സ്വാഗതം
WELCOME

News Update..

Tuesday, August 26, 2014

കാട് പടര്‍ന്ന പരിസരവും പൂക്കളില്ലാ ഉദ്യാനവും; ശോഭ നഷ്ടപ്പെട്ട് നെയ്യാര്‍ഡാം Madhyamam News Feeds

കാട് പടര്‍ന്ന പരിസരവും പൂക്കളില്ലാ ഉദ്യാനവും; ശോഭ നഷ്ടപ്പെട്ട് നെയ്യാര്‍ഡാം Madhyamam News Feeds

Link to

കാട് പടര്‍ന്ന പരിസരവും പൂക്കളില്ലാ ഉദ്യാനവും; ശോഭ നഷ്ടപ്പെട്ട് നെയ്യാര്‍ഡാം

Posted: 26 Aug 2014 12:30 AM PDT

കാട്ടാക്കട: കാട് പടര്‍ന്ന പരിസരം, പേരിനുപോലും പൂക്കളില്ലാത്ത ഉദ്യാനം, ഭംഗിനഷ്ടപ്പെട്ടതും അംഗഭംഗം നേരിട്ടതുമായ ശില്‍പങ്ങള്‍, ചാറ്റല്‍ മഴയത്ത് പോലും ചോര്‍ന്നൊലിക്കുന്ന വിശ്രമ കൂടാരങ്ങള്‍, ഒരുകാലത്ത് വിനോദസഞ്ചാരികളുടെ പറുദീസയായ നെയ്യാര്‍ഡാം വിനോദസഞ്ചാരകേന്ദ്രത്തിന് ഇന്ന് പറയാന്‍ ദയനീയ കഥകള്‍ മാത്രം.
ഒരു ദശാബ്ദമായി നെയ്യാര്‍ഡാം ഉദ്യാനത്തിനും അണക്കെട്ടിനുമൊക്കെ ചിലവിട്ടത് കോടികളാണ്.13 ഹെക്ടറോളം വിസ്തീര്‍ണമുള്ള ഇവിടത്തെ ഉദ്യാനത്തിലെ ചെടികള്‍ക്ക് വെള്ളം നനക്കാനും വളം ഇടുന്നതിനും വര്‍ഷംതോറും ലക്ഷങ്ങള്‍ ചെലവിടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഓണക്കാലത്തിനു മുമ്പ് മുഖം മിനുക്കുന്നതൊഴിച്ചാല്‍ വേറൊരു ജോലിയും ചെയ്യുന്നില്ളെന്ന് സഞ്ചാരികള്‍ പറയുന്നു.പ്രശസ്ത ശില്‍പി രാജാറാം രൂപ കല്‍പന ചെയ്ത ജീവന്‍ തുടിക്കുന്ന പ്രതിമകളാണ് നെയ്യാര്‍ഡാമിലെ ഉദ്യാനത്തിലുണ്ടായിരുന്നത്. കെട്ടിടങ്ങള്‍ പെയിന്‍റ് ചെയ്യുന്ന തൊഴിലാളികളാണത്രെ പ്രതിമകളില്‍ ചായം തേക്കുന്നത്. ഇതോടെ പ്രതിമകളുടെ പ്രഭ മങ്ങി.
നെയ്യാര്‍ഡാമിലെ ഉദ്യാനം ഇപ്പോള്‍ കാടുകയറി പാമ്പുകളുടെയും മറ്റ് ഇഴ ജന്തുക്കളുടെയും തെരുവ് നായകളുടെയും താവളമാണ്. സഞ്ചാരികള്‍ക്ക് ഹരം പകര്‍ന്നിരുന്ന സംഗീത ജലധാര വര്‍ഷങ്ങളായി പ്രവര്‍ത്തനം നിലച്ചു. ഉദ്യാനത്തില്‍ കുടിവെള്ളം ലഭ്യമാക്കണമെന്ന സഞ്ചാരികളുടെ ആവശ്യം പോലും ഇതേവരെ പരിഹരിക്കാനായിട്ടില്ല. നെയ്യാറിലത്തെുന്നവര്‍ക്ക് വിവരങ്ങള്‍ നല്‍കിയിരുന്ന ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ അടച്ചുപൂട്ടിയിട്ട് വര്‍ഷങ്ങളായി. ലക്ഷങ്ങള്‍ ചെലവിട്ട് വാങ്ങിയ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് വര്‍ഷത്തില്‍ ഒന്നോ രണ്ടോ ദിവസം. ഈ ജനറേറ്റര്‍ നവീകരണത്തിന് ചെലവിടുന്നതാകട്ടെ ലക്ഷങ്ങളും. വൈദ്യുതി നിലച്ചാല്‍ ഉദ്യാനത്തില്‍ വെളിച്ചം നല്‍കുന്നതിനും ജലസംഭരണിയില്‍ വെള്ളം നിറയുമ്പോള്‍ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിനുമാണ് ജനറേറ്റര്‍ സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ഇത് വര്‍ഷങ്ങളായി പ്രവര്‍ത്തിപ്പിക്കാറില്ല. സഞ്ചാരികള്‍ക്കുള്ള ശൗചാലയം കരാറുകാരനാണ് നല്‍കിയിരിക്കുന്നത്. എങ്കിലും പ്രതിദിനം 550 രൂപ ചെലവില്‍ ശൗചാലയ ശുചീകരണത്തിനായി ജോലിക്കാരെ നിയോഗിച്ചിട്ടുണ്ട്. ഡാം ജീവനക്കാര്‍ക്ക് താമസിക്കാനായി നിര്‍മിച്ച 18 ക്വാര്‍ട്ടേഴ്സുകളില്‍ വര്‍ഷങ്ങളായി ജീവനക്കാരില്ല. എങ്കിലും വര്‍ഷം തോറും മെയിന്‍റനന്‍സിന് ലക്ഷങ്ങളാണ് ചെലവിടുന്നത്. ജീവനക്കാര്‍ ഉപേക്ഷിച്ച ക്വാര്‍ട്ടേഴ്സുകള്‍ നവീകരിച്ച് സഞ്ചാരികള്‍ക്ക് നല്‍കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും നടപ്പായിട്ടില്ല്ള.
അണക്കെട്ടും ഉദ്യാനവും സംരക്ഷിക്കാന്‍ രാത്രി കാവലിന് ഒരാള്‍ മാത്രമാണുള്ളത്. സീസണ്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ഗേറ്റ് പിരിവാണ് പ്രധാന ജോലി. ഉദ്യാനം സംരക്ഷിക്കേണ്ടതിനു പകരം ഇപ്പോള്‍ പാര്‍ക്കില്‍ മുയല്‍ വളര്‍ത്തല്‍കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. ഇതിന് മുയല്‍ പാര്‍ക്ക് എന്ന് പേരുമിട്ട് നെയ്യാര്‍ഡാമില്‍ പുതിയ പദ്ധതിക്ക് തുടക്കമിട്ടു.
നെയ്യാര്‍ഡാം ഇറിഗേഷന്‍െറ അധീനതയില്‍ കുട്ടികള്‍ക്കായി ഒരു പാര്‍ക്കുമുണ്ട്.ഇവിടത്തെ കളിക്കോപ്പുകള്‍ പലതും തുരുമ്പെടുത്ത് നാമാവശേഷമായി. ചിലതൊക്കെ ഇളകിക്കിടക്കുകയാണ്. കളിക്കോപ്പുകളുടെ അശാസ്ത്രീയമായ നിര്‍മാണമാണ് പലപ്പോഴും പാര്‍ക്കിലത്തെുന്ന കുട്ടികളില്‍ അപകടത്തിനിടയാക്കുന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച കുട്ടികളുടെ സൈക്കിള്‍ പാര്‍ക്കും തകര്‍ച്ചയിലാണ്. കുട്ടികളില്‍ ട്രാഫിക് അവബോധം ലക്ഷ്യമിട്ട് ലക്ഷങ്ങള്‍മുടക്കി പണിത പാര്‍ക്ക് കാടു കയറി. ട്രാഫിക് സിഗ്നലുകളും സൈക്കിളുകളും നശിച്ചു. വെള്ളം ഒഴുകുന്ന കനാലിന് വര്‍ഷം തോറും നവീകരണത്തിന് ചെലവിടുന്നത് കോടികളാണ്. ഒരിക്കല്‍ ചെയ്തിടത്ത് തന്നെ വീണ്ടും പണിചെയ്താണത്രെ പണം തട്ടുന്നത്.
നെയ്യാര്‍ഡാമിലത്തെുന്ന സഞ്ചാരികള്‍ അന്തിയുറങ്ങിയിരുന്ന റിസോര്‍ട്ടുകളും പ്രോജക്ട് ഹൗസുകളും ഉദ്യോഗസ്ഥരുടെ വേണ്ടപ്പെട്ടവര്‍ക്കും നേതാക്കള്‍ക്കും മാത്രമാണ് നിലവില്‍ പ്രയോജനപ്പെടുന്നത്. ഒരു കാലത്ത് വിവാഹങ്ങള്‍ നടത്താന്‍ നിര്‍ധനര്‍ക്ക് വളരെ ആശ്വാസമായിരുന്ന പിക്നിക് ഹാള്‍ നാമാവശേഷമായി. പാര്‍ക്കുകളും ഉദ്യാനങ്ങളും സംരക്ഷിക്കുമെന്നും നവീകരിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങളല്ലാതെ യാതൊന്നും ഇവിടെ നടക്കുന്നില്ളെന്ന് ആരോപണമുണ്ട്.

കുന്നുകുഴി അറവുശാല നവീകരണം; മൂന്ന് കമ്പനികള്‍ രംഗത്ത്

Posted: 26 Aug 2014 12:30 AM PDT

തിരുവനന്തപുരം: കുന്നുകുഴി അറവുശാല നവീകരണത്തിന് താല്‍പര്യമറിച്ച് മൂന്ന് കമ്പനികള്‍ രംഗത്ത്. രണ്ട് കമ്പനികള്‍ മുംബൈയില്‍നിന്നും ഒരെണ്ണം ലഖ്നോവില്‍നിന്നുമാണ് പ്രോജക്ട് സമര്‍പ്പിച്ചിരിക്കുന്നത്.
അറവുശാലകള്‍ ആധുനീകരിക്കുന്നതിന്‍െറ ഭാഗമായാണ് തിരുവനന്തപുരം നഗരസഭക്ക് കീഴിലെ കുന്നുകുഴി അറവുശാലയുടെ നവീകരണ നടപടികളും ആരംഭിച്ചത്. ഇതുസംബന്ധിച്ച് നഗരസഭ പുറപ്പെടുവിച്ച താല്‍പര്യപത്രത്തിനാണ് അനുകൂല നിലപാടുമായി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് കമ്പനികള്‍ രംഗത്തത്തെിയത്. കമ്പനിയുടെ വിശദാംശങ്ങളും മറ്റും നഗരസഭയുടെ ആരോഗ്യവിഭാഗം പരിശോധിച്ചുവരുകയാണ്. താല്‍പര്യപത്രം സമര്‍പ്പിക്കാനുള്ള അവസാന ദിവസം 18 ആയിരുന്നു.
അറവുശാലയുടെ ആധുനീകരണത്തില്‍ നഗരസഭ പ്രധാനമായും മുന്‍ഗണന നല്‍കുന്നത് മാംസസംസ്കരണത്തിനും മാലിന്യനിര്‍മാര്‍ജനത്തിനുമാണ്. നഗരസഭ അനുവദിച്ചിരിക്കുന്ന ഫണ്ട് നാലുകോടി രൂപയാണ്. എന്നാല്‍, കമ്പനികള്‍ 10 മുതല്‍13 കോടിവരെ ചെലവ് പ്രതീക്ഷിക്കുന്ന നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചിരിക്കുന്നതത്രെ. ഏറ്റവും അനുയോജ്യവും നിക്ഷേപം ആവശ്യമില്ലാത്തതുമായ പ്രോജക്ടിനായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് നഗരസഭ ആരോഗ്യവിഭാഗം വ്യക്തമാക്കി. പ്ളാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് നഗരസഭയുടെ നാലുകോടി രൂപ അനുവദിച്ചിരിക്കുന്നത്. കമ്പനികളുടെ പ്രോജക്ട് നടപ്പാക്കുന്നതിന് കേന്ദ്ര ഫണ്ടില്‍നിന്ന് പണം അനുവദിക്കാനും സാധ്യതയുണ്ട്. നഗരസഭയുടെ ആരോഗ്യവിഭാഗത്തിന് ലഭിച്ചിരിക്കുന്ന പ്രോജക്ടുകള്‍ പരിശോധിച്ച് ഒരാഴ്ചക്കകം തീരുമാനമെടുക്കുമെന്ന് നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ എസ്. പുഷ്പലത പറഞ്ഞു.
കുന്നുകുഴിയിലെ അറവുശാലയുടെ ആധുനീകരണവുമായി ബന്ധപ്പെട്ട് നഗരസഭ കൊച്ചിയില്‍ നടന്ന പാര്‍ട്ണര്‍ കേരളയില്‍ പ്രോജക്ട് സമര്‍പ്പിച്ചിരുന്നെങ്കിലും ഏറ്റെടുക്കാന്‍ കമ്പനികള്‍ മുന്നോട്ടു വന്നില്ല.
തുടര്‍ന്ന് ജൂലൈയിലാണ് വീണ്ടും താല്‍പര്യപത്രം ക്ഷണിക്കുന്നത്.
മാംസമാലിന്യം കുഴിച്ചിടാനും മറ്റു സ്ഥലങ്ങളിലേക്ക് വാഹനങ്ങളില്‍ കൊണ്ടുപോകാനും പാടില്ളെന്ന് താല്‍പര്യപത്രത്തില്‍ കമ്പനികള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആധുനീകരണത്തിന്‍െറ ഭാഗമായി സ്ഥാപിക്കുന്ന യന്ത്രങ്ങള്‍ക്ക് 20 വര്‍ഷത്തെ പരിപാലനം ഉറപ്പാക്കണമെന്നും നിര്‍ദേശം വെച്ചിട്ടുണ്ട്.
2013ലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ നിര്‍ദേശപ്രകാരം നഗരസഭയുടെ കീഴിലെ കുന്നുകുഴി അറവുശാല പൂട്ടിയത്.
മാലിന്യസംസ്കരണം ശരിയായ രീതിയില്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി.

പൈനാപ്പിള്‍ കൃഷിക്കെതിരായ പ്രചാരണം; പിന്നില്‍ റബര്‍ കര്‍ഷകര്‍ –കൃഷിമന്ത്രി

Posted: 26 Aug 2014 12:08 AM PDT

