നെഞ്ചിടിപ്പേറ്റിയ അഞ്ച് ദിനങ്ങള്‍ Posted: 24 Sep 2013 12:26 AM PDT മസ്കത്ത്: ശരീരത്തിലും മനസ്സിലും ഏറെ മുറിപ്പാടുകളുമായാണ് പാലക്കാട് പുതുക്കോട് കണ്ണമ്പ്ര സ്വദേശി മുഹമ്മദ് ഹനീഫ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. മോചിതനായതിന്‍െറ സന്തോഷം പങ്കുവെക്കുമ്പോഴും, ഒരു ദുഃസ്വപ്നം പോലെ കടന്നുവന്ന അനുഭവങ്ങളില്‍നിന്ന് മുക്തനാവാന്‍ ഹനീഫക്ക് സാധിച്ചിട്ടില്ല. ബുധനാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ഈ മുപ്പതുകാരന്‍ അനുഭവിച്ച പീഡനങ്ങളും ദുരിതങ്ങളും ഏറെയാണ്. ബുധനാഴ്ച ഉച്ചക്കാണ് ഹനീഫയെ നാലംഗ പാക് സംഘം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയത്. രാത്രി റൂമില്‍ വരാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്നും പിറ്റേന്ന് രാവിലെയും അന്വേഷിച്ചെങ്കിലും ഒന്നും അറിയാന്‍ കഴിഞ്ഞില്ല. അതിനിടെയാണ് ഹനീഫയെ തട്ടിക്കൊണ്ടുപോയതാണെന്നും അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് പാലക്കാട്ടെ വീട്ടിലേക്കും സൗദിയിലെ ബന്ധുക്കള്‍ക്കും ഭീഷണി കോളുകള്‍ ലഭിക്കുന്നുണ്ടെന്നും ഇവര്‍ നാട്ടില്‍നിന്ന് അറിഞ്ഞത്. തുടര്‍ന്ന് സ്പോണ്‍സറെ വിവരമറിയിക്കുകയും അദ്ദേഹം ഉച്ചയോടെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയില്‍ സൊഹാര്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. തുടര്‍ന്ന് റോയല്‍ ഒമാന്‍ പൊലീസിന്‍െറ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ സ്പെഷല്‍ വിങ് അന്വേഷണം ഏറ്റെടുത്തു. അന്വേഷണ സംഘം പ്രത്യേക പരിശീലനം സിദ്ധിച്ച ദ്രുതകര്‍മ സേനയുടെ സഹായം തേടുകയും ചെയ്തു. നാല് ഗ്രൂപ്പുകളായി തിരിഞ്ഞാണ് സംഘം അന്വേഷണം തുടങ്ങിയത്. ഓരോ ഗ്രൂപ്പിനും ഓരോ മേജര്‍മാര്‍ നേതൃത്വം നല്‍കി. അന്വേഷണത്തിന്‍െറ തുടക്കത്തില്‍ തന്നെ ഗശ്ബയെ സംഘം നിരീക്ഷണ കേന്ദ്രമാക്കി. പ്രദേശത്തെ തോട്ടങ്ങളിലായിരിക്കാം അക്രമികള്‍ തമ്പടിച്ചിരിക്കുന്നതെന്നും അന്വേഷണസംഘം സംശയിച്ചിരുന്നു. ഞായറാഴ്ച രാത്രി പാക് സംഘം ഹനീഫയുടെ സഹോദരന്‍ അബ്ദുല്‍ ഹക്കീമിന്‍െറ ഫോണിലേക്ക് വിളിച്ച കോളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഈ കോളിന്‍െറ ഉത്ഭവസ്ഥാനം സാറ്റലൈറ്റ് സംവിധാനം വഴി അന്വേഷണ സംഘം മനസ്സിലാക്കി. ഗശ്ബയിലെ ഈന്തപ്പനത്തോട്ടത്തില്‍നിന്നാണ് കോള്‍ ചെയ്തവരുള്ളതെന്ന് തിരിച്ചറിഞ്ഞ സംഘം തിങ്കളാഴ്ച പുലര്‍ച്ചെ തോട്ടം വളഞ്ഞ് നടത്തിയ ഓപറേഷനിലൂടെയാണ് ഹനീഫയെ മോചിതനാക്കിയത്. |
മാള്‍ ആക്രമണത്തിന് പിന്നില്‍ അല്‍ ഖാഇദയെന്ന് കെനിയന്‍ മന്ത്രി Posted: 23 Sep 2013 11:30 PM PDT നൈറോബി: കെനിയയിലെ വെസ്റ്റ് ഗേറ്റ് ഷോപ്പിങ് മാളിലെ ആക്രമണത്തിന് പിന്നില്‍ അല്‍ ഖാഇദയാണെന്ന് കെനിയന്‍ വിദേശകാര്യ മന്ത്രി ആമിന മുഹമ്മദ്. ഒറ്റക്ക് ആക്രമണം നടത്താന്‍ സോമാലിയ ആസ്ഥാനമായ അല്‍ ഷബാബ് ഗ്രൂപ്പിന് സാധിക്കില്ല. മാളിലെ ആക്രമണം ആഗോള ഭീകരവാദത്തിന്റെ ഭാഗമായാണ് നടന്നത്. ഒരു വനിത അടക്കം 20 ആയുധധാരികളാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നും ആമിന വ്യക്തമാക്കി. നേരത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ ഷബാബ് ഏറ്റെടുത്തിരുന്നു. 2012 ഫെബ്രുവരിയില്‍ ഇരുസംഘടനകളും പരസ്പരം സഹകരിക്കുന്നതായി അല്‍ ഖാഇദയും അല്‍ ഷബാബും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഒരു ചാനല്‍ അഭിമുഖത്തില്‍ സഹകരണം സംബന്ധിച്ച് അല്‍ ഷബാബ് കമാന്‍ഡര്‍ അബു ഉമര്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇതാണ് ആക്രമണത്തിന് പിന്നില്‍ അല്‍ ഖാഇദയാണെന്ന സ്ഥിരീകണത്തില്‍ കെനിയന്‍ സര്‍ക്കാറിനെ എത്തിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ആയുധധാരികള്‍ നൈറോബിയിലെ ഷോപ്പിങ് മാളിലേക്ക് ഇരച്ചുകയറി തുരുതുരാ വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്‍ 69 പേര്‍ കൊല്ലപ്പെടുകയും 170 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. |
റേറ്റിങ് കുറച്ചത് ബാങ്കിങ് ഓഹരികള്‍ക്ക് തിരിച്ചടിയായി Posted: 23 Sep 2013 10:00 PM PDT മുംബൈ: ബാങ്കിങ് ഓഹരികളില്‍ ഉണ്ടായ ഇടിവ് ഓഹരി വിപണിക്ക് തിരിച്ചടിയായി. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ ബോംബെ സൂചിക സെന്‍സെക്സ് 118.18 പോയന്‍റ് ഇടിഞ്ഞ് 19,782.78ല്‍ എത്തി. 0.59 ശതമാനം ഇടിവാണിത്. ദേശീയ സൂചിക നിഫ്റ്റി 34.75 പോയന്‍റ് താഴ്ന്ന് 5,855.00 ലാണ് വ്യാപാരം. അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സി രാജ്യത്തെ മൂന്ന് പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളുടെ റേറ്റിങ് കുറച്ചതാണ് ബാങ്കിങ് ഓഹരികള്‍ക്ക് തിരിച്ചടിയായത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ), ബാങ്ക് ഓഫ് ബറോഡ (ബി.ഒ.ബി), പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി ) എന്നിവയുടെ റേറ്റിങ്ങാണ് കുറച്ചത്. എസ്.ബി.ഐ ഓഹരികള്‍ 1.48 പോയന്‍റും ബി.ഒ.ബി ഓഹരികള്‍ 2.35 പോയന്‍റും പി.എന്‍.ബി ഓഹരികള്‍ 2.59 പോയന്‍റുമാണ് ഇടിഞ്ഞത്. കൂടാതെ ഐ.സി.ഐ.സി.ഐ ബാങ്ക് (0.64), എച്ച്.ഡി.എഫ്.സി ബാങ്ക് (1.03), യെസ് ബാങ്ക് (1.73) പോയന്‍റും താഴ്ന്ന് നഷ്ടത്തിലാണ് ഓഹരികള്‍ വിറ്റഴിക്കുന്നത്. അതേസമയം, ഡോളറിനെതിരെ രൂപയുടെ മൂല്യം 23 പൈസ താഴ്ന്നു. 62.83 രൂപയാണ് ഡോളറിന്‍െറ ചൊവ്വാഴ്ചത്തെ വില. അമേരിക്കന്‍ ഡോളറിന് ആവശ്യക്കാര്‍ ഏറിയതാണ് രൂപക്ക് തിരിച്ചടിയായത്. സെന്‍സെക്സ്, നിഫ്റ്റി, ഡോളര്‍, രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ), ബാങ്ക് ഓഫ് ബറോഡ (ബി.ഒ.ബി), പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി ) |
ആണവ പദ്ധതി: യു.എന്‍ സമ്മേളനത്തിനിടെ ഇറാനുമായി ചര്‍ച്ച Posted: 23 Sep 2013 10:00 PM PDT ടെഹ്‌റാന്‍: യു.എന്‍ സമ്മേളനത്തിനിടെ ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് ഷരീഫുമായി ആണവ പദ്ധതി സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന് സ്ഥിരീകരണം. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിക്കിടെ നടക്കുന്ന ചര്‍ച്ചയില്‍ അമേരിക്ക, ബ്രിട്ടണ്‍, ചൈന, റഷ്യ, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കും. കൂടിക്കാഴ്ച സംബന്ധിച്ച വാര്‍ത്ത യൂറോപ്യന്‍ യൂണിയന്‍ വിദേശനയം മേധാവി കാതറിന്‍ ആഷ്ടന്‍ സ്ഥിരീകരിച്ചു. ചര്‍ച്ചയില്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അമേരിക്കയെ പ്രതിനിധീകരിക്കും. ആറു വര്‍ഷത്തിനിടെ ആദ്യമായാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയും ഇറാന്‍ വിദേശകാര്യമന്ത്രിയും കൂടിക്കാഴ്ച നടത്തുന്നത്. 2007 മേയില്‍ മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസും മുന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി മനൗച്ചര്‍ മൊട്ടാകിയും തമ്മില്‍ ഈജിപ്റ്റിലെ ഷാം അല്‍ ഷെയ്ഖ് റിസോര്‍ട്ടില്‍ നടത്തിയ കൂടിക്കാഴ്ചയായിരുന്നു അവസാനം നടന്നത്. ഇറാന്റെ ആണവ പരിപാടി സംബന്ധിച്ച് ലോക രാജ്യങ്ങളുമായി ചര്‍ച്ചക്ക് തയാറാണെന്ന് പുതിയ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രഖ്യാപിച്ചിരുന്നു. ഇതാണ് യു.എന്നിന്റെ മേല്‍നോട്ടത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചത്. |
പച്ചയുടെ വര്‍ണപ്പട്ട് പുതച്ചു സൗദി 83ാം പിറന്നാള്‍ കൊണ്ടാടി Posted: 23 Sep 2013 09:53 PM PDT റിയാദ്: അഭൂതമായ ആഘോഷപ്പൊലിമയുടെ ഹരിതാഭയില്‍ സൗദി അറേബ്യ 83ാം പിറന്നാള്‍ കൊണ്ടാടി. നിറവിന്‍െറ പച്ചയില്‍ മണ്ണും വിണ്ണും മനസ്സും നിറഞ്ഞു മിന്നിയ ദേശീയദിനം പെരുന്നാളിന് തുല്യം നിന്ന ആഘോഷപരിപാടികളാല്‍ പുലരി മുതല്‍ പാതിരാത്രി വരെ സജീവമായി. മുന്‍വര്‍ഷങ്ങളേക്കാള്‍ വ്യവസ്ഥാപിതമായാണ് ഇത്തവണ ഭരണകൂടവും ജനങ്ങളും ഈ ദിനത്തെ വരവേറ്റത്. വിപുലമായ ആഘോഷപരിപാടികള്‍ രാജ്യമെങ്ങുമൊരുക്കി. രണ്ടു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യമേഖലക്ക് അവധി നിര്‍ബന്ധമാക്കിയിരുന്നില്ലെങ്കിലും രാഷ്ട്രത്തോടുള്ള ആദരസൂചകമായി പല കമ്പനികളും സ്ഥാപനങ്ങളും അവധി നല്‍കി. രാജ്യം മുഴുവന്‍ കമനീയമായി അലങ്കരിക്കപ്പെട്ടു. നിരത്തുകളും കെട്ടിടങ്ങളും മരങ്ങളും സ്തൂപങ്ങളും പതാകകളും തോരണങ്ങളും വൈദ്യുത ദീപാലങ്കാരങ്ങളും കൊണ്ടുനിറഞ്ഞു. ദേശീയ പതാക ശിരസ്സിലേന്തിയും ദേശീയചിഹ്നം നെഞ്ചില്‍ പതിച്ചും പച്ച വസ്ത്രമണിഞ്ഞും ജനങ്ങള്‍ രാഷ്ട്രത്തിന്‍െറ പിറന്നാളോര്‍മയെ ദിനം മുഴുവന്‍ കൊണ്ടുനടന്നപ്പോള്‍ അറബ് ദേശീയതയുടെ ശക്തിയും സൗന്ദര്യവും കൂടുതല്‍ പ്രകടമായി. ചെറിയ നാട്ടുരാജ്യങ്ങളായി ചിതറിയിരുന്ന അറേബ്യയെ ഏകീകരിച്ച അബ്ദുല്‍അസീസ് രാജാവ് ജന്മം കൊടുത്ത സൗദി അറേബ്യയുടെ പടിപടിയായുള്ള പുരോഗതിയുടെ നിദര്‍ശനമാകുകയാണ് ഓരോ വര്‍ഷം പിന്നിടുമ്പോഴും കൂടുതല്‍ വ്യവസ്ഥാപിതമായി തീരുന്ന ദേശീയദിനാചരണം. നേതൃസ്ഥിരതയില്‍ അതിവേഗം പുരോഗതി പ്രാപിച്ച രാജ്യം സ്വന്തം ജനങ്ങള്‍ക്കൊപ്പം ഇതര രാജ്യക്കാരേയും പരിഗണിക്കുകയും യഥാര്‍ഥ ഉടമസ്ഥനായ അല്ലാഹുവിന്‍െറ അനുഗ്രഹത്താല്‍ ജനക്ഷേമമെന്ന പ്രഥമവും പ്രധാനവുമായ ദൗത്യനിര്‍വഹണ വഴിയില്‍ വിജയകരമായി മുന്നേറുകയാണെന്നും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് ദേശീയദിന സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്തിന്‍െറ വിഭവശേഷിയും ശക്തിയും സമ്പത്തുമെല്ലാം ഉത്തരവാദിത്തത്തോടും അര്‍പ്പണബോധത്തോടും രാജ്യത്തിന്‍േറയും ജനങ്ങളുടേയും ക്ഷേമപുരോഗതിക്ക് പ്രയോജനപ്പെടുത്തുമ്പോള്‍ ഈ നാട്ടില്‍ ജീവിതം തേടിയെത്തിയ വിദേശികളേയും പരിഗണിച്ചു. ഇന്ന് സൗദി അറേബ്യന്‍ ജനത ഏറെ ആത്മവിശ്വാസമുള്ളവരും സുരക്ഷയും ശാന്തിയും സ്ഥിരതയും വികസനവും അനുഭവിക്കുന്നവരാണ്. വിദേശികളും സമാനമായ സുഖവും സംതൃപ്തിയും അനുഭവിക്കുന്നു. സ്ഥാപകന്‍ അബ്ദുല്‍അസീസ് രാജാവ് മുതല്‍ അബ്ദുല്ല രാജാവ് വരെ ഉയര്‍ന്ന മൂല്യങ്ങളാല്‍ ഉറപ്പും സ്ഥിരതയും ആര്‍ജിച്ച നേതൃത്വമാണ് ഈ രാഷ്ട്രപുരോഗതി സാധ്യമാക്കിയത്. രാജ്യത്തെ മുഴുവന്‍ നഗരങ്ങളിലും വിപുലമായ ആഘോഷപരിപാടികളാണുണ്ടായിരുന്നത്. തലസ്ഥാന നഗരിയില്‍ വൈകീട്ട് ആറ് മുതല്‍ രാത്രി 12വരെ വിവിധ ഭാഗങ്ങളിലായി വിവിധ കലാപരിപാടികള്‍ അരങ്ങേറി. ദരിയ പൈതൃകനഗരത്തിലും ബത്ഹയിലെ നാഷനല്‍ മ്യൂസിയം പാര്‍ക്കിലും സാധാരണ പെരുന്നാളാഘോഷങ്ങള്‍ നടക്കാറുള്ള മറ്റ് കേന്ദ്രങ്ങളിലും റിയാദ് മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ കുടുംബങ്ങള്‍ക്കായി ആസ്വാദ്യകരമായ കലാവിരുന്നുകളും ചെറുപ്പക്കാര്‍ക്കായി വിവിധയിനം കളികളും കായികാഭ്യാസങ്ങളും പൊതുജനങ്ങള്‍ക്കുവേണ്ടി ദേശീയഗാനാലാപന പരിപാടികളും ഒരുക്കിയിരുന്നു. എല്ലായിടത്തും പരിപാടികള്‍ ആസ്വദിക്കാനെത്തിയ ജനങ്ങളുടെ നല്ല തിരക്ക് അനുഭവപ്പെട്ടു. റിയാദ് നഗരത്തിലെ അഞ്ച് സ്ഥലങ്ങളില്‍ കരിമരുന്നു പ്രയോഗവുമുണ്ടായിരുന്നു. ജിദ്ദ കോര്‍ണിഷില്‍ യുവാക്കള്‍ ആഘോഷം കെങ്കേമമാക്കി. റിയാദ് നഗരം അലങ്കരിക്കാന്‍ റിയാദ് മുനിസിപ്പാലിറ്റി 7000 ദേശീയ പതാകകളാണ് കെട്ടിയത്. ദേശീയദിനം പ്രമാണിച്ച് തിങ്കളാഴ്ച മുഴുവന്‍ സമയവും റിയാദിലെ നാഷണല്‍ മ്യൂസിയം പൊതജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാക്കി. ദീറയിലെ മസ്മക് കൊട്ടാരത്തില്‍ സൗദി അറബ്യേയുടെ ഏകീകരണ ചിത്രത്തിലേക്ക് വെളിച്ചം വീശുന്ന ‘യൂനിഫിക്കേഷന്‍’ എന്ന ഹ്രസ്വസിനിമയുടെ പ്രദര്‍ശനം ദിവസ മുഴുവന്‍ നടത്തി. അല്‍ഖര്‍ജില്‍ മുനിസിപ്പാലിറ്റി കിങ് അബ്ദുല്‍ അസീസ് കൊട്ടാരം കേന്ദ്രീകരിച്ച് സാംസ്കാരിക, ചരിത്ര പ്രദര്‍ശനങ്ങളും വിവിധ കലാപരിപാടികളുമാണ് ഒരുക്കിയത്. കിഴക്കന്‍ പ്രവിശ്യയിലെ അല്‍അഹ്സയില്‍ സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍റ് ആന്‍റിക്വിറ്റീസ് നാടന്‍ കലാരൂപങ്ങളുടേയും കരകൗശല വസ്തുക്കളുടേയും പ്രദര്‍ശനവും കവിയരങ്ങും ഭക്ഷ്യമേളയും വിവിധയിനം മത്സരങ്ങളും നടത്തി. സൗദി എയര്‍ലൈന്‍സ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് ആയിരക്കണക്കിന് സൗദി ദേശീയ പതാകകളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. ലോകത്തിന്‍െറ നാനാദിക്കുകളില്‍ നിന്നെത്തിയവര്‍ക്ക് തൊഴിലും ജീവിതവും നല്‍കിയ രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ കിട്ടിയ അവസരത്തില്‍ രാജ്യത്തുള്ള ലക്ഷക്കണക്കിന് വിദേശികളും ആഘോഷ പരിപാടികളില്‍ പങ്കെടുക്കുകയും ആശംസകള്‍ പങ്കുവെക്കുകയും ചെയ്തു. സൗദി ദേശീയദിനത്തോടുള്ള ആദരസൂചകമായി പ്രമുഖ ബ്രൗസിങ് സൈറ്റായ ഗൂഗിള്‍ സൗദിദേശീയ ചിഹ്നങ്ങളും പ്രധാന ഭൂമിശാസ്ത്രപരമായ അടയാളങ്ങളും ഉള്‍പ്പെടുത്തി ഡൂഡില്‍ ഒരുക്കിയിരുന്നു. അല്‍ഖോബാറിലും ആഘോഷം അല്‍ഖോബാര്‍: സൗദി ദേശീയ ദിനം അല്‍ഖോബാറില്‍ അത്യാഹ്ളാദപൂര്‍വം കൊണ്ടാടി. അനുകൂലമായ കാലാവസ്ഥ ദേശീയദിനത്തില്‍ സ്വദേശി കുടുംബങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി. വാഹനങ്ങളില്‍ ദേശീയ പതാകയേന്തി റോഡുകള്‍ നിറഞ്ഞ വാഹനങ്ങള്‍ കൊണ്ട് പ്രധാന വീഥികളെല്ലാം നിറഞ്ഞു. സ്വദേശി കുട്ടികള്‍ പച്ചയണിഞ്ഞും ചായം തേച്ചും ദേശീയദിനം പരമാവധി ആഘോഷിച്ചു. ഖോബാര്‍ കോര്‍ണിഷില്‍ തിങ്കളാഴ്ച രാത്രി നിറഞ്ഞുകവിഞ്ഞിരുന്നു. നൃത്തം ചെയ്തും വാഹനങ്ങളില്‍ ഹോണടിച്ചും സ്വദേശി യുവാക്കള്‍ തങ്ങളുടെ ആഹ്ളാദം പ്രകടിപ്പിച്ചു. ദേശീയ ദിനത്തോടനുബന്ധിച്ച് മിക്ക കടകളിലും പതാകയും തോരണങ്ങളും വില്‍പനക്കു വെച്ച പ്രത്യേക കൗണ്ടറുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഏതാനും വര്‍ഷം മുമ്പ് ദേശീയ ദിനത്തോടനുബന്ധിച്ച് അല്‍ഖോബാറിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ നഗരങ്ങളില്‍ കനത്ത ജാഗ്രത ഏര്‍പ്പെടുത്തിയിരുന്നു. |
പാമോലിന്‍ കേസ്: ഉദ്യോഗസ്ഥരെ മാത്രം ഒഴിവാക്കാനാവില്ലെന്ന് നിയമോപദേശം Posted: 23 Sep 2013 09:30 PM PDT തിരുവനന്തപുരം: പാമോലിന്‍ കേസില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാത്രം ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് വിജിലന്‍സിന് നിയമോപദേശം. എന്നാല്‍, കേസ് പിന്‍വലിക്കാന്‍ ഹൈകോടതിയില്‍ അപേക്ഷിക്കാവുന്നതാണെന്നും നിയമോപദേശത്തില്‍ പറയുന്നതായും റിപ്പോര്‍ട്ട്. അഞ്ചാം പ്രതിയും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മുന്‍ എം.ഡിയുമായ ജിജി തോംസണെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നേരത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ ഒന്നാം പ്രതിയായിരുന്ന കേസില്‍നിന്ന് അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ ഹൈകോടതി ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് കേസിലെ രണ്ടാം പ്രതിയും മുന്‍ ഭക്ഷ്യമന്ത്രിയുമായ ടി.എച്ച്. മുസ്തഫയും ജിജി തോംസണും നല്‍കിയ വിടുതല്‍ ഹരജികള്‍ വിജിലന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. പാമോലിന്‍ ഇടപാടില്‍ മന്ത്രിസഭാ തീരുമാനമനുസരിച്ച് നടപടികളെടുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും അതിനാല്‍ കുറ്റക്കാരല്ലെന്നുമാണ് ജിജി തോംസണ്‍ ഉള്‍പ്പെടെയുള്ളവരുടെ വാദം. |
അമേരിക്കയുമായി സൈനിക സഹകരണം ശക്തമാക്കും -ഹമദ് രാജാവ് Posted: 23 Sep 2013 08:53 PM PDT മനാമ: അമേരിക്കയുമായി സൈനിക മേഖലയില്‍ സഹകരണം ശക്തമാക്കുമെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തന്നെ സന്ദര്‍ശിക്കാനെത്തിയ അമേരിക്കന്‍ സെന്‍ട്രല്‍ സേനാ കമാണ്ടര്‍ ജനറല്‍ ലോയ്ഡ് ഓസ്റ്റനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുമായി ശക്തമായ സൗഹൃദവും വിവിധ മേഖലകളില്‍ സഹകരണവും തുടര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യമാണ് ബഹ്റൈനെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, അതോടൊപ്പം സൈനിക-പ്രതിരോധ മേഖലകളില്‍ കൂടുതല്‍ ശക്തമായ സഹകരണമാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തുകയും അവ പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട ഉപായങ്ങളെക്കുറിച്ച് ആരായുകയും ചെയ്തു. അറബ് മേഖലയില്‍ സുരക്ഷയും സമാധാനവും ഊട്ടിയുറപ്പിക്കേണ്ടത് അനിവാര്യമാണെന്ന് രണ്ട് പേരും ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അമേരിക്കക്ക് കൂടുതല്‍ ദൗത്യം നിര്‍വഹിക്കാനാകുമെന്നാണ് ബഹ്റൈന്‍ പ്രതീക്ഷിക്കുന്നതെന്നും രാജാവ് കൂട്ടിച്ചേര്‍ത്തു. |
കശ്മീരിന്‍െറ പ്രശ്നം Posted: 23 Sep 2013 08:50 PM PDT സംഗീതപരിപാടി അവതരിപ്പിക്കാന്‍ ശ്രീനഗറിലേക്ക് പോകുന്നതിനുമുമ്പ് സുബിന്‍ മത്തേ പറഞ്ഞു: ‘ഒരു തരത്തിലുള്ള അക്രമവുമുണ്ടാകില്ല.’ ലോകം കശ്മീരിനെ നോക്കിയിരിക്കയാണെന്ന് സംഗീതപരിപാടിക്ക് ആശംസയര്‍പ്പിച്ച ജര്‍മന്‍ അംബാസഡര്‍ മൈക്കല്‍ സ്റ്റെയ്നര്‍ പറഞ്ഞു. രണ്ടു നിരീക്ഷണങ്ങളിലും സത്യമുണ്ട്. സംഗീതപരിപാടിയുടെ വിജയം തെളിയിക്കുന്നതും അതാണ്. ഒരു സന്ദേശം പകരാന്‍ ന്യൂദല്‍ഹിക്കായെങ്കില്‍, ഹുര്‍റിയത്ത് നേതാക്കള്‍ക്ക് സ്വയം പഴിക്കുക മാത്രമാണ് വഴി. വിഘടനവാദികള്‍ എന്നറിയപ്പെടുന്ന അവര്‍ ബഹിഷ്കരണം പ്രഖ്യാപിച്ച് സംഗീതപരിപാടിയെ ഒരു കാരണവുമില്ലാതെ പ്രശ്നവിഷയമാക്കുകയായിരുന്നു. അവര്‍ അവഗണിച്ചിരുന്നെങ്കില്‍ പരിപാടി കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്നു. ഇത് ആദ്യത്തെ പരിപാടിയൊന്നുമായിരുന്നില്ല. അന്തരിച്ച ജഗ്ജിത് സിങ് ശ്രീനഗറിന്‍െറ ഹൃദയത്തില്‍ ഗസല്‍നാദം പൊഴിച്ചിരുന്നു. അടുത്തദിവസമാണ് പാകിസ്താനില്‍നിന്നുള്ള ഒരു ഗായകസംഘം ശ്രീനഗറില്‍ പരിപാടി അവതരിപ്പിച്ചത്. പതിവ് കാര്യം മാത്രമായി ഇതിനെ കാണാനുള്ള വിവേകം ന്യൂദല്‍ഹി കാണിച്ചു. ഗായകര്‍ക്ക് വിസയും അനുവദിച്ചു. ആരും അതത്ര ശ്രദ്ധിച്ചില്ല. മാധ്യമങ്ങളും കാര്യമാക്കിയില്ല. ആസാദി (സ്വാതന്ത്ര്യം) എന്ന ആവശ്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പത്തിലുള്ള ഹുര്‍റിയത്ത് പാകിസ്താന്‍ സംഘത്തിനെതിരെ പ്രതിഷേധമൊന്നും ഉയര്‍ത്തിയില്ല. പാകിസ്താനോടുള്ള ഹുര്‍റിയത്തിന്‍െറ ചായ്വിന് ഇത് അടിവരയിടുന്നു. ഹുര്‍റിയത്ത് തന്നെ ഭിന്നിപ്പിലാണ്. സയ്യിദ് അലീഷാ ഗീലാനിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം സംസ്ഥാനത്തെ പാകിസ്താനോട് ചേര്‍ക്കണമെന്ന് ആവശ്യപ്പെടുന്നു. യാസീന്‍ മാലിക്കിന്‍െറ നേതൃത്വത്തിലുള്ള മറു സംഘമാകട്ടെ, സ്വാതന്ത്ര്യം ആവശ്യപ്പെടുന്നവരാണ്. ആകെ ആശയക്കുഴപ്പത്തിലായവരും കൂട്ടത്തിലുണ്ട്. കുറച്ചുകാലം മുമ്പ്, ഇന്ത്യയോട് അന്യതാബോധത്തില്‍ കഴിയുന്ന മിക്ക കശ്മീരികളും പാകിസ്താനുമായി കൂടിച്ചേരുന്നതിനെ അനുകൂലിച്ച സമയത്ത്, ഒരു ഹിതപരിശോധന നടന്നിരുന്നെങ്കില്‍ കശ്മീരികള്‍ പാകിസ്താനുവേണ്ടി വോട്ട് ചെയ്യുമായിരുന്നു. ഇന്ന്, നല്ളൊരു ഭാഗം കശ്മീരികളും ആവശ്യപ്പെടുന്നത് സ്വാതന്ത്ര്യമാണ്. പാകിസ്താന്‍ വാദത്തില്‍നിന്ന് മാറ്റി അവരെ സ്വാതന്ത്ര്യമെന്ന ആവശ്യത്തിലേക്ക് ഒരുമിപ്പിക്കാന്‍ യാസീന്‍ മാലിക്കിന് കഴിഞ്ഞു. അതേസമയം, ആസാദി എന്നത് ആശയപരം മാത്രമാണെന്നും പ്രായോഗികമായ കാര്യമല്ളെന്നുമുള്ള യാഥാര്‍ഥ്യം ഹുര്‍റിയത്ത് നേതാക്കള്‍ തിരിച്ചറിയുന്നില്ല. 1947 ആഗസ്റ്റില്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടപ്പോള്‍, സ്വതന്ത്രമായി നില്‍ക്കാനുള്ള അവസരം നാട്ടുരാജ്യങ്ങള്‍ക്ക് നല്‍കി. പാകിസ്താനോടോ ഇന്ത്യയോടോ ചേരാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. അന്നത്തെ ജമ്മു-കശ്മീര്‍ ഭരണാധികാരിയായിരുന്ന മഹാരാജ ഹരിസിങ് സ്വതന്ത്രമായി നില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. അതേസമയം, പുറംലോകവുമായി ബന്ധപ്പെടുന്നതിന് ജമ്മു-കശ്മീരിന് ഇന്ത്യയുടെയും പാകിസ്താന്‍െറയും സഹായം ആവശ്യമായിരുന്നു. ഏതെങ്കിലുമൊരു കൂട്ടരെ ആശ്രയിക്കാന്‍ അദ്ദേഹം തയാറായില്ല. ജമ്മു-കശ്മീരില്‍ ഭൂരിപക്ഷവും മുസ്ലിംകളായിരിക്കേ, തങ്ങളോട് ചേരുമെന്ന് പാകിസ്താന്‍ പ്രതീക്ഷിച്ചു. അത് നടക്കാതിരുന്നപ്പോള്‍ പാകിസ്താന്‍ സേനയെ അയച്ചു. കശ്മീര്‍ രാജാവ് ഇന്ത്യയുടെ സഹായം തേടി. എന്നാല്‍, സേനയെ അയക്കണമെങ്കില്‍ കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കണമെന്ന് ഇന്ത്യ ശഠിച്ചു. ഇതത്തേുടര്‍ന്ന് കശ്മീര്‍ രാജാവിന് ഇന്ത്യയോട് ചേര്‍ക്കല്‍ കരാറില്‍ ഒപ്പുവെക്കേണ്ടിവന്നു. കശ്മീര്‍ രാജാവിന്‍േറതിനേക്കാള്‍ പ്രയാസകരമായ വെല്ലുവിളിയാണ് ഹുര്‍റിയത്തിന്‍െറ മുന്നിലുള്ളത്. സംസ്ഥാനത്തിന്‍െറ രണ്ടു ഭാഗങ്ങള്‍ ആസാദിയെ എതിര്‍ക്കുന്നു. ഹിന്ദു ഭൂരിപക്ഷ മേഖലയായ ജമ്മു ഇന്ത്യയോട് ചേരാനായിരിക്കും താല്‍പര്യപ്പെടുക. ബുദ്ധിസ്റ്റ് ഭൂരിപക്ഷമായ ലഡാക്ക് കേന്ദ്രഭരണ പ്രദേശമാകാനാണ് ആഗ്രഹിക്കുന്നത്. അതിനാല്‍, ആസാദി എന്ന ആവശ്യം 98 ശതമാനം മുസ്ലിംകളുള്ള താഴ്വരയുടേതുമാത്രമാണ്. രാജ്യം ധ്രുവീകരണ ശ്രമങ്ങള്‍ക്ക് നടുവിലാണിന്ന്. ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെങ്കില്‍ ഹിന്ദുത്വ കാര്‍ഡ് കളിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസോ കമ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ ഹുര്‍റിയത്തിനെ പിന്തുണക്കുമെന്ന് കരുതാന്‍ പ്രയാസമാണ്. അല്ളെങ്കില്‍തന്നെ, സംസ്ഥാനത്തിന് സ്വാതന്ത്ര്യം എന്ന വാദത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും അംഗീകരിക്കുന്നുമില്ല. ചിലര്‍ വേണമെങ്കില്‍ സംസ്ഥാനത്തിന് കൂടുതല്‍ അധികാരം നല്‍കുന്നതിനെ അനുകൂലിച്ചേക്കാം. സ്വാതന്ത്ര്യത്തിന് 66 വര്‍ഷത്തിനുശേഷവും വിഭജനമുണ്ടാക്കിയ മുറിപ്പാടുകള്‍ ഉണങ്ങിയിട്ടില്ല. എന്നിരിക്കേ, കശ്മീരികളുടെ വികാരങ്ങള്‍ എത്ര ശക്തവും ആത്മാര്‍ഥവുമാണെങ്കിലും മറ്റൊരു വിഭജനത്തോട് രാജ്യത്തെ ജനങ്ങള്‍ പൊരുത്തപ്പെടുമെന്ന് ഹുര്‍റിയത്ത് എങ്ങനെ കരുതും? വിഭജനം വീണ്ടും മതത്തിന്‍െറ പേരിലാണെങ്കില്‍ മതേതര രാജ്യം അതിനെ അതിജീവിച്ചെന്ന് വരില്ല. രാജ്യത്തെ 15 കോടി മുസ്ലിംകള്‍ തുല്യ പൗരന്മാരാണെന്നത് സത്യമാണ്. എന്നാല്‍, കശ്മീര്‍ വിട്ടുപോകുന്നത് ചിന്തിക്കാനാകാത്ത പ്രത്യാഘാതങ്ങളായിരിക്കും സൃഷ്ടിക്കുക. എല്ലാ പൗരന്മാര്‍ക്കും സമത്വം ഉറപ്പുനല്‍കുന്ന ഭരണഘടനയും വ്യര്‍ഥമാകും. കശ്മീരിനെച്ചൊല്ലി ഇന്ത്യയും പാകിസ്താനും നടത്തിയത് രണ്ട് യുദ്ധങ്ങളാണ്. ഇതിനുപുറമേ, കാര്‍ഗില്‍ ഏറ്റുമുട്ടലുമുണ്ടായി. എന്നിരിക്കിലും, താഴ്വര ഇപ്പോഴും ജമ്മു-കശ്മീര്‍ സംസ്ഥാനത്തിന്‍െറ ഭാഗമായിരിക്കുന്നു. ആസാദിക്കുവേണ്ടി ജീവന്‍ നഷ്ടമായത് ആയിരക്കണക്കിന് കശ്മീരികള്‍ക്കാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അവര്‍ തീവ്രവാദികളാണ്. സുരക്ഷാസേന അവരെ അടിച്ചമര്‍ത്തി. സേനക്കും ആയിരങ്ങളെ നഷ്ടമായി. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഭീകരര്‍ ഇപ്പോഴും ആക്രമണം നടത്തുന്നു. ഇതിന് തിരിച്ചടിയുമുണ്ടാകുന്നു. ഉദാഹരണത്തിന്, സുബിന്‍ മത്തേയുടെ സംഗീതപരിപാടി നടന്ന ദിവസം തെക്കന്‍ കശ്മീരില്‍ സി.ആര്‍.പി.എഫിന്‍െറ പോസ്റ്റിനുനേരെ റോക്കറ്റാക്രമണമുണ്ടായി. ശ്രീനഗറില്‍ ഹര്‍ത്താലുമാചരിച്ചു. സമാന സംഭവങ്ങള്‍ മുമ്പുമുണ്ടായിട്ടുണ്ട്. ശത്രുത അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും 1972ല്‍ ഷിംലയില്‍വെച്ച് കരാറുണ്ടാക്കി. കശ്മീര്‍ ഉള്‍പ്പെടെയുള്ള തര്‍ക്കവിഷയങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തീരുമാനമെടുത്തു. തുടര്‍ന്നിങ്ങോട്ടുള്ള ചര്‍ച്ചകളുടെ അടിസ്ഥാനം ഈ കരാറാണ്. അതിനുശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ഏതാനും ചര്‍ച്ചകള്‍ നടന്നു. എല്ലാ അര്‍ഥത്തിലും കശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും സംഭാഷണം തുടരണം. എന്നാല്‍, രണ്ടിലൊരു കക്ഷി മനസ്സ് മാറ്റാതെ ചര്‍ച്ചകള്‍ സഫലമാകില്ല. കശ്മീര്‍ തങ്ങളുടെ അവിഭാജ്യ ഘടകമായി ന്യൂദല്‍ഹി കരുതുന്നു. താഴ്വര തങ്ങളോട് ചേര്‍ക്കാന്‍ പാകിസ്താനും ആഗ്രഹിക്കുന്നു. അസാധ്യമെന്ന് തോന്നുന്ന ഒരു പരിഹാരമാണ് ഹുര്‍റിയത്ത് ആഗ്രഹിക്കുന്നത്. ആറ് ദശാബ്ദങ്ങള്‍ കഴിഞ്ഞു. എന്നിട്ടും പരിഹാരമൊന്നും തെളിയുന്നില്ല. നിശ്ശബ്ദത പാലിക്കുന്ന അന്താരാഷ്ട്ര സമൂഹം ഇരു രാജ്യങ്ങളും ചേര്‍ന്ന് പ്രശ്നം പരിഹരിക്കട്ടെ എന്ന നിലപാടിലുമാണ്. ഹുര്‍റിയത്ത് നിലപാട് പുന$പരിശോധിക്കണം. തങ്ങള്‍ക്ക് ജനസമ്മതിയുണ്ടെന്ന് അവര്‍ തെളിയിക്കണം. കശ്മീരികള്‍ ഒപ്പമുണ്ടെങ്കില്‍ അവര്‍ സംസ്ഥാന നിയമസഭയില്‍ ഭരിക്കുകയാണ് വേണ്ടത്. ആസാദി എന്ന മുദ്രാവാക്യം ഉറക്കെ പ്രഖ്യാപിക്കാന്‍ കഴിയുന്ന മുഖ്യമന്ത്രിയും അവര്‍ക്കുണ്ടാകും. പക്ഷേ, അവര്‍ക്ക് അനുയായികളുണ്ടോ? ജനക്കൂട്ടത്തെ അണിനിരത്താന്‍ എളുപ്പമാണ്. എന്നാല്‍, അത് വോട്ടാക്കി മാറ്റാന്‍ അത്ര എളുപ്പമല്ല. സംസ്ഥാനം മുഴുവന്‍ സ്വാധീനം വേണമെന്ന് ഹുര്‍റിയത്ത് ആഗ്രഹിക്കുന്നുവെങ്കില്‍ തങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്ന ജമ്മുവിന്‍െറയും ലഡാക്കിന്‍െറയും പിന്തുണ നേടണം. കശ്മീരിനെ പ്രതിനിധാനംചെയ്യണമെങ്കില്‍ ജമ്മുവും ലഡാക്കും അവര്‍ക്കൊപ്പമുണ്ടാകണം. അപ്പോള്‍ പാകിസ്താന് കീഴിലുള്ള ആസാദ് കശ്മീരും ഹുര്‍റിയത്തിനെ അംഗീകരിക്കും. താഴ്വരയിലെ കാര്യങ്ങള്‍ അത്ര ശുഭോദര്‍ക്കമല്ല. |
കുവൈത്ത് പ്രധാനമന്ത്രി യു.എന്‍ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി Posted: 23 Sep 2013 08:47 PM PDT കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 68ാമത് സമ്മേളനത്തില്‍ സംബന്ധിക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹ് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണുമായി കൂടിക്കാഴ്ച നടത്തി. യു.എന്‍ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍ അന്താരാഷ്ട്ര, മേഖലാ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. സിറിയന്‍ പ്രശ്നമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. സിറിയന്‍ പ്രശ്നം പരിഹരിക്കുന്നതിന് യു.എന്നിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി പുകഴ്ത്തിയപ്പോള്‍ സിറിയന്‍ അഭയാര്‍ഥികളെ സഹായിക്കുന്നതിന് മുന്‍കൈയെടുത്ത കുവൈത്തിന്‍െറ നിലപാടിനെ ബാന്‍ കീ മൂണ്‍ പ്രശംസിച്ചു. സിറിയന്‍ വിഷയമടക്കം ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യു.എന്‍ നടത്തുന്ന ശ്രമങ്ങളെയും ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹ് പ്രകീര്‍ത്തിച്ചു. ഇറാഖുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും കുവൈത്ത് സ്വീകരിക്കുന്ന നടപടികള്‍ മൂണ്‍ എടുത്തുപറഞ്ഞു. കുവൈത്ത് എയര്‍വേയ്സുമായുള്ള തര്‍ക്കം, ഖോര്‍ അബ്ദുല്ലയിലൂടെയുള്ള കപ്പല്‍പാത തുടങ്ങിയവയുടെ കാര്യത്തില്‍ കൂവൈത്ത് സ്വീകരിച്ച വിട്ടുവീഴ്ചാ മനോഭാവങ്ങളാണ് മഞ്ഞുരുക്കത്തിന് കാരണമായതെന്ന് സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാട്ടി. ഇറാഖിനെ യു.എന്‍ ചാര്‍ട്ടറിലെ ഏഴാം ചാപ്റ്ററില്‍നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്കുവേണ്ടി ഉടന്‍ തന്നെ ഇറാഖ് സന്ദര്‍ശിക്കാന്‍ പരിപാടിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് സ്വബാഹ് അല്‍ ഖാലിദ് അസ്വബാഹ്, അമീരി ദീവാന്‍ ഉപദേഷ്ടാവ് മുഹമ്മദ് അബൂഹസന്‍, അമേരിക്കയിലെ കുവൈത്ത് അംബാസഡര്‍ ശൈഖ് സാലിം അബ്ദുല്ല അസ്വബാഹ്, യു.എന്നിലെ കുവൈത്ത് അംബാസഡര്‍ മന്‍സൂര്‍ അല്‍ ഉതൈബി, പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ അഹ്മദ് നാസര്‍ അസ്വബാഹ് എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. |
പ്രധാനമന്ത്രിയുടെ യു.എസ് അജണ്ട എന്താണ്? Posted: 23 Sep 2013 07:35 PM PDT പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍െറ യു.എസ് സന്ദര്‍ശനം ഇതിനകംതന്നെ ചര്‍ച്ചാവിഷയമായിരിക്കുന്നു. നാലു വര്‍ഷത്തിനിടെ യു. എസ് പ്രസിഡന്‍റ് ഒബാമയുമായി സിങ് ചര്‍ച്ച നടത്തുന്നത് ഇത് മൂന്നാം തവണയായിരിക്കും. അതില്‍ അസ്വാഭാവികതയില്ല. അതേസമയം, ഇരു രാജ്യങ്ങള്‍ക്കും ഗുണകരമായ തീരുമാനങ്ങള്‍ തേടിയാണ് സെപ്റ്റംബര്‍ 27ന് സിങ് വാഷിങ്ടണിലത്തെുകയെന്ന് ഒൗദ്യോഗിക വിശദീകരണമുണ്ടെങ്കിലും, ഇന്ത്യ-യു.എസ് ആണവ കരാറില്‍ വെള്ളംചേര്‍ക്കാനുള്ള അണിയറനീക്കങ്ങള്‍ സജീവമാണെന്ന റിപ്പോര്‍ട്ടുകള്‍ സംശയങ്ങള്‍ ഉയര്‍ത്തിക്കഴിഞ്ഞു. സര്‍ക്കാര്‍ ഈ സംശയങ്ങള്‍ തള്ളിയിട്ടുണ്ട്. ആണവകരാറില്‍ ഒരുതരത്തിലും വെള്ളം ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്ന് മന്ത്രി സല്‍മാന്‍ ഖുര്‍ശിദ് തറപ്പിച്ചുപറഞ്ഞിരിക്കുന്നു. എന്നാല്‍, ചില ആശങ്കകള്‍ ബാക്കി നില്‍ക്കുന്നുണ്ട്. ആഗോളവിപണിയില്‍നിന്ന് ആണവശാലാ സാമഗ്രികള്‍ വാങ്ങുന്ന കാര്യത്തില്‍ ഇന്ത്യക്ക് വിലക്കുണ്ടായിരുന്നു. അത് ഒഴിവാക്കിയെടുക്കാന്‍ അമേരിക്ക തയാറായത് ആണവകരാറില്‍ നാം ഒപ്പുവെച്ചതോടെയാണ്. ജി.ഇ, വെസ്റ്റിങ് ഹൗസ് എന്നീ യു.എസ് കമ്പനികള്‍ക്ക് ഇവിടത്തെ ആണവ മാര്‍ക്കറ്റില്‍നിന്ന് കിട്ടാവുന്ന 17,500 കോടി ഡോളറില്‍ കണ്ണുണ്ടായിരുന്നു. എന്നാല്‍, പൊതുസമൂഹത്തിന്‍െറ ജാഗ്രത കാരണം, കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത വിതരണ കമ്പനികള്‍ക്കായിരിക്കുമെന്ന് 2010ലെ ചട്ടത്തില്‍ എഴുതി. ഇന്ത്യയിലെ നടത്തിപ്പുകാരായ ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷനു (എന്‍.പി.സി.ഐ.എല്‍) മേല്‍ ആ ബാധ്യത കെട്ടിവെക്കാനുള്ള വിതരണക്കമ്പനികളുടെ ഉദ്ദേശ്യം നടന്നില്ല. അന്നുമുതല്‍ ആണവബാധ്യതയുടെ പരിധികുറക്കാനും അതില്‍ അയവ് വരുത്താനുമുള്ള സമ്മര്‍ദം കമ്പനികളും യു.എസ് സര്‍ക്കാറും നടത്തി വരുന്നുണ്ട്. ബാധ്യതാ നിയമം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ)യുടെ പരിശോധനക്ക് വിടണമെന്ന നിര്‍ദേശം അങ്ങനെ വന്നതാണ്. അത് നടക്കാതായതോടെ മറ്റുവഴികള്‍ ആരായാന്‍ തുടങ്ങി. 2011 നവംബറില്‍ ഇന്ത്യാ സര്‍ക്കാര്‍ ‘സിവില്‍ ലയബിലിറ്റി റൂള്‍സ്’ എന്ന പേരില്‍ തയാറാക്കിയ ചട്ടങ്ങള്‍ ഈ സമ്മര്‍ദങ്ങളുടെ ഫലമാണ്. ഇക്കൊല്ലം ജൂണില്‍ യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും ജൂലൈയില്‍ യു.എസ് വൈസ് പ്രസിഡന്‍റ് ജോ ബൈഡനും ഇന്ത്യയില്‍ വന്നതും സമ്മര്‍ദം തുടരാന്‍തന്നെ. ആണവബാധ്യതാ നിയമം പാര്‍ലമെന്‍റ് പാസാക്കിയ നിയമമാണെന്നിരിക്കെ, സര്‍ക്കാര്‍ തയാറാക്കുന്ന ചട്ടങ്ങള്‍ക്കോ ഉത്തരവുകള്‍ക്കോ അതിനെ മറികടക്കാനാവില്ല എന്നത് വിദേശ വിതരണ കമ്പനികളെയും വിദേശ സര്‍ക്കാറുകളെയും ചൊടിപ്പിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ നിയമത്തെ നിയമംകൊണ്ട് തോല്‍പിക്കാനാവുമോ എന്ന ഗവേഷണമാണ് നടക്കുന്നത്. അറ്റോര്‍ണി ജനറല്‍ (എ.ജി) വഹന്‍വതി ഒരു പോംവഴി കണ്ടത്തെിയെന്ന് വിലയിരുത്തപ്പെടുന്നു. ആണവബാധ്യതാ നിയമത്തിന്‍െറ 17ാം വകുപ്പിന്‍െറ ഉപവകുപ്പുകളിലെ പഴുത് ഉപയോഗിച്ച്, വിതരണക്കമ്പനികളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണോ, എങ്കില്‍ എത്ര എന്ന തീരുമാനം നടത്തിപ്പുകാര്‍ക്ക് (എന്‍.പി.സി.ഐ.എല്ലിന്) എടുക്കാവുന്നതാണെന്ന് വ്യഖ്യാനിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. 17 (ബി) പ്രകാരം നഷ്ടപരിഹാരം വിതരണക്കാരില്‍നിന്ന് എടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്; പക്ഷേ 17 (എ) പ്രകാരം, ഉഭയകരാര്‍ മുഖേന തീരുമാനം നടത്തിപ്പുകാര്‍ക്കാക്കാമത്രെ. അതായത്, പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തെ മറികടക്കാനുള്ള പഴുത് ആ നിയമത്തില്‍തന്നെ ഉണ്ടെന്ന് എ.ജി പറയുന്നു. കഴിഞ്ഞ ഡിസംബറില്‍, റഷ്യമായുള്ള കരാറിന്‍െറ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രിയുടെ യു.എസ് യാത്രക്ക് തൊട്ടുമുമ്പ്, സെപ്റ്റംബര്‍ നാലിന്, ആണവബാധ്യതാ നിയമത്തിലെ പഴുതുകളെപ്പറ്റി ആണവോര്‍ജവകുപ്പ് എ.ജിയുടെ സ്ഥിരീകരണം ചോദിച്ചതാണ് ഇപ്പോള്‍ സംശയം ഉയരാന്‍ കാരണമായിരിക്കുന്നത്. പാര്‍ലമെന്‍റ് ഉണ്ടാക്കിയ നിയമത്തെ മറികടക്കാന്‍ ആര്‍ക്കുമാവില്ല എന്ന സല്‍മാന്‍ ഖുര്‍ശിദിന്‍െറ പ്രസ്താവനയില്‍ ആശ്വാസം കണ്ടത്തൊനാവാത്തത്, നിയമത്തെ മറിക്കടക്കാന്‍ അതിനെതന്നെ ഉപയോഗപ്പെടുത്തുമോ എന്നു ഭയക്കുന്നതിനാലാണ്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി വാഷിങ്ടണില്‍ ഒപ്പുവെക്കുന്ന ധാരണകളും കരാറുകളും ഇവിടെ നിശിതമായ പരിശോധനക്ക് വിധേയമാകും. സംശയകരമായ വ്യവസ്ഥകള്‍ ഉണ്ടായാല്‍ അവ പാര്‍ലമെന്‍റിന്‍െറ തീരുമാനത്തിനു വിധേയമാകേണ്ടതാണ്. ത്രീമൈല്‍ ഐലന്‍ഡിലും ചെര്‍ണോബിലിലും ഫുകുഷിമയിലും ഉണ്ടായ ആണവദുരന്തങ്ങള്‍ നമുക്ക് പാഠമാകണം. ഫുകുഷിമയില്‍ കേടുപാടുകള്‍ തീര്‍ക്കാന്‍ മാത്രം ഉണ്ടാകുന്ന ബാധ്യത 7000 കോടി ഡോളറാണ്. ജീവനും സ്വത്തിനുമുണ്ടാകുന്ന നാശങ്ങള്‍ക്കൊന്നും വിതരണക്കമ്പനികള്‍ക്ക് ബാധ്യത ഇല്ളെന്നു വന്നാല്‍ പിന്നെ ജനങ്ങളുടെ നികുതിപ്പണം കൊണ്ടു വേണ്ടിവരും വിദേശകമ്പനികളുണ്ടാക്കുന്ന നഷ്ടംനികത്താന്‍. ഭോപാല്‍ ദുരന്തത്തില്‍ നാടിനെ മുഴുവന്‍ കബളിപ്പിച്ച് യൂനിയന്‍ കാര്‍ബൈഡ് എന്ന അമേരിക്കന്‍ കമ്പനി കടന്നുകളഞ്ഞ ചരിത്രം അത്ര പഴയതല്ലല്ളോ. |
No comments:
Post a Comment