സ്വാഗതം
WELCOME

News Update..

Friday, September 6, 2013

വിദ്യാഭ്യാസത്തെ കാലത്തിനനുസരിച്ച് മാറ്റിയെടുക്കണം -മന്ത്രി തിരുവഞ്ചൂര്‍ Madhyamam News Feeds

വിദ്യാഭ്യാസത്തെ കാലത്തിനനുസരിച്ച് മാറ്റിയെടുക്കണം -മന്ത്രി തിരുവഞ്ചൂര്‍ Madhyamam News Feeds

Link to

വിദ്യാഭ്യാസത്തെ കാലത്തിനനുസരിച്ച് മാറ്റിയെടുക്കണം -മന്ത്രി തിരുവഞ്ചൂര്‍

Posted: 05 Sep 2013 11:49 PM PDT

കോട്ടയം: ആധുനിക യുഗത്തിനനുസരിച്ച് വിദ്യാഭ്യാസത്തെ മാറ്റിയെടുക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മൗണ്ട് കാര്‍മല്‍ സ്കൂളില്‍ ജില്ലാതല അധ്യാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാകൃതനെ മനുഷ്യനാക്കാന്‍ വിദ്യാഭ്യാസം അനിവാര്യമാണ്. വിദ്യാഭ്യാസത്തിലൂടെ കുട്ടികളെ വാര്‍ത്തെടുക്കുന്നതിന് പിന്നില്‍ അധ്യാപകരുടെ സമീപനം പ്രധാനമാണ്. വിദ്യാര്‍ഥികളുടെ കഴിവ് പൂര്‍ണമായി വിനിയോഗിക്കാന്‍ അവസരമൊരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  
 ദ്രോണാചാര്യ കെ.പി. തോമസ്, മികച്ചഅധ്യാപകനായി തെരഞ്ഞെടുക്കപ്പെട്ട ചീരഞ്ചിറ ഗവ. യു.പി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എസ്.എ.രാജീവ് എന്നിവരെ മന്ത്രി പൊന്നാടയണിച്ചു. രാജ്യംനല്‍കിയ  അംഗീകാരത്തിന് താന്‍ പരിശീലിപ്പിക്കുന്ന കുട്ടികളുടെ കഴിവ് പുറത്തെടുത്ത് മറുപടി നല്‍കുമെന്ന് തോമസ് മാഷ് പറഞ്ഞു. 
നഗരസഭ  ചെയര്‍മാന്‍ എം.പി സന്തോഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ.ഫില്‍സണ്‍ മാത്യൂസ്, ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുധാകുര്യന്‍, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.സി. റോയി, കോട്ടയം ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.വി. പ്രേംകുമാര്‍, കോട്ടയം എസ്.എസ്.എ പ്രോഗ്രാം ഓഫിസര്‍ ജോണി ജേക്കബ്, ഹയര്‍ സെക്കന്‍ഡറി കോഓഡിനേറ്റര്‍ പ്രിന്‍സ് ജെ. ആന്‍റണി, എ.ഇ.ഒമാരായ എ.കെ.ദാമോദരന്‍, എ.കെ.അപ്പുക്കുട്ടന്‍, കെ.ഗീതാമണി, ആനി സ്കറിയ, ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി വി.ജെ. തോമസ് എന്നിവര്‍ സംസാരിച്ചു. കോട്ടയം ഡി.ഡി.ഇസി.സി.ജോബ് സ്വാഗതവും കോട്ടയം ഡി.ഇ.ഒ വത്സമ്മ ജോസഫ് നന്ദിയും പറഞ്ഞു.
 

തേയില കര്‍ഷകര്‍ക്ക് അനുവദിച്ച ഫാക്ടറി കടലാസിലൊതുങ്ങി

Posted: 05 Sep 2013 11:38 PM PDT

കട്ടപ്പന: ഇടുക്കി പാക്കേജില്‍പെടുത്തി ചെറുകിട തേയില കര്‍ഷകര്‍ക്ക് അനുവദിച്ച 22 കോടിയുടെ തേയില ഫാക്ടറി കടലാസിലൊതുങ്ങി. ഫാക്ടറികള്‍ സ്ഥാപിക്കണമെങ്കില്‍ 25 ശതമാനം ഗുണഭോക്തൃ വിഹിതം കര്‍ഷകര്‍ അടക്കണമെന്ന് ടീ ബോര്‍ഡ് നിര്‍ദേശമാണ് ഫാക്ടറി അനിശ്ചിതത്വത്തിലാക്കിയത്.
ഇടുക്കി പാക്കേജില്‍പെടുത്തി വാഗമണ്‍, വാഴ്വര, പുഷ്പഗിരി എന്നിവിടങ്ങളില്‍ ചെറുകിട തേയില കര്‍ഷകര്‍ക്ക് വേണ്ടി തേയില ഫാക്ടറികള്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ഇടുക്കി പാക്കേജിലെ 22 കോടി രൂപ ഇതിനായി വിനിയോഗിക്കാന്‍ ടീ ബോര്‍ഡിന് നിര്‍ദേശവും നല്‍കിയിരുന്നു. രണ്ട് മാസം മുമ്പാണ് യോഗം നടന്നത്. തുടര്‍ന്ന് പദ്ധതി നടത്തിപ്പിനായി പ്രോജക്ട് ഉണ്ടാക്കാന്‍ ടീബോര്‍ഡിനെ ചുമതലപ്പെടുത്തി. ടീബോര്‍ഡ് തയാറാക്കിയ പ്രോജക്ടിലെ നിര്‍ദേശങ്ങളാണ് ചെറുകിട തേയില കര്‍ഷകരുടെ ‘തേയില ഫാക്ടറി’ സ്വപ്നത്തില്‍ വെല്ലുവിളിയായിരിക്കുന്നത്.
22 കോടിയുടെ പദ്ധതിയില്‍ 25 ശതമാനം ഗുണഭോക്തൃ വിഹിതമായി കര്‍ഷകര്‍ അടക്കണമെന്നാണ് പ്രോജക്ടിലെ നിര്‍ദേശം. ഇതനുസരിച്ച് പദ്ധതിയുടെ ഗുണഭോക്താക്കളായ ചെറുകിട തേയില കര്‍ഷകര്‍ ആറുകോടി രൂപ അടക്കണം. ജില്ലയിലെ ചെറുകിട തേയില കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഇത് അപ്രാപ്യമായതിനാല്‍ പദ്ധതി ഇല്ലാതാകുന്ന സ്ഥിതിയാണ്.
ചെറുകിട തേയില കര്‍ഷകരുടെ ‘തേയില ഫാക്ടറി’ പദ്ധതി നടപ്പാക്കാതിരിക്കാന്‍ പിന്നില്‍ ചരട് വലിക്കുന്നത് വന്‍കിട തേയില ഫാക്ടറി ഉടമകളാണെന്ന ആരോപണം ശക്തമാണ്. ഇവരും ടീ ബോര്‍ഡ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പദ്ധതിക്ക് തുരങ്കം വെക്കാനാണ് 25 ശതമാനം ഗുണഭോക്തൃ വിഹിതമെന്ന നിര്‍ദേശം ഉള്‍പ്പെടുത്തിയത്. ചെറുകിട തേയില കര്‍ഷകര്‍ക്ക് ഇത്രയും പണം സമാഹരിക്കാന്‍ സാധിക്കില്ലെന്ന് ടീ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും വന്‍കിട ഫാക്ടറി ഉടമകള്‍ക്കും വ്യക്തമായി അറിയാം. പദ്ധതി നടപ്പാക്കാതെ വന്നാല്‍ വന്‍കിട തേയില ഫാക്ടറി ഉടമകള്‍ക്ക് ചെറുകിട തേയില കര്‍ഷകരെ ചൂഷണം ചെയ്യുന്നത് തുടരാം.
ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു പദ്ധതിക്കും (ചെറുകിട തേയില കര്‍ഷകരുടെ തേയില ഫാക്ടറി ഒഴിച്ച്) ഗുണഭോക്തൃ വിഹിതം വേണമെന്ന് നിര്‍ദേശിച്ചിട്ടില്ല. തൊടുപുഴയിലാരംഭിച്ച 60 കോടിയുടെ കാലിത്തീറ്റ നിര്‍മാണ യൂനിറ്റിനും നിര്‍മലാസിറ്റിയില്‍ ശിലാസ്ഥാപനം നടത്തിയ 10 കോടിയുടെ ഡെയറി ഡവലപ്മെന്‍റ് പദ്ധതിക്കും ഗുണഭോക്തൃ വിഹിതം നിശ്ചയിച്ചിട്ടില്ല. 781 കോടി രൂപയുടെ ഇടുക്കി പാക്കേജില്‍ മറ്റൊന്നിനും ഗുണഭോക്തൃ വിഹിതമില്ല.
30.5 കോടി രൂപയായിരുന്നു ഇടുക്കി പാക്കേജില്‍പെടുത്തി തേയില കൃഷി പുനരുദ്ധാരണത്തിന് നീക്കിവെച്ചത്. ഈ പണമുപയോഗിച്ച് മൂന്നാറില്‍ ഗവേഷണ കേന്ദ്രവും തേക്കടിയില്‍ കണ്‍വെന്‍ഷന്‍ സെന്‍ററും പണിയാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ചെറുകിട തേയില കര്‍ഷകരുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് ആ പ്രോജക്ട് മാറ്റി. പിന്നീട് വന്‍കിട തേയിലത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിനും തേയില പ്പൊടിയുടെ മണവും ഗുണവും കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഈനോസ് യന്ത്രങ്ങള്‍ ജര്‍മനിയില്‍ നിന്ന് ഇറക്കുമതി നടത്താനും തുക വിനിയോഗിക്കാന്‍ തീരുമാനിച്ചു. 
ഇതിനെതിരെ ചെറുകിട തേയില കര്‍ഷക ഫെഡറേഷന്‍ രംഗത്ത് വരികയും മുഖ്യമന്ത്രിയെ സമീപിക്കുകയും ചെയ്തതോടെയാണ് പണം ചെറുകിട തേയില ഫാക്ടറികള്‍ നിര്‍മിക്കാന്‍വേണ്ടി വിനിയോഗിക്കാന്‍ ധാരണയായത്. 22 കോടി രൂപയുടെ പദ്ധതിയായിരുന്നു ഇത്. വന്‍കിട തേയില ഫാക്ടറി ഉടമകളും ടീ ബോര്‍ഡ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഈ പദ്ധതിയും ഗുണഭോക്തൃ വിഹിതത്തിന്‍െറ പേരില്‍ അട്ടിമറിച്ചിരിക്കുകയാണ്.
ഇതിനിടയില്‍ വന്‍കിട തേയിലത്തോട്ടങ്ങളില്‍ കയ്യാല നിര്‍മിക്കുന്നതിനും കാറ്റാടിത്തൈകള്‍ നടുന്നതിനുമായി കോടികള്‍ ടീ ബോര്‍ഡ് വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. വന്‍കിട തേയിലത്തോട്ടം ഉടമകളെ സഹായിക്കുന്ന ടീ ബേര്‍ഡ് ചെറുകിട തേയില കര്‍ഷകരെ ഒഴിവാക്കാന്‍ വേണ്ടിയാണ് പദ്ധതികള്‍ ഉണ്ടാക്കുന്നതെന്ന് ചെറുകിട തേയില കര്‍ഷക ഫെഡറേഷന്‍ ജില്ലാ ചെയര്‍മാന്‍ വൈ.സി. സ്റ്റീഫന്‍ ആരോപിച്ചു.
 

കോണ്‍വെന്‍റ് ജങ്ഷനില്‍ ഗതാഗതക്കുരുക്ക്

Posted: 05 Sep 2013 11:34 PM PDT

കൊച്ചി:  അശാസ്ത്രീയ ഗതാഗത സംവിധാനവും പാര്‍ക്കിങ്ങും മൂലം കോണ്‍വെന്‍റ് ജങ്ഷനില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. ഏറ്റവും തിരക്കേറിയ ലേഡീസ് പര്‍ച്ചേസിങ് ഹബായി അറിയപ്പെടുന്ന കോണ്‍വെന്‍റ് ജങ്ഷനിലെത്താന്‍ നിലവില്‍ നാലുവഴിയാണുള്ളത്. എം.ജി റോഡില്‍ ഷേണായിസ് തിയറ്ററിനെതിരെയുള്ള കോണ്‍വെന്‍റ് റോഡും പ്രസ്ക്ളബ് റോഡും ഉണ്ണിയാട്ടില്‍ റോഡും കാനന്‍ ഷെഡ് റോഡില്‍നിന്ന് വടക്കോട്ട് മാര്‍ക്കറ്റ് റോഡുമാണിത്. ഈ റോഡുകള്‍ക്കൊന്നും ആറ് മീറ്ററിലധികം വീതി ഇല്ലാത്തതിനാല്‍ വണ്‍വേ ട്രാഫിക് സംവിധാനമാണ് നിലവിലുള്ളത്. കോണ്‍വെന്‍റ് ജങ്ഷനിലുള്ള പ്രധാന വ്യാപാര സ്ഥാപനങ്ങളില്‍ സാധനം വാങ്ങാനായി എത്തുന്നവര്‍ കാറുകള്‍ അടക്കം അവരുടെ വാഹനങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെയാണ് പാര്‍ക്ക് ചെയ്യുന്നത്. ചില വാഹനങ്ങള്‍ ഫുട്പാത്തിലാണ് കയറ്റിയിടുന്നത്. 
റോഡിന്‍െറ പടിഞ്ഞാറുഭാഗത്ത് അംഗീകാരമില്ലാത്തതും ഉള്ളതുമായ ഓട്ടോ സ്റ്റാന്‍ഡുകള്‍ റോഡിന്‍െറ നല്ലൊരുഭാഗം കവരുന്നുണ്ട്. തിരക്കേറിയ സമയത്ത് ഉണ്ണിയാട്ടില്‍ റോഡില്‍ കൂടി പടിഞ്ഞാറുനിന്ന് ബസുകള്‍ കടത്തിവിടുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. തെക്കുവശത്തുനിന്ന് നോ എന്‍ട്രി അറിഞ്ഞും അറിയാതെയും വരുന്ന വാഹനങ്ങള്‍ മൂലം മണിക്കൂറുകളാണ് ഇവിടെ യാത്രക്കാര്‍ പെട്ടുപോകുന്നത്.
മണലും കല്ലും ഇഷ്ടികയും മറ്റും വില്‍പനക്കായി ഇറക്കിയിട്ടിരിക്കുന്നത് കൂടിയാകുമ്പോള്‍ കാല്‍നടക്കാര്‍ ജീവന്‍ പണയംവെച്ചാണ്  റോഡില്‍ ഇറങ്ങിനടക്കുന്നത്. മറ്റ് വാഹനങ്ങള്‍ക്കിടയിലേക്കുള്ള കാല്‍നടക്കാരുടെ യാത്ര പലപ്പോഴും സംഘര്‍ഷത്തിനും ഇടവരുത്തുന്നു.
ഹൈകോടതി ജഡ്ജിമാര്‍ക്ക് സമയത്തിന് കോടതിയിലെത്താനും തിരിച്ച് വീട്ടിലെത്താനും സൗകര്യം ഒരുക്കുന്നതിനാണ് രാവിലെ 9.30നും 11നും ഇടയിലും വൈകുന്നേരം അഞ്ചു മുതല്‍ ഏഴുവരെയും ഉണ്ണിയാട്ടില്‍ റോഡില്‍ കൂടി ബസുകള്‍ കയറ്റിവിടുന്നത്. രാവിലത്തെ ആവശ്യം ന്യായീകരിക്കാമെങ്കിലും വൈകുന്നേരം ജഡ്ജിമാരെ വീട്ടിലെത്തിക്കാനും ഇത് വേണോ എന്നാണ് നാട്ടുകാരുടെ ചോദ്യം.
ഫുട്പാത്തുകളിലെ പാര്‍ക്കിങ്ങും അംഗീകാരമില്ലാത്ത ഓട്ടോ സ്റ്റാന്‍ഡും മാറ്റുന്നതിനൊപ്പം ഇക്കാര്യങ്ങള്‍ അടക്കം ഗതാഗതം നിയന്ത്രിക്കാന്‍ സ്ഥിരം പൊലീസ് സംവിധാനവും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
 

എം.എസ്.എം ശാന്തമായില്ല

Posted: 05 Sep 2013 11:20 PM PDT

Subtitle: 
'അധ്യാപകരുടെ വീട് തകര്‍ത്തത് മാനേജ്മെന്‍റിന്‍െറ അറിവോടെ'
കായംകുളം:എം.എസ്.എം കോളജ് മാനേജറും ഒരു വിഭാഗം അധ്യാപകരും സി.പി.എം ഒത്താശയോടെ കെ.എസ്.യുവിനെ തകര്‍ക്കാന്‍ നടത്തുന്ന ഗൂഢനീക്കത്തിന്‍െറ ഭാഗമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് കെ.എസ്.യു സമര സമിതി യോഗം കുറ്റപ്പെടുത്തി. സമരത്തെ വഴിതിരിച്ചു വിടാന്‍ മാനേജ്മെന്‍റിന്‍െറ അറിവോടെയാണ് അധ്യാപകരുടെ വീടുകളും കാറുകളും തകര്‍ത്തിരിക്കുന്നത്. ഇതോടൊപ്പം അധ്യാപകരെ കല്ലെറിഞ്ഞതായ കുപ്രചാരണവും നടത്തി കെ.എസ്.യു സമരത്തെ തകര്‍ക്കാമെന്നത് മാനേജ്മെന്‍റിന്‍െറ വ്യാമോഹം മാത്രമാണ്. കോളജ് മാനേജറുടെ അഴിമതി പുറത്തുവരുമെന്ന ഭയമാണ് യൂനിറ്റ് പ്രസിഡന്‍റ് നിധിനെ പുറത്താക്കാന്‍ കാരണം. കോളജിനെതിരെയുള്ള സുപ്രധാന വിവരങ്ങള്‍ വിവരാകാശ നിയമപ്രകാരം സര്‍വകലാശാലയില്‍ നിന്ന് നിധിന്‍ സ്വന്തമാക്കിയിരുന്നു. സര്‍വകലാശാല മാറ്റിവെച്ച പരീക്ഷ നടത്തിയതിനെ ചോദ്യം ചെയ്തതും പരാതി നല്‍കിയതും മാനേജ്മെന്‍റിനെ ചൊടിപ്പിച്ചു. അധ്യാപകന്‍െറ കരണത്തടിച്ച എസ്.എഫ്.ഐക്കാരനെതിരെ ഒരു നടപടിയും സ്വീകരിക്കാത്തവരാണ് അനീതിക്കെതിരെ ശബ്ദിച്ച വിദ്യാര്‍ഥി നേതാവിനെ പുറത്താക്കിയതെന്ന് യോഗം കുറ്റപ്പെടുത്തി. കെ.എസ്.യുവിന്‍െറ സമരത്തെ നേരിടാന്‍ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ സഹായം തേടിയ മാനേജറുടെ നടപടി പ്രതിഷേധാര്‍ഹമാണ്. കെ.എസ്.യു സമരത്തെ ഭീഷണിപ്പെടുത്തി ഒതുക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും യോഗം പറഞ്ഞു. കണ്‍വീനര്‍ എ.പി. ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സി.ആര്‍. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. അഡ്വ. എ. ത്രിവിക്രമന്‍ തമ്പി, അഡ്വ. കെ.പി. ശ്രീകുമാര്‍, അഡ്വ. ഇ. സമീര്‍, എന്‍. രവി, കറ്റാനം ഷാജി, എ.ജെ. ഷാജഹാന്‍, അഡ്വ. പി.എസ്. ബാബുരാജ്, അഡ്വ. യു. മുഹമ്മദ്, കടയില്‍ രാജന്‍, ടി. സൈനുല്ലാബ്ദീന്‍, കെ. തങ്ങള്‍കുഞ്ഞ് എന്നിവര്‍ സംസാരിച്ചു.
 

വ്യാപാരകേന്ദ്രങ്ങളില്‍ പരിശോധന: 124 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

Posted: 05 Sep 2013 11:16 PM PDT

Subtitle: 
വിലവിവര പട്ടിക നിര്‍ബന്ധമായി പ്രദര്‍ശിപ്പിക്കണം
കാസര്‍കോട്: ഓണം സീസണില്‍ പൊതുവിപണിയില്‍ ഉണ്ടാകാനിടയുള്ള വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായി അധികൃതര്‍ നടത്തിയ പരിശോധനയില്‍ 124 സ്ഥാപനങ്ങള്‍ക്കെതിരെ അവശ്യ സാധന നിയമപ്രകാരം കേസെടുത്തു.
 കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ തടയുന്നതിന്‍െറ ഭാഗമായി  ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജില്ലാ, താലൂക്ക് സപൈ്ള ഓഫിസര്‍മാരുടെ  നേതൃത്വത്തില്‍ 245 വിവിധ പൊതു വിപണി വ്യാപാരകേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി.
ഹോട്ടല്‍, റസ്റ്റാറന്‍റ്, ബേക്കറി, പലചരക്ക്, പഴം, പച്ചക്കറി, ഇറച്ചികടകള്‍ എന്നീ സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും അതത് ദിവസത്തെ വിലവിവര പട്ടിക ഉപഭോക്താക്കള്‍ക്ക് വ്യക്തമായി കാണത്തക്കവിധം എഴുതി പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ സപൈ്ള ഓഫിസര്‍ അറിയിച്ചു. ഈ നിര്‍ദേശം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ സിവില്‍ സപൈ്ളസ് വകുപ്പിന്‍െറ കീഴിലുള്ള സ്ഥാപനങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. 
വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങളുടെ വിവരം ജില്ലാ സപൈ്ള ഓഫിസ് ഫോണ്‍ നമ്പറില്‍ അറിയിക്കണം. കൂടാതെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, റേഷന്‍ സാധനങ്ങളുടെ ദുരുപയോഗം എന്നിവയും ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ സിവില്‍ സപൈ്ളസ് വകുപ്പിന്‍െറ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. 

മലയോര ഹൈവേ ഇപ്പോഴും ചുവപ്പുനാടയില്‍

Posted: 05 Sep 2013 11:11 PM PDT

Subtitle: 
പ്രഖ്യാപിച്ച് 11 വര്‍ഷം
ഇരിക്കൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ ഹൈവേയെന്ന് കൊട്ടിഘോഷിച്ച മലയോര ഹൈവേ (എസ്.എച്ച് 59) പ്രഖ്യാപനം കഴിഞ്ഞ് 11 വര്‍ഷമായിട്ടും കടലാസില്‍തന്നെ. മലയോര മേഖലകളായ ചെമ്പേരി, പയ്യാവൂര്‍, ഉളിക്കല്‍, ഇരിട്ടി തുടങ്ങിയ പ്രദേശങ്ങളുടെ പ്രതീക്ഷയായിരുന്നു ഈ പദ്ധതി. 
ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ വരുന്ന സ്ഥലങ്ങളിലെ പാതവികസനത്തിന് സ്ഥലമേറ്റെടുക്കലും ചില ഭാഗങ്ങളില്‍ ഒന്നാംഘട്ട പണിയും തുടങ്ങിയിരുന്നു. സ്ഥലമേറ്റെടുക്കലടക്കമുള്ള പ്രശ്നങ്ങളില്‍ കുരുങ്ങിയാണ് പദ്ധതി നിശ്ചലമായത്. ഇതോടെ നിലവില്‍ നിശ്ചയിച്ച പ്രദേശങ്ങളിലൂടെയുള്ള മലയോര ഹൈവേക്കുള്ള സാധ്യത മങ്ങി. പദ്ധതി യാഥാര്‍ഥ്യമായാല്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ മലയോര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന എളുപ്പവഴിയായി ഇത് മാറും. 2002ല്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാറാണ് 1500 കോടി രൂപയുടെ പദ്ധതിയായ മലയോര ഹൈവേ പ്രഖ്യാപിച്ചത്. കാസര്‍കോട്ടുനിന്ന് തുടങ്ങി തിരുവനന്തപുരത്തെ പാറശ്ശാലയിലെത്തുന്ന തരത്തിലായിരുന്നു 1332 കി.മീ വരുന്ന പദ്ധതിക്ക് രൂപം നല്‍കിയത്. ഇതുസംബന്ധിച്ച് വിശദമായ പഠനം നടത്തുന്നതിന് നാറ്റ്പാകിനെയാണ് അന്ന് ചുമതലപ്പെടുത്തിയത്.
ഒന്നാംഘട്ടമായി കാസര്‍കോട് മുതല്‍ പാലക്കാട് വരെയും രണ്ടാംഘട്ടത്തില്‍ പാലക്കാട് മുതല്‍ തിരുവനന്തപുരം വരെയുമാണ് ലക്ഷ്യമിട്ടിരുന്നത്. മലയോര പാതകളുടെ വികസനത്തിന് ഗുണകരമാകുംവിധം നിലവിലുള്ള പാതകളെ കോര്‍ത്തിണക്കിയായിരുന്നു വികസന പദ്ധതി തയാറാക്കിയത്. 2009 മേയ് മാസം 21ന് നാറ്റ്പാക് വിശദ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു. 2009 ജൂലൈ ആറിന് മലയോരപാത കടന്നുപോകുന്ന പ്രദേശങ്ങളെകുറിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കുകയും ചെയ്തു. തുടര്‍ന്ന് നാലുവര്‍ഷം കഴിഞ്ഞിട്ടും മലയോര ഹൈവേയുടെ ആദ്യഘട്ടം എങ്ങുമെത്താതെ കിടക്കുകയാണ്. കൃത്യമായ ഏകോപനമില്ലാത്തതും ചെറിയ പാതകളെ വികസിപ്പിക്കുന്നതിനുള്ള പ്രായോഗിക പ്രശ്നങ്ങളുമാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന് മറ്റൊരു തടസ്സം. മലയോര മേഖലയിലെ ജനങ്ങള്‍ ഏറെ കാത്തിരുന്നതും കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് ഏറ്റവും കൂടുതല്‍ പ്രചാരണം നല്‍കിയതുമായ പദ്ധതിയാണിത്. 2002ലെ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി 2013ലും യു.ഡി.എഫ് സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ യാഥാര്‍ഥ്യമാവാത്തതില്‍ മലയോര ജനത നിരാശയിലാണ്.
 

കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ്: എസ്.എഫ്.ഐക്ക് മുന്നേറ്റം

Posted: 05 Sep 2013 11:07 PM PDT

Subtitle: 
മുട്ടില്‍ കോളജില്‍ എസ്.ഐ.ഒക്ക് ജയം
കല്‍പറ്റ: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള വയനാട്ടിലെ കോളജുകളില്‍ വ്യാഴാഴ്ച നടന്ന വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് മുന്നേറ്റം.  അഞ്ച് കോളജുകളില്‍ എസ്.എഫ്.ഐയും ഓരോ കോളജുകളില്‍ എം.എസ്.എഫും കെ.എസ്.യുവും പ്രധാന സീറ്റുകള്‍ നേടി. മുട്ടില്‍ ഡബ്ള്യു.എം.ഒ കോളജില്‍ എസ്.ഐ.ഒ ചരിത്രവിജയം നേടി. വിവിധ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ആഹ്ളാദപ്രകടനം നടത്തി. 
മുട്ടില്‍ ഡബ്ള്യു.എം.ഒ കോളജില്‍ ചെയര്‍മാനും ജന. സെക്രട്ടറിയും ജനറല്‍ ക്യാപ്റ്റനും എസ്.എഫ്.ഐക്കാണ്. അതേസമയം, ഇവിടെ യു.യു.സി സ്ഥാനത്ത് എം.എസ്.എഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചെയര്‍മാനായി വി. നിഷാദും ജന. സെക്രട്ടറിയായി ജമാനുല്‍ ഹഖും ജനറല്‍ ക്യാപ്റ്റനായി അജ്മല്‍ സിയാദുമാണ് വിജയിച്ചത്. 
മുട്ടില്‍ ഡബ്ള്യു.എം.ഒ കോളജില്‍ എസ്.ഐ.ഒ മത്സരിച്ച നാല് സീറ്റുകളില്‍ മൂന്നു സീറ്റും നേടി.
കല്‍പറ്റ ഗവ. കോളജില്‍ ചെയര്‍മാനായി എന്‍.പി. ആദര്‍ശും, വൈ. ചെയര്‍മാനായി കെ. ശ്രിന്‍ഷയും ജോ. സെക്രട്ടറിയായി കെ.ആര്‍. ആതിരയും ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയായി പി.ആര്‍. അഖിലും യൂനിവേഴ്സിറ്റി കൗണ്‍സിലറായി കെ. പ്രണവും മാഗസിന്‍ എഡിറ്ററായി പി. മുഹമ്മദും (എല്ലാവരും എസ്.എഫ്.ഐ) വിജയിച്ചു. 
ബത്തേരി സെന്‍റ്മേരീസ് കോളജില്‍ ചെയര്‍മാനായി എസ്.എഫ്.ഐയുടെ പി.വി. പ്രവീണും ജന. സെക്രട്ടറിയായി ലിറ്റ്വിന്‍ ജേക്കബും ജന. സെക്രട്ടറിയായി അശ്റഫും കൗണ്‍സിലറായി എസ്. വിനീതും, ജന. ക്യാപ്റ്റനായി അനീഷ്കുമാറും ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയായി കെ.എസ്. അശ്വിനും എഡിറ്ററായി ജെറിന്‍ സി.ഷാജിയും തെരഞ്ഞെടുക്കപ്പെട്ടു. 
ബത്തേരി ഡോണ്‍ബോസ്കോ കോളജിലും മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളജിലും എസ്.എഫ്.ഐക്കാണ് മേധാവിത്തം.
പുല്‍പള്ളി പഴശ്ശിരാജ കോളജില്‍ കെ.എസ്.യു പ്രധാന സീറ്റുകളെല്ലാം തൂത്തുവാരി. ജനറല്‍ സീറ്റുകള്‍ പൂര്‍ണമായും കെ.എസ്.യുവിനാണ്. വിജയികള്‍: ദീപു റെജി (ചെയര്‍.), ഡോണ സണ്ണി (വൈ. ചെയര്‍.), ബെജിത് കെ. തോംസണ്‍ (യു.യു.സി), റോണി ജോസഫ് (സെക്ര.), ആതിര മൈക്കിള്‍ (ജോ. സെക്ര.), ഹര്‍ഷാദ് (എഡിറ്റര്‍), എ.ജെ. സനീഷ് (ഫൈന്‍ ആര്‍ട്സ് സെക്ര.), പി.എ. റിയാസ് (ജനറല്‍ ക്യാപ്റ്റന്‍), വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ പുല്‍പള്ളി ടൗണില്‍ പ്രകടനം നടത്തി. കെ. എസ്.യു ജില്ലാ പ്രസിഡന്‍റ് പി. ജഷീര്‍, അഗസ്റ്റിന്‍ ജോയ്, ബിനില്‍ ബാബു, സണ്ണി തോമസ്. സി.പി. ജോയി, ടി.എസ്. ദിലീപ്കുമാര്‍, വി.എന്‍. ലക്ഷ്മണന്‍, സി.ആര്‍. മണി, സി.പി. കുര്യാക്കോസ്  എന്നിവര്‍ നേതൃത്വം നല്‍കി. 
എം.എസ്.എഫ് ഒറ്റക്ക് മത്സരിച്ച പനമരം സി.എം കോളജ് യൂനിയന്‍ എസ്.എഫ്.ഐയില്‍നിന്ന് അവര്‍ പിടിച്ചെടുത്തു. ഇവിടെ മത്സരിച്ച 14 സീറ്റില്‍ 13 എണ്ണവും എം.എസ്.എഫ് നേടി. ഒറ്റക്ക് മത്സരിച്ച ബത്തേരി സെന്‍റ്മേരീസ് കോളജില്‍ മൂന്നാം വര്‍ഷ പ്രതിനിധിയായ എം.എസ്.എഫ് ജില്ലാ സെക്രട്ടറി ടി. ആശിഖ് വിജയിച്ചു. മുന്നണിയായി മത്സരിച്ച കല്‍പറ്റ ഗവ. കോളജില്‍ എസ്.എഫ്.ഐയില്‍നിന്ന് രണ്ട് സീറ്റുകള്‍ പിടിച്ചെടുത്തു. ജനറല്‍ സെക്രട്ടറിയായി ശറഫലി നെല്ലിമുണ്ടയും ജനറല്‍ ക്യാപ്റ്റനായി റാഫിയും വിജയിച്ചു. 

ലഡാക്കില്‍ ചൈന അധിനിവേശം നടത്തിയതായി എ.കെ. ആന്‍റണി

Posted: 05 Sep 2013 11:07 PM PDT

Image: 

ന്യൂദല്‍ഹി: ഇന്ത്യന്‍ ഭൂപ്രദേശത്ത് ചൈനീസ് സേന അധിനിവേശം നടത്തിയിരുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്‍റണിയുടെ സ്ഥിരീകരണം. അതിര്‍ത്തിയോട് ചേര്‍ന്ന വടക്ക് പടിഞ്ഞാറന്‍ ലഡാക് മേഖലയിലെ 640 ചതുരശ്ര കിലോമീറ്ററിലാണ് ഏപ്രിലില്‍ ചൈന കടന്നുകയറിയത്. ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തുകയായിരുന്നു പ്രതിരോധ മന്ത്രി.

ഇന്ത്യന്‍ ഭൂപ്രദേശത്തെ ചൈനീസ് കടന്നുകയറ്റത്തെ കുറിച്ച് പ്രതിരോധ മന്ത്രി വിശദീകരണം നല്‍കണമെന്നും വിഷയം പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യണമെന്നും ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ വ്യാഴാഴ്ച ലോക്സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ആന്‍റണി ലോക്സഭയില്‍ വിശദീകരണം നല്‍കിയത്. ചൈനീസ് കടന്നുകയറ്റത്തില്‍ ഇന്ത്യന്‍ ഭൂപ്രദേശം നഷ്ടമായെന്ന വാര്‍ത്ത ദേശീയ സുരക്ഷാ ഉപദേശകസമിതി തലവന്‍ ശ്യാം സരന്‍ തള്ളിക്കളഞ്ഞിരുന്നു.

ലഡാക്കിലെ ഇന്ത്യന്‍ ഭൂപ്രദേശത്ത് ചൈനീസ് സേന കൈയേറ്റം നടത്തിയതായി റാകിനല മേഖലയില്‍ പട്രോളിങ് നടത്തിയ ഇന്തോടിബറ്റല്‍ ബോര്‍ഡ് പൊലീസാണ് കണ്ടെ ത്തിയത്. അതിര്‍ത്തിയില്‍ നിന്ന് 1,819 കിലോമീറ്റര്‍ ഉള്ളിലേക്ക് കയറി, ഇന്ത്യയുടെ അധീനതയിലുള്ള 640 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ചൈന കൈയേറിയത്. കൂടാതെ, ദൗലത്ത്ബാഗില്‍ താല്‍കാലിക സൈനിക താവളം ചൈന നിര്‍മ്മിക്കുകയും ചെയ്തു. നയതന്ത്ര, സൈനിക ഇടപെടലിനെ തുടര്‍ന്ന് മേഖലയില്‍ നിന്ന് ചൈനീസ് സേന പിന്നീട് പിന്മാറി.

ഹിമാലയത്തിലെ നാലായിരം കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഇരുരാജ്യങ്ങളുടെയും സേനകള്‍ കടന്നുകയറ്റം നടത്താറുണ്ട്. എന്നാല്‍, താല്‍കാലിക സൈനിക താവളം ചൈന സ്ഥാപിക്കുന്നത് അദ്യ സംഭവമാണ്. ഇപ്പോള്‍, ഇന്തോടിബറ്റല്‍ ബോര്‍ഡ് പൊലീസിന്‍െറ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ് ഭൂപ്രദേശം.
 

നഗരത്തിലെ അഞ്ച് ബി.ഒ.ടിപദ്ധതികള്‍ എങ്ങുമെത്തിയില്ല: മേയര്‍ റിപ്പോര്‍ട്ട് തേടി

Posted: 05 Sep 2013 11:04 PM PDT

Subtitle: 
രാജി ആവശ്യപ്പെട്ട് ഇറങ്ങിപ്പോക്ക്
കോഴിക്കോട്: നഗരത്തില്‍ മുന്‍കാലങ്ങളില്‍ പ്രഖ്യാപിച്ച അഞ്ച് വന്‍കിട ബി.ഒ.ടി വികസന പദ്ധതി നടത്തിപ്പില്‍ ക്രമക്കേട് നടന്നതായി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ആരോപണം. ഇതേതുടര്‍ന്ന് പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി റിപ്പോര്‍ട്ട് നല്‍കാന്‍ മേയര്‍ പ്രഫ. എ.കെ. പ്രേമജം നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി. മേയര്‍ പ്രേമജത്തിനും ഡെപ്യൂട്ടി മേയര്‍ പ്രഫ. പി.ടി. അബ്ദുല്‍ ലത്തീഫിനും മരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം. മോഹനനുമെതിരെ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ നല്‍കിയ സാഹചര്യത്തില്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ. സത്യനാഥന്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മേയര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കൗണ്‍സില്‍ തുടങ്ങിയ ഉടന്‍ പ്രതിപക്ഷം സഭവിട്ടിറങ്ങി. 
തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ച യുവാവിനെ ആക്രമിച്ച  എസ്.ഐക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഒ. സദാശിവന്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച കഴിഞ്ഞശേഷമാണ് പ്രതിപക്ഷം വീണ്ടും സഭക്കകത്ത് തിരിച്ചുകയറിയത്. സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടാനാണ് പ്രതിപക്ഷം ഇറങ്ങിപ്പോയതെന്ന് ഭരണപക്ഷം പരിഹസിച്ചു. എസ്.ഐക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുന്ന അടിയന്തര പ്രമേയം ഐകകണ്ഠ്യേന പാസാക്കുകയും ചെയ്തു. അടിയന്തര പ്രാധാന്യമില്ലെന്ന് പറഞ്ഞുകൊണ്ടാണ് മേയര്‍ പ്രതിപക്ഷ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്. പൊറ്റങ്ങാടി കിഷന്‍ ചന്ദാണ് നഗരത്തിലെ അഞ്ച് ബി.ഒ.ടി പദ്ധതികള്‍ എവിടെയുമെത്താത്ത കാര്യത്തില്‍ അടിയന്തര ശ്രദ്ധ ക്ഷണിച്ചത്. 
മെഡിക്കല്‍ കോളജ് ബസ്സ്റ്റാന്‍ഡ്, നഗരത്തിലെ ബഹുനില പാര്‍ക്കിങ് സമുച്ചയം, കല്ലുത്താന്‍ കടവിലെ പച്ചക്കറി മാര്‍ക്കറ്റ്, തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്സ് എന്നിവയടങ്ങിയ സമുച്ചയം, മീഞ്ചന്ത ബസ്സ്റ്റാന്‍ഡ്, ലോറി സ്റ്റാന്‍ഡ് എന്നിവ ബി.ഒ.ടിയടിസ്ഥാനത്തില്‍ നിര്‍മിക്കാനാണ് മുന്‍ ഭരണസമിതി ഐകകണ്ഠ്യേന തീരുമാനിച്ചത്. ഐ.സി.ഐ.സി കിന്‍ഫ്രയെയാണ് പദ്ധതി തയാറാക്കാന്‍ കണ്‍സള്‍ട്ടന്‍സിയായി നിയമിച്ചത്. വിദഗ്ധരെ കൊണ്ടുവരുന്നതടക്കം കണ്‍സള്‍ട്ടന്‍സിയുടെ മുഴുവന്‍ ചെലവും നഗരസഭ നല്‍കണമെന്നായിരുന്നു തീരുമാനം.
ഇതുപ്രകാരം പദ്ധതി തുടങ്ങിയാല്‍ മുഴുവന്‍ തുകയും നഗരസഭക്ക് തിരികെ നല്‍കണമെന്നാണ് കരാര്‍. സ്ഥലം ബന്ധപ്പെട്ടവര്‍ക്ക് കൈമാറി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി പൂര്‍ത്തിയാക്കുകയോ കരാര്‍ പ്രകാരമുള്ളപണം നഗരസഭക്ക് തിരിച്ചുനല്‍കുകയോ ചെയ്തില്ലെന്ന് കിഷന്‍ചന്ദ് ചൂണ്ടിക്കാട്ടി. സംഭവത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ ഉള്‍പ്പെട്ട കൗണ്‍സില്‍ കമ്മിറ്റിയുണ്ടാക്കി അന്വേഷണിക്കണമെന്നും പദ്ധതി ഏറ്റെടുത്ത വ്യാജ കമ്പനികളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. പദ്ധതിയില്‍ രണ്ടെണ്ണത്തില്‍ സംസ്ഥാന സര്‍ക്കാറുമായാണ് ബി.ഒ.ടി കമ്പനിക്ക് കരാറുള്ളതെന്ന് ഡെപ്യൂട്ടി മേയര്‍  പി.ടി. അബ്ദുല്‍ ലത്തീഫ് പറഞ്ഞു. നഗരസഭക്ക് കിട്ടാനുള്ള തുക കിട്ടാന്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തിലെ തെരുവ് വിളക്കുകള്‍ ഓണത്തിന് മുമ്പുതന്നെ പരമാവധി കത്തിക്കാന്‍ ശ്രമമാരംഭിച്ചതായി പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം. മോഹനന്‍ അറിയിച്ചു.
പി.വി. അവറാനാണ് ഇതുസംബന്ധിച്ച് ശ്രദ്ധ ക്ഷണിച്ചത്. തെരുവ് വിളക്കുകളുടെ ചുമതല സ്വന്തം എന്‍ജിനീയര്‍ പോലുമില്ലാത്ത നഗരസഭകള്‍ക്ക് നല്‍കിയ സര്‍ക്കാറിന്‍െറ2012ലെ ഉത്തരവാണ് പ്രശ്നം. സുസ്ഥിര നഗരവികസന പദ്ധതിയില്‍ സ്ഥാപിച്ച വിളക്കുകള്‍ നന്നാക്കുന്നതിന്‍െറ മുന്നോടിയായി ഏഴിന് പരിശോധന നടത്തും. എ.ഡി.ബി സഹായത്തോടെയുള്ള സുസ്ഥിര നഗര വികസന പദ്ധതി സ്തംഭിച്ച കാര്യത്തില്‍ വി. സുധീര്‍ ശ്രദ്ധക്ഷണിച്ചു. സുസ്ഥിര നഗര വികസന പദ്ധതിയുടെ പ്രോജക്ട് ഇംപ്ളിമെന്‍റ് യൂനിറ്റ് സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കയാണെന്നും പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള തീരുമാനം പദ്ധതിക്ക് ദോഷം ചെയ്യുമെന്നും മേയര്‍ പറഞ്ഞു.
ബേപ്പൂര്‍ തുറമുഖത്തുനിന്ന് മണല്‍ എടുക്കാനുള്ള അവകാശം കോര്‍പറേഷന് നല്‍കുന്നതിന് പകരം ടെന്‍ഡര്‍ വിളിച്ചുനല്‍കാനുള്ള പോര്‍ട്ട് അധികാരികളടക്കമുള്ളവരുടെ നീക്കത്തിനെതിരെ പൊന്നത്ത് ദേവരാജന്‍ ശ്രദ്ധക്ഷണിച്ചു.മെഡിക്കല്‍ കോളജ് വഴിയുള്ള ബസുകളില്‍ ചിലതെങ്കിലും കുതിരവട്ടം റോഡ് വഴി തിരിച്ചുവിട്ട് ഈ ഭാഗത്തുള്ളവരുടെ യാത്രാപ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വ. ചേമ്പില്‍ വിവേകാനന്ദന്‍ ശ്രദ്ധക്ഷണിച്ചു. ഇക്കാര്യത്തില്‍ ആര്‍.ടി.എയെ സമീപിക്കാന്‍ നഗരസഭ തീരുമാനിച്ചു. കെ. ദേവകി, എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, കൃഷ്ണദാസ്, സൗദാമിനി ടീച്ചര്‍, ബാലഗോപാല്‍ എന്നിവരും വിവിധ വിഷയങ്ങളില്‍ ശ്രദ്ധക്ഷണിച്ചു.
എന്‍.സി. മോയിന്‍കുട്ടി, കെ. മുഹമ്മദലി, ജാനമ്മ കുഞ്ഞുണ്ണി, കെ. രവീന്ദ്രന്‍, കെ. ശ്രീകുമാര്‍, ടി.പി. കോയമൊയ്തീന്‍, കെ.ടി. ബീരാന്‍കോയ, അഡ്വ. എ.വി. അന്‍വര്‍, സി.പി. മുസാഫര്‍ അഹമ്മദ്, കെ.പി. അബ്ദുല്ലക്കോയ, ടി. സുജന്‍, പൂളക്കൂല്‍ ശ്രീകുമാര്‍, സി.എസ്. സത്യഭാമ, വി.കെ. മോഹന്‍ദാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതില്‍ ആശങ്കയകറ്റണമെന്നാവശ്യപ്പെട്ട് വി.കെ. മോഹന്‍ദാസ് അവതരിപ്പിച്ച പ്രമേയം, സര്‍ക്കാര്‍ ജോലിക്ക് മലയാളഭാഷാ പഠനം നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചത് പുന$പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ജാനമ്മ കുഞ്ഞുണ്ണിയുടെ പ്രമേയവും സഭ അംഗീകരിച്ചു.

ബത്ഹ ശുദ്ധീകരിക്കും: റിയാദ് മുനിസിപ്പാലിറ്റി

Posted: 05 Sep 2013 10:36 PM PDT

Image: 
റിയാദ്: സൗദി തലസ്ഥാന നഗരിയിലെ ബത്ഹയില്‍ നടന്നുവരുന്ന നിയമവിരുദ്ധ തെരുവുകച്ചവടക്കാരെ തുടച്ചുനീക്കാന്‍ റിയാദ് മുനിസിപ്പാലിറ്റി കഴിഞ്ഞ തവണ നടത്തിയ 90 ദിവസത്തെ ശ്രമം ഫലം കണ്ടിട്ടില്ലെന്നും കൂടുതല്‍ ആസൂത്രിതമായ നീക്കത്തിലൂടെ ബത്ഹ ശുദ്ധീകരിക്കുമെന്നും റിയാദ് തദ്ദേശ ഭരണ അധികൃതര്‍ വ്യക്തമാക്കി. ബത്ഹയില്‍ നടക്കുന്ന നിയമവിരുദ്ധ ഇടപാടുകള്‍ വളരെയധികം തലവേദന സൃഷ്ടിക്കുന്നുണ്ടെന്ന് റിയാദ് മുനിസിപ്പാലിറ്റി പരിസര ശുചീകരണ വിഭാഗം മേധാവി എന്‍ജിനീയര്‍ മുഹമ്മദ് മഅ്മിന പറഞ്ഞു.
തെരുവുകച്ചവടക്കാരില്‍ ഭൂരിപക്ഷവും വിദേശികളാണ്. അവരില്‍ പലരും നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവരുമാണ്. പഴയ, തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കകത്താണ് കച്ചവടസാധനങ്ങള്‍ സൂക്ഷിക്കുന്നത്. ആള്‍പ്പാര്‍പ്പില്ലാത്ത, പൊളിച്ചുനീക്കാത്ത കെട്ടിടങ്ങളാണ് നിയമലംഘകരുടെ സങ്കേതങ്ങള്‍. കൂടാതെ വിദേശികളുടെ താമസസ്ഥലത്തും ഇലക്ട്രിക്കല്‍ പവര്‍ ഹൗസുകളായി ഉപയോഗിക്കുന്ന മുറികളിലും സാധനങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടല്ല സാധനങ്ങള്‍ സൂക്ഷിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്നത്. 
തെരുവുകച്ചവടക്കാരെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ റിയാദ് മുനിസിപ്പാലിറ്റി നടത്തിയ എല്ലാ ശ്രമങ്ങളും നിഷ്ഫലമായിരുന്നു. എന്നാല്‍ കൂടുതല്‍ സമയമെടുത്തും റിയാദ് മേഖലയുടെ വിവിധ പ്രദേശങ്ങളിലുമുള്ള തദ്ദേശഭരണ ഉദ്യോഗസ്ഥരെയും പരിശോധകരെയും ഉപയോഗപ്പെടുത്തിയും ‘ബത്ഹ ശുദ്ധീകരണം’ തുടരുമെന്ന് എന്‍ജി. മുഹമ്മദ് പറഞ്ഞു.
ഒരു രാപ്പകല്‍ കൊണ്ട് മാറ്റം വരുത്താവുന്ന നിസ്സാര നിയമവിരുദ്ധ പ്രവണതകളല്ല ബത്ഹയിലുള്ളത്. പരിശോധകര്‍ ദൗത്യം തുടരുന്നുണ്ട്. എന്നാല്‍ കൂടുതല്‍ ആസൂത്രിതമായ നീക്കം ബത്ഹയില്‍ ആവശ്യമാണ്. തിരക്കായ സമയത്ത് ബത്ഹയില്‍ കൂടുതല്‍ നിയമവിരുദ്ധ പ്രവണത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൃത്യമായ സമയം നിശ്ചയിക്കാനാവില്ലെങ്കിലും കഴിയുന്നതും വേഗം ബത്ഹ ശുദ്ധീകരിക്കാന്‍ തന്നെയാണ് തീരുമാനം. ഒരു ഭാഗത്ത് പരിശോധന നടത്തി നീക്കം ചെയ്യുന്ന അനധികൃത കച്ചവടക്കാര്‍ മറ്റൊരു സ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണുള്ളത്. കച്ചവടക്കാരില്‍ ഭൂരിപക്ഷവും പരിശോധകരെത്തുന്നത് അറിയുന്നതോടെ കടകള്‍ അടച്ചുപൂട്ടി രക്ഷപ്പെടുകയാണ്.  എന്നാല്‍ നിയമലംഘകര്‍ക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ നല്‍കി നിയമവിരുദ്ധ പ്രവണത ഇല്ലാതാക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.
തലസ്ഥാന നഗരിയുടെ സമീപപ്രദേശത്തുള്ള 16 തദ്ദേശഭരണ ഓഫീസുകളും 661 പരിശോധകരും ഉള്‍പ്പെട്ട വിപുലമായ സംഘമാണ് കഴിഞ്ഞ മേയ് 27ന് ആരംഭിച്ച 90 ദിവസം നീണ്ട പരിശോധന നടത്തിയത്. എന്നാല്‍ അതിന്‍െറ ഫലം ബത്ഹയില്‍ കാണുന്നില്ലെന്ന് മാത്രമല്ല, അന്ന് അപ്രത്യക്ഷമായ നിയമവിരുദ്ധ സ്ഥാപനങ്ങളും കച്ചവടങ്ങളും വീണ്ടും പൊങ്ങിയിട്ടുണ്ട്. അതിനാല്‍ ബത്ഹ ശുദ്ധീകരത്തിന് കൂടുതല്‍ ഫലപ്രദമായ നീക്കം അനിവാര്യമാണെന്നും അതിന് റിയാദ് മുനിസിപ്പാലിറ്റി സജ്ജമാണെന്നും സെക്രട്ടറി ജനറല്‍ എന്‍ജി. അബ്ദുല്ല അല്‍മുഖ് ബില്‍ പറഞ്ഞു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP