമൂഹിക യാഥാര്‍ഥ്യങ്ങളോടും വിദ്യാഭ്യാസത്തിന്‍െറ ഉന്നതലക്ഷ്യങ്ങളോടും നീതിചെയ്യുന്ന തരത്തില്‍ സര്‍വകലാശാല-കലാലയ രംഗം പുതുക്കിപ്പണിയേണ്ടതുണ്ടെങ്കിലും ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസ സമിതി സമര്‍പ്പിച്ച ഏകപക്ഷീയമായ റിപ്പോര്‍ട്ട് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുന്നു. ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ വിശദവും ആധികാരികവുമായ പഠനങ്ങളും ചര്‍ച്ചകളും നടത്തേണ്ടിയിരിക്കുന്നു. |
ജി.എം വിളകള്‍ക്ക് മൊറട്ടോറിയം Posted: 13 Nov 2012 12:23 AM PST ജനിതകമാറ്റം വരുത്തിയ (ജി.എം) വിളകള്‍ പരീക്ഷിക്കുന്നത് തല്‍ക്കാലം പരീക്ഷണശാലകളില്‍ മതിയെന്നും ആറുമാസംവരെയെങ്കിലും അവ മണ്ണില്‍ പരീക്ഷിക്കരുതെന്നും സുപ്രീംകോടതി നിയോഗിച്ച സാങ്കേതികവിദഗ്ധരുടെ സമിതി ശിപാര്‍ശ ചെയ്തിരിക്കുന്നു. കൃഷിപരീക്ഷണത്തിന്മേല്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്നത് പാര്‍ലമെന്‍റ് സ്ഥിരം സമിതിയും ആവശ്യപ്പെട്ടതാണ്. തല്‍ക്കാലത്തേക്ക് ജൈവസാങ്കേതിക കുത്തകകളുടെ സമ്മര്‍ദം വിജയിച്ചിട്ടില്ലെങ്കിലും കേന്ദ്രകൃഷിമന്ത്രി പവാര്‍ അടക്കം പലരുടെയും പിന്തുണയോടെ ജി.എം ലോബി നമ്മുടെ വയലുകളിലും പാടങ്ങളിലും ജനിതകവിദ്യ വഴി പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഭക്ഷ്യാവശ്യങ്ങള്‍ക്ക് ജി.എം വിളകള്‍ കൂടിയേ തീരൂ എന്നാണ് ഒരു വാദം. ഇത് തെറ്റാണ്. അമേരിക്കയിലടക്കം, ഇത് കൃഷിചെയ്ത് നോക്കിയ ഒരിടത്തും ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ജി.എം പര്യാപ്തമായിട്ടില്ല. പല പ്രകൃതി വ്യതിയാനങ്ങളെയും അതിജയിക്കാന്‍ ജി.എം വിളകളേക്കാള്‍ മറ്റു വിളകള്‍ക്കാണ് ശേഷി എന്നും തെളിഞ്ഞതാണ്. ഇന്ത്യയില്‍ ധാന്യപ്പുരകള്‍ നിറഞ്ഞുകവിഞ്ഞിട്ടും പട്ടിണിക്കാര്‍ക്ക് അത് കിട്ടാത്ത അവസ്ഥയാണുള്ളത് -ഉല്‍പാദനം കുറഞ്ഞതല്ല, വിതരണം ശരിയല്ലാത്തതാണ് പ്രശ്നം. ജി.എം വിളകള്‍ അടിച്ചേല്‍പിച്ച് നമ്മുടെ കാര്‍ഷിക രംഗത്ത് കുത്തകാധികാരം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത തുടര്‍ന്നേ പറ്റൂ. |
ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ജനത്തെ വട്ടംകറക്കുന്നു Posted: 13 Nov 2012 12:17 AM PST ചെങ്ങന്നൂര്‍: ആധാറും അതിനൊപ്പം നാഷനല്‍ പോപ്പുലേഷന്‍ രജിസ്ട്രേഷന്‍ വിവരശേഖരണവും ജനത്തെ വലക്കുന്നു. രാത്രിവരെ കുടുംബസമേതം അക്ഷയ സെന്‍ററുകള്‍ക്ക് മുന്നില്‍ വരി നിന്ന് ഫോട്ടോയെടുത്ത് കാര്‍ഡ് ലഭിച്ചു തുടങ്ങിയതിന്‍െറ തൊട്ടുപിറകെയാണ് എന്‍.പി.ആര്‍ പദ്ധതി എന്ന പുതിയ പരിപാടി എത്തിയത്. ഒരേ നമ്പറിനുള്ള ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിനായി രണ്ട് ഗ്രൂപ്പുകള്‍ നടത്തുന്ന ഫോട്ടോയെടുപ്പ് ഫലത്തില്‍ ഒന്നുതന്നെയാണ്. ആധാര്‍ നമ്പര്‍ കിട്ടിയവര്‍ നമ്പര്‍ മാത്രം എന്‍.പി.ആര്‍ നടക്കുന്ന സ്റ്റേഷനില്‍ നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ തല നിര്‍ദേശം. ഇതിന്‍െറ ഭാഗമായി ഒക്ടോബറില്‍ ബന്ധപ്പെട്ടവരുടെ യോഗം കലക്ടറുടെ ചേംബറില്‍ കൂടി. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ പദ്ധതി നടപ്പാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഫോട്ടോയെടുപ്പ് നിര്‍ബന്ധം. ആധാര്‍ എടുത്തവരും നാഷനല്‍ പോപ്പുലേഷന്‍ രജിസ്ട്രേഷന്‍ നടത്തണമെന്നാണ് നിര്‍ദേശം. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് എന്നത് തുടര്‍ നടപടിക്രമമാണ്. എന്നാല്‍, എപ്പോള്‍ വേണമെങ്കിലും എടുക്കാവുന്ന കാര്‍ഡിന്‍െറ പേരില്‍ ഓരോ കുടുംബത്തിനും അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങള്‍ ചില്ലറയല്ല. |
കെ.എസ്.ആര്‍.ടി.സി ബസിനുനേരെ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക് Posted: 12 Nov 2012 11:27 PM PST കളമശേരി: ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപം കെ.എസ്.ആര്‍.ടി.സി ബസിനുനേരെ കാറില്‍ സഞ്ചരിച്ച മൂന്നംഗ സംഘത്തിന്‍െറ ആക്രമണം. രണ്ടുപേര്‍ക്ക് പരിക്ക്. ഒരു യാത്രക്കാരന്‍െറ കൈയൊടിഞ്ഞു. ബസ് ഡ്രൈവര്‍ കോലഞ്ചേരി കടയിരുപ്പ് മൂശാരിപ്പടി കൊതുക്കാട്ടിക്കുടി വീട്ടില്‍ എ.സി. ഷാജി (37) ബസിലെ യാത്രക്കാരനായ ഞാറക്കല്‍ മാട്ടുപുരക്കല്‍ സി.എം. സോമന്‍ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ഇടപ്പള്ളി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചക്ക് 1.15 ഓടെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപത്തെ ബാങ്ക് ജങ്ഷനിലാണ് സംഭവം. എറണാകുത്ത് നിന്നും കോതമംഗലത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ബാങ്ക് കവലയിലെത്തിയപ്പോള്‍ കാര്‍ യു ടേണ്‍ എടുത്ത് ബസിന്‍െറ മുന്നിലേക്ക് എത്തി. ഇതോടെ ബസ് വെട്ടിച്ച് ബ്രേക്കിട്ടു. തുടര്‍ന്നാണ് കാറിലുണ്ടായിരുന്നവര്‍ ഇറങ്ങി ഡ്രൈവറെ ആക്രമിച്ചത്. സംഘത്തിലൊരാള്‍ റോഡില്‍ നിന്നും കല്ലെടുത്ത് ബസിലേക്ക് എറിഞ്ഞു. തലയില്‍ ഏല്‍ക്കാതിരിക്കാന്‍ കൈകൊണ്ട് തടഞ്ഞതിനാല്‍ യാത്രക്കാരനായ സോമന്‍െറ ഇടതുകൈ ഒടിയുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ ഓടിക്കൂടിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തിലെ എളമക്കര സ്വദേശികളായ ഏലിയാസ് ആന്‍റണി (24), ജിഷ്ണു (25) എന്നിവരെ പിടികൂടി കളമശേരി പൊലീസില്‍ ഏല്‍പിച്ചു. നാട്ടുകാര്‍ തന്നെ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. |
കുന്നിടിക്കലിനെതിരെ വീട്ടമ്മമാര്‍ Posted: 12 Nov 2012 11:21 PM PST ഗുരുവായൂര്‍: കുന്നിടിക്കലും മണ്ണെടുപ്പും കൊണ്ട് പൊറുതിമുട്ടി വീട്ടമ്മമാരടക്കമുള്ളവര്‍ സമരവുമായി രംഗത്തിറങ്ങി. മറ്റം പയനിത്തടം പ്രദേശത്തെ സ്ത്രീകളും കുട്ടികളുമടക്കമുള്ള നാട്ടുകാരാണ് കുന്നിടിക്കല്‍ തടയാന്‍ രംഗത്തിറങ്ങിയത്. കലക്ടര്‍ക്കും പൊലീസിനുമെല്ലാം നല്‍കിയ പരാതികള്‍ക്ക് മറുപടിയില്ലാതെ വന്നപ്പോഴാണ് സ്വയം സംഘടിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ബാനറില്ലാതെതന്നെയാണ് മണ്ണെടുക്കല്‍ മാഫിയക്കെതിരെ ജനം ഒറ്റക്കെട്ടായത്. തിങ്കളാഴ്ച രാവിലെ സ്ത്രീകളും കുട്ടികളും ചേര്‍ന്ന് കുന്നിടിക്കല്‍ നടക്കുന്ന സ്ഥലത്തേക്ക് മാര്‍ച്ച് നടത്തി. നാട്ടുകാര്‍ സംഘടിക്കുന്നതറിഞ്ഞ് കുന്നിടിക്കല്‍ നടത്തുന്നവര്‍ പണി നിര്‍ത്തിവെച്ചു. അടുത്തദിവസവും സമരം ആവര്‍ത്തിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. കുന്നിടിക്കുന്നവരുടെ രാഷ്ട്രീയ സ്വാധീനവും അധികാരകേന്ദ്രങ്ങളിലുള്ള സ്വാധീനവും മൂലം തങ്ങളുടെ പരാതികള്‍ വനരോദനങ്ങളായി മാറുകയാണെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. അനിയന്ത്രിതമായ കുന്നിടിക്കല്‍ മൂലം ഒരിക്കലും വറ്റാത്ത കിണറുകള്‍ വറ്റി. സദാസമയവും പൊടിപാറുന്നതു മൂലം പലരും ശ്വാസംമുട്ടലും ത്വഗ്രോഗങ്ങളും മൂലം ബുദ്ധിമുട്ടുകയാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ ആരും രംഗത്ത് വരാത്ത സാഹചര്യത്തിലാണ് വീട്ടമ്മമാര്‍ സമരരംഗത്തിറങ്ങിയത്. |
No comments:
Post a Comment