സ്വാഗതം
WELCOME

News Update..

Sunday, April 26, 2015

മാലിന്യപ്രശ്നം: ഡി.വൈ.എഫ്.ഐ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു Madhyamam News Feeds

മാലിന്യപ്രശ്നം: ഡി.വൈ.എഫ്.ഐ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു Madhyamam News Feeds

Link to

മാലിന്യപ്രശ്നം: ഡി.വൈ.എഫ്.ഐ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

Posted: 26 Apr 2015 12:41 AM PDT

മൂവാറ്റുപുഴ: പായിപ്ര കവലയിലെ മാലിന്യപ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
ശനിയാഴ്ച രാവിലെ പഞ്ചായത്ത് ഓഫിസിലെ സെക്രട്ടറിയുടെ റൂമിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ സെക്രട്ടറിയെ ഉപരോധിക്കുകയായിരുന്നു.
ഒരുമാസത്തോളമായി തുടരുന്ന ഓടമാലിന്യ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. പായിപ്ര കവല മുതല്‍ സൂപ്പര്‍ പടി വരെയുള്ള എം.സി റോഡിന്‍െറ ഓരത്തെ ഓടയില്‍നിന്നുള്ള മാലിന്യം റോഡിലൊഴുകി ജനജീവിതം ദുസ്സഹമാക്കിയിട്ടും നടപടി സ്വീകരിക്കാന്‍ തയാറാകാത്ത അധികൃതരുടെ നിലപാട് വിവാദമായ പശ്ചാത്തലത്തിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.
ഓടകളിലൂടെ ഒഴുകിയത്തെിയ കക്കൂസ് മാലിന്യം അടക്കം കിണറുകളിലേക്കും മറ്റും എത്തിയതോടെ പ്രദേശത്തെ 40 ല്‍ അധികം കിണറുകളും മറ്റും മലിനമായിരുന്നു. ഇതത്തേുടര്‍ന്ന് നാട്ടുകാര്‍ ഓട മണ്ണിട്ട് മൂടിയതോടെയാണ് മാലിന്യം റോഡിലേക്ക് നേരിട്ട് ഒഴുകാന്‍ തുടങ്ങിയത്. ഇത് വന്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ മാലിന്യം റോഡിലൂടെ ഒഴുകി കിലോമീറ്ററോളം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആര്‍.ഡി.ഒ -പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ല.
ലോഡ്ജുകളില്‍നിന്നും മറ്റും കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നതാണ് പ്രശ്നത്തിന്‍െറ പ്രധാന കാരണം.
ഇത് കണ്ടത്തെി തടയാനായിരുന്നു ആര്‍.ഡി.ഒ നിര്‍ദേശം നല്‍കിയത്. എന്നാല്‍, രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് ഒന്നും നടന്നില്ല.
മാലിന്യപ്രശ്നം ഒരു നാടിന്‍െറ മുഴുവന്‍ ഉറക്കം കെടുത്തിയിട്ടും പരിഹരിക്കാന്‍ തയാറാകാതെവന്നതോടെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സമരരംഗത്തുവന്നത്.
മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ഈമാസം 28ന് മുമ്പ് പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാമെന്ന് സെക്രട്ടറി ഉറപ്പുനല്‍കി. ഇതോടെ ഡി.വൈ.എഫ്.ഐ സമരം അവസാനിപ്പിച്ചു. മേഖലാ സെക്രട്ടറി റിയാസ് ഖാന്‍, പ്രസിഡന്‍റ് പി.ആര്‍. ഷിനാജ്, ടി.എം. ഷിയാസ്, സജീവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വേമ്പനാട്ടുകായലില്‍ മത്സ്യസമ്പത്ത് കുറയുന്നു; അനധികൃതവലകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

Posted: 26 Apr 2015 12:35 AM PDT

ആലപ്പുഴ: മത്സ്യക്കുഞ്ഞുങ്ങളെയടക്കം കൊല്ലുന്ന അനധികൃതവലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കലക്ടര്‍ എന്‍. പത്മകുമാര്‍ നിര്‍ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാവികസനസമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അടക്കംകൊല്ലി വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാന്‍ പരിശോധന ഊര്‍ജിതമാക്കാനും നടപടി സ്വീകരിക്കാനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറോട് കലക്ടര്‍ നിര്‍ദേശിച്ചു. അനധികൃതവലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് 10,000 രൂപ പിഴയും മൂന്നുമാസംവരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. കുട്ടനാട്ടില്‍ മടവലയ്ക്കും മറ്റും അനധികൃതവലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതുമൂലം മത്സ്യസമ്പത്ത് കുറയുന്നതായും നടപടിയെടുക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എം.എന്‍. ചന്ദ്രപ്രകാശ് ആവശ്യപ്പെട്ടു. വേമ്പനാട്ടുകായലിലും മറ്റും മത്സ്യസമ്പത്ത് കുറയുന്നെന്ന് ഫിര്‍മയുടെ പഠനത്തില്‍ കണ്ടത്തെിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് വിശദറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു.
വ്യാജമദ്യ നിര്‍മാണവും വില്‍പനയും തടയുന്നതിന് ആര്‍. ബ്ളോക്കിലും കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളിലും പരിശോധന ശക്തമാക്കിയതായി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ സുരേഷ് റിച്ചാര്‍ഡ് യോഗത്തെ അറിയിച്ചു. കൊയ്ത്തു-മെതി യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ചെയ്ത് സ്ഥിരമായി സൂക്ഷിക്കാന്‍ കെയ്കോക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പറഞ്ഞു. കായംകുളം നഗരസഭയില്‍ ആറ് ആദിവാസി കുടുംബങ്ങള്‍ക്ക് വീടുവെക്കാന്‍ സ്ഥലം ലഭ്യമാക്കുന്നതുസംബന്ധിച്ച് മേയ് നാലിന് പ്രത്യേക യോഗം വിളിക്കും. ഇരുചക്ര വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിന് പരിശോധന ശക്തമാക്കിയതായി ആര്‍.ടി.ഒ പറഞ്ഞു. ജില്ലയിലെ വാഹനാപകടങ്ങള്‍, പരിശോധനകള്‍ എന്നിവ സംബന്ധിച്ച് മാസന്തോറും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. പുതുതായി വാങ്ങിയ ഫൈബര്‍ ബോട്ടുകളുടെ നിലവാരം, ഉപയോഗം എന്നിവ സംബന്ധിച്ച വിശദറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജലഗതാഗത വകുപ്പിന് കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയില്‍ വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന വികസനപദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. ആര്യാട്, വെളിയനാട് ബ്ളോക് പഞ്ചായത്തുകള്‍ നൂറുശതമാനം പദ്ധതിവിഹിതം ചെലവഴിച്ചതായി ജില്ലാപ്ളാനിങ് ഓഫിസര്‍ കെ.എസ്. ലതി പറഞ്ഞു. ഗ്രാമപഞ്ചായത്തുകള്‍ ശരാശരി 68 ശതമാനം വിഹിതം ചെലവഴിച്ചു. എം.പിമാരുടെ പ്രാദേശികവികസന പദ്ധതിപ്രകാരം എ.കെ. ആന്‍റണി എം.പി നിര്‍ദേശിച്ച 23.21 കോടി രൂപയുടെ 118 പദ്ധതിയും വയലാര്‍ രവി എം.പി നിര്‍ദേശിച്ച 25.80 കോടി രൂപയുടെ 438 പദ്ധതിയും കെ.സി. വേണുഗോപാല്‍ എം.പി നിര്‍ദേശിച്ച 17.96 കോടി രൂപയുടെ 252 പദ്ധതിയും പൂര്‍ത്തീകരിച്ചു. ഒമ്പതുനിയമസഭാ മണ്ഡലങ്ങളിലായി മാര്‍ച്ച് 31 വരെ എം.എല്‍.എ ഫണ്ടില്‍നിന്ന് 10.47 കോടി രൂപയുടെ 250 പ്രവൃത്തി പൂര്‍ത്തീകരിച്ചു. ജില്ലാപ്ളാനിങ് ഓഫിസര്‍ കെ.എസ്. ലതി, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

സൗദിയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ കൊല്ലപ്പെട്ടു

Posted: 25 Apr 2015 11:45 PM PDT

Image: 

റിയാദ്: രണ്ട് പിക്കപ്പ് വാനുകളുടെ വിവിധ ഭാഗങ്ങളില്‍ അതിവിദഗ്ധമായി മയക്കുമരുന്ന് ഗുളികകള്‍ ഒളിപ്പിച്ച് സൗദി അറേബ്യയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ ജോര്‍ദാനിയന്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ സംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടു. അപരന് പരിക്കേറ്റു.
വെള്ളിയാഴ്ച വൈകീട്ട് സൗദി അതിര്‍ത്തിയിലെ ജോര്‍ദാന്‍ പട്ടണമായ അഖബക്ക് സമീപമാണ് സംഭവം. സൗദി അറേബ്യന്‍ നമ്പര്‍ പ്ളേറ്റ് പതിച്ച പിക്കപ്പ് വാനുകളെ പിന്തുടര്‍ന്ന സുരക്ഷാസേനയില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ അമിതവേഗതയില്‍ വാഹനം ഓടിച്ച് നിരത്തിലുള്ള ആളുകളെ ഇടിച്ചുതെറിപ്പിക്കുകയും ജീവാപായമുണ്ടാക്കുകയും ചെയ്ത സൗദി പൗരനനെന്ന് സംശയിക്കുന്നയാളാണ് വെടിയേറ്റ് മരിച്ചത്. രണ്ടാമത്തെയാളേയും വാഹനത്തിനുനേര്‍ക്ക് വെടിയുതിര്‍ത്താണ് തടഞ്ഞുനിറുത്തിയത്.
പരിക്കേറ്റ അയാളെ അറസ്റ്റ് ചെയ്തു. വാഹനങ്ങളുടെ ബോഡിയുടെ തകരപാളികള്‍ക്കിടയിലും മറ്റും ഒളിപ്പിച്ച മുപ്പത് ലക്ഷം മയക്കുമരുന്ന് ഗുളികള്‍ കണ്ടെടുത്തു. പിക്കപ്പിന്‍െറ പിന്‍വശത്ത് ചരക്കുകയറ്റുന്ന ഭാഗത്തെ ഫ്ളോറിനടിയിലും വശങ്ങളിലെ ആവരണത്തിനുള്ളിലും ബോണറ്റിലും ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകള്‍. ചെറിയ പോളിത്തീന്‍ കവറുകളിലാക്കിയ ഗുളികകള്‍ മുഴുവന്‍ സൗദി അറേബ്യയില്‍ വ്യാപമായി വിതരണം ചെയ്യാനുള്ളതായിരുന്നു. അഖബ നഗരത്തില്‍നിന്ന് പുറപ്പെട്ട വാഹനങ്ങളെ സംശയം തോന്നിയാണ് സുരക്ഷാസേന പിന്തുടര്‍ന്നത്. ഇത് മനസിലാക്കിയ സംഘം വാഹനങ്ങള്‍ അതിവേഗതയില്‍ ഓടിച്ചു അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിലായിരുന്നു. ജോര്‍ദാനിയന്‍ പൊലീസ് പട്രോളിങ് വിഭാഗമാണ് സംഘത്തെ പിന്തുടര്‍ന്നത്. രക്ഷപ്പെടാനുള്ള ശ്രമത്തില്‍ അമിതവേഗതയില്‍ പാഞ്ഞ വാഹനങ്ങളിലൊന്ന് നിരത്തിലുള്ള ആളുകളെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ജീവാപായം സംഭവിച്ചതായും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഴിമതിക്കാരെ സംരക്ഷിക്കുന്ന ഭരണം വേണ്ടെന്ന് അജയ് തറയില്‍

Posted: 25 Apr 2015 11:23 PM PDT

Image: 

തിരുവനന്തപുരം: അഴിമതിക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന ഭരണം വേണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് തറയലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കെ. കരുണാകരന് നല്‍കാത്ത സംരക്ഷണം കോണ്‍ഗ്രസ് ആര്‍ക്കും നല്‍കേണ്ടതില്ളെന്നും അദ്ദേഹം പറയുന്നു. ‘‘അഴിമതിക്കാരെ സംരക്ഷിച്ചൊരു ഭരണം നമുക്ക് വേണ്ട. ലീഡര്‍ക്ക് നല്‍കാത്ത സംരക്ഷണം ആര്‍ക്കും നല്‍കേണ്ട ബാധ്യത കോണ്‍ഗ്രസിനില്ല'’ എന്നാണ് അജയ് തറയില്‍ ഫേസ്ബുക്കില്‍ എഴുതിയത്. കെ. കരുണാകരന്‍റെ ചിത്രത്തോടൊപ്പമാണ് പോസ്റ്റിട്ടിരിക്കുന്നത്.
 കെ.എം മാണിക്കെതിരെ ബാര്‍കാഴ ആരോപണം വന്ന സാഹചര്യത്തില്‍ അദ്ദേഹം ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുകയാണ് ഉചിതമെന്ന്  ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായം പറഞ്ഞ്  പുലിവാലു പിടിച്ചയാളാണ് അജയ്തറയില്‍.  മാണി അവധിയില്‍ പ്രവേശിക്കട്ടെയെന്ന മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരന്‍റെ  ഫേസ്ബുക്ക് പോസ്റ്റും വിവാദമായിരുന്നു.

നേപ്പാളില്‍ കാണാതായ മൂന്ന് മലയാളി ഡോക്ടര്‍മാരില്‍ രണ്ട് പേരെ കണ്ടെത്തി

Posted: 25 Apr 2015 11:13 PM PDT

Image: 

കോഴിക്കോട്: ഭൂകമ്പത്തെതുടര്‍ന്ന് കാഠ്മണ്ഡുവില്‍ കുടുങ്ങിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്ന് ഡോക്ടര്‍മാരില്‍ രണ്ട്പേരെ കണ്ടത്തെി. വയനാട്ടിലെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യന്ന കേളകം കുണ്ടേരിയിലെ ഡോക്ടര്‍ ദീപക് തോമസ് (25), വടകര സ്വദേശി ഡോക്ടര്‍ എബിന്‍ സൂരി (25), കാസര്‍കോട് സ്വദേശി ഡോക്ടര്‍ ഇര്‍ഷാദ് എന്നിവരെയാണ് കാണാതായത്. ഇവരില്‍  രണ്ട് പേരെയാണ് കണ്ടത്തെിയത്.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന എബിന്‍ സൂരിയെ സൈന്യം രക്ഷപ്പെടുത്തി. എബിന്‍ നേപ്പാളില്‍ ചികിത്സയിലാണ്. ഡോ.ദീപകിനെയും കണ്ടത്തെിയതായാണ് വിവരം . എന്നാല്‍ ഡോ.ഇര്‍ഷാദിനെക്കുറിച്ച് ഇതുവരെയും വിവരം ലഭിച്ചിട്ടില്ല .

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരേ ബാച്ചില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥികളായിരുന്ന ഇവര്‍  ഡല്‍ഹി വഴി കഴിഞ്ഞ ബുധനാഴ്ചയാണ് നേപ്പാളിലേക്ക് യാത്ര തിരിച്ചത്. കാഠ്മണ്ഡുവിലെ പ്രാന്തപ്രദേശമായ ലുവാക്കോട്ടെയിലാണ് അവസാനമായി ഡോക്ടര്‍മാര്‍ ഉള്ളതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. വെള്ളിയാഴ്ച ഡോക്ടര്‍ ഇര്‍ഷാദ്  വീട്ടില്‍  ഫോണില്‍ വിളിച്ചിരുന്നു. ഭൂകമ്പ വാര്‍ത്തയറിഞ്ഞതിനു ശേഷം ബന്ധുക്കള്‍ ഇവരെ വീണ്ടും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ഭൂകമ്പം: മരണം 1800 കവിഞ്ഞു

Posted: 25 Apr 2015 10:38 PM PDT

Image: 

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1800 കവിഞ്ഞു. 4700 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി  പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഇന്നലെ രാവിലെ 11.40നാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ വിറപ്പിച്ച ഭൂചലനം ഭൂകമ്പമാപിനിയില്‍ 7.9 തീവ്രത രേഖപ്പെടുത്തി. നേപ്പാളിലെ പൊഖാറക്ക് 80 കിലോമീറ്റര്‍ കിഴക്കാണ് ഭൂകമ്പത്തിന്‍െറ പ്രഭവകേന്ദ്രം. അപകടത്തില്‍ പെട്ടവരെ രക്ഷപെടുത്താന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.  ഭൂകമ്പത്തെ തുടര്‍ന്ന് വൈദ്യുതി-ഇന്‍റര്‍നെറ്റ് ബന്ധങ്ങളും  ഗതാഗതം സംവിധാനങ്ങളും പൂര്‍ണമായും തകര്‍ന്നു.  പഴയ പല പട്ടണങ്ങളും നാമാവശേഷമായി. 80 വര്‍ഷത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിത്.

അതേസമയം ഇന്ന് പുലര്‍ച്ചെ വീണ്ടും നേരിയ തുടര്‍ചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച രാത്രി തുറസായ സ്ഥലങ്ങളിലാണ് ഭൂകമ്പത്തിന് ഇരായായവര്‍  കഴിഞ്ഞത്.

ഇന്നലെ രാവിലെ രാവിലെയുണ്ടായ ഭൂകമ്പത്തിന്‍െറ തുടര്‍ചലനങ്ങള്‍ ഇന്ത്യയിലും ബംഗ്ളാദേശിലും പാകിസ്താനിലും തിബത്തിലും അനുഭവപ്പെട്ടു. 6.6 തീവ്രത രേഖപ്പെടുത്തിയതുള്‍പ്പെടെ 65ലധികം തുടര്‍ചലനങ്ങളാണ്  ഉണ്ടായത്. ഉത്തരേന്ത്യയില്‍  മാത്രം 56 പേര്‍ മരിച്ചു. ഭൂകമ്പത്തിന്‍െറ പ്രകമ്പനം കൊച്ചിയിലും അനുഭവപ്പെട്ടു.

ഭൂകമ്പത്തത്തെുടര്‍ന്ന് എവറസ്റ്റിലുണ്ടായ ഹിമപാതത്തില്‍ 18 പര്‍വതാരോഹകര്‍ മരിച്ചു. നിരവധി പര്‍വതാരോഹകരെക്കുറിച്ച് വിവരമില്ല. അതേസമയം, 200ലധികം ഇന്ത്യക്കാര്‍ നേപ്പാളിലെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടകുകയാണ്.

വിദേശികളുടെ വര്‍ധിപ്പിച്ച വിസ നിരക്ക്: പുതിയ പട്ടിക തയാറായി

Posted: 25 Apr 2015 10:14 PM PDT

Image: 
Subtitle: 
അടുത്തമാസം അവസാനത്തോടെ പ്രാബല്യത്തില്‍

കുവൈത്ത് സിറ്റി: വിദേശികളുടെ വിവിധ വിസകള്‍ക്കുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള പുതിയ നിരക്കിന്‍െറ പട്ടിക തയാറായതായി പാസ്പോര്‍ട്ട്, പൗരത്വകാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് മാസിന്‍ അല്‍ജര്‍റാഹ് വ്യക്തമാക്കി. മന്ത്രി സഭ അംഗീകരിച്ചാല്‍ ഉടന്‍ പുതിയ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്തമാസം അവസാനത്തോടെ ഇത് വരുമെന്ന് പ്രതീക്ഷിക്കുന്നു.
ബിസിനസ് വിസിറ്റിങ് വിസ, ടൂറിസ്റ്റ് വിസ, താല്‍ക്കാലിക വിസ, സര്‍ക്കാര്‍ മേഖലയിലെ വിസ, സ്വകാര്യ മേഖലയിലുള്ള വിസ, സ്വന്തം സ്പോണ്‍സര്‍ഷിപ്പിലുള്ള വിസ, ഫാമിലി വിസ തുടങ്ങി രാജ്യത്തേക്കുള്ള എല്ലാ വിസ നിരക്കുകളിലും  വര്‍ധന വരുത്തിയിട്ടുണ്ട്. സൗജന്യമായി ഒരു വിസയും അനുവദിക്കില്ല. ഫീസ് വര്‍ധന ആദ്യഘട്ടത്തില്‍ മാത്രമായിരിക്കും. വിസ പുതുക്കുമ്പോള്‍ നിരക്കിന്‍െറ 20 ശതമാനം വര്‍ധിപ്പിക്കും. വിസ നിരക്കുകളിലുള്ള വര്‍ധന സ്വദേശികളെ ഒരു നിലക്കും ബാധിക്കില്ല. സൗജന്യമായിരുന്ന ഒരുമാസത്തെ വിസിറ്റിങ് വിസക്ക് 30 ദീനാറായി വര്‍ധിപ്പിച്ചു. മൂന്ന് മാസത്തെ ടൂറിസ്റ്റ് വിസക്ക് 90 ദീനാര്‍ നല്‍കണം. നിലവില്‍ 10 ദീനാറുള്ള സര്‍ക്കാര്‍ മേഖലയിലുള്ള വിസക്ക് 20 ദീനാറാണ്.
24ാം നമ്പറിലുള്ള സ്വന്തം സ്പോണ്‍സര്‍ഷിപ്പിലുള്ള വിസക്ക്  100 ഉള്ളത് 250 ദീനാറായി വര്‍ധിപ്പിച്ചു. ഫാമിലി വിസക്ക് 200 ദീനാറില്‍ നിന്നും 400 ദീനാറാക്കി ഉയര്‍ത്തി. തുച്ഛമായ വിസ നിരക്കുകളില്‍ എത്തുന്ന വിദേശ തൊഴിലാളികള്‍ക്ക് ആയിരക്കണക്കിന് ദീനാര്‍ ചിലവിലുള്ള ചികിത്സ ആശുപത്രികളില്‍നിന്നും ലഭിക്കുന്നുണ്ട്. ഇത് ആരോഗ്യ മന്ത്രാലയത്തിന് വന്‍ ബാധ്യത വരുത്തിവെക്കുന്നുണ്ട്. രാജ്യത്തെ വിസ നിരക്കുകള്‍ വര്‍ധിപ്പിച്ചാലും മറ്റ് ജി.സി.സി രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നിരക്ക് കുറവാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പുതിയ നിരക്ക് അംഗീകാരത്തിനുവേണ്ടി ഉടന്‍ മന്ത്രിസഭക്ക് സമര്‍പ്പിക്കും. നിയമലംഘകര്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് 400 മുതല്‍ 500 ദീനാര്‍ വരെ പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനം നടത്തിയ തൊഴിലാളികള്‍ക്ക് അഭയം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കും. തൊഴിലെടുക്കാന്‍ താല്‍പര്യമില്ലാത്ത ഗാര്‍ഹിക തൊഴിലാളികളെ ഉടന്‍ നാടുകടത്തുന്നതാണ്. നിയമലംഘനം നടത്തുന്ന തൊഴിലാളികളെ നാടുകടത്താത്ത റിക്രൂട്ട് സ്ഥാപനങ്ങളുടെ ബാങ്ക് ഗാരണ്ടിയില്‍നിന്നും പിഴ ഈടാക്കും.
കാലോചിതമായി ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്‍റ് നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും രാജ്യത്തിന്‍െറ സല്‍പേരിന് കളങ്കം വരുത്തുന്ന നടപടികള്‍ അംഗീകരിക്കാനാവില്ളെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യക്കച്ചവടമുള്‍പ്പെടെ നിയമലംഘനം നടത്തിയ 17ഓളം ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട് സ്ഥാപനങ്ങള്‍ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അടച്ചുപൂട്ടിയതായും അദ്ദേഹം വ്യക്തമാക്കി.
 

ഗാല വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം

Posted: 25 Apr 2015 09:54 PM PDT

Image: 

മസ്കത്ത്: ഗാല വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം. ശനിയാഴ്ച വൈകീട്ടുണ്ടായ തീപിടിത്തത്തില്‍ തൊഴിലാളികളുടെ താമസ സ്ഥലങ്ങളടക്കം കത്തിനശിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യവസായ മേഖലയില്‍ അല്‍മായ സൂപ്പര്‍ മാര്‍ക്കറ്റിന് പിന്‍വശത്തെ സ്ക്രാപ് യാര്‍ഡിനാണ് തീപിടിച്ചത്. ഇവിടെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതാണ് അപകട കാരണമെന്ന് കരുതുന്നു. വൈകീട്ട് മൂന്ന് മണിയോടെ പുക കണ്ടുതുടങ്ങിയത്. വൈകാതെ പൊട്ടിത്തെറിയോടെ തീ ആളിപ്പടരുകയായിരുന്നു. യാര്‍ഡില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ ഇടക്കിടെ വന്‍ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് പരിഭ്രാന്തിയിലാഴ്ത്തി. ഇവിടെയുണ്ടായിരുന്ന രാസവസ്തുക്കള്‍ക്കും മറ്റും തീപിടിച്ചതിനെ തുടര്‍ന്ന് കട്ടയായി പുകയുയര്‍ന്നു. കിലോമീറ്ററുകള്‍ ദൂരെ വരെ പുക കാണാമായിരുന്നു.  ഇതിനിടെ സമീപത്തെ തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലേക്ക് അഗ്നി പടര്‍ന്നു. പാസ്പോര്‍ട്ടും വസ്ത്രങ്ങളും കൈയില്‍ കിട്ടാവുന്ന സാധനങ്ങളുമായി തൊഴിലാളികള്‍ ഇതിനകം പുറത്തേക്കിറങ്ങിയിരുന്നു.
മലയാളികള്‍ അടക്കമുള്ളവര്‍ ഇവിടെ താമസിച്ചിരുന്നു. സിവില്‍ ഡിഫന്‍സിന്‍െറ ആംബുലന്‍സുകളും ഫയര്‍ എന്‍ജിനുകളും ഇതിനിടെ സ്ഥലത്തത്തെിയിരുന്നു. തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലേക്ക് അഗ്നി പടരാതിരിക്കാനായിരുന്നു ഇവരുടെ ആദ്യ ശ്രമം.  യാര്‍ഡിന്‍െറ പിന്‍വശത്തുള്ള ഷെല്‍ പെട്രോള്‍ കമ്പനിയുടെ ഗോഡൗണിലേക്ക് തീപടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. ലൂബ്രിക്കന്‍റുകളടക്കം വസ്തുക്കളായിരുന്നു ഇവിടെയുണ്ടായിരുന്നത്.
തീ പടരുംമുമ്പേ യാര്‍ഡിന് സമീപത്തെ വെല്‍ഡിങ് വര്‍ക്ക്ഷോപ്പില്‍നിന്ന് ഗ്യാസ് സിലിണ്ടറും മറ്റും മാറ്റിയിരുന്നു. നാല് വശത്തുനിന്നും മണിക്കൂറുകള്‍ വെള്ളമൊഴിച്ചാണ് അധികൃതര്‍ തീ നിയന്ത്രണത്തിലാക്കിയത്.
വൈകീട്ട് ആറുമണിയോടെയാണ് തീ ഏതാണ്ട് അണഞ്ഞത്. സന്ധ്യക്കും ചില സ്ഥലങ്ങള്‍ പുകയുന്നുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു. പുക ശ്വസിച്ചും പൊള്ളലേറ്റും ചിലര്‍ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്.
ഇവരെ സംഭവസ്ഥലത്ത് ചികിത്സിച്ചതായും അധികൃതര്‍ അറിയിച്ചു.
 

നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം ത്വരിതപ്പെടുത്തും^ സുഷമ സ്വരാജ്

Posted: 25 Apr 2015 09:44 PM PDT

Image: 

ന്യൂഡല്‍ഹി: ഭൂകമ്പത്തെ തുടര്‍ന്ന് ഇന്ത്യ നേപ്പാളില്‍ നടത്തിവരുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു വേഗത കൂട്ടുമെന്നു വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്. ഭൂകമ്പമുണ്ടായ പ്രദേശങ്ങളില്‍ കുടുങ്ങിയിരിക്കുന്ന ഇന്ത്യക്കാരെ നാട്ടിലത്തെിക്കും. നേപ്പാളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള വനിതാ ഫുട്ബോള്‍ ടീമിനെ നാട്ടിലത്തെിക്കുന്നതിനു പ്രഥമ പരിഗണന നല്‍കുമെന്നും സുഷമ സ്വരാജ് അറിയിച്ചു.
30 മലയാളികള്‍ ഉള്‍പ്പെടെ 257 ഇന്ത്യക്കാരെ ഇന്നു പുലര്‍ച്ചെ ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ചു. നേപ്പാളില്‍ 800 ഇന്ത്യക്കാര്‍ കുടുങ്ങികിടക്കുകയാണ്. അഞ്ച് എം.ഐ.7 വ്യേമസേനാ വിമാനങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനായി നേപ്പാളിലേക്ക് തിരിച്ചിരിക്കുന്നത്.

സംശുദ്ധ വിദ്യാഭ്യാസം വിദ്യയെ ദിവ്യമായി കാണുന്ന ഭരണസംവിധാനത്തിലൂടെ- വി. മധുസൂദനന്‍ നായര്‍

Posted: 25 Apr 2015 09:44 PM PDT

Image: 

റാസല്‍ഖൈമ: വിദ്യാഭ്യാസത്തെ ഉദാത്തമായി കാണുന്ന ഒരു ഭരണസംവിധാനത്തിലൂടെ മാത്രമേ വിദ്യയെ സംശുദ്ധമായി നിലനിര്‍ത്താന്‍ കഴിയൂവെന്ന് പ്രശസ്ത കവി വി. മധുസൂദനന്‍ നായര്‍. റാസല്‍ഖൈമയില്‍ ‘ഗള്‍ഫ് മാധ്യമം’ വിചാരവേദി സംഘടിപ്പിച്ച സാംസ്കാരിക സദസ്സില്‍ ‘മാറുന്ന മലയാളി’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ന് നടക്കുന്ന പ്രധാന കച്ചവടങ്ങളില്‍ പ്രഥമ സ്ഥാനം വിദ്യാഭ്യാസത്തിനാണ്. ഉപജീവനത്തിന് വേണ്ടി മാത്രമുള്ള കുറുക്കുവഴിയായി ഇതിനെ മാറ്റാമെന്ന് അധ്യാപനത്തിന് യോഗ്യരല്ലാത്തവരെപോലും വിശ്വസിപ്പിച്ച ഭരണശീലം ഉണ്ടായതാണ് ഈ രംഗത്തെ ദുര്യോഗം. വിദ്യാസങ്കല്‍പ്പത്തില്‍ വിഷം ചേര്‍ത്തുകൊണ്ടാണ് മനുഷ്യത്വമില്ലാത്ത ഈ കച്ചവടം നടക്കുന്നത്. സൗജന്യമായി മാര്‍ക്ക് കൊടുക്കല്‍ അറിവില്‍ മായം ചേര്‍ക്കലാണ്. യത്നിക്കാനും സ്വന്തം പൊന്ന് തേച്ചുമിനുക്കാനുമുള്ള അവസരമാണ് കുട്ടികള്‍ക്ക് ഇതിലൂടെ നഷ്ടമാകുന്നത്. വിദ്യാഭ്യാസത്തിലെ ആദ്യ മലിനീകരണം തുടങ്ങുന്നത് ഇവിടെയാണ്. കണ്ണ് കാണാത്ത കുട്ടിയെ നിനക്ക് കണ്ണ് കാണാം എന്ന് പറഞ്ഞ് വാഹനത്തിന്‍െറ സ്റ്റിയറിങ് ഏല്‍പ്പിക്കുന്നതുപോലെയാണിത്. അവനെയും ചതിക്കും ലോകത്തെയും ചതിക്കും. കുട്ടികളുടെ മനസിലെ നന്മകളില്‍ വിഷം ചേര്‍ക്കരുത്. പലരും പണം കൊടുത്താണ് അധ്യാപകരാകുന്നത്. കുട്ടികളുടെ സംശയങ്ങള്‍ക്ക് രചനാത്മകമായ മറുപടി നല്‍കുന്ന അധ്യാപക കുലം കുറഞ്ഞുപോയി. പണമില്ലാത്തതിനാല്‍ നല്ലവര്‍ക്ക് അധ്യാപന ജോലിക്ക് കഴിയാത്ത അവസ്ഥ. ഇന്നുള്ള അധ്യാപകരെല്ലാം മോശക്കാരല്ല. കുട്ടികള്‍ തന്നെക്കാള്‍ ദീപ്തിമാനാകണമെങ്കില്‍ ഞാന്‍ നല്ല അധ്യാപകനായിരിക്കണം. ഞാനാണ് നല്ല അധ്യാപകന്‍ എന്നല്ല നാളത്തെ ലോകം പറയേണ്ടത്.
ഞാന്‍ പഠിപ്പിച്ച കുട്ടിയാണ് നല്ല അധ്യാപകന്‍ എന്നാണ് പറയേണ്ടത്. പണ്ടത്തെ നേടല്‍ അറിവായിരുന്നു. തേടിപോകുന്നവര്‍ മാത്രമാണ് അറിയുന്നവന്‍. ജഡശീലങ്ങളിലേക്ക് സമൂഹത്തെ നയിക്കല്‍ അധ്യാപകന്‍െറ കര്‍മമായിരുന്നില്ല. സ്വയം ശുദ്ധീകരിക്കാനുള്ള ആര്‍ജവം അധ്യാപകരിലുണ്ടാകണം. അറിയാവുന്ന കാര്യങ്ങള്‍ ദിവസവും നവീകരിച്ച് കൊണ്ടിരിക്കണം. ഒരു അബദ്ധവും അടുത്ത തലമുറയിലേക്ക് ചെല്ലരുത്. സൃഷ്ടിപരമായ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കണം. സ്വന്തം വീട്ടില്‍ വേവുന്നതിന് പോലും സ്വന്തം പേരിടാന്‍ കഴിയാത്തവനാണ് ഇന്ന് മലയാളി. അനുഭവത്തിന് സ്വന്തം ഉച്ചാരണം കണ്ടത്തെുമ്പോഴാണ് ഒരു ജനത ജനതയാവുന്നത്. സ്വന്തം നാവുള്ളവന്‍, സ്വന്തം സ്വരമുള്ളവന്‍, സ്വന്തം ഉച്ചാരണമുള്ളവന്‍ -അവനാണ് സ്വതന്ത്രന്‍.
പണ്ടെല്ലാം അയലത്തുള്ളവരെയെല്ലാം വിളിച്ചിരുന്നത് അമ്മയെന്നായിരുന്നു. ‘ആന്‍റി’യല്ല, എതിരുമല്ല -അമ്മമാരായിരുന്നു. അത് സമൂഹത്തിന്‍െറ ഗുരുത്വം കൊണ്ട് കിട്ടിയ പാഠമാണ്. ഗുരുപാഠം അങ്ങിനെയാണ്. ഈ പാരമ്പര്യത്തിലൂടെയാണ് പഴയ ഗുരുക്കന്മാരുണ്ടായത്. ഓരോ അധ്യാപകനും ഒരു സമൂഹത്തിന്‍െറ സ്പന്ദനമാണ്. അദ്ദേഹത്തിലൂടെ ഒരു കുട്ടിയിലേക്ക് പകര്‍ന്നുവരുന്നത് ഒരു സമൂഹം കടഞ്ഞുവെച്ച വെണ്ണകളാണ്. ചവറുകളല്ല, ദുര്‍വിചാരങ്ങളല്ല -മധുസൂദനന്‍ നായര്‍ തുടര്‍ന്നു.  
റാക് സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ ഡോ. രവിശങ്കര്‍ എസ്. നായര്‍, ‘മാധ്യമം’ അസി. എക്സി. എഡിറ്റര്‍ പി.ഐ. നൗഷാദ് എന്നിവര്‍ അനുബന്ധ പ്രഭാഷണം നടത്തി. ‘ഗള്‍ഫ് മാധ്യമം’ വിചാരവേദി റാക് ചാപ്റ്റര്‍ കമ്മിറ്റിയംഗങ്ങള്‍ നേതൃത്വം നല്‍കി.

ധവളപത്രം പുറത്തിറക്കി ഇന്ത്യന്‍ സ്കൂളില്‍ നടന്നത് വന്‍ക്രമക്കേടുകളെന്ന് ഭരണസമിതി

Posted: 25 Apr 2015 09:33 PM PDT

Image: 

മനാമ: മുന്‍ ഭരണസമിതിയുടെ കാലത്ത് ഇന്ത്യന്‍ സ്കൂളില്‍ വന്‍ അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും നടന്നതായി നിലവിലുള്ള ഭരണസമിതി ആരോപിച്ചു. ഇതുമൂലം  പ്രതിമാസം 50,000ദിനാര്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി ഇന്ത്യന്‍ സ്കൂള്‍ മാറിയെന്ന് ഭരണസമിതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
  പി.പി.എ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്ന ധവളപത്രവും വാര്‍ത്താസമ്മേളനത്തില്‍ പുറത്തിറക്കി. കഴിഞ്ഞഭരണകാലത്ത് നടത്തിയ ഇടപാടുകള്‍ പരിശോധിക്കുക, സ്കൂളിന്‍െറ ഇപ്പോഴത്തെ സാമ്പത്തികനില വ്യക്തമാക്കുക, സാമ്പത്തികനില തകരാറിലായതിന്‍െറ കാരണങ്ങള്‍ കണ്ടത്തെുകഎന്നീ ഉദ്ദേശങ്ങളോടെ നടത്തിയ പരിശോധനകളിലാണ് തിരിമറികള്‍ വ്യക്തമായതെന്ന് അവര്‍ പറഞ്ഞു. 2007-08 അധ്യയനവര്‍ഷം വരെ സ്കൂള്‍  എല്ലാമാസവും നല്ളൊരുതുക ബാങ്കില്‍ നിക്ഷേപിച്ചിന്നു. എന്നാല്‍ 2008 അധ്യയന വര്‍ഷത്തിന്‍െറ മധ്യപാദംമുതല്‍ ദീര്‍ഘവീക്ഷണമില്ലാത്ത നടപടികളും അഴിമതിയും നിമിത്തം ചെലവ് വര്‍ദ്ധിച്ച് 2014 അവസാനിക്കുമ്പോള്‍  പ്രതിമാസം  50,000 ദിനാര്‍ നഷ്ടത്തിലത്തെി.  ഓരോ മാസവും വരുമാനത്തേക്കാള്‍ 50,000 ദിനാറിന്‍െറ ചെലവാണ്സ്കൂള്‍ നേരിടുന്നത്.
അവസാനത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിനുശേഷമുള്ള ഒമ്പത്മാസംകൊണ്ട് മുന്‍ ഭരണസമിതി സ്കൂളിനുവരുത്തിയ പ്രവര്‍ത്തന നഷ്ടം 4,50, 888 ദിനാര്‍ ആണ് .
ഇതുള്‍പ്പടെ കഴിഞ്ഞ 6 വര്‍ഷത്തെഭരണംമൂലംസ്കൂളിലുണ്ടായസഞ്ചിതനഷ്ടം 2.5മില്യണ്‍ ദിനാറാണെന്നും ആരോപിക്കുന്നു.അടുത്തവര്‍ഷം മുതല്‍ റിഫയില്‍ കെട്ടിടം പണിയുന്നതിന് എടുത്ത വായ്പ തിരികെ അടക്കേണ്ടിവരും. അതിനായി അധികതുക കണ്ടത്തെണം. വായ്പ തിരികെ അടക്കുന്ന കാലയളവില്‍   മൂന്നു പ്രാവശ്യം ഫീസുവര്‍ധിപ്പിച്ച്സ്കൂളിന്‍െറ സാമ്പത്തികസ്ഥിതി ഭദ്രമാക്കുമെന്ന് ഉറപ്പ് നല്‍കി മുന്‍ഭരണസമിതി  ബാങ്കിനുസമര്‍പ്പിച്ച സത്യവാങ്മൂലത്തിന്‍െറ പകര്‍പ്പുകള്‍ ഇപ്പോഴത്തെ ഭരണസമിതിക്കുലഭിച്ചിട്ടുണ്ട്. ഭരണത്തിലത്തെിയാല്‍ ഫീസ് വര്‍ധന അടിച്ചേല്‍പ്പിക്കാനാണ് പദ്ധതിയിട്ടിരുന്നത് എന്നതാണ് ഇത് വ്യക്തമാക്കുന്നത്.നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു പൊതുസ്ഥാപനം കടക്കെണിയുടെ വക്കില്‍ എത്തിയത് പിടിപ്പുകേടുകൊണ്ട് മാത്രമല്ല. വന്‍ അഴിമതിയും അതിന് കാരണമാണ്.
പുസ്തകം വാങ്ങിയതുമായി ബന്ധപെട്ടാണ് പ്രധാനമായും അഴിമതി നടന്നത്.  നേരത്തെ, ക്വട്ടേഷന്‍ സ്വീകരിച്ചാണ് പുസ്തകങ്ങള്‍ വാങ്ങിരിയുന്നത്. പക്ഷേ, അവസാനത്തെ നാലുവര്‍ഷവും 37% കിഴിവ് നല്‍കിയ ഒരേ കമ്പനിക്ക് തന്നെ ഓര്‍ഡര്‍ നല്‍കുകയായിരുന്നു. കൂടുതല്‍ തുക കിഴിവ് നല്‍കുന്നതായി കാണിച്ച് ഓര്‍ഡര്‍ തട്ടിയെടുത്തുവെങ്കിലും പണമിടപാടുകളുടെരേഖയില്‍ വെറും 15% ഇളവ് മാത്രമേ ലഭിച്ചിട്ടുള്ളൂ.
മുന്‍ എക്സിക്യൂട്ടിവ് കമ്മിറ്റി നേരിട്ട് നടത്തിയ ഇടപാടില്‍ നാലുവര്‍ഷംകൊണ്ട് ഉദ്ദേശം 90,000 ദിനാര്‍ സ്കൂളിനുനഷ്ടം വന്നിട്ടുണ്ട്. അതേസമയംഇപ്പോഴത്തെ ഭരണസമിതി ഈ അധ്യയനവര്‍ഷത്തില്‍  വാങ്ങിയപുസ്തകങ്ങള്‍ക്ക് 43% കിഴിവ് ലഭിച്ചു എന്നതും ചേര്‍ത്തുവായിക്കേണ്ടതാണ്.
എന്‍ട്രന്‍സ് കോച്ചിങ് നടത്തുന്ന സ്വകാര്യസ്ഥാപനമായ ‘മാംസ് അകാദമിക്ക്’ സ്കൂള്‍ ഹാള്‍ ആറുമാസത്തേക്ക്  നല്‍കിയിരുന്നെങ്കിലും സര്‍വീസ്ചാര്‍ജ് ആയി 300 ദിനാര്‍ കൈപ്പറ്റിയതായി മാത്രമേ രേഖകളില്‍ കാണുന്നുള്ളൂ.  ബാക്കി പണം എവിടെപ്പോയി എന്നതിന് രേഖകളില്ല.   പ്രസ്തുത സ്ഥാപനം സ്പോണ്‍സര്‍ഷിപ് നല്‍കിയതിന്‍െറയും പണം സ്വീകരിച്ചതിന്‍െറയും രേഖകളില്ല.  ഉദ്ദേശം 8,000 ദിനാര്‍ ഈ വകയില്‍ സ്കൂളിനു നഷ്ടം വന്നതായി കണക്കാക്കപ്പെടുന്നു.
ജഷന്മാള്‍ ഓഡിറ്റോറിയം പൊതുപരിപാടികള്‍ക്ക് നല്‍കുന്നതിലും വന്‍ തിരിമറികള്‍ നടന്നു.
2012-14 വര്‍ഷങ്ങളില്‍  ഓഡിറ്റോറിയം 55 പ്രാവശ്യം പൊതുപരിപാടികള്‍ക്ക് നല്‍കിയെങ്കിലും സര്‍വീസ്ചാര്‍ജ് ഇനത്തില്‍   ലഭിക്കേണ്ട 13,000 ദിനാര്‍  കിട്ടിയതായി രേഖയില്ല. മുന്‍ വര്‍ഷങ്ങളില്‍ നടന്ന ഇടപാടുകളെപ്പറ്റി ഒരു രേഖയും സ്കൂളില്‍  ലഭ്യമല്ല എന്നതിനാല്‍ എത്ര പ്രാവശ്യം പരിപാടികള്‍ക്ക് ഹാള്‍ നല്‍കിയെന്ന കാര്യത്തില്‍ വ്യക്തയില്ല.
മൂന്നുവര്‍ഷമായി ബഹ്റൈനില്‍ ഇല്ലാതിരുന്ന മുന്‍ ഭരണസമിതിയിലെ ഒരംഗത്തിന്‍െറ കുട്ടി  ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിയാണെന്ന് കാണിക്കുന്നതിന് രേഖകളില്‍ തിരിമറി നടത്തി.
സമിതിയില്‍ തുടരുന്നതിനുള്ള അര്‍ഹത നഷ്ടപ്പെടാതിരിക്കാനാണ് ഇത് ചെയ്തത് എന്ന് കരുതുന്നു.  
മൂന്നുവര്‍ഷത്തെ ഫീസിനത്തില്‍ ഈ അംഗം 1055 ദിനാര്‍ സ്കൂളിനു നല്‍കാനുണ്ട്.   ഈ തിരിമറിപുറത്തുവരാതിരിക്കാന്‍  ഒരുവര്‍ഷത്തോളം ഹാജരാകാതിരുന്ന 102 വിദ്യാര്‍ഥികളുടെ ഫീസും സ്കൂള്‍ പിരിക്കാതിരുന്നു.  ഈ ഇനത്തില്‍  ഉദ്ദേശം 22,000 ദിനാര്‍ എഴുതി തള്ളേണ്ട അവസ്ഥ വന്നു. ഇത് നടപടിക്രമങ്ങളുടെ നഗ്നമായ ലംഘനം കൂടിയാണ്.
ശൈഖ് ഇസ ബ്ളോക് നിര്‍മ്മിച്ച കരാറുകാരനെതിരെ മുന്‍ കമ്മിറ്റി കേസുകൊടുക്കുകയും നല്‍കാനുണ്ടായിരുന്ന 56,144ദിനാര്‍ പിടിച്ചു വക്കുകയും ചെയ്തിരുന്നു. എങ്കിലും കേസ് കോടതിയുടെ പരിഗണയില്‍ ഇരിക്കെ സ്കൂളുമായി നേരിട്ട് കരാര്‍ ഇല്ലാതിരുന്ന ഒരു സബ്കോണ്‍ട്രാക്ടര്‍ക്ക് 22,366 ദിനാര്‍ നില്‍കി.  കേസ് തീര്‍പ്പാക്കുന്നതിനുമുമ്പ് കേസിലും കരാറിലും കക്ഷിയല്ലാത്ത ഒരാള്‍ക്ക് തുക നല്‍കിയത് കോടതിയലക്ഷ്യമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ട്രാന്‍സ്പോര്‍ട് കമ്പനിക്ക് വന്‍ തുക നല്‍കാനുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, പണംനല്‍കുവാനില്ളെന്ന് കാണിച്ച് ട്രാന്‍സ്പോര്‍ട് കമ്പനി നല്‍കിയ കത്ത് രക്ഷിതാക്കളെ വഞ്ചിക്കുന്നതായിരുന്നു.  2014 ഡിസംബറില്‍ 3,03,980 ദിനാര്‍ ഇവര്‍ക്ക് കൊടുക്കാനുണ്ടായിരുന്നു എന്നതാണ് യാദാര്‍ഥ്യമെന്ന് രേഖകളില്‍ നിന്ന് കണ്ടത്തെി. അത്രയും തുക നല്‍കുവാനുണ്ടെന്ന് കാണിച്ചുള്ള ട്രാന്‍സ്പോര്‍ട് കമ്പനിയുടെ കത്ത് ഇപ്പോഴത്തെ ഭരണസമിതിക്ക് ലഭിച്ചിട്ടുണ്ട്. ഒരു സ്വകാര്യ ശീതളപാനീയ കമ്പനിയുമായുണ്ടാക്കിയ കരാറിലും വന്‍ ദുരൂഹതയുണ്ട്. പ്രസ്തുത കരാര്‍ ഓഡിറ്റിങിനു വിധേയമാക്കുകയോ, ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. 2013-14 അധ്യയവര്‍ഷത്തില്‍ 52 അനര്‍ഹരായവിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് നല്‍കി. ഈ ഇനത്തില്‍ വരുത്തിയ നഷ്ടം  4,700 ദിനാര്‍ ആണ്.
അഴിമതിയും സ്വജനപക്ഷപാതവും ഭരണപരമായ പിടിപ്പുകേടും നിമിത്തം സാധാരണക്കാരന്‍െറ ആശ്രയമായിരുന്ന സ്കൂള്‍ ഇന്ന് കടക്കെണിയുടെ വക്കിലാണ്.
ഈ സത്യംപുറത്തുവരുന്നതില്‍ നിന്നും മുഖംരക്ഷിക്കാനായി പത്രപ്രസ്താവനകള്‍ നടത്തി  പുകമറ സൃഷ്ടിക്കുകയാണ് മുന്‍ഭരണസമിതി.
ഇപ്പോഴത്തെ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്ന സുതാര്യത എല്ലാകാലവും പാലിക്കുമെന്നും, മുന്‍ കമ്മിറ്റി വരുത്തിവച്ച ഭരണപരമായ പ്രതിസന്ധികള്‍ വരുംദിവസങ്ങളില്‍ രക്ഷിതാക്കളെ അറിയിക്കുമെന്നും സ്കൂള്‍ വൃത്തങ്ങള്‍ അറിയിച്ചു.
ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍, അസി.സെക്രട്ടറി ഡോ.മനോജ്, ഗവ.നോമിനികളായ സജി മാര്‍കോസ്, ഖുര്‍ഷിദ് ആലം, ജെയ്ഫര്‍ മയ്ദനി എന്നിവര്‍ പങ്കെടുത്തു.

ചുഴലിക്കാറ്റ് : നരിക്കുനി കൊടോളിയിലും നെല്ലിപ്പൊയിലിലും പുല്ലൂരാംപാറയിലും വന്‍ നാശനഷ്ടം

Posted: 25 Apr 2015 09:07 PM PDT

നരിക്കുനി: വെള്ളിയാഴ്ച രാത്രി കനത്ത മഴയോടെ ആഞ്ഞുവീശിയ ചുഴലി കൊടുങ്കാറ്റില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കാര്‍ഷികവിളക്കും വ്യാപകനാശം. നരിക്കുനി കൊടോളി മേഖലയിലും കോടഞ്ചേരി നെല്ലിപ്പൊയില്‍, മഞ്ഞുവയല്‍ മേഖലയിലും പുല്ലൂരാംപാറയിലുമാണ് വ്യാപക നാശനഷ്ടമുണ്ടായത്. നരിക്കുനി മേഖലയില്‍ ഓട്ടുപാറ ജനകീയ എല്‍.പി സ്കൂളിന്‍െറ ഭാഗത്തുനിന്ന് തുടങ്ങി പാലങ്ങാട് വരെയുള്ള പ്രദേശങ്ങളിലാണ് വ്യാപകമായി ചുഴലിക്കാറ്റ് അടിച്ചത്.
ജനകീയ എല്‍.പി സ്കൂളിന്‍െറ ഓടുകള്‍ കനത്ത കാറ്റില്‍ പറന്നുപോയി. തൊട്ടടുത്ത പറമ്പില്‍ അബ്ദുറഹ്മാന്‍െറ ഓടുമേഞ്ഞ വീടിന് മുകളില്‍ മാവ് വീണ് ഓട് തകര്‍ന്നു. ഇവിടെ കവുങ്ങുകളും വാഴയും വ്യാപകമായി നശിച്ചു. തൊട്ടടുത്ത മൊയ്തീന്‍ കുഞ്ഞിയുടെ പറമ്പിലും തെങ്ങ് പൊട്ടിവീണു. പുത്തലത്ത് ചെക്കൂട്ടി മാസ്റ്റര്‍, കരുമ്പാരതൊടുകയില്‍ ബഷീര്‍, കടന്നലോട്ട് മൊയ്തി, മറിയ എന്നിവരുടെ പറമ്പുകളിലും തെങ്ങ്, മാവ്, കവുങ്ങ്, വാഴ എന്നിവ വ്യാപകമായി തകര്‍ന്നു.
പന്നിയങ്ങല്‍ അബ്ദുല്‍ ഖാദറിന്‍െറ വീടിന് മുന്നിലെ കടയുടെ മുകളിലേക്ക് മാവ്, മട്ടി എന്നിവ ഒടിഞ്ഞുവീണത് കാരണം മേല്‍ക്കൂര തകര്‍ന്നു. ഇയാളുടെ ടോയ്ലറ്റിന്‍െറ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. കരുമ്പാരുചുണ്ടയില്‍ മൂസക്കുട്ടിയുടെ പറമ്പിലും തെങ്ങ്, കവുങ്ങ് തുടങ്ങിയവ മുറിഞ്ഞുവീണ് നാശം സംഭവിച്ചു.
പന്നിയങ്ങല്‍ മുഹമ്മദിന്‍െറ വിറകുപുരയുടെ മുകളില്‍ തെങ്ങ് പൊട്ടിവീണ് വിറകുപുര തകര്‍ന്നു. തൊട്ടടുത്ത പറമ്പില്‍ കൃഷിനാശമുണ്ടായി. കുന്നരക്കല്‍ ചന്ദ്രന്‍െറ വീടിന് മുകളില്‍ മാവ്, തെങ്ങ് എന്നിവ വീണ് മേല്‍ക്കൂരയുടെ ഒരുഭാഗം തകര്‍ന്നു. ഇവിടെ 10 തെങ്ങ്, തേക്ക്, മട്ടി, പ്ളാവ്, കവുങ്ങ് എന്നിവയും കാറ്റില്‍ കടപുഴകി. ഈങ്ങാപ്പാറയില്‍ അബ്ദുറഹ്മാന്‍െറ 20ഓളം തെങ്ങ്, പ്ളാവ്, മാവ്, കവുങ്ങ്, മഹാഗണി തുടങ്ങിയവയും നിലംപൊത്തി. നരിക്കുനി പഞ്ചായത്ത് അംഗം പുല്ലഞ്ചേരി ശശീന്ദ്രന്‍ മാസ്റ്ററുടെ വീടിന്‍െറ ഓടുകള്‍ കാറ്റില്‍ പറന്നുപോയി.
തൊട്ടടുത്ത പറമ്പിലും തെങ്ങ്, കവുങ്ങ്, പന, തേക്ക്, മട്ടി, പ്ളാവ്, മാവ്, മഹാഗണി എന്നിവ നിലംപതിച്ചു. പുല്ലഞ്ചേരി അബ്ദുറഹ്മാന്‍, കുന്നരക്കല്‍ സാവിത്രി എന്നിവരുടെയും പുത്തലത്ത് ചെക്കൂട്ടി മാസ്റ്റര്‍, കരുമ്പാതൊടുക ബഷീര്‍, കടന്നലോട്ട് മൊയ്തി, അബ്ദുല്ല, മറിയ എന്നിവരുടെയും പറമ്പുകളിലും വ്യാപക കൃഷിനാശമാണുണ്ടായത്. തെങ്ങ്, കാവുങ്ങ്, മാവ്, പ്ളാവ്, വാഴ എന്നിവയാണ് കൂട്ടത്തോടെ കടപുഴകിയത്. ജില്ലാ വോളിബാള്‍ അസോസിയേഷന്‍ സെക്രട്ടറി പേടംപിലാക്കില്‍ ശ്രീനിവാസന്‍, തോണിയോട്ട് സുരേന്ദ്രന്‍, ഗണേശന്‍ കുന്നരക്കല്‍, പുല്ലഞ്ചേരി ജാനകിയമ്മ എന്നിവരുടെ പറമ്പുകളിലും കൃഷിനാശമുണ്ടായി. ജാനകിയമ്മയുടെ വീടിന്‍െറ ഓടുകള്‍ കാറ്റില്‍ പറന്നുപോയി. ചാലിയത്ത് മുഹ്യുദ്ദീന്‍െറ വീടിനും കേടുപറ്റി. പൈക്കാട്ട്മീത്തല്‍ ഫാത്തിമ, ടി.പി. ഗോവിന്ദന്‍കുട്ടി, ഒ.പി. മുഹമ്മദ്, കെ.പി. മൂസക്കുട്ടി മാസ്റ്റര്‍ എന്നിവരുടെ പറമ്പുകളിലും വൃക്ഷങ്ങള്‍ കടപുഴകുകയും പൊട്ടിവീഴുകയും ചെയ്തു.
പറമ്പില്‍ പുറായില്‍ കുഞ്ഞമ്മോട്ടിയുടെ വീടിനുമുകളില്‍ മാവ് വീണ് കേടുപാട് സംഭവിച്ചു. കൊട്ടയോട്ട് താഴത്ത് വയലിലുള്ള വാഴയും കപ്പയും നശിച്ചു. കെ.കെ. രാജന്‍, ചാലൂര്‍ അമ്മദ്കോയ, കെ. ബാബു, കുനിമ്മല്‍ ഹംസ, വി.പി. സിദ്ദീഖ് എന്നിവരുടെ കുലച്ചതും കുലക്കാറായതുമായ നൂറുകണക്കിന് വാഴകളാണ് കാറ്റില്‍ ഒടിഞ്ഞത്. കൂര്‍മന്‍കണ്ടിയില്‍ അഹമ്മദ്കുട്ടിയുടെ കുടുംബം താല്‍ക്കാലികമായി താമസിക്കുന്ന കുടിലിന് മുകളില്‍ വലിയമാവ് പൊട്ടിവീണെങ്കിലും വീട്ടുകാര്‍ കാറ്റില്‍ ശബദ്ം കേട്ട് പുറത്തിറങ്ങിനിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഈ വീട് പൂര്‍ണമായും തകര്‍ന്നു. വില്ളേജ് ഓഫിസര്‍ അബ്ദുല്‍ ഖാദര്‍, വില്ളേജ് അസിസ്റ്റന്‍റ്, പഞ്ചായത്ത് പ്രസിഡന്‍റ് വി.സി. മുഹമ്മദ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്തംഗം ഐ.പി. രാജേഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. നരിക്കുനി ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രാവിലെ മുതല്‍ രംഗത്തുണ്ടായിരുന്നു.
നരിക്കുനി: കാക്കൂര്‍ പഞ്ചായത്തിലെ കുട്ടമ്പൂരില്‍ കാറ്റില്‍ മരങ്ങള്‍ വീണ് രണ്ട് വീടുകള്‍ക്ക് നാശം. കുന്നപ്പള്ളിക്കണ്ടി ബാലന്‍ നായരുടെ വീടിനാണ് കൂടുതല്‍ നാശനഷ്ടം. പറമ്പിലെ മൂന്ന് പനയും തെങ്ങും കാറ്റില്‍ പൊട്ടിവീണു. ഓടിട്ട വീടിന്‍െറ അടുക്കള ഭാഗം പൂര്‍ണമായി തകര്‍ന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അപകട സമയത്ത് ഏഴംഗ കുടുംബം വീട്ടിലുണ്ടായിരുന്നെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന് മരങ്ങള്‍ മുറിച്ചുമാറ്റി.
പുഴുക്കോട്ടുകണ്ടി കരുണാകരന്‍ നായരുടെ വീടിന് മുകളിലേക്ക് സമീപത്തെ പറമ്പിലെ മരം വീണു. കമലമ്മയുടെ പറമ്പിലെ 20ഓളം വാഴകള്‍ കാറ്റില്‍ നശിച്ചു. കുട്ടമ്പൂരില്‍ സ്കൂള്‍ കെട്ടിടത്തിന്‍െറ ഒന്നാംനിലയിലെ മേല്‍ക്കൂരയുടെ ഓട് കാറ്റില്‍ പറന്നുപോയി. കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മോഹനന്‍, വില്ളേജ് ഓഫിസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
തിരുവമ്പാടി: വെള്ളിയാഴ്ച രാത്രിയുണ്ടായ ചുഴലിക്കാറ്റില്‍ മലയോര മേഖലയില്‍ വന്‍ നാശനഷ്ടം. നെല്ലിപ്പൊയില്‍, മഞ്ഞുവയല്‍ പ്രദേശങ്ങളിലായി തെങ്ങ്, കമുക്, വാഴ, റബര്‍ കൃഷികള്‍ കടപുഴകി. മഞ്ഞുവയല്‍ പെറായില്‍ സുരേഷിന്‍െറ വീട് തകര്‍ന്നു. വീടിനു മുകളില്‍ മരം വീഴുകയായിരുന്നു. മുളങ്ങാശ്ശേരി ജോസഫിന്‍െറ റബര്‍, തെങ്ങ് എന്നിവ നശിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുല്ലൂരാംപാറയില്‍ ഒലിക്കമാക്കില്‍ ജോയിയുടെ കട ഭാഗികമായി തകര്‍ന്നു. താന്നിപൊതിയില്‍ സണ്ണിയുടെ കടയുടെ ഷീറ്റും തകര്‍ന്നു. കൊടക്കാട്ടുപാറ ചൂരത്തൊടിയില്‍ ജോസഫിന്‍െറ നേന്ത്രവാഴത്തോട്ടം കാറ്റില്‍ കടപുഴകി. പൊന്നാങ്കയം ആന്‍റണി കണ്ണന്താനം, ജോസ് കണ്ണന്താനം എന്നിവരുടെ വാഴത്തോട്ടവും നശിച്ചു. ഇവര്‍ക്ക് റബര്‍, തെങ്ങ് കൃഷിയിലും നാശനഷ്ടമുണ്ടായി. കൊടക്കാട്ടുപാറ മണിമല തറപ്പേല്‍ രാജു, നെല്ലിവേലില്‍ ജോണി എന്നിവര്‍ക്കും കൃഷിനാശമുണ്ടായി.

ഹിമപാതം: എവറസ്റ്റില്‍ ഗൂഗിള്‍ എക്സിക്യൂട്ടീവ് മരിച്ചു

Posted: 25 Apr 2015 07:25 PM PDT

Image: 

സാന്‍ഫ്രാന്‍സിസ്കോ: നേപ്പാളിലെ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ ഹിമപാതത്തില്‍ ഗൂഗിള്‍ എക്സിക്യൂട്ടീവ് മരിച്ചു. ഡാന്‍ ഫ്രെഡിന്‍ബര്‍ഗ് എവറസ്റ്റ് ബേസ് ക്യാമ്പില്‍ മരിച്ചതായി ഗൂഗിള്‍ സ്ഥിരീകരിച്ചു. 18000 അടി മുകളിലുള്ള ബെസ് ക്യാമ്പില്‍ തങ്ങവെയാണ് ഹിമപാതമുണ്ടായത്.  18 പര്‍വ്വതാരോഹകര്‍ എവറസ്റ്റ് ബേസ് ക്യാമ്പില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.
ഗൂഗിള്‍ അഡ്വഞ്ചര്‍ എന്നറിയപ്പെട്ടിരുന്ന ഫ്രഡിന്‍ബര്‍ഗ് ഗൂഗിള്‍ എക്സിലെ പ്രൈവസി വിഭാഗം തലവനായിരുന്നു. ജാഗ്ഡ് ഗ്ളോബ് എന്ന എവറസ്റ്റ് സാഹസിക സംഘത്തോടൊപ്പമാണ് ഫ്രിന്‍ബര്‍ഗും കൂട്ടുകാരും സഞ്ചരിച്ചിരുന്നത്.
ഡാനിന്‍്റെ സംഘത്തിലുണ്ടായിരുന്ന മൂന്നു ഗൂഗിള്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നും കമ്പനി അറിയിച്ചു. അവരെ സ്വദേശത്ത് എത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.

പരിമിതന്‍

Posted: 25 Apr 2015 06:30 PM PDT

Image: 

തടി മൂക്കാത്ത മരമാണ് ഇളമരം. തടി മൂത്താല്‍ മരത്തിന് കാതല്‍ വെക്കും. വളര്‍ച്ച കൂടുന്തോറും തടിക്ക് വണ്ണംവെക്കുന്ന ചില മരങ്ങളുടെ വിളഞ്ഞതും കടുപ്പമുള്ളതുമായ ഉള്‍ഭാഗമാണ് കാതല്‍ (തമിഴില്‍ അതിന് അര്‍ഥം വേറെയാണ്; പ്രണയം). സത്ത്, സാരാംശം, ഉള്‍ക്കരുത്ത് എന്നൊക്കെയാണ് മലയാളത്തിലെ മറ്റ് അര്‍ഥങ്ങള്‍. ഇളമരത്തിന് കാതലുണ്ടാവില്ല എന്നറിയാമല്ളോ. എളമരം കരീമിന്‍െറയും അവസ്ഥ അതുതന്നെയാണ്. പറയുന്നതില്‍ സത്തോ സാരാംശമോ ഇല്ല. കണ്ണുപൊട്ടനും കാലുപൊട്ടനും ചെവിപൊട്ടനും സര്‍ക്കാര്‍ സൗജന്യമനുവദിച്ചതാണ് കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തിലത്തെിച്ചത് എന്നാണ് സഖാവ് പറഞ്ഞത്. സംഗതി വിവാദമായപ്പോള്‍ ഫേസ്ബുക്കില്‍ ഖേദിച്ചു. ഒരാള്‍ക്കു വന്ന നാക്കുപിഴ. അതില്‍ വിവാദമാക്കാനെന്തിരിക്കുന്നു എന്ന ലളിതവത്കരണം കൊണ്ട് തള്ളിക്കളയാവുന്നതല്ല ആ പ്രസ്താവന. അതിന് രാഷ്ട്രീയവും സാമൂഹികവുമായ ചില മാനങ്ങളുണ്ട്. അത് കാണാതെപോവരുത്.
ശാരീരികമായ വെല്ലുവിളി നേരിടുന്നവരെ വികലാംഗരെന്നു വിളിച്ചുപോന്നതില്‍ തിരുത്തു വന്നിട്ട് കാലമേറെയായിട്ടില്ല. അംഗപരിമിതര്‍ എന്ന പദത്തിനേക്കാളും അവര്‍ക്ക് ചേരുക ഭിന്നശേഷിയുള്ളവര്‍ എന്ന പദമാണ്. ശാരീരികമോ മാനസികമോ ബുദ്ധിപരമോ ഇന്ദ്രിയ സംബന്ധിയോ വൈകാരികമോ പോഷണസംബന്ധിയോ വികസനപരമോ ആയ ശേഷിക്കുറവിനെ പോസിറ്റിവ് ആയി കാണാന്‍ ശ്രമിച്ചതിനത്തെുടര്‍ന്നാണ് ഭിന്നശേഷി എന്ന പദപ്രയോഗം ഉണ്ടായത്. ഇങ്ങനെയുള്ള വെല്ലുവിളികള്‍ നേരിടുന്നവര്‍ വിഭിന്നമായ ശേഷികള്‍ ഉള്ളവരാണ് എന്ന തിരിച്ചറിവാണ് അതിന്‍െറ കാതല്‍. ഉദാഹരണത്തിന് കണ്ണുപൊട്ടന്‍ എന്ന് സഖാവ് വിളിക്കുന്ന വിഭാഗത്തിന് കണ്ണില്ലാതെ കാണാന്‍ പറ്റും. കരീം സഖാവിന് കണ്ണു തുറന്നിരുന്നാല്‍ പോലും കാണാന്‍ പറ്റില്ല. കണ്ണുണ്ടായിരുന്നിട്ടും കാണാതിരിക്കുക, ചെവിയുണ്ടായിരുന്നിട്ടും കേള്‍ക്കാതിരിക്കുക, ബുദ്ധിയുണ്ടായിട്ടും അത് പ്രയോഗിക്കാതിരിക്കുക എന്നതൊക്കെ പരിമിതന്‍െറ ലക്ഷണങ്ങളാണ്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമാണിപ്പോള്‍. അങ്ങനെയുള്ള ഒരാള്‍ക്ക് സമൂഹത്തിലെ അവശവിഭാഗങ്ങളെക്കുറിച്ച അവബോധം തീരെ ഇല്ലാതെപോവുന്നത് ഭൂഷണമല്ല. 2006 ഡിസംബര്‍ 13ന് 158 ലോകരാഷ്ട്രങ്ങള്‍ ഒപ്പിട്ട ഒരു ഉടമ്പടിയുണ്ട്. ബുദ്ധിപരവും വിവേകപരവുമായി പരിമിതന്മാരായവര്‍ അറിയാതെപോയാലും ഒരു സഖാവ് അത് അറിഞ്ഞിരിക്കണം. ഭിന്നശേഷിയെക്കുറിച്ചുള്ള അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ അംഗീകരിക്കപ്പെട്ട നിയമാവലി അനുസരിച്ചുകൊള്ളാമെന്ന ഉടമ്പടി 2008 മേയ് മൂന്നിന് പ്രാബല്യത്തില്‍ വന്നു.  അന്ന് വി.എസ് സര്‍ക്കാറില്‍ വ്യവസായം ഭരിച്ചുകൊണ്ടിരിക്കുകയാണ് കരീം സഖാവ്. സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന വര്‍ഗബഹുജനപ്രസ്ഥാനത്തിന്‍െറ നേതാവിന് ചില പദങ്ങളുടെ രാഷ്ട്രീയ ശരികളെക്കുറിച്ച് സ്റ്റഡി ക്ളാസ് കൊടുക്കുന്നത് നന്നായിരിക്കും. വികലാംഗര്‍, അംഗപരിമിതര്‍ എന്നീ വാക്കുകളേക്കാള്‍ ജനാധിപത്യപരം ഭിന്നശേഷിയുള്ളവര്‍ എന്ന വാക്കാണ്. ഒരു വാക്കിലെന്തിരിക്കുന്നു എന്നു ചോദിക്കരുത്. വാക്ക് വെളിച്ചമാണ്.
ഒരു വ്യക്തിയുടെ ശരീരഘടനകളും, അവന്‍/അവള്‍ ജീവിക്കുന്ന സമൂഹത്തിലെ ഘടനകളും തമ്മിലുണ്ടാവുന്ന പൊരുത്തമില്ലായ്മ പുതിയ അസമത്വം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശാരീരികമായ വെല്ലുവിളി എന്നത് വൈദ്യശാസ്ത്രപരമായ പ്രശ്നമല്ല. അത് സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നം കൂടിയാണ്.  വ്യക്തിയുടെ പ്രത്യേകതകളെയും പരിമിതികളെയും ഉള്‍ക്കൊള്ളുന്നതിന് സമൂഹത്തിന് കഴിയാതിരിക്കുന്ന ഏതവസ്ഥയും രാഷ്ട്രീയവൈകല്യമായിത്തന്നെ വേണം കാണാന്‍. ഈ ബോധമില്ലാതെ പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നവര്‍ വിവേകപരിമിതര്‍ ആയിത്തീരും. പരിമിതി എന്നത് ആപേക്ഷികമാണ് എന്നുകൂടി ഓര്‍ക്കുക. കാല്‍മുട്ടിന് പ്രശ്നമുള്ളവര്‍ക്ക് കുത്തനെയുള്ള പടികള്‍ കയറാന്‍ ബുദ്ധിമുട്ടാണ്. അത് അയാളുടെ അംഗപരിമിതിയായി പൊതുസമൂഹം കാണും. എന്നാല്‍, ലിഫ്റ്റുകളോ എലിവേറ്ററുകളോ ഉള്ള ഒരു സാമൂഹിക ഇടത്തില്‍ അയാള്‍ പരിമിതന്‍ അല്ല. അന്ധനും ബധിരനും ഭാഷയില്ലാതെ ആശയവിനിമയം നടത്തുന്നത് അവരുടെ സവിശേഷവും വിഭിന്നവുമായ ശേഷികൊണ്ടാണ്. വാക്കുകളുടെയും ശബ്ദത്തിന്‍െറയും സഹായമില്ലാതെ വിനിമയം നടത്താനുള്ള കഴിവില്ലാത്തവര്‍ പരിമിതര്‍ ആണ് എന്നും പറയേണ്ടിവരും. അങ്ങനെ നോക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സി എംപ്ളോയീസ് അസോസിയേഷന്‍െറ ജനകീയ മാര്‍ച്ച് ഉദ്ഘാടനംചെയ്യാന്‍ ഉച്ചഭാഷിണിയും വാക്കുകളും ശബ്ദവും ഒക്കെ ഉപയോഗിച്ച എളമരം കരീം എത്ര പരിമിതന്‍. ഭിന്നശേഷിയുള്ള സഹോദരങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ വന്നത് ബോധപൂര്‍വമല്ല എന്നാണ് ഫേസ്ബുക്കില്‍ ഖേദിക്കുന്നതിനിടെ കരീം സഖാവ് പറഞ്ഞത്. ബോധപൂര്‍വമല്ല ആ പരാമര്‍ശം എന്നു പറയുമ്പോള്‍ സഖാവിന് ആ സമയത്ത് ബോധം ഉണ്ടായിരുന്നില്ല എന്നാണ് അര്‍ഥമാക്കേണ്ടത്. അംഗപരിമിതര്‍ പൂര്‍ണബോധത്തോടെ ജീവിക്കുന്നതിന്‍െറ പൊതുദൃശ്യത അഥവാ വിസിബിലിറ്റി നമുക്കു മുന്നിലുണ്ട്. അന്ധന്മാര്‍ തടഞ്ഞുവീഴാതെ നടക്കുന്നതു നാം കാണുന്നു. എന്നാല്‍, പൂര്‍ണമായും ഉണര്‍ന്നിരിക്കുന്ന അവസ്ഥയില്‍, നൂറുകണക്കിന് തൊഴിലാളികളെ അഭിസംബോധന ചെയ്യുമ്പോള്‍പോലും തനിക്ക് ബോധമുണ്ടായിരുന്നില്ല എന്ന് സഖാവ് വിശദീകരിക്കുന്നു. അപ്പോള്‍ പറയൂ സഖാക്കളേ, ആരാണ് യഥാര്‍ഥ പരിമിതന്‍?
വികസനത്തിന് ഭൂമി ഏറ്റെടുക്കണമെന്നും തെങ്ങിന്മണ്ടയില്‍ വികസനം വരില്ളെന്നും പണ്ട് വ്യവസായമന്ത്രിയായിരുന്നപ്പോള്‍ പ്രസംഗിച്ചതാണ്. വിവരപരിമിതി, വിവേകപരിമിതി എന്നീ വെല്ലുവിളികള്‍ നേരിടുന്നവര്‍ ബഹുജനാടിത്തറയുള്ള പ്രസ്ഥാനത്തിന്‍െറ തലപ്പത്തു നില്‍ക്കുന്നതില്‍ അപാകതയുണ്ട്. അപകടകരമായ ചില വിവക്ഷകളുണ്ട് സഖാവിന്‍െറ പ്രസംഗത്തില്‍. ഭിന്നശേഷിയുള്ളവര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് സൗജന്യമനുവദിച്ചതുകൊണ്ടാണ് കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലായത് എന്നാണ് കരീമിന്‍െറ കണ്ടുപിടിത്തം. ഈയിനത്തില്‍ നഷ്ടമാവുന്ന തുക സര്‍ക്കാര്‍ നല്‍കുന്നില്ല. പറയുന്നതുകേട്ടാല്‍ തോന്നും സൗജന്യയാത്രക്കാരുടെ തിരക്കുകൊണ്ട് മറ്റുള്ളവര്‍ക്കു സീറ്റുകിട്ടുന്നില്ളെന്ന്. തീരെച്ചെറിയ ജനവിഭാഗങ്ങള്‍ക്കു നല്‍കുന്ന സൗജന്യമാണ് നഷ്ടത്തിനു കാരണം എന്നു പറയുമ്പോള്‍ രണ്ടു കാര്യങ്ങളാണ് ബോധപൂര്‍വം മറക്കുന്നത്.  സൗജന്യയാത്ര ചെയ്യുന്ന വിഭാഗങ്ങളില്‍ ഭിന്നശേഷിയുള്ളവരേക്കാളേറെ പൊലീസുകാരും രാഷ്ട്രീയക്കാരും പത്രക്കാരുമൊക്കെയാണ്. ഈ സൗജന്യങ്ങളൊക്കെ സ്വകാര്യബസുകളും നല്‍കുന്നുണ്ട്. മറ്റൊരു കാര്യം, ഇത്രയുംകാലം കെ.എസ്.ആര്‍.ടി.സി ഭരിച്ചുപോന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമടങ്ങുന്ന വെള്ളാനകള്‍ ഇവിടെ ബോധപൂര്‍വം കുറ്റമുക്തരാക്കപ്പെടുകയാണ് എന്നതാണ്. ഒരു പൊതുമേഖലാസ്ഥാപനം ലാഭത്തിനുവേണ്ടിയുള്ളതാണെന്നും ലാഭേച്ഛയാണ് അതിനെ നയിക്കേണ്ടതെന്നുമുള്ള ചിന്ത എന്തായാലും കമ്യൂണിസത്തിന്‍േറതല്ല. അത് മുതലാളിത്തത്തിന്‍േറതാണ്.

നേപ്പാളില്‍ ഭൂകമ്പം: മരണം 1800 കവിഞ്ഞു

Posted: 25 Apr 2015 01:29 PM PDT

Image: 
Subtitle: 
മരണസംഖ്യ 3000 കവിഞ്ഞേക്കും, തിബത്തില്‍ 12ഉം ബംഗ്ളാദേശില്‍ രണ്ടും മരണം, നേപ്പാളിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ റദ്ദാക്കി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ 1800 ലേറെ പേര്‍ മരിച്ചു. 1000ത്തിലധികം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. അനൗദ്യോഗികസൂചനകള്‍ അനുസരിച്ച് മരണസംഖ്യ 3000 കടന്നേക്കും.  ഭൂകമ്പത്തിന്‍െറ തുടര്‍ചലനങ്ങള്‍ ഇന്ത്യയിലും ബംഗ്ളാദേശിലും പാകിസ്താനിലും തിബത്തിലും അനുഭവപ്പെട്ടു. ഇന്ത്യയില്‍ 51ഉം തിബത്തില്‍ 12ഉം ബംഗ്ളാദേശില്‍ രണ്ടും പേര്‍ മരിച്ചു. ഇന്ത്യന്‍ എംബസി കെട്ടിടം തകര്‍ന്ന് നയതന്ത്ര ഉദ്യോഗസ്ഥന്‍െറ ഭാര്യയും മകളും മരിച്ചു. രക്ഷാപ്രവര്‍ത്തനം യുദ്ധകാല അടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.

രാവിലെ 11.40നായിരുന്നു ഭൂകമ്പമാപിനിയില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. നേപ്പാളിലെ രണ്ടാമത്തെ നഗരമായ പൊഖാറക്ക് 80 കിലോമീറ്റര്‍ കിഴക്കാണ് പ്രഭവകേന്ദ്രം. അമേരിക്കന്‍ ഭൗമശാസ്ത്ര മാപ്പ് പ്രകാരം ലാംജൂംഗാണ്  പ്രഭവകേന്ദ്രം. പ്രഭവകേന്ദ്രം രണ്ടുകിലോമീറ്റര്‍ താഴ്ച്ചയിലായത് ഭൂകമ്പത്തിന്‍െറ തീവ്രത കൂട്ടി. മണിക്കൂറിനു ശേഷം 6.6 തീവ്രത രേഖപ്പെടുത്തിയതുള്‍പ്പെടെ 65ലധികം തുടര്‍ചലനങ്ങളും ഉണ്ടായി. നേപ്പാള്‍ റേഡിയോ 3000 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. കാഠ്മണ്ഡുവിലെ നിരവധി കെട്ടിടങ്ങളും വീടുകളും റോഡുകളും തകര്‍ന്നു.

കാഠ്മണ്ഡുവില്‍ മാത്രം മരണം 500ലേറെയാണ്. ഗതാഗതം പൂര്‍ണമായി നിലച്ചു. വൈദ്യുതി-ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. നേപ്പാളിലെ പഴയ പല പട്ടണങ്ങളും നാമാവശേഷമായി. കാഠ്മണ്ഡുവിലെ പ്രശസ്ത ചരിത്രസ്മാരകങ്ങളായ ധര്‍ഹര ഗോപുരവും ദര്‍ബാര്‍ ചത്വരവും തകര്‍ന്നു. ധര്‍ഹരയില്‍നിന്ന് 180 മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളം അടച്ചു. നേപ്പാളിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ റദ്ദാക്കി. കാഠ്മണ്ഡുവിലെ പ്രധാന ആശുപത്രിയില്‍ പരിക്കേറ്റവരെകൊണ്ട് നിറഞ്ഞതിനാല്‍ പലരെയും ഇടനാഴികളിലും പുറത്ത് തെരുവുകളിലും കിടത്തിയാണ് ചികിത്സിക്കുന്നത്. 80 വര്‍ഷത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിത്.

ഭൂകമ്പത്തത്തെുടര്‍ന്ന് എവറസ്റ്റില്‍ ഹിമപാതമുണ്ടായതിലാണ് 18 പര്‍വതാരോഹകര്‍ ബേസ് ക്യാമ്പില്‍ മരിച്ചത്. നിരവധി പര്‍വതാരോഹകരെക്കുറിച്ച് വിവരമില്ല. എന്നാല്‍, എവറസ്റ്റ് കൊടുമുടി കയറാന്‍ പോയ ഇന്ത്യന്‍ സൈന്യത്തിന്‍െറ പര്‍വതാരോഹക സംഘം സുരക്ഷിതരാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, 200ലധികം ഇന്ത്യക്കാര്‍ നേപ്പാളിലെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി.

ബാങ്കോക് സന്ദര്‍ശനത്തിനു പോയ നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള സന്ദര്‍ശനം വെട്ടിച്ചുരുക്കി മടങ്ങി. നേപ്പാള്‍ പ്രസിഡന്‍റ് രാംഭരണ്‍ യാദവ്, പ്രധാനമന്ത്രി സുശീല്‍ കൊയ്രാള എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ച് സഹായം വാഗ്ദാനംചെയ്തു. ദേശീയ ദുരന്ത നിവാരണ  സേനയിലെ 40 പേരുമായി ഡല്‍ഹിയില്‍നിന്ന് വിമാനം കാഠ്മണ്ഡുവില്‍ എത്തി. രക്ഷപ്പെടുത്തിയ 55 ഇന്ത്യക്കാരുമായി വിമാനം രാത്രി വൈകി ഡല്‍ഹിയില്‍ തിരിച്ചത്തെി.
 

കാഠ്മണ്ഡുവിലേക്കു പോയ മലയാളി ഡോക്ടര്‍ സംഘത്തെക്കുറിച്ച് വിവരമില്ല

Posted: 25 Apr 2015 12:56 PM PDT

Image: 

കേളകം (കണ്ണൂര്‍): ഭൂകമ്പം കനത്ത നാശം വിതച്ച കാഠ്മണ്ഡുവിലേക്ക് യാത്ര പോയ മലയാളി ഡോക്ടര്‍ സംഘത്തെക്കുറിച്ച് വിവരമില്ല. വയനാട്ടിലെ വിവിധ പി.എച്ച്.സികളില്‍ ജോലി ചെയ്യുന്ന കേളകം കുണ്ടേരിയിലെ ഡോക്ടര്‍ ദീപക് തോമസ് (25), വടകര സ്വദേശി ഡോക്ടര്‍ എബിന്‍ സൂരി (25), കാസര്‍കോട് സ്വദേശി ഡോക്ടര്‍ ഇര്‍ഷാദ് എന്നിവരെക്കുറിച്ചാണ് ഒരു വിവരവുമില്ലാത്തത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരേ ബാച്ചില്‍ എം.ബി.ബി.എസ് ചെയ്ത സുഹൃത്തുക്കള്‍ കൂടിയായ ഡോക്ടര്‍മാര്‍ ഡല്‍ഹി വഴി കഴിഞ്ഞ ബുധനാഴ്ചയാണ് നേപ്പാളിലേക്ക് യാത്ര തിരിച്ചത്. ഭൂകമ്പം കനത്ത നാശം വിതച്ചെന്ന് റിപ്പോര്‍ട്ടുകളുള്ള കാഠ്മണ്ഡുവിലെ പ്രാന്തപ്രദേശമായ ലുവാക്കോട്ടെയിലാണ് അവസാനമായി ഡോക്ടര്‍മാര്‍ ഉള്ളതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

ഡോക്ടര്‍ ഇര്‍ഷാദ് ഇന്നലെ ഭാര്യയെ ഫോണില്‍ വിളിച്ചിരുന്നു. ഭൂകമ്പ വാര്‍ത്തയറിഞ്ഞതിനു ശേഷം ബന്ധുക്കള്‍ ഇവരെ വീണ്ടും  ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
 

മാതൃഭാഷയുടെ മാധുര്യം നിറഞ്ഞുനിന്ന മത്സരം

Posted: 25 Apr 2015 12:51 PM PDT

Image: 
Subtitle: 
പ്രവാസി കുട്ടികളുടെ മലയാളം പരിജ്ഞാനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ച് വിധികര്‍ത്താക്കള്‍.

ദുബൈ: കേരളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നത്തെി മിഡിലീസ്റ്റിലെ ആറ് രാജ്യങ്ങളിലായി കഴിയുന്ന 13 പേര്‍ ദുബൈയില്‍ അന്തിമ മത്സരത്തിനായി ഒത്തുചേര്‍ന്നപ്പോള്‍ പിറന്നത് പുതുചരിത്രം.  ഗള്‍ഫ് മാധ്യമവും കേരള സര്‍ക്കാറിന്‍െറ വിവിധ വിഭാഗങ്ങളും ചേര്‍ന്ന് സംഘടിപ്പിച്ച മധുരമെന്‍ മലയാളം ഭാഷാ പരീക്ഷയുടെ അന്തിമ മത്സരത്തിനായാണ് യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ദുബൈയില്‍ സംഗമിച്ചത്.

മലയാള ഭാഷയുടെ ഉന്നതങ്ങളില്‍ സ്ഥാനം പിടിച്ച പ്രമുഖ വ്യക്തിത്വങ്ങള്‍ വിധികര്‍ത്താക്കളായും എത്തിയതോടെ ദുബൈയിലെ അന്തിമ മത്സര വേദി മാതൃഭാഷയുടെ വിവിധ ഭാവങ്ങളാല്‍ സജീവമായി. സീനിയര്‍ വിഭാഗത്തില്‍ ആറും ജൂനിയര്‍ വിഭാഗത്തില്‍ ഏഴും വിദ്യാര്‍ഥികളാണ് അന്തിമ മത്സരത്തില്‍ പങ്കെടുത്തത്. സീനിയര്‍ വിഭാഗത്തില്‍ മലയാളം സര്‍വകലാശാല വി.സി. ഡോ. കെ. ജയകുമാര്‍, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, എം.ആര്‍. തമ്പാന്‍ എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍ വി. മധുസൂദനന്‍ നായര്‍, പെരുമ്പടവം ശ്രീധരന്‍, ഡോ. രവിശങ്കര്‍ എസ്. നായര്‍ എന്നിവരുമായിരുന്നു വിധികര്‍ത്താക്കള്‍. മാധ്യമം ഓണ്‍ലൈനിലൂടെ ആദ്യ ഘട്ടത്തില്‍ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയിലും തുടര്‍ന്ന് ഓരോ രാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങളിലും എഴുത്തുപരീക്ഷയിലും വിജയം കൈവരിച്ചാണ് 13 പേര്‍ അന്തിമ പരീക്ഷക്കത്തെിയത്. മലയാള ഭാഷയും സാഹിത്യവും സംവാദവും പ്രശ്നോത്തരിയും കവിതയും അഭിനയവും എല്ലാം മത്സരത്തില്‍ നിറഞ്ഞുനിന്നു.  പൊതുവിജ്ഞാനം, സംവാദം, രചനാ വൈഭവം, കവിതാപാരായണം, തത്സമയ പ്രസംഗം തുടങ്ങിയ വിഭാഗങ്ങളിലായി 100 മാര്‍ക്കിനുളളതായിരുന്നു അന്തിമ പരീക്ഷ.

ഭാഷയുടെ രചനയിലും സംവാദത്തിലും പ്രസംഗത്തിലും എല്ലാം കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ കവിതാപാരായണത്തിലും പലരും പിന്നിലേക്ക് പോയി. വിധികര്‍ത്താക്കള്‍ തത്സമയം നല്‍കിയ കവിതാ ശകലങ്ങള്‍ വായിച്ചുചൊല്ലുന്നതില്‍ പല മത്സരാര്‍ഥികളും ബുദ്ധിമുട്ടി. അതേസമയം, സീനിയര്‍ വിഭാഗത്തില്‍ പൊതുവിജ്ഞാനത്തില്‍ കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. സീനിയര്‍ വിഭാഗത്തില്‍ പൊതുവിജ്ഞാനത്തില്‍ രണ്ടാമതും വിധികര്‍ത്താക്കള്‍ മത്സരം നടത്തി. സംവാദത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ കുട്ടികള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്‍റര്‍നെറ്റിന്‍െറ പ്രയോജനവും ദോഷങ്ങളും സംബന്ധിച്ച് നടന്ന സംവാദത്തില്‍ പുതുതലമുറ ഓരോ ഗുണവും ദോഷവും അക്കമിട്ട് നിരത്തിയതോടെ രക്ഷിതാക്കള്‍ അടങ്ങിയ സദസ്സും സജീവമായി.

ഇന്‍റര്‍നെറ്റിന്‍െറയും സാമൂഹിക മാധ്യമങ്ങളുടെയും ചെറിയ തലത്തില്‍ പോലുമുള്ള പ്രയോജനവും ദോഷങ്ങളുമെല്ലാമായി സജീവമായ സംവാദത്തിനൊടുവില്‍ ഏതൊരു സാങ്കേതിക വിദ്യയും സൂക്ഷ്മമായി ഉപയോഗപ്പെടുത്തുന്നതിന്‍െറ പ്രാധാന്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. ജൂനിയര്‍ വിഭാഗത്തില്‍ പ്രവാസ ലോകത്ത് മലയാള ഭാഷക്ക് പ്രതീക്ഷയേകുന്ന പ്രകടനമാണ് മത്സരാര്‍ഥികള്‍ കാഴ്ചവെച്ചത്. കഥ, കവിത, പ്രസംഗം, അവതരണം തുടങ്ങിയവയിലെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമാണ് നടത്തിയത്. വിജയികളും പിന്നിലത്തെിയവരും തമ്മില്‍ ചെറിയ വ്യത്യാസമാണ് ഉണ്ടായത്.  

പ്രവാസ ലോകത്ത് താമസിക്കുന്ന കുട്ടികളുടെ മനസ്സില്‍ മലയാളത്തോടും കേരളത്തോടുമുള്ള സ്നേഹം നിറഞ്ഞുനില്‍ക്കുന്നതായി പരീക്ഷയിലൂടെ മനസ്സിലാക്കാന്‍ സാധിച്ചതായി വിധികര്‍ത്താക്കള്‍ പറഞ്ഞു. നാട്ടിലേതിനേക്കാള്‍ മികച്ച പ്രകടനമാണ് കുട്ടികള്‍ കാഴ്ചവെച്ചത്. പ്രവാസി കുട്ടികളുടെ മലയാളം പരിജ്ഞാനത്തില്‍ ആറ് വിധികര്‍ത്താക്കളും പൂര്‍ണ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മലയാളത്തെ പഠിക്കാനും സ്നേഹിക്കാനും പുതിയ എഴുത്തുകാരുടെ രചനകള്‍ പോലും വായിക്കാനും സാഹിത്യ- സാമൂഹിക- സാംസ്കാരിക ലോകങ്ങളിലെ മാറ്റങ്ങള്‍ വിലയിരുത്താനും കുട്ടികള്‍ക്ക് കഴിയുന്നുണ്ട്.
ഭാഷയുടെയും സാഹിത്യത്തിന്‍െറയും കാര്യത്തില്‍ പ്രവാസി കുട്ടികള്‍ക്കുള്ള താല്‍പര്യം കുട്ടികള്‍ക്കുള്ള മത്സരത്തില്‍ എപ്പോഴും പ്രകടമായിരുന്നുവെന്ന് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു.

ജൂനിയര്‍ വിഭാഗത്തിലെ കുട്ടികള്‍ ഓരോ ഇനത്തിലും വ്യത്യസ്ത പുലര്‍ത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. വായനയില്‍ കുറവുണ്ടെന്ന് തോന്നിയെങ്കിലും ചില ഘട്ടങ്ങളില്‍ ആഗ്രഹിച്ച മികവ് പുലര്‍ത്താന്‍ വിഘാതമായില്ളെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയുടെ സാഹചര്യത്തില്‍ ഇ ബുക്ക് റീഡര്‍ പോലുള്ള സാധ്യതകള്‍ ഉപയോഗിച്ച് വായനയുടെ ലോകത്തേക്ക് എത്തുന്നതിന് സാധിക്കണമെന്ന് കെ. ജയകുമാര്‍ പറഞ്ഞു.

വായനയിലേക്ക് കുട്ടികള്‍ കൂടുതല്‍ അടുത്താല്‍ അതിന്‍െറ ഗുണം ലഭിക്കും. നാടിനെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് കുട്ടികള്‍ കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തോടും മലയാളത്തോടും കുട്ടികള്‍ വൈകാരിക അടുപ്പം പുലര്‍ത്തുന്നതിന് കുട്ടികള്‍ താല്‍പര്യം പുലര്‍ത്തുന്നുവെന്നത് നല്ല കാര്യമാണെന്ന് കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. വിമര്‍ശനാത്മകമായി കാര്യങ്ങളെ വിലയിരുത്താനും സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനും സാധിക്കുന്നുണ്ട്. വായനയുടെ കുറവ് മൂലമാണ് കവിതാ പാരായണത്തില്‍ ചില കുട്ടികള്‍ പിന്നാക്കം പോകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

നാട്ടിലെ ബിരുദ- ബിരുദാനന്തര വിദ്യാര്‍ഥികളേക്കാള്‍ മികച്ച പ്രകടനമാണ് കുട്ടികള്‍ കാഴ്ചവെച്ചതെന്ന് എം.ആര്‍. തമ്പാന്‍ പറഞ്ഞു. കുട്ടികളില്‍ എഴുതിയ ലേഖനങ്ങളില്‍ ഭാഷാപരമായുള്ള തെറ്റുകളോ അക്ഷര തെറ്റുകളോ കണ്ടത്തൊന്‍ കഴിഞ്ഞില്ല. ഗൃഹാതുരത്വത്തോടെ നാടിനെ കാണുകയും മലയാളത്തെ സ്നേഹിക്കുകയും ചെയ്യുന്നവരാണ് കുട്ടികളെന്നും തമ്പാന്‍ പറഞ്ഞു.
മലയാളത്തിന്‍െറ ഭാവിയെ കുറിച്ച് പ്രതീക്ഷ നല്‍കുന്നതാണ് കുട്ടികളുടെ പ്രകടനമെന്ന് ഡോ. രവിശങ്കര്‍ എസ്. നായര്‍ പറഞ്ഞു.  മികച്ച ഭാഷാപ്രാവീണ്യവും ഭാവനയും പ്രകടിപ്പിച്ചു. സമകാലിക പ്രശ്നങ്ങളും അനുഭവങ്ങളും മനസ്സിലാക്കാനും സ്വന്തം വീക്ഷണത്തില്‍ ആവിഷ്കരിക്കാനും കുട്ടികള്‍ക്ക് സാധിക്കുന്നുണ്ട്. ഉച്ചാരണ മേഖലയിലാണ് ചില പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം സെക്രട്ടേറിയറ്റ് രൂപവത്കരണത്തെ ചൊല്ലി തര്‍ക്കം; വോട്ടെടുപ്പ്

Posted: 25 Apr 2015 11:45 AM PDT

Image: 
Subtitle: 
എട്ട് പേര്‍ എതിര്‍ത്തു

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റിലെ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനെചൊല്ലി സി.പി.എം സംസ്ഥാന സമിതിയില്‍ തര്‍ക്കം. തുടര്‍ന്ന് വോട്ടെടുപ്പിലേക്ക് നീങ്ങിയ തെരഞ്ഞെടുപ്പില്‍ എട്ട് പേര്‍ ഒൗദ്യോഗിക പാനലിന് എതിരെ വോട്ട് ചെയ്തു. പുതിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിലായിരുന്നു തര്‍ക്കവും വോട്ടെടുപ്പും. യെച്ചൂരിയുടെ ആദ്യവരവില്‍ തന്നെ കാര്യങ്ങള്‍ ഐകകണ്ഠ്യേന പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് നേതൃത്വത്തിനും ഒൗദ്യോഗികപക്ഷത്തിനും തിരിച്ചടിയായി. കേരളത്തിലെ പ്രശ്നങ്ങള്‍ അന്വേഷിക്കാന്‍ പി.ബി കമീഷനെ ചുമതലപ്പെടുത്തിയ കേന്ദ്രനേതൃത്വത്തിന് മുന്നില്‍ അതിന്‍െറ ഗൗരവം വരച്ച്കാട്ടുന്നതായിരുന്നു തര്‍ക്കം.

ശനിയാഴ്ച രാവിലെ എ.കെ.ജി സെന്‍ററില്‍ യെച്ചൂരിയുടെയും എസ്. രാമചന്ദ്രന്‍പിള്ളയുടെയും സാന്നിധ്യത്തില്‍ കേരളത്തില്‍ നിന്നുള്ള പി.ബി-കേന്ദ്ര കമ്മിറ്റിയംഗങ്ങളുടെ യോഗം ചേര്‍ന്നിരുന്നു. പുതിയ സെക്രട്ടേറിയറ്റംഗങ്ങളുടെ കാര്യത്തില്‍ ധാരണയിലത്തെിയ ശേഷമാണ് സംസ്ഥാന സമിതി ചേര്‍ന്നത്. യെച്ചൂരിയുടെയും കോടിയേരി ബാലകൃഷ്ണന്‍െറയും അഭ്യര്‍ഥനപ്രകാരം, സംസ്ഥാന നേതൃയോഗത്തില്‍നിന്ന്  വിട്ടുനില്‍ക്കുന്ന വി.എസ്. അച്യുതാനന്ദന്‍ സംസ്ഥാന സമ്മേളന ശേഷം ഇതാദ്യമായി  പങ്കെടുത്തു.

പിണറായി വിജയന്‍െറ അധ്യക്ഷതയിലായിരുന്നു യോഗം. കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയ പാലോളി മുഹമ്മദ് കുട്ടി, നിലവിലെ സി.സി അംഗങ്ങളായ വൈക്കം വിശ്വന്‍, പി.കെ. ഗുരുദാസന്‍ എന്നിവരെ ഒഴിവാക്കി എം.എം. മണി, ടി.പി. രാമകൃഷ്ണന്‍, കെ.ജെ. തോമസ് എന്നിവരെ ഉള്‍പ്പെടുത്തി 15 അംഗ സെക്രട്ടേറിയറ്റ് പാനല്‍ പരിഗണനക്ക് വെച്ചു. തുടര്‍ന്നാണ് എതിരഭിപ്രായം ഉയര്‍ന്നത്. 87 അംഗ സമിതിയിലെ ന്യൂനപക്ഷത്തില്‍ നിന്നാണ് അഭിപ്രായം ഉയര്‍ന്നത്. പുതിയ സെക്രട്ടേറിയറ്റ് രൂപവത്കരണം ഏകപക്ഷീയമാണെന്ന് വിമര്‍ശിച്ചു. കണ്ണൂരില്‍ നിന്നുള്ളവരെ കുത്തിനിറച്ചതായും പാര്‍ട്ടിക്ക് സംഘടനാശേഷിയുള്ള ജില്ലകള്‍ക്ക് പോലും  പ്രാതിനിധ്യമില്ളെന്നും ചൂണ്ടിക്കാട്ടി.

കണ്ണൂര്‍ കഴിഞ്ഞാല്‍  കൂടുതല്‍ സംഘടനാശക്തിയുള്ള ജില്ലയായ കൊല്ലത്ത് നിന്ന് ആരും ഇല്ല. അതുപോലെ എറണാകുളം, ആലപ്പുഴ ജില്ലകളെ അവഗണിച്ചതായും വിമര്‍ശിച്ചു.  എസ്. ശര്‍മ, കെ. ചന്ദ്രന്‍പിള്ള, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരെ ഉള്‍പ്പെടുത്തണമെന്നും ആവശ്യം ഉയര്‍ന്നു. ചില കേന്ദ്ര കമ്മിറ്റിയംഗങ്ങളെ ഒഴിവാക്കിയതിന് പകരമാണ് പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതെന്ന് കോടിയേരി വിശദീകരിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല. ഇതോടെ  വോട്ടെടുപ്പിലേക്ക് നീങ്ങി. എസ്. ശര്‍മ, കെ. ചന്ദ്രന്‍പിള്ള, എം. ചന്ദ്രന്‍, പിരപ്പന്‍കോട് മുരളി, സി.കെ. സദാശിവന്‍, സി.എസ്. സുജാത, സി.കെ. ശശീന്ദ്രന്‍, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരാണ് എതിരഭിപ്രായം പ്രകടിപ്പിച്ചത്.

ഒടുവില്‍ സംസാരിച്ച സീതാറാം യെച്ചൂരി പാര്‍ട്ടിയില്‍ ഐക്യമാണ് പ്രധാനമെന്ന് പറഞ്ഞു. ഇക്കാര്യം മൂന്ന് പ്രാവശ്യം യെച്ചൂരിആവര്‍ത്തിച്ചു. ഐക്യത്തോടെ മുന്നോട്ട്പോയാല്‍ മാത്രമേ പാര്‍ട്ടിക്ക് കരുത്താര്‍ജിക്കാന്‍ കഴിയൂ. കേരളത്തിലെ പ്രശ്നങ്ങള്‍ പി.ബി ചര്‍ച്ച ചെയ്യുകയും അതില്‍ അഭിപ്രായം പ്രകടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആകെയുള്ള 91 അംഗ സംസ്ഥാന സമിതിയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. മൂന്ന് പേര്‍ ക്ഷണിതാക്കളാണ്.

‘ഇനിയില്ല, ഇതെന്‍െറ അവസാന ശ്രമം’

Posted: 25 Apr 2015 11:25 AM PDT

Image: 
Subtitle: 
ദ്രോണരാവാന്‍ അഞ്ചാംതവണയും അപേക്ഷിച്ച് കോച്ച് പുരുഷോത്തമന്‍

കൊച്ചി: ശിഷ്യനായ അര്‍ജുനന് ബ്രഹ്മാസ്ത്രം ഉപദേശിച്ചു നല്‍കിയ ദ്രോണരാണ് മഹാഭാരതത്തില്‍ കേമന്‍. എന്നാല്‍, മൂന്ന് അര്‍ജുനന്‍മാരെ രാജ്യത്തിന് സമ്മാനിച്ചും അവരില്‍ രണ്ടുപേരെ ഒളിമ്പിക്സോളം നയിച്ചും മിടുക്ക് തെളിയിച്ച ഒരു ഗുരു, ദ്രോണരാവാനുള്ള അപേക്ഷയുമായി പത്തുവര്‍ഷത്തെ കാത്തിരിപ്പിലാണ്.
ഒളിമ്പ്യന്‍ സഹോദരങ്ങളായ കെ.എം. ബീനാമോള്‍, കെ.എം. ബിനു എന്നിവരുടെ പരിശീലകന്‍ കൂടിയായ പി.ആര്‍. പുരുഷോത്തമനാണ് 44 വര്‍ഷത്തെ കായികജീവിതത്തിന് അംഗീകാരം തേടി പത്തുവര്‍ഷത്തിനുള്ളില്‍ അഞ്ചാംതവണ പരമോന്നത ആദരവായ ദ്രോണാചാര്യ പുരസ്കാരത്തിന് അപേക്ഷിക്കുന്നത്.
ഏഷ്യന്‍ ഗെയിംസിലെ ഇരട്ട സ്വര്‍ണ മെഡല്‍ ജേതാവും ഖേല്‍രത്ന, അര്‍ജുന, പത്മശ്രീ പുരസ്കാരത്തിനുടമയുമായ കെ.എം. ബീനാമോളെയും സഹോദരന്‍ അര്‍ജുന ജേതാവായ കെ.എം. ബിനുവിനെയും, ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് മാധുരി സിങ്ങിനെയും കുഞ്ഞുപ്രായത്തില്‍ കണ്ടത്തെി ട്രാക്കിലെ പൊന്‍താരങ്ങളാക്കിമാറ്റിയ പി. ആര്‍. പുരുഷോത്തമന് ഇന്ത്യന്‍ അത്ലറ്റിക്സില്‍ മറ്റു മേല്‍വിലാസങ്ങള്‍ ആവശ്യമില്ല.
അവാര്‍ഡ് കമ്മിറ്റിക്കാരെ സ്വാധീനിക്കാനോ, വീറോടെ വാദിക്കാനോ ആരുമില്ളെങ്കിലും അഞ്ചാം തവണയും സമര്‍പ്പിക്കുന്ന അപേക്ഷയില്‍ കുറിച്ചിട്ട കരിയറിലെ പൊന്‍നേട്ടങ്ങള്‍ സാക്ഷ്യം പറയുമെന്ന ആത്മവിശ്വാസത്തിലാണ് മുന്‍ ഇന്ത്യന്‍ കോച്ച് കൂടിയായ കൊച്ചി വെണ്ണല സ്വദേശി പി.ആര്‍. പുരുഷോത്തമന്‍. 2005, 2006, 2012, 2014 വര്‍ഷങ്ങളില്‍ നല്‍കിയ അപേക്ഷകളെല്ലാം ട്രാക്കിനു പുറത്തെ കളിയില്‍ ഫൗളായിപ്പോവുകയായിരുന്നു.
ആദ്യ രണ്ടുവര്‍ഷങ്ങളില്‍ അഖിലേന്ത്യാ അത്ലറ്റിക് ഫെഡറേഷന്‍െറ ഹര്‍ഡ്ലില്‍ തട്ടിവീണപ്പോള്‍ മൂന്നാംതവണ പുരുഷോത്തമന്‍െറ പേര് ലിസ്റ്റില്‍ പെട്ടെങ്കിലും അവസാന നിമിഷം പുറന്തള്ളപ്പെട്ടു. ഏറെ പ്രതീക്ഷയോടെയായിരുന്നു കഴിഞ്ഞതവണ അപേക്ഷ നല്‍കിയത്. എന്നാല്‍, സ്പോര്‍ട്സ് കൗണ്‍സിലില്‍ ചിലര്‍ പിടിച്ചുവെച്ചതോടെ അപേക്ഷ ഡല്‍ഹിയില്‍ ഫെഡറേഷന്‍െറ മേശപ്പുറത്ത് എത്താന്‍ വൈകി. തടസ്സം സൃഷ്ടിച്ച കാര്‍മേഘങ്ങളെല്ലാം ഇക്കുറി നീങ്ങുകയാണ്.
മനംമടുത്തെങ്കിലും സംസ്ഥാന അത്ലറ്റിക് അസോസിയേഷന്‍ ഭാരവാഹികളുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തില്‍ അഞ്ചാംവട്ടവും പുരുഷോത്തമന്‍ ദ്രോണാചാര്യ പുരസ്കാരത്തിന് അപേക്ഷിച്ചു.
മുന്‍വര്‍ഷങ്ങളില്‍ മലയാളി പരിശീലകന്‍െറ കടലാസുകള്‍ ഡല്‍ഹിയിലത്തെരുതെന്ന് വാശിപിടിച്ച പലരും ഇപ്പോള്‍ കസേരകളില്‍ ഇല്ളെന്നതാണ് നേരിയ പ്രതീക്ഷ. തേടിയെത്തേണ്ട അംഗീകാരങ്ങള്‍ അകന്നുപോവുമ്പോഴും പരാതികളില്ലാതെയാണ് ട്രാക്കിലെ സൗമ്യസാന്നിധ്യം അപേക്ഷ നല്‍കുന്നത്. ഒപ്പം ഒരു മുന്നറിയിപ്പും- ‘ഇത് തന്‍െറ അവസാനത്തെ അപേക്ഷയാവും. ഇനി കൈനീട്ടാനില്ല’.  അര്‍ജുന ജേതാക്കള്‍ക്കുപുറമെ, രാജ്യാന്തര-ദേശീയ അത്ലറ്റുകളായ കെ.എ. ജയകുമാര്‍,പി.എസ.് പ്രിമേഷ്്, സാജു ജോര്‍ജ്, റെജി അഗസ്റ്റിന്‍, ടി. താലിബ്, ജോബി ഫ്രാന്‍സിസ്, ബിന്ദു ഗ്രേസ് എന്നിങ്ങനെ നീളുന്ന പുരുഷോത്തമന്‍ വളര്‍ത്തിയെടുത്ത് സമ്മാനിച്ച ട്രാക്കിലെ താരങ്ങളുടെ നിര.കോട്ടയം അയ്മനം കല്ലുപറമ്പുകാരനായ പുരുഷോത്തമന്‍ ഇന്ത്യയിലെ മുന്‍നിര മധ്യദൂര ഓട്ടക്കാരനായി പേരെടുത്താണ് അത്ലറ്റിക്സ് ട്രാക്കിലിറങ്ങുന്നത്. 1969-72 വരെ റെയില്‍വേയിലും പിന്നീട് ടെല്‍കോയിലുമായിരുന്നു കരിയര്‍. ടെല്‍കോ വിടും മുമ്പേ കോച്ചിന്‍െറ വേഷവും അണിഞ്ഞു.
1989ല്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിശീലകനായി മാറിയതോടെ ഒരുപിടി പുതുഅത്ലറ്റുകള്‍ക്കും പിറവി കൊള്ളുകയായിരുന്നു. ആദ്യ നിയമനത്തില്‍ തിരുവനന്തപുരം ജി.വി. രാജയിലത്തെുമ്പോള്‍ എട്ടാം ക്ളാസുകാരിയായി കെ. എം. ബീനാമോളും അവിടെയത്തെി. കൗമാരക്കാരിയായ ബീനാമോള്‍ക്കും പുരോഷോത്തമനും അതൊരു പിഴക്കാത്ത സ്റ്റാര്‍ട്ടിങ്ങായിരുന്നു.
400,800 മീറ്ററുകളില്‍ നിരവധി ദേശീയ മെഡലുകളും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് (2000 ജക്കാര്‍ത്ത), ഏഷ്യന്‍ ഗെയിംസ് (2002 ബുസാന്‍), 2000 സിഡ്നി ഒളിമ്പിക്സ് 800 മീ. സെമിയിലും 2004 ഏഥന്‍സ് ഒളിമ്പിക്സ് റിലേ ഫൈനലിലും ബീനാമോള്‍ ഓടുമ്പോള്‍ പരിശീലകനായി പുരുഷോത്തമനമുണ്ടായിരുന്നു. ബീനാമോളുടെ ശിപാര്‍ശയില്‍ ഒപ്പം കൂട്ടിയ സഹോദരന്‍ ബിനുവിനെയും ഇദ്ദേഹം ഒളിമ്പ്യനാക്കി.
ബുസാനില്‍ ചേച്ചിയും അനിയനും സ്വര്‍ണമണിഞ്ഞ് അപൂര്‍വചരിത്രം കുറിച്ചപ്പോള്‍ ട്രാക്കിനു പുറത്ത് കോച്ചുമുണ്ടായിരുന്നു. 1996 മുതല്‍ 2004വരെ പുരുഷോത്തമന്‍ ദേശീയടീമിലെ മധ്യദൂര കോച്ചായിരുന്നപ്പോള്‍ ഈ വിഭാഗത്തില്‍ ഏഷ്യയില്‍ ഇന്ത്യയുടെ സുവര്‍ണകാലവുമായിരുന്നു.
മലയാളികള്‍ക്കൊപ്പം ഒട്ടേറെ ഉത്തരേന്ത്യന്‍ അത്ലറ്റുകളും അന്ന് ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് ഉയര്‍ന്നുവന്നു. മനംമടുത്ത് പരിശീലകവേഷം അഴിച്ചുവെച്ച പുരുഷോത്തമന്‍ 2007 മുതല്‍ മഹാരാജാസ് കോളജ് സിന്തറ്റിക് ട്രാക്കിന്‍െറ ചുമതലക്കാരനായും കൊച്ചിയിലെ നവദര്‍ശന്‍ സ്പോര്‍ട്സ് അക്കാദമിയിലെ ചീഫ് കോച്ചായും പുതുതലമുറയുടെ കായിക സ്വപ്നങ്ങള്‍ക്കൊപ്പം സജീവമായുണ്ട്.
 

പി.എഫ് നിക്ഷേപത്തില്‍ അഞ്ചു ശതമാനം ഓഹരി വിപണിയിലേക്ക്

Posted: 25 Apr 2015 11:20 AM PDT

Image: 

ന്യൂഡല്‍ഹി: എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ടിലെ അഞ്ചു ശതമാനം നിക്ഷേപം ഓഹരിവിപണിയിലേക്ക്. എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് (ഇ.ടി.എഫ്) തുക വകമാറ്റാന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം അനുമതിനല്‍കി. 5000 കോടി രൂപയോളമാണ് ഇതുവഴി ഓഹരി വിപണിയിലത്തെുക.

നടപ്പ് സാമ്പത്തിക വര്‍ഷം പ്രോവിഡന്‍റ് ഫണ്ട് നിക്ഷേപം ലക്ഷം കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്. 2014-15 സാമ്പത്തിക വര്‍ഷം 80,000 കോടി രൂപയായിരുന്നു നിക്ഷേപം. തുടക്കത്തില്‍ ഒരു ശതമാനം നിക്ഷേപമാണ് ഓഹരി വിപണിയിലത്തെിക്കുക. വര്‍ഷാവസാനത്തോടെ ഇത് അഞ്ച് ശതമാനമാക്കും.
 

ലാ ലിഗ: ബാഴ്സക്ക് തകര്‍പ്പന്‍ ജയം

Posted: 25 Apr 2015 11:16 AM PDT

Image: 

ബാഴ്സലോണ: സ്പാനിഷ് ലീഗില്‍ കിരീടപ്പോരാട്ടം മുറുകവേ നാട്ടുകാരായ എസ്പാന്യോളിനെതിരെ ബാഴ്സലോണക്ക് 2-0ത്തിന്‍െറ തകര്‍പ്പന്‍ ജയം. ആദ്യ പകുതിയില്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും നെയ്മറുമാണ് ബാഴ്സക്കായി ഗോളുകള്‍ നേടിയത്. പോയന്‍റ് പട്ടികയില്‍ ഒന്നാമതുള്ള ബാഴ്സ ഈ ജയത്തോടെ 33 മത്സരങ്ങളില്‍നിന്ന് 81 പോയന്‍റുമായി, രണ്ടാമതുള്ള റയല്‍ മഡ്രിഡുമായുള്ള വ്യത്യാസം അഞ്ചാക്കി ഉയര്‍ത്തി.  എസ്പാന്യോളിന്‍െറ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ നെയ്മറാണ് എതിര്‍വല ആദ്യം കുലുക്കിയത്. 17ാം മിനിറ്റില്‍ നെയ്മര്‍ ലക്ഷ്യം കണ്ടതിനു പിന്നാലെ 25ാം മിനിറ്റില്‍ സുവാരസിന്‍െറ സഹായത്താല്‍ മെസ്സിയും പന്ത് വലയിലത്തെിച്ചു. ബാഴ്സയുടെ കുന്തമുനയായ മെസ്സിയും നെയ്മറും സുവാരസും മികച്ച ഫോമിലാണ് കളിച്ചത്. 54ാം മിനിറ്റില്‍ ജോര്‍ദി ആല്‍ബ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായെങ്കിലും ബാഴ്സക്ക് വ്യത്യാസമൊന്നുമുണ്ടായില്ല.

വന്‍ ഭൂകമ്പങ്ങള്‍^1900 ത്തിന് ശേഷം

Posted: 25 Apr 2015 11:10 AM PDT

Image: 

ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും 1900ത്തിന് ശേഷം നടന്ന ശക്തമായ ഭൂകമ്പങ്ങള്‍
1906 ജനുവരി 31: ഇക്വഡോര്‍ തീരത്ത് റിക്ടര്‍ സ്കെയിലില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും സൂനാമിയുമുണ്ടായി. മരണപ്പെട്ടത് 500 പേര്‍.   
1950 ആഗസ്റ്റ് 15: തിബത്തിലുണ്ടായ ഭൂചലനത്തില്‍ മരണം 780. രേഖപ്പെടുത്തിയ തീവ്രത 8.6
1960 മേയ് 22: തെക്കന്‍ ചിലിയില്‍ 9.5 തീവ്രതയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും 1,716 മരണം.
1964 മാര്‍ച്ച് 28: യു.എസിലെ അലാസ്കയുടെ പ്രിന്‍സ് വില്യം സൗണ്ടില്‍ 131 പേര്‍ മരിച്ചു. തീവ്രത 9.2
2001 ജനുവരി 26: ഗുജറാത്തിലെ ചെറുനഗരമായ ഭുജില്‍ 7.7 തീവ്രതയോടെ അനുഭവപ്പെട്ട ഭൂകമ്പത്തില്‍ 10,000ത്തിലേറെ പേര്‍ മരിച്ചു.

2004 ഡിസംബര്‍ 26: ഇന്തോനേഷ്യയിലെ സുമാത്രയില്‍ 9.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും തുടര്‍ന്നുണ്ടായ സൂനാമിയിലും ഏഷ്യ പസഫിക് മേഖലയിലെ രാഷ്ട്രങ്ങളില്‍ മരണമടഞ്ഞത്  2,30,000ലേറെ പേര്‍.
2005 മാര്‍ച്ച് 28: ഇന്തോനേഷ്യയിലെ സുമാത്രയുടെ വടക്കന്‍ മേഖലയില്‍ 8.6 തീവ്രതയിലുണ്ടായ ഭൂകമ്പത്തില്‍ 1,300 പേര്‍ മരിച്ചു.
2005 ഒക്ടോബര്‍ 8: വടക്കന്‍ പാകിസ്താനില്‍ സംഭവിച്ച ഭൂകമ്പത്തില്‍ മരിച്ചത് 86,000 പേര്‍. 69,000 ലേറെ പേര്‍ക്ക് പരിക്കേറ്റു. 7.6 തീവ്രതയില്‍ അനുഭവപ്പെട്ട ഭൂകമ്പം മേഖലയില്‍ വന്‍ നാശനഷ്ടങ്ങള്‍ക്കും കാരണമായി.
2007 സെപ്റ്റംബര്‍ 12: ഇന്തോനേഷ്യയിലെ സുമാത്രക്കടുത്ത് 8.5 തീവ്രതയിലുണ്ടായ ഭൂചലനത്തില്‍  25 പേര്‍ മരിച്ചു.
2010 ഫെബ്രുവരി 27: ചിലിയെ പിടിച്ചുകുലുക്കി 8.8 തീവ്രതയിലുണ്ടായ ഭൂകമ്പത്തില്‍ 524 പേര്‍ മരണപ്പെട്ടു
2011 മാര്‍ച്ച് 11: ജപ്പാനിലെ വടക്കുകിഴക്കന്‍ തീരമേഖലയിലുണ്ടായ ഭൂകമ്പം കവര്‍ന്നത് 18,000 ജീവന്‍. തീവ്രത 9.0.
2011 സെപ്റ്റംബര്‍ 20: സിക്കിമില്‍ 6.8 തീവ്രതയിലുണ്ടായ ഭൂകമ്പത്തില്‍ 68 പേര്‍ മരിച്ചു.
2013 ഏപ്രില്‍ 20: ഭൂകമ്പമാപിനിയില്‍ 6.6 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ചൈനയുടെ തെക്ക് പടിഞ്ഞാന്‍ പ്രവിശ്യയില്‍ 150ലേറെ പേര്‍ മരിച്ചു.

2013 സെപ്റ്റംബര്‍ 25: പാകിസ്താന്‍െറ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്താന്‍െറ ഗ്രാമങ്ങളില്‍ 7.7 തീവ്രതയിലുണ്ടായ ഭൂചലനം കവര്‍ന്നത് 300 ജീവനുകള്‍
 

മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്‍െറ ദുരന്തം

Posted: 25 Apr 2015 11:05 AM PDT

Image: 
Subtitle: 
ഭൗമശാസ്ത്രജ്ഞരും കാലാവസ്ഥാ വിദഗ്ധരും ദുരന്തം വളരെ മുമ്പുതന്നെ പ്രവചിച്ചിരുന്നു

കാഠ്മണ്ഡു: നേപ്പാളില്‍ വന്‍ദുരന്തം വിതച്ച ഭൂകമ്പത്തില്‍ മരണം ഇത്രയേറെ കൂടാന്‍ കാരണം മുന്നറിയിപ്പുകള്‍ അവഗണിച്ചത്.  ഭൗമശാസ്ത്രജ്ഞരും കാലാവസ്ഥാ വിദഗ്ധരും വന്‍ദുരന്തം ഹിമാലയമേഖലയില്‍ വളരെ മുമ്പുതന്നെ പ്രവചിച്ചിരുന്നു. ഭൂപാളികളില്‍ ചലനം സംഭവിക്കുന്നതും പരസ്പരം കൂട്ടിമുട്ടി വന്‍ ഊര്‍ജം രൂപപ്പെട്ടതും നേരത്തേ വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. ഭൂകമ്പ ശാസ്ത്രജ്ഞന്‍ വിനോദ് കുമാര്‍ ഗൗര്‍ രണ്ട് വര്‍ഷംമുമ്പ് ഭൂകമ്പ സാധ്യതയെപ്പറ്റിയുള്ള നിഗമനം ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. ഹിമാലയ മേഖലയില്‍ ഭൂപാളി ചലനത്തിലൂടെ വളരെയേറെ ഊര്‍ജം കേന്ദ്രീകരിക്കപ്പെട്ടതായും അതിന് റിക്ടര്‍ സ്കെയിലില്‍ എട്ട് തീവ്രതരേഖപ്പെടുത്തുന്ന ഭൂകമ്പമുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഭൂകമ്പം നാളെയോ ഒരാഴ്ചകഴിഞ്ഞോ അല്ളെങ്കില്‍ രണ്ടുവര്‍ഷം കഴിഞ്ഞോ ഉണ്ടാകുമെന്നും ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉള്‍പ്പെടെ വിനോദ്കുമാര്‍ ഗൗര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഉള്‍പ്പെടെ ആരും മുന്നറിയിപ്പ് കാര്യമായി എടുത്തില്ല. 2012ല്‍ നേച്ചര്‍ ജിയോ സയന്‍സ് മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ നാന്‍യാങ് സാങ്കേതിക സര്‍വകലാശാല (എന്‍.ടി.യു)യിലെ ഗവേഷണ സംഘം മേഖലയില്‍ 8-8.5 തീവ്രതയുള്ള ഭൂകമ്പം ഉണ്ടാകുമെന്ന് സൂചിപ്പിച്ചിരുന്നു. 1255, 1934 വര്‍ഷങ്ങളില്‍ ഹിമാലയത്തില്‍ വന്‍ ഭൂകമ്പമുണ്ടായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയത്.

2015 മാര്‍ച്ച് നാലിന് ഭൂകമ്പശാസ്ത്രജ്ഞര്‍ ജിയോ ഫിസിക്കല്‍ റിസര്‍ച്ച് സോളിഡ് എര്‍ത്ത് എന്ന ജേണലിന്‍െറ ഓണ്‍ലൈന്‍ എഡിഷനില്‍ വന്ന ലേഖനത്തിലും ഭൂകമ്പ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബംഗളൂരുവിലെ ജവഹര്‍ലാല്‍ നെഹ്റു സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍റിഫിക് റിസര്‍ച്ചിലെ സി.പി. രാജേന്ദ്രനും ശാസ്ത്രജ്ഞരായ ബിജു ജോണ്‍, കുശാല രാജേന്ദ്രന്‍ (ഐ.ഐ.എസ്) എന്നിവര്‍ സംയുക്തമായാണ് ലേഖനമെഴുതിയത്.

ചെന്നൈക്ക് തകര്‍പ്പന്‍ ജയം

Posted: 25 Apr 2015 11:00 AM PDT

Image: 

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 97 റണ്‍സിന്‍െറ തകര്‍പ്പന്‍ ജയം. ചെന്നൈ മുന്നോട്ടുവെച്ച 193 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ രവീന്ദ്ര ജദേജ, രണ്ടു വിക്കറ്റുകള്‍ വീതം നേടിയ ആശിഷ് നെഹ്റ, ആര്‍. അശ്വിന്‍ എന്നിവരുടെ ബൗളിങ്ങാണ് പഞ്ചാബിനെ പിടിച്ചുനിര്‍ത്തിയത്. 34 റണ്‍സെടുത്ത ഓപണര്‍ മുരളി വിജയ് ആണ് പഞ്ചാബിന്‍െറ ടോപ് സ്കോറര്‍. ഷോണ്‍ മാര്‍ഷ് (10), വൃദ്ധിമാന്‍ സാഹ (15), അനുരീത് സിങ് (10) എന്നിവരാണ് പിന്നീട് രണ്ടക്കം കടന്ന പഞ്ചാബ് താരങ്ങള്‍.
ടോസ്നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ ബ്രണ്ടന്‍ മക്കല്ലത്തിന്‍െറ അര്‍ധശതകത്തിന്‍െറയും ക്യാപ്റ്റന്‍ ധോണിയുടെ തകര്‍പ്പനടിയുടെയും ബലത്തിലാണ് മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മികച്ച സ്കോര്‍ നേടിയത്. മക്കല്ലമാണ് കളിയിലെ താരം. ഡ്വയ്ന്‍ സ്മിത്തും മക്കല്ലവും ചേര്‍ന്ന ഓപണിങ് വിക്കറ്റ് മികച്ച തുടക്കമാണ് ചെന്നൈക്ക് നല്‍കിയത്. 4.4 ഓവറില്‍ 50 റണ്‍സ് ചേര്‍ത്തതിന് പിന്നാലെയാണ് കൂട്ടുകെട്ട് പിരിഞ്ഞത്. 13 പന്തില്‍ മൂന്നു ഫോറും രണ്ടും സിക്സും പറത്തി 26 റണ്‍സെടുത്ത സ്മിത്തിനെ അനുരീത് സിങ് പറഞ്ഞയച്ചു. തുടര്‍ന്ന്, സുരേഷ് റെയ്നയെ കൂട്ടുപിടിച്ച മക്കല്ലം പഞ്ചാബ് ബൗളിങ്ങിനെ തച്ചുടച്ചു. 44 പന്തില്‍ എട്ടു ഫോറും മൂന്നു സിക്സും പായിച്ച് 66 റണ്‍സെടുത്ത മക്കല്ലത്തെ അക്ഷര്‍ പട്ടേലാണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റില്‍ 66 റണ്‍സ് പിറന്നു.
പിന്നീട് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കൊപ്പം സ്കോര്‍ മുന്നോട്ടുനീക്കിയ റെയ്ന 29 റണ്‍സെടുത്ത് നില്‍ക്കെ റണ്ണൗട്ടായി. തുടര്‍ന്ന് രവീന്ദ്ര ജദേജക്കൊപ്പം ചേര്‍ന്ന് ധോണി ഇന്നിങ്സ് നിയന്ത്രിച്ചു.
പിരിയാത്ത നാലാം വിക്കറ്റില്‍ 48 റണ്‍സാണ് ഈ സഖ്യം നേടിയത്. ധോണി 27 പന്തില്‍ രണ്ടു ഫോറും രണ്ടു സിക്സും പറത്തി 41 റണ്‍സെടുത്തപ്പോള്‍ 11 പന്തില്‍ 18 റണ്‍സാണ് ജദേജയുടെ സമ്പാദ്യം.

എവറസ്റ്റില്‍ ഹിമപാതം; 18 മരണം

Posted: 25 Apr 2015 10:51 AM PDT

Image: 

കാഠ്മണ്ഡു: ഭൂകമ്പത്തെ തുടര്‍ന്ന് എവറസ്റ്റ് കൊടുമുടിയില്‍ ശക്തമായ ഹിമപാതം. 18 പേര്‍ മരിച്ചു. പര്‍വതാരോഹകരില്‍ ചിലരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. കൊടുമുടി കയറാന്‍ നിരവധിപേര്‍ എവറസ്റ്റില്‍ തമ്പടിച്ചിരുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. ഹിമപാതത്തില്‍ ബേസ് ക്യാമ്പില്‍ 18 പേര്‍ മരിച്ചതായി നേപ്പാള്‍ ടൂറിസം മന്ത്രാലയമാണ് അറിയിച്ചത്.

 മരിച്ചവരില്‍ വിദേശികളും ഷേര്‍പ്പകളും ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഗ്യാനേന്ദ്ര ശ്രേഷ്ഠ പറഞ്ഞു.
റുമേനിയന്‍ പര്‍വതാരോഹകന്‍ അലക്സ് ഗാവന്‍ അതിഭീകരമായ ഹിമപാതം സംഭവിക്കുന്നതായി ട്വിറ്ററില്‍ കുറിച്ചു. എവറസ്റ്റ് ബേസ് ക്യാമ്പില്‍നിന്നാണ് അലക്സ് ഗാവന്‍ ട്വീറ്റ് ചെയ്ത്.

മറ്റൊരു പര്‍വതാരോഹകനായ ഡാനിയന്‍ മസൂര്‍ ബേസ് ക്യാമ്പില്‍ വലിയ നാശമുണ്ടായതായും തന്‍െറ സംഘാംഗങ്ങള്‍ ഹിമപാതത്തില്‍ കുടുങ്ങിയതായും ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍നിന്നുള്ള പര്‍വതാരോഹക സംഘം സുരക്ഷിതരാണെന്നും ഇവരെ ഉടന്‍ നാട്ടിലത്തെിക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. പര്‍വതാരോഹകന്‍ അര്‍ജുന്‍ വാജ്പേയി തന്‍െറ സംഘാംഗങ്ങള്‍ എല്ലാവരും സുരക്ഷിതരാണെന്ന് ഫോണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ 10-15 പര്‍വതാരോഹകര്‍ കുടുങ്ങിയതായി അദ്ദേഹം അറിയിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP