ദേശീയപാത രാത്രിയാത്രാ നിരോധം; വയനാടിന് രോഷം, നിരാശ Posted: 17 Apr 2015 01:09 AM PDT സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 212ലെ രാത്രിയാത്രാ നിരോധവുമായി ബന്ധപ്പെട്ട് മലബാര്‍ നിവാസികള്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച ബുധനാഴ്ചത്തെ ഉന്നതല ചര്‍ച്ച പ്രഹസനമായി. ഏറെ ഗൃഹപാഠം ചെയ്തത്തെിയ കര്‍ണാടക സംഘത്തിന്‍െറ ആസൂത്രണങ്ങള്‍ക്കു മുന്നില്‍ ഒരു തയാറെടുപ്പുമില്ലാതെ വന്ന കേരള പ്രതിനിധികള്‍ക്ക് തൊട്ടതെല്ലാം പിഴച്ചു. രാത്രിയാത്രാ നിരോധം പിന്‍വലിക്കുന്നതിനെപ്പറ്റി ചര്‍ച്ചയേ വേണ്ടെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധ രാമയ്യയുടെ നിലപാടിനു മുമ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കൂട്ടരും തീര്‍ത്തും പരാജയമായെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ പ്രാവശ്യം നിരോധം പിന്‍വലിക്കാനാവശ്യമായ നടപടികളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ബംഗളൂരുവിലത്തെിയ മുഖ്യമന്ത്രി ബദല്‍ റോഡ് പ്രഖ്യാപനം നടത്തി മടങ്ങിയതിന്‍െറ തനിയാവര്‍ത്തനമായി ഇത്തവണയും. നിരോധം പിന്‍വലിക്കുന്ന വിഷയം ചര്‍ച്ച ചെയ്തില്ളെന്നു മാത്രമല്ല, കോണ്‍വോയ് സംവിധാനമാവശ്യപ്പെട്ട് സംയുക്ത റിപ്പോര്‍ട്ട് നല്‍കാനും കേസില്‍ വീണ്ടും അവധി നീട്ടി വാങ്ങാനുമാണ് ധാരണയായത്. സംയുക്ത റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി അനുവദിച്ച ആറാഴ്ചകള്‍ക്ക് പകരം രണ്ടു മാസത്തിനുള്ളില്‍ കേരള-കര്‍ണാടക വനം വകുപ്പ് സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് തയാറാക്കി കോടതിയില്‍ നല്‍കിയാല്‍ മതിയെന്നാണ് ധാരണ. ഇതിനു വേണ്ടി കോടതിയില്‍നിന്ന് വീണ്ടും സമയം നീട്ടിവാങ്ങും. കേരള സംഘത്തിന്‍െറ നിലപാട് നിരോധം എങ്ങനെയും നീട്ടിക്കൊണ്ടുപോകാനുള്ള കര്‍ണാടകയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചായിപ്പോയി. കേരളം തങ്ങളുടെ മൂന്ന് ആവശ്യങ്ങള്‍ കര്‍ണാടകയുടെ മുന്നില്‍ വെക്കുക മാത്രമാണ് ചെയ്തത്. ഇക്കാര്യങ്ങള്‍ പഠിച്ചിട്ട് റവന്യൂ സെക്രട്ടറിമാര്‍ നിലപാട് എടുക്കുമെന്ന ധാരണ മാത്രമാണ് ചര്‍ച്ചയില്‍ ഉണ്ടായത്. കാവേരി ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടതിന്‍െറ ആറിരട്ടി വെള്ളമാണ് കേരളം നിലവില്‍ കര്‍ണാടകക്ക് നല്‍കുന്നത്. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയപാത തുറന്നുനല്‍കണമെന്നാവശ്യപ്പെടാന്‍ കേരള സംഘത്തിന് കഴിഞ്ഞില്ല. കേരളവും കര്‍ണാടകയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാറുകള്‍ ഭരിച്ചുകൊണ്ടിരിക്കെ, രാഷ്ട്രീയ പരിഹാരം എളുപ്പമാണെന്ന അവകാശ വാദങ്ങളും പിഴച്ചു. കര്‍ണാടകയിലെ ബി.ജെ.പി ഭരണമാണ് പ്രശ്ന പരിഹാരത്തിന് തടസ്സമെന്നാണ് മുമ്പ് മുഖ്യമന്ത്രിയും യു.ഡി.എഫ് നേതാക്കളും വാദിച്ചിരുന്നത്. ഗതാഗതം നിരോധിച്ചത് ചാമരാജ് ജില്ലാ കലക്ടറാണെന്നും സര്‍ക്കാറിന് അതില്‍ പങ്കില്ളെന്നും കോടതിയില്‍ കേരളത്തെ അനുകൂലിക്കാമെന്നുമായിരുന്നു അന്നത്തെ മുഖ്യമന്ത്രി യദിയൂരപ്പയുടെ ആദ്യ പ്രഖ്യാപനം. പക്ഷേ, കേസ് കോടതിയിലത്തെിയപ്പോള്‍ മലക്കം മറിഞ്ഞു. ബി.ജെ.പി ഭരണകാലത്തെ ഉദ്യോഗസ്ഥന്‍െറ നിലപാടിനെക്കാള്‍ അപ്പുറത്താണ് നിരോധം നീക്കുന്നതിനെപ്പറ്റി ചര്‍ച്ച തന്നെ വേണ്ടെന്ന ഇപ്പോഴത്തെ കര്‍ണാടക മുഖ്യന്‍ സിദ്ധ രാമയ്യയുടെ നിലപാട്. രാഷ്ട്രീയ പരിഹാരം സാധ്യമല്ളെങ്കില്‍ ജയിക്കാന്‍ പറ്റുന്ന കേസെന്ന നിലക്ക് നിയമ പോരാട്ടത്തിനൊരുങ്ങാനും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തയാറാവാത്തതാണ് വയനാട്ടുകാരെ ഏറെ നിരാശപ്പെടുത്തുന്നത്. അഞ്ചര വര്‍ഷമായി സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കേരളം അഭിഭാഷകനെ നിയമിച്ചത് വിചാരണാദിനത്തിന്‍െറ തലേന്ന് മാത്രമായിരുന്നു. കേസ് പഠിക്കാന്‍ സമയം ലഭിക്കാതിരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടക-കേരള മുഖ്യമന്ത്രിമാരുടെ ഉന്നതതല ചര്‍ച്ചയിലൂടെ പരിഹാരമെന്ന ആശയം കോടതിയില്‍ സമര്‍പ്പിച്ച് അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യം തലയൂരുകയായിരുന്നു. ഇതിന് കോടതി അനുവദിച്ച എട്ടാഴ്ചക്കാലത്തെ കാലയളവിലും കേരള സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഒരു നീക്കവും നടന്നില്ല. പിന്നീട് സുപ്രീംകോടതിയില്‍നിന്ന് അവധി നീട്ടിവാങ്ങിയ ശേഷമാണ് ബുധനാഴ്ച ചര്‍ച്ച നടന്നത്. കേവലം 20 രൂപ പ്രോസസിങ് ചാര്‍ജ് അടക്കാന്‍ വീഴ്ച വരുത്തിയതിന്‍െറ പേരില്‍ ഒന്നര വര്‍ഷത്തിലധികം കേസ് അനിശ്ചിതത്വത്തിലാക്കിയ മുന്‍ അനുഭവമാണ് കേരള സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുമുണ്ടായത്. കേരളത്തിന്‍െറ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ചിലര്‍ കര്‍ണാടകയിലെ മാധ്യമങ്ങളെ ഉപയോഗിച്ച് നിരോധ വിഷയത്തില്‍ കുപ്രചാരണം നടത്തുന്നെന്ന ആരോപണവും ശക്തമാണ്. 'ഉമ്മന്‍ ചാണ്ടി വീണ്ടും വരുന്നു; മാഫിയകള്‍ക്കു വേണ്ടി റോഡ് തുറപ്പിക്കാന്‍' എന്ന തലക്കെട്ടിലാണ് ബുധനാഴ്ച കര്‍ണാടക പത്രങ്ങള്‍ ഏറെയും ഇറങ്ങിയത്. കര്‍ണാടക സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കാന്‍ എതിര്‍ചേരി ആസൂത്രിതമായി പണിയെടുത്തുവെന്നതിന് ഇതുതന്നെ തെളിവാണ്. 25 കോടി മുടക്കിയ മൈസൂരു-കുട്ട-ഗോണിക്കുപ്പ-മാനന്തവാടി ബദല്‍ റോഡിന്‍െറ കാര്യവും വാര്‍ത്തയില്‍ എടുത്തുപറഞ്ഞിരുന്നു. നൂറ്റാണ്ടുകളായി ജനങ്ങള്‍ ഉപയോഗിച്ചുവരുന്ന പ്രധാന റോഡിന് ബദലല്ല ഉപ റോഡെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞതായി ഐ.സി. ബാലകൃക്ഷണന്‍ എം.എല്‍.എ 'മാധ്യമ'ത്തോടു പറഞ്ഞു. പ്രശ്നം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച ഏകാംഗ കമീഷന്‍ ഡോ. ഈസയുടെ റിപ്പോര്‍ട്ടിനെ കേന്ദ്രീകരിച്ചാണ് ചര്‍ച്ച നടന്നത്. നിരോധത്തിനു മുമ്പുള്ള അരപ്പതിറ്റാണ്ടിലുണ്ടായതിന്‍െറ ഇരട്ടിയോളം മൃഗങ്ങള്‍ നിരോധം നടപ്പാക്കിയ അരപ്പതിറ്റാണ്ടിനിടയില്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടിലെ കണ്ടത്തെല്‍ ചര്‍ച്ചയാക്കാന്‍ കഴിഞ്ഞില്ല. കേരള സംഘം ഒന്നും നേടാനാവാതെ മടങ്ങിയെന്നാണ് വിലയിരുത്തല്‍. |
ചരിത്രത്തിലെ ഏറ്റവും വലിയ ബോണസുമായി ടി.സി.എസ് Posted: 17 Apr 2015 12:23 AM PDT മുംബൈ: ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന്‍െറ പത്താം വാര്‍ഷികം ആഘോഷിക്കുന്നതിന്‍െറ ഭാഗമായി പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടി.സി.എസ്) ജീവനക്കാര്‍ക്ക് വന്‍ ബോണസ് പ്രഖ്യാപിച്ചു. മൊത്തം 2628 കോടിയുടെ ബോണസാണ് ടി.സി.എസ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ബോണസ് പ്രഖ്യാപനമാണ് ടി.സി.എസ് നടത്തിയത്. ഓരോ വര്‍ത്തെയും സേവനത്തിന് ഒരാഴ്ചത്തെ ശമ്പളമാണ് ജീവനക്കാര്‍ക്ക് ബോണസായി ലഭിക്കും.കുറഞ്ഞത് ഒരുവര്‍ഷമെങ്കിലും സര്‍വീസുള്ള ജീവനക്കാര്‍ക്കാണ് ബോണസ് ആനുകൂല്യത്തിന് അര്‍ഹത. 3,19,656 ജീവനക്കാര്‍ക്ക് ബോണസ് ആനുകൂല്യം ലഭിക്കും. |
പ്ളാനറ്റോറിയം നവീകരണത്തിന്‍െറ മറവില്‍ വന്‍ അഴിമതിയെന്ന് Posted: 17 Apr 2015 12:01 AM PDT തിരുവനന്തപുരം: ശാസ്ത്രസാങ്കേതിക മ്യൂസിയത്തിലെ പ്ളാനറ്റോറിയം നവീകരണത്തിന്‍െറ മറവില്‍ അഴിമതി. ഫുള്‍ഡോം ഡിജിറ്റല്‍ പ്രോജക്ഷന് കുറഞ്ഞത് 24 മെഗാ പിക്സല്‍ റെസല്യൂഷന്‍ വേണമെന്ന ടെന്‍ഡറിലെ പ്രധാന വ്യവസ്ഥ അട്ടിമറിച്ച് കരാര്‍ എടുത്ത ജര്‍മന്‍ കമ്പനി റസല്യൂഷന്‍ 10.17 മെഗാപിക്സല്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നു. ഒമ്പത് ജെ.വി.സി.ആര്‍.എസ് 65 മോഡല്‍ പ്രോജക്ടറുകള്‍ ആണ് പ്ളാനറ്റോറിയം നവീകരണത്തിനുള്ള ടെന്‍ഡറില്‍ കാണിച്ചിരുന്നത്. ഇതിന്‍പ്രകാരം കരാര്‍ എടുത്ത ജര്‍മന്‍ കമ്പനി നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചശേഷമാണ് ടെന്‍ഡറിലെ വ്യവസ്ഥ ലംഘിച്ച് റസല്യൂഷന്‍ കുറഞ്ഞ പ്രൊജക്ടര്‍ ഉപയോഗിക്കുന്നത്. ടെന്‍ഡറില്‍ കാണിച്ചിരിക്കുന്നതിലും താണ റസല്യൂഷനുള്ള പ്രൊജക്ടറുകള്‍ സപൈ്ള ചെയ്യാന്‍ അനുവദിച്ചതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും ആരോപണമുണ്ട്. ഇന്നത്തെ വിലയില്‍ ഈ മാറ്റം വഴി കുറഞ്ഞത് ഏകദേശം 20 ലക്ഷം രൂപ മ്യൂസിയത്തിന് നഷ്ടമുണ്ടാക്കുമെന്നാണ് കണക്കുകള്‍. ജര്‍മന്‍ കമ്പനിക്ക് 9.45 കോടിക്കാണ് നവീകരണകരാര്‍ നല്‍കിയത്. എന്നാല്‍, കമ്പനിക്ക് സമയത്ത് പണം നല്‍കാത്തത് കാരണം ജര്‍മനിയുടെ യൂറോമൂല്യം വര്‍ധിച്ച് 3.26 കോടി കൂടി അടയ്ക്കേണ്ടിവന്നു. നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന പ്ളാനറ്റോറിയത്തെ യാതൊരുവിധ പഠനമോ വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിപ്പിക്കുകയോ ചെയ്യാതെയാണ് നവീകരണത്തിനായി പൊളിച്ചുമാറ്റിയത്. 1995ല്‍ പ്രവര്‍ത്തനം തുടങ്ങിയ പ്ളാനറ്റോറിയത്തിലെ തിരശ്ചീന ഡോം സംവിധാനത്തിലെ പ്രൊജക്ടറുകള്‍ കാലഹരണപ്പെട്ടെന്ന് കാണിച്ചാണ് നവീകരണത്തിന് അനുമതി വാങ്ങിയത്. തിരശ്ചീന ഡോമിനെ ചരിഞ്ഞ ഡോമാക്കി മാറ്റാനും പ്രൊജക്ടറുകള്‍ക്കുമായി 12.6 കോടി രൂപക്കാണ് ജര്‍മന്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍, 1992ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെന്നൈ പ്ളാനറ്റോറിയം 55 ലക്ഷം രൂപക്ക് പ്രൊജക്ടറുകള്‍ മാറ്റി നവീകരണം നടത്തി ഫുള്‍ഡോം ഡിജിറ്റല്‍ സംവിധാനം 2011ല്‍ ഏര്‍പ്പെടുത്തി. ഏതാണ്ട് ഈ തുകക്ക് തന്നെയാണ് നാഗ്പൂര്‍ പ്ളാനറ്റോറിയവും ഫുള്‍ഡോം ഡിജിറ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. ഇവിടെയെല്ലാം തിരശ്ചീന ഡോം സംവിധാനത്തില്‍ തന്നെയാണ് ഫുള്‍ഡോം ഡിജിറ്റല്‍ പ്രൊജക്ഷന്‍ കാണിക്കുന്നത്. ഒരു കോടി മുടക്കി 1995ല്‍ കമീഷന്‍ ചെയ്ത് വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന പ്ളാനറ്റോറിയത്തെയാണ് നവീകരണത്തിന്‍െറ പേരില്‍ പത്ത് മാസമായി അടച്ചിട്ടിരിക്കുന്നത്. പ്ളാനറ്റോറിയത്തില്‍ 15 മീറ്റല്‍ ഡോമിരിക്കുന്ന സ്ഥലത്ത് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ 17 മീറ്റര്‍ ഡോം സ്ഥാപിക്കാനാണ് കോടികള്‍ ചെലവഴിക്കുന്നത്. പ്ളാനറ്റോറിയം നവീകരണത്തിന് ആദ്യം ആഗോള ടെന്‍ഡര്‍ വിളിച്ചെങ്കിലും വ്യക്തതയില്ലാത്തതുകാരണം റദ്ദ് ചെയ്തു. തുടര്‍ന്ന് വ്യക്തതവരുത്തി വിളിച്ച ടെന്‍ഡറില്‍ മൂന്ന് സ്ഥാപനങ്ങള്‍ ക്വാട്ട് ചെയ്തു. ശാസ്ത്രസാങ്കേതിക മ്യൂസിയം നല്‍കിയ സപ്ളേ ഓര്‍ഡറിലും ജെ.വി.സി.ആര്‍.എസ് 65 മോഡല്‍ പ്രോജക്ടറുകള്‍ ആണ് ഉള്ളത്. എന്നാല്‍, കമ്പനി വിതരണം ചെയ്തിരിക്കുന്നത് ബാര്‍ (പ്രൊജക്ഷന്‍ ഡിസൈന്‍) എഫ് 32 മോഡല്‍ പ്രൊജക്ടറുകള്‍ ആണ്. ഇത്തരം ഒമ്പത് പ്രോജക്ടറുകള്‍ ഉപയോഗിച്ചാല്‍ 10 മെഗാപിക്സല്‍ റസല്യൂഷന്‍ മാത്രമെ ലഭിക്കുകയുള്ളൂ. ടെന്‍ഡര്‍ വ്യവസ്ഥകള്‍ പ്രകാരം പ്ളാനറ്റോറിയം ഡോം സ്ഥാപിച്ച് നല്‍കേണ്ടത് കരാര്‍ കമ്പനിയാണ്. എന്നാല്‍ ഡോം സ്ഥാപിക്കുവാനുള്ള അനുബന്ധ പണികളൊക്കെ ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്‍െറ തുക ചെലവാക്കിയാണ് നടക്കുന്നത്. ഇപ്പോഴത്തെ രീതി നിലനിര്‍ത്തിക്കൊണ്ടുതന്നെ ഡിജിറ്റല്‍ സിസ്റ്റത്തിനും ത്രിഡി എഫക്ടിനും നല്ല രീതിയില്‍ നവീകരിക്കാമെന്നും അതിനായി നാല് കോടി രൂപ മാത്രം ചെലവ് വരുമെന്നും ന്യൂയോര്‍ക്കിലെ സ്കൈസാന്‍ കമ്പനി രംഗത്തത്തെിയിരിക്കുന്നു. |
കരിഞ്ചന്തയിലേക്ക് കടത്താന്‍ ശ്രമിച്ച 15 ടണ്‍ റേഷനരി പിടികൂടി Posted: 16 Apr 2015 11:59 PM PDT കൊല്ലം: കരിഞ്ചന്തയിലേക്ക് കടത്താന്‍ ശ്രമിച്ച 15 ടണ്‍ റേഷന്‍ അരി ഈസ്റ്റ് പൊലീസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. പ്രത്യേക പൊലീസ് പരിശോധനയുടെ ഭാഗമായി കൊല്ലം താലൂക്ക് ഓഫിസ് ജങ്ഷനിലാണ് സംഭവം. 50 കിലോ വരുന്ന 300 ചാക്ക് അരിയാണ് കടത്താന്‍ ശ്രമിച്ചത്. എറണാകുളം ആലുവാ വടക്കുംഭാഗം കാഞ്ഞിയൂര്‍ കോഴിക്കരവീട്ടില്‍ ബൈജു (35) ആണ് അറസ്റ്റിലായത്. പൊലീസ് കൈകാണിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിയ വണ്ടി പെട്ടെന്ന് മുന്നോട്ടെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് പിന്തുടര്‍ന്ന് നെല്ലിമുക്ക് ജങ്ഷനില്‍വെച്ച് വാഹനം പിടികൂടി. ഡ്രൈവറെ ചോദ്യം ചെയ്തപ്പോള്‍ കൊല്ലത്തുനിന്ന് കൊണ്ടുവന്നതാണെന്നും കൊല്ലത്ത് വെച്ച് മറ്റൊരാള്‍ ലോറി ഏല്‍പ്പിച്ചതാണെന്നുമായിരുന്നു മൊഴി. സംശയം തോന്നി വാഹനം പരിശോധിച്ചപ്പോള്‍ ബില്ല് തിരുവനന്തപുരത്തെ അരി വില്‍പന കമ്പനിയുടേതാണെന്ന് കണ്ടത്തെി. ഡ്രൈവറുടെ മൊഴിയില്‍ വൈരുധ്യം തോന്നിയ പൊലീസ് അരിയും വാഹനവും കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊല്ലം പള്ളിമുക്ക്, ഇരവിപുരം ഭാഗത്തുള്ള ഗോഡൗണില്‍നിന്ന് കയറ്റിയ റേഷന്‍ അരിയാണെന്ന് വിവരം ലഭിച്ചു. ഇതിനിടെ താലൂക്ക് സപൈ്ള ഓഫിസര്‍ വൈ. ആസാദിന്‍െറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ റേഷന്‍ ചാക്കില്‍നിന്ന് മാറ്റി കൂട്ടിക്കലര്‍ത്തിയ അരിയാണിതെന്ന് ബോധ്യമായി. ആദ്യമായാണ് റേഷന്‍ സാധനങ്ങള്‍ പ്ളാസ്റ്റിക് ചാക്കുകളിലാക്കി കരിഞ്ചന്തയിലത്തെിക്കാന്‍ ശ്രമിക്കുന്നത്. കൊല്ലം എ.സി.പി കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് സി.ഐ എസ്. ഷെരീഫ്, എസ്.ഐ യു.പി. വിപിന്‍കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് അരി പിടികൂടിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഗോഡൗണ്‍ കണ്ടത്തെുകയും ബില്ലിന്‍െറ നിജസ്ഥിതി അന്വേഷിക്കുകയും വേണമെന്ന് പൊലീസ് അറിയിച്ചു. ഇരവിപുരം, പള്ളിമുക്ക്, പാരിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരം ഗോഡൗണുകള്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണസംഘത്തില്‍ അഡീഷനല്‍ എസ്.ഐ ആര്‍. കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജോസ്പ്രകാശ്, രാധാകൃഷ്ണന്‍, അനന്‍ ബാബു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഹരിലാല്‍, സജി എന്നിവരുമുണ്ട്. |
യമനിൽ ഉടൻ യുദ്ധം അവസാനിപ്പിക്കണമെന്ന് ബാൻ കി മൂൺ Posted: 16 Apr 2015 11:44 PM PDT വാഷിങ് ടൺ: യമനിൽ താൽക്കാലിക യുദ്ധവിരാമത്തിന് യു.എൻ ജനറൽ സെക്രട്ടറി ബാൻ കി മൂണിെൻറ ആഹ്വാനം. യുദ്ധക്കെടുതികളിൽ കഷ്ടപ്പെടുന്നവർക്ക് ജീവൻ രക്ഷാസഹായങ്ങൾ എത്തിക്കാനും സമാധാന ചർച്ചകൾക്ക് പ്രേരണനൽകാനും വെടിനിർത്തൽ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്തിെൻറ സ്ഥിരതക്കും സുരക്ഷക്കും ഭീഷണയായിക്കൊണ്ടിരിക്കുന്ന യുദ്ധത്തിൽ നിന്ന് രക്ഷപെടാൻ യു.എൻ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾ മാത്രമാണ് പോംവഴിയെന്ന് ബാൻ കി മൂൺ പറഞ്ഞു. അതേസമയം യമനിലേക്കുള്ള യു.എൻ പ്രത്യേക പ്രതിനിധി ജമാൽ ബിൻ ഉമറിെൻറ രാജിയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. യമനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതി പരാജയപ്പെട്ടതിനെ തുടർന്നാണ് ജമാൽ ബിൻ ഉമർ രാജിവെച്ചതെന്ന് റിപ്പോർട്ടുണ്ട്. യുദ്ധം അവസാനിപ്പിച്ച് സർക്കാറിന് വഴങ്ങിയാൽ മാത്രം സമാധാന ചർച്ച നടത്താമെന്ന് യമന്‍ വൈസ് പ്രസിഡൻറ് ഖാലിദ് ബഹാഹ് ഹൂതികളോട് ആവശ്യപ്പെട്ടിരുന്നു. മൂന്ന് ദിവസം മുമ്പാണ് മനിലെ ആക്ടിങ് പ്രസിഡന്‍റിന്‍െറയും പ്രധാനമന്ത്രിയുടെയും ചുമതല ഖാലിദ് ബഹാഹ് ഏറ്റെടുത്തത്. നേരത്തെ യമൻ പ്രസിഡൻറിനെ പിന്തുണച്ചും ഹൂതിവിമതരുടെ നടപടിയെ അപലപിച്ചും യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം പാസാക്കിയിരുന്നു. അംഗരാജ്യങ്ങൾ ഹൂതി വിമതർക്ക് ആയുധമെത്തിക്കുന്നത് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ തടയുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ നിലപാടിനെതിരെ ഹൂതിവിമതര്‍ പ്രതിഷേധവുമായി രംഗത്തെത്തി. |
കല്യാട്ടെ ഖാദി തൊഴില്‍ പരിശീലന കേന്ദ്രം നശിക്കുന്നു Posted: 16 Apr 2015 11:30 PM PDT ഇരിക്കൂര്‍: തൊഴില്‍ മേഖല രംഗത്ത് ഒരു പഞ്ചായത്തിന്‍െറ പ്രതീക്ഷയായിരുന്ന തൊഴില്‍ പരിശീലനകേന്ദ്രം നാഥനില്ലാതെ നശിക്കുന്നു. പടിയൂര്‍ പഞ്ചായത്ത് കല്യാട് ഖാദി യൂനിറ്റാണ് നശിക്കുന്നത്. തൊഴില്‍ പരിശീലനകേന്ദ്രത്തിലെ യന്ത്രങ്ങള്‍ മോഷണം പോയ നിലയിലാണ്. 2002ലാണ് കല്യാട് തെരുവിലെ ഒരു ഏക്കര്‍ സ്ഥലത്ത് ലക്ഷങ്ങള്‍ മുടക്കി പരിശീലനവും ഖാദി വസ്ത്രങ്ങള്‍ ഉല്‍പാദനവും തുടങ്ങിയത്. എ.പി. അബ്ദുല്ലക്കുട്ടി എം.പിയാണ് ഈ തൊഴില്‍ പരിശീലനകേന്ദ്രത്തിന് ശിലാസ്ഥാപനകര്‍മം നിര്‍വഹിച്ചത്. സംസ്ഥാന ഖാദി ഗ്രാമവികസന ബോര്‍ഡിന്‍െറ നിയന്ത്രണത്തില്‍ ഖാദി ഉല്‍പന്ന നിര്‍മാണവും പരിശീലനവും ലക്ഷ്യംവെച്ച് തുടങ്ങിയ കേന്ദ്രത്തില്‍ തുടക്കത്തില്‍ 50 പേര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. പഞ്ചായത്തിലെ തൊഴില്‍രഹിതരായ എല്ലാ വനിതകള്‍ക്കും പരിശീലനം നല്‍കി അവരവരുടെ വീടുകളില്‍വെച്ച് ജോലി ചെയ്ത് ഉപജീവനമാര്‍ഗം നല്‍കുന്ന പദ്ധതിയാണ് അധികൃതരുടെ അനാസ്ഥയാല്‍ നശിച്ചത്. ഇതിലെ യന്ത്രങ്ങളെല്ലാം മോഷണം പോയിരിക്കയാണ്. തറികളുടെ ഏതാനും മരങ്ങള്‍ അഴിച്ച് മൂലയില്‍ കൂട്ടിയിട്ടിരിക്കുകയാണ്. |
അഭിപ്രായ സ്വാതന്ത്ര്യം മഹാന്മാരെ നിന്ദിക്കാന്‍ വേണ്ടിയാകരുതെന്ന് സുപ്രീംകോടതി Posted: 16 Apr 2015 11:24 PM PDT ന്യൂഡല്‍ഹി: ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം മഹാന്മാരെ നിന്ദിക്കാന്‍ വേണ്ടിയാകരുതെന്ന് സുപ്രീംകോടതി. അധിക്ഷേപവും അസഭ്യപ്രയോഗങ്ങളുമല്ല അഭിപ്രായസ്വാതന്ത്ര്യം. മനപ്പൂര്‍വമുള്ള നിന്ദയും അസഭ്യപ്രയോഗവും ഇന്ത്യന്‍ പീനല്‍ കോഡിന്‍്റെ സെക്ഷന്‍ 292 പ്രകാരം ശിക്ഷാര്‍ഹമാണെന്നും കോടതി ഓര്‍മിപ്പിച്ചു. തനിക്കെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മറാത്തി കവി വസന്ത് ദത്താത്രയ് നല്‍കിയ ഹരജി പരിഗണിക്കുക ആയിരുന്നു കോടതി. മാന്യമായ രീതിയില്‍ ഏത് വിമര്‍ശനവും സ്വീകാര്യമാണ്. എന്നാല്‍, അഭിപ്രായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യരുതെന്നും കോടതി ചൂണ്ടിക്കാട്ടി. വസന്ത് 1984ല്‍ എഴുതിയ ഒരു കവിതയില്‍ ഗാന്ധിയെ അസഭ്യവാക്കുകള്‍ പ്രയോഗിക്കുന്ന ആഖ്യാതാവായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനെതിരെ ഒരു സംഘടന കേസ് കൊടുത്തിരുന്നു. കവിത വിവാദമായപ്പോള്‍ തന്നെ കവി മാപ്പു ചോദിച്ചിരുന്നു. |
പുലിഭീതിയില്‍ ഗ്രാമങ്ങള്‍ Posted: 16 Apr 2015 11:23 PM PDT കൊല്ലങ്കോട്: മേച്ചിറയില്‍ പുലിക്കൂട്ടം പശുവിനെയും രണ്ട് നായ്ക്കളെയും കൊന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ആറുമണിക്ക് പിയൂഷ്, പി.ജെ. ജോസഫ് എന്നിവരുടെ വീടുകളിലെ വളര്‍ത്തുനായകളെയാണ് പുലി കൊന്നത്. ഇതില്‍ ഒന്നിനെ പൂര്‍ണമായും ഭക്ഷിച്ചു. തൊട്ടടുത്തെ മേച്ചിറ നസീറിന്‍െറ തൊഴിത്തിലെ കറവയുള്ള പശുവിനെ ആക്രമിച്ച് കൊന്നു. മേച്ചിറ, വെള്ളാരന്‍ കടവ്, കിണ്ണത്തുമുക്ക്, ബാബുപതികോളനി എന്നിവിടങ്ങളില്‍ നാല് പുലികളെയാണ് നാട്ടുകാര്‍ രണ്ടുദിവസം മുമ്പ് കണ്ടത്. പുലികള്‍ നാട്ടിലേക്ക് ഇറങ്ങിയത് നാട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്. കെണികള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൈപ്പുറത്ത് കാല്‍പ്പാടുകള്‍ കൊപ്പം: പുലിയെ കണ്ടെന്ന അഭ്യൂഹത്തില്‍ കൈപ്പുറത്തും പരിഭ്രാന്തി. വ്യാഴാഴ്ച രാവിലെയാണ് വാര്‍ത്ത പരന്നത്. ബുധനാഴ്ച രാത്രി കൈപ്പുറം ലക്ഷം വീട് കോളനിക്കടുത്തെ റബര്‍ എസ്റ്റേറ്റിലാണത്രെ പുലിയെ കണ്ടത്. രാത്രിയില്‍ നായ്ക്കളുടെ അസാധാരണമായ ശബ്ദംകേട്ട്പുറത്തിറങ്ങിയ ടാപ്പിങ് തൊഴിലാളി ടോര്‍ച്ചിന്‍െറ വെളിച്ചത്തില്‍ ശരീരത്തില്‍ പുള്ളികളുള്ള വലിയ ജീവിയെ കണ്ടതായാണ് സമീപവാസികളെ അറിയിച്ചത്. തുടര്‍ന്ന് തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.എ. സമദ്, ജില്ലാ പഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോള്‍ എന്നീ ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തത്തെി തിരച്ചില്‍ നടത്തി. പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കൂടി കണ്ടതോടെ ജനം പരിഭ്രാന്തരായി. വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. കാണപ്പെട്ട കാല്‍പ്പാടുകള്‍ പുലിയുടേതല്ളെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അകമലവാരത്ത് വീണ്ടും എത്തി പാലക്കാട്: മലമ്പുഴ അകമലവാരത്തെ മലയോര പ്രദേശത്തെ ജനങ്ങള്‍ പുലിപ്പേടിയില്‍. കഴിഞ്ഞ ദിവസം കുട്ടികളടങ്ങുന്ന പുലിക്കൂട്ടം കവ അടുപ്പുട്ടി മലയുടെ താഴ്വാര പ്രദേശത്തുകൂടി നടന്നു പോകുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച കൊമ്പനള എന്ന പ്രദേശത്തിന് സമീപം പുലിയെ കവ അയ്യപ്പ ക്ഷേത്രത്തിലത്തെിയവരും കണ്ടിരുന്നു. മുമ്പ് ഒരു പശുവിനെയും ആറ് ആടുകളെയും നാല് പട്ടികളെയും പുലി കൊന്നിരുന്നു. അടപ്പുട്ടി കോളനി ഭാഗത്ത് ആദിവാസികളുള്‍പ്പെടെയുള്ളവരുടെ മുപ്പതോളം വീടുകളുണ്ട്. സന്ധ്യ കഴിഞ്ഞാല്‍ ഇവിടുത്തുകാര്‍ പുലിപ്പേടിമൂലം വീടിന് പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. പകല്‍ സമയങ്ങളില്‍ കന്നുകാലികളെ തീറ്റിക്കാന്‍ അഴിച്ചുവിടാനും കഴിയാത്ത അവസ്ഥയുണ്ട്. എന്നാല്‍, ഇതുവരെ പുലി മനുഷ്യര്‍ക്ക് നേരെ അക്രമമൊന്നും നടത്തിയിട്ടില്ളെങ്കിലും വളര്‍ത്തുമൃഗങ്ങളെ കിട്ടാതെ വരുമ്പോള്‍ മനുഷ്യരെയും പിടികൂടുമോയെന്ന ഭയപ്പാടിലാണിവിടുത്തുകാര്‍. |
നിലം നികത്താന്‍ അരക്കോടി; സി.പി.ഐ നേതാവിന്‍െറ ഫോണ്‍ സംഭാഷണം പുറത്ത് Posted: 16 Apr 2015 11:11 PM PDT കൊച്ചി: നിലം നികത്തിന് ഒത്താശ ചെയ്യാന്‍ സി.പി.ഐ ജില്ലാ നേതാവ് അരക്കോടി രൂപ കൈക്കൂലി ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്ത്. കൊച്ചി നഗരത്തോട് ചേര്‍ന്ന ചെറുദ്വീപായ താന്തോന്നിത്തുരുത്തിലെ പാടം നികത്തുന്നതിന് സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗവും മൂന്‍ കൊച്ചി നഗരസഭാ കൗണ്‍സിലറുമായ ഇ.എം. സുനില്‍കുമാര്‍ 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് വാര്‍ത്താചാനല്‍ പുറത്ത് വിട്ടത്. അതേസമയം, ആരോപണ വിധേയനായ നേതാവിനെതിരെ അച്ചടക്ക നടപടി വെള്ളിയാഴ്ച ചേരുന്ന സി.പി.ഐ ജില്ലാ കൗണ്‍സില്‍ പരിഗണിക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പങ്കെടുത്താണ് എറണാകുളത്ത് ജില്ലാ കമ്മിറ്റി യോഗം ചേരുന്നത്്. വാര്‍ത്തയുടെ നിജസ്ഥിതി പരിശോധിച്ച ശേഷം പുറത്താക്കലടക്കം കര്‍ശന നപടികളാണ് സി.പി.ഐ നേതൃത്വം ആലോചിക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ പേമെന്‍റ് സീറ്റ് വിവാദത്തിനു ശേഷം സി.പി.ഐയെ വെട്ടിലാക്കുന്ന ആരോപണമാണ് എറണാകുളത്ത് മുതിര്‍ന്ന നേതാവിനെതിരെ ഉയര്‍ന്നത്. സുനില്‍കുമാറും സി.പി.ഐ വടുതല ലോക്കല്‍ സെക്രട്ടറി ജോഷിയും കൈക്കൂലി ആവശ്യപ്പെടുന്നതായാണ് ശബ്ദരേഖയിലുള്ളത്. ഇതു സംബന്ധിച്ച ആരോപണം ഗൗരവമാണെന്നും പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു 'മാധ്യമ'ത്തോട് പ റഞ്ഞു. ചത്യാത്ത് കായലില്‍ ഡ്രഡ്ജിങ് നടത്തി ആ മണ്ണ് ഉപയോഗിച്ച് താന്തോന്നിത്തുരുത്തില്‍ പാടം നികത്താനായിരുന്നു പദ്ധതി. ഇതിനെതിരെ ആദ്യം രംഗത്തുവന്ന നേതാക്കള്‍ പിന്നീട് വടുതല സ്വദേശിയായ ഇടനിലക്കാരനുമായി നടത്തുന്ന സംഭാഷണമാണ് പുറത്തുവന്നത്. സംഭാഷണത്തില്‍ സുനില്‍കുമാറും ലോക്കല്‍ സെക്രട്ടറി ജോഷിയും കണക്കുപറഞ്ഞ് കാശ് ആവശ്യപ്പെടുന്നുമുണ്ട്. നല്‍കുന്ന തുകയില്‍നിന്ന് റെസിഡന്‍റ്സ് അസോസിയേഷന്‍കാര്‍ക്കും പങ്ക് കൊടുക്കേണ്ടതുണ്ടെന്ന് പറഞ്ഞാണ് നേതാക്കള്‍ അരക്കോടി ആവശ്യപ്പെടുന്നത്. റിയല്‍ എസ്റ്റേറ്റുകാരുടെ കടന്നുകയറ്റവും അശാസ്ത്രീയ വികസനവും മൂലം കടുത്ത പരിസ്ഥിതി നാശത്തിലേക്ക് നീങ്ങുന്ന ചെറുദ്വീപാണ് കൊച്ചിയിലെ താന്തോന്നിത്തുരുത്ത്. |
സ്കൂളുകളുടെ പുനരുദ്ധാരണം; ജില്ലാ പഞ്ചായത്ത് 3.66 കോടി അനുവദിച്ചു Posted: 16 Apr 2015 11:06 PM PDT ആലപ്പുഴ: മഴക്കാലത്തിനുമുമ്പ് സ്കൂളുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാനും പുതിയ അധ്യയനവര്‍ഷത്തിന് മുന്നോടിയായുള്ള പ്രവേശനോത്സവത്തിന് തയാറെടുക്കാനുമായി ജില്ലാ പഞ്ചായത്ത് 3,66,76,000 രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി തുക അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.യു.പ്രതിഭാഹരി പറഞ്ഞു. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാരുടെയും പ്രധാനാധ്യാപകരുടെയും പി.ടി.എ ഭാരവാഹികളുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. വേനല്‍ അവധിക്കാലത്തുതന്നെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും അറ്റകുറ്റപ്പണി വേഗത്തിലാക്കി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ഒന്നര ആഴ്ചകൊണ്ട് കരാര്‍ നടപടി പൂര്‍ത്തിയാക്കണം. ഇതുസംബന്ധിച്ച് അടുത്ത അവലോകനയോഗം മേയ് മാസത്തില്‍ ചേരുമെന്നും അവര്‍ പറഞ്ഞു. യോഗത്തില്‍ സെക്രട്ടറി ഐസക് രാജു, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജി.വിഷ്ണുകുമാര്‍ എന്നിവര്‍ പങ്കെടുത്തു. തുക അനുവദിച്ച സ്കൂള്‍, അനുവദിച്ച തുക (ബ്രാക്കറ്റില്‍) എന്ന ക്രമത്തില്‍ ചുവടെ. ഗവ.എച്ച്.എസ്.ബോയ്സ് ഹരിപ്പാട് (1,84,000), ഗവ.എച്ച്.എസ്.എസ്. തലവടി(2,400,000), ഗവ.എച്ച്.എസ്.എസ്. പുലിയൂര്‍(2,16,000), വയലാര്‍ വി.ആര്‍.വി.എം. ഗവ.എച്ച്.എസ്.എസ്.(3,50,000), എസ്.സി.യു.വി.എച്ച്.എസ് പട്ടണക്കാട്(6,00,000), ഗവ.എച്ച്.എസ്.എസ്. പെരുമ്പളം(30,70,000), ഗവ.എച്ച്.എസ്.തണ്ടാനുവിള(50,00,000), കെ.കെ.എം.വി. എച്ച്.എസ്.എസ്. ഇലിപ്പക്കുളം(2,33,000), ഗവ.എച്ച്.എസ്.എസ്.ഇറവങ്കര(15,58,000), ഡി.വി.എച്ച്.എസ്.എസ്. ചാരമംഗലം(6,25,000), ഗവ.എച്ച്.എസ്.എസ്. തിരുവന്‍വണ്ടൂര്‍(3,70,000), ഗവ.എച്ച്.എസ്.ബുധനൂര്‍(26,60,000), എ.ടി.വി.ജി. എച്ച്.എസ്.മങ്കൊമ്പ് (10,00,000), ജി.എച്ച്.എസ്.കിടങ്ങറ(22,00,000), ജി.എച്ച്.എസ്.കുപ്പപ്പുറം(6,21,000), ജി.എച്ച്.എസ്.കൊടുപ്പുന്ന(2,10,000), ജി.എച്ച്.എസ്.എസ്.ചന്തിരൂര്‍(7,20,000), ജി.എച്ച്.എസ്.എസ്.കുന്നം(5,78,000), ജി.എച്ച്.എസ്.എസ്.കലവൂര്‍(12,85,000), ജി.എച്ച്.എസ്.എസ്.മംഗലം(15,00,000), ഗവ.എച്ച്.എസ്.പറവൂര്‍(16,60,000), ജി.മോഡല്‍.എച്ച്.എസ്.എസ്.അമ്പലപ്പുഴ(15,00,000), കക്കാഴം ഗവ.സ്കൂള്‍(18,00,000), നാലുചിറ ഗവ.എച്ച്.എസ്.(7,75,000), ജി.എച്ച്.എസ്.എസ്.വലിയഴീക്കല്‍(8,00,000), ജി.എച്ച്.എസ്.എസ്.പൊള്ളേത്തൈ(10,00,000), ജി.എച്ച്.എസ്.മണ്ണഞ്ചേരി(23,60,000), ഗവ. സംസ്കൃതം എച്ച്.എസ്.(17,50,000), ജി.എച്ച്.എസ്.രാമപുരം(2,40,000), ജി.വി.എച്ച്.എസ്.ചുനക്കര(17,70,000), ജി.എച്ച്.എസ്.ഹരിപ്പാട്(2,50,000), ജി.എച്ച്.എസ്.ആയാപറമ്പ്(5,00,000), ജി.എച്ച്.എസ്.പത്തിയൂര്‍(5,00,000), ജി.എച്ച്.എസ്.വീയപുരം(1,41,000). |
ഫറോക്കിനെ വിഭജിക്കരുതെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ Posted: 16 Apr 2015 11:00 PM PDT ഫറോക്ക്: ഫറോക്ക് ഗ്രാമപഞ്ചായത്തിനെ വിഭജിച്ച് ഒരു ഭാഗം രാമനാട്ടുകര മുനിസിപ്പാലിറ്റിയില്‍ ചേര്‍ക്കാനും പടിഞ്ഞാറന്‍ വാര്‍ഡുകള്‍ ചേര്‍ത്ത് കരുവന്‍തിരുത്തി കേന്ദ്രമാക്കി പുതിയ ഗ്രാമപഞ്ചായത്തുണ്ടാക്കാനുമുള്ള തീരുമാനത്തിനെതിരെ ഫറോക്ക് ഗ്രാമപഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഒറ്റപ്പെട്ട ചില വ്യക്തികളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് വികസനം അരനൂറ്റാണ്ട് പിന്നിലാക്കുന്ന പിന്തിരിപ്പന്‍ തീരുമാനമെന്ന് ഫറോക്ക് വിഭജന വിരുദ്ധ സമിതി കുറ്റപ്പെടുത്തി. ഒന്ന്, രണ്ട്, മൂന്ന്, 15, 16, 17, 18, 19, 20, 21, 22, 23 വാര്‍ഡുകള്‍ ചേര്‍ത്താണ് നിര്‍ദിഷ്ട പഞ്ചായത്ത് രൂപവത്കരിക്കുന്നത്. യു.ഡി.എഫില്‍തന്നെ മുസ്ലിംലീഗിലെ ഒരു വിഭാഗമടക്കം തീരുമാനത്തിനെതിരാണ്. ഫറോക്ക് ടൗണിനെകൂടി രണ്ടായി പകുത്താണ് പഞ്ചായത്ത് നിലവില്‍ വരിക. ഒന്നുകില്‍ പൂര്‍ണമായും മുനിസിപ്പാലിറ്റിയാക്കുകയോ അല്ളെങ്കില്‍ ഫറോക്ക് ഗ്രാമപഞ്ചായത്ത് ഇപ്പോഴുള്ള പോലെ നിലനിര്‍ത്തുകയോ വേണമെന്ന് വിഭജന വിരുദ്ധ സമിതി വ്യാഴാഴ്ച രാത്രി സംഘടിപ്പിച്ച പൊതുയോഗം ആവശ്യപ്പെട്ടു. യോഗത്തിലാണ് ഇന്ന് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്. ഹര്‍ത്താലിന് വ്യാപാരി വ്യവസായി സമിതിയും പിന്തുണ പ്രഖ്യാപിച്ചു. ഫറോക്ക് പുതിയപാലം വഴി കടന്നുപോകുന്ന ലൈന്‍ ബസുകള്‍ക്ക് ഹര്‍ത്താല്‍ ബാധകമല്ളെങ്കിലും ടൗണ്‍വഴി കടന്നുപോകുന്ന സിറ്റി , മിനി ബസുകളുടെ ഓട്ടം തടസ്സപ്പെടും. യോഗം സി.പി.എം ഏരിയ സെക്രട്ടറി എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് വാളക്കട സരസു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ.ടി.എ മജീദ്, എയര്‍ലൈന്‍സ് അസീസ്, കെ.ടി. മുരളീധരന്‍, കെ.ടി. അബ്ദുല്‍ മജീദ്, പ്രകാശ് കറുത്തേടത്ത്, വാളക്കട ബാലകൃഷ്ണന്‍, ശിവദാസന്‍, എ. അനൂപ്, ഫിറോസ്, ഗഫൂര്‍ മണലൊടി, പട്ടാഞ്ചേരി രാജന്‍, ടി. അബ്ദുല്‍ റസാഖ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ടൗണില്‍ പ്രകടനവും നടന്നു. ഇതിനിടെ ഫറോക്ക് പഞ്ചായത്ത് വിഭജിക്കാതെ പൂര്‍ണമായും ഫറോക്ക് മുനിസിപ്പാലിറ്റിയാക്കി മാറ്റാന്‍ മന്ത്രിസഭയില്‍ തീരുമാനമായതായി വാര്‍ത്ത പരന്നു. ഇതിനെ തുടര്‍ന്ന് ഹര്‍ത്താല്‍ സംബന്ധമായി ആശയക്കുഴപ്പമുണ്ടായെങ്കിലും രാത്രി വൈകി ഹര്‍ത്താല്‍ ആഹ്വാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനമായി. ഫറോക്കിനെ വിഭജിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വിവിധ വാര്‍ഡുകളിലെ മുസ്ലിംലീഗ് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. കള്ളിയില്‍ പരീക്കുട്ടി അധ്യക്ഷത വഹിച്ചു. ജനതാദള്‍ (യു), വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയും അശാസ്ത്രീയ വിഭജനത്തില്‍നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടു. |
ലോ ഫ്ളോര്‍ ബസുകള്‍ 26 മുതല്‍ കോഴിക്കോട്ട് ഓടിത്തുടങ്ങും Posted: 16 Apr 2015 11:00 PM PDT കോഴിക്കോട്: ജനുറം പദ്ധതിയുടെ ഭാഗമായി കോഴിക്കോടിന് അനുവദിച്ച ലോ ഫ്ളോര്‍ ബസുകള്‍ ഏപ്രില്‍ 26 മുതല്‍ നിരത്തിലിറങ്ങും. അതിവേഗം മെട്രോ നഗരമായി വളരുന്ന കോഴിക്കോടിന് അലങ്കാരമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ബസുകള്‍ ട്രാഫിക് തടസ്സങ്ങളില്ലാത്തവിധം നഗരത്തിനകത്തുകൂടി സര്‍വീസ് നടത്തുന്നതിന് വഴികള്‍ കണ്ടത്തെിയിട്ടുണ്ട്. ശനിയാഴ്ച കോഴിക്കോട്ടത്തെുന്ന നഗരവികസനകാര്യമന്ത്രി മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ബസ് സര്‍വീസ് ആരംഭിക്കുന്നത് ഉള്‍പ്പെടെ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും. എ.സി, നോണ്‍ എ.സി വിഭാഗങ്ങളിലായി 50ലധികം ബസുകളാണ് ആദ്യഘട്ടത്തില്‍ കോഴിക്കോട്ട് നിരത്തിലിറങ്ങുക. ഇവയുടെ പരിപാലനത്തിന് നടക്കാവിലെ കെ.എസ്.ആര്‍.ടി.സി വര്‍ക്ഷോപ്പിലും പാവങ്ങാട് ഡിപ്പോയിലും സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. കോഴിക്കോട്ടെ ടൂറിസം മേഖലയിലേക്കും കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലേക്കും വോള്‍വോ ബസുകള്‍ സര്‍വീസ് നടത്തും. മുക്കം, അരീക്കോട്, താമരശ്ശേരി റൂട്ടുകളിലും മെഡിക്കല്‍ കോളജ്, ബേപ്പൂര്‍ റൂട്ടിലും ഇത്തരം ബസുകള്‍ ഓടും. ബാലുശ്ശേരിയില്‍നിന്നും കൊയിലാണ്ടിയില്‍നിന്നും യൂനിവേഴ്സിറ്റിയിലേക്ക് സര്‍വീസുണ്ടാവും. ജനുറം ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നതിന്‍െറ ഭാഗമായി കോഴിക്കോട്ട് പണി പൂര്‍ത്തിയായ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ രണ്ടുമാസത്തിനകം ഉദ്ഘാടനം നടത്തുന്നതിന് തിരക്കിട്ട നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം, വോള്‍വോ ബസുകള്‍ ഓടിത്തുടങ്ങിയാല്‍ നഗരഗതാഗതം സ്തംഭിക്കുമെന്ന് സ്വകാര്യ ബസ് ലോബി പ്രചാരണം നടത്തുന്നുണ്ട്. പൊതുമേഖലാ സ്ഥാപനത്തിനെതിരായ ആസൂത്രിപ്രചാരണങ്ങളാണ് ഇതിന്‍െറ പേരില്‍ നടക്കുന്നത്. |
ഗെയ്‌ലിനെ മറികടന്ന് സെവാഗ് Posted: 16 Apr 2015 10:32 PM PDT പുണെ: ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിന് സ്വന്തം. ഡല്‍ഹിക്കെതിരായ മത്സരത്തിലാണ് സെവാഗ് ഈ റെക്കോര്‍ഡ് നേട്ടത്തിലത്തെിയത്. ബാംഗ്ളൂര്‍ താരം ക്രിസ് ഗെയ് ലിനെയാണ് സെവാഗ് മറികടന്നത്. 99 ഇന്നിങ്സുകളില്‍ നിന്ന് 332 ഫോറും 106 സിക്സും സഹിതം തന്‍െറ ഐ.പി.എല്‍ ബൗണ്ടറികളുടെ എണ്ണം 438 ആക്കി സെവാഗ് ഉയര്‍ത്തി. 432 ബൗണ്ടറികളുമായി (232 ഫോര്‍, 200 സിക്സ്) തൊട്ടു പിന്നില്‍ ഗെയ്ല്‍ ഉണ്ട്. 425 ബൗണ്ടറികളുമായി (291 ഫോര്‍, 134 സിക്സ്) ചെന്നൈ താരം സുരേഷ് റെയ്നയാണ് മൂന്നാമത്. മുന്നൂറിലേറെ ഫോറുകള്‍ നേടിയ ഏക ഐ.പി.എല്‍ താരവും സെവാഗാണ്. സ്ട്രൈക്ക് റേറ്റിലും (156.58 ) സെവാഗ് തന്നെയാണ് മുന്നില്‍. ഇന്നലെ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ സെവാഗിന്‍െറ ടി20 കരിയര്‍ റണ്‍സ് നാലായിരം കടന്നു. 151 മത്സരങ്ങളിലെ 149 ഇന്നിങ്സുകളില്‍ നിന്നാണ് മുന്‍ ഇന്ത്യന്‍ ഓപണര്‍ ഈ നേട്ടത്തിലത്തെിയത്. |
മരുഭൂമിയിലെ നെല്‍കൃഷി വിളവെടുക്കാനും മന്ത്രി കെ.പി. മോഹനന്‍ Posted: 16 Apr 2015 09:53 PM PDT ദോഹ: ശഹാനിയ്യിലെ അല്‍ ദൂസരി പാര്‍ക്കില്‍ അടുക്കളത്തോട്ടം ഫേസ്ബുക് കൂട്ടായ്മ ഒരുക്കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് മെയ് ഒന്നിന് കേരള കൃഷി മന്ത്രി കെ.പി. മോഹനന്‍ നിര്‍വഹിക്കും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 18ന് കെ.പി. മോഹനന്‍ തന്നെയാണ് വിത്തെറിഞ്ഞ് കൃഷിക്ക് തുടക്കമിട്ടത്. മരുഭൂമിയില്‍ അപൂര്‍വമായ നെല്‍കൃഷി ഒരുകൂട്ടം വീട്ടമ്മമാരുടെ നിരന്തര പ്രയത്നത്തിനൊടുവിലാണ് കതിരണിഞ്ഞത്. മൂന്ന് കണ്ടങ്ങളാക്കി തിരിച്ച ഭൂമിയില്‍ മൂന്ന് തരം വിത്തുകളാണ് നട്ടത്. ഓണമട്ടന്‍, പാല്‍തണ്ടി, മരത്താണ്ടി എന്നീ നെല്‍വിത്തുകള്‍ കൊണ്ടുവന്നത് വയനാട്ടിലെ വിത്ത് രാമന്‍ എന്ന് പ്രശസ്തനായ ചെറുവയല്‍ രാമന്‍െറ അടുത്ത് നിന്നാണ്. ആദ്യം വിതച്ച നെല്‍വിത്തുകള്‍ പ്രതീക്ഷിച്ച പോലെ മുളച്ചില്ളെങ്കിലും, തോറ്റുകൊടുക്കാതെ കേരളത്തില്‍ നിന്ന് വീണ്ടും ജ്യോതി വിത്ത് കൊണ്ടു വന്നുവിതച്ചു. കുറഞ്ഞ സ്ഥലത്താണെങ്കിലും നെല്‍കൃഷി പച്ചവിരിച്ച് നില്‍ക്കുന്നത് കണ്ണിന് ഇമ്പമേകുന്ന കാഴ്ചയാണ്. ഓണമട്ടനും പാല്‍ത്തൊണ്ടിയുമാണ് നന്നായി വിളവ് നല്‍കിയത്. പച്ചക്കറികള്‍ ഉള്‍പ്പെടെ അറുപതോളം ഇനങ്ങള്‍ ഇവിടെ നട്ടിരുന്നു. കുറേയെണ്ണം നശിച്ചുപോയെങ്കിലും കോളി ഫ്ളവര്‍, അമര വയലറ്റും വെള്ളയും, പാവക്ക, പടവലം, ചീര പച്ചയും ചുവപ്പും, പയര്‍, പീച്ചിങ്ങ, വഴുതനങ്ങ, ഗോതമ്പ്, കപ്പലണ്ടി, കടല, കാബേജ്, കാരറ്റ്, വെള്ളരി, റാഡിഷ്, ചുരക്ക, ചെറിയുള്ളി, സവാള, മൂന്നിനം ചേമ്പ്, ഷുഗര്‍ ഫ്രീ കപ്പയും സാധാരണ കപ്പയും, കുമ്പളം, മത്തന്‍, ഉലുവ തുടങ്ങി ഒട്ടേറെ ഇനങ്ങള്‍ നേരത്തെ വിളവെടുത്തിരുന്നു. അല്‍ ദൂസരി പാര്‍ക് ഉടമ മുഹമ്മദ് അല്‍ ദൂസരി സൗജന്യമായാണ് ഇവര്‍ക്ക് കൃഷിക്ക് ഭൂമി അനുവദിച്ചത്. |
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ കോണ്‍ഫറന്‍സിന് ഇന്ന് തുടക്കം Posted: 16 Apr 2015 09:33 PM PDT ദുബൈ: വേള്‍ഡ് മലയാളി കൗണ്‍സിലിന്‍െറ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഗ്ളോബല്‍ കോണ്‍ഫറന്‍സ് ദുബൈ മെട്രൊപൊളീറ്റന്‍ പാലസ് ഹോട്ടല്‍, അറ്റ്ലാന്‍റിസ് ഹോട്ടല്‍ എന്നിവിടങ്ങളിലായി നടക്കുമെന്ന് ഗ്ളോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മെട്രോപൊളീറ്റന്‍ പാലസ് ഹോട്ടലില്‍ കേരള പ്രവാസി കാര്യ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. രണ്ടുവര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന സമ്മേളനം ഇതാദ്യമായാണ് ദുബൈയില്‍ നടക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ ഗ്ളോബല്‍ പ്രസിഡന്‍റ് ജോണി കുരുവിള അധ്യക്ഷത വഹിക്കും. ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, സണ്ണി കുലത്താക്കല്‍, വിവിധ മേഖലാ പ്രസിഡന്‍റുമാര്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന വിദ്യാഭ്യാസ സെമിനാറില്‍ ന്യൂയോര്‍ക്ക് സെന്‍റ് ജോണ്‍സ് സര്‍വകലാശാലയിലെ ഡോ. ശ്രീധര്‍ കാവില്‍, പ്രഫ. സണ്ണി ലൂക്ക് എന്നിവര്‍ സംസാരിക്കും. ഉച്ചക്ക് മൂന്നിന് അറ്റ്ലാന്‍റിസ് ഹോട്ടലില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഏഷ്യ അമേരിക്ക ഇകണോമിക് ഫോറം ഒരുക്കുന്ന നിക്ഷേപക സെമിനാറുകള്‍ നടക്കും. ഇന്ത്യന്‍ അംബാസഡര്‍ ടി.പി.സീതാറാം ഉദ്ഘാടനം ചെയ്യും. ‘ഉണരുന്ന ഭാരതവും പ്രവാസി പങ്കാളിത്തത്തിന്‍െറ പുനര്‍നിര്‍വചനവും’ എന്ന വിഷയത്തില്‍ ബി.ആര്‍.ഷെട്ടി, എല്‍.എം.അസ്താന, ജെയിംസ് മാത്യു, രാജുമേനോന്‍, പി.കെ. സജിത്കുമാര്‍ എന്നിവര്‍ സംസാരിക്കും. ഡോ. ശ്രീധര്‍ കാവില്‍ മോഡറേറ്ററായിരിക്കും. തുടര്‍ന്ന് ‘മെയ്ക്ക് ഇന്‍ ഇന്ത്യ: കേരളവും യാഥാര്‍ഥ്യവും’ എന്ന വിഷയത്തില്‍ പി.എന്‍.സി.മേനോന്‍, ഡോ.ആസാദ് മൂപ്പന്‍, ഫൈസല്‍ കൊട്ടിക്കോളന്‍, സുധീര്‍ ഷെട്ടി, ശ്രീപ്രകാശ് എന്നിവര്‍ സംസാരിക്കും. മുന്‍ അംബാസഡര്‍ ഡോ. ടി.പി.ശ്രീനിവാസന്‍ മോഡറേറ്ററായിരിക്കും. ‘ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് ഉയര്‍ച്ചയും താഴ്ചയും’ എന്ന വിഷയത്തില്‍ എ.വി.ആര്‍.ചൗധരി, ഷാജി ബേബി ജോണ്‍, പോള്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ സംസാരിക്കും. ഇന്ത്യന്‍ രാഷ്ട്രപതിയുടെ മുന്‍ സെക്രട്ടറി ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് മോഡറേറ്ററായിരിക്കും. വൈകിട്ട് ഏഴിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മന്ത്രിമാരായ കെ.സി.ജോസഫ്, ഡോ.എം.കെ.മുനീര്‍, ഇന്ത്യന്‍ അംബാസഡര്‍ ടി.പി.സീതാറാം, ഡോ.ആസാദ് മൂപ്പന്‍, ഫൈസല്‍ കൊട്ടിക്കോളന്‍, ഡോ. ടി.പി.ശ്രീനിവാസന്‍, സിദ്ധാര്‍ഥ് ബാലചന്ദ്രന്‍, ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ജോണി കുരുവിള, ജോസഫ് കില്യന്‍, മൈക്കിള്‍ സ്റ്റീഫന്‍ എന്നിവര്‍ സംസാരിക്കും. 27 രാജ്യങ്ങളില്‍ നിന്ന് 57 പ്രവിശ്യകളിലെ 200ഓളം പ്രതിനിധികള്‍, വ്യവസായ സംരംഭകര്‍, നിക്ഷേപകര്‍, സാങ്കേതിക വിദഗ്ധര്‍, മാധ്യമ പ്രവര്‍ത്തകര്‍, കലാ-കായിക രംഗത്തെ പ്രമുഖര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി 600ഓളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഗ്ളോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, പ്രസിഡന്‍റ് ജോണി കുരുവിള, ജനറല്‍ സെക്രട്ടറി ജോസഫ് കില്യന്‍, ട്രഷറര്‍ മൈക്കിള്‍ സ്റ്റീഫന്‍, മിഡിലീസ്റ്റ് ചെയര്‍മാന്‍ കെ.ജലാലുദ്ദീന്‍, പ്രസിഡന്‍റ് ജോണ്‍ സാമുവല്‍, ജനറല്‍ സെക്രട്ടറി സി.യു.മത്തായി, മീഡിയ കണ്‍വീനര്‍ റോജിന്‍ പൈനുംമൂട്, ജാനെറ്റ് വര്‍ഗീസ്, ടി.എം.ജേക്കബ്, വര്‍ഗീസ് പനക്കല്‍ എന്നിവര്‍ പങ്കെടുത്തു. |
ഒമാന്‍ ടെല്ലിന് അഞ്ച് ദശലക്ഷം റിയാല്‍ പിഴ Posted: 16 Apr 2015 08:52 PM PDT മസ്കത്ത്: ദേശീയ ടെലികോം കമ്പനിയായ ഒമാന്‍ടെല്ലിന് ടെലികോം റഗുലേറ്ററി അതോറിറ്റി അഞ്ചു ദശലക്ഷം റിയാല്‍ പിഴ ചുമത്തി. കഴിഞ്ഞ നവംബര്‍ 17ന് ടെലികോം സേവനം ഒമ്പതു മണിക്കൂറോളം തടസ്സപ്പെട്ടതിനാണ് 80 കോടിയോളം രൂപ പിഴയിട്ടത്. സാങ്കേതിക തകരാര്‍ മൂലമാണ് ഒമാന്‍ടെല്ലിന്‍െറ മൊബൈല്‍, ലാന്‍ഡ്ഫോണ്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിലച്ചത്. രാജ്യത്തെ രണ്ടാമത്തെ ടെലികോം കമ്പനിയായ ഉരീദുവിന്‍െറ നാഷനല്‍ റോമിങ് സംവിധാനം ഉപയോഗിച്ച് രാത്രിയോടെയാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് പ്രവര്‍ത്തനം നിലക്കാന്‍ കാരണമെന്ന് കാട്ടിയാണ് ടെലികോം റഗുലേറ്ററി അതോറിറ്റി പിഴയടക്കാന്‍ നോട്ടീസ് നല്‍കിയത്. പിഴ ചുമത്തിയതായ അറിയിപ്പ് അതോറിറ്റി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍, അതോറിറ്റി തീരുമാനത്തെ നിയമപരമായി ചോദ്യംചെയ്യുമെന്ന് ഒമാന്‍ടെല്‍ മസ്കത്ത് ഓഹരി വിപണിക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി. ഇത്രയും തുക പിഴയടക്കേണ്ടിവന്നാലും കമ്പനിക്ക് സാമ്പത്തികമായി പ്രത്യാഘാതമുണ്ടാവില്ളെന്നും ഒമാന്‍ടെല്‍ വിശദീകരിച്ചു. പിഴചുമത്തിയ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ഒമാന്‍ടെല്‍ ഓഹരികള്‍ ബുധനാഴ്ച 1.2 ശതമാനം വിലയിടിഞ്ഞു. വ്യാഴാഴ്ച ഓഹരി വിലയില്‍ ചെറിയ വര്‍ധനയുണ്ടായിട്ടുണ്ട്. |
നരേന്ദ്രമോദിയെ പ്രശംസിച്ച് വീണ്ടും ശശി തരൂര്‍ Posted: 16 Apr 2015 08:30 PM PDT ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂര്‍ എം.പി വീണ്ടും രംഗത്ത്. മോദിയെ പ്രകീര്‍ത്തിച്ച് ടൈം വാരികയില്‍ ഒബാമയെഴുതിയതിനെ ഉദ്ധരിച്ചാണ് തരൂരിന്‍റെ ട്വിറ്റര്‍, ഫേസ്ബുക്ക് പോസ്റ്റുകള്‍. മോദിയെക്കുറിച്ചുളള ഒബാമയുടെ ലേഖനം ശ്രദ്ധേയമാണെന്നും മോദി പ്രതീക്ഷക്കൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും തരൂരിന്‍റെ ട്വീറ്റില്‍ പറയുന്നു. മോദിയെക്കുറിച്ചുളള ഒബാമയുടെ ലേഖനത്തിനൊപ്പമാണ് ഫേയ്സ്ബുക്കിലെ തരൂരിന്‍റെ പോസ്റ്റ്. നേരത്തേയും പല തവണ നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂര്‍ രംഗത്തത്തെിയിരുന്നു. |
സൗദി ഓഹരി വിപണി ജൂണ്‍ 15ന് വിദേശികള്‍ക്ക് തുറന്നുകൊടുക്കും Posted: 16 Apr 2015 08:14 PM PDT റിയാദ്: സൗദി ഓഹരി വിപണി ജൂണ്‍ 15 മുതല്‍ വിദേശികള്‍ക്ക് തുറന്നുകൊടുക്കാന്‍ കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് അന്തിമ രൂപം നല്‍കിയ നിയമാവലി ജൂണ്‍ ആദ്യത്തില്‍ പുറത്തുവിടുമെന്നും അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി. 2014 ജൂലൈ 21ന് സൗദി മന്ത്രിസഭ അംഗീകരിച്ച 388ാം നമ്പര്‍ കരാറിന്‍െറ അടിസ്ഥാനത്തിലാണ് ഓഹരി വിപണി വിദേശികള്‍ക്ക് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്. സൗദിയില്‍ മുതല്‍മുടക്കുള്ള വിദേശ സ്ഥാപനങ്ങള്‍ക്ക് ഓഹരി വിപണിയില്‍ പരസ്യപ്പെടുത്തിയ സ്ഥാപനങ്ങളുടെ ഷെയര്‍ വാങ്ങിക്കാന്‍ ഇതോടെ അവസരം ലഭിക്കും. മന്ത്രിസഭ നിര്‍ദേശമനുസരിച്ച് പ്രാഥമിക നിയമാവലി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് 2014 ജൂലൈ 22ന് വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് വിദേശികള്‍ക്ക് സൗദി വിപണിയില്‍ ഓഹരി എടുക്കാനുള്ള നിയമാവലിയുടെ കരട് 2014 ആഗസ്റ്റ് 21 അതോറിറ്റി പുറത്തുവിട്ടു. 90 ദിവസത്തിനകം വിദഗ്ധരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാനാണ് അതോറിറ്റി അഭ്യര്‍ഥിച്ചിരുന്നത്. ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും വിദഗ്ധരില്‍ നിന്നും ലഭിച്ച അഭിപ്രായനിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ മേയ് നാലിനകം അന്തിമരൂപം നല്‍കും. എന്നാല്‍ ജൂണ്‍ ഒന്നിനാണ് നിയമാവലി ഒൗദ്യോഗികമായി പ്രസിദ്ധീകരിക്കുക. ജൂണ്‍ 15 മുതലാണ് സൗദി ജനറല്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി (സാഗിയ) അംഗീകാരമുള്ള വിദേശ സ്ഥാപനങ്ങള്‍ക്ക് ഓഹരി വിപണിയില്‍ ഷെയര്‍ എടുക്കാനാവുക. സുതാര്യവും കുറ്റമറ്റതുമായ രീതിയില്‍ ഓഹരി വിപണി വിദേശികള്‍ക്ക് തുറന്നുകൊടുക്കുന്നതിന്‍െറ ഭാഗമായാണ് മന്ത്രിസഭ തീരുമാനത്തിന് ശേഷം ഒരു വര്‍ഷത്തോളം നീണ്ട നടപടിക്രമങ്ങള്‍ സ്വീകരിച്ചതെന്ന് കാപിറ്റല്‍ മാര്‍ക്കറ്റിങ് അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി. |
കോണ്‍ഗ്രസിനോടുള്ള തൊട്ടുകൂടായ്മ: കാരാട്ടിന്‍െറ മൗനത്തിന് അല്‍പായുസ്സ് Posted: 16 Apr 2015 08:06 PM PDT Subtitle: കോണ്‍ഗ്രസുമായി സഖ്യനീക്ക സാധ്യത പ്രതിനിധികള്‍ അപ്പാടെ തള്ളി വിശാഖപട്ടണം: ബി.ജെ.പി-സംഘ്പരിവാര്‍ ശക്തികളുടെ രാഷ്ട്രീയ മുന്നേറ്റം തടയാനുള്ള ഭാവിപ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള തൊട്ടുകൂടായ്മ തുടരണമോ എന്ന കാര്യത്തില്‍ സി.പി.എമ്മിനകത്തെ അവ്യക്തതക്ക് മണിക്കൂറുകളുടെ ആയുസ്സ്. സി.പി.എമ്മിന്‍െറ 21ാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കോണ്‍ഗ്രസിനോടുള്ള ഭാവി സമീപനത്തില്‍ പ്രകടിപ്പിച്ച മൗനമാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്. എന്നാല്‍, തുടര്‍ന്ന് പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിച്ച കരട് രാഷ്ട്രീയ അടവു നയത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ ഏതെങ്കിലും തരത്തിലുള്ള സഖ്യനീക്ക സാധ്യത പ്രതിനിധികള്‍ അപ്പാടെ തള്ളി. പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കാരാട്ട് ഇത് ആവര്‍ത്തിച്ചതോടെ മൗനം പരത്തിയ അഭ്യൂഹങ്ങള്‍ക്ക് തിരശ്ശീലവീണു. രാഷ്ട്രീയ അടവുനയത്തെ കുറിച്ചുള്ള കരട് അവലോകന റിപ്പോര്‍ട്ടില്‍ സി.പി.എമ്മിന്‍െറ തനത് ശക്തി വര്‍ധിപ്പിക്കുന്നതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാനങ്ങളില്‍ രൂപവത്കരിക്കുന്നതിനുമാണ് ഊന്നല്‍ നല്‍കുന്നത്. എന്നാല്‍, പാര്‍ട്ടി തകര്‍ച്ച നേരിടുന്ന പശ്ചിമ ബംഗാളില്‍ മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും തൊട്ടു പിന്നാലെയുള്ള നിയമസഭാ തെരഞ്ഞെടുപ്പിലും തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനെ ഉപയോഗിക്കണമെന്ന ആവശ്യം അവിടത്തെ സി.പി.എം സംസ്ഥാന ഘടകത്തിന് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഉദ്ഘാടനവേദിയില്‍ കാരാട്ട് കോണ്‍ഗ്രസിനെയും മുന്‍ യു.പി.എ സര്‍ക്കാര്‍ നയങ്ങളെയും കുറിച്ച് പ്രകടിപ്പിച്ച മൗനം അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്. അടവുനയത്തിന്‍െറ ചര്‍ച്ചയില്‍ ബംഗാളിലും തമിഴ്നാട്ടിലും നിന്നുള്ള പ്രതിനിധികള്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍, ഭൂരിപക്ഷം പ്രതിനിധികളും കോണ്‍ഗ്രസ് ബാന്ധവത്തെ എതിര്‍ത്തു. മുന്‍കാലത്ത് ഇത്തരം കൂട്ടുകെട്ടില്‍ പോയതും വിമര്‍ശനപരമായി അടവുനയം എടുത്തുപറഞ്ഞിട്ടുണ്ട്. ‘പാര്‍ട്ടിയുടെ പോരാട്ടത്തിന്‍െറ മുഖ്യദിശ ബി.ജെ.പിക്ക് എതിരാണെങ്കിലും കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ പാടില്ളെന്ന 2002ലെ 17ാം പാര്‍ട്ടി കോണ്‍ഗ്രസ് ധാരണക്ക് വിരുദ്ധമായി 2004ല്‍ ആന്ധ്രയിലും പിന്നീടുള്ള ഒഡിഷ, പഞ്ചാബ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കി’യെന്നാണ് പറയുന്നത്. ഏതുതരത്തിലുള്ള കോണ്‍ഗ്രസ് ബന്ധത്തിനും എതിരായ ശക്തമായ കേരള ഘടകത്തിന്‍െറ നിലപാടാണ് നിര്‍ണായകമായത്. മുന്‍കാലങ്ങളില്‍നിന്ന് ഭിന്നമായി സി.പി.എമ്മുമായി വിവിധ സംസ്ഥാനങ്ങളില്‍ സഖ്യത്തിലുള്ളതും ഇല്ലാത്തതുമായ ഇടത് പാര്‍ട്ടികളുടെ ദേശീയ നേതാക്കളെ പ്രത്യേക ക്ഷണിതാക്കളായി ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസിന്‍െറ ഉദ്ഘാടനച്ചടങ്ങിന് ക്ഷണിച്ചിരുന്നു. |
വേഗതയുടെ ആരാധകര്‍ ബഹ്റൈനിലേക്ക് എ.വി.ഷെറിന്‍ Posted: 16 Apr 2015 07:43 PM PDT മനാമ: ലോകം ഉറ്റുനോക്കുന്ന 11ാമത് ബഹ്റൈന്‍ ഗ്രാന്‍റ് പ്രീ കാറോട്ടമത്സരത്തിന് ഇന്ന് സാഖിറിലെ ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ തുടക്കമാകും. കാറോട്ടപ്പാതയില്‍ വേഗതയുടെ മിന്നല്‍പ്പിണരുകളാകുന്ന പ്രശസ്തരുടെ നിരതന്നെ മത്സരത്തില്‍ പങ്കെടുക്കാനായി ബഹ്റൈനിലത്തെിയിട്ടുണ്ട്. ഈ മാസം 19 വരെയാണ് ഗ്രാന്‍റ് പ്രീ നീളുക. മൂന്ന് ദിവസം നീളുന്ന മത്സരത്തിന്‍െറ ഒരുക്കങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ തുടങ്ങിയിരുന്നു. അംബരചുംബികളായ കെട്ടികങ്ങള്‍ വൈദ്യുതിദീപങ്ങളാല്‍ അലങ്കരിച്ചും റോഡുകളില്‍ കൊടിതോരണങ്ങള്‍ തൂക്കിയും മറ്റും ബഹ്റൈനിലാകെ ഉത്സവാന്തരീക്ഷമാണ്. ഇന്‍റര്‍നാഷനല്‍ സര്‍ക്യൂട്ടിലേക്കുള്ള റോഡുകളുടെ അറ്റക്കുറ്റപ്പണി പൂര്‍ത്തീകരിച്ചതായി പൊതുമരാമത്ത്-മുനിസിപ്പല്‍-നഗസരാസൂത്രണ കാര്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു. റോഡുകളില്‍ സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും കേടുവന്ന ട്രാഫിക് ബോര്‍ഡുകള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. പുതുതായി കാര്‍ പാര്‍ക്കിങ് ഏരിയയും ഏര്‍പ്പെടുത്തി. ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിനുള്ള ഒരുക്കങ്ങളാണ് അധികൃതര്‍ നടത്തിയിട്ടുള്ളത്. മത്സരം കാണാന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് രണ്ടാഴ്ച്ചത്തെ മള്‍ട്ടിപ്ള്‍ എന്‍ട്രി വിസ അനുവദിക്കുമെന്ന് നാഷണാലിറ്റി, പാസ്പോര്‍ട്ട് ആന്‍റ് റെസിഡന്‍റ് അഫയേഴ്സ് അതോറിറ്റി ഡയറക്ടര്‍ ശൈഖ് അഹ്മദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ നേരത്തെ അറിയിച്ചിരുന്നു. വിസ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മതിയായ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തി. ഏപ്രില്‍ അഞ്ച് മുതല്‍ ഏപ്രില്‍ 19 വരെ രണ്ടാഴ്ച്ചക്കുള്ള മള്‍ടിപ്ള്‍ വിസയാണ് മത്സരത്തിന് എത്തുന്നവര്‍ക്ക് അനുവദിക്കുക. ഫെരാരി, സഹാറ ഫോഴ്സ് ഇന്ത്യ, ലോട്ടസ്, മക്ലാറന്‍, മെഴ്സിഡസ്, റെഡ്ബുള്‍, സൗബര്‍, ടോറോ റോസ്സോ, വില്ല്യംസ് എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്. ഇവര്‍ക്കുവേണ്ടി സെബാസ്റ്റ്യന്‍ വെറ്റല്‍,ഫെര്‍ണാണ്ടോ അലോന്‍സോ, വാള്‍ട്ടെറി ബൊട്ടാസ്, ജെന്‍സണ്‍ ബട്ടണ്‍, മാര്‍ക്യൂസ് എറിക്സണ്‍, റൊമയ്ന്‍ ഗ്രോസ്ജിയന്‍, ലെവിസ് ഹാമില്‍റ്റണ്‍, നികോ ഹള്‍കെന്‍ബെര്‍ഗ്, ഡാനില്‍ കെവ്യാട്, പാസ്റ്റര്‍ മാല്‍ഡൊണാഡോ, ഫെലിപ് മാസ, ലൂയി ഫെലിപ് നാസര്‍, സെര്‍ജിയോ പെരസ്, കിമി റെയ്ക്കോണെന്‍, ഡാനിയേല്‍ റികിയാര്‍ഡോ, നികോ റോസ്ബെര്‍ഗ്, കാര്‍ലോസ് സെയ്ന്‍സ് ജൂനിയര്‍, മാക്സ് വെര്‍സ്റ്റപന്‍ എന്നിവര്‍ സ്റ്റിയറിങ് വീല്‍ പിടിക്കും. നാല് തവണ ചാമ്പ്യനായ സെബാസ്റ്റ്യന്‍ വെറ്റലിന്‍െറ ഫെരാരിയിലേക്കുള്ള വരവ് ഗ്രാന്‍റ്പ്രീ ആരാധകര്‍ ആവേശത്തോടെയാണ് കാണുന്നത്. 139 റെയ്സുകളില്‍ 39 തവണ വിജയകിരീടം ചൂടിയ താരമാണ് വെറ്റല്‍.അതോടൊപ്പം ഫെര്‍ണാണ്ടോ അലോന്‍സോ എട്ട് വര്‍ഷത്തെ ഇടവേളക്കുശേഷം മക്ലാറനിലേക്ക് വരുന്നതും ചര്‍ച്ചയാണ്. ഗ്രാന്‍റ് പ്രീയില്‍ അഞ്ച് പുതുമുഖുങ്ങള്‍ വേഗപരീക്ഷണങ്ങള്‍ക്കായി എത്തുന്നുണ്ട്. ഗ്രാന്‍റ് പ്രീ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കാറോട്ടക്കാരന്‍ എന്ന ഖ്യാതിയുള്ള 18കാരന്‍ ഡച്ച് പൗരനും (ടോറോ റോസ്സോ) ഇതില്‍ പെടും. നികോ ഹള്‍കെന്‍ബെര്‍ഗ്, സെര്‍ജിയോ പെരസ് എന്നിവരാണ് ഫോഴ്സ് ഇന്ത്യയുടെ ഡ്രൈവര്‍മാര്‍. 25 പോയിന്‍റുമായി മെഴ്സിഡസിന്‍െറ ലെവിസ് ഹാമില്‍റ്റണ്‍ ആണ് പോയവര്‍ഷം വിജയകിരീടം ചൂടിയത്. |
കണ്ണൂര്‍ വീണ്ടും ബോംബ്, വടിവാള്‍ ഭരണത്തിലേക്ക് Posted: 16 Apr 2015 07:38 PM PDT കണ്ണൂര്‍: അല്‍പകാലം ഉറയിലൊതുങ്ങിയ വടിവാളുകളും ബോംബുകളും വീണ്ടും കണ്ണൂര്‍ ജില്ലയില്‍ പ്രയോഗിക്കുന്നു. രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം ജില്ലയില്‍ വീണ്ടും വര്‍ധിക്കാന്‍ തുടങ്ങിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. എം.എസ്.എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധത്തോടെ പുകഞ്ഞു തുടങ്ങിയ കൊള്ളി 2012ലെ ടി.പി. ചന്ദ്രശേഖരന്‍ വധത്തോടെ വീണ്ടും പുകയുമെന്ന് കരുതിയതായിരുന്നു. എന്നാല്‍, കണ്ണൂരിലെ പതിവ് ശൈലിക്ക് മാറ്റം വന്നു. ജില്ലയിലെ കുടുംബങ്ങളില്‍ ശാന്തിപടര്‍ന്നു. 2013 നവംബര്‍ 30 വരെ ജില്ല ഒരുപരിധിവരെ അക്രമരഹിതമായി. കൊലപാതക രാഷ്ട്രീയത്തിന്‍െറ പേരില്‍ ജനങ്ങളില്‍നിന്ന് നേതൃത്വം ഒറ്റപ്പെടുകയാണെന്ന് കരുതപ്പെട്ടു. പക്ഷേ, 2013 അവസാനം ഡിസംബര്‍ ഒന്നിന് പയ്യന്നൂരിലെ കെ.ടി. ജയകൃഷ്ണന്‍ ബലിദാന ദിനാചരണത്തിനിടയില്‍ നടന്ന രാഷ്ട്രീയ സംഘട്ടത്തില്‍ സി.എം. വിനോദ്കുമാര്‍ എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതോടെ അസ്വസ്ഥത പടരുമെന്ന് ആശങ്കയുണ്ടായി. അപ്പോഴും പകരം ചോദിക്കാന്‍ തങ്ങളില്ളെന്നു പറഞ്ഞ് സംഘ്പരിവാര്‍ ജനങ്ങളിലേക്ക് ഇറങ്ങുകയായിരുന്നു. ബി.ജെ.പിയുടെ ആത്മസംയമനം കൗതുകകരമായിരുന്നു. കേന്ദ്ര ഭരണത്തിന്‍െറ തണലില്‍ പാര്‍ട്ടി വളര്‍ത്താന്‍ ഇറങ്ങിയ ബി.ജെ.പിക്ക് മുന്നിലേക്ക് വിനോദ്കുമാറിന് പുറമെ 2014 ആഗസ്റ്റ് 17ന് ബി.എം.എസ് പ്രവര്‍ത്തകന്‍ കൊട്ടമ്പാറയിലെ എന്‍. സുരേഷിന്‍െറ മരണവും സെപ്റ്റംബര്‍ ഒന്നിന് കതിരൂര്‍ മനോജ് വധവും ഡിസംബര്‍ ഒന്നിന് കെ.കെ. രാജന്‍െറ കൊലപാതകവും ഒന്നിനുപിറകെ ഒന്നായി എത്തി. എല്ലാ കേസുകളിലും പ്രതികള്‍ സി.പി.എമ്മുകാര്‍. ആത്മസംയമനത്തിന്‍െറ നാളുകള്‍ക്ക് വിരാമം കുറിച്ച് ആര്‍.എസ്.എസ് അണികള്‍ ആയുധമെടുത്തു. ജില്ലയില്‍ പല ഭാഗങ്ങളിലായി കൊല്ലാക്കൊലകള്‍ അരങ്ങേറി. 2015 പിറന്ന് നാലുമാസം പൂര്‍ത്തിയാകുമ്പോള്‍ രണ്ട് കൊലപാതകങ്ങള്‍ക്കും സംഘര്‍ഷവുമായി ബന്ധപ്പെട്ട ഒരു അസ്വാഭാവിക മരണത്തിനും ജില്ല സാക്ഷ്യംവഹിച്ചു. ചിറ്റാരിപ്പറമ്പിലെ സി.പി.എം പ്രവര്‍ത്തകന്‍ കുണിയന്‍ പ്രേമന്‍, വെണ്ടുട്ടായിയിലെ വീട്ടമ്മ സരോജിനി, ഇന്നലെ വടക്കേപൊയിലൂരിലെ വിനോദ് എന്നിവരാണിവര്‍. ഇതില്‍ സരോജിനിയുടെ മരണം രാഷ്ട്രീയ കൊലപാതകമായി രജിസ്റ്റര്‍ ചെയ്തിട്ടില്ല. രാഷ്ട്രീയ സംഘര്‍ഷത്തിന്‍െറ ഭാഗമായുള്ള ബോംബേറില്‍ ദേഹാസ്വാസ്ഥ്യത്താല്‍ ചികിത്സ തേടി മരിച്ച സരോജിനിയും പാര്‍ട്ടി പട്ടികയില്‍ ‘രക്തസാക്ഷി’യാണ്. കൊലപാതകമില്ളെങ്കില്‍ പാര്‍ട്ടി സംഘടനാ സംവിധാനം ചലിക്കുന്നില്ളെന്ന ബോധ്യമാണ് ഉറയിലിട്ട വാളുകള്‍ പുറത്തെടുക്കാന്‍ പാര്‍ട്ടികളെ പ്രേരിപ്പിക്കുന്നതെന്നാണ് പൊലീസ് ഭാഷ്യം. |
പനിയിലമര്‍ന്ന് ചീയമ്പം 73 കോളനി Posted: 16 Apr 2015 07:27 PM PDT കല്‍പറ്റ ചീയമ്പം 73 കോളനിയിലെ ബൊമ്മന്‍െറ മകന്‍ ബാബു വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷനില്‍ വാച്ചറാണ്. എട്ടുമാസം മുമ്പാണ് പി.എസ്.സി വഴി ബാബുവിന് സ്ഥിരം നിയമനമായത്. അതുവരെ വനം വകുപ്പില്‍തന്നെ താല്‍ക്കാലിക ജോലിയിലായിരുന്നു. ഒരു ദിവസം കടുത്ത പനിവന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയിലത്തെുമ്പോള്‍ ഏറെ ക്ഷീണിതനായിരുന്നു. വിറയല്‍ വന്ന് പനി ഗുരുതരാവസ്ഥയിലായി. രക്തത്തില്‍ കൗണ്ട് കുറയുകയും ചെയ്തു. കഴിഞ്ഞ ജനുവരി ഏഴു മുതല്‍ 31 വരെ ബാബു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആദ്യം പുല്‍പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ മൂന്നു ദിവസം കഴിഞ്ഞു. ജനുവരി അഞ്ചിന് മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു ദിവസത്തിന് ശേഷമാണ് കോഴിക്കോട്ടേക്ക് റഫര്‍ ചെയ്തത്. തികഞ്ഞ ആരോഗ്യവാനായിരുന്ന ഈ 30കാരന്‍െറ വിട്ടുമാറാത്ത പനിയാണ് കോഴിക്കോട് മെഡി. കോളജ് അധികൃതരില്‍ സംശയങ്ങളുണര്‍ത്തിയത്. സാംപ്ള്‍ മണിപ്പാല്‍ വൈറോളജി ലാബില്‍ അയച്ച് പരിശോധിച്ചപ്പോള്‍ കുരങ്ങുപനിയാണെന്ന് സ്ഥിരീകരിച്ചു. ഇത്തവണ ജില്ലയില്‍ പൊട്ടിപ്പുറപ്പെട്ട കുരങ്ങുപനി ആദ്യം സ്ഥിരീകരിച്ചത് ബാബുവിലായിരുന്നു. അതിനു മുമ്പേ ചീയമ്പം 73 കോളനിയില്‍ മാരന്‍ മരിച്ചിരുന്നു. പനി ബാധിച്ച് മരിച്ച മാരന്‍െറ രോഗലക്ഷണങ്ങള്‍ ഇപ്പോള്‍ ബോധ്യമുള്ള കുരങ്ങുപനിയുടെ ലക്ഷണങ്ങളോട് സമാനമായിരുന്നു. മാരനെപ്പോലെ മറ്റു ചിലരും ജില്ലയില്‍ കുരങ്ങുപനി സ്ഥിരീകരിക്കുന്നതിനുമുമ്പ് കെ.എഫ്.ഡി ലക്ഷണങ്ങളോടെ മരണപ്പെട്ടെങ്കിലും അവരൊന്നും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ല. കുരങ്ങുപനിമൂലം മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടുലക്ഷം രൂപയുടെ തുച്ഛമായ സഹായധനം പോലും ഇക്കാരണത്താല്‍ ഇവര്‍ക്ക് ലഭിച്ചില്ല. ജില്ലയില്‍ കുരങ്ങുപനി മരണം ഒൗദ്യോഗികമായി എട്ടാണെങ്കിലും അതിനേക്കാള്‍ കൂടുതലാണ് മരണസംഖ്യയെന്ന് കോളനികള്‍ കേന്ദ്രീകരിച്ചുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നതില്‍ കഴമ്പുണ്ട്. ബാബു ഇപ്പോള്‍ രോഗത്തില്‍നിന്ന് മുക്തനായി വരുന്നു. കുരങ്ങുപനി ബാധിച്ചാലുള്ള ക്ഷീണം പറഞ്ഞറിയിക്കാന്‍ കഴിയില്ളെന്ന് ബാബു. വിറയല്‍ കാരണം മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ പോലുമാവില്ല. രണ്ടു പെണ്‍മക്കളുടെ പിതാവായ ഈ യുവാവ് ജോലിയില്‍ തിരിച്ചുകയറുന്നതിനുള്ള ആരോഗ്യം വീണ്ടെടുക്കുന്നതും കാത്തിരിക്കുകയാണ്. ചീയമ്പം കോളനിയില്‍ 86 കാട്ടുനായ്ക്കരുടെയും 78 പണിയ വിഭാഗക്കാരുടെയും വീടുകളുണ്ട്. ഈ വീടുകളിലായി 307 കുടുംബങ്ങള്‍. വനം വകുപ്പിന് കീഴിലെ കാപ്പി എസ്റ്റേറ്റായിരുന്ന ഇവിടം കാപ്പിക്കളമെന്നും അറിയപ്പെടുന്നു. പരമ്പരാഗത കോളനികള്‍പോലെ അടുത്തടുത്ത വീടുകളല്ല ചീയമ്പത്തേത്. കെ.എഫ്.ഡി.സി എസ്റ്റേറ്റില്‍ സ്ഥിരം തൊഴിലാളികളായിരുന്നവര്‍ക്ക് രണ്ടേക്കര്‍ വീതവും താല്‍കാലിക ജീവനക്കാര്‍ക്ക് ഒരേക്കര്‍ വീതവും പതിച്ചുകൊടുക്കുകയായിരുന്നു. ഈ കൃഷിയിടങ്ങള്‍ക്കുള്ളിലാണ് ഓരോ വീടും. ഇവിടെ 75 പേര്‍ക്കാണ് ഒറ്റയടിക്ക് പനി ബാധിച്ചത്. ഇവരുടെ സാംപ്ള്‍ പരിശോധിച്ചതില്‍ 23 പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. ബൊമ്മന്‍, മാധവന്‍, കുള്ളന്‍ എന്നിവരുടെ മരണം കുരങ്ങുപനി മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. രോഗബാധ മൂര്‍ധന്യത്തില്‍ നില്‍ക്കെ കോളനിയില്‍ മരിച്ച കാളി, മാച്ചി എന്നിവരുടെ മരണം കുരങ്ങുപനി കാരണമല്ളെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. മാരന്‍െറ മരണവും ഈ ലിസ്റ്റില്‍ വന്നില്ല. (തുടരും) |
വിശ്വാസ്യതയുടെ പുതു സമവാക്യം Posted: 16 Apr 2015 07:09 PM PDT പതിനെട്ടു മാസം നീണ്ട സങ്കീര്‍ണ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇറാനുമായി അമേരിക്ക ഉള്‍പ്പെടുന്ന വന്‍ശക്തി രാജ്യങ്ങള്‍ ആണവ ഉടമ്പടിയില്‍ എത്തിച്ചേര്‍ന്നത്. രക്ഷാസമിതിയിലെ പഞ്ച സ്ഥിരാംഗ രാഷ്ട്രങ്ങളും ജര്‍മനിയും ചേര്‍ന്ന (P5+1) നയതന്ത്ര കൂട്ടായ്മയുടെ അനുരഞ്ജന നീക്കങ്ങള്‍ ഫലംകാണുകയായിരുന്നു. ഉടമ്പടിയുടെ ചട്ടക്കൂട് മാത്രമാണ് ആവിഷ്കരിക്കാന്‍ സാധിച്ചത്. ജൂണ്‍ 30ന് മാത്രമേ അന്തിമ ഉടമ്പടി സാധ്യമാകൂ. പശ്ചിമേഷ്യന്‍-ഉത്തരാഫ്രിക്കന്‍ മേഖലയിലെ സമവാക്യങ്ങള്‍ പുരോഗമനപരമായി തിരുത്തിക്കുറിക്കുന്ന ഈ ഉടമ്പടി സ്വാഗതാര്‍ഹമാണ്. കരാര്‍ പ്രകാരം ആണവ സംസ്കരണ പരിപാടികള്‍ ഗണ്യമായ തോതില്‍ ഇറാന്‍ വെട്ടിക്കുറക്കും. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐ.എ.ഇ.എ) മേല്‍നോട്ടത്തിലാകും ഇറാന്‍െറ ആണവ പരിപാടികള്‍. പകരം അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍, യു.എന്‍ എന്നിവ ഇറാനെതിരെ നടപ്പാക്കിവരുന്ന കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ റദ്ദാക്കും. ഈ ഉപരോധങ്ങള്‍ വഴി ഇറാന്‍െറ ദേശീയ കറന്‍സിയുടെ മൂല്യം 40 ശതമാനം ഇടിയുകയും ഇറാന്‍െറ എണ്ണക്കയറ്റുമതികള്‍ ഭാഗികമായി സ്തംഭിക്കുകയുമുണ്ടായി. ഇറാന്‍െറ ആണവ പ്രക്രിയകള്‍ അവസാനിപ്പിക്കാന്‍ ഒരുദശകത്തിലേറെയായി ഊര്‍ജിത നീക്കങ്ങള്‍ നടത്തി വരുകയാണ് വന്‍ശക്തികള്‍. സമാധാനാവശ്യങ്ങള്‍ക്കായുള്ള ആണവ വൈദ്യുതോല്‍പാദനം അവസാന ഘട്ടത്തില്‍ അണുവായുധ നിര്‍മിതിയിലേക്ക് ഇറാനെ എത്തിക്കുമെന്ന പാശ്ചാത്യ ആശങ്കക്ക് പുതിയ കരാറോടെ തിരശ്ശീല വീഴുകയാണ്. 36 വര്‍ഷമായി തകര്‍ന്നു കിടക്കുന്ന യു.എസ്-ഇറാന്‍ ബന്ധം പൂര്‍ണമായി പുന$സ്ഥാപിക്കപ്പെടുന്നുവെന്ന ശുഭ ഫലവും ഉടമ്പടിയോടെ പ്രത്യക്ഷമാകും. കരാര്‍ പ്രകാരം യുറേനിയം സംസ്കരണം 3.67 ശതമാനമായി ഇറാന്‍ വെട്ടിക്കുറക്കും. (90 ശതമാനം നിരക്കില്‍ സംസ്കരിക്കപ്പെടുന്ന യുറേനിയമാണ് ആണവായുധ നിര്‍മിതികള്‍ക്ക് ആവശ്യമായിട്ടുള്ളത്) യുറേനിയം സംസ്കരിക്കാന്‍ സ്ഥാപിച്ച 19,000 സെന്‍ട്രിഫ്യൂജുകളില്‍ 6000 എണ്ണം മാത്രമേ അടുത്ത 10വര്‍ഷത്തേക്ക് തെഹ്റാന്‍ പ്രവര്‍ത്തിപ്പിക്കൂ. ആയുധനിര്‍മാണത്തിന് ഉതകുന്ന അറാക് നിലയത്തിലെ പ്ളൂട്ടോണിയം ശേഖരം പൂര്‍ണമായി നിര്‍വീര്യമാക്കും. നിലയം റീ ഡിസൈന്‍ ചെയ്യാനും കരാര്‍ വ്യവസ്ഥ ചെയ്യുന്നു യുറേനിയം സംസ്കരണം പൂര്‍ണമായി ഇറാന്‍ അവസാനിപ്പിക്കണമെന്ന ശാഠ്യം അമേരിക്ക പിന്‍വലിച്ചതാണ് ഉടമ്പടി യാഥാര്‍ഥ്യമാകാന്‍ സഹായകമായ നിര്‍ണായക ചുവടുവെപ്പ്. അതേസമയം, ഏതൊരു രാജ്യത്തെയും പോലെ യുറേനിയം സംസ്കരിക്കാന്‍ അഥവാ ആണവോര്‍ജം പ്രയോജനപ്പെടുത്താന്‍ ന്യായമായ അവകാശമുണ്ടെന്ന ഇറാന്‍െറ വാദം അംഗീകരിക്കപ്പെടുകയും ചെയ്തു. എന്നാല്‍, ജൂണ്‍ 30നകം ഉടമ്പടി പൂര്‍ണമായി അംഗീകരിക്കപ്പെടുമോയെന്ന കാര്യത്തില്‍ സന്ദേഹങ്ങള്‍ ഉയരുന്നുണ്ട്. റിപ്പബ്ളിക്കന്‍ കക്ഷിക്ക് മുന്‍തൂക്കമുള്ള യു.എസ് കോണ്‍ഗ്രസ് കരാറിന് അംഗീകാരം നല്‍കുമോയെന്ന ആശങ്ക തന്നെ പ്രധാന കാരണം. യു.എസില്‍ സ്വാധീനശേഷിയുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും കരാറിനെതിരെ ശബ്ദം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. അതേസമയം, കരാറിനെതിരെ പ്രതീക്ഷിക്കപ്പെട്ടതുപോലെ ഇറാനിലെ കടുംപിടിത്തക്കാര്‍ പ്രതിഷേധമുയര്‍ത്തിയില്ല. പ്രസിഡന്‍റ് റൂഹാനി മാത്രമല്ല ആത്മീയ നേതാവ് അലി ഖാംനഈയും ഉടമ്പടിയെ അനുകൂലിക്കുന്നു. ശീതയുദ്ധ ശാഠ്യങ്ങള്‍ മാറ്റിവെച്ച് വിശ്വാസ്യത വീണ്ടെടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ടേ ഇത്തരം സാര്‍വദേശീയ ഉടമ്പടികള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയു. രണ്ടുവര്‍ഷം മുമ്പുവരെ സ്വീകരിച്ച പിടിവാശികള്‍ ഉപേക്ഷിക്കാന്‍ അമേരിക്ക തയാറായി എന്നത് ശുഭസൂചനയാണ്. സ്വന്തം ആഗോള മേല്‍ക്കോയ്മ നിലനിര്‍ത്തുന്ന കരാറിന് വേണ്ടിയായിരുന്നു ഇതുവരെയുള്ള അമേരിക്കന്‍ നീക്കങ്ങള്‍. യൂറോപ്യന്‍ രാജ്യങ്ങള്‍ 90 ശതമാനത്തോളം കരാറിനരികെ എത്തിയപ്പോള്‍ അതിനെ അമേരിക്ക തകിടം മറിക്കുകയാണുണ്ടായത്. ഐ.എ.ഇ.എയിലെ സ്വാധീനം ഉപയോഗിച്ച് ഇറാന്‍ ആണവായുധ നിര്‍മിതിയുടെ ഘട്ടത്തില്‍ പ്രവേശിച്ചതായി സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍വരെ വാഷിങ്ടണ്‍ പ്രചരിപ്പിച്ചു. എന്നാല്‍, 2013 ജനുവരിയില്‍ ബറാക് ഒബാമ പ്രസിഡന്‍റായി അധികാരമേറ്റശേഷം ഇറാനെ വിശ്വാസത്തിലെടുത്ത് നീക്കിയ നടപടികള്‍ പുതിയ ആണവധാരണക്ക് പിന്‍ബലമായി വര്‍ത്തിച്ചു. ഒബാമ പിന്‍വാതില്‍ ചര്‍ച്ചകള്‍വരെ ഇതിനുവേണ്ടി നടത്തിയിരുന്നതായി നയതന്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നുണ്ട്. ഇറാനെ തെമ്മാടി രാഷ്ട്രമായി മുദ്രയടിച്ചിരുന്ന മുന്‍ ഭരണകര്‍ത്താക്കളുടെ നയത്തില്‍നിന്ന് വ്യത്യസ്തമായി ഒബാമ ഇറാന്‍ പ്രസിഡന്‍റിന് നേരെ കഴിഞ്ഞ ഡിസംബറില്‍ സൗഹൃദഹസ്തം നീട്ടിയതും മഞ്ഞുരുകലിന്‍െറ നാന്ദിയായിരുന്നു. ഇപ്പോള്‍ ഇറാഖില്‍ ഐ.എസിനെതിരെ അമേരിക്കയുടെ പ്രധാന ആശ്രയം ഇറാന്‍ മാത്രമാണ്. ഇറാനെ യുക്തിബോധത്തോടെ പ്രവര്‍ത്തിക്കുന്ന രാജ്യമായി പാശ്ചാത്യ നയതന്ത്രജ്ഞര്‍ വിശേഷിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. പാശ്ചാത്യരാഷ്ട്രങ്ങള്‍ ഉപരോധം പിന്‍വലിക്കുന്നത് ഇറാനെ സാമ്പത്തികമായി അഭിവൃദ്ധിപ്പെടുത്താതിരിക്കില്ല. വികസിത ഇറാന്‍െറ ഗുണഭോക്താക്കളവാന്‍ ഇന്ത്യയെപ്പോലുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്കും അവസരം ലഭിക്കും. ഐ.എ.ഇ.എയില്‍ ഇറാനെതിരെ വോട്ട് ചെയ്തുകൊണ്ട് നേരത്തേ ന്യൂഡല്‍ഹി രണ്ട് സന്ദര്‍ഭങ്ങളില്‍ തെറ്റായ ചുവടുവെപ്പുകള്‍ നടത്തുകയുണ്ടായി. അതുവഴി ഇറാന്‍-പാക് -ഇന്ത്യ പ്രകൃതി വാതക പൈപ്പ്ലൈന്‍ പദ്ധതിയാണ് രാജ്യത്തിന് നഷ്ടമായത്. അത്തരം സഹകരണ പദ്ധതികള്‍ക്ക് ഒരിക്കല്‍കൂടി അവസരം കൈവന്നിരിക്കുന്നു. അഫ്ഗാനില്‍ ജനാധിപത്യം പുന$സ്ഥാപിക്കുന്നതിനുള്ള പദ്ധതികളിലും ഇന്ത്യക്ക് ഇറാന്‍െറ പിന്തുണ തേടാം. |
യു.എന്‍ പ്രമേയംകൊണ്ട് യമനില്‍ സമാധാനമുണ്ടാകുമോ? Posted: 16 Apr 2015 06:51 PM PDT ‘ഓപറേഷന്‍ ഡിസിസീവ് സ്റ്റോം’ എന്ന പേരില്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യമനില്‍ 10 അറബ് രാഷ്ട്രങ്ങള്‍ മാര്‍ച്ച് 26ന് തുടക്കമിട്ട സൈനികാക്രമണം രണ്ടാഴ്ച പിന്നിട്ടപ്പോള്‍ ആര്‍ക്കും ജയം അവകാശപ്പെടാന്‍ കഴിയാത്തവിധം സ്ഥിതിഗതികള്‍ കൂടുതല്‍ പ്രക്ഷുബ്ധമായിരിക്കുന്നു. സഖ്യസേനയും ഹൂതി വിമതരും തമ്മിലുള്ള പോരാട്ടത്തില്‍ നൂറുകണക്കിന് യമനികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ലക്ഷക്കണക്കിന് പൗരന്മാര്‍ അവരുടെ ആവാസവ്യവസ്ഥയില്‍നിന്ന് തൂത്തെറിയപ്പെട്ടിരിക്കുകയുമാണ്. ഇതുവരെ അണിയറയിലിരുന്ന് ‘തന്ത്രപരമായ’ ഉപദേശങ്ങളും ആയുധസഹായങ്ങളും നല്‍കി, പോരാട്ടം കൗതുകത്തോടെ നോക്കിക്കാണുകയായിരുന്ന പടിഞ്ഞാറന്‍ വന്‍ശക്തികള്‍, വിഷയം യു.എന്‍ രക്ഷാസമിതിയില്‍ എത്തിച്ച് യമന്‍ പ്രശ്നത്തിന് ആഗോളമാനം നല്‍കിയിരിക്കയാണ്. ഹൂതി വിമത നേതാക്കളെയും മുന്‍ പ്രസിഡന്‍റ് അലി അബ്ദുല്ല സാലിഹിനെയും കരിമ്പട്ടികയില്‍ പെടുത്തുകയും ഇവര്‍ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നത് നിരോധിക്കുകയും ചെയ്യുന്ന പ്രമേയം കഴിഞ്ഞ ദിവസം രക്ഷാസമിതി പാസാക്കിയിരിക്കയാണ്. ഈ നേതാക്കള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്യാന്‍ പ്രമേയം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഹൂതികളോട് ഇതുവരെ ആഭിമുഖ്യം കാണിച്ചിരുന്ന റഷ്യ വോട്ടെടുപ്പില്‍നിന്ന് മാറിനിന്നത് കൊണ്ട് ‘ഏകകണ്ഠമായാണ്’ പ്രമേയം അംഗീകരിക്കപ്പെട്ടത്. ഇതിനിടയില്‍, യമന്‍ വിഷയത്തില്‍ യു.എന്‍ ഉപദേശകനായ മൊറോക്കന്‍ നയതന്ത്രപ്രതിനിധി ജമാല്‍ ബെനോമര്‍ സ്ഥാനം രാജിവെച്ചിരിക്കയാണ്. ഇവിടെ പ്രസക്തമായ ചോദ്യം, യു.എന്‍ പ്രമേയംകൊണ്ടുമാത്രം യമനില്‍ സമാധാനം പുന$സ്ഥാപിക്കാന്‍ സാധിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ എന്നതാണ്. ഏതാനും ഹൂതിനേതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതുകൊണ്ടോ ആയുധഉപരോധം ഏര്‍പ്പെടുത്തിയതുകൊണ്ടോ വിദേശസൈന്യത്തോട് പടപൊരുതുന്ന മിലിഷ്യ സമാധാന ചര്‍ച്ചക്കായി വട്ടമേശക്കു മുന്നിലേക്ക് ഓടിവരുമെന്ന് ആരും കരുതുന്നുണ്ടാവില്ല. വ്യവസ്ഥാപിത ഭരണകൂടത്തിന്‍െറ അഭാവത്തില്‍, വിവിധ ബാനറിലുള്ള ആത്യന്തികവാദികള്‍ സൈ്വരവിഹാരം നടത്തുന്ന, ഒരു നാട്ടില്‍ ഒരു പ്രമേയംകൊണ്ട് സമാധാനം പുന$സ്ഥാപിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ബുദ്ധിപൂര്‍വമാവില്ല. രാജ്യത്തിന്‍െറ തലസ്ഥാന നഗരിയടക്കമുള്ള പ്രധാനപട്ടണങ്ങള്‍ ഇപ്പോഴും വിമതപോരാളികളുടെ അധീനതയിലാണ്. വിദേശസൈന്യത്തിന്‍െറ സാന്നിധ്യവും അവര്‍ വിതക്കുന്ന കൊടിയ നാശനഷ്ടങ്ങളും കൂടുതല്‍ കൂടുതല്‍ യമനികളെ അവരുടെ ഗോത്ര-വിഭാഗീയ സ്വത്വങ്ങളിലേക്ക് ആട്ടിത്തെളിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും ദരിദ്രരാഷ്ട്രങ്ങളിലൊന്നിന്‍െറമേലാണ് സൈനിക ഓപറേഷന്‍ അടിച്ചേല്‍പിക്കുന്നതെന്ന് ഉത്തരവാദപ്പെട്ടവര്‍ ആദ്യം തന്നെ മനസ്സിലാക്കണമായിരുന്നു. പോഷകാഹാരത്തിന്‍െറ കുറവുമൂലം പതിനായിരക്കണക്കിന് കുഞ്ഞുങ്ങള്‍ മരിച്ചുവീഴുകയും കുടിവെള്ളം അപൂര്‍വ വസ്തുവായി മാറുകയും ചെയ്ത ഒരു രാജ്യത്ത് യുദ്ധം വിതക്കുന്ന കെടുതികള്‍ എത്ര ഭയാനകമായ മാനുഷിക പ്രതിസന്ധിയാണ് സൃഷ്ടിക്കാന്‍ പോകുന്നതെന്ന് മുന്‍കൂട്ടി കാണാന്‍ ആര്‍ക്കുമായില്ല. യമനില്‍ ഇപ്പോള്‍ അരങ്ങേറുന്നത് സൗദിയും ഇറാനും തമ്മിലുള്ള നിഴല്‍യുദ്ധമാണ് എന്ന നിലയിലാണ് ആഗോളസമൂഹം വിഷയത്തെ വിലയിരുത്തുന്നത്. സുന്നി-ശിയ വിഭാഗീയതയുടെ മൂര്‍ധന്യദശയിലെ നിര്‍ഭാഗ്യകരമായ പൊട്ടിത്തെറിയായും യമന്‍ സംഭവവികാസങ്ങളെ നോക്കിക്കാണുന്നവരുണ്ട്. സന്‍ആയിലെ തെരഞ്ഞെടുക്കപ്പെട്ട അബ്ദുറബ് മന്‍സൂര്‍ ഹാദി സര്‍ക്കാറിനെതിരെ ഹൂതി തീവ്രവാദികള്‍ തുടങ്ങിവെച്ച സായുധാക്രമണം യമനെ ശിഥിലമാക്കുക മാത്രമല്ല, മേഖലയുടെ മൊത്തം സ്വാസ്ഥ്യം കെടുത്താനും ശാക്തിക സന്തുലിതത്വം തകര്‍ക്കാനും വഴിവെക്കുന്നുവെന്നാണ് സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഇറാനാണ് യമനിലെ കുഴപ്പങ്ങള്‍ക്ക് മുഖ്യകാരണക്കാരെന്ന് തെളിവുണ്ടെങ്കില്‍ യു.എന്‍ താക്കീത് നല്‍കേണ്ടത് ആ രാജ്യത്തിനാണ്. യു.എസുമായുള്ള ആണവകരാറിലൂടെ ആഗോളമുഖ്യധാരയിലേക്ക് കടന്നുവരാന്‍ പോകുന്ന ഇറാന്‍െറമേല്‍ വന്‍ശക്തികള്‍ക്ക് ഈ വിഷയത്തില്‍ സമ്മര്‍ദം ചെലുത്താവുന്നതേയുള്ളൂ. സ്പെയിനിനെ മുന്നില്‍നിര്‍ത്തി ഇറാന്‍ വിദേശകാര്യമന്ത്രി സമാധാന ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന വാര്‍ത്ത സത്യമാണെങ്കില്‍ ആ ശ്രമങ്ങളോട് സഹകരിക്കുന്നതാവും യുദ്ധംകൊണ്ട് ഇതുവരെ കാര്യമായി ഒന്നും നേടാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കരണീയമായിട്ടുള്ളത്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷനിലെ (ഒ.ഐ.സി) അംഗമാണ് സൗദിയും ഇറാനും. ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിങ് കണ്‍ട്രീസിന്‍െറ (ഒപെക് ) അമരത്തിരിക്കുന്ന രണ്ടു രാജ്യങ്ങളാണിവ. ഓരോ വര്‍ഷവും പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ ഇറാനില്‍നിന്ന് സൗദിയിലത്തെുന്നുണ്ട്. ഒരിക്കലും പരസ്പര ശത്രുതയില്‍ കഴിയേണ്ടവരല്ലാത്ത രണ്ടു രാജ്യങ്ങള്‍ക്ക് വട്ടമേശക്ക് ചുറ്റുമിരുന്ന് സൗഹൃദത്തിന്‍െറ പഴയ നല്ല കാലം തിരിച്ചെടുക്കാന്‍ സാധിക്കുമെങ്കില്‍ യമനില്‍ മാത്രമല്ല, പശ്ചിമേഷ്യയിലൊന്നാകെ സമാധാനത്തിന്‍െറ പുതിയ പുലരി യാഥാര്‍ഥ്യമാകുകതന്നെ ചെയ്യും. |
മധുരമെന്‍ മലയാളം: എഴുത്തു പരീക്ഷ ഇന്ന് Posted: 16 Apr 2015 05:52 PM PDT ദുബൈ: ഗള്‍ഫ് മാധ്യമം മധുരമെന്‍ മലയാളം ഭാഷാ പദ്ധതിയിലെ രണ്ടാം ഘട്ട പരീക്ഷ ജി.സി.സി രാജ്യങ്ങളിലെ 10 കേന്ദ്രങ്ങളിലായി വെള്ളിയാഴ്ച നടക്കും. കേരള സര്‍ക്കാറിന്‍െറ സഹകരണത്തോടെ നടത്തുന്ന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ പ്രാഥമിക ഓണ്‍ലൈന്‍ പരീക്ഷയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 440 വിദ്യാര്‍ഥികളാണ് യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി എഴുത്തുപരീക്ഷയില്‍ പങ്കെടുക്കുക. സൗദിയില്‍ മൂന്നു കേന്ദ്രങ്ങളിലായി ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ 120 പേരും യു.എ.ഇയില്‍ രണ്ടു കേന്ദ്രങ്ങളിലായി 120 പേരും ഒമാനില്‍ രണ്ടു കേന്ദ്രങ്ങളിലായി 80 പേരും പരീക്ഷയെഴുതും. ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ ഓരോ കേന്ദ്രങ്ങളിലായി 40 വീതം വിദ്യാര്‍ഥികളും പരീക്ഷക്കിരിക്കും. എല്ലായിടത്തും പ്രാദേശിക സമയം മൂന്നു മണി മുതല്‍ 4.30 വരെയായിരിക്കും പരീക്ഷ. എഴുത്തു പരീക്ഷയില്‍നിന്ന് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 14 പേരാണ് ഈ മാസം 24ന് ദുബൈയില്‍ നടക്കുന്ന അന്തിമപരീക്ഷയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടുക. ഗള്‍ഫ് മാധ്യമവും കേരള സാംസ്കാരിക വകുപ്പും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും മലയാളം മിഷനും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും കൈകോര്‍ത്ത് നടത്തുന്ന മധുരമെന്‍ മലയാളം പദ്ധതിയിലെ അന്തിമ പരീക്ഷയില്‍ പ്രമുഖരടങ്ങുന്ന ജൂറിയായിരിക്കും വിധി നിര്‍ണയിക്കുക. 24ന് വൈകീട്ട് ദുബൈ മൈദാനില്‍ മഹാ ആഘോഷ വേദിയിലായിരിക്കും വിജയികളുടെ പ്രഖ്യാപനവും സമ്മാനദാനവും. |
No comments:
Post a Comment