ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകള്‍ ഖത്തറില്‍ Posted: 10 Sep 2013 11:50 PM PDT ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള പ്രതിരോധ സഹകരണ കരാര്‍ പുതുക്കുന്നതിന്‍െറ ഭാഗമായി ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ് തബാര്‍, ഐ.എന്‍.എസ് ആദിത്യ യുദ്ധക്കപ്പലുകള്‍ ഖത്തറിലെത്തി. ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യയുടെ സഹകരണം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് നാവിക സേന പടിഞ്ഞാറന്‍ പടയുടെ കപ്പലുകള്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനം നടത്തുന്നത്. ഖത്തറിന് പുറമെ കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളും ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. തബാറിന് പുറമേ ഐ.എന്‍.എസ് ആദിത്യയും ഖത്തറിലെത്തിയിട്ടുണ്ട്. ഐ.എന്‍.എസ് മൈസൂര്‍, ഐ.എന്‍.എസ് തര്‍കഷ് എന്നീ കപ്പലുകള്‍ കുവൈത്തിലും സന്ദര്‍ശനം നടത്തുന്നുണ്ട്. ഈ നാലു കപ്പലുകളും കൂടിയാണ് ദുബൈ പോര്‍ട്ടിലും മസ്കത്ത് പോര്‍ട്ടിലും സന്ദര്‍ശനം നടത്തുക. തല്‍വാര്‍ ക്ളാസ് കപ്പലുകളുടെ ശ്രേണിയില്‍ ഉള്‍പ്പെട്ട തബാറിന്‍െറ കമാന്‍റിങ് ഓഫിസര്‍ ക്യാപ്റ്റന്‍ സായി വെങ്കിട്ടരാമനാണ്. യുദ്ധമഴു എന്ന് ഹിന്ദിയില്‍ ആര്‍ഥം വരുന്ന തബാര്‍ ഇന്ത്യന്‍ നാവികസേനയുടെ കരുത്തും വളര്‍ച്ചയും വ്യക്തമാക്കുന്ന കപ്പലാണ്. സോമാലിയന്‍ കൊള്ളക്കാരെ തുരത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച തബാര്‍ കപ്പല്‍ കൊള്ളക്കാരുടെ ബോട്ട് മുക്കുകയും ചെയ്തിരുന്നു. തബാറില്‍ ഹെലികോപ്ടറിന് പറന്നിറങ്ങാനുള്ള സൗകര്യമുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഐ.എന്‍.എസ് ആദിത്യ പടിഞ്ഞാറന്‍ സൈനിക വ്യൂഹത്തിന്‍െറ പ്രധാനഭാഗമായ ആദിത്യ ടാങ്കറുകളും ഹെലികോപ്റ്ററുകളും വഹിച്ചുനീങ്ങാന്‍ ശേഷിയുള്ള യുദ്ധക്കപ്പലാണ്. എന്‍.എം. രൂപം ബെംബേയുടെ നേതൃത്വത്തിലാണ് ആദിത്യ ദോഹയിലെത്തിയത്. ദ്രവീകൃത കാര്‍ഗോയുമായി അതിവേഗം ലക്ഷ്യസ്ഥാനത്തെത്താന്‍ ശേഷിയുള്ള കപ്പലാണ് ആദിത്യ. തല്‍ബാര്‍ ദോഹ തുറമുഖത്തും ആദിത്യ മെസഈദ് തുറമുഖത്തുമാണ് എത്തിയത്. മുംബൈ ആസ്ഥാനമായുള്ള പടിഞ്ഞാറന്‍ സൈനിക വ്യൂഹത്തിന്‍െറ ഭാഗമാണ് ഖത്തറിലെത്തിയ ഇരു കപ്പലുകളും. മേഖലയിലെ നിരവധി നാവിക സേനകള്‍ക്ക് ഇന്ത്യന്‍ നേവി പരിശീലനവും ജലസംബന്ധമായ വിവരങ്ങളും നല്‍കാറുണ്ട്. 35 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഇന്ത്യന്‍ ഓഷ്യന്‍ നേവല്‍ സിമ്പോസിയത്തില്‍ അംഗങ്ങളാണ് ഇന്ത്യയും ഖത്തറും. സമുദ്ര സംബന്ധമായ കാര്യങ്ങളില്‍ വിവരങ്ങള്‍ കൈമാറുകയും പരസ്പരം സഹകരിക്കുകയും ചെയ്യുകയാണ് ഇന്ത്യന്‍ ഓഷ്യന്‍ നേവല്‍ സിമ്പോസിയത്തിന്‍െറ പ്രധാന ചുമതല. കഴിഞ്ഞ ഒരു ദശകത്തിനകം ഇരുരാജ്യങ്ങളും തമ്മില്‍ പ്രതിരോധ രംഗത്ത് വന്‍ സഹകരണ മുന്നേറ്റങ്ങളാണ് നടത്തിയത്. നാവിക സഹകരണ രംഗത്തെ ഇരു രാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധത്തിന്‍െറ തെളിവാണ് 2008 മുതല്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള ഡിംഡക്സ്. ഇരു കപ്പലുകളും 13ാം തിയ്യതി വരെ ദോഹ തുറമുഖത്തുണ്ടാകും. അവസാന ദിവസം ഖത്തര്‍ അമീരി നാവിക സേനയുമായി ചേര്‍ന്ന് സംയുക്ത പാസക്സ് സെറിമണി നടക്കും. ഖത്തറുമായി 2008ല്‍ നിലവില്‍ വന്ന ഇന്ത്യ-ഖത്തര്‍ പ്രതിരോധ സഹകരണ കരാര്‍ പുതുക്കുന്നതിന്‍െറ ഭാഗമായാണ് ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകള്‍ ദോഹയിലെത്തുന്നത്. ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകളും റോയല്‍ നേവി ഓഫ് ഒമാന്‍െറ നസിം അല്‍ ബഹറും 23 മുതല്‍ 26 വരെ സംയുക്ത അഭ്യാസങ്ങളും നടത്തും. ഇന്നലെ രാവിലെയാണ് ഇരുകപ്പലുകളും ഖത്തറിലെത്തെത്തിയത്. കപ്പലിന്‍െറ ഓണ്‍ബോഡില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ, കമാന്‍റിങ് ഓഫിസര്‍ ക്യാപ്റ്റന്‍ സായി വെങ്കിട്ടരാമന്‍, ലെഫ്റ്റനന്‍റ് കേണല്‍ രാംരാജ് വര്‍മ എന്നിവര്‍ പങ്കെടുത്തു. ഇന്ത്യ-ഖത്തര്‍ പ്രതിരോധ സഹകരണ കരാര്‍ യോഗം 15ന് ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള പ്രതിരോധ സഹകരണ കരാര്‍ പുതുക്കുന്നതിന്‍െറ ഭാഗമായി പരസ്പര സഹകരണം ഉറപ്പ് വരുത്തുന്നതിനുള്ള ഇന്ത്യയുടെയും ഖത്തറിന്‍െറയും സംയുക്ത സമിതിയുടെ (ജെ.സി.ഡി.സി) മൂന്നാം യോഗം 15, 16 തിയ്യതികളില്‍ ദോഹയില്‍ നടക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് 2008ല്‍ ഖത്തര്‍ സന്ദര്‍ശിച്ചപ്പോഴാണ് പ്രതിരോധരംഗത്ത് സഹകരിക്കുന്നതിനായി സംയുക്ത സമിതി രൂപവല്‍കരിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയത്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഈ കരാര്‍ പുതുക്കണമെന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ. 2008 സെപ്തംബര്‍ ഒമ്പതിനാണ് ആദ്യകരാര്‍ നിലവില്‍ വന്നത്. ന്യൂദല്‍ഹിയിലും ദോഹയിലുമായി നടന്ന സംയുക്തസമിതി യോഗത്തിന് ശേഷമാണ് മൂന്നാം യോഗം ദോഹയില്‍ നടക്കുന്നത്. |
ജി.സി.സി കോര്‍പറേറ്റ് വരുമാനത്തില്‍ 7.1 ശതമാനം വര്‍ധന Posted: 10 Sep 2013 11:47 PM PDT മസ്കത്ത്: ജി.സി.സി രാജ്യങ്ങളിലെ കോര്‍പറേറ്റ് മേഖല വരുമാനത്തില്‍ 7.1 ശതമാനം വളര്‍ച്ച കൈവരിച്ചതായി പഠന റിപ്പോര്‍ട്ട്. 2013ലെ ആദ്യത്തെ ആറ് മാസങ്ങളിലെ കണക്കെടുത്ത് പരിശോധിക്കുമ്പോള്‍ ആറ് ജി.സി.സി രാജ്യങ്ങളിലെ കോര്‍പറേറ്റ് മേഖലയുടെ ആകെ വരുമാനം 31.2 ബില്യന്‍ ഡോളറായി ഉയര്‍ന്നു. ഗ്ളോബല്‍ ഇന്‍വെസ്റ്റ്മെന്‍റ് ഹൗസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബഹ്റൈനാണ് ഏറ്റവും കൂടുതല്‍ വരുമാനം നേടിയത്. ദൂബൈ രണ്ടാം സ്ഥാനത്തും ഒമാന്‍ മൂന്നാം സ്ഥാനത്തും വരുന്നു. ഖത്തര്‍ നാലാമതും കുവൈത്ത് അഞ്ചാമതുമാണ്. സൗദി അറേബ്യയാണ് ഏറ്റവും പിന്നില്‍. മാത്രമല്ല, സൗദിയില്‍ ഈ മേഖലയില്‍നിന്നുള്ള വരുമാനം കുറയുകയാണ് ചെയ്തത്. ബഹ്റൈന്‍ 57.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ദുബൈ 28.2 ശതമാനവും ഒമാന്‍ 15 ശതമാനവും ഖത്തര്‍ 13.8 ശതമാനവും കുവൈത്ത് 11.6 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. സൗദിയുടെ വളര്‍ച്ചാനിരക്കില്‍ 3.5 ശതമാനത്തിന്‍െറ കുറവ് വന്നു. ബാങ്കിങ് മേഖലയില്‍നിന്നാണ് മിക്ക രാജ്യങ്ങളിലും ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചിരിക്കുന്നത്. എന്നാല്‍, ഒമാനില്‍ വ്യവസായ മേഖലയില്‍നിന്നാണ് കൂടിയ വരുമാനം- 26.1 ശതമാനം. 18.9 ശതമാനമാണ് ഒമാനിലെ ബാങ്ക്-നിക്ഷേപ സ്ഥാപനങ്ങള്‍ കോര്‍പറേറ്റ് മേഖലയിലേക്ക് നല്‍കിയിരിക്കുന്നത്. ഇന്‍ഷുറന്‍സ്-സര്‍വീസ് മേഖലയില്‍നിന്ന് 6.4 ശതമാനവും ലഭിച്ചു. ബാങ്കിങ് മേഖലയിലെ വരുമാനത്തില്‍ മുഖ്യ പങ്ക് ബാങ്ക് മസ്കത്തിന്‍േറതാണ്. എന്നാല്‍, ബാങ്ക് മസ്കത്തിന്‍െറ വളര്‍ച്ചാനിരക്ക് 7.8 ശതമാനം കുറവാണ്. അതേസമയം, ബാങ്ക് ദോഫാര്‍ 109.6 ശതമാനം വളര്‍ച്ചയുണ്ടാക്കി 21.3 ശതമാനത്തിന്‍െറ പങ്ക് വഹിച്ചു. എച്ച്.എസ്.ബി.സി ബാങ്ക് ഒമാനിന്‍േറത് 28.4 ശതമാനവും സൊഹാര്‍ ബാങ്കിന്‍േറത് 15.4 ശതമാനവുമാണ്. വ്യവസായ മേഖലയില്‍ റയ്സുത് സിമന്‍റ് 19.6 ശതമാനവും ഒമാന്‍ സിമന്‍റ് 3.1 ശതമാനവും കോര്‍പറേറ്റ് വരുമാനത്തിലേക്ക് പങ്ക് വഹിച്ചു. ദൂബൈയുടെ കോര്‍പറേറ്റ് വുമാനം 2.1 ബില്യന്‍ ഡോളറാണ്. ഇതില്‍ 36.3 ശതമാനം ബാങ്കിങ് മേഖലയില്‍നിന്നാണ്. റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍ മേഖലകളുടെ പങ്ക് 12.9 ശതമാനമാണ്. . സൗദിയുടെ പെട്രോ കെമിക്കല്‍ വ്യവസായത്തില്‍ നിന്നുള്ള വരുമാനത്തിലാണ് വന്‍ കുറവ് അനുഭവപ്പെട്ടത്. ഈ മേഖലയില്‍ ആറ് ശതമാനം കുറഞ്ഞ് വരുമാനം 4.3 ബില്യന്‍ ഡോളറിലേക്ക് താഴ്ന്നു. ബാങ്കിങ്, വ്യവസായ, ധനകാര്യ സേവന മേഖലകളിലെ സംഭാവനകളാണ് കുവൈത്തിന്‍െറ വരുമാന വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചത്. ഖത്തറില്‍ ഇത് വ്യവസായ, ഇന്‍ഷുറന്‍സ്, ബാങ്കിങ്, ടെലി കമ്യൂണിക്കേഷന്‍ മേഖലകളില്‍നിന്നാണ്. |
ടി.പി വധം: കാരായി രാജനടക്കം 20 പ്രതികളെ വെറുതെ വിട്ടു Posted: 10 Sep 2013 11:03 PM PDT കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.എം നേതാവ് കാരായി രാജനടക്കം 20 പ്രതികളെ പ്രത്യേക അഡീഷണല്‍ കോടതി വെറുതെ വിട്ടു. രാജനു പുറമെ എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി, കെ.അശോകന്‍, ഇ.എം ഷാജി എന്നിവരും ഇതില്‍ ഉള്‍പെടും. കേസില്‍ 26 ാം പ്രതിയാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കാരായി രാജന്‍. പ്രോസിക്യൂഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ജഡ്ജി ആര്‍. നാരായണ പിഷാരടിയാണ് ഇന്ന് വിധി പറഞ്ഞത്. തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഹരജി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് വെറുതെ വിടുന്നതെന്ന് ജഡ്ജി വ്യക്തമാക്കി. കേസില്‍ മൊത്തം 56 പ്രതികള്‍ ആണ് ഉണ്ടായിരുന്നത്. തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇതിലെ 24 പ്രതികളെ ഒഴിവാക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കോടതി വിധി നേരത്തെ പ്രതീക്ഷിച്ചതു തന്നെയെന്ന് ടി.പിയുടെ വിധവ കെ.കെ രമ പ്രതികരിച്ചു. സാക്ഷികളെ സി.പി.എം ഭീഷണിപ്പെടുത്തി കൂറുമാറ്റിയെന്നും ഗൂഢാലോചന സംബന്ധിച്ച് നേതാക്കളുടെ പങ്ക് സ്വതന്ത്ര ഏജന്‍സിയെകൊണ്ട് അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു. കോടതി വിധിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍.എം.പി പ്രതികരിച്ചു. |
തൊഴില്‍ മന്ത്രാലയ സേവനങ്ങള്‍ക്ക് ഏകീകൃത അപേക്ഷ ഫോറം Posted: 10 Sep 2013 10:39 PM PDT റിയാദ്: 11 സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ക്ക് ഏകീകൃത രൂപം നല്‍കി തൊഴില്‍ മന്ത്രാലയം പുതിയ പരിഷ്കരണങ്ങള്‍ വരുത്തി. കൂടാതെ 11 സേവനങ്ങള്‍ ലഭ്യമാകുന്നതിന് ആവശ്യമായ രേഖകള്‍ സംബന്ധിച്ചും നടപടിക്രമങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന ചാര്‍ട്ടും മന്ത്രാലയം പുറത്തിറക്കി. ഏകീകൃത അപേക്ഷ ഫോറത്തിന്‍െറയും നടപടി ക്രമങ്ങള്‍ സംബന്ധിച്ച ചാര്‍ട്ടും തൊഴില്‍ മന്ത്രാലയത്തിന്‍െറ ഔദ്യാഗിക വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഏകീകൃത അപേക്ഷ ഫോറം (http://portal.mol.gov.sa/ar/AF.pdf) എന്ന ലിങ്കില്‍നിന്നും നടപടിക്രമങ്ങള്‍ സംബന്ധിച്ച ചാര്‍ട്ട് (http://portal.mol.gov.sa/ar/A9.pdf) എന്ന ലിങ്കില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. സ്ഥാപന ഉടമകള്‍, അവരുടെ ഏജന്‍സികള്‍, ജനറല്‍ സര്‍വീസ് ഓഫിസുകള്‍ തുടങ്ങിയവര്‍ക്ക് നടപടിക്രമങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭ്യമാക്കുക, മന്ത്രാലയ സേവനങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്നിവയാണ് പരിഷ്കരണ നടപടികളിലൂടെ ലക്ഷ്യമിടുന്നത്. സ്ഥാപനത്തിന്‍െറ പുതിയ രജിസ്ട്രേഷന്‍, പുതിയ ഏജന്‍റിന്‍െറ പേര് ചേര്‍ക്കലും പഴയ ഏജന്‍റിനെ ഒഴിവാക്കലും, ഇ- സേവനങ്ങളുടെ ആക്ടിവേഷന്‍, വിദേശ തൊഴിലാളിയുടെ റിക്രൂട്ട്മെന്‍റിനുള്ള അപേക്ഷ, വിദേശ തൊഴിലാളിയുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം, പ്രഫഷന്‍ മാറ്റം, തൊഴിലാളിയുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതും പുതിയത് അനുവദിക്കുന്നതും, സ്വദേശിവത്കരണ സര്‍ട്ടിഫിക്കറ്റ്, വിസ റദ്ദാക്കല്‍, സ്ഥാപനത്തിന്‍െറ ഡാറ്റ നവീകരണം, സ്ഥാപനത്തിന്‍െറ പ്രവൃത്തികളില്‍ മാറ്റം വരുത്തല്‍ തുടങ്ങിയ സേവനങ്ങള്‍ക്കുള്ള അപേക്ഷകളാണ് ഏകീകരിച്ചത്. ഇതില്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിന് 2400 റിയാല്‍ ലെവി അടച്ചിരിക്കണം. തൊഴില്‍ കാര്യാലയത്തെ സമീപിക്കും മുമ്പ് തന്നെ അപേക്ഷകളിന്മേല്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിന് ആവശ്യമായ രേഖകള്‍ സംബന്ധിച്ച് അറിയാനും അപേക്ഷകള്‍ നേരത്തെ തന്നെ പൂരിപ്പിച്ച് വരുന്നതുവഴി സമയ നഷ്ടം ഒഴിവാക്കി നടപടിക്രമങ്ങള്‍ക്ക് വേഗം വര്‍ധിപ്പിക്കാനും ഈ പരിഷ്കരണം വഴി സാധ്യമാകുമെന്നും തൊഴില്‍ മന്ത്രാലയം ഉപഭോക്തൃ സേവനവിഭാഗം അണ്ടര്‍ സെക്രട്ടറി സിയാദ് സ്വാനിഅ് വ്യക്തമാക്കി. |
സിറിയ: നയതന്ത്രനീക്കം പരാജയപ്പെട്ടാന്‍ ആക്രമണം -ഒബാമ Posted: 10 Sep 2013 10:21 PM PDT വാഷിങ്ടണ്‍: സിറിയന്‍ പ്രശ്നത്തില്‍ സാധ്യമായ വിധത്തില്‍ നയതന്ത്ര പരിഹാരം തേടുമെന്നും ഇതില്‍ പരാജയപ്പെടുന്നപക്ഷം സിറിയക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്നും യു.എസ് പ്രസിഡണ്ട് ബറാക് ഒബാമ. എന്നാല്‍, സൈന്യത്തോട് ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിന് സജ്ജരായി നില്‍ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളെ അഭിസംബോധന ചെയ്ത് ടെലിവിഷനില്‍ സംസാരിക്കവെയാണ് ഇക്കാര്യം ഒബാമ അറിയിച്ചത്. സിറിയയില്‍ ആക്രമണം നടത്തുന്നതിന് യു.എസ് കോണ്‍ഗ്രസിന്‍്റെ അനുമതി തേടുന്നത് തല്‍ക്കാലം ഒബാമ നീട്ടി വെച്ചു. സിറിയ രാസായുധം അന്താരാഷ്ട്ര സമൂഹത്തിന് കൈമാറണമെന്ന റഷ്യന്‍ ഫോര്‍മുലക്ക് യു.എസ് പിന്തുണ നല്‍കിയിട്ടുണ്ട്. അതേസമയം, സൈനിക നടപടി ഉണ്ടാവുകയാണെങ്കില്‍ കരയുദ്ധമോ നീണ്ടുനില്‍ക്കുന്ന ആകാശയുദ്ധമോ ഉണ്ടാകില്ളെന്ന് ഒബാമ വ്യക്തമാക്കി. സിറിയക്കെതിരെ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. |
ക്വാഡ്രിസൈക്കിളിനു വഴിതെളിഞ്ഞു; കരട് വിജ്ഞാപനമായി Posted: 10 Sep 2013 09:35 PM PDT ഓട്ടോറിക്ഷകള്‍ക്കും ചെറുകാറുകള്‍ക്കുമിടയിലെ നാലു ചക്ര വിഭാഗത്തില്‍പെടുന്ന ചെറു വാഹനമായ ക്വാഡ്രിസൈക്കിളുകളെ കേന്ദ്ര മോട്ടോര്‍ വാഹന നിയമമനുസരിച്ച് വാണിജ്യ വാഹന വിഭാഗത്തില്‍പെടുത്താന്‍ സര്‍ക്കാര്‍ കരട് നോട്ടിഫിക്കേഷന്‍ പുറത്തിറക്കി. ഹൈവേയിതര പാതകളില്‍ ചരക്ക് നീക്കത്തിനും യാത്രക്കാരെ കൊണ്ടുപോകുന്നതിനും അനുമതി നല്‍കിയാണ് കരട് വിജ്ഞാപനം. ഇതില്‍ 30 ദിവസത്തിനകം പൊതുജനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. അതുകൂടി പരിഗണിച്ച് വൈകാതെതന്നെ അന്തിമ വിജ്ഞാപനവും വരും. ഇതോടെ, നമ്മുടെ റോഡുകളില്‍ നിറയാന്‍ നാലുചക്ര വിഭാഗത്തിലെ ഏറ്റവും കുഞ്ഞന്മാരത്തെും. വാഹന വ്യവസായത്തിലെ പ്രമുഖരുടെ എതിര്‍പ്പിനത്തെുടര്‍ന്ന് സര്‍ക്കാര്‍ ഇതുവരെ തീരുമാനം നീട്ടിക്കൊണ്ട് പോവുകയായിരുന്നു. കരട് വിജ്ഞാപനമനുസരിച്ച് പാസഞ്ചര്‍ വിഭാഗത്തില്‍ ഡ്രൈവറുള്‍പ്പെടെ നാലു യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. ചരക്ക് വിഭാഗത്തില്‍ ഡൈവറേക്കൂടാതെ ഒരാള്‍ക്കുകൂടി കയറാനാകും. യാത്രക്കാരെ കയറ്റാവുന്ന വിഭാഗത്തിന് മൂന്നും ചരക്ക് വിഭാഗത്തിന് 3.7 മീറ്ററുമായിരിക്കും പരമാവധി നീളം. യഥാക്രമം 450 കിലോയും 550 കിലോയുമാവും ഭാരം. നിലവിലെ ഏറ്റവും ചെറുകാറായ ടാറ്റാ നാനോക്ക് 3.2 മീറ്ററാണ് നീളം. വീതി ഒന്നര മീറ്റര്‍ കവിയാന്‍ പാടില്ല. വാഹനത്തിന്‍െറ മുകള്‍ഭാഗവും വശങ്ങളും മൂടാന്‍ റെക്സിന്‍ പ്ളാസ്റ്റിക്, തുണി മുതലായവ ഉപയോഗിക്കാനും പാടില്ല. ഉറപ്പുള്ള ബോഡി വേണം. നിലവില്‍ രാജ്യത്ത് ബജാജ് മാത്രമാണ് ക്വാഡ്രിസൈക്കിള്‍ വികസിപ്പിച്ചിട്ടുള്ളത്. ആര്‍.ഇ 60 എന്ന കമ്പനി വിളിക്കുന്ന ഇത് നിരത്തിലിറങ്ങാന്‍ അണിയറയില്‍ ഒരുങ്ങുകയാണ്. അതേസമയം ഓട്ടോമൊബൈല്‍ വ്യവസായത്തെ പിന്നോട്ട് നയിക്കാനേ പുതിയ അവതാരത്തിന് കഴിയൂ എന്ന വാദമുയര്‍ത്തി എതിര്‍ക്കുകയാണ് മാരുതിയും ടാറ്റയുമുള്‍പ്പെടെ രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളെല്ലാം. എന്നാല്‍, യൂറോപ്പില്‍ നേരത്തേതന്നെ ക്വാഡ്രി സൈക്കിളുകള്‍ വില്‍ക്കുന്ന പിയാജിയോ, ഇന്ത്യന്‍ വിപണിക്കനുസൃതമായി വാഹനം വികസിപ്പിക്കാന്‍ സാവകാശം തങ്ങള്‍ക്കുകൂടി തന്നാല്‍ മതിയെന്ന നിലപാടിലാണ്. ഓട്ടോ റിക്ഷകളേക്കാള്‍ സുരക്ഷയും മൈലേജും നല്‍കുന്ന ക്വാഡ്രിസൈക്കിളുകള്‍ ഓട്ടോറിക്ഷ യുഗത്തിന് അന്ത്യം കുറിക്കുമെന്നും ആശങ്കയുണ്ട്. |
എയര്‍ ഏഷ്യയുടെ ഇന്ത്യ സര്‍വീസ് വൈകും Posted: 10 Sep 2013 09:33 PM PDT മലേഷ്യന്‍ വിമാനക്കമ്പനിയായ എയര്‍ ഏഷ്യ ഇക്കൊല്ലം നവംബര്‍-ഡിസംബറോടെ ഇന്ത്യയില്‍ ആരംഭിക്കാനിരുന്ന ആഭ്യന്തര വിമാന സര്‍വീസ് വൈകുമെന്ന് സൂചന. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകളും കേന്ദ്ര സര്‍ക്കാറില്‍നിന്ന് ഇനിയും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) കിട്ടാത്തതുമാണ് ചെലവുകുറഞ്ഞ സര്‍വീസുകള്‍ വാഗ്ദാനം ചെയ്ത എയര്‍ഏഷ്യക്ക് വിനയാകുന്നത്. (ഡി.ജി.സി.എ കഴിഞ്ഞ മാസം പുറത്തിറക്കിയ എയര്‍ ഓപറേറ്റര്‍ സര്‍ട്ടിഫിക്കേഷന്‍ മാനുവല്‍ അനുസരിച്ച് ഓപറേഷന്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നതിന് 90 ദിവസം മുമ്പേ പെര്‍മിറ്റിന് അപേക്ഷ സമര്‍പ്പിക്കണം. രേഖകളുടെ പരിശോധനയും അഞ്ച് റിവ്യൂ മീറ്റിങ്ങുകളുമുള്‍പ്പെടെ ഈ 90 ദിവസങ്ങളില്‍ പൂര്‍ത്തിയാക്കേണ്ട വിവിധ ഉത്തരവാദിത്തങ്ങളും മാനുവല്‍ നിര്‍ദേശിക്കുന്നുണ്ട്. അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍െറ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഡി.ജി.സി.എ നടപടി. ഈ നിര്‍ദേശങ്ങള്‍ എയര്‍ ഏഷ്യയുടെ ഇന്ത്യന്‍ സംരംഭത്തിന് തിരിച്ചടിയാവും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍നിന്ന് ഇതുവരെ എയര്‍ ഏഷ്യ പദ്ധതിക്ക് എന്‍.ഒ.സി ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഓപറേഷന്‍ പെര്‍മിറ്റിനുള്ള അപേക്ഷയും എയര്‍ ഏഷ്യ സമര്‍പ്പിച്ചിട്ടില്ല. ഇനി ഉടന്‍ സമര്‍പ്പിച്ചാല്‍ പോലും പുതിയ നിബന്ധനകള്‍ പാലിക്കുന്നുവെന്ന് ഡി.ജി.സി.എ ഉറപ്പാക്കിയാല്‍ ഡിസംബര്‍ അവസാനമേ സര്‍വീസുകള്‍ യാഥാര്‍ഥ്യമാവൂ. എന്നാല്‍, എന്‍.ഒ.സിക്ക് ഇനിയും സമയമെടുക്കുമെന്നാണ് സൂചന. ഇത് ഇക്കൊല്ലം സര്‍വീസ് ആരംഭിക്കാനുള്ള സാധ്യതതന്നെ ഇല്ലാതാക്കും. സാധാരണ യാത്രാ തിരക്ക് കൂടുതലുള്ള നവംബര്‍-ഡിസംബറില്‍ മിക്ക കമ്പനികളും വിമാന ടിക്കറ്റ് നിരക്ക് കൂട്ടുമെന്നതിനാല്‍ ചെലവുകുറഞ്ഞ സര്‍വീസ് ആരംഭിക്കാന്‍ ഏറ്റവും ഉചിത സമയം എന്ന നിലയിലാണ് എയര്‍ ഏഷ്യ നേരത്തേ നവംബര്‍, ഡിസംബര്‍ ലക്ഷ്യമിട്ടിരുന്നത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ യാത്രാ തിരക്കും നിരക്കും കുറയുമെന്നതിനാല്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കുക വെല്ലുവിളിയാണ്. അതിനിടെ, എയര്‍ഏഷ്യ ഇന്ത്യ സി.ഇ.ഒ മിട്ടു ചന്ദാലിയ കഴിഞ്ഞദിവസം ഡി.ജി.സി.എ അരുണ്‍ മിശ്രയെ സന്ദര്‍ശിച്ചിരുന്നു. എന്‍.ഒ.സി ലഭിച്ച് അപേക്ഷ നല്‍കിയാല്‍ എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ടെങ്കില്‍ ഒരു മാസത്തിനകം പെര്‍മിറ്റ് നല്‍കാനാവുമെന്ന് അരുണ്‍ മിശ്ര പറഞ്ഞു. എന്നാല്‍, എന്ന് സര്‍വീസ് ആരംഭിക്കാനാവുമെന്നത് പൂര്‍ണമായും സര്‍ക്കാറിന്‍െറ കൈയിലാണെന്നാണ് എയര്‍ എഷ്യയുടെ നിലപാട്. തെക്കേ ഇന്ത്യ കേന്ദ്രീകരിച്ച് 25-30 ശതമാനം നിരക്കിളവില്‍ സര്‍വീസ് നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍ ചെന്നൈയില്‍നിന്ന് മറ്റ് തെക്കേ ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്ക് യാത്രികര്‍ കുറവാണെന്നതും മിക്ക ആഭ്യന്തര സര്‍വീസുകളും ഇപ്പോള്‍ നിരക്കിളവുകള്‍ പ്രഖ്യാപിക്കുന്നുണ്ടെന്നതും എയര്‍ഏഷ്യക്ക് വെല്ലുവിളിയാവുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. |
മരണം 48; ഭീതിയൊഴിയാതെ മുസഫര്‍ നഗര്‍ Posted: 10 Sep 2013 08:38 PM PDT മുസഫര്‍ നഗര്‍ (യു.പി): ഉത്തര്‍പ്രദേശിലെ മുസഫറാബാദ് മേഖലയില്‍ സംഘര്‍ഷത്തിന് അയവില്ല. കലാപത്തില്‍ മരിച്ചവരുടെ എണ്ണം 48 ആയി. കലാപബാധിത മേഖലകളില്‍ കര്‍ഫ്യൂ തുടരുകയാണ്. മുസഫര്‍ നഗര്‍ ടൗണ്‍ ശാന്തമാണെങ്കിലും ചുറ്റിലുമുള്ള ഗ്രാമങ്ങളില്‍ ചൊവ്വാഴ്ചയും അക്രമമുണ്ടായി. കലാപം സമീപജില്ലകളിലേക്ക് വ്യാപിക്കുന്നതിന്‍െറ സൂചനകളാണ് ഒടുവില്‍ ലഭിക്കുന്നത്. ‘പടിഞ്ഞാറന്‍ യു.പിയിലെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ 40ഉം മുസഫര്‍ നഗറിലാണ്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. അക്രമങ്ങളുമായി ബന്ധപ്പെട്ട് 366 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്’ സംസ്ഥാന ആഭ്യന്തര സെക്രട്ടറി കമല്‍ സക്സേന ലഖ്നോവില്‍ അറിയിച്ചു. ഗ്രാമങ്ങളില്‍നിന്ന് ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവര്‍ പലായനം തുടരുകയാണ്. വീടുകള്‍ മിക്കതും വിജനമാണ്. കൊല്ലപ്പെട്ടവരില്‍ പലരുടെയും സംസ്കാരം പോലും നടന്നിട്ടില്ല. പട്ടാളവും ആര്‍.പി.എഫും ഗ്രാമങ്ങളിലും മറ്റും 24 മണിക്കൂറും റോന്തുചുറ്റുന്നുണ്ടെങ്കിലും ജനം വീടിനു പുറത്തിറങ്ങാന്‍ മടിക്കുകയാണ്. കടകള്‍ അടഞ്ഞുകിടക്കുകയാണ്. റോഡുകള്‍ വിജനമാണ്. പൊലീസിന്‍െറയും സൈന്യത്തിന്‍െറയും വാഹനങ്ങള്‍ മാത്രമാണ് നിരത്തുകളില്‍. ഇതിനിടെ, കലാപത്തിന് കാരണമായ വ്യാജ വീഡിയോ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചതിന് പൊലീസ് കേസെടുത്ത ബി.ജെ.പി എം.എല്‍.എ സംഗീത് സോം ഒളിവില്‍ പോയി. തിരച്ചില്‍ നടത്തിയെങ്കിലും എം.എല്‍.എയെ കണ്ടത്തൊന്‍ സാധിച്ചില്ളെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. നിരോധാജ്ഞ ലംഘിച്ചതിന് ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ഹുകുംസിങ്, എം.എല്‍.എമാരായ സുരേഷ് റാണ, ഭര്‍തേന്ദു, കോണ്‍ഗ്രസ് മുന്‍ എം.പി ഹരേന്ദ്ര മല്ലിക് എന്നിവര്‍ക്കെതിരെ തിങ്കളാഴ്ച കേസെടുത്തിരുന്നു. സംഘര്‍ഷ മേഖലയില്‍ 1744 തോക്ക് ലൈസന്‍സുകള്‍ റദ്ദാക്കിയിട്ടുണ്ട്. ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ പൊലീസ് വീടുകള്‍ തോറും പരിശോധന നടത്തുന്നുണ്ട്. സംഭവവികാസങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മുഖ്യമന്ത്രി അഖിലേഷ് യാദവുമായി സംസാരിച്ചു. സാഹചര്യങ്ങള്‍ നേരിടാന്‍ കേന്ദ്രത്തിന്‍െറ എല്ലാ പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രി രണ്ടുലക്ഷം രൂപ വീതം ആശ്വാസധനം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. കലാപത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ജുഡീഷ്യല്‍ അന്വേഷണത്തിന് ജസ്റ്റിസ് വിഷ്ണു സഹായിയെ സര്‍ക്കാര്‍ നിയോഗിച്ചു. രണ്ടുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് കമീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി അഖിലേഷ് യാദവ് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് മുസഫര്‍ നഗര്‍ കലാപവും തുടര്‍ന്നുള്ള സംഭവങ്ങളും ചര്‍ച്ച ചെയ്തു. കലാപബാധിത പ്രദേശങ്ങളില്‍നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായവര്‍ക്ക് സഹായം എത്തിക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. |
സമരം പിന്‍വലിച്ചതിനെച്ചൊല്ലി ബസുടമ സംഘടനകളില്‍ ഭിന്നത Posted: 10 Sep 2013 08:17 PM PDT കൊച്ചി: മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന വേഗപ്പൂട്ട് പരിശോധനയില്‍ പ്രതിഷേധിച്ച് ആരംഭിച്ച അനിശ്ചിതകാല സമരം മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചതിനെച്ചൊല്ലി ബസുടമകളുടെ സംഘടനകളില്‍ ഭിന്നത രൂക്ഷം. ഉടമകളുടെ വിവിധ സംഘടനകള്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശവുമായി രംഗത്തത്തെി. അടിയന്തരയോഗം പോലും വിളിച്ചുകൂട്ടാതെ ഒന്നോരണ്ടോ നേതാക്കള്‍ മാത്രം ചേര്‍ന്ന് സമരം പിന്‍വലിച്ചതാണ് ഭിന്നതക്ക് കാരണം. പരീക്ഷകളും ഓണത്തിരക്കും കണക്കിലെടുത്ത് സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നിരിക്കെ ചില നേതാക്കള്‍ രാഷ്ട്രീയനേതൃത്വത്തെ അങ്ങോട്ടുചെന്ന് കണ്ട് സമരം ഒത്തുതീര്‍പ്പാക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ളെന്നും കോട്ടയം-കൊല്ലം ജില്ലകളിലെ നേതാക്കള്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. സര്‍ക്കാറിനെ വരുതിയില്‍ നിര്‍ത്തി വേഗപ്പൂട്ട് പരിശോധനയടക്കം ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന എല്ലാ നടപടികളും പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാമെന്നായിരുന്നു ഉടമകളുടെ കണക്കുകൂട്ടല്‍. എന്നാല്‍, സമരം തുടങ്ങി മണിക്കൂറുകള്‍ക്കകം പിന്‍വലിക്കേണ്ടിവന്നത് സംഘടനയുടെ നിലനില്‍പുപോലും ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയില്‍ എത്തിച്ചെന്നും നേതാക്കള്‍ പറയുന്നു. കൂടുതല്‍ ബസുകളുള്ള സംഘടനയിലെ പ്രമുഖ നേതാക്കളോടൊന്നും ആലോചിക്കാതെയാണ് ഒരുവിഭാഗം നേതാക്കള്‍ തിരക്കിട്ട് സമരം പിന്‍വലിച്ചത്. മന്ത്രിയില്‍നിന്ന് അനുകൂല തീരുമാനങ്ങളൊന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ ബുധനാഴ്ച നടക്കുന്ന ചര്‍ച്ചക്ക് പ്രസക്തിയില്ളെന്ന് അവര്‍ പറഞ്ഞു. വേഗപ്പൂട്ട് പരിശോധന തുടരാന്‍ സമരത്തിനുമുമ്പും ശേഷവും മന്ത്രി ശക്തമായ നിലപാടെടുത്തതും സംഘടനയെ ഞെട്ടിച്ചിട്ടുണ്ട്. ബുധനാഴ്ചത്തെ ചര്‍ച്ചയില്‍ വേഗപ്പൂട്ട് ഒഴിച്ചുള്ള വിഷയങ്ങള്‍ മാത്രം അജണ്ടയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍. ബസുടമകളുടെ ന്യായമായ ആവശ്യങ്ങള്‍ നിയമത്തിന്‍െറ അതിരുകള്‍ക്കുള്ളില്‍നിന്ന് പരിഗണിക്കുമെന്ന് മാത്രമാണ് ഗതാഗതമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയും ഇതേ നിലപാടിലാണ്. സമരം പിന്‍വലിച്ചശേഷം മതി ചര്‍ച്ചയെന്ന ഗതാഗതമന്ത്രിയുടെ നിലപാട് അംഗീകരിച്ചുകൊടുത്തതും സംഘടനയില്‍ അഭിപ്രായവ്യത്യാസം രൂക്ഷമാക്കിയിട്ടുണ്ട്. ബുധനാഴ്ചത്തെ ചര്‍ച്ചയില്‍ ആരൊക്കെ പങ്കെടുക്കണമെന്നുപോലും മന്ത്രി നിര്‍ദേശിക്കേണ്ടിവന്ന സാഹചര്യവും നേതാക്കളില്‍ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. അതേസമയം, വേഗപ്പൂട്ട് ഘടിപ്പിക്കുന്ന കാര്യത്തിലും ഗതാഗതനിയമങ്ങള്‍ പാലിക്കുന്ന വിഷയത്തിലും ടയറിന്‍െറയും ബ്രേക്കുകളുടെയും കാര്യക്ഷമത നിലനിര്‍ത്തുന്ന കാര്യത്തിലും ഒരിളവും നല്‍കില്ളെന്നും ചര്‍ച്ചയില്‍ ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കുന്നതിനോട് യോജിപ്പില്ളെന്നും കഴിഞ്ഞദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതിനിടെ, വേഗപ്പൂട്ട് പരിശോധനയുമായി മുന്നോട്ടുപോകാന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് ചൊവ്വാഴ്ച വീണ്ടും നിര്‍ദേശം നല്‍കി. ഓര്‍ഡിനറിക്ക് മുകളിലുള്ള പെര്‍മിറ്റ് നിര്‍ത്തലാക്കല്‍; സ്റ്റേ നീക്കാന്‍ നടപടിയില്ല മലപ്പുറം: ഓര്‍ഡിനറിക്ക് മുകളിലുള്ള സ്വകാര്യബസുകളുടെ പെര്‍മിറ്റ് നിര്‍ത്തലാക്കി ജൂലൈയില്‍ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ ബസുടമകള്‍ സമ്പാദിച്ച സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് നടപടിയില്ല. ഹൈകോടതി അനുവദിച്ച സ്റ്റേ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണം. എന്നാല്‍, ഇതിനുള്ള ഒരു നീക്കവുമില്ല. എന്ത് വിലകൊടുത്തും സ്റ്റേ നീക്കാന്‍ നടപടിയുണ്ടാകുമെന്ന് സ്റ്റേ ലഭിച്ച ദിവസം ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞിരുന്നു. സ്വകാര്യബസുകള്‍ക്ക് ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് എന്നീ പെര്‍മിറ്റുകള്‍ നല്‍കുന്നതാണ് ജൂലൈ 16ന് ഇറക്കിയ ഉത്തരവിലൂടെ സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. വിദ്യാര്‍ഥികളെ കയറ്റുന്നത് ഒഴിവാക്കാനും അമിതചാര്‍ജ് ഈടാക്കാനുമാണ് സ്വകാര്യ ബസുടമകള്‍ എഫ്.പി, എസ്.എഫ് പെര്‍മിറ്റുകള്‍ സമ്പാദിക്കുന്നത്. പ്രതിഷേധം ശക്തമായതോടെയാണ് ഇതിനെതിരെ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഫെയര്‍ സ്റ്റേജിന്‍െറ പേരിലാണ് എഫ്.പി, എസ്.എഫ് ബസുകള്‍ യാത്രക്കാരെ പിഴിയുന്നത്. എഫ്.പിയില്‍ ഓര്‍ഡിനറി ബസിന്‍െറ മൂന്ന് ഫെയര്‍സ്റ്റേജ് കഴിഞ്ഞാണ് ഒരു ഫെയര്‍സ്റ്റേജ് വരുന്നത്. എസ്.എഫില്‍ ഇത് ഓര്‍ഡിനറിയുടെ പത്ത് ഫെയര്‍സ്റ്റേജിനുള്ളിലാണ്. എഫ്.പി, എസ്.എഫ് പെര്‍മിറ്റ് ഒരു ജില്ലയില്‍നിന്ന് ലഭിച്ചാലും മറ്റ് ജില്ലകളിലൂടെ സര്‍വീസ് നടത്താന്‍ അവിടത്തെ ആര്‍.ടി.ഒയുടെ അനുമതി വേണം. എന്നാല്‍, ഇതില്ലാതെയാണ് പല ജില്ലകളിലൂടെയും ഇത്തരം ബസുകള്‍ ഓടുന്നത്. |
വര്‍ഗീയ ധ്രുവീകരണത്തിന് വഴിവിട്ട കളികള്‍ Posted: 10 Sep 2013 08:10 PM PDT സ്വതന്ത്ര ഇന്ത്യയില്‍ ഇന്നോളം നടന്ന ആയിരക്കണക്കിന് വര്‍ഗീയകലാപങ്ങള്‍ക്ക് വഴിമരുന്നിട്ടത് നിസ്സാരങ്ങളില്‍ നിസ്സാരമായ സംഭവങ്ങള്‍ ആണെന്നിരിക്കെ, ഇപ്പോള്‍ രാജ്യത്തെ 20 കോടി ജനങ്ങള്‍ താമസിക്കുന്ന ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ആഗസ്റ്റ് 27ന് ആരംഭിച്ച വര്‍ഗീയ സംഘര്‍ഷവും അതിനപവാദമല്ല. മുസഫര്‍ നഗറിലെ കാവാല്‍ ഗ്രാമത്തില്‍ രണ്ടു പെണ്‍കുട്ടികളെ അന്യ സമുദായക്കാരായ യുവാക്കള്‍ മാനഹാനി വരുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ കൊലപാതകങ്ങളാണ് കഴിഞ്ഞ ദിവസം വരെ 31 പേരുടെ ജീവഹാനിയില്‍ കലാശിച്ച വന്‍ വര്‍ഗീയകലാപമായി ആളിക്കത്തിയിരിക്കുന്നത്. നൂറുകണക്കിന് വീടുകള്‍ ഇതിനകം നശിപ്പിക്കപ്പെടുകയും ഒട്ടേറെ പേര്‍ അയല്‍ ജില്ലകളിലേക്ക് അഭയാര്‍ഥികളായി പോവുകയും ചെയ്തു. മറ്റു ജില്ലകളിലേക്കും പടര്‍ന്ന കലാപാഗ്നി പട്ടാളമടക്കമുള്ള സുരക്ഷാസേനയുടെ കര്‍ക്കശ നടപടികളും നിശാനിയമവുമെല്ലാമുണ്ടായിട്ടും നിയന്ത്രണാധീനമായിട്ടില്ളെന്നാണ് റിപ്പോര്‍ട്ട്. ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയുടെയും മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍െറയും പരാജയമായി സംഭവത്തെ വിലയിരുത്താന്‍ പ്രതിപക്ഷ കക്ഷികളായ ബി.എസ്.പിയും ബി.ജെ.പിയും തത്രപ്പെടുമ്പോള്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ബി.ജെ.പിയും സംഘ്പരിവാറും കലാപം ആളിപ്പടര്‍ത്തുകയാണെന്ന് കുറ്റപ്പെടുത്തുന്നു മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍െറ പാര്‍ട്ടിയും. എന്നാല്‍, സര്‍ക്കാറിന്‍െറ ന്യൂനപക്ഷ പ്രീണനമാണ് കലാപം പടരാന്‍ കാരണമെന്ന പ്രചാരണത്തിലേര്‍പ്പെട്ടിരിക്കുകയാണ് കാവിപ്പട. സംഭവത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതെപ്പോള്‍ നടക്കുമെന്നോ ഏതു കാലത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുമെന്നോ ഒരാള്‍ക്കും പറയാനാവില്ല എന്നാണല്ളോ ഇന്നേവരെയുള്ള അനുഭവം. സാധാരണ ഏതാണ്ടെല്ലാ വര്‍ഗീയ കലാപങ്ങളില്‍നിന്നും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കാറുണ്ടെങ്കിലും ഇത്തവണ മാസങ്ങള്‍ക്കകം നടക്കാന്‍ പോവുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ തല്‍പരകക്ഷികള്‍ ആസൂത്രിതമായിത്തന്നെ കലാപം ഇളക്കിവിടുകയും പടര്‍ത്തുകയും ചെയ്തിരിക്കാനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല. 2012 ഫെബ്രുവരിയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ സമാജ്വാദി പാര്‍ട്ടി സര്‍ക്കാറിന് കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കാന്‍ ന്യായമോ തെളിവുകളോ ഇല്ല. സംഘ്പരിവാര്‍ സ്ഥിരമായി മതേതര പാര്‍ട്ടികളുടെ മേല്‍ ആരോപിക്കുന്ന ന്യൂനപക്ഷ പ്രീണനം, ഭൂരിപക്ഷ സമുദായത്തെ പ്രകോപിപ്പിക്കാനുള്ള കുതന്ത്രം എന്നതില്‍കവിഞ്ഞ് ഒന്നുമല്ലതാനും. അതേയവസരത്തില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി നോമിനിയാവാന്‍ പോവുന്ന നരേന്ദ്ര മോഡി, വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമാക്കി വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലെ പ്രതിയും തന്‍െറ വലംകൈയുമായ അമിത്ഷായെ യു.പിയില്‍ കെട്ടിയിറക്കിയ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട ചുമതല അഖിലേഷ് യാദവ് സര്‍ക്കാറിനുണ്ടായിരുന്നു. അധികാരമേറ്റതിനുശേഷം 27 വര്‍ഗീയ സംഘര്‍ഷങ്ങള്‍ സംസ്ഥാനത്ത് നടന്നു എന്നിരിക്കെ, എന്തുവിലകൊടുത്തും സാമുദായികാന്തരീക്ഷം വഷളാവാതെ സൂക്ഷിക്കാന്‍ സര്‍ക്കാറിന് കഴിയണമായിരുന്നു. അത് സാധിക്കാത്തതുകൊണ്ട് കലാപമൊതുക്കുന്നതില്‍ പരാജയപ്പെട്ട എസ്.പി സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെടാന്‍ ബി.എസ്.പി അധ്യക്ഷ മായാവതിക്ക് അവസരം ലഭിച്ചു. നിരവധി പരാതികള്‍ ന്യായമായി അവര്‍ക്കെതിരെ ഉയരുകയും തദ്ഫലമായി തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുകയും ചെയ്തിട്ടുണ്ടെങ്കിലും അഞ്ചു വര്‍ഷം കാര്യമായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കിടവരുത്താതെ യു.പിയില്‍ താരതമ്യേന സമാധാനം നിലനിര്‍ത്താനായി എന്നവകാശപ്പെടാന്‍ തീര്‍ച്ചയായും മായാവതിക്ക് കഴിയും. അവസരത്തിനൊത്ത് ഭരണയന്ത്രത്തെ ചലിപ്പിക്കാന്‍ കഴിഞ്ഞതാണ് അവരുടെ നേട്ടം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 19 ശതമാനം വരുന്ന മുസ്ലിം ന്യൂനപക്ഷത്തില്‍ ഗണ്യമായൊരു വിഭാഗത്തിന്‍െറ പിന്തുണയുടെ ബലത്തില്‍ അധികാരത്തിലേറിയ എസ്.പിക്ക് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആ പിന്തുണ ഉറപ്പിക്കാനാവാത്ത പതനത്തിലേക്കാണ് സംഭവങ്ങളുടെ ഗതി. മതേതരമെന്നവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളോടുള്ള മുസ്ലിംകളുടെ സമീപനം പുന$പരിശോധിക്കണമെന്ന് ഇപ്പോള്‍തന്നെ ജംഇയ്യത്തു ഉലമായെ ഹിന്ദും ദയൂബന്ത് ദാറുല്‍ ഉലൂം യൂനിവേഴ്സിറ്റിയിലെ പണ്ഡിതരും ആവശ്യപ്പെട്ടുതുടങ്ങിയിരിക്കുന്നത് മുലായംസിങ്ങും മകനും ശ്രദ്ധിക്കാതിരിക്കാനിടയില്ല. ഇപ്പറഞ്ഞതിന്‍െറ അര്‍ഥം യു.പിയിലെ മുസ്ലിം ന്യൂനപക്ഷം തെറ്റുകളൊന്നും ചെയ്യുന്നില്ളെന്നോ വര്‍ഗീയ ധ്രുവീകരണത്തിന് കളമൊരുക്കുന്നതില്‍ അവര്‍ക്കൊരു പങ്കുമില്ളെന്നോ അല്ല. ഡസനിലധികം രാഷ്ട്രീയ പാര്‍ട്ടികളിലും മത-സാമുദായിക കൂട്ടായ്മകളിലുമായി ഛിന്നഭിന്നമായിക്കിടക്കുന്ന ന്യൂനപക്ഷത്തിന് ഏകീകൃതമോ വിവേകപൂര്‍വമോ ആയ ഒരു നേതൃത്വമില്ല. ഇത് പ്രഖ്യാപിത ശത്രുക്കള്‍ക്കടക്കം സമുദായത്തെ ചൂഷണം ചെയ്യാന്‍ അവസരമൊരുക്കുന്നു. മുസഫര്‍നഗറിലെ കലാപംപോലും ദീര്‍ഘദൃഷ്ടിയുള്ള ഒരു നേതൃത്വത്തിന് സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ തടയിടാന്‍ ഒട്ടൊക്കെ കഴിയുമായിരുന്നു. വാഴ മുള്ളിന്മേല്‍ വീണാലും മുള്ള് വാഴമേല്‍ വീണാലും കേട് വാഴക്കാണെന്ന ലളിതസത്യം യു.പിയിലെ ന്യൂനപക്ഷം വിസ്മരിച്ചിട്ട് കാര്യമില്ല. എന്തുതന്നെയായാലും കലാപം എത്രയും പെട്ടെന്ന് അമര്‍ച്ചചെയ്യാനും മുഖംനോക്കാതെ നടപടികളെടുക്കാനും സമാധാനം പുന$സ്ഥാപിക്കാനും സത്വര നടപടികളെടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. അക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്‍െറയും മതേതര പാര്‍ട്ടികളുടെയും കലവറയില്ലാത്ത പിന്തുണ അഖിലേഷിന് ലഭിക്കുകയും വേണം. കുളം എത്രത്തോളം കലങ്ങുന്നുവോ അത്രത്തോളം മീന്‍പിടിത്തക്കാര്‍ക്ക് ഗുണകരമാവുകയാണ് ചെയ്യുക. മോഡി പ്രധാനമന്ത്രിയാവുന്നതിന് മുമ്പുതന്നെ ഇവ്വിധമാണെങ്കില്‍ പ്രധാനമന്ത്രിയായാല്‍ എങ്ങനെയിരിക്കും എന്ന ചോദ്യമൊക്കെ ന്യായമാണെങ്കിലും അത്രത്തോളം ചിന്താശീലരല്ല സാമാന്യജനമെന്നത് മറന്നിട്ട് കാര്യമില്ല. |
No comments:
Post a Comment