കനത്ത മഴ: ബണ്ടുകളും വീടുകളും തകര്‍ന്നു Posted: 03 Aug 2014 12:19 AM PDT ആലത്തൂര്‍: മലമ്പുഴ പദ്ധതിയിലെ ചൂലന്നൂര്‍ കനാല്‍ അത്തിപ്പൊറ്റ ചിറക്കോട്ട് പുളിച്ചികുണ്ടില്‍ വീണ്ടും ബണ്ട് തകര്‍ന്നു. വെള്ളിയാഴ്ച തകര്‍ന്നതിന്‍െറ മുകള്‍ ഭാഗത്ത് അഞ്ച് ഓവ് എന്ന സ്ഥലത്തെ ഒരു ഓവാണ് തകര്‍ന്നത്. ഈ ഭാഗത്ത് കനാല്‍ തോടിന് കുറുകെ പോകുന്നത് അഞ്ച് ഓവുകള്‍ വഴിയാണ്. കാട്ടുപ്രദേശമായ ഈഭാഗം അഞ്ച് ഓവ് എന്ന പേരിലാണ് അറിയപ്പെടുന്നത്. വെള്ളം തകര്‍ന്ന ഓവിലൂടെ തോട്ടിലേക്ക് ചാടിയുണ്ടാവുന്ന മണ്ണൊലിപ്പിനെ തുടര്‍ന്ന് മറ്റ് ഓവുകളും തകരാനിടയുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. വെള്ളിയാഴ്ച തകര്‍ന്നഭാഗം ഇപ്പോള്‍ കൂടുതല്‍ തകര്‍ന്ന് കനാല്‍ ഏറെ ദൂരം താഴ്ന്നുപോയി. കുഴല്‍മന്ദം: കണ്ണനൂരില്‍ തോടിന്‍െറ ബണ്ട് തകര്‍ന്ന് ഏക്കര്‍ക്കണക്കിന് നെല്‍പാടങ്ങള്‍ വെള്ളത്തിനടിയിലായി. ദേശീയപാത നവീകരണത്തിനായി തോടിന്‍െറ ഗതിമാറ്റി നിര്‍മിച്ച ബണ്ടാണ് തകര്‍ന്നത്. കണ്ണാടി തേങ്കുറുശ്ശി റോഡിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മണിയമ്പാറ തോട്ടക്കര റോഡും തകര്‍ന്നു. കുത്തനൂര്‍ നെല്ലുംപുള്ളി റോഡിലും മലഞ്ചിറ്റി റോഡിലും വെള്ളം കയറിയതിനാല്‍ ഇതുവഴി ഗതാഗതം നിലച്ചു. കിണാശ്ശേരി, ഉപ്പുംപാടം പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ട്. ആലമ്പള്ളം പാലം മുങ്ങി കൊല്ലങ്കോട്: ഗായത്രി പുഴയിലെ നീരൊഴുക്ക് മൂലം ആലമ്പള്ളം പാലം മുങ്ങി. കൊല്ലങ്കോട്-വടവന്നൂര്‍ പഞ്ചായത്തുകള്‍ക്കിടയിലുള്ള ആലമ്പള്ളം പാലം ഗായത്രിപുഴയിലെ നീരൊഴുക്ക് മൂലം മുങ്ങിയത് കൈവരികളില്ലാത്ത പാലത്തിലെ ഗതാഗതത്തെ തടസ്സപ്പെടുത്തി. ശനിയാഴ്ച രാത്രിയോടെ നിരൊഴുക്ക് തടസ്സപ്പെട്ടതിനാല്‍ വാഹനങ്ങള്‍ കൊല്ലങ്കോട്, ഊട്ടറ വഴി നാട്ടുകാര്‍ ഗതാഗതം തിരിച്ചുവിടുകയായിരുന്നു. ആലത്തൂര്‍ താലൂക്കില്‍ നിരവധി വീടുകള്‍ക്ക് നാശം ആലത്തൂര്‍: കനത്ത മഴയില്‍ തോടുകളും പുഴകളും കരകവിഞ്ഞു. ആലത്തൂര്‍ കാവശ്ശേരി, തരൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്തുകൂടി ഒഴുകുന്ന ഗായത്രി പുഴ പല ഭാഗത്തും കരകവിഞ്ഞു. വെള്ളം കയറി പുഴയുടെയും തോടുകളുടെയും സമീപത്തെ കൃഷിയിടങ്ങള്‍ മുങ്ങി. താലൂക്കില്‍ മഴയിലും കാറ്റിലും നിരവധി വീടുകള്‍ തകര്‍ന്നു. വിവിധ പ്രദേശങ്ങളില്‍ മരങ്ങള്‍ പൊട്ടി വീണ് വൈദ്യുതി വിതരണം തകരാറിലായി. പഴയലെക്കിടി: കനത്ത മഴയില്‍ ലെക്കിടി ചെറുവത്തുപറമ്പ് മുരുകന്‍െറ വീട് തകര്‍ന്നു. മേല്‍ക്കൂര താഴ്ഭാഗത്തേക്ക് നിലംപൊത്തി. പഞ്ചായത്ത് അംഗം ഗോവിന്ദന്‍ കുട്ടി, വില്ലേജ് ഓഫിസര്‍ ഗിരീഷ് കുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ചിറ്റൂര്‍: കനത്ത മഴയില്‍ വീട് തകര്‍ന്നു. പനയൂര്‍ അത്തിക്കോട് ചേനമൂളി കളത്തില്‍ ശിവസുബ്രഹ്മണ്യത്തില്‍ വീടിന്‍െറ ഒരുഭാഗമാണ് തകര്‍ന്നത്. കഴിഞ്ഞദിവസം രാവിലെ ആറോടെയാണ് സംഭവം. അകത്ത് ആളില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. തകര്‍ന്ന ഭാഗത്ത് സൂക്ഷിച്ച വീട്ടുപകരണങ്ങള്‍ പൂര്‍ണമായും നശിച്ചു. 60,000 രൂപയുടെ നാശനഷ്ടമുണ്ട്. |
അന്യസംസ്ഥാന തോട്ടം തൊഴിലാളികള്‍ ദുരിതത്തില്‍ Posted: 02 Aug 2014 11:52 PM PDT വണ്ടിപ്പെരിയാര്‍: അന്യസംസ്ഥാന തേയില തോട്ടം തൊഴിലാളികള്‍ ദുരിതത്തില്‍. വണ്ടിപ്പെരിയാര്‍ പ്രദേശത്തെ പത്തോളം തേയില തോട്ടങ്ങളില്‍ ജോലിക്കെത്തിയ തൊഴിലാളികള്‍ക്കാണ് ദുരിതം. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യം ഏര്‍പ്പെടുത്താന്‍ എസ്റ്റേറ്റ് മാനേജ്മെന്‍റുകള്‍ തയാറാകാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. വന്‍കിട ചെറുകിട തേയില-ഏലത്തോട്ടങ്ങള്‍ എന്നിവിടങ്ങളിലായി മുന്നൂറിലധികം കുടുംബങ്ങളാണ് അസം, ബിഹാര്‍, ഒഡിഷ, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍നിന്ന് ജോലി തേടിയെത്തിയിരിക്കുന്നത്. താമസത്തിനായി ഇവര്‍ക്ക് നല്‍കിയ സ്ഥലവും ചുറ്റുപാടും കാര്യമായ മേല്‍നോട്ടം ഇല്ലാത്തതാണ്. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണമനുസരിച്ചുള്ള താമസ സൗകര്യം മാനേജ്മെന്‍റ് ഏര്‍പ്പെടുത്തിയിട്ടില്ല. കൂട്ടമായി താമസിപ്പിച്ചതിനാല്‍ കുടുംബങ്ങളുടെ സ്വകാര്യത പോലുമില്ല. മഴക്കാലം ആരംഭിച്ചപ്പോള്‍ ശക്തമായ കാറ്റും തണുപ്പും അനുഭവപ്പെടുന്ന തോട്ടം മേഖലയില്‍ തൊഴിലാളികള്‍ക്ക് കിടക്കയും കട്ടിലും നല്‍കാത്തതിനാല്‍ നിലത്ത് മണ്‍തറയില്‍ കിടക്കണം. ശാരീരിക ബുദ്ധിമുട്ടുകള്‍ ഇതുമൂലം ഉണ്ടാകുന്നു. തണുപ്പിനെ പ്രതിരോധിക്കുന്ന കമ്പിളി വസ്ത്രങ്ങള്‍ നല്‍കിയിട്ടുമില്ല. സാധാരണ തോട്ടം തൊഴിലാളികള്‍ തോട്ടങ്ങളില്‍ ജോലിക്ക് പോകുമ്പോള്‍ കൊച്ചുകുട്ടികളെ നോക്കാന്‍ പിള്ളപ്പുര (ക്രഷ്) സംവിധാനം ഉണ്ടെങ്കിലും അന്യ സംസ്ഥാന തൊഴിലാളി കുടുംബങ്ങള്‍ക്ക് ഇതു നിഷേധിച്ചു. നിരവധി കൊച്ചുകുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ഇതുമൂലം വൈദ്യസഹായം പോലും ഇല്ലാതാകുന്നു. കുടുംബത്തിലെ മുതിര്‍ന്ന കുട്ടികളുടെ പക്കല്‍ ചെറിയ കുട്ടികളെ ഏല്‍പിച്ച് ജോലിക്ക് പോകേണ്ട അവസ്ഥയാണ്. കൃത്യമായ പരിചരണം ലഭിക്കാത്തതിനാല്‍ ഇതു വലിയ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നു. കഴിഞ്ഞദിവസം എ.വി.ടി കമ്പനിയുടെ കടശിക്കാട് എസ്റ്റേറ്റില്‍ തൊഴിലാളിയുടെ ആറുമാസം പ്രായമുള്ള കുട്ടി മരിച്ചു. മുതിര്‍ന്ന കുട്ടിയെ ഏല്‍പിച്ച് ജോലി കഴിഞ്ഞ് തിരികെയെത്തിയപ്പോള്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മണ്‍തറയില്‍ യാതൊരു സൗകര്യവും നല്‍കാതെ കുട്ടിയെ കിടത്തിയതിനാല്‍ ശക്തമായ തണുപ്പ് ഏറ്റതാണ് മരണത്തിന് കാരണമായതെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്യസംസ്ഥാന തൊഴിലാളികളോട് വിവേചനത്തോടെയാണ് മാനേജ്മെന്‍റുകള്‍ പെരുമാറുന്നത്. ജോലി സ്ഥലത്തും ഇവരെ പീഡിപ്പിക്കുന്നതായി പറയുന്നു. തേയില തോട്ടങ്ങളില്‍ മരുന്ന് തളിക്കുന്നതിന് പ്രദേശവാസികളായ തൊഴിലാളികള്‍ക്ക് രാവിലെ എട്ടു മുതല്‍ 12 വരെയാണ് സമയം ഏര്‍പ്പെടുത്തിയത്. എന്നാല്‍, അസംഘടിത തൊഴിലാളികളായ ഇവരെ രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെ ജോലി ചെയ്യിപ്പിക്കുന്നു. ട്രേഡ് യൂനിയനിലോ രാഷ്ട്രീയ പാര്‍ട്ടികളിലോ അംഗമല്ലാത്തതിനാല്‍ ഇവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ആളില്ലെന്നതും ഇവരുടെ മേല്‍ ജോലി ഭാരം കൂടുതല്‍ ചുമത്താന്‍ കാരണമാകുന്നു. രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗമല്ലാത്തതിനാല്‍ ഇവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ആളില്ലെന്നതും ഇവരുടെ മേല്‍ ജോലിഭാരം കൂടുതല്‍ ചുമത്താന്‍ കാരണമാണ്. ഇവരുടെ കുട്ടികള്‍ക്ക് പഠിക്കുന്നതിന് മാനേജ്മെന്‍റുകള്‍ സൗകര്യം ചെയ്ത് കൊടുക്കാത്തത് ഇവരുടെ ഭാവിയെയും ഇരുട്ടിലാക്കും. ലേബര്‍ ആക്ടില്‍ പറയുന്നതും തൊഴിലാളികള്‍ക്ക് നല്‍കേണ്ടതുമായ ഒരു ആനുകൂല്യങ്ങളും സൗകര്യങ്ങളും ഏര്‍പ്പെടുത്താതെയാണ് തോട്ടം മാനേജ്മെന്‍റുകള്‍ പ്രവര്‍ത്തിക്കുന്നത്. |
മുഖ്യമന്ത്രി പദം: മാണി മൗനം വെടിയണമെന്ന് പന്തളം സുധാകരന്‍ Posted: 02 Aug 2014 11:47 PM PDT കോഴിക്കോട്: മുഖ്യമന്ത്രി പദം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി മൗനം വെടിയണമെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. മാണിയുടേത് യു.ഡി.എഫില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ബുദ്ധിപരമായ മൗനം ആയി കണക്കാക്കുമെന്നും സുധാകരന്‍ ഫേസ്ബുക് കുറിപ്പില്‍ പറയുന്നു. ഫേസ്ബുക് പോസ്റ്റിന്‍െറ പൂര്‍ണരൂപം: തന്നെ മുഖ്യമന്ത്രി ആക്കണം എന്ന ചില കേരള കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഉയര്‍ത്തുന്ന ആവശ്യത്തിന്മേല്‍ ശ്രീ കെ .എം മാണി മൗനം വെടിയണം. അല്ലാത്ത പക്ഷം യു ഡി ഏഫില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഉതകുന്ന 'ബുദ്ധിപരമായ മൗനം' ആയിട്ടെ അതിനെ കാണാന്‍ കഴിയൂ. ഇടതുപക്ഷത്തിന്‍്റെ രാഷ്ട്രീയ കുതിരകച്ചവടനീക്കങ്ങളുമായി ഇതിനെ കൂട്ടിവായിച്ചാലും അത്ഭുതപ്പെടാനാവില്ല . ലോകസഭ തിരഞ്ഞെടുപ്പ് തിരിച്ചടിയോടെ ഹതാശരായ സി.പി.എം യു ഡി ഏഫില്‍ വിള്ളലുണ്ടായാല്‍ മാത്രമേ ഇനി തങ്ങള്‍ക്കു ഭരണത്തിലേക്ക് ഒരു ഉയിര്‍ത്തെഴുന്നേല്‍പ് സാധ്യമാകൂ എന്ന തിരിച്ചറിവിലാണ്. അതിനുള്ള കരുവായി യു ഡി എഫിന്‍െറ അവിഭാജ്യ ഘടകമായ കേരള കോണ്‍ഗ്രസ് നിന്നു കൊടുക്കരുത്. ലോക്സഭ തിരഞ്ഞടുപ്പ് വിജയം മാണിസാര്‍ കൂടി നേതൃത്വം നല്‍കുന്ന സര്‍ക്കാരിലും യു ഡി എഫിലും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന്‍്റെ ശക്തമായ തെളിവാണ്. അതു കാത്തു സൂക്ഷിച്ചു മുന്നേറാന്‍ യു.ഡി.എഫിലെ എല്ലാ കക്ഷികളും ബാധ്യസ്ഥരാണ്. അല്ലാതെ എല്‍.ഡി.എഫിന്‍്റെ കരിഞ്ഞുണങ്ങിയ മോഹങ്ങള്‍ക്ക് ഇതള്‍ വിരിയിക്കുകയല്ല നമ്മുടെ ധര്‍മം. മോഡിയുടെ മതേതര, ന്യൂനപക്ഷ വിരുദ്ധ കേരള ദു:സ്വപ്നങ്ങള്‍ കോണ്‍ഗ്രസിനോടൊപ്പം നിന്നു ചെറുക്കേണ്ട കടമയും മാണിസാര്‍ വിസ്മരിക്കരുത്. |
ഓണത്തോടനുബന്ധിച്ച് അവശ്യസാധനങ്ങള്‍ വിപണിയിലെത്തിക്കണം –ജില്ലാ വികസനസമിതി Posted: 02 Aug 2014 11:43 PM PDT കോട്ടയം: ഓണത്തോടനുബന്ധിച്ച് അവശ്യസാധനങ്ങള്‍ വിപണിയിലെത്തിക്കാന്‍ നടപടി കൈക്കൊള്ളണമെന്ന് സര്‍ക്കാറിനോടാവശ്യപ്പെടാന്‍ ജില്ലാ വികസനസമിതി യോഗം തീരുമാനിച്ചു. നിലവില്‍ സപൈ്ളകോ അഞ്ചു കിലോ അരിയും അര കിലോ വെളിച്ചെണ്ണയുമാണ് നല്‍കുന്നതെന്നും ഇത് ആവശ്യത്തിന് മതിയാകുന്നില്ലെന്നും മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍ പറഞ്ഞു. മിതമായ വിലയ്ക്ക് പച്ചക്കറി ലഭ്യമാക്കണമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ സപൈ്ളകോ ചെയര്‍മാനോട് ആവശ്യപ്പെട്ടു. ഓണത്തോടനുബന്ധിച്ച് പച്ചക്കറി സ്റ്റാള്‍ തയാറാക്കുന്നതിന് പോലീസ് സ്റ്റേഷന്‍ മൈതാനം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. നഗരപ്രദേശങ്ങളില്‍ കുടിവെള്ളവിതരണത്തിന് തടസ്സമുണ്ടായാല്‍ അതുടനെ പരിഹരിക്കാനുള്ള സംവിധാനം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റുമാനൂര്‍ ജങ്ഷനിലെ ഗതാഗതത്തിന് തടസ്സം നില്‍ക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും നടപടിയുണ്ടാകണമെന്ന് സുരേഷ് കുറുപ്പ് എം.എല്‍.എ കത്ത് മുഖാന്തരം ആവശ്യപ്പെട്ടു. നാഗമ്പടം മേല്‍പ്പാലത്തിനു സമീപം, കഞ്ഞിക്കുഴി ജങ്ഷന്‍, ബേക്കര്‍ ജങ്ഷന്‍ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍്റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ് ആവശ്യപ്പെട്ടു. കോടിമത ബസ് സ്റ്റേഷനിലേക്കുള്ള ബസ് സര്‍വീസ് പുനരാരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ആര്‍.ടി.ഒക്ക് ജില്ലാ വികസന സമിതി നിര്‍ദേശം നല്‍കി. വൈക്കം കെ.വി കനാലില്‍ മരംവീണ് ഒഴുക്ക് തടസ്സപ്പെടുന്നത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ചെമ്പ് കാട്ടിക്കുന്നില്‍ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് സഹായം എത്തിക്കണമെന്നും കെ. അജിത് എം.എല്‍.എയുടെ പ്രതിനിധി എന്‍.വി. ജയകുമാര്‍ ആവശ്യപ്പെട്ടു. കെ.വി. കനാലിന്റെപരിസരത്ത് അപകടരമായി നില്‍ക്കുന്ന മരങ്ങളുടെ ചില്ലകള്‍ വെട്ടിമാറ്റാന്‍ വേണ്ടതായ നടപടിയുണ്ടാകണമെന്ന് വൈക്കം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീലത ബാലചന്ദ്രന്‍ ആവശ്യപ്പെട്ടു. എ.കെ. ആന്‍റണി എം.പിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന വൈക്കം താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കണമന്നും അവര്‍ ആവശ്യപ്പെട്ടു. വെള്ളിലപ്പള്ളി സ്കൂളിന്‍െറ മുന്നിലുള്ള റോഡിലും പാലാ-കൂത്താട്ടുകുളം റോഡിലും സീബ്രാ ലൈനുകള്‍ കൃത്യമായി രേഖപ്പെടുത്തണമെന്ന് ആന്‍േറാ ആന്‍റണി എം.പി. യുടെ പ്രതിനിധി തോമസ് കല്ലാടന്‍ ആവശ്യപ്പെട്ടു.കെ.എസ്.ഇ.ബി കോടിമത സബ് സ്റ്റേഷന്‍െറ ടവറുകളെ സംബന്ധിച്ച് പ്രത്യേക യോഗം വിളിക്കാന്‍ കലക്ടര്‍ കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എന്‍ജിനീയറോട് നിര്‍ദേശിച്ചു. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ പിടിച്ചെടുക്കാന്‍ ഓണത്തോടനുബന്ധിച്ച് പോലീസ്, റവന്യൂ, എക്സൈസ്, ഫോറസ്റ്റ് എന്നിവ സംയുക്തമായി റെയ്ഡുകള്‍ നടത്തും. സ്കൂളുകളിലും കോളജുകളിലും നാഷനല്‍ സര്‍വീസ് സ്കീമിന്‍െറ സഹായത്തോടെ മദ്യത്തിന്‍െറയും മയക്കുമരുന്നിന്‍െറയും ഉപയോഗത്തിനെതിരെ ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. യോഗത്തില്‍ എ.ഡി.എം ടി.വി. സുഭാഷ്, അസിസ്റ്റന്‍റ് കലക്ടര്‍ തേജ് ലോഹിതറെഡി, കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എം.എച്ച്. ഹനീഫ, ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ.ആര്‍. മേഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |
തോരാ മഴ: അപ്പര്‍ കുട്ടനാട്ടില്‍ വീണ്ടും വെള്ളപ്പൊക്കം Posted: 02 Aug 2014 11:39 PM PDT തിരുവല്ല: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മഴ കനത്തതോടെ അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം. താലൂക്കിന്‍െറ പടിഞ്ഞാറന്‍ പ്രദേശങ്ങളായ പെരിങ്ങര, കടപ്ര, നിരണം എന്നീ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പലയിടത്തും റോഡുകളും വീടുകളും വെള്ളത്തിനടിയിലാണ്. കനത്ത മഴയും മണിമല ഡാം തുറക്കുകയും ചെയ്തതോടെ പമ്പ, മണിമല നദികള്‍ കവിഞ്ഞൊഴുകിയത് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനു കാരണമായി. നദികളില്‍ ശക്തമായ നീരൊഴുക്കാണ് അനുഭവപ്പെടുന്നത്. മണിയാര്‍ ഡാം തുറന്നതോടെ ശക്തമായ നീരൊഴുക്കുമൂലം നിരണത്തുതടം, ചേന്നാകരി, അയ്യനാകേരി, എടയോടി, എരതോട് തുടങ്ങിയ പാടശേഖരങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ്. പാടശേഖരങ്ങളിലെ പുറംബണ്ടുകള്‍ തുറന്നു കിടക്കുന്നതും വെള്ളപ്പൊക്കത്തിനു കാരണമാണ്. പഞ്ചായത്തിലെ ഗേള്‍സ് ഹൈസ്കൂള്‍, പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ സ്കൂള്‍ എന്നിവ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ആലംതുരുത്തിയില്‍ മുപ്പതോളം കുടുംബങ്ങള്‍ പാര്‍ക്കുന്ന മുണ്ടപ്പള്ളി കോളനിയില്‍ വെള്ളം കയറി. റോഡില്‍ വെള്ളം കയറിയതിനാല്‍ കോളനി ഒറ്റപ്പെട്ടിരിക്കുകയാണ്. പെരിങ്ങര പഞ്ചായത്തിലെ പടിഞ്ഞാറന്‍ കോളനികളായ അംബേദ്കര്‍ കോളനി, വാഴയില്‍ ലക്ഷംവീട് കോളനി, ആശാരി പറമ്പില്‍ കോളനി എന്നിവിടങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. മഴ തുടര്‍ന്നാല്‍ താലൂക്കിന്‍െറ പല ഭാഗങ്ങളും ഒറ്റപ്പെടുന്ന സ്ഥിതിയാണ്. തിരുമൂലപുരം മംഗലശ്ശേരി കോളനിയില്‍ വെള്ളം കയറിയതുമൂലം ഏഴ് കുടുംബങ്ങളെ കമ്യൂണിറ്റി ഹാളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കൂടുതല്‍ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കാനിടയുണ്ട്. കനത്ത മഴമൂലം വന്‍ കൃഷിനാശമാണ് മേഖലയിലുണ്ടായത്. പാകമാകാറായ ഏത്തവാഴകള്‍, കപ്പ, ചേന, ചേമ്പ് എന്നിവ വെള്ളംമൂലം നശിച്ചുതുടങ്ങി. |
ചീമേനി നാലുകുന്നില്‍ പാലം ഒലിച്ചുപോയി, കുടുംബങ്ങള്‍ വീടൊഴിഞ്ഞു Posted: 02 Aug 2014 11:32 PM PDT കാസര്‍കോട്: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴയിലും കാറ്റിലും ജില്ലയില്‍ 9.02 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്. 35.03 ഹെക്ടറുകളിലായി 4.50 ലക്ഷം രൂപയുടെ കൃഷിനഷ്ടമുണ്ടായി. 21 വീടുകള്‍ ഭാഗികമായി തകര്‍ന്ന് 3.67 ലക്ഷം രൂപയുടെയും മതിലിടിഞ്ഞ് 85,000 രൂപയുടെയും നഷ്ടമുണ്ടായതായാണ് കണക്ക്. ജില്ലയിലെ 25 വില്ലേജുകളിലായി 632 പേരാണ് പ്രകൃതിക്ഷോഭത്തിന് ഇരകളായത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമാണ് വ്യാപകമായി കൃഷിനാശം ഉണ്ടായത്. ശനിയാഴ്ചയോടെ മഴക്ക് അല്‍പം ശമനമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കാസര്‍കോട്ട് 94 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച 194 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. 120 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിരുന്നു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ 45 പശുക്കളുള്ള ഫാം വെള്ളത്തിലായി. ജൂണ്‍ ആറിന് മണ്‍സൂണ്‍ ആരംഭിച്ചശേഷം കാലവര്‍ഷത്തില്‍ 11 പേരാണ് ജില്ലയില്‍ മരിച്ചത്. 185 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 29358930 രൂപയുടെ നാശനഷ്ടം ഉണ്ടായി. പുത്തിഗെ, ബാഡൂര്‍, അംഗടിമുഗര്‍, ബംബ്രാണ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം. പ്രദേശത്ത് വ്യാഴാഴ്ച മുതല്‍ തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് ഷിറിയ പുഴയും പോഷക നദികളും കരകവിഞ്ഞതിനെ തുടര്‍ന്നാണ് വെള്ളപ്പൊക്കമുണ്ടായത്. പുത്തിഗെ മുണ്ട്യത്തടുക്ക റോഡില്‍ പുത്തിഗെ അമ്പലത്തിനടുത്ത് റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. രണ്ടുദിവസമായി ഈ വഴി പെര്‍ളയിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ബാഡൂര്‍, അംഗടിമുഗര്‍, പുത്തിഗെ, മുന്നൂര്‍, പാച്ചാണി, കൊടുവ തുടങ്ങിയ പ്രദേശങ്ങളിലെ അടക്കാ തോട്ടങ്ങളില്‍ രണ്ടുദിവസമായി വെള്ളം കയറിക്കിടക്കുന്നു. ബംബ്രാണ വയലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അമ്പത് ഏക്കറോളം നെല്‍കൃഷി നശിച്ചു. കഴിഞ്ഞയാഴ്ച പറിച്ചുനട്ട ഞാറുകള്‍ കടപുഴകി ഒഴുകിപ്പോയി. ബംബ്രാണ വയലിലേക്കുള്ള റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ടുദിവസമായി വാഹനങ്ങള്‍ മുടങ്ങി. കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മലവെള്ളപ്പാച്ചില്‍ വന്‍ നാശം വിതച്ചു. കുത്തിയൊലിച്ചെത്തിയ മലവെള്ളത്തില്‍ നാല്കുന്ന് കോളനിയിലേക്കുള്ള കോണ്‍ക്രീറ്റ് പാലം ഒലിച്ചുപോയി. മാവിലന്‍ സമുദായത്തില്‍പ്പെട്ട അറുപതോളം കുടുംബാംഗങ്ങള്‍ താമസിച്ചു വരുന്ന കോളനി വൈകീട്ട് വരെ ഒറ്റപ്പെട്ടു. പിന്നീട് കോളനി വാസികള്‍ കവുങ്ങ് ഉപയോഗിച്ചു് താല്‍ക്കാലികമായി മറുകര കടക്കാന്‍ സംവിധാനമുണ്ടാക്കി രക്ഷപ്പെടുകയായിരുന്നു. പഞ്ചായത്ത് അധികൃതര്‍ പ്രദേശം അവഗണിക്കുന്നതായി ആക്ഷേപമുണ്ട്. കോളനിയിലുള്ള നിരവധി കുടുംബങ്ങള്‍ വീട് നിര്‍മാണത്തിന് കല്ലുകള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ പാലത്തിന് അപ്പുറം ഇറക്കി വച്ചിരുന്നു. പകരം പാലം ഉണ്ടായില്ലെങ്കില്‍ ഈ കുടുംബങ്ങള്‍ മഴയത്ത് പ്ളാസ്റ്റിക് ഷെഡുകളില്‍ അന്തിയുറങ്ങേണ്ടി വരുന്ന നിലയിലാണ്. കാര്യങ്കോട് പുഴ കരകവിഞ്ഞ് ഒഴുകിയതിനാല്‍ പൊതാവൂരില്‍ നിരവധി വീടുകള്‍ വെള്ളത്തിലാണ്. പൊതാവൂരിലെ കുന്നുമ്മല്‍ സുരേന്ദ്രന്‍, എ.വി. രാജന്‍, എന്‍. എം. സുനില്‍ കുമാര്‍, കെ.കെ. തമ്പാന്‍, കാനത്തില്‍ ചന്ദ്രന്‍ തുടങ്ങിയവരുടെ വീടുകളാണ് വെള്ളത്തില്‍ മുങ്ങിയത് . കുടുംബാംഗങ്ങള്‍ മറ്റ് വീടുകളിലേക്ക് താമസം മാറ്റി . കയ്യൂര്‍ അരയാക്കടവില്‍ നിന്നും കുക്കോട്ട് റോഡില്‍ കുന്നിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ ഇല്ലാതിരുന്ന സമയത്തായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. |
അണ്ടര്‍ 17 ലോകകപ്പ് ബാസ്ക്കറ്റ്ബാള്‍ എട്ടുമുതല്‍ ദുബൈയില്‍ Posted: 02 Aug 2014 11:23 PM PDT ദുബൈ: 17 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികള്‍ക്കായുള്ള ലോകകപ്പ് ബാസ്ക്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പ് ഈ മാസം എട്ടു മുതല്‍ 16 വരെ ദുബൈയില്‍ നടക്കും. ഇന്‍റര്‍നാഷണല്‍ ബാസ്ക്കറ്റ്ബാള്‍ ഫെഡറേഷന്‍െറ (ഫിബ) ആഭിമ്യഖ്യത്തിലുള്ള അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പ് യൂറോപ്പിന് പുറത്ത് ഇതാദ്യമായാണ് നടക്കുന്നത്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന് തുടക്കമിട്ടത് 2010ലാണ്. 2010ല്‍ ജര്‍മനിയിലെ ഹാംബര്‍ഗിലും 2012ല്‍ ലിത്വാനിയയിലെ കൗനാസ് നഗരത്തിലുമാണ് ടൂര്‍ണമെന്‍റ് നടന്നത്. രണ്ടിടത്തും അമേരിക്കയായിരുന്നു ചാമ്പ്യന്‍മാര്‍. യഥാക്രമം പോളണ്ടും ആസ്ട്രേലിയയും റണ്ണറപ്പായി. ദുബൈ ചാമ്പ്യന്‍ഷിപ്പില്‍ 16 രാജ്യങ്ങളാണ് മാറ്റുരക്കുക. കഴിഞ്ഞതവണ 12 ടീമുകള്‍ മാത്രമാണ് മത്സരിച്ചത്. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ അല്‍ അഹ്ലി, അല്‍ വാസല്‍ അരീനകളിലും ഫൈനല്‍ റൗണ്ട് ഹംദാന്‍ സ്പോര്‍ട്സ് കോംപ്ളക്സിലുമാണ് നടക്കുക. ആഗസ്റ്റ് എട്ട്, ഒമ്പത്, 11 തീയതികളില്‍ എട്ടു മത്സരങ്ങള്‍ വീതം പ്രാഥമിക ഘട്ടത്തില്‍ അരങ്ങേറും.14ന് ക്വാര്‍ട്ടര്‍ ഫൈനലും 15ന് സെമിയും 16ന് ഫൈനലും നടക്കും. 16 ടീമുകള്‍ നാലു ഗ്രൂപ്പുകളായി മത്സരിക്കും. വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള ടീമുകള്‍ ഇവയാണ്. ആഫ്രിക്ക:അംഗോള, ഈജിപ്ത്.ഏഷ്യ: ചൈന, ഫിലിപ്പൈന്‍സ്, ജപ്പാന്‍. തെക്ക്-വടക്ക് അമേരിക്ക: അര്‍ജന്‍റീന,കാനഡ,പോര്‍ട്ടോറിക്കോ, യു.എസ്.എ. യൂറോപ്പ്: ഫ്രാന്‍സ്,ഗ്രീസ്,ഇറ്റലി,സെര്‍ബിയ, സ്പെയിന്‍.ഓഷ്യാനിയ: ആസ്ട്രേലിയ.ഇവരോടൊപ്പം ആതിഥേയരായി യു.എ.ഇയും മത്സരിക്കും. |
മഴക്കെടുതിയില്‍ ഒറ്റപ്പെട്ട് ഗ്രാമങ്ങള്‍ Posted: 02 Aug 2014 11:19 PM PDT പയ്യന്നൂര്‍: തുടര്‍ച്ചയായി പെയ്യുന്ന മഴക്ക് അല്‍പം ശമനമുണ്ടായെങ്കിലും നാശനഷ്ടങ്ങള്‍ തുടരുകയാണ്. റോഡുകള്‍ തകര്‍ന്ന് പലയിടത്തും ഗതാഗതം തടസപ്പെട്ടു. കൃഷിയിടങ്ങളും താഴ്ന്ന പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. പലയിടത്തും നിരവധി വീടുകള്‍ തകര്‍ന്നു. ചില പ്രദേശങ്ങള്‍ ഇപ്പോഴും ഒറ്റപ്പെട്ടുകിടക്കുകയാണ്. നഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തര സഹായമെത്തിക്കണമെന്ന ആവശ്യം പലകോണുകളില്‍ നിന്നും ശക്തമായി ഉയരുന്നുണ്ട്. മഴ ശക്തമായ മലയോര മേഖലകളില്‍ കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. പെരുമ്പ പുഴ കരകവിഞ്ഞൊഴുകിയതിനെതുടര്‍ന്ന് പുഴയോരത്തെ വള്ളുവ കോളനി ഒറ്റപ്പെട്ടു. റോഡില്‍ വെള്ളംകയറിയതിനെതുടര്‍ന്ന് 42ഓളം കുടുംബങ്ങളാണ് പുറംലോകത്തെത്താന്‍ ബുദ്ധിമുട്ടുന്നത്. പല വീടുകളിലും വെള്ളംകയറി. അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാര്‍പിച്ചു. ദേശീയപാതയില്‍നിന്നും പുഴയോരത്തുകൂടി പോകുന്ന റോഡാണ് വെള്ളത്തിലായത്. പ്രദേശത്തെ അങ്കണവാടി, സാംസ്കാരിക നിലയം എന്നിവിടങ്ങളിലും വെള്ളംകയറി. അങ്കണവാടിയില്‍ സൂക്ഷിച്ച കുട്ടികള്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ വെള്ളംകയറി നശിച്ചു. സംഭവസ്ഥലം ടി.വി. രാജേഷ് എം.എല്‍.എ, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.ചന്ദ്രിക, സെക്രട്ടറി മോഹനന്‍, ജില്ലാ പഞ്ചായത്തംഗം എം. കുഞ്ഞിരാമന്‍, വില്ലേജ് ഓഫിസര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. റോഡുയര്‍ത്തി ടാര്‍ ചെയ്യണമെന്ന് നാട്ടുകാര്‍ എം.എല്‍.എയോട് ആവശ്യപ്പെട്ടു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി പ്രശ്നം ചര്‍ച്ച ചെയ്ത് റോഡുയര്‍ത്തുന്ന കാര്യം പരിഗണിക്കുമെന്ന് എം.എല്‍.എ ഉറപ്പുനല്‍കി. പയ്യന്നൂര്‍ നഗരസഭയിലെ പെരുമ്പ തായത്തുവയലിലും വെള്ളംകയറി നിരവധി വീടുകള്‍ ഭീഷണിയിലാണ്. നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്. അതേസമയം, വണ്ണാത്തിപ്പുഴ കരകവിഞ്ഞ് വെള്ളംകയറിയ കാനായി തോട്ടംകടവില്‍ ശനിയാഴ്ച വെള്ളം ഇറങ്ങിത്തുടങ്ങി. ഇവിടെ മറ്റു വീടുകളിലേക്ക് മാറ്റിപ്പാര്‍പിച്ച കുടുംബങ്ങള്‍ സ്വന്തം വീടുകളിലേക്ക് തിരിച്ചുപോയി. എന്നാല്‍, ഈ പ്രദേശത്ത് വ്യാപകമായ കൃഷിനാശമുണ്ടായി. പലയിടങ്ങളിലും വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുകയാണ്. മഴ തുടര്‍ന്നാല്‍ ദുരന്തം ആവര്‍ത്തിക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. കുറ്റൂര്‍ കണ്ണങ്ങാട് പ്രദേശത്തും വെള്ളമിറങ്ങിത്തുടങ്ങി. മാതമംഗലം മാത്തുവയല്‍ റോഡിലൂടെയുള്ള ഗതാഗതം ശനിയാഴ്ച രാവിലെയോടെ സാധാരണനിലയിലായി. എന്നാല്‍, മാത്തുവയല്‍, കടന്നപ്പള്ളി, കൊക്കോട്ടുവയല്‍ എന്നിവിടങ്ങളില്‍ വന്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. മലയോരത്ത് മഴ പെയ്താല്‍ ഏതു നിമിഷവും ദുരന്തം സംഭവിക്കാം. കൊക്കോട്ടുവയലില്‍ വൈദ്യുതി തൂണ്‍ പൊട്ടി വെള്ളത്തില്‍വീണതിനാല്‍ മാതമംഗലം, കടന്നപ്പള്ളി പ്രദേശങ്ങള്‍ വെള്ളിയാഴ്ച മുതല്‍ ഇരുട്ടിലായിരുന്നു. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് വൈദ്യുതിബന്ധം പുന$സ്ഥാപിച്ചത്. വെള്ളം കയറിയതിനാല്‍ പലയിടങ്ങളിലും കുടിവെള്ളം മുട്ടി. കലക്കുവെള്ളം കിണറിലെത്തിയതാണ് കാരണം. കാനായി തോട്ടംകടവ്, മീങ്കുഴി, എടനാട്, വള്ളുവ കോളനി എന്നിവിടങ്ങളിലാണ് കുടിവെള്ളം മലിനമായത്. എല്ലാ വര്‍ഷവും വെള്ളം കയറാറുണ്ടെങ്കിലും ഇത്ര ദുരന്തം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വെള്ളം മലിനമായതോടെ പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നു. തളിപ്പറമ്പ്: തളിപ്പറമ്പിലും സമീപപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറി. ചപ്പാരപ്പടവ് ടൗണില്‍ കരകവിഞ്ഞ പുഴ നിരവധി കടകളില്‍ വെള്ളം നിറച്ചു. ടൗണ്‍ മുഴുവന്‍ ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. ഇതുവഴിയുള്ള വാഹനഗതാഗതം നിലച്ചു. കടകളിലെയും മറ്റു സ്ഥാപനങ്ങളിലെയും ലക്ഷക്കണക്കിനു വിലമതിക്കുന്ന സാധനങ്ങള്‍ നശിച്ചു. പന്നിയൂര്‍ പുതുക്കണ്ടത്ത് ആക്കല്‍വയല്‍ പാലത്തിന്‍െറ ഒരു തൂണ്‍ വെള്ളപ്പാച്ചിലില്‍ തകര്‍ന്നതോടെ പാലം അപകടഭീഷണിയിലായി. സംസ്ഥാനപാതയില്‍ കരിമ്പം, ഇ.ടി.സി തുടങ്ങിയ ഭാഗങ്ങളിലും വെള്ളംകയറി. കാക്കാത്തോട് ബസ്സ്റ്റാന്‍ഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു. കുപ്പം-മംഗലശ്ശേരി പുഴയിലും വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മഴൂര്‍, മുയ്യം, പള്ളിവയല്‍, വെള്ളാവ് തുടങ്ങിയ സ്ഥലങ്ങളിലും നിരവധി വീടുകള്‍ വെള്ളത്തിനടിയിലാവുകയും ഒറ്റപ്പെടുകയും ചെയ്തു. കിഴക്കേ മഴൂരില്‍ സി.കെ. കൃഷ്ണന്‍, നടുക്കണ്ടി വേലായുധന്‍, കെ.വി. ശിവദാസന്‍, കെ.വി. ശങ്കരന്‍, എന്‍.ശശിധരന്‍, ഒ. കേളു, കെ.വി. നാരായണന്‍ എന്നിവരുടെ വീടുകളില്‍ പൂര്‍ണമായും വെള്ളംകയറി. വീട്ടുകാരെല്ലാം സമീപത്തെ ബന്ധുവീടുകളിലും മറ്റും അഭയംതേടിയിരിക്കുകയാണ്. പള്ളിവയലില്‍ പി. മുഹമ്മദ്കുഞ്ഞി, സി. മറിയം, വി. മൈമൂന എന്നിവരുടെ വീടുകളിലും വെള്ളംകയറി. ഇവരും മാറിതാമസിച്ചിരിക്കുകയാണ്. മിക്ക വീടുകളിലും വെള്ളം കയറിയതിനാല്‍ വീട്ടുപകരണങ്ങള്‍ നശിച്ചു. വെള്ളാവ്, കുറ്റ്യേരി ഭാഗങ്ങളില്‍ വെള്ളംകയറിയതിനാല്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. |
മഴ: ജനജീവിതം ദുരിതപൂര്‍ണം Posted: 02 Aug 2014 10:56 PM PDT ആലപ്പുഴ: ശക്തമായ മഴയെത്തുടര്‍ന്ന് ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ കുറഞ്ഞെങ്കിലും പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ചേര്‍ത്തല താലൂക്കില്‍ നാലും അമ്പലപ്പുഴ താലൂക്കില്‍ ഒമ്പതും ക്യാമ്പുകളാണ് ആരംഭിച്ചത്. ഇരു ക്യാമ്പുകളിലുമായി 1353 കുടുംബങ്ങള്‍ കഴിയുന്നുണ്ട്. ശനിയാഴ്ചയുണ്ടായ ശക്തമായ മഴയിലും കാറ്റിലും മരംവീണ് രണ്ട് വീടുകള്‍ പൂര്‍ണമായും 13 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ചേര്‍ത്തല താലൂക്കില്‍ നാല് വീട് ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കുട്ടനാട് താലൂക്കില്‍ ഒരു വീട് പൂര്‍ണമായും മാവേലിക്കരയില്‍ ഒരു വീട് ഭാഗികമായും അമ്പലപ്പുഴയില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. കാര്‍ത്തികപ്പള്ളി താലൂക്കില്‍ ആറുവീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ചേര്‍ത്തല താലൂക്കിലെ ഒറ്റപ്പുന്നയില്‍ ഇടിമിന്നലേറ്റ് രണ്ട് പശുക്കള്‍ ചത്തു. ശനിയാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പുലര്‍ച്ചെ ആരംഭിച്ച മഴ പിന്നീട് കുറഞ്ഞു. എന്നാല്‍, ആയിരക്കണക്കിന് വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് കാരണം. വീടുകളില്‍ വെള്ളം കയറിയതോടെ ഭക്ഷണം പാകംചെയ്യാന്‍ പോലുമാവാത്ത അവസ്ഥയാണ്. ഇടവഴികളിലും ഗ്രാമീണ റോഡുകളിലും വെള്ളം നിറഞ്ഞതും ജനജീവിതം ദുരിതപൂര്‍ണമാക്കുന്നു. വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്തെ മാലിന്യങ്ങളും രോഗഭീഷണി ഉയര്‍ത്തുന്നുണ്ട്. ആലപ്പുഴ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. പുന്നമട, കുതിരപ്പന്തി, പൂന്തോപ്പ് തുടങ്ങിയ വാര്‍ഡുകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. മണ്ണഞ്ചേരി: കാലവര്‍ഷം കനക്കുകയും വേമ്പനാട്ടുകായലിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്തതോടെ മണ്ണഞ്ചേരി, മുഹമ്മ, തണ്ണീര്‍മുക്കം പ്രദേശങ്ങളിലെ കായലോര മേഖല വെള്ളപ്പൊക്ക ഭീഷണിയിലായി. അശാസ്ത്രീയമായ റോഡുനിര്‍മാണവും തോട് നികത്തിയുള്ള നിര്‍മാണവും കൂടിയായതോടെ മണ്ണഞ്ചേരിയുടെ പടിഞ്ഞാറന്‍ മേഖലയിലെ കുന്നപ്പള്ളി മരോട്ടിച്ചുവട് ഭാഗത്തെ പത്ത് വീടുകളും വെള്ളത്തിലായി. മണ്ണഞ്ചേരി പഞ്ചായത്ത് എച്ചിക്കുഴി, അമ്പലക്കടവ്, ഷണ്‍മുഖം, പുത്തന്‍പറമ്പ്, പൊന്നാട് പ്രദേശങ്ങളും മുഹമ്മ പഞ്ചായത്തിലെ കായിപ്പുറം, പുത്തനങ്ങാടി, തണ്ണീര്‍മുക്കം, നെല്ലത്തോട് പ്രദേശങ്ങളിലുമാണ് വെള്ളം കെട്ടിക്കിടന്ന് ദുരിതംവിതക്കുന്നത്. റോഡുകളും വീടുകളും നിര്‍മിക്കാന്‍ പരമ്പരാഗത തോടുകളും ജലനിര്‍ഗമന മാര്‍ഗങ്ങളും ഗ്രാവലിട്ടും മറ്റും നികത്തിയതാണ് വെള്ളം കെട്ടിക്കിടക്കാന്‍ കാരണം. കായലിലെ ജലനിരപ്പ് ഉയര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ജലനിരപ്പ് ഉയര്‍ന്നതോടെ കായലിലെ മത്സ്യബന്ധനവും കക്കാവാരലും നിലച്ചമട്ടാണ്. കായലോരമേഖല വെള്ളത്തിലായതോടെ വാരുന്ന കക്ക പുഴുങ്ങാനുള്ള സംവിധാനവും നിലച്ചു. ഇതോടെ കായലിനെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലായി. വീടുകളുടെ ചുറ്റും പറമ്പിലും മലിനജലം കെട്ടിക്കിടക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. പടിഞ്ഞാറന്‍ മേഖലയിലെ എ.എസ് കനാല്‍ നിറഞ്ഞ് ഒഴുകുന്നത് കനാല്‍കരയിലെ താമസക്കാര്‍ക്കും ഭീഷണി ഉയര്‍ത്തുന്നു. ഹരിപ്പാട്: കാര്‍ത്തികപ്പള്ളി താലൂക്കില്‍ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരംവീണാണ് വീടുകള്‍ക്ക് നാശം സംഭവിച്ചത്. കുമാരപുരം നീലന്‍െറചിറയില്‍ സുശീല, കാര്‍ത്തികപ്പള്ളി വളവുങ്കല്‍ പൊന്നപ്പന്‍, മഹാദേവികാട് സ്വദേശി ലളിത, പുതുക്കുണ്ടം വാലുപറമ്പില്‍ തങ്കമ്മ, കാര്‍ത്തികപ്പള്ളി വെട്ടുവേനി പരിപ്രാണം രത്നകുമാരന്‍ നായര്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കിഴക്കന്‍ വെള്ളത്തിന്‍െറ വരവ് വര്‍ധിച്ചതോടെ അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ ജലനിരപ്പ് ഉയരുകയാണ്. പ്രദേശത്തെ പല പാടശേഖരങ്ങളിലും മടവീഴ്ചമൂലം കൃഷി നശിച്ചു. വീയപുരം മേല്‍പാടം ആമ്പക്കാട്ട് ചിറയില്‍ രമേശിന്‍െറ വീടിനുമുകളില്‍ ശനിയാഴ്ച ഉച്ചയോടെ ആഞ്ഞിലിമരം കടപുഴകിയെങ്കിലും കാര്യമായ തകരാറില്ല. ഫയര്‍ഫോഴ്സ് എത്തിയാണ് മരം മുറിച്ചുമാറ്റിയത്. തുറവൂര്‍: ശക്തമായ കാറ്റിലും മഴയിലും തുറവൂര്‍, പട്ടണക്കാട് പഞ്ചായത്തുകളില്‍ വ്യാപക നാശം. അഞ്ച് വീടുകള്‍ തകര്‍ന്നു. നൂറുകണക്കിന് വീടുകള്‍ വെള്ളത്തിലായി. തെങ്ങുകളും മരങ്ങളും വാഴകളും ഒടിഞ്ഞും കടപുഴകിയും വീണു. കൃഷികള്‍ വെള്ളംകയറി നശിച്ചു. പറയകാട് പുത്തന്‍തറ നാരായണിയുടെ വീട് മരംവീണ് ഭാഗികമായി തകര്‍ന്നു. വളമംഗലം, പഴമ്പള്ളിക്കാവ് എന്നിവിടങ്ങളിലെ നൂറോളം വീടുകള്‍ വെള്ളത്തിലാണ്. വളമംഗലം എസ്.സി.എസ് ഹൈസ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വല്ലേത്തോട്, ചേരുങ്കല്‍, കരുമാഞ്ചേരി പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ 200ഓളം വീടുകള്‍ വെള്ളത്തിലാണ്. ചങ്ങരം, ഗവ. യു.പി സ്കൂള്‍, എഴുപുന്ന സെന്‍റ് ആന്‍റണീസ് സ്കൂള്‍ എന്നിവിടങ്ങളിലും ക്യാമ്പ് തുറന്നു. കുത്തിയതോട് പഞ്ചായത്തിലെ പടന്നയില്‍, കൂപ്ളിത്തറ, പുത്തന്‍പുരക്കല്‍, മംഗലത്ത്, പൊന്‍പുറം, പാടത്ത്, കണ്ണാട്ട്, ഇരുമ്പന്‍ചിറ കോളനി, വടക്കത്തേലക്കല്‍, തഴുപ്പ്, രാമനേഴത്ത്, പാട്ടുകുളങ്ങര കോളനി, എന്‍.സി.സി റോഡിന് വടക്കുഭാഗങ്ങള്‍, നായില്ലത്തുകോളനി, ചാലാപ്പള്ളി കോളനി, തട്ടാപറമ്പ് കോളനി, കണ്ണേക്കാട്ട്, ചാവടി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളും വെള്ളത്തിലാണ്. വെള്ളക്കെട്ട് ഒഴിവാക്കാന്‍ വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് തുറവൂര്‍ റെയില്‍വേസ്റ്റേഷന്‍-കാനാപറമ്പ് റോഡ് കുത്തിപ്പൊളിച്ചത് വാഹനയാത്രക്കാര്‍ക്ക് ദുരിതമായി. |
ആദിവാസി ഭവനനിര്‍മാണ പദ്ധതി കുടുംബശ്രീയെ ഏല്‍പിക്കും –മന്ത്രി Posted: 02 Aug 2014 10:48 PM PDT കല്‍പറ്റ: ആദിവാസി സമ്പൂര്‍ണ ഭവന പദ്ധതി നടപ്പാക്കുന്നതിന്‍െറ ചുമതല കുടുംബശ്രീയെ ഏല്‍പിക്കുമെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. ജനാധിപത്യ സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്ക് ഇന്ന് ലഭിക്കുന്ന നിര്‍ണായക സ്ഥാനം കുടുംബശ്രീയുടെ 16 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഗുണഫലമാണെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ 16ാം വര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി ജില്ലാതല വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പട്ടികവര്‍ഗ വികസന വകുപ്പിന്‍െറ ശതദിന പദ്ധതി ഭംഗിയായി നടപ്പാക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു. സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിന് ഊരുത്സവം പോലുള്ള മറ്റു പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ കഴിയണം. ചെറുകിട സൂക്ഷ്മ സംരംഭ പദ്ധതികള്‍ക്കൊപ്പം വലിയ പദ്ധതികളും പ്രാവര്‍ത്തികമാക്കാന്‍ കുടുംബശ്രീ മുന്‍കൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു. അടുക്കളയില്‍ ഒതുങ്ങിയിരുന്ന സ്ത്രീകളെ അരങ്ങിലെ പ്രധാനിയാക്കുന്നതില്‍ കുടുംബശ്രീ വഹിച്ച പങ്ക് നിര്‍ണായകമാണ്. ഇന്ന് നാടിന്‍െറ വികസന പുരോഗതി നിര്‍ണയിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപവത്കരണത്തില്‍പോലും കുടുംബശ്രീ അംഗങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നു. മന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് കുടുംബശ്രീയിലെ തന്‍െറ പരിചയം വളരെയേറെ ഗുണംചെയ്തുവെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം എം.ഐ. ഷാനവാസ് എം.പി. നിര്‍വഹിച്ചു. എസ്.ജെ.എസ്.വൈ പദ്ധതിയുടെ സബ്സിഡി വിതരണം കല്‍പറ്റ നഗരസഭക്ക് നല്‍കി അദ്ദേഹം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീക്ക് മികച്ച പിന്തുണ നല്‍കിയ ബാങ്കുകള്‍ക്ക് കല്‍പറ്റ നഗരസഭാ ചെയര്‍മാന്‍ പി.പി. ആലിയും മികച്ച ലിങ്കേജ് നടത്തിയ സി.ഡബ്ള്യു.എസുകള്‍ക്ക് കല്‍പറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. അനില്‍കുമാറും ഉപഹാരം നല്‍കി. ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ മുംതാസ് കാസിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പനമരം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വത്സ ചാക്കോ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജന പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ പി.പി. മുഹമ്മദ് സ്വാഗതവും പി.കെ. സുഹൈല്‍ നന്ദിയും പറഞ്ഞു. |
No comments:
Post a Comment