സ്വാഗതം
WELCOME

News Update..

Wednesday, May 28, 2014

സോണിയയടെ വിദ്യാഭ്യാസ യോഗ്യത എന്തെന്ന് ബി.ജെ.പി Madhyamam News Feeds

സോണിയയടെ വിദ്യാഭ്യാസ യോഗ്യത എന്തെന്ന് ബി.ജെ.പി Madhyamam News Feeds

Link to

സോണിയയടെ വിദ്യാഭ്യാസ യോഗ്യത എന്തെന്ന് ബി.ജെ.പി

Posted: 28 May 2014 12:44 AM PDT

Image: 

ന്യൂദല്‍ഹി: മോഡി മന്ത്രിസഭയിലെ മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത കോണ്‍ഗ്രസ്, സോണിയ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്ന് ബി.ജെ.പി. വിദ്യാഭ്യാസം ഉള്‍പ്പെടുന്ന മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി ബിരുദ ധാരി പോലുമല്ളെന്നായിരുന്നു  കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍െറ പരിഹാസം. ഇതിനു മറുപടിയായാണ് കോണ്‍ഗ്രസ് അധ്യക്ഷയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്ന് ടെക്സ്റ്റയില്‍സ് സഹ മന്ത്രി സന്തോഷ് ഗംഗാവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യസഭാംഗമായ സ്മൃതി ഇറാനിയുടെ പ്രകടനം പാര്‍ലമെന്‍്റില്‍ എല്ലാവരും കണ്ടതാണ്. അവരുടെ കഴിവ് കണക്കിലെടുത്താണ് വകുപ്പ് ഏല്‍പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്‍െറ അഭിപ്രായ പ്രകടനം നിര്‍ഭാഗ്യകരമായിപ്പോയെന്ന് ബി.ജെ.പി നേതാവ് രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. അതേസമയം, അജയ് മാക്കന്‍െറ ആരോപണത്തോട് പ്രതികരിക്കാന്‍ സ്മൃതി ഇറാനി തയ്യാറായില്ല.

ആനയും പുലിയും ഒരു ജനതയുടെ ഉറക്കം കെടുത്തുന്നു

Posted: 28 May 2014 12:26 AM PDT

നെന്മാറ: മേഖലയിലെ വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വന്യമൃഗശല്യം വര്‍ധിച്ചു. പോത്തുണ്ടി വനം സെക്ഷനിലെ അളുവാശ്ശേരി, ചേരിന്‍കാട്, അയ്യപ്പന്‍പാറ, തിരുവാഴിയോട് സെക്ഷനിലെ കരിങ്കുളം, കൈതച്ചിറ, കാന്തളം, പാളിയമംഗലം എന്നിവിടങ്ങളിലാണ് പുലികളടക്കമുള്ള വന്യമൃഗങ്ങള്‍ നാശം വിതക്കുന്നത്.
അളുവാശ്ശേരി ചേരിന്‍കാട്ടിലെ കര്‍ഷകരും കര്‍ഷകതൊഴിലാളികളുമടങ്ങുന്ന ഭൂരിപക്ഷം പേരും ആടുകളെ വളര്‍ത്തിയിരുന്നു. 50 ല്‍ കൂടുതല്‍ ആടുകളെ വളര്‍ത്തുന്നവര്‍ പോലുമുണ്ട്. എന്നാല്‍, അടുത്തിടെ ഈ ഭാഗത്തുനിന്ന് 15 ല്‍ പരം ആടുകളെയാണ് പുലികള്‍ പിടിച്ചത്. മുപ്പതോളം ആടുകളെ കാണാതായിട്ടുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വനാതിര്‍ത്തിയില്‍ മേയ്ക്കാന്‍ വിടുന്ന ആടുകളില്‍ പകുതിയോളം മാത്രമേ തിരിച്ചെത്താറുള്ളൂ.
ഇതോടെ ആടുകളെ വീട്ടില്‍ കെട്ടിയിടാന്‍ തുടങ്ങി. എന്നാല്‍, രാത്രിസമയത്ത് പുലിയെത്തി ഇവയേയും കൊന്നൊടുക്കാന്‍ തുടങ്ങി.
നാട്ടുകാരുടെ പ്രധാന വരുമാനമാര്‍ഗമായിരുന്നു ആടുവളര്‍ത്തല്‍. പാലും ആടിനെയും വിറ്റ് ഉപജീവനം കഴിച്ചിരുന്ന ഇവര്‍ ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയിലാണ്. അളുവശ്ശേരി, അയ്യപ്പന്‍പാറ പ്രദേശങ്ങളില്‍ പുലിശല്യമേറിയപ്പോള്‍ കൂടുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഒരു പുലിയെ മാത്രമാണ് വനംവകുപ്പിന് പിടികൂടാനായത്.
തിരുവഴിയാട് സെക്ഷനിലുള്‍പ്പെടുന്ന കരിങ്കുളത്തുനിന്ന് ജനവാസകേന്ദ്രത്തിലിറങ്ങിയ രണ്ട് പുലികളെ പിടികൂടാന്‍ വനംവകുപ്പധികൃതര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ കൈതച്ചിറ, മുടിക്കൂറ, കാന്തളം എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ ഒന്നിലധികം പുലികള്‍ ജനവാസകേന്ദ്രത്തിലിറങ്ങി മലയോര കര്‍ഷകരുടെ ആടുകളേയും പശുക്കളേയും കൊന്നൊടുക്കി. ഇതിനിടെയാണ് കാട്ടാനക്കൂട്ടത്തിന്‍െറ ശല്യവും പെരുകിയത്. ഏക്കര്‍ കണക്കിന് കൃഷിയാണ് മരുതഞ്ചേരി, കല്‍ച്ചാടി പ്രദേശങ്ങളില്‍ ഇവയുടെ ശല്യം മൂലം നശിച്ചത്. മരച്ചീനി, റബര്‍, വാഴ തുടങ്ങിയവ കഴിഞ്ഞ ഒരാഴ്ചക്കിടെ ആനകള്‍ നശിപ്പിച്ചു.
പോത്തുണ്ടിയിലെ അയിമ്പൂരപ്പതി പ്രദേശത്ത് കാട്ടാനക്കൂട്ടം ജനവാസകേന്ദ്രത്തില്‍ തമ്പടിച്ചിട്ട് രണ്ട് ദിവസമായി. വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചിട്ടും രക്ഷ ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പെരിന്തല്‍മണ്ണയില്‍ വിദ്യാഭ്യാസ സൗകര്യ വികസനത്തിന് 14.63 കോടി

Posted: 28 May 2014 12:15 AM PDT

പെരിന്തല്‍മണ്ണ: പുതിയ അധ്യയന വര്‍ഷം പെരിന്തല്‍മണ്ണ മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ 14.63 കോടി രൂപയുടെ പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. ഉന്നത-പൊതുവിദ്യാഭ്യാസ രംഗത്ത് കെട്ടിട നിര്‍മാണത്തിനാണ് പ്രധാനമായും തുക വിനിയോഗിക്കുക.
കെട്ടിട നിര്‍മാണത്തിന് പെരിന്തല്‍മണ്ണ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി, കുന്നക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി എന്നിവക്ക് 1.5 കോടി രൂപ വീതം നല്‍കാന്‍ ഭരണാനുമതിയായിട്ടുണ്ട്. വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറിക്ക് 50 ലക്ഷം, പുലാമന്തോള്‍ ഗവ. ഹയര്‍ സെക്കന്‍ഡറിക്ക് 1.1 കോടി, ആനമങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറിക്ക് 55 ലക്ഷം, കാപ്പ് ഗവ. ഹൈസ്കൂളിന് 55 ലക്ഷം, പെരിന്തല്‍മണ്ണ സെന്‍ട്രല്‍ എല്‍.പിക്ക് 25 ലക്ഷം, ആലിപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറിക്ക് 96 ലക്ഷം, വളപുരം ജി.എം.യു.പിക്ക് 60 ലക്ഷം എന്നിവയുടെ എസ്റ്റിമേറ്റിന് ഭരണാനുമതിയായിട്ടുണ്ട്.
മണ്ഡലത്തിലെ ഏക സര്‍ക്കാര്‍ കോളജായ പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളജിന് 2.37 കോടി രൂപ ചെലവില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ഒരു കോടി രൂപ ചെലവില്‍ ലൈബ്രറി എന്നിവയുടെ കെട്ടിട നിര്‍മാണം നടക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് 1.5 കോടി രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചു. കോളജിന് നാക് പദവി ലഭിക്കുന്നതിനായി ഭൗതിക സൗകര്യ വികസനത്തിന് സര്‍ക്കാര്‍ രണ്ട് കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

തളിപ്പറമ്പില്‍ ഗതാഗത പരിഷ്കരണം ജൂണ്‍ രണ്ടുമുതല്‍

Posted: 28 May 2014 12:07 AM PDT

തളിപ്പറമ്പ്: ജനകീയ വികസന സമിതിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ട്രാഫിക് പരിഷ്കരണം ജൂണ്‍ രണ്ടിന് രാവിലെ 8.30ന് മന്ത്രി കെ.സി. ജോസഫ് ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് ജയിംസ് മാത്യു എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ നിരവധി തലങ്ങളില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്. പദ്ധതിയുടെ ട്രയല്‍ ജൂണ്‍ ഒന്നിന് നടപ്പില്‍ വരുത്തും.ബൈക്ക്, കാര്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഏര്‍പ്പെടുത്തിയും ഓട്ടോ, ട്രാക്സി, ടെമ്പോ, ഗുഡ്സ് വാഹനങ്ങളുടെ പാര്‍ക്കിങ് പുന$ക്രമീകരിച്ചുമാണ് ഗതാഗത പരിഷ്കരണം.
ചിറവക്ക് മുതല്‍ നബ്രാസ് വരെയുള്ള ദേശീയപാതയിലും കപ്പാലം മുതല്‍ മൂത്തേടത്ത് ഹൈസ്കൂള്‍ വരെയുള്ള മെയിന്‍ റോഡിലുമാണ് പാര്‍ക്കിങ് പുന$ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി ജനകീയ വികസന സമിതി ചര്‍ച്ച ചെയ്ത് അംഗീകരിച്ച 42 നിര്‍ദേശങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത ട്രാഫിക് റഗുലേറ്ററി കമ്മിറ്റി അംഗീകാരം നല്‍കി.
എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ച 30 ലക്ഷം രൂപയും വികസന സമിതി പിരിച്ചെടുത്ത ഫണ്ടും ഉപയോഗിച്ച് ദേശീയപാതയില്‍ ടാറിങ് പൂര്‍ത്തീകരിച്ചിട്ടുണ്ട്.
റോഡരികിലെ വൈദ്യുതി കാലുകള്‍ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിനും ആവശ്യമായ സ്ഥലം മാര്‍ക്ക് ചെയ്തും 124 സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചും ഗതാഗതം സുഗമമാക്കും. തളിപ്പറമ്പിലെ മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ കക്ഷി നേതാക്കളും വിവിധ സംഘടനാ പ്രതിനിധികളും ഒത്തൊരുമിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ജൂണ്‍ രണ്ടിന് വൈകീട്ട് നാലുമുതല്‍ ആറുവരെ നഗരത്തിലെ കടകള്‍ അടച്ചും വാഹന ഗതാഗതം നിയന്ത്രിച്ചും നടത്തുന്ന പ്രതിജ്ഞ ചൊല്ലലും പദ്ധതിയുടെ രേഖ ഏറ്റുവാങ്ങലും ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഋഷിരാജ് സിങ് നിര്‍വഹിക്കും.നഗരസഭാ ചെയര്‍പേഴ്സന്‍ റംലാ പക്കര്‍, വികസന സമിതി രക്ഷാധികാരികളായ സതീശന്‍ പാച്ചേനി, കെ.വി. മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍, കോഓഡിനേറ്റര്‍ എം.കെ. മനോഹരന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

സ്വര്‍ണ വില കുറഞ്ഞു; പവന് 20,800 രൂപ

Posted: 28 May 2014 12:04 AM PDT

Image: 

കൊച്ചി: സ്വര്‍ണ വില പവന് 200 രൂപ കുറഞ്ഞ് 20,800 രൂപയായി. ഗ്രാമിന് 2600 രൂപയാണ് വില. കഴിഞ്ഞ ദിവസം 2625 രൂപയായിരുന്നു വില.

സുരക്ഷ പാളി; സചിന്‍ വട്ടംകറങ്ങി

Posted: 27 May 2014 11:51 PM PDT

കൊച്ചി: നേരത്തെതന്നെ തീരുമാനിച്ചതായിരുന്നു സന്ദര്‍ശനമെങ്കിലും വന്‍സുരക്ഷാ വീഴ്ചയായിരുന്നു സ്റ്റേഡിയത്തില്‍ കണ്ടത്. ഇസഡ് കാറ്റഗറി സുരക്ഷവേണ്ട താരത്തിന് സംസ്ഥാന മന്ത്രിക്ക് നല്‍കുന്ന സുരക്ഷപോലും ഒരുക്കിയില്ല. തിരുവനന്തപുരത്തുനിന്ന് ഉച്ചക്ക് 2.45ന് സച്ചിന്‍ കൊച്ചിയിലെത്തുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍, പറഞ്ഞതിന് അരമണിക്കൂര്‍ മുമ്പേ സചിന്‍ സ്റ്റേഡിയത്തിലെത്തി. ഈ സമയത്ത് നൂറുകണക്കിന് ആരാധകര്‍ പ്രിയതാരത്തെ കാണാനായി സ്റ്റേഡിയത്തിന് പുറത്ത് നിലയുറപ്പിച്ചിരുന്നു. രാവിലെ തിരുവനന്തപുരത്ത് വന്‍ജനക്കൂട്ടത്തിനിടെയിലൂടെ സചിന്‍ ഒരു വിധം കടന്നുകൂടിയ ദൃശ്യങ്ങള്‍ ചാനലുകളില്‍ കണ്ടിട്ടും കൊച്ചിയില്‍ വേണ്ടത്ര സുരക്ഷ ഏര്‍പ്പെടുത്തിയില്ല. പ്രധാന പ്രവേശ കവാടത്തിന് ചുറ്റും വന്‍ആള്‍ക്കൂട്ടം ഉണ്ടായിട്ടും വഴിയൊരുക്കാനോ മറ്റോ പൊലീസുകാര്‍ തയാറായില്ല. ഉച്ചമുതല്‍, കൈയും കെട്ടി നോക്കിനിന്ന പൊലീസുകാരും സംഘാടകരും സചിന്‍ എത്തിയപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ നെട്ടോട്ടമായി. 2.15ന് സ്റ്റേഡിയത്തിന് പുറത്തെത്തിയ സചിന്‍ ആരാധകരുടെ തിക്കും തിരക്കും കാരണം 10 മിനിറ്റോളം അകത്തേക്ക് കടക്കാനാവാതെ വിഷമിച്ചു. സുരക്ഷ ജോലിക്ക് നിയോഗിച്ച പൊലീസുകാരില്‍ ചിലരാവട്ടെ ഈ സമയം മൊബൈല്‍കാമറയില്‍ താരത്തിന്‍െറ ഫോട്ടോയെടുക്കുന്ന തിരക്കിലായിരുന്നു. സ്വന്തം വീഴ്ചമറക്കാന്‍ ചില പൊലീസുകാര്‍ ഇതിനിടയില്‍ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ആള്‍ക്കൂട്ടത്തിനെതിരെയും തിരിഞ്ഞെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ പ്രവേശ കവാടം അടച്ചുപൂട്ടിയാണ് ആരാധകരെ നിയന്ത്രിച്ചത്. ഇതിനിടെ ഏറെ കഷ്ടിച്ച് സചിന്‍ അകത്ത് കടന്നു. പിന്നെ കാത്തിരുന്നത് എവിടെ പോവണമെന്ന സംശയം. കെ.സി.എ-കെ.എഫ്.എ ഭാരവാഹികള്‍, എം.എല്‍.എ മാര്‍ തുടങ്ങിയവരെല്ലാം ഒപ്പമുണ്ടായിരുന്നെങ്കിലും സ്റ്റേഡിയത്തില്‍ എവിടെ സന്ദര്‍ശനം തുടങ്ങണമെന്ന് ആശങ്ക തുടര്‍ന്നു. വലതു കവാടത്തില്‍ സചിനെ പ്രതീക്ഷിച്ചിരുന്ന ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ് സചിനും സംഘത്തിനുമായി ഇളനീരടക്കം കരുതിയിരുന്നെങ്കിലും താരം വഴിമാറിപോയി. ഒടുവില്‍ സചിന്‍തന്നെ വഴിതെരഞ്ഞെടുക്കുന്ന നിലയായി. ഒരുവേള ഗ്രൗണ്ടും പവിലിയനും സന്ദര്‍ശിക്കാതെ മടങ്ങുമെന്ന് പോലും തോന്നിച്ചു. അഞ്ച് മിനിറ്റിന് ശേഷം ഗ്രൗണ്ടിലേക്കിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് കുറച്ചു വാക്കുകള്‍ മാത്രം സംസാരിച്ച് പവിലിയനിലേക്ക് പോയി. മാധ്യമ പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് മാറ്റിനിര്‍ത്താന്‍ ശ്രമിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ് വീണ്ടും നിസ്സംഗത തുടരുകയായിരുന്നു. അരമണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിനു ശേഷം താരം പുറത്തിറങ്ങാന്‍ നോക്കിയപ്പോഴും ആശയക്കുഴപ്പം തീര്‍ന്നില്ല. കവാടത്തിന് പുറത്ത് വന്‍ ജനക്കൂട്ടം നിറഞ്ഞതോടെ സചിന്‍ മടിച്ചു. ഒടുവില്‍ പൊലീസ് കൈകോര്‍ത്ത് പിടിച്ച് വഴിയൊരുക്കിയാണ് താരത്തെ സ്റ്റേഡിയത്തിനകത്തുനിന്ന് കാറില്‍ കയറ്റി പുറത്തെത്തിച്ചത്.

കായംകുളത്തിന് അനുവദിച്ച രണ്ട് ട്രെയിന്‍ സ്റ്റോപ്പുകള്‍ റദ്ദാക്കുന്നു

Posted: 27 May 2014 11:44 PM PDT

കായംകുളം: പ്രധാന റെയില്‍വേ ജങ്ഷനായ കായംകുളത്തിന് അനുവദിച്ച രണ്ട് ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ റദ്ദാക്കുന്നു. ഹിമസാഗര്‍ എക്സ്പ്രസ്, കൊച്ചുവേളി -ബംഗളൂരു എക്സ്പ്രസ് എന്നിവയുടെ സ്റ്റോപ്പുകളാണ് അടുത്ത മാസം ഒന്നു മുതല്‍ നിര്‍ത്തലാക്കുന്നത്. റെയില്‍വേയുടെ ഈ നടപടിക്കെതിരെ പ്രതിഷേധവും വ്യാപകമാകുകയാണ്. വരുമാനം കുറഞ്ഞുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജങ്ഷനായ കായംകുളത്തിന് അനുവദിച്ച സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയത്. യാത്രക്കാരെ വലക്കുന്ന റെയില്‍വേ ബോര്‍ഡിന്‍െറ നടപടി പിന്‍വലിക്കണമെന്ന് റെയില്‍വേ സ്റ്റേഷന്‍ വികസന സമിതി പ്രസിഡന്‍റ് അഡ്വ. മുജീബ് റഹ്മാന്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും പ്രതിഷേധിച്ചു. നിലവില്‍ ആറോളം ട്രെയിനുകള്‍ക്ക് ജങ്ഷനായിട്ടും കായംകുളത്ത് സ്റ്റോപ്പില്ല. ഈ സാഹചര്യത്തില്‍ അനുവദിച്ച ആനുകൂല്യം പിന്‍വലിക്കുന്നത് യാത്രക്കാരോടുള്ള ദ്രോഹമാണ്. സ്റ്റോപ് നിലനിര്‍ത്താനുള്ള ഇടപെടലുകള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് പ്രസിഡന്‍റ് ബി. ദിലീപനും സെക്രട്ടറി ഒ. അബ്ദുല്ലക്കുട്ടിയും ആവശ്യപ്പെട്ടു.
രണ്ട് ട്രെയിനുകളുടെ സ്റ്റോപ് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ജനകീയ കൂട്ടായ്മയും ആവശ്യപ്പെട്ടു. വിഷയത്തില്‍ സമരം സംഘടിപ്പിക്കാനും തീരുമാനിച്ചു. പ്രസിഡന്‍റ് അഡ്വ. ഒ. ഹാരിസ് അധ്യക്ഷത വഹിച്ചു. കെ. മോഹനന്‍, ജയചന്ദ്രന്‍ മുരുക്കുംമൂട്, വിശ്വരൂപന്‍ പുതുപ്പള്ളി, ഷാജി കല്ലറക്കല്‍, ത്വാഹ വൈദ്യന്‍വീട്ടില്‍ എന്നിവര്‍ സംസാരിച്ചു.

കെട്ടിടം പൂര്‍ത്തിയായി: ഉദ്ഘാടനത്തിന് മന്ത്രിയെ കാത്ത് ഇനി എത്രകാലം?

Posted: 27 May 2014 11:37 PM PDT

സുല്‍ത്താന്‍ ബത്തേരി: പഞ്ചായത്ത് സ്റ്റേയും കോടതിക്കേസും മറികടന്ന് കാരുണ്യ മെഡിക്കല്‍സിന് കെട്ടിടമൊരുങ്ങിയപ്പോള്‍ ഉദ്ഘാടനം നടത്താന്‍ മന്ത്രിക്ക് നേരമില്ല. മന്ത്രിയില്ലാതെ ഉദ്ഘാടനം വേണ്ടെന്ന് ബ്ളോക് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതോടെ ഒരുവര്‍ഷം മുമ്പ് തുടങ്ങേണ്ടിയിരുന്ന കാരുണ്യ മെഡിക്കല്‍സ് വീണ്ടും വൈകുകയാണ്.
2012-13ലെ സംസ്ഥാന ബജറ്റിലാണ് കേരളത്തിലെ 32 കേന്ദ്രങ്ങളില്‍ കാരുണ്യ മെഡിക്കല്‍സ് എന്നപേരില്‍ കുറഞ്ഞനിരക്കില്‍ മരുന്നുകള്‍ വില്‍പന നടത്താനുള്ള കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചത്. ചുരുങ്ങിയത് 40 ശതമാനം വിലക്കുറവിലാണ് കാരുണ്യയില്‍ മരുന്നുകള്‍ ഉപഭോക്താവിന് ലഭിക്കുക. ചിലയിനങ്ങളില്‍ വില പകുതിയിലും താഴെയാകും. വയനാടിന് അനുവദിച്ച ഏക കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി മാതൃശിശു ചികിത്സാ വിഭാഗത്തോടനുബന്ധിച്ച് തുടങ്ങാനായിരുന്നു തീരുമാനം. പൊതുജനങ്ങള്‍ക്ക് കൂടി സൗകര്യപ്രദമാകുന്ന രീതിയില്‍ റോഡിനഭിമുഖമായി, നിലവിലുള്ള കെട്ടിടത്തിനു മുമ്പില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മാണ പ്രവൃത്തിയാരംഭിച്ചു.
താലൂക്ക് ആശുപത്രി ഭരണം നടത്തുന്ന ബ്ളോക് പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചില്ലെന്നായിരുന്നു ആദ്യപരാതി. കെട്ടിടനിര്‍മാണം അനധികൃതമാണെന്നും അനുമതി വാങ്ങിയിട്ടില്ലെന്നും ആരോപിച്ച്, ചില സ്വകാര്യ മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ കോടതിയെ സമീപിച്ചതോടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റോപ് മെമ്മോയും നല്‍കി.
ജനങ്ങള്‍ക്ക് ന്യായവിലയില്‍ അത്യാവശ്യ മരുന്നുകള്‍ ലഭിക്കാനുള്ള സംവിധാനം സ്വകാര്യ മെഡിക്കല്‍ ഷോപ്പുടമകളുടെ താല്‍പര്യപ്രകാരം വഴിമുട്ടുന്നുവെന്ന പരാതി വ്യാപകമാകുകയും പ്രക്ഷോഭങ്ങള്‍ നടക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കുകയായിരുന്നു. കൂടുതല്‍ സൗകര്യപ്രദമായ ഭാഗത്തേക്ക് കെട്ടിടനിര്‍മാണം മാറ്റിസ്ഥാപിച്ച് പഞ്ചായത്തിന്‍െറ അനുമതിവാങ്ങി പൊതുമരാമത്ത് വകുപ്പ് നിര്‍മാണ പ്രവൃത്തി പെട്ടെന്ന് പൂര്‍ത്തീകരിച്ചു.ഫണ്ടും സംവിധാനങ്ങളും ഒരുങ്ങി പ്രവര്‍ത്തനക്ഷമമായ കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനത്തിന് വകുപ്പ് മന്ത്രി വി.എസ്. ശിവകുമാറിന്‍െറ സമയം കാത്തുകഴിയുകയാണ്. ബുധനാഴ്ചത്തെ ആശുപത്രി മാനേജ്മെന്‍റ് യോഗത്തില്‍ ഉദ്ഘാടനദിനം നിശ്ചയിക്കാന്‍ കഴിയുമെന്ന് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ.എസ്. വിജയ പറഞ്ഞു.

ആര്‍.ഡി.ഡി ഓഫിസില്‍ സസ്പെന്‍ഷന്‍ നാടകം

Posted: 27 May 2014 11:33 PM PDT

കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ആര്‍.ഡി.ഡി) ഓഫിസില്‍ സസ്പെന്‍ഷന്‍ നാടകം. ഓഫിസ് സൂപ്രണ്ടിന്‍െറ ചുമതല വഹിക്കുന്ന യു.ഡി ക്ളര്‍ക്കിനെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവ് കൈപ്പറ്റുന്നതിനു മുമ്പേ മരവിപ്പിക്കുകയും ചെയ്താണ് നാടകം അരങ്ങേറിയത്.വിവിധ പരാതികളെ തുടര്‍ന്ന് ഓഫിസ് സൂപ്രണ്ട് ഇന്‍ചാര്‍ജ് കെ. അപര്‍ണയെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ഉത്തരവ് ഓഫിസിലെത്തിയത്. ഉത്തരവ് കൈപ്പറ്റാന്‍ ഉദ്യോഗസ്ഥ ഓഫിസിലെത്തിയിരുന്നില്ല. ഒടുവില്‍ തപാല്‍ വഴി ഉത്തരവ് ഉദ്യോഗസ്ഥക്ക് അയച്ചുകൊടുക്കുകയായിരുന്നു.എന്നാല്‍, ഉത്തരവ് വീട്ടിലെത്തുന്നതിനു മുമ്പേ മരവിപ്പിക്കല്‍ തീരുമാനമാണ് പുറത്തുവന്നത്. മരവിപ്പിക്കല്‍ ഉത്തരവ് ചൊവ്വാഴ്ച രാവിലെ ഓഫിസിലെത്തി. ആര്‍.ഡി.ഡി ഓഫിസിനെതിരെ ഒട്ടേറെ പരാതികളാണ് നിലവിലുള്ളത്.
അധ്യാപകരുടെ നിയമനത്തിന് അംഗീകാരം കൊടുക്കുന്നത് അകാരണമായി നീട്ടുന്നു എന്നതാണ് ആരോപണങ്ങളില്‍ പ്രധാനം. സാമ്പത്തിക ക്രമക്കേടുകളും ഇതോടൊപ്പമുയര്‍ന്നു. പല വിഷയങ്ങളിലായി ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്ക് നൂറുകണക്കിന് പരാതികളാണ് ലഭിച്ചത്. സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് വിഭാഗം ഓഫിസില്‍ ആഴ്ചകള്‍ക്ക് മുമ്പ് പരിശോധന നടത്തിയിരുന്നു. ഹയര്‍സെക്കന്‍ഡറി ജോയന്‍റ് ഡയറക്ടര്‍ (അക്കാദമിക്) പി. സാജുദ്ദീന്‍, സീനിയര്‍ ഫിനാന്‍സ് ഓഫിസര്‍ കെ. വിജയന്‍ തുടങ്ങിയവരുള്‍പ്പെടെ ഒട്ടേറെ പേരാണ് വിവിധ അന്വേഷണങ്ങള്‍ക്കായി കോഴിക്കോട് ഓഫിസിലെത്തിയത്. ഓഫിസില്‍ ക്രമക്കേട് നടക്കുന്നെന്ന നിലക്കാണ് ഇവരെല്ലാം റിപ്പോര്‍ട്ട് നല്‍കിയത്.
ഇത്തരത്തിലുള്ള ഒരു പരാതിയാണ് സൂപ്രണ്ട് ഇന്‍ചാര്‍ജിനെ സസ്പെന്‍ഡ് ചെയ്യുന്നതിലേക്ക് നയിച്ചത്. സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഭരണപക്ഷ യൂനിയന്‍ നടത്തിയ സമ്മര്‍ദമാണ് ദിവസങ്ങള്‍ക്കകം ഫലം കണ്ടത്. ഉത്തരവ് തിരുവനന്തപുരത്തുനിന്ന് അയച്ചയുടന്‍തന്നെ ഇതിനുള്ള ശ്രമം തുടങ്ങിയിരുന്നു. ഉത്തരവ് കൈപ്പറ്റേണ്ടെന്ന് ഉപദേശിച്ചതു വരെ ഈ സംഘമാണെന്നാണ് ആരോപണം. വിവിധ വിഷയങ്ങളെ ചൊല്ലി അധ്യാപകരുമായി ഓഫിസില്‍ വാക്കേറ്റവും പതിവാണ്. വിജിലന്‍സ് പരിശോധനയും ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍നിന്നുള്ളവരുടെ അന്വേഷണ റിപ്പോര്‍ട്ടും ഓഫിസില്‍ ശുദ്ധികലശമുണ്ടാക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതിന്‍െറ ഭാഗമായി നടന്ന ആദ്യ സസ്പെന്‍ഷന്‍തന്നെ പിന്‍വലിച്ചതോടെ എല്ലാ പ്രതീക്ഷകളും ഇല്ലാതായെന്ന് ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ പറഞ്ഞു.

ആശ്രിതരുടെ വിരലടയാളം രേഖപ്പെടുത്താന്‍ വിപുല സൗകര്യം

Posted: 27 May 2014 11:20 PM PDT

Image: 

റിയാദ്: വിദേശ വനിതാ തൊഴിലാളികളുടെയും ആശ്രിതരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് രാജ്യത്തെ 13 പ്രവിശ്യകളിലും വിപുലമായ സൗകര്യങ്ങള്‍. ആശ്രിത വിസയിലും തൊഴില്‍ വിസയിലുമുള്ള വിദേശ സ്ത്രീകളുടെ താമസ-യാത്രാ രേഖകള്‍ പൂര്‍ത്തിയാക്കാന്‍ വിരലടയാളം നിര്‍ബന്ധമാക്കിയതോടെയാണ് കൂടുല്‍ കേന്ദ്രങ്ങളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയത്. റിയാദ്, ദമ്മാം പ്രവിശ്യകളില്‍ ആറ് സെന്‍ററുകളും മക്ക പ്രവിശ്യയില്‍ ഏഴു സെന്‍ററുകളുമാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ പലതും വനിതകള്‍ക്ക് മാത്രമാണ്. അല്‍ഖസീം, അസീര്‍ പ്രവിശ്യകളില്‍ മൂന്ന് വീതവും മറ്റ് പ്രവിശ്യകളില്‍ അതത് സ്ഥലങ്ങളിലെ പാസ്പോര്‍ട്ട് ഓഫീസുകളിലുമാണ് വിവരങ്ങള്‍ ശേഖരിക്കാനുള്ള സൗകര്യമുള്ളത്. റിയാദില്‍ ഹംസ ബിന്‍ അബ്ദുല്‍മുത്തലിബ് റോഡില്‍ ഫ്ളമിംഗോ മാളില്‍ പ്രവര്‍ത്തിക്കുന്ന ജവാസാത്ത് കേന്ദ്രത്തില്‍ രാവിലെ എട്ട് മുതല്‍ രാത്രി പത്ത് വരെയാണ് പ്രവര്‍ത്തന സമയം. അവധി ദിവസങ്ങളില്‍ വെകുന്നേരം മൂന്ന് മുതല്‍ 10 വരെയും സേവനം ലഭ്യമാണ്. ഖുറൈസ് റോഡില്‍ എക്സിററ് 24ല്‍ പ്രവര്‍ത്തിക്കുന്ന സദ്ഹാന്‍ ഹൈപര്‍മാര്‍ക്കറ്റിന്‍െറ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജവാസാത്ത് കേന്ദ്രത്തല്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ രാത്രി 10 വരെ സേവനം ലഭിക്കും. പുലര്‍ച്ചെ അഞ്ച്മുതല്‍ തന്നെ സദ്ഹാന്‍ ഹൈപര്‍മാര്‍ക്കറ്റില്‍ സ്ത്രീകള്‍ ടോക്കണ്‍ നേടാനായി എത്തുന്നുണ്ട്. പേര് രേഖപ്പെടുത്തുന്നവര്‍ക്ക് രാവിലെ ഏഴ് മണിക്ക് ടോക്കണ്‍ നല്‍കുകയും എട്ട് മണിമുതല്‍ മുന്‍ഗണനാക്രമത്തില്‍ വിരലടായാളം ശേഖരിച്ച് തുടങ്ങുകയും ചെയ്യും. വൈകിട്ട് മൂന്ന് മുതല്‍ ടോക്കണ്‍ നല്‍കും. ടോക്കണ്‍ നേടുന്നതിന് സ്ത്രീകള്‍ തന്നെ ഇഖാമയുമായി എത്തണം. ഫ്ളമിംഗോ മാളിലും സദ്ഹാന്‍ ഹൈപര്‍മാര്‍ക്കറ്റിലും പുരുഷന്‍മാര്‍ക്കും വിരലടയാളം നല്‍കാനുള്ള സൗകര്യമുണ്ട്. കിങ് അബ്ദുല്ല റോഡിനോട് ചേര്‍ന്നുള്ള സഹാറമാളില്‍ സ്ത്രീകള്‍ക്ക് മാത്രമായാണ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. പ്രവൃത്തി ദിനങ്ങളില്‍ രാവിലെ എട്ട് മുതല്‍ രാത്രി 10 വരെയാണ് ഇവിടെ ഓഫിസ് പ്രവര്‍ത്തിക്കുക. റിയാദ് പ്രവിശ്യയിലെ അല്‍ഖര്‍ജ് പാസ്പോര്‍ട്ട് ഓഫിസാണ് മറ്റൊരു കേന്ദ്രം. ജിദ്ദയില്‍ റഡ്സി മാളില്‍ സ്ത്രീകള്‍ക്ക് മാത്രമാണ് സേവനം. 9.30 മുതല്‍ മൂന്ന് വരെയും വൈകിട്ട് 4.30 മുതല്‍ 10.30 വരെയുമാണ് ഇവിടെ പ്രവര്‍ത്തനം. ജിദ്ദ ദല്ല ജവാസാത്ത് ഓഫിസില്‍ രാവിലെ 7.30 മുതല്‍ ഉച്ചക്ക് 2.30 വരെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും സേവനം ലഭ്യമാണ്. കിഴക്കന്‍ പ്രവിശ്യയില്‍ ദമ്മാം, അല്‍ഖോബാര്‍, റാസ്തനൂറ, ഖഫ്ജി,അല്‍ഹസ,ഹഫര്‍ അല്‍ ബാതിന്‍ മേഖലകളിലുള്ള പാസ്പോര്‍ട്ട് ഓഫിസുകളില്‍ വിരലടയാളം ശേഖരിക്കുന്നുണ്ട്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP