പട്ടയപ്രശ്നം: 48 മണിക്കൂര്‍ ഉപവാസം ഇന്ന് മുതല്‍ Madhyamam News Feeds |
- പട്ടയപ്രശ്നം: 48 മണിക്കൂര്‍ ഉപവാസം ഇന്ന് മുതല്‍
- ഡിവൈ.എസ്.പിയുടെ കത്തിന് ടോള്‍ കമ്പനിക്ക് പുല്ലുവില
- മിത്രാനന്ദപുരം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പതിനഞ്ച് വര്‍ഷമായി ഇഴയുന്നു
- പുറം കടലില്‍ പെലാജിക് ട്രോളിങ് വ്യാപകം
- എട്ട് ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 80 ലക്ഷം
- ഭജനമന്ദിരം ആക്രമണം; എട്ട് ആര്‍.എസ്.എസുകാര്‍ അറസ്റ്റില്‍
- പാപ്പിനിശ്ശേരിയില്‍ 19 പേരെ പേപ്പട്ടി കടിച്ചു
- സാമ്പത്തിക സ്ഥിതിവിവര വകുപ്പ് ബിസിനസ് രജിസ്റ്റര്‍ തയാറാക്കുന്നു
- ഓണത്തിരക്കിലും ഇരുട്ടകലാതെ നഗരം
- യു.എസ് ഓപണ്‍ വനിതാ സിംഗിള്‍സ് കിരീടം സെറീന വില്യംസിന്
പട്ടയപ്രശ്നം: 48 മണിക്കൂര്‍ ഉപവാസം ഇന്ന് മുതല്‍ Posted: 08 Sep 2013 11:26 PM PDT കട്ടപ്പന: പട്ടയപ്രശ്നം ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ 48 മണിക്കൂര്‍ ഉപവാസ സത്യഗ്രഹം തിങ്കളാഴ്ച മുതല്‍. 1977 ജനുവരി ഒന്നിനുമുമ്പ് കുടിയേറിയ മുഴുവന്‍ കര്‍ഷകര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കണമെന്നാവശ്യപ്പെട്ടാണ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ സമരം. 1964ലെ ഭൂപതിവ് ചട്ടങ്ങളില്‍ 2005ലും 2009ലും കൊണ്ടുവന്ന ഭേദഗതികള്‍ പിന്‍വലിച്ച് 1977 ജനുവരി ഒന്നിനുമുമ്പ് കുടിയേറി ഭൂമി കൈവശമുള്ള മുഴുവന്‍ കര്‍ഷകര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കണമെന്നാണ് സമിതിയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് സമിതി ജനറല്‍ കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ ഇടുക്കി കലക്ടറേറ്റിന് മുന്നില്‍ മരണം വരെ നിരാഹാര സത്യഗ്രഹം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ട് ഒരുമാസത്തിനകം പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് സമിതി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതുവരെ പട്ടയം ലഭിക്കാന്‍ നടപടിയൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സമിതി നേതൃയോഗം 48 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചത്. കട്ടപ്പന പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച വൈകുന്നേരം നാലിന് ആരംഭിക്കുന്ന സമരം ഇന്‍ഫാം ദേശീയ പ്രസിഡന്‍റ് പി.സി. സിറിയക് ഉദ്ഘാടനം ചെയ്യും. ഇടുക്കി രൂപത ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍ സത്യഗ്രഹികളെ ആദരിക്കും. യാക്കോബായ സഭ സിനഡ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. സമരത്തിന് മുന്നോടിയായി 101 സത്യഗ്രഹികളെ ഇടുക്കി കവലയില്‍നിന്ന് വേദിയിലേക്ക് സ്വീകരിച്ചാനയിക്കും. ഇതോടനുബന്ധിച്ചുള്ള സ്വീകരണ ജാഥ മൗലവി മുഹമ്മദ് റെഫീഖ് അല്‍ കൗസരി ഫ്ളാഗ് ഓഫ് ചെയ്യും. വൈകുന്നേരം മൂന്നിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മലനാട് എസ്.എന്‍.ഡി.പി യൂനിയന്‍ സെക്രട്ടറി കെ.എന്‍. മോഹന്‍ദാസ് അധ്യക്ഷത വഹിക്കും. 11ന് വൈകുന്നേരം മൂന്നിന് ഇടുക്കി കവലയില്‍നിന്ന് ആരംഭിക്കുന്ന പ്രകടനത്തോടെ സത്യഗ്രഹത്തിന് പരിസമാപ്തിയാകും. സമാപന സമ്മേളനം എസ്.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡന്‍റ് അഡ്വ.സി.കെ. വിദ്യാസാഗര്‍ ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്‍റ് മാരിയില്‍ കൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിക്കും. ബിഷപ് ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് പ്രഭാഷണം നടത്തും. മലങ്കര ഓര്‍ത്തഡോക്സ് ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് സത്യഗ്രഹികള്‍ക്ക് നാരങ്ങാനീര് നല്‍കും. സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ തുടര്‍ സമരങ്ങളുടെ പ്രഖ്യാപനം നടത്തും. സമരത്തിന്‍െറ വിജയത്തിനായി സി.കെ. മോഹനന്‍, ആര്‍. മണിക്കുട്ടന്‍, മൗലവി മുഹമ്മദ് റഫീഖ് അല്‍ കൗസരി, ഫാ. ജസ്റ്റിന്‍ പഴേപറമ്പില്‍, ഫാ. ജോണ്‍വെട്ടുവേലില്‍, അഡ്വ.ജോയീസ് പാലിയത്ത്,ജോര്‍ജി മാത്യു,ഫാ.വര്‍ഗീസ് ജേക്കബ് കോര്‍ എപ്പിസ്കോപ്പ, സിബിച്ചന്‍ കാരക്കാട്ട്, ജയ്സണ്‍ ആന്‍റണി, പി.പി. മാത്യു എന്നിവര്‍ അംഗങ്ങളായി 51 അംഗ കമ്മിറ്റി രൂപവത്കരിച്ചു. |
ഡിവൈ.എസ്.പിയുടെ കത്തിന് ടോള്‍ കമ്പനിക്ക് പുല്ലുവില Posted: 08 Sep 2013 11:23 PM PDT Subtitle: ദേശീയപാതയിലെ അപകടങ്ങള്‍ ആമ്പല്ലൂര്‍: ദേശീയപാതയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും അപകടങ്ങള്‍ തടയണമെന്നും ആവശ്യപ്പെട്ട് ഡിവൈ.എസ്.പി നല്‍കിയ കത്തിന് ടോള്‍ കമ്പനി പുല്ലുവില കല്‍പ്പിച്ചില്ല. ദേശീയപാതയില്‍ കറുകുറ്റി മുതല്‍ മണ്ണുത്തി വരെ വര്‍ധിച്ച റോഡപകടങ്ങള്‍ തടയാന്‍ നടപടി ആവശ്യപ്പെട്ട് ചാലക്കുടി ഡിവൈ.എസ്.പി കെ.ടി. തോമസ് രണ്ടുതവണ പാലിയേക്കര ടോള്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശം അവഗണിക്കുന്ന സമീപനമാണ് ടോള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. റോഡപകടങ്ങള്‍ തടയാന്‍ സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിച്ച് ഏപ്രില്‍ നാലിന് ടോള്‍ പ്ളാസയിലെ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ക്ക് കത്തയച്ചിരുന്നു. കമ്പനിയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ആഗസ്റ്റ് 31ന് ഇതേ നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടി വീണ്ടും കത്ത് നല്‍കി. എന്നിട്ടും വിഷയത്തില്‍ കരാര്‍ കമ്പനി അനങ്ങാപ്പാറ നയം തുടരുകയാണ്. ദേശീയപാതയില്‍ ശരിയായ രീതിയില്‍ സൈന്‍ ബോര്‍ഡുകള്‍, ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കുക, സര്‍വീസ് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. റോഡില്‍ ആവശ്യമായ സീബ്രാ ലൈനുകളും മറ്റും രേഖപ്പെടുത്തുന്നതില്‍ തികഞ്ഞ അനാസ്ഥയാണ് കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. തെരുവു വിളക്കുകള്‍ സ്ഥാപിക്കാത്തതുകൊണ്ടും ഉള്ളവ തെളിയാത്തതുകൊണ്ടും പാത ഇരുട്ടിലാണ്. ഡ്രെയ്നേജ് സംവിധാനം ഇല്ലാത്തതിനാല്‍ പലറോഡിലും വെള്ളം കെട്ടിനില്‍ക്കുന്നതും അപകട കാരണമാകുന്നുണ്ട്. അമിതവേഗം മൂലവും മദ്യപിച്ചും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും അശ്രദ്ധമായ ഡ്രൈവിങ് മൂലവും അപകടങ്ങള്‍ വര്‍ധിക്കുകയാണ്. റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടത് ദേശീയപാത അധികാരികളുടെ കടമയാണ്. എല്ലാ സൗകര്യങ്ങളുമൊരുക്കിയാണ് അന്യ സംസ്ഥാനങ്ങളില്‍ ടോള്‍ പിരിക്കുന്നത്. എന്നാല്‍ ഇവിടെ മതിയായ സൗകര്യങ്ങളില്ലെന്ന് മാത്രമല്ല ഇടക്കിടെ ടോള്‍ നിരക്ക് ഉയര്‍ത്തുകയാണെന്നും കത്തില്‍ പറയുന്നു. ദേശീയപാതയില്‍ ദിനംപ്രതി അപകടങ്ങള്‍ വര്‍ധിക്കുമ്പോഴും അതെല്ലാം തങ്ങളെ ബാധിക്കുന്ന കാര്യങ്ങളല്ലെന്ന നിലപാടിലാണ് കരാര്‍കമ്പനി. ഡ്രെയ്നേജ് സംവിധാനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ മഴ പെയ്താല്‍ വെള്ളം റോഡില്‍ കെട്ടി നില്‍ക്കുകയാണ്. ഉള്ള സര്‍വീസ് റോഡുകള്‍ കുണ്ടും കുഴിയുമായി അപകടങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. |
മിത്രാനന്ദപുരം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പതിനഞ്ച് വര്‍ഷമായി ഇഴയുന്നു Posted: 08 Sep 2013 11:20 PM PDT ചേര്‍പ്പ്: 15 വര്‍ഷം മുമ്പ് തുടങ്ങിയ പെരുമ്പിള്ളിശേരി മിത്രാനന്ദപുരം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഇപ്പോഴും അനിശ്ചിതത്വത്തില്‍. ജില്ലാപഞ്ചായത്തില്‍നിന്ന് 14 ലക്ഷം രൂപ ചെലവ് ചെയ്താണ് പദ്ധതി പൂര്‍ത്തിയാക്കേണ്ടത്. പത്തുശതമാനം സംഖ്യ ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് വിഹിതമാണ്. എന്നാല്‍, ജില്ലാപഞ്ചായത്തില്‍നിന്ന് പണം അനുവദിച്ച് കിട്ടിയില്ലെന്ന് പറയുന്നു. പഞ്ചായത്ത് ഭരണസമിതികള്‍ ഓരോ വര്‍ഷവും കുറച്ച് പണികള്‍ ചെയ്യുന്നതൊഴിച്ചാല്‍ ജില്ലാപഞ്ചായത്തില്‍നിന്ന് ഫണ്ട് ലഭിക്കാന്‍ ഒന്നും ചെയ്യാറില്ല. ഈ വര്‍ഷം ഗ്രാമപഞ്ചായത്തിന്‍െറ പട്ടികജാതി ഫണ്ടില്‍നിന്ന് വകമാറ്റി ഏഴുലക്ഷം രൂപ കരാറുകാരന് കൊടുത്തുവെന്ന പരാതിയും ഉയര്‍ന്നിരുന്നു. കെ.എല്‍.ഡി.സി കനാലില്‍നിന്ന് വെള്ളം തോട് വഴി മിത്രാനന്ദപുരത്തേക്ക് കൊണ്ടുവന്ന് കിണറ്റില്‍ സംഭരിച്ച് അവിടെനിന്ന് മോട്ടോര്‍ വഴി പമ്പ് ചെയ്ത് കരകൃഷിക്ക് ഉപയോഗിക്കാനുള്ളതാണ് പദ്ധതി. കിണറിന്‍െറ പണികള്‍ ഒന്നുമായിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയ രണ്ട് മോട്ടോറുകള്‍ തുരുമ്പെടുത്ത അവസ്ഥയിലാണ്. മുന്‍ ഭരണസമിതിയുടെ കാലത്ത് ഒമ്പതരലക്ഷം രൂപ പദ്ധതിക്കായി ചെലവഴിച്ചതായി പറയുന്നു. കെ.എല്‍.ഡി.സി കനാലില്‍നിന്ന് വെള്ളം കൊണ്ടുപോകേണ്ട തോടിന്‍െറ വശങ്ങള്‍ കരിങ്കല്‍ കെട്ടി സംരക്ഷിക്കാതെ വര്‍ഷന്തോറും തോട്ടിലെ മണ്ണെടുത്ത് നീക്കുന്നതിന്‍െറ പേരില്‍ ലക്ഷങ്ങള്‍ ചെലവഴിക്കുകയാണ്. ആ പ്രദേശത്തെ ജനങ്ങളുടെ നിരന്തര സമ്മര്‍ദമുണ്ടായിട്ടും പഞ്ചായത്ത് ഒന്നും ചെയ്യാത്തതില്‍ ജനങ്ങള്‍ ആശങ്കയിലാണ്. പെരുമ്പിള്ളിശേരി, മിത്രാനന്ദപുരം, തിരുവുള്ളക്കാവ്, പടിഞ്ഞാറെ പെരുമ്പിള്ളിശേരി എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് കരകൃഷി മെച്ചപ്പെടുത്താന്‍ ഉപകരിക്കുന്ന പദ്ധതിയാണ് പതിനഞ്ച് വര്‍ഷമായി ഇഴയുന്നത്.
|
പുറം കടലില്‍ പെലാജിക് ട്രോളിങ് വ്യാപകം Posted: 08 Sep 2013 11:15 PM PDT വൈപ്പിന്‍ : ഹൈകോടതി നിരോധം ഏര്‍പ്പെടുത്തിയ പെലാജിക് വല ഉപയോഗിച്ച് ആഴക്കടലില്‍ മത്സ്യബന്ധനം തടയാന്‍ ഫിഷറീസ് വകുപ്പ് നടത്തുന്ന ശ്രമങ്ങള്‍ പരാജയമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളും മത്സ്യബന്ധന ബോട്ടുടമകളും ആരോപിച്ചു.കരയില്‍ മത്സ്യബന്ധന വലകള്‍ വില്‍ക്കുന്നിടങ്ങളിലും ബോട്ടുകള്‍ അടുക്കുന്ന ഹാര്‍ബറുകളിലും നടത്തുന്ന റെയ്ഡ് പ്രഹസനമാണെന്നും ഇവര്‍ ആരോപിച്ചു. കരയില്‍ വന്‍ സന്നാഹങ്ങളോടുകൂടി ഫിഷറീസ് വകുപ്പ് രംഗത്തുണ്ടെങ്കിലും കൊച്ചി മുനമ്പം മേഖലയില്‍ നിന്ന് ഇതുവരെ ഒരു ബോട്ട് പോലും പിടിച്ചെടുത്തിട്ടില്ല. അതേ സമയം ഈ മേഖലകള്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന നിരവധി ബോട്ടുകള്‍ കേരള അതിര്‍ത്തിയായ 12 നോട്ടിക്കല്‍ മൈലുകള്‍ക്കുമപ്പുറത്ത് 60 ഫാതത്തിനും 100 ഫാതത്തിനുമിടയില്‍ വ്യാപകമായി പെലാജിക് വല ഉപയോഗിച്ച് ട്രോളിങ് നടത്തുന്നുണ്ടെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നു.രണ്ടും മൂന്നും ബോട്ടുകള്‍ കൂട്ടുചേര്‍ന്നാണ് പെലാജിക് ട്രോളിങ് നടത്തുന്നത്. കിട്ടുന്ന മത്സ്യങ്ങളുമായി ഒരു ബോട്ടുമാത്രമേ ഹാര്‍ബറുകളിലേക്ക് എത്തുന്നുള്ളൂ.വലകള്‍ അപ്പോഴും കടലില്‍ കിടക്കുന്ന ബോട്ടുകളിലായിരിക്കും സൂക്ഷിക്കുക.ബോട്ടുകള്‍ മാറിമാറി കയറി ഇന്ധനവും ഐസും മറ്റും നിറക്കുകയാണ് പതിവത്രേ. ഇതുമൂലം ഫിഷറീസ് ഉദ്യോഗസ്ഥന്മാര്‍ ഹാര്‍ബറുകളില്‍ എത്രകണ്ട് ബോട്ടുകളില്‍ പരിശോധന നടത്തിയാലും വലകള്‍ കണ്ടുപിടിക്കാന്‍ കഴിയില്ല. അണ്ടിക്കണവ എന്ന പേരില്‍ അറിയപ്പെടുന്ന തീരെ ചെറിയ കണവകളുമായി ഹാര്‍ബറുകളില്‍ അടുക്കുന്ന ബോട്ടുകള്‍ പലതും പെലാജിക് ട്രോളിങ് കഴിഞ്ഞെത്തുന്നവയാണെന്നും പരമ്പരാഗത തൊഴിലാളികള്‍ പറയുന്നു. പെലാജിക് ട്രോളിങ് ഫലപ്രദമായി തടയണമെങ്കില്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ കോസ്റ്റ്ഗാര്‍ഡ് ,നേവി എന്നിവയുടെ സഹായം തേടേണ്ടി വരും. പുറം കടലില്‍ പെലാജിക് ട്രോളിങ് നടത്തുന്ന ബോട്ടുകളുടെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ എടുത്ത് വ്യക്തമായ തെളിവുകള്‍ സഹിതം ഏതെല്ലാം ബോട്ടുകളാണെന്ന് മനസ്സിലാക്കി ഇവ ഹാര്‍ബറുകളില്‍ അടുക്കുമ്പോള്‍ പിടികൂടി കണ്ടുകെട്ടണമെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. പിടികൂടുന്ന വലകളും ബോട്ടുകളും കണ്ടുകെട്ടുക മാത്രമല്ല വേണ്ടത്. ഹൈകോടതി ഉത്തരവിന്‍െറ ലംഘനമെന്ന നിലക്ക് പ്രതികളെ പൊലീസിനു കൈമാറുകയും ഇവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിനു കേസുമെടുത്താല്‍ മാത്രമേ പെലാജിക് വലയുടെ ഉപയോഗം ഫലപ്രദമായി തടയാന്‍ കഴിയുകയുള്ളൂ.ഭൂരിഭാഗം കുളച്ചല്‍ മേഖലയില്‍ നിന്നുള്ള ബോട്ടുകളും തൊഴിലാളികളുമാണ് നിയമവിരുദ്ധമായ കടലില്‍ പെലാജിക് ട്രോളിങ് നടത്തുന്നതെന്നാണ് ആരോപണം. ഇവര്‍ കന്യാകുമാരി , കുളച്ചല്‍ മേഖലകളില്‍ വ്യാപകമായി പെലാജിക് ട്രോളിങ് നടത്തിയതിന്‍െറ ഫലമായി കടുത്ത മത്സ്യവറുതി അനുഭവപ്പെട്ട സാഹചര്യത്തിലാണ് കുളച്ചല്‍ മേഖലയില്‍ നിന്നുള്ള ബോട്ടുകളും മത്സ്യത്തൊഴിലാളികളും കേരള തീരത്തേക്ക് ചേക്കേറിയതത്രേ. രാത്രിസമയത്ത് ജലോപരിതലത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന മീനുകളെ ലക്ഷ്യമിട്ടാണ് പെലാജിക് വല വലിക്കുന്നത്. വലിയൊരു ഏരിയ വളച്ച് നടത്തുന്ന ഈ മത്സ്യബന്ധന രീതിമൂലം കടല്‍ സമ്പത്ത് അതിവേഗം ചൂഷണം ചെയ്യപ്പെടുകയും മീനുകള്‍ക്ക് വംശനാശം സംഭവിക്കുകയും ചെയ്യുമെന്നതിനാലാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് കോടതി ഇടപെട്ട് ഇത് നിരോധിച്ചത്. നിരോധത്തിനായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ അതിശക്തമായ സമരവും നടത്തിയിരുന്നു. ഇതിന്‍െറ പേരില്‍ വള്ളങ്ങളില്‍ മത്സ്യബന്ധനത്തിനു പോയിരുന്നപരമ്പരാഗതക്കാരും ബോട്ടുകളിലെ മത്സ്യത്തൊഴിലാളികളും തമ്മില്‍ കടലില്‍ വന്‍ സംഘര്‍ഷങ്ങള്‍ വരെ നടന്നിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ ബോട്ടുകളിലാണ് പെലാജിക്കിന്‍െറ ഉപയോഗം ആദ്യം കണ്ടുവന്നിരുന്നത്. ഇവര്‍ക്ക് വന്‍ തോതില്‍ മത്സ്യം ലഭിക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാരായവരുടെ ബോട്ടുകളിലും പെലാജിക്കിന്‍െറ പ്രയോഗം ആരംഭിച്ചിട്ടുണ്ട്. |
എട്ട് ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 80 ലക്ഷം Posted: 08 Sep 2013 11:12 PM PDT ആലപ്പുഴ: കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന എട്ട് ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 80 ലക്ഷം അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാലിന്‍െറ നിര്‍ദേശപ്രകാരം ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട റോഡുകള്‍ക്കാണ് തുക അനുവദിച്ചത്. കായംകുളം കണ്ടല്ലൂര്‍ പഞ്ചായത്തിലെ വേലഞ്ചിറ-ഗുരുകളച്ചന്‍ റോഡിന് 10 ലക്ഷം, കൃഷ്ണപുരം പഞ്ചായത്തിലെ മണ്ണാമുറു ചൂളൂര്‍ റോഡ് സ്ളാബ് നിര്‍മാണത്തിന് 10 ലക്ഷം, അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ പാറപ്പള്ളി രണ്ടുതെങ്ങ് ഐ.എച്ച്.ഡി.പി റോഡിന് 10 ലക്ഷം, പുന്നപ്ര വടക്ക് പഞ്ചായത്ത് ആസ്പിന്‍വാള്‍ കമ്പനിക്ക് വടക്ക് എന്‍.എച്ച് മുതല്‍ പടിഞ്ഞാറോട്ടുള്ള റോഡിന് 10 ലക്ഷം, കളര്‍കോട് ക്ഷേത്രം-കൃഷ്ണപിള്ള ജങ്ഷന്‍ റോഡിന് 10 ലക്ഷം, മാരാരിക്കുളം വടക്ക് കുഞ്ഞന്‍പിള്ള-തെക്കേവെളി റോഡിന് 10 ലക്ഷം, പഞ്ചായത്ത് അങ്കണവാടി പാട്ടത്തുവെളി റോഡിന് 10 ലക്ഷം, മണ്ണഞ്ചേരി പഞ്ചായത്ത് നരിയന നടുവത്തേഴത്ത് റോഡിന് 10 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. |
ഭജനമന്ദിരം ആക്രമണം; എട്ട് ആര്‍.എസ്.എസുകാര്‍ അറസ്റ്റില്‍ Posted: 08 Sep 2013 11:09 PM PDT കുമ്പള: ഭജനമന്ദിരം ആക്രമിക്കുകയും പൊന്നും പണവും കവരുകയും ചെയ്ത കേസില്‍ എട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കുമ്പള സി.ഐ സിബി തോമസിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു. ലങ്കേഷ് (30), സന്ദീപ് മുട്ടംഗേറ്റ് (30), ഉപ്പള കൊണ്ടാവൂരിലെ ശ്രീജിത്ത് (22), മീഞ്ച മജിബയല്‍ സ്വദേശി ലോകേഷ് (25), ബന്ത്യോട് ജഗദീഷ് (30), സജിത്കുമാര്‍ (30), കടമ്പാര്‍ പവന്‍രാജ് (25), രവികിരണ്‍ ചെറുഗോളി (34) എന്നിവരാണ് ഞായറാഴ്ച അറസ്റ്റിലായത്. ഉപ്പള കല്ലുഹത്തിലു കോലാര ഗുഡ്ഢയിലെ രാമചന്ദ്രന്‍െറ ഭജനമന്ദിരം ആഗസ്റ്റ് 30നാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഒരു വീടും രണ്ട് കാറും അക്രമികള്‍ തകര്‍ക്കുകയും 28 പവന്‍ ആഭരണങ്ങളും 14 ലക്ഷം രൂപ കവരുകയും ചെയ്തിരുന്നു. സംഭവത്തില്‍ ബി.ജെ.പി മുന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി വീരപ്പ അമ്പാര്‍ (60) ഉള്‍പ്പെടെ അമ്പതോളം പേര്‍ക്കെതിരെ പൊലീസ് കുറ്റപത്രം തയാറാക്കിയിരുന്നു. ഇതില്‍ ഹൊസങ്കടിയിലെ ഭരതിനെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്. |
പാപ്പിനിശ്ശേരിയില്‍ 19 പേരെ പേപ്പട്ടി കടിച്ചു Posted: 08 Sep 2013 11:03 PM PDT പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഹാജിറോഡ്, ചെറുകുന്ന് കീഴറ പ്രദേശങ്ങളില്‍ പേപ്പട്ടിയുടെ വിളയാട്ടം. ഞായറാഴ്ച പേപ്പട്ടിയുടെ കടിയേറ്റ് 19 പേരാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. നാട്ടുകാര്‍ പേപ്പട്ടിയെ പിന്നീട് അടിച്ചു കൊന്നു. പരിക്കേറ്റ പാപ്പിനിശ്ശേരി ഹാജിറോഡില്‍ റുഖിയാ അബ്ദുസ്സലാം (60), കണ്ടോത്ത് കായട്ടില്‍ റുഖിയാ അബ്്ദുല്ല (62), അരിങ്ങളയില്‍ ശരണ്യ (13), കെ.കെ. അഫ്്റ (11), എം.ടി. ഷബീന്‍ (24), എം.പി. ജമീല (20), ഇബ്രാഹിംകുട്ടി (60), ദാമോദരന്‍െറ മകന്‍ സുബോദ് (29), മൈഥിലി (42), ഇടച്ചേരി വീട്ടില്‍ ലക്ഷ്മിയമ്മ (68), നാരായണി (87), സതി (56), പഴയങ്ങാടി കളത്തില്‍ അഭിനന്ദ് (ഏഴ്), ചെറുകുന്ന് കീഴറയിലെ മൂലക്കാട്ട് ഹൗസില്‍ മാളു (44), കെ. ജാനകി (65), മൊട്ടമ്മല്‍ ആയാല്‍ കിഴക്കെപുരയില്‍ എ.കെ. മറിയം (45), ചെറുകുന്ന് ആലക്കൂല്‍ ലിജിന്‍ (22), കീഴറ പുനര്‍ഥത്തില്‍ വിനീത (33), പാപ്പിനിശ്ശേരിയിലെ എം.സി.കെ. റംല (65) എന്നിവരെയാണ് നായയുടെ കടിയേറ്റ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റംലയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവരെയെല്ലാം കുത്തിവെപ്പെടുത്ത ശേഷം വിട്ടയച്ചു. ശനിയാഴ്ച രാത്രി തന്നെ ചിലര്‍ക്ക് നായയുടെ കടിയേറ്റിരുന്നു. എന്നാല്‍, കടിയേറ്റവരെ ഞായറാഴ്ച രാവിലെ പാപ്പിനിശ്ശേരി കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ എത്തിച്ചെങ്കിലും ഡ്യൂട്ടി ഡോക്ടറില്ലാത്തതിനാല്‍ ചികില്‍സ കിട്ടിയില്ല. കൂടാതെ സെന്‍ററില്‍ പേ വിഷബാധക്കുള്ള നാല് ഡോസ് മരുന്നായ ഐ.ഡി.ആര്‍.വി മാത്രമേ സ്റ്റോക്കുള്ളുവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മാരകമായ കടിയേറ്റവര്‍ക്ക് നല്‍കേണ്ട എ.ആര്‍.എസ് കിറ്റ് ഇല്ലാത്തതിനാല്‍ പലരെയും ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്. പേപ്പട്ടിയുടെയും, ഭ്രാന്തന്‍ കുറുക്കന്‍െറയും ശല്യം ഏറെയുള്ള പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ഒരു ആതുര ശുശ്രൂഷാ കേന്ദ്രമാണിത്. പാപ്പിനിശ്ശേരി പഞ്ചായത്തില്‍ മാലിന്യമുക്ത കാമ്പയിന്‍ പദ്ധതി ഈയിടെയാണ് നടന്നത്. പുഴയോരത്തും പാതവക്കിലും മാലിന്യം തള്ളുന്നതിനെതിരെ ബോധവത്കരണം നടത്തിയതൊഴിച്ചാല്‍ അത് സംസ്കരിക്കാനുള്ള യാതൊന്നും പഞ്ചായത്ത് ചെയ്തില്ലെന്ന് പരാതിയുണ്ട്. കോഴിക്കടകളിലെയും മാര്‍ക്കറ്റിലെയും കശാപ്പ് ശാലയിലെയും മാലിന്യം പുഴയോരത്ത് തള്ളുന്ന പ്രവണത ഇപ്പോഴും തുടരുകയാണ്. വീടുകളിലെ മാലിന്യവും, മാര്‍ക്കറ്റിലെയും വ്യാപാര സ്ഥാപനങ്ങളിലെയും പാഴ്വസ്തുക്കളും സംഭരിച്ച് സംസ്കരിക്കാനുള്ള പദ്ധതി പഞ്ചായത്ത് ഇനിയും ആവിഷ്കരിച്ചില്ലെങ്കില്‍ ഗ്രാമത്തിന്‍െറ ശുചിത്വം താളം തെറ്റുമെന്ന് നാട്ടുകാര്‍ പറയുന്നു. മാലിന്യകൂമ്പാരമാണ് തെരുവ് നായ്ക്കളെ വര്‍ധിപ്പിക്കുന്നത്. പട്ടിപിടുത്തം ജന്തുസംരക്ഷണ വാദത്തിന്‍െറ പേരില്‍ നിയന്ത്രിക്കപ്പെട്ടുവെങ്കിലും അലഞ്ഞു തിരിയുന്ന നായ്ക്കള്‍ക്കുള്ള പേ വിഷകുത്തിവെപ്പും മറ്റും ശാസ്ത്രീയമായി നടത്താത്തതാണ് പ്രശ്നം. പട്ടികളുടെ പ്രജനനം നിയന്ത്രിക്കാനുള്ള കുത്തിവെപ്പ് ഈയിടെ പാപ്പിനിശ്ശേരിയില്‍ നടപ്പിലാക്കിയതും നാമമാത്രമായ നടപടിയായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. |
സാമ്പത്തിക സ്ഥിതിവിവര വകുപ്പ് ബിസിനസ് രജിസ്റ്റര്‍ തയാറാക്കുന്നു Posted: 08 Sep 2013 10:50 PM PDT കല്‍പറ്റ: സംസ്ഥാന, ജില്ലാതല സ്റ്റാറ്റിസ്റ്റിക്കല്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി 13ാം ധനകാര്യ കമീഷന്‍െറ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ബിസിനസ് രജിസ്റ്റര്‍ ജില്ലയിലും തയാറാക്കുന്നു. സംസ്ഥാനത്തെ ഉല്‍പാദനം, നിര്‍മാണം, സേവനം എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും അവയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള പൂര്‍ണ വിവരങ്ങളടങ്ങിയ ലിസ്റ്റാണ് ബിസിനസ് രജിസ്റ്റര്‍. ദേശീയ വരുമാനം കാണുന്നതില്‍ ദ്വിതീയ, തൃതീയ മേഖലകളുടെ പങ്ക് എത്രയുണ്ടെന്ന് കൃത്യമായി കണക്കാക്കുന്നതിന് ആവശ്യമായ സര്‍വേ നടത്തുന്നതിനുള്ള അടിസ്ഥാന സംവിധാനം ഉണ്ടാക്കുകയാണ് ബിസിനസ് രജിസ്റ്റര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ സര്‍വേകള്‍ നടത്തുന്നതിനാവശ്യമായ സംരംഭങ്ങളുടെ വിവരം ഈ രജിസ്റ്ററില്‍നിന്ന് ലഭിക്കും. ബിസിനസ് രജിസ്റ്റര്‍ വരുന്നതോടുകൂടി സര്‍വേകളുടെ പ്രാരംഭഘട്ടത്തിലുള്ള ചെലവ് കുറക്കുന്നതിനും സര്‍വേ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിനും സാധിക്കും. ബിസിനസ് രജിസ്റ്റര്‍ പൂര്‍ണമാകുന്നതോടുകൂടി വിവിധ വകുപ്പുകള്‍ക്കും ഇത് പ്രയോജനപ്പെടുത്താന്‍ കഴിയും.വിവിധ ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍നിന്നും ശേഖരിക്കും. സംരംഭങ്ങളുടെ രജിസ്റ്ററിങ് അതോറിറ്റികളായ ജില്ലാ ലേബര്‍ ഓഫിസ്, ജില്ലാ രജിസ്ട്രാര്‍ ഓഫിസ്, ജില്ലാ വ്യവസായ കേന്ദ്രം, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഓഫിസ്, ഭക്ഷ്യസുരക്ഷാ ഓഫിസ് തുടങ്ങിയ ഓഫിസുകളിലായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളെ ഇതിനായി ലിസ്റ്റ് ചെയ്തുകഴിഞ്ഞു. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് നിജസ്ഥിതി രേഖപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടി കല്‍പറ്റ എം.ജി.ടി ഹാളില്‍ നടന്നു. വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ (സ്റ്റേറ്റ് ഇന്‍കം) കെ. സത്യഭാമ ഉദ്ഘാടനം ചെയ്തു. ജില്ലാ ഡെ. ഡയറക്ടര്‍ കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. |
ഓണത്തിരക്കിലും ഇരുട്ടകലാതെ നഗരം Posted: 08 Sep 2013 10:44 PM PDT കോഴിക്കോട്: ഓണത്തിരക്ക് തുടങ്ങിയിട്ടും നഗരത്തിലെ തെരുവുവിളക്കുകള്‍ പൂര്‍ണമായി കത്തിയില്ല. ഓണത്തിന് മുന്നോടിയായി തെരുവുകച്ചവടം പൊടിപൊടിക്കുന്ന നേരം ഇരുട്ടില്‍ തപ്പിത്തടയാനാണ് നാട്ടുകാരുടെ വിധി. പെരുന്നാള്‍ തിരക്ക് തുടങ്ങുംമുമ്പ് വിളക്കു കത്തിക്കണമെന്ന ആവശ്യം പരിഹരിച്ചിരുന്നില്ല. അടുത്തയാഴ്ചക്കകം തെരുവുവിളക്കുകള്‍ പരമാവധി കത്തിക്കാന്‍ ശ്രമമാരംഭിച്ചതായി നഗരസഭാ അധികൃതര്‍ അറിയിച്ചു. ഇതിന്‍െറ മുന്നോടിയായി ഇന്നലെ മാവൂര്‍ റോഡില്‍ കുറെ ഭാഗം വിളക്കുകള്‍ ശരിയാക്കി. വൈദ്യുതി സംവിധാനം പരിശോധിക്കാന്‍ എന്‍ജിനീയര്‍പോലുമില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തെരുവുവിളക്ക് കത്തിക്കാനുള്ള പൂര്‍ണ ഉത്തരവാദിത്തം കൈമാറിയ സര്‍ക്കാര്‍ തീരുമാനമാണ് പ്രശ്നത്തിന് കാരണമെന്നാണ് ഭരണപക്ഷ വാദം. നേരത്തേ കരാര്‍ വിളിച്ച് വിളക്കുകള്‍ നന്നാക്കി കത്തിച്ചിരുന്നത് വൈദ്യുതി ബോര്‍ഡായിരുന്നു. നഗരസഭ പണം നല്‍കിയാല്‍ മതിയായിരുന്നു. പുതിയ തീരുമാനം വന്നപ്പോള്‍ കരാര്‍ വിളിക്കുന്ന ഉത്തരവാദിത്തം നഗരസഭക്കായി. മൂന്നുതവണ കോഴിക്കോട് നഗരസഭ തെരുവുവിളക്ക് നന്നാക്കാന്‍ ടെന്‍ഡര്‍ വിളിച്ചെങ്കിലും ആരും വന്നില്ല. വൈദ്യുതി ബോര്‍ഡ് തന്നെ താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ അറ്റകുറ്റപ്പണിക്ക് ടെന്‍ഡര്‍ വിളിക്കാമെന്ന് ധാരണയായെങ്കിലും കോഴിക്കോട് വൈദ്യുതി ഡിവിഷനില്‍ ഒന്നും മുന്നോട്ടു പോയിട്ടില്ല. എന്നാല്‍, ഫറോക്ക് ഡിവിഷനു കീഴില്‍ 3.54 ലക്ഷം രൂപയുടെ ടെന്‍ഡറിന് നടപടികളായി. എ.ഡി.ബി സഹായത്തോടെ സുസ്ഥിര നഗരവികസന പദ്ധതിയില്‍ സ്ഥാപിച്ച തെരുവുവിളക്കുകളും പരസ്യ കമ്പനികള്‍ പരസ്യം സ്ഥാപിക്കുന്നതിന് പ്രതിഫലമായി കത്തിക്കാമെന്നേറ്റ വിളക്കുകളുമെല്ലാം പ്രവര്‍ത്തനരഹിതമായിട്ട് നാളേറെയായി. എരഞ്ഞിപ്പാലം ബൈപ്പാസിലും മാവൂര്‍ റോഡില്‍ മെഡിക്കല്‍കോളജിനും തൊണ്ടയാടിനുമിടയിലും ഫ്രാന്‍സിസ് റോഡിലും അരവിന്ദഘോഷ് റോഡിലും മാനാഞ്ചിറയിലും സുസ്ഥിര നഗരവികസന പദ്ധതിയില്‍ പണിത തെരുവുവിളക്കുകളുണ്ട്. മാവൂര്‍ റോഡില്‍ ചില ഭാഗത്ത് പരസ്യ കമ്പനികളുമായുള്ള കരാറില്‍ ഉള്‍പ്പെടുത്തിയ വിളക്കുകളുമുണ്ട്. വിളക്കുകള്‍ കത്തിക്കാനുള്ള നടപടിയുടെ ഭാഗമായി ശനിയാഴ്ച നഗരത്തിലെ തെരുവുവിളക്കുകളുടെ സംയുക്ത പരിശോധന നടന്നു. നഗരസഭ, വൈദ്യുതി ബോര്‍ഡ്, കെ.എസ്.യു.ഡി.പി എന്നിവയുടെ ഉദ്യോഗസ്ഥര്‍ ചേര്‍ന്നായിരുന്നു പരിശോധന. സുസ്ഥിര നഗരവികസന പദ്ധതിയില്‍ പണിത വിളക്കുകള്‍ നഗരസഭ ഇതുവരെ ഏറ്റെടുക്കാത്തതും പ്രശ്നമാണ്. പദ്ധതി കാലാവധി കഴിഞ്ഞതിനാല്‍ അറ്റകുറ്റപ്പണി ചെയ്യാന്‍ ആരുമില്ലാതെ പലേടത്തും കൂരിരുട്ടാണ്. വിളക്കുകള്‍ നഗരസഭ ഏറ്റെടുക്കുന്നതിന്‍െറ മുന്നോടിയായാണ് സംയുക്ത പരിശോധന. |
യു.എസ് ഓപണ്‍ വനിതാ സിംഗിള്‍സ് കിരീടം സെറീന വില്യംസിന് Posted: 08 Sep 2013 10:42 PM PDT Image: ന്യൂയോര്‍ക്ക്: യു.എസ് ഓപണിന്‍െറ വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസിന് കിരീടം. ലോക രണ്ടാം നമ്പര്‍ താരം വിക്ടോറിയ അസരങ്കയെ പരാജയപ്പെടുത്തി തന്‍െറ 17ാം ഗ്രാന്‍ഡ്സ്ളാം ആണ് സെറീന നേടിയിരിക്കുന്നത്. യു.എസ് ഓപണിലെ സെറീനയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. സ്കോര്‍: 7-5 6-7 (6/8) 6-1. ഇതോടെ യു.എസ്. ഓപണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായമേറിയ വനിതാ താരമെന്ന റെക്കോര്‍ഡും 31കാരിയായ സെറീനയുടെ പേരിലായി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment