സ്വാഗതം
WELCOME

News Update..

Tuesday, May 27, 2014

പിക്ക്ള്‍ - ലോകകപ്പ് ‘നേടിയ’ നായ Madhyamam News Feeds

പിക്ക്ള്‍ - ലോകകപ്പ് ‘നേടിയ’ നായ Madhyamam News Feeds

Link to

പിക്ക്ള്‍ - ലോകകപ്പ് ‘നേടിയ’ നായ

Posted: 27 May 2014 12:28 AM PDT

Image: 
Subtitle: 
മോഷണം പോയ യുള്‍റിമേ കപ്പ് കണ്ടെടുത്ത പിക്ക്ള്‍എന്ന നായയുടെ കഥ

1996 ലെ ആതിഥേയരായ ഇംഗ്ളണ്ടില്‍ മത്സരം ആരംഭിക്കുന്നതിന് മൂന്നുമാസം മുമ്പേ ലോകകപ്പ് പ്രദര്‍ശനത്തിന് എത്തിയിരുന്നു. 62ലെ വിജയികളായ ബ്രസീലുകാര്‍ അങ്ങേയറ്റത്തെ സുരക്ഷാ സംവിധാനങ്ങളോടെ കപ്പ് ലണ്ടനില്‍ എത്തിച്ചെങ്കിലും ഇംഗ്ളീഷുകാരുടെ ‘ടേക് ഇറ്റ് ഈസി’ നയം ഇവിടെയും അനുവര്‍ത്തിച്ചു. കപ്പ് ലണ്ടനിലത്തെിയ വിവരമറിഞ്ഞ ഒരു സ്റ്റാമ്പ് പ്രദര്‍ശന സംഘാടകര്‍ തങ്ങളുടെ പ്രദര്‍ശനത്തിന് ആളെ കൂട്ടാനായി യൂള്‍റിമേ കപ്പ് ആവശ്യപ്പെട്ടു. അന്ന് ലോകകപ്പിന്‍െറ പേര് യൂള്‍റിമേ കപ്പ് എന്നായിരുന്നു. ലോകകപ്പ് സംഘടിപ്പിക്കാനായി നെട്ടോട്ടം നടത്തിയിരുന്ന അന്നത്തെ ഫിഫ പ്രസിഡന്‍റ് യൂള്‍റിമേ സ്വന്തം കീശയില്‍നിന്ന് പണം ചെലവഴിച്ച് സമ്മാനിച്ചതുകൊണ്ടായിരുന്നു ആ പേര് വന്നത്.
ഇംഗ്ളീഷ് ഫുട്ബാള്‍ അസോസിയേഷന്‍ അധികൃതര്‍ ഒരു സുരക്ഷാസംവിധാനവും ഏര്‍പ്പെടുത്താതെ വിലമതിക്കാനാകാത്ത ലോകകപ്പ് സ്റ്റാമ്പ് പ്രദര്‍ശനക്കാര്‍ക്ക് കൈമാറി. വെസ്റ്റ് മിനിസ്റ്റര്‍ സില്‍വര്‍ ഹാളില്‍ സംഘടിപ്പിച്ച സ്റ്റാമ്പ് പ്രദര്‍ശനവേദിയില്‍ കപ്പ് പ്രദര്‍ശിപ്പിച്ചു. ഇംഗ്ളീഷുകാരുടെ സകലതും നിസ്സാരവത്കരിക്കുന്ന പൊതുസ്വഭാവത്തിന്‍െറ ഭാഗമായത് സാദാ പ്രദര്‍ശനവസ്തുവായി. അപൂര്‍വ സ്റ്റാമ്പുകള്‍ക്കൊപ്പം വലിയ പ്രദര്‍ശനശാലയില്‍ ഉണ്ടായിരുന്നത് ആകെ രണ്ട് കാവല്‍ക്കാരും. മാര്‍ച്ച് 20ന് കാവല്‍ക്കാരന്‍ പതിവുശൈലിയില്‍ പ്രദര്‍ശനശാലയിലൂടെ നടന്നുപോയപ്പോള്‍ അമൂല്യമായ യൂള്‍റിമേ ട്രോഫി ഇരുന്ന ചില്ലലമാരയുടെ പിന്‍ഭാഗം തുറന്നുകിടക്കുന്നു; കപ്പ് കാണാനില്ല. വലിയ കോളിളക്കമൊന്നുമില്ലാത്ത ചെറിയ ഒരന്വേഷണം.
എന്നാല്‍, രണ്ടാംദിവസം വാര്‍ത്ത ലോകമറിഞ്ഞതോടെ സംഗതി പുലിവാലായി. സ്കോട്ലന്‍ഡ്യാഡ് അന്വേഷണം തുടങ്ങിയപ്പോഴേക്ക് ഇംഗ്ളീഷ് ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റിന് ഒരു ഫോണ്‍ സന്ദേശം.
15000 പൗണ്ട് ഒരു പാര്‍ക്കിലെ മാലിന്യക്കൊട്ടയില്‍ ഒന്ന്, അഞ്ച് പൗണ്ട് നോട്ടുകളായി ബാഗില്‍ നിറച്ച് നിക്ഷേപിച്ചാല്‍ മൂന്നുദിവസത്തിനകം താങ്കള്‍ക്ക് തപാലില്‍ ഒരു പാര്‍സല്‍ കിട്ടും. അതല്ല പൊലീസിനെ അറിയിക്കുകയാണെങ്കില്‍, കപ്പ് ഉരുക്കി മാറ്റിയിരിക്കും എന്നായിരുന്നു സന്ദേശം. പ്രസിഡന്‍റ് ജോമിയേര്‍സ് ജാക്സണ്‍   ടൗണ്‍ പൊലീസിനെ വിവരമറിയിച്ചു.
27ന് രാവിലെ പതിവുപോലെ ദക്ഷിണ പൂര്‍വ ലണ്ടനിലെ ബകുലഹില്‍സ് എന്ന ചെറുനഗരത്തിലെ വിശാലമായ പാര്‍ക്കില്‍ ഡേവിഡ് കോര്‍ബറ്റ് എന്ന പെന്‍ഷന്‍ പറ്റിപ്പിരിഞ്ഞ ഒരു സിവില്‍ സര്‍വന്‍റ് തന്‍െറ ‘പിക്ക്ള്‍സ്’ എന്ന നായയുമായി പ്രഭാതസവാരിക്കിറങ്ങി. കുറേ ദൂരം നടന്നപ്പോള്‍, പിക്ക്ള്‍സ് യജമാനന്‍െറ കണ്ണുവെട്ടിച്ച് കുറ്റിക്കാട്ടിലേക്കൊരു കുതിപ്പായിരുന്നു. ആവലാതിയോടെ കോര്‍ബറ്റ് പിന്നാലെയും.
ഒരു പൊതിക്കെട്ട് കണ്ട പിക്ക്ള്‍സ് നല്ല ഒന്നാന്തരം ‘സോസേജ്’ ആരോ തനിക്കായി പൊതിഞ്ഞിട്ടിരിക്കുന്നെന്ന് കരുതി കടിച്ചുപറിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍, യജമാനന് മറ്റൊരു കാര്യത്തിലായിരുന്നു പേടി.
കേരളത്തില്‍ ഈ അടുത്തകാലത്തായി പാവം കാടകളെയും കോഴിക്കുഞ്ഞുങ്ങളെയും കൊന്നൊടുക്കാനായി ദുഷ്ടലാക്കോടെ ചിലര്‍ വിഷവും മറ്റും വെക്കുന്നപോലെ യൂറോപ്പില്‍ നായകളെ വെറുക്കുന്ന ചിലര്‍ പാര്‍ക്കുകളില്‍ സോസേജ് പൊതിയാക്കി ഉഗ്രവിഷവും ചെറിയ സ്ഫോടവസ്തുക്കളും നിക്ഷേപിക്കാറുണ്ട്. അതെങ്ങാനുമാണോ തന്‍െറ ഓമന പിക്ക്ള്‍ കടിച്ചുപറിക്കുന്നതെന്നു കരുതി പാവം പൊതി അഴിച്ചുനോക്കിയപ്പോള്‍ കൊച്ചു പ്രതിമ പോലൊരു സാധനം. അടിവശത്ത് വിന്നേഴ്സ് 1962 ബ്രസീല്‍ എന്നുകണ്ടപ്പോഴാണ് പിക്ക്ളിന്‍െറ യജമാനന് കാര്യം ബോധ്യമായത്. അതുമായി അദ്ദേഹം നേരെ ജിപ്സി ഹില്‍ പൊലീസ് സ്റ്റേഷനിലേക്ക് ഒരു പാച്ചിലായിരുന്നു. ആഹ്ളാദത്തോടെ, താന്‍ കപ്പ് കണ്ടെടുത്ത  കാഴ്ച അറിയിച്ച പാവം പിടിച്ചത് പുലിവാലും.വിവരമറിഞ്ഞത്തെിയ അന്നത്തെ ചെല്‍സിയുടെ പ്രസിഡന്‍റുകൂടിയായിരുന്ന ഇംഗ്ളീഷ് ഫുട്ബാള്‍ അസോസിയേഷന്‍ അധ്യക്ഷന്‍ ജോമിയേഴ്സ് തറപ്പിച്ചുപറഞ്ഞു; ഇയാളാണ് തന്നെ ഫോണ്‍ ചെയ്ത് ബ്ളാക്മെയില്‍ ചെയ്തതെന്ന്.
ആരോപണം തെറ്റായിരുന്നെന്ന് തെളിയിക്കാന്‍ കോര്‍ബറ്റിന് കുറേ വിയര്‍പ്പൊഴുക്കേണ്ടിവന്നു.  ഈ ദിവസം അയാള്‍ ലണ്ടന്‍ നഗരത്തിന് പുറത്തായിരുന്നെന്ന് തെളിയിക്കാന്‍ കഴിഞ്ഞതുകൊണ്ട് പിക്ക്ള്‍സ് നിമിഷനേരംകൊണ്ട് സൂപ്പര്‍ഹീറോ ആയി. ലോകം മുഴുവനുള്ള വാര്‍ത്താമാധ്യമങ്ങളിലും ശാന്തസ്വഭാവക്കാരനായ പിക്ക്ള്‍സിന്‍െറ ചിത്രങ്ങള്‍ നിറഞ്ഞുനിന്നു.
‘പിക്ക്ള്‍ ദ ന്യൂ വേള്‍ഡ് ചാമ്പ്യ’നെന്നായിരുന്നു ഡെയ്ലി മിററര്‍ പത്രത്തില്‍ തലക്കെട്ട് നല്‍കിയത്. മേയ് 27നുതന്നെ പിക്ക്ള്‍സ് യൂള്‍സ്റിമേ കപ്പ് കണ്ടത്തെിയെങ്കിലും സ്കോട്ലന്‍ഡ്യാര്‍ഡ് ഏതാണ്ട് ഒരുമാസത്തോളം, വാര്‍ത്ത പുറത്തുവിട്ടിരുന്നില്ല. ഒടുവില്‍, ഇംഗ്ളീഷ് ഫുട്ബാള്‍ അസോസിയേഷന്‍ ആറായിരം പൗണ്ട് ഡേവിഡ് കോര്‍ബറ്റിന് കപ്പ് കണ്ടത്തെിയതിനുള്ള പ്രതിഫലമായി നല്‍കി. ഒപ്പം പിക്ക്ള്‍സിന് സ്വര്‍ണം പൂശിയ ഒരു തുടലും. ഒരുപാട്, ഒന്നാന്തരം ഡോഗ് സോസേജുകളും എല്ലിന്‍ കഷണത്തിന്‍െറ രൂപത്തില്‍ നിര്‍മിച്ച ഡോഗ് ചോക്ലേറ്റും. തീര്‍ന്നില്ല, ബകുലാഹില്‍സ് പാര്‍ക്കില്‍, പിക്ക്ള്‍സിന്‍െറ അതേ രൂപത്തിലും വലുപ്പത്തിലുമുള്ള സുന്ദരമായ ഒരു പ്രതിമ സ്ഥാപിക്കാനും ഇംഗ്ളീഷ് ഫുട്ബാള്‍പ്രേമികള്‍ മറന്നില്ല.
ഫുട്ബാള്‍ ഇതിഹാസമായിത്തീര്‍ന്ന പിക്ക്ള്‍സ് 1967ല്‍ ചത്തുപോയി. എന്നാല്‍, 2006ല്‍ ലണ്ടനിലെ ഒരു ചാനല്‍ ‘ദ ഡോഗ് ദാറ്റ് വണ്‍ ദ വേള്‍ഡ് കപ്പ്’ എന്ന പേരില്‍ ഒരു സീരിയല്‍ തന്നെ സംപ്രേഷണം ചെയ്ത് പിക്ക്ള്‍സിനോടുള്ള ആദരവ് നിലനിര്‍ത്തി.
യൂള്‍റിമേ കപ്പിന്‍െറ ദുര്യോഗം ഇവിടംകൊണ്ട് അവസാനിക്കുന്നെന്ന് കരുതരുത്. 3.8 കിലോഗ്രാം ഭാരവും 35 സെന്‍റീമീറ്റര്‍ ഉയരവുമുള്ള ‘സുവര്‍ണദേവത’ എന്ന പേരുള്ള ഈ മനോഹര ഉപഹാരം, സ്റ്റെര്‍ലിങ് സില്‍വര്‍കൊണ്ട് നിര്‍മിച്ച, തനി തങ്കം പൂശിയതാണ്. എന്നാല്‍, 1970ല്‍ കപ്പ് സ്ഥിരമാക്കി സ്വന്തം ഷോക്കേസിലത്തെിച്ച ബ്രസീലിയന്‍ ഫുട്ബാള്‍ ഫെഡറേഷന്‍, അതിനോട് അനാദരവ് കാണിച്ചു. കാര്യമായ സുരക്ഷാസന്നാഹമൊന്നുമില്ലാതെ അവരുടെ ചില്ലലമാരയില്‍ സൂക്ഷിച്ച ഈ അപൂര്‍വ ‘സമ്മാനം’ ഒരു സാധാരണ തെരുവുകള്ളന്‍ 1983ല്‍ അടിച്ചുമാറ്റി. 2010ല്‍ അത് കിട്ടിയെന്ന് വാര്‍ത്ത വന്നെങ്കിലും അത് ഉരുക്കിമാറ്റിയെന്നതാണ് യാഥാര്‍ഥ്യമെന്നുപറയുന്നു.
 

സ്വകാര്യ ബസുകള്‍ യാത്രക്കാരെ ചൂഷണം ചെയ്യുന്നു

Posted: 27 May 2014 12:16 AM PDT

പുലാമന്തോള്‍: ബസ്ചാര്‍ജ് വര്‍ധന നിലവില്‍ വന്നതോടെ സ്വകാര്യ ബസുകള്‍ യാത്രക്കാരെ ചൂഷണം ചെയ്യുന്നു. ഫെയര്‍സ്റ്റേജ് അപാകതയുടെ മറവിലാണ് ചൂഷണം അരങ്ങേറുന്നത്.
പുലാമന്തോള്‍-കൊളത്തൂര്‍-വളപുരം റൂട്ടിലാണ് സാധാരണക്കാരായ യാത്രക്കാരെ ബസ് ജീവനക്കാര്‍ വലക്കുന്നത്. പുലാമന്തോള്‍, വളപുരം റൂട്ടിലോടുന്ന ബസുകള്‍ പുലാമന്തോളില്‍നിന്ന് നാലര കിലോമീറ്റര്‍ ദൂരം വരുന്ന ചെമ്മലശ്ശേരി കണ്ണപ്പന്‍പടിയിലേക്ക് ഒമ്പത് രൂപയാണ് യാത്രക്കാരില്‍നിന്ന് ഈടാക്കുന്നത്. ഒരു ഫെയര്‍സ്റ്റേജില്‍നിന്ന് അടുത്ത സ്റ്റേജിലേക്ക് രണ്ടര കിലോമീറ്റര്‍ ദൂരമാണ്. എന്നാല്‍, പുലാമന്തോളില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരമുള്ള പാലൂരിലാണ് നിലവില്‍ ഇവര്‍ക്ക് ഒന്നാം ഫെയര്‍ സ്റ്റേജ്.
അത്രതന്നെ ദൂരം വരുന്ന ചെമ്മലശ്ശേരി രണ്ടാംമൈലിലാണ് രണ്ടാം ഫെയര്‍സ്റ്റേജ്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് വളപുരം-വളാഞ്ചേരി ബസുകള്‍ പുലാമന്തോളില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരമുള്ള രണ്ടാംമൈല്‍ കഴിഞ്ഞാല്‍ ഒമ്പത് രൂപ ചാര്‍ജ് ഈടാക്കുന്നത്. രണ്ടാംമൈലില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരം പോലുമില്ലാത്ത വളപുരം അടുത്ത സ്റ്റേജുമാണ്. പുലാമന്തോള്‍ കൊളത്തൂര്‍ റൂട്ടിലും സമാന ഗതി തന്നെയാണ്. പുലാമന്തോളില്‍നിന്ന് കുരുവമ്പലം തങ്ങള്‍പടിയാണ് അഞ്ച് കിലോമീറ്റര്‍ പരിധി. എന്നാല്‍, കുണ്ടറക്കല്‍പടി വരെ മാത്രമാണ് മിനിമം ചാര്‍ജില്‍ യാത്ര അനുവദിക്കുക. കുണ്ടറക്കല്‍പടിയില്‍ നിന്ന് നോക്കിയാല്‍ കാണുന്ന കുരുവമ്പലം താഴത്തേതില്‍പടിയിലേക്ക് ഒമ്പത് രൂപയാണ് ഈടാക്കുന്നത്. അതുപോലെ കുരുവമ്പലത്തുനിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരപരിധിക്കകത്തുള്ള പുലാമന്തോള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍പടിയിലേക്ക് ഒമ്പത് രൂപയാണ്. സ്കൂള്‍ കുട്ടികള്‍ക്ക് സി.ടി അനുവദിക്കാതെയാണ് ഇവിടെ ബസ് സര്‍വീസ് നടത്തുന്നത്.
ഇടതുമുന്നണി ഭരണകാലത്ത് മിനിമം ബസ്ചാര്‍ജ് അഞ്ച് രൂപയാക്കി നിര്‍ണയിച്ച സമയത്താണ് മിനിമം ചാര്‍ജില്‍ അഞ്ച് കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം എന്ന തീരുമാനമുണ്ടായത്.
കഴിഞ്ഞതവണ യു.ഡി.എഫ് സര്‍ക്കാര്‍ മിനിമം ചാര്‍ജ് ആറാക്കി ഉയര്‍ത്തിയപ്പോഴും ഇതേ ഉത്തരവ് നിലവിലുണ്ടായിരുന്നു. എന്നാല്‍, പുലാമന്തോള്‍-വളപുരം-കൊളത്തൂര്‍ റൂട്ടിലെ ബസ് ജീവനക്കാര്‍ ഈ ഉത്തരവ് ഇതുവരെയും അംഗീകരിച്ചിട്ടില്ല. ചോദ്യം ചെയ്യുന്നവര്‍ക്ക് മാത്രം ഈ ആനുകൂല്യം ലഭിക്കുന്നു.
ദിവസങ്ങള്‍ക്കുമുമ്പ് ആറ് രൂപ നല്‍കി യാത്ര ചെയ്തവര്‍ക്കാണ് ഇപ്പോള്‍ ഒമ്പത് രൂപ നല്‍കി യാത്ര ചെയ്യേണ്ടി വന്നത്. സ്ത്രീകളും സാധാരണ ജനങ്ങളും ബസ് ജീവനക്കാരുടെ പകല്‍ക്കൊള്ള ചോദ്യം ചെയ്താല്‍ ചീത്ത പറയുകയും പരിഹസിക്കുകയും ചെയ്യുന്നതായി യാത്രക്കാര്‍ പറയുന്നു. അതുകൊണ്ടുതന്നെ നിശ്ശബ്ദം എല്ലാം സഹിച്ചാണ് സാധാരണക്കാര്‍ ഇതിലൂടെ യാത്ര നടത്തുന്നത്.

ആംവേ ഇന്ത്യയുടെ സി.ഇ.ഒ അറസ്റ്റില്‍

Posted: 27 May 2014 12:03 AM PDT

Image: 

ഹൈദരാബാദ്: നിയമപരമല്ലാത്ത രീതിയില്‍ പണമിടപാട് നടത്തിയെന്ന പരാതിയില്‍ ആംവെ ഇന്ത്യയുടെ സി.ഇ.ഒ വില്യം എസ്.പിങ്കിനിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഗുഡ്ഗാവില്‍ അറസ്റ്റിലായ പിങ്കിനിയെ കുര്‍ണൂല്‍ പോലീസാണ് കസ്റ്റഡിയില്‍ വാങ്ങിച്ചത്.
പിങ്കിനിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് കുര്‍ണൂര്‍ പൊലീസ് സുപ്രണ്ട് രഘുരാമി റെഡ്ഡി പറഞ്ഞു. പ്രൈസ് ചിറ്റ്സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ ആക്ട് പ്രകാരമാണ് പിങ്കിനിയെ അറസ്റ്റ് ചെയ്തത്. ഇത് രണ്ടാം തവണയാണ് ആംവെ ഇന്ത്യ സി.ഇ.ഒ അറസ്റ്റിലാവുന്നത്. സാമ്പത്തിക തിരിമറി നടത്തിയ കുറ്റത്തിന്  ആംവെ ഇന്ത്യയുടെ രണ്ട് ഡയറക്ടര്‍മാരെയും സി.ഇ.ഒയെയും ഒരുവര്‍ഷം മുമ്പ് കേരള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തൊടുപുഴയില്‍ സ്റ്റേഡിയം നിര്‍മാണം:സ്ഥലമെടുപ്പ് ആരംഭിച്ചെന്ന് മന്ത്രി

Posted: 27 May 2014 12:02 AM PDT

തൊടുപുഴ: നഗരത്തില്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിന് സ്ഥലമെടുപ്പ് നടപടി തുടങ്ങിയതായി ജലവിഭവ മന്ത്രി പി.ജെ. ജോസഫ് അറിയിച്ചു. സ്റ്റേഡിയം നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപക്കുള്ള ഭരണാനുമതി നല്‍കിയതായി അദ്ദേഹം പറഞ്ഞു. തൊടുപുഴ വില്ലേജില്‍ 275, 278, 308, 309, 310, 311 എന്നീ സര്‍വേകളില്‍പെട്ട 12 ഏക്കര്‍ സ്ഥലമാണ് സ്റ്റേഡിയത്തിനായി ഏറ്റെടുക്കുക. തൊടുപുഴ കോതായിക്കുന്ന് ബൈപാസിനു സമീപത്തെ വസ്തുവാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. സ്റ്റേഡിയത്തിന് ചുറ്റും റോഡും ഇതിലേക്ക് ബന്ധിപ്പിക്കുന്ന നാല് അപ്രോച്ച് റോഡുകളും നിര്‍മിക്കും. കോതായിക്കുന്ന് ബൈപാസില്‍നിന്നും മൂലമറ്റം റോഡില്‍നിന്നും നിര്‍ദിഷ്ട മാരിയില്‍ കലുങ്ക്-കോതായിക്കുന്ന് ബസ് സ്റ്റാന്‍ഡ് ബൈപാസില്‍നിന്നുമാണ് അപ്രോച്ച് റോഡുകള്‍.
ഇതിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിര്‍ത്തികളില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. സ്ഥലം സര്‍വേ ചെയ്ത് സബ് ഡിവിഷന്‍ ചെയ്യുന്നതിന് ആദ്യത്തെ വിജ്ഞാപനം കേരള ഗസറ്റില്‍ 2014 മാര്‍ച്ച് 26ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് സര്‍വേ ജോലികള്‍ക്ക് രണ്ട് സര്‍വേയര്‍മാരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് സ്റ്റേഡിയ നിര്‍മാണത്തിന്‍െറ മേല്‍നോട്ടം. തൊടുപുഴ പൊന്നുംവില സ്പെഷല്‍ തഹസില്‍ദാരാണ് സ്ഥലമേറ്റെടുപ്പ് നടപടി നടത്തുന്നത്. സംസ്ഥാന ബജറ്റില്‍ സ്റ്റേഡിയ നിര്‍മാണത്തിന് പ്രത്യേകമായി തുക വകയിരുത്തിയിട്ടുള്ളതായും പി.ജെ. ജോസഫ് പറഞ്ഞു. ഉദ്യോഗസ്ഥരുടെ പ്രത്യേക അവലോകന യോഗം ചേര്‍ന്ന് സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെ ദ്രുതഗതിയിലാക്കാന്‍ നടപടി സ്വീകരിച്ചതായും മന്ത്രി പി.ജെ. ജോസഫ് വ്യക്തമാക്കി.

‘കേരള ബ്ളാസ്റ്റേഴ്സു’മായി മാസ്റ്റര്‍ ബ്ളാസ്റ്റര്‍

Posted: 26 May 2014 11:52 PM PDT

Image: 

തിരുവനന്തപുരം :  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊച്ചി ആസ്ഥാനമായ ഫുട്ബാള്‍ ടീമിനെ സ്വന്തമാക്കിയ സചിന്‍ ടീമിന്‍റെ പേര് പ്രഖ്യാപിച്ചു. മാസ്റ്റ്റര്‍ ബ്ളാസ്റ്റര്‍ എന്ന തന്‍െറ വിളിപ്പേരുമായി ചേര്‍ത്ത് ടീമിന് കേരള ബ്ളാസ്റ്റേഴ്സ് എന്ന പേരു നല്‍കിയതായി സചിന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അടുത്ത വര്‍ഷം കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന്‍െറ ഗുഡ് വില്‍ അംബാസിഡറാകാന്‍ സച്ചിന്‍ സമ്മതം മൂളി. സചിനുമായി നടത്തിയ ചര്‍ച്ചയില്‍  ഉമ്മന്‍ചാണ്ടിയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടു വെച്ചത്. ഇന്ത്യന്‍ ഫുട്ബാളിന്‍െറ മുഖഛായ മാറ്റുന്ന ഫുട്ബാള്‍ ആഘോഷമാണ് വരാനിരിക്കുന്നതെന്ന് സചിന്‍ പറഞ്ഞു. കേരളത്തിലെ ഒന്നേ കാല്‍ ലക്ഷം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു ഇതിന്‍റെ ഭാഗമായി പരിശീലനം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. തുടര്‍ന്ന് അദ്ദേഹം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെയും സന്ദര്‍ശിച്ചു

കൊച്ചി ആസ്ഥാനമായി ടീമിനെ സ്വന്തമാക്കിയ സചിന്‍ ഫ്രാഞ്ചൈസി ഹോം ഗ്രൗണ്ട് സംബന്ധിച്ച അവസാന വട്ടചര്‍ച്ചകള്‍ക്കായാണ് കേരളത്തിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ആവേശകരമായ സ്വീകരണമാണ് സച്ചിന് ഒരുക്കിയത്. സച്ചിന്‍െറ വരവും പ്രതീക്ഷിച്ച് അതിരാവിലെ തന്നെ ആരാധകര്‍ വിമാനത്താവളത്തില്‍ തമ്പടിച്ചിരുന്നു. കൊച്ചി ഫ്രാഞ്ചൈസി സ്പോണ്‍സര്‍മാരായ പിവിപി വെഞ്ചേവ്സ് ഗ്രൂപ്പ് ചെയര്‍മാന് പ്രസാദ് പൊട്ലൂരിനൊപ്പമാണ് സച്ചിന്‍ തലസ്ഥാനത്ത എത്തിയത്.
മത്സരങ്ങള്‍ക്കു നികുതിയില്‍ ഇളവ് നല്‍കാന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെടും. തുടര്‍ന്ന് തലസ്ഥാനത്ത് നിന്നും മടങ്ങുന്ന അദ്ദേഹം കൊച്ചി മേയര്‍. ജിസി.ഡി.എ ഭാരവാഹികള്‍ എന്നിവരുമായും ചര്‍ച്ച നടത്തും. സച്ചിന്‍െറ പേരില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നിര്‍മിച്ച പവലിയനും ഇതാദ്യമായി സച്ചിന്‍ സന്ദര്‍ശിക്കുന്നുണ്ട്.

പാലാ മുനിസിപ്പാലിറ്റിയെ എ ഗ്രേഡാക്കി ഉയര്‍ത്തും –മന്ത്രി മഞ്ഞളാംകുഴി അലി

Posted: 26 May 2014 11:42 PM PDT

പാലാ: സംസ്ഥാനത്തെ തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫണ്ട് വിനിയോഗിക്കുന്നതില്‍ വീഴ്ച വരുത്തുന്നതായി തദ്ദേശ സ്വയംഭരണ മന്ത്രി മഞ്ഞളാംകുഴി അലി . മുനിസിപ്പാലിറ്റികള്‍ 60 ശതമാനവും കോര്‍പറേഷനുകള്‍ 65 ശതമാനം ഫണ്ടും മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. ഇത് മാറണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവസാന മാസങ്ങളില്‍ പദ്ധതി തയാറാക്കുന്നതുമൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്നു വര്‍ഷവും നൂറു ശതമാനം ഫണ്ട് വിനിയോഗിച്ച പാലാ മുനിസിപ്പാലിറ്റിയെ അഭിനന്ദിക്കാന്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പാലാ നഗരസഭയെ എ ഗ്രേഡ് മുനിസിപ്പാലിറ്റിയായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു.
ധനകാര്യമന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റിയിലെ വഴിവിളക്കുകളുടെ നവീകരണത്തിന്‍െറ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്് നിര്‍മല ജിമ്മി നിര്‍വഹിച്ചു.
കുടുംബശ്രീ അംഗങ്ങളുടെ പേപര്‍ ക്യാരിബാഗിന്‍െറ ഉദ്ഘാടനം ജോയി എബ്രഹാം എം.പിയും പട്ടികജാതി കുട്ടികള്‍ക്ക് മുനിസിപ്പാലിറ്റി നല്‍കുന്ന അലമാരയുടെ താക്കോല്‍ദാനം ഫാ. മാത്യു ചന്ദ്രന്‍കുന്നേലും നിര്‍വഹിച്ചു.
മുനിസിപ്പല്‍ കോര്‍പറേഷന്‍സ് ചെയര്‍മാന്‍സ് ചേംബര്‍ ചെയര്‍മാനും കളമശേരി മുനിസിപ്പല്‍ ചെയര്‍മാനുമായ ജമാല്‍ മണക്കാടന്‍ മുഖ്യാതിഥിയായിരുന്നു.
മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, വൈസ് ചെയര്‍മാന്‍ ഡോ. ചന്ദ്രികാദേവി, വക്കച്ചന്‍ മറ്റത്തില്‍ , എം.എസ്. ശശിധരന്‍, ബാബു കെ. ജോര്‍ജ്, സിബി തോട്ടുപുറം, ജയേഷ് പി. ജോര്‍ജ്, ജോസ് കുറ്റിയാനിമറ്റം, എം.ജി. മധുസൂദനന്‍, ബിനു പുളിക്കക്കണ്ടം, സന്തോഷ് മരിയസദനം എന്നിവര്‍ സംസാരിച്ചു.

നെല്‍ വയലുകള്‍ തെങ്ങിനു വഴിമാറുന്നു

Posted: 26 May 2014 11:38 PM PDT

പയ്യന്നൂര്‍: പയ്യന്നൂരും പരിസരങ്ങളിലും നെല്‍വയലുകള്‍ തെങ്ങിന്‍ പറമ്പുകളാവുന്നു. കഴിഞ്ഞ വര്‍ഷം വരെ നെല്‍ കൃഷി ചെയ്ത വയലുകളാണ് അതിവേഗം തെങ്ങുകള്‍ക്ക് വഴിമാറുന്നത്. തേങ്ങക്കും വെളിച്ചെണ്ണക്കും വില കുതിച്ചുയരുന്നതാണ് തെങ്ങുകള്‍ക്കായി വയല്‍ നികത്താന്‍ പ്രേരണയാവുന്നതെന്നു ചൂണ്ടികാണിക്കപ്പെടുന്നു. മണ്ണിട്ടു നികത്താതെ എളുപ്പം പറമ്പാക്കി മാറ്റാമെന്നതും ഈ പ്രവര്‍ത്തനത്തിനു പിന്നിലുണ്ട്. വയലില്‍ മണല്‍ തിട്ടകളുണ്ടാക്കി ആദ്യം തെങ്ങു കൃഷി ചെയ്യുന്നു. തെങ്ങു വളരുന്നതിനനുസരിച്ച് മണ്ണിട്ടു നികത്തി വയല്‍ പൂര്‍ണമായും പറമ്പായി മാറ്റുകയാണ് രീതി. വയലില്‍ മണ്ണിടുമ്പോള്‍ മാത്രമാണ് റവന്യൂ വകുപ്പ് ഇടപെടുന്നതെന്ന് ആക്ഷേപമുണ്ട്. ഭൂമാഫിയയും ഇപ്പോള്‍ ഈ തന്ത്രം തന്നെയാണ് പ്രയോഗിക്കുന്നത്.
2008ലെ നെല്‍ വയല്‍ നീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍ പറത്തിയാണ് ഈ നടപടി. നിയമ പ്രകാരം നെല്‍ വയലുകളിലും തണ്ണീര്‍ തടങ്ങളിലും ദീര്‍ഘകാല വിളയിറക്കാന്‍ പാടില്ല. മാത്രമല്ല നീരൊഴിക്കിനു തടസ്സം നില്‍ക്കുന്ന രീതിയില്‍ മണല്‍ തിട്ടകള്‍ നിര്‍മിക്കുന്നതും കുറ്റകരമാണ്. ഈ നിയമം നിലനില്‍ക്കെയാണ് വയലുകളില്‍ മണല്‍ തിട്ടയുണ്ടാക്കി അതിനു മുകളില്‍ തെങ്ങു നട്ട് പറമ്പാക്കി രജിസ്റ്റര്‍ ചെയ്യുന്നത്. ഇരുവിളയെടുക്കുന്ന വയലുകളാണ് ഈ രീതിയില്‍ പറമ്പുകളാക്കുന്നത്. കാങ്കോല്‍, കാളീശ്വരം, ആലപ്പടമ്പ്, ഉളിയത്തുകടവ്, വെള്ളൂര്‍, ചങ്കൂരിച്ചാല്‍, കണ്ടങ്കാളി, കുഞ്ഞിമംഗലം, പുതിയ പുഴക്കര തുടങ്ങിയ പ്രദേശങ്ങളില്‍ ഏക്കര്‍കണക്കിനു വയലുകളാണ് മണല്‍ തിട്ടകള്‍ക്കും തെങ്ങു കൃഷിക്കും വഴിമാറുന്നത്. പുഞ്ചക്കാട്, ചങ്കൂരിച്ചാല്‍ ഭാഗങ്ങളില്‍ വന്‍തോതില്‍ തെങ്ങുകള്‍ നട്ടുകഴിഞ്ഞു. പല പ്രദേശങ്ങളിലും ഞായറാഴ്ചകളിലും ഒഴിവു ദിവസങ്ങളിലുമാണ് മണല്‍ തിട്ടകള്‍ ഉയരുന്നത്. മണ്ണുമാന്ത്രി യന്ത്രം വയലിലിറക്കി നിമിഷങ്ങള്‍ക്കകം പറമ്പായി രൂപാന്തരപ്പെടുത്തുകയാണ് ചെയ്യുന്നത്.
വയല്‍ പറമ്പാവുന്നതോടെ പ്രദേശത്തെ ബാക്കിയുള്ള കൃഷിയിടങ്ങളില്‍ നെല്‍ കൃഷിയിറക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. നീരൊഴുക്ക് തടസ്സപ്പെടുന്നതും വെള്ളം കെട്ടി നില്‍ക്കുന്നതുമാണ് കാരണം. അതുകൊണ്ട് തന്നെ വയലിന്‍െറ സ്വഭാവം മാറ്റുന്നത് തടയണമെന്ന് മറ്റ് കൃഷിക്കാര്‍ ആവശ്യപ്പെടുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്ഥലം സന്ദര്‍ശിച്ചു. മണല്‍ തിട്ട നീക്കി വയല്‍ പുന$സ്ഥാപിക്കണമെന്നും തരിശു വയലില്‍ കൃഷിയിറക്കണമെന്നുമാവശ്യപ്പെട്ട് കൃഷി വകുപ്പ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയതായി പരിസ്ഥിതി സെക്രട്ടറി ഭാസ്കരന്‍ വെള്ളൂര്‍ അറിയിച്ചു.

മെട്രോ ഫോര്‍ട്ടുകൊച്ചിയിലേക്ക് നീട്ടുന്നത് ആലോചിക്കും –മന്ത്രി ഇബ്രാഹീംകുഞ്ഞ്

Posted: 26 May 2014 11:31 PM PDT

മട്ടാഞ്ചേരി: കൊച്ചി മെട്രോ ഫോര്‍ട്ടുകൊച്ചി മേഖലയിലേക്ക് നീട്ടുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് പറഞ്ഞു. നവീകരിച്ച മട്ടാഞ്ചേരി ടൗണ്‍ഹാളിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോ ഫോര്‍ട്ടുകൊച്ചിയിലേക്ക് കൂടി വ്യാപിച്ചില്ലെങ്കില്‍ അതിന്‍െറ വികസനം പൂര്‍ണമാകില്ല. പശ്ചിമകൊച്ചിയുടെ പഴയ പ്രതാപം വീണ്ടെടുക്കുന്നതിനുള്ള എല്ലാവിധ സഹായങ്ങളും സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും ഇബ്രാഹീംകുഞ്ഞ് പറഞ്ഞു.
മേയര്‍ ടോണി ചമ്മണി അധ്യക്ഷത വഹിച്ചു. ഡൈനിങ് ഹാളിന്‍െറ ഉദ്ഘാടനം ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ മുഖ്യാതിഥിയായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.ജെ. വിനോദ്, ടി.കെ. അഷ്റഫ്, സൗമിനി ജെയിന്‍, ആര്‍. ത്യാഗരാജന്‍, കെ.ജെ. സോഹന്‍, രത്നമ്മ രാജു, വി.കെ. മിനിമോള്‍, കൗണ്‍സിലര്‍ ശ്യാമള എസ്. പ്രഭു, നഗരസഭാ സെക്രട്ടറി എ.എസ്. അനുജ എന്നിവര്‍ സംസാരിച്ചു.

ഇരുമ്പുരുക്ക് കമ്പനിക്കെതിരായ സമരം താല്‍ക്കാലികമായി പിന്‍വലിച്ചു a

Posted: 26 May 2014 11:23 PM PDT

ആലുവ: നാലാം മൈലില്‍ പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങുന്ന സഹ്യാദ്രി ഇരുമ്പുരുക്ക് കമ്പനിക്കെതിരെ നടന്ന ജനകീയ സമരം താല്‍ക്കാലികമായി പിന്‍വലിച്ചു. കമ്പനിയിലേക്ക് വൈദ്യുതി ലൈന്‍ വലിക്കുന്ന പണി അധികൃതര്‍ നിര്‍ത്തിവെക്കുകയും പണിക്കുള്ള സംരക്ഷണം പൊലീസ് പിന്‍വലിച്ചതിനാലുമാണ് സമരം നിര്‍ത്തിയത്. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകള്‍ നടത്തിവന്ന സഹനസമരമാണ് പിന്‍വലിച്ചത്.
വൈദ്യുതി കണക്ഷനുവേണ്ടി കേബ്ള്‍ വലിക്കുന്നതിനെതിരെ ഐ.എസ്.ആര്‍.ഒ പരിസരത്ത് കേബ്ള്‍ ട്രഞ്ചിനടുത്തായിരുന്നു സമരം. വന്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നെങ്കിലും സമരത്തില്‍നിന്ന് പിന്മാറാന്‍ ആരും തയാറായില്ല. ഇതിനകം നിരവധി നേതാക്കള്‍ സമരക്കാരെ അഭിവാദ്യം ചെയ്തു. പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് തിങ്കളാഴ്ച സമരക്കാരെ സന്ദര്‍ശിച്ച ഡി.സി.സി പ്രസിഡന്‍റ് വി.ജെ. പൗലോസ് ആവശ്യപ്പെട്ടു. ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിലേ ഇത്തരം വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ അനുവദിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. വി.പി. സജീന്ദ്രന്‍ എം.എല്‍.എ, ജ്യോതി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സണ്ണി, ലിസി സെബാസ്റ്റ്യന്‍, കൊടിയന്‍ സാജു, സി.പി.എം നേതാവ് സി.എന്‍. മോഹനന്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. ബി.എ. അബ്ദുല്‍ മുത്തലിബ്, കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ജിന്നാസ്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് പി.ബി. സുനീര്‍, കെ.എം. കുഞ്ഞുമോന്‍, ആലുവ നഗരസഭ കൗണ്‍സിലര്‍ ജെ.ബി. മത്തേര്‍, മുഹമ്മദ് ഷഫീഖ്, കെ.എം. ബഷീര്‍, എസ്.എഫ്.ഐ ജില്ലാപ്രസിഡന്‍റ് സനല്‍ എന്നിവരും സമരത്തെ അഭിവാദ്യം ചെയ്തു. കേബ്ള്‍ വലിക്കാന്‍ ശ്രമിച്ചാല്‍ സമരം ശക്തമാക്കുമെന്ന് സമരസമിതി ചെയര്‍മാന്‍ പി. മോഹനനും കണ്‍വീനര്‍ സി.യു. യൂസുഫും അറിയിച്ചു.

പരാതിരഹിത പൊതുവിതരണ സംവിധാനം സര്‍ക്കാര്‍ ലക്ഷ്യം –അനൂപ് ജേക്കബ്

Posted: 26 May 2014 11:19 PM PDT

കല്‍പറ്റ: പരാതിരഹിത പൊതുവിതരണ സംവിധാനമാണ് സര്‍ക്കാറിന്‍െറ ലക്ഷ്യമെന്ന് ഭക്ഷ്യ സിവില്‍ സപൈ്ളസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. വയനാട് പ്രസ് ക്ളബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 14,000 റേഷന്‍ കടകളും എഫ്.സി.ഐ ഗോഡൗണുകളുമടക്കം കമ്പ്യൂട്ടറൈസേഷന്‍ വഴി ആധുനികവത്കരിക്കുന്നതോടെ പൊതുവിതരണ ശൃംഖല കാര്യക്ഷമമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് ആറു കടകളില്‍ പരീക്ഷണാര്‍ഥം അഞ്ചുമാസം മുമ്പ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
250 കോടി രൂപയുടെ പദ്ധതി മന്തിസഭയുടെ പരിഗണനക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. അര്‍ഹരായവര്‍ക്ക് മുഴുവന്‍ ഭക്ഷ്യധാന്യമെത്തിക്കുകയെന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും അനൂപ് ജേക്കബ് പറഞ്ഞു. മൂന്ന്-നാല് ഘട്ടങ്ങളിലായി പരിശോധനകള്‍ നടക്കുന്നുണ്ടെങ്കിലും കരിഞ്ചന്ത വ്യാപാരം പൂര്‍ണമായും തുടച്ചുനീക്കാനായിട്ടില്ല. കമ്പ്യൂട്ടര്‍ വത്കരിക്കുന്നതോടെ ഇതിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ.
റേഷന്‍ കടയുടമകള്‍ക്ക് കമീഷന്‍ വര്‍ധിപ്പിക്കാന്‍ തത്ത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. കമീഷന്‍ കുടിശ്ശിക ി വിതരണം ചെയ്യും. സബ്സിഡി നിരക്കിലുള്ള സാധനങ്ങളുടെ കുറവാണ് കല്‍പറ്റയിലെ സപൈ്ളകോ മാര്‍ക്കറ്റില്‍നിന്നടക്കം കേള്‍ക്കുന്ന പരാതികളിലൊന്ന്.
ഇതിന് പരിഹാരം കാണുന്നതിനായി നടപടി സ്വീകരിക്കും. സഞ്ചരിക്കുന്ന മൂന്നു മാവേലി സ്റ്റോറുകള്‍ വയനാട്ടില്‍ പുതുതായി അനുവദിച്ചിട്ടുണ്ട്.
ഇവ ആദിവാസികളടക്കം പിന്നാക്ക വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉത്സവകാലത്തു മാത്രമല്ല, 365 ദിവസവും വിപണിയില്‍ ഇടപെടല്‍ വേണമെന്നാണ് അഭിപ്രായമെന്ന് മന്ത്രി വ്യക്തമാക്കി. ഓണം ഫെയറുകള്‍ ജില്ലാ ആസ്ഥാനങ്ങളില്‍ ആഗസ്റ്റ് ആദ്യവാരംതന്നെ പ്രവര്‍ത്തനം തുടങ്ങും.മാവേലി സ്റ്റോറുകള്‍ കേന്ദ്രീകരിച്ച് ഉപഭോക്തൃ കമ്മിറ്റികള്‍ രൂപവത്കരിക്കും.
താഴത്തേട്ടിലെ പരാതികള്‍ മന്ത്രിതലത്തിലെത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണിത്. പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ അധ്യക്ഷന്മാരായിട്ടാകും ഇത്തരം സമിതികളുടെ പ്രവര്‍ത്തനം. ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങിക്കഴിഞ്ഞു. അടുത്തദിവസം മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി അറിയിച്ചു.
കുപ്പിവെള്ളം, കറി പൗഡറുകള്‍, പുട്ടുപൊടി തുടങ്ങി ശബരി ബ്രാന്‍ഡിലുള്ള കൂടുതല്‍ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ സര്‍ക്കാറിന് പദ്ധതിയുണ്ട്. ഇതിന്‍െറ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ഏഴിന് എറണാകുളത്ത് നടക്കും. ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം റേഷന്‍ കടകള്‍ അനുവദിക്കാന്‍ സാധിക്കില്ലെങ്കിലും പിന്നാക്ക പ്രദേശങ്ങളില്‍ പുതിയ കടകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാറിന് പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ് ക്ളബ് പ്രസിഡന്‍റ് പി.കെ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP