സ്വാഗതം
WELCOME

News Update..

Wednesday, August 27, 2014

പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കില്ല -കേന്ദ്രം Madhyamam News Feeds

പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കില്ല -കേന്ദ്രം Madhyamam News Feeds

Link to

പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കില്ല -കേന്ദ്രം

Posted: 26 Aug 2014 11:51 PM PDT

Image: 

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി മുന്നോട്ട് പോകുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ദേശീയ ഹരിത ട്രൈബ്യൂണലിന് നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലപാട് അറിയിച്ചത്.
പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണോ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടാണോ പരിഗണിക്കുന്നതെന്ന് വ്യക്തമാക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നേരത്തെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഏത് റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് വ്യക്തമാക്കാതെ വനം പരിസ്ഥിതി മന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിച്ചു. സത്യവാങ്മൂലം തള്ളിയ ട്രൈബ്യൂണല്‍ പശ്ചിമഘട്ടസംരക്ഷണത്തിന് ഏത് റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് വ്യക്തമാക്കി വീണ്ടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ കരട് വിജ്ഞാപനവുമാതി മുന്നോട്ട് പോകുമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഹരിത ട്രൈബ്യൂണല്‍ അംഗീകരിച്ചു. കസ്തൂരിരംഗന്‍  റിപ്പോര്‍ട്ടില്‍ അറുപതിനായിരം ചതുരശ്ര അടി പ്രദേശമാണ് പരിസ്ഥിതി ലോലമായി രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കരട് വിജ്ഞാപനം ഇറക്കിയപ്പോള്‍ ഇത് 56,000 ചതുരശ്ര അടിയായി കുറഞ്ഞു. ഇത് എന്തു കൊണ്ടാണെന്ന് വിശദീകരിക്കണമെന്നും കൂടുതല്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ ഉള്‍പ്പെടുത്താനാവുമോ എന്നും ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ഹരിത ട്രൈബ്യൂണല്‍ ബെഞ്ച് നിര്‍ദേശിച്ചു.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പകര്‍ച്ചവ്യാധി ഭീഷണി; വില്ലുമല പ്രീ-മെട്രിക് ഹോസ്റ്റല്‍ അടച്ചു

Posted: 26 Aug 2014 11:50 PM PDT

കുളത്തൂപ്പുഴ: കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പകര്‍ച്ചവ്യാധി ഭീഷണി കണക്കിലെടുത്ത് വില്ലുമലയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള പട്ടികവര്‍ഗ വികസന വകുപ്പിന്‍െറ പ്രീ-മെട്രിക് ഹോസ്റ്റല്‍ താല്‍ക്കാലികമായി അടച്ചു.
സ്ഥലം സന്ദര്‍ശിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.
വെള്ളപ്പൊക്കത്തില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്‍െറ ഒന്നാംനില പകുതി വെള്ളത്തില്‍ മുങ്ങിയിരുന്നു. കിണറുകളും കക്കൂസ് ടാങ്കുകളും മാലിന്യക്കുഴികളുമടക്കം മലവെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് മലിനജലം കിണറിനുള്ളില്‍ കലര്‍ന്നിട്ടുണ്ട്.
കിണറും പരിസരവും ശുദ്ധീകരിക്കാതെ വിദ്യാര്‍ഥികള്‍ ജലം ഉപയോഗിച്ചാല്‍ മഞ്ഞപ്പിത്തമടക്കം ജലജന്യ സാംക്രമിക രോഗങ്ങള്‍ പടരുന്നതിനുള്ള സാധ്യത ഏറെയാണ്. വെള്ളപ്പൊക്കത്തില്‍ സമീപ പ്രദേശങ്ങളിലെ കിണറുകളിലെല്ലാം തന്നെ മലിനജലം നിറഞ്ഞിരുന്നു. ഇതു ഉപയോഗിക്കുക വഴി പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യത ഏറെയാണ്. കിണറുകളില്‍ ക്ളോറിന്‍ ശുദ്ധീകരണം നടത്തുന്നതിന് പൊതുജനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജലനിരപ്പ് താഴ്ന്നതോടെ ഹോസ്റ്റല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനു മുമ്പായി ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുകയും ഹോസ്റ്റല്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഹോസ്റ്റലിലെ അന്തേവാസികളായ വിദ്യാര്‍ഥികളുടെ രക്ഷാകര്‍ത്താക്കളെ വിളിച്ചുവരുത്തി കുട്ടികളെ വീടുകളിലേക്ക് അയച്ചു.
എന്നാല്‍ പരീക്ഷാകാലത്ത് അവധി പ്രഖ്യാപിച്ചതിനെതിരെ രക്ഷാകര്‍ത്താക്കളില്‍ പലരും ഹോസ്റ്റല്‍ അധികൃതരോട് കയര്‍ക്കുന്നതും കാണാമായിരുന്നു.

ഓണക്കാല വില്‍പന: തട്ടിപ്പുകള്‍ക്കെതിരെ പരാതിപ്പെടാം

Posted: 26 Aug 2014 11:45 PM PDT

തിരുവനന്തപുരം: ഓണക്കാല വില്‍പനയില്‍ അളവുതൂക്ക ഉപകരണങ്ങളിലെ കൃത്രിമങ്ങള്‍ക്കും മറ്റ് തട്ടിപ്പുകള്‍ക്കുമെതിരെ ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലീഗല്‍ മെട്രോളജി അസി. കണ്‍ട്രോളര്‍ അറിയിച്ചു. ഉപഭോക്തൃ പരാതികള്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ഏഴു വരെ 04712435227 ലും aclmtvpm@gmail.com ലും അറിയിക്കാം.
നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളിലെ ഓഫിസുകളില്‍ അളവുതൂക്ക ഉപകരണങ്ങള്‍ മുദ്ര ചെയ്യുന്നതിന് ബുധനാഴ്ച ക്യാമ്പ് നടക്കും. പാക്കറ്റിലാക്കി വില്‍പനക്കത്തെിക്കുന്ന എല്ലാ ഉല്‍പന്നങ്ങളിലും നിര്‍മാതാവിന്‍െറ പേര്, വിലാസം, ഉല്‍പന്നത്തിന്‍െറ പേര്, പാക് ചെയ്ത തീയതി തുടങ്ങിയവ ഉണ്ടായിരിക്കണം. ത്രാസും ത്രാസിലെ ഡിസ്പ്ളേയും ഉപഭോക്താവ് കാണുന്ന തരത്തില്‍ വെക്കണം. ഉല്‍പന്നത്തില്‍ കുറവുവരുത്തുന്നത് 10,000 രൂപ വരെ പിഴ ഈടാക്കും.
അളവുതൂക്ക ഉപകരണങ്ങള്‍ മുദ്ര ചെയ്യാതെയും രേഖകള്‍ ഇല്ലാതെയും ഉപയോഗിക്കുന്നത് 5000 രൂപ വരെ പിഴ ഈടാക്കും.

മദ്യനയത്തിന് മന്ത്രിസഭാ അംഗീകാരം

Posted: 26 Aug 2014 11:30 PM PDT

Image: 

തിരുവനന്തപുരം: സര്‍ക്കാരിന്‍്റെ പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇനിയുള്ള എല്ലാ തീരുമാനങ്ങളും ഘടകകക്ഷികളുമായി കൂടിയാലോചിച്ച് തീരുമാനിക്കും. ബാര്‍ വിഷയത്തില്‍ കടുത്ത നടപടി വേണ്ടായിരുന്നുവെന്നാണ് പൊതുവികാരമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കവെ പറഞ്ഞു.

മനസ്സാക്ഷിക്കനുസരിച്ചുള്ള തീരുമാനമാണോ ഇതെന്ന് ഒരു ഘടകകക്ഷി മന്ത്രി യോഗത്തില്‍ ചോദിച്ചു. ലീഗ് മദ്യനയത്തെ കറിച്ചുള്ള അഭിപ്രായത്തില്‍ ഉറച്ചു നിന്നെങ്കിലും പ്രായാഗികതയെ ചോദ്യം ചെയ്തതായാണ് സൂചന.  മദ്യ നിരോധം നടപ്പാക്കിയ ഗുജറാത്ത് പോലെയുള്ള സംസഥാനങ്ങളിലെ അവസ്ഥ പരിശോധിച്ചോ എന്ന ചോദ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു. മദ്യനയത്തെ അനൂകൂലിച്ച് സംസാരിച്ചവരും യോഗത്തില്‍ വിമര്‍ശിച്ചാണ് സംസാരിച്ചത്. ഇത് കൂട്ടമായ തീരുമാനമാണെന്നും 7500 കോടി നഷ്ടമുണ്ടാക്കിയ ധനമന്ത്രിയാണ് താനെന്ന് ആരും പറയരുതെന്ന് ധനമന്ത്രി കെ.എം മാണി യോഗത്തില്‍ വ്യക്തമാക്കി.  

സര്‍വീസുകള്‍ വെട്ടിക്കുറിച്ചും ചാര്‍ജ് വര്‍ധിപ്പിച്ചും വിമാനക്കമ്പനികള്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നകാര്യം കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ചര്‍ച്ച ചെയ്യും. ആലപ്പുഴ തുറമുഖത്ത 209 തൊഴിലാളികള്‍ക്ക് 5000 രൂപ വീതം ധനസഹായം നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്ക് അപകടത്തിനിടെ മരിക്കുന്നവരുടെ അടിയന്തരസഹായം 15000 രൂപയാക്കി വര്‍ദ്ധിപ്പിച്ചതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 

ഏഴ് മെഡിക്കല്‍ ലാബുകള്‍ പൂട്ടിച്ചു

Posted: 26 Aug 2014 11:16 PM PDT

തൃശൂര്‍: ജില്ലയിലെ മെഡിക്കല്‍ ലാബുകളില്‍ അധികവും രോഗാതുരം. ലാബുകളിലും എക്സ്റേ, സ്കാനിങ് സെന്‍ററുകളിലും ദന്താശുപത്രികളിലും ക്ളിനിക്കുകളിലും ആരോഗ്യവകുപ്പ് നടത്തിയ പരിശോധനക്കൊടുവില്‍ ഏഴ് സ്ഥാപനങ്ങള്‍ പൂട്ടി. മൂന്നെണ്ണത്തിന്പിഴ ചുമത്തി. 82 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
ജില്ലാ ആരോഗ്യ വകുപ്പ് 348 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. അണുവിമുക്തമാക്കാത്ത ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ഏഴ് ലാബുകളും രണ്ട് ദന്താശുപത്രികളും ഒരു ഡെന്‍റല്‍ ക്ളിനിക്കും കണ്ടത്തെി. രണ്ട് ലാബിലും ഒരു എക്സ്റേ യൂനിറ്റിലും നാല് ഡെന്‍റല്‍ ക്ളിനിക്കുകളിലും ഒരു ദന്താശുപത്രിയിലും ഗുണനിലവാരമില്ലാത്ത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായും വ്യക്തമായി. രക്തപരിശോധനക്ക് നിലവാരമില്ലാത്ത റിയേജന്‍റുകള്‍ ഉപയോഗിക്കുന്ന 14 ലാബുകളുണ്ട്. ഗുണനിലവാരമില്ലാത്ത പരിശോധനാ കിറ്റുകള്‍ ഉപയോഗിക്കുന്ന നാല് ലാബുകളും തരംതാണ സ്റ്റെയിനുകള്‍ ഉപയോഗിക്കുന്ന രണ്ട് ലാബുകളും കണ്ടത്തെി.
ടോയ്ലറ്റ്, ഇരിപ്പിടം, കുടിവെള്ളം എന്നീ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത 41 ലാബുകള്‍ക്ക് നോട്ടീസ് നല്‍കി.
യോഗ്യതയില്ലാത്ത ജീവനക്കാര്‍ ജോലി ചെയ്യുന്ന 68 സ്ഥാപനങ്ങളുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 57 ലാബും നാല് എക്സ്റേ യൂനിറ്റും രണ്ട് സ്കാനിങ് സെന്‍ററും 12 ഡെന്‍റല്‍ ക്ളിനിക്കും മൂന്ന് ദന്താശുപത്രികളുമുണ്ട്.
ഡയറക്ടര്‍ ഓഫ് റേഡിയേഷന്‍ സേഫ്ടിയുടെ അംഗീകാരമില്ലാത്ത രണ്ട് എക്സ്റേ യൂനിറ്റും ഡി.എം.എയുടെ അംഗീകാരമില്ലാത്ത രണ്ട് സ്കാനിങ് സെന്‍ററുമുണ്ട്. 24 മണിക്കൂറിനകം പ്രശ്നങ്ങള്‍ പരിഹരിച്ചില്ളെങ്കില്‍ നോട്ടീസ് നല്‍കിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയും സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ജില്ലയിലെ 262 ലാബുകളിലും 21 എക്സ്റേ യൂനിറ്റുകളിലും 13 സ്കാനിങ് സെന്‍ററുകളിലും 52 ഡെന്‍റല്‍ ആശുപത്രികളിലും ക്ളിനിക്കുകളില്‍ അഞ്ച് പേരടങ്ങുന്ന 58 ടീമുകളാണ് പരിശോധന നടത്തിയത്. മെഡിക്കല്‍ ഓഫിസര്‍മാര്‍, ലാബ് ടെക്നീഷ്യന്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, നഴ്സ് അടക്കമുള്ള സംഘം പരിശോധനയില്‍ പങ്കെടുത്തു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി വീനസ്, ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. ഡോ. ബിന്ദുതോമസ്, ഡോ. ബേബിലക്ഷ്മി, ഡോ. മിനി, മാസ്മീഡിയ ഓഫിസര്‍ പുഷ്പരാജ് എന്നിവര്‍ നേതൃത്വം നല്‍കി.

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിമാരാക്കരുത് -സുപ്രീംകോടതി

Posted: 26 Aug 2014 11:05 PM PDT

Image: 

ന്യൂഡല്‍ഹി: ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വിവേകപൂര്‍വം തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ക്രിമിനല്‍ പശ്ചാത്തലമുള്ള മന്ത്രിമാരെ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോട് സുപ്രീം കോടതിക്ക് നിര്‍ദേശിക്കാന്‍ കഴിയുമോ എന്നതാണ്  ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്. കോടതി സ്വമേധയാ മന്ത്രിമാരെ അയോഗ്യരാക്കില്ളെന്നും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ഉചിതമായ തീരുമാനമെടുക്കാമെന്നൂം സുപ്രീംകോടതി പറഞ്ഞു.
കുറ്റകൃത്യങ്ങളിലും കേസുകളിലും പെട്ടവര്‍ എങ്ങനെയാണ് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയെന്നും കോടതി ചോദിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിമാരാക്കുന്നത് ഭരണഘടനാപരമായ ധാര്‍മികതക്ക് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
 ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹരജി 2004 ലാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്നത്. ഹരജി തള്ളിയ സുപ്രീംകോടതി കേസ്  മുതിര്‍ന്ന ജഡ്ജിമാരുടെ ബെഞ്ചിന് കൈമാറി. പത്ത് വര്‍ഷം മുമ്പ്  കേസ് പരിഗണിച്ച സുപ്രീകോടതി വിഷയം പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യേണ്ടതാണെന്നും ഇപ്പോള്‍ ഇടപെടുന്നത് അനുചിതമാണെന്നും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ മന്ത്രിമാരെ മാറ്റുന്നത് ജനഹിതത്തിന് എതിരാണെന്നും പാര്‍ലമെന്‍റിന്‍െറ അധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമാണെന്നും അന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
. കേസില്‍ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ക്രിമിനല്‍ പശ്ചാത്തലമുള്ള രാഷ്ട്രീയക്കാരെ മന്ത്രിസഭയിലുള്‍പ്പെടുത്തരുതെന്ന് അഭിപ്രായപ്പെട്ടിരുന്നു.
മോദി  മന്ത്രിസഭയില്‍ 14 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്കണമെന്ന് രാഷ്ട്രീയപാര്‍ട്ടികളോട് തെരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദേശിച്ചിരുന്നു.
 

എം.എല്‍.എയുടെ സാന്നിധ്യത്തില്‍ യോഗം ഇന്ന്

Posted: 26 Aug 2014 10:57 PM PDT

പാലക്കാട്: വെണ്ണക്കരയിലേക്ക് കുടിവെള്ളമത്തെിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്ത് അന്തിമമായ തീരുമാനമെടുക്കാന്‍ ബുധനാഴ്ച രാവിലെ പത്തിന് നഗരസഭാ ഓഫിസില്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ യോഗം ചേരാന്‍ പാലക്കാട് നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. യോഗം ആരംഭിച്ചയുടനെ സി.പി.എം അംഗം കുമാരിയാണ് വെണ്ണക്കരയിലേക്ക് കുടിവെള്ളമത്തെിക്കാന്‍ പഴയ പദ്ധതി തന്നെ നടപ്പാക്കണമെന്ന ആവശ്യവുമായി രംഗത്തത്തെിയത്.
കുടിവെള്ളമത്തെിക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി എടുത്ത തീരുമാനം കൊണ്ട് വര്‍ഷകാലത്ത് മാത്രമേ വെള്ളം ലഭിക്കുകയുള്ളൂവെന്നും എല്ലാ കാലത്തും വെള്ളമത്തെണമെങ്കില്‍ പഴയ പദ്ധതി നടപ്പാക്കണമെന്നുമുള്ള ആവശ്യവുമായി സി.പി.എം അംഗങ്ങള്‍ മുദ്രവാക്യം വിളികളോടെ ആക്ടിങ് ചെയര്‍പേഴ്സന്‍െറ കാബിന്‍ വളഞ്ഞു. മുദ്രാവാക്യം വിളികള്‍ തുടര്‍ന്നപ്പോള്‍ യോഗം അല്‍പ്പനേരം നിര്‍ത്തി. തുടര്‍ന്ന് വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന ഉറപ്പില്‍ യോഗം പുനരാരംഭിച്ചു. സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെടുത്ത പദ്ധതി അന്തിമഘട്ടത്തിലാണെന്നും ബുധനാഴ്ച വൈകീട്ടോടെ വെള്ളമത്തെുമെന്നും സി.പി.എം സമരം അനാവശ്യമാണെന്നും ബി.ജെ.പി അംഗം കൃഷ്ണകുമാര്‍ പറഞ്ഞു.
മൂത്താംതറയിലെ ടാങ്കില്‍ നിന്ന് വെണ്ണക്കരയിലേക്ക് വെള്ളമത്തെിക്കുന്ന പദ്ധതിക്ക് ആദ്യം തടസ്സം നിന്നത് സി.പി.എമ്മാണെന്ന് അദ്ദേഹം പറഞ്ഞു. എം.പി ഫണ്ട് ലഭ്യമാക്കാന്‍ വിഷയം ബാധിക്കുന്ന അഞ്ച് കൗണ്‍സിലര്‍മാരും എം.ബി. രാജേഷിനെ കണ്ട് പ്രശ്നപരിഹാരമുണ്ടാക്കണമെന്ന് കോണ്‍ഗ്രസ് അംഗം പി.വി. രാജേഷ് പറഞ്ഞു.
സ്റ്റിയറിങ് കമ്മിറ്റിയില്‍ കൂട്ടായെടുത്ത തീരുമാനത്തിന് സി.പി.എം ഇപ്പോള്‍ എതിരു നില്‍ക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണെന്നും ആവശ്യമെങ്കില്‍ എം.പിയുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കണമെന്നും മുസ്ലിം ലീഗ് അംഗം അബ്ദുല്‍ അസീസ് പറഞ്ഞു. വെണ്ണക്കരയിലേക്ക് മൂത്താംതറയിലെ ടാങ്കില്‍ നിന്ന് യഥേഷ്ടം വെള്ളമത്തെിക്കാമെന്നിരിക്കേ രണ്ട് വാര്‍ഡുകളിലെ 850 മീറ്റര്‍ റോഡ് വെട്ടിപ്പൊളിച്ചുതന്നെ പദ്ധതി നടപ്പാക്കണമെന്ന് സി.പി.എം വാശിപിടിക്കുന്നതെന്തിനെന്ന് സ്വതന്ത്രാംഗം അഷ്ക്കര്‍ ചോദിച്ചു.
തുടര്‍ന്നാണ് വെണ്ണക്കരയിലെ കുടിവെള്ള പ്രശ്നത്തില്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച യോഗം ചേരാന്‍ യോഗം തീരുമാനമെടുത്തത്.

വരുന്നൂ ‘സേവാഗ്രാമങ്ങള്‍’

Posted: 26 Aug 2014 10:52 PM PDT

മലപ്പുറം: വാര്‍ഡുകളിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക, ജനങ്ങള്‍ക്ക് സേവനങ്ങള്‍ എളുപ്പമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മലപ്പുറം നഗരസഭയില്‍ 'സേവാഗ്രാമങ്ങള്‍' സ്ഥാപിക്കുന്നു. പ്രാദേശിക ഭരണസംവിധാനങ്ങള്‍ കൂടുതല്‍ ജനാധിപത്യവത്കരിക്കാന്‍ ഉപകരിക്കുന്നതാണ് ഗ്രാമകേന്ദ്രങ്ങള്‍.
സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഈ ആശയം നഗരസഭയിലെ എല്ലാ വാര്‍ഡിലും നടപ്പാക്കാന്‍ പ്രതിപക്ഷം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. അതത് കൗണ്‍സിലര്‍ക്കായിരിക്കും കേന്ദ്രത്തിന്‍െറ ചുമതല.
വാര്‍ഡ്സഭകളുടെ ആസ്ഥാനമായും വാര്‍ഡ്സഭാതല സംഘാടനത്തിനും ഭരണ-വികസന-ക്ഷേമ-സേവന-സാംസ്കാരിക-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനും സേവാഗ്രാമങ്ങള്‍ക്കാവും. വാര്‍ഡ് തലത്തില്‍ സേവനം നല്‍കുന്ന ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍, അങ്കണവാടി പ്രവര്‍ത്തകര്‍,സാക്ഷരതപ്രവര്‍ത്തകര്‍, എസ്.സി പ്രമോട്ടര്‍, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍, കൃഷി ഓഫിസര്‍, വ്യവസായ ഓഫിസര്‍ എന്നിവരുടെ പ്രാദേശിക പ്രവര്‍ത്തന കേന്ദ്രവുമാവും.
കര്‍ഷക, ജാഗ്രതാസമിതികള്‍, കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ ആസ്ഥാനമായും സേവാകേന്ദ്രങ്ങള്‍ മാറും. മുണ്ടുപറമ്പിലും മൈലപ്പുറത്തും 'വിവിധ് വെയ്സ്ന്‍' എന്ന പേരില്‍ സമാന സൗകര്യങ്ങളുള്ള സേവന കേന്ദ്രങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
നഗരസഭയില്‍നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പുറമെ ട്രെയിന്‍ ടിക്കറ്റ്, വിമാന ടിക്കറ്റ് തുടങ്ങിയവയും സേവാഗ്രാമങ്ങള്‍ നല്‍കും. ഇവ ആരംഭിക്കാന്‍ 55,000 രൂപ ലഭിക്കും. ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശേം. നഗരസഭാ ഓഫിസില്‍ വരാതെ തന്നെ സേവനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഇവിടെനിന്ന് ജനങ്ങള്‍ക്ക് ലഭിക്കുമെന്ന് ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ കൗണ്‍സിലിനെ അറിയിച്ചു.
ജോലിക്ക് ഒരാളെ നിയമിക്കും. ഒരു മാസത്തിനകം എല്ലാ വാര്‍ഡിലും സേവാഗ്രാമം തുടങ്ങാനാണ് തീരുമാനം.

മല്ലപ്പള്ളി ചന്തയിലെ മാലിന്യം മണിമലയാറ്റിലത്തെിയാല്‍ ഉത്തരവാദിത്തം ഗ്രാമപഞ്ചായത്തിനെന്ന്

Posted: 26 Aug 2014 10:47 PM PDT

പത്തനംതിട്ട: മല്ലപ്പള്ളി ചന്തയില്‍നിന്നുള്ള മാലിന്യം ഒഴുകിയിറങ്ങി മണിമലയാര്‍ മലിനമായാല്‍ മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ ഉത്തരവാദികളായിരിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജെ.ബി. കോശി. മല്ലപ്പള്ളി ചന്തയിലെ മലിനീകരണ പ്രശ്നം പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളുമായി ഒക്ടോബര്‍ 16ന് രാവിലെ 11ന് തിരുവല്ല ബാര്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന കമീഷന്‍ സിറ്റിങ്ങില്‍ മല്ലപ്പള്ളി പഞ്ചായത്ത് സെക്രട്ടറി ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടര്‍നടപടികളെക്കുറിച്ച് വിശദീകരണം നല്‍കണം. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ചന്ത അടച്ചുപൂട്ടാന്‍ കമീഷന് നിര്‍ദേശം നല്‍കേണ്ടിവരുമെന്നും ഉത്തരവില്‍ പറയുന്നു.
ചന്തയിലെ മാലിന്യം മണിമലയാറില്‍ ഒഴുകിയിറങ്ങുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമീഷനെ അറിയിച്ചു. മാലിന്യ നിര്‍മാര്‍ജനത്തിനുവേണ്ടി ഒരു പദ്ധതിയും പഞ്ചായത്ത് ബോര്‍ഡിന് സമര്‍പ്പിച്ചിട്ടില്ളെന്നും ബോര്‍ഡ് കമീഷനെ അറിയിച്ചു.
മാര്‍ക്കറ്റിലുണ്ടായിരുന്ന ഇന്‍സിനറേറ്റര്‍ തുരുമ്പു പിടിച്ച് നശിക്കുകയാണെന്നും മത്സ്യ മാംസാദികളുടെ അവശിഷ്ടങ്ങള്‍ ഇന്‍സിനറേറ്ററിന് മുകളില്‍ നിക്ഷേപിക്കുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കമീഷനെ അറിയിച്ചു.
മത്സ്യം വില്‍ക്കുന്ന സ്റ്റാള്‍ വൃത്തിഹീനവും നായകളുടെ വിഹാരകേന്ദ്രവുമാണെന്ന് ഡി.എം.ഒ ചൂണ്ടിക്കാട്ടി. തുറസ്സായ സ്ഥലത്ത് പ്ളാസ്റ്റിക് കത്തിക്കുന്നതു കാരണം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.
പ്ളാസ്റ്റിക് സാധനങ്ങള്‍ തരംതിരിച്ച് മാറ്റുക, കച്ചവടം കഴിഞ്ഞാലുടന്‍ മത്സ്യമാര്‍ക്കറ്റ് കഴുകി വൃത്തിയാക്കി അണുനാശിനി തളിക്കുക, ആള്‍ താമസമില്ലാത്തതും ജലമലിനീകരണം ഉണ്ടാകാത്തതുമായ പ്രദേശത്തേക്ക് ഇന്‍സിനറേറ്റര്‍ മാറ്റി സ്ഥാപിക്കുക, പൊതുജല സ്രോതസ്സ് മലിനമാക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഡി.എം.ഒ കമീഷന്‍ മുമ്പാകെ സമര്‍പ്പിച്ചത്.
മാലിന്യ നിര്‍മാര്‍ജന പ്രശ്നത്തിന് പരിഹാരം കാണാന്‍ 2014-15 വര്‍ഷത്തെ പദ്ധതിയില്‍ 35 ലക്ഷം രൂപ വകയിരുത്തി ഒരു ബയോഗ്യാസ് പ്ളാന്‍റ് സ്ഥാപിക്കുന്നതിന് പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് കമീഷനെ അറിയിച്ചു. ബയോഗ്യാസ് പദ്ധതിയുടെ രൂപരേഖ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് സമര്‍പ്പിച്ച് അത് അനുയോജ്യമാണോ എന്ന് പരിശോധിക്കണമെന്ന് ജസ്റ്റിസ് ജെ.ബി കോശി ഉത്തരവില്‍ പറഞ്ഞു.
പ്ളാന്‍റ് സ്ഥാപിക്കുമ്പോള്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളും പരിഗണിക്കണം. ഒരു കാരണവശാലും ആളുകള്‍ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന ജലസ്രോതസ്സ് മലിനമാക്കരുതെന്ന് ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവില്‍ പറഞ്ഞു. നെടുങ്ങാടപ്പള്ളി സ്വദേശി സി.സി. മത്തായിയും മല്ലപ്പള്ളി സ്വദേശി പി.എം. തോമസും നല്‍കിയ പരാതികളിലാണ് നടപടി.

സിറിയയിലെ നാല് അമേരിക്കന്‍ ബന്ദികളെ കൂടി മോചിപ്പിക്കാന്‍ ഖത്തറിന്‍െറ ശ്രമം

Posted: 26 Aug 2014 10:45 PM PDT

Image: 

ദോഹ: സിറിയയില്‍ തടവിലാക്കപ്പെട്ട നാല് അമേരിക്കന്‍ പൗരന്മാരെ കൂടി മോചിപ്പിക്കാന്‍ ഖത്തര്‍ ഊര്‍ജ്ജിത ശ്രമം നടത്തുന്നതായി റോയിട്ടേര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രണ്ട് വര്‍ഷമായി സിറിയയില്‍ അല്‍ നുസ്റ തീവ്രവാദി സംഘത്തിന്‍െറ തടവിലായിരുന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ പീറ്റര്‍ തിയോ കര്‍ടിസ് മോചിതനായതോടെയാണ് തടവിലുള്ള പൗരന്‍മാരുടെ മോചനത്തിനും ശ്രമം നടക്കുന്നത്. വിഷയവുമായി അടുത്ത് ബന്ധമുളള വ്യക്തിയെ പേര് വെളിപ്പെടുത്താതെ ഉദ്ധരിച്ചാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് . തടങ്കലില്‍ കഴിയുന്ന നാല് പേരെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ളെന്നും എന്നാല്‍ ഖത്തര്‍ മോചനത്തിന് ശ്രമം നടത്തുന്നുണ്ടെന്ന് വ്യക്തമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സിറിയയില്‍ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പലതവണ ഖത്തര്‍ ഇടപെട്ടിരുന്നു. തിങ്കളാഴ്ചയാണ് അല്‍ ഖ്വയ്ദ ബന്ധമുളള അല്‍ നുസ്റ സംഘത്തിന്‍െറ തടവിലായിരുന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ പീറ്റര്‍ തിയോ കര്‍ടിസ് ഖത്തറിന്‍െറ ഇടപെടലിലൂടെ മോചിതനായത്. സിറിയയില്‍ നിന്ന് കാണാതായ നാല് അമേരിക്കക്കാര്‍ എവിടെയാണെന്ന ഏകദേശം വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മോചനം കാത്തുകഴിയുന്ന നാല് പേരും വിവിധ സംഘങ്ങളുടെ അധീനതയിലാണുള്ളത്.
വിഷയത്തില്‍ പ്രതികരിക്കാന്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം തയാറായിട്ടില്ല. സിറിയയിലെ ബന്ദികളെ മോചിപ്പിക്കാനുളള ശ്രമത്തില്‍ അമേരിക്ക ഖത്തറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയവുമയി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
തടവിലുള്ള എല്ലാ രാജ്യക്കാരെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഖത്തര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. സിറിയയിലെ വിവിധ വിമത സംഘങ്ങള്‍ക്ക് ഖത്തറുമായി നല്ല ബന്ധമാണുള്ളതെന്ന് വിമതസംഘാംഗം സ്കൈപിലൂടെ റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. തടവുകാരുടെ മോചനമാണ് ഖത്തറിന്‍െറ മുന്‍ഗണന. അവസരം ലഭിക്കുമ്പോള്‍ അവര്‍ സഹായിക്കും. ഇപ്പോള്‍ തടവുകാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ അവര്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്. സിറിയയില്‍ തടവില്‍ കഴിയുന്ന നിരവധി പേരുടെ മോചനത്തിന് ഖത്തര്‍ ശ്രമം നടത്തുന്നുണ്ടെന്ന് ദോഹയില്‍ കഴിയുന്ന സിറിയന്‍ പ്രതിപക്ഷ സഖ്യ നേതാവ് പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP