കണ്ണനല്ലൂര്‍ കശുവണ്ടി ഫാക്ടറിയില്‍ ജോലി ബഹിഷ്കരണ സമരം Posted: 30 May 2014 02:19 AM PDT കൊട്ടിയം: കുടിശ്ശിക ബോണസും ഒഴിവ് ശമ്പളവും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കശുവണ്ടി കോര്‍പറേഷന്‍ കണ്ണനല്ലൂര്‍ ഫാക്ടറിയിലെ ഷെല്ലിങ് വിഭാഗം തൊഴിലാളികള്‍ ജോലി ബഹിഷ്കരിച്ച് സമരം തുടങ്ങി. സമരം തുടങ്ങിയതോടെ ഷെല്ലിങ്ങിനായി വറുത്ത 21 ചാക്ക് തോട്ടണ്ടി ഫാക്ടറികളില്‍ കെട്ടിക്കിടക്കുകയാണ്. സ്കൂള്‍ തുറക്കുന്നതിന് മുമ്പാണ് സാധാരണയായി കുടിശ്ശിക ബോണസ് നല്‍കാറുള്ളതെന്നും മേയ് 30ന് മുമ്പ് ഇത് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിക്കാതായതോടെ സമരത്തിനിറങ്ങുകയായിരുന്നുവെന്നും തൊഴിലാളികള്‍ പറയുന്നു. ബുധനാഴ്ചയാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. കുട്ടികള്‍ക്ക് പുസ്തകവും മറ്റും വാങ്ങിയിരുന്നത് കുടിശ്ശിക ബോണസ് ലഭിക്കുന്നതുകൊണ്ടാണെന്ന് ഇവര്‍ പറയുന്നു. കൂടാതെ പ്രോവിഡന്‍റ് ഫണ്ടിന്‍െറ ഫോമും നല്‍കാറില്ലെന്നും ആരോപണമുണ്ട്. ഹാജറിന്‍െറ പേരില്‍ കഴിഞ്ഞ വര്‍ഷം ബോണസ് വെട്ടിക്കുറച്ചതായും ഇവര്‍ പറയുന്നു. കോര്‍പറേഷന്‍െറ പ്രൊഡക്ഷന്‍ മാനേജര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. കുടിശ്ശിക ബോണസ് വിതരണംചെയ്യുന്ന തീയതി നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിലപാടില്‍ തൊഴിലാളികള്‍ ഉറച്ചുനിന്നതാണ് ചര്‍ച്ച വഴിമുട്ടാന്‍ കാരണം. അടുത്ത മാസം പകുതിയോടെ ഇത് വിതരണം ചെയ്യുമെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്. കോര്‍പറേഷന്‍െറ ബോര്‍ഡ് യോഗം ചേര്‍ന്നതിന്ശേഷം മാത്രമേ ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂവെന്നും ഇതിനായുള്ള നടപടികള്‍ നടന്നുവരികയാണെന്നും കശുവണ്ടി കോര്‍പറേഷന്‍ എം.ഡി പറഞ്ഞു. കണ്ണനല്ലൂര്‍ ഫാക്ടറിയില്‍ 300 ഓളം ഷെല്ലിങ് തൊഴിലാളികളാണുള്ളത്. കമ്പനികളില്‍ ജനുവരിയില്‍ കുടിശ്ശിക ബോണസ് നല്‍കിയിട്ടും കോര്‍പറേഷന്‍ നല്‍കാത്തതില്‍ അഴിമതിയുണ്ടെന്ന് ഐ.എന്‍.ടി.യു.സി മുന്‍ ജില്ലാ സെക്രട്ടറി കടകംപള്ളി മനോജ് ആരോപിച്ചു. |
ശ്രീചിത്രാഹോമിലെ അന്തേവാസികളെ സമ്മതമില്ലാതെ മാറ്റരുത്് -യൂത്ത് കമീഷന്‍ Posted: 30 May 2014 02:15 AM PDT തിരുവനന്തപുരം: ശ്രീചിത്രാ പുവര്‍ ഹോമിലെ അന്തേവാസികളെ അവരുടെ സമ്മതമില്ലാതെ മാറ്റരുതെന്ന് സംസ്ഥാന യൂത്ത് കമീഷന്‍. ശ്രീചിത്രാ ഹോം വളപ്പില്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ നിര്‍മിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന് ഉത്തരവിട്ടതായും കമീഷന്‍ ചെയര്‍മാന്‍ അഡ്വ. ആര്‍.വി. രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശ്രീചിത്രാ ഹോം മാനേജിങ് കമ്മിറ്റിയെയും ചെയര്‍മാനായ കലക്ടറെയും കമീഷന്‍ വിമര്‍ശിച്ചു. റസിഡന്‍ഷ്യല്‍ സ്കൂളിന്‍െറ മറവില്‍ വാണിജ്യസമുച്ചയം നിര്‍മിക്കാന്‍ കമ്മിറ്റിക്ക് പ്രത്യേക താല്‍പര്യമാണുള്ളതെന്നും കമീഷന്‍ ചെയര്‍മാന്‍ ആരോപിച്ചു. അന്തേവാസികളെ മാറ്റാനും റസിഡന്‍ഷ്യല്‍ സ്കൂള്‍ നിര്‍മിക്കാനുമുള്ള മാനേജിങ് കമ്മിറ്റി തീരുമാനം അംഗീകരിക്കാനാകില്ല. ചിലരെ പൂജപ്പുര മഹിളാ മന്ദിരത്തിലേക്ക് മാറ്റാനുള്ള തീരുമാനം നിയമവിരുദ്ധമാണ്. കമീഷന്‍െറ സന്ദര്‍ശനവേളയില്‍ തങ്ങളെ മാറ്റരുതെന്ന് അന്തേവാസികള്‍ ആവശ്യപ്പെട്ടിരുന്നു. 1960ലെ ഓര്‍ഫനേജ് ആന്‍ഡ് അദര്‍ ചാരിറ്റബിള്‍ ഹോം (സൂപര്‍വിഷന്‍ ആന്‍ഡ് കണ്‍ട്രോള്‍) നിയമത്തിന്‍െറ പരിധിയിലാണ് അനാഥമന്ദിരങ്ങളുടെ മേല്‍നോട്ടവും നിയന്ത്രണവും. ഇതിലെ 22ാം വകുപ്പ് പ്രകാരം അന്തേവാസി സ്വന്തമായി ജീവിക്കാന്‍ പ്രാപ്തരാണെന്ന് മാനേജിങ് കമ്മിറ്റിക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ വിടുതല്‍ നല്‍കാവൂവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 22ലെ ഉപവകുപ്പ് (1) പ്രകാരം വനിതാ അന്തേവാസികളെ സമ്മതപത്രമില്ലാതെ ചാരിറ്റബിള്‍ ഹോമില്‍നിന്ന് മാറ്റുകയോ വിവാഹം കഴിപ്പിച്ചയക്കുകയോ മറ്റാരുടെയെങ്കിലും സംരക്ഷണയില്‍ വിടുകയോ ചെയ്യരുത്. ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനമോ അതിനോട് അനുബന്ധിച്ച ഹോസ്റ്റലോ ബോര്‍ഡിങ് സ്കൂളോ അനാഥാലയത്തിന്‍െറ പരിധിയില്‍ വരുന്നതല്ലെന്നാണ് നിയമത്തിലെ ബി ക്ളാസ് (3) ല്‍ പറയുന്നു. ഇത് ലംഘിച്ചുള്ള തീരുമാനം നടപ്പാക്കിയാല്‍ നിയമനടപടി സ്വീകരിക്കാമെന്നും രാജേഷ് പറഞ്ഞു. മുമ്പ് ഷോപ്പിങ് കോംപ്ളക്സ് പണിയാന്‍ ട്രിഡ നല്‍കിയ ശിപാര്‍ശ അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ റസിഡന്‍ഷ്യല്‍ സ്കൂളിന്‍െറ മറവില്‍ വ്യാപാര സമുച്ചയം നിര്‍മിക്കാനാണ് നീക്കം. ഹോമിന്‍െറ ഒരു കി.മീറ്റര്‍ ചുറ്റളവില്‍ അഞ്ചോളം സര്‍ക്കാര്‍ സ്കൂളുകള്‍ ഉള്ള സാഹചര്യത്തില്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ നിര്‍മിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടു. അടുത്ത കാലത്തായി 15 വയസ്സ് കഴിഞ്ഞ ആര്‍ക്കും പ്രവേശം നല്‍കുന്നില്ല. ഇത് ശരിയായ നടപടിയല്ല. ശ്രീചിത്രാ ഹോമിനെ ക്രമേണ ജുവനൈല്‍ ഹോമായി മാറ്റാനാണ് നീക്കം. ഇതിനായി ഒരു ലൈസന്‍സിന് കൂടി അപേക്ഷ നല്‍കിയിട്ടുണ്ട്. അച്ഛനും അമ്മയും ബന്ധുക്കളും ഇല്ലാത്തവരാണ് ഇവിടത്തെ ഭൂരിപക്ഷം അന്തേവാസികളും. സംസാര, കേള്‍വി ശേഷിയില്ലാത്ത 50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍വരെ ഇവിടെയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ യൂനിയന്‍ ഭാരവാഹികളായ ചിലര്‍ അന്തേവാസികളുടെ കാര്യത്തില്‍ ഇടപെടുന്നതായി കമീഷന് പരാതി ലഭിച്ചു. അത് വിലക്കേണ്ടതാണ്. പ്രിന്‍റിങ് പ്രസിലും തയ്യല്‍ യൂനിറ്റിലും ജോലിചെയ്യുന്ന അന്തേവാസികള്‍ക്ക് നാമമാത്ര വരുമാനമേ ലഭിക്കുന്നുള്ളൂവെന്ന പരാതി ന്യായമാണ്. ഇവര്‍ക്ക് നിശ്ചിത പ്രബേഷന്‍ കാലാവധി നിശ്ചയിക്കേണ്ടതും മതിയായ വേതനം നല്‍കേണ്ടതുമാണെന്നും കമീഷന്‍ വ്യക്തമാക്കി. |
വിവാഹ സംഘം സഞ്ചരിച്ച വാന്‍ മറിഞ്ഞ് 25 പേര്‍ക്ക് പരിക്ക് Posted: 30 May 2014 01:52 AM PDT കയ്പമംഗലം: വിവാഹ സംഘം സഞ്ചരിച്ച വാന്‍ സ്കൂട്ടറില്‍ തട്ടി തലകീഴായി മറിഞ്ഞ് 25 പേര്‍ക്ക് പരിക്കേറ്റു. പെരിഞ്ഞനം സുജിത്ത് തിയറ്ററിനു സമീപം വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. കഴിമ്പ്രത്ത് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് അപകടത്തില്‍പെട്ടത്. എതിരെ വന്ന സ്കൂട്ടറില്‍ ഇടിച്ച വാന്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. സ്കൂട്ടര്‍ യാത്രക്കാരനായ ചാമക്കാല സ്വദേശി കൊച്ചിക്കാട്ട് മോഹന്‍ദാസ് (52), വാന്‍ യാത്രക്കാരായ അഴീക്കോട് കൊച്ചങ്ങാട്ട് വീട്ടില്‍ അന്‍സാറിന്‍െറ ഭാര്യ അഷീറ (23), എറിയാട് ചൂണ്ടക്കല്‍ ഹാരിസ് (28), എറിയാട് കാരേക്കാട്ട് വീട്ടില്‍ ഷെറിന്‍ (28), എറിയാട് കംബ്ലിക്കല്‍ സുനിലിന്‍െറ മകന്‍ അമല്‍ (17), കാരിയേഴത്ത് റഫീഖിന്‍െറ മകന്‍ നിധിന്‍ (17), അഴീക്കോട് കളത്തിപറമ്പില്‍ മുസ്തഫ (30), ഭാര്യ അജീഷ (26), എറിയാട് പണിക്കശേരി അസീബ് (27), ഭാര്യ റമീന (23), കൊടുങ്ങല്ലൂര്‍ പുന്നിലത്ത് ഫാരിസ് (36), മകന്‍ റഹാസ് (ഏഴ്), ചേരമാന്‍ നഗറില്‍ കല്ലിച്ചിറക്കല്‍ മുഹമ്മദ് സഫീന്‍ (59), അഴീക്കോട് പറൂപ്പനക്കല്‍ മുനീറിന്‍െറ ഭാര്യ നസീമ (35), എറിയാട് മടത്തിങ്കല്‍ ഉണ്ണികൃഷ്ണന്‍െറ മകന്‍ അരുണ്‍ (24), ചേരമാന്‍ കരിയങ്കാട്ട് നവാസിന്‍െറ മകന്‍ സനൂബ് (24), പെരിഞ്ഞനം അറക്കപറമ്പില്‍ ഭാസ്കരന്‍െറ മകന്‍ ദിനേഷ് (40), പറവൂര്‍ വടക്കേക്കര തോട്ടുങ്ങല്‍ മുഹമ്മദിന്‍െറ മകന്‍ അബു (39), എറിയാട് കംബ്ളിക്കല്‍ സുനിലിന്‍െറ ഭാര്യ ജ്യോതി (26), അഴീക്കോട് ചുങ്കത്ത് സെയ്തുമുഹമ്മദ് (49), മകന്‍ ഹിദായത്ത് (25), എറിയാട് കൊട്ടാരത്ത് പ്രകാശന്‍െറ ഭാര്യ അനിത (47), കളിച്ചിറക്കല്‍ ശറഫുദ്ദീന്‍െറ ഭാര്യ ഫൗസിയ (34), എറിയാട് കാര്യേഴത്ത് റഫീഖിന്‍െറ മകന്‍ നബീല്‍ (12), എറിയാട് കൊറ്റങ്ങാട്ട് അന്‍സാരിയുടെ മകന്‍ ശഹബിന്‍ മുബാറക് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മൂന്നുപീടിക ഗാര്‍ഡിയന്‍ ആശുപത്രിയിലും കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലകീഴായി മറിഞ്ഞ വാനിന്‍െറ ചില്ല് തകര്‍ത്താണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്. ആക്ട്സ് പ്രവര്‍ത്തകരും നാട്ടുകാരും ഓട്ടോ തൊഴിലാളികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. |
ഇതര സംസ്ഥാന കുട്ടികള്‍ക്ക് പ്രോട്ടോകോളിന് ശിപാര്‍ശ സമര്‍പ്പിക്കും Posted: 30 May 2014 01:44 AM PDT പാലക്കാട്: ഉത്തരേന്ത്യന്‍ കുട്ടികളെ അനധികൃതമായി യതീംഖാനയില്‍ ചേര്‍ക്കാന്‍ കൊണ്ടുവന്നതിന് കേസെടുത്ത സംസ്ഥാന ബാലാവാകാശ കമീഷന്‍ പാലക്കാട്ട് രണ്ട് ദിവസത്തെ തെളിവെടുപ്പ് തുടങ്ങി. കമീഷനംഗങ്ങള്‍ പാലക്കാട്ട് കുട്ടികളെ പാര്‍പ്പിച്ച അനാഥാലയങ്ങള്‍ സന്ദര്‍ശിച്ച് വിശദാംശം ശേഖരിച്ചു. വെള്ളിയാഴ്ച ചെയര്‍പേഴ്സന്‍ നീല ഗംഗാധരന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ മുഴുവന്‍ അംഗങ്ങളും ചേര്‍ന്ന് അദാലത്ത് നടത്തും. രാവിലെ 10.30ന് നടക്കുന്ന അദാലത്തില്‍ ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് സൂപ്രണ്ട്, ജില്ലാ സാമൂഹികനീതി ഓഫിസര്‍, പ്രൊബേഷന്‍ ഓഫിസര്‍, റെയില്‍വേ പ്രൊട്ടക്ഷന്‍ ഓഫിസര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് 2.30ന് ഫുള്‍ കമീഷന്‍ അദാലത്ത് നടത്തും. വ്യാഴാഴ്ച രാവിലെ 11നാണ് നാല് കമീഷനംഗങ്ങള്‍ 124 ആണ്‍കുട്ടികളെ പാര്‍പ്പിച്ച പേഴുങ്കരയിലെ പാലക്കാട് യതീംഖാനയിലെത്തിയത്. യതീംഖാന അധികൃതര്‍, സി.ഡബ്ള്യു.സി ചെയര്‍മാന്‍ എന്നിവരില്‍നിന്ന് വിവരം ശേഖരിച്ച കമീഷന്‍ കുട്ടികളുമായി ആശയവിനിമയം നടത്തി. എട്ടിനും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്. 44 പേര്‍ മുക്കം ഓര്‍ഫനേജില്‍ പഠിച്ചുവരുന്നവരാണ്. ഇവര്‍ക്ക് മലയാളം നന്നായി അറിയാം. സംസ്ഥാന കലോത്സവത്തില്‍ ഉറുദു കഥാരചനയില്‍ 'എ' ഗ്രേഡ് നേടിയ മുഹമ്മദ് റിസ്വാനും തടഞ്ഞുവെക്കപ്പെട്ടവരിലുണ്ട്. പുതുതായി ചേരാനെത്തിയ കുട്ടികള്‍ പത്തു വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ചിലര്‍ വീട്ടിലേക്ക് പോകാന്‍ താല്‍പര്യം കമീഷന്‍ മുമ്പാകെ പ്രകടിപ്പിച്ചപ്പോള്‍ പഠിക്കണമെന്നു പറയുന്നവരുമുണ്ടായിരുന്നു. മുക്കം ഓര്‍ഫനേജില്‍ പഠിക്കുന്ന ഭഗല്‍പൂരില്‍നിന്നുള്ള കുട്ടികള്‍ തങ്ങളെ എന്തുകൊണ്ടാണ് ഓര്‍ഫനേജിലേക്ക് അയക്കാത്തതെന്ന് കമീഷന്‍ മുമ്പാകെ അന്വേഷിച്ചു. അനിശ്ചിതത്വം കാരണം കുട്ടികള്‍ പുതിയ വസ്ത്രങ്ങള്‍ നല്‍കിയിട്ടും ബാഗില്‍ വെക്കുകയല്ലാതെ ഉപയോഗിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് യതീംഖാന അധികൃതര്‍ പറഞ്ഞു. പനി ബാധിച്ച രണ്ട് കുട്ടികള്‍ക്ക് ഉടന്‍ മെഡിക്കല്‍ സഹായം നല്‍കാന്‍ കമീഷന്‍ നിര്‍ദേശം നല്‍കി. സമ്മര്‍ദം കുറക്കാന്‍ വിനോദത്തിന് സൗകര്യമൊരുക്കാനും നിര്‍ദേശിച്ചു. സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളതിനാല്‍ മുക്കം യതീംഖാനയില്‍ പഠിക്കുന്ന കുട്ടികളെ ഉടന്‍ കോഴിക്കോട് സി.ഡബ്ള്യു.സിക്ക് കൈമാറാന്‍ നിര്‍ദേശം നല്‍കി. മറ്റു കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ അനുവാദം നല്‍കിയാല്‍ യതീംഖാനകളിലേക്ക് വിടാം. ഇതുസംബന്ധിച്ച് ശിശുക്ഷേമ സമിതികളാണ് വിശദമായ അന്വേഷണം നടത്തി തീരുമാനമെടുക്കേണ്ടത്. വിവിധ ജില്ലകളിലെ സര്‍ക്കാര്‍ ബാല മന്ദിരങ്ങളിലേക്ക് മാറ്റുന്ന കുട്ടികളെ വീണ്ടും മറ്റു അനാഥാലയങ്ങളിലേക്ക് മാറ്റുന്നത് ബുദ്ധിമുട്ടുണ്ടാക്കും. പുനരധിവാസം വേഗത്തില്‍ നടത്തണമെന്ന് കമീഷന്‍ ആവശ്യപ്പെട്ടു. നിലവില്‍ ഇതര സംസ്ഥാന കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളില്‍ പാര്‍പ്പിക്കുന്നത് സംബന്ധിച്ച് മാനദണ്ഡങ്ങളില്ല. ഇതിനായി മാര്‍ഗരേഖ ഉണ്ടാക്കി സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് കമീഷനംഗങ്ങള്‍ പറഞ്ഞു. പെണ്‍കുട്ടികളെ താമസിപ്പിച്ച മലമ്പുഴയിലെ പ്രൊവിന്‍ഷ്യല്‍ ഹോമും കമീഷന്‍ സന്ദര്‍ശിച്ചു. കമീഷനംഗങ്ങളായ സി.യു. മീന, ഗ്ളോറി ജോര്‍ജ്, എന്‍. ബാബു, നസീര്‍ ചാലിയം എന്നിവരാണ് സന്ദര്‍ശിച്ചത്. പാലക്കാട് സി.ഡബ്ള്യു.സി ചെയര്‍മാന്‍ ഫാ. ജോസ് പോള്‍, അംഗങ്ങളായ വി.പി. കുര്യാക്കോസ്, ഡോ. വി. കൃഷ്ണകുമാര്‍, ജില്ലാ സാമൂഹികനീതി ഓഫിസര്‍ ആര്‍. മൃത്യുഞ്ജയന്‍ എന്നിവരും പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ 10ന് ബാലാവകാശ കമീഷന്‍ അധ്യക്ഷ നീല ഗംഗാധരന്‍ പേഴുംകര, മലമ്പുഴ എന്നിവിടങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നവരെ സന്ദര്‍ശിക്കും. |
നഷ്ടത്തിലാണെങ്കില്‍ കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടിക്കൂടെ -ഹൈകോടതി Posted: 30 May 2014 01:41 AM PDT കൊച്ചി: നഷ്ടത്തിലാണെങ്കില്‍ കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടിക്കൂടെയെന്ന് ഹൈകോടതി. ബസ് യാത്രക്കുള്ള കുറഞ്ഞ നിരക്ക് ഏഴു രൂപയായി ഉയര്‍ത്തിയത് അന്യായമാണെന്ന് ചൂണ്ടിക്കാട്ടി അഡ്വകേറ്റ് ബേസില്‍ അട്ടിപ്പേറ്റ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് കെ.സുരേന്ദ്രന്‍്റെ പരാമര്‍ശം. നഷ്ടം കാരണമാണ് നിരക്ക് കൂട്ടേണ്ടി വന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു കോടതിയുടെ മറുപടി. കിലോമീറ്ററിന് 64 പൈസയായി വര്‍ധിപ്പിച്ചതിനു ശേഷം മിനിമം നിരക്ക് ഏഴു രൂപയാക്കണമോ എന്നും കോടതി ചോദിച്ചു. ലാഭകരമായി നടത്താന്‍ കഴിയുന്നില്ലങ്കെില്‍ അടച്ചുപൂട്ടുകയോ അല്ളെങ്കില്‍ മികച്ച മാനേജ്മെന്‍്റിനെ ഏല്‍പ്പിക്കുകയോ ചെയ്യണമെന്ന് കോടതി പറഞ്ഞു. നിരക്ക് വര്‍ധനയില്‍ അപാകതയുണ്ടെങ്കില്‍ ഗതാഗത സെക്രട്ടറി അത് പരിശോധിച്ച് പരിഹാരിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതിനായി രണ്ടു മാസത്തെ സമയം സമയം കോടതി അനുവദിച്ചു. |
ദലിത് സഹോദരിമാരുടെ കൊല: ഒരാള്‍ കൂടി അറസ്റ്റില്‍ Posted: 30 May 2014 01:31 AM PDT ബഡോണ്‍: ഉത്തര്‍പ്രദേശില്‍ സഹോദരിമാരായ ദലിത് പെണ്‍കുട്ടികളെ കൂട്ടമാനഭംഗംചെയ്ത് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അവധേഷ് യാദവ് എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് വെള്ളിയാഴ്ച്ച അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ബുധനാഴ്ച രാത്രിയാണ് പെണ്‍കുട്ടികളെ വീട്ടില്‍ നിന്നു കാണാതായത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടത്തെുകയായിരുന്നു. കഴിഞ്ഞദിവസം തന്നെ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും പപ്പു യാദവ് എന്നയാളെയും അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടികളെ കാണാതായപ്പോള്‍ തന്നെ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും പൊലീസ് അന്വേഷണം നടത്തിയില്ളെന്ന് ആരോപിച്ച് ബന്ധുക്കള്‍ കഴിഞ്ഞദിവസം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ വനിതാകമ്മിഷന്‍ അന്വേഷണ സമിതിയെ നിയമിച്ചു. |
സിംഗാളിനെ തിരിച്ചെടുത്തതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഗോപിനാഥ പിള്ള Posted: 30 May 2014 12:15 AM PDT കോഴിക്കോട്: വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണ വിധേയനായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ജി.എല്‍. സിംഗാളിനെ സര്‍വീസില്‍ തിരിച്ചടെുത്ത ഗുജറാത്ത് സര്‍ക്കാറിന്‍്റെ നടപടി കോടതിയില്‍ ചോദ്യം ചെയ്യമെന്ന് ജാവീദ് ഗുലാം ശൈഖിന്‍റെ പിതാവ് ഗോപിനാഥ പിള്ള. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ സാഹചര്യത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്നത് തീര്‍ച്ചയാണെന്നും ഗോപിനാഥ പിള്ള മീഡിയ വണിനോട് പറഞ്ഞു. ജാവീദ് ഗുലാം ശൈഖ് എന്ന പ്രാണേഷ് കുമാര്‍ പിള്ള, ഇശ്റത്ത് ജഹാന്‍ എന്നിവരടക്കം നാല് പേരെ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ചതില്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഗിരിഷ് ലക്ഷമണ്‍ ഭായ് സിംഗാളിന് നേരിട്ട് പങ്കുണ്ടെന്ന് ഗോപിനാഥ പിള്ള പറയുന്നു. പ്രാണേഷ് കുമാറിന്‍റെ മൃതദേഹത്തിനൊപ്പം കാണപ്പെട്ട ആയുധങ്ങള്‍ സ്റ്റേറ്റ് ഇന്‍്റലിജന്‍സ് ബ്യൂറോയില്‍ നിന്ന് ജി.എല്‍. സിംഗാളാണ് എടുത്തുകൊണ്ട് വന്നത്. ഇശ്റത്ത് ജഹാനെ വിട്ടയക്കണമെന്ന് ഡി.ഐ.ജി. ഡി.ജി. വന്‍സാരയോട് ജി.എല്‍. സിംഗാള്‍ ആവശ്യപ്പെട്ടിരുന്നു. ഇവരെ വധിക്കാന്‍ വെള്ളത്താടിയും കറുത്ത താടിയും അനുമതി നല്‍കിയെന്നും ഇശ്റത്തിനെ വിട്ടയച്ചാല്‍ തങ്ങളുടെ പദ്ധതി പുറംലോകമറിയുമെന്നുമാണ് വന്‍സാര മറുപടി നല്‍കിയത്. ഇക്കാര്യങ്ങളൊക്കെ സിംഗാള്‍ സി.ബി.ഐയോട് ഏറ്റുപറഞ്ഞിട്ടുണ്ടെന്ന് ഗോപിനാഥ പിള്ള കൂട്ടിച്ചര്‍ത്തേു. 16 വയസ്സുള്ള മകന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് സിംഗാളിന് മാനസാന്തരമുണ്ടായി കേസില്‍ മാപ്പുസാക്ഷിയായത്. അഹമദാബാദ് സി.ബി.ഐ കോടതിയില്‍ നിലവിലുള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിയതിന്‍റെ ആനുകൂല്യത്തിലാണ് സിംഗാളിനെ സര്‍വീസില്‍ തിരികെ എടുത്തതെന്നും ഗോപിനാഥന്‍ പിള്ള പറഞ്ഞു. ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നിലവില്‍ 7 പേര്‍ ജയിലില്‍ ഉണ്ട്. കറുത്തതാടി, വെള്ളതാടി എന്നീ പരാമര്‍ശങ്ങള്‍ ഒഴിച്ചാല്‍ കേസില്‍ അമിത്ഷാക്കും നരേന്ദ്രമോദിക്കും എതിരെ തെളിവില്ല. കേന്ദ്രത്തില്‍ മോദി അധികാരത്തിലത്തെിയ സാഹചര്യത്തില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ആശങ്കയുണ്ടെന്നും ഗോപിനാഥ പിള്ള പറഞ്ഞു. |
സ്പെല്ലിങ് ബീ മത്സരത്തില്‍ ഇന്ത്യന്‍ വംശജര്‍ സംയുക്ത വിജയികള്‍ Posted: 30 May 2014 12:02 AM PDT ഓക്സണ്‍ ഹില്‍: സ്ക്രിപ്സ് നാഷണല്‍ സ്പെല്ലിങ് ബീ മത്സരത്തില്‍ 52 വര്‍ഷത്തിനിടെ ആദ്യമായി സംയുക്ത ജേതാക്കള്‍. ഇന്ത്യന്‍ വംശജരായ ശ്രീരാം ഹാത്വാറും അന്‍സുന്‍ സുജോയുമാണ് തുടര്‍ച്ചയായി 12 വാക്കുകളുടെ സ്പെല്ലിങ് കൃത്യമായി പറഞ്ഞ് ചാമ്പ്യന്‍മാരായത്. ഇവര്‍ 2013ലും മികച്ച പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ 17 തവണത്തെ മത്സരത്തില്‍ 13 തവണയും ഇന്ത്യന്‍ വംശജരാണ് വിജയികള്‍. 1925ലാണ് സ്പെല്ലിങ് ബീ മത്സരം ആരംഭിച്ചത്. 89 വര്‍ഷത്തിനിടയിലെ നാലാമത്തെ സംയുക്ത വിജയികളാണ് ശ്രീരാമും അന്‍സുന്‍ സുജോയും. വിജയികള്‍ക്ക് 33,000 അമേരിക്കന്‍ ഡോളര്‍ (19,45,000) രൂപ വീതം സമ്മാനത്തുകയായി ലഭിക്കും. |
ആറ് വയസ്സില്‍ താഴെ ആണ്‍-പെണ്‍ അനുപാതം; പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നു Posted: 29 May 2014 11:44 PM PDT മലപ്പുറം: ആറ് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലെ അനുപാതത്തില്‍ മലപ്പുറം അഞ്ചാംസ്ഥാനത്ത്. 1000 ആണ്‍കുട്ടികള്‍ക്ക് ജില്ലയില്‍ 960 പെണ്‍കുട്ടികള്‍ മാത്രം. 2011ലെ സെന്‍സസ് പ്രകാരമാണിത്. രാജ്യത്തെ ശരാശരി ഇത് 914ഉം സംസ്ഥാനത്തേത് 959മാണ്. ആണ്‍കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ പെണ്‍കുട്ടികള്‍ ഏറ്റവും കുറവ് ആലപ്പുഴയിലാണ് -947. തിരുവനന്തപുരം 967, പത്തനംതിട്ട 964, കോഴിക്കോട് 963, പാലക്കാട്, കണ്ണൂര്‍ 962, കാസര്‍കോട്, മലപ്പുറം 960, കൊല്ലം 959, ഇടുക്കി 958, കോട്ടയം 957, തൃശൂര്‍ 948 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ അനുപാതം. ജില്ലയില്‍ പ്രായപൂര്‍ത്തിയായ 1000 പുരുഷന്മാര്‍ക്ക് 1096 സ്ത്രീകള്‍ ഉള്ളിടത്താണ് ആറ് വയസ്സുകാരുടെ എണ്ണത്തില്‍ കുറവ്. ജില്ലയില്‍ 19,61,014 പുരുഷന്മാരും 21,49,942 സ്ത്രീകളുമുണ്ട്. എന്നാല്‍, ആറ് വയസ്സിനുതാഴെ ജില്ലയില്‍ 2,81,958 ആണ്‍കുട്ടികളും 2,70,813 പെണ്‍കുട്ടികളുമാണുള്ളത്. ശിശു സൗഹൃദ സംസ്ഥാനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ അനുപാതം ഗണ്യമായി കുറയുന്നതായി ജില്ലാ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ഗര്‍ഭസ്ഥ ഭ്രൂണ പരിശോധന സംബന്ധിച്ച ബോധവത്കരണ സാമൂഹികപ്രതിരോധ ക്ളാസില്‍ ചൂണ്ടിക്കാട്ടി. ആണ്‍കുഞ്ഞിനൊപ്പം തന്നെ പെണ്‍കുഞ്ഞിനും ജനിക്കാനുള്ള പ്രകൃതിദത്തമായ അവകാശത്തെ ഹനിക്കുന്നത് മനുഷ്യത്വരഹിതവും നീചവുമാണ്. സമൂഹത്തിന്‍െറ സന്തുലിതാവസ്ഥയെ തകിടംമറിച്ച് ദൂരവ്യാപകമായ കോട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഇത് കാരണമാവും. ഗര്‍ഭസ്ഥ ശിശുക്കളുടെ പരിശോധനയില്‍ ഡോക്ടര്‍മാരും സ്കാനിങ് ടെക്നീഷ്യന്മാരും നിയന്ത്രണങ്ങള്‍ പാലിക്കാനും വ്യാഴാഴ്ച ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ക്ളാസ് മുന്നറിയിപ്പ് നല്‍കി. |
ആറന്മുള വിമാനത്താവള നിര്‍മാണം:കെ.ജി.എസ് കമ്പനിക്ക് നിയമം തുണയായേക്കുമെന്നു വിദഗ്ധര്‍ Posted: 29 May 2014 11:02 PM PDT പത്തനംതിട്ട: ആറന്മുള വിമാനത്താവള നിര്‍മാണം ദേശീയ ഹരിത ട്രൈബ്യൂണല്‍ തടഞ്ഞെങ്കിലും പ്രദേശം ഇപ്പോഴും വ്യവസായമേഖലയായി നിലനില്‍ക്കുന്നത് കെ.ജി.എസ് കമ്പനിക്ക് നിയമനടപടികളിലൂടെ ലക്ഷ്യംനേടാന്‍ ഉപകരിച്ചേക്കുമെന്ന് നിയമ വിദഗ്ധര്‍. നിലവില്‍ എന്‍വിറോ കെയര്‍ ലിമിറ്റഡിന്‍െറ റിപ്പോര്‍ട്ട് റദ്ദാക്കി ഹരിത ട്രൈബ്യൂണല്‍ വിധി വന്ന സാഹചര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ.ജി.എസ് പ്രഖ്യാപിച്ചത് ഇതിന്‍െറ ബലത്തിലാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വ്യവസായമേഖലയായി പ്രഖ്യാപിച്ച സ്ഥലത്ത് നിലവിലെ മറ്റ് ഭൂനിയമ വ്യവസ്ഥകള്‍ ബാധകമാകില്ല. വ്യവസായമേഖലയില്‍ ത്രിതലപഞ്ചായത്ത് നിയമങ്ങളും ബാധകമല്ല. നെല്‍വയല്‍ -നീര്‍ത്തടസംരക്ഷണ നിയമം, ഭൂപരിഷ്കരണനിയമം, ഭൂപരിധിനിയമം എന്നിവയും ബാധിക്കില്ല. 1999ലെ കേരള വ്യവസായ ഏകജാലക ബോര്‍ഡും വ്യവസായ നഗരപ്രദേശ വികസനവും ആക്ടിലെ വകുപ്പും പ്രകാരമാണ് ആറന്മുളയിലെ 1500ല്‍പ്പരം ഏക്കര്‍ ഭാഗം വ്യവസായമേഖലയായി പ്രഖ്യാപിച്ചത്. സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തി പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് കെ.ജി.എസ് ആറന്മുളയെ വ്യവസായമേഖലയായി പ്രഖ്യാപിക്കാന്‍ ശ്രമം ആരംഭിച്ചത്. ഇതിന് വിശാലമായ വയല്‍മേഖല ഉള്‍പ്പെടുന്ന ആറന്മുള, കിടങ്ങന്നൂര്‍, മല്ലപ്പുഴശേരി വില്ലേജുകളിലെ പദ്ധതി മേഖലമുഴുവന്‍ വ്യവസായ മേഖലയാക്കാന്‍ അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം കെ.ജി.എസിനെ സഹായിച്ചു. പരിശോധനയൊന്നും കൂടാതെ ഈ പ്രദേശത്തെ മുഴുവന്‍ വ്യവസായവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വ്യവസായമേഖലയായി പ്രഖ്യാപിച്ചു. എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ പ്രഖ്യാപനം റദ്ദാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്‍റ് ആയിരുന്ന രമേശ് ചെന്നിത്തലയും പൊതുജനസമക്ഷം പ്രഖ്യാപനം നടത്തിയിട്ട് രണ്ടുവര്‍ഷം കഴിയുമ്പോഴും ഒരു നടപടി യും ഉണ്ടായിട്ടില്ല. ഇതാവും കെ.ജി.എസിന്‍െറ അടുത്ത തുറുപ്പുശീട്ട്. |
No comments:
Post a Comment