തൃശൂര്‍: സംസ്ഥാനത്തെ പൈനാപ്പിള്‍ കൃഷി തകര്‍ക്കാനുള്ള പ്രചാരണങ്ങള്‍ക്ക് പിന്നില്‍ റബര്‍ കര്‍ഷകരാണെന്ന് കൃഷിമന്ത്രി കെ.പി.മോഹനന്‍. പൈനാപ്പിള്‍ കൃഷിയില്‍ അമിത കീടനാശിനി പ്രയോഗമുണ്ടെന്നും ആരോഗ്യത്തിന് ഹാനികരമാണെന്നുമുള്ള പ്രചാരണം നടത്തുന്നത് ഇവരാണ്. കാര്‍ഷിക സര്‍വകലാശാലയും പൈനാപ്പിള്‍ മിഷനും കൃഷിവകുപ്പും സംയുക്തമായി സര്‍വകലാശാലയില്‍ സംഘടിപ്പിച്ച സുരക്ഷിത പൈനാപ്പിള്‍ കൃഷി ദേശീയ ശില്‍പശാലയുടെ ഉദ്ഘാടനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
പൈനാപ്പിള്‍ കൃഷിയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. പൈനാപ്പിള്‍ കൃഷിയില്‍ കേരളം രണ്ടാം സ്ഥാനത്താണ്. 13,000 ഹെക്ടറില്‍ കൃഷിയുണ്ട്. ഇത് 15,000 ഹെക്ടറിലേക്ക് വ്യാപിപ്പിക്കും. കാര്‍ഷിക സര്‍വകലാശാലയിലെ ഒഴിഞ്ഞു കിടക്കുന്ന പത്തേക്കറില്‍ പൈനാപ്പിള്‍ കൃഷി ആരംഭിക്കും.
ഇതോടൊപ്പം സംസ്കരണകേന്ദ്രവും തുടങ്ങും. പൈനാപ്പിള്‍ കര്‍ഷകരുടെ ആശങ്കകള്‍ ദൂരീകരിക്കാനുള്ള കര്‍മപരിപാടികള്‍ തയാറാക്കാന്‍ സെപ്റ്റംബര്‍ മൂന്നിന് തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ട്. പൈനാപ്പിളില്‍ ഉപയോഗിക്കുന്ന ഹോര്‍മോണ്‍ ദോഷകരമാണെന്ന് ഇതുവരെ കണ്ടത്തെിയിട്ടില്ല. ഇത് ഒരുതരത്തിലും ആരോഗ്യത്തിന് ഹാനികരവുമല്ല. ഈ വസ്തുത പൊതുസമൂഹത്തെ ധരിപ്പിക്കാന്‍ ശാസ്ത്രസമൂഹം മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചില പ്രാദേശിക താല്‍പര്യങ്ങളാണ് പൈനാപ്പിള്‍ കൃഷിക്കെതിരായ പ്രചാരണങ്ങള്‍ക്ക് കാരണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജോസഫ് വാഴക്കന്‍ എം.എല്‍.എ പറഞ്ഞു.
കാര്‍ഷിക സര്‍വകലാശാലയുടെ അംഗീകാരമില്ലാത്ത ഒരു കീടനാശിനിയും പൈനാപ്പിള്‍ കൃഷിയില്‍ പ്രയോഗിക്കുന്നില്ല. കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറ സ്ഥലം ലഭ്യമാക്കണം. പൈനാപ്പിളിന്‍െറ താങ്ങുവില 25 രൂപയാക്കണമെന്നും കൃഷിക്ക് 70 ശതമാനം സബ്സിഡി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മികച്ച കോഴ്സ് ഡയറക്ടര്‍ക്കുള്ള പുരസ്കാരം ഡോ.യു. ജയകുമാരന്‍, ഡോ. ഷൈനി ജോസഫ്, ഡോ. എ.ലത എന്നിവര്‍ക്ക് മന്ത്രി സമ്മാനിച്ചു. എം.പി.വിന്‍സെന്‍റ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
വൈസ് ചാന്‍സലര്‍ ഡോ. പി.രാജേന്ദ്രന്‍, വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടര്‍ ഡോ. പി.വി.ബാലചന്ദ്രന്‍, കൃഷി ഡയറക്ടര്‍ അജിത്കുമാര്‍, ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ.ടി.ആര്‍.ഗോപാലകൃഷ്ണന്‍, വാഴക്കുളം അഗ്രോ ഫ്രൂട്ട് പ്രൊസസിങ് ഡയറക്ടര്‍ പ്രേംനാഥ്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ഡോ. കെ.പ്രതാപന്‍ എന്നിവര്‍ സംസാരിച്ചു.
കള നിയന്ത്രണം, രോഗനിയന്ത്രണം, പൈനാപ്പിളിലെ ഹോര്‍മോണ്‍ പ്രയോഗം, പൈനാപ്പിള്‍ സംസ്കരണം, റബര്‍ തോട്ടത്തിലെ പൈനാപ്പിള്‍ കൃഷി, പൈനാപ്പിള്‍ കയറ്റുമതി തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ളാസെടുത്തു.

സഹോദരങ്ങള്‍ക്ക് സഹപാഠികളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Posted: 25 Aug 2014 11:52 PM PDT

ആലത്തൂര്‍: പഴമ്പാലക്കോട് കൂമ്പന്‍ കടവില്‍ ഞായറാഴ്ച മുങ്ങിമരിച്ച സഹോദരങ്ങള്‍ക്ക് സഹപാഠികളുടെയും നാട്ടുകാരുടെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പഴമ്പാലക്കോട് എസ്.എം.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥി ഗോകുല്‍ദാസ്, ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി രാഹുല്‍ എന്നിവര്‍ക്കാണ് ഗ്രാമം ഒന്നാകെ ആദരാഞ്ജലി അര്‍പ്പിച്ചത്.
ക്രസന്‍റ് ആശുപത്രിയില്‍നിന്ന് തിങ്കളാഴ്ച രാവിലെ 8.30 ഓടെ അശ്വിനിയുടെ മൃതദേഹം ബംഗളൂരു കമ്മനഹള്ളിയിലേക്കും ഗോകുലുന്‍െറയും രാഹുലിന്‍െറയും മൃതദേഹങ്ങള്‍ 9.30 ന് പഴമ്പാലക്കോട്ടേക്കും കൊണ്ടുപോയി. പത്തുമണിയോടെ കുട്ടികള്‍ പഠിക്കുന്ന സ്കൂളിലത്തെിച്ച മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു. വിദ്യാര്‍ഥികളടക്കം ആയിരങ്ങള്‍ മൃതദേഹങ്ങള്‍ ഒരുനോക്കുകാണാനത്തെി. 11ന് മൃതദേഹങ്ങള്‍ പഴമ്പാലക്കോട് വാണിയത്തറയിലെ 'ദേവീകൃപ' വീട്ടിലത്തെിച്ചു. അവിടെ ഉച്ചക്ക് ഒന്നുവരെ പൊതുദര്‍ശനത്തിന് വെച്ച ശേഷം പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍ സംസ്കരിച്ചു. പി.കെ. ബിജു എം.പി, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിരാ ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. അനിത, ഹെഡ്മിസ്ട്രസ്, ഷാജി പീറ്റര്‍, പ്രിന്‍സിപ്പല്‍ ഗീത, പി.ടി.എ പ്രസിഡന്‍റ്, ബാലകൃഷ്ണന്‍, മുന്‍പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.എം. സിദ്ദീഖ്, എം.എ. അനില്‍ കുമാര്‍, ബ്ളോക് പഞ്ചായത്ത് അംഗം എം. സഹദ്, വാര്‍ഡ് മെംബര്‍മാരായ പുഷ്പലത, സാവിത്രി, എം.എം.എ. ബക്കര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാനത്തെി.

ഒടുവില്‍ ഒബാമ തിരികെയെത്തി, ടിഫാനിയുടെ അരികിലേക്ക്

Posted: 25 Aug 2014 11:49 PM PDT

Image: 

വാഷിങ്ടണ്‍: പെന്‍സില്‍വാനിയയിലെ ടിഫാനി ബ്രൂസ് എന്ന ആ വീട്ടമ്മക്ക് ഇനി ധൈര്യമായി ഉറങ്ങാം. തന്‍െറ പ്രിയപ്പെട്ട ഒബാമ പ്രതിമ  ഒടുവില്‍ തിരിച്ചു ലഭിച്ചിരിക്കുന്നു. പെന്‍സില്‍വാനിയയിലെ തന്നെ ഒരു പാര്‍ക്കില്‍ നിന്നാണ് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമയുടെ കാണാതായ പ്രതിമ കണ്ടത്തെിയിരിക്കുന്നത്. കൈയില്‍ നല്ല ചായയുമായി പാര്‍ക്കിലിരിക്കുന്ന പ്രസിഡന്‍റിനെ ഒരു മത്സ്യതൊഴിലാളിയാണ് ആദ്യം കണ്ടത്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് വീട്ടില്‍ നിന്നും  പ്രതിമ ആരോ അടിച്ചുമാറ്റിയത്.ഒരു ഫര്‍ണിച്ചര്‍ കടയില്‍ നിന്നും വാങ്ങിയ പ്രതിമ നഷ്ടപ്പെട്ടപ്പോള്‍ ഈ സ്ത്രീക്കുണ്ടായ നിരാശ പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തിരുന്നു. തന്നെ കളിപ്പിക്കാനായി ആരെങ്കിലും ചെയ്തതായിരിക്കുമെന്നായിരുന്നു ഇവര്‍ ആദ്യം കരുതിയിരുന്നത്. പ്രതിമയുടെ പ്രശസ്തി കാരണം മോഷ്ടാക്കള്‍ക്ക് ഇത് വിട്ടു കൊടുക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളുമുണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസം പാര്‍ക്കിലെ ഡാമിനടുത്ത് നിന്നാണ് പ്രതിമ കണ്ടത്തെിയത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. അങ്ങനെ ഒരു വര്‍ഷത്തെ ഇടവേളക്കു ശേഷം അപ്രതീക്ഷിതമായി ലഭിച്ച ഒബാമ പ്രതിമ വീണ്ടും ടിഫാനി ബ്രൂസിന്‍െറ വീട്ടിലേക്ക് കൊണ്ടു വന്നു.

സിറിയയില്‍ ഐ.എസിനെതിരെ അമേരിക്ക സൈനിക നടപടിക്കൊരുങ്ങുന്നു

Posted: 25 Aug 2014 11:45 PM PDT

Image: 

വാഷിങ്ടണ്‍: സിറിയയില്‍ സുന്നി സായുധ വിഭാഗമായ ഐ.എസിനെതിരെ ആക്രമണത്തിന് മുന്നോടിയായി വ്യോമ നിരീക്ഷണം നടത്താന്‍ യു.എസ് പ്രസിഡന്‍റ് ഒബാമ അനുമതി നല്‍കി. ഇറാഖില്‍ ഇതിനകം തന്നെ ഐ.എസിനെതിരെ അമേരിക്ക വ്യോമാക്രമണം ആരംഭിച്ചിട്ടുണ്ട്. സുന്നി സായുധ വിഭാഗമായ ഐ.എസ് വടക്കന്‍ ഇറാഖിന്‍െറയും കിഴക്കന്‍ സിറിയയുടെയും നിയന്ത്രണം കൈക്കലാക്കി ഇസ്ലാമിക് സ്റ്റേറ്റ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം സിറിയയിലെ അസദ് സര്‍ക്കാറിനെ അറിയിക്കാതെയായിരിക്കും അമേരിക്ക ആക്രമണം നടത്തുക. ഐ.എസിനെ ആക്രമിക്കുന്നത് ബശാര്‍ അസദ് ഭരണകൂടത്തിന് സഹായകമാവാതിരിക്കാനും അമേരിക്ക ശ്രദ്ധിക്കുന്നുണ്ട്. ശിയ വിഭാഗക്കാരനായ ബശാര്‍ അസദ് നേതൃത്വം നല്‍കുന്ന ഭരണകൂടത്തിനെതിരെ സര്‍ക്കാര്‍ വിരുദ്ധ സമരം സിറിയയില്‍ ശക്തമാണ്.
സിറിയയിലെ ഐ.എസ് ശക്തികേന്ദ്രങ്ങളെ കുറിച്ച് നിരീക്ഷിക്കാന്‍ ചാര വിമാനങ്ങളും ആളില്ലാ ഡ്രോണുകളും അയക്കാനാണ് ഒബാമ അനുമതി നല്‍കിയത്.

കാലിക്കറ്റ് സിന്‍ഡിക്കേറ്റിന്‍െറ വിവാദ മിനുട്സ് പിന്‍വലിച്ചു

Posted: 25 Aug 2014 11:41 PM PDT

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിലെ സംഘര്‍ഷത്തിനു ഇടയാക്കിയ വിവാദ മിനുട്സ് പിന്‍വലിച്ചു. വ്യക്തിതാല്‍പര്യങ്ങളാണ് രണ്ട് സിന്‍ഡിക്കേറ്റംഗങ്ങളെ നയിക്കുന്നതെന്ന് പരാമര്‍ശിക്കുന്ന ജൂലൈ19ന്‍െറ യോഗ മിനുട്സാണ് നീക്കം ചെയ്തത്.
സംഘര്‍ഷം നടന്ന ആഗസ്റ്റ് 18ന്‍െറ മിനുട്സ് ഇറങ്ങിയപ്പോഴാണ് വിവാദ ഭാഗം നീക്കിയെന്ന് വ്യക്തമായത്. സിന്‍ഡിക്കേറ്റംഗങ്ങളായ പി.എം. നിയാസ്, വി.പി. അബ്ദുല്‍ ഹമീദ് എന്നിവരെ പേരെടുത്ത് വിമര്‍ശിക്കുന്നതായിരുന്നു മിനുട്സ്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് സിന്‍ഡിക്കേറ്റംഗങ്ങളായ ഇവര്‍ വി.സിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കയാണെന്നും സ്വജനപക്ഷപാതം, പകപോക്കല്‍ തുടങ്ങിയവയാണ് ഇരുവരെയും നയിക്കുന്നതെന്നുമാണ് മിനുട്സില്‍ രേഖപ്പെടുത്തിയിരുന്നത്. രജിസ്ട്രാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വി.സിയുടെ പേരിലാണ് വിവാദ മിനുട്സ് ഇറക്കിയിരുന്നത്. ആഗസ്റ്റ് 18ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിന്‍െറ ആദ്യ അജണ്ട മുന്‍യോഗത്തിന്‍െറ മിനുട്സ് അംഗീകരിക്കലായിരുന്നു. വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്ന് അംഗങ്ങളില്‍ ഭൂരിപക്ഷവും ആവശ്യപ്പെട്ടു. കടുത്ത വാക്കേറ്റവും തെറിവിളിയും അംഗങ്ങള്‍ നടത്തിയതോടെ എല്ലാം പാസാക്കിയെന്ന് പ്രഖ്യാപിച്ച് വി.സി യോഗനടപടികള്‍ അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചു.പുറത്തേക്കിറങ്ങിയ വി.സിയെ സിന്‍ഡിക്കേറ്റംഗങ്ങള്‍ തടഞ്ഞത് കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു. വി.സിക്കും പ്രൊ. വി.സിക്കും ഒരു സിന്‍ഡിക്കേറ്റംഗത്തിനും പരിക്കേറ്റ സംഭവത്തില്‍ രണ്ട് സിന്‍ഡിക്കേറ്റംഗങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍െറ ഇടപെടലാണ് വിവാദ മിനുട്സ് പിന്‍വലിക്കാന്‍ ഇടയാക്കിയത്.

കൃഷിനാശം 37.64 ഹെക്ടറില്‍; ക്യാമ്പുകളില്‍ 886 പേര്‍

Posted: 25 Aug 2014 11:30 PM PDT

പത്തനംതിട്ട: ജില്ലയില്‍ 20 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 218 കുടുംബങ്ങളിലെ 886 പേര്‍. തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകളുള്ളത്. 16 എണ്ണം. 195 കുടുംബങ്ങളിലെ 779 പേരെ ഇവിടെ പാര്‍പ്പിച്ചിരിക്കുന്നു. മല്ലപ്പള്ളി താലൂക്കില്‍ മൂന്നും കോഴഞ്ചേരി താലൂക്കില്‍ ഒരു ക്യാമ്പും തുടരുന്നു. മല്ലപ്പള്ളി താലൂക്കില്‍ മൂന്ന് ക്യാമ്പുകളിലായി 17 കുടുംബങ്ങളിലെ 76 പേരും കോഴഞ്ചേരി താലൂക്കില്‍ ഒരു ക്യാമ്പില്‍ ആറു കുടുംബങ്ങളിലെ 31 പേരും കഴിയുന്നു.
തിരുവല്ല താലൂക്കിലെ കവിയൂര്‍ വില്ളേജിലെ പടിഞ്ഞാറ്റുശേരി ജി.എല്‍.പി.എസില്‍ 13 കുടുംബങ്ങളിലെ 50 പേരും തോട്ടഭാഗം ഗവ. എല്‍.പി.എസില്‍ നാലു കുടുംബങ്ങളിലെ 25 പേരും കുറ്റപ്പുഴ വില്ളേജിലെ തിരുമൂലപുരം കമ്യൂണിറ്റി ഹാളില്‍ 10 കുടുംബങ്ങളിലെ 42 പേരും ചുമത്ര യു.പി സ്കൂളില്‍ 16 കുടുംബങ്ങളിലെ 68 പേരും തോട്ടപ്പുഴശേരി വില്ളേജിലെ നെടുമ്പ്രയാര്‍ എം.ടി.എല്‍.പി.എസില്‍ എട്ട് കുടുംബങ്ങളിലെ 27 പേരും തിരുവല്ല വില്ളേജിലെ തുകലശേരി സി.എം.എസ്.എല്‍.പി.എസില്‍ 10 കുടുംബങ്ങളിലെ 33 പേരും നെടുമ്പ്രം വില്ളേജിലെ കമ്യൂണിറ്റി ഹാളില്‍ 13 കുടുംബങ്ങളിലെ 44 പേരും കല്ലുങ്കല്‍ എം.ഡി.എല്‍.പി.എസില്‍ 11 കുടുംബങ്ങളിലെ 48 പേരും ഇരവിപേരൂര്‍ വില്ളേജിലെ നന്നൂര്‍ അങ്കണവാടിയില്‍ 28 കുടുംബങ്ങളിലെ 119 പേരും കരുവള്ളിപ്പാറ ഗവ. എല്‍.പി.എസില്‍ ആറ് കുടുംബങ്ങളിലെ 28 പേരും എന്‍.എസ്.എസ് വായനശാല കെട്ടിടത്തില്‍ എട്ട് കുടുംബങ്ങളിലെ 33 പേരും പെരിങ്ങര വില്ളേജിലെ ചാത്തങ്കേരി എസ്.എന്‍.ഡി.പി ഹൈസ്കൂളില്‍ ഒരു കുടുംബത്തിലെ ആറുപേരും കടപ്ര വില്ളേജിലെ നിരണം സെന്‍ട്രല്‍ എല്‍.പി.എസില്‍ 33 കുടുംബങ്ങളിലെ 131 പേരും കണ്ണശ ഗവ. എല്‍.പി.എസില്‍ 18 കുടുംബങ്ങളിലെ 60 പേരും കുറ്റൂര്‍ വില്ളേജിലെ കദളിമംഗലം യു.പി.എസില്‍ എട്ട് കുടുംബങ്ങളിലെ 32 പേരും വെസ്റ്റ് ഓതറ യു.പി.എസില്‍ എട്ട് കുടുംബങ്ങളിലെ 33 പേരും മല്ലപ്പള്ളി താലൂക്കിലെ കുന്നന്താനം വില്ളേജിലെ ആഞ്ഞിലിത്താനം ഗവ. ന്യൂ എല്‍.പി.എസില്‍ 13 കുടുംബങ്ങളിലെ 55 പേരും ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ഒരു കുടുംബത്തിലെ ഏഴുപേരും പുറമറ്റം സെന്‍റ് ബഹനാന്‍സ് യു.പി.എസില്‍ മൂന്ന് കുടുംബങ്ങളിലെ 14 പേരും കോഴഞ്ചേരി താലൂക്കിലെ കുളനട എം.ഡി.എല്‍.പി.എസില്‍ ആറ് കുടുംബങ്ങളിലെ 31 പേരും കഴിയുന്നു.
കനത്ത മഴയില്‍ 37.64 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. 33,86,100 രൂപയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കുന്നു. 51 വീടുകള്‍ ഭാഗികമായും രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വീട് തകര്‍ന്നതുമൂലം 7,38,500 രൂപയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കുന്നു.

പാലായിലൂടെ നടുവൊടിക്കുന്ന യാത്ര

Posted: 25 Aug 2014 11:27 PM PDT

പാലാ: നഗരത്തിലെ റോഡ് ഗതാഗതം താറുമാറായി. മഴ ആരംഭിച്ചതോടെ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ച റോഡുകളും ടാറിങ്ങുകളും തകര്‍ന്നതാണ് ഗതാഗതസംവിധാനത്തിന്‍െറ താളം തെറ്റിച്ചിരിക്കുന്നത്. നഗരത്തിലെ പ്രധാന ജങ്ഷനുകളിലെല്ലാം റോഡുകള്‍ തകര്‍ന്ന അവസ്ഥയാണ്. ഇവിടെയെല്ലാം മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കും പതിവായി. നഗരത്തിന് സമീപപ്രദേശങ്ങളിലെ റോഡുകളും തകര്‍ന്നത് ജനങ്ങള്‍ക്ക് നടുവൊടിക്കുന്ന യാത്രയാണ് സമ്മാനിക്കുന്നത്.
പാലാ ടൗണിലെ കുരിശുപള്ളി കവല, റിവര്‍വ്യൂ റോഡ്, ആശുപത്രി ജങ്ഷന്‍, സ്റ്റേഡിയം ജങ്ഷന്‍, തൊടുപുഴ റോഡ്, രാമപുരം റോഡ്, പൊന്‍കുന്നം റോഡ് എന്നിവയെല്ലാം തകര്‍ന്ന് യാത്ര ദുസ്സഹമായിരിക്കുന്നു. ഇവക്ക് പുറമെ പൊതുമരാമത്തിന്‍െറയും പാലാ നഗരസഭയുടെ കീഴിലുള്ള റോഡുകളും തകര്‍ന്ന് തരിപ്പണമായി.
റിവര്‍വ്യൂ റോഡിലെ ബസ് സ്റ്റാന്‍ഡിന് സമീപവും ടൗണ്‍ഹാളിന് സമീപവും വലിയ ഗര്‍ത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ ഭാഗത്ത് റോഡില്‍ ഏറെ ആഴത്തിലും വിസ്താരത്തിലും ടാറിങ് നശിച്ചിട്ടുണ്ട്.
ചെറുവാഹനങ്ങള്‍ ഉള്‍പ്പെടെ ഇവിടെ അപകടത്തില്‍പെടുന്നത് പതിവാണ്. കുഴികളില്‍ കെട്ടിക്കിടക്കുന്ന ചളിവെള്ളം വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ആളുകളുടെ ദേഹത്ത് തെറിക്കുന്നതും പതിവാണ്.
രണ്ട് വര്‍ഷം മുമ്പാണ് ഒരു കോടിയോളം രൂപ മുടക്കി റിവര്‍വ്യൂ റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. അഞ്ച് വര്‍ഷത്തെ ആയുസ്സാണ് അന്ന് ബന്ധപ്പെട്ടവര്‍ റോഡിന് നല്‍കിയിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് റോഡ് തകര്‍ന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കുരിശുപള്ളി കവലയില്‍ റോഡ് തകര്‍ന്നതോടെ വാഹനങ്ങള്‍ വണ്‍വേ തെറ്റിച്ച് വലതുവശത്തുകൂടി കടന്നുപോകുന്ന അവസ്ഥയാണ്. ജങ്ഷനില്‍ പത്തോളം വലിയ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്.
ആശുപത്രി ജങ്ഷനില്‍ റോഡ് പൂര്‍ണമായും തകര്‍ന്ന അവസ്ഥയാണ്. ഇവിടെ റൗണ്ടാനക്ക് ചുറ്റും റോഡ് തകര്‍ന്നിരിക്കുന്നു. വലിയ വാഹനങ്ങള്‍ പോലും ഏറെ സമയമെടുത്താണ് കടന്നുപോകുന്നത്. ലോഡ് വാഹനങ്ങള്‍ ബ്രേക്ക്ഡൗണാകുന്നത് നിത്യസംഭവമാണ്. റോഡ് തകര്‍ന്നതോടെ ജങ്ഷനില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കാണ്. ഒരടിയോളം താഴ്ചയുള്ള കുഴികളാണ് പാലാ- പൂഞ്ഞാര്‍ സംസ്ഥാന ഹൈവേയുടെ ഭാഗമായ റോഡില്‍ രൂപപ്പെട്ടിരിക്കുന്നത്.
ദീര്‍ഘദൂര ബസുകള്‍ പോകുന്ന തൊടുപുഴ റോഡ് തകര്‍ന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പെടെയുള്ള ബസുകള്‍ വൈകിയാണ് ഓടുന്നത്. രാമപുരം റോഡില്‍ മാര്‍ക്കറ്റ് ഭാഗത്തും വൈദ്യുതി ഭവന് മുന്‍വശത്തും റോഡ് തകര്‍ന്നു കിടക്കുകയാണ്. സ്റ്റേഡിയം ജങ്ഷനില്‍ റിവര്‍വ്യൂ റോഡ് തുടങ്ങുന്ന ഭാഗത്ത് ഗട്ടറുകള്‍ വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു.
തിരക്കുള്ള റോഡില്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്. പാലാ-പൊന്‍കുന്നം റോഡിന്‍െറ അവസ്ഥ പരിതാപകരമാണ്. ചെറുവാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പോലും കഴിയാത്തവിധം റോഡ് തകര്‍ന്നുകഴിഞ്ഞു.
26 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ വാഹനങ്ങള്‍ക്ക് ഒന്നരമണിക്കൂറിലേറെ സമയമെടുക്കുന്നുണ്ട്. മുരിക്കുംപുഴ ജങ്ഷന്‍, വായനശാല ജങ്ഷന്‍, സര്‍വീസ് സ്റ്റേഷന്‍ റോഡ്, പന്ത്രണ്ടാം മൈല്‍, കടയം, കുറ്റില്ലം, മീനച്ചില്‍ മുതല്‍ പൈക വരെയുള്ള ഭാഗങ്ങളും റോഡ് തകര്‍ന്നിരിക്കുന്ന അവസ്ഥയാണ്. പാലായിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് കിടങ്ങുകളില്‍ കയറിയിറങ്ങി സാവധാനം മാത്രമേ കടന്നുപോകാന്‍ കഴിയൂ. ഒരു വാഹനം ഒരോ കുഴികളില്‍ കയറിയിറങ്ങുമ്പോളെടുക്കുന്ന സമയം പിന്നില്‍ വാഹനക്കുരുക്ക് മണിക്കൂറുകള്‍ നീളുന്നതിന് ഇടയാക്കുന്നുണ്ട്. അവശ്യസര്‍വീസുകളായ ആംബുലന്‍സ്, ഫയര്‍ഫോഴ്സ് തുടങ്ങിയവയെയും കുഴികള്‍ വലക്കുന്നുണ്ട്. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പാലാ ടൗണിലേയും പരിസര പ്രദേശങ്ങളിലേയും ഒട്ടുമിക്ക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും വെള്ളക്കെട്ടായി മാറി. ചോര്‍ന്നൊലിക്കുന്ന ബസ് സ്റ്റോപ്പുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ നില്‍ക്കുന്നവര്‍ക്ക് വാഹനങ്ങള്‍ വക ചളിയഭിഷേകവും പതിവാണ്.
റോഡിന്‍െറ ദുരവസ്ഥ കാണിച്ച് പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പൊതുമരാമത്ത് വകുപ്പിന് കുലുക്കമില്ല. നഗരസഭ മുന്‍കൈയെടുത്ത് അറ്റകുറ്റപണി നടത്തിയെങ്കിലും മഴ ശക്തമായതോടെ ടാറിങ് വീണ്ടും തകര്‍ന്നു. മഴ മാറിയാല്‍ സര്‍ക്കാറില്‍നിന്നും ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് കുഴികള്‍ അടക്കുന്ന പണികള്‍ ആരംഭിക്കുമെന്നാണ് പൊതുമരാമത്ത് അധികൃതര്‍ പറയുന്നത്. മഴ മാറാന്‍ ഇനിയും ആഴ്ചകള്‍ കഴിയുമെന്നിരിക്കെ നഗരത്തിലൂടെയുള്ള യാത്ര വരും ദിവസങ്ങളില്‍ കൂടുതല്‍ ദുസ്സഹമാകുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

ലാഭം കൊയ്ത് ഇടനിലക്കാര്‍; കര്‍ഷകര്‍ക്ക് കണ്ണീര്‍ മാത്രം

Posted: 25 Aug 2014 11:23 PM PDT

മൂന്നാര്‍: വട്ടവട, കാന്തല്ലൂര്‍ മേഖലകളിലെ കര്‍ഷകരെ ഇത്തവണ ഓണ വിപണിയും കൈവിടുന്നു. വിപുലമായി കൃഷിയിറക്കിയെങ്കിലും വിളവിന് തക്കതായ പ്രതിഫലം ലഭിക്കാത്തതാണ് കര്‍ഷകരെ വിഷമത്തിലാക്കിയിരിക്കുന്നത്.
കാര്യമായ മഴ ലഭിക്കാത്തതിനാല്‍ വട്ടവട, കാന്തല്ലൂര്‍ മേഖലകളില്‍ പലയിടത്തും വിളകള്‍ ഉണങ്ങി നശിച്ചിരുന്നു. പിന്നീട് ചെറിയ തോതില്‍ മഴ ലഭിച്ചതോടെ ഓണ വിപണി മുന്നില്‍കണ്ട് പതിവിലധികം ബീന്‍സ്, കാബേജ്, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, ചെറുഉള്ളി, കാരറ്റ്, ബട്ടര്‍ബീന്‍സ് എന്നിവ വിളയിച്ചെങ്കിലും ന്യായമായ വില നല്‍കാതെ ഇടനിലക്കാര്‍ മൊത്തമായി തട്ടിയെടുക്കുകയാണ്. മൂന്നാറിലെ പച്ചക്കറി മാര്‍ക്കറ്റില്‍ കിലോക്ക് 35 രൂപ വിലവരുന്ന ബീന്‍സ് കര്‍ഷകരില്‍നിന്ന് ഇടനിലക്കാരന്‍ സ്വന്തമാക്കുന്നത് 20 രൂപക്കാണ്. ഉരുളക്കിഴങ്ങ് എട്ട് രൂപക്ക് വാങ്ങുമ്പോള്‍ മാര്‍ക്കറ്റിലെ വില 20 ഉം 25 ഉം. ചെറുഉള്ളി 15 രൂപക്ക് വാങ്ങി 30 നും 35 നും നല്‍കുന്നു.
ഇടനിലക്കാര്‍ ഇത്തരത്തില്‍ കര്‍ഷകരെ ചൂഷണം ചെയ്തിട്ടും ഹോര്‍ട്ടി കോര്‍പ്പിന് ഫലപ്രദമായി ഇടപെടാനാകുന്നില്ല. കേരളത്തിന്‍െറ വിവിധ മേഖലകളിലേക്ക് പച്ചക്കറി എത്തിക്കുന്ന സംസ്ഥനത്തെ ഏക ഉല്‍പാദന കേന്ദ്രങ്ങളാണ് വട്ടവട, കാന്തല്ലൂര്‍ എന്നിവ. കര്‍ഷകര്‍ക്ക് രൊക്കം പണം നല്‍കി പച്ചക്കറികള്‍ വാങ്ങി സൂക്ഷിക്കാനും വിവിധ മേഖലകളില്‍ വിപണനം നടത്താനുമാണ് സര്‍ക്കാര്‍ സൈലന്‍റ്വാലി റോഡില്‍ ഹോര്‍ട്ടി കോര്‍പ്പിന്‍െറ സംഭരണ കേന്ദ്രം സ്ഥാപിച്ചത്. നിര്‍മാണം നടത്തി നാല് തവണ ഉദ്ഘാടനം കഴിഞ്ഞ കെട്ടിടം ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന്‍െറ കെടുകാര്യസ്ഥത മുതലാക്കി തമിഴ്നാട്ടില്‍നിന്ന് എത്തുന്ന ഇടനിലക്കാര്‍ കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ മുന്‍കൂര്‍ പണം നല്‍കും. ഇതിന്‍െറ പേരിലാണ് പിന്നീട് അവര്‍ കുറഞ്ഞ വിലയ്ക്ക് ഉല്‍പന്നങ്ങള്‍ കൈവശപ്പെടുത്തുന്നത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP