സ്വാഗതം
WELCOME

News Update..

Thursday, May 8, 2014

ഗംഗാ ആരതിയുടെ പേരില്‍ മോദി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു -കെജ്രിവാള്‍ Madhyamam News Feeds

ഗംഗാ ആരതിയുടെ പേരില്‍ മോദി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു -കെജ്രിവാള്‍ Madhyamam News Feeds

Link to

ഗംഗാ ആരതിയുടെ പേരില്‍ മോദി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു -കെജ്രിവാള്‍

Posted: 08 May 2014 12:05 AM PDT

Image: 

വാരാണസി: രാഷ്ട്രീയ പ്രചാരണ റാലിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചതിന്‍െറ പേരില്‍ നരേന്ദ്ര മോദി ഗംഗാ ആരതി നടത്താതിരിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാള്‍. മത ചടങ്ങുകള്‍ക്ക് തെരഞ്ഞെടുപ്പ് കമമീഷന്‍െറ അനുമതി ആവശ്യമില്ല. താന്‍ കഴിഞ്ഞ ദിവസം ഒറ്റക്ക് പോയി  ഗംഗ ആരതി നടത്തുകയുണ്ടായി. ആരും എന്നെ തടഞ്ഞിട്ടില്ല. ഇന്ന് വീണ്ടും ഭാര്യയോടൊത്ത് ഗംഗയില്‍ ആരതി നടത്തും. ഗാഗ ആരതി നടത്തുന്നതിന് മോദിയെ ആരും തടഞ്ഞിട്ടില്ല. എന്നാല്‍, അതില്‍ നിന്ന് മുതലെടുപ്പ് നടത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്.
ബി.ജെ.പി കടുത്ത പരാജയഭീതിയലാണ്. അവരുടെ എല്ലാ നേതാക്കളും കാശിയില്‍ തമ്പടിച്ചിരിക്കുകയാണ്. ഇതു കൊണ്ടൊന്നും മോദിയെ രക്ഷിക്കാന്‍ കഴിയില്ളെന്ന് കെജ്രിവാള്‍ ചൂണ്ടിക്കാട്ടി. കാശിയില്‍ പൊതു വേദിയില്‍ വെച്ച് തന്നോടൊത്ത് തുറന്ന സംവാദത്തിന് മോദി ഒരുക്കമാണോ എന്നും കെജ്രിവാള്‍ വെല്ലുവിളിച്ചു. ജനങ്ങളുടെ ഏതു ചോദ്യത്തിനും ഉത്തരം നല്‍കാന്‍ മോദി തയ്യാറുണ്ടോയെന്നും കെജ്രിവാള്‍ ചോദിച്ചു.
നരേന്ദ്ര മോദി കളിക്കുന്ന വര്‍ഗ്ഗീയ കാര്‍ഡിന്‍െറ ഉദാഹരണമാണ് വരാണസിയിലെ പ്രതിഷേധ നാടകമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി മായാവതി പറഞ്ഞു. ഗംഗ ആരതി പോലും ബി.ജെ.പി രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണെന്നും മായാവതി പറഞ്ഞു.
അതിനിടെ, വാരാണസിയില്‍ പ്രചാരണ റാലിക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ദല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് ബി.ജെ.പി റാലി നടത്തി.

കൂടങ്കുളത്തിന് പ്രത്യേക സമിതി വേണ്ട -സുപ്രീംകോടതി

Posted: 07 May 2014 11:33 PM PDT

Image: 

ന്യൂഡല്‍ഹി: കൂടങ്കുളം ആണവ നിലയത്തിന്‍റെ സുരക്ഷാ മേല്‍നോട്ടത്തിന് പ്രത്യേക സമിതി വേണ്ടെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. സുരക്ഷ വിലയിരുത്താന്‍ നിലവിലുള്ള സമിതി മതിയെന്നും കോടതി.

സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച 15 സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കിവരികയാണെന്നും അധിക സമിതിയെ ഇപ്പോള്‍ ചുമതലയേല്‍പിക്കേണ്ടതില്ളെന്നുമുള്ള കേന്ദ്രത്തിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
 

സാംബാ സംഗീതത്തിലേക്ക് സ്വാഗതം

Posted: 07 May 2014 11:25 PM PDT

Image: 
Subtitle: 
ഡോ. മുഹമ്മദ് അഷ്റഫ്

തലമുറകളുടെ വ്യത്യാസമില്ലാതെ ബ്രസീലുകാരന്‍െറ മനസ്സിലെ വിങ്ങലാകുന്ന ദിനമാണ് 1950 ജൂലൈ 16. അന്നായിരുന്നു ലോകകപ്പ് കലാശക്കളിയില്‍ പ്രത്യാശകളും പ്രവചനങ്ങളും അസ്ഥാനത്താക്കി കാല്‍പ്പന്തുകളിയുടെ സൗന്ദര്യശാസ്ത്രകാരന്മാരായിരുന്ന ബ്രസീലുകാര്‍ കാല്‍ക്കരുത്തിന്‍െറ പ്രതീകങ്ങളായിത്തീര്‍ന്ന ഉറുഗ്വായ്ക്കു മുന്നില്‍ കാലിടറിവീണത്. അതും അവരുടെ എല്ലാമായ ‘മറക്കാനാ’ സ്റ്റേഡിയത്തില്‍.  ഈ ഒരു ദിവസം ബ്രസീല്‍ ഉള്ളിടത്തോളം ആവേശത്തിന്‍െറയും വീരഗാഥയുടെ വിളംബരമായും ഒക്കെ പില്‍ക്കാല തലമുറക്ക് കൈമാറാനവര്‍ കരുതിവെച്ചിരുന്നതുമാണ്. എന്നാല്‍, ഓര്‍മയില്‍പോലും നടുക്കമുണ്ടാക്കുന്ന ദുരന്തദിനമായി.  വീരഗാഥ വരുംതലമുറക്കായി കരുതിവെക്കാനായി, 64 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം വിരുന്നിനത്തെുന്ന കാല്‍പ്പന്തുകളിയുടെ രണ്ടാം വരവിനെ ബ്രസീലുകാര്‍ ഉറക്കമൊഴിഞ്ഞു കാത്തിരിക്കുകയാണ്.
കാല്‍പ്പന്തുകളിയുടെ ഹൃദയമാണ് ലാറ്റിനമേരിക്ക. ഫുട്ബാള്‍ അവര്‍ക്ക് വൈകാരികവും. കരുത്തിന്‍െറയും കൗശലത്തിന്‍െറയും കേളീമികവിന്‍െറയും മാസ്മരിക ഭാവവുമായി ലോകകപ്പിന്‍െറ അവകാശത്തിനായി ലോക രാഷ്ട്രങ്ങള്‍ യുദ്ധസന്നാഹങ്ങളുമായി മാറ്റുരച്ചപ്പോള്‍  ആറ്റിക്കുറുക്കിയ പൊന്നുപോലെ 32 ടീമുകള്‍ അര്‍ഹത നേടി.  ആതിഥേയരായി ഫുട്ബാള്‍ ഇതിഹാസം പെലെയുടെ പൊന്നോമന നാട് ബ്രസീലും.
 എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളുടെ മൊത്തം 64 മത്സരങ്ങള്‍. അതിമനോഹരങ്ങളായ 12 സ്റ്റേഡിയങ്ങള്‍.  കണ്ണെത്താത്ത ദൂരത്ത് പരന്നുകിടക്കുന്ന അതിമനോഹരമായ സമുദ്രതീരങ്ങളിലും പ്രപഞ്ചത്തിന്‍െറ ശ്വാസകോശമായ ആമസോണ്‍ വനാന്തരങ്ങള്‍ക്കുള്ളിലും കളിക്കളങ്ങള്‍ കണ്ടത്തൊന്‍ ബ്രസീലുകാര്‍ കാല്‍പ്പന്തുകളിയിലെ അതേ ചാതുര്യം പ്രകടമാക്കി. ലോകമേളയില്‍ മാറ്റുരക്കാനത്തെുന്നത് ഇവരാണ്:ഗ്രൂപ് എ -ബ്രസീല്‍, ക്രൊയേഷ്യ, മെക്സികോ, കാമറൂണ്‍
ഗ്രൂപ് ബി -സ്പെയിന്‍, നെതര്‍ലന്‍ഡ്സ്, ചിലി, ആസ്ട്രേലിയ
ഗ്രൂപ് ഡി -ഉറുഗ്വായ്, കോസ്റ്ററീക, ഇംഗ്ളണ്ട്, ഇറ്റലി
ഗ്രൂപ് ഇ -സ്വിറ്റ്സര്‍ലന്‍ഡ്, എക്വഡോര്‍, ഫ്രാന്‍സ്, ഹോണ്ടുറസ്
ഗ്രൂപ് എഫ് -അര്‍ജന്‍റീന, ബോസ്നിയ ഹെര്‍സഗോവിന, ഇറാന്‍, നൈജീരിയ
ഗ്രൂപ് ജി -ജര്‍മനി, പോര്‍ചുഗല്‍, ഘാന, അമേരിക്കന്‍ ഐക്യനാടുകള്‍
ഗ്രൂപ് എച് -ബെല്‍ജിയം, അല്‍ജീരിയ, റഷ്യ, ദക്ഷിണ കൊറിയ
ബ്രസീലിന്‍െറ എ ഗ്രൂപ്
ആതിഥേയരായ ബ്രസീലുള്‍പ്പെടുന്നതിനാല്‍ സ്വാഭാവികമായും ശ്രദ്ധേയമാകേണ്ടിയിരുന്നതാണ് ഗ്രൂപ് എ.  നറുക്കെടുപ്പില്‍ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ടീമുകളെ തഴുകിയത്തെിയപ്പോള്‍ എ ഗ്രൂപ്പിനെ ഉദ്വേഗജനകമായേക്കാവുന്ന മത്സരങ്ങളുടെ വേദിയാക്കി. ക്രൊയേഷ്യയുടെയും മെക്സികോയുടെയും ആഫ്രിക്കന്‍ സിംഹങ്ങളായ കാമറൂണിന്‍െറയും കടന്നുവരവിലൂടെയാണിത്. ആതിഥേയര്‍ എന്ന നിലയില്‍, യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുക്കാതെ നേടിയെടുത്ത അവകാശമാണ്. ഇതുവരെ പോരാട്ടവിജയങ്ങളിലൂടെ യോഗ്യത നേടിയെടുത്ത ഏക ടീമുമാണ് ബ്രസീല്‍.
19,86,56,019 ആണ് ബ്രസീലിലെ ജനസംഖ്യ. ബ്രസീലിയ തലസ്ഥാനവും. നൂറ്റാണ്ടുകളോളം അവരെ അടിമകളായിവെച്ചിരുന്ന പോര്‍ചുഗീസുകാരുടെ മാതൃഭാഷയായ ‘പോര്‍ചുഗീസ്’ കടം വാങ്ങിയ മാതൃഭാഷയും. ബ്രസീലിയന്‍ ഫുട്ബാള്‍ സംഘടന രൂപവത്കൃതമായിട്ട് നൂറുവര്‍ഷം തികയുന്നു. 1958, 1962, 1970, 1994, 2002 വര്‍ഷങ്ങളില്‍ കപ്പുയര്‍ത്തിയ ടീം.  തുടര്‍ച്ചയായി രണ്ടുതവണ നേടുന്ന രണ്ടാമത്തെ ടീം. 2002ല്‍ ജപ്പാന്‍-കൊറിയ ലോകകപ്പില്‍‘സെലസാവോ ടീമിനെ’ (ബ്രസീല്‍) ലോകകപ്പ് വിജയികളാക്കിയ ലൂയി ഫിലിപ് സ്കൊളാരിയുടെ പരിശീലകനായുള്ള തിരിച്ചുവരവുകൂടിയാണ് ഇത്തവണ.
പാരീസ് സാങ്ഷാമയുടെ നായകന്‍ കൂടിയായ തിയാഗോ സില്‍വയാണ് ആതിഥേയരുടെയും നായകന്‍. ലയണല്‍ മെസ്സിയോടൊപ്പം ബാഴ്സലോണ മുന്നേറ്റനിരയില്‍ അദ്ഭുതക്കാഴ്ചകളൊരുക്കുന്ന നെയ്മറാണ് ആക്രമണനിരയുടെ സാരഥി.
ലോകത്തിലെ ഏറ്റവും സന്തുലിതമായ ടീമാണ് ബ്രസീലെന്ന് കഴിഞ്ഞവര്‍ഷം കോണ്‍ഫഡറേഷന്‍ കപ്പില്‍ തെളിയിച്ചതാണ്.4-2-2-1 കേളീശൈലിയിലാണ് സ്കോളരി ശിഷ്യരെ അണിനിരത്തുന്നത്. അങ്ങനെയാകുമ്പോള്‍ ടീമിന്‍െറ ഘടന ഇതാകും: ഗോള്‍വലയം കാക്കുക ജൂലിയോ സീസര്‍തന്നെയാകും. ഡാനി ആല്‍വസ് (ബാഴ്സലോണ), നായകന്‍ തിയാഗോ സില്‍വ (പാരീസ്), ഡാന്‍േറ (ബയേണ്‍ മ്യൂണിക്), മാര്‍സലോ (റയല്‍ മഡ്രിഡ്) എന്നിവരാകും പ്രതിരോധനിരയിലെ നാല്‍വര്‍ സംഘം. പൗളിനോക്കും ഗുസ്റ്റാവോക്കും പ്രതിരോധ മധ്യനിര സ്ഥാനം ലഭിക്കുമ്പോള്‍ ചെല്‍സിയുടെ യുവരക്തം ഓസ്കാര്‍ ആകും സെന്‍റര്‍ മിഡ്ഫീല്‍ഡര്‍. സെനിത്ത് സെന്‍റ് പീറ്റേഴ്സ്ബര്‍ഗിന്‍െറ ഹള്‍ക്കും നെയ്മറും ആക്രമണോത്സുക മധ്യനിരക്കാരും, ഇവരുടെ പന്ത് വാങ്ങി ഗോളുകളടിച്ചുകൂട്ടാന്‍  ഫ്രെഡും. ആതിഥേയരുടെ ആദ്യമത്സരം പ്രവചനാതീതമായ കേളീമികവിന് ‘കുപ്രസിദ്ധരായ’ ക്രൊയേഷ്യക്കാരുമായിട്ടാണ്.
കേവലം 42,62,140 മാത്രമാണ് ക്രൊയേഷ്യയിലെ ജനസംഖ്യ. സാഗ്രേബ് ആണ് ഈ മുന്‍ യൂഗോസ്ളാവ്യന്‍ പ്രവിശ്യയുടെ തലസ്ഥാനം.  1998ല്‍ ആദ്യമായി ലോകകപ്പിനത്തെിയ ക്രൊയേഷ്യക്കാര്‍ പ്രബലരായ ജര്‍മനിയെ നാണംകെടുത്തിയാണ് അരങ്ങേറ്റം കുറിച്ചത്. ആ തേരോട്ടം ഒടുവില്‍ അന്നത്തെ മൂന്നാം സ്ഥാനത്തും ക്രൊയേഷ്യയെ അവരോധിച്ചു. 2002ലും 2006ലും ക്രൊയേഷ്യയുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ എത്താനായില്ല. ജര്‍മനിയില്‍ ജനിച്ച് അവിടത്തെ വമ്പന്‍ ടീമുകളിലൊക്കെ മത്സരിച്ച് പരിശീലകനായിത്തീര്‍ന്ന നിക്കോ കോവാച്ചാണ് പരിശീലകന്‍. സഹപരിശീലകന്‍ സ്വന്തം സഹോദരന്‍ റോബര്‍ട്ട് കൊവാച്ചും.    റയല്‍ മഡ്രിഡിന്‍െറ ലുക്കാ മോഡ്രിച്ചും ബയേണ്‍ മ്യൂണിക്കിന്‍െറ ഗോളടിയന്ത്രം മാറിയോ മാന്‍ജ്യൂഡ്കിച്ചും സെവിയ്യയുടെ ഈവാന്‍ റാക്കീറ്റിച്ചും ആണ് ടീമിലെ കേമന്മാര്‍.  സ്ഥിരതയില്ലായ്മയാണ് ഈ ടീമിന്‍െറ ശാപം.
4- 2- 3- 1 ശൈലിയിലാണ് രണ്ട് കോച്ചുമാരും കൂടി ടീമിനെ അണിനിരത്തുന്നത്. പ്ളട്ടിക്കോസയാകും വലകാക്കുക. സ്റ്ന, കോര്‍ലൂക്ക, സിമൂന്നിച്ച്, പ്രാന്നിച്ച് എന്നിവര്‍ക്കാകും പ്രതിരോധനിരയുടെ ചുമതല. റാക്കിറ്റിച്ചും മോഡ്രിച്ചും പ്രതിരോധാത്മക മധ്യനിരയിലുണ്ടാകുമ്പോള്‍േ പേള്‍സിച്ചും കാവാച്ചിച്ചും ഓലിച്ചും ഒഫന്‍സിവ് മധ്യനിരയുടെ   മേല്‍നോട്ടംതന്നെയാകും.  ഗോളടിക്കാരനായി നിയോഗിക്കപ്പെട്ട മാന്‍ ജുഡ്കാച്ചിന് യോഗ്യതാ മത്സരങ്ങളിലെ പരുക്കന്‍ കളിക്ക് കിട്ടിയ ചുകപ്പുകാര്‍ഡ് കാരണം ബ്രസീലിനെതിരെയും കാമറൂണിനെതിരെയും കളികണ്ട് ബെഞ്ചിലിരിക്കേണ്ടിവരും. പകരക്കാരനായിട്ടത്തെുക നിക്കാളോ കാലിനിച്ചോ ലിയോണ്‍ ബങ്കോയോ  കാത്തിരിക്കണം.ജൂണ്‍ 12ന് ഇന്ത്യന്‍ സമയത്തിനാണ് (ജൂണ്‍ 13: രാത്രി ഒന്നര) ഉദ്ഘാടന മത്സരം.  ബ്രസീലും യൂറോപ്യന്‍ പ്രതിനിധികളായ ക്രൊയേഷ്യയും ഏറ്റുമുട്ടുന്നത് അറീന ഡെ സാവോപോളായില്‍; 65,000 പേര്‍ക്ക് ഇരിപ്പിടമുണ്ട് ഇവിടെ. പ്രവചനം: ബ്രസീല്‍ 3, ക്രൊയേഷ്യ 1
(ഗ്രൂപ് എയിലെ ബാക്കി വിശേഷങ്ങള്‍ നാളെ)

മാധ്യമപ്രവര്‍ത്തകര്‍ ദേശീയ ഐക്യം ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കണം- പ്രധാനമന്ത്രി

Posted: 07 May 2014 11:18 PM PDT

Image: 

മനാമ: ദേശീയ ഐക്യം ശക്തിപ്പെടുത്താനും സ്നേഹ സൗഹാര്‍ദം വളര്‍ത്താനും മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ ആഹ്വാനം ചെയ്തു. മികച്ച മാധ്യമ പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍െറ നേട്ടങ്ങളും സംസ്കാരവും സംരക്ഷിക്കാനും സമൂഹത്തിലെ ഐക്യവും സ്നേഹവും നിലനിര്‍ത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് സാധിക്കുക.  ഭിന്നിപ്പിനും വിഭാഗീയതക്കും പകരം ഐക്യവും സൗഹാര്‍ദവും ശക്തമാക്കേണ്ടത് അനിവാര്യമാണ്. രാജ്യത്തിന്‍െറയും ജനങ്ങളുടെയും പ്രശ്നങ്ങള്‍ പൊതുശ്രദ്ധയില്‍ കൊണ്ടുവരാനും അതിന് പരിഹാരമുണ്ടാക്കിക്കൊടുക്കാനും മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. ഹമദ് രാജാവിന്‍െറ പരിഷ്കരണ ശ്രമങ്ങള്‍ മാധ്യമ മേഖലയിലും ശക്തമായ മാറ്റങ്ങള്‍ക്കും പരിഷ്കരണങ്ങള്‍ക്കും കാരണമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്റൈന്‍െറ സംസ്കാരവും മൂല്യവും സംരക്ഷിക്കുന്നതിന് കൂടുതല്‍ പരിഗണന ആവശ്യമായ സന്ദര്‍ഭമാണിതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. അഭിപ്രായ പ്രകടന സ്വാതന്ത്ര്യം, ചിന്താ സ്വാതന്ത്ര്യം, പത്ര പ്രവര്‍ത്തന സ്വാതന്ത്ര്യം എന്നിവ ഉറപ്പുവരുത്താന്‍ ഭരണഘടന ശ്രദ്ധിച്ചിരിക്കുന്നു. ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാതെ സൂക്ഷ്മതയോടെ ഉപയോഗിക്കേണ്ടത് നമ്മുടെ കടമയാണെന്നും പ്രിന്‍സ് ഖലീഫ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ രക്ഷാധികാരത്തില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബഹ്റൈന്‍ ജേണലിസ്റ്റ് യൂനിയന്‍ വക ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
 

ഇന്ത്യന്‍ ഫുട്ബാള്‍ തിരിച്ചുവരവിന്‍െറ പാതയില്‍-കെ.എം.ഐ മേത്തര്‍

Posted: 07 May 2014 11:15 PM PDT

Image: 

മനാമ: വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ഫുട്ബാള്‍ തിരിച്ചുവരവിന്‍െറ പാതയിലാണെന്ന് ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്‍റും കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റുമായ കെ.എം.ഐ മേത്തര്‍. ഉടന്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗും 2017ല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍- 17 ലോകകപ്പും ഫുട്ബാള്‍ വളര്‍ച്ചക്ക് കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്‍റ് ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം ആല്‍ ഖലീഫ വിളിച്ചുചേര്‍ത്ത സൗത്ത് ഏഷ്യന്‍ ഫുട്്ബാള്‍ ഫെഡറേഷന്‍ ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ബഹ്റൈനിലത്തെിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.  
എഴുപതുകള്‍ വരെ ശക്തമായ ഫുട്ബാള്‍ ടീം നമുക്കുണ്ടായിരുന്നു. പിന്നീട് ശക്തി ക്ഷയിച്ചു തുടങ്ങി. ദേശീയ ടീമുകളുടെ എണ്ണം കുറഞ്ഞത് ഇതിന്‍െറ പ്രധാന കാരണങ്ങളിലൊന്നാണ്. മിലിട്ടറി ടീമുകള്‍ നിരവധി ഫുട്ബാള്‍ താരങ്ങളെ സംഭാവന ചെയ്തിരുന്നു. എന്നാല്‍ കാലക്രമത്തില്‍ ഇവ ഇല്ലാതായി. സ്കൂള്‍, കോളജ് തലങ്ങളില്‍ കുട്ടികള്‍ക്ക് ഫുട്ബാളിനോട് താല്‍പര്യം കുറഞ്ഞതും വിനയായി. ക്രിക്കറ്റിന്‍െറ വളര്‍ച്ച മാത്രമല്ല ഇതിന് കാരണം. ഇന്ത്യക്ക് പുറമെ അയല്‍ രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ളാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലും ഫുട്ബാള്‍ ക്ഷയിച്ചു. സാമൂഹികമായ നിരവധി കാരണങ്ങള്‍ ഇതിന് പുറകിലുണ്ടാകാം. അത് പരിശോധിക്കപ്പെടേണ്ടതുണ്ട്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ ഭാഗമായി സ്കൂള്‍, കോളജ് തലങ്ങളില്‍ കുട്ടികള്‍ക്കായി പരിശീലന പരിപാടികള്‍ നടക്കും. ഒരുവര്‍ഷം 1,25,000 കുട്ടികള്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കേണ്ടതുണ്ട്. കുട്ടികളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 10 ശതമാനം വര്‍ധനയും വരുത്തണം. ഐ.എം.ജി റിലയന്‍സാണ് സൂപ്പര്‍ ലീഗിന് പുറകിലെന്നതിനാല്‍ ഫണ്ടിന് ക്ഷാമമുണ്ടാകില്ല. അടിസ്ഥാന സൗകര്യങ്ങള്‍ കൂടുകയും മാധ്യമ ശ്രദ്ധ വര്‍ധിക്കുകയും ചെയ്യുമ്പോള്‍ കൂടുതല്‍ കുട്ടികള്‍ ഫുട്ബാളിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നാണ് കരുതുന്നത്. പത്തനംതിട്ട, വയനാട്, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ നടക്കുന്ന ഫുട്ബാള്‍ പരിശീലന കളരികളില്‍ നിരവധി കുട്ടികള്‍ എത്തുന്നുണ്ട്. ദുബൈയില്‍ സെപ്റ്റിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന പരിശീലനത്തിലും കുട്ടികളുടെ വന്‍ പങ്കാളിത്തം ദൃശ്യമാണ്.  സചിന്‍ ടെണ്ടുല്‍ക്കര്‍ കൊച്ചി ടീമിനെ വാങ്ങിയതോടെ കേരളത്തില്‍ സൂപ്പര്‍ ലീഗിന്‍െറ ആവേശം പ്രകടമാണ്. നിലവില്‍ 10 വര്‍ഷത്തേക്കാണ് സൂപ്പര്‍ ലീഗ് നടത്താന്‍ കരാറായിട്ടുള്ളത്. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന സൂപ്പര്‍ ലീഗില്‍ ഹോം ആന്‍ഡ് എവേ രീതിയിലായിരിക്കും മത്സരം. കൊച്ചി ടീമിന്‍െറ ഹോം മത്സരങ്ങളും സെമി ഫൈനലും ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലായിരിക്കും. 60,000 പേര്‍ക്ക് മത്സരം കാണാന്‍ ഇവിടെ സൗകര്യമുണ്ട്. സെപ്റ്റംബര്‍ അവസാനം മത്സരങ്ങള്‍ക്ക് തുടക്കമാകും. ഐ.പി.എല്‍ മാതൃകയില്‍ കളിക്കാരുടെ ലേലം ഈമാസം അവസാനമോ അടുത്ത മാസം ആദ്യത്തിലോ നടക്കും.
അണ്ടര്‍- 17 ലോകകപ്പിനുള്ള ഒരുക്കവും ഇതോടൊപ്പം തുടങ്ങിയിട്ടുണ്ട്. ഫുട്ബാള്‍ ഗ്രൗണ്ടുണ്ടാക്കാന്‍ ഫിഫ അഞ്ചുകോടി വീതം അനുവദിച്ചിട്ടുണ്ട്. ഈ ഫണ്ടുപയോഗിച്ച് കൊച്ചിയിലെ അംബേദ്കര്‍ സ്റ്റേഡിയം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു.
 

ഷാര്‍ജയില്‍ വീണ്ടും തീപ്പിടിത്തം: മലയാളിയുടേതുള്‍പ്പെടെ മൂന്ന് ഗുദാമുകള്‍ ചാമ്പലായി

Posted: 07 May 2014 11:01 PM PDT

Image: 

ഷാര്‍ജ: ഷാര്‍ജ വ്യവസായ മേഖല മൂന്നില്‍ തീയുടെ വിളയാട്ടം തുടരുന്നു. ബുധനാഴ്ച്ച മൂന്ന് ഗുദാമുകളാണ് ഇവിടെ കത്തി ചാമ്പലായത്. ഇതില്‍ മലയാളിയുടെ ഡസര്‍ട്ട് കിങ് എന്ന സ്ഥാപനവുമുണ്ട്. അല്‍ തവാഷ് ഷൂസ് ട്രേഡിങ് എന്ന സ്ഥാപനത്തിലാണ് ബുധനാഴ്ച്ച  രാവിലെ എട്ട് മണിക്ക് ആദ്യം തീപ്പിടിച്ചത്. ഇത് സമീപത്തെ സ്ഥാപനങ്ങളുടെ ഗുദാമുകളിലേക്ക് പടരുകയായിരുന്നു. എളുപ്പത്തില്‍ തീ പടരുന്ന തുകല്‍, തുണി ഉല്‍പ്പന്നങ്ങളായിരുന്നു ആദ്യം കത്തിയ സ്ഥാപനത്തില്‍ ഉണ്ടായിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കോടികളുടെ നഷ്ടം കണക്കാക്കുന്നുണ്ട്. അപകട കാരണം വ്യക്തമായിട്ടില്ല.
ഫോറന്‍സിക് വിഭാഗത്തിലെ വിദഗ്ധ സംഘം സംഭവ സ്ഥലത്തത്തെി തെളിവെടുപ്പ് നടത്തി. അപകട വിവരമറിഞ്ഞത്തെിയ സിവില്‍ഡിഫന്‍സ്, പൊലീസ്, ആംബൂലന്‍സ്, പാരാമെഡിക്കല്‍ വിഭാഗങ്ങള്‍ രക്ഷപ്രവര്‍ത്തനം നടത്തിയത് കൊണ്ടാണ് സമീപത്തുള്ള നിരവധി സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടയാനായത്. ഷാര്‍ജക്ക് പുറമേ ദുബൈ, അജ്മാന്‍ എന്നിവിടങ്ങളില്‍ നിന്നും അഗ്നിശമന വിഭാഗങ്ങളും എത്തിയത്  രക്ഷാപ്രവര്‍ത്തനത്തിന് വേഗം കൂട്ടി. അപകടം നടന്ന തവാഷിന് സമീപത്തായി തൃപ്രയാര്‍ സ്വദേശിയുടെ അറ്റ്മോസ്റ്റ് പ്രിന്‍റിങ് എന്ന സ്ഥാപനവുമുണ്ട്. കഴിഞ്ഞ ദിവസം തീപ്പിടിത്തം നടന്ന സ്ഥാപനങ്ങള്‍ക്ക് വിളിപ്പാടകലെയാണ് ബുധനാഴ്ച്ച തീപ്പിടിത്തം നടന്നത്. സ്ഥാപനങ്ങളുടെ ഗുദാമുകള്‍ക്ക് പുറമേ നിരവധി തൊഴിലാളികളും ഇതിന് സമീപത്ത് താമസിക്കുന്നുണ്ട്. ആളപായം ഉണ്ടായിട്ടില്ളെന്ന് പൊലീസ് പറഞ്ഞു.
സിവില്‍ ഡിഫന്‍സുകാര്‍ മുന്‍കരുതല്‍ എടുത്തത് കൊണ്ട് താമസ സ്ഥലങ്ങളില്‍ നിന്ന് ആര്‍ക്കും പുറത്ത് പോകേണ്ടി വന്നിട്ടില്ളെന്ന് ഇവിടെ താമസിക്കുന്നവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ ദിവസം കത്തിയ ടയറിന്‍െറയും രാസപദാര്‍ഥങ്ങളുടേയും ബുധനാഴ്ച്ച കത്തിയ തുകല്‍, തുണി ഉല്‍പ്പന്നങ്ങളുടേയും രൂക്ഷഗന്ധം ഇവിടെ താമസിക്കുന്നവരെ ദുരിതത്തിലാക്കി. കനത്ത ചൂടും തീയും കാരണം നരക സമാനമാണ് ഈ മേഖല. അപകടത്തെ തുടര്‍ന്ന് രാവിലെ ഈ മേഖലയില്‍ വന്‍ ഗതാഗത കുരുക്കുണ്ടായി.
പൊലീസ് ഇടപ്പെട്ട് മറ്റ് വഴികളിലൂടെ ഗതാഗതം തിരിച്ച് വിട്ടത് കാരണമാണ് വൈകിയെങ്കിലും പലര്‍ക്കും ജോലി സ്ഥലത്ത് എത്താന്‍ കഴിഞ്ഞതെന്ന് യാത്രക്കാര്‍ പറഞ്ഞു. ഗുദാമുകളുടെ മേല്‍കൂരക്ക് ഉപയോഗിക്കുന്ന തകിട് ഷീറ്റുകള്‍ കത്തി പലഭാഗങ്ങളിലേക്ക് ചിതറി വീണത് കാരണം ജനം പരിഭ്രാന്തരായിരുന്നു. വലുതും ചെറുതുമായ നൂറ് കണക്കിന് വാഹനങ്ങള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് സമീപത്താണ് ഇവ വീണത്. അപകടം മനസിലാക്കിയ സിവില്‍ഡിഫന്‍സ് വിഭാഗങ്ങള്‍ ഇത്തരത്തില്‍ പറന്ന് പോകാന്‍ സാധ്യതയുള്ള വസ്തുക്കള്‍ മാറ്റുന്നതിന് പ്രഥമ പരിഗണന നല്‍കി.
അപകടം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും തീയും പുകയും നിയന്ത്രണ വിധേയമായിട്ടില്ല. സമീപ ഭാഗങ്ങളില്‍ താമസിക്കുന്നവരും കച്ചവടം നടത്തുന്നവരും ഗുദാമുകളില്‍ സാധന സാമഗ്രികള്‍ സൂക്ഷിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ്, സിവില്‍ഡിഫന്‍സ് മേധാവികള്‍ പറഞ്ഞു.

പുതുകാല സങ്കേതങ്ങളിലൂടെ പാരമ്പര്യ മാധ്യമങ്ങളെ ശക്തിപ്പെടുത്താന്‍ ആഹ്വാനം

Posted: 07 May 2014 10:46 PM PDT

Image: 

ജിദ്ദ: നവമാധ്യമങ്ങളുടെ പുതിയകാലത്ത് അതിന്‍െറ സാങ്കേതികമികവുകളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി വളര്‍ച്ചയുടെ പുതിയ വാതായനങ്ങള്‍ തുറക്കാനും കൂടുതല്‍ അനുവാചകരിലേക്ക് കടന്നുചെല്ലാനുമുള്ള ദൃഢനിശ്ചയവുമായി ഏഷ്യന്‍ മാധ്യമ ഉച്ചകോടിക്ക് ജിദ്ദയില്‍ കൊടിയിറങ്ങി. പന്ത്രണ്ടാമത് സമ്മേളനത്തിന് മലേഷ്യയിലേക്ക് പ്രതിനിധികളെ ക്ഷണിച്ചുകൊണ്ടുള്ള മലേഷ്യന്‍ വാര്‍ത്താവിനിമയ മന്ത്രിയുടെ ക്ഷണത്തോടെയാണ് രണ്ടു നാള്‍ നീണ്ട സമ്മേളനത്തിന് അവസാനം കുറിച്ചത്. വ്യാഴാഴ്ച പ്രതിനിധികള്‍ ജിദ്ദയിലെ ചരിത്രപ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ഉംറ തീര്‍ഥാടനത്തിനുമായി തിരിക്കും.
പ്രതിസന്ധി ഘട്ടങ്ങളിലെ വാര്‍ത്താപ്രക്ഷേപണ രീതിയെക്കുറിച്ച ചര്‍ച്ചയോടെ രണ്ടാം ദിനത്തിലെ പരിപാടികള്‍ ആരംഭിച്ചു. ആസ്ട്രേലിയയിലെ മീഡിയ കണ്‍സള്‍ട്ടന്‍റ് മൈക് മക്ലൂസ്കി അധ്യക്ഷത വഹിച്ചു. ഫിലിപ്പീന്‍സിലെ എ.ബി.എസ്-സി.ബി.എന്‍ ന്യൂസ് ഫീല്‍ഡ് റിപ്പോര്‍ട്ടര്‍ അല്‍ഫോണ്‍സോ തോമസ് ഓറലോ, ശ്രീലങ്കയിലെ യങ് ഏഷ്യ ടെലിവിഷന്‍ സി.ഇ.ഒ ഹില്‍മി അഹ്മദ്, ബ്രിട്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാര്‍ ആന്‍ഡ് പീസ് റിപ്പോര്‍ട്ടിങ്ങിലെ ഏഷ്യന്‍ ഡയറക്ടര്‍ അലന്‍ ഡേവിസ്, ജപ്പാനിലെ ടോക്യോ ബ്രോഡ്കാസ്റ്റിങ് സിസ്റ്റം ഡയറക്ടര്‍ യുന്‍ ഒഗാവ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രകൃതിദുരന്തങ്ങള്‍ മുതല്‍ യുദ്ധം വരെയുള്ള പ്രതിസന്ധികളെ നേരിടുമ്പോള്‍ റേഡിയോക്കും ചാനലുകള്‍ക്കും സ്വീകരിക്കാവുന്ന ബദല്‍ വഴികളും ജനസ്വാധീനമാര്‍ഗങ്ങളും പലരും എടുത്തുകാട്ടി.
തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയില്‍ ചൈന, സ്വീഡന്‍, മലേഷ്യ, ബംഗ്ളാദേശ്, ഇന്ത്യ എന്നിവിടങ്ങളിലെ റേഡിയോകളുടെ പുതുകാല പ്രവര്‍ത്തനരീതികള്‍ വിശദീകരിക്കപ്പെട്ടു. റേഡിയോ പഴഞ്ചനായി തള്ളപ്പെടുന്ന ദുര്യോഗം പ്രവചിച്ചവര്‍ തിരുത്തേണ്ട സാഹചര്യമാണ് നിലവില്‍ ആഗതമായിരിക്കുന്നതെന്നും പുനരുജ്ജീവനത്തിനുള്ള അനന്തസാധ്യതകളാണ് പുതുമാധ്യമങ്ങളുടെ രംഗപ്രവേശത്തോടെ ലഭിച്ചിരിക്കുന്നതെന്നും ചൈന നാഷണല്‍ റേഡിയോ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ലീ സാവോ ലേ ചൂണ്ടിക്കാട്ടി. നിലവിലെ സംവിധാനങ്ങളെ പരിഷ്കരിച്ചും പഴയ തലമുറക്കു പുതിയ സങ്കേതങ്ങളില്‍ പരിശീലനം നല്‍കിയുമുള്ള പരീക്ഷണം വിജയപ്രദമാണെന്ന് സ്വീഡിഷ് റേഡിയോയുടെ അനുഭവത്തില്‍ നിന്ന് സോഷ്യല്‍ മീഡിയ ഡവലപ്മെന്‍റ് മാനേജര്‍ യാസ്മിന്‍ റാഫി അഭിപ്രായപ്പെട്ടു. അനുവാചകരുടെ വളര്‍ച്ചക്ക് ഉപയുക്തമായ വളര്‍ച്ചയാണ് പരമ്പരാഗത മാധ്യമങ്ങളില്‍ നിന്നു കാലം തേടുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മുക്കാല്‍ നൂറ്റാണ്ടു പഴക്കമുള്ള ബംഗ്ളാദേശ് റേഡിയോ പുതുസങ്കേതങ്ങളെ ഉപയോഗപ്പെടുത്തി ദുരന്തങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും ജനത്തിന് അവലംബിക്കാവുന്ന ജനപ്രിയ മാധ്യമമായി മാറിക്കൊണ്ടിരിക്കുന്നത് ന്യൂ മീഡിയയുടെ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തിയാണെന്ന് ബംഗ്ളാദേശ് റേഡിയോയുടെ ഡയറക്ടര്‍ ജനറല്‍ കാസി അഖ്തറുദ്ദീന്‍ അഹ്മദ് വ്യക്തമാക്കി. സ്വീഡനിലെ റേഡിയോ ഡേയ്സ് പ്രോജക്ട് മാനേജര്‍ ആന്‍ഡേഴ്സ് ഹെല്‍ഡ് അധ്യക്ഷനായിരുന്നു. ജനസംഖ്യയുടെ 99.2 ശതമാനത്തിലത്തെിയിരുന്ന റേഡിയോ സ്വീകാര്യത അതേ പടി നിലനിര്‍ത്താന്‍ പുതിയ കാലത്തിന്‍െറ സങ്കേതങ്ങള്‍ സ്വാംശീകരിക്കുന്ന രീതി ഓള്‍ ഇന്ത്യ റേഡിയോയുടെ എന്‍ജിനീയര്‍ ഇന്‍ ചീഫ് ബുദ്ധരാജ വിശദീകരിച്ചു.  
പുതിയ കാലത്തെ ഉള്‍ക്കൊള്ളുന്നതില്‍ ന്യൂസ് റൂമുകള്‍ എന്തെടുക്കുന്നു എന്ന ആവേശകരമായ ചര്‍ച്ചയായിരുന്നു ഉച്ചക്കു ശേഷം നടന്നത്. ജോണ്‍ മാജിര്‍ (ഫ്രാ
ന്‍സ്), സചികോ ഒതാനി (ജപ്പാന്‍), കാബുള്‍ ബുദിയാനോ (ഇന്തോനേഷ്യ), ഫ്രെഡറിക് ഫ്രാന്‍റ്സ് (സ്വിറ്റ്സര്‍ലാന്‍ഡ്), ജെ. ഫ്രാന്‍സിസ്കോ പിന്‍േറാ (മക്കാവു), റിയാസ് സയ്യിദ് ഖയ്യൂം (ഫിജി) എന്നിവര്‍ വെബ്ലോകത്തിന്‍െറ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നടക്കുന്ന മീഡിയ കണ്‍വര്‍ജന്‍സിന്‍െറ രീതികളും അതു അനുവാചകരില്‍ നേടുന്ന വിജയവും സോദാഹരണം എടുത്തുപറഞ്ഞു.
പഴയ തലമുറ പലയിടത്തും മാറ്റങ്ങളെ ചെറുക്കുന്ന അനുഭവമുണ്ട്. എന്നാല്‍ പ്രായമല്ല, അറിയാനും അനുകരിക്കാനുമുള്ള ജിജ്ഞാസയുടെ അഭാവമാണ് പ്രശ്നമെന്നും അതു മാറ്റിയെടുക്കാന്‍ പരിശീലനങ്ങളിലൂടെ സാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
സമാപനസെഷനില്‍ അടുത്ത ഉച്ചകോടിക്ക് മലേഷ്യന്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് മള്‍ട്ടി മീഡിയ മന്ത്രി അഹ്മദ് ശാബരി ബിന്‍ ചീക് മലേഷ്യയിലേക്ക് പ്രതിനിധികളെ ക്ഷണിച്ചു. ആതിഥേയരായ ഏഷ്യ-പസഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബ്രോഡ്കാസ്റ്റിങ് ഡയറക്ടര്‍ യാങ് ബിന്‍യുവാന്‍ സമാപനപ്രസംഗം നടത്തി.
 

മോദി ജമ്മു കശ്മീരിനെ വെട്ടിമുറിക്കും -ഉമര്‍ അബ്ദുല്ല

Posted: 07 May 2014 10:40 PM PDT

Image: 

ശ്രീനഗര്‍: നരേന്ദ്ര മോദി അധികാരത്തില്‍ വന്നാല്‍ ജമ്മു കശ്മീരിനെ രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വെട്ടി മുറിക്കുമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. ‘ദ ഹിന്ദു’ പത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഈ മുന്നറിയിപ്പു നല്‍കിയത്.

ജമ്മു കശ്മീറിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് പുനപരിശോധിക്കുമെന്ന മോദിയുടെ വാഗ്ദാനം ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ യൂണിയനെ  ഈ നീക്കം തകര്‍ക്കും.

ജമ്മു കശ്മിരിലെ ലഡാക്കിലെ ബുദ്ധ ഭൂരിപക്ഷ മേഖലക്ക് കേന്ദ്ര ഭരണ പദവി നല്‍കുമെന്ന ബി.ജെ.പിയുടെ  പ്രഖ്യാപനത്തെയും ഉമര്‍ ആശങ്കയോടെ കാണുന്നു. സംസ്ഥാനത്ത് നിലവില്‍ ഉള്ള സാമുദായിക സൗഹാര്‍ദത്തെ ഇത് ഗുരുതരമായി ബാധിക്കും. മാത്രമല്ല, രാജ്യത്തെ മറ്റു ഭാഗങ്ങളുമായി സംസ്ഥാനം പുലര്‍ത്തിവരുന്ന 
ബന്ധത്തിന് കടുത്ത ആഘാതമേല്‍പിക്കുമെന്നും ഉമര്‍ ചൂണ്ടിക്കാണിച്ചു.

സ്വര്‍ണവിലയില്‍ 200 രൂപയുടെ കുറവ്

Posted: 07 May 2014 10:31 PM PDT

Image: 

കൊച്ചി: അഞ്ചു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില പവന് 200 രൂപ കുറഞ്ഞ് 22,480 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,810 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതിനെ തുടര്‍ന്നാണ് കേരളത്തിലും വിലയില്‍ വ്യത്യാസമുണ്ടായത്.

കൊറോണ: രോഗികളും വൃദ്ധരും ഈ വര്‍ഷം ഹജ്ജ് ചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കണം

Posted: 07 May 2014 10:31 PM PDT

Image: 

കുവൈത്ത് സിറ്റി: അയല്‍ രാജ്യമായ സൗദിയില്‍ മാരകമായ കൊറോണ വൈറസ് ബാധയേറ്റ് നിരവധിപേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ഈ വര്‍ഷം വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ പോകുന്നതില്‍നിന്ന് രാജ്യത്തെ രോഗികളും വൃദ്ധരുമായവര്‍ വിട്ടുനില്‍ക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൊറോണ  ഭീഷണി നേരിടുന്ന പുതിയ സാഹചര്യത്തില്‍ വൈറസ്ബാധ ഏല്‍ക്കാതിരിക്കാനായി എടുത്തുകൊണ്ടിരിക്കുന്ന നടപടികളെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിക്കവെ ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അല്‍ സഹ്ലാവിയാണ് ഇക്കാര്യം അറിയിച്ചത്.
പത്ത് ദിവസത്തിനിടെ രാജ്യത്ത് വൈറസ് വ്യാപിക്കാതിരിക്കാന്‍ നിരവധി മുന്‍കരുതലുകളാണ് എടുത്തിട്ടുള്ളത്. പള്ളികളിലെ ജുമുഅ ഖുതുബകളിലും റമദാനില്‍ നടക്കുന്ന പ്രത്യേക പരിപാടികളിലും കൊറോണ പോലുള്ള പകര്‍ച്ചാവ്യാധികള്‍ വ്യാപിക്കാനും പടരാനും ഇടയാക്കുന്ന സാഹചര്യത്തെ കുറിച്ച്  ജനങ്ങളെ ബോധ്യപ്പെടുത്തും.
ഇത്തരം രോഗങ്ങള്‍ വെളിപ്പെടുമ്പോള്‍ സ്വീകരിക്കേണ്ട മതപരമായ സമീപനം എന്തെന്നതിനെ കുറിച്ചും ആളുകളില്‍ ധാരണ സൃഷ്ടിക്കും. രാജ്യത്തെ സ്കൂളുകളിലും കലാലയങ്ങളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കിടയിലും ഇത്തരത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ വ്യാപകമായി സംഘടിപ്പിക്കും.
 ഇതിനായി ഒൗഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയവുമായും വിദ്യാഭ്യാസ മന്ത്രാലയവുമായും ധാരണയിലത്തെിയതായി അണ്ടര്‍ സെക്രട്ടറി വെളിപ്പെടുത്തി. അതോടൊപ്പം പൊതുജനങ്ങളെയും മറ്റും ലക്ഷ്യം വെച്ച് അടുത്ത ആഴ്ചയോടെ മന്ത്രാലയത്തിന്‍െറ കീഴില്‍ 151 എന്ന പ്രത്യേകം ഹോട്ട്ലൈന്‍ നമ്പര്‍ സേവനം ലഭ്യമാക്കും. കൊറോണയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആശങ്കകള്‍  പങ്കുവെക്കാനും ഉപദേശ നിര്‍ദേശങ്ങള്‍ തേടാനും സ്വദേശികളും വിദേശികളുമുള്‍പ്പെടെ  രാജ്യനിവാസികള്‍ക്ക് ഈ നമ്പറില്‍ വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞു. രോഗം പടരാതിരിക്കാനായി കണ്ടത്തെിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ സംവിധാനങ്ങള്‍ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട് ലഭ്യമാക്കുന്നുണ്ടെന്ന് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ. ഖൈസ് അല്‍ ദുവൈരിയും വെളിപ്പെടുത്തി.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP