സര്‍ക്കാര്‍ സഹായം വന്നില്ല; എച്ച്.ഐ.വി ബാധിച്ച പെണ്‍കുട്ടിക്ക് ദുരിതം മാത്രം Posted: 21 Sep 2013 12:23 AM PDT മാനന്തവാടി: തലാസീമിയ രോഗത്തിന് രക്തം സ്വീകരിച്ചതിനെ തുടര്‍ച്ച് എച്ച്.ഐ.വി പിടിപെട്ട എട്ടു വയസ്സുകാരിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഇതുവരെ എത്തിയില്ല. ചികിത്സക്ക് പണമില്ലാതെ പെണ്‍കുട്ടിയുടെ കുടുംബം ദുരിതത്തില്‍. പെണ്‍കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ച വിവരം 2013 മാര്‍ച്ച് 18നാണ് പുറംലോകം അറിഞ്ഞത്. കുട്ടിയുടെയും കുടുംബത്തിന്‍െറയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഏപ്രില്‍ ആദ്യം തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കുടംബത്തിന് 10 സെന്‍റ് ഭൂമിയും വീടും നല്‍കാനും പ്രതിമാസം പെണ്‍കുട്ടിക്ക് 1000 രൂപ സഹായധനം നല്‍കാനും ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനും രണ്ടുമാസം മുമ്പ് മന്ത്രിസഭാ തീരുമാനം എടുത്തിരുന്നു. സ്ഥലം കണ്ടെത്തുന്നതടക്കമുള്ള നടപടികള്‍ക്ക് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ഇതനുസരിച്ച് എ.ഡി.എമ്മിന്‍െറ നേതൃത്വത്തില്‍ കുട്ടിയുടെ കുടുംബത്തിനുകൂടി സ്വീകാര്യമായ തരത്തില്‍ രണ്ടിടങ്ങളില്‍ വീടും സ്ഥലവും കണ്ടെത്തി. നടപടികള്‍ക്കായി സര്‍ക്കാറിന് സമര്‍പ്പിച്ചു. ഈ ഫയല്‍ മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട മന്ത്രിമാരുടെയും ഓഫിസുകളില്‍ വിശ്രമിച്ചതോടെ തുടര്‍ നടപടികള്‍ ഉണ്ടായില്ല. കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷനും ഉത്തരവിട്ടിരുന്നു. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് നിരവധി നേതാക്കള്‍ കുട്ടിയെ കണ്ട് സഹായവാഗ്ദാനം നല്‍കിയിരുന്നെങ്കിലും പിന്നീട് ഒരു വിവരവും ഇല്ല. സംസ്ഥാന വനിതാ കമീഷന്‍ അധ്യക്ഷ വയനാട്ടുകാരിയായിട്ടും കുട്ടിയെയും കുടുംബത്തെയും മാസങ്ങള്‍ കഴിഞ്ഞിട്ടും സന്ദര്‍ശിക്കാതിരുന്നതില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. മാസത്തില്‍ രണ്ടുതവണ കുട്ടിക്ക് രക്തം മാറ്റിവെക്കണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് രക്തം മാറ്റിവെക്കുന്നത്. ഇതിന് യാത്രാചെലവ് പോലും കണ്ടെത്താനാകാതെ കുട്ടിയുടെ മാതാപിതാക്കള്‍ വിഷമിക്കുകയാണ്. കൂലിപ്പണിയെടുത്താണ് കുടുംബം കഴിയുന്നത്. അതിനിടെ പെണ്‍കുട്ടിയുടെ സഹോദരന്‍ ആറു വയസ്സുകാരന് കൂടി തലാസീമിയ രോഗം പിടിപ്പെട്ട് ചികിത്സ തുടങ്ങി. ഇതോടെ കുടുംബത്തിന്‍െറ സ്ഥിതി കൂടുതല്‍ ദയനീയമായി. |
പാര്‍ക്കില്ല, ലൈബ്രറിയില്ല നഗരസഭക്ക് സ്ഥലവും ഇല്ലാതായി Posted: 21 Sep 2013 12:15 AM PDT കോഴിക്കോട്: നഗരസഭ നല്‍കിയ സ്ഥലത്ത് പണിത കുട്ടികളുടെ പാര്‍ക്കും വായനശാലയും നടത്തിപ്പിലെ അനാസ്ഥകാരണം ഇല്ലാതായി. ചക്കോരത്തുകുളത്തെ റോട്ടറി ചില്‍ഡ്രന്‍സ് പാര്‍ക്കിനാണ് ഈ ഗതി. പാര്‍ക്ക് നന്നാക്കി നാട്ടുകാര്‍ക്ക് ഉപകാരപ്പെടുത്താനോ നഗരസഭയുടെ സ്ഥലം തിരിച്ചെടുക്കാനോ ഇനിയും കഴിഞ്ഞിട്ടില്ല. വാഹനാപകടങ്ങളുടെ പെരുപ്പത്തിനിടയില്‍ ബോധവത്കരണത്തിനും മറ്റുമായി നഗരത്തില്‍ സ്ഥലം കണ്ടെത്താനാകാതെ അധികൃതര്‍ പാടുപെടുമ്പോഴാണ് കോടികള്‍ വിലവരുന്ന കണ്ണായ സ്ഥലം വെറുതെ കിടക്കുന്നത്. ജീര്‍ണാവസ്ഥയിലായ പാര്‍ക്ക് നഗരത്തിന് നാണക്കേടായി മാറിയിരിക്കയാണ്. കോഴിക്കോട്ടെ പ്രധാന റെസിഡന്‍ഷ്യല്‍ മേഖലയായി മാറിയ നടക്കാവിലെ 15 സെന്‍േറാളം വരുന്ന സ്ഥലം പൊതു ഹാളും വിശാലമായ പാര്‍ക്കും മറ്റും സ്ഥാപിച്ച് പുതിയറ എസ്.കെ കേന്ദ്രത്തിന്‍െറ മാതൃകയില്‍ സാംസ്കാരിക കേന്ദ്രമാക്കിമാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. ചക്കോരത്തുകുളത്തെ പഴയ കുളം നിന്നിരുന്ന സ്ഥലമാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് റോട്ടറി ക്ളബിന് നഗരസഭ പാര്‍ക്ക് നടത്താന്‍ കരാറടിസ്ഥാനത്തില്‍ കൈമാറിയത്. കുട്ടികളുടെ ലൈബ്രറിയും പാര്‍ക്കും നല്ലനിലയില്‍ത്തന്നെ സംഘടിപ്പിക്കുകയും ചെയ്തു. പാര്‍ക്കിനകത്ത് വളവും തിരിവുമുള്ള റോഡുകളുടെ മാതൃകയും ട്രാഫിക് സിഗ്നലുകളും സ്ഥാപിച്ചിരുന്നു. കുട്ടികള്‍ക്ക് ചവിട്ടി ഓടിക്കാന്‍ കഴിയുന്ന ടോയ് കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയും ഒരുക്കി. സീസോ, യന്ത്ര ഊഞ്ഞാലുകള്‍ തുടങ്ങിയവയും പുല്‍ത്തകിടിയും അലങ്കാര വിളക്കുകളും സ്ഥാപിച്ചു. പ്രത്യേക ആകൃതിയില്‍ തീര്‍ത്ത കുട്ടികളുടെ ലൈബ്രറിയും ഏറെപ്പേരെ ആകര്‍ഷിച്ചിരുന്നു. ഒഴിവുദിനങ്ങളില്‍ പാര്‍ക്കില്‍ കുട്ടികളുടെ തിരക്കും കൂടിവന്നു. പാര്‍ക്കിന് എതിര്‍വശമായി ഒരുക്കിയ ഹാളില്‍ ക്ളബ് പരിപാടികള്‍ക്കൊപ്പം മറ്റു പൊതുചടങ്ങുകളും അരങ്ങേറി. എന്നാല്‍, അല്‍പകാലത്തിനകംതന്നെ പാര്‍ക്ക് മതിയായ പരിചരണമില്ലാതെ നശിച്ചു. ക്ളബിന്‍െറ പരിപാടികള്‍ക്കുമാത്രം തുറക്കുന്നയിടമായി നഗരസഭയുടെ സ്ഥലത്ത് പണിത പാര്‍ക്ക് മാറി. പൊതുവായ ഹാളുകള്‍ വളരെ കുറവായ നടക്കാവ് മേഖലയിലെ പരിപാടികള്‍ പലതും ചക്കോരത്തുകുളം പാര്‍ക്കിലെ ഹാളില്‍ വന്നതോടെ നടത്തിപ്പുകാര്‍ ഹാളിന് വാടക ഇടാക്കിത്തുടങ്ങി. തിരുവനന്തപുരം ഗോള്‍ഫ് ക്ളബ് സ്ഥലം ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട് വിവാദം കത്തിയപ്പോള്‍ സര്‍ക്കാര്‍ സ്ഥലം നടത്തിപ്പിന് കൊടുത്ത് അന്യാധീനപ്പെട്ടതിന് ഉദാഹരണമെന്ന നിലയില്‍ ചക്കോരത്തുകുളം പാര്‍ക്കും വാര്‍ത്താപ്രാധാന്യം നേടി. ഇടക്ക് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടിയെങ്കിലും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ നഗരസഭക്ക് ഹാജരാക്കാന്‍ പറ്റാത്തതും വിവാദമായിരുന്നു. രാഷ്ട്രീയ കക്ഷികളോടും ഹാള്‍ ഉപയോഗത്തിന് നടത്തിപ്പുകാര്‍ വാടക ഈടാക്കിയതോടെ പ്രശ്നം നഗരസഭാ കൗണ്‍സിലിലും വിവാദമായി. ഇതോടെ പരിപാടികള്‍ക്ക് ഹാള്‍ കൊടുക്കുന്നതുതന്നെ ഇടക്ക് നിര്‍ത്തിവെച്ചു. ഏറ്റവുമൊടുവില്‍ നഗരസഭാ ഭരണസമിതി സ്ഥലം കോര്‍പറേഷന്‍ തന്നെ തിരിച്ചുപിടിക്കണമെന്ന് ഐകകണ്ഠ്യേന തീരുമാനമെടുത്തെങ്കിലും ഒഴിപ്പിച്ചെടുക്കാന്‍ നഗരസഭക്കായില്ല. നഗരസഭാ നടപടികള്‍ക്കെതിരെ സബ്കോടതിയില്‍ നല്‍കിയ പരാതിയില്‍ കോര്‍പറേഷനെതിരെയായിരുന്നു വിധി.ഒഴിപ്പിക്കല്‍ നടപടിക്കുമുമ്പ് മതിയായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതായിരുന്നു കാരണം. ഇതിനെതിരെ കോര്‍പറേഷന്‍ നല്‍കിയ അപ്പീല്‍ നിലവിലുണ്ട്. നഗരസഭയും നടത്തിപ്പുകാരും കൈയൊഴിഞ്ഞതോടെ നഷ്ടം നാട്ടുകാരുടേതായി മാറി. കുട്ടികളുടെ പേരില്‍ ക്ളബ് സ്വന്തമാക്കിയ കോടികള്‍ വിലമതിക്കുന്ന ഭൂമി നഗരസഭ വീണ്ടെടുക്കണമെന്ന ആവശ്യം ശക്തമാണ്. |
യു.എ.ഇ വനിതാ അംബാസഡറും ബാന്‍ കി മൂണും കൂടിക്കാഴ്ച നടത്തി Posted: 20 Sep 2013 11:42 PM PDT അബൂദബി: ഐക്യരാഷ്ട്ര സഭയിലെ യു.എ.ഇയുടെ ആദ്യ വനിതാ അംബാസഡര്‍ ലാനാ നുസൈബാഹും യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും കൂടിക്കാഴ്ച നടത്തി. യു.എന്‍. ആസ്ഥാനത്താണ് കൂടിക്കാഴ്ച നടന്നത്. ലാനാ നുസൈബാഹിന് അത്യുല്‍സാഹ പൂര്‍വമാണ് ന്യൂയോര്‍ക്കിലെ ഓഫിസിലേക്ക് ബാന്‍ കി മൂണ്‍ സ്വാഗതം ചെയ്തത്. യു.എ.ഇയില്‍ വനിതകളുടെ പങ്ക് വര്‍ധിച്ചുവരുന്നതിന്‍െറ തെളിവാണ് ലാനയുടെ നിയമനമെന്ന് ബാന്‍ കി മൂണ്‍ പറഞ്ഞു. യു.എ.ഇയെ ഐക്യരാഷ്ട്ര സഭയില്‍ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലാന പറഞ്ഞു. ഗള്‍ഫ് മേഖലയും ലോക സുരക്ഷയും നേരിടുന്ന പ്രധാന വെല്ലുവിളികള്‍ നേരിടാനുള്ള പരിശ്രമങ്ങളില്‍ മുഴുകണം. നിരായുധീകരണം, മനുഷ്യാവകാശം, സ്ത്രീ ശാക്തീകരണം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു. വിദേശ കാര്യ മന്ത്രാലയത്തില്‍ വിവിധ പദവികള്‍ വഹിച്ച ശേഷമാണ് ലാനാ ഐക്യരാഷ്ട്ര സഭയിലെ യു.എന്‍ പ്രതിനിധി എന്ന നിര്‍ണായക റോള്‍ ഏറ്റെടുത്തത്. യു.എ.ഇയുടെ അംബാസഡര്‍ എന്ന നിലയിലുള്ള അധികാരപത്രം ലാനയില്‍ നിന്ന് ബാന്‍ കി മൂണ്‍ ഏറ്റുവാങ്ങി. പുനരുല്‍പാദിപ്പിക്കാവുന്ന ഊര്‍ജം, മാനുഷിക സഹായങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. സിറിയന്‍ വിഷയവും ചര്‍ച്ച ചെയ്തു. സിറിയന്‍ പ്രശ്നത്തില്‍ യു.എന്നിന് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തു. വിവിധ രാജ്യങ്ങള്‍ തമ്മിലെ സഹകരണം നിര്‍ണായകമായ സമയത്താണ് ലാനയുടെ നിയമനമെന്ന് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തിന് വേണ്ടി യു.എ.ഇ നിര്‍ണായക പ്രവര്‍ത്തനങ്ങളാണ് കാലങ്ങളായി നടത്തിയിരുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ തുടരണം. നിര്‍ണായക വേളയില്‍ ഐക്യരാഷ്ട്രസഭയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. |
ടി.പി വധം: രണ്ടാംഘട്ട അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് മുല്ലപ്പള്ളി Posted: 20 Sep 2013 11:33 PM PDT കൊച്ചി: ടി.പി ചന്ദ്രശേഖര്‍ വധക്കേസിന്റെ രണ്ടാംഘട്ട അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ആര്‍.എം.പിയും ചന്ദ്രശേഖരന്റെ കുടുംബവും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളസമൂഹവും ഇതാണ് ആഗ്രഹിക്കുന്നത്. ദല്‍ഹി സന്ദര്‍ശനവേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. വീണ്ടും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മുല്ലപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. |
മുസഫര്‍നഗര്‍ കലാപം: ഒരു ബി.ജെ.പി എം.എല്‍.എ കൂടി അറസ്റ്റില്‍ Posted: 20 Sep 2013 11:30 PM PDT ന്യൂദല്‍ഹി: മുസഫര്‍നഗറിലെ കലാപവുമായി ബന്ധപ്പെട്ട് മറ്റൊരു ബി.ജെ.പി എം.എല്‍.എ കൂടി അറസ്റ്റിലായി. ബി.ജെ.പി എം.എല്‍.എ സംഗീത് സോം ആണ് ശനിയാഴ്ച അറസ്റ്റിലായത്. അതേസമയം, ബി.ജെ.പി ദേശീയ പ്രസിഡന്റ് രാജ്‌നാഥ് സിങ് മുസഫര്‍നഗര്‍ സന്ദര്‍ശനം മാറ്റിവെച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സന്ദര്‍ശനം ഒഴിവാക്കിയത്. നിരോധാജ്ഞ ലംഘിച്ച് ആളുകളെ സംഘടിപ്പിക്കുകയും പ്രകോപനപരമായി പ്രസംഗിച്ച് കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്തതിന് കഴിഞ്ഞ ദിവസം ബി.ജെ.പി എം.എല്‍.എ സുരേഷ് റാണ അറസ്റ്റിലായിരുന്നു. നിരവധി പേര്‍ മരിക്കുകയും പതിനായിരങ്ങള്‍ അഭയാര്‍ഥികളാക്കപ്പെടുകയും ചെയ്ത സംഭവത്തിലെ പ്രധാന അറസ്റ്റാണ് ബി.ജെ.പി എം.എല്‍.എമാരുടേത്. മീററ്റ് ജില്ലയിലെ സര്‍ധാനയില്‍ നിന്നുള്ള എം.എല്‍.എയാണ് സംഗീത് സോം. അറസ്റ്റിലായ എം.എല്‍.എമാര്‍ ഉള്‍പ്പെടെ 16 നേതാക്കള്‍ക്കെതിരെ മുസഫര്‍നഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ബി.ജെ.പി എം.എല്‍.എ ബര്‍തേന്ദു സിങ്, ബി.എസ്.പിയുടെ എം.പി കാദിര്‍ റാണ, ബി.എസ്.പി എം.എല്‍.എമാരായ ജമീല്‍ അഹ്മദ്, നൂര്‍ സലീം റാണ, കോണ്‍ഗ്രസ് നേതാവ് സഈദുദ്ദീന്‍, ജാട്ട് കര്‍ഷക സംഘടന നേതാവ് നരേഷ് തികായത്ത്, സമാജ്വാദി പാര്‍ട്ടി നേതാവ് റഷീദ് സിദ്ദീഖി തുടങ്ങിയവര്‍ക്കെതിരെയും ജാമ്യമില്ലാ വാറന്റ് നിലവിലുണ്ട്. പാര്‍ട്ടി എം.എല്‍.എമാരെ അറസ്റ്റ് ചെയ്താല്‍ വലിയ പ്രശ്‌നമുണ്ടാകുമെന്ന് യു.പി നിയമസഭക്ക് മുന്നില്‍ പൊലീസിനെ തടയാന്‍ നേതൃത്വം നല്‍കിയ ബി.ജെ.പി നേതാവ് ഉമാഭാരതി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. |
രാസായുധശേഖരം: ആദ്യഘട്ട റിപ്പോര്‍ട്ട് സിറിയ കൈമാറി Posted: 20 Sep 2013 11:29 PM PDT ഡമാസ്കസ്: രാസായുധശേഖരം സംബന്ധിച്ച ആദ്യഘട്ട റിപ്പോര്‍ട്ട് സിറിയന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര നിരീക്ഷണ ഏജന്‍സിയായ ഓര്‍ഗനൈസേഷന്‍ ഓഫ് ദ് പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പന്‍സി (ഒ.പി.സി.ഡബ്ള്യൂ)ന് കൈമാറി. രാസായുധ നിര്‍മാര്‍ജനത്തിനുള്ള യു.എസ് - റഷ്യ ആറിന പദ്ധതിയുടെ ഭാഗമായാണ് സിറിയ വിശദാംശങ്ങള്‍ കൈമാറിയത്. രാസായുധശേഖരത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഏജന്‍സിക്ക് കൈമാറും. സിറിയുടെ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച് വരികയാണെന്ന് ഒ.പി.സി.ഡബ്ള്യൂ വക്താവ് മൈക്കില്‍ ലുഹാന്‍ അറിയിച്ചു. നിരീക്ഷണ ഏജന്‍സിയിലെ സാങ്കേതിക വിദഗ്ധരാണ് റിപ്പോര്‍ട്ട് പരിശോധിക്കുക. സിറിയന്‍ റിപ്പോര്‍ട്ട് ലഭിച്ചതായി ഐക്യരാഷ്ട്രസഭ പ്രതിനിധി സ്ഥിരീകരിച്ചു. റിപ്പോര്‍ട്ടിനെ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചുവരികയാണെന്ന് യു.എസ് സ്റ്റേറ്റ് വക്താവ് മാരി ഹാര്‍ഫ് പറഞ്ഞു. സിറിയയിലെ രാസായുധശേഖരം നശിപ്പിക്കാന്‍ 100 കോടി ഡോളറിന്റെ ചെലവ് വരുമെന്ന് ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. |
എണ്ണ വില ഏകീകരണം: ജി.സി.സി രാജ്യങ്ങള്‍ ചര്‍ച്ചക്ക് Posted: 20 Sep 2013 11:26 PM PDT റിയാദ്: ജി.സി.സി രാജ്യങ്ങളില്‍ എണ്ണ വില ഏകീകരിക്കുന്നത് സംബന്ധിച്ച പഠനത്തില്‍ അടുത്ത നടപടി എടുക്കുന്നതിന് അടുത്ത ചൊവ്വാഴ്ച യോഗം ചേരും. റിയാദിലെ ജി.സി.സി ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടക്കുന്ന 32ാമത് പെട്രോളിയം സഹകരണ സമിതി യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്യുകയെന്ന് ‘അല്‍ഇഖ് തിസാദിയ്യ’ റിപ്പോര്‍ട്ട് ചെയ്തു. എണ്ണ വില ഏകീകരണം നടപ്പായാല്‍ സൗദിയുടെ എണ്ണ ഉപഭോഗത്തിന്‍െറ 30 ശതമാനം സംരക്ഷിക്കാനാകുമെന്ന് എണ്ണ വിശകലന വിദഗ്ധന്‍ റാശിദ് അബ്നാമി പറഞ്ഞു. എണ്ണവില ഏറ്റവും കുറഞ്ഞ സൗദിയില്‍ നിന്ന് അയല്‍ രാജ്യങ്ങളിലേക്ക് എണ്ണ കള്ളക്കടത്ത് നടത്തുകയും അവിടെ കൂടിയ വിലക്ക് വില്‍ക്കുകയും ചെയ്യുന്ന പ്രവണത ഇതുവഴി അവസാനിപ്പിക്കാനാകും. അടുത്ത ആറു വര്‍ഷങ്ങള്‍ക്കകം ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ ഏകീകൃത എണ്ണ വിപണി നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലെ പൊതുഗതാഗത പദ്ധതികള്‍ പൂര്‍ത്തിയായ ശേഷം ഇത് നടപ്പാക്കുന്നതാണ് ഗുണകരം. നിലവില്‍ പൊതുജനം സ്വന്തം വാഹനങ്ങളെയാണ് മുഖ്യമായും യാത്രകള്‍ക്കായി ആശ്രയിക്കുന്നത്. ജി.സി.സി രാജ്യങ്ങളില്‍ സൗദിയിലും ഖത്തറിലുമാണ് പെട്രോളിനും ഡീസലിനും എറ്റവും കുറഞ്ഞ വിലയുള്ളത്. യു.എ.ഇ അന്താരാഷ്ട്ര എണ്ണ വില നിലാവരത്തോടെ അടുത്ത നില്‍ക്കുന്ന രാജ്യമാണ്. ഏകീകൃത എണ്ണ വില വരുന്നതോടെ ചില രാജ്യങ്ങള്‍ വിലവര്‍ധനവിന് സാധ്യതയുണ്ട്. ഇതുവഴി സ്വകാര്യ വാഹനങ്ങളെ ഒഴിവാക്കി ചിലവ് കുറഞ്ഞ പൊതുഗതാഗത സംവിധാനത്തെ ജനങ്ങള്‍ ആശ്രയിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എണ്ണയുല്‍പാദനവുമായി ബന്ധപ്പെട്ട മറ്റു പ്രധാന വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. |
ഒമാനില്‍ മലയാളിയെ പാക് സംഘം തട്ടിക്കൊണ്ടുപോയി Posted: 20 Sep 2013 11:04 PM PDT സോഹാര്‍: മലയാളി യുവാവിനെ പാകിസ്താന്‍ സംഘം തട്ടിക്കൊണ്ടുപോയി. അഞ്ചു ലക്ഷം രൂപ മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് സംഘത്തിന്‍െറ ഭീഷണി. സൊഹാര്‍ സനാഇയയിലെ ‘കിനൂസ് അല്‍ ഫലാജ്’ വര്‍ക്ഷോപ് ജീവനക്കാരനും പാലക്കാട് പുതുക്കോട് കണ്ണമ്പ്ര സ്വദേശിയുമായ മുഹമ്മദ് ഹനീഫയെയാണ് (30) തട്ടിക്കൊണ്ടുപോയി ഒളി സങ്കേതത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ മുഖം മറച്ച പാകിസ്താന്‍ വേഷധാരികള്‍ കാറിലെത്തി ഹനീഫയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒളിസങ്കേതത്തിലെത്തിയ സംഘം ഹനീഫയുടെ മൊബൈല്‍ ഫോണില്‍നിന്ന് വീട്ടുകാരുടെയും ബന്ധുക്കളുടെയും നമ്പറുകള്‍ കൈവശപ്പെടുത്തി അവരോട് ഇന്‍റര്‍നെറ്റ് കോളിലൂടെ മോചനദ്രവ്യമായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഹനീഫയുടെ സൗദിയിലുള്ള അളിയനെ വിളിച്ച് 2000 ഒമാനി റിയാല്‍ മണിക്കൂറുകള്‍ക്കകം സൊഹാര്‍ കെ.എഫ്.സിക്ക് സമീപത്തെ തോട്ടത്തില്‍ എത്തിക്കണമെന്നാണ് ആദ്യം മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് ഹനീഫിന്‍െറ പാലക്കാട്ടെ വീട്ടിലേക്ക് വിളിച്ച് പാകിസ്താനിലെ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ചു ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ ഹനീഫയെ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. തങ്ങളുടെ ഭാഷ വീട്ടുകാര്‍ക്ക് മനസ്സിലാകുന്നില്ലെന്ന് തിരിച്ചറിഞ്ഞ സംഘം ഫോണ്‍ ഹനീഫക്ക് കൈമാറുകയും ബന്ദിയായ വിവരം പറയാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ചപ്പാത്തി ഉണ്ടാക്കി കടകളിലും റൂമുകളിലും കൊണ്ടുപോയി കൊടുക്കുകയും ശേഷിക്കുന്ന സമയം തൊഴിലുടയുടെ പേരിലുള്ള വര്‍ക്ഷോപ്പില്‍ ജോലിയെടുക്കുകയും ചെയ്തിരുന്ന ഹനീഫ സ്വന്തമായി കഫ്റ്റീരിയ തുടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. കഫ്റ്റീരിയ തുടങ്ങുന്നതിനുള്ള തുകയും വര്‍ക് ഷോപ്പിലെ കളക്ഷന്‍ തുകയും എണ്ണി ത്തിട്ടപ്പെടുത്തുന്നത് ശ്രദ്ധയില്‍ പെട്ട് ഹനീഫയുടെ മുറിയില്‍നിന്ന് പണം അപഹരിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ ബന്ദിയാക്കി പണം തട്ടാന്‍ സംഘം വഴി തേടുകയായിരുന്നുവെന്ന് കരുതുന്നു. സനാഇയയിലെ മലയാളി സുഹൃത്തുക്കള്‍ ഹനീഫയുടെ മോചനത്തിന് ശ്രമം നടത്തിവരികയാണ്. ഹനീഫയുടെ സ്പോണ്‍സറും പൊലീസ് ഉദ്യോഗസ്ഥനുമായ അഹ്മദ് അല്‍ ജബ്രി നല്‍കിയ പരാതിയെ തുടര്‍ന്ന് സൊഹാര്‍ പൊലീസ് സൈബര്‍സെല്ലിന്‍െറ സഹായത്തോടെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഘത്തിന്‍െറ ഒളി ത്താവളത്തെ കുറിച്ചുള്ള വിവരമറിയാന്‍ വിദഗ്ധ സംഘത്തിന്‍െറ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും ഹനീഫയെ സുരക്ഷിതമായി മോചിപ്പിക്കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, മോചനദ്രവ്യം ആവശ്യപ്പെട്ട് വീട്ടില്‍ ലഭിച്ച ഭീഷണി സന്ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ ഹനീഫയുടെ ഭാര്യാപിതാവ് അബ്ദുല്‍ അസീസ് വടക്കഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സൊഹാറില്‍ മൂന്ന് വര്‍ഷമായി ജോലി ചെയ്തുവരുന്ന മുഹമ്മദ് ഹനീഫ നാട്ടില്‍ അവധിക്ക് പോയി തിരിച്ചുവന്നിട്ട് ഏഴ് മാസമേ ആയിട്ടുള്ളൂ. |
സാങ്കേതിക സഹകരണം: കിസ്റും ഐ.എ.ഇ.എയും കരാര്‍ ഒപ്പുവെച്ചു Posted: 20 Sep 2013 10:55 PM PDT കുവൈത്ത് സിറ്റി: പരസ്പര സാങ്കേതിക സഹകരണം ലക്ഷ്യമിട്ട് കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍റിഫിക് റിസര്‍ച്ചും (കിസ്ര്‍) അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയും (ഐ.എ.ഇ.എ) അഞ്ച് വര്‍ഷത്തേക്ക് കരാറില്‍ ഒപ്പുവെച്ചു. വിയന്നയില്‍ ഐ.എ.ഇ.എയുടെ 57ാമത് പൊതുസമ്മേനളത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ കിസ്ര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. നാജി അല്‍ മുതൈരിയും ഐ.എ.ഇ.എ ഡെപ്യൂട്ടി ഡയറക്ടര്‍ ക്വാകു അനിങ്ങുമാണ് കരാറില്‍ ഒപ്പുവെച്ചത്. 2014-2019 കാലത്തേക്കാണ് കരാര്‍. നിലവിലുണ്ടായിരുന്ന 2009-2013 കരാര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ കരാറിലെത്തിയത്. വൈദ്യ, വ്യവസായ, പരിസ്ഥിതി മേഖലകളില്‍ ആണവോര്‍ജം ഉപയോഗപ്പെടുത്തുന്നതിനുള്ള സാങ്കേതിക സഹകരണം കൈമാറുകയാണ് കരാറിന്‍െറ കാതല്‍. വൈദ്യ രംഗത്തും എണ്ണ വ്യവസായ മേഖലയിലും കുവൈത്തിന് നേട്ടങ്ങളുണ്ടാക്കാന്‍ കരാര്‍ സഹായകമാവുമെന്ന് ഡോ. നാജി അല്‍ മുതൈരി പറഞ്ഞു. ഭൂഗര്‍ഭ ജല ഗവേഷണവും കരാറിന്‍െറ പരിധിയില്‍ വരുന്നുണ്ട്. കുവൈത്തില്‍ തുടങ്ങാനുദ്ദേശിക്കുന്ന ആണവോര്‍ജ ഗവേഷണ കേന്ദ്രത്തിനും ആണവോര്‍ജ ഡാറ്റാ കേന്ദ്രത്തിനും കരാര്‍ ഗുണം ചെയ്യുമെന്നും കിസ്ര്‍ വക്താവ് ഡോ. നാദിര്‍ അല്‍ അവദി അഭിപ്രായപ്പെട്ടു. കുവൈത്തില്‍ സൗരോര്‍ജ പ്ളാന്‍റ് വരുന്നു കുവൈത്ത് സിറ്റി: ഭൂഗര്‍ഭ ഇന്ധന സ്രോതസ്സുകളെ അമിതമായി ആശ്രയിക്കുന്ന കുവൈത്ത് മറ്റു ഊര്‍ജ സ്രോതസ്സുകള്‍ തേടുന്നു. സൗരോജം ഉപയോഗപ്പെടുത്തുന്നതിനുള്ള പുതിയ പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നത്. കബദിന്‍െറ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള അല്‍ അബ്ദലിയയില്‍ 280 മെഗാവാട്ട് ശേഷിയുള്ള പ്ളാന്‍റാണ് സ്ഥാപിക്കുന്നത്. 926.75 മില്യന്‍ ദീനാറാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറില്‍ ധനമന്ത്രാലയത്തിന് കീഴിലുള്ള ടെക്നിക്കല്‍ ഓഫീസ് ഫോര്‍ എക്സാമിനിങ് ഡെവലപ്മെന്‍റ് പ്രൊജക്റ്റ്സ് ആന്‍റ് ഇനീഷ്യേറ്റീവ്സും എച്ച്.എസ്.ബി.സിയും തമ്മില്‍ ഒപ്പുവെച്ചു. ഇതിന്‍െറ സാധ്യതാ പഠനം പൂര്‍ത്തിയാവുന്നതോടെ ജല, വൈദ്യൂത വകുപ്പിന്‍െറ സഹകരണത്തോടെ പദ്ധതി നിര്‍മാണത്തിനുള്ള ടെണ്ടര്‍ ക്ഷണിക്കും. രാജ്യത്ത് ലഭിക്കുന്ന പ്രകൃതി വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിടുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. |
നെടുമ്പാശേരിയില്‍ എമര്‍ജന്‍സി സെല്‍ രൂപീകരിച്ചു Posted: 20 Sep 2013 09:59 PM PDT കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ എമര്‍ജന്‍സി സെല്‍ രൂപീകരിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ട് തുറന്നുവിടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. റണ്‍വേയില്‍ വെള്ളം കയറിയാല്‍ നീക്കം ചെയ്യാനുള്ള യന്ത്രസാമഗ്രികള്‍ വിമാനത്താവളത്തില്‍ എത്തിച്ചതായും വിമാനത്താവള അധികൃതര്‍ അറിയിച്ചു. ദുരന്തനിവാരണസേനയുടെ സേവനം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍കോണത്ത് നിന്ന് കൊച്ചിയിലത്തെുന്ന ദുരന്തനിവാരണസേനയുടെ ഒരു കമ്പനി ഇടുക്കിയിലേക്ക് പോകും. എല്ലാ മുന്‍കരുതല്‍ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും റവന്യൂമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ഇടമലയാര്‍ അണക്കെട്ട് തുറന്നുവിട്ടതോടെ ആലുവാ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇടുക്കി അണക്കെട്ട് തുറന്നുവിടുന്നതോടെ ആലുവ പ്രദേശത്ത് ജലനിരപ്പ് വീണ്ടും ഉയരും. ടാക്സിവേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി വിമാന സര്‍വീസുകള്‍ നേരത്തെ റദ്ദാക്കിയിരുന്നു. വെള്ളം ഒഴുകിയത്തൊന്‍ സാധ്യതയുള്ള ഇടുക്കി, എറണാകുളം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. |
No comments:
Post a Comment