മാലദ്വീപില്‍ തെരഞ്ഞെടുപ്പ് തുടങ്ങി; കേരളത്തിലും വോട്ടിങ് Madhyamam News Feeds |
- മാലദ്വീപില്‍ തെരഞ്ഞെടുപ്പ് തുടങ്ങി; കേരളത്തിലും വോട്ടിങ്
- ഭരണാനുമതിയായില്ല; ഇരവിപുരത്തെ പുലിമുട്ട് നിര്‍മാണം അനിശ്ചിതത്വത്തില്‍
- ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍െറ കൊല: രണ്ടുപേര്‍ പിടിയില്‍
- 200 ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ വാഷും പിടികൂടി
- സത്രം പ്രദേശത്ത് വ്യാപക റവന്യൂ-വനം ഭൂമി കൈയേറ്റം
- എസ്.സി ഫണ്ട് വകമാറ്റല്‍: ഭരണകക്ഷി അംഗങ്ങളും കൗണ്‍സില്‍ ബഹിഷ്കരിച്ചു
- ശബരിമല തീര്‍ഥാടനം: നവംബര്‍ ഒന്നിനുമുമ്പ് ഒരുക്കം പൂര്‍ത്തിയാക്കും -മന്ത്രി ശിവകുമാര്‍
- മോഡി പ്രധാനമന്ത്രിയാവരുതെന്നാണ് തന്റെയും ആഗ്രഹം -ശശി തരൂര്‍
- സ്ഥലം കൈമാറുന്നതിനുള്ള നടപടി അന്തിമഘട്ടത്തില്‍
- ആശുപത്രിയിലെ അഴിമതി: സമരം ശക്തമാക്കുന്നു
മാലദ്വീപില്‍ തെരഞ്ഞെടുപ്പ് തുടങ്ങി; കേരളത്തിലും വോട്ടിങ് Posted: 07 Sep 2013 12:06 AM PDT Image: കൊറ്റ: പുതിയ പ്രസിഡന്‍്റിനായുള്ള തെരഞ്ഞെടുപ്പിന് മാലദ്വീപില്‍ തുടക്കം. ശനിയാഴ്ച രാവിലെ തുടങ്ങിയ പോളിങ് സമധാനപരമായി പുരോഗമിക്കുകയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 200റോളം ചെറു ദ്വീപുകളായി ചേര്‍ന്നു കിടക്കുന്ന മാലദ്വീപില്‍ തെരഞ്ഞെടുപ്പിനായി 470 പോളിങ് സ്റ്റേഷനുകള്‍ ആണ് ഒരുക്കിയിരിക്കുന്നത്. 2,39593 വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുമെന്ന് കരുതുന്നു. |
ഭരണാനുമതിയായില്ല; ഇരവിപുരത്തെ പുലിമുട്ട് നിര്‍മാണം അനിശ്ചിതത്വത്തില്‍ Posted: 06 Sep 2013 11:56 PM PDT ഇരവിപുരം: സര്‍ക്കാറിന്‍െറ ഭരണാനുമതി ലഭിക്കാത്തതിനാല്‍ ഇരവിപുരത്തെ പുലിമുട്ട് നിര്‍മാണ നടപടികള്‍ മുടങ്ങി. ഇതിനെതുടര്‍ന്ന് തീരദേശവാസികള്‍ വീണ്ടും സമരത്തിന് തയാറെടുക്കുകയാണ്. ഇരവിപുരത്തെ തീരപ്രദേശങ്ങളായ താന്നി ലക്ഷ്മിപുരം തോപ്പ് മുതല്‍ കാക്കതോപ്പ് വരെ നാല് റീച്ചുകളിലായി 16 പുലിമുട്ടുകള്‍ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ 12.5 കോടി രൂപ അനുവദിച്ചിരുന്നു. അടിക്കടിയുണ്ടാകുന്ന കടല്‍കയറ്റവും കടലാക്രമണവും തടയുന്നതിനാണ് സര്‍ക്കാര്‍ പുലിമുട്ട് നിര്‍മാണത്തിന് തുക വകയിരുത്തിയത്. തീരദേശവാസികളുടെ നിരന്തരസമരങ്ങളെ തുടര്‍ന്നാണ് പുലിമുട്ട് നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ തുക അനുവദിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പുലിമുട്ട് നിര്‍മാണത്തിനുള്ള ഭരണാനുമതി മേജര്‍ ഇറിഗേഷന്‍ വകുപ്പിന് ലഭിച്ചിട്ടില്ല. ഭരണാനുമതിക്കുള്ള ഫയല്‍ ചീഫ് ടെക്നിക്കല്‍ എക്സാമിനറുടെ മുന്നിലാണ്. എന്നാല്‍ പുലിമുട്ടിന്‍െറ നീളവും അതിനുള്ള സര്‍വേ റിപ്പോര്‍ട്ടും ഇല്ലാത്തതിനാലാണ് ഫയലില്‍ നടപടി വൈകുന്നത്. പുലിമുട്ട് നിര്‍മാണത്തിന് സര്‍വേക്കായി മദ്രാസ് ഐ.ഐ.ടിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഐ.ഐ.ടി ഉദ്യോഗസ്ഥരെത്തി പുലിമുട്ടിനായി കടലിലും കരയിലും സര്‍വേ നടത്തി തയാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറിയിട്ടില്ല. പ്രതിഫലം ലഭിക്കാത്തതിനാലാണ് ഐ.ഐ.ടി റിപ്പോര്‍ട്ട് മേജര്‍ ഇറിഗേഷന്‍ വകുപ്പിന് കൈമാറാതിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇതേക്കുറിച്ച് പഠനം നടത്തി സി.ടി.ഇക്ക് തീരുമാനമെടുക്കാന്‍ കഴിയൂ. ഐ.ഐ.ടിക്ക് പ്രതിഫലം നല്‍കി റിപ്പോര്‍ട്ട് വാങ്ങിയില്ലെങ്കില്‍ പുലിമുട്ട് നിര്‍മാണം നടക്കില്ലെന്ന സ്ഥിതിയാണുള്ളത്. ഇതിന് മുമ്പും ഐ.ഐ.ടി ഉദ്യോഗസ്ഥര്‍ ഇരവിപുരത്തെ തീരപ്രദേശം സന്ദര്‍ശിച്ച് തയാറാക്കിയ റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ വാങ്ങിയിട്ടില്ലെന്നാണ് വിവരം. ഏതാനും മാസം മുമ്പുണ്ടായ കടല്‍കയറ്റത്തില്‍ കാക്കതോപ്പ്, ഗാര്‍ഫില്‍ നഗര്‍ എന്നിവിടങ്ങളില്‍ തീരദേശ റോഡ് ഉള്‍പ്പെടെ തകര്‍ന്നപ്പോള്‍ തീരവാസികള്‍ ദേശീയപാത ഉപരോധിച്ച് പ്രതീകാത്മകമായി കാക്കതോപ്പില്‍ മനുഷ്യപുലിമുട്ടും മനുഷ്യചങ്ങലയും തീര്‍ത്തിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെട്ട് പുലിമുട്ട് നിര്‍മാണത്തിന് പണം അനുവദിച്ചത്. ഭരണാനുമതി വൈകിയാല്‍ അടുത്തൊന്നും പുലിമുട്ട് നിര്‍മാണം ആരംഭിക്കാന്‍ കഴിയില്ലെന്നത് കണക്കിലെടുത്താണ് തീരദേശവാസികള്‍ വീണ്ടും സമരത്തിന് ഇറങ്ങാന്‍ തയാറെടുക്കുന്നത്. |
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍െറ കൊല: രണ്ടുപേര്‍ പിടിയില്‍ Posted: 06 Sep 2013 11:48 PM PDT തിരുവനന്തപുരം: ആര്‍.എസ്. എസ് പ്രവര്‍ത്തകന്‍ തമലം കാമരാജ് നഗര്‍ കൊച്ചുതോപ്പ് വീട്ടില്‍ വിനുമോനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ പൂജപ്പുര പൊലീസ് പിടികൂടി. തമലം സ്വദേശികളായ മുരളി, പ്രേമന്‍ എന്നിവരാണ് പിടിയിലായതെന്നാണ് ലഭിക്കുന്ന വിവരം. ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തുമെന്നാണറിയുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള നാലുപേരില്‍ രണ്ട് പേരാണ് പൊലീസിന്‍െറ പിടിയിലായത്. ഒളിവിലുള്ള രണ്ടുപേര്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. പ്രതികളുടെ സുഹൃത്തുക്കളായ മൂന്നുപേരെ പൂജപ്പുര പൊലീസ് ചോദ്യംചെയ്തിന്‍െറ അടിസ്ഥാനത്തിലാണ് രണ്ടുപേരെ പിടികൂടാനായതെന്നാണ് സൂചന. ജില്ലയിലെ ഒരു ഒളിസങ്കേതത്തില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. എന്നാല്‍ ഇക്കാര്യം പൊലീസ് ഔദ്യാഗികമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് നാലംഗ സംഘം വിനുമോനെ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. മണല്‍കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സി.പി.എം പ്രവര്‍ത്തകനായിരുന്ന വിനുമോന്‍ ആര്‍.എസ്. എസിന്‍െറ സജീവപ്രവര്‍ത്തകനായി മാറുകയായിരുന്നു. ഇയാളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളുമുണ്ട്. മ്യൂസിയം സി.ഐ ജയചന്ദ്രന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. തമലത്തും പരിസരപ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയ പൊലീസ് പിക്കറ്റങ് ഇപ്പോഴും തുടരുന്നുണ്ട്. |
200 ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ വാഷും പിടികൂടി Posted: 06 Sep 2013 11:44 PM PDT Subtitle: വ്യാജവാറ്റ് മുളങ്കുന്നത്തുകാവ്: 200 ലിറ്റര്‍ വാറ്റ് ചാരായവും 300 ലിറ്റര്‍ വാഷുമായി രണ്ടുപേരെ കോലഴി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തങ്ങാലൂര്‍ കാരോള്‍ ഇടത്തറ മോഹനന്‍ (50), കിരാലൂര്‍ തളത്തില്‍ സുധീര്‍ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മോഹനന്‍െറ ഉടമസ്ഥതയിലുള്ള കാരോറിലെ പറമ്പിലെ മോട്ടോര്‍ ഷെഡില്‍ നിന്നാണ് പിടികൂടിയത്. എക്സൈസ് ഡെ. കമീഷണറുടെ നിര്‍ദേശപ്രകാരം കോലഴി എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ആര്‍. ദേവദാസ്, പ്രിവന്‍റിവ് ഓഫിസര്‍മാരായ മണികണ്ഠന്‍, സുധീര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കൃഷ്ണകുമാര്‍, സുധീര്‍കുമാര്‍, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്കെത്തിയത്. പ്രതികളെ ചാവക്കാട് കോടതിയില്‍ ഹാജരാക്കുകയും ഈമാസം 20 വരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. |
സത്രം പ്രദേശത്ത് വ്യാപക റവന്യൂ-വനം ഭൂമി കൈയേറ്റം Posted: 06 Sep 2013 11:33 PM PDT വണ്ടിപ്പെരിയാര്‍: പെരിയാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് വള്ളക്കടവ് സത്രം പ്രദേശത്ത് റവന്യൂ-വനം ഭൂമികളില്‍ കൈയേറ്റം വ്യാപകമാകുന്നു. പീരുമേട് താലൂക്കിലെ മഞ്ചുമല വില്ലേജില്‍പ്പെട്ട സര്‍വേ നമ്പര്‍ 167, 182ലായുള്ള ഭൂമികളിലാണ് വ്യാപക കൈയേറ്റം നടക്കുന്നത്. സര്‍വേ നമ്പര്‍ 182ല്‍പ്പെട്ട ഏക്കര്‍ കണക്കിന് ഭൂമി റവന്യൂ വകുപ്പ് വനംവകുപ്പിന് കൈമാറി വിജ്ഞാപനം ഇറക്കിയെങ്കിലും ഏറ്റെടുക്കല്‍ നടപടി മുടങ്ങി ഉപേക്ഷിക്കപ്പെട്ട നിലയിലാണുള്ളത്. അതിനാല്‍ ഈഭൂമിയില്‍ എന്ത് പ്രവര്‍ത്തനങ്ങള്‍ നടത്തിയാലും ഇരുവകുപ്പും നടപടിയെടുക്കാന്‍ തയാറാകുന്നില്ല. ഇത് മറയാക്കിയാണ് സ്വകാര്യവ്യക്തികള്‍ കൈയേറ്റം നടത്തുന്നത്. ചങ്ങനാശേരി സ്വദേശി സത്രം പ്രദേശത്ത് 22 ഏക്കര്‍ പാട്ട ഭൂമിയാണ് വാങ്ങിയതെങ്കിലും അമ്പതേക്കറോളമാണ് ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്നത്. പട്ടയ ഭൂമിയോട് ചേര്‍ന്നുണ്ടായിരുന്ന പഴയ നടപ്പാത ഒഴിവാക്കി റവന്യൂ ഭൂമിയില്‍ പത്തടി വീതിയില്‍ റോഡ് നിര്‍മിക്കുകയും കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. റവന്യൂ ഭൂമിയിലൂടെയുള്ള നടപ്പാതകള്‍ വലിയ റോഡുകളാക്കി നിര്‍മാണം നടത്തിയിട്ടും അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. വള്ളക്കടവ് സ്വദേശിയില്‍ നിന്ന് മൂന്ന് സെന്‍റ് മാത്രം വിലയ്ക്ക് വാങ്ങിയ പ്രദേശവാസി മൂന്നേക്കറിലധികം സ്ഥലമാണ് കൈവശം വെച്ചിരിക്കുന്നത്. ഏലം,കാപ്പി,കുരുമുളക് എന്നിവ കൃഷി ചെയ്തിരിക്കുന്നു. പട്ടയ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന റവന്യൂ ഭൂമികളിലെ പോതപ്പുല്ലുകള്‍ നീക്കം ചെയ്ത് ഏലം, കാപ്പി എന്നിവ നട്ടുപിടിപ്പിച്ച് ആരംഭിച്ച ചെറിയ കൈയേറ്റങ്ങള്‍ ഇപ്പോള്‍ ഏക്കര്‍ കണക്കിന് ഭൂമിയിലേക്ക് വ്യാപിച്ചിരിക്കുന്നു. രാത്രിയില്‍ ഔദ്യാഗിക വാഹനങ്ങള്‍ ഒഴിവാക്കി വില്ലേജ് ഓഫിസിലെ ജീവനക്കാര്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ വന്‍കിടക്കാരുടെ കോട്ടേജുകളില്‍ എത്തുന്നതായി പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. വനപ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്ത് മ്ളാവ്,കേഴ,കാട്ടുപന്നി, മുയല്‍ എന്നിവ ധാരാളമായുള്ളതിനാല്‍ കാട്ടിറച്ചിയും മദ്യവുമടങ്ങിയ സല്‍ക്കാരമാണ് ഇവര്‍ക്കായി ഒരുക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്‍െറ സീറോ ലാന്‍ഡ്ലെസ് പദ്ധതിക്കായി സത്രം മേഖലയില്‍ സര്‍വേ ആരംഭിക്കുന്നതിന് മുമ്പ് സ്വകാര്യ വ്യക്തികള്‍ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ പുല്‍മേടുകളിലേക്ക് വേലികള്‍ നിര്‍മിച്ച് ഭൂമി അധീനതയിലാക്കിയിട്ടുണ്ട്. പ്രദേശവാസികള്‍ തങ്ങളുടെ സ്ഥലത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശത്ത് പ്രവര്‍ത്തനം നടത്തിയാല്‍ റവന്യൂ-വനം വകുപ്പ് സംഘമെത്തി വിളകള്‍ വെട്ടി നശിപ്പിക്കുകയും കേസുകളില്‍ കുടുക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഇരുപതില്‍പ്പരം കേസുകള്‍ നിലവിലുണ്ടെന്നാണ് സ്ഥലവാസി പറയുന്നത്. |
എസ്.സി ഫണ്ട് വകമാറ്റല്‍: ഭരണകക്ഷി അംഗങ്ങളും കൗണ്‍സില്‍ ബഹിഷ്കരിച്ചു Posted: 06 Sep 2013 11:31 PM PDT Subtitle: നഗരസഭ വീണ്ടും വിവാദച്ചുഴിയില്‍ പത്തനംതിട്ട: ഇ.എം.എസ് ഭവന പദ്ധതിയിലെ എസ്.സി.ഫണ്ട് വകമാറ്റി ചെലവഴിച്ചതില്‍ പ്രതിഷേധിച്ച് ഭരണകക്ഷിയിലെ രണ്ട് അംഗങ്ങള്‍ ഉള്‍പ്പെടെ നാലുപേര്‍ കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചു. ഭരണകക്ഷിയില്‍പ്പെട്ട അഡ്വ. റോഷന്‍ നായര്‍, അനില്‍ മണ്ണില്‍ എന്നിവരും സ്വതന്ത്ര അംഗങ്ങളായ മുണ്ടുകോട്ടക്കല്‍ സുരേന്ദ്രനും ബി.ജെ.പിയിലെ കെ.ജി. പ്രകാശുമാണ് യോഗത്തിന്‍െറ അവസാനഘട്ടത്തില്‍ ഇറങ്ങിപ്പോയത്. ഇ.എം.എസ് ഭവന പദ്ധതിയുടെ കുമ്പഴ സര്‍വീസ് സഹകരണ ബാങ്കിലെ അക്കൗണ്ടില്‍ 7.55 ലക്ഷം രൂപ കുറവുണ്ടെന്ന ലോക്കല്‍ ഫണ്ട് ഓഡിറ്റ് കണ്ടെത്തലും പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുമായാണ് വെള്ളിയാഴ്ച അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നത്. കഴിഞ്ഞ ശനിയാഴ്ച കൂടിയ കൗണ്‍സില്‍ യോഗത്തില്‍ പദ്ധതി തുകയില്‍ കുറവ് കണ്ടെത്തിയത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് പ്രത്യേക അജണ്ടയായി വിഷയം വെള്ളിയാഴ്ച ചര്‍ച്ചക്കെടുത്തത്. ഇ.എം.എസ് ഭവന പദ്ധതിയുടെ എസ്.സി.പി ഫണ്ടില്‍ ഏഴര ലക്ഷം രൂപ വകമാറ്റി ചെലവഴിച്ചത് വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടെങ്കിലും ചെയര്‍മാന്‍ ഇത് അംഗീകരിക്കാഞ്ഞതില്‍ പ്രതിഷേധിച്ചാണ് നാല് അംഗങ്ങളും ഇറങ്ങിപ്പോയത്. നേരത്തെ മുതല്‍ ചെയര്‍മാനോട് ഇടഞ്ഞുനില്‍ക്കുന്നവരാണ് ഭരണകക്ഷിയിലെ രണ്ട് അംഗങ്ങളും. എന്നാല്‍ ഇവരുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നാണ് ചെയര്‍മാന്‍ എ.സുരേഷ്കുമാര്‍ പറഞ്ഞത്. എന്തെങ്കിലും ക്രമക്കേടുകളോ തിരിമറികളോ നടന്നിട്ടില്ല. എല്‍.ഡി.എഫ് അംഗങ്ങള്‍ പോലും യാതൊരു ക്രമക്കേടും ആരോപിക്കുന്നില്ല. ബാങ്കിലെ ഒറ്റ അക്കൗണ്ടില്‍ ജനറല്‍ ഫണ്ടും എസ്.സി ഫണ്ടും നിക്ഷേപിച്ചപ്പോഴുണ്ടായ തകരാറാണ് ഇതിന് ഇടയാക്കിയത്്. ഇത് ക്ളറിക്കല്‍ തകരാറാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റ് എന്‍ക്വയറിക്ക് സെക്രട്ടറി മറുപടി കൊടുത്തുവെന്നും ചെയര്‍മാന്‍ പറഞ്ഞു. പദ്ധതിക്ക് എങ്ങനെ ഫണ്ട് കണ്ടെത്താന്‍ കഴിയുമെന്നാണ് ചിന്തിക്കേണ്ടതെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇക്കാര്യത്തെ കുറിച്ചാണ് അംഗങ്ങള്‍ അഭിപ്രായം പറയേണ്ടതെന്നുമായി ചെയര്‍മാന്‍. ഇ.എം.എസ് ഭവന പദ്ധതിക്ക് പണം കണ്ടെത്താന്‍ കഴിയാതെ പദ്ധതിയെ അട്ടിമറിച്ചത് പാവങ്ങളോട് കാണിച്ച കൊടും ക്രൂരതയായെന്ന് എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ പറഞ്ഞു. നഗരത്തില്‍ 117 പേരാണ് വീടുവെക്കാന്‍ പണമില്ലാതെ വിഷമിക്കുന്നത്. ഇ.എം.എസ് ഭവന പദ്ധതിയിലെ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ച് 14ന് ഉത്തരവിറക്കിയിട്ടും നഗരസഭക്ക് നടപടി സ്വീകരിക്കാന്‍ കഴിഞ്ഞില്ല. വായ്പ തുക ഹഡ്കോയില്‍ നിന്ന് ഏറ്റെടുത്ത് നല്‍കാന്‍ കഴിയാതെ വന്നതോടെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ത്രിതല സഹകരണ സംഘങ്ങള്‍ വഴി പണം കണ്ടെത്താനാണ് നിര്‍ദേശിച്ചത്. എന്നാല്‍ ജില്ലാ ആസ്ഥാനത്തെ എല്ലാസഹകരണ ബാങ്കുകളും യു.ഡി.എഫ് പിടിച്ചെടുത്തെങ്കിലും പദ്ധതിക്ക് ആവശ്യമായ പണം ഈ ബാങ്കുകള്‍ വഴി സമാഹരിക്കാന്‍ കഴിഞ്ഞില്ല. ഇതിലൂടെപദ്ധതി അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം. നഗരത്തില്‍ ഭവന പദ്ധതി അട്ടിമറിച്ചതിന്‍െറ രണ്ട് പ്രതികള്‍ യു.ഡി.എഫ് സര്‍ക്കാറും പത്തനംതിട്ട നഗരസഭയുമാണ്. യു.ഡി.എഫ് പദ്ധതിയുടെ ചരമഗീതം കുറിക്കുകയാണ് ചെയ്തത്. ഭരണകക്ഷി നിരുത്തരവാദപരമായാണ് ഇതിനെ കണ്ടത്. പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥരും അനാസ്ഥകാട്ടി. ബന്ധപ്പെട്ട ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി പോലും ഇത് ചര്‍ച്ച ചെയ്തില്ല. നോക്കുകുത്തികളായ സ്റ്റാന്‍ഡിങ് കമ്മിറ്റികളാണ് നഗരസഭയിലേത്. പട്ടികജാതി ഫണ്ട് വകമാറ്റിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും തുക അഡ്ജസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഇ.എം.എസ് ഭവന പദ്ധതിയിലെ അക്കൗണ്ടില്‍ തുക കുറവ് കണ്ടെത്തിയത് നിരവധി സംശയങ്ങള്‍ക്ക് ഇടനല്‍കുന്നതായി ഭരണകക്ഷി അംഗം അനില്‍ മണ്ണില്‍ പറഞ്ഞു. പാവപ്പെട്ട ആളുകള്‍ക്കുവേണ്ടിയുള്ള ഭവന പദ്ധതി അട്ടിമറിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ചില അംഗങ്ങളുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഭവന പദ്ധതിയിലെ അംഗങ്ങള്‍ക്കായി കുമ്പഴ സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുക്കാന്‍ തീരുമാനിച്ചതായും ചെയര്‍മാന്‍ പറഞ്ഞു. കെ.ജാസിംകുട്ടി, എം.സി. ഷെരീഫ്, ആര്‍. സാബു, വി.എ. ഷാജഹാന്‍, റഷീദാബീവി, കെ.ജി. പ്രകാശ്, അഡ്വ. റോഷന്‍ നായര്‍, ആനി സജി എന്നിവര്‍ സംസാരിച്ചു. |
ശബരിമല തീര്‍ഥാടനം: നവംബര്‍ ഒന്നിനുമുമ്പ് ഒരുക്കം പൂര്‍ത്തിയാക്കും -മന്ത്രി ശിവകുമാര്‍ Posted: 06 Sep 2013 11:25 PM PDT എരുമേലി: ശബരിമല തീര്‍ഥാടന ഒരുക്കങ്ങള്‍ നവംബര്‍ ഒന്നിനു മുമ്പ് പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍. എരുമേലി ശ്രീധര്‍മശാസ്ത്രാ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങളെക്കുറിച്ചുള്ള ആലോചന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം ഹെവി മെയിന്‍റനന്‍സ് ഫണ്ടായി സര്‍ക്കാര്‍ അനുവദിച്ച 75 കോടി രൂപ ഉപയോഗിച്ച് റോഡുകളുടെ അറ്റകുറ്റപ്പണി നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. ശബരിമലയുമായി ബന്ധപ്പെട്ട റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 153 കോടി രൂപനീക്കിവെച്ചിട്ടുണ്ട്. തുക അടുത്ത മന്ത്രിസഭായോഗത്തില്‍ അനുവദിക്കും. തീര്‍ഥാടന കാലത്തിനുശേഷം ജോലികള്‍ ആരംഭിക്കും. കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് എരുമേലിയില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കാന്‍ യോഗം തീരുമാനിച്ചു. ചീഫ് വിപ്പ് പി.സി. ജോര്‍ജിന്‍െറ അധ്യക്ഷതയില്‍ എരുമേലിയില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങളിന്മേലുള്ള നടപടികളും യോഗം വിലയിരുത്തി. റിവര്‍ മാനേജ്മെന്‍്റ് ഫണ്ടില്‍നിന്നുള്ള 2.15 കോടി രൂപ ഉപയോഗിച്ച് എരുമേലി തോട് ശുചീകരിച്ച് ഇരുവശവും ഭിത്തി കെട്ടി, മുകളില്‍ വലയിട്ട് തീര്‍ഥാടകര്‍ക്ക് ഉപയോഗയോഗ്യമാക്കും. ഇതിന് കലക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി വ്യക്തമാക്കി. എരുമേലിയിലെ ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് രണ്ടാഴ്ച്ചയ്ക്കുളില്‍ ചീഫ് വിപ്പിന്റെഅധ്യക്ഷതയില്‍ വീണ്ടും യോഗം ചേരും. ഒക്ടോബര്‍ 27ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പമ്പയില്‍ ചേരുന്ന യോഗം തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട അവസാനവട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുമെന്ന് മന്ത്രി പറഞ്ഞു. വാഹന പാര്‍ക്കിംഗിനും ഭക്ഷണത്തിനും ടോയ്ലറ്റ് ഉപയോഗിക്കുന്നതിനും ഈടാക്കുന്ന നിരക്കുകള്‍ ഏകീകരിക്കുന്നതിനായി പ്രത്യേക യോഗം ചേരുമെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ് പറഞ്ഞു. എരുമേലി സര്‍ക്കാര്‍ ആശുപത്രിക്ക് ആംബുലന്‍സ് വാങ്ങുന്നതിനുള്ള പണം തന്‍െറ എം.എല്‍.എ ഫണ്ടില്‍നിന്ന് ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. എരുമേലിയിലും കോട്ടയം മെഡിക്കല്‍ കോളജിലും പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുമെന്നും എരുമേലിയില്‍ റവന്യൂ, ആരോഗ്യം, സിവില്‍ സപൈ്ളസ് എന്നീ വകുപ്പുകളുടെ സംയുക്ത എന്‍ഫോഴ്സ്മെന്‍റ് പ്രവര്‍ത്തിക്കുമെന്നും ജില്ലാ ഭരണകൂടം യോഗത്തില്‍ അറിയിച്ചു. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ പ്രീപെയ്ഡ് ടാക്സി കം ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ സജ്ജീകരിക്കും. ഫുഡ് ഇന്‍സ്പെക്ടര്‍മാരുടെയും ലീഗല്‍ മെട്രോളജി വകുപ്പിന്‍െറയും പ്രത്യേക സ്ക്വാഡുകള്‍ക്ക് രൂപം നല്‍കും. പ്രധാനപ്പെട്ട എല്ലാ വകുപ്പുകളും മിനി ആക്ഷന്‍ പ്ളാന്‍ തയാറാക്കുകയും അതനുസരിച്ചുള്ള ഏകോപിതമായ പ്രവര്‍ത്തനം നടത്തുകയും ചെയ്യുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അപകടസാധ്യതയുള്ള കടവുകളില്‍ മുന്നറിയപ്പ് ബോര്‍ഡുകളും വേലികളും സ്ഥാപിക്കാന്‍ യോഗം തീരുമാനിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ഡൈവര്‍മാരുടെ സേവനം ലഭ്യമാക്കും. തമിഴ്, കന്നട, തെലുങ്ക്, മലയാളം ഭാഷകളില്‍ അപകട മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കും. കാനനപാതയില്‍ സ്ഥിരമായി സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യത ജില്ലാ പഞ്ചായത്ത് ആരായുമെന്ന് പ്രസിഡന്‍റ് നിര്‍മല ജിമ്മി അറിയിച്ചു. തീര്‍ഥാടനകാലത്ത് മുടങ്ങാതെ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ക്രമീകരണമേര്‍പ്പെടുത്തണമെന്ന് വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. തീര്‍ഥാടന കാലത്ത് ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളെക്കുറിച്ച് വിവിധ വകുപ്പ് മേധാവികളും പ്രതിനിധികളും യോഗത്തില്‍ വിശദീകരിച്ചു. സേഫ് സോണ്‍ പദ്ധതിയുടെ നടത്തിപ്പില്‍ സജീവമായി സഹകരിച്ച എരുമേലി സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിന്‍െറ പ്രശസ്തി പത്രം മന്ത്രി വി.എസ്. ശിവകുമാര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍.എം. ഐഷാബായിക്ക് സമ്മാനിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം.പി. ഗോവിന്ദന്‍നായര്‍, ബോര്‍ഡ് അംഗം പി.കെ. കുമാരന്‍, ദേവസ്വം ബോര്‍ഡ് കമീഷണര്‍ പി. വേണുഗോപാല്‍, പഞ്ചായത്ത് പ്രസിഡന്‍റ് അനിത സന്തോഷ്, അയ്യപ്പസേവാസംഘം ഭാരവാഹികള്‍ തുടങ്ങിയവരും പങ്കെടുത്തു. |
മോഡി പ്രധാനമന്ത്രിയാവരുതെന്നാണ് തന്റെയും ആഗ്രഹം -ശശി തരൂര്‍ Posted: 06 Sep 2013 11:24 PM PDT Image: ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രധാനമന്ത്രി ആവരുതെന്നാണ് തന്റെയും ആഗ്രഹമെന്ന് കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായ ശശി തരൂര്‍. പ്രധാനമന്ത്രിപദം ഒരിക്കലും സ്വപ്നം കണ്ടിട്ടില്ലെന്ന മോഡിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ താനും മോഡിയും സ്വപ്നം കണ്ടത് ഒരേ കാര്യമാണെന്നും തരൂര്‍ പറഞ്ഞു. പ്രധാനമന്ത്രിപദം ഏറ്റെടുക്കുമെന്ന് ഒരിക്കലും സ്വപ്നംകണ്ടിട്ടില്ലെന്നും ഗുജറാത്തിലെ ജനത തന്നെ തെരഞ്ഞെടുത്തത് 2017 വരെ അവരെ സേവിക്കാനാണെന്നും കഴിഞ്ഞ ദിവസം നരേന്ദ്ര മോഡി പറഞ്ഞിരുന്നു. |
സ്ഥലം കൈമാറുന്നതിനുള്ള നടപടി അന്തിമഘട്ടത്തില്‍ Posted: 06 Sep 2013 11:22 PM PDT Subtitle: മെട്രോ റെയില്‍ കൊച്ചി: മെട്രോ റെയില്‍ പദ്ധതിയില്‍ സ്റ്റേഷനുകള്‍ക്കും പാര്‍ക്കിങ് കേന്ദ്രങ്ങള്‍ക്കും സ്ഥലം ഏറ്റെടുത്ത് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന് കൈമാറുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍. ഏഴ് വില്ലേജുകളിലായി 4.7408 ഹെക്ടര്‍ സ്ഥലം കൂടി ഏറ്റെടുക്കുന്നതിന് ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമുള്ള വിജ്ഞാപനം ശനിയാഴ്ച മുതല്‍ പ്രാബല്യത്തിലായതായി കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് അറിയിച്ചു. പത്തടിപ്പാലം, ഇടപ്പള്ളി ജങ്ഷന്‍, എളംകുളം സ്റ്റേഷനുകള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഏതാനും ദിവസത്തിനുള്ളില്‍ ലഭിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ആലുവ മുതല്‍ പേട്ട വരെയുള്ള സ്റ്റേഷനുകള്‍ക്കും പാര്‍ക്കിങ് കേന്ദ്രങ്ങള്‍ക്കുമുള്ള ഭൂമി ഡിസംബറിനകം പൂര്‍ണമായും കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന് കൈമാറും. വിജ്ഞാപനം പ്രസിദ്ധീകരിച്ച സര്‍വേ നമ്പറുകളില്‍ ഉള്‍പ്പെടുന്ന പ്ളോട്ടുകളുടെ വില നിശ്ചയിക്കുന്നതിനുള്ള ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി ഉടനെ യോഗം ചേരും. സ്ഥലമുടമകളുമായി ജില്ലാഭരണകൂടം നടത്തിയ അനൗപചാരിക ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വില സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. അന്തിമ വില നിര്‍ണയമാണ് ജില്ലാതല പര്‍ച്ചേസ് കമ്മിറ്റിയില്‍ നടക്കുക. വിവിധ വില്ലേജുകളില്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ വിസ്തീര്‍ണം ഇങ്ങനെയാണ്: ആലുവ വെസറ്റ് - 1.27 ഹെക്ടര്‍, തൃക്കാക്കര നോര്‍ത് - 0.2331 ഹെക്ടര്‍, ഇടപ്പള്ളി നോര്‍ത് - 0.1755 ഹെക്ടര്‍, ഇടപ്പള്ളി സൗത് - 0.4167 ഹെക്ടര്‍, എളംകുളം - 0.4148 ഹെക്ടര്‍, എറണാകുളം - 0.4750 ഹെക്ടര്‍, പൂണിത്തുറ - 1.744 ഹെക്ടര്‍. മെട്രോ ട്രാക്കിന് ഇരുവശത്തുമായാണ് സ്റ്റേഷനുകള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നത്. സ്റ്റേഷനുകളുടെ ഭാഗമായി പാര്‍ക്കിങ് കേന്ദ്രങ്ങള്‍ക്കും സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഡെപ്യൂട്ടി കലക്ടര്‍ (മെട്രോ) കെ.പി. മോഹന്‍ദാസ് പിള്ളയുടെ നേതൃത്വത്തിലാണ് സ്ഥലം ഏറ്റെടുക്കലിനുള്ള പ്രത്യേക യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. |
ആശുപത്രിയിലെ അഴിമതി: സമരം ശക്തമാക്കുന്നു Posted: 06 Sep 2013 11:15 PM PDT ആലപ്പുഴ: കടപ്പുറം വനിത-ശിശു ആശുപത്രിയിലെ അഴിമതിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി സമരം ശക്തമാക്കുന്നു. ഡോക്ടറും ജീവനക്കാരും കൈക്കൂലി വാങ്ങുന്നത് തെളിവുകള്‍ സഹിതം പിടികൂടിയിട്ടും നടപടി വൈകുകയാണ്. സമരഭീഷണി മുഴക്കി അധികൃതരെ സമ്മര്‍ദത്തിലാക്കി നടപടിയില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ജീവനക്കാര്‍. ഈ സാഹചര്യത്തിലാണ് കൈക്കൂലി ദൃശ്യം പുറത്തുകൊണ്ടുവരികയും അത് ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി കൂടുതല്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുന്നത്. ഇതിന്‍െറ ഭാഗമായി ശനിയാഴ്ച ആശുപത്രിക്ക് മുന്നില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം സക്കീര്‍ ഹുസൈന്‍ മണ്ണഞ്ചേരിയും മുനിസിപ്പല്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് ഇ.എ. അഷ്റഫും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രോഗികളില്‍നിന്നും ബന്ധുക്കളില്‍നിന്നും കൈക്കൂലി ചോദിച്ചുവാങ്ങുന്നത് കൂടാതെ പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളും ജീവനക്കാര്‍ തട്ടിയെടുക്കുന്നതായി ഇവര്‍ ആരോപിച്ചു. ഗര്‍ഭിണികളുടെ ബന്ധുക്കളെക്കൊണ്ട് പേപ്പറുകളില്‍ ഒപ്പിടുവിച്ച് വാങ്ങി ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് നല്‍കിയതായി രേഖയുണ്ടാക്കിയാണ് തട്ടിപ്പ് അരങ്ങേറുന്നത്. കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചാല്‍ ചികിത്സയില്‍ ബോധപൂര്‍വം പിഴവുവരുത്തുന്ന തും പതിവാണ്. കൈക്കൂലി കൊടുക്കാത്തതിന്‍െറ പേരില്‍ ജീവനക്കാര്‍ ഗര്‍ഭിണികളോട് തട്ടിക്കയറുകയും പലരീതിയിലും പീഡിപ്പിക്കുകയും ചെയ്യും. അഴിമതിയും ജീവനക്കാരുടെ മോശമായ പെരുമാറ്റവും സംബന്ധിച്ച് പരാതി നല്‍കിയാലും അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപമാണ് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പൊലീസിലെ വിജിലന്‍സ് വിഭാഗവും സ്വീകരിക്കുന്നത്. അഴിമതിക്കാര്‍ക്കെതിരെ നടപടി ഉറപ്പായ സാഹചര്യത്തില്‍ സമരം നടത്തിയും മറ്റും ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള നീക്കം വെല്‍ഫെയര്‍ പാര്‍ട്ടി അനുവദിക്കില്ല. കൂടുതല്‍ ജനങ്ങളെ അണിനിരത്തി ആശുപതിയെ അഴിമതിമുക്തമാക്കാനുള്ള പ്രവര്‍ത്തനം തുടരും. വാര്‍ത്താസമ്മേളനത്തില്‍ എന്‍.എ. ഷിജാസ്,സഅദ് അടിവാരം എന്നിവരും പങ്കെടുത്തു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment